ബൗദ്ധികശേഷിയുടെ അളവുകോലുകള്‍ തകരുമ്പോള്‍: സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്

സ്ത്രീപുരുഷ സമത്വം എന്നു കൃത്യമായും സുന്ദരമായും പറയേണ്ടയിടത്താണ് നമ്മള്‍ മലയാളത്തില്‍ ലിംഗം എഴുന്നള്ളിക്കുന്നത്.
ബൗദ്ധികശേഷിയുടെ അളവുകോലുകള്‍ തകരുമ്പോള്‍: സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്

പെണ്‍ മസ്തിഷ്‌കം ആണിന്റേതിനെ അപേക്ഷിച്ച് തരംതാണതാണെന്ന ഒരു ബോധം നൂറ്റാണ്ടുകളായി നമ്മെ ഭരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ആണധികാരത്തിലേക്കുള്ള കുറുക്കുവഴിയായി  വികസിപ്പിച്ചെടുത്ത ഒരു  മിത്തിനെ ഇടിച്ചുനിരത്തുകയാണ് 'ദ ജെന്‍ഡേര്‍ഡ് ബ്രെയിന്‍.' എഴുതിയത്  ബിര്‍മിങ്ഹാമിലെ ഓസ്റ്റണ്‍ സര്‍വ്വകലാശാലയുടെ കീഴിലെ ഓസ്റ്റണ്‍ ബ്രെയിന്‍ സെന്ററില്‍ കോഗ്നിറ്റീവ് ന്യൂറോ സയന്‍സ് വിഭാഗം ഗവേഷകയും പ്രൊഫസറുമായ ജിനാ റിപ്പണ്‍.   ശാസ്ത്രലോകത്തെക്കാളുപരി സാംസ്‌കാരിക ലോകം വായിച്ചിരിക്കേണ്ട ഒന്നാണിത്. പെണ്‍ബുദ്ധി എന്ന വാക്കുതന്നെ  പ്രചാരത്തിലുള്ള നാടാണ് നമ്മുടേത്.  തലയോടുകളില്‍ ധാന്യമണികള്‍ നിറച്ചു തൂക്കമെടുത്തു താരതമ്യം ചെയ്താണ് ആദിയില്‍ പെണ്‍ മസ്തിഷ്‌കങ്ങളെ എഴുതിത്തള്ളിയ ഓലകള്‍ രചിക്കപ്പെട്ടത്. മസ്തിഷ്‌കത്തിന്റെ ഇല്ലാത്ത മേന്‍മയുടെ പുറത്തായിരുന്നു അധികാരത്തിന്റെ പൊതുമേഖലകളത്രയും  ആണിനാക്കി നിജപ്പെടുത്തിയതും പെണ്ണിനെ ആണിന്റെ സ്വകാര്യ സ്വത്താക്കി വരവുവെച്ചു അധികാരത്തിന്റെ പരിധിക്കു പുറത്താക്കിയതും.  നൂറ്റാണ്ടുകളായി നടന്ന സാമൂഹികമായ ഇടപെടലുകളാണ് ജെന്‍ഡര്‍ ബ്ലണ്ടറിനെ കുറച്ചൊക്കെയും തകര്‍ത്തു മുന്നേറാന്‍ സമൂഹത്തെ പ്രാപ്തമാക്കിയത്.  പ്രൊഫ. ജിനാ റിപ്പണ്‍ ശാസ്ത്രീയമായിത്തന്നെ  കത്തിവെയ്ക്കുന്നത് ആ  ജെന്‍ഡര്‍ ബ്ലണ്ടറിന്റെ കടയ്ക്കലാണ്.  

വില്യം വിതേഴ്‌സ് മൂര്‍
വില്യം വിതേഴ്‌സ് മൂര്‍

ജിന ഇരട്ടക്കുട്ടികളില്‍ ഒരാളായിരുന്നു.  നോക്കണം, പഠിപ്പില്‍ മോശമായിരുന്ന സഹോദരനെ മാതാപിതാക്കാള്‍ അയച്ചത് അക്കാദമിക് കാത്തലിക് ബോര്‍ഡിംഗ് സ്‌കൂളിലേക്കായിരുന്നു.  പഠനത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്ന, രാജ്യത്തെ തന്നെ മികച്ച വിദ്യാര്‍ത്ഥിയായ, ഗ്രാമര്‍ സ്‌കൂള്‍ പഠനത്തിനു സ്‌കോളര്‍ഷിപ്പോടെ തെരഞ്ഞെടുക്കപ്പെട്ട  ജിനയെ അയച്ചതാവട്ടെ, ഒരു നോണ്‍ അക്കാദമിക് കാത്തലിക് കോണ്‍വെന്റിലേക്കും.  അഭിരുചിക്കനുസൃതമായ ശാസ്ത്രവിഷയങ്ങളൊന്നുമില്ലാത്ത വിദ്യാലയം. കന്യാസ്ത്രീയല്ലെങ്കില്‍ നല്ല പെങ്ങളായി, മികച്ച ഭാര്യയായി,  വാത്സല്യനിധിയായ അമ്മയായി വളരുവാനുള്ള ഉപദേശം മാത്രമുള്ള ഒരിടം.  

ഗുസ്താവ് ലെ ബോണ്‍
ഗുസ്താവ് ലെ ബോണ്‍

മെഡിസിനു പഠിക്കാന്‍ ആഗ്രഹിച്ച ജിന എങ്ങനെയോ കിട്ടിയ വഴിയിലൂടെയാണ് സൈക്കോളജിയിലെത്തുന്നതും ന്യൂറോ സയന്‍സു പഠിക്കുന്നതും  ഒടുവില്‍ ന്യൂറോനോണ്‍സെന്‍സിന്റെ പിടിയില്‍നിന്നും പെണ്ണിന്റെ മസ്തിഷ്‌കത്തെ വീണ്ടെടുക്കുന്നതും. നമ്മുടെയൊക്കെ രാജ്യത്തെ മിക്കവാറും പെണ്‍കുട്ടികള്‍ക്കും ജിനയുടെ ഗതിയാണ്, പ്രതിഭയുടെ അതിജീവനശേഷി ഒന്നുകൊണ്ടുമാത്രം രക്ഷപ്പെടുന്നവരാണ് ചിലര്‍. ഒന്നാലോചിച്ചു നോക്കൂ, ജിനയുടെ മാതാപിതാക്കളുടെ വാര്‍പ്പുമാതൃകകളല്ലേ ഭൂരിഭാഗവും.  കേരളത്തിലെ ഒരു ചെറിയ ശതമാനത്തെ വച്ചല്ല  മഹാഭൂരിപക്ഷത്തെ അളക്കേണ്ടത് എന്നുമാത്രം. 

ജിനാ റിപ്പണ്‍
ജിനാ റിപ്പണ്‍

വച്ചുമാറുന്ന വര്‍ഗ്ഗവും
ലിംഗഭേദവും

സെക്സും ജന്‍ഡറും പരസ്പരം മാറി ഉപയോഗിക്കുന്ന സമൂഹമാണ് നമ്മുടേത്. സെക്സ്, ആണ്‍പെണ്‍ സ്വത്വം     ഒരു ജൈവശാസ്ത്രനിര്‍മ്മിതിയും ജന്‍ഡര്‍, ലിംഗഭേദം ഒരു സാമൂഹിക നിര്‍മ്മിതിയുമാണ്.  ആണ്‍പെണ്‍ മസ്തിഷ്‌കങ്ങളിലെ പ്രഖ്യാപിത വ്യത്യാസത്തെ ആണിന്റേയും പെണ്ണിന്റേയും അനിവാര്യമായ  Essence, സത്തയുടെ ഭാഗമാണെന്നു സമര്‍ത്ഥമായി വ്യാഖ്യാനിച്ചു, വൃത്തിയായി Essentialism, 'സത്ത'വാദമെന്ന വകുപ്പില്‍പ്പെടുത്തിക്കൊടുത്തു.  അനന്തരം സത്ത മാറാത്തതാണെന്നും മാറ്റാനുള്ള ശ്രമം തന്നെ പ്രകൃതിവിരുദ്ധമാണെന്നും ഭംഗിയായി സ്ഥാപിച്ചെടുത്തു.  വെറും നൂറ്റിയിരുപത്തിയഞ്ചു കൊല്ലം മുന്നേ, 1895-ലാണ് മനുഷ്യവംശത്തിന്റെ ക്രമമായ വളര്‍ച്ചയില്‍ ഏറ്റവും താഴ്ന്ന രൂപത്തെയാണ് സ്ത്രീകള്‍ പ്രതിനിധീകരിക്കുന്നത് എന്നും പരിഷ്‌കൃത സമൂഹത്തോടല്ല, അവര്‍ കൂടുതലും അടുത്തുകിടക്കുന്നത് അപരിഷ്‌കൃതരോടും കുട്ടികളോടുമാണെന്നും പറഞ്ഞത് Gustave Le Bon ആണെന്നു എഴുത്തുകാരി ഓര്‍മ്മിപ്പിക്കുന്നു.  എന്നാല്‍ അതിനും 200-ലേറെ വര്‍ഷങ്ങള്‍  മുന്‍പ് François Poullain de la Barre എന്ന ഫ്രെഞ്ച് തത്ത്വചിന്തകന്‍  ഈ വാദം അസംബന്ധമാണെന്നു  സ്ഥാപിക്കുകയും ധീരമായി ആ അസമത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വളരെ ശാസ്ത്രീയമായി തന്നെയായിരുന്നു അദ്ദേഹം ആണ്‍പെണ്‍ കഴിവുകളെ ബാഹ്യമായ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി താരതമ്യം ചെയ്തത്.  ഭൗതികശാസ്ത്രം പഠിക്കാനുള്ള വൈദഗ്ദ്ധ്യം തന്നെ ചിത്രത്തയ്യലിനും വേണമെന്നു അദ്ദേഹം വാദിച്ചു. മുകളില്‍ പറഞ്ഞ സത്തവാദത്തിന്റെ ബലത്തില്‍ പ്രത്യയശാസ്ത്ര പരിവേഷം ചാര്‍ത്തിക്കിട്ടിയ പാട്രിയാര്‍ക്കി അഥവാ പുരുഷകേന്ദ്രിത കുടംബഘടന അതിന്റെ വേരുകള്‍ ആഴ്ത്തിയ കാലത്താണ് അദ്ദേഹം  മനസ്സിനു ലിംഗമില്ലെന്നു പ്രഖ്യാപിച്ചത്.


ജന്‍ഡര്‍ ഇക്വാലിറ്റി നമുക്ക് ലിംഗസമത്വമാണ്. സത്യത്തില്‍ സ്ത്രീപുരുഷ സമത്വം എന്നു കൃത്യമായും സുന്ദരമായും പറയേണ്ടയിടത്താണ് നമ്മള്‍ മലയാളത്തില്‍ ലിംഗം എഴുന്നള്ളിക്കുന്നത്. സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്. നമ്മുടെ മുന്‍വിധികളെ ഒന്നൊന്നായി കടന്നാക്രമിക്കുകയാണ് എഴുത്തുകാരിയുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും. ഒരായിരം ഫെമിനിസ്റ്റ് മാനിഫെസ്റ്റോയെക്കാള്‍ സ്ത്രീപുരുഷ സമത്വത്തിനു സംഭാവന ചെയ്യാനാവുക പെണ്‍മസ്തിഷ്‌കമെന്ന സങ്കല്പത്തെ പൊളിച്ചടുക്കുന്ന ജിനയുടെ ഉജ്ജ്വലമായ കൃതിക്കാണെന്ന് ദ ഗാര്‍ഡിയന്‍  നിരീക്ഷിച്ചിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള  ഉത്തരങ്ങളല്ല, ആണ്‍പെണ്‍ മസ്തിഷ്‌കങ്ങളിലെ വ്യത്യാസമെന്തെന്ന ചോദ്യം തന്നെയാണ് ഇല്ലാതാവുന്നത്.  

പെണ്ണിന്റെ ലോകം പിതാവിനും പുത്രനും ഭര്‍ത്താവിനും ചുറ്റിലുമായി മനുസ്മൃതമായി കറങ്ങുന്ന കാലത്തേ ഇത്തരം പുരോഗമനപരമായ നിലപാടുകളുമുണ്ടായിരുന്നു. അപ്പോള്‍ത്തന്നെ പിന്തിരിപ്പന്‍ നിലപാടുകളുടെ ആധുനിക ലോകവുമുണ്ട്. ഇതൊരു കാര്യം വ്യക്തമാക്കുന്നു. വിവേചനം ബോധപൂര്‍വ്വമായ ഒരു സൃഷ്ടിയായിരുന്നു. 1886-ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന  വില്യം വിതേഴ്സ് മൂറിന്റെ ഒരു ഗവേഷണ പ്രബന്ധം തന്നെ പെണ്ണിനെ അധികം പഠിപ്പിച്ചാലുണ്ടായേക്കാവുന്ന അപകടങ്ങളെപ്പറ്റിയായിരുന്നു. അവരുടെ മസ്തിഷ്‌കം അധികം പ്രവര്‍ത്തിച്ചാല്‍ പ്രത്യുല്പാദനാവയവ സംവിധാനങ്ങളെ ബാധിക്കും എന്നും പിന്നീട് വൈവാഹിക ജീവിതം അസാധ്യമാവും എന്നുമായിരുന്നു ഭീകരമായ കണ്ടെത്തല്‍.  പെണ്ണിനെ മാത്രം ബാധിക്കുന്ന, വിദ്യാഭ്യാസം ഒന്നുകൊണ്ടുമാത്രം വരുന്ന രോഗത്തിനു ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ പേര് Anorexia Scholastica എന്നായിരുന്നു. രോഗലക്ഷണങ്ങളാവട്ടെ,  മാനസികമായ പിരിമുറുക്കം, ഉറക്കമില്ലായ്മ, മതിഭ്രമം, സ്വഭാവശുദ്ധി നശിച്ചുപോവല്‍, എത്ര തിന്നാലും തൂക്കം വെയ്ക്കാതിരിക്കുക തുടങ്ങിയവയും.  മസ്തിഷ്‌കത്തിലേക്ക് കണ്ടമാനം ഊര്‍ജ്ജമൊഴുക്കി നാഡീകേന്ദ്രങ്ങള്‍ തളര്‍ന്നുപോയി അടിവയറ്റിലെ ആന്തരികാവയവങ്ങള്‍ കേടായിപ്പോവുന്ന രോഗകാരണം വിദഗ്ദ്ധന്‍മാര്‍ കണ്ടെത്തിയത് 1892-ലാണ്. മസ്തിഷ്‌കത്തെ വൈദ്യശാസ്ത്രം ലൈംഗികമായി തരംതിരിച്ചതായിരുന്നു അത്. പെണ്ണിന്റെ സാമൂഹികപദവി ആരു വിവാഹം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി നില്‍ക്കുന്ന അക്കാലത്താണ് വിദ്യാഭ്യാസം നേടിയത് വിവാഹത്തിനുള്ള അയോഗ്യതയായി വൈദ്യശാസ്ത്രം തന്നെ അടയാളപ്പെടുത്തി പെണ്ണിനെ അടിമയാക്കി തളയ്ക്കുന്നത്. ഇതെല്ലാം ഒരു നൂറ്റാണ്ട്, ഏറിയാല്‍ ഒന്നേകാല്‍ നൂറ്റാണ്ട് മുന്‍പത്തെ ചരിത്രമാണ്. ഇനി രസകരമായ ഒരു സത്യം. ഈ മഹത്തായ കണ്ടെത്തല്‍ നടക്കുന്നതിനു മുന്നേ 1867-ലാണ് മേരിക്യൂറി പോളണ്ടില്‍ ജനിച്ചത്. ഈ കണ്ടുപിടുത്തം കഴിഞ്ഞു 11 കൊല്ലം, 1903-ലാണ് അവര്‍ നൊബേല്‍ സമ്മാനം നേടുന്നത്. പല മേഖലകളില്‍ പ്രസിദ്ധരായ പ്രതിഭാശാലികളായ വനിതകളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നപ്പോഴാണ് ഈ കണ്ടെത്തല്‍ നടത്താന്‍ അവര്‍ ധൈര്യപ്പെട്ടത്.  

ചൊവ്വയില്‍നിന്നു ആണും 
ബുധനില്‍നിന്നു പെണ്ണും

ആണും പെണ്ണും രണ്ടു വിരുദ്ധഗ്രഹങ്ങളില്‍ നിന്നുള്ളവരാണെന്നു തോന്നിക്കുന്ന വിധത്തില്‍ ലോകം മുഴുവനും പ്രചരിച്ച ഒരു പുസ്തകമായിരുന്നു 150 ലക്ഷം കോപ്പികള്‍ വിറ്റുപോയ ജോണ്‍ ഗ്രേയുടെ 'മെന്‍ ആര്‍ ഫ്രം മാര്‍സ്, വുമണ്‍ ആര്‍ ഫ്രം വീനസ്.' ആധികാരികമായി മേഖലയില്‍ കാര്യമായ അറിവോ വിദ്യാഭ്യാസം തന്നെയോ ഇല്ലാതിരുന്ന ഒരാളെഴുതിയ പിന്തിരിപ്പന്‍ പുസ്തകത്തിന്റെ വിജയം അടയാളപ്പെടുത്തുന്നത് സമൂഹത്തിന്റെ പരാജയമാണ്,  നമ്മളില്‍ത്തന്നെ രൂഢമൂലമായ ലിംഗവിവേചനത്തിന്റെ, പെണ്ണ് ആണിനു താഴെയാണെന്ന പൊതുബോധത്തെയാണ്.

 വ്യത്യസ്ത ഗ്രഹങ്ങളില്‍നിന്നും വന്ന ആണും പെണ്ണും സംസാരിക്കുന്നതു ഒരേ ഭാഷയാണോ എന്ന് ഒരു വിമര്‍ശക ഗ്രേയോടു ചോദിച്ചിരുന്നു. സ്റ്റോണി ബ്രൂക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മൈക്കേല്‍ കിമ്മല്‍ ഗ്രേയുടെ വാദങ്ങളെ രസകരമായി, അതിനിശിതമായി ഖണ്ഡിച്ചിരുന്നു. സത്യം ചെരുപ്പിടുമ്പോഴേയ്ക്കും നുണ ലോകം ചുറ്റി വരികയാണു പതിവ്, ലോകത്തെല്ലായിടത്തും. ആണ്‍പെണ്‍ വ്യത്യാസം ഒരു സാമൂഹിക നിര്‍മ്മിതി മാത്രമാണെന്നും സാമൂഹികമായും രാഷ്ട്രീയമായും ആണിന്റേയും പെണ്ണിന്റേയും ആഗ്രഹങ്ങളും ആവശ്യങ്ങളും ഒരുപോലെയാണെന്നും കിമ്മല്‍ സമര്‍ത്ഥിക്കുന്നു. 

പിന്നോട്ടു നയിക്കുന്ന 
സാമൂഹിക നിര്‍മ്മിതികള്‍

ഏറ്റവും കാര്യക്ഷമവും മികച്ചതുമായ  ബ്രെയിന്‍ ഇമേജിങ്ങ് ഇരുപതാം നൂറ്റാണ്ടില്‍ത്തന്നെ ഉണ്ടായെങ്കിലും ഈ കണ്ടെത്തല്‍ സംഭവിക്കാന്‍ അടുത്ത നൂറ്റാണ്ടാവേണ്ടിവന്നു എന്നു വരുമ്പോള്‍ സാമൂഹികമായ അബദ്ധനിര്‍മ്മിതികള്‍ ശാസ്ത്രീയമായ സത്യങ്ങളെപ്പോലും മറച്ചുപിടിക്കുന്നു അല്ലെങ്കില്‍ സ്വാധീനിക്കുന്നു, അതല്ലെങ്കില്‍ നിഷ്പ്രഭമാക്കുന്നു എന്നുവേണം കരുതാന്‍.  നമ്മുടെ വിദ്യാഭ്യാസ രീതികളെ, നയപരിപാടികളെ,  സാമൂഹിക പദവികളെ, വ്യക്തിത്വത്തെ, മാനസിക ആരോഗ്യത്തെ ഒക്കെയും നിര്‍ണ്ണയിക്കുന്നത് ഇത്തരം അശാസ്ത്രീയമായ വിചാരധാരകളാവുമ്പോള്‍ അതൊക്കെയും സാമൂഹിക മുന്നേറ്റത്തെ എത്രമാത്രം പിറകോട്ടടിപ്പിച്ചിട്ടുണ്ടാവണം? 

ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മതി, എന്തൊക്കെ വാദങ്ങളായിരുന്നു? ഒരുപാട് റിസ്‌ക്കുള്ള പണിയൊന്നും പെണ്ണിനു പറ്റുകയില്ല,  തലയിലെ വയറിംഗ് ശരിയല്ലാത്തതുകൊണ്ടു  മാപ്പു മനസ്സിലാക്കാനുള്ള ബൗദ്ധികശേഷി പെണ്ണിനുണ്ടാവുകയില്ല. ഈ സകലമാന കണ്ടെത്തലുകളുടേയും അടിസ്ഥാനമെന്തായിരുന്നു?  പെണ്ണിന്റെ 'തരംതാണ മസ്തിഷ്‌ക'മെന്ന ഒരു പുരുഷനിര്‍മ്മിത ബോധം. മള്‍ട്ടിടാസ്‌കിങ് ആണുങ്ങള്‍ക്കു പറഞ്ഞതല്ല എന്ന ന്യായത്തിന്റെ പിന്നിലെ 'ശാസ്ത്ര'വും ഈ മസ്തിഷ്‌ക ഗുണമാണ്. രസകരമായ സത്യം കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ വരെ ഇപ്പോള്‍ മള്‍ട്ടിടാസ്‌കിങ് ജീവനക്കാരുണ്ട്.  തികച്ചും ശാസ്ത്രീയമായിരുന്നു അതെങ്കില്‍ അവിടെ അപേക്ഷിക്കാനുള്ള അര്‍ഹത മള്‍ട്ടിടാസ്‌കിങ് കപ്പാസിറ്റി മസ്തിഷ്‌കത്തില്‍ തന്നെയുള്ള സ്ത്രീകള്‍ക്കു മാത്രമായി റിസര്‍വ്വ് ചെയ്യണമായിരുന്നു.  സൂക്ഷിച്ചു നോക്കിയാല്‍ മനുസ്മൃതിയുടെ ലേശം മുകളിലായാണ്  ശാസ്ത്രീയമെന്നു വിളിപ്പേരിട്ട് എഴുന്നള്ളിക്കുന്ന ആണധികാരത്തിന്റെ പല ന്യായവാദങ്ങളും. 

ലിംഗവ്യത്യാസം മാത്രമാവുമ്പോള്‍ ഒന്നു മികച്ചതും മറ്റേത് മികവു കുറഞ്ഞതും എന്നു സ്ഥാപിക്കുക സാധ്യമല്ല, പ്രത്യക്ഷത്തില്‍ ജീവികളിലുടനീളം ആണും പെണ്ണും ജൈവികമായി പരസ്പര പൂരകങ്ങളാണ്.  പെണ്ണു താഴെയല്ല, ആണു മുകളിലുമല്ല. അപ്പോള്‍ സ്വാഭാവികമായും ഗുണം ചെയ്യുക ഒരു 'തരംതാണ മസ്തിഷ്‌കം' പെണ്ണിന്റെ തലയിലിട്ടു കൊടുക്കലാണെന്ന ചിന്ത ഏതോ ആദിപുരുഷശിരസ്സില്‍ ഉദിച്ചതാവണം. തനതായ വാക്കുകളിലൂടെ നമ്മള്‍ എത്ര കൃത്യമായാണ് അത്തരമൊരു ബോധനിര്‍മ്മിതി നടത്തുന്നത്?  അവനു കുരുത്തക്കേടും അവള്‍ക്കു അച്ചടക്കവും വിധിക്കുന്നു. അവനു താണ്ഡവം വിധിച്ചു നല്‍കുന്നു, അവള്‍ക്കു ലാസ്യവും. അവളെ നമ്മള്‍ വീട്ടമ്മയാക്കുന്നു, നോക്കണം, വീട്ടച്ഛനില്ലാതെയാണ് വീട്ടമ്മയുണ്ടാവുന്നത്. നമുക്കിതുവരെയായി സെക്സിനും ജന്‍ഡറിനും തുല്യമായ മലയാളപദങ്ങളില്ലെങ്കിലും പെണ്‍ബുദ്ധി എന്ന വാക്കുണ്ട്.  ഭാഷയില്‍ പദസമ്പത്തുണ്ടാവുക ബോധമണ്ഡലം വികസിക്കുമ്പോള്‍ കൂടിയാണ്, ചിലപ്പോള്‍ ചുരുങ്ങുമ്പോഴും! 

മസ്തിഷ്‌കങ്ങളുടെ 
വളര്‍ച്ചയും ക്ഷയവും

ആണ്‍പെണ്‍ മസ്തിഷ്‌കങ്ങള്‍ പരിശീലനം കൊണ്ട് കണ്ടീഷന്‍ ചെയ്യപ്പെടുകയാണ്.   ആണിന്റേയും പെണ്ണിന്റേയും ഉയരം പോലെ ഒരു പ്രത്യേക പ്രായത്തില്‍ നിന്നുപോവുന്നതല്ല മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയും ക്ഷയവും. നമ്മുടെ വിദ്യാഭ്യാസം, തൊഴില്‍, ഹോബികള്‍, കായികവിനോദങ്ങള്‍ ഒക്കെയും മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.  ആ പ്രതിഭാസത്തെ പ്ലാസ്റ്റിസിറ്റി എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്. എങ്ങനെയും മോള്‍ഡ് ചെയ്യാനുള്ള പ്ലാസ്റ്റിക്കിന്റെ ഗുണമാണത്. അതായത് മനുഷ്യമസ്തിഷ്‌കം പ്രതിഫലിപ്പിക്കുക വ്യാപരിച്ച മേഖലകളെയാണ്, അല്ലാതെ ലിംഗവ്യത്യാസത്തെ മാത്രമല്ല. ജോലിചെയ്യുന്ന ഒരു ഡ്രൈവറുടെ മസ്തിഷ്‌കവും വിരമിച്ച ഡ്രൈവറുടെ മസ്തിഷ്‌കവും പ്രവര്‍ത്തിക്കുക വ്യത്യസ്തമായാണ് എന്നു ഗവേഷക വ്യക്തമാക്കുന്നു. 

അടുത്തകാലത്തായി ഗവേഷകര്‍ ഏതോപ്യയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നടത്തിയ പരീക്ഷണത്തെപ്പറ്റി അവര്‍ പറയുന്നുണ്ട്. കംപ്യൂട്ടറുകളെപ്പറ്റി കേട്ടികേള്‍വിയില്ലാത്ത സ്ഥലം.  ഗവേഷകര്‍ അവിടെ പുതിയ ലാപ്ടോപ്പുകള്‍ അടക്കം ചെയ്തു സീലുചെയ്ത ഏതാനും പെട്ടികള്‍ ഉപേക്ഷിക്കുകയാണ്.  തുടര്‍ന്നു നടന്നതെല്ലാം അവര്‍ മാറിനിന്നു വീഡിയോയില്‍ പകര്‍ത്തുന്നു. വെറും നാലു മിനിറ്റ് സമയംകൊണ്ട് ഒരു കുട്ടി എത്തി, പാക്കറ്റ് തുറക്കാനുള്ള ശ്രമം നടത്തി, വിജയിച്ചു. കുട്ടി താമസിയാതെ ഓണ്‍ ഓഫ് സ്വിച്ച് കണ്ടുപിടിച്ചു, സിസ്റ്റം ഓണാക്കി. അഞ്ചുദിവസത്തിനുള്ളില്‍ ഗ്രാമത്തിലെ പ്രദേശത്തെ മുഴുവന്‍ കുട്ടികളും ലാപ്ടോപ്പിലെ നാല്‍പ്പതോ അതിലധികമോ ആപ്പുകള്‍ കൃത്യമായി ഉപയോഗിച്ചു എന്നു മാത്രമല്ല, ഗവേഷകര്‍ സിസ്റ്റത്തില്‍ കയറ്റിയിരുന്ന പാട്ടുകള്‍ പഠിച്ചു ചൊല്ലാനും തുടങ്ങി. ഒടുവില്‍ നിര്‍വീര്യമാക്കിയ കാമറയെ സജീവമാക്കാനായി അഞ്ചുമാസത്തിനുള്ളില്‍ അവര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാക്കു ചെയ്യുകയും ചെയ്തു.  ആ കുട്ടികളെപ്പോലെയാണ് നമ്മുടെ ബ്രെയിന്‍ എന്നു സ്ഥാപിക്കുകയാണ് റിപ്പണ്‍.  കുട്ടികളെ ആരെങ്കിലും ഗൈഡ് ചെയ്‌തോ? ഇല്ല. സ്വയമേവ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അവര്‍ മുന്നോട്ടു പോവും, ഒരോന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നു പഠിക്കും,  തുടക്കത്തില്‍ സാധ്യമെന്നു തോന്നിയതിനു അപ്പുറത്തേക്കു കടക്കും.  ബുദ്ധിപൂര്‍വ്വമായ കണ്ടെത്തലുകളുടേയും സ്വയം ചിട്ടപ്പെടുത്തലിന്റേയും ഒരു സമന്വയമാണത്.  അതത്രയും ചെറുതിലേ ശീലിക്കുന്നതും!

മേരി ക്യൂറിയും മക്കളായ ഈവും ഐറിനും
മേരി ക്യൂറിയും മക്കളായ ഈവും ഐറിനും

യൂറോപ്പിലൊക്കെ വയറ്റിലുള്ള കുട്ടി ആണോ പെണ്ണോ എന്നു വെളിപ്പെടുത്തുന്ന ജന്‍ഡര്‍ റിവീല്‍ പാര്‍ട്ടികള്‍ നടക്കാറുണ്ട്. അങ്ങനെയുള്ളൊരു പാര്‍ട്ടിയുടെ ക്ഷണക്കത്തിന്റെ വാചകത്തെപ്പറ്റി ഒരിടത്തു വായിച്ചിരുന്നു - മൊഴിമാറ്റിയാല്‍ ഇങ്ങനെ വരും - കുസൃതിക്കാരനായ അവനോ സുന്ദരിയായ അവളോ? അതായത് അവനു കുസൃതിക്കുള്ള അവകാശവും  അവള്‍ക്കു സൗന്ദര്യത്തിന്റെ ബാധ്യതയും ആദ്യമേ നമ്മള്‍ നിശ്ചയിക്കുകയാണ്. വിവേചനത്തിന്റെ ആദ്യ വിത്തുവിത നടക്കുന്നത് കുട്ടി ആണോ പെണ്ണോ എന്ന ചിന്തയിലാണ്.  

നമ്മുടെ വീടുകളില്‍ നോക്കൂ, പെണ്‍കുട്ടികള്‍ക്കു പാവക്കുട്ടികളെ വാങ്ങിനല്‍കും, ആണ്‍കുട്ടികള്‍ക്ക് ബില്‍ഡിംഗ് ബ്ലോക്കുകളുള്ള ലിഗോ സെറ്റും വാങ്ങിക്കൊടുക്കും. സ്വാഭാവികമായും പെണ്‍കുട്ടികള്‍ക്കു പിന്നെ ചെയ്യാനുള്ളത് പാവയെ തുടക്കലും കുളിപ്പിക്കലും മുടിചീകലുമാണ്. ഒരിക്കലും അവര്‍ക്കു ബില്‍ഡിംഗ് ബ്ലോക്കുകള്‍ ചേരുംപടി ചേര്‍ത്തുവച്ചുള്ള നിര്‍മ്മാണം വഴി ലഭിക്കുന്ന മാനസിക വളര്‍ച്ച ഉണ്ടാവുന്നില്ല. പാവകളെ കുളിപ്പിച്ചു കിടത്തി അവര്‍ നല്ല ചേച്ചിയായി, പെങ്ങളായി, അമ്മയായി, അമ്മൂമ്മയായി കരിപുരണ്ട ജീവിതം നയിച്ചുകൊള്ളും.  കിട്ടിയ ബില്‍ഡിംഗ് ബ്ലോക്കുകളെ ചേരുംപടി ചേര്‍ത്തു ശരാശരി ചെക്കന്‍ എന്‍ജിനീയറായി റോഡ് കുളമാക്കിത്തരും.  സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നേക്കാം, എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്കു ചെറുതിലേ പാവകളോടു താല്പര്യം, ആണ്‍കുട്ടികള്‍ക്കു മറ്റുള്ളതിനോടും?  മുഖം തിരിച്ചറിയാനുള്ള ശേഷി ആദ്യം നേടുന്നത് പെണ്‍കുട്ടികളാണ് എന്നതാണു സത്യം, സ്വാഭാവികമായും മുഖമുള്ള പാവകളോടു കുട്ടികള്‍ക്ക് താല്പര്യവുമുണ്ടാവുന്നു.  പാവയില്‍ നമ്മള്‍ കുടുക്കിയിട്ട അവളുടെ മസ്തിഷ്‌ക വളര്‍ച്ച സ്വാഭാവികമായും അവനോളം ഉണ്ടാവില്ല. അടുക്കളയില്‍നിന്നും അരങ്ങത്തേയ്ക്ക് വി.ടി ക്ഷണിച്ചിട്ട് നൂറ്റാണ്ടൊന്നായിട്ടും അവര്‍ കൂട്ടമായി എത്താതെ പോവുന്നതു  ചെറുപ്പത്തിലേയുള്ള ഈയൊരു കണ്ടീഷനിങ്ങ് കൊണ്ടാണ്. 

തലമുറകളായി പകര്‍ന്നുകിട്ടിയ ബോധത്തിന്റെ തടവറകളാണ് നമ്മുടെ തറവാടുകള്‍. തറവാടിത്തത്തിന്റെ ഭാഗമായ ശിക്ഷണമാണ് പ്രധാനമായും പെണ്‍കുട്ടികളുടെ ചിറകുകളരിയുന്നത്. പഴയ തറവാടുകളുടെ അകത്തളങ്ങളില്‍ കരിപിടിച്ച ജീവിതം നയിച്ച് കുലസ്ത്രീകളായി പേരെടുത്ത് വിസ്മൃതിയിലേക്കു പോയവരുടെ വാര്‍പ്പുമാതൃകകളായി പുതിയ തലമുറകള്‍ വരികയാണ്. ശൈശവത്തില്‍ കളിപ്പാട്ടങ്ങളിലാണെങ്കില്‍, കൗമാരത്തില്‍ ആണെങ്ങനെ ഇരുന്നാലും കുഴപ്പമില്ല, പെണ്ണാണെങ്കില്‍ ഇരിക്കുമ്പോഴുള്ള തുടയകലത്തിനു പരിധി നിശ്ചയിക്കുന്നേടത്തു തുടങ്ങുകയാണ് അടുത്ത തലമുറയിലെ പെണ്ണുങ്ങള്‍ക്കുള്ള തടവറകളിലേക്കുള്ള ബാലപാഠങ്ങള്‍.  തലമുറകളായി പകര്‍ന്നുവരുന്ന അടിസ്ഥാനമില്ലാത്ത ശീലങ്ങളെ പിന്നീട് സദാചാരങ്ങളായി വാഴ്ത്തുന്നു, പിന്നത് കുലസ്ത്രീകളുടെ മഹിമ അളക്കുന്ന സമവാക്യങ്ങളാവുന്നു. ആ സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്ന പെണ്ണിനെ താമസിയാതെ കുലടയുമാക്കുന്നു. എല്ലാ നടപടിക്രമങ്ങള്‍ക്കും പിന്നിലെ നീതിശാസ്ത്രമെന്താണ്?  പെണ്ണിന്റെ തരം താണ മസ്തിഷ്‌കമെന്ന മിത്തു മാത്രം.  

മാറണം  വീടുകള്‍,  
വിദ്യാലയങ്ങള്‍,  
പണിയിടങ്ങളും

ചിന്തിച്ചുനോക്കണം, എന്തിനാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  വിദ്യാലയങ്ങളില്‍ പ്രത്യേകം യൂണിഫോമുകള്‍?  നീ പെണ്ണാണെന്നു അവരെ ഓര്‍മ്മിപ്പിക്കാനല്ലാതെ മറ്റെന്തിനാണ് അതുപകരിക്കുന്നത്? രണ്ടുകൂട്ടര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ വസ്ത്രം യൂണിഫോമാക്കുന്നതിനു തടസ്സമെന്താണ്? പണ്ടത്തെ ആശുപത്രികളിലെ വനിതാ നേഴ്സുമാരുടെ യൂണിഫോം പലരും അത്ഭുതത്തോടെയായിരുന്നു നോക്കിയത്. ഒട്ടനവധി ചുരുക്കും മടക്കുമുള്ള യുണിഫോം അണിഞ്ഞു മയിലാട്ടത്തിനു വരുന്നവരല്ല നേഴ്സുമാര്‍. ഇനിയതൊന്നു ഉടുക്കുന്ന പരുവത്തില്‍ ആക്കിയെടുക്കാന്‍ എത്ര സമയം വേണ്ടിവരുമായിരുന്നു? സത്യമായും അതണിഞ്ഞിട്ട് സ്വതന്ത്രമായി ജോലി ചെയ്യുക തന്നെ അസാധ്യമായിരുന്നു. ഇപ്പോള്‍ യൂണിഫോം മിക്കയിടത്തും ലിംഗനിരപേക്ഷ പാന്റ്സും ഷര്‍ട്ടുമാക്കി. അതുകാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ? അതോ അതവര്‍ക്കും  അവരുടെ തൊഴിലിനും കൂടുതല്‍ സൗകര്യമായോ?  

ഉത്തരവാദിത്വങ്ങള്‍ പങ്കുവെയ്ക്കപ്പെടുമ്പോഴാണ് തുല്യതാബോധം സൃഷ്ടിക്കപ്പെടുന്നത്. ചോറു തിന്നുക എന്റെ ഉത്തരവാദിത്വവും പാത്രം കഴുകുക ചേച്ചിയുടെ ഉത്തരവാദിത്വവുമാണെന്ന ഒരു ബോധം ചെറുതിലേ ആണിനു നമ്മളായിട്ട് ഉണ്ടാക്കിക്കൊടുക്കുകയാണ്. ലോകത്തെ ഏറ്റവും മുന്തിയ അദ്ധ്യാപനം അമ്മമാരുടേതാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ആ സിലബസില്‍ തിന്നെണീറ്റുപോവുമ്പോള്‍ ചുറ്റിലുമുള്ള അവശിഷ്ടങ്ങളും കൂടി എടുത്തോളാന്‍ ആണിനെ പഠിപ്പിക്കുക, കൊണ്ടുപോയി കൊട്ടാനും വൃത്തിയായി പാത്രം കഴുകിവെയ്ക്കാനും പഠിപ്പിക്കുക. അടുത്തതായി ഉടുവസ്ത്രം അലക്കാനും പഠിപ്പിക്കുക. അനിയത്തിയേയോ അനിയനേയോ കുളിപ്പിച്ചുകൊടുക്കാനും പഠിപ്പിക്കുക. ഇതെന്റേത്  അതവളുടേത് എന്നൊരു അന്യായമായ വിഭജനത്തിന്റെ മുളയില്‍ പുതിയബോധത്തിന്റെ തിളച്ചവെള്ളം അടിയന്തരമായി ഒഴിക്കുകയേ വഴിയുള്ളൂ. ഭാവിയില്‍ അവനും അവളും  ഒരേസമയം ഉറങ്ങിയുണരും. അടുക്കളയിലെത്തും. പിള്ളാരെ പറഞ്ഞുവിടും. പണിസ്ഥലത്തേക്കു പറക്കും. ഒരുമിച്ചു കുതിക്കും, ഒരുമിച്ചു കിതയ്ക്കും.
ഒരു കാലത്ത് ജൈവശാസ്ത്രപരം, മാറ്റാനാവാത്തത്, അനിവാര്യമായ ജൈവശാസ്ത്ര നിര്‍മ്മിതി  എന്നൊക്കെ തള്ളിമറിച്ച ചിന്തകളെയാണ് ഇന്നു ശാസ്ത്രലോകം ന്യൂറോ ഫൂളിഷ്നസായും ന്യൂറോ നോണ്‍സെന്‍സായും തള്ളിക്കളയുന്നത്.  മാറ്റമില്ലാത്തതല്ല, മറിച്ചു മാറുന്നതാണ്; ദൃഢതയല്ല, മറിച്ചു മൃദുത്വമാണ്; വഴങ്ങാത്തതല്ല മറിച്ചു വഴങ്ങുന്നതാണ് മസ്തിഷ്‌കത്തിന്റെ മുഖമുദ്ര.

എന്തിന് നമ്മുടെ ജീനുകളിലെഴുതിയ സംഗതികള്‍പോലും വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് പ്രകടമാവുക എന്നും ഗവേഷക പറയുന്നുണ്ട്. ലിംഗഭേദ ലോകം ലിംഗഭേദ മസ്തിഷ്‌കങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കും. പെണ്ണുങ്ങളും  പെണ്‍കുട്ടികളും മാത്രമല്ല, സ്വന്തമായി മസ്തിഷ്‌കമുള്ളവരെല്ലാം, ആണുങ്ങളും ആണ്‍കുട്ടികളും മാതാപിതാക്കളും അധ്യാപകരും, ബിസിനസ് സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും  സമൂഹം ഒന്നാകേയുമാണ് മാറേണ്ടത് എന്ന സന്ദേശം നല്‍കുകയാണ് 'ദ ജെന്‍ഡേര്‍ഡ് ബ്രെയിന്‍.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com