പൊതിച്ചോറ്: ചരിത്രവും ദൈവികതയും

കോട്ടയത്തിനു സമീപമുള്ള പ്രദേശങ്ങളില്‍ കത്തോലിക്കാ മിഷനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ബ്രദര്‍ റോക്കി പാലയ്ക്കല്‍, ഇദ്ദേഹം സ്ഥാപിച്ച സഭകള്‍ പിന്നീട് വിജയപുരം രൂപതയുടെ ഭാഗമായി.
പൊതിച്ചോറ്: ചരിത്രവും ദൈവികതയും

കോട്ടയവും സമീപപ്രദേശങ്ങളും പശ്ചാത്തലമാക്കി പുലയരുടേയും പറയരുടേയും ക്രൈസ്തവതയുമായുള്ള ഇടപെടലിന്റെ ചരിത്രം ഫിക്ഷനലൈസ് ചെയ്യുന്ന ആദ്യത്തെ ആഖ്യാനമല്ല സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ വന്ന പ്രിന്‍സ് അയ്മനത്തിന്റെ പൊതിച്ചോറ് നേര്‍ച്ച. ദളിത് ക്രൈസ്തവരുടെ ജീവിതത്തിന്റെ ആഖ്യാനങ്ങളുടെ ചരിത്രം ഒരുപക്ഷേ, തുടങ്ങുന്നത് ഘാതകവധത്തിലായിരിക്കില്ല, അതിനു പുറകിലേക്ക് നീളുന്ന പുലയരുടേയും പറയരുടേയും ജീവിതലോകത്തെ കേന്ദ്രബിന്ദുവാക്കുന്ന മിഷനറി ആഖ്യാനങ്ങളിലായിരിക്കാം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മിഷനറി പ്രസ്ഥാനങ്ങളാകട്ടെ, എഴുത്തധികാരത്തിനു പുറത്തു നിന്നിരുന്ന ജനതയുടെ ജീവിതാനുഭവങ്ങളെ ആധികാരികമായിത്തന്നെ പുറംലോകത്തേക്കു എത്തിച്ചിരുന്നു. എത്തനോഗ്രഫിയിലൂടെ ലഭിച്ച കീഴാള അനുഭവങ്ങളെ മിഷനറിമാര്‍ ലേഖനങ്ങളിലൂടെയും കഥയിലൂടെയും കവിതയിലൂടെയും കേരളസമൂഹത്തിനകത്തും പുറത്തും ഒരുപോലെ അറിയിച്ചിരുന്നു. മാത്രമല്ല, തിരുവിതാംകൂറിലെ മിഷനറി പ്രസ്ഥാനങ്ങള്‍ ചെറുകഥയുടെ പ്രചാരകര്‍ കൂടി ആയിരുന്നു. പ്രത്യേകിച്ച് ദളിത് ക്രൈസ്തവര്‍ മുഖ്യ കഥാപാത്രമായി വരുന്ന ചെറുകഥകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മിഷനറിമാര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ടികെസി വടുതല
ടികെസി വടുതല

പുലയ ബാലനായ കോന്തിയുടെ കഥ പറയുന്ന ചെറുകഥയും പുലയ ബാലനായ അരൂചിയുടെ കഥ പറയുന്ന 'In a Tapioca Garden' എന്ന ചെറുകഥയുമെല്ലാം മിഷനറി ക്രൈസ്തവികതയുടെ കീഴാള പരിപ്രേക്ഷ്യം വെളിപ്പെടുത്തുന്ന ആഖ്യാനങ്ങളാണ്. കോളനികാലത്തുള്ള മിഷനറി എഴുത്തുകളില്‍ തുടങ്ങി പിന്നീട് ടി.കെ.സി. വടുതല, പോള്‍ ചിറക്കരോട് മുതലായവരിലൂടെ സഞ്ചരിച്ചുവന്ന ദളിത് ക്രൈസ്തവ സാഹിത്യശാഖയില്‍ കണ്ണിചേര്‍ക്കപ്പെട്ടിരിക്കുകയാണ് കഥാകാരനായ പ്രിന്‍സ് അയ്മനം. 

പോള്‍ ചിറക്കരോട്
പോള്‍ ചിറക്കരോട്

ചരിത്രത്തിന്റെ
വ്യത്യസ്ത അപരവല്‍ക്കരണം

കോട്ടയത്തിനു സമീപമുള്ള പ്രദേശങ്ങളില്‍ കത്തോലിക്കാ മിഷനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ബ്രദര്‍ റോക്കി പാലയ്ക്കല്‍, ഇദ്ദേഹം സ്ഥാപിച്ച സഭകള്‍ പിന്നീട് വിജയപുരം രൂപതയുടെ ഭാഗമായി. ബ്രദര്‍ റോക്കി പാലയ്ക്കലില്‍ നിന്നാണ് പൊതിച്ചോര്‍ നേര്‍ച്ചയിലെ സഭയുടെ തുടക്കം. ദളിത് ക്രിസ്ത്യാനികളും സുറിയാനി ക്രിസ്ത്യാനികളും ഒരുമിച്ചു ആരാധന നടത്തുന്ന ഇടവകയുടെ ചരിത്രം പ്രസിദ്ധീകരിക്കാനുള്ള ആലോചനായോഗത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ ചരിത്രപരമായ അനീതിയെ തുറന്നുകാട്ടിക്കൊണ്ട് കേന്ദ്ര കഥാപാത്രമായ ദളിത് ക്രൈസ്തവ പെണ്‍കുട്ടി  ജിന്‍സിയാണ് സഭയുടെ യഥാര്‍ത്ഥ ചരിത്രം ഉറക്കെ വിളിച്ചുപറയുന്നത്. ഇന്ന്  ഈ കാണുന്ന പള്ളി കറുപ്പന്‍ പുലയനും ഞങ്ങടെ മറ്റു വല്യപ്പന്മാരും വെള്ളത്തിനടിയില്‍നിന്നും കട്ടയും ചെളിയും വാരി എടുത്തു കര ഉണ്ടാക്കി സഥാപിച്ച പള്ളിയില്‍ ഇരുന്നുകൊണ്ടാണ് നിങ്ങള്‍ ഈ അധികാരം കാണിക്കുന്നതെന്ന് ജിന്‍സി വെളിപ്പെടുത്തുന്നുണ്ട്. ദളിതരുടെ സഭാനിര്‍മ്മാണവും പരിവര്‍ത്തനത്തിലെ സ്വയംപര്യാപ്തതയും, ക്രിസ്തീയതയോടു തോന്നിയ ആകര്‍ഷണവും എല്ലാം വ്യക്തമാക്കിത്തന്നെയാണ് കഥാകാരന്‍ സഭയെ നമ്മള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്. ദളിതരുടെ സഭകളുടെ നിര്‍മ്മാണവും അതിന്റെ ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളും ഇവിടെ ശ്രദ്ധേയമാണ്. ഘാതകവധം നോവലിന്റെ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട പതിപ്പില്‍ സംഗീതാത്മകമായ ആരാധനക്രമം പുലയ അടിമകളുടെ ജീവിതങ്ങളേയും അനുഭവങ്ങളേയും വിശുദ്ധിയുടെ തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഇറങ്ങിയ പതിപ്പില്‍ ഒരു പുറത്ത് നോവലും അതിന്റെ മറുപുറത്ത്  നോവലിനനുബന്ധമായ ബിബ്ലിക്കല്‍ വ്യാഖ്യാനവുമാണ്. ദൗര്‍ഭാഗ്യവശാല്‍ മലയാളത്തില്‍ ലഭ്യമല്ലാത്തതാണ് ഘാതകവധത്തിന്റെ തിയോളജിക്കല്‍ വിവരണങ്ങള്‍. ഇതിനു സമമായ പല പ്രയോഗങ്ങളും ഈ കഥയിലും കാണാന്‍ കഴിയുന്നുണ്ട്. ഉദാഹരണമായി കറുപ്പന്‍ പുലയനും കൂട്ടരും കട്ടകുത്തിപ്പൊക്കിയ ചിറയിലെ പള്ളിയുടെ ചരിത്രം എന്നത് കീഴാള ജീവിതത്തിന്റെ ദൈവശാസ്ത്രപരമായ വീണ്ടെടുക്കലായി നമ്മള്‍ക്ക് വായിക്കാവുന്നതാണ്. 

ഭൂതകാലത്തിന്റെ മണ്ണടരുകള്‍ക്കിടയില്‍നിന്നും തന്റെ അഞ്ച് തലമുറ പുറകിലുള്ള വല്യ വല്യപ്പന്റെ ചരിത്രം തേടുന്ന ജിന്‍സി നിശിതമായ ചരിത്രാന്വേഷണത്തിന്റെ നേര്‍വഴിയിലാണ്. ദളിത് ക്രൈസ്തവരുടെ കുടുംബചരിത്രവും സഭാചരിത്രവുമെല്ലാം ചെന്നെത്തുന്നതാകട്ടെ, ഇല്ലായ്മകളുടേയും അടിമത്തത്തിന്റേയും വലിയ ആഴങ്ങളിലാണ്, അതിന്റെ അടിയില്‍നിന്നാണ് അവര്‍ അവരുടെ ചരിത്രം കണ്ടെത്തുന്നതും നിര്‍മ്മിക്കുന്നതും. അതാകട്ടെ, മാജിക് കണ്ടുള്ള ക്രിസ്തീയ തിരഞ്ഞെടുപ്പോ വ്യക്തതയില്ലായ്മയുടെ ഘോഷയാത്രയോ അല്ലാ പൊതുസമൂഹത്തിനു മുന്‍പിലോട്ടു വെയ്ക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജിന്‍സി മുന്‍പോട്ടു വെയ്ക്കുന്നത് ചരിത്ര ശകലങ്ങളെയാണ് (Fragments), അച്ചന്‍ മുന്‍പോട്ടുവെയ്ക്കാന്‍ ശ്രമിക്കുന്നതാകട്ടെ, വൃത്താകൃതമായ ഒരു ചരിത്രത്തിനെയാണ് (Rounded history). ബ്രദര്‍ റോക്കി വല്യപ്പനെ കെട്ടിപ്പിടിച്ചു സഹോദരാ എന്ന് വിളിച്ചതു തന്നെ ഉഷ്ണഭൂമിയില്‍ മഴ പെയ്യിക്കുന്നതിനു സമമായ ഒന്നാണ്. മാത്രമല്ല, അതിനു  ജീവനെ ഉരുവാക്കാനുള്ള ശക്തി പ്രദാനം ചെയ്യാന്‍ കഴിയുന്നു. അതോടൊപ്പം ക്രൈസ്തവ വ്യവഹാരത്തിലെ ഏറ്റവും ശക്തമായ ഇരുളില്‍നിന്നും വെളിച്ചത്തിലേക്കുള്ള വല്യപ്പന്റേയും സമുദായത്തിന്റേയും പ്രയാണം ആരംഭിക്കുക കൂടിയാണ് അവിടെ. തീണ്ടലില്‍ കഴിഞ്ഞിരുന്ന ഹീനമായ ശരീരത്തിനെ വിശുദ്ധമാക്കപ്പെടുക കൂടിയായിരുന്നു റോക്കിയുടെ ആലിംഗനത്തിലൂടെ. ഈ കഥയില്‍ മുന്‍ചൊന്ന ഭാഗത്തിനു മുന്‍പ് കറുപ്പന്മാരായ അനേകം വല്യപ്പന്മാരുടെ അധ്വാനത്തെക്കുറിച്ച് കഥാകൃത്ത് സൂചിപ്പിക്കുന്നുമുണ്ട്. അദ്ധ്വാനിച്ചു വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്നവര്‍ക്ക് ബ്രദര്‍ റോക്കിയുടെ സുവിശേഷാധിഷ്ഠിതമായ സംഭാഷണം മനസ്സിലാകുന്നില്ല, പ്രത്യേകിച്ച് രക്ഷാകര ദൗത്യത്തിന്റെ അടിസ്ഥാനമായ പാപസങ്കല്പവും മറ്റും. പക്ഷേ, ഈ സാഹചര്യം മാറുന്നത് ഉന്മാദാവസ്ഥയിലും സുവിശേഷ ഭാഗങ്ങള്‍ ഓര്‍മ്മയില്‍നിന്നും വീണ്ടെടുക്കുന്ന മത്തമ്പിയുടെ അനാദൃശ്യമായ കഴിവിലാണ്. ബോധം, ഉന്മാദം എന്നീ ബൈനറികളുടെ കീഴ്മേല്‍ മറിയലില്‍ സുവിശേഷ ഭാഗങ്ങള്‍ കടന്നുവരുന്നത് ഒരുപക്ഷേ, വചനത്തിന്റെ ശക്തിയാവാം സൂചിപ്പിക്കുന്നത്. മത്തമ്പി എന്ന ഉന്മാദാവസ്ഥയിലുള്ള വ്യക്തി അതോടൊപ്പം ചരിത്രജ്ഞാനത്തെ കീഴ്‌മേല്‍ മറിക്കുന്ന വാക്കിന്റെ ഉടമയായി പലപ്പോഴും മാറുകയും വചനത്തിന്റെ ആധികാരിക ഭാവങ്ങളെ തിരസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉദാഹരണമായി ''എഴുതപ്പെട്ട വചനത്തില് പിടിക്കപ്പെട്ടവരെല്ലാം വിടുവിന് വേഗം, എഴുത്ത് നമുക്കുള്ളതല്ലല്ലോ'' എന്ന പൊയ്കയില്‍ യോഹന്നാന്റെ പ്രഘോഷണം ഉന്മാദാവസ്ഥയിലുള്ള മത്തമ്പിയുടെ Rationality പ്രഖ്യാപനമായി വിലയിരുത്താം.

സുവിശേഷ ഭാഷയേയും അലങ്കാര രൂപകങ്ങളേയും പുലയ പറയ ക്രൈസ്തവ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ആഴത്തിലുള്ള അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കുന്നതിനു കഥാകൃത്തിനു കഴിയുന്നുണ്ട്. ഒരേ ഇടവകയുടെ ചരിത്രത്തിന്റെ വ്യത്യസ്തമായ അപരവല്‍ക്കരണമാണല്ലോ കഥയുടെ കാതല്‍. അതിലൂടെ പുലയ പറയ ക്രൈസ്തവരുടെ ആനുകാലിക ജീവിതാവസ്ഥകളുടെ ആഖ്യാനവുമാണ് കഥാകാരന്‍ നടത്തുന്നത്. ഉദാഹരണമായി ഓര്‍മ്മകളുടെ പെട്ടകമേറിയാണ് അവള്‍ വീട്ടിലേക്കു തിരിച്ചത് എന്ന പ്രസ്താവനയും അതിനെ തുടര്‍ന്ന് ജിന്‍സിയുടെ ദൈനംദിന ജീവിത വര്‍ണ്ണനയില്‍ പള്ളിയുമായുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക.  

വിശുദ്ധമാക്കപ്പെട്ട ഭക്ഷണം  തീവ്രമായ ജാതി വിവേചനം മൂലം നിരസിക്കുന്നതാണ് കഥയുടെ അന്ത്യത്തില്‍ വിശദമാക്കുന്നത്. പള്ളിയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന നൊവേനയില്‍ ഭക്ഷണം വിതരണം ചെയ്തുവന്നിരുന്നു. അവസാന ദിവസം ഒഴികെ എല്ലായ്‌പ്പോഴും ബേക്കറിപ്പലഹാരമാണ് പള്ളിയില്‍ വിതരണം ചെയ്തിരുന്നത്. അച്ചപ്പം, കുഴലപ്പം, വട്ടയപ്പം, ഉണ്ണിയപ്പം, അവലോസുണ്ട, ബിസ്‌കറ്റ്, റൊട്ടി, കപ്പ്‌കേക്ക് അങ്ങനെ എട്ട് ദിവസം എല്ലാരും കൊണ്ടുചെല്ലുന്നതെല്ലാം പള്ളിയുടെ അള്‍ത്താരയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചു എല്ലാവര്‍ക്കും വിതരണം ചെയ്യും. എത്ര കൊട്ട നെറഞ്ഞാലും വെളമ്പി വരുമ്പം തികയാറില്ല, അത്രയ്ക്ക് ആള്‍ത്തിരക്കാണ്. ബേക്കറി പലഹാരങ്ങളും അവയുടെ സാമൂഹികതലങ്ങളെക്കുറിച്ചും അവ ദളിതരുടെ ഭവനങ്ങളില്‍നിന്നും ഭക്ഷിച്ചാല്‍ തീണ്ടല്‍ ഇല്ല എന്നുമെല്ലാം ടി.എം. യേശുദാസന്‍ മറ്റൊരു അവസരത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. സമാപന ദിവസമാകട്ടെ, എല്ലാവരും സ്വന്തം കൈകൊണ്ട് വീട്ടിലുണ്ടാക്കിക്കൊണ്ട് വരുന്ന പൊതിച്ചോര്‍ നേര്‍ച്ചയായി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അന്നേദിവസമാകട്ടെ, ഈ വിശുദ്ധമായ ഭക്ഷണത്തില്‍ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ വളരെ തന്ത്രപൂര്‍വ്വം പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. ''നേര്‍ച്ചയാണെങ്കിലും പെലയന്റേയും പറയന്റേയും വീട്ടില്‍നിന്നും കൊണ്ടുവന്ന പൊതിച്ചോറ് നീയൊന്നും കൊണ്ടുപോയില്ല'' എന്ന അവരുടെ ജാതീയ ബഹിഷ്‌കരണത്തിന്റെ കാരണം ജിന്‍സിയും മത്തമ്പിയും നേരില്‍ കേള്‍ക്കുകയുമാണ്. ജാതിപ്രയോഗമെന്ന പാപത്തിന്റെ പ്രഹരത്താല്‍ തകര്‍ന്നുവീണ പള്ളിക്കു ചുറ്റും കൂടിയവര്‍ വീണ്ടും കേള്‍ക്കുന്നത്, കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരും എന്ന മത്തമ്പിയുടെ പ്രവചനമാണ്.

യേശുക്രിസ്തുവിന്റെ മരണസമയത്ത് പ്രകൃതിയിലുണ്ടായ പ്രക്ഷുബ്ധതയ്ക്ക് സമാനമാണ് പള്ളിയുടെ തകര്‍ന്നടിയലിനോടൊപ്പം സംഭവിക്കുന്ന സംഗതികള്‍ സൂചിപ്പിക്കുന്നത്. വിശുദ്ധമാക്കപ്പെട്ട പൊതിച്ചോര്‍ നേര്‍ച്ചയുടെ നിരാസത്തിലെത്തിനില്‍ക്കുന്ന ജാതിഹിംസയാണ് ക്ഷണനേരംകൊണ്ടു ഈ തകര്‍ച്ച സാധ്യമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com