ഏകാന്തതയുടെ അര്‍ത്ഥമറിയാത്ത നമ്മള്‍: കെ അരവിന്ദാക്ഷന്‍ എഴുതുന്നു

11 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാബ്ളോ നെരൂദ പ്രകാശാത്മകമാക്കിയ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചാണ് മാര്‍ക്വിസ് തന്റെ നൊബേല്‍ പ്രസംഗം തുടര്‍ന്നത്.
ഏകാന്തതയുടെ അര്‍ത്ഥമറിയാത്ത നമ്മള്‍: കെ അരവിന്ദാക്ഷന്‍ എഴുതുന്നു

ലയാളികള്‍ക്ക് ബഷീറിനെപ്പോലെയും എം.ടിയെപ്പോലെയും ഒ.വി. വിജയനെപ്പോലെയും അടുപ്പമുണ്ട് കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസുമായി. ഇത്രയും ആത്മബന്ധം മലയാളിക്ക് മലയാളത്തിനു പുറത്തുള്ള മറ്റേതെങ്കിലും വിദേശ എഴുത്തുകാരനുമായുണ്ടായിട്ടില്ല. 1967-ലാണ് മാര്‍ക്വിസിന്റെ ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ അര്‍ജന്റീനയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്, സ്പാനിഷില്‍. 1970-ല്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നെങ്കിലും എണ്‍പതുകളുടെ തുടക്കത്തിലാണ് അതു മലയാളിയുടെ നോവലായി മാറുന്നത്.

1970-കളില്‍ ആധുനികതയുടെ കാറ്റില്‍ നമ്മിലേയ്‌ക്കെത്തിയ കാമുവും കാഫ്കയും സാര്‍ത്രും പോലെയായിരുന്നില്ല മാര്‍ക്വിസ്. അദ്ദേഹം ജനകീയനായിരുന്നു മലയാളിക്ക്. കാമുവിലും കാഫ്കയിലും സാര്‍ത്രിലും ആഴത്തിലുണ്ടായിരുന്ന അസ്തിത്വദര്‍ശനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവും ആത്മീയവുമായ അര്‍ത്ഥതലങ്ങള്‍ മലയാളി എപ്പോഴെങ്കിലും വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിരുന്നോയെന്നു സംശയമാണ്. മഹായുദ്ധങ്ങളും മൂല്യതിരസ്‌കാരങ്ങളും ഭയാനകമായ ഹിംസകളും സൃഷ്ടിച്ച ഊഷരഭൂമികളില്‍നിന്നാണ് ജീവിതത്തിന്റെ പൊരുള്‍ തേടിയുള്ള അവരുടെ രചനകള്‍ സാധ്യമായത്; സംഭവിച്ചത്. മലയാളിയുടെ അസ്തിത്വവ്യഥകള്‍ മദ്ധ്യവര്‍ഗ്ഗിയുടെ ബൗദ്ധിക അരാജകത്വത്തിന്റേയും വൈയക്തിക നിരാശകളുടേതുമായി. കവിതയിലും കഥയിലും നോവലിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. ഏറെയും അനുകരണങ്ങളായും കുറച്ചൊക്കെ ഉള്ളിനെ നീറ്റന്നതായും. അസ്തിത്വദര്‍ശനത്തിന്റെ നീറ്റലിനെ സാമൂഹ്യബോധത്തിന്റേതാക്കി മാറ്റുന്നതില്‍ തീവ്ര മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ക്ക് സ്വാധീനമുണ്ടായിരുന്നു. പ്രത്യേകിച്ചും കവിതയില്‍. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' വായിക്കപ്പെട്ടത് അസ്തിത്വദു:ഖത്തിന്റേയും ഭാഷാലാവണ്യത്തിന്റേയും ചേരുവയിലാണ്. വിജയന്റെ ഭാഷ മലയാളിയെ നാലുപതിറ്റാണ്ടോളം പിന്തുടര്‍ന്നിട്ടുണ്ട്. ഖസാക്കിനൊപ്പം ഇറങ്ങിയ ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തിന്റെ രാഷ്ട്രീയമോ സാമൂഹ്യ ദേശീയ പരിസരമോ ചരിത്രയാഥാര്‍ത്ഥ്യങ്ങളോ നാം അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല.

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസിനേയും നമ്മള്‍ വായിച്ചത് മാജിക്കല്‍ റിയലിസത്തിന്റേയും കഥപറച്ചിലിന്റെ വിസ്മയങ്ങളിലൂടെയും സ്പാനിഷില്‍നിന്ന് ഇംഗ്ലീഷിലെത്തിയിട്ടും നമ്മെ പിടിച്ചിരുത്തുന്ന ഭാഷയുടെ മാന്ത്രികതയിലൂടെയുമാണ്. 1980-കളില്‍ തുടങ്ങി മാര്‍ക്വിസിന്റെ ഒട്ടുമിക്ക രചനകള്‍ വായിക്കുമ്പോഴും ഇതൊക്കെത്തന്നെയാണ് ആദ്യമൊക്കെ എന്നിലൂടെയും കടന്നുപോയത്. എന്നാല്‍, GRAND MAMAS FUNERAL, THE Autumn of the Patriarch, Tuesday Siesta എന്നു തുടങ്ങിയ രചനകള്‍ അധികാരത്തിന്റെ ക്രൂരമായ നഗ്‌നതകള്‍ സര്‍ഗ്ഗാത്മകമായി തുറന്നുകാട്ടുന്നുണ്ട്. മൂന്നു പുറങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള 'ONE OF THESE DAYS' എന്ന കഥയില്‍ അതിരാവിലെ തന്റെ വീട്ടില്‍ പല്ല് പറിക്കാനെത്തുന്ന മേയറോട് ചവണ ഉപയോഗിച്ച് പല്ല് പിഴുതെടുക്കുമ്പോള്‍ ഡെന്റിസ്റ്റ് ഒട്ടും കടുപ്പമില്ലാതെ പറയുന്നതിങ്ങനെയാണ്: ''ഇപ്പോള്‍ താങ്കള്‍ ഞങ്ങളുടെ ചത്തുപോയ 20 മനുഷ്യര്‍ക്ക് വില നല്‍കും.'' താടിയെല്ലിലെ എല്ലുകള്‍ തകരുന്നത് മേയര്‍ അറിഞ്ഞു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. പക്ഷേ, പല്ല് പുറത്തെടുക്കും വരെ മേയര്‍ ശ്വാസംപോലും എടുത്തില്ല.

അധികാരത്തിന്റെ ക്രൂരതകള്‍ക്കു നേരെ എം. സുകുമാരനും യു.പി. ജയരാജും കഥകളെഴുതിയിട്ടുണ്ട്. അവ അലിഗറിക്കലായിരുന്നു ഏറെയും. ഒ.വി. വിജയന്റെ 'അരിമ്പാറ'യും ആ ഗണത്തില്‍പ്പെടുത്താവുന്നതാണ്. വിജയന്റെ 'ധര്‍മ്മപുരാണ'മാണ് അധികാരത്തിന്റെ ക്രൂരതകളുമായി കറുത്തഹാസ്യത്തില്‍ ഇടപെടുന്നത്. വി.കെ. എന്റെ 'കാവി'യും ആ വഴിക്കാണ് സഞ്ചരിക്കുന്നത്.

എന്നാല്‍, ലാറ്റിനമേരിക്കയിലെ സ്വേച്ഛാധിപത്യത്തെ തന്റെ മാന്ത്രിക ഭാഷയിലൂടെയും അസാധാരണമായ പ്രതിഭയില്‍നിന്നുരുത്തിരിയുന്ന സംഭവങ്ങളിലൂടെയും വായനക്കാരനെ അനുഭവിപ്പിക്കുക മാത്രമായിരുന്നില്ല മാര്‍ക്വിസെന്ന് അദ്ദേഹത്തിന്റെ നൊബേല്‍ പ്രസംഗം വ്യക്തമാക്കുന്നു. ഇതെന്താണെന്നു പറയാനാണ് ഞാനീ ലേഖനത്തില്‍ ശ്രമിക്കുന്നത്.
ആഴ്ചകള്‍ക്കു മുന്‍പാണ് പ്രിയസ്‌നേഹിതനും മികച്ച വായനക്കാരനുമായ അഷ്ടമൂര്‍ത്തി (കഥാകൃത്തല്ല) മാര്‍ക്വിസിന്റെ 'I am Not Here to Give a Speech' (2014) എനിക്ക് വായിക്കാന്‍ തന്നത്. ജീവിതകാലത്ത് തനിക്ക് ഇഷ്ടപ്പെട്ട ചില കാര്യങ്ങള്‍ മാര്‍ക്വിസ് പൊതുവേദികളില്‍ സംസാരിച്ചിട്ടുണ്ട്. അവയുടെ സമാഹാരമാണ് ഈ ചെറിയ പുസ്തകം. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളില്‍ ചിലവയെഴുതിയിട്ടുള്ള അസാധാരണ പ്രതിഭാധനനായ ഒരെഴുത്തുകാരന്റെ ഉള്ള് തുറന്നുകാട്ടുന്നതാണ് ഇവയിലെ ലഘുപ്രസംഗങ്ങള്‍. 1982 ഡിസംബര്‍ എട്ടിന് സ്വീഡനിലെ സ്റ്റോക്ഹോമില്‍ ആ വര്‍ഷത്തെ നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് മാര്‍ക്വിസ് ചെയ്ത പത്ത് പുറങ്ങള്‍ മാത്രമുള്ള പ്രസംഗമാണ് എന്റെ ലേഖനത്തിന്റെ അടിസ്ഥാനം. 'THE SOLITUDE OF LATIN AMERICA'

ലാറ്റിനമേരിക്കയുടെ ഏകാന്തത 

11 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാബ്ളോ നെരൂദ പ്രകാശാത്മകമാക്കിയ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചാണ് മാര്‍ക്വിസ് തന്റെ നൊബേല്‍ പ്രസംഗം തുടര്‍ന്നത്. അന്നു മുതല്‍ യൂറോപ്പിന്റെ സുമനസ്സുകളിലും ചിലപ്പോള്‍ ദു:മനസ്സുകളിലും ലാറ്റിനമേരിക്കയുടെ ഭയാനക വാര്‍ത്തകള്‍ മുന്‍പത്തേതിനേക്കാള്‍ ശക്തിയില്‍ പൊട്ടിയൊഴുകിയിട്ടുണ്ട്. ഭ്രമാത്മക പുരുഷന്മാരുടേയും ചരിത്രാത്മക വനിതകളുടേയും ലെജന്റുകളുടെ നാടായ ലാറ്റിന്‍ അമേരിക്കയുടെ മണ്ണില്‍നിന്ന്.

ലാറ്റിനമേരിക്കയ്ക്ക് ഒരിക്കലും ഒരു വിനാഴികയുടെ ശാന്തിയുണ്ടായിട്ടില്ല. തീപിടിച്ച തന്റെ കൊട്ടാരത്തില്‍ കുടുങ്ങിയ ഒരു രാജാവ് ഒറ്റയ്ക്ക് ഒരു മുഴുസൈന്യത്തിനെതിരെ യുദ്ധം ചെയ്തു. ഒരു പ്രൊമിത്തീയന്‍ പ്രസിഡന്റ് മരിച്ചു. ശുദ്ധഹൃദയനായ ഒരു പ്രസിഡന്റ് സംശയാസ്പദമായ സാഹചര്യങ്ങളില്‍ ആകാശദുരന്തത്തില്‍ കൊല്ലപ്പെട്ടു. അതിന്റെ സത്യം ഒരിക്കലും വെളിപ്പെട്ടില്ല. ജനങ്ങളുടെ ആത്മാഭിമാനം പുന:സ്ഥാപിച്ച ജനാധിപത്യവാദിയായ ഒരു പട്ടാളമേധാവിക്കും അതേ ദുരന്തമുണ്ടായി.

അഞ്ച് യുദ്ധങ്ങളിലൂടെയും 17 സൈനിക അട്ടിമറികളിലൂടെയും ലാറ്റിനമേരിക്ക കടന്നുപോയി. ലൂസിഫെറിന്റെ വേഷമണിഞ്ഞ ഒരു സ്വേച്ഛാധിപതി ദൈവനാമത്തില്‍ ആദ്യത്തെ വംശീയ ഹത്യയ്ക്കു നേതൃത്വം നല്‍കി. അതിനിടയില്‍ 20 ദശലക്ഷം ലാറ്റിനമേരിക്കന്‍ ശിശുക്കള്‍ രണ്ടു വയസ്സാകും മുന്‍പ് മരണപ്പെട്ടു. 1970-നുശേഷം യൂറോപ്പില്‍ ജനിച്ച ശിശുക്കളുടെ സംഖ്യയും രണ്ടു കോടിയാണെന്നോര്‍ക്കണം. മര്‍ദ്ദന ഭരണം കൊലപ്പെടുത്തിയത് ഏതാണ്ട് 1,20,000 മനുഷ്യരെയാണ്. ഉപ്പാസാല നഗരത്തിലെ അന്തേവാസികള്‍ ആരെന്നുപോലും ഇന്നും കൃത്യമായി അറിയില്ല. ഗര്‍ഭിണികളായ അനേകം സ്ത്രീകള്‍ അര്‍ജന്റീനന്‍ തടവറകളില്‍ പ്രസവിച്ചു. എന്നാല്‍, പട്ടാളമേധാവികള്‍ രഹസ്യമായി കുഞ്ഞുങ്ങളെ അനധികൃതമായി ദത്തെടുക്കാന്‍ വിട്ടുകൊടുത്തു; ആ കുഞ്ഞുങ്ങള്‍ എവിടെയെന്നും ആരെന്നും ആര്‍ക്കുമറിയില്ല. രണ്ടു ലക്ഷം സ്ത്രീപുരുഷന്മാരാണ് ഈ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ടത്. നിക്കരാഗ്വ, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല എന്നീ മൂന്ന് ചെറുരാജ്യങ്ങളിലായി ഒരു ലക്ഷം പേര്‍ മരിച്ചു. ഇത് അമേരിക്കയിലാണ് സംഭവിച്ചിരുന്നതെങ്കില്‍, 10,06,000 അക്രമ മരണങ്ങള്‍ ആനുപാതികമായി മാറിയേനേ.

ആതിഥ്യത്തിന്റെ മഹനീയ പാരമ്പര്യമുള്ള ചിലിയില്‍നിന്ന് പത്തു ലക്ഷം ചിലിയക്കാര്‍ക്ക് രാജ്യം വിട്ട് ഓടിപ്പോകേണ്ടിവന്നു. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും സംസ്‌കാരസമ്പന്നമായ ഉറുഗ്വേയ് എന്ന കൊച്ചുരാജ്യത്തിന് അഞ്ചിലൊന്ന് പൗരന്മാര്‍ പ്രവാസികളായി നഷ്ടമായി. എല്‍സാല്‍വദോറിലെ സിവില്‍ വാറില്‍ 1979 മുതല്‍ ഓരോ വിനാഴികയിലും ഓരോ അഭയാര്‍ത്ഥി ഉല്പാദിപ്പിക്കപ്പെടുന്നു. ലാറ്റിനമേരിക്കയില്‍നിന്നുള്ള അഭയാര്‍ത്ഥികളും പുറത്താക്കപ്പെട്ടവരും ചേര്‍ന്നാല്‍ നോര്‍വയെക്കാള്‍ ജനസംഖ്യയുള്ള ഒരു രാജ്യമുണ്ടാക്കാം.

''ഈയൊരൊറ്റ യാഥാര്‍ത്ഥ്യമാകാം, സ്വീഡിഷ് അക്കാദമിയുടെ ശ്രദ്ധ ഈ വര്‍ഷം ലാറ്റിനമേരിക്കയിലേയ്ക്ക് തിരിഞ്ഞതിനു കാരണം. കടലാസുകൊണ്ട് നിര്‍മ്മിച്ച യാഥാര്‍ത്ഥ്യമല്ല അത്. അതു ഞങ്ങള്‍ക്കൊപ്പം ജീവിക്കുന്നുണ്ട്. ഓരോ ദിവസും സംഭവിക്കുന്ന അന്തമറ്റ മരണങ്ങള്‍ നിര്‍ണ്ണയിക്കുന്നുണ്ട്. അടങ്ങാത്ത സര്‍ഗ്ഗാത്മകതയുടെ നിരന്തരമായ കുത്തൊഴുക്കിനെ അതു നിലനിര്‍ത്തുന്നുണ്ട്. അതു സൗന്ദര്യവും ദൗര്‍ഭാഗ്യവും നിറഞ്ഞതാണ്. ഉന്മാദിയും ഗൃഹാതുരനുമായ ഈ കൊളംബിയന്‍ എഴുത്തുകാരന്‍ ഭാഗ്യവശാല്‍ അതില്‍ അടയാളപ്പെടുത്തപ്പെട്ട ഒരക്കം മാത്രമാണ്.''

കവികളും പിച്ചക്കാരും തെണ്ടികളും യോദ്ധാക്കളും ആ ലാറ്റിനമേരിക്കന്‍ അവ്യവസ്ഥയിലെ യാഥാര്‍ത്ഥ്യത്തിന്റെ ജീവികളാണ്. ഇക്കാര്യത്തില്‍ ലാറ്റിനമേരിക്കന്‍ ഭാവനയോട് വളരെക്കുറച്ചേ ചോദിക്കേണ്ടതുള്ളൂ. ''കാരണം ഞങ്ങളുടെ മുന്‍പിലുള്ള വെല്ലുവിളി ജീവിതം വിശ്വസനീയമാക്കുകയെന്നതാണ്. അതിനു വ്യവസ്ഥാപിതമായ മാമൂലുകളുടെ ഉപകരണങ്ങള്‍ പരിമിതമാണ്... സ്‌നേഹിതരെ, ഇതാണ് ഞങ്ങളുടെ ഏകാന്തതയുടെ അന്തസ്സത്ത.''

ഈ തിക്താനുഭവങ്ങള്‍ ലാറ്റിനമേരിക്കയുടെ അന്തസ്സത്തയെ തടസ്സപ്പെടുത്തുന്നുവെന്ന് അറിഞ്ഞാല്‍ മറുഭാഗത്തുള്ള ലോകത്തിന്റെ യുക്തിഭദ്രമായ ബീഭത്സതകളെ മനസ്സിലാക്കാന്‍ പ്രയാസമില്ല. അവര്‍ അവരുടെ സംസ്‌കാരത്തിന്റെ വിലാസഭ്രമങ്ങളില്‍ ഹര്‍ഷപുളകിതരാണ്. ലാറ്റിനമേരിക്കക്കാരെ അപഗ്രഥിക്കാനുള്ള സാധുവായ ഒരു രീതിയും അവരുടെ പക്കലില്ല. അവര്‍ ലാറ്റിനമേരിക്കയെ അളക്കുന്നത് അവരെ അളക്കുന്ന അതേ അളവുകോലുകൊണ്ടാണ്. അവര്‍ക്കറിയില്ല, ജീവിതത്തിന്റെ കെടുതികള്‍ എല്ലാവര്‍ക്കും ഒരുപോലെയല്ല. അനന്യതയ്ക്കു (Identity) വേണ്ടിയുള്ള അന്വേഷണം അവര്‍ക്കുണ്ടായിരുന്നതുപോലെ ദുഷ്‌കരവും രക്തരൂഷിതവുമായിരുന്നു. വൈദേശികമായ രീതികളുപയോഗിച്ച് ലാറ്റിനമേരിക്കന്‍ ജനതയെ അപഗ്രഥിക്കുന്നത് അവരെ കൂടുതല്‍ കൂടുതല്‍ അപരിചിതമാക്കുകയാണ്. ''ഞങ്ങളെ കൂടുതല്‍ കൂടുതലായി അസ്വതന്ത്രരാക്കുന്നു. ഞങ്ങളെ ഏകാന്തരാക്കുന്നു. ബഹുമാന്യരായ യൂറോപ്പ് അവര്‍ കടന്നുപോയ ഭൂതകാലത്തിലൂടെ ഞങ്ങളെ കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഞങ്ങളെ കുറേക്കൂടി മനസ്സിലാകുമായിരുന്നു.''

ലണ്ടനും റോമും സ്വീഡനും യൂറോപ്പും ഇന്നത്തെ നിലയിലെത്താന്‍ എത്ര നൂറ്റാണ്ടുകളെടുത്തു! എത്ര രക്തച്ചൊരിച്ചിലുകളുണ്ടായി! എത്ര പേര്‍ കൊല്ലപ്പെട്ടു! 53 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ വേദിയില്‍നിന്നുകൊണ്ട് ടോണിയോ ക്രോജര്‍ എന്ന തന്റെ കഥാപാത്രത്തിലൂടെ ഉത്തര ദക്ഷിണ ലോകങ്ങളുടെ സമന്വയം തോമസ് മാന്‍ സ്വപ്നം കണ്ടു. പക്ഷേ, ആ സ്വപ്നം മാര്‍ക്വിസ് അവകാശപ്പെടുന്നില്ല. കൂടുതല്‍ മാനവികവും നീതിയുക്തവുമായ ഒരു സ്വദേശത്തിനുവേണ്ടിയുള്ള തങ്ങളുടെ സംഘര്‍ഷങ്ങളെ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ ചേതനയിലൂടെ നവീകരിച്ച രീതിയില്‍ കണ്ടിരുന്നെങ്കില്‍ അത് ലാറ്റിനമേരിക്കയ്ക്ക് ഏറെ സഹായമായിരുന്നേനേ. ലാറ്റിനമേരിക്കയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതുകൊണ്ടായില്ല. ജനങ്ങള്‍ക്കു താങ്ങാവുന്ന രീതിയിലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ അതു മൂര്‍ത്തീകരിക്കപ്പെടണം.

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസ്
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസ്

ലാറ്റിനമേരിക്ക പടിഞ്ഞാറിന്റെ കളിക്കളത്തിലെ സ്വയേച്ഛയില്ലാത്ത ഒരു കരുവായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സാഹിത്യത്തില്‍ ലാറ്റിനമേരിക്കയ്ക്ക് നല്‍കപ്പെടുന്ന തനിമ എന്തുകൊണ്ട് സാമൂഹ്യമാറ്റത്തില്‍ യൂറോപ്പ് അവര്‍ക്കു നിഷേധിക്കുന്നു? സ്വന്തം രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന സാമൂഹ്യനീതി എന്തുകൊണ്ട് യൂറോപ്പ് ലാറ്റിനമേരിക്കന്‍ നാടുകളില്‍ തദ്ദേശീയരുടെതന്നെ മാര്‍ഗ്ഗങ്ങളിലൂടെ അവരുടെ മണ്ണിന്റെ സാഹചര്യങ്ങളില്‍ നടപ്പാക്കാന്‍ അവരെ അനുവദിക്കുന്നില്ല? തങ്ങളുടെ ചരിത്രത്തിലെ വേദനയും ഹിംസയും തങ്ങളുടെ പരസ്പര വൈരങ്ങളുടെ അനന്തരഫലമാണെന്നു സമ്മതിക്കുന്നു. മൂവായിരം കടല്‍നാഴിക ദുരെനിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണതെന്നും കരുതുക വയ്യ.
''ലോകത്തിലെ രണ്ട് യജമാനന്മാരുടെ ദയാവായ്പിലല്ലാതെ മറ്റൊരു 'ദൈവവിധി' (DESTINY) സാധ്യമല്ലെന്ന് യൂറോപ്യന്‍ ചിന്തകരും നേതാക്കളും ചിന്തിക്കുന്നുവെങ്കില്‍ അവര്‍ വെറും ശിശുക്കളാണെന്നേ പറയാനുള്ളൂ. സ്‌നേഹിതരെ, അതാണ് ഞങ്ങളുടെ ഏകാന്തതയുടെ വലിപ്പം. എന്നിട്ടും പീഡനങ്ങളും കൊള്ളയും തിരസ്‌കാരവും നേരിടുമ്പോള്‍ ഞങ്ങളുടെ പ്രതികരണം ജീവിതമാണ്. മരണത്തിന്റെമേലുള്ള ഞങ്ങളുടെ ജീവന്റെ പ്രകാശം തല്ലിക്കെടുത്താന്‍ മഹാപ്രളയങ്ങള്‍ക്കോ കൊടുംക്ഷാമങ്ങള്‍ക്കോ ആകസ്മിക വിപ്ലവങ്ങള്‍ക്കോ, എന്തിനേറെ നൂറ്റാണ്ടുകളുടെ യുദ്ധങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല'.

ഓരോ വര്‍ഷവും ഭൂമിയില്‍ മരണങ്ങളേക്കാള്‍ കൂടുതലായി 74 ദശലക്ഷം ജനനങ്ങള്‍ സംഭവിക്കുന്നുണ്ട്. വിഭവങ്ങള്‍ ശുഷ്‌കമായ, പ്രത്യേകിച്ചും ലാറ്റിനമേരിക്ക, രാജ്യങ്ങളിലാണ് ഏറെ ജനനങ്ങളും. എന്നാല്‍, ഏറ്റവും അഭിവൃദ്ധി പ്രാപിച്ചിട്ടുള്ള രാജ്യങ്ങള്‍ ഭൂമിയിലിന്നുവരെയുണ്ടായിട്ടുള്ള മനുഷ്യരെ മാത്രമല്ല, ഭൂമിയില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ജീവനെ മുഴുവനായി ഭസ്മീകരിക്കാനുള്ള നശീകരണ ശക്തി സ്വായത്തമാക്കിയിട്ടുണ്ട്.
ഇങ്ങനെയൊരു ദിവസം, എന്റെ ഗുരുനാഥന്‍ വില്യം ഫോക്ക്നര്‍ ഇതേ വേദിയില്‍ പറയുകയുണ്ടായി: ''മനുഷ്യന്റെ അന്ത്യം സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു.'' 32 വര്‍ഷം മുന്‍പ് അദ്ദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച ആ ഭീമാകാരമായ കൊടുംദുരന്തം മനുഷ്യവംശത്തിന്റെ ഉല്പത്തി ചരിത്രത്തിലാദ്യമായി വെറും ഒരു ശാസ്ത്രീയ സാദ്ധ്യതയല്ല ഒരു യഥാര്‍ത്ഥ്യം തന്നെയാണെന്നു പറഞ്ഞില്ലെങ്കില്‍ ഇവിടെ നില്‍ക്കാന്‍ ഞാന്‍ അര്‍ഹനായിരിക്കില്ല. ''ഈ ഭയാനകമായ യാഥാര്‍ത്ഥ്യം വെറും കെട്ടുകഥയല്ല സത്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്'', വ്യത്യസ്തമായൊരു ഉട്ടോപ്യയ (UTOPIA) - ലോകം - സൃഷ്ടിക്കാനുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ലെന്നു പറയാനുള്ള അവകാശം നാം മനുഷ്യര്‍ക്കുണ്ട്. ഒരാളും മറ്റൊരാള്‍ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാന്‍ പാടില്ല. ജീവിതത്തിന്റെ കാര്യത്തിലെന്നപോലെത്തന്നെ മരണത്തിന്റെ കാര്യത്തിലും. അവിടെ സ്‌നേഹം യാഥാര്‍ത്ഥ്യമാണ്. ആനന്ദം സാധ്യമാണ്. 100 വര്‍ഷത്തെ ഏകാന്തതയ്ക്ക് ശിക്ഷിക്കപ്പെട്ട ജനങ്ങള്‍ക്കുപോലും അവസാനമായും എന്നേയ്ക്കുമായും ഈ ഭൂമിയില്‍ രണ്ടാമതൊരവസരം ഉണ്ടാകണം.''

മാര്‍ക്വിസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങ'ളുടെ അര്‍ത്ഥമറിയാന്‍ ഏകദേശം നാലു പതിറ്റാണ്ടുകള്‍ വേണ്ടിവന്നു എനിക്ക്. ദരിദ്രമായ മൂന്നാം ലോകത്തിന്റെ പ്രതിനിധിയായിട്ടും. 15-03-2019 ന്റെ പത്രത്തില്‍ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ലക്ഷക്കണക്കിനു മനുഷ്യര്‍ അകാല മരണം പ്രാപിച്ചേയ്ക്കുമെന്നാണ് യുണൈറ്റഡ് നാഷന്‍ റിപ്പോര്‍ട്ട്. ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ മനുഷ്യരായിരിക്കും ഇവര്‍. നൂറ്റിഎഴുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള 250 ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നാണ് SIXTH GLOBAL ENVIRONMENTAL OUTLOOK REPORT തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും വിശകലനം ചെയ്തിരിക്കുന്നതിനാല്‍ ഈ റിപ്പോര്‍ട്ടിനു വലിയ പ്രാധാന്യമുണ്ട്. ശുദ്ധജല സ്രോതസ്സുകളിലെ മലിനീകരണം സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഇതായിരിക്കും അകാല മരണങ്ങളുടെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മനുഷ്യരിലെ അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയാണ്  ഇത് അപകടത്തിലാക്കുക.

കഴിഞ്ഞ അരസഹസ്രാബ്ദത്തില്‍ ഇരുനൂറിലധികം വര്‍ഷങ്ങള്‍ നാം യൂറോപ്യന്‍ നാഗരികതയെയാണ് - അതിന്റെ ശാസ്ത്രസാങ്കേതികതകളെ, വികസനത്തെ, ജീവിതരീതിയെ, ദര്‍ശനത്തെ - അനുകരിച്ചത്. പടിഞ്ഞാറന്‍ നാഗരികതയുടെ കണ്ണാടിയിലാണ് നാം നമ്മുടെ പ്രതിഫലനം കണ്ട് വിലയിരുത്തിയത്. മുതലാളിത്തവും കമ്യൂണിസവും സോഷ്യലിസവും നവലിബറലിസവും ഈ നാഗരികതയുടെ ഉല്പന്നങ്ങളാണ്. സാമൂഹ്യനീതിയെപ്പറ്റിയും സമത്വത്തെപ്പറ്റിയും സാഹോദര്യത്തെപ്പറ്റിയും നാം പഠിക്കാന്‍ ശ്രമിച്ചത് ഇവനില്‍നിന്നാണ്. യൂറോപ്പിന്റെ അളവുകോലാണ്, മാര്‍ക്വിസ് രേഖപ്പെടുത്തിയതുപ്പോലെ, ജീവിതത്തിന്റെ സമസ്ത മേഖലകളിലും നാം ഉപയോഗിച്ചത്. യൂറോപ്പും പടിഞ്ഞാറന്‍ നാഗരികതയും നിര്‍മ്മിച്ചെടുത്ത ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്ന് സ്വപ്നം കാണാന്‍പോലും നാം വിസമ്മതിച്ചു. അങ്ങനെ സ്വപ്നം കണ്ടവരെ നാം പ്രാകൃതരും വിഡ്ഢികളും അപ്രായോഗികവാദികളും അന്ധവിശ്വാസികളും ഒക്കെയായി മുദ്രയടിച്ചു. സംഗീതത്തിലും നോവലിലും കഥയിലും സിനിമയിലും ചിത്രകലയിലും നാം നമ്മുടെ മണ്ണിന്റെ അനേകം ധാരകളെ യൂറോപ്യന്‍ പാരമ്പര്യങ്ങളുമായി സമന്വയിപ്പിക്കാന്‍ മടികാണിച്ചില്ല. അവര്‍ക്കും അതിഷ്ടമായിരുന്നു. രാഷ്ട്രീയത്തില്‍, ശാസ്ത്രത്തില്‍, വികസനത്തില്‍, നിത്യജീവിതത്തിന്റെ നിസ്സാര ഭാവങ്ങളില്‍ നാം നമ്മുടെ മണ്ണിന്റെ അന്തര്‍ധാരകളെ സ്വാംശീകരിക്കാനും നിലനിര്‍ത്താനും അവയില്‍ നേരുംനെറിയുമുണ്ടെന്നു വിളിച്ചുപറയാനും പ്രയോഗിക്കാനും കൂട്ടാക്കിയില്ല. വംശീയഹത്യകളും പട്ടിണിയും മലിനീകരണവും യുദ്ധങ്ങളും കലാപങ്ങളും ഭോപ്പാല്‍പോലുള്ള ആധുനിക ശാസ്ത്രത്തിന്റെ പൊട്ടിത്തെറികളും എന്‍ഡോസള്‍ഫാന്‍പോലുള്ള ദുരന്തങ്ങളും പ്രളയങ്ങളും നമ്മെ ദുരന്തങ്ങളിലേയ്ക്ക് വലിച്ചെറിയുമ്പോഴും ആധുനിക ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമല്ലാത്ത ഒരു ജീവിതരീതി സാധ്യമാണെന്നു തെളിയിക്കാന്‍ നാം വിസമ്മതിച്ചു. സിക്-ഗുജറാത്ത് വംശീയഹത്യകളിലും ഭോപ്പാലിലും കാസര്‍ഗോഡും ഒക്കെയായി എത്ര കൂട്ടക്കുരുതികള്‍ ശാസ്ത്രത്തിന്റേയും വികസനത്തിന്റേയും വ്യാജവിശ്വാസത്തിന്റേയും പേരിലുണ്ടായി. എത്ര കുഞ്ഞുങ്ങള്‍ പട്ടിണിയില്‍ മരിച്ചു. വന്‍കിട അണക്കെട്ടുകള്‍ എത്ര ലക്ഷം മനുഷ്യരെ അഭയാര്‍ത്ഥികളാക്കി. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇടതുപാര്‍ട്ടികളും സോഷ്യലിസ്റ്റുകളും ദളിത് പാര്‍ട്ടികളും എന്നിട്ടും സംസാരിച്ചുകൊണ്ടിരിക്കുന്നത്, നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ആധുനിക വികസനമാണ്. അതിന്റെ ആസക്തികളിലും ആര്‍ത്തികളിലും ആകര്‍ഷിക്കപ്പെടുന്നവരാണ് നാമെല്ലാവരും. ആധുനിക നാഗരികതയുടെ ആര്‍ത്തിയില്‍ കുരുങ്ങിപ്പോകാത്ത ഒരു മനുഷ്യനും ഇന്ത്യയിലില്ല. നമ്മുടെ ഏകാന്തത എന്തെന്നുപോലും നാം തിരിച്ചറിയുന്നില്ല.

മുകള്‍ ശര്‍മ്മയുടെ 'CASTE AND NATURE' (2017) പാരിസ്ഥിതിക പ്രവര്‍ത്തനത്തിലും സാഹിത്യത്തിലും ജാതിയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നുണ്ട്. ഇന്ത്യന്‍ 'പ്രകൃതി'യില്‍ ജാതി ശ്രേണിയുണ്ടെന്ന വസ്തുത മുകുള്‍ ശര്‍മ്മ അനാവരണം ചെയ്യുന്നു. ''ജാതിയും പ്രകൃതിയും തമ്മിലുള്ള കെട്ടുപിണച്ചില്‍ ഇന്ത്യന്‍ പാരിസ്ഥിതികതയ്ക്ക് വിമര്‍ശനാത്മകമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതുവരെ ഈ ബന്ധം ആരും കണക്കിലെടുത്തിരുന്നില്ല.'' ദളിതന്റെ പ്രകൃതിയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെ പഠന വിധേയമാക്കുകയാണ് ശര്‍മ്മ. ആധുനിക ഇന്ത്യയില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ വന്നുചേര്‍ന്നിട്ടുള്ള ബ്രാഹ്മണവല്‍ക്കരണം ഇതു ചോദ്യം ചെയ്യുന്നു. ദളിത് ലെജന്റുകളിലും നാടോടിപ്പാട്ടുകളിലും കഥകളിലും യുക്തിയിലും സിദ്ധാന്തങ്ങളിലുമുള്ള പ്രകൃതിയെ അന്വേഷിക്കുന്നുണ്ട് ഈ പുസ്തകം. ദളിത് ആക്ടിവിസ്റ്റുകള്‍ പരിസ്ഥിതിയേയും പ്രകൃതിയേയും എങ്ങനെ വിലയിരുത്തുന്നുവെന്നും. വെള്ളം, ഭൂമി, കാട്, പൊതുയിടം എന്നിവയ്ക്കു മേലുള്ള അവകാശങ്ങള്‍ ഇന്ന് ആരിലൊക്കെയാണെന്നും ദളിതര്‍ എന്തുകൊണ്ട്, എങ്ങനെ പുറന്തള്ളപ്പെട്ടുവെന്നും മുകുള്‍ ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു.

ഭൂതകാലത്തിന്റെ നൈതിക വിരുദ്ധത വേദനയോടെ തിരിച്ചറിഞ്ഞ അംബേദ്കര്‍ അതില്‍നിന്ന് എത്രയും വേഗം രക്ഷപ്പെടാനായി പടിഞ്ഞാറന്‍ ആധുനികതയിലേയ്ക്കടുത്തപ്പോള്‍, പടിഞ്ഞാറന്‍ ആധുനികതയുടെ ദുരന്താത്മകമായ അപകടങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം അരുന്ധതിയെപ്പോലുള്ളവര്‍ ഉയര്‍ത്തുന്നുണ്ട്. (പുറം: 141: ശര്‍മ്മ) ആധുനിക നാഗരികതയുടെ ശാസ്ത്ര - സാങ്കേതികതയിലുറച്ച വികസനം ഇന്ത്യയിലെ ദളിതുകളുടെ ജീവിതത്തെ അപകടകരമായി ബാധിക്കുമെന്ന തിരിച്ചറിവ് അംബേദ്കര്‍ പങ്കുവെയ്ക്കാന്‍ മറന്നുപോയോ എന്ന വിമര്‍ശനമായി ഇതിനെ കാണാം. അടുത്ത പാരഗ്രാഫില്‍ ശര്‍മ്മ തന്നെ MACHINE, MAN, MODERNITY എന്ന ഉപശീര്‍ഷകത്തില്‍ അംബേദ്കറെ ദീര്‍ഘമായി ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യത്തില്‍ അംബേദ്കറിന്റെ നിലപാട് വ്യക്തമാക്കുന്നു (പുറം: 141).

ആധുനിക നാഗരികതയും യന്ത്രവും വളരെക്കുറച്ചു പേരിലേയ്ക്ക് വളരെയേറെപ്പേരുടെ അദ്ധ്വാനവും വിഭവങ്ങളും ചൂഷണം ചെയ്ത് അവരുടെ രക്തം കുടിച്ച് വളര്‍ന്നുവലുതാകുന്നുവെന്ന യാഥാര്‍ത്ഥ്യം അംബേദ്കറിന് അറിയാമായിരുന്നു. രോഗവും യുദ്ധവും മരണവും വ്യഭിചാരവും ചേരികളും പുകയും മാലിന്യവും ചെളിയും അതിന്റെ ഉപോല്പന്നങ്ങളാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തിനധികം, ആയിരക്കണക്കിനു നാഴികകള്‍ ദൂരത്തിരുന്നുകൊണ്ട് വന്‍കിട വ്യവസായങ്ങള്‍ക്കു ജനങ്ങളെ ചൂഷണം ചെയ്യാനുമാകും എന്നും അദ്ദേഹം ശരിയായി മനസ്സിലാക്കുന്നുണ്ട്.

മഹാത്മാഗാന്ധി
മഹാത്മാഗാന്ധി

ആധുനിക നാഗരികതയും യന്ത്രവും അവരെ അവരുടെ പ്രാകൃതാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനും തല്‍ഫലമായി അവര്‍ക്ക് വിശ്രമവും സംസ്‌കാരവും നിറഞ്ഞ ജീവിതം സാധ്യമാക്കാമെന്നും അംബേദ്കര്‍ തുടര്‍ന്നെഴുതുന്നു. യന്ത്രവും ആധുനിക നാഗരികതയും തിരിച്ചറിയാത്തവര്‍ മാനവസമൂഹം ആര്‍ജ്ജിക്കാന്‍ പോകുന്നതെന്തെന്നതിനെപ്പറ്റി അജ്ഞരാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഒരു സമൂഹം ജനാധിപത്യം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ആധുനിക നാഗരികതയോടും യന്ത്രത്തിനോടും പുറംതിരിഞ്ഞ് നില്‍ക്കും. ഒരു ജനാധിപത്യ സമൂഹത്തിന് അങ്ങനെ നില്‍ക്കാനാവില്ല. ഒരു ജനാധിപത്യ സമൂഹം അതിന്റെ പൗരന്മാര്‍ക്ക് വിശ്രമവും സംസ്‌കാരവും പ്രദാനം ചെയ്യണം. ഈയര്‍ത്ഥത്തില്‍, ഒരു ജനാധിപത്യ സമൂഹമെന്നാല്‍, യന്ത്രം, കൂടുതല്‍ യന്ത്രം, നാഗരികത, കൂടുതല്‍ നാഗരികതയെന്നതാണ് മുദ്രാവാക്യം എന്ന് അംബേദ്കര്‍ പ്രഖ്യാപിക്കുന്നു.
ആധുനിക നാഗരികതയും യന്ത്രങ്ങളും അവയുടെ ഒഴിച്ചുകൂടാനാവാത്ത ജനാധിപത്യവും ദളിത് ജനതയെ മാത്രമല്ല, ഇന്ത്യയേയും ലോകത്തേയും മോചിപ്പിക്കുകയും അവര്‍ക്ക് വിശ്രമവേളകളും സംസ്‌കാരവും നല്‍കുമെന്നും അംബേദ്കര്‍ ഉറച്ചു വിശ്വസിച്ചു.

പടിഞ്ഞാറിന്റെ ആധുനിക നാഗരികതയും യന്ത്രവുമാണ് മുതലാളിത്തത്തിനും കൂടുതല്‍ മുതലാളിത്തത്തിനും നവലിബറലിസത്തിനും മാര്‍ക്‌സിസത്തിനും സോഷ്യലിസത്തിനും മതേതര ജനാധിപത്യത്തിനും വഴിയൊരുക്കിയത്. അതേ നാഗരികതയും യന്ത്രങ്ങളുമാണ് കഴിഞ്ഞ അര സഹസ്രാബ്ദമായി ഭൂമിയിലെ വിഭവങ്ങളെ ചൂഷണം ചെയ്തത്; ആഫ്രിക്ക - ഏഷ്യ - ലാറ്റിനമേരിക്ക - പശ്ചിമേഷ്യ എന്നു തുടങ്ങിയ മേഖലകളിലെ തദ്ദേശീയരായ മനുഷ്യരില്‍ നല്ലൊരു വിഭാഗത്തെ പട്ടിണിയിലേയ്ക്കും യുദ്ധങ്ങളിലേയ്ക്കും വംശീയഹത്യകളിലേയ്ക്കും തള്ളിയിട്ടത്. അതിനെതിരായാണ് മാര്‍ക്വിസ് തന്റെ നൊബേല്‍ പ്രസംഗത്തിലൂടെ ലോകത്തിന്റെ കണ്ണു തുറപ്പിക്കാന്‍ ശ്രമിച്ചത്. മറ്റൊരു ലോകം, യൂറോപ്പില്‍നിന്നു വ്യത്യസ്തമായി, സാധിക്കില്ലേയെന്നു വേദനയോടെ ചോദിച്ചത്. ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണഘടന വാര്‍ത്തെടുക്കുന്നതിന് അക്ഷീണം യത്‌നിച്ച അതിനു നീതിയുക്തമായ ഘടന നല്‍കിയ അംബേദ്കര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ മാര്‍ക്വിസ് ഉയര്‍ത്തിയ അതേ ചോദ്യം, ലോകത്തിലാകമാനമുള്ള ചൂഷിതരുടേയും പാരിസ്ഥിതികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന ഭൂമിയുടേയും നിലവിളികള്‍ കേട്ട് ചോദിക്കുമായിരുന്നില്ലേ?

ഏകാന്തത തിരിച്ചറിഞ്ഞ ഗാന്ധി 

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഗാന്ധി ബഹിഷ്‌കൃതനാണ്. തീവ്രഹിന്ദുത്വവാദികളും അംബേദ്കറിസ്റ്റുകളും ഗാന്ധിയോടുള്ള വെറുപ്പം വിദ്വേഷവും പുച്ഛവും ഒരിക്കലും മറച്ചുവെയ്ക്കാറില്ല. അവര്‍ക്ക് ഗാന്ധി ഗോഡ്സെയെക്കാള്‍ നിന്ദ്യനാണ്. അരുന്ധതിറോയിയും കാഞ്ച ഇളയയും എന്റെ സുഹൃത്തായ സണ്ണി എം. കപിക്കാട് അടക്കമുള്ളവരും ഗാന്ധിയെ ജാതിക്കോമരമായിട്ടാണ് മുദ്രയടിക്കുക. അധരപ്രശംസ നടത്തുന്ന കോണ്‍ഗ്രസ്സുകാര്‍ക്കോ ഇടതുപക്ഷത്തിനോ ബി.ജെ.പി-ആര്‍.എസ്.എസ് പരിവാറിനോ ഗാന്ധി വെറുമൊരു അലങ്കാരചിഹ്നം മാത്രമാണ്. ഇന്ത്യയില്‍ ബുദ്ധന് സംഭവിച്ചതാണ് ഗാന്ധിക്കും സംഭവിക്കുക; എന്നാല്‍, പടിഞ്ഞാറന്‍ മുതലാളിത്ത നവലിബറല്‍ നാഗരികതയുടെ ക്രൂരതകളില്‍ മാരകമായി പരിക്കേറ്റു പിടയുന്ന ഭൂമിയുടെ അതിജീവനം അന്വേഷിക്കുന്നവര്‍ ഗാന്ധിയെ കണ്ടെത്തുന്നുണ്ട്.

1909-ല്‍ ഗാന്ധിയെഴുതിയ 'ഹിന്ദ് സ്വരാജ്' (സ്വയംഭരണം) പടിഞ്ഞാറന്‍ ആധുനിക നാഗരികതയുടെ നേരെയുള്ള ഇതുവരെയുണ്ടായിട്ടുള്ള കടുത്ത വിമര്‍ശനങ്ങളിലൊന്നാണ്. യൂറോപ്പിന്റെ വ്യവസായിക വിപ്ലവത്തെ ത്വരിതപ്പെടുത്തിയ ആവിശക്തിയില്‍ (Steam Power Coal Power) ആധുനിക നാഗരികതയുടെ യന്ത്രം 2019-ല്‍ ഏതൊക്കെ തലങ്ങളിലും രീതികളിലും പരിവര്‍ത്തിതമായി ഭൂമിയുടെ ചേതനവും അചേതനവുമായ എല്ലാറ്റിന്റേയും സമഗ്രാധിപത്യത്തില്‍ എത്തിച്ചേര്‍ന്നു എന്നത് സാധാരണക്കാരനുപോലും മനസ്സിലാക്കാനാവും. കല്‍ക്കരി - എണ്ണ- ഡിജിറ്റല്‍ വിപ്ലവം എന്നിവയിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുത്തന്‍ റോബോട്ടുകളിലെത്തിനില്‍ക്കുകയാണ് ലോകം. മനുഷ്യനെന്ന സ്പീഷിസിനെ തന്നെ സമൂലം മാറ്റിമറിക്കാവുന്ന യന്ത്രം. ആവിശക്തി രാഷ്ട്രീയ ശക്തിയായി മാറി, നവമുതലാളിത്തത്തിലെത്തുമ്പോള്‍, ജനാധിപത്യത്തിന്റേതായ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവുമെല്ലാം കോര്‍പ്പറേറ്റാധിപത്യത്തിന്റെ കൈപ്പിടിയിലൊതുങ്ങുന്നു. ആധുനിക യന്ത്ര സംസ്‌കൃതിയിലൂന്നിയ ആധുനിക വികസനം 'വ്യക്തിയുടെ ശ്രേയസ്സ് വളര്‍ത്തുന്ന സ്വാശ്രിത പ്രവര്‍ത്തനത്തെ' ഇല്ലാതാക്കുന്നുണ്ട്. വികസനം പൂര്‍ണ്ണമാകുന്നതോടെ സ്വാശ്രിത പ്രവര്‍ത്തനം തീരെ നശിക്കും. ആധുനിക വ്യവസായ നാഗരികത സ്വാശ്രിത പ്രവര്‍ത്തനത്തിനുമേല്‍ സ്ഥാപിച്ചെടുക്കുന്ന നിയന്ത്രണം 'മൂലക്കുത്തക' (RADICAL MONOPOLY) ആണ്. ഇതോടെ സ്വാശ്രിത പ്രവര്‍ത്തനത്തിനുള്ള മനുഷ്യന്റെ മൗലിക സിദ്ധികള്‍ സംഹരിക്കപ്പെടും. (പുറം: 26 സി.പി. ഗംഗാധരന്‍: ഇവാന്‍ ഇല്ലിച്ച്: 1986) സത്യാനന്തര കാലത്ത് ജനാധിപത്യ സര്‍ക്കാരുകളെ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര കോര്‍പ്പറേറ്റുകളാണ്. ഇത് അപകടകരമാംവിധം വളര്‍ന്ന് ജനാധിപത്യത്തിന്റെ എല്ലാ ഇടങ്ങളും (Space) ഇല്ലാതാക്കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ മുതലാളിത്തത്തിന്റെ ഉല്പന്നമായ മാര്‍ക്‌സിസത്തിന്റെ മാനവികമായ ദര്‍ശനങ്ങള്‍പോലും പരാജയപ്പെടുന്നു. ജര്‍മന്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനായ വോള്‍ഫാങ്ങ് സ്ട്രീക്കിനെപ്പോലുള്ളവര്‍ വികേന്ദ്രീകൃതമായ ജനാധിപത്യത്തിന്റെ നല്ല നാളേയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്; മാര്‍ക്‌സിസത്തെ കയ്യൊഴിയാതെതന്നെ. ആധുനിക നാഗരികത വരുത്തി വെച്ച കൊടുംദുരന്തത്തിന്റെ വരള്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് മനുഷ്യസ്‌നേഹികളായ ചിന്തകരും എഴുത്തുകാരും.

14-ാം നൂറ്റാണ്ടു മുതല്‍ ഭൂമിയില്‍ ഉണ്ടായിട്ടുള്ള സാമ്രാജ്യത്ത അധിനിവേശങ്ങള്‍, വംശീയ ഹത്യകള്‍, പാരിസ്ഥിതിക നാശങ്ങള്‍, യുദ്ധങ്ങള്‍, ഹിരോഷിമ - നാഗസാക്കികള്‍, ചെര്‍ണോബിലുകള്‍, ഭോപ്പാലുകള്‍, വന്‍കിട അണക്കെട്ടുകള്‍, വികസനം, അതുമൂലമുണ്ടായ മനുഷ്യക്കുരുതികള്‍, ഇന്നും നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, സംസ്‌കാരങ്ങളുടേയും ഭാഷകളുടേയും നഷ്ടങ്ങള്‍ എന്നിവയെല്ലാം പടിഞ്ഞാറന്‍ യന്ത്രത്തിന്റെ ഉല്പന്നങ്ങളാണ്. തീര്‍ച്ചയായും മനുഷ്യജീവതത്തെ പട്ടിണിയില്‍നിന്നും രോഗങ്ങളില്‍നിന്നും കരകയറ്റിയെന്ന് അവകാശപ്പെടാം. പ്രശ്‌നം യന്ത്രത്തിന്റേതല്ല അതു കയ്യാളുന്ന ഉടമസ്ഥന്റേയും അധികാരിയുടേയുമാണെന്നും വാദിക്കാം.

പക്ഷേ, ഒരു കാര്യം ഏതു കടുത്ത ആധുനിക യന്ത്രവാദിയും സമ്മതിച്ച് തരാതിരിക്കില്ല; കൂടുതല്‍ കൂടുതല്‍ യന്ത്രംകൊണ്ട് ഇതൊക്കെ പരിഹരിക്കാമെന്ന വ്യാമോഹം ഇനിയും വെച്ച് പുലര്‍ത്താനാവുമോ?
യന്ത്രം (ആധുനിക ശാസ്ത്രസാങ്കേതിക) - അദ്ധ്വാനം - മൂലധനം - എന്നിവ ചേര്‍ന്ന മഹായന്ത്രം മനുഷ്യന്റെ അന്തസ്സും അഭിമാനവും ആനന്ദവും ക്രമേണയായി കവര്‍ന്നെടുത്തുകൊണ്ട് ജീവിതത്തിന്റെ മൂല്യവും ദരിദ്രന്റെ നിലനില്‍പ്പിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതാക്കി. ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ പട്ടിണി കിടക്കുന്ന മനുഷ്യര്‍ ഇതിനു സാക്ഷികളാണ്. മഹായന്ത്രത്തിന്റെ സൗകര്യങ്ങളനുഭവിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ മനുഷ്യരും മറ്റൊരു തലത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. എത്ര വലിയ ഉപഭോഗ വസ്തുവിനും തരാന്‍ കഴിയാത്ത ആത്മീയ ആനന്ദത്തിന്റെ ദാരിദ്ര്യം.

ആധുനിക യന്ത്രം ഒരു ഘടികാരമാണ്. രാപ്പകല്‍ അത് ചലിച്ചുകൊണ്ടിരിക്കുന്നു. അതിനു വര്‍ണ്ണങ്ങളില്ല, ഋതുക്കളില്ല, വികാരങ്ങളില്ല, സ്‌നേഹമില്ല, കാരുണ്യമില്ല.
ഗാന്ധി വെല്ലുവിളിച്ചത് ഈ യന്ത്രത്തെയാണ്. അല്ലാതെ ശാസ്ത്രബോധത്തെയല്ല. തന്റെ ജനങ്ങളുടെ ഏകാന്തത - അവരുടെ വിശ്വാസങ്ങള്‍, ദൈവങ്ങള്‍, ഭാഷകള്‍, സംസ്‌കൃതികള്‍ - തിരിച്ചറിഞ്ഞതുകൊണ്ടാണ് പടിഞ്ഞാറന്‍ നാഗരികതയുടെ ഹിംസയെ ഗാന്ധിക്കു തിരിച്ചറിയാനായത്. അതേസമയം തന്നെ, ആ നാഗരിക ഹിംസയുടെ സ്പര്‍ശമേല്‍ക്കാത്ത യൂറോപ്യന്‍ മനസ്സുകളെ ഗാന്ധി തന്നിലേക്കാകര്‍ഷിച്ചു. ഹെന്‍ട്രി ഡേവിഡ് തോറോ, ടോള്‍സ്റ്റോയ്, ജോണ്‍ റസ്‌കിന്‍, എഡ്വേര്‍ഡ് വില്യം കാര്‍പ്പന്റര്‍, റൊമേയന്‍ റോളങ്ങ്, ചാര്‍ളി ചാപ്ലിന്‍ തുടങ്ങി അതിപ്രശസ്തരില്‍നിന്നാരംഭിക്കുന്ന ആ നിര സി.എഫ്. ആന്‍ഡ്രൂസ്, കാതറൈന്‍ മേരി ഹില്‍മാന്‍ (സരളാബഹന്‍), ഹെര്‍മന്‍ കല്ലന്‍ ബാക്ക്, മാഡ് ലെയ്ന്‍ സ്ലേയ്ഡ് (മീര) എന്നിവരിലേയ്ക്ക് നീളുന്നുണ്ട്.

ഗാന്ധിയുടെ ഛാത്തം ഹൗസ് സംവാദം 

രണ്ടാം വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയ ഗാന്ധി റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ 1931 ഒക്ടോബര്‍ 20-ന് നടത്തിയ പ്രസംഗവും തുടര്‍ന്നുണ്ടായ സംവാദവും മാര്‍ക്വിസ് സ്വീഡനിലെ സ്റ്റോക്ഹോമില്‍ 1982 ഡിസംബര്‍ എട്ടിന് നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗവുമായി ആത്മബന്ധമുള്ളതാണ്. 'ഹിന്ദ് സ്വരാജി'ലൂടെ പടിഞ്ഞാറിന്റെ ആധുനിക മുതലാളിത്ത നാഗരികതയെ വിമര്‍ശിച്ച ഗാന്ധി

ഇന്ത്യയുടെ ഭൂതകാലവും ഭാവിയും വിവരിച്ചുകൊണ്ട് ഇന്ത്യയുടെ കുറവുകളേയും ബ്രിട്ടന്റെ തെറ്റുകളേയും ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന്‍ ബ്രിട്ടന്റെ കണ്ണാടിയിലൂടെ ഇന്ത്യയെ നോക്കുന്നതിനു പകരം ഇന്ത്യയുടെ കണ്ണാടിയിലൂടെ ഇന്ത്യയെ കാണണമെന്നാവശ്യപ്പെടുന്നു. ഈ യോഗത്തിലും സംവാദത്തിലും അദ്ധ്യക്ഷത വഹിച്ചത് ലോത്തിയന്‍ പ്രഭുവായിരുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഇംഗ്ലണ്ടിലെ പൗരപ്രമുഖരാണ് സദസ്സിലുണ്ടായിരുന്നത്. ഗാന്ധി എന്താണെന്നറിയാന്‍ താല്പര്യമുള്ള സുഹൃത്തുക്കള്‍ ഈ പ്രസംഗത്തിന്റേയും ചര്‍ച്ചയുടേയും സമ്പൂര്‍ണ്ണരൂപം വായിക്കണമെന്നു ഞാന്‍ വിനയത്തോടെ ആവശ്യപ്പെടുന്നു. ഗാന്ധിയുടെ സമാഹൃത കൃതികളിലെ 48-ാം പുസ്തകത്തില്‍ 193 - 206 പുറങ്ങള്‍ വായിച്ചാല്‍ മതിയാകും.
ഇന്ത്യയുടെ ഭാവി വിദ്യാഭ്യാസം എന്തായിരിക്കണമെന്ന ഭാഗത്ത് ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ''അമ്പതോ നൂറോ കൊല്ലം മുന്‍പുള്ളതിനേക്കാള്‍ നിരക്ഷരയാണ് ഇന്ത്യ ഇന്ന്... ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേയ്ക്ക് വന്നപ്പോള്‍, കാര്യങ്ങള്‍ എന്തായിരുന്നുവോയെന്നത് കാണാതെ, അവര്‍ അവയെല്ലാം വേരോടെ പുറത്തെടുക്കാന്‍ തുടങ്ങി. അവര്‍ മണ്ണ് മാന്തി; വേരിലേയ്ക്ക് നോക്കി. വേര് അതുപോലെത്തന്നെ ഉപേക്ഷിച്ചു. സുന്ദരവൃക്ഷം (Beautiful Tree) നശിച്ചു.'' (ഗാന്ധിയന്‍ ശിഷ്യനായിരുന്ന ധരംപാല്‍ ലണ്ടനിലേയും ഇന്ത്യയിലേയും ആര്‍ക്കൈവുകള്‍ ഗവേഷണം ചെയ്ത് 1983-ല്‍ പ്രസിദ്ധീകരിച്ച 'THE BEAUTIFUL TREE' എന്ന ഗ്രന്ഥം ഇതിന്റെ ഫലമാണ്. Indian Science and Technology in the Eighteenth Century (1971) CIVIL Diosbedience and Indian Tradition: With osme Early Nineenth Century Documents (1971) എന്നിവയും ഈ വഴിക്കുള്ള അദ്ദേഹത്തിന്റെ ഗവേഷണ ഗ്രന്ഥങ്ങളാണ്).

യുവാന്‍ നോഹ് ഹരാരി
യുവാന്‍ നോഹ് ഹരാരി


ഇന്ത്യയുടെ ന്യൂനപക്ഷ പ്രശ്‌നങ്ങളും ഇന്ത്യയെ കാര്‍ന്നുതിന്നുന്ന തീണ്ടായ്മയും ഗാന്ധി വിശകലനം ചെയ്യുന്നുണ്ട്. ജാതിഹിന്ദുക്കളുടെ നവീകരണ ശ്രമങ്ങളിലൂടെ ഇത് പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം വിശദീകരിച്ചു, വ്യാമോഹിച്ചു. അസ്പര്‍ശ്യരെ അന്യരുടെ മാലിന്യങ്ങള്‍ എടുത്തുമാറ്റുന്ന നിന്ദ്യമായ തൊഴിലില്‍നിന്നു നെയ്ത്ത് തുടങ്ങിയ തൊഴിലുകളിലൂടെ പൊതുധാരയിലെത്തിക്കണം. ഒന്നുകില്‍ ഹിന്ദുയിസം ഛിന്നഭിന്നമാകും; അല്ലെങ്കില്‍ തീണ്ടായ്മ അപ്പാടെ അപ്രത്യക്ഷമാകണം എന്ന് ഗാന്ധി പറഞ്ഞു. ബ്രിട്ടീഷുകാര്‍ അവരുടെ അളവുകോലുകൊണ്ട് ഇന്ത്യ ഭരിക്കേണ്ടതില്ല. ഹിന്ദുവിന്റേയും മുസല്‍മാന്റേയും ക്രിസ്ത്യാനിയുടേയും പാഴ്സിയുടേയും വിശ്വാസങ്ങളും അവകാശങ്ങളും ദൈവങ്ങളും ഒരുപോലെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്കുണ്ടാവുക. വ്യക്തിയുടേയും കുടുംബത്തിന്റേയും സ്വകാര്യതയിലേയ്ക്കു കടന്നുകയറാന്‍ ആര്‍ക്കും അനുവാദമുണ്ടാകില്ല. ഇന്ത്യയുടെ നിരക്ഷരായ സ്ത്രീകള്‍പോലും ഉറപ്പുള്ള ഹൃദയവും മനസ്സുമുള്ളവരാണ്. ബ്രിട്ടീഷുകാരന്റെ തോക്കിനു മുന്‍പില്‍ അവരെന്നും നെഞ്ചുവിരിച്ച് നിന്നിട്ടുണ്ട്, അഹിംസാത്മകമായി. ടോള്‍സ്റ്റോയി പ്രഖ്യാപിച്ചതുപോലെ the country was best governed which was governed the least എന്നതായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ.

35 കോടി ജനങ്ങളില്‍ 80 ശതമാനം കൃഷിക്കാരാണ്. അവര്‍ 700 ഗ്രാമങ്ങളിലായി ജീവിക്കുന്നു. മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് കൃഷി. വര്‍ഷത്തില്‍ പകുതി കാലം അവര്‍ക്കു തൊഴിലില്ല. അവര്‍ വാസ്തവത്തില്‍ അടിമകളായി ചെറുകൃഷിയിടങ്ങളില്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്നു. അവരുടെ ശരാശരി ദിവസ വരുമാനം രണ്ട് പെന്‍സ് ആണ്. പത്തിലൊന്ന് പേര്‍ അര്‍ദ്ധപട്ടിണിയിലാണ്. പഴകിയ ചപ്പാത്തിയും ഉപ്പുമാണ് അവരുടെ ആഹാരം. പാലില്ല; തൈരില്ല; പഴമില്ല; പച്ചക്കറിയില്ല. ഈ ഗ്രാമങ്ങള്‍ ഒരുകാലത്ത് സ്വതന്ത്ര റിപ്പബ്ലിക്കുകളായിരുന്നു. സര്‍ ഹെന്‍ട്രി മെയ്നിന്റെ THE VILLAGE COMMUNITIES OF INDIA എന്ന പുസ്തകത്തില്‍ ഇതിന്റെ രേഖാചിത്രങ്ങളുണ്ട്. ശരിയാണ്, ജാതി അവിടെ ഒരു പ്രശ്‌നമായിരുന്നു. എന്നാല്‍, ജാതിതന്നെ മറ്റൊരര്‍ത്ഥത്തില്‍ അവര്‍ക്ക് സംരക്ഷണവും നല്‍കിയിരുന്നു. ഗ്രാമീണന്റെ അര്‍ദ്ധപട്ടിണി മാറ്റാന്‍ ഗ്രാമീണ വ്യവസായങ്ങള്‍ ഉണ്ടാവണം. വ്യവസായങ്ങള്‍ക്കുള്ള അറിവും ബോധവും വിഭവങ്ങളും ഗ്രാമങ്ങളിലുണ്ടായിരുന്നു. ഉല്പാദനവും വിതരണവും ഉപഭോഗവും ഗ്രാമങ്ങളില്‍ത്തന്നെ നടന്നിരുന്നു.

മാലിന്യ സംസ്‌കരണത്തില്‍ പ്രധാനമായും മനുഷ്യമലമാണ്. മനുഷ്യമലം ജൈവ വളമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഗ്രാമങ്ങളില്‍ വൃത്തിയും വെടിപ്പുമുണ്ടാകും. മലേറിയപോലുള്ള രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. ആരോഗ്യമേഖലയില്‍ ബ്രിട്ടന്റെ ചെലവേറിയ ആധുനികവൈദ്യം ഇന്ത്യയ്ക്ക് താങ്ങാനാവില്ല. നിരക്ഷരായ മുറിവൈദ്യന്മാര്‍ക്ക് ഇന്ത്യക്കാരന്റെ ഒട്ടുമിക്ക രോഗങ്ങളേയും ചികിത്സിച്ചു ഭേദമാക്കാനുള്ള അറിവുകളുണ്ടായിരുന്നു. വിദ്യാഭ്യാസത്തിനു നാടന്‍ പാഠശാലകളുണ്ടായിരുന്നു. അതു നവീകരിച്ച് ഓരോ ഗ്രാമങ്ങളിലും ജാതിമതലിംഗഭേദമെന്യേ വിദ്യാലയങ്ങള്‍ തുറക്കണം. നാടന്‍ ജലസേചന രീതികളുടെ ഒരു വലിയ ശൃംഖല ഗ്രാമങ്ങളിലുണ്ടായിരുന്നു. 
സൈനിക - പ്രതിരോധ ചെലവുകള്‍ക്കായി ഇന്ത്യ ചെലവഴിക്കുന്നത് ലോകത്ത് മറ്റൊരു രാജ്യവും ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതലാണ്. അയല്‍രാജ്യങ്ങളുമായി ശാന്തിയും സമാധാനവും നിലനിര്‍ത്തിയാല്‍ ഇതു വന്‍തോതില്‍ കുറയ്ക്കാം. വൈസ്രോയിയുടേയും കര്‍ഷകന്റേയും വരുമാനം തമ്മിലുള്ള അന്തരം കുറയ്ക്കണം. ജനസംഖ്യ നിയന്ത്രിക്കപ്പെടണം... (മനോനിയന്ത്രണമാണ് ഇതിനാവശ്യമെന്ന ഗാന്ധിയുടെ നിലപാട് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്).

ഇങ്ങനെ ഒരു നീണ്ട പട്ടിക ഗാന്ധി ഛാത്തം ഹൗസിലെ പ്രസംഗത്തില്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇന്ത്യയെ പാപ്പരാക്കിയത് ബ്രിട്ടന്റെ ലാഭക്കൊതിയാണ്. ബ്രിട്ടനെ ഏറ്റവും വലിയ മുതലാളിത്ത രാജ്യമാക്കിയത് ഇന്ത്യയെ ചൂഷണം ചെയ്തുകൊണ്ടാണ്. അതിനായി ബ്രിട്ടന്‍ - ആധുനിക നാഗരികത - ഇന്ത്യയുടെ അറിവുകളെ, വിവേകങ്ങളെ, ദൈവങ്ങളെ, സംസ്‌കാരങ്ങളെ നിലം പരിശാക്കി...

ഇന്ത്യയുടെ ഭാവി, ഭൂമിയുടേയും 

പടിഞ്ഞാറന്‍ മുതലാളിത്ത - നവലിബറല്‍ നാഗരികതയിലൂടെ ഈ ഭൂമി ഇനിയും എത്രകാലം അതിജീവിക്കുമെന്ന് Sixth UN Global Environmental Report വ്യക്തമാക്കുന്നുണ്ട്. ഇതിന്നര്‍ത്ഥം മനുഷ്യന്‍ പ്രകൃതിയിലേയ്ക്ക് മടങ്ങുകയെന്ന പഴഞ്ചന്‍ മാര്‍ഗ്ഗമല്ല. ഒരു പുതിയ ശാസ്ത്രബോധം ഭൂമിയിലെ എല്ലാ മനുഷ്യരുടേയും ജീവന്റേയും അതിജീവനത്തിനായി രൂപപ്പെടണം: വിക്രം സോണി NATURE: Softly Tread on the Planet-ല്‍ വ്യക്തമാക്കുന്നുണ്ട്: നമ്മുടെ ഭക്ഷണം വിപ്ലവകരമായിരിക്കാം; എന്നാല്‍ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥ പരിണാത്മകമായിരിക്കും. അതുകൊണ്ട് നമ്മള്‍ നമ്മുടെ പരിണാത്മക ജീവനോപായം കാത്ത് സൂക്ഷിക്കണം. ''പരിപാലിക്കുക, ഉപയോഗിക്കുക.'' വെറുതെയങ്ങ് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് മാലിന്യങ്ങളുണ്ടാക്കി, ജീവിക്കുകയല്ല. നമ്മുടെ പ്രാകൃതികമായ ജീവനോപായങ്ങള്‍ സംരക്ഷിക്കാന്‍

നാം പ്രകൃതിയുടെ അവകാശങ്ങള്‍ തിരിച്ചറിയണം. ഡോ. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട പഠന റിപ്പോര്‍ട്ട് കേരളം പഠിച്ച് നടപ്പാക്കിയിരുന്നെങ്കില്‍, 2018 ആഗസ്റ്റിലെ പ്രളയത്തെ നമുക്കു ക്രിയാത്മകമായി നേരിടാമായിരുന്നു. നാം കേരളീയര്‍ പോലും ഒന്നും പഠിച്ചില്ല. നമ്മള്‍ അതേ നവമുതലാളിത്തത്തിന്റെ കരുക്കളായി ജീവിതം അടിച്ചുപൊളിക്കുന്നു. മാധവ് ഗാഡ്ഗില്‍ പരസ്പര ജൈവിക ബന്ധമുള്ള, കല്പനാചാതുരിയുള്ള നിരവധി പരിഹാരങ്ങള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കായി തുറന്നിടുന്നുണ്ട്. പ്രകൃതിയില്‍ ഒരു ജീവിയുടെ മാലിന്യം മറ്റൊന്നിന്റെ ഭക്ഷണമായി മാറുന്നുവെന്ന സത്യം തിരിച്ചറിയണം. നമ്മുടെ പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെയുള്ള നിര്‍മ്മിതികളിലും മാലിന്യം ഉണ്ടായിരിക്കാന്‍ പാടില്ല.

ആധുനിക നാഗരികതയുടെ വികസനത്തില്‍നിന്നു വ്യത്യസ്തമായി സഹജീവി സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും സമത്വത്തിന്റേയും സര്‍ഗ്ഗാത്മകമായ ഒരു ലോകം 'ഹിന്ദ് സ്വരാജി'ലൂടെ ദര്‍ശിക്കുക മാത്രമല്ല ഗാന്ധി ചെയ്തത്. തന്റെ ആയുഷ്‌ക്കാലം മുഴുവന്‍ എങ്ങനെയത് സൃഷ്ടിക്കാമെന്നുള്ള പരീക്ഷണങ്ങളിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സത്യാഗ്രഹ സമരങ്ങള്‍ അന്വര്‍ത്ഥമാകുന്നത് സൃഷ്ടിപരമായ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെയാണ്. മണ്ണിലെ അറിവും ശാസ്ത്രബോധവും മനുഷ്യന്റെ അദ്ധ്വാനവും പ്രകൃതിയുമായുള്ള സമന്വയവും ജനാധിപത്യത്തിലൂടെ സാധ്യമാക്കിക്കൊണ്ട്. 1946 അവസാനത്തോടെ, രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു യാഥാര്‍ത്ഥ്യമാകുന്നതോടെ ഗാന്ധിയും അദ്ദേഹത്തിന്റെ ദര്‍ശനവും അദ്ദേഹം രൂപപ്പെടുത്തിയെടുത്ത യൂറോപ്യതര ലോകത്തിന്റെ പ്രാക്രൂപങ്ങളും തിരസ്‌കരിക്കപ്പെട്ടു. ക്രമേണ ഗാന്ധി അനാഥനും ആര്‍ക്കും വേണ്ടാത്തവനുമായി.

മനുഷ്യനിലെ ജനിതക ചരിത്രഘടകങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന യുവാന്‍ നോഹ് ഹരാരി എത്തിച്ചേരുന്നത് പരോക്ഷമായി ഗാന്ധിയന്‍ സാധ്യതയിലാണ്. മാര്‍ക്വിസിന്റെ നൊബേല്‍ പ്രസംഗവും ഇതില്‍ നിഴലിക്കുന്നുണ്ട്. ഒറീസ്സയിലെ കാളഹന്ദിയിലെ നിയാമഗിരിക്കുന്നുകളില്‍ ശാന്തിയോടെ ജീവിക്കുന്ന ദോന്‍ഗ്രിയ ആദിവാസികള്‍ മാറിമാറി വരുന്ന സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങളോട് പറയുന്നത് കേള്‍ക്കുക: ''ഭൂമിയില്‍ ഒരു ശക്തിക്കും ഞങ്ങളെ നിയാമഗിരിയില്‍നിന്ന് ഓടിക്കാന്‍ കഴിയില്ല. ഞങ്ങള്‍ എവിടെപ്പോകും? കൈതച്ചക്കയും നേന്ത്രപ്പഴവും മധുരനാരങ്ങയും മഞ്ഞളും ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും ഞങ്ങള്‍ എവിടെ വളര്‍ത്തും? ഈ കുന്നുകള്‍ക്ക് പുറത്ത് ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണ്.'' തങ്ങളുടെ ദൈവങ്ങളും ഭാഷകളും ജീവിതരീതികളും വിട്ട്, തങ്ങളുടേതായ ലോകം വിട്ടുപോകാന്‍ അവരിഷ്ടപ്പെടുന്നില്ല.

യുവാന്‍ നോഹ് ഹരാരി SAPIENS A BRIEF HISTORY OF HUMANKIND-ല്‍ എഴുതുന്നു: ''പരിണാമ ചരിത്രത്തിന്റെ അടുത്തഘട്ടം സാങ്കേതികവും സംഘടനാപരവുമായ മാറ്റത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാവില്ല. മനുഷ്യന്റെ പ്രജ്ഞയിലും (Consciounsess) വ്യക്തിസത്തയിലും (Identity) അടിസ്ഥാന മാറ്റമുണ്ടാകും. ഈ അടിസ്ഥാന മാറ്റം 'മനുഷ്യ'നെത്തന്നെ ചോദ്യം ചെയ്യും... ഇത് രാഷ്ട്രീയക്കാരും ചിന്തകരും മതപണ്ഡിതരും സാധാരണക്കാരും നടത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഉപരിപ്ലവമായ ചര്‍ച്ചകളെ നിസ്സാരമാക്കുന്നുണ്ട്. ഹോമോസാപ്പിയന്‍സ് എന്ന മനുഷ്യജാതിക്കൊപ്പം ഇന്നുള്ള മതങ്ങള്‍, ദര്‍ശനങ്ങള്‍, രാഷ്ട്രീയങ്ങള്‍, വര്‍ഗ്ഗങ്ങള്‍, ദേശീയവാദങ്ങള്‍, ഹിംസകള്‍ അപ്രത്യക്ഷമാകും. വ്യവസ്ഥാപിതമായ എല്ലാ ഭാരങ്ങളും ഒഴിഞ്ഞ് പുതിയൊരു മാനവന്‍ പരിണാമചരിത്രത്തില്‍ ഉദയം ചെയ്യും.''

അതിന് ആധുനിക നാഗരികതയുടെ കൂറ്റന്‍ തടവറ അപ്രത്യക്ഷമാകുകതന്നെ വേണം. മാര്‍ക്‌സിസത്തിന്റേയോ സോഷ്യലിസത്തിന്റേയോ ഇങ്ങേയറ്റം ജനാധിപത്യത്തിന്റേയോ ചെറിയ കിളിവാതിലുകള്‍ തടവറച്ചുമരുകളില്‍ ഘടിപ്പിച്ച് തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെടാമെന്നു വിചാരിക്കുന്നവര്‍, ഭാവി തലമുറകളെ, ഇതര ജീവജാലങ്ങളെ, ഭൂമിയെന്ന ജൈവികതയെ ഒറ്റുകൊടുക്കുന്നവരാണ്. വിമര്‍ശത്തിനും ആനന്ദത്തിനും വേണ്ടത്ര സമയവും സ്പേസും സൃഷ്ടിക്കപ്പെടുന്ന പുതിയ ലോകത്തിലേ പുതുമാനവികത പിറവിയെടുക്കൂ.            

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com