സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍: സബീന ജേക്കബിനെക്കുറിച്ച് ഡോ. ഏലിസബേത്ത് തോമസ് എഴുതുന്നു

അന്തരിച്ച കേരളാ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷയുമായിരുന്ന സബീന ജേക്കബിനെക്കുറിച്ചു 1977-'80 കാലത്ത്  കേരളാ ടീമില്‍ അംഗമായിരുന്ന സഹപ്രവര്‍ത്തകയുടെ അനുസ്മരണം 
സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍: സബീന ജേക്കബിനെക്കുറിച്ച് ഡോ. ഏലിസബേത്ത് തോമസ് എഴുതുന്നു

കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ചരിത്രത്തിന്റെ ആദ്യ നാല് പതിറ്റാണ്ടിലെ ഏറ്റവും തിളക്കമാര്‍ന്ന താരങ്ങളില്‍ ഒരാളായിരുന്നു അന്തരിച്ച സബീന ജേക്കബ്.
1976 മുതല്‍ അഞ്ചു വര്‍ഷം വനിതാ ടീമിന്റെ മധ്യനിരയുടെ മികച്ച കളിക്കാരി. കേരള സര്‍വ്വകലാശാലയുടേയും പിന്നീട് സംസ്ഥാന ടീമിന്റേയും ക്യാപ്റ്റന്‍. കൈവിരലുകളില്‍ പശയുള്ള കളിക്കാരിയെന്നു വിളിച്ചിരുന്ന മികച്ച ഫീല്‍ഡര്‍. കളിക്കളം വിട്ടശേഷം കേരള വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി, വനിതാ ടീം മാനേജര്‍, അഞ്ചു വര്‍ഷമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍. എസ്.ബി.ടി. മുന്‍ ചീഫ് മാനേജര്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ റിട്ട. പ്രൊഫസര്‍ പരേതനായ ടിറ്റോ കെ. ചെറിയാന്റെ ഭാര്യ. ഇതൊക്കെയായിരുന്നു സബീന ജേക്കബ്.  

വളര്‍ന്നതും പഠിച്ചതും പിന്നെ ബാങ്കില്‍ ഉദ്യോഗസ്ഥ ആയതും തിരുവനന്തപുരത്തായിരുന്നു എങ്കിലും മനസ്സുകൊണ്ട് പള്ളത്ത് നെടുംപറമ്പില്‍ കുടുംബാംഗമായ സബീനയും കോട്ടയത്തുകാരി ആയിരുന്നു. ഭര്‍ത്താവ് പരേതനായ പ്രൊഫ. ടിറ്റോ കെ. ചെറിയാന്‍ കോട്ടയം ഈരേക്കടവ് വടക്കേ കാവുങ്കല്‍ വീട്ടിലേതും. ഇതാവാം ടീമിലെ കോട്ടയംകാരുമായി സബീനയുടെ അടുപ്പത്തിന്റെ അടിസ്ഥാനം. 

1976-ല്‍ കോഴിക്കോട്ട് മാനാഞ്ചിറ മൈതാനത്തെ പിച്ചില്‍വെച്ചാണ് സദാ പുഞ്ചിരിക്കുന്ന സുന്ദരിയും ഊര്‍ജ്ജസ്വലയുമായ സബീനയെ ക്രിക്കറ്റ് വേഷത്തില്‍ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും. പിറവിയെടുത്തിട്ടു രണ്ടു വര്‍ഷം മാത്രം പ്രായമായ കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ആരും ശ്രദ്ധിക്കാത്ത ബാല്യകാലങ്ങള്‍. സബീന തിരുവനന്തപുരത്ത് വിമന്‍സ് കോളേജിലും ഞാന്‍ കോട്ടയം സി.എം.എസ്. കോളേജിലും പഠിക്കുന്നു. തിരുവനന്തപുരം ജില്ലാ ടീമിലും സംസ്ഥാന ടീമിലും നിരന്തര സാന്നിദ്ധ്യമായിരുന്ന സബീന ഞാന്‍ സംസ്ഥാന ടീമില്‍ എത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ടീമില്‍ ഇടം നേടിയിരുന്നു. പിന്നീട് 1977 മുതല്‍ 1980 വരെ ഞങ്ങള്‍ കേരള യൂണിവേഴ്സിറ്റി ടീമിലും സംസ്ഥാന ടീമിലും ഒരുമിച്ചു കളിച്ചു. 

സില്ലി പോയിന്റ്, സില്ലി മിഡ് ഓഫ്, ഫോര്‍വേഡ് ഷോര്‍ട്ട് ലെഗ് പോലെ വിക്കറ്റിനടുത്ത ഇടങ്ങളിലെ മികച്ച ക്യാച്ചുകള്‍ അക്കാലത്തെ ടൂര്‍ണമെന്റുകളിലെ മികച്ച ഫീല്‍ഡര്‍ അവാര്‍ഡ് മിക്കപ്പോഴും സബീനയ്ക്ക് നേടിക്കൊടുത്തു. മധ്യനിരയില്‍ ചാരുതയാര്‍ന്ന കോപ്പി ബുക്ക് ഷോട്ടുകള്‍ മെനയുന്ന മികച്ച ബാറ്റിങ്ങിലൂടെ റണ്ണുകള്‍ വാരിക്കൂട്ടി. സ്വതസിദ്ധമായ തമാശകളും വാചകക്കസര്‍ത്തുകളുംകൊണ്ട് മത്സരങ്ങള്‍ക്കായുള്ള യാത്രകളേയും രാത്രിക്യാമ്പുകളേയും സബീന സജീവമാക്കി.

വനിതാ ക്രിക്കറ്റിനു ഇന്നത്തെ ഗ്ലാമറോ സാദ്ധ്യതകളോ ഇല്ലാതിരുന്ന കാലം. കളിയോടുള്ള സ്‌നേഹവും അര്‍പ്പണമനോഭാവവും മാത്രമായിരുന്നു അക്കാലത്തെ പെണ്‍കുട്ടികളെ കളിക്കളങ്ങളില്‍ എത്തിച്ചത്. വനിതാ ക്രിക്കറ്റ് സംഘടനയുടെ നേതൃനിരയില്‍ സബീന ചുമതലയേറ്റ ആദ്യ വര്‍ഷങ്ങളിലേയും സ്ഥിതി ഇതുതന്നെയായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നീ ചുമതലകള്‍ക്കായിട്ടായിരുന്നു ബാങ്കിലെ സ്വന്തം ആര്‍ജ്ജിതാവധികള്‍ ഏറെയും അവര്‍ ഉപയോഗിച്ചത്.

1977ലെ കേരള വനിതാ ക്രിക്കറ്റ് ടീം. ഇരിക്കുന്നതില്‍ ഇടത്തേയറ്റം സബീന ജേക്കബ്, ആറാമതിരിക്കുന്നത് ലേഖിക
1977ലെ കേരള വനിതാ ക്രിക്കറ്റ് ടീം. ഇരിക്കുന്നതില്‍ ഇടത്തേയറ്റം സബീന ജേക്കബ്, ആറാമതിരിക്കുന്നത് ലേഖിക

അക്കാലത്തെ സബീനയ്‌ക്കൊപ്പമുള്ള ട്രെയിന്‍ യാത്രകള്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളുടെ മറക്കാനാവാത്ത ഓര്‍മ്മകളാണ്. റിസര്‍വ്വേഷന്‍ ഇല്ലാതെ ഇരുന്നും നിന്നും ആളുകള്‍ക്കിടയില്‍ തറയില്‍ ഉറങ്ങിയും നടത്തിയ ട്രെയിന്‍ യാത്രകള്‍. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ അതിരാവിലെ സബീനയായിരുന്നു കൂടെയുള്ളവരെ കുത്തി എഴുന്നേല്‍പ്പിച്ചത്. ഞങ്ങളുടെ ബോഗി വിജയവാഡയ്ക്കപ്പുറം വിജനതയിലെവിടെയോ കിടക്കുന്നു. ബറേലിയിലേക്കു പോകേണ്ട ടീമിന് റായ്ബറേലിയിലേക്കാണ് ടിക്കറ്റുകള്‍ തെറ്റായി ബുക്ക് ചെയ്തിരിക്കുന്നത്. മണിക്കൂറുകള്‍ക്കു ശേഷമാണ് വിച്ഛേദിച്ചിരുന്ന ബോഗി മറ്റൊരു ട്രെയിനില്‍ ബന്ധിപ്പിക്കുന്നതും യാത്ര തുടരുന്നതും.

അവിസ്മരണീയ അനുഭവങ്ങള്‍

ഔധിലെ ബീഗവും കുടുംബവും കൊട്ടാരത്തില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലഖ്നൗ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ സമരം നടത്തുമ്പോഴാണ് ട്രെയിന്‍ അവിടെ എത്തിയത്. നര്‍മ്മവും നുറുങ്ങുകളുമായി സബീന ആ സംഘര്‍ഷസാഹചര്യത്തെ മുഷിവറിയാത്തതാക്കി. ബീഗത്തിന്റെ വലിയ പട്ടിയും കാര്‍പ്പെറ്റും കാല്‍മുട്ടുവരെ മൂടുന്ന വേട്ടക്കാരുടെപോലുള്ള ചെരിപ്പിട്ട മകളും, തമ്മില്‍ സൗമ്യനായ മകനും പലപ്പോഴും സബീന തിരികെ കൊണ്ടുവരുന്ന ഓര്‍മ്മകളാണ്. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സബീനയോടൊപ്പമുള്ള മറ്റൊരു അവിസ്മരണീയമായ യാത്ര.

1970-കളുടെ അവസാനകാലത്തെ സര്‍വ്വകലാശാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകളുടെ ഓര്‍മ്മകളില്‍ സബീനയുടെ നിറഞ്ഞ ചിരിയും നര്‍മ്മവും നിലയ്ക്കാത്ത സംസാരവുമുണ്ട്. ക്യാമ്പും പരിശീലനവും പാളയത്ത് ജി.വി. രാജാ മൈതാനിയില്‍. ക്യാമ്പിലും ടീമിലും തിരുവനന്തപുരത്തുനിന്നുള്ള സബീനയും സംഘവും കഴിഞ്ഞാല്‍ ഏറെയും ഞങ്ങള്‍ കോട്ടയം സി.എം.എസ്. കോളേജില്‍ നിന്നുള്ളവര്‍. ആദ്യ വര്‍ഷം ജോയിസ്, ബിനു, ജയ്മോള്‍, മിനി എന്നിവര്‍ കോട്ടയത്തുനിന്നു ടീമിലെത്തി. അടുത്തവര്‍ഷം ബിന്‍സിയും പിന്നെ കൊച്ചുമോളും ഐസിയും. അന്നത്തെ പി.എം.ജി. ജംഗ്ഷനിലെ വേണുഗോപാലനിലയം ഹോട്ടലിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ മുഷിപ്പും സബീനയുടേയും ഹേമയുടേയും ലേഖയുടേയും പ്രഭയുടേയും വീട്ടിലെ വേറിട്ട രുചികളും ഇന്നും ഓര്‍മ്മയിലുണ്ട്.

40 വര്‍ഷത്തിനുശേഷം 2017 ആഗസ്റ്റ് 13-ന് തിരുവനന്തപുരത്ത് എല്‍.എന്‍.സി.പി.ഇ മൈതാനത്ത് നടന്ന പഴയ ക്രിക്കറ്റ് കളിക്കാരുടെ ഒത്തുചേരല്‍ സബീനയുടെ നേതൃത്വത്തില്‍ കെ.സി.എ വിളിച്ചുകൂട്ടിയതായിരുന്നു. ചടങ്ങില്‍ നിറഞ്ഞുനിന്നതു ഓര്‍മ്മകളുടെ കളിക്കളത്തിലെ ഊര്‍ജ്ജസ്വലയായ പഴയ സബീന തന്നെ. രണ്ട് ടീമുകളായി കളിക്കാര്‍ അണിനിരന്നപ്പോള്‍ പ്രഭയോടൊപ്പം ഒരു ടീമിന്റെ ക്യാപ്റ്റന്‍ സബീന ആയിരുന്നു. ഓര്‍മ്മകള്‍ പങ്കുവെച്ച് പഴയ സുഹൃത്തുക്കള്‍, പരിശീലകരായ രഞ്ജിത് തോമസ്, ചന്ദ്രസേനന്‍ എന്നിവരുടെ ധന്യസാന്നിദ്ധ്യം, കുമാരപുരം ടാഗോര്‍ ഗാര്‍ഡനിലെ ഷബീനയുടെ ഇരുപത്തി ഒന്‍പതാം നമ്പര്‍ വസതിയിലെ ആതിഥ്യം... ഒരായുസ്സിലെ അവിസ്മരണീയമായ അനുഭവങ്ങള്‍.

ടീമില്‍ ഒപ്പമുണ്ടായിരുന്ന കോളേജിലെ സഹപാഠി പ്രഭ താന്‍ അടുത്തറിഞ്ഞ സബീനയുടെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മനസ്സ് പല തവണ കഥകളായി പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹവും കരുതലും പകരാന്‍ ഏതറ്റംവരെയും പോകുമായിരുന്ന സബീന സൗഹൃദക്കൂട്ടങ്ങളില്‍ നന്മ തളിര്‍ക്കുന്ന ചില്ലയായി വേറിട്ടുനിന്നു.

ഒടുവില്‍ രണ്ടാഴ്ച മുന്‍പ് കണ്ടത് ചിരിയില്‍ പ്രകാശം പരത്തുമായിരുന്ന പഴയ സബീനയുടെ നിഴലായിരുന്നു. സംസാരിക്കുമ്പോള്‍ അവള്‍ അവശയായിരുന്നു... പതിവുപോലെ കൂടെയിറങ്ങി യാത്രയാക്കാന്‍ വൃഥാ ശ്രമിച്ചു. വിട ഇത്ര അടുത്തായി എന്നുമാത്രം അപ്പോഴും കരുതിയില്ല.
നന്ദി പ്രിയപ്പെട്ട സബീന. നിന്റെ സംഭാവനകള്‍ക്ക്. നിന്റെ സൗഹൃദത്തിന്. നീ നല്‍കിയ നിന്നില്‍ അവസാനിക്കാത്ത ഓര്‍മ്മകള്‍ക്ക്.

(തിരുവല്ല മാര്‍ത്തോമാ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ലേഖിക കേരള വനിതാ ക്രിക്കറ്റ് ടീം അംഗ(1977-'80)മായിരുന്നു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com