നമ്പൂതിരിപ്പാടിന്റെ ഉത്സവവിചാരങ്ങള്‍: വിടി വാസുദേവന്‍ എഴുതുന്നു

എഴുന്നള്ളിപ്പ് എന്നത് കേരളീയ സമ്പ്രദായമാണ്. അതില്‍ പ്രധാനം പെരുമനത്തും തൃശൂരുമാണ്.
നമ്പൂതിരിപ്പാടിന്റെ ഉത്സവവിചാരങ്ങള്‍: വിടി വാസുദേവന്‍ എഴുതുന്നു

''ആനയും മേളവും എവിടെയെല്ലാം ഉണ്ടോ, അവിടെയൊക്കെ എത്തലാണ് ചെറുപ്പത്തിലെ എന്റെ വിനോദം'' - ആന, വാദ്യം, വൈദ്യം, കളരി ഇങ്ങനെ വ്യത്യസ്ത വഴികളില്‍ ഇന്ത്യയിലെത്തന്നെ  അറിയപ്പെടുന്ന കമ്പക്കാരന്‍ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്ന ആറാം തമ്പുരാന്‍ (1924-1997) ഒരിക്കല്‍ തന്റെ ഉത്സവവിചാരങ്ങള്‍ കാറ്റത്തിടുകയായിരുന്നു.

യാത്രയില്ലാത്ത ദിവസങ്ങളില്‍ രാവിലെ പത്തുമണിയോടെ പ്രാതലായ പകലൂണും കഴിച്ച് പൂമുഖത്തിലെ വിശാലമായ മരപ്പടിയില്‍ ചമ്രംപടിഞ്ഞിരുന്നു മുറുക്കിക്കൊണ്ടിരിക്കുന്ന പതിവുള്ള അദ്ദേഹത്തിന്റെ മുന്‍പില്‍ ഞാന്‍ ചെന്നുപെടുകയായിരുന്നു. ഭാഗ്യവശാല്‍ വെടി പറയാന്‍ അന്നു മറ്റാരും എത്തിയിരുന്നില്ല. കേള്‍വിക്കാരനെ കിട്ടിയപ്പോള്‍ ചെല്ലപ്പെട്ടി മാറ്റിവെച്ച് ഉത്സാഹത്തോടെ ഒറ്റച്ചോദ്യം: ''എടോ, തൃശൂര്‍ പൂരദിവസമാണ് ഇന്ന് എന്നു താന്‍ മനസ്സിലാക്കിയിട്ടുണ്ടോ? 55 കൊല്ലം തുടര്‍ച്ചയായി (കൊല്ലവര്‍ഷം 1111 മുതല്‍) പൂരത്തിന് തൃശൂര്‍ക്കു പോയിട്ടുണ്ട്. ആനകളുടേയും മേളത്തിന്റേയുമിടയില്‍ പൂരപ്പറമ്പില്‍ അനവധി മേഞ്ഞുനടന്നിട്ടുണ്ട് ഞാനും. നാലുകൊല്ലം മുന്‍പുവരെ പെരുമനം പൂരം മുട്ടിച്ചിട്ടില്ല. ആറാട്ടുപുഴ പൂരത്തിനും പോകാതായിട്ട് എട്ടാണ്ടായി. ഇപ്പോ എങ്ങും പോവാറില്ല.'' നേരിയ വിഷാദം കലര്‍ന്ന മുഖവുരയോടെ ഉത്സവസ്മൃതികളുടെ കലവറ അദ്ദേഹം തുറന്നു.

ആനയുടെ വാദ്യവും പൂരവും
എഴുന്നള്ളിപ്പ് എന്നത് കേരളീയ സമ്പ്രദായമാണ്. അതില്‍ പ്രധാനം പെരുമനത്തും തൃശൂരുമാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിന് തൃപ്പൂണിത്തുറയിലും ഉത്സവമെഴുന്നള്ളിപ്പ് കാര്യമായി നടക്കുന്നുണ്ട്. പലേ ദിക്കിലും ഇന്നു കാണുന്ന പൂരമെഴുന്നള്ളിപ്പുകള്‍ക്കും മേളത്തിനും ചിട്ടയോ സമ്പ്രദായമോ ഇല്ല. പക്ഷേ, തൃശ്ശിവപേരൂര്‍ പൂരത്തിന്റെ ചിട്ടയ്ക്കു മാത്രം പറയത്തക്ക വ്യത്യാസം വന്നിട്ടില്ല, അന്നും ഇന്നും. ഇത്രയും ചിട്ടയുള്ള ഫെസ്റ്റിവല്‍ ലോകത്തിലില്ല. മുകളില്‍ വടക്കുന്നാഥന്‍ ക്ഷേത്രം, താഴെ നാലുപുറവും റോഡും-തൃശൂരുപോലെ യോഗ്യതയുള്ള പട്ടണവുമില്ല. നമ്പൂതിരിപ്പാടു പറഞ്ഞു തുടങ്ങി.
ദേവന്മാരെ ആഘോഷിക്കലാണ് പൂരം. അതിന് ആനയും വാദ്യവും വേണം. സംഗീതവും നൃത്തവും കൂടിയായാല്‍ തൗര്യത്രികമായി. അന്നദാനത്തിനും തുല്യപ്രാധാന്യമുണ്ട്. അതു ദേവപ്രീതി കൈവരുത്തും.

ചൈതന്യവര്‍ദ്ധനവിനാണ്  ക്രിയാദികള്‍. ദേവനു ജീവന്‍കൊടുത്തു മൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ദേവന്‍ അവിടെ പുരുഷനായി. പുരുഷന്‍ എന്നതിനു തല്‍ക്കാലം മനുഷ്യന്‍ എന്ന് അര്‍ത്ഥമാക്കിയാല്‍ മതി. മനുഷ്യന്റെ പ്രീതിക്കനുസരിച്ചാണ് ദേവപ്രീതി.
ദേവനെ ശ്രീകോവിലില്‍നിന്നു പുറത്തേയ്ക്കു കൊണ്ടുവരലാണ്, വാദ്യഘോഷങ്ങളോടെ നടത്തലാണ് എഴുന്നള്ളിപ്പ്. ഭൂതബലി തുടങ്ങി ദേവന്റെ എഴുന്നള്ളിപ്പിന്റെ ഭാഗമായിട്ടുള്ള പ്രദക്ഷിണമാണ് അമ്പലത്തിനകത്തെ ശീവേലി. അതിനു തോന്നിയപോലെ മേളം പതിവില്ല. ഒരടിസ്ഥാനം വെച്ചാവണം മേളവും.

ദേവനെ മനുഷ്യവര്‍ഗ്ഗത്തിലെ രാജാവായി സങ്കല്പിച്ചതുകൊണ്ട് മനുഷ്യനുവേണ്ട സകല ചേഷ്ടയുമുണ്ട്. രാജാവിനു പല വിനോദങ്ങളുമുണ്ട്. അവയിലൊന്നാണ് വേട്ട എന്ന നായാട്ട്. ഉത്സവ ദിവസങ്ങളിലെ പള്ളിവേട്ട അതാണ്. വേട്ട കഴിഞ്ഞുവന്ന് രാജാവു വിശ്രമിക്കുന്നു. പിറ്റേന്നാള്‍ ഉറക്കമുണര്‍ത്തി അദ്ദേഹത്തെ സ്‌നാനത്തിനു കൊണ്ടുപോകലാണ് ആറാട്ട്. ക്രിയാംഗമായി ഒരു ആനയും ഒരു മാരാരും മാത്രമായാലും മതി. ഒറ്റച്ചെണ്ടയിലേ അകമ്പടി വേണ്ടൂ. അതുപോരാ എന്നു വിചാരിച്ച് മാരാന്മാരില്‍ കേമന്മാരെ കൊണ്ടുനടക്കുന്നു. അതുപോലെ ആനയിലും കേമന്മാരെ സൃഷ്ടിച്ചു. മാരാന്മാരെപ്പോലെ ആനകളും ഉത്സവത്തിന്റെ ഉപാംഗങ്ങളായി. നല്ല ആനകളും നല്ല വാദ്യക്കാരും രാജാവിനെ  അകമ്പടി സേവിക്കുന്നു. കൊടിയും കൊടിമരവുംപോലെ ആനയും വാദ്യവും രാജചിഹ്നങ്ങള്‍ തന്നെ.
നെറ്റിപ്പട്ടം കെട്ടി അണിഞ്ഞൊരുങ്ങിയ ഗജവീരന്മാരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന വൃന്ദവാദ്യമാണ് മേളം. പുറത്തു പാണ്ടി, അകത്തു പഞ്ചാരി. തൃശൂരിലെ രണ്ടു മേളവും വളരെ വിശേഷമാണ്. കേമനെ നടുക്കുനിര്‍ത്തി കൊട്ട് നയിക്കുന്നു.

പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്
പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്

വാദ്യമേളവും ആനയും തമ്മിലും ബന്ധമുണ്ട്. എഴുന്നള്ളിച്ച് നില്‍ക്കുമ്പോള്‍ മേളം മനസ്സിലാക്കാനുള്ള കഴിവ് ചില ആനകളുടെ പ്രത്യേകതയാണ്. ബുദ്ധിയുള്ളവരും ഇല്ലാത്തവരും ആനകളിലുമുണ്ട്. ചില ആനകള്‍ ചിട്ട അനുസരിക്കാത്തവരാണ്. പരമ്പരാഗതമായി ക്ഷേത്ര സംസ്‌കാരത്തിന്റെ കുറവുതന്നെ കാരണം എന്ന് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. വെടിക്കെട്ടും പരിചയപ്പെടുത്തിയാല്‍ അവയുടെ ഭയം മാറും.
നാട്ടിലൊരു ചൊല്ലുണ്ട്, ആനയൊക്കെ നന്ന് കൂട്ടത്തില്‍ കൂടിയാല്‍ ഇല്ല എന്ന്. കൂട്ടത്തില്‍ കൂടിയാലും ഉണ്ട് എന്നതാണ് ആനയുടെ മേന്മ. വലിപ്പം, നീളം, തല, തുമ്പിക്കൈ ഇങ്ങനെ അവയവങ്ങളുടെ മികവും പൊരുത്തവുമാണ് ആനയ്ക്കു വേണ്ടത്.

ഇരിക്കുമ്പോഴും മുറുക്കിത്തുപ്പാന്‍ എഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴും നില്‍ക്കുമ്പോഴും നമ്പൂതിരിപ്പാടിന് ആനക്കൊമ്പനേപ്പോലെ ഒരേനില! ആനയെപ്പറ്റി പറയാന്‍ തുടങ്ങുമ്പോള്‍ ആ ആനച്ചന്തം നമ്പൂതിരിപ്പാടിനും വര്‍ദ്ധിച്ചുവന്നു.

''ഞാന്‍ കണ്ടതില്‍ യോഗ്യതപ്പെട്ട ആന കിരാങ്ങാട്ടു കേശവനും ഗുരുവായൂര്‍ പത്മനാഭനുമാണ്. ഗുരുവായൂര്‍ കേശവന്റെ സമകാലികനായ പത്മനാഭനെയാണ് ഉദ്ദേശിക്കുന്നത്. കേശവനു പൊക്കമുണ്ട്, തുമ്പിയില്ല. പത്മനാഭനാണെങ്കില്‍ എഴുന്നള്ളിപ്പിനു നില്‍ക്കുമ്പോള്‍ത്തന്നെ സ്വന്തം ചിട്ടകളുണ്ട്. അതിന്റെ നില, ചേഷ്ടകള്‍, ഓമനത്തം... ഇതൊക്കെ നോക്കിനില്‍ക്കാന്‍ തോന്നും'' നമ്പൂതിരിപ്പാടു പറഞ്ഞു.

ആന മുന്നിലേയ്‌ക്കേ ഓടുകയുള്ളൂ. നായാട്ടിനു പോയിട്ടുണ്ട് ഞാനും. പലതവണ. ആനയുടെ ഗന്ധം വരുമ്പോള്‍ ഒഴിഞ്ഞുനില്‍ക്കുകയാണ് പതിവ്. തേനും പുളിങ്ങയും കൂടിയുള്ള ചൂരാണ് ആനയുടെ മണം എന്നാണ് കാടന്മാര്‍ പറയുക. നല്ല ആനക്കാരന്‍ ആനയെ കൈവിടരുത്. ആനമേല്‍ പറ്റിപ്പിടിച്ചുനില്‍ക്കാനാണ് സാമര്‍ത്ഥ്യം വേണ്ടത്. കൈവിട്ടാല്‍ ആന കയ്യില്‍നിന്നു പോയതുതന്നെ.
വെള്ളം കൊടുത്ത് ആനയെ ഇടയ്ക്കിടയ്ക്കു വൃത്തിയാക്കണം. തീറ്റയും വെള്ളവും വേണ്ടവിധത്തില്‍ കൊടുത്താല്‍ മതി. കൊമ്പും ചില്ലയും നാരും കോലും ആന നുള്ളിപ്പൊള്ളിച്ചു തിന്നുകൊള്ളും. കാടില്ലാതായത് ഇന്ന് ആനയ്ക്കു ദോഷമായി-നമ്പൂതിരിപ്പാട് നെടുവീര്‍പ്പിട്ടു.
തീറ്റയുടെ കേടാണ് ആനയ്ക്ക് എരണ്ടക്കെട്ടായിത്തീരുന്നത്. ആനയുടെ കീഴ്പ്പോട്ടുള്ള വായുവിന് (അപാനന്‍) തടസ്സം വരരുത്. നീര് കോടിയിറങ്ങുന്നതും ശ്രദ്ധിക്കണം. പണ്ട് ആനയെ നിര്‍ത്തിയാല്‍ പേര്, ഇന്നു ലാഭം എന്ന നിലവന്നു. എങ്ങനേയും പാലിച്ചാല്‍ പോര അതിനെ ലാളിക്കുകയും സ്‌നേഹിക്കുകയും വേണം.

പണ്ട് ഗുരുവായൂര്‍ ഉത്സവത്തിന് പൂമുള്ളിനിന്ന് ആനയെ കൊണ്ടുപോയിരുന്നു. അന്ന് ദേവസ്വത്തില്‍ ആനക്കോട്ടയായിട്ടില്ല. പെരിങ്ങോട്ടുത്സവത്തിന്  ഗുരുവായൂരില്‍നിന്ന് ഇങ്ങോട്ടും കൊണ്ടുവരും. പരസ്പരം ഏക്കമില്ല. സാമൂതിരിപ്പാടിന്റെ നിശ്ചയമായിരുന്നു അത്. ഒരിക്കല്‍ ഗുരുവായൂര്‍ ഉത്സവം കഴിഞ്ഞ് ആനയെ തളയ്ക്കാതെ പാപ്പാന്‍ പൂസായി കിടന്നുറങ്ങി. പൂമുള്ളി ആന ആരേയും ഉപദ്രവിക്കാതെ തനിയെ നടന്ന് പെരിങ്ങോട്ടു മടങ്ങിയെത്തുകയും ചെയ്തു.

വന്‍കിട കലാകാരന്മാര്‍ മേളിക്കുന്ന ഉത്സവം അക്കാലത്ത് പെരിങ്ങോട്ടും ഉണ്ടായിരുന്നു. മധ്യകേരളത്തിലെ നാലു ശ്രീരാമക്ഷേത്രങ്ങളിലൊന്ന്  (തിരുവില്വാമല കടവല്ലൂര്‍, തൃപ്രയാര്‍, പെരിങ്ങോട്ട് പനയന്നീരി) പൂമുള്ളി മനക്കാരുടേതാണ്. പട്ടാഭിഷിക്തനായ ശ്രീരാമനാണ് പ്രതിഷ്ഠ. ഒറ്റക്കരിങ്കല്ലില്‍ പണിത തൂണുകളും കമനീയമായ വിഗ്രഹവും അനന്തശയനം ശില്പവും ആനക്കൊടിലും ഗോപുരവും വലിയ അമ്പലക്കുളവും സര്‍വ്വാലങ്കാരങ്ങളും തികഞ്ഞതാണ് ഈ ശ്രീരാമക്ഷേത്രവും.

പാലക്കാട്ട് ജില്ലയില്‍ മാത്രം 36,000 പറ നെല്ലു വീതം പിരിയുന്ന 16 കളങ്ങള്‍ പൂമുള്ളിയുടേതായിരുന്നു. പാലക്കാട്ടില്‍ പകുതി പൂമുള്ളി എന്നാണ് പറയുക. എല്ലാ താവഴികളുടേയും കേന്ദ്രസ്ഥാനമായ പെരിങ്ങോട്ടെ മനയില്‍ അതിഥികള്‍ക്കും വഴിപോക്കര്‍ക്കും 24 മണിക്കൂറും വെച്ചുവിളമ്പുന്ന ഊട്ടുപുരകള്‍ ഉണ്ടായിരുന്നു. കൊല്ലത്തില്‍ 25,000 പറ നെല്ല് അന്നദാനത്തിനു മാത്രം നീക്കിവെച്ചിരുന്നു. ഏറ്റവുമൊടുവില്‍ 1966-ല്‍ ഒരു ഷഷ്ടിപൂര്‍ത്തിപ്പിറന്നാളിന് ആയിരംപറ അരിവെച്ച സദ്യ, വന്ന ബ്രാഹ്മണര്‍ക്കെല്ലാം ദക്ഷിണ, മറ്റുള്ളവര്‍ക്കു മുഴുവന്‍ അരി, ഉപ്പ്, മുളക്, എട്ട് അണയും സദ്യയും. നീലകണ്ഠന്‍ നമ്പൂതിരിപ്പാടു തന്നെ ദാനോത്സവത്തിനു നേതാവായി. മുക്കാല്‍ നൂറ്റാണ്ടിനുമുന്‍പ് ഓരോരുത്തര്‍ക്കും 75 ലക്ഷം രൂപയുടെ ആളോഹരി സ്വത്ത്. മനയിലെ നെല്ലുകുത്തി അരിയാക്കിക്കൊടുക്കല്‍ സമീപ ഭവനങ്ങളുടെ ചുമതലയായിരുന്നു. റവന്യൂ വകുപ്പില്‍നിന്നു കടമെടുത്ത ഉദ്യോഗസ്ഥരാണ് മനയുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. ഭൂപരിഷ്‌കാരത്തെ തുടര്‍ന്നുള്ള സാമൂഹ്യമാറ്റത്തില്‍ ആളോഹരി എണ്ണായിരം പറ നെല്ലിന്റെ ഭൂസ്വത്ത് 28 അംഗങ്ങള്‍ക്കായി ഭാഗിച്ചു.

വാസ്തു ബാഹുല്യത്താല്‍ ദക്ഷിണേന്ത്യയിലെത്തന്നെ വലിയ കുടുംബ ആവാസകേന്ദ്രമായിരുന്ന മനയിലെ 16 കെട്ടുകളും ആടു കാളകളും ഊട്ടുമാളികകളും പൊളിച്ചുമാറ്റുമ്പോഴും ആറാം താവഴിയിലെ കാരണവരായ നമ്പൂതിരിപ്പാട് നിരാശപ്പെട്ടില്ല. അദ്ദേഹം നിഷ്‌കപടമായി പറഞ്ഞു: ''നശിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ മാത്രമല്ല, ചെറിയ കെട്ടിടങ്ങള്‍പോലും നിലനിര്‍ത്താന്‍ പ്രയാസമായിരിക്കുന്നു. അതിനുള്ള ഒരു ഓര്‍ഗനൈസേഷന്‍ ഇല്ലാതായിരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ വന്‍മരങ്ങള്‍ കടപുഴകുമ്പോള്‍ ചെറിയ ആറ്റുവഞ്ചികള്‍ മാത്രം സുരക്ഷിതമായി നിലനില്‍ക്കുമെന്ന കൗടില്യന്റെ മതമാണ് ഇനി സ്വീകരിക്കേണ്ടത്'' എന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com