നമുക്കുവേണം ശാസ്ത്രാഭിമുഖ്യമുള്ള രാഷ്ട്രീയം

തിരുവനന്തപുരം ജില്ലയിലെ കളിപ്പാറ
തിരുവനന്തപുരം ജില്ലയിലെ കളിപ്പാറ



* ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേത് സമഗ്രവും ശാസ്ത്രീയവുമായ സമീപനം 
* പരിസ്ഥിതി സംരക്ഷണം വേണ്ടത് ജനങ്ങളുടെ നേതൃത്വത്തില്‍ 
* അനന്തമായ വികസനം കാലഹരണപ്പെട്ട ആശയം 
* പരിസ്ഥിതി കേരളത്തില്‍ സജീവചര്‍ച്ചയാകാന്‍ കാരണം നാടിന്റെ ഇടതുപക്ഷമനസ്സ്

കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫോറസ്റ്റ് എന്റോമോളജി ഡിപാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഡോ. ടി.വി. സജീവ് നിലപാടുകള്‍കൊണ്ട് നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ ഇടപെടുന്നയാളാണ്. പിന്നിട്ട രണ്ടു പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളും ഇടപെടലുകളും വിഭവങ്ങളുടെ ദുര്‍വിനിയോഗത്തിലും ചൂഷണത്തിലുമൂന്നി ധനസമ്പാദനം ലക്ഷ്യമിടുന്ന ഒരു വിഭാഗത്തിന്റെ വിമര്‍ശനത്തിനും എതിര്‍പ്പിനും കാരണമായിരുന്നു. പശ്ചിമഘട്ടത്തിലെ ചെങ്കുത്തായ മലകളിലെ പാറഖനനത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയതാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ദുരന്തത്തിനു വഴിതെളിച്ചതെന്ന സജീവിന്റെ പ്രസ്താവന ക്വാറി മുതലാളിമാരെ പ്രകോപിതരാക്കുകയും അത് അദ്ദേഹത്തിനെതിരെയുള്ള പരസ്യമായ പ്രതിഷേധ പ്രകടനങ്ങളില്‍ കലാശിക്കുകയും ചെയ്തിരുന്നു. 

വനഷഡ്പദങ്ങളുടെ പെരുപ്പം, ജൈവനിയന്ത്രണം എന്നിവയ്ക്കു പുറമേ ജൈവാധിനിവേശത്തിലും അദ്ദേഹത്തിനു വിപുലമായ ഗവേഷണാനുഭവമുണ്ട്. ഇപ്പോള്‍ കെ.എഫ്.ആര്‍.ഐയില്‍ ട്രീ ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ ഡെസ്‌ക് കോ-ഓര്‍ഡിനേറ്റ് ചെയ്യുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു. സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, കുട്ടികളുടെ ശാസ്ത്രസംബന്ധിയായ സംശയങ്ങള്‍ക്കു നിവാരണം നല്‍കുന്ന ആസ്‌ക് എ ക്വസ്ച്യന്‍ എന്ന സംവിധാനം സജീവ് വിഭാവനം ചെയ്തു നടപ്പാക്കുന്നതാണ്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഗോളതാപനത്തിന്റേയും മനുഷ്യന്റെ പ്രാദേശികമായ ഇടപെടലുകള്‍ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളുടേയും പശ്ചാത്തലത്തില്‍ സമകാലിക മലയാളം അദ്ദേഹവുമായി സംസാരിച്ചു. ജനകീയമുഖമുള്ള ശാസ്ത്രം എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന സജീവ് തന്റെ നിലപാടുകള്‍ ആ സന്ദര്‍ഭത്തില്‍ വാരികയുമായി പങ്കുവയ്ക്കുകുയും ചെയ്തു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

യാഥാസ്ഥിതികമായ പാരിസ്ഥിതിക റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ചതെന്നും അതിലെ നിലപാടുകള്‍ വെറും ആദര്‍ശാത്മകമാണെന്നും വിമര്‍ശനമുണ്ട്. ഈ വിമര്‍ശനത്തില്‍ എത്ര കഴമ്പുണ്ട്? 
പ്രത്യയശാസ്ത്രപരമായി ക്രാഫ്റ്റഡ് ആയ ഒരു റിപ്പോര്‍ട്ടല്ല മാധവ് ഗാഡ്ഗില്‍ പാനലിന്റേത്. അത് ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടാണ്. പശ്ചിമഘട്ടനിരകളിലെ ഇപ്പോഴത്തെ അവസ്ഥയാണ് അതിന്റെ പശ്ചാത്തലം. ഇനിയങ്ങോട്ട് ഏത് രീതിയില്‍ പശ്ചിമഘട്ടത്തെ പരിപാലിക്കണമെന്നു സംബന്ധിച്ച് എന്തെല്ലാം പദ്ധതികള്‍ വേണമെന്ന് നിര്‍ദ്ദേശിക്കാനും ഗാഡ്ഗില്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു ശാസ്ത്രസമൂഹം നിരന്തരമായി ചെയ്തുവരുന്ന കാര്യമാണ്. പരിസ്ഥിതിശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഒരു ലാന്‍ഡ്‌സ്‌കേപ്പിന്റെ മാനേജ്‌മെന്റ് പരമപ്രധാനമായ ഒരു കാര്യമാണ്. പശ്ചിമഘട്ടം ഉള്‍ക്കൊള്ളുന്ന കേരളത്തെ സംബന്ധിച്ചോ, അല്ലെങ്കില്‍ അതു കടന്നുപോകുന്ന കേരളമുള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളെ സംബന്ധിച്ചോ പാരിസ്ഥിതികമായ സംരക്ഷണം ചര്‍ച്ച ചെയ്യുമ്പോള്‍ അതിനു ശാസ്ത്രത്തിന്റെ സഹായം ആവശ്യമാണ്. ശാസ്ത്രം പറയുന്ന മുന്‍കരുതലുകള്‍ കൂടി നമുക്കു ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. ഒരുപക്ഷേ, ഈ പ്രശ്‌നങ്ങളെ ശാസ്ത്രീയമായും ഏറെക്കുറെ സമഗ്രമായും കാണുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് മാധവ് ഗാഡ്ഗില്‍ പാനലിന്റേത് എന്നു പറയേണ്ടതുണ്ട്. വസ്തുനിഷ്ഠതയാണ് അതിന്റെ അടിസ്ഥാനം. അതു നിലകൊള്ളുന്നത് പാറപോലെ ഉറച്ച യാഥാര്‍ത്ഥ്യങ്ങളുടെ പുറത്താണ്. പലരും ആരോപിക്കുന്നതുപോലെ റൊമാന്റിക്കായ ഒരു റിപ്പോര്‍ട്ടേയല്ല അത്. പശ്ചിമഘട്ടത്തെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ നടന്ന നിരവധി പഠനങ്ങളെ അത് ആശ്രയിച്ചിട്ടുണ്ട്. അത് ഉപയോഗിച്ചിട്ടുള്ള മെഥഡോളജിയും ഏറെ താല്പര്യജനകമാണ്. റിപ്പോര്‍ട്ട് തുടങ്ങുന്നതു തന്നെ കറന്റ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച രീതിശാസ്ത്രത്തെ എടുത്തുപറഞ്ഞുകൊണ്ടാണ്. കറന്റ് സയന്‍സ് എന്ന ജേണലില്‍ വന്നതിനോട് പല ആളുകളും പ്രതികരിക്കുകയും സംവാദാത്മകമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ റിവൈസ് ചെയ്തിട്ടുള്ള ഒരു മെഥഡോളജിയാണ് പിന്നീട് സ്വീകരിച്ചത്. പശ്ചിമഘട്ട മലനിരകളെ ഒമ്പത് സ്‌ക്വയര്‍ കിലോമീറ്ററിന്റെ ഗ്രിഡുകളായി തിരിച്ച് ഓരോ ഗ്രിഡിന്റേയും പാരിസ്ഥിതിക പ്രാധാന്യവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ചരിത്രപരമായ സവിശേഷതകളും കൃഷി, ജനസാന്ദ്രത എന്നിവയൊക്കെ കണക്കിലെടുത്തും ഓരോ ഗ്രിഡിനും ഒരു സംഖ്യ നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോള്‍ വനംവകുപ്പ് സംരക്ഷിക്കുന്ന സ്വാഭാവിക വനത്തിനു നല്‍കിയിട്ടുള്ള സംഖ്യയേക്കാള്‍ കൂടുതല്‍ സംഖ്യ ലഭിച്ച സ്‌ക്വയറുകളെയാണ് ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ ഒന്നായി ക്ലാസ്സിഫൈ ചെയ്തത്. അതിനു താഴെ വരുന്ന സംഖ്യ ലഭിച്ചവയെ യഥാക്രമം സോണ്‍ രണ്ടും മൂന്നും ആയി ക്ലാസ്സിഫൈ ചെയ്തു. ഇത്തരത്തില്‍ ഒരു സോണേഷന്‍ ആദ്യമായിട്ടാണ് പ്രൊപ്പോസ് ചെയ്യപ്പെടുന്നത്. ഇതു പറയുമ്പോള്‍ ഇതിനു മുന്‍പേ എങ്ങനെയാണ് സംരക്ഷിതപ്രദേശങ്ങള്‍ എന്ന പദവി പലയിടങ്ങള്‍ക്കും നല്‍കപ്പെട്ടത് എന്നു നോക്കണം. ഉദാഹരണത്തിനു പറമ്പിക്കുളം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് തുടങ്ങിയവ. ഈ സംരക്ഷിത പ്രദേശങ്ങളൊക്കെ രൂപപ്പെട്ടുവന്നത് ചില സ്പീഷിസുകളെ മുന്‍നിര്‍ത്തിയിട്ടാണ്. സൈലന്റ് വാലിയെയൊക്കെ പോലെയുള്ളവ. അത്തരം പ്രദേശങ്ങള്‍ക്കു കൃത്യമായ ചില അതിരുകള്‍ വരച്ചു. ഇനി ആ പ്രദേശങ്ങളിലെ മനുഷ്യ ഇടപെടല്‍ ആവര്‍ത്തിക്കരുത് എന്നതായിരുന്നു, അതായത് അവിടേയ്ക്ക് മനുഷ്യര്‍ കയറരുത് എന്നതായിരുന്നു ഉദ്ദേശ്യം. അണക്കെട്ടുകള്‍ ഉണ്ടാക്കിയ സമയത്ത് അവയുടെ വൃഷ്ടിപ്രദേശങ്ങളില്‍ പാരിസ്ഥിതികമായ മാറ്റങ്ങള്‍ ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി അവയേയും സംരക്ഷിതപ്രദേശങ്ങളായി പ്രഖ്യാപിച്ച് അവിടങ്ങളില്‍നിന്നു മനുഷ്യരെ പുറത്താക്കുകയാണ് ചെയ്തത്. എന്നാല്‍, ഗാഡ്ഗില്‍ കമ്മിറ്റി സോണുകളായി തിരിച്ച ഇടങ്ങളില്‍നിന്നു മനുഷ്യരെ പുറത്താക്കുക എന്ന പ്രശ്‌നമുദിക്കുന്നേയില്ല. അവിടെ മനുഷ്യര്‍ക്കു ജീവിക്കുകതന്നെ ചെയ്യാം. സോണുകള്‍ക്കനുസരിച്ച് അവിടത്തെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്, ഇടപെടലുകള്‍ക്കു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍ വണ്ണില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കരിങ്കല്‍ ക്വാറികള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നിര്‍ത്തല്‍ ചെയ്യാനാണ് (Phase out) നിര്‍ദ്ദേശം. രണ്ടാമത്തെ സോണില്‍ പത്തുവര്‍ഷത്തിനുള്ളിലും. അതേസമയം മൂന്നാം സോണില്‍ അവയ്ക്ക് പ്രവര്‍ത്തിക്കാമെന്നതുതന്നെയാണ്. 

ക്വാറികളുടെ പ്രവര്‍ത്തനം കുടുംബശ്രീകളെ ഏല്പിക്കണമെന്നൊക്കെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലോ? 
ക്വാറികളുടെ മാനേജ്‌മെന്റ് തലത്തിലുള്ള കാര്യമാണ് പറയുന്നത്. അത് പറയാനുള്ള കാരണം ഗോവയിലെ അനുഭവങ്ങളാണ്. ഗോവ ഒരുകാലത്ത് ഗംഭീരമായ ഖനനം നടന്നിട്ടുള്ള പ്രദേശമാണ്. ക്ലോഡ് അല്‍വാരിസൊക്കെ പറയുന്നത് ഗോവയിലെ ഖനനം വഴി ലഭിച്ച പണം ഗോവക്കാര്‍ക്കിടയ്ക്ക് വീതിച്ചുനല്‍കിയിരുന്നെങ്കില്‍ ഇന്നു ലോകത്തെ ഏറ്റവും സമ്പന്നര്‍ ഗോവക്കാര്‍ ആയിരിക്കുമെന്നാണ്. പക്ഷേ, അതല്ല സംഭവിക്കുന്നത്. ഇതു ക്വാറികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയമാണ്. ഞാന്‍ പറഞ്ഞുവന്നത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങനെയാണ് തയ്യാറാക്കിയത് എന്നതു സംബന്ധിച്ചാണ്. അതിന്റെ രീതിശാസ്ത്രം ആളുകളെ പുറത്താക്കുന്നതിലല്ല, ഇന്‍ക്ലൂസിവിറ്റിയിലാണ് വിശ്വസിക്കുന്നത്. ഒരു മനുഷ്യനേയും സോണുകളില്‍നിന്നു പുറത്താക്കാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, ആളുകളെ അങ്ങനെ പറഞ്ഞ് ഭയപ്പെടുത്തി. ഇപ്പോഴെന്താണ് സംഭവിച്ചത് എന്നു നോക്കൂ. ഈ സോണ്‍ ഒന്നിലും രണ്ടിലും ജീവിച്ചിരുന്ന പല ആളുകള്‍ക്കും അവരുടെ കിടപ്പാടങ്ങള്‍ വരെ നഷ്ടപ്പെട്ടു. അവര്‍ അവിടെനിന്നു പുറത്താക്കപ്പെടുകയാണ് ഉണ്ടായത്. എട്ടു വര്‍ഷത്തിനുശേഷമുള്ള സ്ഥിതി ഇതാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായ ഇടങ്ങളില്‍ പുതിയ വീടുകള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. ഇവര്‍ ഇപ്പോള്‍ പുറത്താകേണ്ടിവന്നത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതു കൊണ്ടല്ലല്ലോ. ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ച ഒരു വാദം ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അവിടെനിന്നു ജനങ്ങളെ പുറത്താക്കേണ്ടിവരുമെന്നായിരുന്നല്ലോ. ഇപ്പോള്‍ ഈ പരിസ്ഥിതിലോല മേഖലകളിലെ ജനങ്ങള്‍ പുറത്തുപോകേണ്ടിവന്നത് എങ്ങനെയാണ്? എന്തായാലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കമ്മിറ്റി റിപ്പോര്‍ട്ട് ആരെയും പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍നിന്നു പുറത്താക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതു നടപ്പാക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ക്കു പുറത്തുപോകേണ്ടിവന്ന അവസ്ഥാവിശേഷം വലിയൊരു പരിധിവരെ ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഐഡിയോളജിക്കലി മോട്ടിവേറ്റഡ് ആയ ഒരു റിപ്പോര്‍ട്ട് അല്ല മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടേത്. റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ പറ്റും? നടപ്പാക്കുന്നതു പോകട്ടെ, ചര്‍ച്ച ചെയ്യാന്‍പോലും പാടില്ലെന്നതല്ലേ എതിര്‍ക്കുന്നവരുടെ നിലപാട്?

റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ജനവുമായി കൂടിയാലോചന നടത്താതെയായിരുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. 
അങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി എത്ര പേരുമായി ചര്‍ച്ച നടത്തണമെന്നാണ് പറയുന്നത്? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കാള്‍ വലിയൊരു ഡോക്യുമെന്റുണ്ട് നമുക്ക്. അത് ഇന്ത്യയിലെ മൊത്തം മനുഷ്യരുടേയും ജീവിതങ്ങളെ ബാധിക്കുന്ന ഒന്നാണ്. അതിന്റെ പേര് ഇന്ത്യന്‍ ഭരണഘടന എന്നതാണ്. അതുണ്ടാക്കിയ സമയത്ത് എന്റെ അച്ഛനപ്പൂപ്പന്മാരൊക്കെ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരോടുകൂടി ചോദിച്ചിട്ടാണ് അതുണ്ടാക്കിയതെന്ന് അവരാരും പറഞ്ഞുകേട്ടിട്ടില്ല...

അതായത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഭരണഘടനാസ്വഭാവമുണ്ടെന്നാണോ അര്‍ത്ഥമാക്കുന്നത്? 
അങ്ങനെയല്ല... അത് മുന്നോട്ടുവെച്ചതെന്താണ്? ഇതാണ് ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സ്വഭാവങ്ങള്‍. ഇതൊക്കെയാണ് അവ സംരക്ഷിക്കുന്നതിനു നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍. ഈ സോണുകളുടെ അതിര്‍ത്തികള്‍ തീരുമാനിക്കേണ്ടത് പഞ്ചായത്തുകളും തദ്ദേശസ്വയംഭരണ സമിതികളുമാണ്. അതിന് പൂര്‍ണ്ണമായുള്ള അധികാരം ജനപ്രതിനിധികളുള്‍പ്പെടുന്ന സമിതികള്‍ക്കാണ്. അതു ജനങ്ങളുടെ സ്വാതന്ത്ര്യമാണ്. ആ തരത്തില്‍ അടിത്തട്ടിലുള്ള സാധാരണ മനുഷ്യരുടെ സംഘങ്ങളായിട്ടുള്ള ഗ്രാമസഭകളെ പരിസ്ഥിതി സംരക്ഷണത്തിനായി വിശ്വാസത്തിലെടുക്കണമെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളിലേയ്ക്ക് തര്‍ജ്ജമപ്പെടുത്തണമെന്നും അതിലെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് ഗാഡ്ഗില്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. അതേസമയം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയേ വേണ്ട. തള്ളിക്കളയുകയാണ് വേണ്ടത് എന്നതാണ് പലരുടേയും നിലപാട്. അതിനുശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉണ്ടായല്ലോ. പരിസ്ഥിതി സംരക്ഷണം എന്ന പ്രവര്‍ത്തനത്തിനു സാധാരണ മനുഷ്യരെ, ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൈക്കൊണ്ടതെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണ് പറയുന്നത്? ഇത്തരത്തില്‍ സുപ്രധാനമായ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്റെ ഉത്തരവാദിത്വം എങ്ങനെയാണ് നിരക്ഷരരായ ഗ്രാമീണരേയും ആദിവാസികളേയുമൊക്കെ ഏല്പിക്കുന്നത് എന്നാണ് അതു ചോദിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ വ്യതിരിക്തത മനസ്സിലാക്കാന്‍ എന്തുകൊണ്ട് അതിനെ എതിര്‍ക്കുന്നവര്‍ തയ്യാറാകുന്നില്ല? കാടിനെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് ആദിവാസികള്‍ക്കാണ് എന്നതാണ് കാടിനെക്കുറിച്ച് പഠിക്കുന്നയാള്‍ എന്ന നിലയില്‍ എനിക്ക് ഉറപ്പായും പറയാന്‍ കഴിയുന്നത്. അവരെക്കൂടി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കണം എന്നു വാദിക്കുന്ന ഒരു റിപ്പോര്‍ട്ടിനെയാണ് ചര്‍ച്ചകളൊന്നുമില്ലാതെ ഒഴിവാക്കണമെന്നു പറയുന്നത്. എതിര്‍ക്കുന്നതിനു ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. അതു പുറത്തുപറയാന്‍ പറ്റാത്തതുകൊണ്ട് ചില മുട്ടുന്യായങ്ങള്‍ കണ്ടുപിടിച്ചു, അത്രേയുള്ളൂ. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തെ മൊത്തം ഒരു യൂണിറ്റായി കാണുന്നില്ല എന്നതാണ് മറ്റൊരാക്ഷേപം. ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പാനലിനോട് പശ്ചിമഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് പറഞ്ഞത്. അതിനാണ് അവരെ നിയോഗിച്ചത്. പിന്നെയെങ്ങനെ മുഴുവന്‍ കേരളത്തെക്കുറിച്ചും പറയാന്‍ കഴിയും? കേരളത്തിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം പറഞ്ഞത് നമുക്ക് പശ്ചിമഘട്ടം മാത്രം സംരക്ഷിച്ചാല്‍ പോരല്ലോ, കേരളം മുഴുവന്‍ സംരക്ഷിക്കേണ്ടതുണ്ട് എന്നാണ്. സംശയമൊന്നുമില്ല. ഇപ്പോള്‍ ചെയ്യേണ്ടത് ഗാഡ്ഗില്‍ കമ്മിറ്റി ഉപയോഗിച്ച രീതിശാസ്ത്രം പ്രയോജനപ്പെടുത്തി കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നം പഠിക്കുകയും പരിഹാരം കണ്ടെത്തുകയുമാണ്. അതിലേയ്ക്ക് വികസിക്കുകയാണ് വേണ്ടത്. ജനകീയാസൂത്രണമൊക്കെ നടപ്പായ സമയത്ത് വികേന്ദ്രീകൃത അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വികസനം നടപ്പാക്കിയ അനുഭവങ്ങള്‍ നമുക്കു മുന്‍പിലുണ്ട്.

പരിസ്ഥിതിസംരക്ഷണ നിലപാടുകള്‍ക്കെതിരെ നിലപാടുകളുയരുന്നതില്‍ ചില സാമ്പത്തിക താല്പര്യങ്ങളുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഉപഭോഗത്തെയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സാമ്പത്തികവളര്‍ച്ചാ സങ്കല്പമാണ് നമ്മുടേത്. പാരിസ്ഥിതികമായ നിലപാടുകള്‍ക്ക് ഭരണതലത്തില്‍ പ്രാമുഖ്യം ലഭിക്കുമ്പോള്‍ അതു മൊത്തം നമ്മുടെ സാമ്പത്തികവളര്‍ച്ചയേയും മറ്റും ബാധിക്കുമെന്ന പേടിയുമുണ്ട്. പ്രത്യേകിച്ചും വ്യവസായമേഖലയിലേയും മറ്റും ഉല്പാദനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ പിന്നാക്കാവസ്ഥ കണക്കിലെടുക്കുമ്പോള്‍. ആഗോളതലത്തില്‍ കമ്പോളവ്യവസ്ഥയും മത്സരവും പിടിമുറുക്കിയ ഈ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ മത്സരക്ഷമതയേയും മറ്റും പാരിസ്ഥിതിക നിലപാടുകള്‍ക്ക് ഭരണതലത്തില്‍ പ്രാമുഖ്യം വര്‍ദ്ധിക്കുന്നത് ബാധിക്കുമോ എന്നും ആശങ്കയുണ്ടാകാം. ഇത്തരമൊരു സ്ഥിതിവിശേഷത്തെ എങ്ങനെ ശാസ്ത്രസമൂഹം അഭിസംബോധന ചെയ്യുമെന്നാണ് കരുതേണ്ടത്? 
കേരളം പോലുള്ള ഒരു പ്രദേശം എപ്പോഴെങ്കിലും സ്വയംപര്യാപ്തമാകുമെന്ന തെറ്റിദ്ധാരണ ഇത്തരം ചോദ്യങ്ങളില്‍ അന്തര്‍ലീനമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലായാലും ശരി, വ്യവസായങ്ങളുടെ കാര്യത്തിലായാലും ശരി, ഉപഭോഗം ചെയ്യുന്ന വസ്തുക്കളുടെ കാര്യത്തിലായാലും ശരി, ഒരുകാലത്തും സ്വയംപര്യാപ്തമായിരുന്നില്ല. ഇനി അങ്ങനെ ഒരിക്കലും സംഭവിക്കാനും പോകുന്നതേയില്ല. ഇനി അങ്ങനെയൊരു ലോകത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യവുമില്ല. നമ്മുടെ പ്രധാന ഭക്ഷണമായ അരിയുടെ കാര്യമെടുക്കൂ. നമുക്കു വേണ്ട അരി മുഴുവന്‍ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ സാധ്യമാകുമെന്നു കരുതാനാകുമോ? മലയാളി വളരെ സക്‌സസ്ഫുള്‍ ആയിട്ടുള്ള ജനതയാണ്. ലോകത്ത് മിക്കവാറും എല്ലായിടത്തും അവരെത്തിപ്പെട്ടുക്കഴിഞ്ഞു. ഗംഭീരമായ ജോലികളില്‍ അവരേര്‍പ്പെടുന്നു. ഗംഭീരമായി പണമയയ്ക്കുന്നു. അതങ്ങനെ തുടരുക തന്നെ ചെയ്യാനേ സാധ്യതയുള്ളൂ.

നമ്മള്‍ റെമിറ്റന്‍സ് ഇക്കോണമിയായി തുടരട്ടെ എന്നതാണോ? 
അല്ലാതെ വേറെ വഴിയില്ല. അതേസമയം മനസ്സിലാക്കേണ്ട ഒരു കാര്യം ഈ പോയവരില്‍ പല ആളുകളും തിരിച്ചുവന്നേക്കാമെന്നതാണ്. നമ്മുടെ ജീവിതാവശ്യങ്ങളെ ആ യാഥാര്‍ത്ഥ്യത്തിന് അനുസൃതമായി ക്രമീകരിക്കേണ്ടിവരും. കഴിഞ്ഞ വര്‍ഷം തൊട്ട് നമുക്കു മനസ്സിലായി കേരളം നമ്മള്‍ കരുതിയതുപോലെ, കുറേക്കാലം അനുഭവിച്ചതുപോലെ സുരക്ഷിതമായി അങ്ങനെ കഴിയാന്‍ പറ്റിയ സ്ഥലമല്ല എന്ന്. കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെ പഠിപ്പിച്ച വസ്തുത അതാണ്. സുരക്ഷിതമായ ഒരു മേഖലയിലല്ല തീര്‍ച്ചയായും നമ്മുടെ ജീവിതം ഇപ്പോള്‍. അനന്തമായ ഒരു വികസനം ഇവിടെ സാധ്യമല്ലെന്ന് അപ്പോള്‍ മനസ്സിലാക്കണം. നമ്മുടെ ലാന്‍ഡ്‌സ്‌കേപ്പിനെ സംരക്ഷിക്കുക എന്നതു മനസ്സിലാക്കി ഒരു ഷിഫ്റ്റ് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു. ആ സമയത്ത് നേരത്തെ തുടര്‍ന്നുവന്നിരുന്ന അതേ തരത്തിലുള്ള ഇക്കോണമിക് പ്രോസസ് മുന്നോട്ടു കൊണ്ടുപോകുകയെന്നതിനെക്കുറിച്ച് ഇനി ആലോചിക്കാന്‍ പറ്റില്ല. കേരളത്തിനകത്തുതന്നെ വലിയ വൈരുദ്ധ്യങ്ങളുണ്ട്. കൊട്ടാരസദൃശമായ വീടുകളുണ്ട് നമുക്ക്. വലിയ മതിലുകളുള്ളവ. അതൊക്കെ നിര്‍മ്മിക്കാനാവശ്യമായ വിഭവങ്ങള്‍ നമ്മള്‍ ഇവിടെനിന്നുതന്നെ കണ്ടെത്തിയതാണ്. അതേസമയം തന്നെ കേരളത്തില്‍ വീടുവയ്ക്കാന്‍ പറ്റാത്ത ആളുകളുണ്ട്. ജാതിക്കോളനികളില്‍ കുടുങ്ങിയവരുണ്ട്. ആദിവാസികളുണ്ട്. ഈ തരത്തില്‍ വലിയൊരു അസന്തുലിതാവസ്ഥ നമുക്കിടയിലുണ്ട്. ഇങ്ങനെയൊരു പരിതസ്ഥിതിയില്‍ നമ്മുടെ വിഭവ വിനിയോഗത്തില്‍, വികസന സങ്കല്പങ്ങളിലൊക്കെ സമഗ്രമായൊരു മാറ്റം സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അനന്തമായ വികസനം എന്ന മാതൃകയൊക്കെ ഇപ്പോള്‍ കാലഹരണപ്പെട്ടു. പല രാജ്യങ്ങളും അവരുടെ വളര്‍ച്ചയെ ഇതിനകം സ്റ്റെബിലൈസ് ചെയ്തുകഴിഞ്ഞു. പല രാജ്യങ്ങളും എത്ര ലിറ്റര്‍ പെട്രോള്‍ തങ്ങള്‍ കത്തിക്കുന്നുവോ അത്രയും തങ്ങള്‍ പുരോഗമിച്ചു എന്നു ധരിച്ചിരുന്നവരാണ്. ഇപ്പോള്‍ അങ്ങനെയൊരു ധാരണ അവര്‍ക്കില്ല. തീര്‍ച്ചയായും അവരുടെ ജീവിതനിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, ഫോസില്‍ ഇന്ധന ഉപഭോഗം കുറച്ചുകൊണ്ടുവരികയും ചെയ്യുന്നു. പരിസ്ഥിതി എന്നത് ലോകമെമ്പാടും ഒരു മുന്‍ഗണന ആയിക്കഴിഞ്ഞു. വലിയൊരു മഴ വരുമ്പോള്‍ പ്രളയം വരുമെങ്കില്‍, മണ്ണിടിച്ചില്‍ ഉണ്ടാകുമെങ്കില്‍ നമ്മുടെ മുന്‍ഗണന പരിസ്ഥിതിക്കു തന്നെയാകും. ആഗോളതാപനം എന്ന യാഥാര്‍ത്ഥ്യം ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ പ്രാധാന്യം മനുഷ്യന്റെ പ്രാദേശികമായ ഇടപെടലുകള്‍ക്കു നല്‍കാനാകുമോ എന്നതാണ് മറ്റൊരു ചോദ്യം. ഒരു ഉദാഹരണത്തിലൂടെ ഈ ചോദ്യത്തിനു മറുപടി നല്‍കാനാകും. ഒരാള്‍ ഒരു വാഹനാപകടത്തില്‍പ്പെടുന്നു. അയാള്‍ പരിക്കുകളില്‍നിന്ന് എത്ര സമയമെടുത്ത് വിമുക്തി നേടുന്നുവെന്നത് അയാളുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളില്‍നിന്നു നമ്മള്‍ എത്ര പെട്ടെന്നു വിമുക്തി നേടുന്നുവെന്നത് നമ്മുടെ പ്രാദേശികമായ പാരിസ്ഥിതികാരോഗ്യത്തെ ആശ്രയിച്ചിരിക്കും.

ഭൂപടങ്ങള്‍ മാറ്റിമാറ്റി വരയ്ക്കുന്ന ഒരു പതിവ് പ്രകൃതിക്ക് ഭൂമി ഉണ്ടായ കാലം തൊട്ടേ ഉണ്ടെന്നുള്ളതിന് അധികം തെളിവുവേണമെന്നു തോന്നുന്നില്ല. എന്നാല്‍, ഇതിനനുസരിച്ച് നമ്മുടെ ജീവിതം ക്രമീകരിക്കണമെന്ന തോന്നല്‍ മനുഷ്യര്‍ക്കുണ്ടായിട്ടാകട്ടേ അധികകാലമായിട്ടുമില്ല. നമ്മുടെ നാട്ടിലെ പല പ്രദേശങ്ങളും കടലിന്നടിയിലായിരുന്നെന്നും ഇനി പല പ്രദേശങ്ങളും കടലിന്നടിയില്‍ പോയിട്ടുണ്ടാകാമെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ കേരളത്തില്‍ വ്യാപകമായി ഉയര്‍ന്നുകേട്ടത് 2018-ലെ പ്രളയത്തിനുശേഷം മാത്രമാണ്. എത്രയോ കാലമായി നമ്മുടെ മിത്തുകളിലൊക്കെ കടലിന്നടിയില്‍നിന്ന് ഉയര്‍ത്തിയെടുത്ത ഭൂവിഭാഗമായിട്ട് കേരളത്തെ വിശേഷിപ്പിച്ചു പോരുന്നുണ്ടെങ്കിലും. ഭൂമിശാസ്ത്രപരമായ നമ്മുടെ ഈ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു വികസനസങ്കല്പമല്ലേ നമുക്ക് വേണ്ടത്? പ്രകൃതിസംരക്ഷണം എന്നു പറയുമ്പോള്‍ ഊര്‍ജ്ജസംരക്ഷണം വരെ ഉള്‍പ്പെടുന്ന ഉദ്ഗ്രഥിതമായ ഒരു സമീപനത്തെക്കുറിച്ചല്ലേ പറയേണ്ടത്? 
ശാസ്ത്രസമൂഹം നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നതും ശാസ്ത്രം പ്രയോഗവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യം അതാണ്. എന്നാല്‍, പ്രധാനപ്പെട്ട ചോദ്യം അതല്ല. ശാസ്ത്രം വികസിപ്പിച്ചെടുക്കുന്ന സങ്കല്പങ്ങളെ, കണ്ടുപിടുത്തങ്ങളെ നമ്മുടെ ഭരണാധികാരികള്‍ക്ക് ആവശ്യമുണ്ടോ എന്നതാണ്. ഉദാഹരണത്തിനു മഴയുടെ കാര്യമെടുക്കുക. നമ്മുടെ കാലവര്‍ഷം കുറച്ചു വര്‍ഷങ്ങളായി ക്രമംതെറ്റിയാണ് സംഭവിക്കുന്നത്. മഴക്കുറവും മഴക്കൂടുതലും തീവ്രവര്‍ഷവും ഉണ്ടാകുന്നു. മഴയുടെ കാര്യത്തില്‍ ഇക്കണക്കിന് ഒരു ക്രമഭംഗം ഉണ്ടാകുമെന്ന് ഏറ്റവും കുറഞ്ഞത് ഒരു ആറുവര്‍ഷം മുന്‍പേയെങ്കിലും പ്രവചിക്കപ്പെട്ടതാണ്. പ്രത്യേകിച്ചും തെക്കേ ഇന്ത്യയിലെ മഴയുടെ കാര്യത്തില്‍. എന്റെ പ്രാഥമികമായ ചോദ്യം ശാസ്ത്രം ഉല്പാദിപ്പിക്കുന്ന ഈ അറിവുകളെ ഭരണകൂടത്തിന് ആവശ്യമുണ്ടോ എന്നതാണ്. ജനങ്ങളുടെ ക്ഷേമത്തിലാണ് താല്പര്യമെങ്കില്‍ ഭരണകൂടം അത്തരം അറിവുകള്‍ തീര്‍ച്ചയായും പ്രയോജനപ്പെടുത്തുമെന്നാണ് എന്റെ വാദം. 

പ്രകൃതിയുടെ ചെലവില്‍ വന്‍കിട പദ്ധതികളെ പ്രോത്സാഹിപ്പിച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങളൊക്കെയുണ്ടെങ്കിലും നെഹ്രുവിന്റെ കാലത്ത് ജനക്ഷേമത്തേയും ശാസ്ത്രത്തേയും പരസ്പരം ബന്ധപ്പെടുത്തിയാണ് കണ്ടിരുന്നത്. ഇന്നു കാലം മാറി. ആശയപരമായ ഒരു ഷിഫ്റ്റ് ഏറെ പ്രകടമാണ് ഇപ്പോള്‍. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍പോലും കടുത്ത അന്ധവിശ്വാസികളെന്ന മട്ടില്‍ പെരുമാറുന്നു. ഗവേഷണരംഗത്ത് ഗവണ്‍മെന്റ് ഫണ്ട് വെട്ടിക്കുറയ്ക്കപ്പെടുകയും ഒന്നുകില്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ആശയങ്ങളെ സാധൂകരിക്കുന്ന തരത്തിലോ, ലാഭമുണ്ടാക്കുന്ന തരത്തില്‍ കമ്പനികളുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന് അനുബന്ധമായിട്ടോ ഗവേഷണം എന്ന സങ്കല്പത്തില്‍ മാറ്റം വരികയുമാണ്. ഈയൊരു സന്ദര്‍ഭത്തില്‍ എങ്ങനെയാണ് പ്രതിബദ്ധതയുള്ള ശാസ്ത്രസമൂഹം സാധ്യമാകുക? 
ഇപ്പോള്‍ സംഭവിക്കുന്നതെന്താണ് എന്നുവെച്ചാല്‍ ഒരു പ്രശ്‌നമുണ്ടായാല്‍ മാത്രം ശാസ്ത്രജ്ഞനെ അന്വേഷിക്കുക എന്നതാണ്. പ്രളയമുണ്ടായത് ഉദാഹരണം. പ്രളയമുണ്ടായതിനുശേഷം മാത്രമാണ് ശാസ്ത്രജ്ഞരോട് അഭിപ്രായമന്വേഷിക്കാനെത്തുന്നത്. കേരളത്തില്‍ ഒരു പന്ത്രണ്ടുവര്‍ഷം മുന്‍പ് ശാസ്ത്ര ഏജന്‍സികള്‍ ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളും മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളും സംബന്ധിച്ച ഭൂപടം തയ്യാറാക്കിയിരുന്നു. ഈ ഭൂപടങ്ങള്‍ എന്തുകൊണ്ട് ജനങ്ങളിലേക്കെത്തിയില്ല? ഇപ്പോള്‍ ഞാന്‍ കണ്ട ഇതു സംബന്ധിച്ച ഭൂപടങ്ങളെല്ലാം സര്‍ക്കാര്‍ കലണ്ടറിന്റെ വലിപ്പമുള്ള മാപ്പുകളാണ്. ഇതു നോക്കിയാല്‍ ആര്‍ക്കും ഒന്നും മനസ്സിലാകില്ല. എത്രയോ ഊര്‍ജ്ജവും അധ്വാനവും ധനവും വ്യയം ചെയ്തു തയ്യാറാക്കിയ മാപ്പുകളെ ജനങ്ങളിലെത്തിക്കുന്നതില്‍ നമുക്കു വീഴ്ച വന്നു. ശാസ്ത്രസമൂഹം ഏറെ സമയവും അദ്ധ്വാനവുമെടുത്ത് നടത്തുന്ന കണ്ടെത്തലുകളെ, സൃഷ്ടിക്കുന്ന നേട്ടങ്ങളെയൊക്കെ ജനങ്ങളിലെത്തിക്കുന്നതില്‍ ഗവണ്‍മെന്റുകള്‍ വലിയ വീഴ്ചയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. 

നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലേ? 
തീര്‍ച്ചയായും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എടുക്കുക. വികസിത രാജ്യങ്ങളിലാണെങ്കില്‍ എന്തായിരുന്നു സംഭവിക്കുക എന്നത് ആലോചിക്കുക. ഭരണകൂടങ്ങള്‍ അത് ഗൗരവത്തിലെടുക്കുകയും ജനക്ഷേമത്തെ മുന്‍നിര്‍ത്തി ആവശ്യമുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഇവിടെ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അത് ചര്‍ച്ച ചെയ്യാന്‍പോലും ഗവണ്‍മെന്റുകള്‍ മുന്‍കൈയെടുക്കുന്നില്ല. ബന്ദും ഹര്‍ത്താലുമൊക്കെയാണ്. ശാസ്ത്രത്തെ മുന്‍നിര്‍ത്തി ഒരു ഭരണസംവിധാനം നമുക്ക് ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഒരിക്കല്‍ യു.എസില്‍നിന്നുള്ള ഒരു സംഘം കോളേജ് വിദ്യാര്‍ത്ഥികളുമായി ക്ലാസ്സിന്റെ ഭാഗമായി ആശയസംവേദനം നടത്താനിടയായി. ബാംഗളൂരുവില്‍ വെച്ചായിരുന്നു. മലകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതിനിടയില്‍ ഒരു പെണ്‍കുട്ടി മറ്റുള്ളവരില്‍നിന്നു വ്യത്യസ്തയായി നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഇടയില്‍ ഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ അനൗപചാരിക സംഭാഷണത്തിനിടയില്‍ ആ പെണ്‍കുട്ടി ആരാകാനാണ് ആഗ്രഹിക്കുന്നതെന്നു ഞാന്‍ ചോദിച്ചു. ''ഐ പ്ലാന്‍ റ്റു ബികം എ സെനറ്റര്‍'' എന്നായിരുന്നു അവളുടെ മറുപടി. ഇത് ഒരു സംസ്‌കാരമാണ്. ഒരു ജ്ഞാനസമ്പ്രദായമെന്ന നിലയില്‍ സയന്‍സിനെ ബഹുമാനിക്കുന്ന രാഷ്ട്രീയക്കാര്‍ നമുക്ക് അനിവാര്യമാണ്. ഏറ്റവും ജനാധിപത്യപരമായ ഒരു പ്രക്രിയ ശാസ്ത്രത്തിനുണ്ട് എന്നു നാം മനസ്സിലാക്കണം. ശാസ്ത്രത്തെ എന്തുകൊണ്ടാണ് നാം തെരഞ്ഞെടുക്കുന്നത് എന്നതിന് ഒരു ഉത്തരമാണിത്. ഒരു സയന്റിസ്റ്റ് ഒരു പേപ്പര്‍ പബ്ലിഷ് ചെയ്യുന്നത് അയാള്‍ക്കു തോന്നിയത് എഴുതുന്നതുപോലെയല്ല. അത് ആ ജേണല്‍ പിയര്‍ റിവ്യൂവിന് അയയ്ക്കുന്നുണ്ട്. അതിനുശേഷം മറ്റു ശാസ്ത്രജ്ഞര്‍ വായിച്ചുനോക്കുന്നുണ്ട്. അതിനകത്തെ വൈരുദ്ധ്യങ്ങളും ആശയക്കുഴപ്പങ്ങളും ഐഡന്റിഫൈ ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള ഒരു പിയര്‍ റിവ്യൂ പ്രോസസില്‍ക്കൂടെയാണ് അതു പുറത്തേയ്ക്കു വരുന്നത്. ഇനി ഇതു പബ്ലിഷ് ചെയ്താല്‍പ്പോലും വിയോജിപ്പുണ്ടെങ്കില്‍ അതു രേഖപ്പെടുത്താവുന്ന അവസരമുണ്ട്. ശാസ്ത്രം നിരന്തരമായ നവീകരണങ്ങളിലൂടെ കടന്നുപോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ചോദ്യം ചെയ്യലിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ശാസ്ത്രം. 

ശാസ്ത്രത്തിന്റെ വളര്‍ച്ച ജനാധിപത്യത്തിന്റേയും മുതലാളിത്തവളര്‍ച്ചയുടേയും ഭാഗമായിട്ടാണ് ഉണ്ടാകുന്നത് എന്നതാണ് ചരിത്രം. ശാസ്ത്രം ജനാധിപത്യപരമാണ് എന്നും പറയാം. പക്ഷേ, ശാസ്ത്രത്തിന്റെ പ്രയോഗം ഏറെക്കുറെ എല്ലാ കാലത്തും ഒട്ടും ജനാധിപത്യപരമായിരുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? 
തീര്‍ച്ചയായിട്ടും. ഏതു സമൂഹത്തിലായാലും അവിടെ അധീശത്വം പുലര്‍ത്തുന്ന ഐഡിയോളജിക്ക് അനുസരിച്ചായിരിക്കും ശാസ്ത്രത്തിന്റെ പ്രയോഗം. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്ത് ശാസ്ത്രം വളരെ നന്നായി അവരുപയോഗിച്ചിട്ടുണ്ട്. അവരാണ് ഏറ്റവും നമ്മുടെ സസ്യങ്ങളെക്കുറിച്ചും ഇന്ത്യന്‍ ഭൂപ്രകൃതിയെക്കുറിച്ചുമൊക്കെ നന്നായി പഠിച്ചത്. അതെന്തിനുവേണ്ടിയായിരുന്നു? നമ്മളെ കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നില്ലേ? ഇപ്പോള്‍ നാം ഒരു ജനാധിപത്യക്രമത്തിലേക്ക് മാറി. ഒരു പരമാധികാര രാഷ്ട്രം എന്ന പദവി കൈവന്നു. അപ്പോള്‍ ജനാധിപത്യത്തിനുവേണ്ടിയാണല്ലോ, ജനങ്ങള്‍ക്കായിട്ടാണല്ലോ ശാസ്ത്രം പ്രയോഗിക്കപ്പെടേണ്ടത്. 

കേരളത്തിലും ഇന്ത്യയില്‍ പൊതുവേയും ശാസ്ത്രം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന കാഴ്ചപ്പാട് 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഏറെ പ്രബലമായിരുന്നു. ലോകം മുഴുവന്‍ തന്നെയും ശാസ്ത്രത്തെ അങ്ങനെയൊരു വിമോചകനായിട്ടാണ് വീക്ഷിച്ചിരുന്നത്. ശാസ്ത്രത്തിന്റെ അജയ്യത വിളിച്ചോതുന്ന കലയും സാഹിത്യവുമൊക്കെ ഉണ്ടായി. എന്നാല്‍ നമ്മുടെ ഉത്തരാധുനിക ജീവിതപരിസരം ഏറെ വ്യത്യസ്തമാണ്. ശാസ്ത്രത്തില്‍ വിശ്വസിക്കുന്നതിനു പകരം ഉണ്ടെന്നു വാദിക്കപ്പെടുന്ന അനിശ്ചിതത്വത്തിനു മുന്‍പില്‍ നിസ്സഹായരായി നില്‍ക്കുകയാണ് പൊതുവേ നാം മനുഷ്യര്‍. ഈയൊരു സാഹചര്യത്തില്‍ ശാസ്ത്രസമൂഹത്തിന്റെ ദൗത്യമെന്താണ്? 
ശാസ്ത്രത്തില്‍ വിശ്വാസം എന്ന പ്രയോഗം തന്നെ തെറ്റാണ്. നിരന്തരം അവിശ്വസിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. നിങ്ങള്‍ക്ക് വേണമെങ്കില്‍ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാം. പക്ഷേ, ശാസ്ത്രത്തില്‍ വിശ്വസിക്കുക എന്ന സംഗതി ഇല്ല. ഇന്നു നിലവിലുള്ള നിലപാടുകളെ കൂടുതല്‍ തെളിവുകളെ അടിസ്ഥാനപ്പെടുത്തി മാറ്റിത്തീര്‍ക്കുന്ന പ്രക്രിയയ്ക്കാണ് ശാസ്ത്രം എന്നു പറയുന്നത്. ശാസ്ത്രബോധമുള്ളവനേക്കാള്‍ കൂടുതല്‍ കംഫര്‍ട്ടബിളായ ഒരു സോണിലായിരിക്കും എന്തെങ്കിലും വിശ്വസിക്കുന്ന ഒരാളുടെ ജീവിതം. ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും അയാളെടുക്കുന്ന തീരുമാനങ്ങള്‍ ശാസ്ത്രീയമാകണമെങ്കില്‍ നിരന്തരം അയാള്‍ അറിവുകളുടെ പുതുക്കിക്കൊണ്ടിരിക്കണം. പഠിച്ചുകൊണ്ടിരിക്കണം. ഓരോ മേഖലയിലും നടക്കുന്ന അന്വേഷണങ്ങളും ഗവേഷണങ്ങളും പിന്‍പറ്റി അറിവ് നേടിക്കൊണ്ടേയിരിക്കണം. ഇതു വളരെ ശ്രമകരമായ കാര്യമാണ്. എന്നാല്‍, ഏതെങ്കിലും മതത്തിലോ മറ്റോ വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു ബുദ്ധിമുട്ടില്ല. ശാസ്ത്രത്തെ പിന്‍പറ്റുന്ന ഒരു സമൂഹത്തിനുള്ള ഇതേ പ്രയാസം ഒരു ജനാധിപത്യ സമൂഹത്തിനുമുണ്ട്, ജനാധിപത്യത്തിനുമുണ്ട്. രാജഭരണത്തിനു കീഴിലാണ് ഒരു സമൂഹമെങ്കില്‍ കാര്യങ്ങളൊക്കെ രാജാവ് നോക്കിക്കൊള്ളും. തീരുമാനങ്ങളൊക്കെ രാജാവെടുത്തുകൊള്ളും. ഇനി രാജാവിന് അറിവില്ലാത്ത കാര്യങ്ങളാണെങ്കില്‍ കൊട്ടാരത്തില്‍ത്തന്നെ ചില എക്‌സ്‌പെര്‍ട്ടുകള്‍ കാണും. അവരോട് ഉപദേശം തേടാം. അതേസമയം പൊതുജനത്തിനു വലിയ ഉത്തരവാദിത്വമൊന്നുമില്ല. അവര്‍ വലിയ വലിയ കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കേണ്ട. ആ കാലം കഴിഞ്ഞല്ലോ. ജനാധിപത്യത്തില്‍ അങ്ങനെയല്ലല്ലോ കാര്യങ്ങള്‍. നമ്മള്‍ ജനാധിപത്യത്തിലേക്ക് മാറുമ്പോള്‍ നമുക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. സ്വാതന്ത്ര്യം നേടി എന്നു പറയുമ്പോള്‍ വെറുമൊരു ചെയ്ഞ്ച് ഒഫ് അഡ്മിനിസ്‌ട്രേഷന്‍ അല്ല. ഒരു കണ്‍ടിന്യുവസ് ഡെമോക്രസിയായിട്ട് നമ്മുടെ ജനാധിപത്യത്തെ വികസിപ്പിക്കണമെങ്കില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് നമുക്കു കൂടുതല്‍ ബോധമുണ്ടാകേണ്ടിവരും. ഇന്നു നമ്മുടെ നാട്ടിലുള്ളത് ഒരു ട്രണ്‍കേറ്റഡ് ഡെമോക്രസിയാണ്. അയ്യഞ്ചുവര്‍ഷം കൂടുമ്പോഴുള്ള വോട്ടുചെയ്യലില്‍ തീരുന്നു ഉത്തരവാദിത്വവും ജനാധിപത്യവും. നമ്മള്‍ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അയാള്‍ പ്രതീക്ഷിച്ചപോലെ നമുക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെ എന്തുചെയ്യും? അടുത്ത വോട്ടെടുപ്പുവരെ കാത്തിരിക്കുക എന്നതേ നിര്‍വ്വാഹമുള്ളൂ. ഈ ഒരവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ അടിത്തട്ടില്‍നിന്നുതന്നെ ജനാധിപത്യം ആരംഭിക്കുന്നതുവഴി കഴിയും. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക ഗ്രാമസഭകള്‍ക്കാണ്. ഒരു പ്രദേശത്ത് എന്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണം, വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കണം എന്നതിനെയൊക്കെ സംബന്ധിച്ച് ഗ്രാമസഭകളില്‍ അഭിപ്രായങ്ങളുണ്ടാകും. അതിന് അവര്‍ക്ക് അവകാശം നല്‍കുകയും വേണം. ഈ ഒരു കാഴ്ചപ്പാടാണ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവെയ്ക്കാന്‍ ശ്രമിച്ചത്. സ്വാഭാവികമായും അങ്ങനെയല്ലാത്തൊരു സമൂഹത്തില്‍, സ്വകാര്യ താല്പര്യം മുന്‍നിര്‍ത്തി വിഭവചൂഷണം നടത്തുന്നവര്‍ക്ക്, സാമ്പത്തിക താല്പര്യങ്ങള്‍ ഉള്ളവര്‍ക്ക് ഗാഡ്ഗില്‍ കമ്മിറ്റിയോട് എതിര്‍പ്പുണ്ടാകും. 

തുരന്നുതീര്‍ക്കുന്ന പശ്ചിമഘട്ടം
തുരന്നുതീര്‍ക്കുന്ന പശ്ചിമഘട്ടം

എപ്പോഴെങ്കിലുമുള്ള ജനാധിപത്യ പ്രയോഗം എന്ന ദുരവസ്ഥയില്‍നിന്ന് അനുസ്യൂത ജനാധിപത്യം എന്നതിലേയ്ക്കു നാം വികസിക്കണമെന്ന സങ്കല്പം കൊണ്ടുവന്നത് ഇടതുപക്ഷ രാഷ്ട്രീയക്കാരാണ്, ജനകീയാസൂത്രണവുമൊക്കെയായി ബന്ധപ്പെട്ട്. ജനകീയാസൂത്രണം എന്ന സങ്കല്പം പ്രായോഗികതലത്തില്‍ അവതരിപ്പിക്കപ്പെട്ട കാലത്ത് അതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അംഗീകരിക്കപ്പെട്ട പഞ്ചായത്തിരാജ് ബില്ലിന്റെ തുടര്‍ച്ചയായി നടപ്പില്‍ വന്ന അധികാര വികേന്ദ്രീകരണം എന്ന പരിഷ്‌കാരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ജനകീയാസൂത്രണം. ലോകബാങ്ക്-ഐ.എം.എഫ് പദ്ധതിയാണ് ഈ അധികാര വികേന്ദ്രീകരണം എന്നതുകൊണ്ടുകൂടിയായിരുന്നു ജനകീയാസൂത്രണത്തിനെതിരെ ഇടതുപക്ഷത്തുള്ള ചിലരില്‍നിന്നുതന്നെ വിമര്‍ശനമുയര്‍ന്നത്. എന്നിട്ടും പൊതുവേ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ജനകീയാസൂത്രണത്തെ പിന്‍തുണച്ചു. താഴെത്തട്ടിലേയ്ക്കും അധികാരമെത്തുന്നു എന്ന സങ്കല്പവും വിഭവവിനിയോഗകാര്യത്തില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് അത് അധികാരമേല്പിക്കുന്നു എന്ന കാര്യവുമാണ് ഈ പിന്തുണയ്ക്ക് കാരണമായത്. എന്നാല്‍, ഇതേ കാര്യത്തിനുവേണ്ടി വാദിക്കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വാദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയല്ലേ അവര്‍ ചെയ്യുന്നത്? 
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുതന്നെ പറഞ്ഞുതുടങ്ങാം. അന്ന് ഗാഡ്ഗില്‍ തന്നെ അഭിപ്രായപ്പെട്ടത് ഈ റിപ്പോര്‍ട്ട് ഏതെങ്കിലുമൊരു സംസ്ഥാനത്ത് സമഗ്രമായി നടപ്പാക്കാന്‍ പറ്റുമെങ്കില്‍ അത് കേരളത്തിലാണ്. ഇവിടെയാണ് അധികാരവികേന്ദ്രീകരണം ഏറെക്കുറെ നടപ്പായത്. ജനകീയാസൂത്രണം ഫലപ്രദമായി ഇംപ്ലിമെന്റ് ചെയ്യുകയും ചെയ്തു. കേരളത്തിനു മൊത്തത്തിലുള്ളത് ഒരു ഉദാര ഇടതുപക്ഷ മനസ്സാണുള്ളത്. ഓരോ മേഖലയിലും ധൈഷണികമായ ഇടപെടലുകള്‍ക്ക് ഇവിടെ സ്വാതന്ത്ര്യമുണ്ട്. നേരത്തെ കെ.എഫ്.ഐ.ആറിലേയ്ക്ക് നടന്നപോലുള്ള ഒരു മാര്‍ച്ച് ഒരു കേന്ദ്ര ഗവേഷണസ്ഥാപനത്തിലേയ്ക്കാണ് നടന്നതെന്നു സങ്കല്പിച്ചു നോക്കൂ. ഞാന്‍ ഈ കസേരയിലിരിക്കുമായിരുന്നില്ല എന്ന് എനിക്കുറപ്പാണ്. ഇന്നു ഞാന്‍ ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം കേരളത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരാണ് ഉള്ളത് എന്നതുകൊണ്ടാണ്. അല്ലെങ്കില്‍ കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സാണ് ഉള്ളത് എന്നതുകൊണ്ടാണ്. പരിമിതികള്‍ തീര്‍ച്ചയായും ഉണ്ട്. ജനകീയാസൂത്രണത്തിന്റേയും ജനാധിപത്യത്തിന്റേയും സ്പിരിറ്റൊക്കെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വീഴ്ചകളും വന്നിട്ടുണ്ട്. 

ശാസ്ത്രമേഖല ഇന്നു വലിയ വലതുപക്ഷവല്‍ക്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജനജീവിതവുമായി ബന്ധമില്ലാതെയുള്ള ശാസ്ത്രത്തിന്റെ പ്രയോഗത്തില്‍ വിശ്വസിക്കുകയോ, ഭരണകൂട താല്പര്യങ്ങള്‍ക്കനുസരിച്ച് ശാസ്ത്രത്തിന്റെ ആധികാരികതയെ പ്രയോജനപെടുത്തുകയോ ഒക്കെ ചെയ്യുന്നതാണ് ഇപ്പോഴത്തെ ഒരു പ്രവണത. കേരളത്തിലെ ക്വാറികളുമായി ബന്ധപ്പെടുത്തി ഒരു ദേശീയ സ്ഥാപനത്തിന്റെ മേധാവി നടത്തിയ പ്രസ്താവന ഈ സ്വഭാവത്തിലുള്ളതായിരുന്നുവേണം പറയാന്‍. അതേസമയം ശാസ്ത്രഗവേഷണം ലാഭാധിഷ്ഠിതമാകണമെന്ന കാഴ്ചപ്പാട് ഭരിക്കുന്നവരില്‍ പ്രബലമായിട്ടുണ്ട്. ഗവേഷണത്തിന്റെ മേഖലയില്‍ സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറയ്കപ്പെടുന്നു. ഗവേഷണം ഭരിക്കുന്നവരുടെ ആശയങ്ങളേയും കാഴ്ചപ്പാടുകളേയും സഹായിക്കുന്നതരത്തിലുള്ളതാകണമെന്ന താല്പര്യവും ഗവണ്‍മെന്റിനെ നയിക്കുന്നവരില്‍ ശക്തമായിട്ടുണ്ട്. നമ്മള്‍ എത്രത്തോളം ഈ പ്രവണതകളെക്കുറിച്ച് ബോധവാന്‍മാരാണ്? എത്രത്തോളം നമുക്കതിനെ പ്രതിരോധിക്കാനായിട്ടുണ്ട്? 
ശാസ്ത്രജ്ഞന്മാരും ഗവേഷകരുമൊക്കെ നമ്മുടെ സമൂഹത്തില്‍നിന്നുതന്നെയാണ് വരുന്നത് എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം. അവരാരും മുകളില്‍നിന്നു കെട്ടിയിറക്കപ്പെട്ടവരല്ലല്ലോ. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ജനകീയരായ എത്രയോ ഡോക്ടര്‍മാരില്ലേ? ഫീസ് വാങ്ങിക്കാതെയും നിസ്സാര ഫീസ് വാങ്ങിച്ചും മരുന്നു വാങ്ങാന്‍ അങ്ങോട്ട് കാശുകൊടുത്തുമൊക്കെ മനുഷ്യരെ സേവിക്കുന്നവര്‍. എന്നാല്‍, വേറെ ചില ഡോക്ടര്‍മാരുണ്ട്. മരുന്നു വാങ്ങുന്നതിന്റെ മറവില്‍ മനുഷ്യരെ പിഴിഞ്ഞു കാശുണ്ടാക്കുന്നവന്‍. ഈ രണ്ടുതരക്കാരും ഒരേ പ്രഫഷനില്‍ തന്നെയുള്ളതാണ്. ഒരു ഐഡിയോളജിയെ പിന്‍പറ്റി ശാസ്ത്രത്തെ വളര്‍ത്താന്‍ എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ചടിയുണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഫണ്ട് വെട്ടിക്കുറയ്ക്കല്‍, ഗവേഷണത്തെ അവരുടെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇതൊക്കെ ഉണ്ടായിട്ടുണ്ട്. റഷ്യയില്‍ സ്റ്റാലിന്റെ കാലത്ത് ഇത്തരത്തില്‍ പ്രത്യയശാസ്ത്ര താല്പര്യങ്ങള്‍ക്കനുസരിച്ച് ശാസ്ത്രത്തെ പരുവപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈസങ്കോയിസം ഉദാഹരണം. പക്ഷേ, ശാസ്ത്രത്തിനുള്ള ഒരു ഗുണം എന്താണെന്നു വെച്ചാല്‍ അതു തിരിച്ചറിയാന്‍ പറ്റുകയും കറക്ട് ചെയ്യാന്‍ പറ്റുകയും ചെയ്യുന്നു എന്നതാണ്. സ്വയം നവീകരിക്കാനുള്ള ശേഷി ഉഉളതാണ് ശാസ്ത്രം. പരിഷത്ത് പോലുള്ള ശാസ്ത്രസംഘടനകളുടെ പ്രസക്തി അതാണ്. പരിഷത്ത് ചില മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം സാമൂഹ്യപരിവര്‍ത്തനത്തിന് എന്നൊക്കെ പറയുന്നതിന്റെ ആഴം എന്താണെന്ന് ആലോചിച്ചുനോക്കൂ. ശാസ്ത്രത്തിന്റെ ദൗത്യമെന്തെന്ന് ഇത്ര മനോഹരമായി നിര്‍വ്വചിക്കപ്പെട്ട സമൂഹമുള്ള സംസ്ഥാനം വേറെയില്ല, ജനകീയമായിട്ട്. വ്യക്തികള്‍ ഉണ്ടാകാം. യശ്പാലിനെപ്പോലെ, സത്യേന്ദ്രനാഥ് ബോസിനെപ്പോലെ ഉള്ളവര്‍. പക്ഷേ, ഇങ്ങനെയൊരു മുദ്രാവാക്യം മുന്നോട്ടുവയ്ക്കാന്‍ ഒരു ശാസ്ത്രസംഘടന വേറൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. തീര്‍ച്ചയായും പരിഷത്തിനെ സംബന്ധിച്ചിടത്തോളം ധാരാളം പരിമിതികളുണ്ട്. ഒരു മധ്യവര്‍ഗ്ഗ ഉള്ളടക്കമാണ് പൊതുവേ കേരളീയ സമൂഹത്തിന്റേത്. പരിഷത്തിനെ സംബന്ധിച്ചിടത്തോളവും അതൊക്കെ ബാധകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com