മാസിഡോണിയയിലെ കാവ്യസായാഹ്നങ്ങള്‍: സച്ചിദാനന്ദന്‍ എഴുതുന്നു

യൂഗോസ്ലാവിയാ അനേകം പണിമുടക്കുകള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും ദേശീയ വിമോചന സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 1990-1991 കാലത്തോടെ അത് പല ദേശങ്ങളായി പിളരാന്‍ തുടങ്ങി.
കാനിയോയിലെ സെന്‍.ജോണ്‍ പള്ളി
കാനിയോയിലെ സെന്‍.ജോണ്‍ പള്ളി

''ഒരു പ്രകാശവര്‍ഷത്തില്‍
എത്ര നിമിഷങ്ങളുണ്ടെന്നു
ഒരാള്‍ കണക്കു കൂട്ടുന്നു
ഒരു കുട്ടി ഒരു റൊട്ടിക്കഷ്ണവുമായി
കല്‍പ്പടവുകളിലിരിക്കുന്നു

ഒരു പട്ടാളക്കാരന്‍
തോക്കുയര്‍ത്തുന്നു
ഒരു ദുഃഖം പ്രപഞ്ചത്തിലേക്ക്
കിനിഞ്ഞിറങ്ങുന്നു''

        -ഓഡൈ്വഗ് ക്ലൈവ് (നോര്‍വേ)

ന്റെ ആദ്യത്തെ വിദേശയാത്ര 40 കൊല്ലം മുന്‍പായിരുന്നു, യൂഗോസ്ലാവിയായിലെ സരായെവോ കവിതാദിനങ്ങളില്‍ പങ്കെടുക്കാന്‍. അത് മാര്‍ഷല്‍ ടിറ്റോവിന്റെ ഭരണകാലമായിരുന്നു. ടിറ്റോവിന്റെ കാലശേഷം 1980 മെയ്യിലായിരുന്നു മരണം. യൂഗോസ്ലാവിയാ അനേകം പണിമുടക്കുകള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും ദേശീയ വിമോചന സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 1990-1991 കാലത്തോടെ അത് പല ദേശങ്ങളായി പിളരാന്‍ തുടങ്ങി. അതിനു ശേഷം ഞാന്‍ ആദ്യമായി ഒരു യൂഗോസ്ലാവിയന്‍ ദേശത്തില്‍ പോകുന്നത് അഞ്ചു വര്‍ഷം മുന്‍പാണ്: സ്ലോവീനിയായില്‍. തുടര്‍ച്ചയായി രണ്ടു വര്‍ഷം ഞാന്‍ അവിടത്തെ 'വിലേനിക്കാ' സാഹിത്യോത്സവത്തിനു ക്ഷണിക്കപ്പെട്ടു, ഒരു തവണ ദേശീയ സാഹിത്യ അക്കാദമിയുടെ പ്രതിനിധികളുടെ ആശയക്കൈമാറ്റത്തിനും പിറ്റേ തവണ കവി എന്ന നിലയിലും. 

'സ്ട്രൂഗാ കാവ്യസായാഹ്നങ്ങള്‍'ക്കുള്ള ക്ഷണം വര്‍ഷങ്ങള്‍ക്കു മുന്‍പേ, മാസിഡോണിയ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന കാലത്തുതന്നെ വന്നതാണ്. പക്ഷേ, അതേസമയം മറ്റൊരു യാത്രയുണ്ടായിരുന്നതിനാല്‍ അന്നു പോകാനായില്ല. അയ്യപ്പപ്പണിക്കരില്‍നിന്നാണ് ഈ കാവ്യോത്സവത്തെക്കുറിച്ചു ഞാന്‍ ആദ്യം കേള്‍ക്കുന്നത്. കിഴക്കന്‍ യൂറോപ്പില്‍ പോയി വന്ന അദ്ദേഹം എഴുതിയ 'ഇവിടെ ജീവിതം' എന്ന കവിതാപരമ്പരയില്‍ മാസിഡോണിയന്‍ തലസ്ഥാനമായ 'സ്‌കൊപ്യെ'യെക്കുറിച്ച് ഒരു കവിതയുമുണ്ട്. (ഉയരം കൂടിയത് എന്നര്‍ത്ഥം വരുന്ന 'മാക്കെട്നോസ്' എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് മാസിഡോണിയയുടെ ഉത്ഭവം) 'സ്ട്രൂഗാ കവ്യോത്സവ'ത്തിന്റെ സമാപനം സ്‌കൊപ്യെയിലാണ്, മറ്റു ദിവസങ്ങള്‍ സ്ട്രൂഗയില്‍ത്തന്നെ 'കള്‍ച്ചറല്‍ അക്കാദമി' മുതല്‍ സ്ട്രൂഗാ പാലം വരെ പലയിടങ്ങളിലായി. ആകെ ആറു ദിവസമാണ് പരിപാടി. അതില്‍ സ്മാരകങ്ങളിലേയ്ക്കുള്ള യാത്രകള്‍, പാനലുകള്‍, പുരസ്‌കാരദാനങ്ങള്‍, വായനകള്‍ എല്ലാം ഉള്‍പ്പെടുന്നു. 32 കവികളാണ് ഇക്കുറി ഉത്സവത്തില്‍ പങ്കെടുത്തത്. പകുതി മാസിഡോണിയക്കാര്‍. ബാക്കി അല്‍ബേനിയ, റൊമാനിയ, ക്രോയേഷ്യാ, സെര്‍ബിയാ, കോസോവോ, സ്ലോവാക്കിയാ, സ്ലോവീനിയാ, ബെല്‍ജിയം, ഗ്രീസ്, ബോസ്നിയാ ഹെഴ്സെഗോവിനാ, ബുള്‍ഗേറിയാ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്വീഡന്‍, പോളണ്ട്, ഹംഗറി, സ്പെയിന്‍, നോര്‍വേ, ഇന്ത്യ, ഇറാന്‍, ഇസ്രയേല്‍, പലസ്തീന്‍, മംഗോളിയാ എന്നീ രാജ്യങ്ങളില്‍നിന്ന്.

ഡല്‍ഹിയില്‍നിന്ന് ഇസ്താന്‍ബുള്‍ വഴിയാണ് ഞാന്‍ സ്‌കൊപിയെയില്‍ എത്തിയത്. ഇസ്താന്‍ബുളില്‍ പാതിദിവസം ഉണ്ടായിരുന്നെങ്കിലും എന്റെ വിസ ആരംഭിക്കുന്നത് അന്നു പാതിരയ്ക്ക് മാത്രമായിരുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. ഡല്‍ഹിയില്‍നിന്ന് ഇസ്താന്‍ബുള്ളിലേയ്ക്ക് ആറര മണിക്കൂര്‍ പറന്നാല്‍ മതി.  മുകളില്‍നിന്നുമാത്രം കണ്ട ആ നഗരത്തിലേയ്ക്കുള്ള യാത്ര പിന്നെ ആകാം എന്നു മനസ്സില്‍ കരുതി. അവിടെനിന്ന് സ്‌കൊപ്യെയിലേക്ക് ഏതാണ്ട് 90 മിനിറ്റേ വേണ്ടൂ. മലനിരകള്‍ക്കും തടാകങ്ങള്‍ക്കും മുകളിലൂടെയുള്ള ഒരു ചെറിയ പറക്കല്‍. ചെന്നപ്പോള്‍ ഉത്സവപ്രതിനിധികള്‍ മായയും സുഹൃത്തുക്കളും കാത്തുനിന്നിരുന്നു. ഞങ്ങള്‍ക്കും മുന്‍പേ എത്തിയ കവികളെ അവരുടെ ഹോട്ടലില്‍നിന്നും കൂട്ടി അയ്യപ്പപ്പണിക്കര്‍ പറയും പോലെ 'ഒരു വണ്ടി കവികള്‍' നാലര മണിക്കൂര്‍ ഒരു ബസ്സില്‍ യാത്ര ചെയ്തു സ്ട്രൂഗയിലെ 'ഡ്രീം' ഹോട്ടലില്‍ എത്തി. മലയരികിലൂടെ, കാടുകള്‍ കണ്ടു കൊണ്ടായിരുന്നു യാത്ര. എങ്കിലും തലേന്നു രാത്രി ഒട്ടും ഉറങ്ങാതിരുന്നതിനാല്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. ഒപ്പം മൂന്നര മണിക്കൂറിന്റെ സമയവ്യത്യാസവും. ചെന്നയുടനെ ഉച്ചഭക്ഷണം കഴിച്ചു അല്പം വിശ്രമിക്കാം എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയെങ്കിലും മൂന്നരയ്ക്കായിരുന്നു ഔദ്യോഗികമായ ലഞ്ച്. രണ്ടു മണിക്കൂര്‍ നീണ്ട ആ ലഞ്ച് കഴിഞ്ഞപ്പോഴേക്കും ഉദ്ഘാടനത്തിനു പോകാറായി. എനിക്കും അതില്‍ കവിതാവായന ഉള്ളതു കൊണ്ട് ഒഴിവാക്കാനുമാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ 46 മണിക്കൂര്‍ ഉറക്കമൊഴിപ്പ്. എനിക്കുണ്ടായ താല്‍ക്കാലികമായ മറവിരോഗത്തിനുശേഷം, ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം എന്ന ഡോക്ടറുടെ ഉപദേശം ആദ്യമായി അങ്ങനെ ലംഘിക്കപ്പെട്ടു.

കുട്ടിക്കാലത്ത് ഫിലിപ്പ് ചക്രവര്‍ത്തിയും അലക്സാണ്ടറുമായി ബന്ധപ്പെട്ടാണ് നാം മലയാളികള്‍ പലരും മാസിഡോണിയയുടെ പേര് കേട്ടിരിക്കുക. അത് ഗ്രീസിന്റെ അടുത്തൊരു സ്ഥലമെന്നേ ഗൂഗിളിനും വളരെ മുന്‍പുള്ള ആ കാലത്ത് അറിഞ്ഞിരുന്നുള്ളൂ. എന്നാല്‍, പിന്നീട് അതിന്റെ സങ്കീര്‍ണ്ണമായ ചരിത്രം അറിയാനിട വന്നു. തെക്കുകിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ പെനിന്‍സുലയിലാണ് മാസിഡോണിയ. കോസോവോ, സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ്, അല്‍ബേനിയ എന്നിവയുമായി അത് അതിരുകള്‍ പങ്കിടുന്നു. മലകളും താഴ്വാരങ്ങളും നദികളും നിറഞ്ഞ മാസിഡോണിയയുടെ വടക്കുഭാഗമാണ് ഇപ്പോഴത്തെ ഉത്തര മാസിഡോണിയ. 'സര്‍' മലകള്‍ക്കും 'ഒസോഗോവോ' മലകള്‍ക്കും ഇടയില്‍, ഓഹ്രിദ്, പ്രേസ്പാ, ഡോയാന്‍ എന്നീ തടാകങ്ങളെ ഉള്‍ക്കൊണ്ടു കിടക്കുന്ന, ഇടയ്ക്കിടയ്ക്ക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന ഒരു രാജ്യം. സ്‌കൊപ്യയെയില്‍ത്തന്നെ കഴിഞ്ഞ ഭൂകമ്പത്തില്‍ (1963) 1000 പേര്‍ മരിച്ചു. 40 ഡിഗ്രിക്കും നാല് ഡിഗ്രിക്കും ഇടയിലാണ് താപം. ഞാന്‍ പോയത് ശരത്കാലത്തായതിനാല്‍ താണ താപനില അനുഭവപ്പെട്ടതേയില്ല. കൊണ്ടുപോയ സ്വെറ്ററുകള്‍ ഒന്നും പുറത്തെടുക്കേണ്ടിവന്നില്ല, ഒരു സന്ധ്യക്ക് അല്പം തണുപ്പ് തോന്നി ജാക്കറ്റ് ഇട്ടതൊഴിച്ചാല്‍.

ദേശത്തിനുവേണ്ടി 
പോരാട്ടം

ആകെ 20,60,000 ജനസംഖ്യയേ ഉള്ളൂ ഈ നാട്ടില്‍. അതില്‍ അധികവും സ്ലാവുകള്‍; കാല്‍ ഭാഗം അല്‍ബേനിയക്കാര്‍; ബാക്കി റോമാനി, ടര്‍ക്, സെര്‍ബ്, ബോസ്നിക്, ആരോമാനിയന്‍ വംശക്കാര്‍. ഏറെയും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ജനതയാണ്. മുസ്ലിങ്ങളും യഹൂദരും കുറച്ചുണ്ട്, അവരുടെ ചില പള്ളികളും. ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍ പേഴ്സ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ക്രി. മു. നാലാം നൂറ്റാണ്ടില്‍ മാസിഡോണിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. രണ്ടു നൂറ്റാണ്ട് കഴിഞ്ഞു ഇത് റോമക്കാര്‍ കീഴ്പെടുത്തി, പിന്നെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി, ഇടയ്ക്കിടയ്ക്ക് സ്ലാവിക് വംശക്കാര്‍ ഇവിടെ വന്നു കുടിയേറിപ്പാര്‍ത്തു, പല സാമ്രാജ്യങ്ങളും ഈ പ്രദേശത്തിനായി പൊരുതിക്കൊണ്ടിരുന്നു; 14-ാം നൂറ്റാണ്ടിന്റെ പാതി മുതല്‍ 20-ാം നൂറ്റാണ്ട് വരെ മാസിഡോണിയ ഓട്ടോമന്‍ ഭരണത്തിലായിരുന്നു. ബാള്‍ക്കന്‍ യുദ്ധം കഴിഞ്ഞു ഈ രാജ്യം സെര്‍ബിയന്‍ ഭരണത്തില്‍ വന്നു; ഒന്നാം ലോക യുദ്ധകാലത്ത് ബള്‍ഗേറിയയുടേയും തുടര്‍ന്ന് വീണ്ടും സെര്‍ബിയയുടേയും ഭാഗമായി, രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടെ വീണ്ടും ബള്‍ഗേറിയയില്‍, 1945-ല്‍ കമ്യൂണിസ്റ്റ് യൂഗോസ്ലാവിയയുടെ ഒരു ഭാഗമായി. 1991-ല്‍ വടക്കന്‍ മാസിഡോണിയ യൂഗോസ്ലാവിയായില്‍നിന്നു വിട്ടുപോന്നു. 1993-ല്‍, 'മാസിഡോണിയ' എന്ന പേര് ഗ്രീക്കുകാര്‍ അനുവദിക്കാത്തതുകൊണ്ട്  'മാസിഡോണിയ എന്ന മുന്‍കാല യൂഗോസ്ലാവ് റിപ്പബ്ലിക്' എന്ന പേരോടെ അത് ഐക്യരാഷ്ട്രസഭയുടെ ഭാഗമായി. പിന്നീടുണ്ടായ സംഭാഷണങ്ങളുടെ ഫലമായി 'വടക്കന്‍ മാസിഡോണിയ' എന്ന് ഈ നാടിനു പേര്‍ നല്‍കാന്‍ ഗ്രീസ് സമ്മതിച്ചു; 2019 ഫെബ്രുവരിയില്‍ അത് നടപ്പിലായി.

അതിനിടെ 2011-2012 കാലത്ത് അല്‍ബേനിയന്‍ ന്യൂനപക്ഷത്തിന്റെ ഒരു കലാപവും ഈ നാട്ടില്‍ സംഭവിച്ചു. നാറ്റോ ഇടപെട്ട് തര്‍ക്കം അവസാനിപ്പിച്ചപ്പോള്‍ അല്‍ബേനിയന്‍ വിഭാഗത്തിനു പല അവകാശങ്ങളും ലഭ്യമായി. അവരുടെ ഭാഷ മാസിഡോണിയായുടെ രണ്ടാമത്തെ ഔദ്യോഗിക ഭാഷ ആവുന്നതുള്‍പ്പെടെ. യൂറോപ്പില്‍ ഏറ്റവും താഴ്ന്ന ജി.ഡി.പി ഉള്ള രാജ്യമാണെങ്കിലും തുറന്ന സമ്പദ്വ്യവസ്ഥ ഈ നാടിനു കുറേ ഗുണം ചെയ്തിട്ടുണ്ട്; സാമൂഹ്യ സുരക്ഷിതത്വം, സാര്‍വ്വലൗകികമായ ആരോഗ്യ പരിരക്ഷ, ഫീസില്ലാത്ത സ്‌കൂള്‍ വിദ്യാഭ്യാസം ഇവയെല്ലാം മനുഷ്യവികസന സൂചികയില്‍ മാസിഡോണിയയ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ സൂചിയില്‍ ഇന്ത്യയേക്കാള്‍ വളരെ മുകളിലാണ് മാസിഡോണിയയ്ക്ക് സ്ഥാനം.

ഒഹ്രിദിലെ സെന്റ് സോഫിയാ ചര്‍ച്ച്
ഒഹ്രിദിലെ സെന്റ് സോഫിയാ ചര്‍ച്ച്


യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ മാസിഡോണിയ അപേക്ഷ നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ, കൗണ്‍സില്‍ ഓഫ് യൂറോപ്പ്, ലോകബാങ്ക്, ലോക വാണിജ്യ സംഘടന ഇവയിലെല്ലാം മാസിഡോണിയ അംഗമാണ്. പാര്‍ലമെന്ററി ജനാധിപത്യമാണ് ഭരണസമ്പ്രദായം. നീതിന്യായവ്യവസ്ഥ സ്വതന്ത്രമാണ്. ഭരണഘടനാപരമായ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ വേറെ കോടതിയുണ്ട്.

ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ അനന്യമാണ് മാസിഡോണിയ. ഞങ്ങള്‍ പോയ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ 3,000-ലേറെ സസ്യയിനങ്ങള്‍ കണ്ടു. അനേകതരം മത്സ്യങ്ങളും മൃഗങ്ങളും പക്ഷികളും മാസിഡോണിയന്‍ പ്രകൃതിയെ സമൃദ്ധമാക്കുന്നുണ്ട്. കഞ്ചാവ്, മുന്തിരി, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവ ഇവിടെ ധാരാളമായി വളരുന്നു. അവസാന ദിനം ഞങ്ങള്‍ പോയ 19-ാം നൂറ്റാണ്ടിലെ ട്രെസ്‌കാവെച് വൈനറിയില്‍ സുഗന്ധികളായ പലതരം വീഞ്ഞുകള്‍ ഉണ്ടാക്കുന്നു. ഭക്ഷണത്തിലുമുണ്ട് വലിയ വൈവിദ്ധ്യം. മെഡിറ്ററേനിയന്‍, കിഴക്കന്‍ യൂറോപ്യന്‍, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്വാധീനങ്ങള്‍ ഭക്ഷണരീതിയില്‍ ഉണ്ട്. സസ്യഭുക്കുകള്‍ ഉണ്ടോ എന്നു ഭക്ഷണം വിളമ്പും മുന്‍പ് അന്വേഷിക്കുന്നത് അവരുടെ ഒരു പതിവ് രീതിയാണ്. ഏറെയും സസ്യഭക്ഷണം ഇഷ്ടപ്പെടുന്ന എനിക്കും യൂറോപ്പില്‍നിന്നുള്ള മറ്റു രണ്ടുപേര്‍ക്കും അത് വളരെ സൗകര്യമായി. അറേബ്യന്‍ ആഹാരത്തിലെന്നപോലെ ധാരാളം സാലഡുകള്‍, പഴങ്ങള്‍, തൈര്, ചോറ്, പലതരം ചീസ്, ബ്രെഡ്, പാസ്ത പോലുള്ള ഇറ്റാലിയന്‍ വിഭവങ്ങള്‍: സസ്യഭക്ഷണത്തിനു ഒരു വിഷമവും ഉണ്ടായില്ല.

2

''മരണം മാത്രമേ വിജയകരമായി
പൂര്‍ത്തിയാക്കാനാകൂ,
ബാക്കിയെല്ലാം നടന്നുകൊണ്ടിരിക്കുന്ന
ജോലിയാണ്: സംഗീതം, ചിത്രകല,
വാസ്തുകല, ചിന്ത... അവയ്ക്ക്
ജീവനും അര്‍ത്ഥവും നല്‍കുന്ന വാക്കുകള്‍ അപൂര്‍ണ്ണമാണ്''

        -സൊറാന്‍ അന്‍ചെവ്സ്‌കി ( മാസിഡോണിയന്‍ കവി)

'ഡ്രീം' നദിയുടെ തീരത്തെ സ്ട്രൂഗ കള്‍ച്ചറല്‍ സെന്ററിലായിരുന്നു കാവ്യസായാഹ്നങ്ങളുടെ ഉദ്ഘാടനം. ഞാനുള്‍പ്പെടെ 13 പേര്‍ അതില്‍ കവിതകള്‍ വായിച്ചു. അതിനു മുന്‍പ് ഗ്രീക്ക് വേഷത്തിലുള്ള മൂന്നു പെണ്‍കുട്ടികള്‍ സംഗീതത്തിന്റെ അകമ്പടിയോടെ ചെറിയ പന്തങ്ങളുമായി വന്നു. വലിയ ഒരു തൂണില്‍ ഘടിപ്പിച്ചിരുന്ന ഒരു വലിയ പന്തം പന്തങ്ങള്‍ ഒളിമ്പിക് ടോര്‍ച്ചിന്റെ മാതൃകയിലായിരുന്നു. കൊളുത്തുകയും ഒപ്പം നദീതീരത്ത് ഒരു ചെറിയ വെടിക്കെട്ട് നടക്കുകയും ചെയ്തു. കവികള്‍ സ്വന്തം ഭാഷകളില്‍ത്തന്നെ വായിക്കുകയും പിന്നില്‍ സ്‌ക്രീനില്‍ ഇംഗ്ലീഷ്, മാസിഡോണിയന്‍, അല്‍ബേനിയന്‍ എന്നീ ഭാഷകളില്‍ പരിഭാഷ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു രീതി. (മാസിഡോണിയന്‍ കവികള്‍ക്ക് മറ്റു രണ്ടു ഭാഷകളില്‍ മാത്രവും). 'പക്ഷികള്‍ എന്റെ പിറകെ വരുന്നു' എന്ന കവിതയാണ് വായിക്കേണ്ടതെന്ന് എന്നോട് നേരത്തെതന്നെ പറഞ്ഞിരുന്നു.

എല്ലാ കവികളുടേയും രണ്ടു കവിതകളും (മൂന്നു ഭാഷകളില്‍) ചെറിയ പരിചയവും ഉള്ള ഫെസ്റ്റിവല്‍ പുസ്തകം അവസാന ദിവസമേ പ്രസിദ്ധീകരിക്കാനായുള്ളൂ. ചടങ്ങ് കഴിഞ്ഞു സ്വീകരണ അത്താഴം അവസാനിച്ചപ്പോഴേക്കും പാതിരാ കഴിഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് രാവിലെ നാല് മണി! രാവിലെ പരിപാടി ഉള്ളതിനാല്‍ ഏഴു മണിക്കെങ്കിലും ഉണരേണ്ടിയിരുന്നു താനും.

രാവിലെ എന്റെ കവിതകളുടെ മാസിഡോണിയന്‍ വിവര്‍ത്തകന്‍ കൂടിയായ സൊറാന്‍ അന്‍ചേവ്സ്‌കിയുടെ പുസ്തകപ്രകാശനവും വായനയുമായിരുന്നു. ഇപ്പോഴത്തെ മാസിഡോണിയന്‍ കവികളില്‍ തലമുതിര്‍ന്ന ഒരാളാണ് അന്‍ചേവ്‌സ്‌കി. ''അതിജീവനം തന്നെ മതിയായ ഒരനുഗ്രഹമാണ് എന്നു വിശ്വസിക്കാന്‍ യുവാക്കള്‍ക്കും ലളിതമനസ്‌കര്‍ക്കും മാത്രമേ ധൈര്യം കാണൂ'' എന്ന ഡാന്റെയുടെ ഉദ്ധരണിയുമായാണ് അദ്ദേഹത്തിന്റെ 'സ്വര്‍ഗ്ഗത്തിലെ ഊമക്കളി' എന്ന സമാഹാരം ആരംഭിക്കുന്നത്. നക്ഷത്രയൂഥങ്ങളുടെ നാല്‍ക്കവലകളില്‍നിന്നു യുദ്ധങ്ങളെ പരിഹസിക്കുന്ന, കുഞ്ചിരോമങ്ങളില്‍ ക്ഷീരപഥം തിളങ്ങുന്ന, കുളമ്പുകളില്‍ ചെറു നക്ഷത്രങ്ങളണിഞ്ഞ, അഹങ്കാരികളായ ഏകാധിപതികള്‍ക്കപ്പുറം പോകുന്ന, മെരുങ്ങാത്ത കുതിരകളേയും മറഞ്ഞുപോകുന്ന മിന്നാമിനുങ്ങുകളെ തേടുന്നവര്‍ മൗനത്തിലൂടെ ഉയര്‍ന്നു നക്ഷത്രങ്ങള്‍ക്കിടയിലേയ്ക്കു കൈനീട്ടി നേടുന്ന ധ്വനിപൂര്‍ണ്ണമായ വാക്കുകളേയും കുറിച്ചു പറഞ്ഞു കൊണ്ടാണ് ആദ്യകവിതകള്‍ അവസാനിക്കുന്നത്. പ്രപഞ്ചത്തിന്റേയും അതില്‍ നമ്മുടെ അസ്തിത്വത്തിന്റേയും രഹസ്യങ്ങള്‍ തേടിപ്പോകുന്ന ഒരു കവിയെയാണ് ഞാന്‍, 65-കാരനായ ഈ സാഹിത്യാദ്ധ്യാപകന്റെ പുതിയ സമാഹാരത്തില്‍ കണ്ടത്.

ഉച്ചയ്ക്ക് മിലാഡിനോവ് സഹോദരന്മാരുടെ പേരിലുള്ള സമ്മാനത്തിനു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട യുവകവികളുടെ വായനയായിരുന്നു. മിലാഡിനോവ് സഹോദരന്മാരുടെ സ്മരണയിലാണ് ഈ ഉത്സവം ആരംഭിച്ചതുതന്നെ. അവരില്‍ ഇളയ ആള്‍, കോണ്‍സ്റ്റാന്റിന്‍ മിലാഡിനോവ്സ്‌കി, കവിയായിരുന്നു; മൂത്ത സഹോദരന്‍ ദിമിത്താര്‍ നാടന്‍പാട്ടുകള്‍ ശേഖരിച്ച ആളായിരുന്നു. ഇരുവരുടേയും പ്രതിമകള്‍ ഞങ്ങള്‍ അവരുടെ വീട്ടില്‍ (ഇപ്പോള്‍ സ്മാരകം) പോയപ്പോള്‍ കണ്ടു. മിലാഡിനോവ്സ്‌കി റഷ്യയില്‍ സൈനികനായിരുന്നപ്പോള്‍ താന്‍ ജനിച്ച സ്ട്രൂഗയെക്കുറിച്ചു കഠിനമായ ഗൃഹാതുരത്വം നിറഞ്ഞ കവിതകള്‍ എഴുതിയാണ് സ്ട്രൂഗക്കാര്‍ക്ക് പ്രിയങ്കരനായത്.

സച്ചിദാനന്ദന്‍
സച്ചിദാനന്ദന്‍

യുവകവികളുടെ രചനകള്‍ നന്നായിരുന്നെങ്കിലും അപൂര്‍വ്വമായി തോന്നിയില്ല. രതിശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ് ആദ്യത്തെ പെണ്‍കുട്ടി തന്റെ 'ഇറോട്ടിക്' കവിതകള്‍ അവതരിപ്പിച്ചത്. കവിത എന്ന നിലയില്‍ അവ അതിസാധാരണമായി തോന്നി. മറ്റുള്ളവരുടേത് കുറേക്കൂടി നന്നായിരുന്നു. എന്നെ ആഴത്തില്‍ സ്പര്‍ശിച്ചത് നടാഷ സര്‍ദോസ്‌കായുടെ 'റോമന്‍ പാലിമ്പ്സെസ്റ്റ്സ്' എന്ന കവിത മാത്രമായിരുന്നു. ''പള്ളിയുടെ അരികിലുള്ള ജൂതച്ചേരിയില്‍ ചെമ്പുനിറമുള്ള മുഖപ്പുകള്‍ അടര്‍ത്തിയടര്‍ത്തി,  നടക്കാന്‍ വിരിച്ച കല്ലുകളിലൂടെ ചോര്‍ന്നെത്തുന്ന എന്റെ അച്ഛന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ഇടറാത്ത, വിഷാദം പോലുമേശാത്ത, ഏകാന്തവും അനാഥവും നിശ്ശബ്ദവുമായ ശബ്ദം...'' എന്നു തുടങ്ങി ലോകത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു സ്വകാര്യം പറയാന്‍പോലും കഴിയാത്ത, വിഷം ശ്വസിച്ചു മരിച്ച തന്റെ പിതാവിന്റെ വസന്തശൂന്യമായ വര്‍ഷങ്ങളെക്കുറിച്ചു പറഞ്ഞവസാനിക്കുന്ന ഒരു കവിതയായിരുന്നു അത്. ബില്ല്യാന സ്തോയനോവ്സ്‌കയുടെ കവിതയ്ക്കും ഒരു നൈര്‍മ്മല്യമുണ്ടായിരുന്നു:

''കുറച്ചു വര്‍ഷം മുന്‍പ് എന്റെ അമ്മൂമ്മ
എനിക്ക് ഒരു സ്‌കാര്‍ഫ് തുന്നിത്തന്നു
ഞാന്‍ ആഗ്രഹിച്ചിരുന്ന പോലെ തന്നെ,
മനോഹരമായ, വീതിയുള്ള, നീണ്ട, കറുത്ത ഒന്ന്.

ഹേമന്തം മുഴുവന്‍ അത് എന്റെ ശിരസ്സിലുണ്ടാവും,
സിഗരറ്റുപൊരി വീണുണ്ടായ ചില
തുളകള്‍ അതിലുണ്ടെങ്കിലും.
ഞാന്‍ അത് ഉത്സവങ്ങളിലും 
വിരുന്നുകളിലും, പ്രധാനവും അപ്രധാനവുമായ
പല അവസരങ്ങളിലും ധരിക്കും,
എന്റെ കഴുത്തില്‍ കെട്ടിപ്പിടിക്കുന്ന
എന്റെ അമ്മൂമ്മയുടെ ഊഷ്മളമായ കൈകളേക്കാള്‍
എല്ലാവരും അതില്‍ കാണുന്നത്
ആ ദ്വാരങ്ങളായിരിക്കുമെന്നു
എനിക്ക് നന്നായറിയാമെങ്കിലും''

ഈ യുവകവികളില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം പൂര്‍വ്വികരും കാരണവന്മാരും മറ്റും ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതാണ്, രൂപപരമായ പരീക്ഷണങ്ങളോ തീര്‍ത്തും മൗലികമായ ബിംബങ്ങളോ അവയില്‍ പലതിലും കണ്ടില്ലെങ്കിലും. ഏതു കാവ്യോത്സവത്തിനു പോയാലും ഞാന്‍ ഏറെയും ശ്രദ്ധിക്കാറുള്ളത് അവിടത്തെ ഭാഷയിലെ, അഥവാ അവിടെ സന്നിഹിതമായ ഭാഷകളിലെ യുവശബ്ദങ്ങളെ ആണ്. അവരാണ് എന്നോട് വൃദ്ധരെക്കാള്‍ കൂട്ട് കൂടാറുള്ളതും എന്റെ കവിതകള്‍ കൂടുതല്‍ ഇഷ്ടപ്പെടാറുള്ളതും. ഇവിടെയും അതായിരുന്നു സ്ഥിതി: സ്പെയിനില്‍നിന്നും ജര്‍മനിയില്‍നിന്നും ഫ്രാന്‍സില്‍നിന്നും വന്ന ചില മുതിര്‍ന്ന കവികള്‍, മുന്‍പേ എന്റെ ചില കവിതകളുമായി പരിചയമുള്ളവര്‍ എന്റെ പുതിയ കവിതകളോട് ഇഷ്ടം പ്രകടിപ്പിക്കാതിരുന്നില്ലെങ്കിലും. അങ്ങനെ ഇവിടെ വെച്ച് അടുത്ത സുഹൃത്തായ ഒരു കവി പലസ്തീനില്‍നിന്നു വന്ന അസ്മാ അസൈസേ ആയിരുന്നു. ആ കുട്ടിയുടെ കവിതകളും എനിക്ക് ഏറെ ഇഷ്ടമായി. എന്റെ പ്രിയ മിത്രം നജ്വാന്‍ ദര്‍വീഷിനും ശേഷമുള്ള തലമുറയുടെ പ്രതിനിധി ആയിരുന്നു അവള്‍. നജ്വാനെ അവള്‍ക്കറിയാം, മഹ്മൂദ് ദാര്‍വീഷിനേയും അറിയാമായിരുന്നു. ഞങ്ങളുടെ സംസാരത്തില്‍ പലപ്പോഴും അവര്‍ കടന്നുവന്നു.

വൈകുന്നേരം ഞങ്ങള്‍ നഗരം കാണാന്‍ പോയി. നടന്നു കാണാവുന്ന ദൂരത്തിലാണ് എല്ലാം. ആദ്യം പോയത് ഡ്രിം നദിയുടെ തീരത്തെ മനോഹരമായ പഴയ വീടുകളും മറ്റും കാണാനാണ്. ഒന്ന് ഒരു സ്റ്റുഡിയോ ആയിരുന്നു. അവിടെ ആദ്യം മുതലുള്ള സ്ട്രൂഗാ ഫെസ്റ്റിവലുകളുടെ ഫോട്ടോകള്‍ ഉണ്ട്. ഗോള്‍ഡന്‍ റിത് ലഭിച്ചവരുടെ വലിയ പടങ്ങളും അവയില്‍ ഉണ്ടായിരുന്നു. പാബ്ലോ നെരൂദാ, ചെസ്വാ മീവാഷ്, മഹ്മൂദ് ദര്‍വീഷ്, ലാസ്ലോ നാജി, അല്ലന്‍ ഗിന്‍സ്ബര്‍ഗ്, യൂജീനിയോ മൊണ്ടാലെ, ഡബ്ലിയു.എച്ച്. ഓഡന്‍. തോമസ് സലമുണ്‍, തദേവുസ് റോസെവിച് തുടങ്ങിയ വലിയ കവികള്‍. ഇന്ത്യയില്‍നിന്നു ഹിന്ദിയിലെ ആധുനികതയുടെ അഗ്രദൂത്രില്‍ ഒരാളായിരുന്ന 'അജ്ഞേയ്' (എസ്.എച്ച്. വാത്സ്യായന്‍ മാത്രമേ ഉള്ളൂ). ഇവരെല്ലാം നട്ട മരങ്ങള്‍ ഉള്ള 'കവികളുടെ പാര്‍ക്ക്' സന്ദര്‍ശിക്കുന്നത് വലിയ അനുഭവമായിരുന്നു. ഓരോ മരത്തിനും കീഴെ അത് നട്ട കവിയുടെ പേര്‍ വഹിക്കുന്ന ലോഹഫലകം ഉണ്ട്.

ഓഹ്രിദ് തടാകം
ഓഹ്രിദ് തടാകം


തുടര്‍ന്ന് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പോയി. മാസിഡോണിയായുടെ ജൈവ വൈവിദ്ധ്യം നന്നായി പ്രതിഫലിക്കുന്ന, അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളും (സ്റ്റഫ് ചെയ്തവ എന്ന് ഖേദത്തോടെ കൂട്ടിച്ചേര്‍ക്കട്ടെ) ഉള്ള, കാഴ്ചബംഗ്ലാവാണത്. സ്ട്രൂഗ കാവ്യോത്സവത്തിന്റെ പ്രതീകമായ ദേശീയമത്സ്യത്തേയും അവിടെ കണ്ടു. തുടര്‍ന്ന് 'ആര്‍ട്ട് സ്ട്രീറ്റ്' എന്നറിയപ്പെടുന്ന ഹെറിറ്റേജ് തെരുവില്‍ പോയി. അവിടെ പഴയ വീടുകള്‍ കടകളും അതേപടി സൂക്ഷിച്ചിരിക്കുന്നു. വാന്ജെല്‍ കോഡ്ട്സോമാന്‍ എന്ന ഈ നാട്ടിലെ ആദ്യത്തെ ആധുനിക ചിത്രകാരന്റെ ഗാലറിയും ഞങ്ങള്‍ സന്ദര്‍ശിച്ചു. അധികവും ഇംപ്രഷനിസ്റ്റ് ചിത്രങ്ങളാണ് അവിടെ കണ്ടത്. വൈകുന്നേരം വീണ്ടും കവിതാവായനകള്‍ ഉണ്ടായി. പാതിരാ മുതല്‍ 'നൈറ്റ് വിത്തൗട്ട് പങ്ചുവേഷന്‍' എന്ന തുടര്‍വായനയും. അതിനു പോകാന്‍ എന്റെ ആരോഗ്യനില അനുവദിച്ചില്ലെങ്കിലും.

3

''അടച്ചുപൂട്ടിയ പള്ളികള്‍,
ഉടമസ്ഥര്‍ എന്ന് മടങ്ങിവരുമെന്ന്
പറയാതെ, മേല്‍വിലാസം നല്‍കാതെ,
സ്ഥലം വിട്ട വീടുകള്‍പോലെ...''

    -അന്നാ ബ്ലാന്റിയാനാ (മാസിഡോണിയന്‍ കവയിത്രി)

രാവിലെ സ്ട്രൂഗയില്‍ത്തന്നെ ഞങ്ങളുടെ ഹോട്ടലില്‍നിന്നു 15 മിനിറ്റ് ബസില്‍ പോകാവുന്ന കലിഷ്തയിലെ ഒരു പഴയ പള്ളിയുടെ മുറ്റത്തായിരുന്നു കവിതാവായന. ഓഹ്രിദ് തടാകത്തിന്റെ തീരത്താണ് പാറകള്‍ നിറഞ്ഞ ഒരിടത്ത് 17-ാം നൂറ്റാണ്ടില്‍ പണിത്, 1977-ല്‍ പുതുക്കിപ്പണിത കന്യാമറിയത്തിന്റെ ഈ പള്ളി. ഇവിടെ അപൂര്‍വ്വമായ ഒരു ആരാധനാചിത്രമുണ്ട്: കറുത്ത ഉണ്ണിയേശുവിനെ കയ്യിലേന്തിയ കറുത്ത ഉടുപ്പിട്ട കറുത്ത മറിയം. തൊട്ടടുത്ത് രണ്ടു പള്ളികള്‍ കൂടിയുണ്ട്: 13-ാം നൂറ്റാണ്ടില്‍ പണിത ഗുഹകള്‍ നിറഞ്ഞ ഒരു പള്ളിയിലാണ് ആദ്യം ഞങ്ങള്‍ പോയത്. മെഴുകുതിരിവെട്ടം മാത്രമുള്ള ഈ ഗുഹകളില്‍ സന്ന്യാസിമാര്‍ ധ്യാനിക്കാറുണ്ട്. പല ഗുഹകളിലും കുനിഞ്ഞു കയറണം. പലരും പുറത്ത് നിന്നപ്പോള്‍ എന്റെ ജിജ്ഞാസ എന്നെ അകത്തെത്തിച്ചു. പഴയ ഒരു കല്‍ക്കോവണിയിലൂടെയാണ് മുകളില്‍ എത്തുക. മറ്റൊന്ന് 1990-ല്‍ പണിത സെന്റ് പീറ്ററിന്റേയും സെന്റ് പോളിന്റേയും പള്ളിയാണ്, ഇതിന്റെ അടിയില്‍ നിന്നൊഴുകുന്ന ജലം രോഗങ്ങള്‍ ശമിപ്പിക്കും എന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. പള്ളിമുറ്റത്ത് അധികവും മാസിഡോണിയന്‍ കവികളാണ് 'മാറ്റിനിവായന' നടത്തിയത്. ഡിജിറ്റല്‍ യുഗത്തിലെ സാഹിത്യ മാസികകളുടെ പങ്കിനെപ്പറ്റി ഒരു ചര്‍ച്ചയും 'വേഴ്സോപ്പോലിസ്' എന്ന മറ്റൊരു കവിതാ സെഷനും കൂടി അന്ന് ഉച്ചയ്ക്ക് ഞങ്ങളുടെ ഹോട്ടലില്‍ത്തന്നെ ഉണ്ടായിരുന്നു.

അവിടെ വായിച്ച ഗ്രെഗോഴ്സ് ക്വ്യാട്ട്കൊവ്സ്‌കി എന്ന പോളിഷ് കവിയുടെ ചില കവിതകളിലെ ഐറണി എനിക്കിഷ്ടമായി. (ഇത് പല പോളിഷ് കവികളിലും കണ്ടിട്ടുണ്ട്: സ്ബിഗ്നെവ് ഹെര്‍ബെര്‍ട്ടിനെപ്പോലെ ). നമ്മുടെ ചില തര്‍ക്കങ്ങള്‍ ഓര്‍ക്കുകയും ചെയ്തു:

''അയാള്‍ പറഞ്ഞു അയാള്‍ എന്നെ തോല്‍പ്പിച്ചു എന്ന്,
സത്യം അയാളുടെ ഭാഗത്തായിരുന്നു എന്ന്.

ഞങ്ങള്‍ ഇരുവരും മരിച്ചു:
അയാളുടെ കണ്ണില്‍ ഒരു എട്ടുകാലി കൂട് കെട്ടി
എന്റെ വയര്‍ ഒരു കുറുക്കന്റെ മാളമായി.

എനിക്കയാളോട് വിരോധമൊന്നുമില്ല.
മരണത്തില്‍ ഞങ്ങള്‍ തുല്യരായതില്‍ സന്തോഷം
അന്യോന്യം അടിമകളാകാതെ.
എന്നാലും ചിലപ്പോള്‍ എന്റെ പല്ലിന്റെ
കാര്യമോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്.
എന്റെ പല്ലുകള്‍ അത്ര സുന്ദരവും ശക്തവുമായിരുന്നു.''
        (പല്ലുകള്‍ )

സ്വീഡനിലെ സന്നാ ഹാര്‍ത്നോറിന്റെ കവിതയില്‍ 'ഒറ്റക്കണ്ണു തുറന്നുറങ്ങുന്ന കടല്‍' പോലെ ചില ഇമേജുകള്‍ എനിക്കിഷ്ടമായി, പൊതുവേ കവിതകള്‍ അതിസാധാരണമായി തോന്നിയെങ്കിലും. സ്പാനിഷ് കവയിത്രി കാര്‍മെന്‍ കമാച്ചോവിന്റെ ചില കൊച്ചു കവിതകളും നന്നായിരുന്നു, ''ഞാന്‍ കണ്ണീരില്‍ കിടന്നുറങ്ങി/ഞാന്‍ മീനുകളെ സ്വപ്നം കണ്ടു'' എന്നപോലെ. അഥവാ ബാഗില്‍ കൊണ്ടുനടന്നു കുടപോലെ മടക്കുകയും വേണ്ടപ്പോള്‍ നിവര്‍ത്തുകയും മഴയില്‍നിന്നു രക്ഷപ്പെടാനും നിവര്‍ത്തി വിരിച്ചു ഇരിക്കാനും കഴിയുന്ന, നഖം ചുരണ്ടാനും ചീട്ടു കളിക്കാനും വിശറിയായി വീശാനും പിടിച്ചു നടക്കാനും കഴിയുന്ന, ഉപയോഗമുള്ള, ഒരു കവിതയെപ്പറ്റിയുള്ള രചനപോലെ.
എട്ടു മണിക്ക് ബൊഗുമില്‍ ഗയ്സല്‍ എന്ന കവിയുടെ പുസ്തകാവതരണവും വീണ്ടും ചില കവിതാ വായനകളും നടന്നു. ടി.എസ്. എലിയറ്റ് രെപസ് നേടിയ ജേക്കബ്ബ് പോളിയുടെ ഇംഗ്ലീഷ് കവിതകള്‍ ഘടനാപരമായി വളരെ പുതുമയുള്ളതയിരുന്നു. 'കാക്ക' എന്ന ചെറുകവിത നോക്കൂ; ആ ശീര്‍ഷകം കൂടി ശ്രദ്ധിച്ചാലേ കവിതയുടെ സൗന്ദര്യം വ്യക്തമാകൂ:

''ആബേലിന്റെ കഥ കഴിച്ച്
കായീന്‍ കയ്യുറകളൂരി
അമര്‍ത്തി മടക്കി
തീയിട്ടു.
അങ്ങനെയാണ്
അവ ജീവിതത്തിലേക്കു കറുത്തത്,
കാറ്റിന്റെ കഴുത്തിനു പിടിച്ചത്.''

4

''അവളുടെ പേര് ലോല എന്നായിരിക്കാം
അവള്‍ക്ക് ഒരു കാക്കാപ്പുള്ളിയുണ്ട്,
ശിരോവസ്ത്രമുണ്ട്,
ഇനിയൊരിക്കലും നിങ്ങള്‍ അവളെ കാണില്ല.''
റഫേല്‍ സോളര്‍ 
        (സ്പെയിന്‍)

ആഗസ്റ്റ് 24-നു പ്രധാന പരിപാടികള്‍ മതേജാ മതെവ്സ്‌കി എന്ന മാസിഡോണിയന്‍ കവിയുടെ 90-ാം പിറന്നാള്‍ ആഘോഷവും ഹാഗിയാ സോഫിയാ പള്ളിയില്‍ വെച്ച് ഗോള്‍ഡന്‍ റിത് അവാര്‍ഡ് ദാനവുമായിരുന്നു. സെന്റ് സോഫിയായുടെ പള്ളി, ആറാം നൂറ്റാണ്ടില്‍ തകര്‍ത്ത മെട്രോപോളിറ്റന്‍ പള്ളിയുടെ മീതെ ആദ്യത്തെ ബള്‍ഗേറിയന്‍ സാമ്രാജ്യത്തിന്റെ കാലത്ത് പണിതതാണ്. 10-ാം നൂറ്റാണ്ടില്‍ പണി പൂര്‍ത്തിയായി. ഓട്ടോമന്‍ സാമ്രാജ്യകാലത്ത് ഇത് ഒരു മുസ്ലിം പള്ളിയായി മാറ്റപ്പെട്ടു. ആര്‍ച്ച്ബിഷപ്പ് ഗ്രിഗറിയുടെ കാലത്ത് വീണ്ടും ക്രിസ്ത്യന്‍ പള്ളിയായി. പള്ളിയിലെ ചുവര്‍ച്ചിത്രങ്ങള്‍ ബൈസന്‍ന്റയിന്‍ കലയുടെ ഉത്തമ മാതൃകകളാണ്. ഒപ്പം ഐക്കണുകളുടെ ഒരു വലിയ മ്യൂസിയവും ഉണ്ട്. ഇതിലും വലിയ ഒരു ക്രിസ്ത്യന്‍ ഐക്കണ്‍ മ്യൂസിയം ഞാന്‍ മോസ്‌കോയിലെ കണ്ടിട്ടുള്ളൂ.
പള്ളിക്കകത്തുവെച്ച് തന്നെയാണ് അന്നാ ബ്ലന്റിയാനായ്ക്ക് സമ്മാനം നല്‍കപ്പെട്ടത്. അവര്‍ വികാരഭരിതയായിരുന്നു. അവരുടെ കവിതയെ പരിചയപ്പെടുത്തി എലിസബത്താ ഷെലേവാ ഒരു ദീര്‍ഘ പ്രസംഗം നടത്തി. റോമാനിയായില്‍ ചൌഷെസ്‌ക്യുവിന്റെ കാലത്ത് പീഡിപ്പിക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത ഒരു പാതിരിയുടെ മകളാണ് അന്നാ. (ഒട്ടീലിയാ വലെരിയാ എന്നാണു ശരിപ്പേര്‍; 'അന്നാ' തൂലികാനാമം ആണ്). സ്ത്രീ എന്ന നിലയ്ക്കും മതവിശ്വാസി എന്ന നിലയ്ക്കും അവര്‍ക്ക് നേരിടേണ്ടിവന്ന സഹനങ്ങളേയും അവരുടെ കവിതയുടെ ധ്യാനാത്മകമായ ഭാവഗീതസ്വഭാവത്തേയും നൈതികാന്വേഷണത്തേയും അസമത്വങ്ങളോടുള്ള കലഹത്തേയും സ്‌നേഹത്തിലുള്ള വിശ്വാസത്തേയും കുറിച്ചായിരുന്നു പ്രസംഗം. തന്റെ ചെറിയ മറുപടിയില്‍ ഈ ക്രൂരകാലത്ത് കവിതയുടെ ജ്വാല കെടാതെ സൂക്ഷിക്കാന്‍ നാം കൈകള്‍ ചേര്‍ത്ത് പിടിക്കണം എന്ന് അവര്‍ പറഞ്ഞു.


25-ാം തീയതി മനോഹരമായ ഒരു ദിവസമായിരുന്നു. പ്രശാന്തനീലമായ ഓഹ്രിദ് തടാകത്തിലൂടെ രണ്ടു മണിക്കൂര്‍ ബോട്ടുയാത്ര. അവിടെ ചെന്നു ഞങ്ങള്‍ അഞ്ചുപേര്‍, മുന്‍പേ റോട്ടര്‍ ഡാമിലും കല്‍ക്കത്തയിലും വെച്ച് പരിചയപ്പെട്ടിരുന്ന മാസിഡോണിയന്‍ കവി വ്‌ലാഡിമീര്‍, ഇവിടെവെച്ച് സുഹൃത്തായ, അയോവ റൈറ്റിംഗ് പ്രോഗ്രാം ഡയറക്ടര്‍ കൂടി ആയ ക്രിസ്റൊഫര്‍ മെറില്‍, പലെസ്തീനില്‍നിന്നു വന്ന അസ്മാ അസൈസേ, സ്പാനിഷ് കവി റാഫേല്‍ സോളര്‍ എന്നിവര്‍ തടാകത്തിന്റെ ഉറവകളിലേക്ക് ഒരു തോണിയില്‍ പോയി. നാല് മീറ്റര്‍ താഴെയാണെങ്കിലും തെളിഞ്ഞ വെള്ളത്തിനടിയില്‍ മണലില്‍നിന്നു ജലം ഊറി നിറയുന്ന ആ കാഴ്ച വിസ്മയകരമായിരുന്നു. തുടര്‍ന്ന് സെന്റ് നോം പള്ളി സന്ദര്‍ശിച്ചു. 905-ല്‍ ബള്‍ഗേറിയന്‍ സാമ്രാജ്യം സ്ഥാപിച്ച ഈ പള്ളിയില്‍ 16-ാം നൂറ്റാണ്ടു മുതല്‍ കുറേ കാലം ഒരു ഗ്രീക്ക് സ്‌കൂള്‍ നടന്നിരുന്നു. 1912-1925 കാലത്ത് ഇത് അല്‍ബേനിയയില്‍ ആയിരുന്നു. അനന്യമാണ് മാസിഡോണിയന്‍ പള്ളികളുടെ വാസ്തുശില്പം. ടര്‍ക്കിഷ് സ്വാധീനവും യൂറോപ്യന്‍ സ്വാധീനങ്ങളും അവയില്‍ കാണാം. തിരിച്ചുവന്നത് മറ്റൊരു വഴി ആയിരുന്നതിനാല്‍ വ്യത്യസ്തമായ കാഴ്ചകള്‍ കാണാനായി.

പിറ്റേന്നു തലസ്ഥാനമായ സ്‌കൊപ്യെയ്ക്ക് പോകും വഴി പത്തൊമ്പതാം നൂറ്റാണ്ടിലെ ടിക്വേഷ് എന്ന വീഞ്ഞ് ഫാക്ടറി ചുറ്റിക്കണ്ടു, അവിടെത്തന്നെയായിരുന്നു ഉച്ചഭക്ഷണം. വൈകീട്ട് സ്‌കൊപ്യെയും അവിടത്തെ ഫിലിപ്പ് ചക്രവര്‍ത്തിയുടെ പ്രതിമയുമെല്ലാം ഒന്നു ചുറ്റിക്കണ്ടപ്പോഴേക്കും രാത്രിയിലെ സമാപനവായനയ്ക്ക് സമയമായി. അതിലും എന്റെ വായന ഉണ്ടായിരുന്നു. പിറ്റേന്നു രാവിലെ സ്‌കൊപ്യെ വിമാനത്താവളത്തിലേയ്ക്കു പോരുമ്പോള്‍  മനസ്സ് ഓഹ്രിദ് തടാകം പോലെ ശാന്തനീലമായിരുന്നു, കാവ്യനിര്‍ഭരവും. ഈ ഹ്രസ്വ സന്ദര്‍ശനം എനിക്കു ചില ഹ്രസ്വ കവിതകള്‍ നല്‍കും എന്നുതന്നെ തോന്നുന്നു.

''ഞാന്‍ ആനന്ദത്തെ
നിങ്ങള്‍ ജീവിച്ച
നിമിഷങ്ങള്‍കൊണ്ട് പെരുക്കുന്നു
ദു:ഖത്തെ
സോര്യനിലേക്കുള്ള ദൂരം കൊണ്ടും.
ഇങ്ങനെയാണ് ഞാന്‍
സാന്തതയേയും അനന്തതയേയും
മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത്''

     ഓഡൈ്വഗ് ക്ലൈവ് (നോര്‍വേ)
ചിത്രങ്ങള്‍: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com