വൈരുദ്ധ്യങ്ങളുടെ അളവുകോല്‍: പീറ്റര്‍ ഹാന്‍ഡ്‌കെയെക്കുറിച്ച്

ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തിനു ശേഷമാണ് ഇത്തവണ സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
വൈരുദ്ധ്യങ്ങളുടെ അളവുകോല്‍: പീറ്റര്‍ ഹാന്‍ഡ്‌കെയെക്കുറിച്ച്

ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തിനു ശേഷമാണ് ഇത്തവണ സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അക്കാദമിയുടെ 232 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു പ്രഖ്യാപനം മാറ്റിവച്ചത്. അതുകൊണ്ടു തന്നെ വിവാദങ്ങളില്‍ നിന്ന് കറകഴുകിയ ഒരു പരിശുദ്ധ പ്രഖ്യാപനമാണ് ഏവരും ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. അതായിരുന്നു നൈതികതയും. എന്നാല്‍, പോളിഷ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഓള്‍ഗാ ടൊകര്‍ചുക്കിനൊപ്പം ഏവരെയും ഞെട്ടിച്ചു കൊണ്ട് ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്‍ഡ്കെയ്കും പുരസ്‌കാരം ലഭിച്ചു.
വൈരുദ്ധ്യനിലപാടുകളെ ഒരേ തുലാസില്‍ അളക്കാന്‍ ശ്രമിക്കുകയായിരുന്നു സ്വീഡിഷ് അക്കാദമി. പരിസ്ഥിതി സമരങ്ങളെ പിന്തുണച്ച് തെരുവിലിറങ്ങുന്ന ഓള്‍ഗ പോളണ്ടിലെ ഭരണത്തിലിരിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകയാണ്. കുടിയേറ്റ വിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന അവരുടെ രചനാപ്രമേയങ്ങളും കുടിയേറ്റവും സഞ്ചാരവുമൊക്കെയാണ്. എന്നാല്‍, വംശീയതയും സങ്കുചിത ദേശീയതയും നിറഞ്ഞതാണ് ഹാന്‍ഡ്കെയുടെ എഴുത്തും ജീവിതവും. വാക്കുകളുടെയും പ്രവൃത്തിയുടെയും അര്‍ത്ഥശൂന്യതയും അസംബന്ധവും വെളിവാക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ പോലെയായി സമാനമായിരുന്നു ഈ പ്രഖ്യാപനവും. ഭംഗിയേറിയ, ഭാവന നിറയ്ക്കാന്‍ ശേഷിയുള്ള വാക്കുകള്‍ക്ക് ചരിത്രത്തില്‍ ചെയ്തുപോയ ക്രൂരതകളെ ന്യായീകരിക്കാനാവില്ല. തീവ്രദേശീയവാദം, അക്രമാസക്തവും മനുഷ്യത്വവിരുദ്ധവുമാകുന്ന സമകാലിക സാഹചര്യത്തില്‍ എങ്ങനെ ഇരുവരെയും ഒരു മാനദണ്ഡം വച്ച് അളക്കാനാവുമെന്നത് ചോദ്യചിഹ്നമായി തുടരുന്നു. 

പുരസ്‌കാര പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇത്തവണ പുറത്തുവന്ന പ്രതികരണങ്ങളില്‍ ശ്രദ്ധേയമായത് മാര്‍ക്സിസ്റ്റ് ചിന്തകനായ സ്ലവോജ് സിസേക്കിന്റേതാണ്. 2014ല്‍ ഈ സമ്പ്രദായം പിന്‍ലിക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ഹാന്‍ഡ്കെ. സാഹിത്യത്തിലെ ഈ തെറ്റായ സാമാന്യനിയമം തിരുത്തിയെഴുതപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഹാന്‍ഡ്കെ പറഞ്ഞതു ശരിയാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുന്നു. ഇന്നത്തെ സ്വീഡന്‍ ഇങ്ങനെയാണ്. ജൂലിയന്‍ അസഞ്ചിനെ പോലെയുള്ളവരെ ഹത്യ ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന സ്വീഡന്‍ മനുഷ്യക്കുരുതിയുടെ വക്താവായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കിയതില്‍ അത്ഭുതമില്ല. സിസേക്ക് മാത്രമല്ല എഴുത്തുകാരനായ ഹാരി കുന്‍സ്രുവും മിഹ മസീനിയും ഈ അഭിപ്രായം ശരിവയ്ക്കുന്നു. അല്‍പ്പബുദ്ധിയാണ് അദ്ദേഹം എന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നാണ് സല്‍മാന്‍ റുഷ്ദി വ്യക്തമാക്കിയത്. 

രണ്ടാംലോകയുദ്ധത്തിനു ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു 1995ല്‍ ബോസ്‌നിയയില്‍ നടന്നത്. ബോസ്നിയന്‍ സെര്‍ബ് സേന നടത്തിയ വംശഹത്യയില്‍ കൊല്ലപ്പെട്ട മുസ്ലീം കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും ഇന്നും കൃത്യമായ കണക്കുകളില്ല. സ്ത്രീകളും പെണ്‍കുട്ടികളും കൂട്ടബലാല്‍സംഗത്തിന് വിധേയരായി. സ്വത്തുകള്‍ കൊള്ളയടിച്ചു. നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ അക്രമിക്കപ്പെട്ടു.  ഈ കിരാതകൃത്യത്തെയാണ് പീറ്റര്‍ ഹാന്‍ഡ്‌കെ ന്യായീകരിച്ചത്. ഹോളോകാസ്റ്റ് സമയത്തെ ജൂതരുടെ അവസ്ഥയുമായി ബോസ്നിയന്‍ കൂട്ടക്കൊലയെ താരതമ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം ശഠിച്ചു. സെര്‍ബിയന്‍ ദേശീയവാദിയെന്ന നിലപാടില്‍ നിന്ന്  അദ്ദേഹം വ്യതിചലിച്ചില്ല. ഭാഷാപരീക്ഷണങ്ങള്‍ നടത്തുമ്പോഴും വലതുരാഷ്ട്രീയം നടത്തിയ ക്രൂരതകളെ തള്ളിപ്പറയാന്‍ പീറ്റര്‍ ഹാന്‍ഡ്‌കെ തയാറായില്ല. മാത്രമല്ല, 2006ല്‍ സെര്‍ബിയന്‍ നേതാവായിരുന്ന സ്ലോബോഡന്‍ മിലോവിച്ചിന്റെ സംസ്‌കാര ചടങ്ങില്‍ ആ വാക്കുകള്‍ അതിരുവിടുകയും ചെയ്തു. പിന്നീട് കുറ്റബോധം തോന്നിയതുകൊണ്ടല്ല മറിച്ച്, പ്രതിഷേധം ശക്തമായപ്പോഴാണ് അദ്ദേഹം പ്രതിരോധത്തിലായത്. പിന്നെ, നാവുപിഴയാണെന്ന് പറഞ്ഞ് പലതും തിരുത്താന്‍ ശ്രമിച്ചെന്നു മാത്രം.
പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് എതിരേ ഇരകളാക്കപ്പെട്ടവര്‍ പ്രതിഷേധമുയര്‍ത്തുന്നത് ഇതാദ്യമല്ല. ഒസ്ലോയിലെ കൊസോവോയില്‍ ഇബ്സണ്‍ പുരസ്‌കാരം വാങ്ങാന്‍ വന്ന പീറ്റര്‍ ഹാന്‍ഡ്കെയെ അവര്‍ വളഞ്ഞു. ബാനര്‍ ഉയര്‍ത്തിയും കൂകിവിളിച്ചും അവര്‍ പ്രതിഷേധം അറിയിച്ചു. നരകങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുരസ്‌കാര നിര്‍ണയം സുതാര്യമാണെന്നും പൊതുജനവിശ്വാസ്യത ഉറപ്പാക്കുമെന്നുമുള്ള പ്രതീതി സൃഷ്ടിക്കാന്‍ ഈ വര്‍ഷം മുതല്‍ സ്വീഡിഷ് അക്കാദമി നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു മുന്നോടിയായിരുന്നു, യൂറോപ്പ് കേന്ദ്രീകൃത ചിന്തകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നെന്നും ഇനി മുതല്‍ അത് കൂടുതല്‍ വിശാലമാകുമെന്നും ആന്ദ്രേസ് ഉല്‍സന്‍ പ്രഖ്യാപിച്ചത്. പുരസ്‌കാര നിര്‍ണയസമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ഇതര എഴുത്തുകാരെ പരിഗണിക്കുമെന്ന സൂചനയാണ് ഇത് നല്‍കിയത്. എന്നാല്‍, ഇതുണ്ടായില്ല. പുരുഷകേന്ദ്രീകൃത വ്യവസ്ഥയാണ് ഇതെന്നായിരുന്നു ഒരു വിമര്‍ശനം. 120 വര്‍ഷത്തെ ചരിത്രമെടുത്താല്‍ 15 സ്ത്രീകള്‍ക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഇത്തവണ ഒരു സ്ത്രീക്കും ഒരു പുരുഷനുമായി സമ്മാനം നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com