പരാജയപ്പെട്ടത് ജാതിമാജിക്കും മോദി മാജിക്കും: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

പാര്‍ട്ടിക്കാരണവന്മാര്‍ സമുദായ സംഘടനാനേതാക്കളോട് കാണിക്കുന്ന ജുഗുപ്‌സാവഹമായ വിധേയത്വം രണ്ടുതരത്തില്‍ പ്രവര്‍ത്തിക്കുന്നു.
പരാജയപ്പെട്ടത് ജാതിമാജിക്കും മോദി മാജിക്കും: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ട്ടെല്ലുള്ള മതേതര പാര്‍ട്ടികള്‍ ഏജന്‍സി രാഷ്ട്രീയത്തിനു പിറകെ പോകാന്‍ പാടില്ല. തങ്ങളുടെ നയപരിപാടികളും അധികാരം ലഭിച്ചാല്‍ നടപ്പാക്കാന്‍ സാധിക്കുമെന്നു തങ്ങള്‍ക്കുറപ്പുള്ള പദ്ധതികളും ജനസമക്ഷം അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് അവ ചെയ്യേണ്ടത്. ജനക്ഷേമം സാക്ഷാല്‍ക്കരിക്കുന്നതില്‍ തങ്ങള്‍ എങ്ങനെ അപര പാര്‍ട്ടികളില്‍നിന്നു വേറിട്ടുനില്‍ക്കുന്നു എന്നു വോട്ടര്‍മാരെ സുവ്യക്തമായി ബോധ്യപ്പെടുത്തിവേണം അത്തരം പാര്‍ട്ടികള്‍ ഇലക്ഷന്‍ ഗോദയിലിറങ്ങാന്‍. പക്ഷേ, ദീര്‍ഘകാലമായി ഇടത്തും വലത്തുമുള്ള നമ്മുടെ മതേതര പാര്‍ട്ടികള്‍ ജനങ്ങളിലല്ല വിശ്വാസമര്‍പ്പിച്ചു പോന്നിട്ടുള്ളത്. ജാതിമത സമുദായങ്ങളുടെ അമരത്തിരിക്കുന്നവരുടെ അരമനകളില്‍ ചെന്നു അവരുടെ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണാല്‍ 'വോട്ട് നമ്മുടെ പെട്ടിയില്‍' എന്നതാണവരുടെ വിശുദ്ധ വിശ്വാസപ്രമാണം. വാക്കുകള്‍ മാറ്റിപ്പറഞ്ഞാല്‍, സമുദായ മേലാളന്മാര്‍ എന്ന ഏജന്റുകളെ പ്രീതിപ്പെടുത്തുകയാണ് വോട്ട് തരപ്പെടുത്താനുള്ള കുറുക്കുവഴി എന്നവര്‍ കരുതുന്നു.

പാര്‍ട്ടിക്കാരണവന്മാര്‍ സമുദായ സംഘടനാനേതാക്കളോട് കാണിക്കുന്ന ജുഗുപ്‌സാവഹമായ വിധേയത്വം രണ്ടുതരത്തില്‍ പ്രവര്‍ത്തിക്കുന്നു. ജാതിമത സംഘടനകളുടെ ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് അനര്‍ഹമായ പൊതുസമ്മതി നേടിക്കൊടുക്കുന്നു എന്നതാണ് ഒരു കാര്യം. രണ്ടാമത്തേത്, ഏത് പാര്‍ട്ടി (മുന്നണി) ഭരണത്തിലെത്തിയാലും അവര്‍ തങ്ങളുടെ ഹിതാനുവര്‍ത്തികളാണെന്ന അഹങ്കാരം സമുദായ സംഘടനാ ശിരോമണികളെ പിടികൂടുന്നു എന്നതാണ്. ഡല്‍ഹിയില്‍ ഏത് കക്ഷി സിംഹാസനമേറാനും തന്റെ പിന്തുണ വേണമെന്നും അധികാരത്തിലെത്തുന്നവര്‍  ആരായാലും അവര്‍ തന്റെ താല്പര്യങ്ങള്‍ക്കൊത്തേ പ്രവര്‍ത്തിക്കൂ എന്നും ഡല്‍ഹി ജുമാ മസ്ജിദിലെ ഇമാം അഹങ്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ നാളുകള്‍ അത്ര വിദൂര ഭൂതകാലത്തിലല്ല എന്നിവിടെ ഓര്‍ക്കാവുന്നതാണ്.

ഡല്‍ഹി ഇമാം എന്ന അധികാര ദല്ലാള്‍ പിന്നീട് അസ്തപ്രഭാവനും അപ്രസക്തനുമായി. പക്ഷേ, കേരളത്തില്‍ മത-ജാതി സമുദായങ്ങളുടെ കടിഞ്ഞാണ്‍ കൈവശപ്പെടുത്തിയവരുടെ വീറും വാശിയും ഗര്‍വ്വും വര്‍ദ്ധിച്ചിട്ടേയുള്ളൂ. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എല്ലാം നിറക്കൂട്ടിലുമുള്ള രാഷ്ട്രീയ കേസരികള്‍ തങ്ങളുടെ ഉമ്മറത്ത് വിനീതവിധേയരായി കെട്ടിക്കിടക്കുമെന്നവര്‍ക്കറിയാം. ഇപ്പോള്‍ ഒക്ടോബര്‍ 21-ന് അഞ്ച് അസംബ്ലി മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചും അത്തരം 'അരമന വിധേയത്വ പരിപാടികള്‍' അരങ്ങേറി. തങ്ങളുടെ നിലപാടുകള്‍ക്കെതിര്‍നിന്നു പാര്‍ട്ടിയെ (മുന്നണിയെ) പാഠം പഠിപ്പിച്ചുതരാം എന്ന താക്കീത് സാമുദായിക കൊട്ടാരങ്ങളില്‍നിന്ന് ഉയരുകയും ചെയ്തു.
പക്ഷേ, സമുദായ സംഘടനകളുടെ തേര് തെളിക്കുന്നവര്‍ ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല. വട്ടിയൂര്‍ക്കാവാണ് ഏറ്റവും മികച്ച ഉദാഹരണം. വിശ്വാസ സംരക്ഷണം, മുന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കല്‍ എന്നീ വിഷയങ്ങളില്‍ തങ്ങളോടൊപ്പം നില്‍ക്കാത്തവര്‍ക്ക് കനത്ത പ്രഹരം നല്‍കുന്നതിന്റെ ഭാഗമായി എന്‍.എസ്.എസ്സിന്റെ നേതൃത്വം പഴയ സമദൂര സിദ്ധാന്തത്തില്‍നന്നു പുതിയ ശരിദൂര സിദ്ധാന്തത്തിലേയ്ക്കു മാറിയിരുന്നു. നായര്‍ സമുദായത്തില്‍പ്പെട്ട സമ്മതിദായകര്‍ക്ക് പ്രാമുഖ്യമുള്ള വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനെ നിലംപരിശാക്കാനാണ് സുകുമാരന്‍ നായരും കൂട്ടരും കച്ചകെട്ടിയിറങ്ങിയത്. നിലവില്‍ വന്ന നാള്‍ തൊട്ട് യു.ഡി.എഫിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തില്‍ ഇടതുമുന്നണിയെ ചതച്ചരയ്ക്കാമെന്നു തന്നെയാണവര്‍ കരുതിയത്. പക്ഷേ, ഫലം വന്നപ്പോള്‍ വിജയം കൊയ്തത് എല്‍.ഡി.ഫ് സ്ഥാനാര്‍ത്ഥിയായ, നായര്‍ സമുദായാംഗമല്ലാത്ത വി.കെ. പ്രശാന്ത്! താനോ തന്റെ പാര്‍ട്ടിയായ സി.പി.എമ്മോ സ്വപ്നം കണ്ടിട്ടില്ലാത്തത്ര വലിയ ഭൂരിപക്ഷമാണ് (14465) പ്രശാന്തിനെ തേടിയെത്തിയത്. എന്‍.എസ്.എസ്സിന്റെ ജാതിമാജിക് വട്ടിയൂര്‍ക്കാവില്‍ നിലംതൊട്ടില്ല.

ജാതിയുടെ അദ്ഭുതവിളക്കില്‍നിന്നു ഭൂതമിറങ്ങാതെപോയ മറ്റൊരു മണ്ഡലമാണ് കോന്നി. വട്ടിയൂര്‍ക്കാവിലെന്നപോലെ കോന്നിയിലും ജി. സുകുമാരന്‍ നായരുടെ സംഘടന ഇടതുമുന്നണിക്കെതിരെ നിലപാടെടുത്തുവെങ്കിലും തുടര്‍ച്ചയായി 23 വര്‍ഷം യു.ഡി.എഫ് കയ്യടക്കിവെച്ച പ്രസ്തുതമണ്ഡലത്തില്‍ ഇക്കുറി വിജയക്കൊടി നാട്ടിയത് 9953 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിലെ കെ.യു. ജനീഷ് കുമാറത്രേ. കോന്നിയിലെ നായര്‍ വോട്ടുകള്‍ എന്‍.എസ്.എസ് തലൈവര്‍ തെളിച്ച വഴിയേ പോയില്ല.
യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും ആ മുന്നണിക്കേറ്റ കനത്ത പരാജയത്തിനു മറ്റു തരത്തിലുള്ള വിശദീകരണങ്ങള്‍ നല്‍കാന്‍ തല്പരകക്ഷികള്‍ക്കു സാധിക്കുമങ്കിലും ജാതിവികാരത്തിനപ്പുറത്തേയ്ക്ക് കടന്നു ചിന്തിക്കാന്‍ സമ്മതിദായകര്‍ തയ്യാറായി എന്നത് വസ്തുതയാണ്. ബന്ധപ്പെട്ട സമുദായാംഗങ്ങളുടെ വോട്ട് കിടക്കുന്നത് സമുദായ സംഘടനാ നേതാക്കളുടെ പത്തായപ്പുരയിലല്ല എന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍, വിശിഷ്യ മതേതരപ്പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ജാതിമതത്തമ്പുരാക്കന്മാരുടെ മുന്‍പില്‍ കമ്പിട്ട് വോട്ട് യാചിക്കുന്നതിനേക്കാള്‍ വലിയ മറ്റൊരു രാഷ്ട്രീയ പുണ്യമില്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിനേതാക്കളെ കഴുത്തുപിടിച്ച് പുറന്തള്ളാന്‍ അണികള്‍ മുന്നോട്ട് വരികയും ചെയ്യേണ്ടിയിരിക്കുന്നു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജാതിമാജിക്കാണ് ഫലിക്കാതെ പോയതെങ്കില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെളിപ്പെട്ടത് മോദിമാജിക്കിന്റെ പരാജയമാണ്. ഹരിയാനയില്‍ ബി.ജെ.പിയും മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യവും പടുകൂറ്റന്‍ വിജയം കരസ്ഥമാക്കുമെന്നു ബന്ധപ്പെട്ട പാര്‍ട്ടികളുടെ നേതാക്കള്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് നിരീക്ഷകരും കരുതിയിരുന്നു. എക്‌സിറ്റ് പോളുകള്‍ മിക്കതും പ്രവചിച്ചത് രണ്ടിടത്തും ബി.ജെ.പി വന്‍ മുന്നേറ്റം നടത്തുമെന്നാണുതാനും. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിനു ഭരണം നിലനിര്‍ത്താനായെങ്കിലും സീറ്റുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. ഹരിയാനയിലാവട്ടെ, ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ അതിനായില്ല.

ഹൈപ്പര്‍
നാഷണലിസം

2014-ല്‍ മഹാരാഷ്ട്രയില്‍ 288 അംഗസഭയില്‍ 122 സീറ്റ് കരസ്ഥമാക്കിയ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 105 സീറ്റ് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 27.8 ശതമാനമായിരുന്നെങ്കില്‍ ഇക്കുറി അത് 25.64 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ശിവസേനയ്ക്ക് 2014-ല്‍ 63 സീറ്റും 19.4 ശതമാനം വോട്ട് വിഹിതവുമുണ്ടായിരുന്നു. 2019-ല്‍ അത് 57 സീറ്റും 16.52 ശതമാനം വോട്ട് വിഹിതവുമായി ഇടിഞ്ഞു. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ കിട്ടിയത് 40 സീറ്റാണ്. ഇതോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. 2019 മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പി വന്‍ മുന്നേറ്റം നടത്തിയിരുന്നു എന്നതാണത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം 288 അസംബ്ലി മണ്ഡലങ്ങളില്‍ 230-ലും മേല്‍ക്കൈ നേടിയപ്പോള്‍ ഹരിയാനയില്‍ ബി.ജെ.പി 90-ല്‍ 79 മണ്ഡലങ്ങളിലും ഒന്നാമതെത്തുകയും ആകെയുള്ള 10 ലോക്സഭാ സീറ്റുകളില്‍ പത്തിലും വിജയിക്കുകയും ചെയ്തിരുന്നു.

2014-ലെ അസംബ്ലി തെരഞ്ഞെടുപ്പുകളിലും 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രശോഭിച്ച മോദിമാജിക്കിന് ഇപ്പോള്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മങ്ങലേറ്റിരിക്കുന്നു എന്നു വ്യക്തം. 2014 തൊട്ട് നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും നായകത്വത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിച്ചുകൊണ്ടിരുന്നത് അതിതീവ്ര ദേശീയതാണ്. ഇന്ത്യന്‍ ദേശീയത സമം ഹിന്ദു ദേശീയത എന്നും രാജ്യത്തിന്റെ സുരക്ഷ സമം ബി.ജെ.പിയുടെ വാഴ്ച എന്നുമുള്ള ആശയം സാധ്യമായ സര്‍വ്വ മാധ്യമങ്ങളിലൂടെയും സമര്‍ത്ഥമായി വിനിമയം ചെയ്തുകൊണ്ടാണ് ഭാരതീയ ജനത പാര്‍ട്ടിയാല്‍ നയിക്കപ്പെടുന്ന എന്‍.ഡി.എ മുന്നോട്ട് പോയത്. 2019 ഫെബ്രുവരി 14-ന് ജെയ്‌ഷെ മുഹമ്മദ് എന്ന പാക് കേന്ദ്രിത മുസ്ലിം തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ നടത്തിയ അതിനീചമായ ഭീകരാക്രമണവും അതിനുള്ള തിരിച്ചടിയെന്നോണം നമ്മുടെ വ്യോമസേന ഫെബ്രുവരി 26-ന് പാകധീന ബാലകോട്ടില്‍ നടത്തിയ ഉശിരന്‍ പ്രത്യാക്രമണവും ദേശീയവികാരം ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ഘടകങ്ങളായിരുന്നു. ഏറ്റവും ഒടുവില്‍ ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് എടുത്തുകളഞ്ഞതും അതേ വികാരത്തിന്റെ പിന്‍ബലത്തില്‍ത്തന്നെ.

പക്ഷേ, മോദിയുടേയും ബി.ജെ.പിയുടേയും 'ഹൈപ്പര്‍ നാഷണലിസം' പഴയതുപോലെ വിഴുങ്ങാന്‍ പാകിസ്താനോട് തൊട്ടടുത്ത് നില്‍ക്കുന്ന ഹരിയാനയിലെ വോട്ടര്‍മാര്‍പോലും തയ്യാറായില്ല. മഹാരാഷ്ട്രയിലെ സമ്മതിദായകരില്‍ ഗണ്യമായ ഒരു വിഭാഗവും ഭാരതീയ ജനത പാര്‍ട്ടിയുടെ 'മസ്‌ക്കുലര്‍ നാഷണലിസ'ത്താല്‍ സ്വാധീനിക്കപ്പെടാന്‍ നിന്നുകൊടുത്തില്ല. ഗ്രാമീണരായ ദരിദ്ര ജനവിഭാഗങ്ങളും കര്‍ഷകരും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരും തങ്ങള്‍ അഭിമുഖീകരിക്കുന്ന നിത്യജീവിത പ്രശ്‌നങ്ങളിലേക്കാണ് കണ്ണും കാതുമയച്ചത്. ആ മേഖലകളില്‍ ഫലപ്രദമായി ഇടപെടുന്നതില്‍ വിജയിച്ചിട്ടില്ലാത്ത പാര്‍ട്ടിയോട് അവര്‍ മുഖം തിരിച്ചുനിന്നു. അഞ്ചുവര്‍ഷം മുന്‍പ് തങ്ങള്‍ നരേന്ദ്ര മോദിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും പ്രകടിപ്പിച്ച ആരാധനാപൂര്‍വ്വമായ ആവേശമൊന്നും ഇത്തവണ അവര്‍ പ്രകടിപ്പിച്ചില്ല. കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജാതിയുടെ അദ്ഭുതവിളക്ക് പണിമുടക്കിയതുപോലെ ഹരിയാനയിലും മഹാരാഷ്ട്രയിലും മോദിയുടെ അദ്ഭുതവിളക്കും ചെറിയതോതില്‍ പണിമുടക്കിയെന്നു വിലയിരുത്തുന്നതാവും ശരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com