കേരളം അവഗണിക്കപ്പെട്ട ദേശഭാഷാ നാമങ്ങള്‍: ഡോ. അബ്ബാസ് പനക്കല്‍ എഴുതുന്നു

By ഡോ. അബ്ബാസ് പനക്കല്‍  |   Published: 20th November 2019 12:53 PM  |  

Last Updated: 20th November 2019 12:53 PM  |   A+A-   |  

kerala_CULTURE

 

സ്‌ട്രേലിയയിലെ ഗ്രിഫിത് സർവ്വകലശാലയിൽ Ethno Cultural Moorings of Malabar in South Pacific എന്ന വിഷയത്തിലുള്ള എന്റെ ഗവേഷണ സമയത്ത് കേരളം എന്ന പേരിന്റെ ജനകീയതയേയും പഴക്കത്തേയും കുടിയേറ്റ സമൂഹത്തിലെ പ്രാദേശികമായ അഭിസംബോധനകളേയും കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു.  1879 മുതൽ വരെ പസഫിക്കിലേക്കു നിർബന്ധിത കുടിയേറ്റത്തിനു വിധേയമായവര്‍ക്ക് ഇടയിലായിരുന്നു പഠനം.   കുടിയേറ്റത്തിനുശേഷം തലമുറകളായി സൗത്ത് ഇന്ത്യയുമായി ഇടപഴകാത്തവരെയായിരുന്നു ഈ പഠനത്തിനായി അധികവും പരിഗണിച്ചത്. തലമുറകളായി അവർക്കു ലഭിച്ച അറിവുകളെ  പ്രാഥമിക സ്രോതസ്സുകളിൽനിന്ന് അടുത്തറിഞ്ഞ്   പകർത്തി.  ഇതുവരെയുള്ള പ്രാദേശിക ചരിത്ര ഭാഷാപഠനങ്ങളിലെ നിഗമനങ്ങളുമായി ഇത്തരം ധാരണകളെ താരതമ്യം ചെയ്തു. പഴയ തലമുറയിൽനിന്നു കേട്ടു പഠിച്ച പേരുകൾ,  ഭാഷ,  ജീവിതക്രമങ്ങൾ, ഇതര സമുദായങ്ങളുമായി ഇടപെടുന്ന രീതികൾ തുടങ്ങിയവ പ്രത്യേകം അറിയാൻ ശ്രമിച്ചു. ആദ്യം ഫിജി ദ്വീപിലേക്കും പിന്നീട് ഓസ്‌ട്രേലിയ, ന്യൂസിലാന്‍‍ഡ്, കാനഡ, അമേരിക്ക എന്നീ പ്രദേശങ്ങളിലേക്കും  പല കാരണങ്ങളാൽ മാറിത്താമസിച്ചവരെയാണ് പഠനത്തിന്റെ ഭാഗമായി നേരിൽ കണ്ടത്. ഇത്തരക്കാർക്ക് അപരിചിതമായ പേരുകളിൽ ഒന്നാണ് കേരളം. രണ്ട് നൂറ്റാണ്ടുപോലും  കാലപ്പഴക്കമില്ലാത്ത ഒരു കുടിയേറ്റ സമൂഹത്തിന്  കേരളം എന്ന പേര് പരിചിതമല്ല എന്നത് ഒരു ഗവേഷകൻ എന്ന നിലയിൽ ആദ്യം  എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.  ഇക്കാരണത്താലാണ് കേരളം എന്നതിന്റെ  സ്വീകാര്യതയുടേയും ജനകീയതയുടേയും ഉല്പത്തിയുടേയും ചരിത്രം കൂടുതൽ അന്വേഷിക്കണമെന്ന് തോന്നിയത്.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

ഈ പഠനത്തിൽ പ്രധാനമായും ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ ഇവയാണ്: സംസ്ഥാനത്തിന് കേരളം എന്ന പേരു ലഭിക്കുന്നതിന് മുന്‍പ് എന്തായിരുന്നു ഈ പ്രദേശത്തിന്റെ ഏറ്റവും ജനകീയമായ പേര്? കേരളം എന്ന പേരിന്റെ ഉല്പത്തിയുടെ പിന്നിലെ കഥയെന്താണ്? എന്നാണ് ഈ പ്രദേശത്തെ കേരളം എന്നു വിളിക്കാൻ തുടങ്ങിയത്? എന്തുകൊണ്ടാണ് കുടിയേറ്റ സമൂഹത്തിന് കേരളമെന്ന പേരിനെക്കുറിച്ച് ധാരണയില്ലാതെ പോയത്? മലയാളമെന്ന പേര് എപ്പോഴാണ് പ്രദേശത്തിനു നഷ്ടപ്പെട്ടത്? എങ്ങനെയാണ് മലബാർ കൂടുതൽ പ്രശസ്തമാകുന്നത്? കേരളം, മലയാളം, മലബാർ എന്നീ പേരുകൾ തമ്മിൽ വല്ല ബന്ധവുമുണ്ടോ? തുടങ്ങിയ  ചോദ്യങ്ങൾക്ക് ഉത്തരം കാണാനുള്ള ശ്രമം  പഠനപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. 

കേരളോല്പത്തിയുടെ കഥ 

പഴയകാല രേഖകളിൽ കാണുന്ന മലയാളം എന്ന ദേശപ്പെരുമ ഇന്നു നമ്മുടെ സംസ്ഥാനത്തിന്റെ പേരായി പ്രചാരം നേടിയ  കേരളവും തമ്മിലുള്ള ബന്ധവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരള എന്ന പേരു സജീവമായിരുന്നോ എന്നതുമായിരുന്നു ആദ്യ അന്വേഷണം.

ഹെർമൻ ഗുണ്ടർട്ടിന്റെ (1814-1893) കേരളോല്പത്തിയുടെ ഇംഗ്ലീഷ് ടൈറ്റിൽ കേരളോല്പത്തി-ഒറിജിൻ ഓഫ് മലബാർ (KERALOLPATTI- Origin of Malabar)  എന്നാണ്.  1843-ൽ ഒന്നാം പതിപ്പിലും 1868-ല്‍ ഇറങ്ങിയ രണ്ടാം പതിപ്പിലും 1890-ൽ പുറത്തിറങ്ങിയ നാലാം പതിപ്പിലും   കേരളോല്പത്തിയെന്നതിനു-ഒർജിൻ ഓഫ് മലബാർ എന്ന് ഇംഗ്ലീഷ് വിവർത്തനമുണ്ട്. കേരളോല്പത്തിക്ക് ഹെർമൻ ഗുണ്ടർട്ടിനെപ്പോലെ ഒരാൾ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്റെ പുസ്തകത്തിന്റെ നാലാം പതിപ്പിൽപോലും  ഒര്‍ജിൻ ഓഫ് കേരള എന്നുതിനു പകരം ഒര്‍ജിൻ ഓഫ് മലബാര്‍  എന്നാണ്  അർത്ഥം നൽകിയിരിക്കുന്നത്! ഇന്ന് സംസ്ഥാനത്തിന്റെ പേരായി പ്രചാരം നേടിയ  ‘കേരള’ എന്ന പദം  മലബാറിനോളം  അക്കാലത്ത് ഇംഗ്ലീഷിൽപ്പോലും  ജനകീയമായിരുന്നില്ല എന്ന വസ്തുതയാണ് KERALOLPATTI- Origin of Malabar എന്ന ഈ  വിവർത്തനം ബോധ്യപ്പെടുത്തുന്നത്.    

കേരളോല്പത്തിയിൽ ജാതീയതയ്ക്ക് അടിത്തറയിടുന്ന ഐതിഹ്യാധിഷ്ഠിതമായ ഭൂപ്രദേശമായാണ് കേരളത്തെ  പരിചയപ്പെടുത്തുന്നത്. “കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴിപോലെ വാണ് രക്ഷിച്ചതിനു ശേഷം, ക്ഷത്രിയ കുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരെ മുടിച്ചു  കളവായിക്കൊണ്ടു പരശുരാമൻ അവതരിച്ചു. ഭൂമിദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാള ഭൂമിക്കു രക്ഷവേണമെന്നു കല്പിച്ചു.” ബ്രാഹ്മണരെ ഉണ്ടാക്കുന്നതിനു മുന്‍പുള്ള പ്രദേശത്തിന്റെ പേരായി കേരളോല്പത്തിയിൽ കാണുന്നത്  ‘മലയാളം’  എന്നാണ്.   അഥവാ കേരളോല്പത്തിയുടെ രചനാകാലത്ത് മലയാളം എന്ന പേരു  പ്രശസ്തമായിരുന്നു. 
ബ്രാഹ്മണാധിപത്യത്തിനു ശേഷമാണ് കേരളോല്പത്തിയിൽ ആദ്യമായി കേരളം എന്ന പേരു പരിചയപ്പെടുത്തുന്നത്: “ഈശ്വൊര പ്രതിഷ്ഠ ചെയ്തു. എന്നിട്ടും   ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ടശേഷം പരശുരാമൻ നിരൂപിച്ചു   ബ്രാഹ്മണരെ ഉണ്ടാക്കി, പല ദിക്കിൽനിന്നും കൊണ്ടുവന്നു കേരളത്തിൽവെച്ചു.” 
“...അവർ ആരും ഉറച്ചിരുന്നില്ല. അവർ ഒക്കെ താന്താന്റെ ദിക്കിൽ പൊയ്ക്കളഞ്ഞു. അതിന്റെ ഹേതു: കേരളത്തിൽ സർപ്പങ്ങൾ വന്നു നീങ്ങാതെ പോയി. അവരുടെ പീഡകൊണ്ട് ആര്‍ക്കും ഉറച്ചു നിൽപ്പാൻ വശമില്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാര് കുറേ കാലം കേരളം രക്ഷിച്ചു. എന്റെ പ്രയത്നം നിഷ്‌ഫലം  എന്ന് വരരുത് എന്നു കല്പിച്ചു, പരശുരാമൻ ഉത്തര ഭൂമിയിങ്കൽചെന്നു. ആര്യപുരത്തുനിന്ന് ആര്യ ബ്രാഹ്മണരെ കൊണ്ടുവന്നു.”

എഫ്ഡബ്ല്യൂ എല്ലിസ്

ഈ ഐതിഹ്യത്തിൽ ബ്രാഹ്മണരെ പാര്‍പ്പിച്ച   കേരളത്തെ നാഗത്താന്മാര് രക്ഷിച്ചതും ആര്യ ബ്രാഹ്മണരേയും ഗ്രാമങ്ങളേയും  കൊണ്ടുവന്നതോടെ  കേരളം വിശാലമായിത്തീര്‍ന്നു എന്ന തരത്തിലുള്ള കഥകൾ തുടരുകയാണ്. “കേരളത്തിൽ വാഴുന്ന മനുഷ്യര് സ്വർഗ്ഗവാസികൾക്കു തുല്യംപോല്‍ എന്നു കേട്ടു. പല ദിക്കിൽനിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ പോന്നു വന്നതിനു ശേഷം, പരശുരാമന് അവരെ പല ദിക്കിലും കല്പിച്ചിരുത്തി. പല ദേശത്തും പല സഥാനങ്ങളും കല്പിച്ചു കൊടുത്തു.” 
]ശേഷം കേരളത്തിലെ ജാതീയതയെ കുറിച്ചു വിശദമാക്കുന്നു: “ദേശത്ത് അടിമയും കുടിമയും ഉണ്ടാക്കി, അടിയാരേയും കുടിയാരേയും രക്ഷിച്ചു, തറയും സങ്കേതവും ഉറപ്പിച്ചു, തറയകത്തു നായന്മാരെ കല്പിച്ചു, അവരെക്കൊണ്ട് ഒരോ കണ്ണും  കയ്യും കല്പനയും കല്പിച്ചു, അവകാശത്തിനു താഴ്ച്ചയും വീഴ്ച്ചയും വരാതെ പരിപാലിച്ചു. കുടിയാർക്കു കീഴാകൂറും തങ്ങൾക്കു മേലാക്കൂറും  മേലാഴിയും കുടിയാർക്കു കാണവും, തങ്ങൾക്കു ജന്മവും കല്പിച്ചു കാണജന്മ മര്യാദയും നടത്തി, ബ്രഹ്മണാചാരവും ശൂദ്രമര്യാദയും കല്പിച്ചു...” (Hermann Gundert KERALOLPATTI- Origin of Malabar, Printed by Stolz &Reuther, Basel Mission press, Mangalore, 1868) ഇത്തരത്തിൽ ജാതീയമായ വേര്‍തിരിവുകളുടെ അടിത്തറയിലാണ് കേരളോല്പത്തിയിലെ കേരളം  വളരുന്നത്. 

പെരുമാക്കന്മാരുടെ കഥ പറയുന്നിടത്ത് എങ്ങനെയാണ് കേരളം എന്ന പേരു വന്നത് എന്ന കാര്യം  വിശദമാക്കുന്നുണ്ട്: “അന്നു കൊണ്ടുവന്ന ക്ഷത്രിയന് ചേരമാൻ കേരളൻ പെരുമാൾ എന്ന പേരാകുന്നു.” കേരളം എന്നു വിളിച്ചിരുന്ന പ്രദേശത്തിന്റെ അതിരുകളും കേരളോല്പത്തിയിൽ കാണാം: “ഗോകർണ്ണത്തിൽനിന്നു തുളുനാട്ടിൽ പെരുമ്പുഴയോളം തുളുരാജ്യം, പെരുമ്പുഴയിൽനിന്നും പുതുപട്ടണത്തോളം കൂവരാജ്യം, പുതുപട്ടണത്തുനിന്നു കന്നെറ്റിയോളം  കേരളരാജ്യം, കന്നെറ്റിയിൽനിന്നു കന്യാകുമാരിയോളം മൂഷിക രാജ്യം ഇങ്ങനെയായിരുന്നു നാലു ഖണ്ഡത്തിന്റേയും പേര്.” (കേരളോല്പത്തി, പെരുമാക്കന്മാരുടെ കാലം, പേജ് 18).

ഹെർമൻ ഗുണ്ടർട്ടിനു മുന്‍പ് എഫ്.ഡബ്ല്യു. എല്ലിസ് (Francis Whyte Ellis- 1777- 1819)  1815 ഡിസംബറിൽ  പ്രസിദ്ധീകരിച്ച  'Dissertation the Second on the Malaya'lma Language'  എന്ന പ്രബന്ധത്തിൽ    c'eral'o'tpati-യെ (ഇതാണു എല്ലിസ് ഉപയോഗിച്ച സ്‌പെല്ലിങ്ങ്) അവലംബിച്ചു മലയാളത്തിന്റെ കഥ പറയുന്നുണ്ട്. Robert Caldwell (1814- 1891) നു മുൻപ് ദ്രാവിഡ ഭാഷയെ പ്രത്യേക ഭാഷാസമൂഹമായി വേർതിരിച്ച വ്യക്തിയായിട്ടാണ് എല്ലിസ് അറിയപ്പെടുന്നത്.  Robert Caldwell തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ (A Comparative Grammar of Dravidian or South Indian Family of Languages) എല്ലിസിന്റെ സംഭാവനകളെ  പരാമർശിക്കുന്നുണ്ട്.  എല്ലിസ് നാടിനെ മൊത്തം പരിചയപ്പെടുത്തുന്നത് ‘മലയാളം’  എന്ന പേരിലാണ്.  മലയാളത്തെ നാലായി തിരിക്കുന്നുണ്ട്. ഒപ്പം ആ പ്രദേശങ്ങളുടെ ജനകീയ ഭാഷയെക്കുറിച്ചും പറയുന്നു.   ഏറ്റവും വടക്ക് ഗോകർണം മുതൽ മംഗലാപുരത്തിനടുത്ത് പെരുമ്പുഴ വരെയാണ് ഒന്നാമത്തെ ഏരിയ.  ഇതിനെ തുളുരാജ്യമെന്നാണ് വിളിക്കുന്നത്. പെരുമ്പുഴ മുതൽ നീലേശ്വരത്തിനടുത്ത് പുതുപട്ടണം വരെയുള്ളതിനെ കുപ്പ രാജ്യമെന്നും പരിചയപ്പെടുത്തുന്നു.  നീലേശ്വരം മുതൽ കൊല്ലം വരെയുള്ള പ്രദേശത്തെയാണ് C'eral'a-rajyam എന്നു വിളിക്കുന്നത്.  കൊല്ലം മുതൽ കന്യാകുമാരി വരെ മൂഷിക രാജ്യവുമായി പരിചയപ്പെടുത്തുന്നു. എല്ലിസിന്റേയും ഗുണ്ടര്‍ട്ടിന്റേയും കേരളോല്പത്തിയെ അടിസ്ഥാനമാക്കിയുള്ള   തരംതിരിവുകളിൽ അധികം വ്യത്യാസങ്ങളില്ലെന്ന് ഇതിൽനിന്നു മനസ്സിലാക്കാം.  


നീലേശ്വരം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തിന്റെ ഭാഷയായിട്ടാണ്  Malayalma-യെ പരിചയപ്പെടുത്തുന്നത്.  (അക്കാലത്ത് മലയാളം എന്നത് ഭാഷയുടെ പ്രത്യേക പേരായി  ഇന്നത്തെപ്പോലെ ഉപയോഗിച്ചിരുന്നില്ല). നീലേശ്വരത്തിനു മുകളിലുള്ള പ്രദേശത്തും ഈ ഭാഷ  സംസാരിക്കുന്നുണ്ടെങ്കിലും   ബ്രിട്ടീഷ് ഭരണപരിഷ്കാരത്തിന്റെ ഭാഗമായി  ആ പ്രദേശങ്ങൾ കനറ-Canara ജില്ലയുടെ കീഴിലാണെന്നും എല്ലിസ് തന്റെ പ്രബന്ധത്തിൽ പറയുന്നു. കൊല്ലം മുതൽ കന്യാകുമാരി വരെയുള്ള ദേശത്തെ ഒഫീഷ്യൽ ഭാഷ തമിഴാണെന്നും അദ്ദേഹം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. എഫ്.ഡബ്ല്യു. എല്ലിസും  ഹെർമൻ ഗുണ്ടർട്ടും കേരളോല്പത്തിയെ ആധാരമാക്കി അവതരിപ്പിച്ച വിശാലമായ മലയാളം എന്ന നാടിന്റെ (The country of Malayalam)  നാലു ഖണ്ഡങ്ങളിൽ ഒന്നു മാത്രമായിരുന്നു കേരളരാജ്യം.  ഇവിടെ മലയാളം എന്ന വിശാലമായ പ്രദേശമാണ് ഭൂമിശാസ്ത്രപരമായി ഇന്നത്തെ കേരള സംസ്ഥാനവുമായി കൂടുതൽ ചേര്‍ന്നുനിൽക്കുന്നത്. 

മലയാളവും മലബാറും കേരളവും 

കേരളോല്പത്തിയിലെ ‘മലയാളവും’ ‘കേരളവും’ തലക്കെട്ടിന്റെ മൊഴിമാറ്റത്തിൽ  ഗുണ്ടര്‍ട്ട് ഉപയോഗിച്ചതും    കുടിയേറ്റ സമൂഹത്തിനും വിദേശസഞ്ചാരികൾക്കും ഏറെ സുപരിചിതമായ മലബാറും  തമ്മിലുള്ള ബന്ധങ്ങളും വൈരുദ്ധ്യങ്ങളും എന്തെല്ലാമാണെന്ന് പരിശോധിക്കാം. 

ഫ്രാൻസിസ് ബുക്കാനന്‍ (Francis Buchanan 1762-1829) മലയാളത്തേയും കേരളത്തേയും വേര്‍തിരിച്ചു തന്നെ പ്രത്യേകം  പരിചയപ്പെടുത്തുന്നുണ്ട്. Malayala or Malayalam, a country extending along the west coast of the Peninsula from Cape Comorin, to the Chandragiri river also its people and language, called Kerala in Sanskrit. അര്‍ദ്ധദ്വീപിന്റെ  നീണ്ടുകിടക്കുന്ന പടിഞ്ഞാറന്‍ തീരത്തെ കന്യാകുമാരിക്കും ചന്ദ്രഗിരി പുഴക്കും ഇടക്കുള്ള പ്രദേശം, ഇവിടുത്തെ ജനങ്ങളും ഭാഷയും സംസ്‌കൃതത്തില്‍ ഇതിനെ കേരളം എന്നു വിളിക്കുന്നു.   (Francis Buchanan, A Journey from Madras through the countries of Mysore, Canara, and Malabar, Vol-3, London,1807).

ഫ്രാന്‍സിസ് ബുക്കാനന്‍

കേരളം എന്നത് പ്രാദേശിക ഭാഷയിലെ പേരായിരുന്നില്ല, മറിച്ച് സംസ്‌കൃതത്തിലുള്ള പേരാണെന്ന വസ്തുത  ഫ്രാന്‍സിസ് ബുക്കാനനും വ്യക്തമാക്കുന്നു. (ചന്ദ്രഗിരി പുഴക്ക് അപ്പുറത്തുള്ള പ്രദേശങ്ങൾ ബ്രിട്ടീഷ് ഭരണപരിഷ്‌കരണത്തിന്റെ  ഭാഗമായി കാനറയിൽ ആയിരുന്നതിന്നാലാവും ബുക്കാനൻ ഇവിടെ വിട്ടുകളഞ്ഞത്). സംസ്കൃതത്തിലും സാധാരണക്കാരന്റെ ഭാഷയിലും മൈസൂർ, കനറ, മലബാര്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങൾക്കും നദികൾക്കും ഉപയോഗിക്കുന്ന പേരുകളെക്കുറിച്ച് ബുക്കാനൻ വിവരിക്കുന്നുണ്ട്. ബ്രാഹ്മണഭാഷയും പ്രാദേശിക ഭാഷയും തമ്മിൽ പേരുകളുടെ ഉപയോഗത്തിൽപ്പോലും ഉണ്ടായിരുന്ന അന്തരം ശ്രദ്ധേയമാണ്. 

ഇനി മലയാളത്തിന്റെ ഉല്പത്തി നോക്കാം. പ്രദേശത്തിന്റേയും ഭാഷയുടേയും പേരായി ഒരു പോലെ ഉപയോഗിച്ചിരുന്ന മലയാം എന്നതിന്റെ കൂടെ ‘അളം’ ചേർത്ത് ‘ഇടം’ ‘സ്ഥലം’ എന്ന് അടയാളപ്പെടുത്തുകയാണ് ഇവിടെ ചെയ്തതെന്ന് കരുതാം. (നിലമ്പൂര് വനത്തിനുള്ളിൽ താമസിക്കുന്ന ചോലനായ്ക്കൻ എന്ന പ്രത്യേക  ആദിവാസി വിഭാഗത്തിന്റെ വാസസ്ഥലത്തെ  ‘അള’ എന്നാണ് ഇന്നും വിളിക്കുന്നത്). മലയാളം മലബാറ്  എന്നതിനൊപ്പം മലയാം എന്ന പേരും വ്യാപകമായി  ഉപയോഗിച്ചിരുന്നു.  ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ മലബാറ് ഒരു ജില്ലയുടെ പേരായിത്തീര്‍ന്നപ്പോഴും  പ്രാദേശിക ഭാഷയിൽ മലയാം ജില്ല, മലയാം കളക്ടറ് തുടങ്ങിയ പേരുകള്‍ ഉപയോഗിച്ചതിന് നിരവധി തെളിവുകൾ ലഭ്യമാണ്. ഉദാ: കോഴിക്കോട് മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണൻനായർ/08/1909  പ്ലേഗിനെ പ്രതിരോധിക്കാൻ കുത്തിവെപ്പ് എടുക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ട് ഇറക്കിയ പരസ്യത്തിൽ, ആഗസ്റ്റ് 10 ചൊവ്വാഴ്ച 5 മണിക്ക് നഗരത്തിലെ പൊതുജനങ്ങളുടെ പരസ്യമായ ഒരു സഭ കോഴിക്കോട് വിക്ടോറിയ ജൂബിലീ ടൗൺഹാളിൽ കൂടുന്നുണ്ടെന്നും  മലയാം കളക്ടറായ വുഡ് സായിപ്പ് അവർകൾ സഭയ്ക്ക് വരാമെന്ന് ദയയോട് കൂടി സമ്മതിച്ചിട്ടുണ്ടെന്നും പറയുന്നു.

പ്രാദേശിക ഭാഷയിലെ എഴുത്ത് രൂപങ്ങൾ പ്രിന്റ് ചെയ്തു കാണുന്ന ഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ചെന്നതു ഹോർത്തൂസ് മലബാറിക്കൂസ് ആയിരിക്കും.  ആംസ്റ്റർഡാമിൽനിന്നു  ലാറ്റിൻഭാഷയിൽ പ്രസിദ്ധീകരിച്ച കൃതി നിരവധി വർഷങ്ങൾകൊണ്ടാണ് പൂർത്തീകരിച്ചത്.  (Publication 1678- 1693). 1678-ൽ പുറത്തിറങ്ങിയ   പതിപ്പിന്റെ ആദ്യ ഭാഗത്തു പ്രദേശത്തിന്റെ പേര് മലയാളം എന്നു സ്പഷ്ടമാണ്.  ഗ്രന്ഥത്തിന്റെ ആധികാരികതയെക്കുറിച്ച് സൂചിപ്പിക്കുന്നതിന്  പ്രത്യേക കുറിപ്പുകൾ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പ്രദേശത്തിന്റെ  പേര് വ്യക്തമായി മലയാളം എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഉദാ: മലയാള വൈദ്യൻ.  മലയാളത്തിലെ  വൃക്ഷങ്ങൾ. 

ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള   പോർച്ചുഗീസ് കാലത്തെക്കുറിച്ച്  ഓലയിലെഴുതിയ കയ്യെഴുത്തു പ്രതിയിലും ദേശത്തിന്റെ പേര് മലയാളം എന്നുതന്നെയാണ്. “ഹരി: മലയാളത്തിലെ വർത്തമാനങ്ങൾ ഇനിയും പറയുന്നു” എന്നു  തുടങ്ങുന്ന ഓലയിൽ മലയാളം എന്ന സ്ഥലനാമ പരാമര്‍ശങ്ങള്‍ നിരവധിയാണ്. ഉദാ: “മലയാളത്തിൽ തന്റെ നാടുകൾ ഒക്കെയും അതാത് രാജാക്കന്മാർക്കു പകുത്തുകൊടുത്തു. അന്ന് മലയാളത്തിലുള്ള  രാജ്യങ്ങളിൽ കോഴിക്കോട്ടെ രാജ്യവും പ്രധാനമായി തീരുകയും ചെയ്തു... മലയാളത്തിലുള്ള രാജാക്കന്മാരിൽ താമൂതിരി എന്ന രാജാവിന്റെ ശക്തി എല്ലാ ദിക്കുകളിലും പ്രധാനമാകുകയും ചെയ്തു. അന്ന് മലയാളത്തിൽ രാജാക്കന്മാരിൽ  ബലം ഉള്ളവരും ബലം ഇല്ലാത്തവരും ഉണ്ട്. മലയാളത്തിൽ ഉള്ള രാജാക്കന്മാരുടെ ഇടയിൽ    ഒക്കെയും സ്ഥാനമാനങ്ങളും ബഹുമാനങ്ങളും താമൂതിരി രാജാവിന് ഉണ്ട്... താമൂതിരി എന്ന രാജാവ് ശേഷം മലയാളത്തിൽ ഉള്ള രാജാക്കന്മാ....താമൂതിരി രാജാവ് അല്ലാതെ  മലയാളത്തിലെ മറ്റ് ഉള്ള .... മലാളത്തിൽ പറുങ്കി  വന്ന വർത്തമാനം...”

എന്നാൽ പിന്നീട് ബ്രിട്ടീഷ് ലൈബ്രറി കാറ്റലോഗ് ചെയ്തപ്പോൾ ഇതിനെ ‘കേരള വർത്തമാനം’ എന്നു പരിചയപ്പെടുത്തിയതായി കാണുന്നു. (British Library, OMS/MSS Malayalam 11, Kerala Varthamanam). ഈ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയ സമയത്ത് നിലനിന്നിരുന്ന സ്ഥലനാമങ്ങളോടും പ്രയോഗങ്ങളോടും നീതിപുലർത്തുകയെന്ന അക്കാദമിക ധര്‍മ്മം  ഇവിടെ നിരാകരിക്കപ്പെട്ടിരിക്കുന്നു.
ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഓലയിലെഴുതിയ  കയ്യഴുത്ത് പ്രതി   1800 ഓഗസ്റ്റ് 19-  ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്   ജോൺവില്യം വെയ്യാണ്. ‘ഇന്ത്യയിലെ പോര്‍ച്ചുഗീസ് ആഗമനചരിത്രത്തിന്റെ’  വിവർത്തനം നിർവ്വഹിച്ചപ്പോൾ മലയാളം എന്നതിനെയെല്ലാം മലബാറ്  എന്നാണ് ജോൺവെയ് വിവർത്തനം ചെയ്തത്. (Translation of a History of Portuguese landing in India, written on the leaves of Ola,  in the Malabar Language', British Library MSS, IO. K 194) 
ഉദാ:  He gave whole country of Malabar in Shares to the different Rajas...throughout the whole Malabar the city of ...the principal among the Rajahs of Malabar.. amidst all the remaining Rajahs in Malabar... a war between Tamoori any other of Malabar Rajahs...wars arouse among the other Rajahs of Malabar... The history of Fringie's coming to Malabar.. when they learnt all news of Malabar... the first Fringy fort that was built in Malabar... 

പഴയകാല  വിദേശസഞ്ചാരികളുടേയും എഴുത്തുകാരുടേയും വിവരണങ്ങളിൽ പ്രദേശത്തിന്റെ പേര് മലബാർ എന്നായിരുന്നു.    കൊസ്‌മൊസ് ഇന്‍ഡികോപ്ലസ് (ആറാം നൂറ്റാണ്ട്) കുരുമുളകിന്റെ രാജ്യമായ ഈ ദേശത്തെ Male എന്നാണ് അടയാളപ്പെടുത്തിയത്. മലബാറിന്റെ ഉല്പത്തി അന്വേഷിക്കും ബോൾമല എന്നതിന്റെ കൂടെ രാജ്യം എന്നു അർത്ഥം വരുന്ന  ‘ബാറ്’ ചേർന്നാണ് മലബാറ് രൂപപ്പെട്ടത് എന്ന വാദത്തിനാണ് കൂടുതൽ സ്വീകാര്യത. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദേശ സഞ്ചാരികൾ വിപുലമായിത്തന്നെ ഈ പേര് ഉപയോഗിച്ചിരുന്നു. കേരളോല്പത്തിയിൽ പറയുന്ന മലയാളത്തിന്റെ ഭൂമികയുമായി ഒത്തുപോകുന്നതാണ് പഴയകാല സഞ്ചാരികൾ വെളിപ്പെടുത്തിയ മലബാറിന്റെ അതിരുകളും. ഗോവ മുതലും ഹൊനവാറ് മുതലും സഞ്ചാരികൾ മലബാറിനെ അടയാളപ്പെടുത്തിയതായി കാണാം. കേന്ദ്രീകൃതമായ ഒരു ഭരണത്തിന്റെ പിന്‍ബലത്തിലല്ല ‘മലയാളം’ രൂപപ്പെട്ടതും വളർന്നതും.  കാലാവസ്ഥയേയും ജീവിതരീതിയേയും കാർഷിക വ്യവസ്ഥിതിയേയും എല്ലാം ആശ്രയിച്ചായിരുന്നു പ്രദേശത്തിന്റെ പ്രശസ്തി.  വിവിധ രാജാക്കന്മാരുടേയും ഭരണസംവിധാനത്തിന്റേയും കീഴിലായിരുന്നു പല കാലഘട്ടങ്ങളിലും ഈ വലിയ ഭൂപ്രദേശം. 

‘തലച്ചെരി’  രേഖകളും സ്വദേശീയ പേരുകളും  

ഹെർമൻ ഗുണ്ടര്‍ട്ട് ജർമനിയിലേക്കു തിരിച്ചുപോയപ്പോൾ ഭാഷയുടേയും സംസ്കാരത്തിന്റേയും അടിസ്ഥാന രേഖകളായ  വലിയ കയ്യെഴുത്തു ശേഖരത്തെ കൂടെക്കൊണ്ടുപോയി. ഇതിൽ മഹാ ഭൂരിപക്ഷവും  വ്യവഹാരാവശ്യങ്ങൾക്കയച്ച എഴുത്തുകളായിരുന്നു. ഈ അപൂര്‍വ്വ കയ്യെഴുത്തു പ്രതികൾ  പിന്നീട് ഹെർമൻ ഗുണ്ടര്‍ട്ട്  തന്റെ മലയാളം ഇംഗ്ലീഷ് നിഘണ്ടുവിന്റെ രചനാ വേളയിൽ  റഫറന്‍സായി ഉപയോഗിച്ചെങ്കിലും ഈ രേഖകളിൽ വ്യക്തമായി നിരവധി തവണ പരാമര്‍ശിക്കുന്ന പ്രദേശത്തിന്റെ സ്വദേശീയ നാമവും സാധാരണക്കാരന്റെ ഭാഷയുടെ പേരും ഗുണ്ടര്‍ട്ട് തന്റെ രചനകളിൽ അവഗണിച്ചതായി കാണാം. 

ഈ ഗവേഷണ സമയത്ത് രണ്ടു തവണ ട്യുബിഗൻ സന്ദര്‍ശിച്ചിരുന്നു. കേരളോല്പത്തിയുടേതടക്കമുള്ള കയ്യെഴുത്തുകൾ നേരിൽ കാണുകയായിരുന്നു ലക്ഷ്യം. കുടിയേറ്റത്തിനുശേഷം തലമുറകളായി നാടുമായി ഇടപഴകാത്തവരെ അന്വേഷിച്ച് എനിക്ക് കിട്ടിയ  പ്രാഥമിക വിവരങ്ങളുടെ ഒരു നിധിയായിരുന്നു ഇത്. ഈ രേഖകളിൽ  ‘തലച്ചെരി’  എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷയിലെ പഴയകാല  പദാവലികളെ  പരിചയപ്പെടാൻ ഈ അപൂര്‍വ്വ രേഖകൾ സഹായകമാണ്.

ഇതിൽ പ്രദേശത്തിന്റെ പേരായി മലയാളം എന്ന് അടയാളപ്പെടുത്തിയത് കാണാം. ഉദാ:  “മലയാളത്തെക്ക എതാന് പളിയം കല്പന ആയി വരണം”, “അന്ന് മലയാളത്തിലെ തമ്പുരാന്മാരെ ഒക്കെയും അതതു രാജ്യത്തുള്ള ആളുകളെയും കൂട്ടിക്കൊണ്ടു വന്നു ടിപ്പുവിന്റെ പേറ്ക്കു വെടിവെച്ച”  ഈ രേഖകളിൽ മലയാളം എന്നത് സ്വദേശീയമായ സ്ഥലനാമത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചതെന്നു മനസ്സിലാകും.

 മലയാം പ്രവിശ്യ എന്ന പരിചയപ്പെടുത്തലും  ഈ രേഖകളിൽ നിരവധി സ്ഥലത്ത് കാണാം. ഉദാഹരണം: “മലയാം പ്രവിശ്യയിൽ വടക്കെ അധികാരി പീലി സയിപ്പ അവറ്കൾക്ക കണ്ണൂറ് ആദിരാജാബിബി സെലാം. മുന്‍പെ എന്റെ കാക്കപകീരന്മാറ്ക്ക ഇരിക്കാൻ എടുത്തുകൊടുത്ത തെക്ക വയിൽ വെറെ ചെറുതായിട്ട  ഒരു മാടം എന്റെ കാക്ക തന്നെ എടുപ്പിച്ചതു ഉണ്ടായിരുന്നു. ആയത പെരുത്തുനാളായി നമുക്ക ഒരു ഉപകാരം ഇല്ലതെ കണ്ടു നനഞ്ഞു കിടക്കുന്നത്. ഇപ്പോൾ ഒന്ന രണ്ട പഴേ പീടിയ നന്നാക്കുവാൻ ആയിട്ട മെൽ  എഴുതിയ മാടം പൊളിച്ചുകൊണ്ടുവരുവാൻ നാം ആള അയച്ച പൊളിക്കുംമ്പോൾ ചെറക്കലെ രാജാവ് അതു നിരോധിച്ച് ഇരിക്കുന്നു. നമുക്കു ഉള്ളെ വസ്തു പൊളിച്ചു നാം എടുക്കുന്നതിന്നു വിരോധിപ്പാൻ ആ രാജാവിനു സംഗതി ഇല്ല എല്ലോ. ആയതുകൊണ്ട് സായിപ്പിന്റെ ക്രിപ  ഉണ്ടായിട്ട് ആ വിരോധം നീക്കി അതു നാം പൊളിച്ചു എടുപ്പാൻ തക്കവണ്ണം കല്പിച്ച് അയക്കുവാന്‍ ക്രിപ ഉണ്ടായിരിക്കയും വേണം. എന്നാൽ, എന്നോടും എന്റെ കുഞ്ഞിക്കുട്ടികളോടും നിങ്ങളെ കൂറും ക്രിപയും ഉണ്ടായിരിക്കയും വേണം. എന്നാൽ, കൊല്ലം 971 ആമത കർക്കിടകമാസം 21-നു ഇങ്കിരസ്സ കൊല്ലം 1796 ആമത ആഗസ്റ്റ് മാസം 3-നു വന്നത്.”

മലയാം പ്രവിശ്യയിൽ സകല കാര്യത്തിനും  മുംബ പ്രമാണമായിരിക്കുന്ന  എത്രയും ബഹുമാനപ്പെട്ട വടക്കെ അധികാരി മഹാരാജശ്രി പിലി സയപ്പ അവറകളുടെ സന്നിധാനത്തിങ്കൽ കുംബളെ അമ്മ രാജാവ്  എഴുതി അറിയിച്ച കത്ത്.  കൊല്ലം 941 ആമത നമ്മുടെ അണ്ണെന്മാര കുംബഞ്ഞിയെ വിശ്വസിച്ച കല്പനപ്പടിക്ക ടിപ്പുവിനോട് മത്സരിച്ച ശെതം നാശാതികൾ വന്ന സര്‍വ്വവും ഉപേക്ഷിച്ച കുംബഞ്ഞിന്റെ  കൊടിങ്കിയിൽ കുംബഞ്ഞിയിന്ന കല്പിച്ചി തരുന്ന  ചെലവും വാങ്ങി  കുടുംബത്തോടെ കഴിഞ്ഞിക്കൊണ്ട  പൊരുന്ന മദ്ധ്യ 970 ആമത മിഥുന മാസത്തിൽ കുംബഞ്ഞിയിന്ന കല്പിച്ചി തരുന്ന മാസപ്പടി കാര്യത്തിനായിക്കൊണ്ടും നമ്മുടെ അനുജൻ  കോഴിക്കോട്ട് പോയതിന്റെ ശേഷം ഇവിടന്ന് എത്തി ഇല്ല. 

ഇന്നത്തെ മലയാള വർഷമെന്ന അര്‍ത്ഥത്തിൽ ഈ രേഖകളിൽ മലയാം കൊല്ലം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഉദാ: 1626-മത് രേഖയിൽ രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സൂപ്രണ്ട് അവറ്കൾക്കു സുബ്ബയ്യൻ എഴുതിയതിൽ ഇക്കഴിഞ്ഞ ഇങ്കിരിയസ്സ് കൊല്ലം 1799 ജൂലായ്  മാസം 11 ഉം 12 നും മലയാം കൊല്ലം 974 മിഥുന മാസം 30-നും 31-നും വിസ്താര കല്പന കത്തുകൾ കൊടുത്തയച്ച കാര്യം വിശദമാക്കുന്നിടത്ത് മലയാം കൊല്ലം എന്ന പരാമർശം സുവ്യക്തമാണ്. 

അശോക ശാസനകളും  പെരിപ്ലസും പ്ലീനിയും ടോളമിയും

പഴയകാല ശാസനകളിലും യാത്രാക്കുറിപ്പുകളിലുമുള്ള പരാമർശങ്ങൾ പുതിയകാലത്തിന്റെ ചുറ്റുപാടിൽനിന്ന് കേരളം എന്ന ഉച്ചാരണത്തിന് സമാനമായി ചേര്‍ത്തു വായിക്കാൻ ശ്രമിച്ചതായി കാണാം.  അശോക എഡിക്ട്‌സ് (Ashoka Edicts) എന്ന് അറിയപ്പെടുന്ന  രേഖകളുടെ  കാലയളവായി കണക്കാക്കപ്പെടുന്നത് 268 ബി.സി. മുതൽ ബി.സി. വരെയാണ്. James Prinsep (1799- 1840)  ആണ് ആദ്യമായി അശോകചക്രവർത്തിയുടെ രേഖകളെക്കുറിച്ച് എഴുതിയത്. ജേർണൽ ഓഫ്  റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ -The Journal of Royal Asiatic Society of Bengal - സ്ഥാപക എഡിറ്റർ ആയിരുന്ന ഇദ്ദേഹത്തിന്റെ   പഠനങ്ങൾ പുറത്തുവന്നത് 1837-ൽ ആയിരുന്നു. ( Prinsep J, Interpretation of most ancient of the inscriptions on the pillar called lat of Firoz Shah, near Delhi, and of the Allahabad, Radhia and Mattiah pillar or lat inscriptions which agree here with. Journal of Asiatic society,1837) ഇന്തോ- യൂറോപ്യൻ ഭാഷകളെക്കുറിച്ച് പഠനം നടത്തിയ പ്രമുഖ ഫിലോളജിസ്റ്റായ വില്ല്യം ജോൺ (1746-1794) അശോക എഡിക്റ്റ്‌സ്  കണ്ടിരിക്കാമെന്ന് ജെയിംസ് അനുമാനിക്കുന്നു. ഗവേഷണ സമയത്ത് ചില അക്ഷരങ്ങള്‍ മാറ്റം വരുത്തുന്ന കാര്യത്തിൽ എടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. സൗത്ത്  ഇന്ത്യയിലെ  ഭൂപ്രദേശത്തിന്റെ  അതിരുകൾ പരാമർശിക്കുന്നിടത്ത് ചോദാ, പാണ്ഡ്യ, സത്യപുത, ചേര-ളപുത  എന്നീ പേരുകളാണ് വായിച്ചെടുക്കപ്പെട്ടിട്ടുള്ളത്(Major Rock Edict No 2, Khalsi). ഉത്തരാഖണ്ഡിലെ ഈ പ്രദേശത്തുനിന്നാണ്  ഒന്നു മുതൽ പതിന്നാല് വരെയുള്ള പ്രധാന റോക്ക് എഡിക്റ്റ്സ് കണ്ടെത്തിയത്. ബ്രിട്ടീഷ് ചരിത്രകാരനും  ഇന്‍ഡോളജിസ്റ്റുമായ  വിൻസെന്റ് ആർദർസ്മിത് (Vincent Arthur Smith- 1848-1920)  ഇതേക്കുറിച്ച്  കൂടുതൽ ഗഹനമായ ഒരു പഠനം  നടത്തി.  ഇദ്ദേഹത്തിന്റെ രചനകളിലൂടെ ഈ രേഖകൾക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചു. ഇത്തരത്തിലുള്ള പഠനങ്ങളിൽ അധികവും  അക്കാലത്തെ  പേരുകളുടേയും ചരിത്രധാരണകളുടേയും പിന്‍ബലത്തിലാണ് പുരോഗമിച്ചത്. പുതിയ അതിർത്തികളും പേരുകളും പഴയകാലത്തേക്ക് ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങളുണ്ടായി. ഉദാഹരണത്തിന്   റൊമില ഥാപ്പറുടെ പുസ്തകത്തിൽ ഇന്നത്തെ കേരളത്തിന്റെ  വലുപ്പത്തിൽ അക്കാലത്തെ ‘കേരളപുത്ര’യുടെ ഭൂപടം അടയാളപ്പെടുത്തിയിരിക്കുന്നു! (Romila Thaper, Ashoka and Decline of Mauryas, Delhi: Oxford University Press, 1961 Page 124).  ഇന്ത്യയിൽനിന്നു കണ്ടെടുക്കപ്പെട്ട ബ്രഹ്മി സ്‌ക്രിപ്റ്റുകളിൽ അധികവും നൈപുണ്യമില്ലാത്തവർ കൊത്തിവെച്ചതാണെന്ന് ഗവേഷകര്‍  നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.  മാത്രമല്ല, ബ്രിട്ടീഷ് ഭരണസംവിധാനം സൗകര്യപൂര്‍വ്വം ഉപയോഗിച്ച language and Nation എന്ന തിയറിയെ ബലപ്പെടുത്താനുള്ള താല്പര്യം James Prinsep-ന്റെ രചനയിൽ പ്രതിഫലിക്കുന്നു. ദ്രാവിഡ ഭാഷയെന്ന സങ്കല്പരൂപീകരണവും language and Nation-ന്റെ ചുവടുപിടിച്ചായിരുന്നു.  

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഈ തീരങ്ങൾ സഹസ്രാബ്ദങ്ങൾക്കു മുന്‍പേ ഏറെ പ്രശസ്തമായിരുന്നു. കച്ചവടക്കാരുടെ ഇഷ്ട തുറമുഖങ്ങൾ, പടിഞ്ഞാറിനേയും കിഴക്കിനേയും ബന്ധിപ്പിക്കുന്ന പ്രധാന തീരങ്ങൾ എന്നീ നിലകളിൽ ഈ പ്രദേശത്തിന് ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. പ്ലീനി (Pliny the Elder - 23-79) തുറമുഖങ്ങളെക്കുറിച്ചു പറയുന്നു. മുസിരിസിലേക്കുള്ള യാത്രാദൂരം നാല്‍പ്പതു ദിവസമാണെന്ന് രേഖപ്പെടുത്തി. ടോളമിയും (Ptolemy- 100 -? 170) ഈ തുറമുഖങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇന്നത്തെ തുറമുഖങ്ങളുടെ പല പേരുകളും വ്യത്യസ്ത രീതിയിലാണ് ഇവർ അടയാളപ്പെടുത്തിയിരിക്കുന്നത്. എ.ഡി. ഒന്നാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കപ്പെടുന്ന പെരിപ്ലസിന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങൾ  ഈ തീരങ്ങളിലായിരുന്നു. Naura-യും  Tyndis ഉം Limyrike-ലെ പ്രധാന തുറമുഖങ്ങളാണെന്നും Cerobothra-ക്കു കീഴിലാണ് തിണ്ടിസ് എന്നും പെരിപ്ലസ് വിശദീകരിക്കുന്നു. അന്നത്തെ പ്രധാന തുറമുഖങ്ങൾ ആയിട്ട് Muziris ഉം  Nelcynda-യും പെരിപ്ലസ് അടയാളപ്പെടുത്തുന്നുണ്ട്. Muziris നിന്നു പുഴ കടൽവഴി Nelcynda യിലേക്കുള്ള ദൂരം അഞ്ഞൂറ് സ്റ്റാഡിയയാണെന്നും (five Hundred stadia) അത് പാണ്ഡ്യ രാജ്യത്തിന് കീഴിലാണെന്നും പെരിപ്ലസ് വിശദമാക്കുന്നുണ്ട്. (The Periplus of the Erythrean Sea, Wilfred H Schoff -trans-  Longmans, Green and Co, London 1912, Page 44)

Cerobothra-ക്കു കീഴിലായിരുന്നുവെന്നു പെരിപ്ലസ് പറയുന്ന തുറമുഖങ്ങളിൽ(Naura,  Tyndis)  ശാസ്ത്രീയമായ ഖനനങൾ ആവശ്യമാണ്. ഈ കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും  തമിഴ്‌നാട്ടിൽ നടന്ന ചില ഉല്‍ഖനനങ്ങളെയാണ് ഇന്നും ഉദ്ധരിക്കാറ്. Limyrike  എന്നതിനെ ദ്രവീഡിയൻ സങ്കല്പവുമായി യോജിപ്പിക്കാൻ ഇത്തരം  പഠനങ്ങളില്‍ എന്നു വ്യാപകമായി  ഉപയോഗിക്കുന്നു.  പഴയ തുറമുഖങ്ങളുടെ  പ്രാധാന്യവും കാലപ്പഴക്കവും അറിഞ്ഞ് വിദേശ ഗവേഷകര്‍ എന്തുകൊണ്ട് ഇവിടെ ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുന്നില്ല എന്ന്  ആശ്ചര്യപ്പെടാറാണ് പതിവ്.  ചരിത്ര വിദ്യാർത്ഥികൾക്ക് വളരെ വലിയ നിധിയാണ്  ഈ തീരപ്രദേശങ്ങൾ. ചരിത്രത്തേയും ആർക്കയോളജിയേയും ഒരുമിപ്പിച്ച് പ്രദേശത്തിന്റെ ചരിത്രം   അന്വേഷിക്കുകയെന്ന ചുമതല നിര്‍വ്വഹിക്കപ്പെടേണ്ടതുണ്ട്. ഇവിടെ ശാസ്ത്രീയമായ പര്യവേക്ഷണങ്ങളിലൂടെ  ചരിത്ര ജ്ഞാനോല്പാദനവും  വിജ്ഞാനവികസനവും കൂടുതൽ സജീവമാക്കേണ്ടിയിരിക്കുന്നു.  കേരളത്തിന്റെ പേരുമാറ്റുന്നതിനു മുന്‍പ്  സർക്കാരും  അതിന്റെ കീഴിലുള്ള കെ.സി.എച്ച്.ആറും  ഉന്നത വിദ്യാഭ്യാസവകുപ്പും ഈ ചിന്തകളെ  പോസിറ്റീവായി കാണുമെന്ന് കരുതട്ടെ. 

സംസ്‌കൃതത്തിലെ പേര്  സ്വദേശീവൽക്കരിക്കുന്നു

കേരള പഴമയിൽ  സംസ്കൃതത്തിലെ പേരിനെ ജനകീയമാക്കാനുള്ള ശ്രമം ഹെർമെൻ ഗുണ്ടര്‍ട്ടിന്റെ ഭാഗത്തുനിന്നു കാണാം. 1498 മുതൽ വരെയുള്ള മലയാളത്തിന്റെ ചരിത്രം പ്രസിദ്ധീകരിച്ച ഹെർമൻ ഗുണ്ടർട്ട് അതിനു പേരു നൽകിയത്  ‘കേരള പഴമ’ എന്നായിരുന്നു. എന്നാൽ ഇംഗ്ലീഷിൽ കേരള എന്നതിനെ മലബാറ് എന്നുതന്നെയാണ് മൊഴിമാറ്റി എഴുതിയത്!  (Herman Gundert, Kerala Parama or The History of Malabar A.D. 1498-1631, Mangalore, 1868 -  ‘ഴ’ എന്ന അക്ഷരത്തെ അക്കാലത്ത് R എന്നാണ് ഇംഗ്ലീഷിലേക്ക് ലിപ്യന്തരം  ചെയ്തിരുന്നത്. അതുകൊണ്ടാണ് ഇവിടെ Kerala Parama എന്ന് എഴുതിക്കാണുന്നത്.  ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ പഴയകാല രചനകളിൽ കാണാം).    

‘പറങ്കികൾ മലയാളത്തിൽ വന്ന പ്രകാരം പറയുന്നു’ എന്നതാണ് ഒന്നാം അദ്ധ്യായത്തിന്റെ തലക്കെട്ട്. പ്രധാന ചരിത്രം പരാമർശിക്കുന്നിടത്തെല്ലാം സ്ഥലനാമമായി മലയാളം എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. ഉദാ: മലയാളം ചീന ചരക്കുകൾ, പോർത്തുഗലിൽ ഓടി മലയാളത്തിലേക്കുള്ള വഴി അന്വേഷിച്ചു, മലയാളത്തിൽ പോയി കച്ചവടം ചെയ്തു. ലഭ്യമായ മറ്റു സ്രോതസ്സുകളിൽനിന്നും പ്രദേശത്തിന്റെ ജനകീയമായ പഴയ പേര് മലയാളമായിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ കാണാം.    
വില്ല്യം ലോഗൻ (1841-1914) മലബാർ മാന്വലിൽ  പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ച് പറയുന്നിടത്ത്  കേരള മാഹാത്മ്യം കേരളോല്പത്തി കഥകൾ പറഞ്ഞാണ് ആരംഭിക്കുന്നത്. നമ്പൂതിരി ബ്രാഹ്മണര്‍ക്കൊപ്പം ഇറക്കുമതി ചെയ്യുന്നതുവരെ കേരളം എന്ന പേര് മലബാറിൽ ഉപയോഗിക്കാൻ സാധ്യതയില്ല എന്ന വാദമാണ് ലോഗനുള്ളത്. ഈ പേര് ഇവിടെയെത്തിയതിനുശേഷവും കേരളോല്പത്തിയിൽ മൂന്നാമത്തെ ഭാഗമായി വിവരിച്ച ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന പഴയ ചേര രാജ്യത്തിന്റെ ഭാഗത്തെ സൂചിപ്പിക്കാനാണ്  ഉപയോഗിച്ചതെന്നും ലോഗൻ പ്രത്യേകം വിശദീകരിക്കുന്നു: -The name Kerala was probably not in use in Malabar itself until it was imported along with Nambutiri Brahmans, and after being so imported it was naturally applied to that portion only of ancient Chera where those Brahmans settled most thickly, that is in the third of the divisions or kingdoms mentioned in the Keralolpatti- (William Logan, Malabar Manual, Government press, Madras, 1951, Vol I, page 224)

മലയാളം എന്നതിനു  പകരമായി   ഹെർമൻ ഗുണ്ടര്‍ട്ട് കേരളം  എന്ന സംസ്‌കൃതനാമം പ്രദേശത്തിന്റെ മൊത്തം പേരായി ഉപയോഗിക്കുകയായിരുന്നു. ‘മലയാം’ എന്നതിനു പകരം മലയാളം  ഭാഷയുടെ പേരായി മാറുന്നതും കേരളം എന്ന സംസ്‌കൃതനാമം  സാധാരണക്കാരന്റെ ദേശത്തിന്റെ പേരായ മലയാളത്തിനു പകരമായി വരുന്നതും ഹെർമൻ ഗുണ്ടര്‍ട്ടിനു ശേഷമാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പിൽ സ്വാധീനമുണ്ടായിരുന്ന ഗുണ്ടര്‍ട്ടിന്  ഈ പേരുകൾ കൂടുതൽ പ്രചാരത്തിലെത്തിക്കാൻ സാധിക്കുകയും ചെയ്തു.

സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ചരിത്രരചനകൾ

കേരളം  എന്ന പേര് സാധാരണക്കാര്‍ കൂടി  ഉപയോഗിച്ചിരുന്നു എന്ന തരത്തിലുള്ള ചിന്തകളിൽനിന്ന് ഒരല്പം പോലും മുന്നോട്ടു പോകാതെയാണ് പ്രൊഫസ്സര്‍  ഇളംകുളം പി.എൻ. കുഞ്ഞന്‍പിള്ള (1904-1973) തന്റെ ചരിത്രാന്വേഷണങ്ങൾ തുടങ്ങുന്നത്. സംസ്‌കൃതത്തിന്റേയും തമിഴിന്റേയും പശ്ചാത്തലത്തിൽ തനതു പ്രാദേശിക ചരിത്രത്തെ അന്വേഷിക്കുമ്പോൾ ഉണ്ടാകുന്ന വലിയ പരിമിതികളാണിവ.  ബ്രാഹ്മണഭാഷയ്ക്കും ദേശപ്പേരിനും അപ്പുറത്ത് ഇവിടെ സാധാരണക്കാരന് ഒരു ഭാഷയും പ്രദേശത്തിന്റെ തനതു പേരുമെല്ലാം ഉണ്ടായിരുന്നുവെന്ന വസ്തുതകൾ കാണാതെ പോയതും അതുകൊണ്ടാകാം. പ്രൊഫസര്‍ ഇളംകുളമാണ് ആദ്യമായി വിശാല അര്‍ത്ഥത്തിലുള്ള ‘കേരള ചരിത്ര’ രചന നടത്തി കൊടുങ്ങല്ലൂരിനടുത്ത് മഹോദയപുരം തിരിച്ചറിഞ്ഞത്. (ഇളംകുളം പി.എൻ. കുഞ്ഞന്‍പിള്ള, അന്നത്തെ കേരളം, നാഷണൽ ബുക്‌സ്റ്റാൾ, ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടിൽ, നാഷണൽ ബുക്‌സ്റ്റാൾ, 1961. കേരളഭാഷയുടെ വികാസപരിണാമങ്ങൾ, എഡ്യുക്കേഷണൽ സപ്ലയ്‌സ് ഡീപൊട്ട്, തിരുവനന്തപുരം, 1958) കേരളം എന്നതിന് പൊതുഭാവം നൽകാനുമുള്ള അക്കാദമിക ശ്രമങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെട്ടു എന്നുവേണം കരുതാൻ. ഹെർമൻ ഗുണ്ടർട്ട് ഉപയോഗിച്ച ഭാഷയുടേയും ദേശത്തിന്റേയും പേരുകളിൽ ചര്‍ച്ചകളില്ലാതെ, ആ ആശയഗതിയെ പിന്തുടരുകയായിരുന്നു  അക്കാദമിക സമൂഹം. 

ഇളംകുളം കുഞ്ഞന്‍പിള്ള


പ്രൊഫസര്‍  ഇളംകുളം കുഞ്ഞന്‍പിള്ളയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്  A Survey of Kerala History രചിച്ച എ. ശ്രീധരമേനോൻ (1925-2010) അവതരിപ്പിക്കുന്നത് അധികവും ഇളംകുളത്തിന്റെ ചിന്തകൾ തന്നെയാണ്. Language and Nation-ന്റെ ഭാഗമായി എല്ലിസ്  മുന്നോട്ടുവെച്ച ദ്രവീഡീയൻ തത്ത്വങ്ങളെ കണ്ണടച്ച് ഇദ്ദേഹം പിന്തുടരുന്നതും കാണാം. എ.ഡി. 800 വരെ കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു,  ഭാഷ തമിഴായിരുന്നു എന്നീ ചിന്തകൾ തന്നെയാണ് ശ്രീധരമേനോനും അവതരിപ്പിക്കുന്നത്. വിദേശ രചനകളിൽ ഏറെ  പരിചിതമായ മലബാർ എന്ന പേരിനെ കേരളവുമായി ബന്ധിപ്പിക്കാനാണ് ഗുണ്ടര്‍ട്ടിനെ പിന്തുടർന്ന് അദ്ദേഹവും  ശ്രമിച്ച്തു (A. Sreedhara Menon,  A Survey of Kerala History, D.C. Books, Kottayam, 2007).

എ ശ്രീധരമേനോന്‍

ഇളംകുളം കുഞ്ഞന്‍പിള്ള നൽകിയ ഭരണാധികാരികളുടെ ലിസ്റ്റും കാലവും പരിഷ്കരിക്കുകയാണ് പ്രൊഫസര്‍ എം.ജി.എസ് ചെയ്തത്.   അദ്ദേഹത്തിന്റെ പി.എച്ച്ഡി. പ്രബന്ധം  കുലശേഖര സാമ്രാജ്യം പുസ്തകമായപ്പോൾ കേരളത്തിലെ പെരുമാക്കന്മാര്‍ എന്ന പേരാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, പഠനത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്ന തലക്കെട്ട് ‘Ritual Sovereignty and Brahmin Oligarchy in early Medieval Kerala’യാകും. അധികാരമുണ്ടായിരുന്ന ഒരു ചെറിയ വിഭാഗത്തിന്റെ ചരിത്രവും അവർ ഉപയോഗിച്ച പേരും പൊതുസമൂഹത്തിന്റേതാവുന്ന  പ്രവണതയാണ് ഇവിടെയും പ്രകടമായത്. (M.G.S Narayanan, Perumals of Kerala, Cosmo Books, 2013).

ചരിത്രപഠനത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പ്രൊഫസര്‍  എം.ജി.എസ് തന്നെ പറയുന്നുണ്ട്: “തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ പേരിൽ മാറ്റം വരുത്തി കേരള സര്‍വ്വകലാശാലയാക്കിയിട്ടും വളരെ കൊല്ലങ്ങളോളം -1970 വരെ- ചരിത്രം എന്ന വിഷയത്തിന് അയിത്തം കല്പിച്ചിരുന്നു.” (ചരിത്രം വ്യവഹാരം - കേരളവും ഭാരതവും. കറന്റ് ബുക്‌സ്, 2015). എങ്ങനെയാണ് താഴ്ന്ന ജാതിക്കാരുടെ ദേശനാമം - മലയാളം -  അക്കാദമിക ലോകത്ത് വാഴുക?   പിന്നീടു വന്ന അക്കാദമിക പഠനങ്ങളിലും  കേരളം എന്നതിന്റെ വ്യാപ്തിയേയും അതിരുകളേയും  വിവിധ കാലഘട്ടങ്ങളിലേക്കു കൊണ്ടുപോയി.  ‘പ്രാചീന കേരളം’,  ‘മധ്യകാല കേരളം’ എന്നിങ്ങനെയുള്ള വേര്‍തിരിവുകൾ നടത്തി!  വീക്ഷണഗതിയിലും രീതിശാസ്ത്രത്തിലും അധികമൊന്നും മാറ്റമില്ലതെയാണ് സ്റ്റേറ്റും ചരിത്രത്തെ സമീപിച്ചത്. ഉദാ: P.J. Cherian Perspectives on Kerala History,  Government of Kerala, 1999.

രാജന്‍ ഗുരുക്കള്‍

പ്രൊഫസര്‍  രാജൻഗുരുക്കളും എം.ആര്‍. രാഘവവാര്യരും ചേർന്നെഴുതിയ കേരളചരിത്ര പുസ്തകത്തിൽ സമീപനങ്ങളെക്കുറിച്ച് പറയുന്നിടത്ത് “കേരളചരിത്രം ഇന്നും ആ പഴയ കുറ്റിയിൽ കിടന്നു തിരിയുന്നതേയുള്ളൂ”  എന്ന് ആശങ്കപ്പെടുന്നു. (രാജൻഗുരുക്കൾ, രാഘവവാര്യര്‍, കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, 1991). എന്നാൽ, ഈ പ്രതീക്ഷകളെ അപ്രസക്തമാക്കുന്ന സമീപനങ്ങളാണ്  പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നത്.  കേരളോല്പത്തി  പതിനെട്ടാം നൂറ്റാണ്ടിൽ എഴുതിയതല്ല എന്ന പ്രശ്നം  ഇവർ ഉന്നയിക്കുന്നുണ്ട്. ഏതു നൂറ്റണ്ടിൽ എഴുതി എന്നതിനെക്കാൾ അതിനെ അവലംബമാക്കി ഇവിടുത്തെ സാധാരണക്കാരന്റെ ചരിത്രം എഴുതേണ്ടതുണ്ടോ എന്ന പ്രശ്നമാണ് പുരോഗമനപക്ഷത്തുനിന്ന് ഉയരേണ്ടത്. ഇവർ കണ്ടുവെന്നു പറയുന്ന 1527-ലെ  കേരളോല്പത്തിയുടെ ഭാഷയേതാണ്? ബ്രാഹ്മണഭാഷയിൽനിന്നു സാധാരണക്കാരന്റെ  ഭാഷയിലേക്ക് മാറ്റി   എല്ലാവരുടേയും ചരിത്രമാക്കി അവതരിപ്പിക്കുന്ന ഈ സമീപനം എങ്ങനെയാണ് നീതിപൂര്‍വ്വമാകുക? ചരിത്രപരമായ ജ്ഞാനോല്പാദനത്തിൽ സാധാരണക്കാരന്റെ വ്യവസ്ഥിതിയെ അവന്റെ പരിസരത്തുനിന്നും ഭാഷയിൽനിന്നും അറിയുകയെന്നത്   പ്രധാനമാണ്. 

ഇഎംഎസ്

സാധാരണക്കാരന്റെ പേരിനോടുള്ള ഇ.എം.എസ്സിന്റെ നിലപാട്

ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ കേരളം എന്ന പേരിന്റെ കാര്യത്തിൽ ഇ.എം.എസ്. ഉദ്ധരിക്കുന്നത് കെ.പി. പത്മനാഭമേനോനെ (1857-1919)യാണ്. കേരള ചരിത്രം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിൽ വന്നപ്പോഴും  കേരളം എന്നത് തൊഴിലാളി വർഗ്ഗത്തിന്റേയും സാധാരണക്കാരന്റേയും നാട്ടുപേരായി അവതരിപ്പിക്കുന്നു! 

പത്മനാഭമേനോന്റെ പുസ്തകം പരിശോധിച്ചാൽ ഇങ്ങനെ കാണാം. സംസ്‌കൃത സാഹിത്യത്തിൽ പ്രദേശത്തെ കേരളം എന്നാണ് വിളിക്കുന്നത്.  മലയാളികൾ ഈ പേര് വിളിക്കാൻ ഇഷ്ടപ്പെടുന്നു. ഒരിക്കൽക്കൂടി കേരളം ഒരു സംസ്‌കൃത പദമാണെന്ന് വ്യക്തമാക്കുന്നുണ്ട് അദ്ദേഹം.  -Kerala is a Sanskrit word-  (K.P Pathmanabha Menon, A history of Kerala, written in the form of notes on Visscher's letters from Malabar, Cochin Government Press, Ernakulam 1924,  page 28). മലയാളികൾ ഇഷ്ടപ്പെടുന്നു എന്നു എഴുതിയപ്പോൾ പത്മനാഭമേനോൻ എന്താണ് ഉദ്ദേശിച്ചത്? ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ ആ കാഘട്ടത്തിലെ ജീവിതരീതികൾ അറിയുകയെന്നത് പ്രധാനമാണ്.  പത്മനാഭമേനോന്‍ മരണപ്പെട്ടിരുന്നു. പിന്നീട് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ  ഒരു ദശാബ്ദം മുന്‍പാണ്  ഈ പുസ്തകം  പ്രിന്റ് ചെയ്യുന്നത് (1924).  അഥവാ പൊതുനിരത്തിൽക്കൂടി അവർണ്ണ ജനങ്ങൾക്ക് വഴിനടക്കാനുള്ള അവകാശങ്ങൾ ഇല്ലാത്ത കാലം. അന്നാരാണ് സാധാരണക്കാരന്റെ ഇഷ്ടങ്ങൾ പരിഗണിക്കുക. പ്രദേശത്തിന്റെ സ്വദേശീയമായ (indigenous) പേര് മലയാളം ആണെന്ന്  പത്മനാഭമേനോൻ തന്നെ  ഇതേ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്- The indigenous word used by the people of Malabar to denote the country is Malayalam. (page 6).  ഇ.എം.എസ്സിനെപ്പോലെ ഒരാൾ എന്തുകൊണ്ട് സാധാരണക്കാരന്റെ പേരെന്ന് പത്മനാഭമേനോൻ തന്നെ വ്യക്തമാക്കിയ മലയാളത്തെക്കുറിച്ച് ചിന്തിച്ചില്ല? ഒപ്പം  എല്ലാ മലയാളികളും സംസ്‌കൃതത്തിലെ പേര് വിളിക്കാൻ ഇഷ്ടപ്പെടുന്നു എന്ന ചിന്ത എന്തുകൊണ്ടാണ് ഇ.എം.എസ്സിന് ഉദ്ധരിക്കേണ്ടിവന്നത്? കമ്യൂണിസ്റ്റ് ചരിത്രത്തിലും  സാധാരണക്കാരന്റെ ദേശപ്പേര് അവഗണിക്കപ്പെട്ടു.  

ബ്രാഹ്മണിക്കൽ ബോധത്തിന്റെ പിന്‍ബലമുള്ള രീതിശാസ്ത്രങ്ങളാൽ സാമാന്യവൽക്കരിക്കപ്പെട്ട ‘കേരളത്തേ’യും  സാധാരണക്കാരന്റെ പൊതുനാമമായിരുന്ന  ‘മലയാളത്തേ’യും  വിവേചിച്ചറിയാൻ കമ്യൂണിസ്റ്റ് ചരിത്രത്തിനു കഴിഞ്ഞില്ല എന്നത്   വലിയ വൈരുദ്ധ്യം തന്നെയാണ്.  മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായ ഇ.എം.എസ്. എഴുതിയ ചരിത്രത്തിന്റെ അക്കാദമിക മികവ് ചോദ്യം ചെയ്യുന്നത് ഉചിതമാകില്ല.     എന്നാൽ പിൽക്കാലത്ത് മുഴുസമയം  വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുകയും   സ്റ്റേറ്റിന്റെ ഭാഗമായി പോലും ചരിത്രരചനകൾ നടത്തുകയും ചെയ്തവർക്കുപോലും  സാധാരണക്കാരന്റെ ഭാഷയിലെ പേരിലേക്കും ചരിത്ര ചുറ്റുപാടിലേക്കും തിരിച്ചെത്താൻ കഴിഞ്ഞില്ല. സാധാരണക്കാരന്റെ പേരിനെ പൂര്‍ണ്ണമായും അവഗണിച്ച് പ്രത്യയശാസ്ത്ര പിന്‍ബലമില്ലാത്ത ഇത്തരത്തിലുള്ള സമാന്യവൽക്കരണത്തെ  ദശാബ്ദങ്ങളായി കമ്യൂണിസവും  പിന്തുടരുന്നു.  സാധാരണക്കാരെ പരിഗണിക്കുന്ന വിശാല അര്‍ത്ഥത്തിലുള്ള സമീപനമാണ്   ചരിത്രത്തിന്റേയും  സംസ്ഥാനത്തിന്റെ പേരിന്റേയും പ്രാദേശിക ഭാഷയുടേയും കാര്യത്തിൽ  പ്രതീക്ഷിക്കുന്നത്.