നോവലിന്റെ വേഷം കെട്ടിയ നിരൂപണക്കുറിപ്പുകള്‍

വായനക്കാരെ കഥാപാത്രങ്ങളാക്കുന്ന നോവല്‍ ആയതുകൊണ്ട് സംഭാഷണങ്ങളില്‍ വലിയ ഭാഗം പുസ്തകചര്‍ച്ചയാണ്.
നോവലിന്റെ വേഷം കെട്ടിയ നിരൂപണക്കുറിപ്പുകള്‍

യുവാക്കള്‍ കഥാപാത്രങ്ങളായിരിക്കുക, അവര്‍ നിര്‍ത്താതെ സംസാരിക്കുകയും സഞ്ചരിക്കുകയും ചെയ്യുക, പ്രവൃത്തികളോ സംരംഭങ്ങളോ സംഭവങ്ങളോ കഥയില്‍ നടക്കാതിരിക്കുക, അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ പ്രവര്‍ത്തനം സംസാരത്തിലും യാത്രയിലും ഒതുങ്ങുക, ഇനി പ്രവൃത്തികള്‍ വല്ലതും നടന്നാലും അവ മുന്‍തലമുറയിലെ മധ്യവയസ്‌കരുടേയും വൃദ്ധരുടേയും പോയകാലത്തെ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കുക-ഇങ്ങനെയൊരു ക്രമം പുതിയ പല നോവലുകളിലും കാണുന്നു. അജയ് പി. മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവല്‍ നോക്കുക. കഥ പറയുന്നത് അലി. അലിയും അവന്റെ സുഹൃത്ത് അഭിയും മറ്റു കൂട്ടുകാരും പുസ്തകവായനയില്‍ താല്പര്യമുള്ളവരാണ്. നീലകണ്ഠന്‍ പരമാര എന്ന പഴയകാല ഡിറ്റക്ടീവ് നോവല്‍കാരന്‍ എഴുതിയ ഒരു കഥയുടെ കയ്യെഴുത്തുപ്രതി അന്വേഷിച്ച് ഇരുവരും മറയൂരിലെ ഒരു സ്വകാര്യ ലൈബ്രറിയില്‍ എത്തിച്ചേരുന്നു. ഒന്നിനു പിറകെ ഒന്നായി അവര്‍ അനേകം കഥാപാത്രങ്ങളെ പരിചയപ്പെടുന്നു. ഇവരുടെ ജീവിതത്തിലെ സംഭവങ്ങള്‍ കേള്‍ക്കുന്നു. ഒന്നുകില്‍ കൊലപാതകം, ചിലപ്പോള്‍ ആത്മഹത്യ അല്ലെങ്കില്‍ അപകടമരണം, അല്പം രാഷ്ട്രീയ പ്രവര്‍ത്തനം, ഒരിക്കല്‍ സ്വവര്‍ഗ്ഗ പ്രണയം, ചിലപ്പോള്‍ ആഭിചാര മരണം അങ്ങനെ വാര്‍ത്തകള്‍ പലതാണെങ്കിലും പത്രവാര്‍ത്തയുടെ ഉദ്വേഗംപോലും ഇവ ഉണര്‍ത്തുന്നില്ല. ഒരു നോവലിന്റെ ഭാഗങ്ങളാണിവയെന്നു ചിന്തിക്കാനും കഴിയുന്നില്ല. മറയൂരിലെ സ്വകാര്യ ലൈബ്രറിയാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. വായനാശീലവും ചിന്താശേഷിയും സ്വതന്ത്രബുദ്ധിയും ഉള്ള കഥാപാത്രമാണ് സൂസന്ന. വിമോചിതയായ സ്ത്രീ എന്നുപോലും അവളെ വിളിക്കാം. അറിവില്‍നിന്നാണ് താന്‍ മനോവീര്യം സംഭരിക്കുന്നത്. ചെറുപ്പക്കാരെ ഉപദേശിച്ചും അവര്‍ക്കു വഴികാട്ടിയും ജീവിക്കുന്ന സൂസന്നയെപ്പോലെയാണ് ജീവിക്കേണ്ടത് എന്നു നോവലിന്റെ ആദ്യ ഭാഗങ്ങള്‍ കാണിക്കുന്നു. എന്നാല്‍, നോവല്‍ തീരാറാവുമ്പോള്‍ സൂസന്ന തന്റെ ദൗത്യം ഉപേക്ഷിക്കുകയും തന്റെ ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ അവന് ഇഷ്ടമാകുമായിരുന്ന വിധത്തില്‍ തന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ മുഴുവനും മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്യുന്നു. കയ്യെഴുത്തുപ്രതികള്‍ തേടി കഥാപാത്രങ്ങള്‍ അലയുന്ന പ്രമേയം പല നോവലുകളിലും മുന്‍പേ വന്നിട്ടുണ്ട്. ലൈബ്രറിക്കകത്ത് ഒളിഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍ തിരയുന്ന കഥകളും ലൈബ്രറി കത്തിച്ചാമ്പലാകുന്ന കഥകളും കേട്ടിട്ടുണ്ട്. എന്നാല്‍, സൂസന്ന തന്റെ ലൈബ്രറി കത്തിക്കുമ്പോള്‍ സ്ത്രീകള്‍ പുസ്തകമൊന്നും വായിക്കേണ്ട, ഭര്‍ത്താവിനെ പരിചരിച്ച് ജീവിച്ചാല്‍ മതി എന്ന സന്ദേശമാണ് കിട്ടുന്നത്. ഭര്‍ത്താവിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരന്തര പ്രേരണകള്‍ അവളെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചു. കഥയുടെ തുടക്കത്തില്‍ വിദ്വാന്മാരായ രണ്ടു യുവാക്കളെ സ്വാഗതം ചെയ്ത ഈ ലൈബ്രറി കഥ തീരുമ്പോള്‍ ഒരു കുഴി വെണ്ണീറായിത്തീര്‍ന്നു. പുസ്തകങ്ങള്‍ വായിച്ചും സ്വന്തമായി ചിന്തിച്ചും സൂസന്ന സ്വരുക്കൂട്ടിയ ആശയങ്ങള്‍ അവളെ രക്ഷിക്കുന്നില്ല. ''നീ ഈ പുസ്തകങ്ങളെ എന്നാണ് സ്വതന്ത്രമാക്കുക'' എന്നാണ് ഭര്‍ത്താവ് ജോസഫിന്റെ ആവലാതി. 'പുസ്തകങ്ങളെ സ്വതന്ത്രമാക്കുക' എന്ന പ്രയോഗത്തിന് ഒരര്‍ത്ഥവും ഇല്ല. പുസ്തകങ്ങളെ ആര് എങ്ങനെയാണ് സ്വതന്ത്രമാക്കുക? സൂസന്ന വായിക്കുന്നത് ഇഷ്ടമില്ലാത്ത, വായനയില്‍ താല്പര്യമില്ലാത്ത ജോസഫിന്റേതാണ് ഈ ചോദ്യം. അങ്ങനെ പുസ്തകങ്ങളെ സ്ത്രീകളില്‍നിന്ന് സ്വതന്ത്രമാക്കുക എന്ന അര്‍ത്ഥം കൈവരുന്നതാണ്. ജോസഫ് സ്വന്തം ജീവിതത്തില്‍ എടുക്കുന്ന നിരവധി പ്രച്ഛന്നവേഷങ്ങള്‍ വഴി അവന്‍ ഭാര്യയോട് വായന നിര്‍ത്തൂ എന്ന് അപേക്ഷിക്കുകയാണ്, ചിലപ്പോള്‍ ഭീഷണിപ്പെടുത്തുകയും. നോവലിന്റെ അവസാനത്തില്‍ സൂസന്ന ഭര്‍ത്താവിന്റെ അപേക്ഷ സ്വീകരിക്കുകയും പുസ്തകങ്ങള്‍ കത്തിച്ചുകൊണ്ട് സ്വന്തം പുരുഷന്റേയും പരപുരുഷന്മാരുടേയും ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്യുന്നു. നോവല്‍കാരന്‍ ശരിക്കും ഉദ്ദേശിച്ച ഗുണപാഠം ഇതുതന്നെയോ അതോ അറിയാതെ വിപരീതാര്‍ത്ഥം വന്നതോ എന്നു പറയാനാവില്ല. അങ്ങനെ ജ്ഞാനവിജ്ഞാനങ്ങളുടെ പൂര്‍ണ്ണകുംഭം ആയിരുന്ന ലൈബ്രറി അവള്‍ ഉപേക്ഷിക്കുന്നു; പുരുഷപ്രാമാണ്യത്തിനു കീഴടങ്ങുന്നു. കഥയിലെ വേറെ ഒരു സംഭവവും ഇങ്ങനെ ചെയ്യാന്‍ അവളോട് ആവശ്യപ്പെടുകയോ അവളെ നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ല. വെറുതെ അവള്‍ ഒരു ലൈബ്രറി നശിപ്പിക്കുന്നു.

വായനക്കാരെ കഥാപാത്രങ്ങളാക്കുന്ന നോവല്‍ ആയതുകൊണ്ട് സംഭാഷണങ്ങളില്‍ വലിയ ഭാഗം പുസ്തകചര്‍ച്ചയാണ്. മലയാള പുസ്തകങ്ങളെപ്പറ്റി അധികം വാചകമില്ല, അവിടവിടെ ചില പേരുകള്‍ പറയുമെന്നേയുള്ളൂ. പുസ്തകങ്ങളുടെ അഭിപ്രായം തിരക്കുന്ന സംസാരം കഥാപാത്രങ്ങള്‍ തുടങ്ങുന്നത്, ---- എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? എന്ന കുശലത്തോടെയാണ്. ഇല്ല എന്ന മറുപടി മുന്‍കൂട്ടിക്കണ്ട് ചോദ്യം തുടങ്ങിയോ എന്നു തോന്നുമാറ്, ചോദിച്ച ആള്‍ പറഞ്ഞ പുസ്തകങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചുതുടങ്ങുന്നു. ഒരാള്‍പോലും എന്താണാ പുസ്തകത്തിന്റെ ചുരുക്കം എന്നറിയാനായി മറ്റൊരു കഥാപാത്രത്തോട് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്നില്ല. സത്യസന്ധമായ അഭിപ്രായങ്ങള്‍ ഇല്ലെന്നല്ല. ഡോസ്റ്റോയെവ്സ്‌കിയെ വായിച്ചാല്‍ കുടിക്കാത്തവനുപോലും കുടിക്കാന്‍ തോന്നും എന്ന് സൂസന്ന പറയുന്നത് അത്തരമൊന്നാണ്.

അജയ് പി മങ്ങാട്ട്
 

എനിക്ക് നീഷെ വായിച്ചിട്ട് കാര്യമായൊന്നും മനസ്സിലായിട്ടില്ല എന്ന് ചന്ദ്രന്‍ പറഞ്ഞതും താന്‍ നീഷയെ വായിച്ചിട്ടില്ല എന്ന് അലി പറഞ്ഞതും സത്യസന്ധമായ അഭിപ്രായങ്ങള്‍ തന്നെ. പാശ്ചാത്യ പുസ്തകങ്ങളാണ് പ്രധാന വിഷയം. പുസ്തകങ്ങളോടൊപ്പം അവയെ സംബന്ധിച്ച രസകരമായ വിവരങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തുന്നതാണ് നോവല്‍കാരന്റെ രീതി. അലിയെ ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിപ്പിച്ച ആഗ്നസ് ടീച്ചര്‍ ഓരോ ദിവസവും ഓരോ എഴുത്തുകാരിയെ പരിചയപ്പെടുത്തുന്നതും റഷ്യന്‍ കവി പുഷ്‌കിനെ പരിചയപ്പെടുത്തുമ്പോള്‍ മദ്യശാലയില്‍വെച്ച് ഏതോ പെണ്ണിനുവേണ്ടി അടികൂടി തര്‍ക്കം ദ്വന്ദ്വയുദ്ധത്തിലും പിന്നെ പുഷ്‌കിന്റെ മരണത്തിലും കലാശിക്കുന്ന 'രസകരമായ' എന്നാല്‍, തെറ്റുകളുള്ള വിവരം പുറത്തുവിടുന്നതും ക്ലാസ്സില്‍വെച്ചാണെങ്കില്‍ അവിശ്വസനീയമാണ്. ഏതായാലും ആഗ്നസിനെപ്പോലെ ഒരു ടീച്ചര്‍ സ്‌കൂള്‍ ക്ലാസ്സില്‍ തനിക്ക് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് അലി പിന്നീട് ആഗ്രഹിച്ചിരിക്കാം. ഇതുപോലെ റോബര്‍ട്ട് ബര്‍റ്റന്‍, ആര്‍തര്‍ കോനന്‍ ഡോയില്‍ ഹോംസിനെ 'കൊന്ന' സംഭവം, എമിലി ഡിക്കിന്‍സന്റെ പ്രേമം, ഡോസ്‌കോയെവ്സ്‌കി, ജി. കെ. ചെസ്റ്റര്‍ടന്‍, കാഫ്ക, ലൂയിസ് കാരള്‍, നെരൂദ, ബോര്‍ഹെസ്, സരമാഗോ, എലീന ഫിറാന്റ തുടങ്ങിയ എഴുത്തുകാരെ സംബന്ധിച്ച സരസവിവരങ്ങളും നോവല്‍കാരന്‍ വായനക്കാര്‍ക്കു സമ്മാനിക്കുന്നു. സരസവിവരം എന്നു പറഞ്ഞാല്‍, ഷെയ്ക്സ്പിയര്‍ ആണ് വിഷയമെങ്കില്‍, 18 വയസ്സുള്ളപ്പോള്‍ അയാള്‍ 26 കാരിയായ ആന്‍ ഹാഥവേയെ വിവാഹം ചെയ്തത് സരസവിവരം.

പരമാരയുടെ പുസ്തത്തിന്റെ പ്രാധാന്യം

പാശ്ചാത്യരെപ്പറ്റി പറയുമ്പോള്‍ ചിലേടത്ത് തെറ്റുകള്‍ വന്നിട്ടുണ്ട്. കഥയിലെ നായകന്‍ റോബര്‍ട്ട് ബര്‍റ്റന്റെ 'വിഷാദത്തിന്റെ ശരീരഘടന' (അനാറ്റമി ഓഫ് മെലങ്കളി) എന്ന പുസ്തകമാണ്. അതേ പേരില്‍ നീലകണ്ഠന്‍ പരമാര എഴുതിയ നോവലിന്റെ കയ്യെഴുത്തുപ്രതി തേടി അലിയും സുഹൃത്തും മറയൂരിലെ സ്വകാര്യ ലൈബ്രറിയില്‍ എത്തുന്നു. പരമാരയുടെ പുസ്തകത്തിന് എന്താണ് പ്രാധാന്യമെന്നു കഥാപാത്രങ്ങള്‍ സംശയിക്കാതല്ല. ഉംബര്‍ട്ടോ എക്കോയുടെ നെയ്ം ഓഫ് ദ റോസില്‍ കഥാപാത്രങ്ങള്‍ പുസ്തകം തെരഞ്ഞതുകൊണ്ട് ഇവിടെ പരമാരയുടെ പുസ്തകമാകട്ടെ എന്നുവെച്ചതാകാം. കഥാപാത്രങ്ങള്‍ കയ്യെഴുത്തുപ്രതി തേടിനടക്കുന്ന സംഭവം ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളിലുണ്ട്. അനാറ്റമി ഓഫ് മെലങ്കളിക്കായി റോബര്‍ട്ട് ബര്‍റ്റന്‍ സ്വീകരിച്ച ഭാവനാനാമം പ്രാചീന ഗ്രീക്ക് തത്ത്വചിന്തകനായ ഡെമോക്രിറ്റസിന്റേതാണെന്ന് അനാറ്റമിയുടെ ആമുഖം വായിച്ച് നോവല്‍കാരന്‍ മനസ്സിലാക്കിയതും പ്രാചീന ചിന്തകനെപ്പറ്റി കൂടുതല്‍ എഴുതിയതും തെറ്റാണ്. ഡെമോക്രിറ്റസ് എന്നല്ല, 'ഡെമോക്രിറ്റസ് ജൂനിയര്‍' എന്നാണ് ബര്‍റ്റന്‍ കൊടുത്ത സങ്കല്പനാമം. രണ്ടും രണ്ടാണ്.

'ആയിരത്തൊന്നു രാവുകളു'ടെ സമാഹരണ പ്രസാധന ചരിത്രം ദീര്‍ഘമായി വിവരിക്കുന്ന സൂസന്ന, ''പതിന്നാലാം നൂറ്റാണ്ടില്‍ മുഹ്സിന്‍ മഹ്ദി സമാഹരിച്ച'' എന്നു പറഞ്ഞത് ശരിയല്ല. മഹ്ദി മരിച്ചത് 2007-ലാണ്. നോവലിന്റെ തുടക്കത്തില്‍ സൂസന്നയുടെ മരണശേഷം മറയൂരില്‍ ഒത്തുചേര്‍ന്ന സുഹൃത്തുക്കളില്‍ ഒരാള്‍ ബാലാനോ എഴുതിയ കവിത ചൊല്ലുന്നതായും മറ്റുള്ളവര്‍ കണ്ണീരടക്കി കേട്ടുനില്‍ക്കുന്നതായും പറയുന്നു. കവിതയുടെ മലയാളവിവര്‍ത്തനത്തില്‍ മൂലത്തിലെ കുറച്ചു വാക്കുകള്‍ വിട്ടുപോയിരിക്കുന്നു. തര്‍ജ്ജമയ്ക്ക് ഒട്ടും ഗുണമില്ല. ബൊലാനോയുടെ സുഹൃത്തിനെ അനുസ്മരിക്കുന്ന മൂലകവിത അടിമുടി ആ സുഹൃത്തിന്റെ ചെയ്തികളില്‍ മുങ്ങിയ ഒന്നാണ്. സൂസന്നയുമായി ബന്ധപ്പെട്ട ഒന്നുപോലും അതിലില്ല. ബൊലാനോ കവിതയുടെ മലയാള പരിഭാഷ വികലമായിട്ടും സൂസന്നയുമായി അതിനു ബന്ധമില്ലാതിരുന്നിട്ടും കണ്ണീരടക്കാന്‍ പോന്ന ട്രാന്‍സ്-അറ്റ്ലാന്റിക് വികാരവിനിമയം സാധിച്ചത് അതിശയമായിരിക്കുന്നു. പിന്നെ, സുവിശേഷകാരന്മാരില്‍ ലൂക്കോസ് മാത്രമാണ് ക്രിസ്തുശിഷ്യന്‍ അല്ലാത്തവന്‍ എന്ന വാക്യം ശരിയല്ല. പരമ്പരാഗത വീക്ഷണത്തില്‍ മാര്‍ക്കോസും ക്രിസ്തുശിഷ്യന്‍ ആയിരുന്നില്ല. ദൈവത്തെപ്പോലും നിരീശ്വരനാക്കാന്‍ പോന്നതാണ് ഇയ്യോബിന്റെ പുസ്തകം എന്ന് ചെസ്റ്റേര്‍ടന്‍ എഴുതിയിട്ടുണ്ടെന്ന് നോവലില്‍ പറഞ്ഞത് ശരിയല്ല. ഇയ്യോബിന്റെ പുസ്തകത്തിലെ ദൈവം അല്പനേരത്തയ്ക്ക് ഇയ്യോബിനുവേണ്ടി നിരീശ്വരനോ ദൈവദൂഷകനോ ആയി പെരുമാറുന്നു എന്നാണ് ചെസ്റ്റേര്‍ടന്‍ പറഞ്ഞത്. ഇങ്ങനെ അവിടവിടെ തെറ്റുകള്‍ കാണുന്നത് തെറ്റുകളാണോ അതോ കഥാപാത്രങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ എന്ന നിലയില്‍ നമ്മള്‍ വായിക്കട്ടെ എന്ന് ഉദ്ദേശിച്ച് നോവല്‍ക്കാരന്‍ കരുതിക്കൂട്ടി വരുത്തിയ മാറ്റങ്ങളാണോ എന്ന് അറിയില്ല. പഴയ പുസ്തകങ്ങള്‍ സൂക്ഷിച്ച ഒരു ലൈബ്രറി, കയ്യെഴുത്തു പുസ്തകം തേടി കുറ്റാന്വേഷകരെപ്പോലെ അലയുന്ന കഥാപാത്രങ്ങള്‍-ഇത്രയുമായാല്‍ നോവല്‍ക്കാരന്റെ ഭാഷയില്‍, നോവല്‍ മറ്റു ചില കഥകളെ തൊടുന്നതുപോലെ വായനക്കാര്‍ക്കു തോന്നും. ഒരു കഥ അതിനു മുന്‍പേ ഉണ്ടായ മറ്റൊരു കഥയെ തൊടുന്നതാണ് സാഹിത്യം എന്ന ഒരു നിര്‍വ്വചനംപോലും നോവല്‍ക്കാരന്റേതായിട്ടുണ്ട്. ഇതില്‍ ഒരു അന്യകഥാസ്പര്‍ശം, വായനയുടെ പ്രാധാന്യമറിയാത്ത ഒരാള്‍ പുസ്തകം നശിപ്പിക്കുമ്പോള്‍ വായന ഇഷ്ടപ്പെടുന്ന അതിന്റെ ഉടമയ്ക്ക് തോന്നുന്ന കഠിനമായ കോപമാണ്. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖത്തില്‍ മകന്‍ ആരോടോ കടംവാങ്ങി കൊണ്ടുവന്ന പുസ്തകം അച്ഛന്‍ ആറ്റിലേയ്ക്ക് വലിച്ചെറിഞ്ഞപ്പോള്‍ മകന്‍ എല്ലാം മറന്ന് തന്തയ്ക്ക് നാലു പൊട്ടിക്കുന്ന ഒരു രംഗമുണ്ട്. ഏതാണ്ട് ഈ അച്ഛനെപ്പോലെ പ്രവര്‍ത്തിക്കുന്നു സൂസന്നയുടെ ഭര്‍ത്താവായ ജോസഫ്. അവന്‍ സൂസന്നയുടെ പുസ്തകം തൂക്കിപ്പിടിച്ച് ആട്ടി ബയന്റിളക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും സൂസന്ന അവന്റെ കാല്‍മുട്ടില്‍ ശക്തമായി ചവിട്ടുന്നു. രണ്ടും ഒരേ വികാരത്തിന്റെ ദൃശ്യം. മറ്റൊന്ന് അലി പഞ്ചായത്ത് ലൈബ്രറിക്ക് അകത്തേയ്ക്കു നോക്കിയപ്പോള്‍ രണ്ടുപേര്‍ അവിടെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്യുന്നതാണ്. വേറൊരു നോവലില്‍ സമാനമായ ഒരു രംഗത്തിനുശേഷം ''നീയിങ്ങോട്ടെന്തിനാ വന്നെ'' എന്നു പയ്യനോടു ചോദിക്കുമ്പോള്‍ അലിയോട് ചോദിക്കുന്നത്, ''നീ എന്തിനാ അതിലേ വന്നത്'' എന്നാണ്. രണ്ടും തമ്മില്‍ കാണും ഒരു സ്പര്‍ശം. ചന്ദ്രന്‍ ഇതില്‍ വിവരിക്കുന്ന പന്നിക്കശാപ്പിനു വേറൊരു നോവലിലെ പന്നിക്കശാപ്പിനോട് നല്ല സാമ്യം. അതില്‍നിന്ന് ഏതാനും വാക്കുകള്‍ നീക്കിയാല്‍ ഇതിലെ പന്നിക്കശാപ്പാകും. സൂസന്നയുടെ കഥയിലെ വേറൊരു അന്യസ്പര്‍ശം കഥയുടെ അവസാനം സൂസന്ന തന്റെ ഗ്രന്ഥശേഖരം മുഴുവന്‍ കത്തിക്കുന്നതാണ്. കഥയുടെ വിഷയമായ ലൈബ്രറി കത്തിയൊടുങ്ങുന്നതോടെ കഥ അവസാനിക്കുന്നതില്‍ സൂസന്നയുടെ ഗ്രന്ഥപ്പുര എക്കോയുടെ നെയ്ം ഓഫ് ദ റോസ് പോലിരിക്കുന്നു. എക്കോയുടെ തീജ്വാലകള്‍ ലങ്കാദഹനംപോലെ ഇരിക്കുമെങ്കില്‍ സൂസന്നയുടേത് ഒരു കുഴിയിലെ തീക്കൂനയായി കിടക്കും.

വായിച്ച പുസ്തകങ്ങളെപ്പറ്റി ആളുകള്‍ അഭിപ്രായം പറയുന്നതല്ലാതെ വേറെ വലിയ സംഭവങ്ങള്‍ ഒന്നും കഥയില്‍ ഇല്ല. മറയൂരില്‍ അലിക്കുണ്ടായ ഒരു അനുഭവം നായയെ കണ്ടു പേടിച്ച് അവന്‍ ഒരു കിടങ്ങില്‍ വീണതാണ്. കിടങ്ങിനു വക്കില്‍ താഴോട്ടു നോക്കി നായ; അടിയില്‍ മേലോട്ടു നോക്കി അലി, താഴെ അലി, മേലെ നായ. ഒരു കയറില്‍ തൂങ്ങി കിടങ്ങിലേയ്ക്ക് ഇറങ്ങിയ സരസയുടെ ദേഹത്ത് പറ്റിപ്പിടിച്ച് അലി കുഴിയില്‍നിന്നു രക്ഷപ്പെടുന്നു. ഇതാണ് അലി ഉള്‍പ്പെടുന്ന വലിയ ഒരു സംഭവം. ഒരു ഇതിവൃത്തത്തിന്റെ സ്വഭാവം കൈവരുന്നതായി പറയാന്‍ അലിയും അമുദയും തമ്മിലെ പ്രണയമേ ഉള്ളൂ. അതാകട്ടെ, വില്ലനായ ഫാത്വിമയുടെ പ്രണയാധികാരത്തില്‍ തട്ടി ഉടഞ്ഞും പോകുന്നു. കാമുകിയുടെ കാമുകി വില്ലനായി വരുന്നത് നല്ലൊരു വണ്‍ലൈനര്‍ ആണെങ്കിലും അതിനെ മുഖ്യമായെടുത്ത് വികസിപ്പിക്കാന്‍ നോവല്‍ക്കാരന്‍ ശ്രമിച്ചിട്ടില്ല. അലിയും അമുദയും ഒറ്റ പാസ്സുമായി സൊസൈറ്റി ഫിലിം ഷോയ്ക്ക് പോയി രണ്ടു പേരേയും അകത്തുകടത്തണമെന്നു പറഞ്ഞ് അടിയുണ്ടാക്കുന്നതാണ് അവരുടെ കഥയിലെ പ്രധാന സംഭവം. അമുദയുടെ അടുത്ത വീട്ടില്‍ 11 പേര്‍ മരിച്ചുകിടക്കുന്ന ഒരു സംഭവം ഉണ്ടെങ്കിലും അതൊരു പത്രവാര്‍ത്ത കണക്കെ മറിഞ്ഞുപോകുന്നതേയുള്ളൂ. പിന്നെയങ്ങോട്ട് കഥയില്‍ ധൈര്യംകൊണ്ടും തടിമിടുക്കുകൊണ്ടും ഫാത്വിമ മുന്നിട്ടു നില്‍ക്കുന്നു. കണ്ണു കാണാന്‍ കഴിയാത്ത കൃഷ്ണനെ ഈ ഘട്ടത്തില്‍ കൊണ്ടുവരുന്നത് എന്തിനാണെന്നു വായനക്കാര്‍ ആദ്യം സംശയിച്ചുപോകും. എന്നാല്‍, ഏകാകിയായ കൃഷ്ണന്റെ സ്വയംഭോഗം ഫാത്വിമയുടെ കണ്ണില്‍പ്പെടുത്താനും ആര്‍ത്തന് അന്നദാനം എന്ന മട്ടില്‍ രതിദാനത്തിനു പ്രേരിപ്പിക്കാനുമാണ് ഇതെന്നു പിറകേ മനസ്സിലാവും. ശൂന്യതയില്‍നിന്നു രൂപംകൊണ്ട് അലിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അമുദ അതേപോലെ അപ്രത്യക്ഷയാവുന്നു. ജല എന്ന കഥാപാത്രവും വെള്ളത്തൂവല്‍ ചന്ദ്രന് ഒരു അഗതി അന്നദാനം ഒരുക്കുന്നു. രതിക്ക് അസാധാരണവും വിചിത്രവുമായ സാഹചര്യങ്ങള്‍ നല്‍കുന്നതിലൂടെ വിനിമയത്തിന്റെ തീവ്രത കൂട്ടാമെന്ന് നോവല്‍ക്കാരന്‍ പ്രതീക്ഷിക്കുന്നുണ്ടാവാം. വെള്ളത്തൂവല്‍ ചന്ദ്രന്‍, സ്റ്റീഫന്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ സൃഷ്ടിച്ചതു വഴി വെള്ളത്തൂവല്‍ സ്റ്റീഫനെ പിറകില്‍ കൊണ്ടുവന്നു നിര്‍ത്താന്‍ കഥാകാരനു കഴിയുന്നു. ഫാത്തിമ എന്നും ചിലപ്പോള്‍ പാത്തുമ്മ എന്നുപോലും പറഞ്ഞുവരുന്ന ഒരു പേര് ഫാത്വിമ എന്ന ശുദ്ധമായ രൂപത്തില്‍ നോവല്‍ക്കാരന്‍ ഉപയോഗിച്ചതിനു കാരണം വ്യക്തമല്ല. എന്നിട്ടും ബഷീറിന്റെ നോവലിനെ 'ഫാത്വിമയുടെ ആട്' എന്നു വിളിച്ചില്ലല്ലോ, അത്രയും നന്നായി.

ദര്‍ശനം പുരണ്ട
വാക്യങ്ങള്‍

വായന, എഴുത്ത്, പ്രണയം, ആസ്വാദനം, തന്മയീഭാവം തുടങ്ങിയവയെപ്പറ്റി അത്യന്തം ഗംഭീരവും ഉദാത്തവും അതീതവും അതിഭൗതികവുമായ ബോധപ്രകാശങ്ങള്‍ പാശ്ചാത്യ രചനകളില്‍നിന്നും നോവല്‍ക്കാരന്‍ ഉദ്ധരിച്ചിട്ടുണ്ട്. നെരൂദാ, ഡോസ്റ്റോയെവ്സ്‌കി, ടാഗോര്‍, റൂമി, എമിലി ഡിക്കിന്‍സന്‍ തുടങ്ങിയ എഴുത്തുകാരുടെ ഉന്നതമായ ആശയങ്ങള്‍ ഉദ്ധരിച്ചതുകൊണ്ട് എന്തു കാര്യം, അലിയുടേയും കൂട്ടുകാരുടേയും രചനാസാഹസങ്ങളില്‍ അവയുടെ നിഴല്‍പോലുമില്ലെങ്കില്‍? വലിയ ആശയങ്ങള്‍ ചെറിയ തലകളില്‍ വെച്ചുകൊടുത്താല്‍ കഴുത്തൊടിഞ്ഞുപോകും. ഇവിടെ അതാണ് സംഭവിച്ചത്. 

ദസ്തയോസ്‌കി
ദസ്തയോസ്‌കി


നോവലില്‍ നിഗൂഢാര്‍ത്ഥകമായ ചില പ്രതിപാദനവിശേഷങ്ങള്‍ കാണാം. അതിലൊന്ന്: ചുള്ളിക്കമ്പുകള്‍ ഒടിയുന്നതുപോലെ ചില ചെറുശബ്ദങ്ങള്‍ മൂന്നാര്‍ വനത്തിനകത്തെ നിശ്ശബ്ദതയെ സംരക്ഷിച്ചുനിര്‍ത്തുന്നു. കോഴിമുട്ടയ്ക്കകത്തെ മഞ്ഞയെ വെള്ളക്കരു പൊതിഞ്ഞു സംരക്ഷിക്കുന്നതുപോലെ വനത്തിനകത്തെ നിശ്ശബ്ദതയെ പുറത്തെ ചെറുശബ്ദങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു എന്നു പറയാമോ? ചെറുശബ്ദങ്ങള്‍ വലിയ നിശ്ശബ്ദതയെ പൊതിഞ്ഞു സംരക്ഷിക്കുന്ന സംവിധാനം ആശ്ചര്യകരം തന്നെ.

നീഷേ
നീഷേ

എന്നോ നഷ്ടമായ ഒരു ഇഷ്ടം നാം ആഗ്രഹിച്ചാലും ഒഴിഞ്ഞുപോകാതെ കൂടെ സഞ്ചരിക്കുന്നു എന്നതാണ് അല്പം ദര്‍ശനം പുരണ്ട അടുത്ത വാക്യം. സൂസന്നയുടെ കൈകളുടെ ചലനം അന്തരീക്ഷത്തില്‍ നിഗൂഢമായ ചില താളങ്ങള്‍ ഉണ്ടാക്കുന്നു-ഇതു മറ്റൊരു വാക്യം. ഒരു മനുഷ്യന്റെ പരാജയം അയാളുടെ ഭാവനയില്‍നിന്നാണ് ആദ്യം വരുന്നത് എന്ന് വേറൊരു മഹദ്വാക്യം. സൗഹൃദത്തില്‍ ആത്മജ്ഞാനത്തിന്റേതായ ഒരു ഘടകം കൂടി പ്രവര്‍ത്തിക്കും-മറ്റൊരു വാക്യം. നോവല്‍ തീരുന്നേടത്തെ, ഞാന്‍ വാക്കുകള്‍ക്കകം സമാധാനമാകുന്നു, എന്ന അലിയുടെ ആത്മഗതം വേറൊന്ന്. 

റോബര്‍ട്ട് ബാറ്റന്‍
റോബര്‍ട്ട് ബാറ്റന്‍


സ്വന്തം ഹൃദയത്തിന്റെ രക്തം നല്‍കാതെയുള്ള എല്ലാ വിവരണങ്ങളും നിര്‍ജ്ജീവമായിത്തീരുന്നു- ഇതു മറ്റൊരു മുഖ്യവാക്യം. പലരും ഉപദേശിക്കും, പേന ഹൃദയരക്തത്തില്‍ മുക്കി എഴുതണം എന്നൊക്കെ. ഒരു വ്യക്തി തനിക്കു കഴിയുന്ന വിധത്തില്‍ എഴുതുന്നു എന്നല്ലാതെ അവന്‍ വ്യാഴാഴ്ച പേന ഹൃദയരക്തത്തില്‍ മുക്കിയും വെള്ളിയാഴ്ച മുക്കാതേയും എഴുതുന്നില്ല. നീ ഹൃദയരക്തത്തില്‍ മുക്കി എഴുതൂ എന്ന് എഴുത്തുകാരനോട് കല്പിച്ചാലും അവനു പഴയ എഴുത്തു മാറ്റി പുതിയ രീതിയില്‍ എഴുതാന്‍ കഴിയില്ല.

ആര്‍തര്‍ കോനന്‍ ഡോയില്‍
ആര്‍തര്‍ കോനന്‍ ഡോയില്‍

ഈ ഹൃദയരക്തമൊക്കെ തങ്ങള്‍ക്കിഷ്ടമായ ചിലരുടെ എഴുത്ത് വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് തോന്നുന്നതാണ്. എഴുത്തിന്റെ എല്ലാ വികാരഭംഗികളും താനേ, എഴുത്തുകാരന്റെ ബോധപൂര്‍വ്വമായ പരിശ്രമം കൂടാതെ ഉണ്ടാവുന്നു. അല്ലെങ്കില്‍ എല്ലാ എഴുത്തുകാരും തങ്ങളുടെ പേന ഹൃദയരക്തത്തില്‍ മുക്കിയിട്ടു തന്നെയാണ് എഴുതുന്നത്. ചിലരുടെ എഴുത്ത് ഏശാതെ പോകുന്നു എന്നേയുള്ളൂ. ഈ നോവലില്‍ കഥാപാത്രങ്ങളുടെ വികാരങ്ങള്‍ നോവല്‍ക്കാരന്‍ എഴുതിക്കാണിക്കുന്നത് ''അടിവയറ്റില്‍നിന്ന് എന്തോ ഒന്നു പൊള്ളിക്കയറി നെഞ്ചിലേയ്ക്ക് വ്യാപിച്ചു'' എന്ന സ്ഥിരം ശൈലികൊണ്ടാണ്. അലി, പശുപതി, സൂസന്ന ഇവര്‍ മൂന്നും ഇങ്ങനെ വയറിലൂടെ വികാരംകൊള്ളുന്നു.

എമിലി ഡിക്കിന്‍സന്‍
എമിലി ഡിക്കിന്‍സന്‍


വായനക്കാര്‍ കഥാപാത്രങ്ങളായ നോവല്‍ ആണെങ്കിലും അലി വായനക്കാരന്‍ മാത്രമല്ല, എഴുത്തുകാരന്‍ കൂടിയാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. നോവലിന്റെ അവസാനമാകുമ്പോഴേക്കും വേറൊരു നോവല്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. അത് മികച്ച സൃഷ്ടിയായിരിക്കുമെന്ന് സൂസന്ന വിചാരിക്കുന്നു.

ജികെ ചെസ്റ്റര്‍ഡന്‍
ജികെ ചെസ്റ്റര്‍ഡന്‍

ആദ്യത്തെ അധ്യായം വായിച്ച് തമിഴില്‍ നോവലെഴുതുന്ന ഭാനുമതി എന്ന സുഹൃത്ത് നല്ല അഭിപ്രായം പറഞ്ഞിരുന്നു. അലിയുടെ സുഹൃത്തുക്കളായ ഇക്ബാല്‍, അമുദ, സബീന, ലക്ഷ്മി, ഭാനുമതി, പശുപതി എന്നിവരും എഴുത്തുകാര്‍ തന്നെ. സത്യത്തില്‍ എഴുത്തിന്റേയും എഴുത്തുകാരുടേയും കഥയാണ് ഈ നോവല്‍. എഴുത്തുകാരായാലും സാമാന്യ മനുഷ്യരായാലും അവരുടെ കഥയിലെ മാനുഷികമായ ഉള്ളടക്കത്തിലാണ് നോവല്‍ വായനക്കാര്‍ക്ക് താല്പര്യം.

കാഫ്ക
കാഫ്ക

ഈ കഥാപാത്രങ്ങള്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ട ആസ്വാദനപ്രകാരങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ നോവല്‍ വായനക്കാര്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ പുസ്തകാസ്വാദനത്തേയും ജീവിതകഥയേയും ഇടകലര്‍ത്തി കഥ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കാര്യമില്ല. കഥ മുന്നോട്ടു നീങ്ങുകയില്ല.

നെരൂദ
നെരൂദ

നോവലിന്റെ വേഷം കെട്ടിയ നിരൂപണക്കുറിപ്പുകളാണ് 'സൂസന്നയുടെ ഗ്രന്ഥപ്പുര.' ഈ നോവലിലെ പുസ്തകവിവരങ്ങളും പുസ്തകാഭിപ്രായങ്ങളും അതിലെ മനുഷ്യകഥയില്‍നിന്ന് വേര്‍പെടുത്തി രണ്ട് സ്വതന്ത്ര പുസ്തകങ്ങള്‍ ഉണ്ടാക്കാം. മനുഷ്യകഥയെ നോവല്‍ എന്നും പുസ്തകാഭിപ്രായങ്ങളെ സമാഹരിച്ച് അവയെ നിരൂപണമെന്നും വിളിക്കാം.

ബോര്‍ഗസ്
ബോര്‍ഗസ്

അവസാനമായി നോവലിന്റെ പേരിലെ ഗ്രന്ഥപ്പുരയെപ്പറ്റി-ഗ്രന്ഥപ്പുര ലൈബ്രറിയാണെങ്കിലും ലൈബ്രറികളെ ഗ്രന്ഥപ്പുര എന്നു വിളിക്കാറില്ല. ഓലക്കെട്ടുകളും ചെപ്പേടുകളും കടലാസ് പ്രമാണങ്ങളും സൂക്ഷിക്കുന്ന കെട്ടിടമാണ് ഗ്രന്ഥപ്പുര. ഗ്രന്ഥപ്പുരയ്ക്ക് വേണ്ട ദേവസ്വം മാടമ്പി സ്വഭാവമോ പഴക്കമോ സൂസന്നയുടെ ലൈബ്രറിക്കില്ല.

സരമാഗോ
സരമാഗോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com