ഓരോ വൃക്ഷവും ഓരോ സംജ്ഞകള്‍: ആഷാ മേനോന്‍ എഴുതുന്നു

ഈ കാടുകള്‍ ആസ്വാദ്യങ്ങളാവുക അവയുടെ ചില സ്വഭാവശീലുകള്‍ മനസ്സിലാക്കുമ്പോഴാണ്. 
ഓരോ വൃക്ഷവും ഓരോ സംജ്ഞകള്‍: ആഷാ മേനോന്‍ എഴുതുന്നു

മ്പയില്‍നിന്ന് ബാര്‍മ്മോറിലേക്കുള്ള വഴി മുഴുവന്‍ ഇടതൂര്‍ന്ന കാടുകളാണ്. ഉദ്ദേശ്യം എഴുപതു കിലോമീറ്ററേ ദൂരമുള്ളുവെങ്കിലും ആറുമണിക്കൂറിലധികം സമയമെടുക്കും, തടസ്സമൊന്നും നേരിട്ടില്ലെങ്കില്‍. നിരത്ത് വീണ്ടുപോവുക, അത്ര അസാധാരണമല്ല ഇവിടങ്ങളില്‍; പ്രത്യേകിച്ച് തീക്ഷ്ണമായൊരു മഴയും ന്യൂനമര്‍ദ്ദവുമൊക്കെ ശമിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ എന്നു ധരിക്കുമ്പോള്‍. ഈ കാടുകള്‍ ആസ്വാദ്യങ്ങളാവുക അവയുടെ ചില സ്വഭാവശീലുകള്‍ മനസ്സിലാക്കുമ്പോഴാണ്. വൃക്ഷനിബിഡമായ ഈ കാടുകളില്‍ ചെറുപ്രാണികള്‍ ആവാസം തേടുകില്ല, തണുപ്പ് ചെറുക്കാന്‍ വയ്യാത്ത പ്രാണികള്‍ വിശേഷിച്ച്. കാറ്റടിക്കുന്നത് പലപ്പോഴും അവയ്ക്ക് ശല്യമായിത്തീരാറാണ് പതിവ്. മലയോരപ്രാണികളില്‍ പലതും ചിറകുകള്‍ ഇല്ലാത്തവയാണ് ശലഭങ്ങള്‍ എപ്പോഴും ഉയരം കാംക്ഷിക്കുകയില്ല. ഇതിന് ഒരു അപവാദം അപ്പോളോ ചിത്രശലഭങ്ങള്‍ മാത്രമാണ്, അവയ്ക്ക് കാറ്റില്‍ തുഴഞ്ഞ് പറക്കാനറിയാം. മണ്ണിനോട് ചേര്‍ന്ന് വര്‍ത്തിക്കുന്ന ഇതര ശലഭങ്ങളെ അപേക്ഷിച്ച് അവ ഉയരങ്ങളിലേക്ക് ചിറക് നീര്‍ത്തുന്നു. അവയുടെ ഇരുണ്ട വര്‍ണ്ണരാജി, താരതമ്യേന അവയ്ക്ക് ചൂടും കനലും നല്‍കുന്നു. ഈ ഉയരങ്ങളില്‍, എണ്ണായിരം അടിതൊട്ടുള്ള, വായു നേര്‍ത്തതാണ്; അതുകൊണ്ടുതന്നെ പ്രാണവായുവിന്റെ സാന്ദ്രത കുറഞ്ഞുവരികയും ചെയ്യും. മണിമഹേഷ് കൈലാസ്, വാസ്തവത്തില്‍ പതിമൂവായിരം അടിയിലധികം ഉയരമില്ല. മാനസരോവര്‍ പതിനയ്യായിരം അടി ഉയരത്തിലാണ്. അവിടെ കൈലാസം വീണ്ടും നാലയ്യായിരം അടി മേലോട്ടാണ്. എന്നിട്ടും ചില പ്രത്യേക കാരണങ്ങളാലാവണം, ഇവിടെ പാര്‍വ്വതി തടാകവും ഗൗരികുണ്ഡും പ്രാണവായുവിന്റെ ദൗര്‍ലഭ്യം വിളിച്ചറിയിക്കുന്നു അവിശ്വസനീയമായി; അസഹനീയമായി. ഇവിടുത്തെ വൃക്ഷങ്ങളെക്കുറിച്ച് ഇത്രയും കൂടി പറയട്ടെ. മറ്റു പച്ചച്ച സസ്യങ്ങളെപ്പോലെ വൃക്ഷങ്ങളും പഞ്ചസാര ഉല്പാദനശാലകളാണ്. കൃത്യമായ അളവില്‍ ഊഷ്മാവ് നിലനിര്‍ത്താന്‍ അവയ്ക്ക് ഇത് ഉതകുന്നു. ഗ്രീഷ്മമാണ് മരങ്ങള്‍ക്ക് ഹിതകരം, വര്‍ഷത്തേക്കാള്‍. ശിശിരകാല നിദ്ര, Hibernation  അവയ്ക്ക് അപരിചിതമല്ലാത്തതിനാല്‍ തണുപ്പ് കൂടുന്നത് അവയുടെ തഴയ്ക്കലിന് വിഘാതമാവുകയില്ല. പക്ഷേ, ചൂട് കുറയുന്നത് അങ്ങനെയല്ല. അതുകൊണ്ടാണ് വൃക്ഷങ്ങളുടെ വളര്‍ച്ച ബാധിക്കപ്പെടുന്നത്, ഗ്രീഷ്മത്തിന്റെ കുറവില്‍. അന്‍പത് ഡിഗ്രി ഫാറന്‍ഹീറ്റാണ് അഭികാമ്യമായ ഊഷ്മാവ്. ഇതിനെ വൃക്ഷസീമ, Timberline എന്നു വിളിക്കാം. ആല്‍പ്സില്‍ ഇത് 5500 അടിയാവുമ്പോള്‍ ഹിമാലയന്‍ വനശൃംഗങ്ങളില്‍ ഏകദേശം മൂന്നിരട്ടിയാണ്- 15000 അടി വരെ. അതിനപ്പുറം വൃക്ഷങ്ങള്‍, അങ്ങനെ കണ്ടെന്ന് വരില്ല. സനാതനമായ താഴ്വരയിലെ ഭുര്‍ജവൃക്ഷങ്ങളുടെ നിര ഇപ്പോള്‍ ഓര്‍മ്മയിലുണ്ട്. 13,000 അടി വരെ, അതിനപ്പുറം അവ പെട്ടെന്നു കാണാതാവുന്നു. പിന്നീട് നാം സസ്യങ്ങളുടെ കുബേരവര്‍ണ്ണത്തിലേക്കാണ് മിഴി തുറക്കുക. കുബേരത്വം എന്ന വാക്കു മാത്രമേ ഈ ശൃംഗങ്ങളില്‍ അര്‍ത്ഥവത്താവുകയുള്ളു, ഇത് കുബേരഭൂമി കൂടിയാണല്ലോ. മറ്റൊരു വൃക്ഷം ദേവതാരു ആണ്. Deodar, ഇതിനെ ഹിമാലയന്‍ സെഡാര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഭുര്‍ജവൃക്ഷങ്ങളെ അപേക്ഷിച്ച് ഇതിന് നേര്‍ത്ത സുഗന്ധമുണ്ട്. ഭുര്‍ജവൃക്ഷങ്ങളുടെ പ്രസിദ്ധി മഹാഭാരതവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. പാപ്പിറസ് ഇലകളേക്കാള്‍ എഴുത്താണിക്ക് വഴങ്ങുന്നതാണ് ഭുര്‍ജപത്രങ്ങള്‍. എന്തെല്ലാം ശുശ്രൂഷകള്‍ക്കുശേഷമാണ് അവയില്‍ അങ്ങനെ ആലേഖനം സംഭവിച്ചിരിക്കുക എന്ന് തിട്ടമില്ല. 

ഹിമാലയ വനങ്ങളെക്കുറിച്ചുള്ള ഈ സൂചനകള്‍ സത്യത്തില്‍ ഒരു സാന്ത്വനത്തിന്റെ പ്രതിഫലനമാണ്. ബാര്‍മ്മോറില്‍നിന്ന് ഹഡ്സറിലേക്കും അവിടെനിന്ന് ഡാന്‍ജോ വഴി മണിമഹേഷ് കൈലാസിലേക്കും യാത്ര ആസൂത്രണം ചെയ്ത ഞങ്ങള്‍ക്ക് അവിചാരിതമായി ഒരു തിരിച്ചടി നേരിടേണ്ടിവന്നു. ബാര്‍മ്മോറില്‍നിന്ന് ഹഡ്സറിലേക്കുള്ള വഴിയില്‍ ഒരു പാലം, അല്ലെങ്കില്‍ കലുങ്ക് ഒലിച്ചുപോയത്രേ, തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. ഹെലികോപ്റ്റര്‍ സര്‍വ്വീസ് വരെ നിര്‍ത്തിവെച്ചിരിക്കുന്നു, അനിശ്ചിതമായി. കാലാവസ്ഥയുടെ പ്രാതികൂല്യം ഹേതുവായി. എന്ന് അത് പുനസ്ഥാപിക്കപ്പെടും എന്നതേക്കുറിച്ച് ഒരു തീര്‍പ്പുമില്ല. പതിമൂന്നു കിലോമീറ്റര്‍ ട്രെക്കിങ്ങ് അത്ര അസാധ്യമായ കാര്യമൊന്നുമല്ല, കയറ്റമല്ലാത്തതിനാല്‍. പക്ഷേ, അതിനുമാത്രം ദിവസങ്ങള്‍ കൈയിലില്ലാതെ പോയി, വിമാനടിക്കറ്റുകള്‍ ഏര്‍പ്പാട് ചെയ്തിട്ടാണല്ലോ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് എത്തിയത്. സംപ്രാപ്തമാവാത്ത യാത്രകളെക്കുറിച്ച് എഴുതിയിട്ട് അധികമൊന്നും ആയില്ല; ഇക്കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കിടയ്ക്ക് രണ്ട് തവണയേ അങ്ങനെയൊരു ഭഗ്‌നത സംഭവിച്ചിട്ടുള്ളു. ഇപ്പോഴിതാ മൂന്നാം തവണയും. അതുകൊണ്ടൊന്നും ഈ അയനം വിഫലമാവുന്നില്ല. ഹിമാലയത്തില്‍ 'ആയിരിക്കുക' എന്നതുതന്നെ ഒരു കുളിര്‍മ്മയാണ്. അത്തരമൊരു അനുഭവസഞ്ചയത്തില്‍ ന്യൂനങ്ങളില്ല, എല്ലാം സ്വാഗതാര്‍ഹങ്ങളാണ്, ലക്ഷ്യം തെന്നിപ്പോവല്‍ കൂടി. അപ്രകാരം ഒരു സമീപനം കൈക്കൊള്ളുന്നതോടെ, ഒട്ടേറെ ഇച്ഛാഭംഗങ്ങള്‍ക്ക് അറുതിവരികയാണ്. നാം വഴികളിലേക്കും കാടുകളിലേക്കും വിരളമായ ജനപദങ്ങളിലേക്കും ഉത്സുകരാവുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പതിനെട്ടു പ്രാവശ്യമെങ്കിലും ഈ ഹിമാലയ വനൈശ്വര്യങ്ങളില്‍ 'ആയിരുന്നിട്ടുണ്ട്.' സാധാരണമല്ലാത്ത ഒരു രാമണീയകം ഈ വനഭൂമിക്കുണ്ട്, മഞ്ഞ് അതിന്റെ നിയാമകമായ ശിരോകാന്തിയുമാണ്. എത്രയേറെ 'ശിലാക്ഷതി'യുണ്ടാവുമെങ്കിലും ഇനി മതി എന്നൊരു മടുപ്പ് ഉളവായിട്ടില്ല. പുറമെ, ശിഖരുടെ സുവര്‍ണ്ണക്ഷേത്രം, മഹാഭാരത കഥയുടെ സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങിയ കുരുക്ഷേത്രം എന്നിവ ഈ യാത്രയില്‍ ഉള്‍പ്പെടുന്നുമുണ്ട്. ആ ക്ഷേത്രഭൂമികകളുടെ ഐശ്വര്യസംജ്ഞകള്‍ വേറൊരു അനുഭവമണ്ഡലമാണ്, ഹിമാഛാദിതമായ ശൃംഗങ്ങളോ സരസ്സുകളോ അപേക്ഷിച്ച്. യാത്രകളില്‍ നാം എത്ര കണ്ട് ഉല്ലസിതരാവുന്നു എന്നതേക്കാള്‍ അഭികാമ്യം നാം എത്ര കണ്ട് നിശ്ശബ്ദതയിലേക്ക് ആഴുന്നു എന്നതാണ്. നമ്മിലേക്ക് തന്നെ ആഴ്ത്തുന്ന ദൃശ്യങ്ങളോ ശ്രവണങ്ങളോ ഗന്ധങ്ങളോ അത്ര സുലഭമല്ലെന്ന യാഥാര്‍ത്ഥ്യം കൂടി കണക്കിലെടുക്കവെ. ഈ രണ്ടു ക്ഷേത്രഭൂമികകളും വിഭിന്നമായാണ് എനിക്ക് അനുഭവവേദ്യമായത്; സുവര്‍ണ്ണക്ഷേത്രം അതിന്റെ ഹിരണ്‍മയമായ വിസ്തൃതികൊണ്ടെങ്കില്‍, കുരുക്ഷേത്രം അതിന്റെ മനനോന്മുഖമായ ഉള്‍വലിയല്‍കൊണ്ട് Reclusiveness - വരട്ടെ അങ്ങ് എത്തിയല്ലോ.

ഇപ്പോള്‍ ബാര്‍മ്മോര്‍ ഹിമാചലിലെ പല ഗ്രാമങ്ങളുംപോലെ, വിശേഷിച്ച് മുഖമുദ്രകളൊന്നുമില്ലാത്ത Nondescript, ഒന്നാണ് ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വിസ്താരത്തില്‍ ഒരു ആവാസഭൂമി. മണിമഹേഷിലേക്കുള്ള യാത്രകള്‍ തുടങ്ങുന്നിടം എന്ന നിലയ്ക്കാണ് ഇതിന്റെ പുകള്‍. ചമ്പ, ജില്ലാ ആസ്ഥാനമായതിനാല്‍ തികച്ചും ഒരു ടൗണ്‍ഷിപ്പാണ്. ഞങ്ങള്‍ അപ്പോള്‍ തലേന്ന് രാത്രി തമ്പടിച്ചത് ടൗണ്‍ഷിപ്പില്‍നിന്ന് എട്ടു കിലോമീറ്റര്‍ പിറകിലായി ഒരു പ്രദേശത്താണ്. അവിടെ ബസ് നിര്‍ത്താന്‍ ഉദ്ദേശിച്ചതല്ല, ഡല്‍ഹിയില്‍നിന്ന് തലേന്നു വൈകുന്നേരം തുടങ്ങിയ യാത്രയ്ക്ക് ഒരു അറുതി അഭിലഷണീയമായി തോന്നി, അതുമാത്രം. പക്ഷേ, ഇവിടുത്തെ 'ഭണ്ഡാര' ഞങ്ങളെ ഊഷ്മളതയോടെ തടഞ്ഞുനിര്‍ത്തിയതാണ്, പ്രാതല്‍ കഴിച്ചേ പോകാവു എന്ന അഭ്യര്‍ത്ഥനയുമായി. ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ഈ ആതിഥ്യം ഹിമാചലിന്റെ ഈ ഭാഗങ്ങളില്‍- മണിമഹേഷിലേക്കുള്ള യാത്രാപഥങ്ങളില്‍- അതീവ ഹൃദ്യതയാര്‍ന്ന ഒരു അനുഷ്ഠാനമാണ്. അനുഷ്ഠാനമെന്നുതന്നെ അതിനെ പൊലിപ്പിക്കട്ടെ. 'അതിഥി ദേവോ ഭവ' എന്ന മതിപ്പിലാണ് അവര്‍ യാത്രികരെ പരിചരിക്കുക. ആഗസ്റ്റ് 24 തൊട്ട് സെപ്റ്റംബര്‍ 6 വരെ മാത്രം ജീവത്താവുന്ന ഇടങ്ങളാണിവ, അതിനു മുന്‍പും പിന്‍പും നിര്‍ജനമായി ഭവിക്കുന്ന പാതയോരങ്ങള്‍. മുഖവും വായയും കഴുകി ഞങ്ങള്‍ അവര്‍ക്ക് വിധേയരായി, പതിനാലു മണിക്കൂര്‍ ബസ് യാത്രയുടെ വിരസത മാറ്റിക്കൊണ്ട്. റോട്ടിയും കടലക്കറിയും പിന്നെ മധുരപലഹാരങ്ങളും ഗുലാബ്ജാമും ഉള്‍പ്പെടെ ഞങ്ങളുടെ വിശപ്പിനെ പാടെ ദുരീകരിച്ചല്ലോ. പ്രസാദാലുക്കളായ അവരെ നോക്കി ഒന്നും വേണ്ട എന്നു പറയാന്‍ പ്രയാസമായിരുന്നു, പ്രാതഃകര്‍മ്മങ്ങള്‍ കഴിഞ്ഞില്ല എന്ന നാഗരികമായ ഒഴികഴിവുകള്‍ ഒക്കെ അസ്ഥാനത്തായി. അത് ഞങ്ങളുടെ ആദ്യത്തെ 'ഭണ്ഡാര' ആതിഥ്യമായിരുന്നു. പിന്നീട് കണ്ടെത്തിയ ഭക്ഷണശാലകളൊന്നും ഇത്രമേല്‍ വിഭവസമൃദ്ധമല്ലായിരുന്നല്ലോ. ബാര്‍മ്മോറില്‍ തന്നെ ഞങ്ങള്‍ അവലംബിച്ചത്, ഇതേ ഭണ്ഡാരകളായിരുന്നു, പരിമിതം, ശുചിത്വമാര്‍ന്നത്, തീര്‍ച്ചയായും. ജന്മാഷ്ടമി വേളകളിലേ ഇങ്ങനെ എന്തെങ്കിലും ആഹാരം ലഭ്യമാവുകയുള്ളു. ഹഡ്സറിലേക്കുള്ള നിരത്ത് പൊളിഞ്ഞുപോയതേക്കുറിച്ച് വിഷണ്ണനായി നടക്കുമ്പോള്‍, നാലോ അഞ്ചോ സ്വാമികള്‍ വട്ടം കൂടി ഇരിക്കുന്നു, ഝലം പുകയുന്നുണ്ടായിരുന്നോ, തിട്ടമില്ല. എം.കെ. രാമചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ യാത്രയില്‍ ചില സംന്യാസിമാരെ കണ്ടുമുട്ടിയതായും അവരുമായി സല്‍ത്സംഗത്തില്‍ ഏര്‍പ്പെട്ടതായും എഴുതിയത് ഓര്‍മ്മിച്ചുപോയി. ഇവര്‍, അങ്ങനെ സംഭാഷണകുതുകികളായി തോന്നിയില്ല. മാത്രമല്ല, ഗഢ്വാളിച്ചുവയുള്ള ഹിന്ദി ഒഴികെ മറ്റൊരു ഭാഷയും അവര്‍ക്കു വശമില്ല. അത്യാവശ്യ വിനിമയം എന്ന നിലയ്ക്കു മാത്രമേ, നമ്മുടെ ഹിന്ദി ഉതകുകയുള്ളു. ബാര്‍മ്മോറില്‍നിന്ന് ഞാനൊരു ഷോള്‍ഡര്‍ ബാഗ് വാങ്ങിച്ചു. അടുത്ത ദിവസം യാത്രയ്ക്കായി. അപ്പോള്‍ രൂപമില്ലായിരുന്നല്ലോ വഴിയുടെ അപ്രാപ്യതയെക്കുറിച്ച്; അന്നു വൈകുന്നേരം ഏഴുമണി വരേയ്ക്കും ഞങ്ങളില്‍ പലരും പ്രതീക്ഷാലുക്കളായിരുന്നു. അപ്പോഴാണ് അവിടുത്തെ പൊലീസുദ്യോഗസ്ഥര്‍, അവിടുത്തെ നിശ്ചലതയെക്കുറിച്ച് അറിവ് തന്നത്. ''ആപ്, ലോഗ് സിര്‍ഫ് പൈദല്‍ ജാ സക്തേ ഹേ, ഔര്‍ കുഛ് നഹിം സംഭവ് ഹൈ...'' കാല്‍നടയൊഴിച്ച് മറ്റൊന്നും സാധ്യമല്ല എന്ന് അവര്‍ പറഞ്ഞതോടെ, സംഗതികള്‍ക്ക് ഒരു തീരുമാനമായി. പഞ്ചകൈലാസങ്ങളില്‍ വെച്ചേറ്റം എളുപ്പമായ മണിമഹേഷ്, ഞങ്ങള്‍ക്ക് പ്രാപ്യമല്ലാതാവുകയാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ മുന്‍പ് കൈലാസ്-മാനസസരോവര്‍ ദര്‍ശിച്ചു മടങ്ങുമ്പോള്‍ മനസ്സ് എത്ര നിര്‍ഭരമായെന്ന് ഓര്‍മ്മയുണ്ട്. പാര്‍വ്വതി തടാകത്തില്‍ ഹിമസന്നിഭമായ മണിമഹേഷ് പ്രതിഫലിച്ചു കാണുക, ഒരു സ്വപ്നാനുഭൂതി തന്നെയായിരുന്നു. അവിടെ, ഗഗനതലങ്ങളില്‍ മുഴങ്ങുന്ന ദുന്ദുഭികളും മിന്നലുകളും എല്ലാം കേട്ടും കണ്ടും തുടങ്ങിയിരുന്നു. പരിക്രമണമൊന്നും വേണ്ടാത്തതുകൊണ്ട് സാവകാശം കണ്ട് തിരിച്ചുപോരാമായിരുന്നു, വലിയ അളവിലുള്ള സാഹസികതയൊന്നും കൂടാതെ തന്നെ. പ്രഥമ കൈലാസ യാത്രയില്‍ നേപ്പാളി സുഹൃത്ത്, ഷെര്‍പ്പയെന്നല്ല വിളിക്കാന്‍ തോന്നുക, സരളമായി പറഞ്ഞുതന്ന സുഭാഷിതം മറന്നിട്ടില്ല. നിങ്ങള്‍ സന്നദ്ധരാകുമ്പോള്‍ മഹേശന്‍ നിങ്ങളെ വിളിക്കും, അപ്പോള്‍ എല്ലാ തടസ്സവും ഭേദിച്ചുകൊണ്ട് അവിടെ എത്തുകയും ചെയ്യും. നിങ്ങള്‍ സന്നദ്ധനല്ലെങ്കില്‍, ആധ്യാത്മികമായി, എന്ത് ഒരുക്കങ്ങളും നിഷ്ഫലമാവുകയേയുള്ളു. മഞ്ഞുപുലിയെ കാണാതെ മടങ്ങാനിടവരുന്ന മാത്തിസണ്‍, അന്നപൂര്‍ണ്ണ ശൃംഗങ്ങളില്‍ ഇതുപോലൊരു സാരള്യത്തില്‍ തന്നെയാണ് അവലംബം തേടിയത്. സമയമാവുമ്പോള്‍ മഞ്ഞുപുലി നിങ്ങള്‍ക്കു മുന്നില്‍ പൊടുന്നനവെ പ്രത്യക്ഷപ്പെടും എന്ന ശുഭാപ്തിയില്‍ തന്നെ മാത്തിസണ്‍ തിരിച്ചുപോയി. അതിന് അക്ഷരാത്മികമായ ആവിഷ്‌കാരം നല്‍കുകയും ചെയ്തു. കൈലാസയാത്രികര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട വയസ്സിന്റെ പരിധി കഴിഞ്ഞും ഇവ്വിധം യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ എന്നെ പ്രചോദിപ്പിച്ചത്, നേരത്തെ സൂചിപ്പിച്ച സ്വപ്നത്തിന്റെ ചീളായിരുന്നു. ഇനിയും സമയമായില്ല എന്നാണെങ്കില്‍, ഞാനെന്തിന് വ്യഥിതനാവണം? 

ചമ്പ ലക്ഷ്മി നാരായണ്‍ ക്ഷേത്രം
ചമ്പ ലക്ഷ്മി നാരായണ്‍ ക്ഷേത്രം

ഒരു ആപ്പിള്‍ തോട്ടത്തിനു നടുവിലുള്ള Home stay യിലാണ് ഞങ്ങള്‍ ഒരു ദിവസം പാര്‍ത്തത്. ബാര്‍മ്മോറില്‍ ഏറ്റവും പരിചിതമായ ചുറ്റുപാടുകളില്‍. പഴുത്തുനില്‍പ്പുള്ള ആപ്പിളുകള്‍, മനസ്സിനെ എങ്ങനെയോ ഉന്മേഷഭരിതമാക്കി, അവ മാത്രമായി അത്താഴം. ഭണ്ഡാര വരെ പോവാനുള്ള ഉത്സാഹം കെട്ടുപോയി. യാത്രയുടെ വിഘ്‌നങ്ങള്‍ മുന്നില്‍ കണ്ടുതുടങ്ങിയപ്പോള്‍. ഡാന്‍ജോവില്‍ ചെന്നതിനുശേഷമാണ് ഇതുപോലൊരു മലവെള്ളപ്പാച്ചില്‍ ഉണ്ടായതെങ്കില്‍ എന്ന ചിന്ത മാത്രമാണ് അല്പമെങ്കിലും സമാശ്വാസമരുളിയത്. ബാര്‍മ്മോറില്‍ ചെന്നെത്തുന്നതിന് തലേന്നു വരെ ഇവ്വിധം വിഘ്‌നങ്ങളൊന്നും സംഭാവ്യമായിരുന്നില്ല. ഇനിയും മൂന്ന് ദിവസമുണ്ട് കൈയില്‍. ദല്‍ഹൗസി, സുവര്‍ണ്ണക്ഷേത്രം, കുരുക്ഷേത്രം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളും. ചമ്പയില്‍നിന്ന് ദല്‍ഹൗസിയിലേക്ക് തിരിയുമ്പോഴും- അതിനു മുന്‍പ്, ബാര്‍മ്മോറില്‍നിന്ന് ചമ്പയിലേക്ക് മടങ്ങുമ്പോഴും- ആദ്യത്തെ കാടനുഭവം ആപ്പിള്‍ തോട്ടങ്ങള്‍- അവയുടെ മുഴുപ്പിലും ചെമപ്പിലും ദൃശ്യമാവുന്നു. ഉത്സാഹഭരിതമായൊരു എതിരേല്‍പ്പ് തന്നെയാണത്. മണാലിയില്‍ ആറു വര്‍ഷം മുന്‍പ് കണ്‍പാര്‍ത്ത പച്ചച്ച ആപ്പിളിനേക്കാള്‍ തുടുതുടുത്ത ഈ ഫലങ്ങള്‍ ശോഭയാര്‍ന്നവയാണ്; വിശേഷിച്ച് അവയൊന്നും ആരും വളര്‍ത്തുന്നവയല്ലെന്ന് തിരിച്ചറിയുമ്പോള്‍. ആപ്പിളുകളുടെ വിലക്കുറവ് നമുക്ക് അവിശ്വാസകരമാവുന്നു, ഇവിടുത്തെ ഒരു ഞാലിപ്പൂവന്റെ വിലയേയുള്ളു ഒരു ആപ്പിളിന്. പത്തുകിലോവിന്റെ കൂടയ്ക്ക് 150 ക. ഒരു കേടും കൂടാതെ എട്ടോ പത്തോ ദിവസം സൂക്ഷിക്കാം. യാത്രയില്‍ എയര്‍കണ്ടീഷന്റ് അറകള്‍ വേണമെന്നേയുള്ളു. അല്ലാതെ തന്നെ ഉയരങ്ങളില്‍ കാലാവസ്ഥ അനുകൂലമായ തണുപ്പാര്‍ന്നതുമാണ്. അതിന്റെ സ്വാദ് പെട്ടെന്നൊന്നും രസമുകുളങ്ങളില്‍നിന്ന് മാറുകില്ല. ഒപ്പം, അത്രതന്നെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ലാത്ത പീര്‍ എന്ന ഫലവും. കാഴ്ചയ്ക്ക് പേരയ്ക്കപോലെ തോന്നിക്കുന്ന പീര്‍, നമ്മുടെ ദാഹത്തേയും വിശപ്പിനേയും പരിഹരിക്കുന്നു, തണ്ണിമത്തങ്ങയേക്കാള്‍ ഫലപ്രദമായി. ബാര്‍മ്മോറില്‍നിന്ന് ചമ്പയിലേക്ക് പോരുമ്പോള്‍ യാദൃച്ഛികമായാണ് ഭണ്ഡാരയുടെ അതിശയകരമായൊരു വിഭവം രുചിക്കാനിടയായത്. Hospitable എന്ന വാക്കിന്റെ മുഴുവന്‍ സ്വാദിലും! വാഹനങ്ങള്‍ തിങ്ങിക്കൂടിയ ആ സ്ഥലത്ത് ഞങ്ങളെ ക്ഷണിച്ചിറക്കാന്‍ അവര്‍ക്ക് നിര്‍വ്വാഹമില്ലാതായി. അവര്‍ അതിനെ മറികടന്നത്, ഒരു ഞൊടിയിലാണ്; പാത്രത്തില്‍ നിറച്ച പായസവുമേന്തി സ്പൂണുമായി അവര്‍ ഞങ്ങളെ ഓരോരുത്തരേയും ഊട്ടാന്‍ മുതിര്‍ന്നു. അത്രയും സ്വാദേറിയ ഗോതമ്പ്പ്രഥമന്‍, ഇക്കഴിഞ്ഞ നാളുകളിലൊന്നും കഴിച്ചിട്ടില്ലെന്നത്

ഒരു രുചിവാങ്മൂലമായി കാണുക. ഈ ആതിഥ്യത്തിന് പാത്രീഭൂതരാവുന്നവരുടെ സംതൃപ്തിയെക്കാളേറെയാണ് അത് തയ്യാറാക്കി നല്‍കുന്ന പഹാഡികള്‍ക്ക്. മണിമഹേഷിലേക്ക് ഇതല്ലാതെ മറ്റൊരു സമയമില്ലെന്ന് തീരുമാനിക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്. ഈ ഉത്തരേന്ത്യന്‍ ആതിഥ്യം ഏതായാലും ആദ്യത്തെ ഇമിഴ്ചയായിരുന്നു, ദില്‍വാഡയില്‍.
ഒരു ലക്ഷ്മീവല്ലഭക്ഷേത്രം മാത്രമേ ചമ്പയില്‍ ഞങ്ങള്‍ക്ക് കാണാനുണ്ടായിരുന്നുള്ളൂ. കുറേ പടവുകള്‍ കയറിപ്പോവണം എന്നതാണ് അതിന്റെ ചെറിയ സവിശേഷത, എട്ടോ ഒന്‍പതോ നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു ക്ഷേത്രം, ചമ്പ ടൗണ്‍ഷിപ്പില്‍ അത് ഒറ്റപ്പെട്ട് നിലകൊള്ളുന്നു. ഈ ടൗണ്‍ഷിപ്പ് നിലവില്‍ വന്നിട്ട് നാലു പതിറ്റാണ്ട് തന്നെയാവുകില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ കീര്‍ത്തിമത്തായ ഒരു മെഡിക്കല്‍ കോളേജിന് അരികിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ കയറിപ്പോവുക. എന്തോ ആലോചിച്ച് അങ്ങനെ ഇറങ്ങിവരുമ്പോഴാണ് ഗ്രാമ്യതയാര്‍ന്ന ഒരു അരുമ ദൃഷ്ടീഭവിച്ചത്. ഒരു ഗഡ്വാളി സ്ത്രീ. അത്രയ്ക്ക് പ്രായമൊന്നുമില്ല. ഒരു ആട്ടിന്‍കുഞ്ഞിനെ വാരിപ്പുതപ്പിച്ചുകൊണ്ട് മുന്നില്‍ നടന്നുപോവുന്നു. ആ പരിലാളനം അല്പം അസാധാരണമായി തോന്നി. അവരോട് ഒരു nsap-നു നിന്നു തരുമോ എന്ന് ചോദിച്ചപ്പോള്‍ നാണത്തോടെ ചമേലി സമ്മതിച്ചു. പിന്നീട് അങ്ങനെയാണ് ആ സ്ത്രീ  പേര്‍ പറഞ്ഞത്. ആ പേരിന്റെ ചന്തം പെട്ടെന്ന് മറക്കുകയില്ല. അങ്ങനെ ഒരു പൂവുണ്ടൊ എന്ന് സംശയം. ആട്ടിന്‍കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതാണ് വെയിലാളും മുന്‍പ്. ആ മാറോട് അടക്കിപ്പിടിക്കലില്‍ അവരുടെ പാലനമത്രയും പ്രകടമായിരുന്നു. ചമ്പയിലും ഇടയ്‌ക്കൊക്കെ പശുക്കള്‍ മേയുന്നത് കാണാം. ദ്വാരകപോലെ അത്രയും എണ്ണമില്ലെങ്കിലും. അവരുടെ പശുപരിപാലനം, തീര്‍ച്ച, ഒരു അഭിരുചിയുടെ ഭാഗമാണ്, സസ്യാഹാരിയുടെ. 

ആട്ടിന്‍കുട്ടിയുമായി ചമേലി
ആട്ടിന്‍കുട്ടിയുമായി ചമേലി


ചമ്പയില്‍ നിന്ന് ദല്‍ഹൗസി എത്തുമ്പോഴേയ്ക്കും കുറേശ്ശ തണുപ്പ് അരിച്ചുവന്നു തുടങ്ങും, ശീതകാലവസ്ത്രങ്ങള്‍കൊണ്ട് ചെറുക്കേണ്ട ഒന്നല്ല, അത്. എങ്കിലും ഒരു സ്വെറ്റര്‍ ഉണ്ടെങ്കില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ സുഖം തോന്നാം. ദല്‍ഹൗസിയില്‍ കാഴ്ചകളൊന്നുമില്ല. പഴയ ഗവര്‍ണര്‍ ജനറലിന്റെ ആസ്ഥാനമെന്ന പ്രൗഢി ബാക്കിനില്‍പ്പുണ്ടെന്ന് മാത്രം. ഇന്ത്യന്‍ റെയില്‍വേയുടെ സൂത്രധാരകനായ ദല്‍ഹൗസിയെ അങ്ങനെ മറക്കേണ്ടതില്ല. അതുകൊണ്ടാണല്ലോ, സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ഇപ്പോഴും ആ സ്ഥലം ആ പേരില്‍ത്തന്നെ അറിയപ്പെടുന്നത്. കൊളോണിയലിസത്തിന്റെ നല്ലതുകള്‍ എന്നൊരിക്കല്‍ എഴുതിയപ്പോള്‍ എന്റെ ഇടതുപക്ഷ സഹയാത്രികര്‍ ത്വരിതഗതിയില്‍ അതിനെ എതിര്‍ത്തത് ഓര്‍മ്മയുണ്ട്. അവരുടെ നിക്ഷിപ്തതാല്പര്യങ്ങള്‍ക്കായാണ് ബ്രിട്ടീഷുകാര്‍ റെയിലുകളും മറ്റും നിര്‍മ്മിച്ചതെന്നത് വാസ്തവമായിരിക്കെ, ആ നിര്‍മ്മിതി ഇന്ത്യയുടെ ഭൂപരിപാലനം കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു. ഇന്നും, അവര്‍ പണിതുയര്‍ത്തിയ ബംഗ്ലാവുകള്‍ പ്രകൃത്യനുരോധമായി വര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന മുകള്‍ത്തട്ട് എന്നത് ഉഷ്ണമേഖലയ്ക്ക് തീര്‍ത്തും അനുയോജ്യമായൊരു ആശയമാണ്. പാടെ തണുത്ത കാലാവസ്ഥയില്‍നിന്നും ഇവിടെത്തിയ പ്രഭുക്കള്‍, ഈ കാലാവസ്ഥയെ ഹിതകരമാക്കി മാറ്റിയത് ചില കരുതലുകള്‍കൊണ്ടാണ്. ഇന്ത്യ പോലെ ഫലഭൂയിഷ്ഠമായ മറ്റൊരു കോളനി ബ്രിട്ടന് വേറെ ഇല്ലായിരുന്നു. ആ പരിഗണന അവര്‍ കാണിച്ചുവെന്നാണ്, ചരിത്രത്തിന്റെ ബാക്കിപത്രം, condescending എന്ന ഗര്‍വ്വിലാണെങ്കിലും. 

കോമളത്വം നിറഞ്ഞ്
ചമ്പ

ദല്‍ഹൗസിയിലെ സായാഹ്നശോഭ, സുഭാഷ്ചൗക്ക് എന്ന കാഴ്ചപ്പുറമാണ്. Holidaying-നു വരുന്നവര്‍ അവിടെ കൂടിച്ചേരുന്നു. വിസ്തൃതി, ആ ഇടത്തിനും അവിടെനിന്നും നിങ്ങളിലേക്ക് ഇരച്ചുവരുന്ന കാഴ്ചയ്ക്കാണ്. വലിയൊരു താഴ്വര മുഴുവനായി നിങ്ങള്‍ക്കു മുന്‍പില്‍ നിവരുന്നു, മേഘച്ചാര്‍ത്തുകള്‍കൊണ്ട് അലംകൃതമായി. അന്തിത്തുടുപ്പ് പകര്‍ന്ന മേഘപംക്തികള്‍, അവയ്ക്കിടയില്‍ കാണാവുന്ന നഗരപ്പകിട്ടുകള്‍; ഈ കാഴ്ചയുടെ വശ്യത, ഒരു നിമിഷംകൊണ്ട് ഇതൊക്കെ കോടയെടുത്തുപോവുമെന്നതാണ്. തികച്ചും ഒരു മായാദൃശ്യമെന്നപോല്‍, താഴ്വരയാകെ നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞിലാഴ്ന്നുപോവും. അപ്പോഴേയ്ക്കും, മിക്കവാറും സന്ധ്യയാവും. തണുപ്പ് പൊതിഞ്ഞു തുടങ്ങും. ചൂടുപാറുന്ന ഒരു നെസ്‌കഫേയുമായി അവിടെ അങ്ങനെ ഇരിക്കുമ്പോള്‍ സകലമായ അനായാസമാണ്. കഴിഞ്ഞപ്രാവശ്യം, ദല്‍ഹൗസിയില്‍ വന്നപ്പോള്‍, എട്ടുവര്‍ഷങ്ങള്‍ മുന്‍പാവണം, സുഭാഷ്ചൗക്കില്‍ ചേക്കേറാന്‍ സമയം കിട്ടിയില്ല. അന്നുതന്നെ ജ്വാലാമുഖിയിലേക്ക് തിരിച്ചുപോവേണ്ടതിനാല്‍, ഈ നിരത്തുകളിലൂടെ അങ്ങനെ നടന്നതേയുള്ളൂ. ഇന്നാണെങ്കില്‍, ദല്‍ഹൗസിയിലാണ് ഞങ്ങളുടെ താവളം, യഥേഷ്ടം സമയമുണ്ട്. Oyo ഹോട്ടലായതിനാല്‍ ഏറെ സൗകര്യങ്ങളുണ്ട്, തലേന്നാളത്തെ അപേക്ഷിച്ച്. പക്ഷേ, ചമ്പയില്‍ അതിന് ഒരു കോമളത്വം ഉണ്ട്, പുല്‍ത്തകിടിയുടെ ശാലീനത. തികച്ചും സ്വകാര്യമായൊരു പാര്‍പ്പിടവുമായിരുന്നു, അത്. പുല്‍ത്തകിടിയില്‍ നിലാവേറ്റ് ഇരുന്നാല്‍ പാട്ടും സദിരും ഒക്കെ തനിയെ വന്നേയ്ക്കും, കഥകളിപ്പദങ്ങളും തിരുവാതിരപ്പാട്ടും ഉള്‍പ്പെടെ. തിരുവാതിരക്കളിക്കുകൂടി, മുതിര്‍ന്നു ഞങ്ങള്‍ക്കൊപ്പം ഉള്ള സ്ത്രീപ്രജകള്‍. നഗരങ്ങളിലെ വാസസ്ഥലങ്ങളില്‍ ഇതുപോലൊരു സ്‌പേസ് കിട്ടുകയില്ല. ദല്‍ഹൗസിയിലെ Oyo  ഹോട്ടലില്‍വെച്ചാണ് എനിക്ക് ഒരു കാര്യം തിരിഞ്ഞത്. സാധാരണ ഭേദപ്പെട്ട നക്ഷത്രഹോട്ടലുകളില്‍ മാര്‍ബിള്‍കൊണ്ട് അലംകൃതമായ കുളിമുറികളുണ്ടാവും ചില്ലുകൂടുകളെന്നോണം. അവിടെ കമോഡിനു സമീപം ടോയ്ലറ്റ് പേപ്പറിന്റെ റോള്‍ വെച്ചിരിക്കും. പാശ്ചാത്യര്‍ മാത്രമേ അത് ഉപയോഗപ്പെടുത്താറുള്ളു. പണ്ടേ ഇന്ത്യാക്കാര്‍ ജലശൗചം ഇഷ്ടപ്പെടുന്നവരാണല്ലോ. കമോഡിനും ടോയ്ലറ്റ് പേപ്പറിനും ഇടയ്ക്ക് ഒരു Spray Point കൂടി ഉണ്ടെന്ന്, ഉണ്ടാവണമെന്ന് ഇപ്പോഴാണ് ധരിക്കാനിടയായത്. അത് തിരിച്ചാല്‍ നമ്മുടെ വിസര്‍ജനേന്ദ്രിയം വൃത്തിയായി കഴുകിവെടിപ്പാക്കും. അദൃശ്യമായ ഒരു ജലധാര. പിന്നീട് ആണ് ടോയ്ലറ്റ് പേപ്പറിന്റെ ആവശ്യകത. Cleaning Faucet-നെക്കാള്‍ ശുചിത്വമാര്‍ന്ന ഈ സംവിധാനം എനിക്ക് ഇഷ്ടപ്പെട്ടു. 'സ്വച്ഛഭാരതി'ല്‍നിന്ന് ആ വെടിപ്പിലേക്ക് ഒരുപാട് കാതങ്ങളുണ്ടെങ്കിലും!

സുഭാഷ്ചൗക്കില്‍നിന്ന് ഇപ്പോള്‍ കാഴ്ചകളൊന്നുമില്ല, എല്ലാം കനത്ത മഞ്ഞിലകപ്പെട്ടിരിക്കുന്നു. താമസസ്ഥലത്തേക്ക് മടങ്ങാന്‍ എഴുന്നേല്‍ക്കുമ്പോഴാണ് തൊട്ടടുത്തുള്ള സെയ്ന്റ് ഫ്രാന്‍സിസ് പള്ളിയില്‍നിന്ന് തവിട്ടുനിറത്തില്‍ ളോഹയണിഞ്ഞ് ഒരു പുരോഹിതന്‍ ഞങ്ങളുടെ അടുത്ത് വന്നത്. കേരളത്തില്‍നിന്നുള്ള സന്ദര്‍ശകരെ അഭിവാദ്യം ചെയ്യാനാണ് ഞങ്ങളില്‍ ആരോ ചിലര്‍ പള്ളിയിലേക്ക് ചെന്നിരുന്നു. ആല്‍ബെര്‍ട്ട് എന്നു പേരുള്ള ആ പുരോഹിതന്‍ എന്നെ ആരാഞ്ഞപ്പോള്‍ ഞാന്‍ തെല്ല് അത്ഭുതചിത്തനായി. അങ്ങനെ ഗൗരവത്തിലുള്ള വായനയൊന്നുമില്ല, അച്ചന്‍ വിശദീകരിച്ചു. പക്ഷേ, 'ക്രൈസ്തവേതര സാക്ഷ്യങ്ങള്‍' എന്നൊരു പുസ്തകത്തില്‍ ഞാന്‍ എഴുതിയത് അദ്ദേഹം കണ്ടിട്ടുണ്ട്. നാട്ടില്‍ കുറേ പള്ളികളില്‍ അത് വായിച്ചുകേള്‍പ്പിക്കാറുണ്ടെന്ന് രണ്ടു മൂന്ന് വര്‍ഷം മുന്‍പ് ചില സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ദല്‍ഹൗസിയിലെ ഈ തണുത്ത സന്ധ്യയില്‍ ഇങ്ങനെയൊരു പരിചിതത്വം, അത് ഏറെ ഉന്മേഷകരമായി. സാന്‍തോം പള്ളിയില്‍ ഞാന്‍ ചെന്നതും വശീകൃതനായതും അന്‍പത് വര്‍ഷങ്ങള്‍ മുന്‍പാണ്. പക്ഷേ, ക്രിസ്ത്വാനുഭവം കരഗതമായത്, പിന്നേയും ഏഴെട്ട് വര്‍ഷങ്ങള്‍ ചെന്ന് ഓസ്‌കാര്‍ വൈല്‍ഡിന്റെ De Profundis ലൂടെയാണ്. അത്രയും സാന്ദ്രമായി ആ കാരുണ്യത്തെ മറ്റാരും പകര്‍ത്തിത്തന്നിട്ടില്ല, കസന്‍ദ്‌സാക്കിസ് കൂടെയും. വളരെ വൈകി ചാവറയച്ചനും വിശുദ്ധ സ്‌നാനത്തിന്റെ  മഹിമയെക്കുറിച്ച് പറഞ്ഞുതരികയുണ്ടായി. ആല്‍ബര്‍ട്ട് ഞങ്ങള്‍ക്ക് ആശിസ്സുകള്‍ നേര്‍ന്ന് യാത്രയായി, തൊടുപുഴയില്‍ വെച്ചങ്ങാനും കാണാമെന്ന വാഗ്ദാനവുമായി. ക്രൈസ്തവ വിശ്വാസികള്‍ ഏറെയുള്ളതായി തോന്നിയില്ല, അവിടെ. സുഭാഷ്ചൗക്കില്‍ വിശ്രമം തേടിവന്നവരില്‍ പലരും ശിഖരായിരുന്നു, വയസ്സിന്റെ അവശതയേല്‍ക്കാത്ത ശിഖര്‍. ബലിഷ്ഠരായ അവരില്‍ ചിലര്‍, മണിമഹേഷ് എന്ന് കേട്ടപ്പോള്‍ ഉത്സുകരായി. ട്രെക്കിങ്ങിലൂടെ മാത്രം ചെന്നെത്താവുന്ന ഉന്നതങ്ങളിലേക്ക് കേരളത്തില്‍നിന്ന് പുറപ്പെട്ടുവന്ന, സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ കൂട്ടായ്മ അവരെ അതിശയിപ്പിച്ചിരിക്കണം. ഒരാള്‍, അവിടുത്തെ സ്‌കൂള്‍ പ്രധാനാദ്ധ്യാപകനായി വിരമിച്ച ആളാണ്, ഉജ്വല്‍ സിങ്ങ്, അദ്ദേഹത്തിന്റെ പത്‌നിയും കൂടെയുണ്ട്. ചര്‍ച്ചില്‍ നിന്നൊരു പുരോഹിതന്‍ ഞങ്ങളെ തേടി വന്നെന്നു കണ്ടപ്പോള്‍ പതുക്കെ, അവരുടെ അതിശയം ആദരവിനു വഴിമാറി. അടുത്ത പുലരിയില്‍ അമൃതസറിലേക്കും സുവര്‍ണ്ണക്ഷേത്രത്തിലേക്കുമാണെന്നു കേട്ടപ്പോള്‍ ഉജ്വല്‍ സിങ്ങിന്റെ വദനം വിടര്‍ന്നു. അവിടുത്തെ അനുഷ്ഠാനങ്ങളെക്കുറിച്ചൊക്കെ വാചാലനാവുമായിരുന്നു, ആ മനുഷ്യന്‍, ഞങ്ങള്‍ കുറച്ചുകൂടി സാവകാശം കാണിച്ചിരുന്നെങ്കില്‍. ശിഖരുടെ ദൃഢഗാത്രത്വത്തെക്കുറിച്ച് ഓര്‍ത്തിരുന്നപ്പോള്‍, അടുത്തദിവസം തന്നെ അതിനെ ഏറെ ദുര്‍ബ്ബലമാക്കുന്ന ഒരു നേരിടല്‍ ഉണ്ടാവുമെന്ന് ധരിച്ചില്ല. മനുഷ്യരെ ചൊല്ലി അത്തരം സാമാന്യതകള്‍ (Commonaity) അസംഗതമെന്ന് മുന്നറിയിപ്പ് തരുംവിധം. പഞ്ചാബിലേക്ക് കടന്ന് വാഗ, അല്ലെങ്കില്‍ അടാരി അതിര്‍ത്തി എത്തുന്നതിനു മുന്‍പ് ഉച്ചഭക്ഷണത്തിന് ബസ് നിര്‍ത്തിയതാണ്. ജലത്തിന്റെ ലഭ്യത നോക്കി വേണമല്ലോ, ബസ് നിര്‍ത്താന്‍. അങ്ങനെയാണ് കത്താര്‍സിങ്ങ് എന്ന ജമിന്ദാരുടെ കളപ്പുരയ്ക്ക് സമീപം ഒരിടം കണ്ടെത്തിയത്. അവിടെ പ്രേതസദൃശനായ ഒരാള്‍ നിന്നിരുന്നു, വെളുത്ത ജൂബ്ബയും കൂര്‍ത്തയും ധരിച്ചുകൊണ്ട്. ഒരു അസ്ഥിപഞ്ജരത്തിന് വേഷം ചാര്‍ത്തിയതിന്‍വണ്ണം, ആ കണ്ണുകളാവട്ടെ, പിഞ്ഞാണം പോലെ വിളര്‍ത്തിരുന്നു. അന്‍പത് വയസ്സേ ഉള്ളൂവെങ്കിലും എഴുപത് വയസ്സിന്റെ വാര്‍ദ്ധക്യമാണ്. ഇരുപത് വയസ്സ് തൊട്ട് ഏതാണ്ട് നാല്പത്തിയഞ്ച് വയസ്സ് വരെ ജീവിതം എരിയിച്ചുതീര്‍ത്തതിന്റെ ഭവിഷ്യത്ത്. അഞ്ഞൂറാണ് ഷുഗറിന്റെ കൗണ്ട്, ഇന്‍സുലിന്‍ സദാ കൊണ്ടുനടക്കുന്നു, സംസാരിക്കുവാനുള്ള ശ്രമം പോലും ആയാസകരമാണ്. സമ്പത്ത് ആ മനുഷ്യനെ വിഫലമായി ചൂഴ്ന്നുനില്‍ക്കുന്നു, എല്ലാ വിലക്കുകളുമായി. സിക്കുകാര്‍ക്കിടയില്‍ രോഗികളോ ദുര്‍ബ്ബലരോ ഇല്ലെന്ന അതിവാക്കിനെ ക്രൂരമായി റദ്ദ് ചെയ്കയാണ് കത്താര്‍സിങ്ങിന്റെ കഥ. 

ഹിമാര്‍ദ്രമായി
പൊയ്ക

സുവര്‍ണ്ണക്ഷേത്രത്തിന്റെ മകുടത്തിനപ്പുറം പഞ്ചാബിന് ചാര്‍ത്തിക്കൊടുക്കുന്ന വിഭൂഷകള്‍ വേറെയുമുണ്ട്. അവിടെ, ഇളം മിഥുനങ്ങള്‍, വിവാഹാനന്തരം മധുവിധുവിനു പോവുന്നതിലേറെ താല്പര്യം പ്രകടിപ്പിക്കുക, ഹേമ്കുണ്ഡ് സാഹിബ്, സനാതനയായ താഴ്വരയ്ക്കപ്പുറം സന്ദര്‍ശിക്കാനാണ്. ഗുരുനാനാക്, നൂറ്റാണ്ടുകള്‍ മുന്‍പ് മോഹപരവശനായി നിലംപതിച്ച, ഹിമാര്‍ദ്രമായ പൊയ്കയുടെ സമീപത്തേക്ക്. അതുപോലെ ഒരു ഭിക്ഷാംദേഹിയും അന്നം തേടാത്ത ഒരു സംസ്ഥാനം, ഇന്ത്യയില്‍ പഞ്ചാബ് മാത്രമാണ്. (ഇതെന്തുകൊണ്ട് എന്ന് വെളിവായത്, സുവര്‍ണ്ണക്ഷേത്രത്തില്‍ ഒരു പാതിരാത്രി ചെലവഴിച്ചപ്പോഴാണ്.) ഓരോ ശിഖന്റേയും സ്വപ്നസരസ്സാണ്, ഹേമ്കുണ്ഡ് സാഹിബ്, പതിന്നാലായിരം അടി ഉയരത്തില്‍, ഒരു ചെറിയ ജലശേഖരം അല്ല, ഹിമശേഖരം. മാനസസരോവര്‍ പോലെ വിസ്തൃതമൊന്നുമല്ലെങ്കിലും ഹിമസ്‌നിഗ്ധമായ ഹേമ്കുണ്ഡ് സാഹിബിന് അതിന്റേതായ പരിവേഷമുണ്ട്. സ്വര്‍ണ്ണം എന്നതിന്റെ പര്യായം തന്നെയായ ഹേമപദം ശ്രദ്ധിക്കുക. സുവര്‍ണ്ണക്ഷേത്രത്തിന്റെ ഗരിമകളിലേക്ക് പോവാം. അതിനു മുന്‍പ്, വാഗാ അതിര്‍ത്തിയിലെ ദേശീയതയുടെ ജരാവിഷ്ടമായ സന്നാഹങ്ങളുണ്ട്, ആവിഷ്‌കാരങ്ങളുണ്ട് അതില്‍ പൂര്‍ണ്ണമനസ്‌കരായി പങ്കുചേരുന്ന അസംഖ്യം സാധാരണ ജനങ്ങളുമുണ്ട്. ആ സിംബോളിക് ഡ്രില്‍ - പ്രതീകാത്മകമായ പരിശീലനം - നിങ്ങളിലെ ദേശീയാവബോധത്തെ ത്വരിപ്പിക്കുന്നു, നിങ്ങള്‍ എത്ര ഉദാസീനത ഭാവിച്ചാലും. തെല്ലുനേരമെങ്കിലും ഈ രണോത്സുകതയില്‍ നിങ്ങള്‍ ഭാഗഭാക്കാവുന്നു, പതാക ഒരു വികാരമാവുന്നു. സിയാച്ചില്‍ പോലുള്ള മരണാഭിമുഖമായ ശൃംഗങ്ങളില്‍ അതു പാറുമ്പോള്‍ നാം കൃതാര്‍ത്ഥരാവുന്നു. പ്രതിരോധം എന്ന വാക്കിന്റെ പൂര്‍ണ്ണധ്വനി അവിടങ്ങളിലാണ് ബോധ്യപ്പെടുക. 'വന്ദേ മാതരം' എന്നത് ഇപ്പോള്‍ കര്‍മ്മധീരമായ ഒരു പടഹധ്വനി തന്നെയാവുന്നു, ശൗര്യത്തിന്റെ, സ്വയം ഉണര്‍വിന്റെ. അതുപോലുള്ള അതിദുര്‍ഗ്ഗചങ്ങളായ ചുരങ്ങളില്‍ പുലരുന്ന സൈനികരെ ഓര്‍ത്താല്‍, അവരുടെ നിതാന്ത ജാഗ്രതയോര്‍ത്താല്‍, നാമെത്രയാണ് അവര്‍ക്ക് കടപ്പെട്ടിരിക്കുന്നതെന്ന് നിശ്ചയമാവും. യുദ്ധമില്ലാത്ത കാലങ്ങളിലും സന്നാഹം എന്നത് സന്നദ്ധരായിരിക്കുക എന്നത് ഒരു സൈനികനെ സംബന്ധിച്ചോളം അവിരാമമായ ഒരു ചര്യയാണ് എന്ന്, ഇത്തരം യാത്രകളിലൊക്കെയും നാം പഠിക്കുന്നു. നമ്മുടെയൊക്കെ ദൈനംദിന ബദ്ധപ്പാടുകളില്‍ നാം മറന്നുപോവുന്ന ഒരു യാഥാര്‍ത്ഥ്യം കൂടിയാണത്. ഓരോ പൗരനും അവന്റെ സുരക്ഷിതത്വത്തിന്റെ ഋണം വീട്ടേണ്ടത് ഈ സൈനികരോടാണ്. പ്രതിദിനം അടാരി അതിര്‍ത്തിയില്‍, പൊള്ളുന്ന വെയിലില്‍, ഈ സൈനിക പ്രകടനം കാണാനെത്തുന്ന ക്ഷമാപൂര്‍ണ്ണരായ പതിനായിരക്കണക്കിന് പൗരവൃന്ദം, ഇന്ത്യന്‍ പൗരവൃന്ദം ആ യാഥാര്‍ത്ഥ്യത്തെ വിശുദ്ധവല്‍ക്കരിക്കുന്നുണ്ട്. ഉയര്‍ന്ന ദേശീയാവബോധമാണത്. 

ജാലിയന്‍ വാലാ ബാഗ്
ജാലിയന്‍ വാലാ ബാഗ്

വാഗാ അതിര്‍ത്തിയില്‍നിന്ന് തിരികെ നാല്‍പ്പതോളം കിലോമീറ്റര്‍ വരേണ്ടതുണ്ട്, അമൃതസറിലേക്ക്. ആ സ്ഥലപ്പേരില്‍ തീര്‍ച്ചയായും അനശ്വരതയുടെ ഒരു മിന്നലാട്ടമുണ്ട്, അമൃതമായ സരസ്സ്. അത് എങ്ങനെയോ, അങ്ങ് ഉയരെ വര്‍ത്തിക്കുന്ന ഹേമകുണ്ഡ് സാഹിബിനെ മനസ്സില്‍ കൊണ്ടുവരും. സുവര്‍ണ്ണക്ഷേത്ര സമുച്ചയം തീര്‍ത്തും വ്യത്യസ്തമായ ഒരു സത്ത, Entity തന്നെയാണ്. വാഹനങ്ങള്‍ അങ്ങോട്ട് പ്രവേശിക്കാറില്ല, നിരത്തുകള്‍ എഴുപതടിയിലധികം വീതി ഉണ്ടെങ്കിലും. ഇടുങ്ങിയ ഒരു ഗലി കടന്ന് അവിടെയെത്തുമ്പോള്‍, രാത്രി ഒന്‍പത് മണി കഴിഞ്ഞിരുന്നു, വാഗാ അതിര്‍ത്തിയിലെ 'ദേശീയോത്സവം' കഴിയുമ്പോള്‍ ഏഴായിരുന്നല്ലോ. ജാലിയന്‍ വാലാബാഗ് എന്ന ഇന്ത്യയുടെ മാറാവടു കടന്നുവേണം സുവര്‍ണ്ണക്ഷേത്രമെത്താന്‍. രാത്രിയായതിനാല്‍ അതിനകത്ത് കയറാനൊത്തില്ല. എട്ടുവയസ്സ്, തെറ്റ്, എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞടക്കം, ജനറല്‍ ഡയര്‍ കൊന്നൊടുക്കിയ ജനസഹസ്രങ്ങളുടെ ജീവനായുള്ള പിടച്ചില്‍ മൂര്‍ത്തിമത്തായ ഒരു ശില്പമുണ്ട് അവിടെ. ആ സ്മരണികയ്ക്ക് മുന്‍പില്‍ ചകിതനാവാതെ നില്‍ക്കാന്‍ വയ്യ, ഒരു നൂറ്റാണ്ട് കഴിഞ്ഞാലും. മനസ്സില്‍ തറയ്ക്കുന്നതു തന്നെയായി നിരാകൃതിയായ ആ കോണ്‍ക്രീറ്റ് ശില്പം. അത്രയും നിഷ്‌കരുണമായ ഒരാജ്ഞ പുറപ്പെടുവിക്കാന്‍ ജനറല്‍ ഡയര്‍ക്ക് എങ്ങനെ കഴിഞ്ഞു, സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന ഒരു ജനതതിക്ക് നേരെ നിറയൊഴിക്കാനുള്ള ക്രൂരശാസന? ചരിത്രത്തിലെ പ്രതികാരഗാഥകളില്‍ വെച്ചേറ്റം ഊര്‍ജ്ജദായിനിയായ ഒന്നാണ് ഉദ്ധംസിങ്ങിന്റെ, ജനറല്‍ ഡയറിനെ കടലിലൂടെ പിന്തുടര്‍ന്ന് വധിക്കുന്ന ബലി, അത് ആ മനുഷ്യന്‍ എല്ലാ ഭാരതീയര്‍ക്കും വേണ്ടി നിറവേറുകയായിരുന്നു; നിസ്സീമമായ ധന്യതയില്‍. അത്യന്തം സാത്വികതയാര്‍ന്ന ആ ബലി നിര്‍വ്വഹിക്കാന്‍ ഒരു ശിഖന്‍ തന്നെ വേണ്ടിവന്നു എന്നതാണ് ചരിത്രത്തിന്റെ മഹത്തായ കാവ്യനീതി. സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരില്‍ ആദ്യത്തെ ധീരയോദ്ധാക്കള്‍ അവര്‍ തന്നെ ആയിരുന്നല്ലോ. നാം, ഒരു അബ്ദുള്‍റഹ്മാന്‍ സാഹേബിനെക്കുറിച്ചാണ് അഭിമാനം കൊള്ളുന്നതെങ്കില്‍ പഞ്ചാബിലെ മനുഷ്യര്‍ എത്രപേരെ ചൊല്ലിയാണ് അങ്ങനെ വിജൃംഭിതരാവുക? ശിഖനെ, അവന്റെ അനിഷേധ്യശൗര്യത്തില്‍ ആവിഷ്‌കരിക്കുന്ന ഒരു രചന, ഒ.വി. വിജയന്റെ പ്രവാചകന്റെ വഴി മാത്രമാവണം, ഈ ആധുനിക കാലഘട്ടത്തില്‍. സുജാന്‍ സിങ്ങിനെപ്പോലെ ഹൃദയസ്പൃക്കായ ഒരു ചിത്രീകരണം പഞ്ചാബ് സാഹിത്യത്തിലുണ്ടോ എന്ന് തിട്ടമില്ല. കത്തുന്ന ഗുരുഗ്രന്ഥം പോലൊരു തീക്ഷ്ണബിംബം അമൃതാപ്രീതം പോലും സങ്കല്പനം ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. സുവര്‍ണ്ണക്ഷേത്രത്തിലേക്ക് നടന്നടുക്കുമ്പോള്‍ തന്നെ അതിന്റെ ഹിരണ്‍മയ പ്രഭ, Golden Opulance, നമ്മെ സംഭ്രമിപ്പിക്കും. പ്രകാശത്തിന്റെയും വിസ്തൃതിയുടേയും ആ എടുപ്പുകള്‍ സ്വപ്നസദൃശമായിത്തന്നെ നമുക്ക് അനുഭവപ്പെടും, വിശേഷിച്ച് രാത്രിയില്‍. പ്രാര്‍ത്ഥന എന്നതേക്കാള്‍ നമ്മിലേക്ക് ഉണരുക 'കര്‍സേവ' എന്ന വാക്കാണ്. അതിന്റെ ഉള്ളടക്കമാണ്. നിശ്ശബ്ദതയല്ല ഒരു അനുസ്യൂതിയാണ് നമ്മിലേക്ക് ഇരച്ചുവരിക. ഗുരുദ്വാരകളുടെയൊക്കെയും അന്തിമത്വമായ, Ultimate, ഇവിടുത്തെ ഗ്രന്ഥസാഹേബില്‍ ശിരസ്സ്, തൂവാലയണിഞ്ഞ ശിരസ്സ് ചാര്‍ത്തുമ്പോള്‍ നാം നാനാക്കിനെത്തന്നെയാണ് നേരുക. പാലില്‍ പൂവിതള്‍ പോലെ ഞാന്‍ നിങ്ങള്‍ക്കിടയില്‍ വസിച്ചേയ്ക്കാം എന്ന് നിര്‍മ്മല മനസ്‌കനായി അരുളിയ ഗുരുനാനാക്കിനെ. ഗുരു വിഭാവനം ചെയ്ത രീതിയില്‍ത്തന്നെയാണോ, ഈ ക്ഷേത്രാലയചന്ദ്രിക പണികഴിപ്പിക്കപ്പെട്ടത് എന്ന് നാം ചിലപ്പോള്‍ തര്‍ക്കിച്ചേയ്ക്കാം. പക്ഷേ, മഹാക്ഷേത്രങ്ങളിലൊക്കെയും ഹിരണ്യം ഒരു അവിഭാജ്യ മൂലകമായിത്തീര്‍ന്നിരിക്കുന്നു. നാനൂറ്റന്‍പത് വര്‍ഷം പഴക്കമുള്ള ഈ വിശാല നിര്‍മ്മിതിയില്‍ സ്വര്‍ണ്ണം ചേര്‍ന്നത് ഇരുന്നൂറ് വര്‍ഷങ്ങള്‍ മുന്‍പാണെന്ന് പറയുന്നു. അതിന്റെ മകുടങ്ങളില്‍ 750 കിലോ സ്വര്‍ണ്ണം ഉരുക്കിച്ചേര്‍ത്തിട്ടുണ്ടെന്ന ഒരു കഥയും പ്രാബല്യത്തിലുണ്ട്. ഇപ്പോള്‍ പ്രകടമാവുന്നത്രയും സ്വര്‍ണ്ണം ഏതാണ്ട് 165 കിലോഗ്രാം, 20625 പവന്‍, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലാണ് പണിതൊരുക്കിയത്. മറ്റൊരു ലോഹത്തിനും ഇല്ലാത്ത ഒരു ശോഭ ഈ രാജലോഹത്തിനുണ്ടെന്നു മാത്രമല്ല, അതിന്റെ Pliability, സ്വീകരണക്ഷമത, അന്യാദൃശമാണ്. സൂര്യാംശു അതിനെ തഴുകി വരുന്ന പ്രാതഃസന്ധ്യയിലും സായംസന്ധ്യയിലും അതിന് സദൃശതകളൊന്നുമില്ല, അലൗകികമെന്ന വാക്കാണ് വരുന്നത്. കലര്‍പ്പില്ലാത്ത പ്ലാറ്റിനത്തില്‍ നിര്‍മ്മിതമായ സിര്‍ദ്ദി സായിബാബയുടെ, ജ്യോതിസ്സ് വികിരണം ചെയ്യുന്ന ശില്പത്തിനു മുന്നില്‍ പലതവണ വിനമ്രനായതിന്റെ പെരുമയില്‍ത്തന്നെയാണ്, ഈ സാക്ഷ്യം. ലോകത്തില്‍ വെച്ചേറ്റം ഗാംഭീര്യമിയന്ന ആ ശില്പത്തിന് ഒരു കോടി ഉറുപ്പികയിലേറെ മതിപ്പ് വില വന്നിട്ടുണ്ട്. പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ, രഹസ്യമായി തൊഴാനും ധ്യാനസ്ഥനാവാനും മുതിരുന്ന ഈ ശില്പം സുനില്‍ജിയുടെ ആശ്രമത്തിലാണെന്നുമാത്രം സൂചിപ്പിക്കട്ടെ, ഇവിടെ കേരളത്തിലെ അവിജ്ഞാതമായ ഒരു മലയോരത്ത്. സിര്‍ദ്ദി ബാബയ്ക്ക് പ്ലാറ്റിനം തന്നെയാണ് സമുചിതമെന്ന് ധരിച്ചുപോവും. അത് സ്വര്‍ണ്ണത്തിലായിരുന്നെങ്കില്‍ എന്തോ ആനുരൂപ്യം കുറഞ്ഞേനെ. തന്റെ യകൃത്തില്‍ ഉണ്ടായ അര്‍ബ്ബുദ വളര്‍ച്ച അവിശ്വസനീയമായി ഭേദപ്പെട്ടതിന്റെ നേര്‍ച്ചയായാണ് ഗീതു ചെല്ലാറാം, അങ്ങനെയൊരു ശില്പം ആശ്രമത്തിന് നല്‍കിയത്. 

സുവര്‍ണ്ണ ക്ഷേത്രത്തിന്റെ
പ്രകാശം

സുവര്‍ണ്ണക്ഷേത്രത്തില്‍ കടക്കുന്ന നിമിഷം തൊട്ട് നമ്മിലുണരുക ചലനമുഖരതയാണെന്ന് പറഞ്ഞല്ലോ, നിശ്ശബ്ദതയ്ക്ക് ഇവിടെ ഇടമില്ലെന്നുപോലും തോന്നാം. അര്‍ത്ഥികളേക്കാള്‍ ആഹാരം തേടിവരുന്ന മനുഷ്യരാണ്, ഇവിടെ. അന്നദാനം, ഇതുപോലെ അഹോരാത്രം ആഘോഷിക്കപ്പെടുന്ന മറ്റൊരു ക്ഷേത്രാന്തികം എനിക്ക് അപരിചിതമാണ്. ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് ധര്‍മ്മസ്ഥലയില്‍ അനുഭവിച്ച പ്രസാദഊട്ട് ഒരു അത്ഭുതമായിരുന്നു. പന്തീരായിരം പേര്‍ ഒരേസമയം ആഹാരം കഴിച്ചുപോവുന്നത് അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്, മുപ്പതോളം വര്‍ഷം മുന്‍പ്. പക്ഷേ, അവിടെ അതിന് സമയപരിധിയുണ്ട്. ഇതുപോലുള്ള തുടര്‍ച്ച എവിടെയും കണ്ടിട്ടില്ല. ഞങ്ങളും ഗുരുദ്വാരയില്‍നിന്നാണ് രാത്രിഭക്ഷണം കഴിച്ചത്, അത് ഏറെ രാച്ചെന്നാലും നിലയ്ക്കയില്ലെന്നാണ് മനസ്സിലായത്. ചുക്കാറൊട്ടിയും കടലക്കറിയും ചൂടായി പിന്നെ ഖിര്‍ എന്ന് അവര്‍ ഓമനിക്കുന്ന പായസവും. എരിവോ പുളിയോ തീണ്ടാത്ത സാത്വിക രുചിയാര്‍ന്ന വിഭവങ്ങള്‍. അതുകൊണ്ടുതന്നെ അവയ്ക്ക് 'അസമയം' എന്ന ഒന്നില്ല, എല്ലാം സമയോചിതമായിത്തന്നെ ശരീരത്തില്‍ ഏശുന്നു, ദഹനം സുഗമമാവുന്നു. അരബിന്ദോവിന്റെ ആശ്രമത്തിലാണ് ഇതുപോലെ മധുരപ്രധാനമായ ഭക്ഷണം ലഭിച്ചിട്ടുള്ളത്. അവിടെ പഞ്ചസാരയല്ല, ശര്‍ക്കരയാണെന്ന വ്യത്യാസമുണ്ട്. എത്രയോ കുറച്ചുപേര്‍ക്ക് മാത്രമാണ് അവിടെയൊക്കെ ഭക്ഷണം നല്‍കപ്പെടുന്നത്. ചൊറിയൊരു തുക വസൂലാക്കിക്കൊണ്ട്; ഇവിടുത്തെ സൗജന്യം സുജനമര്യാദയായിപ്പോലും നമുക്ക് കണക്കാക്കാം. നിലത്തിരുന്നാണ് ഭക്ഷണമെന്നത് എനിക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നി. ഉത്തരേന്ത്യയില്‍ നിലത്തിരുന്ന് ആഹാരം കഴിക്കുന്ന ശീലം, ഒരുപാട് കുടുംബങ്ങളില്‍ ഇന്നും അനുവര്‍ത്തിക്കപ്പെടുന്നു, എത്രയോ അഭികാമ്യമാണത്. ഏതു പ്രായത്തിലും കാല്‍മുട്ടുകള്‍ വഴങ്ങുമെന്നതിന്റെ സന്ദേശം കൂടിയാണത്, അരോഗതയുടെ സന്ദേശം. ഞങ്ങള്‍ക്കൊപ്പം അവിടെ അത്താഴം കഴിച്ചവരില്‍ പലരും ചെറുപ്പക്കാരല്ലായിരുന്നു, ആര്‍ക്കും വേറെ ഇരിപ്പിടമൊന്നും അനുവദിച്ചുകണ്ടില്ല. മറ്റൊന്ന് ശ്രദ്ധയില്‍പ്പെട്ടത് ശുദ്ധജലത്തിന്റെ സമൃദ്ധിയാണ്, തണുത്ത ശുദ്ധജലത്തിന്റെ. അത് തളികയിലാണ് നിങ്ങള്‍ക്ക് നല്‍കുക, ഓരോ തിരിവ് കഴിയുമ്പോഴും. കര്‍സേവ എന്നാല്‍ ശുചിത്വം തന്നെയാണ് എല്ലായിടത്തും. അന്‍പതിനായിരത്തിലധികം സന്ദര്‍ശകര്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന ഇടത്താണ് ഈ വൃത്തി എന്ന് എടുത്തുപറയട്ടെ. പഞ്ചാബില്‍ ധര്‍മ്മക്കാരില്ലെന്ന് പറഞ്ഞതിന്റെ വ്യംഗ്യം ഇതിനകത്താണ് തെളിഞ്ഞുകാണുക. ഭക്ഷണം കഴിഞ്ഞ് അന്തിയുറങ്ങുന്നവര്‍, വിശാലമായ പ്രദക്ഷിണ വീഥിയില്‍, നിരവധിയാണ്. അങ്ങനെയൊരു അഭയസ്ഥലി കൂടിയാണ് ഈ സ്വര്‍ണ്ണമഹല്‍. ഇതിനിടയ്ക്ക് തെല്ലൊന്നു പ്രാര്‍ത്ഥനാനിരതനാവണമെങ്കില്‍, ഗ്രന്ഥസാഹേബിന്റെ മുന്നിലേക്ക് തന്നെ ചെല്ലണം, മുകളില്‍ അല്ലെങ്കില്‍, ഒരുപാട് പ്രകാശകിരണങ്ങള്‍ വീണുകിടക്കുന്ന ജലാശയത്തിന്റെ ഓരത്തിരിക്കാം. മറ്റു സമയങ്ങളില്‍ ഇതിനകത്തെ അന്തരീക്ഷം എങ്ങനെയാവും?

ജലാശയത്തില്‍നിന്നുള്ള കാറ്റേറ്റ് നടക്കുമ്പോഴാണ്, ഒരൊറ്റ ഞൊടിയില്‍ ഞാനത് ദര്‍ശിച്ചത്. ഒരു വൃക്ഷശില്പം, അങ്ങനെയല്ലാതെ വേറെന്ത് പറയാന്‍? പടര്‍ന്നു പന്തലിച്ച ഒരു തമാലവൃക്ഷം, ശാഖകളൊക്കെ മേലോട്ട് ഒതുക്കി ത്രാണനം ചെയ്തുവെച്ചിരിക്കുന്നു. ഇടതൂര്‍ന്ന ഇലകളുടെ സഞ്ചയം, അതിന്റെ നിബിഡതയില്‍. സൂക്ഷിച്ച് നോക്കിയെങ്കില്‍ മാത്രമേ, ആ ശാഖകളില്‍ ചിലേടത്ത് അണിയിച്ച 'കാപ്പുകള്‍' കാഴ്ചയില്‍ വരികയുള്ളു. കാളസ്‌കന്ഥം, തമാലം, താപിഞ്ഛം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന (അമരകോശത്തില്‍)- പച്ചവൃക്ഷങ്ങളില്‍ ഒന്ന്. ഇലച്ചാര്‍ത്തുകള്‍ അധികമായുള്ള ഈ വൃക്ഷത്തിന് ഫലങ്ങളില്ല, അഥവാ അത് ഭക്ഷ്യയോഗ്യമല്ല. അണിയിച്ചൊരുക്കിയ ഒരു വൃക്ഷമേലാപ്പ്, വൃക്ഷായുര്‍വേദം പ്രചരിച്ച ഒരു സംസ്‌കാരത്തില്‍ മാത്രം സംഭവിക്കുന്ന പരിരക്ഷ. മറ്റൊരു തമാലവൃക്ഷച്ചുവട് കൂടി ഈ യാത്രയില്‍ ഐശ്വര്യസംജ്ഞയായി കണ്ടെത്തുമെന്ന് അപ്പോള്‍ എങ്ങനെ നിരൂപിക്കാന്‍? പ്രകാശമയമായ സുവര്‍ണ്ണക്ഷേത്രത്തിന്റെ എത്രയോ ജനാലകള്‍ നോക്കി, രാത്രിയില്‍ അങ്ങനെ ഇരിക്കുമ്പോള്‍ ഇവിടം ഒരു സൈനികമേഖലയായി മാറിയതിന്റെ ക്രുദ്ധത മനസ്സിലുണരുന്നുവല്ലോ. എന്തൊരു ഭയാനകമായ വൈപരീത്യമായിരുന്നു അത്? ഹേമശോഭയാര്‍ന്ന ഈ വിസ്തൃതിയത്രയും രക്തകലുഷമാവുക, പ്രാര്‍ത്ഥനാഗീതങ്ങള്‍ക്കു പകരം ഭീകരമായ ആക്രോശങ്ങള്‍ പൂച്ചെണ്ടുകള്‍ക്കു പകരം വെടിയേറ്റ ജഡങ്ങള്‍ - ലോകത്തില്‍ ഒരു ക്ഷേത്രവും ഇതുപോലെ പങ്കിലപ്പെട്ടിരിക്കില്ല. പ്രപഞ്ചത്തിലെ സംഭവഗതി ലളിതമെന്ന് നമുക്ക് തീര്‍പ്പ് കല്പിക്കാന്‍ വയ്യ, ഒ.വി. വിജയന്‍ അങ്ങനെ എഴുതിയെങ്കില്‍പ്പോലും. കാരണം, ഒട്ടേറെ ബലരേഖകള്‍ അവയുടെ ആവിര്‍ഭാവത്തിനു പിറകിലുണ്ട്. സ്വര്‍ണ്ണക്ഷേത്രത്തില്‍ ആദ്യത്തെ ബയനറ്റ് കയറ്റിയ നിമിഷം ആ കനത്ത അനൃതം സംഭവിച്ചുതുടങ്ങിയിരിക്കണം; ഇന്ദിരാഗാന്ധിയുടെ ഗാത്രത്തില്‍ ഇരുപതോളം വെടിയുണ്ടകള്‍ തറച്ചുകയറുവോളം. അത് വെറും തുടക്കമേ ആയുള്ളൂ എന്നതാണ് പരമാര്‍ത്ഥം; പിന്നീടായിരുന്നു ശിഖര്‍ക്കെതിരായുള്ള ചോരക്കളി, ഗുരുപ്രീതനെപ്പോലുള്ളവര്‍ വാവിട്ടുകരഞ്ഞു, 'സിയപോ' എന്ന ഗോത്രവിലാപത്തിന് നിമിത്തമായി ഭവിച്ച കൂട്ടക്കൊലകള്‍. സാത്വികപ്രധാനമായ ഈ സംസ്‌കാരത്തിന് ഉളവായ കീഴ്മേല്‍ മറിച്ചില്‍. എത്രയോ കത്തിക്കാളലുകള്‍ കഴിഞ്ഞാണ് സമാധാനം പുലര്‍ന്നത്, ഈ പരിസരങ്ങളില്‍. 

സുവര്‍ണ്ണക്ഷേത്രത്തിന്റെ സമുദാരമായ ആതിഥ്യം കഴിഞ്ഞ് മടങ്ങുമ്പോള്‍ പതിനൊന്നരയാവുന്നു. ഒന്നും മതിയായിട്ടല്ല. വെറും രണ്ടു മണിക്കൂര്‍കൊണ്ട് അവിടുത്തെ ഹേമാദമായ മകുടം പോലും കണ്ടുതീരില്ല എന്നിരിക്കെ. ഇന്നു രാത്രി മുഴുവന്‍ ബസിലാണ് ഹരിയാനയിലെ ഒരു ക്ഷേത്രത്തിലേക്ക്. അയ്യായിരം വര്‍ഷം പഴക്കമുള്ള അവിടുത്തെ മിഥോളജിയും ഒന്ന് ഓടിച്ചുകാണേണ്ടതുണ്ടല്ലോ. ഹൃദയഭേദകമായ ജാലിയന്‍ വാലാബാഗ് സ്മൃതിശില്പത്തിനു ചുറ്റും ഏവരും കൂടിച്ചേരുന്നു. ആ ബിഭത്സത്തിന്റെ നൂറാം വാര്‍ഷികത്തില്‍ കാന്റന്‍ബരിയിലെ ആര്‍ച്ച് ബിഷപ്പ് അവിടെ തേങ്ങിപ്പോയെന്നു വായിക്കുമ്പോള്‍ - എന്തെന്തു നീറുന്ന പ്രായശ്ചിത്തങ്ങളാണ് ഇക്കഴിഞ്ഞ കാലങ്ങളില്‍ ഹൃദയാലുക്കളായ മനുഷ്യര്‍ അര്‍പ്പിക്കയുണ്ടായത്. ഒന്നും ഒന്നിനേയും നിവൃത്തിക്കുകയില്ല. എങ്കിലും. പാടെ നിരായുധരായ ഒരു ജനതതിയെ ഇതുപോലെ സൈനികര്‍ വെടിവെച്ചിട്ട സന്ദര്‍ഭം ചരിത്രത്തില്‍ വേറില്ല. തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗത്തിന്റെ, ജൂതരുടെ നിരന്തര പീഡനം ഒഴികെ, തീര്‍ച്ചയായും. ജാലിയന്‍ വാലാബാഗ് ഉള്‍പ്പെടുന്ന സുവര്‍ണ്ണക്ഷേത്രസമുച്ചയം എപ്പോഴും വെളിച്ചത്തിലാണെന്ന പ്രതീതിയാണ് കിട്ടുക. ഇവിടെനിന്ന് മട്ടത്രികോണവടിവില്‍ വലത്തോട്ടു ചെന്നാല്‍ ഒരു നൂറുമീറ്റര്‍, ക്ഷേത്രസമുച്ചയത്തിന്റെ അവസാനമായി. പ്രകാശധോരണിയില്‍നിന്ന് പെട്ടെന്ന് ഈ നിഴല്‍പ്രദേശത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥരായേയ്ക്കും. അപ്പോഴും എന്തോ അരുതാത്തത് സംഭവിക്കാന്‍ പോവുന്നെന്ന നേരിയ സൂചനപോലും ആര്‍ക്കുമുണ്ടായില്ല. ദുര്‍ഘടനകള്‍, എല്ലായ്‌പ്പോഴും അങ്ങനെ മുന്നറിയിപ്പോടെ സംഭവിക്കണമെന്നില്ലല്ലോ. ഞങ്ങളുടെ കൂട്ടത്തില്‍ ആരോ ഒരാള്‍ കാണാതായെന്ന് ബസിനു സമീപമെത്തിയപ്പോഴാണ് അറിഞ്ഞത്; പാതിരാത്രി, തീര്‍ത്തും അപരിചിതമായ വഴി, പരിതാപകരമായ ഭാഷാ പരിചയം- മൊബൈലില്‍ വിളിച്ചുകിട്ടിയാല്‍ തന്നെ കൃത്യമായ ഊടുവഴി പറഞ്ഞ് മനസ്സിലാക്കുക എളുപ്പമല്ല. മൊബൈല്‍ വിളിക്കിടയ്ക്കാണ് ഒരു മിന്നല്‍ സദൃശം, രണ്ടു ചെറുപ്പക്കാര്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന് ശംഭുപോറ്റിയെ തട്ടിത്തെറിപ്പിച്ചത്, ഭാഗ്യത്തിന് ധനമടങ്ങിയ സഞ്ചിയേ അവര്‍ റാഞ്ചിയുള്ളു.  ദൗര്‍ഭാഗ്യം തന്നെയാണത്, ഭാരിച്ച തുകയായിരുന്നു സഞ്ചിക്കകത്ത്, ആള്‍ക്ക് അപായം സംഭവിച്ചില്ലെന്ന നിലയ്ക്കാണ് ഭാഗ്യമെന്ന് എഴുതിയത്. കൃത്യമായി ആസൂത്രണം ചെയ്തതുപോലെയായിരുന്നു ആ റാഞ്ചല്‍; സുവര്‍ണ്ണക്ഷേത്രം തൊട്ടേ, തദ്ദേശീയരല്ലാത്ത ഞങ്ങളെ, അവര്‍ നോട്ടമിട്ടു കാണണം. മറ്റൊരാളുടെ ബാഗിലേക്കും ശ്രദ്ധപോവാതെ, ഞങ്ങളുടെ പൊരുളാധാരരായ ശംഭുപോറ്റിയെത്തന്നെ അവര്‍ ഉന്നംവെച്ചിട്ടുണ്ടെങ്കില്‍, ആ നിര്‍ണ്ണയം അതിശയകരമാണ്. അടുത്ത ദിവസം ദല്‍ഹിയില്‍ ബസുകാര്‍ക്ക് നല്‍കേണ്ടിയിരുന്ന തുക, രണ്ടുലക്ഷത്തിലധികം, ആ ബാഗിലുണ്ടെന്നാണ് ശംഭുപോറ്റി പറഞ്ഞത്. അമൃത്സര്‍ പൊലീസ് സ്റ്റേഷനും അവിടത്തെ ഔപചാരികതയും ഭഗ്‌നമായ മനസ്സോടെ ചെയ്തുതീര്‍ക്കുമ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതുപോലെ അപരിചിതങ്ങളായ ഏതൊക്കെയോ ദേശങ്ങളില്‍ വിഹരിച്ചപ്പോഴൊന്നും നേരിടാത്ത ഈ ദുര്‍ഘടനയ്ക്ക് എന്തു ഹേതുവാണ് ആരായുക? കാണാതായ ആള്‍, അല്പം കഴിഞ്ഞപ്പോള്‍ വിയര്‍ത്ത്, വിവശനായി എങ്ങനെയോ കൂട്ടം ചേര്‍ന്നു. ഗലികള്‍ പലതും സമാന്തരങ്ങളാണ് പരിഭ്രമം മാറി ഒന്നു ചുറ്റും നോക്കിയാല്‍ നഷ്ടപ്പെട്ട വഴി കണ്ടുപിടിക്കാവുന്നതേയുള്ളു, പരിഭ്രമം മാറിയാല്‍! പൊലീസ് അധികൃതര്‍ സഹാനുഭൂതിയോടെത്തന്നെയാണ് പ്രശ്‌നം കൈകാര്യം ചെയ്തത്. പക്ഷേ, അതുകൊണ്ട് പരിഹാരമൊന്നും കിട്ടുകയില്ലല്ലോ. ഹിമാലയത്തിലേക്കുള്ള ഇത്തരം യാത്രകളില്‍ ഇതുപോലെ ധനനാശം ഉണ്ടാവുക അത്ര അപൂര്‍വ്വമൊന്നുമല്ല, ഈ അളവിലല്ലെങ്കിലും. നിങ്ങളുടെ ധനത്തോടുള്ള ആസക്തി അറിയാതെ തന്നെ പരീക്ഷിക്കപ്പെടുന്നു, ഇത്തരം വിപര്യയങ്ങളില്‍. അങ്ങനെ തന്നെയാണ് ഗംഗാപ്രവാഹമെന്ന പേരില്‍ പേരെടുത്ത (ആരും അറിയാത്ത) ഈ കൂട്ടായ്മ, പ്രസ്തുത ദൗര്‍ഭാഗ്യത്തെ കണ്ടതെന്ന് സാഹ്ലാദം തിരിച്ചറിഞ്ഞത്, ഇതിന്റെ രണ്ടാം ദിവസമാണ്. കുരുക്ഷേത്രയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ വരട്ടെ, കുരുക്ഷേത്ര കഴിയണമല്ലോ ഈ രാത്രി പുലരുകയും വേണം. 


അമൃതസറില്‍നിന്ന് കുരുക്ഷേത്രയിലേക്കുള്ള ഹൈവേ കുറ്റമറ്റതാണ്. ഓരോ സംസ്ഥാനവും കനത്ത Toll വസൂലാക്കുമെങ്കിലും, നിരത്ത് നികുതി ഉള്‍പ്പെടെ. യാത്ര ഒട്ടും മുടങ്ങിയില്ല, പകലെന്യെ രാത്രിയെന്യെ. ചമ്പയിലേക്കും ബാര്‍മ്മോറിലേക്കുമുള്ള വഴിപോലെ ഹെയര്‍പിന്‍ കര്‍വുകള്‍ ഈ രാജപാതയിലില്ല. NH 54 ലൂടെ രാത്രി മുഴുവന്‍ സഞ്ചരിച്ച്, രാവിലെ എട്ടുമണിയോടെ കുരുക്ഷേത്ര സമീപിക്കുന്നു. ഗീതോപദേശം സമാകര്‍ഷകമായി ശില്പവല്‍ക്കരിച്ച കൂറ്റന്‍ കവാടത്തിലൂടെയാണ് കുരുക്ഷേത്രയിലേക്ക് പ്രവേശിക്കുക. അമൃതസറിലേക്കും അങ്ങനെയൊരു പ്രവേശനകവാടം ഉണ്ടായിരുന്നോ, ഓര്‍മ്മയില്ല. പഞ്ചാബ് എത്തിയതും പച്ചച്ച വയലേലകളുടെ സാന്നിധ്യം ഏറെ ചേതോഹരമായിരുന്നു. മറ്റേത് സംസ്ഥാനത്ത് കടന്നപ്പോഴും അതുപോലൊരു ഹരിതരാശി അനുഭവപ്പെട്ടില്ല. തലേന്നു രാത്രിയിലെ പോഷകസമൃദ്ധമായ അത്താഴം പിറ്റേന്ന് പകല്‍ വരേയ്ക്കും ഞങ്ങളെ തുണച്ചെന്ന് സമ്മതിക്കട്ടെ. കുരുക്ഷേത്രയിലെ മണ്ഡിയില്‍ അമാവാസിയുടെ ഉത്സവത്തോടനുബന്ധിച്ച തിരക്കാണ്. സുലഭിന്റെ ശൗചാലയങ്ങള്‍ അവലംബിക്കാം. സങ്കോചമേതുമില്ലാതെ, കടുത്ത നിറത്തില്‍ ചേലയുടുത്ത ഗ്രാമീണ സ്ത്രീകള്‍ അവയൊക്കെ വെടിപ്പായിത്തന്നെ പരിരക്ഷിക്കുന്നു, സ്വച്ഛഭാരതിന്റെ സ്വാധീനം ചെറുതല്ലാത്തത് അവിടെയാണ് തെളിഞ്ഞു കാണുക. അങ്ങനെ, പ്രാതഃകര്‍മ്മങ്ങളുടെ തിടുക്കങ്ങളെല്ലാം കഴിഞ്ഞ്, അകലെയല്ലാതെ ബ്രഹ്മസരോവര്‍ എന്ന ആശ്രമത്തില്‍ പതിനൊന്നു മണിയോടെ ചേക്കേറുന്നു. ഈ യാത്രയിലെ അവസാനത്തെ താവളം. അതിന്റെ പ്രാധാന്യമെന്തെന്ന് അതെടുത്ത ഞങ്ങളോ അതിന്റെ നടത്തിപ്പുകാരോ അല്ല പറഞ്ഞുതന്നത്- ഞങ്ങള്‍ തീര്‍ത്തും അജ്ഞരായിപ്പോയേനെ, അന്നു വൈകുന്നേരം ഞങ്ങളെ കുരുക്ഷേത്ര കാണിക്കാന്‍ തയ്യാറായി വന്ന ഓട്ടോറിക്ഷക്കാരന്‍ ചൂണ്ടിക്കാണിച്ചില്ലായിരുന്നെങ്കില്‍! കുരുക്ഷേത്രയിലെ ഏറ്റം സ്മരണീയമായ തടകാത്തിനു തൊട്ടുമുന്നിലായിരുന്നു ഞങ്ങളുടെ പാര്‍പ്പിടം. പക്ഷേ, അത് മനസ്സിലായത് ഞങ്ങള്‍ നാലോ അഞ്ചോ പേര്‍ക്ക് മാത്രമായിരുന്നു!

കുരുക്ഷേത്രയിലെ
പുറംകാഴ്ചകള്‍

ബ്രഹ്മസരോവര്‍ ആശ്രമത്തില്‍ ചെന്നതും ഏതോ പൂര്‍വ്വകാല ചോദനപോലെ ഞാന്‍ കയറിച്ചെന്നത് അതിന്റെ മുകളിലേക്കാണ്. ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ട മുറികളൊക്കെയും താഴേയ്ക്കായിട്ടാണ്. സാധാരണ നിലയില്‍ അങ്ങോട്ട് ചെല്ലേണ്ട ആവശ്യം വരികയില്ല. കയറിച്ചെന്നപ്പോള്‍ ഞാന്‍ കണ്ടത് അതിമനോഹരമായ മറ്റൊരു തമാല വൃക്ഷമാണ് അതിനെ സംരക്ഷിച്ചുനിര്‍ത്തിയ മാര്‍ബിള്‍ തറയാണ്. മുകളിലേക്ക് ഒതുക്കിനിറുത്തിയ ഇടതൂര്‍ന്ന പച്ചപ്പ് ഒരു സൂര്യകിരണത്തിനുള്ള പഴുത് പോലുമില്ല. അതിനു ചുവട്ടില്‍ ഇരുന്നുപോകയായിരുന്നു, തെല്ലും അപരിചിതത്വം കൂടാതെ. സുവര്‍ണ്ണക്ഷേത്രത്തിലെന്നപോലെ ഇവിടെ ശാഖകളൊന്നും Strap-യും ചെയ്തിട്ടില്ല. ഏതാണ്ട് അത്രയും വിസ്തൃതമെങ്കിലും. വളരെ നേര്‍ത്ത ഒരു സുഗന്ധവുമുണ്ട്. എല്ലാ ശരീരചടവുകളും ഞൊടിയില്‍ പരിഹൃതമാവുകയാണ്. കുരുക്ഷേത്രയിലെ പുറം കാഴ്ചകള്‍ക്ക് പോയ സമയമൊഴികെ മറ്റെല്ലായ്‌പ്പോഴും ഞാന്‍ അഭയം തേടിയത്, ഈ തമാലവൃക്ഷച്ചുവട്ടിലാണ്. രാത്രി ഒരു മണിതൊട്ട് നാലു മണി വരേയും. വളര്‍ന്നു വരുന്ന ഒരു തേനീച്ചക്കൂട് തെല്ലും ശല്യകാരിയായി തോന്നിയില്ല. വൃത്താകൃതിയുള്ള തറയായതിനാല്‍ ഉറക്കം അങ്ങനെ സുഖമായെന്ന് പറയാന്‍ വയ്യ. ഏങ്കിലും അത് വിശ്രാന്തി തന്നെയായിരുന്നു. കുരുക്ഷേത്രയിലെ പുറംകാഴ്ചകള്‍ രണ്ടെണ്ണമൊഴികെ ഒന്നും മനസ്സില്‍ പതിഞ്ഞില്ല. ബാണഗംഗ എന്ന പൗരാണികസ്ഥലം, ഭീഷ്മര്‍ ശരശയ്യയില്‍ ഉത്തരായണം കാത്തുകിടക്കുമ്പോള്‍ ദാഹാര്‍ത്ഥനായി അര്‍ജ്ജുനനോട് ജലത്തിനായി അഭ്യര്‍ത്ഥിക്കയും അര്‍ജ്ജുനന്‍ എന്തോ ഒരു ആന്തരികപ്രേരണകൊണ്ടെന്നോണം വാരുണാസ്ത്രം പ്രയോഗിച്ച് ഗംഗയില്‍നിന്നുള്ള ഉറവ് പ്രത്യക്ഷപ്പെടുത്തിക്കൊടുത്തതും ആ പതിനെട്ട് ദിവസങ്ങള്‍ക്കിടയ്ക്ക് സംഭവിച്ച ഒരു അപൂര്‍വ്വാശിസ്സിന്റെ ഗാഥയാണ്. ഭീഷ്മന്റെ ദാഹം അങ്ങനെ മാത്രമേ തൃപ്തിപ്പെടുത്താന്‍ സാധ്യമാവുകയുള്ളു. അങ്ങനെ ഒരു ധാരകൊണ്ട് വിമുക്തനായി ഭവിക്കുന്നതില്‍ സൗന്ദര്യാത്മകതയ്‌ക്കൊപ്പം വീരവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ സംഭവിച്ചിരിക്കാം എന്നൊക്കെ കല്പന ചെയ്ത് ഈ ജനരഹിതമായ ഗ്രാമഭൂമികയില്‍ അങ്ങനെ നില്‍ക്കാം. ഒരു പേരൊഴികെ മറ്റൊന്നും ഇവിടെ അടയാളമായില്ല. ഈ പൗരാണികാവാഹനം മനസ്സില്‍ ഇല്ലാത്ത ഒരാള്‍ക്ക് അവിടം ഒന്നും സംവേദനം ചെയ്‌തെന്നു വരില്ല. നൈമിശാരണ്യത്തിലെ ഉള്‍ഗ്രാമങ്ങളെയൊക്കെ ഓര്‍മ്മിപ്പിക്കുന്ന പ്രകൃതം തന്നെയാണ് കുരുക്ഷേത്രയിലും. മറ്റൊന്ന് ഗീതോപദേശം നടന്ന ഇടമാണ്. അതിനെ ക്ഷേത്രരൂപത്തില്‍ ആവിഷ്‌കരിച്ചുവെച്ചിട്ടുണ്ട്. ഒരു അരയാലിനു കീഴെ, പാര്‍ത്ഥനും ശ്രീകൃഷ്ണനും ഗീതോപദേശത്തില്‍ ബദ്ധരായി വര്‍ത്തിക്കുന്നു. ഒരു ക്ഷേത്രഭൂമിയില്‍ അങ്ങനെ ഒരു അശ്വത്ഥം, അതിനാവട്ടെ- അത്രയും ആയുസ്സ് സ്വാഭാവികമല്ലെന്നിരിക്കേ, വൃഥാവിലുള്ള യുക്തികള്‍കൊണ്ട് നേരിടുമ്പോള്‍ കാമ്പുറ്റതായി തോന്നുകില്ല. കുരുക്ഷേത്രയുദ്ധം സംഭവിച്ചത് നൂറുകണക്കിനു ഏക്കറുകളില്‍ സ്ഥാപിച്ചുകിടന്ന ഭൂമിയിലാണ് - ഇത്രയും അക്ഷൗഹണികളെ ഉള്‍ക്കൊള്ളുംവിധം. ചരിത്രാവശേഷമെന്ന നിലയില്‍ അത് പ്രദര്‍ശനസജ്ജമാക്കുക പ്രായോഗികമല്ല. ഇരാവതി കാര്‍വെ, ഇവിടെത്തുകയാണെങ്കില്‍ ഈ സാഹചര്യങ്ങളെ എങ്ങനെ കാണുമെന്ന് വെറുതെ ആലോചിച്ചുപോയി. കുരുക്ഷേത്ര യുദ്ധത്തില്‍ ധര്‍മ്മത്തിന്റെ വ്യതിചലനങ്ങള്‍ ഒന്നിലേറെ സംഭവിച്ചുവെങ്കിലും അക്കാലങ്ങളിലെ യുദ്ധങ്ങളൊക്കെയും ചില പൊതുനിയമങ്ങള്‍ക്കനുസരിച്ചാണെന്ന് ദൃഢീകരിച്ചിട്ടുണ്ട്, ഇരാവതികാര്‍വെ. ഒരു രാജ്യവും അധാര്‍മ്മികമായി മറ്റൊരു രാജ്യത്തെ കയ്യേറുകയില്ലായിരുന്നു; യുദ്ധത്തില്‍ വിധവകളേയും കുട്ടികളേയും പരിരക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഒരുപക്ഷേ, യുദ്ധാനന്തരം നീണ്ട മുപ്പത്തിയാറുവര്‍ഷം ധര്‍മ്മപുത്രര്‍ അങ്ങനെ തന്നെയാവുമോ ഹസ്തിനപുരി ഭരിച്ചിരിക്കുക? 

ചമ്പ
ചമ്പ

ഒന്നുരണ്ട് കാഴ്ചസ്ഥലികള്‍ വിട്ടുപോയതിനാല്‍ നേരത്തെ ഞങ്ങളുടെ വാഹനം ബ്രഹ്മസരോവരില്‍ മടങ്ങിയെത്തി. ഞങ്ങള്‍ക്ക് ലബ്ധമാവാന്‍ പോവുന്ന പ്രശാന്തിയെന്തെന്ന് ഒരു രൂപവുമില്ലായിരുന്നു. വളരെ സാവകാശമാണ് ഞങ്ങളുടെ ഓട്ടോറിക്ഷ ഡ്രൈവര്‍ തൊട്ടുമുന്നിലേക്ക് ചൂണ്ടിക്കാണിച്ച് അവിടെ പോയില്ലേ എന്ന് ആരാഞ്ഞത്, കനിവോടെ. അപ്പോഴും അവിടെ എന്തെങ്കിലും ഉണ്ടാവാമെന്ന ധാരണ ഉളവായില്ല. ആപ് ജരാ ജായിയേ, വഹാം ജാകര്‍, മൈ. സിര്‍ഫ് ഇതനി ബതാ സക്താ ഹും... നിങ്ങള്‍ അതുവരെ ഒന്നുപോവുക എനിക്ക് ഇത്രയേ പറയാന്‍ കഴിയുകയുള്ളൂ. അത്രയും പറഞ്ഞ് ആ മനുഷ്യന്‍ ഞങ്ങളെ വലിയൊരു വിസ്മയത്തിന്റെ മുഖപ്പിലേക്ക് ക്ഷണിച്ചു. കുരുക്ഷേത്ര നഗരത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്ന കൂറ്റന്‍ കവാടത്തിന്റെ തുടര്‍ച്ചയായെന്നോണം ഇവിടെ വിശാലമായൊരു ജലാശയം, അതിനു ചുറ്റും പ്രദക്ഷിണപഥം, ഏതാണ്ട് നാലുകിലോമീറ്റര്‍ വരുന്ന, പിന്നെ ആ ചുമരുകളില്‍ മഹാഭാരതഗാഥയുടെ പ്രധാന സന്ദര്‍ഭങ്ങള്‍ ശില്പവല്‍ക്കരിച്ചത് - പിന്നെ, എല്ലാറ്റിനേയും ചൂഴ്ന്നുനില്‍ക്കുന്ന വിമൂകത. അവിടെയാണ് ഞങ്ങള്‍ നാലോ അഞ്ചോ പേര്‍ മാത്രം കുരുക്ഷേത്രയുടെ പൗരാണികതയെന്തെന്ന്, ചരിത്രമഞ്ജരികളെന്തെന്ന് ഉള്‍ക്കൊണ്ടത്. ആ കലാശയത്തിലേക്ക് അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ നാം ചരിത്രത്തിന്റെ അതീതങ്ങളിലേക്ക് തന്നെയാണ് ചുവടുറപ്പിക്കുക. ഇനി എന്തിനു വേറെ ദൃശ്യങ്ങള്‍, എന്തിന് വേറെ ബിംബങ്ങള്‍, ആരതി? തടാകത്തില്‍ ഓളങ്ങളില്ല, സിമന്റ് ബെഞ്ചില്‍ ചാഞ്ഞിരിക്കുമ്പോള്‍ ഹര്‍ഷന്റെ മകന്‍, ഗൗതം രണ്ട് ബദാം കാന്‍ഡിയുമായി വരുന്നു. അവിടെ, അതിന്റെ സ്വാദ് ഒന്നു വേറെത്തന്നെയായി. അടുത്തൊരു ക്ഷേത്രത്തില്‍നിന്ന് അര്‍ച്ചനയുടെ മണിമുഴക്കം കേട്ടപ്പോള്‍ എനിക്കൊപ്പമുണ്ടായിരുന്നവര്‍ അങ്ങോട്ടു പോവാന്‍ ഒരുങ്ങി. എന്നെ സംബന്ധിച്ച് ഏറ്റം പ്രാര്‍ത്ഥനാനിര്‍ഭരമായ അര്‍ച്ചന ആകാശത്ത് നടമാടിക്കഴിഞ്ഞിരുന്നല്ലോ. അങ്ങനെ തനിച്ചിരിക്കുമ്പോള്‍ കേരളത്തില്‍നിന്ന് ഒരു വിളി വരുന്നു, 'വിവേകാനന്ദന്റെ ആഹിര്‍ഭൈരവ്' എന്ന ലേഖനത്തിനുള്ള ഉള്ളുതുറന്ന പ്രതികരണം. പന്ത്രണ്ടു വര്‍ഷങ്ങള്‍ മുന്‍പാണ് എന്റെ ആ സുഹൃത്ത് ആ രാഗം ആദ്യമായി കേള്‍ക്കുന്നത്, ആ നാദസുധ ഇവിടെ ഈ പദങ്ങളിലൂടെ പുനര്‍ലബ്ധമായെന്നു പറഞ്ഞുകേട്ടപ്പോള്‍ - അങ്ങനെയൊക്കെയാണ് ചില കൃതാര്‍ത്ഥതകള്‍, ഓര്‍ക്കാതിരിക്കുമ്പോള്‍ എങ്ങുനിന്നോ. ഞാന്‍ എവിടെയാണെന്നതിന്റെ സ്ഥലപ്പൊരുള്‍ പറഞ്ഞുകൊടുത്തപ്പോള്‍ ആ സുഹൃത്ത് മതിമറന്നുപോയി.

ഞാന്‍ കേരളത്തിനു പുറത്തെവിടെയോ ആണെന്നല്ലാതെ ഈ കുരുക്ഷേത്രത്തിന്റെ തടാകതീരത്ത് ഒരു വൈകുന്നേരം പതുക്കെ അലിയിച്ചു മരുവുകയാണെന്ന് എങ്ങനെ ഊഹിക്കാന്‍? ഈ യാത്രയില്‍ വെച്ചേറ്റം രാഗസാന്ദ്രമായ നിമിഷങ്ങളായി, ആ സന്ധ്യ. ഡല്‍ഹി വിമാനത്താവളത്തിലേക്ക് നാലുമണിക്കൂറെന്നാണ് വിവരം കിട്ടിയത്, പക്ഷേ, അഞ്ചരമണിക്കൂര്‍ എടുത്തു. ഗതാഗതം കുറേയൊക്കെ നിയന്ത്രിതമായിട്ടും. ആ യാത്രയിലാണ് കൂട്ടായ്മയുടെ പ്രതിബദ്ധതയെന്തെന്ന് വെളിപ്പെട്ടത്. ശംഭുപോറ്റിക്ക് നഷ്ടമായി ഭവിച്ച തുകയില്‍ തൊണ്ണൂറ് ശതമാനവും കഴിഞ്ഞ രാത്രിയില്‍ എല്ലാവരില്‍നിന്നും സ്വരൂപിച്ചു വന്നപ്പോള്‍ പ്രസാദവാന്മാരായത് അവര്‍ ഓരോരുത്തരുമാണ്. ഒരുപാട് വിസമ്മതത്തോടെയാണ് ശംഭുപോറ്റി ആ തുക കൈപ്പറ്റിയത്. ദാനമോ നഷ്ടപരിഹാരമോ ആയിരുന്നില്ല അത്. ഓരോരുത്തരും ഒരു ഉത്തരവാദിത്വം ഏറ്റെടുക്കലായിരുന്നു, ബാഹ്യപ്രേരണയില്ലാതെ. ഒരു പരീക്ഷണഘട്ടം നിങ്ങളിലെ നന്മ പുറത്തുകൊണ്ടുവരികയാണെങ്കില്‍, പിന്നീട് അത് അഹിതകരമായ സ്മൃതിയല്ല തന്നെ. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ മുന്‍പ് (1997) ഞാന്‍ ആദ്യമായി ശ്രദ്ധിക്കാനിടയായ കൈലാസ് മാനസസരോവര്‍ യാത്രയില്‍, ഒരു യാത്രികന് ഇരുപതിനായിരം രൂപ നഷ്ടമായതും അത് അവരുടെ സംഘത്തിലുള്ള പതിനഞ്ചോ ഇരുപതോ പേര്‍ ചേര്‍ന്ന് നികത്തികൊടുത്തതും എന്നെ ഏറെ ആര്‍ദ്രചിത്തനാക്കിയിരുന്നു. ആ സമ്പദ് വികിരണത്തിന്റെ കാര്യക്ഷമതയോര്‍ത്ത്. ഇന്ന് അതിന്റെ പത്തിരട്ടി വരുന്ന ഒരു നഷ്ടം നാല്‍പ്പതോളം മണിമഹേഷ് യാത്രികര്‍, മണിക്കൂറുകള്‍ക്കുള്ളില്‍ നിവൃത്തിച്ചെന്ന് മനസ്സിലാക്കുമ്പോള്‍ ഉള്ളിലൂറുന്ന ചാരിതാര്‍ത്ഥ്യം എളുതല്ല. യാത്ര ഉറയൂരലാണെന്ന്, ശുശ്രൂഷയാണെന്ന് പലവുരു ഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ യാത്ര അനാസക്തിയുമാണെന്ന് ഉള്ളുണരാന്‍ ഒരു സന്ദര്‍ഭം ദത്തമായിരിക്കുന്നു, അതും ഒരു സംജ്ഞയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com