ചെകുത്താന്റെ നൃത്തം: 'ദ ഡെവിള്‍സ് ബ്ലൈന്‍ഡ് സ്‌പോട്ട്' എന്ന പുസ്തകത്തെക്കുറിച്ച്

കഥകളിലെ ആദിമധ്യാന്ത പൊരുത്തത്തെ നിഷേധിക്കുന്ന ക്ലൂഷ് ഒട്ടനേകം ഉപകഥകള്‍ ആദ്യം സൃഷ്ടിച്ചെടുക്കുന്നുണ്ട്.
ചെകുത്താന്റെ നൃത്തം: 'ദ ഡെവിള്‍സ് ബ്ലൈന്‍ഡ് സ്‌പോട്ട്' എന്ന പുസ്തകത്തെക്കുറിച്ച്

ലക്സാണ്ടര്‍ ക്ലൂഷെ (Alexander Kluge) എന്ന  ജര്‍മന്‍ സംവിധായകന്റെ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കുമറിയാം അദ്ദേഹം ഫ്രെയിമുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന്. നേര്‍കഥനത്തിനുള്ളില്‍ അതുമായി ബന്ധമുള്ളതോ അല്ലാത്തതോ ആയ ഒട്ടനവധി പുരോകഥനങ്ങളുടേയും കാഴ്ചയ്ക്കുള്ളിലെ വിഭ്രാന്തികളുടേയും ശകലങ്ങള്‍ നിറയ്ക്കുന്നതുവഴി അദ്ദേഹം സിനിമയെന്ന മാധ്യമത്തെ പലതായി നിര്‍മ്മിക്കുകയും നിര്‍വ്വചിക്കുവാനൊരുമ്പെടുകയുമാണ് ചെയ്യുന്നത്. കഥാപാത്രങ്ങളേക്കാളുപരി സന്ദര്‍ഭങ്ങള്‍ക്കും ആലോചനകള്‍ക്കും മുന്‍ഗണന കൊടുക്കുന്നതിനാല്‍, ക്ലൂഷിന്റെ സിനിമകള്‍ നായികാനായക സങ്കല്പങ്ങളെ ഉല്ലംഘിച്ച് പലപ്പോഴും ഇതര കഥാതന്തുക്കളുമായി ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ട്. ക്ലൂഷ് പരിചയപ്പെടുത്താത്ത വിഷയങ്ങളില്ല. എന്നിരുന്നാലും ജര്‍മ്മന്‍ ചരിത്രത്തിന്റെ അതിക്രൂരമായ കഴിഞ്ഞ നൂറ്റാണ്ടിലെ വസ്തുതകള്‍ അദ്ദേഹം മനപ്പൂര്‍വ്വം മറച്ചുപിടിക്കുകയാണോ എന്നൊരു ചോദ്യം അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഉന്നയിക്കാതിരുന്നിട്ടില്ല. പലപ്പോഴും മാനസികാപഗ്രഥന വിഷയങ്ങളായ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ സ്ഥലകാല ബന്ധങ്ങളും അവയോട് നിരന്തരം കലഹത്തിലേര്‍പ്പെട്ടുനില്‍ക്കുന്ന പരിസ്ഥിതി സംഭവങ്ങളുമെല്ലാം കഥയെ 'ഫേബിളി'ന്റെ രൂപത്തില്‍ വിമലീകരിക്കുകയല്ലേ ചെയ്യുന്നതെന്ന ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ക്ലൂഷിന്റെ ചെറുകഥ സമാഹാരമായ (പുതിയ മില്ലെനിയത്തിന്റേതെന്ന് അവകാശപ്പെടുന്ന) 'ദ ഡെവിള്‍സ് ബ്ലൈന്‍ഡ് സ്പോട്ട്' (The Devil's Blind Spot) നമ്മുടെ മുന്നിലെത്തുന്നത്. ഈ സമാഹാരത്തിലെ കഥകളൊന്നും കഥകളായി വായിക്കാവുന്നതല്ലെന്നതാണ് പ്രധാന കാര്യം. ഒന്നുകില്‍ അവയെ ചില റിപ്പോര്‍ട്ടുകളായോ ചില സംഭവങ്ങളുടെ അടയാളങ്ങളായോ അതുമല്ലെങ്കില്‍ പരസ്പരബന്ധമില്ലാത്ത വസ്തുതകളെ കൂട്ടിയിണക്കുന്ന ഫ്രെയിമുകളായോ പരിഗണിക്കാവുന്നതാണ്. അത്തരമൊരവസ്ഥയില്‍ ക്ലൂഷിന്റെ കഥകള്‍ യൂറോപ്യന്‍ സാഹിത്യത്തിലെങ്ങനെ രേഖപ്പെടുത്താമെന്ന അന്വേഷണത്തിനു പ്രസക്തിയുണ്ട്. 

ഉപകഥകളെ തിരസ്‌കരിക്കുന്ന വിചാരങ്ങള്‍
കഥകളിലെ ആദിമധ്യാന്ത പൊരുത്തത്തെ നിഷേധിക്കുന്ന ക്ലൂഷ് ഒട്ടനേകം ഉപകഥകള്‍ ആദ്യം സൃഷ്ടിച്ചെടുക്കുന്നുണ്ട്. പിന്നീടവയെ നിരാകരിക്കുകയും ചെയ്യുന്നു. 2001-ലെ ലോക വ്യവസായ കേന്ദ്രത്തിന്റെ തകര്‍ച്ചയ്ക്കുശേഷം അതിന്റെ പുനര്‍നിര്‍മ്മിതിക്കായി അമേരിക്ക സൃഷ്ടിച്ചെടുത്ത സംവിധാനങ്ങള്‍ മധ്യകാലയുഗത്തിലെ പോരാളികളുടെ ഒളിസങ്കേതങ്ങള്‍ പോലെയായിരുന്നെന്നും അതിലൂടെ വലിയൊരു കാഴ്ചയുടെ മുതലിനെ (ടുലരമേരഹല/ഋരീിീാ്യ ീള ലെലശിഴ) അവതരിപ്പിക്കാന്‍ മാത്രമേ അമേരിക്കയ്ക്ക് കഴിയുന്നുള്ളൂവെന്നുമുള്ള പ്രസ്താവന മാത്രമാകുന്നു ഒരു കഥ. 1912-ല്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ ചരിത്രം തന്നെയാണ് വാണിജ്യ കേന്ദ്രത്തിന്റേയും. ഒടുവില്‍ ക്ലൂഷ് പറയുന്നു: ഇത്തരം കാഴ്ചയുടെ സംഭവങ്ങള്‍ വലിയ ബജറ്റിന്റെ സഹായത്തോടെ നിര്‍മ്മിക്കാവുന്ന സിനിമകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ലിയണാഡോ ഡി കാപ്രിയോയും (Leonardo De Caprio) കേറ്റ് വിന്‍സ്‌ളെറ്റു (Kate Winsiett)മെല്ലാം അത്തരം സിനിമകളില്‍ താരങ്ങളായെത്തും. അതോടെ അമേരിക്കന്‍ മൂലധനത്തിന്റെ കുതിച്ചുചാട്ടമുണ്ടാകും. ഒപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ തഴച്ചുവളരുകയും ചെയ്യും. 

ചരിത്രത്തിലുണ്ടായ ആപല്‍ക്കരങ്ങളായ സംഭവങ്ങളെ സിനിമയിലാക്കുന്നതിന് ക്രാന്തദര്‍ശികളായ നിര്‍മ്മാതാക്കളും സംവിധായകരും ശ്രമിച്ചുകൊണ്ടേയിരിക്കും. ക്ലൂഷിന്റെ നിലപാട് ഇവിടെ സ്പഷ്ടമാണ്. വലിയൊരു സംഭവത്തിന്റെ ആലേഖനത്തിലൂടെ വന്നുചേരുന്ന നഷ്ടങ്ങളും മായ്ക്കലുകളും!

ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ചിന്തകരായിരുന്ന അഡോണൊ (Theodos Adorno), ബെന്യമിന്‍ (Walter Benjamin) ഹോര്‍ഹൈമര്‍ (Max Horkheimer) എന്നിവരുടെ സ്വാധീനത്തിലാണ് തത്ത്വചിന്തയെ മനസ്സിലാക്കാന്‍ ക്ലൂഷ് ശ്രമങ്ങള്‍ തുടങ്ങിയത്. സംസ്‌കാര പഠനമാതൃകയിലുള്ള ക്ലൂഷിന്റെ എഴുത്തുകളിലാകട്ടെ, ബോധപൂര്‍വ്വമായി തത്ത്വചിന്തയില്‍നിന്നുള്ള അകലങ്ങള്‍ പാലിക്കപ്പെടുന്നുമുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍, വാര്‍ത്താമാധ്യമങ്ങളിലൂടെ ലഭ്യമായ വിവരങ്ങളെ ഉപകഥകളായും രഹസ്യവിവരങ്ങളെ കഥയുടെ കേന്ദ്രമായും പ്രതിഷ്ഠിച്ചുകൊണ്ട് ഒടുവില്‍ ഇവയെല്ലാം അസ്ഥാനത്താക്കുന്ന വായനക്കാരുടെ അരക്ഷിതാവസ്ഥയാണ് ക്ലൂഷ് സൃഷ്ടിക്കുന്നത്. കഥകള്‍ പരീക്ഷണവസ്തുക്കളാകുന്നതോടെ ചെകുത്താന്റെ സൈ്വരവിഹാരത്തിനുതകുന്ന  ഭൂമികളാവുകയും ചെയ്യുന്നു. ബൃഹദ്കഥനങ്ങളുടെ നിഷേധത്തിനപ്പുറം ചെറുകഥനങ്ങളെക്കൂടി സമയാസമയം നിരാകരിക്കുകയാണ് ക്ലൂഷ് ചെയ്യുന്നത്. കഥ ഒടുവില്‍ നിര്‍മ്മിക്കുന്നതോ, വായനക്കാരും. 

റഷ്യയിലെ കെ.ജി.ബി തലവനായിരുന്ന ആന്ത്രപ്പോവി (Andrapov)ന്റെ രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ടു കിടക്കുന്ന മറിയ കല്ലാസെ (Maria Callas)െന്ന യുവതിയുടെ ജീവിതം ക്ലൂഷ് അവതരിപ്പിക്കുന്നത് വെറുമൊരു കഥയായിട്ടല്ല. കല്ലാസിന്റെ കാമുകനുണ്ടാകുന്ന ദുരന്താനുഭവങ്ങളും റഷ്യന്‍ പടക്കപ്പലിന്റെ ദാരുണമായ പരാജയവുമെല്ലാം ആന്ത്രപ്പോവിനെപ്പോലൊരു രഹസ്യാന്വേഷകനെ ദുര്‍വിധിയിലാഴ്ത്തുകയുണ്ടായി. കല്ലാസ് ഒരു ഓപ്പറ നര്‍ത്തകി കൂടിയായിരുന്നു. മിലാനിലെ ഓപ്പറ തിയേറ്ററിനുള്ളില്‍ കടുത്ത അപമാനഭാരമേറ്റു വാങ്ങിക്കൊണ്ട് നൃത്തം ചെയ്യേണ്ടിവന്ന കല്ലാസിന് സംഗീതശ്രേണിക്കൊത്ത് നൃത്തച്ചുവടുകള്‍ വയ്ക്കാറായില്ല. പ്രണയദുരന്തത്തിന്റെ ഉപകഥനം അവസാനിക്കുമ്പോള്‍ ഓപ്പറയുടെ പരാജയവും ആന്ത്രപ്പോവിന്റെ പതനവുമെന്തായിരുന്നെന്ന് ലേഖകന്‍ അന്വേഷിക്കുന്നുണ്ട്. ഇത്തരമൊരു ഇതിവൃത്തം നാലോ അഞ്ചോ ഭാഗങ്ങളായി അവതരിപ്പിക്കുന്നതില്‍ കഥയെന്തിരിക്കുന്നുവെന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. ക്ലൂഷ് ആന്ത്രപ്പോവിന്റെ (നടന്നിരിക്കാനിടയുള്ള)  വിചാരണയുടെ രൂപം തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്. കഥയ്ക്കുള്ളില്‍ വിരിയുന്ന അന്തര്‍കഥനങ്ങളായി മാത്രമേ ഇത്തരമൊരു അവതരണത്തിനെ പരിഗണിക്കാനാവുകയുള്ളൂ. കെ.ജി.ബിയെന്ന രഹസ്യസംഘടനയുടെ പതനം കുടിയിരിക്കുന്നത് കല്ലാസെന്ന യുവതിയെ കേന്ദ്രീകരിച്ചാണോയെന്ന ആകാംക്ഷയും ഇവിടെ ഉണ്ടാകുന്നു. 

1928-ല്‍ പാല്‍ ഫെഘോസെ (Pal Fejos)െന്ന സംവിധായകന്‍ നിര്‍മ്മിച്ച 'ലോണ്‍സം' (Lonesome) എന്ന സിനിമ വാള്‍ട്ടര്‍ ബെന്യാമിനെങ്ങനെ പ്രിയംകരമായി തീര്‍ന്നുവെന്ന് ക്ലൂഷ് അന്വേഷിക്കുന്നുണ്ട്. സാധാരണ ഹോളിവുഡ് സിനിമകളില്‍നിന്നും വിഭിന്നമായി ബന്ധങ്ങളും ലൈംഗികതയും അവതരിപ്പിക്കുന്നതിനാലാണ് ഫെഘോസയുടെ സിനിമ വേറിട്ടുനില്‍ക്കുന്നത്. അധികം സംഭാഷണങ്ങളില്ലാത്ത ഫ്രെയിമുകള്‍ക്കുള്ളില്‍ നിറയുന്ന ഒരു പുരുഷന്റേയും സ്ത്രീയുടേയും ജീവിതം ആത്യന്തികമായി ഏകാന്തതയുടേതു മാത്രമാണ്. ഒരു കടല്‍ത്തീരവും അതിനെ ചുറ്റിപ്പറ്റിയുള്ള കുറച്ചു മനുഷ്യരുടെ വരവും പോക്കും മാത്രം മാറിമാറി സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഒന്നും സംഭവിച്ചിരിക്കാനിടയില്ലാത്ത പൊതുസ്ഥലത്തിന്റെ സ്വഭാവം മാത്രമേ അതില്‍ വ്യഞ്ജിക്കുന്നുള്ളൂ. അത്തരമൊരിടത്തുതന്നെയാണ് ചില കാര്യങ്ങള്‍ മാത്രം സംസാരിക്കാനും ഒടുവില്‍ ആള്‍ക്കൂട്ടമൊഴിയുമ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനുമായി  വന്നെത്തുന്ന സ്ത്രീയും പുരുഷനും. ലൈംഗികതയുടെ പുതിയൊരു അവതരണമായി ഈ സിനിമയെ കണ്ട ബന്യാമിന്‍ സ്വന്തം ജീവിതത്തില്‍ അനുഭവിച്ച ഒട്ടനേകം ആകുലതകളെ മറന്നിരിക്കാനിടയില്ല. ക്ലൂഷിന്റെ വിവരണം ബന്യാമിനെക്കുറിച്ചാണോ സിനിമയെക്കുറിച്ചാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സ്വന്തം സിനിമകളിലും ഇത്തരം മുഹൂര്‍ത്തങ്ങള്‍ ക്ലൂഷ് സൃഷ്ടിക്കുകയുണ്ടായി. 

19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ തലസ്ഥാനമായി ബന്യാമിന്‍ പാരീസിനെ വലിയിരുത്തി. എന്നാല്‍, ബന്യാമിന്റെ കാലങ്ങളില്‍ നാട്‌സുകളുടെ ആക്രമണങ്ങളില്‍ പാരീസിനു നേരിടേണ്ടിവന്ന ദുരന്തം അതിഭീകരമായിരുന്നു. പാരിസിലെ ഈഫല്‍ ടവര്‍ (ഋശളളലഹ ഠീംലൃ) ആക്രമിക്കാന്‍ നിര്‍ദ്ദേശം ലഭിച്ച ബോണി (ആീവി)ന് ആ കൃത്യം നിര്‍വ്വഹിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ഈഫല്‍ ടവറുമായി ഘടിപ്പിച്ച ആന്റിനയെ തകര്‍ക്കുക വഴി പാരീസിന്റെ എല്ലാവിധ വാര്‍ത്താസംപ്രേഷണങ്ങളേയും തകര്‍ക്കാമെന്നായിരുന്നു ജര്‍മന്‍ കമാന്‍ഡറുടെ വിശ്വാസം. ബോണിന്റെ ചെറുത്തുനില്‍പ്പിനെ മനസ്സിലാക്കുന്നതെങ്ങനെയെന്ന് ചോദിച്ചുകൊണ്ടാണ് ക്ലൂഷ് തന്റെ കഥ ആരംഭിക്കുന്നത്. യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന ടവറിന്റെ ചിത്രവും പുസ്തകത്തിലുണ്ട്. കേണലുമായി നീരസമുണ്ടാക്കിയ ബോണിന്റെ ശേഷജീവിതം ക്ലൂഷ് വായനക്കാര്‍ക്കായി മാറ്റിവെയ്ക്കുന്നു. 

രാഷ്ട്ര രഹസ്യങ്ങള്‍ 
അറേബ്യന്‍ നാടുകളും യൂറോപ്പുമായി വളരെ സങ്കീര്‍ണ്ണമായ ബന്ധമുണ്ട്. 1918 വരെ ഇറാക്കിന്റെ ചരിത്രമെടുത്താല്‍ അതു വെറുമൊരു മരുപ്രദേശം മാത്രമായുള്ള അറിവേ പുറംനാടുകള്‍ക്കുണ്ടായിരുന്നുള്ളൂ. 1916-ലുണ്ടായ സൈക്സ് - പിക്കോട് (ട്യസലെജശരീ)േ ബന്ധത്തോടെയാണ് ബ്രിട്ടനും ഫ്രാന്‍സിനും ചില അറബ് രാജ്യങ്ങള്‍ക്കു മുകളിലുള്ള ശക്തി ഉറപ്പിക്കാന്‍ സാധിച്ചത്. ഇത്തരമൊരു വിവരണത്തിലടങ്ങിയിരിക്കുന്ന അസ്വാഭാവികത ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ക്ലൂഷ് പറഞ്ഞുവരുന്നത് യഥാര്‍ത്ഥ ചരിത്രമല്ല. എന്നാല്‍, സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമല്ല. അദ്ദേഹത്തിന്റെ നിഗമനത്തില്‍ എവിടെയോ ബ്രിട്ടന്റെ നേതൃത്വം ഇറാക്കില്‍ ശക്തിയുറപ്പിക്കാന്‍ ആഗ്രഹിക്കുകയും അതോടൊപ്പം സിറിയയെ ഒറ്റപ്പെടുത്താന്‍ തുനിയുകയുമുണ്ടായിട്ടുണ്ട്. 1920-ല്‍ ഫ്രാന്‍സ് രാജകുമാരന്‍ ഫൈസലിനെ സിറിയയില്‍നിന്നും തുരത്തുന്നതോടെ അതീവ രഹസ്യങ്ങളുടെ രാഷ്ട്രബന്ധങ്ങള്‍ എന്തായിരുന്നുവെന്ന് നാം അറിയുകയായി. ഫെയ്‌സലിനെ രാജ്യത്തിനു പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ നാടകത്തിലെ സംഭവങ്ങള്‍ എന്തെല്ലാമായിരുന്നെന്നതും ചിന്ത്യമാണ്. ക്ലൂഷിന്റെ കഥയിലാകട്ടെ, നാമമാത്രമല്ലാത്ത ഏതോ ഒരു കഥാപാത്രം ഫെയ്‌സലിനോടു ചോദിക്കുന്ന ചോദ്യങ്ങളില്‍നിന്നാണ് അതിനുള്ള ഉത്തരം ലഭിക്കുന്നത്. നാടുകടത്തപ്പെട്ട രാജകുമാരന്‍ എങ്ങോട്ടു പോയിരിക്കാനാണ് സാധ്യതയെന്ന് ക്ലൂഷ് അന്വേഷിക്കുന്നുണ്ട്. ചോദ്യോത്തരങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രെഞ്ച് മേധാവിത്വമെങ്ങനെ ഒരുകാലത്ത് നഷ്ടമായിരുന്ന ഇടങ്ങളില്‍ നേടിയെടുക്കുവാനായെന്നു നാമറിയുന്നു. പ്രത്യേകിച്ചും വാര്‍ട്ടലൂപോലുള്ളൊരു യുദ്ധസ്ഥലത്തും. അറബികളും ബ്രിട്ടീഷുകാരും ഒത്തൊരുമിച്ചാണ് ഡമാസ്‌ക്കസു (Damascus) പോലൊരു സ്ഥലം പിടിച്ചെടുത്തതെന്ന വിവരവും ലഭ്യമാകുന്നു.

ക്ലൂഷിന്റെ കഥകളില്‍ ഉടലെടുക്കുന്ന നൂതനമായ രാഷ്ട്രസങ്കല്പങ്ങള്‍ വ്യതിരിക്തങ്ങളായ ചിന്തകളുല്പാദിപ്പിക്കുന്നവയാണ്. ചരിത്രത്തില്‍ സംഭവിച്ചതിനെ സ്വീകരിക്കാനോ സംഭവിക്കാന്‍ സാധ്യതയുള്ളതിനെ കഥയാക്കുവാനോ ശ്രമിക്കാത്ത ഈ കഥാകാരന്‍ സംഭവങ്ങള്‍ക്കിടയില്‍ എവിടെയോ അസ്വാഭാവികതയുടെ കോട്ടകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രബന്ധങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇത്തരം അസ്വാഭാവികതകള്‍ വന്‍ സാമ്രാജ്യങ്ങളെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചവര്‍ക്കെതിരെയുള്ള കടന്നാക്രമണമാണ്. ഇയാന്‍ കെര്‍ഷോ (കമി ഗലൃവെമം) വിനെപ്പോലൊരു എഴുത്തുകാരന്റെ പരാധീനത എവിടെയായിരുന്നെന്ന് ഇത് വ്യക്തമാക്കുന്നു. 

ഇറാക്കിനു മുകളില്‍ അമേരിക്ക സമകാലിക പരിതസ്ഥിതിയില്‍ ചെലുത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ദത്തേക്കാള്‍ ഭീകരമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ  ആരംഭത്തില്‍ ഇറാക്കിനെ ഒറ്റപ്പെടുത്താനുള്ള ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും ശ്രമങ്ങളെന്ന് ക്ലൂഷ് ഓര്‍മ്മിപ്പിക്കുന്നു. ഇതില്‍ വാസ്തവം എത്രയുണ്ടെന്ന് യുക്തിസഹജമായോ ചരിത്രബോധത്തോടെയോ ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ലെങ്കിലും രാഷ്ട്രബന്ധങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുന്ന ചെകുത്താന്റെ കാല്‍പ്പാടുകള്‍ നമുക്ക് ദര്‍ശിക്കാനായേക്കും. രണ്ടാം ലോകയുദ്ധത്തിലെ അന്തര്‍വാഹിനികളെക്കുറിച്ചുള്ള കഥകളും നീങ്ങുന്നത് ഇതുപോലെയാണ്. കാണാതായ നിരവധി അന്തര്‍വാഹിനികളെക്കുറിച്ചുള്ള തിരച്ചിലുകള്‍ ഒരിടത്തുമെത്താതിരുന്നത് മെഡിറ്ററേനിയന്‍ കടലിന്റെ അഗാധതകളില്‍ നിലനിന്നിരുന്ന ചില രഹസ്യങ്ങള്‍ മൂലമാകാമെന്ന് ക്ലൂഷ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. തികച്ചും വസ്തുതാപരമായി ന്യായീകരിക്കാനാവില്ലെങ്കില്‍ക്കൂടി, പില്‍ക്കാലങ്ങളില്‍ വളര്‍ന്നുവന്ന 'കോണ്‍സ്പിറസി സിദ്ധാന്തങ്ങള്‍'ക്ക് വളംവെയ്ക്കുന്ന രീതിയിലാണ് ക്ലൂഷ് കഥകള്‍ എഴുതുന്നതും. ഹുട്‌സ്ലാഫി (ഔ്വേഹമളള)നെപ്പോലൊരു സമുദ്രഗവേഷകന്‍ ബഹിരാകാശത്തുനിന്നും വന്ന ഒമേഗ കിരണങ്ങള്‍ വിക്ഷേപിച്ച തളികയെക്കുറിച്ചും കടലിന്നടിയില്‍ അപ്രത്യക്ഷമായ  അന്തര്‍വാഹിനികളെക്കുറിച്ചും പറയുന്നത് തള്ളിക്കളയാനാവില്ലെന്ന ക്ലൂഷിന്റെ നിഗമനം നഷ്ടപ്പെട്ട യുദ്ധക്കപ്പലുകളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കടലിന്നടിയിലും ചെകുത്താന്റെ വിരലടയാളങ്ങളുണ്ടോയെന്ന അന്വേഷണമാണ് ഇവിടെ നടക്കുന്നതും. ഒട്ടനവധി ശാസ്ത്രപരീക്ഷണങ്ങള്‍ നടന്നുകഴിഞ്ഞിട്ടും വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയാത്ത രഹസ്യങ്ങള്‍ മനുഷ്യഭാവനയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നുണ്ടെങ്കിലും അറിയപ്പെടാത്ത സമസ്യാപൂരണങ്ങളായി അവശേഷിക്കുകകൂടി ചെയ്യുകയാണെന്ന തരിച്ചറിവാണ് ഇവിടെ നടക്കുന്നതും. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കുശേഷം ഒട്ടനവധി മഹാത്ഭുതങ്ങള്‍ക്ക് രാഷ്ട്രബന്ധങ്ങള്‍ വഴിമാറുകയുണ്ടായിട്ടുണ്ട്. അവയിലെല്ലാം ചെകുത്താന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടെന്നും ക്ലൂഷ് പറയുന്നു. 

ആരാണ് ചെകുത്താന്‍?
ഹോമര്‍ മുതല്‍ ജോര്‍ജ് ബുഷ് വരെ കടന്നുവരുന്ന ക്ലൂഷിന്റെ കഥകളില്‍ ഒളിഞ്ഞും പതുങ്ങിയും ജീവിക്കുന്ന ചെകുത്താനാരാണ്? ഭാവനകള്‍ക്കും വിചിന്തനങ്ങള്‍ക്കുമപ്പുറത്തുള്ള അപ്രാപ്യമായ അദൃശ്യശക്തിയാണ് ചെകുത്താന്‍? ദൈവങ്ങള്‍ നഷ്ടപ്പെട്ടതും (അപഹരിക്കപ്പെട്ടതുമായ) കാണാതായതുമായ ഇടങ്ങളില്‍ സ്വതന്ത്ര വ്യവഹാരം നടത്തുന്ന വിനാശത്തിന്റെ ഉഗ്രമൂര്‍ത്തി മനുഷ്യന്റെ തന്നെ മറുഭാവനയുടെ പര്യായമാണോ? ലോക വ്യവസ്ഥയുടെ വിധിന്യായങ്ങളെല്ലാം ഒന്നൊന്നായി പൊലിഞ്ഞുപോകുന്ന വേളകളില്‍, ചെകുത്താന്‍ നമ്മുടെ സുഹൃത്താകുന്നതില്‍ അസ്വാഭാവികത എന്തിരിക്കുന്നു?
യൂറോപ്യന്‍ കഥാചരിത്രത്തിന്റെ പുതിയൊരിടത്തേക്കാണ് ഇത്തരം ചിന്തകള്‍ കൊണ്ടുപോകുന്നത്. കഥയെ പ്രാഥമികമായും ഭാവനയുടെ ലോകത്തുനിന്നും മോചിപ്പിക്കുന്നതിലൂടെ കഥാകൃത്തിനൊപ്പം ചരിക്കുന്ന അദൃശ്യമാം ഏതോ ഭാവത്തിന്റെ രൂപകല്പന ഒരുക്കുകയാണ് ക്ലൂഷ് ചെയ്യുന്നത്. 
ചെകുത്താന്‍ കഥകളില്‍ ഒളിച്ചിരിക്കുന്ന വ്യക്തി മാത്രമല്ല, അനിതര ഭാവനകളെ സൃഷ്ടിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന മറ്റാരോ കൂടിയാണ്. ഗയ്‌റ്റെ (ഏീലവേ)യുടെ ഫോസ്റ്റും അതിനെ തുടര്‍ന്നുണ്ടായ നാടകാഭിമുഖ്യമുള്ള വിഷയങ്ങളുമെല്ലാം ചെകുത്താന്റെ സൃഷ്ടിയാണ്. ഫോസ്റ്റ് പലപ്പോഴും വിജയിക്കുന്നുണ്ടെങ്കിലും ഓരോ വിജയത്തിനുള്ളിലും കുടിയിരിക്കുന്ന പരാജയത്തിന്റെ ചതിക്കുഴികള്‍ അയാള്‍ മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ ചെകുത്താന്റെ ആത്യന്തികമായ കടമ ചതിയിലൂടെതന്നെ ജനങ്ങളെ പരാജയപ്പെടുത്തുക എന്നതാകുന്നു. 

കൃത്രിമ ബുദ്ധിയുടെ വളര്‍ച്ചയോടെ എല്ലാം കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കുന്ന മനുഷ്യരെയാണ് ചെകുത്താന്‍ കബളിപ്പിക്കുന്നതെന്ന് കഥാസമാഹാരത്തിന്റെ ഒടുവില്‍ ക്ലൂഷ് എഴുതുന്നു. കഥയില്‍നിന്നും ചില അതിഭൗതിക വിശ്വാസങ്ങളിലേക്കുള്ള മടക്കം മാത്രമായി ഇതു കാണേണ്ടിയിരിക്കുന്നു. അതീന്ദ്രിയ ശക്തികളെ മുറുക്കിപ്പിടിച്ച ചിന്തകര്‍ ക്ലൂഷിന്റെ ചില കഥകളില്‍  വീണ്ടും വീണ്ടും കടന്നെത്തുന്നു. അവരില്‍ പലരും ആധുനികതയുടെ പ്രോല്‍ഘാടകരായിരുന്നെന്നതാണ് സത്യം. അഡോണൊ (അറീൃിീ)യുടെ മരണം എങ്ങനെയായിരുന്നെന്നും അദ്ദേഹത്തെ സംസ്‌കരിച്ചത് എങ്ങനെയെല്ലാമായിരുന്നെന്നും എഴുതുന്ന ക്ലൂഷ് സംഗീതവും വേര്‍പിരിയലുമെന്ന ഉദാത്ത ആശയത്തെ പുനര്‍നിര്‍വ്വചിക്കുകയാണ് ചെയ്യുന്നത്. മരണം നല്ലൊരു സംഗീതം പോലെ ലളിതമാകാറില്ല. എന്നാല്‍, മരണാനന്തര ശുശ്രൂഷകള്‍ ചിലരുടെയെങ്കിലും സംഗീതഭ്രമത്താല്‍ അവാച്യമാകാറുമുണ്ട്. അത്തരമൊരു അവസ്ഥയാണ് അഡോണോവിന്റെ മരണം കാട്ടിത്തന്നതും. ശവസംസ്‌കാര സമയത്ത് തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ ചടങ്ങ് അലങ്കോലമാക്കിയെന്ന് വിശ്വസിക്കുന്നവരുണ്ട്. ആ സമയത്ത് നിറുത്താതെ പെയ്ത മഴ 'ക്രിട്ടിക്കല്‍ സിദ്ധാന്ത'കരെ ആകെ ഉലയ്ക്കുകയുമുണ്ടായി. ഒടുവില്‍ തീരാദുഃഖം സഹിക്കാനാകാതെ അഡോണോയുടെ സുഹൃത്തുക്കള്‍ മോന്തിയ മദ്യത്തിന്റെ അളവിലും ക്ലൂഷിന്റെ അഭിപ്രായത്തില്‍ ചെകുത്താന്റെ നടനമുണ്ടായിരുന്നു. മരണത്തിലും നൃത്തം ചെയ്യുന്ന ചെകുത്താനാണ് ക്ലൂഷിന്റെ ആരാധ്യപുരുഷന്‍. 
ഒരു ചിത്രത്തോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്. മിലാനിലെ അതിപ്രശസ്ത ദേവാലയത്തിന്റെ ചിത്രമാണത്. അതിനു മുകളില്‍നിന്നും താഴേക്കു ചാടിയ ഒരു സ്ത്രീയുടെ ഫോട്ടോഷോപ്പിലൊതുങ്ങിയ ദൃശ്യം ചിത്രത്തോടു ചേര്‍ത്തുവെച്ചിരിക്കുന്നു. യാഥാര്‍ത്ഥ്യത്തെ അനേകമായി പുനര്‍നിര്‍ണ്ണയിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്ന ഈ ചിത്രസംയോജനത്തില്‍ വര്‍ത്തമാനത്തിന്റെ തിരുശേഷിപ്പുകള്‍ അടങ്ങിയിരിക്കുന്നു. നിര്‍ണ്ണയിക്കാനാകാത്ത സമസ്യാപൂരണമായി ക്ലൂഷ് കഥകള്‍ അവസാനിപ്പിക്കുമ്പോള്‍, ജീവനൈരന്തര്യങ്ങളിലെ അദൃശ്യത തന്നെയാണ് അനുഭവപ്രദമാകുന്നതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com