വിവര്‍ത്തനത്തിന്റെ നാനാര്‍ത്ഥങ്ങള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

ഔചിത്യബോധത്തോടെയുള്ള വിവര്‍ത്തനമാണ് വേണ്ടതെന്ന് അയ്യപ്പപ്പണിക്കര്‍ പറയുന്നുണ്ട്.
വിവര്‍ത്തനത്തിന്റെ നാനാര്‍ത്ഥങ്ങള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

യ്യപ്പപ്പണിക്കരും എ.കെ. രാമാനുജനും തമ്മിലുള്ള ഒരു സംഭാഷണത്തില്‍നിന്ന്:
അയ്യപ്പപ്പണിക്കര്‍: (ഒറിജിനല്‍) കവിതയെഴുതുന്നതിനെക്കാള്‍ പ്രയാസമാണോ കവിതാവിവര്‍ത്തനം?
എ.കെ. രാമാനുജന്‍: ഞാനങ്ങനെ പറയില്ല. വിവര്‍ത്തിത കവിതയും കവിതയായിരിക്കണം. ഒറിജിനല്‍ കവിതപോലെത്തന്നെയുള്ള കവിതയാവണം...
പണിക്കര്‍: ആന്തരികാനുഭവത്തിന്റെ വിവര്‍ത്തനമാണ് ഓരോ കവിതയുമെങ്കില്‍... എഴുതപ്പെടേണ്ടതില്ലല്ലോ. 
രാമാനുജന്‍: ശൂന്യതയിലല്ല എഴുതപ്പെടുന്നതെങ്കില്‍പോലും ചില ഇനം കവിതകളങ്ങനെയുണ്ട്. 
പണിക്കര്‍: എഴുതപ്പെടും മുന്‍പേ തന്നെയുള്ള അവ്യക്ത രൂപമായ ഒരു കവിതയുണ്ടല്ലോ; അതില്‍ നിന്നാണല്ലോ 'ഒറിജിനല്‍' ഉണ്ടാവുന്നത്. 
രാമാനുജന്‍: അങ്ങനെ തോന്നുന്നില്ല. വെറുതെയുള്ള എഴുത്തിലൂടെ കവിതയുണ്ടാവുന്നില്ല. എഴുത്ത്, വീണ്ടെഴുത്ത്, തിരുത്തല്‍ - ഇതിലൂടൊക്കെയാണ് കവിത അസ്തിത്വം പ്രാപിക്കുന്നത്. അതിനു മുന്‍പ് കവിതയുണ്ട് എന്നു കരുതുന്നില്ല. 
ഒരു അസ്‌ക്യതയായി അതെവിടെയോ കുടികൊള്ളുന്നുണ്ട്. ഒന്നാമത്തെ ഡ്രാഫ്റ്റില്‍ത്തന്നെ അത് കവിതയായിക്കൊള്ളണമെന്നില്ല. 
പണിക്കര്‍: താങ്കള്‍ ഒരു ഉറച്ച തിരുത്തല്‍വാദിയാണ്. 
രാമാനുജന്‍: തിരുത്തല്‍ ചില കണക്കും യുക്തിയും വെച്ചുകൊണ്ടാണ്; സര്‍ഗ്ഗാത്മകവുമാണത്. 

രാമാനുജന്‍
രാമാനുജന്‍


പണിക്കര്‍: ആദ്യമുണ്ടായതിന്റെ നിരാസമായിത്തീരില്ലേ തിരുത്തിയ കവിത; അപ്പോള്‍ രണ്ടു കവിതയാവില്ലേ?
രാമാനുജന്‍: തിരുത്തലില്‍ അഭിരുചിവ്യത്യാസമുണ്ടാവാം.
പണിക്കര്‍: ഒറിജിനലിന്റെ തരംതാണതാണ് ടാഗോറിന്റെ ഗീതാഞ്ജലി ഇംഗ്ലീഷ് വിവര്‍ത്തനം. കുറെക്കൂടി അടുത്തൊരു വിവര്‍ത്തനം ഉണ്ടായാല്‍ അതും ഇതുംവെച്ച് തട്ടിച്ചുനോക്കി പഠിക്കാം. എല്ലാം വായനക്കാരനു വിട്ടുകൊടുക്കുക. 
രാമാനുജന്‍: ചില കവികള്‍ക്ക്, ഒരു സ്വന്തം കവിതയ്ക്കു തന്നെ ഒന്നിലേറെ രചനാഭേദങ്ങള്‍ ഉണ്ടാകാം. ഉദാ: ഡബ്ല്യു.ബി. യേറ്റ്‌സ്.
പണിക്കര്‍: ആ ഭേദങ്ങള്‍ക്കെല്ലാം നിലനില്‍പ്പുണ്ട്. 
രാമാനുജന്‍: ഒരേ ഗണത്തില്‍പ്പെട്ടതാകയാല്‍ അവയ്‌ക്കൊക്കെ നിലനില്‍പ്പുണ്ട്. 
കവിത കവിയുടെ അനുഭവത്തിന്റെ വിവര്‍ത്തനമാണ്; ആകയാല്‍ ഒറിജിനല്‍ കവിതയെന്ന വിവര്‍ത്തനത്തിന്റെ വിവര്‍ത്തനമാണ് വിവര്‍ത്തകന്‍ നിര്‍വ്വഹിക്കുന്നത്. ഇങ്ങനെ ദെറിദയും പറഞ്ഞിട്ടുണ്ടല്ലോ. 
കവിതയിലെ വൈകാരികാംശം ശരിക്കും അതിന്റെ രൂപക-മാനസികാവസ്ഥയോടെ വിവര്‍ത്തനത്തില്‍ കൊണ്ടുവരിക പ്രയാസമാണ്. അവിവര്‍ത്തനീയത ഉണ്ടെന്നിരിക്കിലും വിവിധ കാവ്യസംസ്‌കാരങ്ങളെ ഓരോ ഭാഷാവായനക്കാരനും ഉള്‍ക്കൊള്ളേണ്ടത് അത്യാവശ്യമാകയാല്‍ വിവര്‍ത്തനം സംഭവിച്ചേ പറ്റൂ. 

ഡബ്ല്യൂ ബി യേറ്റ്‌സ്
ഡബ്ല്യൂ ബി യേറ്റ്‌സ്

ഔചിത്യബോധത്തോടെയുള്ള വിവര്‍ത്തനമാണ് വേണ്ടതെന്ന് അയ്യപ്പപ്പണിക്കര്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അനിയത്തി ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് പുസ്തകത്തില്‍നിന്നുള്ള ഭാഗത്തിന്റെ മലയാള പരിഭാഷ എന്താവും എന്നു ചോദിച്ചു - 'Down, down, down to the depth of the sea' എന്നായിരുന്നു ആ വാക്യം. ''അതിന്റെ അര്‍ത്ഥം ഇങ്ങനെ പറഞ്ഞുതന്നു- 'അടിയിലേയ്ക്കടിയിലേയ്ക്കടിയിലേയ്ക്കായ്/കടലിന്‍ കയത്തിലടിയിലേയ്ക്കായ്'' (നിറവേറിയ വാഗ്ദാനം: അയ്യപ്പപ്പണിക്കര്‍ - എന്റെ കൊച്ചേട്ടന്‍). തികച്ചും സംവേദനക്ഷമമായ ആ പരിഭാഷയില്‍ ജാഗ്രത്തായ ഒരു മനോധര്‍മ്മം പുലരുന്നുണ്ട്. 
കവിതയുടെ സത്യാന്വേഷണ പരീക്ഷണമാണ് കാവ്യവിവര്‍ത്തനമെന്ന് അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനങ്ങള്‍ വായിക്കുമ്പോളറിയാം. 
സത്യമെങ്ങന്വേഷിച്ചൂ
പണ്ഡിതനവളുടെ 
നെറ്റിയില്‍ ചുണ്ടില്‍ മാറില്‍
നാഭിയില്‍ തുടകളില്‍
ഒന്നിലാവില്ല സത്യം
രണ്ടായാല്‍ മുറിഞ്ഞുപോം
രണ്ടുകള്‍ ചേരുന്നേട-
ത്തിരിപ്പൂ സത്യം സത്യം. 
(പകലുകള്‍, രാത്രികള്‍)
ഇത് കാവ്യവിവര്‍ത്തനത്തെക്കുറിച്ചുള്ള കവിതകൂടിയാണെന്നു പറയാം. ബഹുവിധമായ ഘടകങ്ങളുടെ സമവായമാണ് കവിത. ശബ്ദാര്‍ത്ഥഭാവസംസ്‌കാര തലങ്ങളുടെ സമന്വയം ഒറിജിനലിനൊത്ത വിധത്തിലോ, ഒറിജിനലിന്റെ പുനര്‍ജന്മമാകുന്ന വിധത്തിലോ, സാധിക്കുമ്പോഴാണ് വിവര്‍ത്തനം ആസ്വാദനക്ഷമമാകുന്നത്. 

'തരിശുഭൂമി'യുടെ അകക്കളങ്ങള്‍
1922-ല്‍ പ്രസിദ്ധപ്പെടുത്തി, ഒരു നൂറ്റാണ്ടു പിന്നിടാന്‍ പോവുകയാണ് ടി.എസ്. എലിയറ്റിന്റെ 'ദി വേസ്റ്റ് ലാന്റ്.' കേരളകവിതയുടെ പതിനൊന്നാം ലക്കത്തില്‍ (1972) പ്രസിദ്ധപ്പെടുത്തിയ തരിശുഭൂമി പരിഭാഷയും അരനൂറ്റാണ്ട് പിന്നിടാന്‍ പോവുകയാണ്. നമ്മുടെ കാലത്തിന്റെ ആത്മീയ ഊഷരതയും മൂല്യവന്ധ്യതയും ഉണ്ടാക്കിയ ശൈഥില്യവും സങ്കീര്‍ണ്ണതകളും അതേ പാറ്റേണുകളില്‍ പുനരാവിഷ്‌കരിക്കുന്നതാണ് 'തരിശുഭൂമി.' ഭാവനയുടെ യുക്തിയാല്‍ നിര്‍മ്മിതമായ ആ കലുഷപാഠത്തെ ഭാവനാനുഭവത്തിന്റെ യുക്തിയാല്‍ത്തന്നെ അപോദ്ഗ്രഥിച്ച് ഓരോ വായനക്കാരനും ചരിത്രസംസ്‌കാരങ്ങളിലൂടെ തന്റേതായ പാഠം സൃഷ്ടിക്കുന്നു. അയ്യപ്പപ്പണിക്കര്‍ അപഗ്രഥനത്തിന്റേയും ഉദ്ഗ്രഥനത്തിന്റേയും (അപോദ്ഗ്രഥനം - ഡീകണ്‍സ്ട്രക്ഷന്‍) വക്താവാണെങ്കിലും അതിനു തുനിയാതെ മൂലനിര്‍മ്മിതിയെ  ആമൂലാഗ്രം ലക്ഷ്യനിര്‍മ്മിതിയായി സ്ഥാനാന്തരണം ചെയ്തിരിക്കയാണ്. മൂലപാഠത്തിന്റെ വിശ്ലേഷണത്തിലൂടെ, അതിലെ ഭ്രംശങ്ങളോ പഴുതുകളോ കണ്ടെത്താന്‍ കഴിയുമെന്നും ഉദ്ഗ്രഥനത്തിലൂടെ അവയ്ക്ക് പരിഹാരം കണ്ടെത്തി വായനക്കാരന്റേതായ (വിവര്‍ത്തകന്റേതായ) പാഠം ആവിഷ്‌കരിക്കാന്‍ ആവുമെന്നുമാണ് പണിക്കരുടെ സാമാന്യ നിലപാട്. എന്നാല്‍, അങ്ങനെ ഒരു പാഠനിര്‍മ്മിതി സാധിക്കുവാനോ അതിനൊത്ത വിവര്‍ത്തനം നടത്താനോ അല്ല പണിക്കര്‍ ശ്രമിച്ചിട്ടുള്ളത്. 

ടിഎസ് എലിയറ്റ്
ടിഎസ് എലിയറ്റ്


'തരിശുഭൂമി'യുടെ ഒരു പാര്‍ശ്വവീക്ഷണത്തിനു മാത്രമേ ഞാന്‍ ഇവിടെ മുതിരുന്നുള്ളൂ: ഭഗ്‌നബിംബങ്ങളുടേയും പാശ്ചാത്യ പൗരസ്ത്യ പുരാണങ്ങളുടേയും അതാതു കാലവിശേഷ സൂചകങ്ങളുടേയും പാഠാന്തരബന്ധങ്ങളുടേയും വിഘടിത വാക്യങ്ങളുടേയും മറ്റും കൂമ്പാരമാണ് വേസ്റ്റ്ലാന്റ്. ഇംഗ്ലീഷ് പാണ്ഡിത്യവും ഇംഗ്ലീഷ് മലയാള ഭാവുകത്വങ്ങളും ലോകാനുഭവവും വിനിയോഗിച്ചാണ് പണിക്കര്‍ അതിന്റെ ഭാഷാന്തരണം നിര്‍വ്വഹിച്ചിട്ടുള്ളത്. 

April is the Cruellest month, breeding
Lilacs out of the dead land, mixing
Memory and desire, stirring
Dull roots with spring rain.
Winter kept us warm, Covering
Earth in forgetful nosw, feeding
A little life with dried tubers.
Summer Surprised us, coming over the Starnbergerse
With a shower of rain; we stopped in the Colonnade,
And went on in sunlight, into the Hofgarten-

ഏപ്രിലാണേറ്റവും ക്രൂരമാസം, മൃത-
ധാത്രിയില്‍നിന്നു ലൈലാക വളര്‍ത്തിയും
മോഹവുമോര്‍മ്മയും കൂട്ടിക്കലര്‍ത്തിയും
വാസന്തമഴയാല്‍ ജഡവേരുണര്‍ത്തിയും.
ഹേമന്തം നമുക്കു ചൂടുതന്നു സംരക്ഷിച്ചു
മറവിയാര്‍ന്ന മഞ്ഞില്‍ ഭൂമിയെ മൂടിപ്പൊതിഞ്ഞും
ഉണക്കക്കിഴങ്ങാല്‍ അല്പമൊരു ജീവിതം പോറ്റിയും. 
ഗ്രീഷ്മം നമ്മെ അത്ഭുതപ്പെടുത്തി, സ്റ്റാണ്‍ബെര്‍ഗര്‍സേയ്ക്കു മീതേ
ഒരു മഴച്ചാറ്റലുമായി വന്ന്; വൃക്ഷനിരയില്‍ നാം തങ്ങിനിന്നു
പിന്നെ വെയിലത്തേയ്ക്കു നടന്നു, ഹൊഫ്ഗാര്‍ട്ടനിലേക്ക്. 
എലിയറ്റിന്റെ വാക്യഘടനാരീതികള്‍ ആവാഹിച്ചും മനോഘടനകള്‍ പുലര്‍ത്തിയും കൊണ്ടുള്ള ഈ വിവര്‍ത്തനമട്ടുതന്നെയാണ്  ആദ്യാവസാനം അയ്യപ്പപ്പണിക്കര്‍ പാലിച്ചിട്ടുള്ളത്. ഒറിജിനല്‍ കവിത തന്നെയാണ് മലയാളി വായിക്കുന്നതെന്ന  പ്രതീതിയുളവാക്കുന്ന വിധത്തിലുള്ള വിവര്‍ത്തനമാണിത്. ഛന്ദോബദ്ധമായ ഒരു മാനസികാവസ്ഥയ്ക്കുതകുന്ന കല്പനകളാകയാല്‍ ആദ്യത്തെ വരികള്‍ താളാത്മകമായിത്തന്നെ പുനഃസൃഷ്ടിച്ചതും ശ്രദ്ധേയമാണ്. രാഗമോഹങ്ങളുടേതായ സംഗീതം 'നീരിന്നുമീതെയിഴഞ്ഞെത്തിടുന്നു' എന്ന ഒരു സന്ദര്‍ഭമുണ്ട്, 'അഗ്‌നിപ്രഭാഷണ'ത്തില്‍ (The Fire Sermon): 
The time is now propitious, as he guesses,
The meal is ended, She is bored and tired,
Endeavours to engage her in carasses
Which still are unreproved, if undesired.
Flushed and decided, he assaults at once;
Exploring hands encounter no defence;
His vanity requires no response,
And makes a welcome of indifference.
(And I Tiresias have foresuffered all 
Enacted on this same divan or bed.
I who have sat by Thebes below the wall
And walked among the lowest of the dead).
Bestows one final patronising kiss,
And gropes his way finding the stairs unlit...

She turns and looks a moment in the glass,
Hardly aware of her departed lover;
Her brain allows one half-formed thought to pass:  
'well now that is done: and I am glad it's over.'
When lovely woman stoops to folly and
Paces about her room again, alone,
She smooths her hair with an automatic Land, 
And puts a record on the gramophone.
കാലമിതനുകൂലം, ചിന്തിക്കയാണയാള്‍
തീറ്റി കഴിഞ്ഞു, മുഷിഞ്ഞു ക്ഷീണിച്ചവള്‍, 
ആഗ്രഹമില്ലെങ്കിലു, മെതിര്‍പ്പില്ലാതെ
ആലിംഗനത്തിലൊതുക്കാന്‍ ശ്രമിക്കുന്നു
പെട്ടെന്നു നിശ്ചയംകൊ,ണ്ടാക്രമണമായ്;
തപ്പുന്ന കൈകള്‍ തടസ്സമറിവീല;
ആവശ്യമില്ല പ്രതിസ്പന്ദനം, തന്റെ
മൂഢമോഹത്തി, നശ്രദ്ധയും സ്വാഗതം. 
(തൈറീസിയസ്സു ഞാന്‍, മുന്നേ സഹിച്ചവന്‍, 
സര്‍വ്വമിതേ ചാരുമെത്ത - കിടക്ക - മേല്‍
തീബ്സില്‍ മതില്‍കീഴിരുന്നാമൃതന്‍ മാരി-
ലേറ്റവും ഹീനര്‍ തന്‍ കൂടെ നടന്ന ഞാന്‍).
അന്തിമാനുഗ്രഹചുംബനം നല്‍കിയി-
ട്ടന്ധകാരത്തിലേണിപ്പടി തപ്പുന്നു.

വേഗം തിരിഞ്ഞു കണ്ണാടിയില്‍ നോക്കുന്നു
കാമുകന്‍ പോയതറിയാതെ കണ്ടവള്‍;
പാതിരൂപം പൂണ്ടു ചിന്ത തലച്ചോറില്‍:
'ആക,ട്ടതും കഴിഞ്ഞല്ലോ. സന്തുഷ്ട ഞാന്‍.'
സുന്ദരിപ്പെണ്ണൊരബദ്ധം പിണച്ചിട്ടു-
പിന്നെ മുറിയില്‍ തനിയെ നടക്കവേ
യാന്ത്രികക്കൈയാലൊതുക്കും മുടി, സ്വന-
ഗ്രാഹിമേല്‍ വയ്ക്കുമൊരു ഗാനപത്രകം. 

ഛന്ദസ്സും പ്രാസവും ദീക്ഷിച്ചിട്ടുള്ള മൂലഖണ്ഡങ്ങളെ മലയാള ഛന്ദസ്സില്‍ ദ്രുതിദീപ്തി വികാസങ്ങളോടെ പണിക്കര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നു. സകലതിന്റേയും കര്‍ത്താവും ദ്രഷ്ടാവും അന്ധപ്രവാചകനുമായ തൈറീസിയസ്സിന്റെ കാമുകിയുമായുള്ള പെരുമാറ്റങ്ങള്‍ ഉപഹാസജനകമായിത്തന്നെ വീണ്ടെടുത്തിരിക്കുന്നു. എതിര്‍പ്പില്ലാത്ത ആലിംഗനം, തപ്പുന്ന കൈകള്‍, അന്തിമാനുഗ്രഹ ചുംബനം നല്‍കി അന്ധകാരത്തില്‍ ഏണിപ്പടി തപ്പല്‍, നിസ്സംഗ ചിത്തയായ് ഗ്രാമഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവള്‍ - ഇങ്ങനെയുള്ള ചിത്രങ്ങള്‍ ഇരുജീവിതങ്ങളുടേയും ഭാവചലനങ്ങള്‍ അനുഭവപ്പെടുത്തുന്നു. ഇംഗ്ലീഷ് പദ്യച്ഛായയുള്ള ഭാഗങ്ങള്‍ മലയാള പദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഗദ്യത്തെ മലയാള വാക്യഘടനയിലേക്കു കൊണ്ടുവരാതെ, എലിയറ്റിയന്‍ മട്ടില്‍ത്തന്നെ കൃത്യമായ ശൈഥില്യത്തോടെ പകര്‍ന്നുതരികയും ചെയ്യുന്നു. ബിംബ - പ്രതിബിംബ രീതി ഓരോ ഗദ്യവാക്യത്തിന്റേയും വിവര്‍ത്തനത്തില്‍ കാണാം. 
അഞ്ചാംഭാഗം, 'ഇടിനാദം പറഞ്ഞത്' (What the thunder said):
And no rock                        - പാറയില്ലാതെ, 
If there were rock                    - പാറയും
And alos water                    - കൂടെ വെള്ളവുമുണ്ടായിരുന്നെങ്കില്‍
And water                        - വെള്ളം
A Spring                        - ഒരു നീരുറവ
A pool among the rock                - പാറക്കിടയില്‍ ഒരു പൊയ്ക
If there were the osunds of water only    - വെള്ളത്തിന്റെ ശബ്ദമെങ്കിലുമുണ്ടായിരുന്നെങ്കില്‍
Not the cicada                    - ചീവീടും
And dry grass singing                - ഉണക്കപ്പുല്ലും പാടുന്നതല്ലാതെ 
But osunds of water over a rock        - പാറയുടെ മേല്‍വെള്ളത്തിന്റെ ശബ്ദം
Where the hermit - thrush
sings in the pine trees                - പൈന്‍മരങ്ങളില്‍ സംന്യാസി മൈന പാടുന്നിടത്ത്
Drip drop drip drop drop drop drop     - ഇറ്റു തുള്ളിയിറ്റുതുള്ളി തുള്ളി തുള്ളി തുള്ളി തുള്ളി
But there is no water                - പക്ഷേ, വെള്ളമില്ലല്ലോ
ഇങ്ങനെ, താന- അനുതാനമായുള്ള ഭാഷാന്തരണ വൃത്തിയിലൂടെ ഒറിജിനലിനെ കൃത്യമായി ലക്ഷ്യഭാഷയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. എലിയറ്റിന്റെ വാക്യവടിവാണ് ഇവിടെ ബോധനീയമാകുന്നത്. ഊഷരതയുടെ സ്‌തോഭങ്ങളാണ് അതിലൂടെ പകര്‍ന്നുകിട്ടുന്നത്. 'Dead mountain mouth of carious teeth that cannot spit' എന്നത് ''തുപ്പാന്‍ കഴിയാത്ത പുഴുപ്പല്ലുകളുള്ള മൃതപര്‍വ്വതവക്ത്രം'' എന്ന് പരിഭാഷപ്പെടുത്തുന്നിടത്തും hermit-thrushനെ സംന്യാസി മൈനയാക്കുന്നിടത്തും വിവര്‍ത്തകന്റെ മലയാള മനോധര്‍മ്മം വെളിപ്പെടുന്നുണ്ട്. 

എന്‍എന്‍ കക്കാട്
എന്‍എന്‍ കക്കാട്

ലഘുപ്രകരണങ്ങളിലൂടെ:
1) 'അഗ്‌നിപ്രഭാഷണ'ത്തില്‍  (Fire Sermon):
Where the walls of Magnus Martyr hold inexplicable splendour of Ionian white and gold 
'മാഗ്നസ് മാര്‍റ്റര്‍ പള്ളിയുടെ ഭിത്തികളില്‍ കാണാം അയോണയിലെ ശ്വേതസ്വര്‍ണ്ണവര്‍ണ്ണങ്ങളുടെ അവ്യാഖ്യേയമായ പൊലിമ.''
മലയാള സംവേദനമൂല്യമുള്ള 'പൊലിമ' പ്രസ്തുത ദേവാലയത്തിന്റെ ഉദാത്തത വ്യഞ്ജിപ്പിക്കുന്നു.
2) 'ചതുരംഗക്കളി'യില്‍ (A Game of Chess):
O O O O that Shakespeherian Rag
it's os elegant
So intelligent
 ഓ ഓ ഓ ഓ ആ ഷേക്സ്പിഹേറിയന്‍ ചിന്ത് 
 അതെത്ര സുബദ്ധം
അതെത്ര പ്രബുദ്ധം.
ഇങ്ങനെയുള്ള രാഗതാളലയത്തിന്റെ സങ്കേത സങ്കലനംകൊണ്ടുകൂടിയാണ് വേസ്റ്റ്ലാന്റിനെ ഒരു ആശയസിംഫണിയായി വ്യാഖ്യാനിക്കുന്ന വായനകളുണ്ടായത്. സര്‍വ്വഥാ സര്‍വ്വത്ര ശിഥിലം സങ്കീര്‍ണ്ണം ഈ ലോകം എന്ന് അഭിവ്യഞ്ജിപ്പിക്കാന്‍ ചിത്രകല, നാടകം, നോവല്‍, സിനിമ, ശില്പകല മുതലായ കലാരൂപങ്ങളുടെ ചിഹ്നസങ്കേതങ്ങളും അവയുടെ അവതരണരീതികളും മറ്റും ആധുനികോത്തരതയെ പൂര്‍വ്വദര്‍ശനം ചെയ്ത എലിയറ്റ് വിനിയോഗിച്ചിട്ടുണ്ട്. ആള്‍രൂപങ്ങള്‍, പുരാവൃത്തങ്ങള്‍, പുരാ-നവ സ്ഥലകാലങ്ങള്‍, അസ്ഥിഖണ്ഡങ്ങള്‍, ജലശൂന്യത, വന്ധ്യത, ശിലീഭൂതാവസ്ഥകള്‍ - ഇങ്ങനെ എത്രയോ ഭാവമണ്ഡലങ്ങള്‍ പകര്‍ന്നാടുന്ന അവ്യക്തസങ്കീര്‍ണ്ണമായൊരു സമുദ്രകഥകളിയാണ് വേസ്റ്റ്ലാന്റ്. പടിഞ്ഞാറിന്റെ ഊഷരഭൂമികളിലൂടെ ഉഴറിയുഴറി സഞ്ചരിച്ച കവിമനസ്സ് ചെന്നെത്തുന്നത് ഉപനിഷത് പൊരുളിലാണ്. ആ നിലയ്ക്ക്, ശൂന്യതയുടെ വെളിപാടുകളില്‍നിന്ന് ഉണ്‍മയുടെ ഇടിമുഴക്കത്തിലേക്കുള്ള മാറ്റമാണ് വേസ്റ്റ്ലാന്റിനെ മാനവികതയുടെ ദര്‍ശനമാക്കുന്നത്. വിഭ്രമാത്മകതയില്‍നിന്ന് യോഗാത്മകതയിലേക്കുള്ള വഴിത്തിരിവും സത്യാനന്തരകാലത്തിന്റെ വാങ്മയസ്‌ഫോടവും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍, എന്‍.എന്‍. കക്കാടിന്റെ ചില വരികള്‍ ശ്രദ്ധാര്‍ഹമാകുന്നു:
''മി എലിയറ്റ്, 
താങ്കള്‍ക്കിതു മനസ്സിലാകുന്നുണ്ടാവില്ല. 
ഉരുകുന്ന അസ്ഥിയുടെ കടച്ചല്‍ താങ്കള്‍ക്കു മനസ്സിലാവും, 
കരിയുന്ന നാഡികളിലൂടെ അമൃതമൊഴുകുന്ന
ശാന്തി താങ്കള്‍ക്കറിയാനിടയില്ല. 

നാം തമ്മില്‍
ആറായിരം യോജന അന്തരമുണ്ടല്ലോ
ആറായിരം ജന്മങ്ങളുടെ അന്തരം, 
ഒരു ഹിമവാന്റെ, ഒരു പ്രണവത്തിന്റെ 
അന്തരം''
('മി. ടി.എസ്. എലിയറ്റിനുള്ള കത്തില്‍നിന്ന് ഒരു ഭാഗം' എന്ന കവിതയില്‍നിന്ന് - 1974)

റോബര്‍ട്ട് ഫ്രോസ്റ്റ്
റോബര്‍ട്ട് ഫ്രോസ്റ്റ്

3) 'I will show you fear in a handful of dust' (line: 30)
'ഞാന്‍ നിനക്കു ഭയത്തെ കാണിച്ചുതരാം ഒരു പിടിമണ്ണില്‍'' - മൂലപാഠത്തിലെ ആകാംക്ഷയും ഉദ്വിഗ്നതയും തത്തുല്യമായ വാക്യവിന്യാസമായി  മൊഴിമാറ്റം ചെയ്ത് അനുഭവപ്പെടുത്തുന്നു. 
4) 'What is that noise now?' (line: 119)
'എന്താണ് ആ ശബ്ദം ഇപ്പോള്‍?''
ഈ സന്ദര്‍ഭത്തിലും മലയാള വരമൊഴി മട്ടല്ല ഉപയോഗിച്ചിരിക്കുന്നത്; ഉദ്വേഗസ്പന്ദമുള്ള മൂലപാഠത്തിലെ വിഘടിത ഘടനയാണ് സ്വീകരിച്ചിട്ടുള്ളത്. 
5) 'troubled, confused
And drowned the sense in odours...' (88-89)
'അസ്വസ്ഥമാക്കി, അവ്യക്തതയിലാഴ്ത്തി
ഇന്ദ്രിയബോധത്തെ ഗന്ധപ്രസരത്തില്‍ മുക്കിക്കൊന്നു''
ഗന്ധപ്രസരണത്താലുള്ള ഇന്ദ്രിയങ്ങളുടെ പിടച്ചില്‍ അനുഭവപ്പെടുത്താനാണ് പണിക്കരുടെ ശ്രമം. ഇതുപോലെയുള്ള അക്ഷരാര്‍ത്ഥ സംവേദനത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്; മിക്കയിടത്തും അപ്പോഴൊക്കെ മൂലമൊഴിയുടെ രൂപബോധത്തോടെയുള്ള സംപ്രേഷണവും സാധിക്കുന്നു. 
6) 'Pressing lidless eyes and waiting for a knock upon the door' (138)
'പോളയില്ലാത്ത കണ്ണുകളുമമര്‍ത്തി...'' എന്ന അക്ഷരാര്‍ത്ഥ തര്‍ജ്ജമയാണ് പണിക്കരുടേത്. 'കണ്ണുചിമ്മാതെ നോക്കി' എന്നാണ് അതിനര്‍ത്ഥമെന്ന് ചിലര്‍ പറയുന്നു. എലിയറ്റ് ഉദ്ദേശിച്ചത് എന്തായാലും, രൂപകാത്മകമായ ഒരു ചിത്രസന്നിവേശമാണ് മൂലവാക്യത്തില്‍നിന്ന് പണിക്കര്‍ പകര്‍ന്നു തരുന്നത്. 
ഇംഗ്ലീഷിലെ വ്യവസ്ഥാപിത 'ഇഡിയ'ങ്ങളെ അവഗണിക്കാനും അക്ഷരാര്‍ത്ഥ തര്‍ജ്ജമയിലൂടെ തരിശുഭൂമിയുടെ വിഭാവീകരണത്തിനുതകുന്ന സന്നിവേശങ്ങള്‍ നല്‍കാനും പ്രത്യക്ഷ ധ്വനികളിലൂടെ പരോക്ഷ ധ്വനിവ്യാപാരം നിര്‍വ്വഹിക്കാനുമാണ് ഇവിടെ വിവര്‍ത്തകന്‍ ശ്രമിച്ചിട്ടുള്ളത്. 
7) ഭാവനയുടെ ഭാഷ വിനിയോഗിക്കാനും വ്യവസ്ഥാപിതമായ പദസമമൂല്യത അവഗണിക്കാനും അയ്യപ്പപ്പണിക്കര്‍ ശ്രമിച്ചിട്ടുണ്ട്. 
Only a cock stood on the roof tree
Co co rico cocorico
(what the thunder said, 391)
'കൂരവൃക്ഷത്തിലിരുന്ന് ഒരു പൂവന്‍കോഴിമാത്രം
കൊക്കൊരിക്കോ കൊക്കൊരിക്കോ''
ഇവിടെ 'roof tree' വീടിന്റെ മോന്തായം, ഉത്തരം, മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്ന ഒറ്റ നീളന്‍തടി എന്നിവയെ കുറിക്കുന്ന പദമാണ്. അയ്യപ്പപ്പണിക്കര്‍ 'കൂരവൃക്ഷം' എന്ന് പരിഭാഷപ്പെടുത്തിയത് വ്യവസ്ഥാപിതവും അംഗീകൃതവുമായ അര്‍ത്ഥം അറിയാഞ്ഞിട്ടാവില്ല. ഒരു വിശേഷധ്വനി എലിയറ്റ് ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്ന് അനുമാനിക്കുന്ന വിവര്‍ത്തകനിലെ കവിയാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്; അദ്ദേഹത്തിന്റെ ഭാവനയും ഉപഹാസക്കുസൃതിയുമാണ്  'റൂഫ്ട്രീ'യെ 'കൂരവൃക്ഷ'മാക്കുന്നത്. ഒരു വൃക്ഷം പോലെ നിലകൊള്ളുന്ന കൂരയേയും ആ കൂരവൃക്ഷത്തിന്റെ മുകളില്‍ കൊക്കരക്കോ കൂകുന്ന കോഴിയേയും പ്രതീതമാക്കിത്തരികയാണ്, പണിക്കര്‍. ഇംഗ്ലീഷ് കോഴിയുടേയും മലയാളം കോഴിയുടേയും അനുരണനാത്മക ശബ്ദം ഏറെക്കുറെ സദൃശമാണ്; വിവര്‍ത്തനത്തില്‍ ലിപ്യന്തരണമേ വേണ്ടൂ.

വാക്യഘടനാപരമായി  എലിയറ്റിന്റെ പ്രകാശനരീതികളെ, എലിയറ്റിയന്‍ കാവ്യഭാഷയുടെ ശ്വാസഗതികളെ, പണിക്കര്‍ അനുവര്‍ത്തിച്ചത് ഉചിതമായി എന്നുതന്നെ വായനക്കാരന് തോന്നാം. സാമ്പ്രദായികമായ പദസമമൂല്യതാസിദ്ധാന്തങ്ങളെ അവഗണിച്ച്, അതാതു പദങ്ങളില്‍നിന്നും പദയോഗങ്ങളില്‍നിന്നും ഔചിത്യപ്രേരണയാല്‍ ജന്യജനകമായ പുതിയ അര്‍ത്ഥബന്ധങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയയെ, രൂപകാത്മകതയോ അന്തഃസന്നിവേശങ്ങളോ കണ്ടെത്താനുള്ള വിവര്‍ത്തക ശ്രമങ്ങളുടെ ഭാഗമായി വേണം കാണാന്‍. എന്നാല്‍, പണിക്കര്‍ സ്വയമുണ്ടാക്കിയ ഒരു വൈരുധ്യത്തില്‍ കുരുങ്ങിപ്പോകുന്നുണ്ടെന്നതും ഓര്‍ക്കണം: പ്രതിപദ പ്രതിവാക്യ പരിഭാഷ വര്‍ജ്ജ്യമാണെന്ന് തെളിയിക്കുന്ന ഭാഗങ്ങള്‍ നാലപ്പാടന്റെ 'പാവങ്ങള്‍' എന്ന വിവര്‍ത്തിത കൃതിയില്‍ ധാരാളമുണ്ടെന്നാണ് അയ്യപ്പപ്പണിക്കര്‍ എന്ന വിമര്‍ശകന്‍ ഉന്നയിച്ചത്. എന്നാലോ - അതേ നാലപ്പാടന്‍ തന്ത്രം വിനിയോഗിച്ചു തന്നെയാണ് 'തരിശുഭൂമി'യും രൂപപ്പെടുത്തിയിട്ടുള്ളത്!
''തര്‍ജ്ജമയില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത'' എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വാക്യം ഒരു ഗതാനുഗതിക ചൊല്ലായിട്ടുണ്ട്. അതിനെ മറികടക്കുന്ന ഒരു നിഷേധപാഠം അയ്യപ്പപ്പണിക്കരുടേതായിട്ടുണ്ട്: ''തര്‍ജ്ജമ ചെയ്താല്‍ പോലും നഷ്ടപ്പെടാത്തതെന്തോ അതാണ് കവിത.''
സ്വന്തം കാവ്യരീതിയും ശൈലിയും എലിയറ്റിന്റെ ഭാവഭാഷകള്‍ക്കു മേലേ വരൊല്ലേ വരൊല്ലേ എന്ന ഉദ്വിഗ്നതയോടെയാണ് വേസ്റ്റ്ലാന്റ് പരിഭാഷപ്പെടുത്തിയത് എന്ന് പണിക്കര്‍ പറയുന്നുണ്ട്. അത് മിക്കവാറും ഒത്തുവന്നിട്ടുമുണ്ട്. ലിപ്യന്തരം ചെയ്ത വിവിധ ഭാഷാപ്രകരണങ്ങള്‍, പൂര്‍വ്വകൃതിസൂചകങ്ങള്‍, പുരാവൃത്ത പ്രതിനിധാനങ്ങള്‍, പാഠാന്തര സംഭവങ്ങള്‍ മുതലായവ വേസ്റ്റ്ലാന്റിനെ അതീവ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അവയെല്ലാം അതേപടി 'തരിശുഭൂമി'യിലേക്കും   വിവര്‍ത്തകന്‍ പറിച്ചുനട്ടിട്ടുണ്ട്. വേണ്ടത്ര അടിക്കുറിപ്പുകളും നല്‍കിയിരിക്കുന്നു. 
വേസ്റ്റ്ലാന്റിന്റെ എലിയറ്റിയന്‍ എഴുത്ത് കൃത്യമായി കാണിച്ചുതരുന്നതിനാണ് സ്വയം എലിയറ്റായി മാറിക്കൊണ്ട് പണിക്കര്‍ 'തരിശുഭൂമി'സൃഷ്ടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com