സമരവീര്യം തുളുമ്പുന്ന സങ്കടവാക്കുകള്‍: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ കുഞ്ഞിന്റെ അമ്മ എഴുതിയ പുസ്തകത്തെക്കുറിച്ച്

ജീവിതത്തില്‍ നേരിടേണ്ടിവന്ന കഠിന യാതനകളെ അക്ഷരങ്ങള്‍കൊണ്ട് അതിജീവിക്കാന്‍ ശ്രമിച്ച ഒരമ്മയുടെ ആത്മകഥയാണിത്. 
ദേവനാഥിനൊപ്പം അരുണി
ദേവനാഥിനൊപ്പം അരുണി

പ്രസവം കഴിഞ്ഞാലും പേറ്റ്‌നോവ് ഒഴിയാതെ ജീവിതകാലം മുഴുവന്‍ സങ്കടത്തിന്റെ കടലില്‍ വീണ് നിലകിട്ടാതെ കൈകാലിട്ടടിക്കുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരുടെ പ്രതിനിധിയാണ് അരുണി ചന്ദ്രന്‍ കാടകം എന്ന മുപ്പതുകാരി. മുപ്പതുവയസ്സില്‍ ആത്മകഥ എഴുതുമോ എന്ന സന്ദേഹം ചിലപ്പോള്‍ വായനക്കാരുടെ പുരികങ്ങളെ വില്ലുകളാക്കാം. എന്നാല്‍, പുസ്തകം വായിച്ചു തീരുമ്പോള്‍ ആ സംശയം മാറിക്കിട്ടും. ജീവിതത്തില്‍ നേരിടേണ്ടിവന്ന കഠിന യാതനകളെ അക്ഷരങ്ങള്‍കൊണ്ട് അതിജീവിക്കാന്‍ ശ്രമിച്ച ഒരമ്മയുടെ ആത്മകഥയാണിത്. 

ഒരമ്മയുടെ മാത്രമല്ല, കാല്‍നൂറ്റാണ്ടുകാലത്തോളം ഭരണകൂടം, ഒരു തെറ്റും ചെയ്യാത്ത, നിഷ്‌കളങ്കരായ പാവം ജനതയുടെമേല്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരക രാസവിഷം കോരിയൊഴിച്ചതിന്റെ ഫലമായി നിര്‍ദ്ദയം ശിക്ഷിക്കപ്പെട്ട കാസര്‍ഗോട്ടെ എല്ലാ അമ്മമാരുടേയും കണ്ണീരുപ്പുകൂടി ഈ പുസ്തകത്തില്‍ കരകവിയുന്നുണ്ട്. വിഷമഴയേറ്റ കാടകം എന്ന ഗ്രാമത്തില്‍നിന്ന് വിവാഹശേഷം അതേപോലെ വിഷമഴ പെയ്ത ബോവിക്കാനം ഗ്രാമത്തിലെ വീട്ടിലേക്കാണ് അരുണി എന്ന ഈ പെണ്‍കുട്ടി എത്തിയത്. ആവശ്യത്തിനും അനാവശ്യത്തിനും എന്തിന്, ദേശീയഗാനം പാടുമ്പോള്‍പോലും ചിരി വരുന്ന പ്രകൃതമുള്ള അരുണി അസാധാരണമായ പ്രണയത്തിനുശേഷമാണ് ചന്ദ്രനെ സ്വന്തമാക്കുന്നത്. അമ്മയാകുന്നതോടെ ചിരികളെല്ലാം മാഞ്ഞ് കരച്ചിലിന്റെ ലോകത്തില്‍ ഒറ്റപ്പെട്ടുപോകുന്നു. പ്രസവിച്ച ഉടനെ മാസങ്ങളോളം കുഞ്ഞ് ആശുപത്രിയിലാവുന്നു. പെറ്റ കുഞ്ഞിനെ ഒന്ന് കാണാന്‍ ആഴ്ചകളോളം ഐ.സി.യുവിന്റെ ചില്ല് ഗ്ലാസ്സിനപ്പുറം കാത്തുനില്‍ക്കുന്ന ഒരമ്മയെ പ്രിയപ്പെട്ട വായനക്കാര്‍ മുന്‍പ് വായിച്ചിട്ടുണ്ടാവില്ല. നെഞ്ചോട് കുഞ്ഞിനെ ചേര്‍ക്കാന്‍ ആവതില്ലാതെ വിങ്ങിപ്പൊട്ടുന്ന ഒരമ്മയുടെ ഹൃദയം ഈ പുസ്തകത്തില്‍ മിടിക്കുന്നുണ്ട്. 

ദുഃഖത്തിന്റെ ഏകാന്തമുറിയില്‍ അടയിരിക്കുന്ന അരുണിക്ക് നസീമയാണ്- അവരുടേയും കുഞ്ഞ് ചില്ല് ഗ്ലാസ്സുകള്‍ക്കുള്ളിലാണ് - മറ്റുള്ളവരുടെ ജീവിതം കാണാനുള്ള കണ്ണ് കൊടുത്തത്. അരുണിയിലെ മാറ്റം അവിടെ തുടങ്ങുന്നു. 2013-ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തതിന്റെ ഫലമായി അരുണിയുടെ കുഞ്ഞ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കളായ അമ്പലത്തെ കുഞ്ഞികൃഷ്ണനും മുനീസയുമായുള്ള ബന്ധത്തിനുശേഷം 2016-ല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതോടെ, തന്റെ ദുഃഖത്തിനപ്പുറത്ത് മറ്റുള്ള അമ്മമാരുടെ ദുഃഖങ്ങളേയും ഏറ്റുവാങ്ങാനും അവര്‍ക്ക് ശക്തിപകരാനും അരുണി തയ്യാറാവുന്നതിന്റെ കഥകൂടി ഈ പുസ്തകം പറയുന്നു. ഇടശ്ശേരി പാടിയതുപോലെ,
''കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍''
എന്നവിധം ആ മനുഷ്യപ്പറ്റ് സമരവീര്യം നേടുന്നതിന്റെ ചരിത്രവും ഈ പുസ്തകത്തില്‍ വായിക്കാം. 
തന്റെ പ്രിയപ്പെട്ട കുഞ്ഞു എന്ന ദേവനാഥിന് ഏഴു വയസ്സായി. രണ്ടാം ക്ലാസ്സിലെത്തി ഓടിച്ചാടി നടക്കേണ്ട പ്രായമാണ്. പക്ഷേ, ഇപ്പോഴും കൈക്കുഞ്ഞാണ്. ഇരിക്കാനോ നടക്കാനോ ഒന്നും പറ്റില്ല. സംസാരമില്ല. ചിരി മാത്രം. അവന്റെ ചിരി കാണാനാണ് ഈ അമ്മ ജീവിച്ചിരിക്കുന്നത്. സമരപ്പന്തലുകളില്‍ എത്തുന്നതോടെ ആ സ്‌നേഹം എല്ലാ കുഞ്ഞുങ്ങളിലേക്കും വ്യാപിക്കുന്നു. 

''മക്കളെ, നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ കൂടെ ഇനി ചിരിക്കാം. പഴയപോലെ അപകര്‍ഷതാബോധം കൊണ്ടുള്ള ചിരിയല്ല. മനസ്സ് തുറന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിവരുന്ന ചിരി'' എന്നെഴുതുമ്പോള്‍ നിരുപാധിക സ്‌നേഹത്തിന്റെ വെളിച്ചം വായനക്കാരുടെ മനസ്സിലും നിറയും. 'എന്‍മകജെ' ഗ്രാമത്തിലെ ('എന്‍മകജെ' നോവലിലെ കഥാപാത്രം കൂടിയാണ്) ശീലാബതി മരണപ്പെട്ടതറിഞ്ഞ് മുനീസയുടെ കൂടെ അരുണി പുറപ്പെടുന്ന സന്ദര്‍ഭം വികാരഭരിതമാണ്. കുഞ്ഞിനെ നോക്കാന്‍ അമ്മയെ ഏല്പിച്ച് ഇറങ്ങുമ്പോള്‍ തിരിഞ്ഞുനിന്ന് കുഞ്ഞൂനെ വീണ്ടും നോക്കുന്ന ദൃശ്യമുണ്ട്. 
''അവന്‍ നല്ല ഉറക്കമാണ്. ഒന്നുമറിയാത്ത അവന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. കട്ടിയുള്ള കറുത്ത പുരികം, നീണ്ട കണ്‍പീലികള്‍, ഉണര്‍ന്നിരിക്കുമ്പോള്‍ എപ്പോഴും തുറന്നിരിക്കുന്ന വായ, അടഞ്ഞിരിക്കുന്ന ആ കണ്ണുകളില്‍ ഈ ലോകത്തിലെ പൂവും പൂമ്പാറ്റയും ഒളിഞ്ഞിരിപ്പുണ്ട്. പൂട്ടിയിരിക്കുന്ന ചുണ്ടുകളില്‍ കളിയും ചിരിയുമുണ്ട്. 'അമ്മേ'യെന്നൊരു ശബ്ദം ആ തൊണ്ടയില്‍ ഉറങ്ങിക്കിടപ്പുണ്ട്. കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താല്‍ അവനുണരും. പക്ഷേ, കളിയും ചിരിയും കൊഞ്ചലുമൊന്നും ഒരിക്കലുമുണരില്ല. വിഷമഴയില്‍ വാടിയ കുഞ്ഞുങ്ങളെല്ലാം ഇങ്ങനെയാണ്.''
ശീലാബതിയുടെ കൊച്ചുകൂരയുടെ മുന്നിലെ വേദനാജനകമായ അനുഭവങ്ങളെ തരണം ചെയ്ത് തിരികെ വീട്ടിലെത്തുന്ന സന്ദര്‍ഭവും ഹൃദയസ്പര്‍ശിയാണ്. 
''വീട്ടില്‍ വന്നുകയറുമ്പോള്‍ അമ്മ വരാന്തയില്‍ത്തന്നെ ഇരിപ്പുണ്ട്.'' അമ്മ പറഞ്ഞു:
''കുഞ്ഞു എണീറ്റു. മീത്തലെ ഓള് വന്നിറ്റ് ചായ കൊടുത്തിറ്റ് പോയിന്. മരിച്ചത് ആരാ? എന്തായിരുന്നു സൂക്കേട്?''
വരാന്തയില്‍ നിലത്ത് ഞാന്‍ പടിഞ്ഞിരുന്നു. രണ്ട് കൈയുംകൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു. 
''മരിച്ചത് ഒരു കുഞ്ഞാണ്, നാല്‍പ്പത്തഞ്ച് വയസ്സുള്ള ഒര് കുഞ്ഞ്''- ഞാന്‍ പറഞ്ഞു. 
''നാല്‍പ്പത്തഞ്ച് വയസ്സുള്ള കുഞ്ഞോ?''
ഞാന്‍ പറയുന്നത് മനസ്സിലാവാതെ അമ്മ ചോദ്യം ആവര്‍ത്തിച്ചു. 
''അതെ. ചെറിയ കുഞ്ഞാണ്, കുഞ്ഞൂനെപ്പോലെയുള്ള കുഞ്ഞ്. പക്ഷേ, വയസ്സ് നാല്‍പ്പത്തഞ്ച് ആയന്നേയുള്ളു.'' ഞാന്‍ മുഖം കൊടുക്കാതെ അകത്തേക്കു പോയി. 

എന്നെ കാണുമ്പോള്‍ കുഞ്ഞൂനൊരു ചിരിയുണ്ട്. എല്ലാം മറക്കാന്‍ ഒരമ്മയ്ക്ക് അതു മതി. ലോകത്തുള്ള സകലതിനേയും സ്‌നേഹിക്കാനും എല്ലാവരേയും സ്‌നേഹിക്കാനും അതു മതിയാകും.''
ഇങ്ങനെ ഹൃദയഭേദികളായ രംഗങ്ങള്‍ പലതുണ്ട് ഈ പുസ്തകത്തില്‍. 'സ്‌നേഹവീടാ'ണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നെഹ്‌റു കോളേജിലെ 'സാഹിത്യവേദി'യുടെ ഭവനപദ്ധതിയിലെ എട്ടാമത്തെ വീടാണിത്. ദുരിതബാധിതരായ കുറേ കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും പകല്‍വീടാണിത്. സര്‍ക്കാരിന്റെ ഒരു ഫണ്ടും ലഭിക്കാതെ നടക്കുന്ന സ്ഥാപനമാണിത്. 'തണലി'ന്റെ സഹായത്തോടെ പലവിധത്തിലുള്ള തെറാപ്പികള്‍ സൗജന്യമായി കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഇവിടെ എത്തുന്നതോടെ, കുഞ്ഞികൃഷ്ണന്‍, മുനീസ തുടങ്ങിയവരുടെ സാമീപ്യത്തില്‍ അരുണി 'സാമൂഹ്യജീവി'യായി മാറുന്നു. അമ്മമാരുടെ സമരങ്ങളില്‍ പങ്കെടുത്തു തുടങ്ങുന്നു. 2016-ലും '19-ലും തിരുവനന്തപുരത്ത് നടന്ന സമരങ്ങളില്‍ പങ്കെടുത്തു. 2019-ല്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന ജനതയുടെ പ്രതിനിധിയായി പങ്കെടുത്തു. കുട്ടിക്കാലത്ത് മാമന്‍ അടുത്തിരുത്തി പറഞ്ഞുകൊടുത്ത, ''ഞാനും നീയുമില്ല, ഞങ്ങള്‍ നിങ്ങള്‍ എന്നു പറയരുത്, ഇവിടെ നമ്മളേയുള്ളു'' എന്ന സത്യത്തിന്റെ പൊരുള്‍ വാസ്തവത്തില്‍ അരുണി അനുഭവിച്ചറിയുന്നത് സമരപ്പന്തലുകളില്‍വെച്ചാണ്. 

ഭീകരനായ പരുന്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട് താഴേക്കു വീണ കോഴിക്കുഞ്ഞിന്റെ ദയനീയ ചിത്രം ആദ്യ അദ്ധ്യായത്തിലുണ്ട്. അതു വായിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിഷവുമായി ആകാശത്തില്‍ വട്ടംചുറ്റിയ ഭീമന്‍ യന്ത്രപ്പക്ഷിയെ ആണ് ഞാനോര്‍മ്മിച്ചത്. അരുണിയുടെ അമ്മമ്മ നിലംപതിച്ച കോഴിക്കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ അതിനുമീതെ മണ്‍കലം കമിഴ്ത്തിവെച്ച് ചിരട്ടകൊണ്ട് വട്ടംചുറ്റി ഉരച്ച് ശബ്ദമുണ്ടാക്കും. ചിലപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയേക്കും. ഒരുവിധത്തില്‍ ഇത് കാസര്‍ഗോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങളുള്ള എല്ലാ അമ്മമാരുടേയും ദുരവസ്ഥയാണ്. പാവം അമ്മമാര്‍ രാപ്പകലുകളില്ലാതെ, ഊണും ഉറക്കവുമില്ലാതെ വൈകല്യങ്ങളോടെ പിറന്ന കുഞ്ഞുങ്ങളുടെ പ്രാണനുവേണ്ടി പോരാടുകയാണ്, കാവലിരിക്കുകയാണ്. 

ജീവനുള്ള നാട്ടുഭാഷയില്‍, അലങ്കാരങ്ങളുടെ പൊങ്ങച്ചങ്ങളില്ലാതെ ഹൃദയാവര്‍ജ്ജകമായി അനുഭവാവിഷ്‌കാരം നടത്താനുള്ള മികച്ച കയ്യടക്കം, എഴുത്തില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും അരുണിക്കുണ്ടെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അതിനുമപ്പുറത്ത് എഴുത്ത് സമരപ്രവര്‍ത്തനമായി ശക്തിപ്പെടുന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഈ ഓര്‍മ്മ പുസ്തകം. ദയാബായിയും സുഗതകുമാരിയുമൊക്കെ കടന്നുവരുന്നതോടെ വാക്കുകള്‍ കൂടുതല്‍ ദീപ്തമാകുന്നുണ്ട്. 

എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരന്തം കെട്ടുകഥയാണെന്നും ഇപ്പോഴും - സുപ്രീംകോടതിയും നൂറിലേറെ ലോകരാജ്യങ്ങള്‍ നിരോധിച്ചിട്ടും നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടും - വായിട്ടലക്കുന്ന കരുണവറ്റിയ ലോബിയുടെ ദല്ലാളന്മാര്‍ക്കുള്ള മറുപടികൂടിയാണ് സത്യസന്ധമായ ഈ പുസ്തകം. ''ശാസ്ത്രം അനുഗ്രഹീതമായ ചെടിയാണ്, അത് വിഷവൃക്ഷമായി വളര്‍ന്നുകൊണ്ടിരിക്കുന്നു'' എന്ന വൈക്കം മുഹമ്മദ്  ബഷീറിന്റെ മുന്നറിയിപ്പ് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കല്പറ്റ നാരായണന്‍ പറഞ്ഞു: ''ഇതുപോലെ ജീവിതംകൊണ്ട് സത്യസന്ധമായി എഴുതപ്പെട്ട പൊള്ളുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ കുറച്ചേയുള്ളു, 'പാത്തുമ്മയുടെ ആട്' പോലെ.'' കല്പറ്റയുടെ നിരീക്ഷണം ഈ പുസ്തകത്തിന് നന്നായി ഇണങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com