ഒരു താറാക്കുഞ്ഞ് മുട്ടവിരിഞ്ഞു പുറത്തുവന്നു: കെആര്‍ മീരയുടെ എഴുത്തോര്‍മ്മകള്‍

'കഥ വായിച്ചു താ' എന്ന് കരഞ്ഞു വീട്ടിലെ സന്ദര്‍ശകരേയും വെറുപ്പിച്ചു തുടങ്ങിയതിനാല്‍  മൂന്നു വയസ്സില്‍ത്തന്നെ ഞാന്‍ നിലത്തെഴുത്താശാന്റെ കളരിയില്‍ അയയ്ക്കപ്പെട്ടു.
ഒരു താറാക്കുഞ്ഞ് മുട്ടവിരിഞ്ഞു പുറത്തുവന്നു: കെആര്‍ മീരയുടെ എഴുത്തോര്‍മ്മകള്‍


                    
ഒരു താറാക്കുഞ്ഞ് മുട്ടവിരിഞ്ഞു പുറത്തുവന്നു
ന്നാണ് കഥ എഴുതിത്തുടങ്ങിയത്, എങ്ങനെയാണ് എഴുതിത്തുടങ്ങിയത് എന്നൊക്കെ പലരും ചോദിക്കാറുണ്ട്. എനിക്ക് ഓര്‍മ്മയില്ല. ഒരു വയസ്സാകും മുമ്പേ സംസാരിച്ചു തുടങ്ങി എന്നും നടക്കാന്‍ പഠിക്കും മുമ്പേ കഥ വായിച്ചു തരാന്‍ ശല്യപ്പെടുത്തി എന്നും അമ്മയും അച്ഛന്റെ അമ്മയും അപ്പച്ചിമാരും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. വി. സുത്യയേവിന്റെ 'കുട്ടിക്കഥകളും ചിത്രങ്ങളും' ആയിരുന്നു എന്റെ ആദ്യ പുസ്തകം. അമ്മ ഡയലോഗ് മോഡുലേഷനോടെ കഥകള്‍ വായിച്ചു തന്നിരുന്നു. 'കോഴിക്കുഞ്ഞും താറാക്കുഞ്ഞും', 'മൂന്നു പൂച്ചക്കുട്ടികള്‍', 'കൂണിന്റെ അടിയില്‍', 'ആരു പറഞ്ഞു മ്യാവൂ', 'പല വലിപ്പത്തിലുള്ള ചക്രങ്ങള്‍', 'തോണി', 'ആപ്പിള്‍പ്പഴം', 'ചുണ്ടെലിയും പെന്‍സിലും', 'പൂവന്‍ കോഴിയും ചായങ്ങളും', 'ദു:ശീലമുള്ള പൂച്ച', 'ഫര്‍മരം' എന്നിവയാണ് അതിലെ കഥകള്‍. ഓരോ പേജിലും മനോഹരമായ ചിത്രങ്ങളും ഉണ്ട്. 'കോഴിക്കുഞ്ഞും താറാക്കുഞ്ഞും' ആയിരുന്നു എന്റെ പ്രിയ കഥ.  

'കഥ വായിച്ചു താ' എന്ന് കരഞ്ഞു വീട്ടിലെ സന്ദര്‍ശകരേയും വെറുപ്പിച്ചു തുടങ്ങിയതിനാല്‍  മൂന്നു വയസ്സില്‍ത്തന്നെ ഞാന്‍ നിലത്തെഴുത്താശാന്റെ കളരിയില്‍ അയയ്ക്കപ്പെട്ടു. വായിക്കാനും എഴുതാനും വേഗം പഠിച്ചു. പിന്നെ വായനയോടു വായനയായിരുന്നു. ഇരുന്നും കിടന്നും വായന. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും വായന. യാത്ര ചെയ്യുമ്പോഴും പഠിച്ചുകൊണ്ടിരിക്കുമ്പോഴും വായന. 

ഒരേ കഥ ഒരുപാടു തവണ വായിക്കുമ്പോള്‍ ഓരോ കഥയില്‍നിന്നും പുതിയ കഥകള്‍ മുളയ്ക്കും. ചുവന്ന ലില്ലികളുടെ കിഴങ്ങില്‍നിന്നു വെള്ളയും മഞ്ഞയും പൂക്കളുള്ള ചെടികള്‍ താനേ ഉണ്ടാകുന്നതുപോലെ.  ഞാനാണെങ്കില്‍ കിട്ടിയതൊക്കെ ആവര്‍ത്തിച്ചു വായിച്ചു. 'ബാലരമ'യും 'ബാലയുഗ'വും 'പൂമ്പാറ്റ'യും പിന്നെ കൊല്ലത്തു പോകുമ്പോള്‍ ബസ് സ്റ്റേഷനിലെ ബുക് സ്റ്റാളില്‍നിന്നു വാങ്ങിയിരുന്ന മലയാളം 'അമ്പിളി അമ്മാവനും' സിന്‍ഡിക്കറ്റ് കാര്‍ട്ടൂണുകളും. ഇവയെല്ലാം അന്നു മാസികകള്‍ ആയിരുന്നു.  ഒരു ലക്കം കിട്ടിയാല്‍ തിരിച്ചും മറിച്ചും ഒരു മാസം മുഴുവന്‍ വായിക്കും. കഥയും കഥയുടെ പേജ് നമ്പരുകളും വരെ മന:പാഠമാകും. 

എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാടു പുസ്തകം വായിക്കണം എന്ന് പലരും പറയാറുണ്ട്. എന്റെ അനുഭവം മറ്റൊന്നാണ്. ഒരേ പുസ്തകം ആവര്‍ത്തിച്ചു വായിക്കുക. ഭാഷയുടെ താളവും വാക്കുകളുടെ ലയവും മനസ്സില്‍ പതിയാന്‍ അതിലും നല്ലൊരു മാര്‍ഗ്ഗമില്ല. ഭാഷയും സംഗീതവും ഒരേ പക്ഷിയുടെ രണ്ടു ചിറകുകളാണ്. പാടുന്തോറും ശബ്ദം തെളിയും. എഴുതുന്തോറും ഭാഷ തെളിയും. എഴുതുമ്പോള്‍ ഉള്ളിലൊരു താളമുണ്ട്. പാടുമ്പോള്‍ പാട്ടുകാരന്റെ മനസ്സില്‍ പാട്ട് ഒരിക്കല്‍ക്കൂടി എഴുതപ്പെടുന്നുണ്ട്. 

ശാസ്താംകോട്ടയില്‍ സാഹിത്യ പുസ്തകക്കടകള്‍ ഉണ്ടായിരുന്നില്ല. പത്രത്തില്‍ ഡി.സി. ബുക്സിന്റേയും നാഷനല്‍ ബുക്സ്റ്റാളിന്റേയും പ്രീ പബ്ലിക്കേഷന്‍ പരസ്യങ്ങള്‍ ഇടയ്ക്കിടെ കാണാം.  ബാലസാഹിത്യ കൃതികളുടേയും ക്ലാസ്സിക് കൃതികളുടേയും പരസ്യങ്ങള്‍ കണ്ടാല്‍ അമ്മ ഉടനെ മണി ഓര്‍ഡര്‍ അയയ്ക്കും. 'ബാലരമ'യും 'ബാലയുഗ'വും വായിച്ചു വായിച്ചു മടുക്കുമ്പോഴേക്ക് ഏതെങ്കിലും ഒരു ബാലസാഹിത്യ സമ്മാനപ്പെട്ടി വരും. 'മാലി കൃതികള്‍' അങ്ങനെയാണ് കയ്യിലെത്തിയത്. മാലി രാമായണവും മാലി ഭാഗവതവും മാലി ഭാരതവും. പിന്നെ സര്‍വജിത്തിന്റെ കഥകള്‍- 'സര്‍വജിത്തും കള്ളക്കടത്തും' 'സര്‍വജിത്തിന്റെ സമുദ്ര സഞ്ചാരം', 'സര്‍ക്കസ്.'  പിന്നെ മാലി തന്നെ രചിച്ച ലോകകഥാമാലിക. മാലി കൃതികള്‍ എന്റെ 'ചങ്ക്' പുസ്തകമായി. 
മാലി കൃതികളുമായി ബന്ധപ്പെട്ട് രസകരമായ ഒരു അനുഭവം ഉണ്ട്. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍ സംഭവിച്ചതാണ്. അമ്മയുടെ ഒരു കൂട്ടുകാരി രണ്ടു പെണ്‍മക്കളേയുംകൊണ്ട് ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് ഞങ്ങളോടു വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്കു ബോറടിച്ചു. വായിക്കാന്‍ എന്തെങ്കിലും എടുത്തു കൊടുക്കൂ എന്ന് അമ്മ നിര്‍ദ്ദേശിച്ചു.   ഞാന്‍ അവര്‍ക്ക് എന്റെ പുസ്തകങ്ങള്‍ കാട്ടിക്കൊടുത്തു. മൂത്ത കുട്ടി കൈവച്ചത് എന്റെ ചങ്കിലാണ്- മാലികൃതികളില്‍. പുസ്തകം കിട്ടിയതും അവള്‍ വായന തുടങ്ങി. വായനയുടെ രസത്തില്‍ പോകാന്‍ സമയമായിട്ടും അവള്‍ എഴുന്നേല്‍ക്കുന്നില്ല.   അപ്പോള്‍ മറ്റെല്ലാ കുട്ടികളോടും വാത്സല്യത്തിന്റെ നിറകുടമായ എന്റെ അമ്മ പറഞ്ഞു: 

''മോളതു വീട്ടില്‍ കൊണ്ടുപോയ്ക്കോ.'' 
മനസ്സിന്റെ കണ്ണാടിയായ എന്റെ മുഖം കണ്ട് ആ ആന്റി ഇതു മീര വായിച്ചതാണോ എന്നു ചോദിച്ചു. ഉത്തരം പറയും മുമ്പേ അമ്മ ഇടപെട്ടു: 
''അവള്‍ക്ക് ഇതൊക്കെ കാണാപ്പാഠമല്ലേ!''
എന്റെ വായടഞ്ഞു. അവര്‍ പുസ്തകവും കൊണ്ടുപോയി. എന്റെ ലോകം ശൂന്യമായി. 
ഞാന്‍ കട്ടിലില്‍ കമഴ്ന്നടിച്ചു കിടന്നു വിതുമ്പി. ''പുസ്തകം കൊടുത്തതിനു മീരച്ചേച്ചി കരയുന്നു'' എന്ന് അനിയത്തി താര അമ്മയെ അറിയിച്ചു. അമ്മ കലിതുള്ളി കടന്നുവന്നു. മറ്റൊരു കുട്ടിക്കു വായിച്ചു വളരാന്‍  പുസ്തകം കൊടുത്തതിന് നല്ല കുട്ടികളാരും കരയുകയില്ല എന്ന് അധിക്ഷേപിച്ചു. ''ഇത്രയൊക്കെ വായിച്ചിട്ടും നിനക്ക് എന്തു മാനസികോന്നമനം''  എന്നു പരിഹസിച്ചു. എന്റെ സ്വാര്‍ത്ഥതയുടെ അനേകായിരം ഉദാഹരണങ്ങള്‍ ഉദ്ധരിക്കപ്പെട്ടു. എന്റെ വായടഞ്ഞു. 

മാലി മാധവന്‍ നായര്‍
മാലി മാധവന്‍ നായര്‍

പക്ഷേ, എന്റെ ചങ്കല്ലേ അവര്‍ പറിച്ചുകൊണ്ടു പോയത്? ഒരു മിഠായി കിട്ടിയാല്‍ അതു വായിലിടും മുമ്പേ ഞാന്‍ എടുത്തിരുന്ന വലിയ മിഠായി ആയിരുന്നു മാലി കൃതികള്‍. പുസ്തകം നിവര്‍ത്തിവച്ചിട്ടേ ഞാന്‍ മിഠായിപ്പൊതി തുറന്നിരുന്നുള്ളൂ. അച്ചടിച്ച വാക്കുകള്‍ കണ്ണുകള്‍ കൊണ്ടു നുണഞ്ഞെങ്കിലേ നാവ് മിഠായിയുടെ രുചി അറിഞ്ഞിരുന്നുള്ളൂ.  ആ പുസ്തകം വായിച്ചു വായിച്ചേ ഒഴിവുസമയം ആസ്വദിച്ചിരുന്നുള്ളൂ. വായിച്ചു വായിച്ചേ ഉറങ്ങിയിരുന്നുള്ളൂ.    

ദിവസം കഴിയുന്തോറും ഞാന്‍ അസ്വസ്ഥയായി. ആ ആന്റിയുടെ വീടു സന്ദര്‍ശിക്കാന്‍ ഞാന്‍ അമ്മയെ അലട്ടി. ഒടുവില്‍ ഒരു ദിവസം അമ്മ എന്നെ കൊണ്ടുപോയി. ചെന്നു കയറി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ എന്റെ ആത്മനിയന്ത്രണം പിടിവിട്ടു. അന്ന് കൊണ്ടുവന്ന പുസ്തകങ്ങള്‍ വായിച്ചോ എന്ന് അന്വേഷിച്ചു. 
''ഏതു പുസ്തകങ്ങള്‍?''
കുട്ടികള്‍ പരസ്പരം നോക്കി.
''മാലി കൃതികള്‍.''
ഞാന്‍ പുറംചട്ടയുടെ നിറവും ഉള്ളിലെ കഥയുടെ സാരാംശവും പറഞ്ഞു. എന്നിട്ടും അവര്‍ക്ക് ഓര്‍മ്മ വന്നില്ല. പിന്നീട് അവിടെ തിരച്ചിലിന്റെ തിരക്കായി. അവസാനം രണ്ടു പുസ്തകങ്ങളില്‍ ഒരെണ്ണം കണ്ടെടുത്തു.  
അതു കയ്യിലെടുത്ത നിമിഷം ഞാന്‍ ഒരിക്കലും മറക്കുകയില്ല. എന്റെ ചങ്കില്‍ അവശേഷിച്ചതെന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതും വേരോടെ ഇളകി. അന്നു ഞാന്‍ അനുഭവിച്ചതാണ് ആറ്റുനോറ്റു വളര്‍ത്തിയ ഓമനക്കുഞ്ഞിനെ ഭിക്ഷാടന മാഫിയയുടെ താവളത്തില്‍ കണ്ടെത്തിയ പെറ്റമ്മയുടെ തീവ്രവേദന. ഒന്നു ചുളുങ്ങാന്‍പോലും അനുവദിക്കാതെ ഞാന്‍ കാത്തുസൂക്ഷിച്ച പുസ്തകത്തിന്റെ പുറംചട്ടകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വക്കുകള്‍ കീറിപ്പറഞ്ഞിരുന്നു. പേജുകള്‍ ഇളകിപ്പറന്നിരുന്നു. അതെന്നെ അപരിചിതത്വത്തോടെ നോക്കി. ഇത് എന്റെ കുഞ്ഞല്ല, എന്റെ കുഞ്ഞല്ല എന്ന് എന്നിലെ മാതൃഹൃദയം നിലവിളിച്ചു. ''അമ്മ പറഞ്ഞിട്ടല്ലേ പുസ്തകം കൊടുത്തത്'' എന്നു ഞാന്‍ മടക്കയാത്രയില്‍ കണ്ണുനിറഞ്ഞു മുഖം വീര്‍പ്പിച്ചു. പുസ്തകം തിരിച്ചെടുക്കാന്‍ വേണ്ടിയാണ് ഈ വീട്ടില്‍ വരാന്‍ നീ നിര്‍ബന്ധിച്ചത്, അല്ലേ, എന്റെ മീരേ, നിന്റെ ഈ വൃത്തികെട്ട സ്വഭാവം!'' എന്ന് അമ്മ ശവത്തില്‍ കുത്തി. 

വിപി നായര്‍
വിപി നായര്‍

വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഞാന്‍ കുട്ടിയല്ലാതാകുകയും പത്രപ്രവര്‍ത്തകയാകുകയും ചെയ്തതിനു ശേഷം, കോട്ടയത്ത് ഡി.സി. ബുക്സിന്റെ ഷോറൂം അന്വേഷിച്ചു കണ്ടെത്തി. ഏറ്റവും പിന്നിലെ നിരയിലായിരുന്നു ബാലസാഹിത്യപുസ്തകങ്ങള്‍. - മാലികൃതികളുണ്ടോ ലോക കഥാമാലികയുണ്ടോ എന്നൊക്കെ ഞാന്‍ ആവേശഭരിതയായി. പക്ഷേ, ചോദിച്ച പുസ്തകങ്ങളില്‍ പലതും അവിടെയുണ്ടായിരുന്നില്ല. 
കാലം കഴിഞ്ഞു. എനിക്കും മകള്‍ ഉണ്ടായി. അവളും കഥ കേട്ടു തുടങ്ങി. ഞാന്‍ വീണ്ടും പുസ്തകക്കടകളില്‍ എത്തി. ഒരു തള്ളയാടിന്റെ ഏഴു മക്കളെ ആദ്യത്തേതു വളരെ വലുത്, രണ്ടാമത്തേതു കുറച്ചുകൂടി ചെറുത് - അടുക്കു ചെരുവം പോലെ എന്നു വിശേഷിപ്പിച്ച മാലിയുടെ ഉണ്ണിക്കഥകളുണ്ടോ? താറാക്കുഞ്ഞിന്റേയും കോഴിക്കുഞ്ഞിന്റേയും കഥയുള്ള റഷ്യന്‍ ബാലകഥകള്‍ ഉണ്ടോ? മാലി ഭാരതമുണ്ടോ? മാലി രാമായണവും മാലി ഭാഗവതവുമുണ്ടോ?
ഉണ്ടായിരുന്നില്ല. പഴയ വലിയ സമാഹാരങ്ങള്‍ അതേ ആകര്‍ഷകത്വത്തോടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു ചെറിയ ചെറിയ പുസ്തകങ്ങള്‍, പുതിയ പുറംചട്ടകളും പുതിയ ലിപികളും. ഇതല്ല, ഞാന്‍ പറഞ്ഞു, ഇതല്ല, ഞാന്‍ ഉദ്ദേശിച്ചത്. 

ഞാന്‍ ഉദ്ദേശിച്ചത് എന്റെ കുട്ടിക്കാലമായിരുന്നു. എന്നെ ആവേശിച്ചിരുന്ന വാക്കുകളും എന്നെ ആഹ്ലാദിപ്പിച്ചിരുന്ന കഥകളും. പ്രായം കൂടുമ്പോള്‍ നല്ല കാലത്ത് തങ്ങളെ ആനന്ദിപ്പിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ എല്ലാവര്‍ക്കും മോഹമുണ്ടാകുമായിരിക്കും. പുസ്തകങ്ങള്‍ അങ്ങനെയാണ്. അവ വായിക്കാന്‍ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താന്‍കൂടി ഉള്ളവയാണ്. പുസ്തകങ്ങള്‍ നമ്മളെ കേവലര്‍ അല്ലാതാക്കും. അവ നമുക്കു ചില്ലകള്‍ വളര്‍ത്തും. ആത്മാവില്‍ പുഷ്പങ്ങള്‍ വിടര്‍ത്തും. വായിക്കുമ്പോള്‍ നമ്മള്‍ മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. 
വായന മരിക്കുന്നു മരിക്കുന്നു എന്നു കേട്ടു തുടങ്ങിയിട്ടു കാലമേറെയായി. പക്ഷേ, വായന മരിച്ചിട്ടില്ല. മരിക്കുമെന്നു തോന്നുന്നതുമില്ല. കാരണം, കഥയുള്ളിടത്തോളം വായന നിലനില്‍ക്കും.  കഥ മനസ്സാണ് വായിക്കുന്നത്. അതിനു കാഴ്ചയോ കേള്‍വിയോ ആവശ്യമില്ല. ആരും എഴുതിയില്ലെങ്കിലും  കഥ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരുക തന്നെ ചെയ്യും. അതിന്റെ ആനന്ദത്തിനു പകരംവയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. 
വായന മരിക്കുകയില്ല. പക്ഷേ, പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യര്‍  ദാരുണമായി മരിച്ചുപോകും. 

സമോവറിന്റെ അര്‍ത്ഥം 

അഞ്ചാം ക്ലാസ്സില്‍ പ്രസംഗമത്സരത്തിന് രണ്ടാം സമ്മാനം കിട്ടിയപ്പോള്‍ അമ്മയുടെ കൂട്ടുകാരിയും ബോട്ടണി അദ്ധ്യാപികയുമായ ഗിരിജ ആന്റിയാണ് (ഗിരിജ ഉണ്ണിത്താന്‍) ആദ്യമായി ഒരു പുസ്തകം സമ്മാനം തന്നത്. മാര്‍ക്സിം ഗോര്‍ക്കിയുടെ 'അമ്മ.' അതു വായിക്കുകയും കരയുകയുമായിരുന്നു അന്നത്തെ പ്രധാന പരിപാടി. എന്നെ ഇടതുപക്ഷക്കാരിയാക്കിയത് ആ പുസ്തകമാണ് എന്നു തോന്നുന്നു. 

അതില്‍നിന്നാണ് ഞാന്‍ സമോവര്‍ എന്ന പദം പഠിച്ചത്. റഷ്യക്കാരുടെ ചായപ്പാത്രം എന്ന് അമ്മ പറഞ്ഞുതന്നു. വീട്ടില്‍ ചായ തിളപ്പിച്ചിരുന്നത് ഒരു വാല്‍പ്പാത്രത്തിലായിരുന്നു. അതുപോലെയൊന്ന് ഞാന്‍ മനസ്സില്‍ വരച്ചിട്ടു. പത്രപ്രവര്‍ത്തകയായതിനു ശേഷമാണ് ഞാന്‍ ഒരു സമോവര്‍ നേരില്‍ കണ്ടത്. മനസ്സില്‍ വരച്ചിട്ട ചിത്രമെവിടെ? യഥാര്‍ത്ഥ സമോവര്‍ എവിടെ?  
'അമ്മ' എന്ന പുസ്തകത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ ഓര്‍മ്മ അതിന്റെ വെളുത്ത് മിനുങ്ങുന്ന പുറംചട്ടയും മലയാള പുസ്തകങ്ങള്‍ക്ക് ഇല്ലാത്ത ഭംഗിയും കരുത്തുമുള്ള കടലാസിലെ അച്ചടിയുമായിരുന്നു. പില്‍ക്കാലത്ത് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ എന്റെ ഉല്‍ക്കണ്ഠ പുസ്തകങ്ങളുടെ കാര്യമോര്‍ത്തായിരുന്നു. അത്രയും ഭംഗിയുള്ള കടലാസില്‍ അടിച്ച അത്രയും വിലക്കുറവുള്ള പുസ്തകങ്ങള്‍ ഇനി മലയാളികള്‍ക്ക് എവിടെനിന്നു കിട്ടാനാണ്?

കെആര്‍ മീര. 1973ലെ ചിത്രം
കെആര്‍ മീര. 1973ലെ ചിത്രം

 
എല്ലാ ദിവസവും വായിച്ചിരുന്ന ഒരു പുസ്തകം കൂടിയുണ്ടായിരുന്നു വീട്ടില്‍ - പ്രഭാത് ബുക് ഹൗസ് പ്രസിദ്ധീകരിച്ചതാണെന്നു തോന്നുന്നു,  ബാലവിജ്ഞാനകോശം.  ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ചരിത്രവും ഒക്കെ പ്രതിപാദിക്കുന്ന പുസ്തകം.  ലളിതമായ ഭാഷ ആയിരുന്നതു കൊണ്ട് വായന രസമായിരുന്നു. ദിവസം ഓരോ പേജ് വച്ചു ഞാന്‍ മന:പാഠം പഠിച്ചിരുന്നു.  പില്‍ക്കാലത്ത് ക്വിസ് മത്സരങ്ങളില്‍ സമ്മാനം വാങ്ങാന്‍ ആ മന:പാഠം പഠിക്കല്‍ ഉപകരിച്ചു. 

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകപ്പെട്ടിയിലാണ് എന്നാണ് ഓര്‍മ്മ  - ഗലീലിയോ നാടകവും ഡാര്‍വിന്റെ കപ്പല്‍ യാത്രയും ഉണ്ടായിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളായിരുന്നു അവ.   ആ പുസ്തകപ്പെട്ടിയിലെ ചില പുസ്തകങ്ങള്‍  ഒന്നുകൂടി വായിക്കാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്. അതിലൊന്ന് ലോകത്തിലെ വിചിത്രമായ ആചാരങ്ങളും കാഴ്ചകളും ഒക്ക സംബന്ധിച്ചതാണ്. പില്‍ക്കാലത്ത് വീടു നഷ്ടപ്പെട്ടപ്പോള്‍ കൈമോശം വന്ന പുസ്തകങ്ങളില്‍ അവയും ഉള്‍പ്പെടുന്നു.

ഇവി കൃഷ്ണപിള്ള
ഇവി കൃഷ്ണപിള്ള


കിട്ടിയ കാലം മുതല്‍ ആവര്‍ത്തിച്ചു വായിച്ചിരുന്ന മറ്റു രണ്ടു പുസ്തകങ്ങള്‍ ഇ.വി. കൃതികളും സി.വി. കൃതികളുമായിരുന്നു.  അതും പ്രീ-പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ അമ്മ ബുക്ക് ചെയ്തു വാങ്ങിയവയാണ്.  ഇ.വി. കൃതികള്‍ എന്നാല്‍ ഇ.വി. കൃഷ്ണപിള്ളയുടെ കൃതികള്‍. മലയാളത്തിന്റെ സ്വാരസ്യം എനിക്ക് ഇ.വി. കൃതികളാണ് മനസ്സിലാക്കിത്തന്നത്. പിന്നെ സി.വി. രാമന്‍പിള്ളയുടെ നോവല്‍ ത്രയം. അധികമൊന്നും മനസ്സിലായില്ലെങ്കിലും എല്ലാം കുത്തിയിരുന്നു വായിച്ചു. 'രാമരാജബഹദൂര്‍' ആയിരുന്നു എനിക്ക് ഇഷ്ടപ്പെട്ട പുസ്തകം. വളരെ കഴിഞ്ഞാണ് 'മാര്‍ത്താണ്ഡവര്‍മ്മ'യും 'ധര്‍മ്മരാജ'യും വായിച്ചു രസിക്കാന്‍ സാധിച്ചത്. 

സിവി രാമന്‍പിള്ള
സിവി രാമന്‍പിള്ള


മുതിര്‍ന്നവരുടേതായി വളരെ കുറച്ചു പുസ്തകങ്ങളേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കേരളശബ്ദവും മലയാളനാട് മാസികയും ആയിരുന്നു പ്രധാന ആനുകാലികങ്ങള്‍.  മാധവിക്കുട്ടിയുടെ എന്റെ കഥ പ്രസിദ്ധീകരിച്ചതു മുതലാണ് മലയാള നാട് വരുത്തിയിരുന്നത് എന്നു തോന്നുന്നു.  കേരളശബ്ദം വരുത്തിയിരുന്നത് മറ്റൊരു കാരണത്താലാണ്. അതിന്റെ  സ്ഥാപക എഡിറ്റര്‍ മുന്‍ എം.പി. വി.പി. നായര്‍ ഞങ്ങളുടെ അയല്‍ക്കാരനായിരുന്നു. ഇന്ത്യയുടെ ഒന്നാമത്തേയും രണ്ടാമത്തേയും പാര്‍ലമെന്റുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര എം.പി. ആയിരുന്നു അദ്ദേഹം. വലിയൊരു കൊമ്പന്‍ മീശ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ മീശയപ്പൂപ്പന്‍ എന്നു വിളിച്ചു. 

കായല്‍ത്തീരത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു ശാസ്താംകോട്ടയില്‍ വന്നപ്പോള്‍ പ്രകൃതിഭംഗി കണ്ടു മനംമയങ്ങി സ്ഥലം വാങ്ങി പണിത വീടാണ്. പേര് തിലക് ഭവന്‍.  ശാസ്താംകോട്ടയിലെ ആദ്യ കോണ്‍ക്രീറ്റ് വീട്.  അതുകൊണ്ടു നാട്ടുകാരെല്ലാം ആ വീടിനെ 'കെട്ടിടം' എന്നാണു വിളിച്ചിരുന്നത്. ആ വീട്ടില്‍ വച്ചാണ് ഒരു ദിവസം ഞാന്‍ അവിശ്വസനീയമായ ഒരു സത്യം  മനസ്സിലാക്കിയത്. മാലി കൃതികളുടെ കര്‍ത്താവ് മാലിയമ്മാവന്‍ മീശയപ്പൂപ്പന്റെ അനിയനാണ്! ഞാന്‍ പച്ചജീവനോടെ കാണുന്ന രണ്ടാമത്തെ എഴുത്തുകാരന്‍ വി. മാധവന്‍ നായര്‍ എന്ന മാലിയാണ്. 

ആദ്യത്തെയാള്‍ ഒരു സ്ത്രീയായിരുന്നു. മേല്‍വിവരിച്ച പുസ്തകങ്ങള്‍ കൂടാതെ എന്റെ വീട്ടിലുണ്ടായിരുന്ന മറ്റെല്ലാ കഥാ പുസ്തകങ്ങളുടേയും സ്രഷ്ടാവ്.  വായിക്കാന്‍ പഠിച്ച കാലം മുതല്‍ പുസ്തകത്തിന്റെ പുറംചട്ടകളില്‍ ഞാന്‍ ആവേശത്തോടെ കൂട്ടിവായിച്ച ഒരു പേര്- എം.ഡി. രത്‌നമ്മ. 

സാഹിത്യത്തിന്റെ ഒരു മുകുളം 

എം.ഡി. രത്‌നമ്മ എന്റെ അമ്മയുടെ സ്‌കൂള്‍, കോളേജ് കാലം മുതലുള്ള സഹപാഠിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വേരുപിടിച്ച കാലത്ത് അതില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് എന്റെ അപ്പൂപ്പന്‍ എ.ജി. നാരായണപിള്ളയും രത്‌നമ്മ ടീച്ചറുടെ അച്ഛന്‍ കവി പൊന്‍കുന്നം ദാമോദരനും. പി.കെ. ചന്ദ്രാനന്ദന്‍ അമ്മയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു. പി.കെ. ചന്ദ്രാനന്ദന്‍ വിവാഹം കഴിച്ച ഭദ്രാമ്മ ടീച്ചറിന്റെ വീട്ടിലാണ് രത്‌നമ്മ ടീച്ചറും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് എന്തു മീറ്റിങ്ങ് നടക്കുമ്പോഴും ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ ബഹളം വച്ചാലുടന്‍ രത്‌നമ്മ ടീച്ചറിനെ പാടാന്‍ വിളിച്ചിരുന്നു എന്ന് അമ്മ പറയാറുണ്ട്. ടീച്ചര്‍ മൈക്കിനു മുന്‍പില്‍ വന്നു നില്‍ക്കുമ്പോള്‍ ഓഡിറ്റോറിയം നിശ്ശബ്ദമാകും. ടീച്ചര്‍ അന്നു പാടിയിരുന്ന ഹിന്ദി പാട്ടുകള്‍ അമ്മ കൃത്യമായി ഓര്‍ത്തു പറയും. 

ഒരുപാടു സാദൃശ്യങ്ങളുണ്ടായിരുന്നു, അമ്മയും രത്‌നമ്മ ടീച്ചറും തമ്മില്‍. അവരായിരുന്നു ഡി.ബി. കോളേജിലെ അദ്ധ്യാപകരില്‍ ഏറ്റവും ദരിദ്രര്‍. സ്വാതന്ത്ര്യ സമരവും കോണ്‍ഗ്രസ് പ്രവര്‍ത്തനവും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കലും ഒക്കെ പൂര്‍ത്തിയാക്കിയപ്പോഴേക്ക് അപ്പൂപ്പന്റെ കരിമ്പിന്‍ തോട്ടവും നെല്‍പ്പാടവും  തിരുവല്ലയിലെ വീടും അമ്മൂമ്മയുടെ ചങ്ങനാശ്ശേരിയിലെ വീടും ഒക്കെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എന്റെ അച്ഛന്‍ ഒരു സൗന്ദര്യാരാധകന്‍ ആയിരുന്നതുകൊണ്ട് സ്വന്തമായി വീടോ അഞ്ചു പൈസ സ്ത്രീധനമോ ഇല്ലെങ്കിലും അമ്മയുടെ കല്യാണം നടന്നു. സൗന്ദര്യത്തോടൊപ്പം പ്രതിഭയും ഉണ്ടായിരുന്നതിനാല്‍ രവിസാറിനെപ്പോലെ ഒരു സ്‌നേഹധനനെ ടീച്ചറിനും കിട്ടി. ഒരിക്കലും തീരാത്ത കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയിലാണ് അവര്‍ ഇരുവരും വീടും സ്ഥലവും വാങ്ങിയതും കോളേജ് അദ്ധ്യാപകരുടെ സമൂഹത്തില്‍ 'ഫിറ്റ് ഇന്‍' ആകാന്‍ യത്‌നിച്ചതും. എനിക്ക് ഓര്‍മ്മയുള്ള കാലം മുതല്‍ അമ്മയും ടീച്ചറും ഒന്നിച്ചാണ് യാത്രകള്‍. ഭൂപണയ ബാങ്കില്‍നിന്ന് ലോണ്‍ എടുക്കാനാണെങ്കിലും കെ.എസ്.എഫ്.ഇ. ചിട്ടി പിടിക്കാനാണെങ്കിലും ടീച്ചറിന് എസ്.പി.സി.എസിലോ 'ജനയുഗ'ത്തിലോ 'കുങ്കുമ'ത്തിലോ പോകാനാണെങ്കിലും അമ്മ കൂടെയുണ്ടാകും. 

കോളേജില്‍ എല്ലാ ദിവസവും കാണുന്നത് കൂടാതെ ആഴ്ചയിലൊരിക്കല്‍ ടീച്ചര്‍ ഞങ്ങളുടെ വീടും അമ്മ ടീച്ചറിന്റെ വീടും സന്ദര്‍ശിക്കും. ടീച്ചറിന്റെ വീട്ടില്‍ പോകാന്‍ എനിക്ക് ഇഷ്ടമാണ്. ടീച്ചറും ടീച്ചറിന്റെ അമ്മയും എഴുത്തുകാരന്‍ കൂടിയായ സഹോദരന്‍മാര്‍ എം.ഡി. അജയഘോഷ് എന്ന അജയന്‍ മാമയും നിന്റെ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടി തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ എഴുതിയ എം.ഡി. രാജേന്ദ്രന്‍ എന്ന രാജന്‍ മാമയും ഒക്കെ ചേരുമ്പോള്‍ എത്ര നേരം ഇരുന്നാലും മടുപ്പു തോന്നുന്ന പ്രശ്‌നമില്ല. 'ഒരമ്മ പെറ്റവരെല്ലാം എഴുത്തുകാര്‍' എന്ന സ്ഥിതിയായതിനാല്‍   അവിടെ ലോകത്തുള്ള എല്ലാ പത്രമാസികകളും പുസ്തകങ്ങളും ഉണ്ടായിരുന്നുതാനും.   

ടീച്ചര്‍ ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ മക്കള്‍ കൂടെ വരാറില്ല. കാരണം അമ്മയ്ക്കു രണ്ട് പെണ്‍മക്കള്‍ ആണെങ്കില്‍ ടീച്ചറിന് രണ്ട് ആണ്‍മക്കളാണ്- സുധീറും ദീപാങ്കുരനും. സുധിയും ഞാനും ഒരേ പ്രായമാണ്. ഞങ്ങള്‍ തമ്മില്‍ നോക്കുകയോ മിണ്ടുകയോ ചെയ്തിരുന്നില്ല.  കാരണം, അതായിരുന്നു ഞങ്ങളുടെ നാട്ടാചാരം. എനിക്കു സുധിയോട് കുറച്ചു ശത്രുതയും ഉണ്ടായിരുന്നു. കാരണം, സുധിക്കു കണക്കിനും സയന്‍സിനും അമ്പതില്‍ അമ്പതും കിട്ടും. സ്‌കോളര്‍ഷിപ്പ് പരീക്ഷയാകട്ടെ, നാഷനല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷയാകട്ടെ, സുധിയും ദീപുവും ഒന്നാമതായി പാസ്സാകും. ഞാന്‍ എത്ര തലകുത്തി നിന്നു ശ്രമിച്ചിട്ടും കാര്യമില്ല.  കണക്കിലും സയന്‍സിലും മാര്‍ക്ക് ചോരും. മകളെ ലോകമറിയുന്ന ഡോക്ടറും സയന്റിസ്റ്റും ആക്കുന്നതു സ്വപ്നം കണ്ടു നടന്ന അച്ഛന്റെ  ശകാരം കേള്‍ക്കുകയും ചെയ്യും. 

എംഡി രത്‌നമ്മ ലേഖികയുടെ അമ്മൂമ്മയോടും അമ്മയോടുമൊപ്പം
എംഡി രത്‌നമ്മ ലേഖികയുടെ അമ്മൂമ്മയോടും അമ്മയോടുമൊപ്പം


സമരമുള്ള ദിവസങ്ങളില്‍ അല്ലെങ്കില്‍ അവധി ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷം - അപ്പോഴാണ് ടീച്ചര്‍ സന്ദര്‍ശിക്കാറുള്ളത്. അമ്മയും ടീച്ചറും മുന്‍വശത്തെ മുറിയില്‍ ഇരുന്നു സംസാരിക്കും.  കാക്കനാടനും കമല ദാസും  എം.ടിയും ടി. പത്മനാഭനും ഇ.എം.എസും എ.കെ.ജിയും കാമ്പിശേരിയും ഒ.എന്‍.വിയും സുഗതകുമാരിയും ഡി.സി. കിഴക്കേമുറിയും മുതല്‍ കോളേജിലേയും നാട്ടിലേയും ഗോസിപ്പുകള്‍ വരെ ചര്‍ച്ചാവിഷയമാകും. ചിലപ്പോഴൊക്കെ ലീലാമ്മച്ചി എന്നു ഞാന്‍ വിളിച്ചിരുന്ന ലീലാമ്മ ടീച്ചറും കാണും. ഇപ്പുറത്തെ മുറിയിലോ അതേ മുറിയില്‍ ഒരറ്റത്തോ ഇരുന്നു ഞാന്‍ ഇതൊക്കെ പിടിച്ചെടുക്കും. ടീച്ചറിനോടൊപ്പമുള്ള ഓരോ യാത്രകഴിഞ്ഞു വരുമ്പോഴും ടീച്ചറുടെ ഏതെങ്കിലും വായനക്കാരിയേയോ വായനക്കാരനെയോ കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള ഒരു കഥയെങ്കിലും അമ്മ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിസ്തരിക്കും.  അമ്മ പറഞ്ഞു പറഞ്ഞു ടീച്ചര്‍ എന്റെ വലിയ ആരാധനാപാത്രമായി. എഴുത്തുകാരിയാകുന്നതിനേക്കാള്‍ മഹത്വമുള്ളതായി ലോകത്തൊന്നും ഇല്ല എന്ന് എനിക്കു തീര്‍ച്ചയായി.

അങ്ങനെ, ഞാന്‍ അഞ്ചാറു വയസ്സായപ്പോള്‍ത്തന്നെ കഥകള്‍ എഴുതാന്‍ ശ്രമം തുടങ്ങി. അമ്മയ്ക്ക് എന്നോടും കുറച്ചു മതിപ്പു തോന്നണമല്ലോ. ഒരു കഥ വായിച്ചാലുടന്‍ എന്റെ മനസ്സില്‍ ആയിരം കഥ വരും. പക്ഷേ, എഴുതാനിരിക്കുമ്പോള്‍ ആയിരവും ആവിയാകും. വീണ്ടും  എഴുതിത്തുടങ്ങും. മുടങ്ങിപ്പോകും. പകുതിയായ കഥകള്‍ എന്റെ നോട്ട്ബുക്കുകളില്‍നിന്ന് അമ്മ കണ്ടെടുക്കുകയും വായിച്ച് ആനന്ദിക്കുകയും ചെയ്യും. അമ്മ എന്റെ കഥ വായിക്കുക മാത്രമല്ല, ലീലാമ്മച്ചിയേയും രത്‌നമ്മ ടീച്ചറിനേയും കെട്ടിടത്തിലമ്മ എന്ന ലളിത പി. നായരേയും  വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും. അവരെല്ലാവരും എന്നെ അകമഴിഞ്ഞ് അഭിനന്ദിക്കും. ഞാന്‍ അന്തരീക്ഷത്തില്‍ പൊങ്ങിപ്പറന്നു നടക്കും. 

പാതി സങ്കല്പവും പാതി യുക്തിയുമാണ് ഓരോ കഥയും. മനുഷ്യരും അങ്ങനെ തന്നെ. അങ്ങനെ നോക്കുമ്പോള്‍ നമ്മളെല്ലാം ഓരോ കഥകളാണ്. പാതി സങ്കല്പവും ബാക്കി യുക്തിയും. 

മൈസൂര്‍ യാത്ര

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പൂര്‍ണ്ണ രചന.  അത് ഒരു യാത്രാവിവരണമായിരുന്നു. മൈസൂറിലേക്കായിരുന്നു അക്കൊല്ലത്തെ സ്‌കൂള്‍ വിനോദയാത്ര. സാധാരണ അഞ്ചാം ക്ലാസ്സിലെ പീക്കിരിപ്പിള്ളേരെയൊന്നും കൊണ്ടുപോകാറില്ല. എങ്കിലും,  യാത്രയ്ക്കു പേരു കൊടുക്കാന്‍ എന്നോട് അദ്ധ്യാപകര്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, അച്ഛന്‍ അനുവദിക്കണമല്ലോ.  അവസാന ദിവസം വരെ അച്ഛന്‍ തീരുമാനം നീട്ടിനീട്ടി വച്ചു. യാത്രയുടെ തലേന്നു മാത്രമാണ് പച്ചക്കൊടി കിട്ടിയത്.  രണ്ട് നിബന്ധനകള്‍ ഉണ്ടായിരുന്നു. ഒന്ന് അടുത്ത പരീക്ഷയ്ക്ക് കണക്കിനും സയന്‍സിനും ഫസ്റ്റ് വാങ്ങണം. രണ്ട്, പോയിട്ടു വരുമ്പോള്‍ യാത്രാവിവരണം എഴുതിക്കാണിക്കണം. 

വാക്കു കൊടുത്താല്‍ അതു പാലിക്കണമല്ലോ.  തിരിച്ചു വന്നതും ഞാന്‍ യാത്രാവിവരണം എഴുതി. രത്‌നമ്മ ടീച്ചറിന്റെ 'ആദിമധ്യാന്തങ്ങള്‍' എന്ന നോവല്‍ പുസ്തകമായി ഇറങ്ങിയ കാലമാണ്. അതു വായിച്ച് ഞാന്‍ അതിന് അടിപ്പെട്ടുപോയിരുന്നു. അതിലെ 'കണ്ണാടിയില്‍ കണ്ട ഞാന്‍ എത്രയോ മാറിപ്പോയി' എന്ന് അര്‍ത്ഥം വരുന്ന വാക്യം എന്റെ മനസ്സില്‍ തറച്ചിരുന്നു. അതു ഞാന്‍ എന്റെ യാത്രാവിവരണത്തിലും ഫിറ്റ് ചെയ്തു. യാത്രാവിവരണമാണെങ്കിലും എഴുതിത്തുടങ്ങിയപ്പോള്‍ അതൊരു കഥയായി. എന്റെ ജീവിതം ഞാന്‍ കുറച്ചൊന്നു മാറ്റിയെഴുതി. ഞാനൊരു കാല്പനിക നായികയായി. ദു:ഖിതയും അതീവ സൗശീലവതിയും ആയ ഒരു നായിക. 

ഏതായാലും എന്റെ യാത്രാവിവരണം ഞങ്ങളുടെ വീട്ടിലും പ്രാന്തപ്രദേശങ്ങളിലും വന്‍ വിജയമായിരുന്നു. അമ്മ അത് ആവേശത്തോടെ രത്‌നമ്മ ടീച്ചറേയും ലീലാമ്മച്ചിയേയും കെട്ടിടത്തിലമ്മയേയും വായിച്ചുകേള്‍പ്പിച്ചു. ''മീരക്കുട്ടീ എന്തൊക്കെയാ ഈ എഴുതിവച്ചിരിക്കുന്നത്'' എന്ന് ആശ്ചര്യപ്പെട്ട് ലീലാമ്മച്ചി പതിവുപോലെ ഉമ്മകള്‍കൊണ്ടു മൂടി. ''മോള്, എത്ര ഭംഗിയായി എഴുതിയിരിക്കുന്നു'' എന്ന് കെട്ടിടത്തിലമ്മ വിനയലാളിത്യത്തോടെ അഭിപ്രായപ്പെട്ടു. രത്‌നമ്മ ടീച്ചര്‍ എന്തു പറയുന്നു എന്നു കേള്‍ക്കാനായിരുന്നു എന്റെ ഉല്‍ക്കണ്ഠ. ''മീര എഴുത്തുകാരിയായി തീര്‍ന്നിരിക്കുന്നു'' എന്നോ മറ്റോ ആണ് ടീച്ചര്‍ പറഞ്ഞത്. ഇതുപോരാഞ്ഞ് അമ്മ ആ നോട്ട്ബുക്ക് കോളേജിലും കൊണ്ടുപോയി. ഡിപ്പാര്‍ട്ട്മെന്റിലെ സഹപ്രവര്‍ത്തകരേയും കാണിച്ചു.  വായനയുടേയും എഴുത്തിന്റേയും കാര്യത്തില്‍ അമ്മയ്ക്ക് വലിയ മതിപ്പുള്ള ആളാണ് തുമ്പമണ്‍ രവിസാര്‍. രവിസാര്‍ നല്ലതാണെന്നു പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. രവിസാര്‍ നല്‍കിയ  ആത്മവിശ്വാസത്തില്‍ അമ്മ അത് അന്നു പ്രിന്‍സിപ്പല്‍ ആയിരുന്ന എം.ആര്‍.ടി. നായര്‍സാറിനേയും കാണിച്ചിട്ടുണ്ടാകണം. സഹപ്രവര്‍ത്തകയുടെ മകളല്ലേ, അഞ്ചില്‍ പഠിക്കുന്ന കുട്ടിയല്ലേ, സുജനമര്യാദകൊണ്ട് എല്ലാവരും നല്ലതല്ലേ പറയൂ. പക്ഷേ, അമ്മ അതൊക്കെ സീരിയസ് ആയെടുത്തു, ഞാനും. ''ഇതൊക്കെ എന്ത്'' എന്ന മട്ടില്‍  എല്ലാ അഭിനന്ദനങ്ങളും ഞാന്‍ ഹൃദയവിശാലതയോടെ സ്വീകരിച്ചു.  

കെആര്‍ മീര, അച്ഛന്‍, സഹോദരി താര എന്നിവര്‍ ഡാന്‍സ് മാസ്റ്റര്‍ ആനന്ദനോടൊപ്പം (ഇടത് നിന്ന് രണ്ടാമത്)
കെആര്‍ മീര, അച്ഛന്‍, സഹോദരി താര എന്നിവര്‍ ഡാന്‍സ് മാസ്റ്റര്‍ ആനന്ദനോടൊപ്പം (ഇടത് നിന്ന് രണ്ടാമത്)


അതിന്റെ ബലത്തില്‍,   അക്കൊല്ലം  സ്‌കൂള്‍ ആനിവേഴ്സറിക്ക് കഥാരചനാ മത്സരത്തിനു ചേര്‍ന്നു. എനിക്ക് ഒന്നാം സമ്മാനം കിട്ടി. പിന്നീട്, സ്‌കൂള്‍ വിടുന്നതുവരെ കഥയ്ക്കും കവിതയ്ക്കും ഉപന്യാസത്തിനും പ്രസംഗത്തിനും ചിത്രരചനയ്ക്കും ഞാനല്ലാതെ മറ്റൊരാളും ഒന്നാമതെത്തിയിട്ടില്ല. ഓരോ സമ്മാനത്തിനും ശേഷം വീട്ടില്‍ ഞാന്‍ നിരന്തരം കഥകള്‍ എഴുതി. എന്തൊക്കെയോ എഴുതിത്തീര്‍ക്കാന്‍ ഉണ്ടെന്ന തോന്നല്‍ സദാ എന്നെ അലട്ടി.  നോക്കുന്നിടത്തെല്ലാം കഥകളുണ്ട്. പക്ഷേ, എഴുതാനിരിക്കുമ്പോള്‍ എല്ലാം കൂടി ഒന്നേയുള്ളൂ- സുന്ദരിയും സുശീലയുമായ ഒരു അഞ്ചാം ക്ലാസ്സുകാരിയുടെ നന്മയുടെ വിജയം.  ചിലപ്പോഴൊക്കെ ആദ്യത്തെ രണ്ടോ മൂന്നോ വാക്യങ്ങള്‍ എഴുതും. പിന്നൊരു ബ്ലോക്ക് വരും. നമ്മളിങ്ങനെ മനസ്സില്‍ കഥാദേവതയെ ആവാഹിക്കാന്‍ ഉപാസന നിര്‍വ്വഹിക്കുമ്പോള്‍  അരസികനായ പിതാശ്രീ രംഗപ്രവേശം ചെയ്യും. ''നിനക്ക് പഠിക്കാനൊന്നുമില്ലേ, കഴിഞ്ഞ പരീക്ഷയ്ക്ക് സയന്‍സിനെത്രയായിരുന്നു, കണക്കിന് എത്രയായിരുന്നു'' എന്നൊക്കെ ചോദിച്ച് മനസ്സു മടുപ്പിക്കും. 
അടുത്തകാലത്ത് അനിയത്തിയുമായി കുട്ടിക്കാലത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു:
''ഞാന്‍ പടം വരയ്ക്കുന്നതേ അച്ഛനു കലിയായിരുന്നു.''
അവള്‍ പറഞ്ഞു:
''പടത്തോടല്ല അക്കേ, ഇയാളുടെ സ്വാതന്ത്ര്യബോധത്തോടായിരുന്നു അച്ഛന്റെ കലി.'' 

ചുവന്ന കര മുണ്ടും 
വെളുത്ത ബ്രായും
 

സാഹിത്യരചനയില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അച്ഛന്‍ ആയിരുന്നില്ല. അത് മേല്‍പ്പറഞ്ഞവള്‍ തന്നെയായിരുന്നു. എന്റെ ഒരേ ഒരു അനിയത്തി - താര. അവളായിരുന്നു വീട്ടിലെ താരം. അവളാണ് ഇപ്പോഴും താരം.  അവളും എന്നെപ്പോലെ തന്നെ കാലേകൂട്ടി അക്ഷരം പഠിച്ചു - എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ്. ഞാന്‍ വായിക്കുന്ന പുസ്തകങ്ങളൊക്കെ വായിച്ചു - അതും എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം. അവള്‍ വായിക്കുമെന്നു മാത്രമല്ല, വായിച്ചതൊക്കെ ഓര്‍ത്തുവയ്ക്കുകയും കൃത്യസ്ഥലത്ത് കൃത്യമായി ഉദ്ധരിച്ച് നമ്മളെ ഐസാക്കുകയും ചെയ്യും. ബാലരമയും ബാലയുഗവും പൂമ്പാറ്റയും വരുന്ന ഒന്നാം തീയതി  പത്രക്കാരന്‍ മാമന്റെ സൈക്കിള്‍ ബെല്ലിനു കാതോര്‍ത്തു ഞാന്‍ മുന്‍വശത്തു കാത്തിരിക്കും. തുറന്നു വായിച്ചു തുടങ്ങുമ്പോള്‍ അവളെത്തും. പിന്നെ പിടിവലിയായി. വഴക്കായി. ''മീരയ്ക്കു നാണമില്ലേ, ഒരു കൊച്ചു കൊച്ചിനോടു വഴക്കിടാന്‍'' എന്ന് അമ്മയുടെ ശകാരമായി.  

അതിനേക്കാള്‍ ശല്യം ഞാന്‍ എഴുതാനിരിക്കുമ്പോഴായിരുന്നു. നമ്മളിങ്ങനെ കഥാബീജത്തെ നട്ടുപിടിപ്പിച്ച് മനനം ചെയ്ത് ഐശ്വര്യമായി ആദ്യത്തെ ഒരു വാക്യം എഴുതിത്തീര്‍ക്കുമ്പോഴാണ് ചെവിക്കു തൊട്ടു കീഴെ പടക്കം പൊട്ടിക്കുന്നതുപോലെ ''മീരച്ചേച്ചീ, ഇയാളെന്തൊരു മണ്ടത്തരമാടേ ഈ എഴുതി വച്ചിരിക്കുന്നത്'' എന്ന ചോദ്യം. ശബ്ദമുണ്ടാക്കാതെ പിന്നില്‍വന്ന് ഞാന്‍ എഴുതുന്നതും കാത്തിരിക്കുകയായിരുന്നു അവള്‍ എന്നു ബോധ്യപ്പെടുമ്പോള്‍ എന്റെ കണ്‍ട്രോള്‍ വിടും. പിന്നെ അടിയായി, പിടിയായി, പിച്ചായി, മാന്തായി, രണ്ടു കുട്ടിക്കുരങ്ങുകളുടെ പിടിവലിയില്‍ കഥാലതിക വേരോടെ പിഴുതുപോകുകയുമായി. അവള്‍ അക്ഷരം പഠിച്ചതില്‍പ്പിന്നെ ഞാന്‍ മനസ്സമാധാനത്തോടെ രണ്ടക്ഷരം വായിച്ചത് ഒന്നുകില്‍ ഞാന്‍ കുന്നത്തൂരിലുള്ള അച്ഛന്‍ വീട്ടില്‍ പോകുമ്പോള്‍. അല്ലെങ്കില്‍ അവള്‍ തിരുവല്ലയില്‍ അമ്മ വീട്ടില്‍ പോകുമ്പോള്‍. 

ഇങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ പലതും ഉണ്ടായിരുന്നു.  പക്ഷേ,  ഞാന്‍ കഥകളും ഏഴാം ക്ലാസ്സ് ഒക്കെയായപ്പോള്‍ കവിതകളും നിരന്തരം നിര്‍ഭയം എഴുതി. എല്ലാം ദു:ഖം നിറഞ്ഞതായിരുന്നു. അതിലേറെ കാല്പനികമായിരുന്നു. അന്നു മുതലേ ഈ ലോകത്തിന്റെ അവസ്ഥയില്‍ എനിക്കു തികഞ്ഞ നിരാശയും ഖിന്നതയും ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാന്‍ എന്റെ കഥകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ എന്ന ഉറച്ച ബോധ്യവുമുണ്ടായിരുന്നു.
 അങ്ങനെ ഞാന്‍ അഞ്ചും ആറും ഏഴും ക്ലാസ്സുകള്‍ പിന്നിട്ട് എട്ടാം ക്ലാസ്സില്‍ എത്തി. മുതിര്‍ന്ന കുട്ടിയായി. ഭാരതീയ സംസ്‌കാരത്തിന് ഒരു പോറലും ഏല്‍ക്കരുത് എന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു.  അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. ഇറക്കം കുറഞ്ഞ പാവാട ഇട്ടുകൂടാ. മുല്ലപ്പൂ ചൂടിക്കൂടാ. അണിഞ്ഞൊരുങ്ങിക്കൂടാ.

ആണ്‍കുട്ടികളെ നോക്കിക്കൂടാ. അവരോടു മിണ്ടിക്കൂടാ. പ്രേമിച്ചു കൂടേ കൂടാ.   എഴുത്തുകാരിയാകുന്നതിനു പുറമെ, നര്‍ത്തകിയാകുന്ന കാര്യവും ഞാന്‍ പരിഗണിച്ചിരുന്നു. അണിഞ്ഞൊരുങ്ങാനുള്ള ഇഷ്ടം കൊണ്ടാകാം. നൃത്തകലയ്ക്കു ഞാന്‍ ഒരു സംഭാവനയാണ് എന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു. സത്യാവസ്ഥ നൃത്തം പഠിപ്പിച്ച ആനന്ദന്‍ മാസ്റ്റര്‍ക്കു മാത്രം അറിയാം. ഏതായാലും എട്ടാം ക്ലാസ്സില്‍ എത്തിയതും  ആ സ്വപ്നവും പൊലിഞ്ഞു. ഡാന്‍സ് അച്ഛന്‍ നിര്‍ത്തി. ജീവിതം അകത്തളത്തിലായി. മൊത്തത്തില്‍ ആര്‍ഷ ഭാരത ശാലീനസുന്ദരിയായി.  എല്ലാ ശാലീനസുന്ദരിമാര്‍ക്കും വിധികല്പിതമായ കവിതാരചനയിലേക്കു ഞാന്‍ തിരിഞ്ഞു. അതിനു പ്രധാന പ്രേരണയായത് സ്‌കൂള്‍ ആനിവേഴ്സറിക്കു സമ്മാനമായി കിട്ടിയ കവിതാ പുസ്തകങ്ങളായിരുന്നു. ഒ.എന്‍.വി. സാറിന്റെ 'ഉപ്പും' 'കറുത്ത പക്ഷിയുടെ പാട്ടും' എസ്. രമേശന്‍ നായരുടെ 'മത്സ്യഗന്ധിയും.'  മാത്രമല്ല, കവിതാരംഗത്ത് കോംപറ്റീഷന്‍ കുറവാണ് എന്ന കണക്കുകൂട്ടലില്‍ കവിതയെഴുതി പേരെടുക്കുകയാണ് എളുപ്പം എന്നും ഞാന്‍ ധരിച്ചുവശായി. പിന്നെ വൈകിയില്ല. കാവ്യരചനയ്ക്കു സ്വയം സമര്‍പ്പിച്ചു. അതിനു വളം വയ്ക്കാന്‍ പെരുന്ന വിജയന്‍ ചേട്ടന്‍ രംഗപ്രവേശം ചെയ്യുകയും ചെയ്തു.
പേരു സൂചിപ്പിക്കുന്നതുപോലെ ചങ്ങനാശ്ശേരി പെരുന്നയില്‍ നിന്നായിരുന്നു വിജയന്‍ ചേട്ടന്റെ വരവ്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ അദ്ധ്യാപകനായി എത്തിയതാണ്. ചരിത്രം ആയിരുന്നു വിഷയം. പക്ഷേ, താല്പര്യം സാഹിത്യത്തിലും നാടകത്തിലുമായിരുന്നു. എന്റെ ചിറ്റപ്പന്റെ അനന്തരവന്‍ എന്ന നിലയില്‍ ബന്ധുവും.  ശാസ്താംകോട്ടയില്‍ ഞാന്‍ കണ്ടുമുട്ടിയ ആദ്യത്തെ സാഹിത്യ ബുദ്ധിജീവിയായിരുന്നു വിജയന്‍ ചേട്ടന്‍. അമ്മയും രത്‌നമ്മ ടീച്ചറും ''എം.ടി, പത്മനാഭന്‍, മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജ്ജനം, കാക്കനാടന്‍, പൊന്‍കുന്നം വര്‍ക്കി''  എന്നൊക്കെ പറയുന്നിടത്ത്  വിജയന്‍ ചേട്ടന്‍ ഒ.വി. വിജയന്‍, എം. മുകുന്ദന്‍, വി.കെ.എന്‍. തുടങ്ങിയവരെക്കുറിച്ചു സംസാരിച്ചു. മാത്രമല്ല, യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സമ്മാനം കിട്ടുന്ന നാടകങ്ങള്‍ എഴുതുകയും ചെയ്തു. 
വിജയന്‍ ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. ഒരു ദിവസം വന്നത്  ഒരു ലിറ്റില്‍ മാസിക തുടങ്ങാന്‍ പോകുന്ന വിവരം അറിയിക്കാനാണ്. ''മീര എഴുതിയതെന്തെങ്കിലും ഉണ്ടോ'' എന്നു ചോദിച്ചു. വിജയന്‍ ചേട്ടനാണ് എന്നോട് ഒരു സാഹിത്യസൃഷ്ടി ചോദിച്ചു വാങ്ങിയ ആദ്യത്തെ എഡിറ്റര്‍. ആദ്യത്തെ പ്രസാധകനും അദ്ദേഹം തന്നെ. വിജയന്‍ ചേട്ടന്റെ ചോദ്യം  കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ അകത്തുപോയി എന്റെ കവിതാ ബുക്ക് കൊണ്ടുവന്നു. അഞ്ചാറു കവിതകള്‍ ഉണ്ടായിരുന്നു.  വിജയന്‍ ചേട്ടന്‍ അതുമായി പോയി. കുറച്ചു ദിവസം കഴിഞ്ഞ് എട്ടു പത്തു പേജുള്ള മാസികയുമായി കടന്നുവന്നു. 'മുദ്ര' എന്നായിരുന്നു പ്രസിദ്ധീകരണത്തിന്റെ പേര്. അതില്‍ എന്റെ 'കാലികള്‍' എന്ന മഹത്തായ രചന പ്രസിദ്ധീകരിച്ചിരുന്നു. 
''മുന്നോട്ടു നീണ്ടുപോം പാതയിലൂടെ ഞാന്‍ 
മാനത്തിന്‍ ചോപ്പും വീക്ഷിച്ചന്തിയില്‍ നടക്കവേ
മുന്‍പില്‍ ഞാന്‍ കണ്ടൊരു ദയനീയ രംഗമെന്‍
മനസ്സിനെ നടുക്കിയ ഭീകരമാം രംഗം''
അത്രയുമേ എനിക്ക് ഈ സന്ദര്‍ഭത്തില്‍ വെളിപ്പെടുത്താന്‍ ധൈര്യമുള്ളൂ.  പക്ഷേ, ആദ്യാക്ഷര പ്രാസത്തില്‍ കടുകിടെ വിട്ടുവീഴ്ചയില്ലാത്ത കാവ്യശില്പമായിരുന്നു. അടിമുടി ദാര്‍ശനികത ഓളം വെട്ടിയിരുന്നു. 
നമ്മുടെ പേരൊക്കെ കണ്ട് ഒന്നു കണ്ണുനിറയെ സന്തോഷിക്കാന്‍ തുടങ്ങുമ്പോഴേക്ക് താര കടന്നു വരികയായി. ''എനിക്കു പദ്യപാരായണത്തിനു ചൊല്ലാന്‍ ഒരു കവിതയില്ലാതെ വിഷമിക്കുകയായിരുന്നു''   എന്ന് പറഞ്ഞ് അവള്‍ അതു പിടിച്ചുവാങ്ങി.  തുടര്‍ന്ന്  എന്റെ ഹൃദയത്തെ തകര്‍ത്തുകൊണ്ട് കരാളമായ ശബ്ദത്തില്‍ പാരായണം ആരംഭിച്ചു.  ആദ്യം, മലയാളം ക്ലാസ്സില്‍ ചില കുട്ടികള്‍ പദ്യം ചൊല്ലുന്ന ഈണത്തില്‍, പരന്ന ശബ്ദത്തില്‍. പിന്നെ വഞ്ചിപ്പാട്ടിന്റേയോ തിരുവാതിരകളിയുടേയോ ഒക്കെ ഈണത്തില്‍. അതും കഴിഞ്ഞു കര്‍ണാടക സംഗീതത്തിലെ ഏതോ രാഗത്തില്‍. കാവ്യസന്താനത്തിന്റെ അവശേഷിക്കുന്ന അന്തസ്സ് ഞാന്‍ പോര്‍ക്കളത്തിലേക്കു ചാടി. ഞങ്ങള്‍ തമ്മില്‍ പിടിവലിയായി. എന്റെ ആദ്യമായി  വെളിച്ചം കണ്ട കവിത കീറി. ഞാന്‍ നിലവിളിച്ചു. ഇയാള് പിടിച്ചു വലിച്ചിട്ടല്ലേ എന്ന് അവള്‍ വാദിയെ പ്രതിയാക്കി. 
എന്നുവച്ച്, ഇതൊന്നും കവിതയുടേയും കവിയുടേയും യശസ്സിനെ ബാധിച്ചില്ല. സംഭവം ഭയങ്കര ഹിറ്റായിരുന്നു. റോബര്‍ട്ട് ഫ്രോസ്റ്റിന്റേയും ഒ.എന്‍.വി. കുറുപ്പിന്റേയും പിന്‍ഗാമിയാകാന്‍ ഞാന്‍ നിശ്ചയിച്ചിരുന്നു. അതുകൊണ്ട്,  അവസാനം ഒരു നാലുവരി ഫിലോസഫി. പ്രാസം നിര്‍ബന്ധം. കേകയും കാകളിയുമൊക്കെ എനിക്കു കരതലാമലകം ആയിരുന്നല്ലോ.  ആ നോട്ട്ബുക്കില്‍ ഉണ്ടായിരുന്ന കവിതകളില്‍ ഒന്നുരണ്ടെണ്ണം കൂടി വിജയന്‍ ചേട്ടന്‍ പ്രസിദ്ധീകരിച്ചു എന്നാണ് ഓര്‍മ്മ. 

പക്ഷേ, വൈകാതെ ഞാന്‍ കവിതയെഴുത്തു നിര്‍ത്തി. ഇഷ്ടത്തോടെയല്ല. ഗത്യന്തരമില്ലാതെയാണ്. എന്നെ ചൊറിയണമെന്നു തോന്നുമ്പോഴൊക്കെ താര എന്റെ കവിത ഉദ്ധരിക്കും. അതും പല രാഗങ്ങളില്‍, താളങ്ങളില്‍. ഞാന്‍ ഹൃദയമുരുകി നൊന്തുപെറ്റ കവിതയല്ലേ? എത്രയെന്നു വച്ചു സഹിക്കും?  നര്‍മ്മബോധത്തിലും പരിഹാസത്തിലും ഭാഷാപ്രാവീണ്യത്തിലും അവളുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത എനിക്കുണ്ടോ, അതുമില്ല. 
ഒരു ഉദാഹരണം കൂടി പറയാം. ആറാം ക്ലാസ്സില്‍ വച്ച് ഞാന്‍ ഒരു കയ്യെഴുത്തു മാസിക ഉണ്ടാക്കി. എം.ഡി. രത്‌നമ്മ ടീച്ചറിന്റെ മക്കള്‍ സുധിയും ദീപുവും ചേര്‍ന്ന് സൃഷ്ടിച്ച കയ്യെഴുത്തു മാസികയെ അമ്മ പുകഴ്ത്തിയതിലുള്ള അസഹിഷ്ണുതകൊണ്ട് ചെയ്തതാണ്. കഥയും കവിതയും ലേഖനവും ഒക്കെ എഴുതാന്‍ ഞാന്‍ മാത്രമേയുള്ളൂ. ആദ്യത്തെ കവിത 'ഗ്രാമീണ സുന്ദരി.' തുടക്കം മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. 
ചുവന്ന കര മുണ്ടും
ചുവന്ന ബ്ലൗസും
ചുവന്ന പൊട്ടും 
ചന്ദനക്കുറിയുമിട്ട്... 
- താര അതെടുത്തു വായിച്ചു. അവള്‍ അന്നു രണ്ടാം ക്ലാസ്സിലാണ്. ''മീരച്ചേച്ചീ, എന്തൊരു കവിതയാടേ!'' എന്നു പറഞ്ഞ് എന്നെ അഭിനന്ദിച്ചു. പക്ഷേ, അതില്‍പ്പിന്നെ എന്തെങ്കിലും കാര്യത്തിനു വഴക്കിട്ടാലോ എന്റെ കൂട്ടുകാരികള്‍ വരുമ്പോള്‍ അവളെ ഒഴിവാക്കിയാലോ  അവള്‍ എനിക്കു കേള്‍ക്കാവുന്ന വിധം മൂളിപ്പാട്ടും പാടി നടക്കും: 

ചുവന്ന കര മുണ്ടും 
ചുവന്ന ബ്ലൗസും 
വെളുത്ത ബ്രായും 
ചന്ദനക്കുറിയുമിട്ട്... 

എന്തിനധികം വിസ്തരിക്കുന്നു, എന്റെ കവിതയുടെ കൂമ്പ് അവള്‍ കംപ്ലീറ്റായിട്ടും നുള്ളി.  മാത്രമല്ല, വേരോടെ പിഴുതു. നിലത്തിട്ടു ചവിട്ടിയരച്ചു. കത്തിച്ചു ചാമ്പലാക്കിക്കളഞ്ഞു. 

ഇപ്പോഴും ഇടയ്ക്കിടെ അവള്‍ പറയും:
''ഇയാള്‍ എഴുതുമ്പോള്‍ അടുത്തിരിക്കാന്‍ പറ്റാത്തതാണ് എന്റെ ഏറ്റവും വലിയ വിഷമം. അന്നൊക്കെ എന്തു രസമായിരുന്നു!''
-അതെ, ഭയങ്കര രസമായിരുന്നു! 


ഒരു മോഹഭംഗത്തിന്റെ കഥ 

എട്ടാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷയ്ക്കു മുന്‍പുള്ള ഒരു ദിവസമാണ്,  അമ്മ ചോദിച്ചു:
''മീരയും താരയും വരുന്നോ? കെട്ടിടത്തിലെ ചേച്ചിയുടെ അമ്മ വന്നിട്ടുണ്ട്. നമുക്കു പോയിക്കാണാം.''
'കെട്ടിടത്തിലെ ചേച്ചി' എന്നാല്‍ ലളിത പി. നായര്‍. എക്സ്. എം.പി. വി.പി. നായരുടെ ഭാര്യ. കെട്ടിടത്തിലമ്മ. കെട്ടിടത്തിലമ്മയുടെ അമ്മ എന്നു പറഞ്ഞാല്‍ കോയിക്കോണത്ത് മാവേലില്‍ കല്യാണിയമ്മ. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാര്‍ത്ഥനാഗീതം എഴുതിയ പന്തളം കെ.പിയുടെ സഹോദരി. 

'കെട്ടിട'ത്തില്‍ പോകാന്‍ ഞാനും താരയും പണ്ടേ റെഡി. കാരണം, കെട്ടിടത്തിലമ്മ എപ്പോഴും ധാരാളം പലഹാരങ്ങള്‍ ഉണ്ടാക്കിവയ്ക്കും. അവിടെ ധാരാളം പത്രമാസികകളും പുസ്തകങ്ങളുമുണ്ട്. പിന്നെ അമ്മയുടേയും കെട്ടിടത്തിലമ്മയുടേയും വര്‍ത്തമാനം കേട്ടിരിക്കുക രസമാണ്. 
ഞങ്ങളുടെ വീട്ടില്‍നിന്ന് എളുപ്പവഴിയുണ്ട്, തിലക് ഭവനിലേക്ക്.  തെങ്ങിന്‍തോപ്പിലൂടെയും റബ്ബര്‍ത്തോട്ടത്തിലൂടെയും ആണത്. അമ്മയും ഞാനും താരയും തിലക് ഭവനിലേക്കു ചെന്നു.  കുത്തനെയുള്ള വഴി ഇറങ്ങി മുന്‍വശത്തു കൂടി വീട്ടില്‍ കയറാനൊന്നും ഞങ്ങള്‍ മെനക്കെടാറില്ല. റബ്ബര്‍ ഷീറ്റുകളുടെ മണമുള്ള പിന്‍വശത്തുകൂടി അടുക്കളയിലൂടെയാണ് ഞങ്ങളുടെ കുറുക്കുവഴി. കെട്ടിടത്തിലമ്മ പതിവുപോലെ അടുക്കളയില്‍ എന്തോ ജോലിയിലായിരുന്നു. ഞങ്ങളെ കണ്ടതും സ്‌നേഹത്തോടേയും സന്തോഷത്തോടേയും സ്വീകരിച്ചു. അടുക്കളയ്ക്കിപ്പുറത്തെ തളത്തിന്റെ വശത്തെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ തേജോമയമായ ഒരു രൂപത്തെ ഞാന്‍ കണ്ടു. തൂവെള്ള ബ്ലൗസും മുണ്ടും ധരിച്ച് മുടിയും പുരികവും കണ്‍പീലികളും വരെ തൂവെള്ളയായ ഒരു 'സര്‍റിയല്‍' സ്ത്രീരൂപം. ''അമ്മേ, അമൃതം, എന്റെ കൂട്ടുകാരിയാണ്'' എന്ന് കെട്ടിടത്തിലമ്മ പരിചയപ്പെടുത്തി. ആ അമ്മൂമ്മ മുഖമുയര്‍ത്തി അമ്മയെ നോക്കി. 
''എത്രവരെ പഠിച്ചു?''
ഞാന്‍ അമ്പരന്നുപോയി. രണ്ടു പേര്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ചോദിക്കപ്പെടുന്ന ആദ്യ ചോദ്യം അതാകുന്നതെങ്ങനെ?   അമ്മയും അല്പം അമ്പരന്നു. 
''എം. എ. വരെ.''
അമ്മ പറഞ്ഞു. 
''അതെയോ? നന്നായി. എനിക്കും എം. എ. വരെ പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, വല്യമ്മാവന്‍ സമ്മതിച്ചില്ല. പെമ്പിള്ളേരെന്തിനാ പഠിക്കുന്നത് എന്നു ചോദിച്ചു.'' 
എന്നിട്ട് ആ അമ്മൂമ്മ എന്റെ നേരെ നോക്കി.
''എത്രവരെ പഠിച്ചു?''
ഞാന്‍ എട്ടാം ക്ലാസ്സ് എന്നു പറഞ്ഞു.
''എം. എ വരെ പഠിക്കണം കേട്ടോ. എനിക്കു വല്യ ആശയായിരുന്നു എം. എ. വരെ പഠിക്കാന്‍. പക്ഷേ, വല്യമ്മാവന്‍ സമ്മതിച്ചില്ല.''
അടുത്ത ചോദ്യം താരയോടായിരുന്നു. 
''എത്രവരെ പഠിച്ചു?''
അവള്‍ അന്നു നാലിലാണ്. എം. എ. വരെ പഠിക്കണം എന്ന ഉപദേശം അവള്‍ക്കും കിട്ടി. 

കെആര്‍ മീര അമ്മയോടും ലീലാമ്മേച്ചിയോടുമൊപ്പം
കെആര്‍ മീര അമ്മയോടും ലീലാമ്മേച്ചിയോടുമൊപ്പം


അതൊരു വല്ലാത്ത കൂടിക്കാഴ്ചയായിരുന്നു. അതെന്നെ ഇളക്കിമറിച്ചു. അസ്വസ്ഥയാക്കി. ഓര്‍മ്മകള്‍ നശിച്ച അവസ്ഥയിലും പഠിക്കാന്‍ കഴിയാത്തതില്‍ ഒരു സ്ത്രീ ദു:ഖിക്കുന്നു എന്നത് എന്റെ സര്‍ഗ്ഗചേതനയെ ഉണര്‍ത്തി. അതു നമ്മള്‍ അന്നുവരെ കഥകളില്‍ വായിച്ചിട്ടില്ലാത്തതായിരുന്നു. 'ബാലരമ'യിലും 'ബാലയുഗ'ത്തിലുമൊക്കെ  വായിച്ചിട്ടുള്ള കഥകള്‍ എങ്ങനെ ആയിരുന്നു? -രാജകുമാരന്‍മാരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍, കുടുംബത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗം, ത്യാഗത്തിലുള്ള അവരുടെ ആനന്ദം, ആണ്‍മക്കള്‍ക്കായി ത്യാഗം ചെയ്യുന്ന അമ്മമാര്‍, അമ്മമാര്‍ക്കുവേണ്ടി നേട്ടങ്ങള്‍ കൈവരിക്കുന്ന ആണ്‍മക്കള്‍. അയല്‍പക്കത്തെ പെണ്‍കുട്ടികളുടെ കയ്യില്‍നിന്നു കടം വാങ്ങി ഒളിച്ചിരുന്നു വായിച്ചിരുന്ന പൈങ്കിളിവാരികകളില്‍ ആണെങ്കില്‍ പ്രേമത്തിനുവേണ്ടിയും കാമുകനുവേണ്ടിയും മരിക്കാന്‍ തയ്യാറുള്ള സര്‍വ്വഗുണസമ്പന്നകളും. പെണ്‍മക്കള്‍ക്കുവേണ്ടി പോരാടുന്ന അമ്മമാരുടെ കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല. നേട്ടങ്ങള്‍ കൈവരിക്കുന്ന പെണ്‍കുട്ടികളുടെ കഥകള്‍ കേട്ടിട്ടേയില്ല.    വയസ്സുകാലത്ത്, മക്കളേയും കുടുംബത്തേയും മറന്ന് എനിക്ക് പഠിക്കാന്‍ പറ്റിയില്ലല്ലോ എന്നു കരയുന്ന ഒരു സ്ത്രീയേയും ഞാന്‍ കഥകളിലാകട്ടെ, സിനിമകളിലാകട്ടെ, കണ്ടിരുന്നില്ല.  അതു കൊണ്ട് ആ അമ്മൂമ്മ ഒരു അത്ഭുതജന്മമായി തോന്നി. 

അതുകൊണ്ട് ഞാന്‍ ആ അമ്മൂമ്മയെ മനസ്സിലാക്കാന്‍ പണിപ്പെട്ടു. അതില്‍നിന്ന് ഒരു കഥയുണ്ടായി- 'ഒരു മോഹഭംഗത്തിന്റെ കഥ.' അച്ഛന്റെ കണ്ണ് ശസ്ത്രക്രിയയ്ക്കു കൂട്ടുപോകുന്ന പെണ്‍കുട്ടി അടുത്ത മുറിയിലെ ഒരു മുത്തശ്ശിയെ പരിചയപ്പെടുന്നു. വല്യമ്മാവന്‍ തന്നെ പഠിക്കാന്‍ സമ്മതിച്ചില്ല എന്നാണ് ആ മുത്തശ്ശിയുടേയും സങ്കടം - അതാണ് കഥ. ഇത് എഴുതുകയും തിരുത്തിയെഴുതുകയും വീണ്ടും മാറ്റിയെഴുതുകയും ചെയ്തുകൊണ്ടിരുന്നു. അതു തൃപ്തികരമായ രൂപത്തില്‍ ആയപ്പോഴേക്കു ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ എത്തി. അമ്മയുടെ കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന എം.ആര്‍.ടി. നായര്‍സാര്‍ ഒരു സ്‌കൂളിന്റെ സുവനീര്‍ എഡിറ്റ് ചെയ്യുന്നു എന്നും എന്റെ കഥ വല്ലതും ഉണ്ടെങ്കില്‍ അതില്‍ ചേര്‍ക്കാമെന്നും പറഞ്ഞതായി ഒരു ദിവസം അമ്മ അറിയിച്ചു. അന്ന് ഇന്നത്തെപ്പോലെയല്ല, പ്രശസ്തയാകാന്‍ പൊടിക്കു മോഹമൊക്കെയുണ്ട്. അതുകൊണ്ട്, 'ഒരു മോഹഭംഗത്തിന്റെ കഥ' ഞാന്‍ അമ്മയെ കാണിച്ചു. അമ്മ അത് എം.ആര്‍.ടി. നായര്‍സാറിനു കൊടുത്തു. അദ്ദേഹത്തിന് കഥ വളരെ ഇഷ്ടപ്പെട്ടു. ''ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന  കുട്ടിയാണ് അതെഴുതിയത് എന്നു വിശ്വസിക്കാന്‍ വയ്യ'' എന്ന് അദ്ദേഹം പറഞ്ഞു. 
സുവനീര്‍ പുറത്തുവന്നപ്പോള്‍ ഞാന്‍ പത്താം ക്ലാസ്സിലെത്തി. ആ കഥ അമ്മ എത്ര പേരെക്കൊണ്ടു വായിപ്പിച്ചു എന്നതിനു കണക്കില്ല.  മീശയപ്പൂപ്പന്‍ പോലും ഒരു ദിവസം വിളിച്ച് ''കുഞ്ചന്‍നമ്പ്യാരുടെ കൃതികള്‍ വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കണം, പ്രത്യേകിച്ചും ശ്രീകൃഷ്ണചരിതം മണിപ്രവാളം'' എന്ന് ഉപദേശിച്ചു.  ഞാന്‍ ഒരു ബലൂണ്‍പോലെ ആകാശത്തു പൊന്തിപ്പറന്നു. 
അപ്പോഴാണ് വിജയന്‍ ചേട്ടന്‍ വന്നത്. 
''മീര ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷി വായിച്ചിട്ടില്ലേ?'' 
''ഇല്ല...''
''അതിലെ ഒരു വാക്യം അതേപടി കഥയില്‍ ഉണ്ടല്ലോ?''
''ഏതു വാക്യം?''
''എനിക്കു പഠിക്കണം എന്നു പറയുന്നത്...''
ഞാന്‍ കാറ്റുപോയ ബലൂണായി നിന്നു. എനിക്കു കരച്ചില്‍ വന്നു. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥ ഞാന്‍ മോഷ്ടിച്ചു എന്ന് ആളുകള്‍ സംശയിക്കുന്നത് ആ പ്രായത്തില്‍പ്പോലും  എനിക്കു താങ്ങാന്‍ സാധിക്കുമായിരുന്നില്ല. പിന്നെ  'അഗ്‌നിസാക്ഷി'ക്കു വേണ്ടിയുള്ള അന്വേഷണമായി. വളരെ കാലത്തിനുശേഷമാണ് പുസ്തകം കിട്ടിയത്.  നോക്കുമ്പോള്‍ ശരിയാണ്. അതില്‍ അതേ സംഭാഷണം ഉണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്നു ഞാന്‍ അന്തിച്ചിരുന്നു. എത്രയോ കഴിഞ്ഞാണ്  അതിന്റെ രഹസ്യം എനിക്കു മനസ്സിലായത് - എഴുത്തുകാരുടെ, പ്രത്യേകിച്ച് എഴുത്തുകാരികളുടെ അനുഭവങ്ങള്‍ക്ക് ഒരു തുടര്‍ച്ചയുണ്ട്. പല വഴികളിലൂടെയാണെങ്കിലും അവര്‍ സ്വാംശീകരിക്കുന്ന സത്യം ഒന്നുതന്നെയായിരിക്കും. എന്റെ കഥയിലും ആ സത്യം ഉണ്ടായിരുന്നു എന്നു തോന്നുന്നു.  അതുകൊണ്ടാകാം,  രണ്ടു പതിറ്റാണ്ടു കഴിഞ്ഞ് പ്രസിദ്ധീകരിച്ച എന്റെ ആദ്യത്തെ പുസ്തകത്തിന് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പേരിലുള്ള അവാര്‍ഡ് കിട്ടിയത്. 

ആ അവാര്‍ഡ് വാര്‍ത്ത എന്നെ അറിയിച്ചത് ഒ.എന്‍.വി. സാറാണ്. ഞാന്‍ സ്വപ്നത്തിലെന്നതുപോലെ കേട്ടുനിന്നു. ഒരു ഇംപോസ്റ്റര്‍ സിന്‍ഡ്രോം എന്നെ പിടികൂടി. ഇതു സത്യമല്ല, ഒരു സ്വപ്നം മാത്രമാണ്, പണ്ടെന്നോ ഞാന്‍ കണ്ടു മറന്നുപോയ സ്വപ്നം എന്നും എനിക്കു വിഭ്രമം ഉണ്ടായി. 
ഏതായാലും, അതെഴുതിയ കാലത്ത്  'ഒരു മോഹഭംഗത്തിന്റെ കഥ' വലിയ ഹിറ്റായി. എന്റെ യശസ്സ് ശബരിമലയിലെ കൃഷ്ണപ്പരുന്തിനെപ്പോലെ ശാസ്താംകോട്ടയുടെ നഭസ്സില്‍ വട്ടമിട്ടു പറന്നു. കൂടുതല്‍ വലിയ എഴുത്തുകാരിയാകാന്‍ വേണ്ടി ഞാന്‍ കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കൃതികളും ശ്രീകൃഷ്ണചരിതം മണിപ്രവാളവും കുത്തിയിരുന്നു മന:പാഠം പഠിച്ചു. 
ഇപ്പോള്‍ ആ കഥ ഒന്നുകൂടി വായിക്കാന്‍ ആഗ്രഹം തോന്നാറുണ്ട്. ആ കഥ എന്തായിരുന്നു എന്നു കണ്ടെത്താന്‍ വേണ്ടി മാത്രമല്ല, അതു നല്ലതാണോ എന്നു പരിശോധിക്കാന്‍ വേണ്ടിയുമല്ല.   ഓരോ കഥയും എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ അതെഴുതിയ കാലത്തെ ആത്മാവിന്റെ ഫോട്ടോഗ്രാഫ് ആയതുകൊണ്ട്.  കുട്ടിക്കാലത്തെ ഫോട്ടോകള്‍ മറിച്ചുനോക്കുന്നത് എല്ലാവരേയും പോലെ എന്നെയും സന്തോഷിപ്പിക്കുന്നതുകൊണ്ട്. 


കറുത്ത പട്ടി

1984-85 എനിക്ക് പ്രസിദ്ധീകരണയോഗമുള്ള കാലമായിരുന്നു. അക്കൊല്ലം എന്റെ ഒരു കഥ കൂടി പ്രസിദ്ധീകരിക്കപ്പെട്ടു. അതും ഒരു മുഖ്യധാരാ വാരികയില്‍. എം.ഡി. രത്‌നമ്മ ടീച്ചര്‍ ആയിരുന്നു അതിനു നിമിത്തം.  

അഞ്ചു മുതല്‍ പത്തുവരെ ഞാന്‍ പഠിച്ചത് കടമ്പനാട് എന്ന ഗ്രാമത്തിലെ ഇന്നത്തെ വിവേകാനന്ദ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ആണ്. പത്തനംതിട്ട ജില്ലയില്‍ അടൂരിനു സമീപമാണ് കടമ്പനാട്. കവി കെ.ജി.എസിന്റെ നാട്. അന്നു ഞങ്ങളുടെ സ്‌കൂളിന്റെ പേര് ഗേള്‍സ് ഹൈസ്‌കൂള്‍ കടമ്പനാട് എന്നായിരുന്നു.  ഞങ്ങളുടെ സ്‌കൂള്‍ വളപ്പില്‍ ഒരു പട്ടിയുണ്ടായിരുന്നു. ഏതോ പട്ടിപിടുത്തക്കാരന്‍ എറിഞ്ഞ കുരുക്കില്‍നിന്നു രക്ഷപ്പെട്ട ഒരു പട്ടി. പക്ഷേ, ആ കുരുക്ക് അതിന്റെ കഴുത്തില്‍ വീണു മുറുകി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ ബാക്കി തിന്ന് തടിച്ചുകൊഴുക്കുന്തോറും കുരുക്ക് മുറുകിമുറുകി വന്നു. പതിയെപ്പതിയെ അതു പഴുത്തു. പിന്നെ പുഴുവരിച്ചു തുടങ്ങി. വേദന സഹിക്കവയ്യാതെ അത് നടക്കുന്നതും ഇരിക്കുന്നതും കാണുമ്പോഴൊക്കെ എനിക്കു ശ്വാസംമുട്ടി. അതിനെ സഹായിക്കാന്‍ എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനു ചോറിട്ടു കൊടുക്കും. അതിനുവേണ്ടി പ്രാര്‍ത്ഥിക്കും. അതിനെക്കുറിച്ച് സങ്കടപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണും. ഒടുവില്‍ ഞാന്‍ അതിനെക്കുറിച്ച് ഒരു കഥ എഴുതി-  'കറുത്ത പട്ടി'. കഥ എന്തായിരുന്നു എന്ന് ഇപ്പോള്‍ എനിക്ക് ഓര്‍മ്മയില്ല. പക്ഷേ, നിരാശാഭരിതമായ എന്തോ കഥയായിരുന്നു അത്, ഉറപ്പാണ്. 

മീരയും താരയും (1982)
മീരയും താരയും (1982)

പതിവുപോലെ ഞാന്‍ കഥ അമ്മയേയും അമ്മ രത്‌നമ്മ ടീച്ചറിനേയും കാണിച്ചു. 'നല്ല കഥ, ഇതു നമുക്ക് പ്രസിദ്ധീകരിക്കാം' എന്നു ടീച്ചര്‍ പറഞ്ഞു. നാനാ ഗ്രൂപ്പിലെ  വിമല രാജാകൃഷ്ണനുമായി അടുത്ത ബന്ധമായിരുന്നു രത്‌നമ്മ ടീച്ചറിന്.  നാനാ ഗ്രൂപ്പിന് അന്നു 'കുമാരി' എന്നൊരു വാരിക ഉണ്ടായിരുന്നു. അതില്‍ 'എഴുതിത്തുടങ്ങുന്ന വിദ്യാര്‍ത്ഥിനികളുടെ'  കഥ എന്ന പംക്തിയും. ആ പംക്തിയിലാണ് ഫോട്ടോ സഹിതം 'കറുത്ത പട്ടി' പ്രസിദ്ധീകരിച്ചത്. 

അപ്പോഴേക്ക് പത്താം ക്ലാസ്സ് അവസാനിക്കാറായി. പക്ഷേ, അതോടെ ഞാനൊരു സാഹിത്യകാരിയാണെന്ന കാര്യം എല്ലാവര്‍ക്കും ഉറപ്പായി. പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫില്‍ 'ഒരു കൊച്ചു മാധവിക്കുട്ടിയായി കാണാന്‍ ആഗ്രഹിക്കുന്നു' എന്നു പുഷ്പവല്ലി ടീച്ചറിനെക്കൊണ്ട് എഴുതിപ്പിക്കുന്നത്ര ഉറപ്പ്. 
കടമ്പനാട്ടെ ഒരു മാടക്കടയില്‍നിന്ന് 'കുമാരി' വാങ്ങി കയ്യില്‍ പിടിച്ചപ്പോള്‍ എനിക്കു ചങ്കിടിപ്പുണ്ടായി. ഇനിയുള്ള ജീവിതം പഴയതുപോലെയല്ല എന്നു തീര്‍ച്ചയുണ്ടായി.  ആ ചങ്കിടിപ്പ് ഒരിക്കല്‍ക്കൂടി അനുഭവിച്ചത് രണ്ടായിരാമാണ്ട് ഡിസംബറിലാണ്. 'സര്‍പ്പയജ്ഞം' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നപ്പോള്‍. ചങ്കിടിപ്പില്‍നിന്ന് കഥയുണ്ടാകുന്നു. കഥ കൂടുതല്‍ ചങ്കിടിപ്പ് ഉണ്ടാക്കുന്നു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com