വള്ളത്തോള്‍ അനുഗ്രഹിച്ച ഒരമ്മ: കെആര്‍ മീരയുടെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

വലിയ സ്‌കൂപ്പ് ഒക്കെ സൃഷ്ടിച്ച് ലോക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്വന്തം പേരു തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഞാന്‍ പൈങ്കിളി വാരികയില്‍ തുടരന്‍ എഴുതുന്നതിനേക്കാള്‍ വലിയ തമാശയെന്ത്?  
വള്ളത്തോള്‍ അനുഗ്രഹിച്ച ഒരമ്മ: കെആര്‍ മീരയുടെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

ത്രപ്രവര്‍ത്തകയായി ഡെസ്‌കില്‍ പണിയെടുത്തു തുടങ്ങിയ ദിവസങ്ങളില്‍ ഒന്നില്‍ മറ്റൊരു സംഭവമുണ്ടായി. അന്നു മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ആയിരുന്ന പത്മന്‍ സാര്‍ എന്ന കെ. പത്മനാഭന്‍ നായര്‍ സാറിന്റെ മുന്നില്‍ ചെന്നു ചാടി. 
''വാ, ഇരിക്ക്, ചോദിക്കട്ടെ,  എം.ഡി. രത്‌നമ്മ, മല്ലിക യൂനുസ്, പി.ആര്‍. ശ്യാമള -ഇവരല്ലാത്ത ഒരു വനിതാനോവലിസ്റ്റ് ആരുണ്ട്?''
പത്മന്‍ സാര്‍ ചോദിച്ചു. 
''ഞാന്‍ മതിയോ?''
ഞാന്‍ മറുചോദ്യം ചോദിച്ചു. സാര്‍ ഒന്നു ചിരിച്ചു. 
''ആദ്യ പത്ത് അദ്ധ്യായം എപ്പോള്‍ തരും?''
ആ തമാശ എനിക്കു വളരെ ഇഷ്ടപ്പെട്ടു.  വലിയ സ്‌കൂപ്പ് ഒക്കെ സൃഷ്ടിച്ച് ലോക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്വന്തം പേരു തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഞാന്‍ പൈങ്കിളി വാരികയില്‍ തുടരന്‍ എഴുതുന്നതിനേക്കാള്‍ വലിയ തമാശയെന്ത്?  പൈങ്കിളി നോവല്‍ എന്നല്ല, സാഹിത്യമേ എഴുതാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ലോകത്തെ ചലിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനത്തിന്റെ മഹത്വത്തിനു മുന്നില്‍ സാഹിത്യം നിഷ്പ്രഭമായി. പത്രപ്രവര്‍ത്തകയായതിനുശേഷം വായനയും നന്നേ കുറഞ്ഞു. രാത്രി ജോലികഴിഞ്ഞു വൈകി എത്തുന്നതുകൊണ്ട് പകല്‍ വായിക്കാന്‍ സമയം കിട്ടിയാലും താല്പര്യമുണ്ടാകുകയില്ല. കുട്ടിക്കാലം മുതല്‍ വായിച്ചുകൊണ്ട് ഉറങ്ങുകയായിരുന്നു എന്റെ ശീലം. ഒരു പുസ്തകം കയ്യിലെടുത്താന്‍ അതു വായിച്ചു തീരുമ്പോഴേ ഉറക്കം വരൂ.  പക്ഷേ, പത്രത്തിലെ ജോലികഴിഞ്ഞു വീട്ടിലെത്തിയതിനുശേഷം പുസ്തകം കയ്യിലെടുക്കുമ്പോള്‍ പേജില്‍ അക്ഷരങ്ങളാണോ ഉറുമ്പുകളാണോ മണ്‍ത്തരികളാണോ എന്നൊക്കെ സംശയം തോന്നും.  അല്ലെങ്കില്‍ത്തന്നെ  ആര്‍ക്കു വേണം, സാഹിത്യം? അന്നത്തെ അസോഷ്യേറ്റ് എഡിറ്റര്‍ തോമസ് ജേക്കബ് സാര്‍ പഠിപ്പിച്ചതു കഥയും നോവലും വായിക്കരുത് എന്നാണ്. വായിക്കേണ്ടത് ആത്മകഥയും ജീവചരിത്രവുമാണ്. ഓരോ പുസ്തകത്തില്‍നിന്നും എത്ര ന്യൂസ് സ്റ്റോറികള്‍ പത്രത്തിനു സംഭാവന ചെയ്യാന്‍ കഴിയും എന്നതാണു ചോദ്യം. ഒരു ന്യൂസ് സ്റ്റോറിയെങ്കിലും സൃഷ്ടിക്കാത്ത വായന പാഴാണ്. 

പത്മനാഭന്‍ നായര്‍
പത്മനാഭന്‍ നായര്‍

പത്രപ്രവര്‍ത്തകര്‍ക്ക് എഴുത്തുകാരോടുള്ള അവജ്ഞയും എന്നെ സ്വാധീനിച്ചു. അക്കാലത്ത് ഡല്‍ഹിയില്‍ ആയിരുന്ന എം. മുകുന്ദനേയും ആനന്ദിനേയും എന്‍.എസ്. മാധവനേയും കുറിച്ചു മാത്രമേ ഞാന്‍ ന്യൂസ് റൂമില്‍ വിമര്‍ശനപരമായി യാതൊന്നും കേള്‍ക്കാതിരുന്നിട്ടുള്ളൂ. അതിനൊരു കാരണം മൂവരും മലയാളി പത്രപ്രവര്‍ത്തകരുടെ കയ്യെത്താദൂരത്തായിരുന്നു എന്നതാകാം. ആനന്ദിനോട് എല്ലാവര്‍ക്കും വലിയ മതിപ്പായിരുന്നു. അതിനു കാരണം അദ്ദേഹം അഭിമുഖ സംഭാഷണങ്ങള്‍ അനുവദിക്കാതിരുന്നതാകണം. എന്‍.എസ്. മാധവനോടായിരുന്നു ഏറ്റവും ആദരവ്. അതിനു കാരണം  അദ്ദേഹത്തിന്റെ ഐ.എ.എസ്. പദവിയാകണം. ഓരോ നുറുങ്ങു സംഭാഷണവും കാതില്‍ വീഴുമ്പോള്‍ എന്റെ മനസ്സു മുറിയും. വിഗ്രഹങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍ ആര്‍ക്കാണ് സങ്കടം തോന്നാത്തത്? 
ജീവിതം അങ്ങനെ മുന്നോട്ടു പോകുമ്പോള്‍, ഒരു സംഭവമുണ്ടായി. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജൂബിലി പ്രമാണിച്ച് അതിന്റെ തുടക്കത്തിലെ പ്രവര്‍ത്തകരില്‍ ഒരാളെ കണ്ടുപിടിച്ച് അഭിമുഖം തയ്യാറാക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. 

എം മുകുന്ദന്‍
എം മുകുന്ദന്‍

ടൗണില്‍ നിന്നു വിട്ട് ഗ്രാമാന്തരീക്ഷത്തിലായിരുന്നു ആ വീട്.  മനോഹരമായ വീടാണ്. പഴയ മോഡല്‍ ഫ്യൂഡല്‍ നാലുകെട്ട് ആധുനികീകരിച്ചത്. മണല്‍ വിരിച്ച നടപ്പാതയ്ക്ക് ഇരുവശവും നിരന്നു നിന്ന രാജമല്ലികള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അവിടെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ ചെന്ന വയോധികനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ടുമൂന്നു പരിചാരകരും ഉണ്ടായിരുന്നു. മക്കളെല്ലാം പല സ്ഥലങ്ങളിലാണ്. ചന്ദ്രനെപ്പോലെ തിളങ്ങുന്ന കഷണ്ടിത്തലയുമായി ഓമനത്തമുള്ള ഒരു ഭര്‍ത്താവ്. എണ്‍പതുകളിലും അതീവ സുന്ദരിയായ ഭാര്യ. അവരെ ഒന്നിച്ചു കാണുന്നതുതന്നെ ആനന്ദകരമായിരുന്നു. ഞാന്‍ പത്രത്തില്‍നിന്നാണ് എന്ന് അറിയിച്ചപ്പോള്‍ ഭാര്യ ഉത്സാഹഭരിതയായി. ശ്രവണസഹായികള്‍ ഉപയോഗിച്ചാല്‍ പോലും കേള്‍വി കഷ്ടിയായ ഭര്‍ത്താവ് ആവേശഭരിതനായി. 

ആനന്ദ്
ആനന്ദ്

സംഭാഷണത്തിനിടയില്‍ ഓരോ അഞ്ചു മിനിറ്റിലും ഭാര്യ എന്നെ സല്‍ക്കരിക്കാന്‍ എന്തെങ്കിലും കൊണ്ടുവന്നു. ഒടുവില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു പോകാന്‍ എഴുന്നേറ്റപ്പോള്‍ ഊണു കഴിഞ്ഞിട്ടേ പോകാവൂ എന്നു ശാഠ്യം പിടിച്ചു. ഹോസ്റ്റലിലായിരുന്നു താമസം എന്നതിനാല്‍ ഞാന്‍ സന്തോഷത്തോടെ ഊണു കഴിച്ചു. ഭര്‍ത്താവിനു വേണ്ടതൊക്കെ ഭാര്യ അടുത്തു നിന്നു വിളമ്പിക്കൊടുത്തു. എനിക്കും വിളമ്പിത്തന്നു. സ്വയം കഴിച്ചു. ഭര്‍ത്താവിന്റെ ഓരോ ആവശ്യവും നിവര്‍ത്തിച്ചുകൊടുത്തു. ഊണു കഴിഞ്ഞു കൈ കഴുകി വന്നപ്പോള്‍ ശ്രദ്ധാപൂര്‍വ്വം പിടിച്ച് കസേരയില്‍ കൊണ്ടിരുത്തി. ഭര്‍ത്താവ് ശ്രവണസഹായികള്‍ അഴിച്ചു വട്ടത്തിലുള്ള ഒരു ടീപ്പോയ്മേല്‍ വച്ച് ചാരുകസേരയില്‍ സ്വസ്ഥനായി ചാരിക്കിടന്നു. ഞാന്‍ അദ്ദേഹത്തിന് എതിരേ അരഭിത്തിയില്‍ ഇരുന്നു. അപ്പോള്‍ ഭാര്യയും എന്റെ അടുത്തുവന്നിരുന്നു. പിന്നെ ചോദ്യങ്ങള്‍ ആരംഭിച്ചു. എത്ര വയസ്സുണ്ട്? എന്നാണ് ജോലിക്കു ചേര്‍ന്നത്? എന്തൊക്കെയാണ് ചെയ്യുന്നത്? എങ്ങനെയാണ് ഇന്റര്‍വ്യൂ ചെയ്യാനുള്ള ആളുകളെ കണ്ടുപിടിക്കുന്നത്? എങ്ങനെയാണ് അവരോട് എന്തൊക്കെ ചോദിക്കണമെന്നു തീരുമാനിക്കുന്നത്? എങ്ങനെയാണ് എഴുതുന്നത്? എങ്ങനെയാണ് പേജില്‍ തലക്കെട്ടു വരുന്നത്?
-ഒരായിരം ചോദ്യങ്ങള്‍. വൈകാതെ എനിക്ക് മനസ്സിലായി- ആ അമ്മയ്ക്ക് താല്പര്യം എന്നോടല്ല. എന്റെ ജോലിയോടാണ്. അങ്ങനെ സംസാരിച്ചിരിക്കെ, ഒരു കാരണവുമില്ലാതെ ഞാന്‍ ചോദിച്ചു:
''അമ്മ എഴുതുമോ?''

എന്‍എസ് മാധവന്‍
എന്‍എസ് മാധവന്‍


പിന്നെ കേട്ടത് ഒരു പൊട്ടിത്തെറിയാണ്. 
''ഞാനോ? എഴുതുമോ എന്നോ? ഞാന്‍ വള്ളത്തോള്‍ ഇരുന്ന വേദിയില്‍ കവിത വായിച്ചിട്ടുണ്ട്, അറിയാമോ? എന്റെ കവിത കേട്ട് വള്ളത്തോള്‍ എഴുന്നേറ്റു വന്ന് എന്റെ തലയില്‍ കൈവച്ച് നീ  സാക്ഷാല്‍ സരസ്വതി തന്നെ എന്ന് അനുഗ്രഹിച്ചിട്ടുണ്ട്. ഇങ്ങേര് എന്നെ അവിടെ വച്ചാണ് കണ്ടത്. കല്യാണം ആലോചിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു, രണ്ടു പേരും ഒരേ താല്പര്യക്കാര്‍, എന്നെ എഴുതാന്‍ സമ്മതിക്കും. വള്ളത്തോള്‍ അനുഗ്രഹിച്ചതുപോലെ വലിയ എഴുത്തുകാരിയാകാന്‍ ഇങ്ങേരു സഹായിക്കും. എവിടെ! കല്യാണം കഴിഞ്ഞതോടെ എന്റെ സാഹിത്യം നിന്നു. കൊച്ചുങ്ങളെ നോക്കാന്‍ ആളില്ലെന്നു പറഞ്ഞ് എന്റെ ഉദ്യോഗം രാജിവയ്പിച്ചു. അങ്ങേരു സ്വന്തം കാര്യം നോക്കി. പടിപടിയായി ഉയര്‍ന്നു. ഞാന്‍ ആരുമല്ലാതായി...!'' 

അതുവരെ കണ്ട സ്‌നേഹമയിയും സൗമ്യയുമായിരുന്ന സ്ത്രീ ഒരു ഭദ്രകാളിയായി ഭാവം പകര്‍ന്നു. ഇദ്ദേഹം, ഇവിടുന്ന് എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഭര്‍ത്താവിനെ പിന്നെ കാലമാടന്‍, ദ്രോഹി, മഹാപാപി, വൃത്തികെട്ടവന്‍ എന്നൊക്കെ വിശേഷിപ്പിക്കുകയായി. അവരുടെ ഭംഗിയുള്ള മുഖത്ത് ഞാന്‍ കണ്ട രോഷവും വെറുപ്പും പറഞ്ഞറിയിക്കാന്‍ വയ്യ. ശ്രവണശക്തി തീരെയില്ലാത്ത ഭര്‍ത്താവാണെങ്കില്‍, ഭാര്യ തന്നെക്കുറിച്ച് എന്തോ പുകഴ്ത്തി പറയുകയാണ് എന്ന ധാരണയില്‍ തലയാട്ടി ചിരിച്ചുകൊണ്ട് ഇരിക്കുന്നു.  ഇരുപത്തിമൂന്നാം വയസ്സില്‍ ഒരു ദാമ്പത്യത്തിന്റെ ബീഭത്സത കാണുകയായിരുന്നു ഞാന്‍. അവിടെനിന്നു പോരുമ്പോള്‍ ഞാന്‍ ആകെ ഉലഞ്ഞിരുന്നു. ആ വീടും അവിടെ സംഭവിച്ചതും ഒരു സ്വപ്നം പോലെയുണ്ടായിരുന്നു. 

'ഒരു മോഹഭംഗത്തിന്റെ കഥ' എന്ന കഥയ്ക്കു കാരണക്കാരിയായ കോയിക്കോണത്തു മാവേലില്‍ കല്യാണിയമ്മയെ എനിക്ക് ഓര്‍മ്മവന്നു. അവര്‍ ഒരു ഒറ്റപ്പെട്ട സ്ത്രീയല്ല എന്നു തിരിച്ചറിഞ്ഞു. ആലോചിച്ചാലോചിച്ചു നോക്കിയപ്പോള്‍, ഞാന്‍ കണ്ടുകൊണ്ടിരുന്നത് എന്റെ ഭാവികാലമാണ് എന്നു തോന്നി. വിവാഹം, പ്രേമം, വിവാഹം, കുടുംബം, കുട്ടികള്‍  എന്നിവ തന്നെയായിരിക്കുമോ എന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍ എന്നു ഞാന്‍ സ്വയം ചോദിച്ചു.  അല്ല എന്നു ഞാന്‍ ഞെട്ടലോടെ കണ്ടെത്തി. എന്റെ ജോലിയാണ് എനിക്കു വലുത് എന്നു ഞാന്‍ സ്വയം സമ്മതിച്ചു. ആ ജോലി എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു. ഒരു റിപ്പോര്‍ട്ട് എഴുതുമ്പോള്‍, ഒരു വാര്‍ത്ത ഇംഗ്ലീഷില്‍നിന്നു പരിഭാഷപ്പെടുത്തുമ്പോള്‍, ഒരു വാര്‍ത്തയ്ക്ക് ഒരു തലക്കെട്ടോ ചിത്രത്തിന് ഒരു അടിക്കുറിപ്പോ കൊടുക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ആത്മസംതൃപ്തിക്കു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല എന്നതില്‍ എനിക്കു കുറ്റബോധമുണ്ടായി.  ഭര്‍ത്താവും കുടുംബവും കുട്ടികളും ഉണ്ടാകുമ്പോള്‍ അവരൊക്കെ ചേര്‍ന്ന് എന്നെ കൂടുതല്‍ സന്തുഷ്ടയാക്കും എന്നു ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. കാരണം, പുസ്തകങ്ങളായ പുസ്തകങ്ങളെല്ലാം സ്ത്രീയുടെ സായൂജ്യം കുടുംബത്തിനുള്ളിലാണ്, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിലാണ് എന്നാണ് പഠിപ്പിച്ചിരുന്നത്. കുടുംബത്തിനുവേണ്ടി ജീവിക്കാത്ത സ്ത്രീ എന്തൊക്കെ നേടിയാലും വെറും പൂജ്യമാണ് എന്ന ലോകബോധ്യം എനിക്കു ചുറ്റും അലയടിച്ചു. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീയുടെ ജീവിതം അരക്ഷിതാവസ്ഥയിലാണ് എന്നും പലരും എന്നെ ബോധവല്‍ക്കരിച്ചു. കേരളത്തില്‍ ജനിച്ചു വളരുന്ന ഒരു മിഡില്‍ ക്ലാസ്സ് യുവതിയുടെ ജീവിതത്തില്‍ ഭീകരമായ ഏകാന്തതയുടെ ഒരു ഘട്ടമുണ്ട്. ഒപ്പം നടന്ന കൂട്ടുകാരികള്‍ വിവാഹം കഴിച്ചു പോകുകയും അവരുടേതായ തിരക്കുകളില്‍ മുഴുകുകയും ചെയ്യുന്ന ഘട്ടം. അപ്പോള്‍ അവിവാഹിതകള്‍ തനിച്ചാകും. അവര്‍ക്ക് കേരളത്തില്‍ ഇടമില്ല. പൊതു ഇടങ്ങളിലൊന്നും അവര്‍ക്ക് സ്ഥാനമില്ല. അവര്‍ക്കു തനിച്ചു പോകാവുന്ന യാത്രകളോ തനിച്ചു ജീവിക്കാവുന്ന ഹോട്ടലുകളോ ഇല്ല. സ്വാഭാവികമായും അത് അവരെ തകര്‍ക്കും.  തനിച്ചാകലിന് ശാശ്വത പരിഹാരം വിവാഹമാണ് എന്നു ലോകം വാദിക്കും. ആ പ്രായത്തില്‍ നമ്മളതു വിശ്വസിക്കും. 
ഞാന്‍ ഉത്തമകുടുംബിനിയാകാന്‍ സൃഷ്ടിക്കപ്പെട്ടവളായിരുന്നില്ല. അതിനുവേണ്ട ക്ഷമയോ ത്യാഗസന്നദ്ധതയോ കാര്യപ്രാപ്തിയോ എനിക്ക് ഉണ്ടായിരുന്നില്ല.

ഞാന്‍ സ്വയം മറന്നത് ജോലി ചെയ്യുമ്പോഴാണ്. ഒരു നല്ല ഫീച്ചറോ പരിഭാഷയോ തയ്യാറാക്കുമ്പോള്‍ ഞാന്‍ അതില്‍ ലയിച്ചു.  ആ സമയത്ത് പ്രേമവും കാമുകനും വിവാഹവും മനസ്സില്‍നിന്നു മാഞ്ഞു. അതില്‍ ഞാന്‍ കുറ്റബോധവും അനുഭവിച്ചു. അങ്ങനെയല്ല വേണ്ടത് എന്നതായിരുന്നു അതുവരെ പഠിച്ച പാഠം. സ്ത്രീക്ക് എല്ലാത്തിലും വലുത് കുടുംബമാകേണ്ടിയിരുന്നു. അവള്‍ക്ക് എല്ലാത്തിലും വലുത് അവളുടെ ജീവിതപങ്കാളിയുടെ സന്തോഷം ആകേണ്ടിയിരുന്നു. എനിക്ക് എന്നെക്കുറിച്ച് ആത്മനിന്ദ തോന്നി.  നിങ്ങളുടെ സാമീപ്യത്തെക്കാള്‍ എനിക്ക് സന്തോഷം എന്റെ ജോലിയാണ് എന്നു പറയുന്ന സ്ത്രീയെ ആരു സ്‌നേഹിക്കും? അതെങ്ങനെ ഒരു സ്ത്രീ തുറന്നു പറയും? അത് ഒരു പുരുഷന്റെ ആത്മവിശ്വാസത്തെ എത്രയേറെ തകര്‍ത്തു കളയും? വാസ്തവത്തില്‍ എന്റെ ആത്മവിശ്വാസമാണ് തകര്‍ന്നത്. പരന്ന വായനയും എഴുത്തും ഒക്കെയുള്ള മലയാളി പുരുഷന്റെപോലും മാതൃകാ കുടുംബ സങ്കല്പത്തില്‍  ഞാന്‍ മിസ് ഫിറ്റ് ആണ് എന്നത് എന്റെ സ്വസ്ഥത കെടുത്തി. രണ്ടു പേര്‍ക്കും സന്തോഷമില്ലാത്ത ഒരു കെട്ടുപാട് എന്നെ ഭയപ്പെടുത്തി. ഞാനതു മുറിച്ചു മാറ്റി.

എംഎസ് ദിലീപ്
എംഎസ് ദിലീപ്

അപ്പോഴാണ് എം.എസ്. ദിലീപ് അവതരിക്കുന്നത്. ''മീര ഇവിടുത്തെ ഏറ്റവും വലിയ പത്രപ്രവര്‍ത്തകയാകേണ്ടവളാണ്, കല്യാണംകഴിച്ചു ഭാവി നശിപ്പിക്കരുത്'' എന്ന് ഇങ്ങോട്ടു കയറി ഉപദേശിച്ചപ്പോള്‍ ഞാന്‍ ഫ്‌ലാറ്റായി. പുകകൊണ്ട് കണ്ണ് കാണാന്‍ സാധിക്കുമായിരുന്നില്ലെങ്കിലും ഹോതാവിന്റെ ദ്രവ്യം അഗ്‌നിയില്‍ത്തന്നെ വീണു. പിന്നെ, കുടുംബവ്യവസ്ഥയ്ക്ക് ഒരു ഗുണമുണ്ട്. അതു നിലനിര്‍ത്താന്‍ രണ്ടില്‍ ഒരാളുടെ ത്യാഗം മതി. രണ്ടില്‍ ഒരാളുടെ അധ്വാനവും.   രാവിലെ  പത്രം വായന കഴിഞ്ഞ് വിശക്കുമ്പോള്‍ മാത്രം പ്രാതലിനെ കുറിച്ച് ഓര്‍മ്മിക്കുന്ന എന്നെ ദിലീപ് ഇഡ്ഡലിയും ചട്നിയും വിളമ്പി അമ്പരപ്പിച്ചു. രാത്രി വൈകി വീട്ടില്‍ വരുന്ന എന്നെ ഉണര്‍ത്താതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് രാവിലെ ഓഫീസില്‍ പോകാന്‍ ഒരുങ്ങി. ഗര്‍ഭിണിയായതിനുശേഷം ഞാന്‍ അടുക്കളയില്‍ കയറുന്നത് എന്നേക്കുമായി അവസാനിപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ, അതേ കാലത്ത് എന്നെ കഥകള്‍ ആവേശിക്കുകയും ചെയ്തു. 

അതിന് ഒരു കാരണം അക്കാലത്ത് ഞാന്‍ മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി തയ്യാറാക്കിയ പാദമുദ്രകള്‍ എന്ന പരമ്പരയാണ്. പ്രശസ്തരുടെ ഭാര്യമാരുടെ ഓര്‍മ്മക്കുറിപ്പുകളായിരുന്നു അവ. ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പി.ജെ. ആന്റണി, കെ.സി.എസ്. മണി, എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്നിങ്ങനെ എത്രയോ ചരിത്രനായകന്‍മാരുടെ ഭാര്യമാരുമായി സംസാരിച്ചു. ആ സംഭാഷണങ്ങള്‍ എന്റെയുള്ളിലെ സാഹിത്യ മോഹത്തെ ഉദ്ദീപിപ്പിച്ചു എന്നു തോന്നുന്നു. മറ്റൊരു കാരണം അന്നു കിട്ടിയ  ഏകാന്തതയായിരുന്നു. അനാരോഗ്യം മൂലം ഏഴു മാസത്തോളം ശമ്പളമില്ലാത്ത ലീവ് എടുക്കേണ്ടി വന്നു. അമ്മ കോളേജിലും ദിലീപ് ഓഫീസിലും പോയിക്കഴിഞ്ഞാല്‍ ഞാന്‍ തനിച്ചായി. വയറ്റില്‍ കിടക്കുന്ന കുട്ടിക്ക് സാഹിത്യത്തിലും വായനയിലും ഒക്കെ കമ്പമുണ്ടാകട്ടെ എന്ന സ്വാര്‍ത്ഥതയോടെ ഞാന്‍ ആവേശത്തോടെ പുസ്തകങ്ങള്‍ വായിച്ചു. കവിതയും കഥയും കുത്തിക്കുറിച്ചു. 
ഒരു നോട്ട്ബുക്കിലാണ് ഞാനവ കുറിച്ചിട്ടത്. ആ നോട്ട് ബുക്ക് ഇപ്പോഴും എന്റെ

കയ്യിലുണ്ട്. അതിന്റെ ഒരു മൂല എലി കരണ്ടിട്ടുണ്ട്. എന്നാലും അകത്ത് വാരിവലിച്ചെഴുതിയതൊക്കെ വായിച്ചെടുക്കാം. അതിന്റെ കവറില്‍ റിപ് വാന്‍ വിങ്കിള്‍ എന്ന് എഴുതിയിട്ടുള്ളത് ഈയിടെയാണ് ഞാന്‍ ശ്രദ്ധിച്ചത്. സത്യം പറഞ്ഞാല്‍ ആ നേരത്തു ഞാനും റിപ് വാന്‍ വിങ്കിള്‍ ആയിരുന്നു. ദീര്‍ഘമായ നിദ്രയ്ക്കുശേഷം ഉണര്‍ന്നു വന്നപ്പോള്‍ ഞാനും എന്റെ പഴയ ലോകവും പാടെ മാറിയിരുന്നു. അല്ലെങ്കിലും കഥയുടെ നിര്‍വ്വചനം അതാണ്. പൂര്‍ണ്ണവും സമഗ്രവുമായ ഒരു ലോകമാണ് കഥ സൃഷ്ടിക്കുന്നത്. അവിടേക്ക് ഓരോ തവണയും സഞ്ചരിച്ചു മടങ്ങിവരുമ്പോള്‍ വായനക്കാരന്റെ ലോകം മാറിപ്പോകും. പിന്നെ എഴുത്തുകാരന്റെ കാര്യം പറയാനുണ്ടോ? 
പില്‍ക്കാലത്താണ് എനിക്കു മനസ്സിലായത്. വായിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഒരുപാട് സ്ത്രീകളുടെ ജീവിതത്തില്‍ ഇത്തരം ഒരു നോട്ട്ബുക്ക് ഉണ്ട്. 
അതില്‍ അവര്‍ പണ്ടെന്നോ കുറിച്ചിട്ട വാക്കുകളും. 


ചോന്ന ചട്ടയുള്ള ബുക്ക് 

മകള്‍ ജനിച്ചതോടെ എന്റെ വായന പാടെ അവസാനിച്ചു. വായിച്ചുകൊണ്ട് ഉറക്കത്തിലേക്കു വീണിരുന്ന രാത്രികള്‍ പഴങ്കഥയായി. പക്ഷേ, അവള്‍ വന്നതില്‍പ്പിന്നെ എനിക്കു കൂടുതല്‍ കൂടുതല്‍ എഴുതേണ്ടിവന്നു. പത്രത്തിനുവേണ്ടി ഫീച്ചറുകളും ന്യൂസ് സ്റ്റോറികളും 'വനിത'യ്ക്കുവേണ്ടി മഞ്ജുവാര്യരുടെ ദീര്‍ഘമായ അഭിമുഖവും മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി നുറുങ്ങുകളും നോവല്‍ എഴുത്തും തിരുത്തിയെഴുത്തും. ഒക്കെയായി തിരക്കോടു തിരക്ക്. 

ലളിത പി നായര്‍
ലളിത പി നായര്‍

അതിനടുത്ത വര്‍ഷമാണ് ഞാന്‍ വീണ്ടും ശാസ്താംകോട്ടയില്‍ പോയത്. ജനിച്ചു വളര്‍ന്ന ഗ്രാമത്തിലേക്കു വളരെക്കാലത്തിനു ശേഷമുള്ള യാത്ര. അമ്മയും ദിലീപും പിച്ചവയ്ക്കാന്‍ തുടങ്ങിയ മകളും ഒപ്പമുണ്ടായിരുന്നു. മീശയപ്പൂപ്പന്‍ മരിച്ചപ്പോള്‍പോലും ഞാന്‍ ആ വഴിക്കു പോയിരുന്നില്ല. തിലക് ഭവന്‍ പഴയതുപോലെ തന്നെയുണ്ടായിരുന്നു. ലളിത പി. നായര്‍ എന്ന കെട്ടിടത്തിലമ്മ ഞങ്ങളെ സ്‌നേഹത്തോടെ എതിരേറ്റു. സദ്യ വിളമ്പി. മകളെ ഉറക്കിക്കിടത്തി ഉച്ചയ്ക്കുള്ള കായല്‍ക്കാറ്റേറ്റ് സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ കെട്ടിടത്തിലമ്മ കടന്നുവന്ന് ഒരു നോട്ട് ബുക്ക് നീട്ടി. 
''മോള്‍ ഇതൊന്നു കറക്ട് ചെയ്തു തരാമോ?''
ഞാന്‍ ഉച്ചയൂണിന്റേയും കായല്‍ക്കാറ്റിന്റേയും ആലസ്യത്തിലായിരുന്നു. കെട്ടിടത്തിലമ്മയ്ക്കെന്ത് നോട്ട്ബുക്ക് എന്ന ഉദാസീനതയോടെ ഞാന്‍ ആ നോട്ട്ബുക്ക് കയ്യില്‍ വാങ്ങി. അലസമായി തുറന്നു. ആദ്യ വരികള്‍ വായിച്ചു. 
വഴിതടഞ്ഞെന്റെ ജീവിതപ്പാതയീ
കൊടിയ കാനനമാര്‍ഗ്ഗത്തിലെത്തവേ
അവിടെയങ്ങിങ്ങു ഗര്‍ജ്ജിച്ചു ഭീകര-
വന മൃഗങ്ങള്‍ ഭയപ്പെടുത്തീടവേ
ഇരുളിലെന്നെ നയിക്കുവാന്‍ കൈത്തിരി
തവ മനോഹര സുസ്മിത ദീപ്തി ഞാന്‍
അതു നയിക്കും വഴിയിലൂടങ്ങനെ
പതറിയെത്തി നിന്‍ പാദത്തില്‍ വീഴുവന്‍
ഇരുളില്‍ വെമ്പുമെന്നന്തരാത്മാവിനെ
തഴുകുവാന്‍ സ്വപ്നരേഖകള്‍ മാത്രമോ?
കവനദേവതേയെന്‍ കരള്‍ത്തട്ടില്‍ നീ
കരതലങ്ങളാല്‍ നൊമ്പരം മായ്ച്ചു നീ
പകരണേ ദിവ്യജീവ ഗീതാസുധ!
അതിലലിഞ്ഞലിഞ്ഞെന്നെമറന്നു ഞാ-
നനുഭവിക്കട്ടെ സായൂജ്യസിദ്ധികള്‍
തളരുവോളവും പാട്ടുകള്‍ പാടി ഞാന്‍
തവമടിത്തട്ടിലന്ത്യമായ് വീണിടാം!
ഞാന്‍ വല്ലാതെ ഞെട്ടി. സുഗതകുമാരിയുടെ മുത്തുച്ചിപ്പിയിലെ വരികളുടെ അതേ താളവും ലയവും നിറഞ്ഞ വരികള്‍. കെട്ടിടത്തിലമ്മ ഇത്ര മനോഹരമായി എഴുതുമായിരുന്നു എന്ന തിരിച്ചറിവില്‍ ഞാന്‍ വായ് പിളര്‍ന്നിരുന്നു. ഈ അമ്മയാണ് എന്റെ പൊട്ടക്കവിതകളും കഥകളും വായിച്ച് അകമഴിഞ്ഞ് അഭിനന്ദിച്ചിട്ടുള്ളത്. ഈ അമ്മയെയാണ് ഞാന്‍ ഒരു ഉത്തമ ഭാര്യയും കുടുംബിനിയും മാത്രമായി എഴുതിത്തള്ളിയത്. അന്നു ഞാന്‍ കെട്ടിടത്തിലമ്മയോടു ചോദിച്ചു - അമ്മയുടെ ഈ കവിതകള്‍ മീശയപ്പൂപ്പനെ കാണിച്ചിട്ടില്ലേ?

വിപി നായരും ലളിത പി നായരും
വിപി നായരും ലളിത പി നായരും


അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു: 
''ഒരിക്കല്‍ ഒരു കവിത കാണിച്ചു. അതു വാങ്ങിയിട്ട് എന്നോട് ഇതു നല്ല കവിതയാണോ എന്നു ചോദിച്ചു. ഞാന്‍ അറിയില്ല എന്നു പറഞ്ഞു. അപ്പോള്‍ അതു വലിച്ചു കീറി. എന്നിട്ട് നല്ല കവിത എഴുതുമ്പോള്‍ തന്നാല്‍ മതി എന്നു പറഞ്ഞു. അതില്‍പ്പിന്നെ ഞാന്‍ ഒന്നും കാണിച്ചിട്ടില്ല.''
അത് ഒരു അഭിമാനിനിയുടെ ശബ്ദമായിരുന്നു. അതില്‍പ്പിന്നെ എഴുതിയില്ല എന്നല്ല, കാണിച്ചില്ല എന്നാണ് പറഞ്ഞത് എന്നു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ഹൃദയം ഉരുകി. അന്നു തിരികെപ്പോരുമ്പോള്‍ ആ നോട്ട്ബുക്ക് കൂടി ഞാന്‍ കൊണ്ടുവന്നു. 

മടക്കയാത്രയില്‍ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരു മോഹഭംഗത്തിന്റെ കഥയ്ക്കു പ്രചോദനമായ  കെട്ടിടത്തിലമ്മയുടെ അമ്മ കോയിക്കോണത്ത് മാവേലില്‍ കല്യാണിയമ്മയേയും കോട്ടയത്ത് ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ സാമൂഹിക പ്രവര്‍ത്തകന്റെ ഭാര്യയേയും എനിക്ക് ഓര്‍മ്മ വന്നു. എന്റെ വാര്‍ധക്യത്തെക്കുറിച്ച് എനിക്ക് ആധി തോന്നി. 

കോട്ടയത്ത് തിരിച്ചെത്തിയ ഉടനെ ഞാന്‍ ആ നോട്ട്ബുക്കിലെ കഥകളും കവിതകളും കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു. ചിലതൊക്കെ പ്രസിദ്ധീകരിച്ചു. പക്ഷേ, എല്ലാ ദിവസവും ലളിത പി. നായര്‍ എന്നെ വിളിക്കാന്‍ തുടങ്ങി. ഒരേ ഒരു കാര്യമാണ് പറയാന്‍ ഉണ്ടായിരുന്നത്:

''മോളേ, ആ നോട്ട്ബുക്ക് സൂക്ഷിക്കണേ. എന്റെ കയ്യില്‍ വേറെ കോപ്പിയില്ല.''
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. എനിക്കു ശാസ്താംകോട്ടയില്‍ പോകാന്‍ സമയം കിട്ടിയില്ല. അതുകൊണ്ട് നോട്ട്ബുക്ക് മടക്കിക്കൊടുക്കാനും സാധിച്ചില്ല. എല്ലാ ദിവസവും കെട്ടിടത്തിലമ്മ വിളിക്കും- മോളേ, ആ നോട്ട്ബുക്ക് കയ്യിലുണ്ടല്ലോ, അല്ലേ? നഷ്ടപ്പെട്ടു പോകരുതേ. 
ഓഫീസില്‍ വലിയ തിരക്കുണ്ടായിരുന്ന ഒരു ദിവസം, ഓവര്‍ടൈം ജോലിയും ചെയ്ത് തളര്‍ന്നു വീട്ടില്‍ എത്തിയത് അര്‍ദ്ധരാത്രിക്കു ശേഷമാണ്. വാതില്‍ തുറന്നതും ദിലീപ് പറഞ്ഞു: 

''ശാസ്താംകോട്ടയില്‍നിന്ന് കെട്ടിടത്തിലമ്മ വിളിച്ചിരുന്നു.''
കൃത്യമായും ആ നേരത്ത് കിടപ്പുമുറിയിലെ ലാന്‍ഡ് ഫോണ്‍ ബെല്ലടിച്ചു. ''ങ്ഹാ, അമ്മയായിരിക്കും'' എന്നു പറഞ്ഞു ദിലീപ് വീണ്ടും ഉറങ്ങാന്‍ കിടന്നു. ഞാന്‍ ഫോണ്‍ എടുത്തു. അത് കെട്ടിടത്തിലമ്മ തന്നെയായിരുന്നു. 
''അമ്മ ഉറങ്ങിയില്ലേ?'' - ഞാന്‍ ചോദിച്ചു. 
''മോളെ വിളിച്ചിട്ട് ഉറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. ആ നോട്ട്ബുക്കിന്റെ കാര്യം ഓര്‍മ്മിപ്പിക്കാനാണ്.  അതു സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ? നഷ്ടപ്പെടുത്തരുതേ.''
നോട്ട്ബുക്ക് ഭദ്രമായി എന്റെ കയ്യിലുണ്ട് എന്നു ഞാന്‍ അമ്മയ്ക്ക് ഉറപ്പുകൊടുത്തു. ഫോണ്‍ തിരികെ വച്ച് ഞാന്‍ തളര്‍ന്ന് ഇരുന്നു. കെട്ടിടത്തിലമ്മയുടെ ശബ്ദത്തിലെ ഉല്‍ക്കണ്ഠ എന്നെ വല്ലാതെ ഇളക്കിമറിച്ചിരുന്നു. ഞാന്‍ ആ നോട്ട്ബുക്ക് മറിച്ചുനോക്കി. അരനൂറ്റാണ്ടിന്റെ പഴക്കത്താല്‍ പൊടിഞ്ഞുതുടങ്ങിയ പേജുകള്‍. വയലറ്റായി മാറിയ നീല മഷി. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ രചിച്ച, സദസ്യതിലകന്‍ എന്ന് അറിയപ്പെട്ടിരുന്ന ടി.കെ. വേലുപ്പിള്ളയുടെ മകന്‍ രണ്ടു തവണ എം.പി. ആയിരുന്ന വി.പി. നായരുടെ ഭാര്യ, യു.കെയിലെ പ്രഗല്‍ഭ ഡോക്ടര്‍മാരായ ഡോ. ശശിധരന്‍, ഡോ. ഹരികുമാര്‍ എന്നിവരുടേയും ബിസിനസുകാരനായ വിശ്വനാഥന്റേയും അമ്മ. മക്കളും മരുമക്കളും കൊച്ചുമക്കളും അടങ്ങുന്ന സംതൃപ്ത കുടുംബം. പക്ഷേ, ജീവിതത്തിന്റെ സായാഹ്നത്തില്‍ അങ്ങനെയൊരു സ്ത്രീ ഉല്‍ക്കണ്ഠപ്പെടുന്നത് താന്‍ പണ്ടെന്നോ കഥകളും കവിതകളും കുറിച്ചിട്ട ഒരു നോട്ട്ബുക്കിനെ കുറിച്ചാണ്. താന്‍ കുറിച്ചിട്ട കഥകളും കവിതകളും പുസ്തകമായി കാണുകയാണ് ആ അമ്മയുടെ ഏറ്റവും വലിയ സ്വപ്നം. എന്റെ വാര്‍ധക്യത്തില്‍ എന്നെ അലട്ടുന്നത് എന്തായിരിക്കും എന്നു ഞാന്‍ ചിന്തിച്ചു. പ്രസിദ്ധീകരിക്കപ്പെടാത്തതും എഴുതപ്പെടാത്തതുമായ എന്റെ കഥകളും കവിതകളും തന്നെയായിരിക്കുമോ? ആ നിമിഷം എനിക്ക് എന്റെ ആ നോട്ട്ബുക്ക് ഒന്നു മറിച്ചുനോക്കാന്‍ ആഗ്രഹം തോന്നി. - ഗര്‍ഭകാലത്ത് ഞാന്‍ കുറേ കഥകളും കവിതകളും കുറിച്ചിട്ടിരുന്ന ആ നോട്ട്ബുക്ക്. 

ടി പത്മനാഭന്‍
ടി പത്മനാഭന്‍


അത് എന്റെ എഴുത്തുമേശയുടെ മേല്‍ തന്നെ ഉണ്ടായിരുന്നതാണ്. പക്ഷേ, അന്നു രാത്രി നോക്കുമ്പോള്‍ അത് അപ്രത്യക്ഷമായിരുന്നു. ഞാന്‍ തിരച്ചില്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അതു കിട്ടാതെ മനസ്സമാധാനമില്ല എന്നായി.  മനസ്സിന്റെ സമനില തെറ്റിയതുപോലെ, ഞാന്‍ വീടു മുഴുവന്‍ ഇളക്കിമറിച്ചു. പൊടിയടിച്ചു തുമ്മലും ചീറ്റലും ഒക്കെയുണ്ടായിട്ടും ഞാന്‍ പിന്‍മാറിയില്ല. ഒന്നുരണ്ടു മണിക്കൂറിനുശേഷം ഞാന്‍ അതു കണ്ടെത്തുകതന്നെ ചെയ്തു. വിയര്‍ത്തൊലിച്ച്, തളര്‍ന്നു പരവശയായി, ഞാന്‍ നോട്ട്ബുക്കിന്റെ പേജുകള്‍ മറിച്ചു. ലോകം ഉറങ്ങിക്കിടക്കുന്ന ആ നേരത്ത് ഞാന്‍ വിജയാഹ്ലാദത്തോടെ പണ്ടെന്നോ എഴുതിയ വരികള്‍ വായിച്ചു കോള്‍മയിര്‍ക്കൊണ്ടു. ഒട്ടും സമയം കളയാനില്ലെന്ന മട്ടില്‍, ആ ബുക്കിലെ കഥകള്‍ ടൈപ്പ് ചെയ്യാന്‍ വേണ്ടി കംപ്യൂട്ടര്‍ തുറന്നു. പുതിയ ഫയല്‍ ഓപ്പണ്‍ ചെയ്തു ഞാന്‍ ടൈപ്പ് ചെയ്തത് 'ചോന്ന ചട്ടയുള്ള ബുക്ക്' എന്നാണ്. മനസ്സില്‍ത്തോന്നിയത് എന്തൊക്കെയോ ടൈപ്പ് ചെയ്യുകയായിരുന്നു. എഴുതിക്കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത് - എഴുതിയത് ഒരു കഥയാണ്. എട്ടുപത്തു പേജുകള്‍ നീളമുള്ളത്. അത് 1999-ലായിരുന്നു.  അതില്‍പ്പിന്നെ ഞാന്‍ ഇടയ്ക്കിടെ കഥകള്‍ എഴുതിത്തുടങ്ങി. മറ്റുള്ളവര്‍ക്കു വായിക്കാന്‍ വേണ്ടിയോ പ്രശസ്തയാകാനോ വേണ്ടിയല്ല. എനിക്കു മാത്രം വായിക്കാന്‍ വേണ്ടി. ഇപ്പോള്‍ മാത്രമല്ല, വയസ്സുകാലത്തും.

വൈശാഖന്‍
വൈശാഖന്‍

കഥകള്‍ കുറിച്ചിട്ട നോട്ട്ബുക്ക് തപ്പിയ കഥ പില്‍ക്കാലത്ത് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ആത്മകഥയില്‍ വായിച്ചപ്പോള്‍ എനിക്കു രോമാഞ്ചം ഉണ്ടായി. എഴുത്തുകാരെ ലോകത്ത് എവിടെയും വാര്‍ത്തെടുക്കുന്നത് ഒരേ തരം അനുഭവങ്ങളാണ് എന്ന എന്റെ വിശ്വാസം ബലപ്പെട്ടു. 'My mother asked me to go with her to sell the house' എന്നു പറഞ്ഞുകൊണ്ടാണ് മാര്‍ക്വിസിന്റെ 'ലിവിങ് ടു ടെല്‍ ദ് ടെയ്ല്‍' എന്ന ആത്മകഥ ആരംഭിക്കുന്നത്. അമ്മയോടൊപ്പം വീടു വില്‍ക്കാന്‍ പോയ അനുഭവം എനിക്കും ഉള്ളതിനാല്‍ ആ ആദ്യവാക്യം എനിക്ക് ആഘാതമായി. മാര്‍ക്വിസിന്റെ യാത്ര ഒരു ഫെബ്രുവരി 19-നായിരുന്നു എന്നുകൂടി വായിച്ചപ്പോള്‍ അമ്പരപ്പു വര്‍ദ്ധിച്ചു. ഫെബ്രുവരി 19 എന്റെ ജന്മദിനമാണ്. എഴുത്തുകാരുടെ അനുഭവങ്ങളുടെ സാദൃശ്യം യാദൃച്ഛികമല്ല. ഈച്ചയുടേയും മനുഷ്യന്റേയും ഡി.എന്‍.എ തമ്മില്‍പ്പോലും അറുപതു ശതമാനം സാദൃശ്യമുണ്ട്. രണ്ടു മനുഷ്യരുടെ ഡി.എന്‍.എ തമ്മില്‍ 99.99 ശതമാനം സാദൃശ്യവും. പിന്നെ ലോകമെങ്ങുമുള്ള മനുഷ്യരുടെ അനുഭവങ്ങള്‍ സദൃശമാകുന്നതില്‍ എന്താണ് അത്ഭുതം?

പൂവു വിരിയുന്നതെന്തിന്

മനോരമ ഞായറാഴ്ചപ്പതിപ്പ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു സാഹിത്യ ക്യാംപ് സംഘടിപ്പിച്ചിരുന്നു. അന്നത്തെ ചീഫ് ന്യൂസ് എഡിറ്ററും പ്രശസ്ത എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ക്യാംപ്. 
ഞാന്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി ജോയിന്‍ ചെയ്യുന്ന കാലത്ത് ജോസ് സാര്‍ ആണ് ന്യൂസ് എഡിറ്റര്‍. പെണ്‍കുട്ടികള്‍ ഉള്ളതുകൊണ്ട്, രാത്രിയില്‍ അവര്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ സ്ഥാപനത്തിന്റെ പ്രതിനിധിയായി ഒരു സ്ത്രീ വേണം എന്നതിനാല്‍ ജോസ് സാറിന്റെ വിനീത ശിഷ്യയെന്ന നിലയിലാണ് ഞാന്‍ വിളിക്കപ്പെട്ടത്. 

അങ്ങനെ ഞാന്‍ തൃശൂരില്‍ എത്തി. ക്യാംപ് ആരംഭിച്ചു കഴിഞ്ഞിരുന്നു.  ടി. പത്മനാഭന്‍ ആയിരുന്നു ഉദ്ഘാടകന്‍. വൈകിച്ചെന്നതിനാല്‍  ടി. പത്മനാഭന്‍ പ്രസംഗിച്ചതു മുഴുവന്‍ കേള്‍ക്കാന്‍ എനിക്കു സാധിച്ചില്ല. പക്ഷേ, തുടര്‍ന്നു വന്ന ക്ലാസ്സ് എടുത്ത വൈശാഖന്‍ സാറിന്റെ ക്ലാസ്സ് ഞാന്‍ പൂര്‍ണ്ണമായും കേട്ടു: 
''കുഞ്ഞ് കരയുന്നതെന്തിനാണ്? പൂവ് വിരിയുന്നതെന്തിനാണ്? ഞാനിവിടെയുണ്ട് എന്നു പറയാനാണ്. മനുഷ്യര്‍ കഥയെഴുതുന്നതും അതിനുവേണ്ടിയാണ്.''
ആ ക്യാംപില്‍ ഇരിക്കെ, സാഹിത്യം ഒരു രണ്ടാംകിട കര്‍മ്മമാണ് എന്ന എന്റെ തോന്നല്‍ മാഞ്ഞു. കഥയില്ലാതെ, കവിതയില്ലാതെ ലോകം നിലനില്‍ക്കുകയില്ല എന്നു ഞാന്‍ അംഗീകരിച്ചു.  ആ ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ മിക്കവാറും പേര്‍ അന്നുതന്നെ എഴുതിത്തെളിഞ്ഞവരായിരുന്നു. ക്യാംപിനുശേഷം  അവരില്‍ ആരെങ്കിലും എഴുതിത്തുടങ്ങിയോ എന്ന് എനിക്ക് അറിയില്ല. എന്റെ അറിവില്‍ ഒരാള്‍ മാത്രമേ അങ്ങനെയായിത്തീര്‍ന്നുള്ളൂ- അന്നു വാര്‍ഡന്‍ ആകാന്‍ പുറപ്പെട്ടുപോയ ഈ ഞാന്‍. 
ഞാന്‍ ഇവിടെയുണ്ട് എന്ന് ചുറ്റുമുള്ള ലോകത്തോടു വിളിച്ചു പറയാന്‍ വേണ്ടിയല്ല ഞാന്‍ എഴുത്തുകാരിയായത് എന്നു മാത്രം. അതു  ഞാന്‍ ഇവിടെയുണ്ടായിരുന്നു എന്ന് ഭാവിയില്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്.  
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്  പറഞ്ഞതുപോലെ, നമ്മുടെ ജീവിതം നമ്മുടെ ഓര്‍മ്മയിലുള്ളതാണ്. അതുമാത്രമാണ്.


സോപ്പുകട്ടയും നൂലും 

മകള്‍ ജനിച്ചതു മുതല്‍ എന്റെ ജീവിതം ഒരു കുത്തൊഴുക്കിലായിരുന്നു.  കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. കടങ്ങളും സങ്കടങ്ങളും കുടുംബപ്രശ്‌നങ്ങളും ധാരാളമുണ്ട്. ആസ്ത്മയുണ്ട്. എന്നുവച്ച് എന്റെ പത്രപ്രവര്‍ത്തന മോഹങ്ങള്‍ക്ക് മാത്രം അവധിയും ഇല്ല, പരിധിയും ഇല്ല. റിപ്പോര്‍ട്ടിങ് അസൈന്‍മെന്റുകള്‍ ഒന്നും കിട്ടിയിട്ടില്ലെങ്കിലും  ഞാന്‍ പുലിറ്റ്സര്‍ നിലവാരത്തില്‍ കുറയാത്ത സ്റ്റോറികളും സ്‌കൂപ്പുകളും ദിവാസ്വപ്നം കണ്ടു കഴിയുകയാണ്. ഫീച്ചറുകള്‍ ഒഴിച്ചാല്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് തൊഴിലാളി സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ചുള്ള ഒരു സ്റ്റോറി ആയിരുന്നു. അതാണെങ്കില്‍ ആരു വായിക്കും എന്നു ചോദിച്ച് മേലുദ്യോഗസ്ഥര്‍ മാറ്റിവച്ചതും പ്രസിദ്ധീകരിക്കാന്‍ കൊള്ളില്ലെങ്കില്‍ സാര്‍ അതൊന്ന് എഴുതിത്തരാമോ ഞാന്‍ വേറെ കൊടുത്തോളാം എന്ന ഭീഷണി കാരണം ഉപദ്രവം തീര്‍ന്നോട്ടെ എന്നു വിചാരിച്ച് അദ്ദേഹം പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചതും പ്രസിദ്ധീകരിച്ചതിനുശേഷം പുകിലുകള്‍ സൃഷ്ടിച്ചതും. 


അങ്ങനെയിരിക്കെയാണ്   പദ്മന്‍ സാര്‍ എന്നെ വിളിച്ച് ''അത്യാവശ്യമാണ്, ഒരു ചെറിയ നോവല്‍ തയ്യാറാക്കി തന്നേ തീരൂ'' എന്നു പറഞ്ഞത്. ''എന്തെങ്കിലും എഴുതിത്തന്നാല്‍ മതി, ഒരു ഫില്ലര്‍ ആയി'' എന്നായിരുന്നു നിര്‍ദ്ദേശം.   ക്യാംപസ് സ്റ്റോറിയാണു വേണ്ടത്. എനിക്ക് അന്ന് ഒരു കടം തീര്‍ക്കാനുണ്ട്.
''എത്ര കാശു തരും?'' 
ഞാന്‍ ചോദിച്ചു.
''എത്ര വേണം?''
സാര്‍ എന്നെ ഗൗരവത്തില്‍ നോക്കി.
''പതിനയ്യായിരം രൂപ.''
''ശരി, പതിനഞ്ച് അധ്യായം ഇങ്ങെഴുതിത്തന്നേക്ക്.'' 
അക്കാലത്ത് താര പറഞ്ഞുതന്ന ഒരു കഥയുണ്ടായിരുന്നു. ഞാനതു വിപുലീകരിച്ചു. മറ്റൊരു പേരില്‍ നോവല്‍ എഴുതാന്‍ എനിക്കു പ്രയാസമൊന്നും തോന്നിയില്ല. ഒന്നാമത്, നോവല്‍ എഴുത്തിനെ ഞാന്‍ കണ്ടത് ജോലിയുടെ ഭാഗമായാണ്. പത്രം ഓഫീസിലെ എല്ലാ ജോലികളും സ്ഥാപനത്തിനു സമര്‍പ്പിക്കപ്പെട്ടവയായതുകൊണ്ട്, ചരമപ്പേജ് മുതല്‍ മാര്‍ക്കറ്റിങ് പേജ് വരെ ഒരേ ആത്മാര്‍ത്ഥതയോടെ തയ്യാറാക്കണം എന്ന് പഠിപ്പിക്കപ്പെട്ടിരുന്നതുകൊണ്ട്, ആ കൃതി എന്റേതായി ഞാന്‍ കരുതിയതുമില്ല.  കൃത്യം പതിനഞ്ചാം അദ്ധ്യായത്തില്‍ ഞാന്‍ ആ നോവല്‍ നിര്‍ത്തി. ''സോപ്പുകട്ട നൂലിട്ടു മുറിക്കുന്നതുപോലെ കൃത്യമായി പതിനഞ്ചില്‍ത്തന്നെ നോവല്‍ നിര്‍ത്തിയല്ലോ'' എന്നു പദ്മന്‍ സാര്‍ പരിഹസിച്ചു. ''ലോകസാഹിത്യമൊന്നുമല്ലല്ലോ സാര്‍'' എന്നു ഞാന്‍ ന്യായീകരിച്ചു.

എല്ലാ സാഹിത്യകൃതികളും അടിസ്ഥാനപരമായി ഡിറ്റക്ടീവ്  കഥകളാണ് എന്നു പറഞ്ഞത് ഹോര്‍ ജൂലിയോ ബര്‍ഹസ് ആണ്. അവസാന വാക്യങ്ങളില്‍ മാത്രം ചുരുള്‍ അഴിയുന്ന ഒരു സത്യമോ ദര്‍ശനമോ ഉണ്ടാകുമ്പോഴാണ് ഒരു കഥയോ നോവലോ വായിക്കപ്പെടുന്നത്. എന്നിട്ടെന്ത് എന്നു വായനക്കാരെക്കൊണ്ടു ചോദിപ്പിക്കുകയാണ് എഴുത്തിന്റെ രഹസ്യം. അതു തീരെ എളുപ്പമല്ല. കാരണം ജനപ്രിയ നോവലുകളുടെ വായനക്കാര്‍ നേരും നെറിയും ഉള്ളവരാണ്. നിരൂപകരോ വിമര്‍ശകരോ എത്ര തന്നെ ആഘോഷിച്ചാലും സ്വയം വായിച്ചു ബോധ്യപ്പെടാതെ അവര്‍ സ്വീകരിക്കുകയില്ല. 
അനുഭവത്തില്‍നിന്നു പറയാം, ഏതു കഥ എങ്ങനെ പറയണം എന്ന് അറിയാതെ തുടരന്‍ നോവല്‍ എഴുതി ഫലിപ്പിക്കുക അസാധ്യമാണ്.


ഒരു തുള്ളി സത്യം 

സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച വാര്‍ത്താപരമ്പരയ്ക്കു മനുഷ്യാവകാശ പത്രപ്രവര്‍ത്തനത്തിനുള്ള പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ഗുരുവായൂരിലായിരുന്നു. 
അന്നു ദിലീപിന്റെ അമ്മ ഗുരുവായൂരിനു സമീപം ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ അമ്മയെ സന്ദര്‍ശിക്കാന്‍ പോയതാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ ഞാന്‍ അന്നോളം കയറിയിട്ടില്ല. ക്യൂവില്‍നിന്നു വിയര്‍ത്തൊലിച്ച് ദൈവത്തെ തൊഴാന്‍ എനിക്കു ക്ഷമയില്ല. ഗുരുവായൂര്‍ അമ്പലത്തിനു സമീപമുള്ള ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് അന്നു താമസിച്ചിരുന്നത്. ഗസ്റ്റ് ഹൗസിനു മുന്‍പിലുള്ള പാര്‍ക്കില്‍ മകളെ കളിപ്പിച്ചുകൊണ്ട് ഞാന്‍ അവധി ആഘോഷിച്ചു. അപ്പോഴാണ് ഗസ്റ്റ് ഹൗസില്‍നിന്ന് ഒരാള്‍ വന്നത്:
''കോട്ടയം മനോരമയില്‍നിന്ന് വിളിക്കുന്നു.''
അത് മാര്‍ച്ച് മാസമാണ്. ട്രാന്‍സ്ഫര്‍ - പ്രമോഷന്‍ ഒക്കെ പ്രഖ്യാപിക്കുന്ന ആഴ്ചയാണ്. വിളിച്ചത് തോമസ് ജേക്കബ് സാര്‍ ആണ്. ''മീര ഒരു സ്ത്രീയല്ലേ, കുറച്ചൊക്കെ ബാക്ക് ബെന്‍ഡിങ് (നടുവളയ്ക്കുക - വിനയമുണ്ടാകുക എന്നു അര്‍ത്ഥത്തില്‍) വേണ്ടേ''  എന്നു ചോദിക്കാറുള്ള ആളാണ് അദ്ദേഹം. ഈ വിളി എന്നെ കല്‍ക്കട്ടയിലേക്കോ മറ്റോ തട്ടാനാണ് എന്ന് ഞാന്‍ ഉറുപ്പിച്ചു. 
ചങ്കിടിപ്പോടെ ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ''മീരയ്ക്ക് ഒരു വലിയ അവാര്‍ഡ് കിട്ടിയിരിക്കുന്നു'' എന്ന് അദ്ദേഹം പറയുമ്പോഴും ഞാന്‍ വിചാരിക്കുന്നത് പരിഹസിക്കുന്നു എന്നാണ്. ''പി.യു.സി.എല്‍. ദേശീയ അവാര്‍ഡാണ്, നാളെ പത്രത്തില്‍ പടം കൊടുക്കുന്നുണ്ട്'' എന്നൊക്കെ പറഞ്ഞുകഴിഞ്ഞതിനുശേഷമാണ് ഞാന്‍ അത് ഉള്‍ക്കൊണ്ടത്.  ഫോണ്‍ വച്ചപ്പോള്‍ എനിക്ക് ഒരു ദീര്‍ഘനിശ്വാസമുണ്ടായി. ഞാന്‍ ഗുരുവായൂരില്‍ അമ്പലത്തിന്റെ കൊടിമരത്തിന്റെ മുന്നില്‍ ചെന്നുനിന്ന് ഒന്നു തൊഴുതു. എനിക്ക് വലിയ ക്ഷീണവും ശൂന്യതയും അനുഭവപ്പെട്ടു. 

ആ ശൂന്യത ലക്ഷ്യം സാധിച്ചതിന്റെയായിരുന്നു. ആ അവാര്‍ഡ് ഞാന്‍ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു. അതു പ്രശസ്തി മോഹം കൊണ്ടല്ല അന്നുമിന്നും. ദൈവാനുഗ്രഹത്താല്‍, അന്നുമിന്നും പ്രശസ്തി മാത്രം ജീവിതത്തില്‍ ധാരാളമുണ്ട്.  പഠിച്ചിടത്തെല്ലാം ഞാന്‍ പ്രശസ്തയും താരവുമായിരുന്നു. ജോലി കിട്ടിയ ശേഷം,   മലയാള മനോരമയുടെ നൂറ്റിയേഴു വര്‍ഷത്തെ ചരിത്രത്തില്‍ പത്രത്തിന്റെ എഡിറ്റോറിയലില്‍ നിയമനം നേടിയ ആദ്യ വനിത എന്ന പ്രശസ്തിയും വേണ്ടുവോളം കിട്ടി. പക്ഷേ, എനിക്കു വേണ്ടത് പ്രശസ്തിയായിരുന്നില്ല. ഞാന്‍ നല്ല പത്രപ്രവര്‍ത്തകയാണ് എന്ന് തെളിയിക്കാനുള്ള അവസരമായിരുന്നു. രാപകല്‍ അധ്വാനിച്ചിട്ടും ടി.വി പേജില്‍  'ഏഷ്യാനെറ്റില്‍ 7.30-നു സ്ത്രീ, ദൂരദര്‍ശനില്‍ ജ്വാലയായ്' എന്നും പ്രാദേശിക പേജില്‍ 'അന്ധകാരനഴിയില്‍ അന്ധകാരം മാത്രം' എന്നും തലക്കെട്ടിട്ട് എന്റെ ജീവിതം തീരുകയായിരുന്നു.  ഒപ്പമോ പിന്നാലെയോ ജോലിയില്‍ കയറിയ ആണ്‍കുട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ക്കു തെരഞ്ഞെടുക്കപ്പെടുകയും  അവര്‍ക്കു മെച്ചപ്പെട്ട റിപ്പോര്‍ട്ടിങ് അസൈന്‍മെന്റുകള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ എനിക്ക് കിട്ടിയിരുന്നത്  ഈര്‍ക്കിലി ചീകി ചൂലു കെട്ടുകയും അരിയിലെ കല്ലു പെറുക്കുകയും ചെയ്യുന്നതുപോലെയുള്ള പണികള്‍. എന്നാല്‍, സഹബാച്ചുകാരുടെ ഉല്‍ക്കര്‍ഷത്തില്‍ സന്തോഷിക്കാനുള്ള  ഹൃദയവിശാലതയോ എനിക്കിതൊക്കെ മതി എന്നു തൃപ്തിപ്പെടാനുള്ള ത്യാഗനിര്‍ഭരതയോ എനിക്ക് ഉണ്ടായോ? അതുമില്ല. അതുകൊണ്ട്, എന്റെ പേര് മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഏടില്‍ എവിടെയെങ്കിലും ഒന്നു കുറിച്ചിടാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചു. പത്രപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കപ്പെടാന്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ എം. ശിവറാമിനെപ്പോലെ ഒരു വലിയ സ്‌കൂപ്പിന്റെ അവകാശിയാകണം. ടി.വി പരിപാടികള്‍ സമയം തെറ്റാതെ പകര്‍ത്തി എഴുതുകയും പി.ടി.ഐ., യു.എന്‍.ഐ ടേക്കുകള്‍ പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ഒരുവള്‍ക്ക് അത് സ്വപ്നം കാണാന്‍ പോലും ശേഷിയില്ല. രണ്ടാമത്തെ മാര്‍ഗ്ഗം മികച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ വാങ്ങുകയാണ്. കുറഞ്ഞ പക്ഷം പത്രത്തില്‍ പടം വരും. ഓ, ഇങ്ങനെയൊരുവള്‍ ആ പത്രത്തിലുണ്ട് എന്ന് ജനം ശ്രദ്ധിക്കും. അവരതു പെട്ടെന്നു മറക്കും. എന്നാലും ഉള്ളത് ആകട്ടെ. 

ഏതായാലും ആ വാര്‍ത്താപരമ്പരയ്ക്ക് രണ്ട് അവാര്‍ഡുകള്‍ കിട്ടി. അതുകൊണ്ട്, അന്നത്തെ ചീഫ് ന്യൂസ് എഡിറ്റര്‍ മാത്യൂസ് വര്‍ഗീസിന് എന്നെക്കുറിച്ചു വിശ്വാസമുണ്ടായി. അദ്ദേഹം എന്നെ കൂടുതല്‍ വാര്‍ത്താപരമ്പരകള്‍ എഴുതാന്‍ നിയോഗിച്ചു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ ദിവസങ്ങള്‍.  ജീവിതത്തിലെ മറ്റെല്ലാ പ്രശ്‌നങ്ങളും എനിക്കു നിസ്സാരമായി. ഒരു വാര്‍ത്ത അന്വേഷിച്ചു കണ്ടുപിടിക്കുന്നതും ആളുകളെ കണ്ടെത്തുന്നതും അവരോടു സംസാരിക്കുന്നതും ഒക്കെ ഞാന്‍ അത്രയേറെ ആസ്വദിച്ചു. അക്കാലത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്- അന്ന് എന്നെ വല്ല ബ്യൂറോയിലും റിപ്പോര്‍ട്ടര്‍ ആയി നിയമിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും കഥയെഴുത്തുകാരി ആകുമായിരുന്നില്ല. വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തു പറയാന്‍,  പത്രപ്രവര്‍ത്തകയാകാന്‍ വേണ്ടി എഴുത്തു നിര്‍ത്തിയ എന്നെ പത്രപ്രവര്‍ത്തനം വീണ്ടും എഴുത്തുകാരിയാക്കി!

പത്രപ്രവര്‍ത്തനവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. അതിന് ഒരു കാരണം, രണ്ടിനും ഭാഷാപ്രാവീണ്യം ആവശ്യമായതാകാം. മറ്റൊരു കാരണം, മികച്ച പത്രപ്രവര്‍ത്തകര്‍ പലരും എഴുത്തുകാരും ആകാറുണ്ട് എന്നതുമാകാം. എന്റെ തലമുറയിലെ പേരെടുത്ത എഴുത്തുകാര്‍ മിക്കവാറും പേര്‍ പത്രപ്രവര്‍ത്തകര്‍ ആയിരുന്നു. സാഹിത്യത്തിലേക്കുള്ള കുറുക്കുവഴിയാണ് പത്രമാസികകളില്‍ ജോലി കണ്ടെത്തല്‍ എന്ന ധാരണ ഇപ്പോഴും പ്രബലമാണ്.  ജേണലിസം ക്ലാസ്സിലെ ആദ്യ പാഠമോ? സാഹിത്യം വേറെ പത്രപ്രവര്‍ത്തനം വേറെ എന്നും. 
കഥയെഴുതിത്തുടങ്ങിയ കാലത്ത് പത്രപ്രവര്‍ത്തനവും സാഹിത്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിച്ചവരോടൊക്കെ മേല്‍പ്പറഞ്ഞ ഉത്തരം തന്നെയാണ് ഞാനും ആവര്‍ത്തിച്ചിരുന്നത്. പക്ഷേ, പ്രായം ചെല്ലുന്തോറും  ആ ഉത്തരം പൂര്‍ണ്ണമല്ല എന്ന് എനിക്കു തോന്നുന്നു.

പത്രപ്രവര്‍ത്തനവും സാഹിത്യവും തമ്മില്‍ തീര്‍ച്ചയായും ഒരു വലിയ വ്യത്യാസമുണ്ട്. അത് ഫോട്ടോഗ്രാഫും ഛായാചിത്രവും തമ്മിലുള്ള വ്യത്യാസമാണ്. പത്രപ്രവര്‍ത്തനം ഫോട്ടോഗ്രാഫ് ആണ്. പത്രം ഉടമയുടെ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകള്‍ അനുസരിച്ച് കുറച്ചു ഫോട്ടോഷോപ്പും എഡിറ്റിങ്ങും ഒക്കെ നടത്തപ്പെടാമെങ്കിലും ചിത്രം യഥാതഥമായിരിക്കും. വസ്തുതകളാണ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. സാഹിത്യത്തിന്റെ അടിസ്ഥാനം ഭാവനയാണ്. അത് ഛായാചിത്രമാണ്. ഫോട്ടോഗ്രാഫ് നോക്കി ഛായാചിത്രം വരയ്ക്കാം. പക്ഷേ, ഛായാചിത്രത്തില്‍നിന്ന് ഒരാളുടെ ഫോട്ടോഗ്രാഫ് ലഭിക്കുകയില്ല.  അതുകൊണ്ടാണ്, പത്രപ്രവര്‍ത്തകന്‍ ആയിരുന്ന എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ''പത്രപ്രവര്‍ത്തനവും കല്പനാ സാഹിത്യവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഒരു തുള്ളി കള്ളം കലര്‍ത്തിയാല്‍ റിപ്പോര്‍ട്ട് മുഴുവന്‍ കള്ളമാകും. പക്ഷേ, സാഹിത്യത്തില്‍ ഒരു തുള്ളി സത്യം കലര്‍ത്തിയാല്‍ അതു മുഴുവന്‍ വിശ്വസനീയവും സത്യവുമായിത്തീരും'' എന്നും. പത്രപ്രവര്‍ത്തനവും സാഹിത്യവും തന്നെ സംബന്ധിച്ച് 'reciprocal' ആണ് എന്നും മാര്‍ക്വിസ് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ക്ക് സാഹിത്യമൂല്യം നല്‍കാന്‍ സര്‍ഗ്ഗാത്മകത ഉപകരിച്ചു എന്നും സര്‍ഗാത്മകതയെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുനിര്‍ത്താന്‍ പത്രപ്രവര്‍ത്തനം സഹായിച്ചു എന്നും.

പുനത്തില്‍ കുഞ്ഞബ്ദുള്ള
പുനത്തില്‍ കുഞ്ഞബ്ദുള്ള

എന്റെ കാഴ്ചപ്പാടിലും അനുഭവത്തിലും  പത്രപ്രവര്‍ത്തനവും സാഹിത്യവും തമ്മില്‍ അഗാധമായ പാരസ്പര്യമുണ്ട്. പത്രപ്രവര്‍ത്തകയായിരുന്നില്ലെങ്കില്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കെ. ഉബൈദുള്ള, ജോസ് പനച്ചിപ്പുറം എന്നിവരുടെ എഡിറ്റിങ് ക്ലാസ്സുകളിലും  കെ.എസ്. രാമചന്ദ്രന്റെ  റൈറ്റിങ് ക്രാഫ്റ്റ് ക്ലാസ്സിലും ഇരുന്നില്ലായിരുന്നെങ്കില്‍ എന്റെ കഥകള്‍ ഇപ്പോഴത്തേതിലും  എത്രയോ മോശമായിരുന്നേനെ! പത്രപ്രവര്‍ത്തക ആയിരുന്നില്ലെങ്കില്‍, എന്റെ കഥകളിലെ ലോകം എത്രയോ ഇടുങ്ങിയതായിരുന്നേനെ! ഒരു കുഗ്രാമത്തില്‍ രണ്ട് കോളേജ് അദ്ധ്യാപകരുടെ മകളായി, എങ്ങോട്ടു തിരിഞ്ഞാലും എല്ലാവരും അറിയുന്ന കുട്ടിയായി വളര്‍ന്ന ഒരുവള്‍, അവള്‍ കേട്ടിട്ടേയില്ലാത്ത മനുഷ്യരേയും സങ്കല്പിച്ചിട്ടേയില്ലാത്ത മനുഷ്യാവസ്ഥകളേയും എങ്ങനെ നേരില്‍ കണ്ടേനെ?  
അതുകൊണ്ട്, ഞാന്‍ വിശ്വസിക്കുന്നു -  പത്രപ്രവര്‍ത്തനവും സാഹിത്യവും തമ്മില്‍ ഒരു പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. ബര്‍ഹസ് പറഞ്ഞതുകൂടി സ്വാംശീകരിച്ചാല്‍, കഥയുടെ കാര്യത്തില്‍ എന്നതുപോലെ, റിപ്പോര്‍ട്ടിന്റേയും  നിലനില്‍പ്പ് അവയുടെ അന്വേഷണാത്മകതയിലാണ്, അവയുടെ പരിണാമഗുപ്തിയിലുമാണ്. കഥ ഒരിക്കലും റിപ്പോര്‍ട്ടിന്റെ ധര്‍മ്മം നിറവേറ്റുകയില്ല. പക്ഷേ, നല്ല റിപ്പോര്‍ട്ടിന് കഥയുടെ വായനാനുഭൂതിയും ശക്തിയും കൈവരിക്കാന്‍ സാധിക്കും. 

കാരണം, രണ്ടിന്റേയും അടിസ്ഥാനം മനുഷ്യരും അവരുടെ ജീവിതങ്ങളുമാണ്. രണ്ടിനും അവശ്യഗുണം എംപതി അല്ലെങ്കില്‍ സഹജീവികളോടുള്ള അനുതാപമാണ്. അതിന് എറ്റവും നല്ല ഉദാഹരണം മാര്‍ക്വിസിന്റെ തന്നെ ദ് സ്റ്റോറി ഓഫ് എ ഷിപ്‌റെക്ക്ഡ് സെയിലര്‍ ആണ്. അതു കപ്പല്‍ച്ചേതത്തില്‍നിന്ന് രക്ഷപ്പെട്ട നാവികനുമായി സംസാരിച്ചു മാര്‍ക്വിസ് തയ്യാറാക്കിയ അനുഭവക്കുറിപ്പായിരുന്നു. പ്രസിദ്ധീകരിച്ച ഇരുപതു വര്‍ഷത്തിനുശേഷമാണ് അതിന്റെ രചയിതാവ് മാര്‍ക്വിസ് ആയിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. പക്ഷേ, ഇന്ന് ആ കഥകള്‍ അറിയാത്ത വായനക്കാരന് തികഞ്ഞ ഒരു സാഹിത്യകൃതിയായിത്തന്നെ അത് ആസ്വദിക്കാനും അതില്‍നിന്ന് സാര്‍വ്വലൗകികതയുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനും സാധിക്കുന്നുണ്ട്.
ഗുണപാഠം ഇത്രയേയുള്ളു: ഒരു നല്ല എഴുത്തുകാരിയില്‍ ഒരു നല്ല പത്രപ്രവര്‍ത്തകയും ഒരു നല്ല   പത്രപ്രവര്‍ത്തകയില്‍ നല്ല എഴുത്തുകാരിയും സിംബയോസിസ് നടത്തുന്നുണ്ട്. അതുകൊണ്ട് കഥ ആയാലും റിപ്പോര്‍ട്ട് ആയാലും എനിക്ക് ഒരു മോഹമേയുള്ളു- ഞാന്‍ എഴുതുന്നതു വായിക്കപ്പെടണം. അത് വായിക്കുന്നവരുടെ ഹൃദയത്തിലും ബുദ്ധിയിലും ആഴത്തില്‍ പതിയണം. അത് അവരെ ഇളക്കിമറിക്കുകയും കഴിയുമെങ്കില്‍ അവരെ നവീകരിക്കുകയും വേണം. 

കഥ ഇഴഞ്ഞ വഴി
അക്കാലത്ത് ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു ചെറിയ വാടകവീട്ടിലായിരുന്നു.
കാലപ്പഴക്കത്താല്‍ മുഷിഞ്ഞ തടികൊണ്ടുള്ള ഒരു കൂട്. 
പക്ഷേ, അതൊന്നും ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് പ്രശ്‌നമായിരുന്നില്ല. കോട്ടയത്ത് വരുമ്പോഴൊക്കെ അദ്ദേഹം ദിലീപിനോടൊപ്പം വന്നു ഭക്ഷണം കഴിക്കുകയും എം. മുകുന്ദന്‍, ടി.വി. കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍ എന്നിവരെ  സ്വന്തം നിലയില്‍ ക്ഷണിച്ചുകൊണ്ടു വരികയും ചെയ്തു. 
പത്രത്തിനും വാരികയ്ക്കും വനിതയ്ക്കും ഒക്കെ വേണ്ടി ഞാന്‍ ദിവസം പത്തും പതിനാറും മണിക്കൂറുകള്‍ തലകുത്തി നിന്നു പണിയെടുക്കുന്ന കാലമാണ്. വൈകിട്ട് ആറു മണി മുതല്‍ പത്രത്തിന്റെ ഡെസ്‌കില്‍ പണിയെടുക്കുന്നു. പകല്‍ വല്ല പരിഭാഷയോ മറ്റെന്തെങ്കിലും പണിയോ കൂടാതെ ആഴ്ചപ്പതിപ്പിനുവേണ്ടി പദ്മന്‍ സാര്‍ ആവശ്യപ്പെടുന്നതും എഴുതുന്നു. ഓഫ് ഡേയില്‍  'വനിത'യ്ക്കു വേണ്ടി എഴുതുന്നു. അതിനിടയില്‍ അതാ,  പുതിയ സഹസ്രാബ്ദവും പൊട്ടിവിടരുന്നു.  മനോരമ വിഷന്‍ ദൂരദര്‍ശനില്‍ ആരംഭിച്ച ജനനി എന്ന സ്ത്രീകള്‍ക്കുവേണ്ടിയുള്ള പരിപാടിയുടെ അവതരണവും അതിനുവേണ്ടിയുള്ള അഭിമുഖങ്ങളും ഞാന്‍ നിര്‍വ്വഹിക്കുന്നു. ഇതെല്ലാം പോരാഞ്ഞിട്ട് സ്വന്തം നിലയില്‍ കഥകളും കുറിക്കുന്നു. 

അപ്പോഴേക്ക് എന്റെ സ്റ്റോറീസ് ഫോള്‍ഡറില്‍ ആറേഴ് കഥകളായിക്കഴിഞ്ഞു. മൂന്നു നാലെണ്ണം 1997-ല്‍ എഴുതിയവയാണ്. പുറമേയുള്ളവ 'ചോന്ന ചട്ടയുള്ള ബുക്കും' 'സര്‍പ്പയജ്ഞവും.'  ഇക്കാലത്താണ് കുഞ്ഞിക്ക ആഗതനാകുന്നത്. കുഞ്ഞിക്ക വരുമ്പോഴും ദിലീപിനോടു സാഹിത്യം ചര്‍ച്ച ചെയ്യുമ്പോഴും എന്റെ മനസ്സില്‍ ചില ആഗ്രഹങ്ങള്‍ തലയിളക്കുന്നുണ്ട്. പക്ഷേ, എഴുതി വച്ചിരിക്കുന്നതു പുറത്തു കാണിക്കാന്‍ എനിക്കു ധൈര്യമില്ല. ഞാന്‍ എഴുതിയതു മോശമാണ് എന്ന സത്യത്തെ നേരിടാന്‍  എന്റെ അഹങ്കാരം അനുവദിക്കുന്നുമില്ല. 
രണ്ടായിരാമാണ്ട് നവംബര്‍ അവസാനമോ ഡിസംബറിന്റെ തുടക്കത്തിലോ ആകണം, കഥകള്‍ കൊള്ളാമോ എന്നു കുഞ്ഞിക്കയോടു ചോദിക്കണമെന്ന് ഒരാഗ്രഹം ഉദിച്ചു. അതു ഞാന്‍ മടിച്ചു മടിച്ചു ദിലീപിനോടു പറഞ്ഞു. ദിലീപ് വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചില്ല. അതുകൊണ്ട് ഞാന്‍ കഥകളുടെ പ്രിന്റൗട്ടുകള്‍ മേശയ്ക്കുള്ളില്‍ത്തന്നെ വച്ചു. കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ അക്കാര്യം മറക്കുകയും ചെയ്തു. 
രണ്ടായിരാമാണ്ട് ഡിസംബര്‍ ആയി. ക്രിസ്മസ് ആയി.  അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി അവധിദിനങ്ങള്‍ ചെലവിടാന്‍ കുമരകത്ത് എത്തി. അവിടെയിരുന്ന് അദ്ദേഹം തന്റെ പ്രശസ്തമായ 'കുമരകം മ്യൂസിങ്സ്' എഴുതുകയും അതിന്റെ കോപ്പികള്‍ ഞങ്ങളുടെ പത്രം ഓഫീസില്‍ എത്തുകയും ചെയ്തു. 

അന്നത്തെ ദിവസം എനിക്ക് ഏഴ് പേജുകളുടെ ചുമതലയായിരുന്നു. കാത്തിരിക്കുന്നതിനെ കുറിച്ചു യാതൊരു ധാരണയുമില്ലാതെ ഉല്ലാസവതിയും ഉന്‍മേഷവതിയുമായി ഞാന്‍ ജോലിക്കു ഹാജരായി. ചെന്നു കയറിയ പാടെ മാത്യൂസ് വര്‍ഗീസ് സാര്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്കു വിളിച്ചു. 
''പ്രധാനമന്ത്രിയുടെ ലേഖനം വന്നിട്ടുണ്ട്. നീണ്ട ലേഖനമാണ്. നമുക്ക് അതിന്നത്തെ പത്രത്തില്‍ത്തന്നെ ക്യാരി ചെയ്യണം. ഞാന്‍ ഇതു രണ്ടായി പകുത്ത് ഒരു ഭാഗം മീരയെ ഏല്പിക്കാം. അതു മീര പെട്ടെന്ന് തയ്യാറാക്കിത്തരണം.''
ഞാന്‍ പണ്ടേ റെഡി. ഇംഗ്ലീഷില്‍നിന്നു മലയാളത്തിലേക്കുള്ള പരിഭാഷ എനിക്ക് എളുപ്പമാണ്. ഞാന്‍ ലേഖനം വാങ്ങി തിടുക്കത്തില്‍ സീറ്റിലേക്കു പോയി. പോകും വഴി  വര്‍ഷങ്ങളായുള്ള പതിവുപോലെ ലെറ്റര്‍ ട്രേയില്‍ പരതി. എന്റെ പേരില്‍ ഒരു വെളുത്ത നീണ്ട കവറും ഒരു മാസികയും ഉണ്ടായിരുന്നത് എടുത്തു. കവര്‍ 'മാതൃഭൂമി'യുടേത് ആണെന്ന് ഒറ്റ നോട്ടത്തിലേ ശ്രദ്ധിച്ചു. ജയകുമാര്‍ ക്രിസ്മസ് ആശംസകള്‍ അയച്ചതാകാം എന്നു കരുതി പ്രത്യേകിച്ച് ഒരു ഉല്‍ക്കണ്ഠയുമില്ലാതെ  ഞാന്‍ സീറ്റില്‍ ചെന്നിരുന്നു. പരിഭാഷ തീര്‍ത്തിട്ടു വേണം അന്നത്തെ ജോലിയിലേക്കു കടക്കാന്‍ എന്നതിനാല്‍ ഞാന്‍ കത്തും കവറും നോക്കാന്‍ മെനക്കെടാതെ നേരെ കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് ടൈപ്പ് ചെയ്യാന്‍ തുടങ്ങി. 

ഏഴു മണിക്ക് മെയിന്‍ പേജ് എഡിറ്റര്‍മാരുടെ ഒരു സ്റ്റാന്‍ഡിങ് കോണ്‍ഫറന്‍സ് ഉണ്ട്. അതിലാണ് ഒന്നാം പേജിലേക്കുള്ള പ്രധാന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഫറന്‍സിന്റെ നേരത്ത് ജോലി മുറിഞ്ഞു.  തിരികെ വന്നു സീറ്റില്‍ ഇരിക്കുമ്പോഴാണ് മാതൃഭൂമി കവറിനു മേല്‍ ടി. ബാലകൃഷ്ണന്‍ എന്ന പേരു കണ്ടത്. കൂടുതലൊന്നും ചിന്തിക്കാതെ ഞാന്‍ ആ കവര്‍ പൊട്ടിച്ചു. 
മാതൃഭൂമിയുടെ ലെറ്റര്‍പാഡ്. 

ടി. ബാലകൃഷ്ണന്‍, അസിസ്റ്റന്റ് എഡിറ്റര്‍. 
തീയതി 29.12.2000. 

''ശ്രീമതി മീര, 
  കഥ 
-സര്‍പ്പയജ്ഞം- 
അടുത്ത ലക്കം ആഴ്ചപ്പതിപ്പില്‍ ചേര്‍ക്കുന്നു. 
നവവല്‍സരാശംസകളോടെ, 
സ്നേഹപുരസ്സരം''
പിന്നെ നീട്ടിവലിച്ച് അക്ഷരങ്ങള്‍ വ്യക്തമല്ലാത്ത ഒരു ഒപ്പ്.

ഒരു നിമിഷമെടുത്തു സംഭവം എനിക്കു മനസ്സിലാകാന്‍. ഹൃദയം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. ഞാന്‍ കത്തും മാസികയുടെ കവറും ബാഗിനുള്ളില്‍ ഒളിപ്പിച്ചു. പരിഭാഷ തുടരാന്‍ ശ്രമിച്ചു. പക്ഷേ, വിരലുകള്‍ വിറയ്ക്കുകയാണ്. മനസ്സ് ചാടിച്ചാടിപ്പോകുകയാണ്. ആദ്യ പ്രേമലേഖനം കിട്ടിയപ്പോള്‍പ്പോലും ഞാന്‍ അത്രയും ഇളകിയിട്ടില്ല. ഒരുപ്രകാരത്തില്‍  പരിഭാഷ പൂര്‍ത്തിയാക്കി മാത്യൂസ് സാറിനു കൈമാറി. പേജിന്റെ ജോലികളിലേക്കു തിരിഞ്ഞു. സ്‌ക്രീനില്‍  ഒന്നും കാണുന്നില്ല. നോക്കുന്നിടത്തെല്ലാം  'ടി ബാലകൃഷ്ണന്‍' എന്നും 'സര്‍പ്പയജ്ഞം' എന്നുമേ കാണുന്നുള്ളൂ.   
'സര്‍പ്പയജ്ഞം' എങ്ങനെ മാതൃഭൂമിയില്‍ എത്തി എന്നതായിരുന്നു ദുരൂഹം. അതിന്റെ സാധ്യതകള്‍ ആലോചിക്കെ, കുഞ്ഞിക്കയെ ദിലീപ് കഥ കാണിച്ചുകാണും, അതു കുഞ്ഞിക്ക മാതൃഭൂമിക്കു കൊടുത്തിട്ടുണ്ടാകും എന്നൊക്കെ ഞാന്‍ ഊഹിച്ചു. 'സര്‍പ്പയജ്ഞം' എന്ന കഥ രണ്ടാമതൊന്നു വായിച്ചു നോക്കുകപോലും ചെയ്തിരുന്നില്ല. കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹമില്ലാത്തതിനാലും  കഥകളെക്കുറിച്ച് ആത്മവിശ്വാസം ഇല്ലാത്തതിനാലും രണ്ടാമതു വായിക്കാനോ എഡിറ്റ് ചെയ്യാനോ ഞാന്‍ മിനക്കെട്ടിരുന്നില്ല. 
'മാതൃഭൂമി' ആഴ്ചപ്പതിപ്പ് വിപണിയില്‍ എത്തിയോ അത് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ വായിച്ചു കഴിഞ്ഞോ എന്നൊക്കെ ചിന്തിച്ച് ഞാന്‍ വിഹ്വലയായി. ഒന്നാമത്, കഥയെഴുതുന്ന സഹപ്രവര്‍ത്തകരോടു മറ്റുള്ളവര്‍ക്കുള്ള പുച്ഛം എനിക്കു നേരിട്ടറിയാവുന്നതാണ്. രണ്ടാമത്, അഹങ്കാരിയായ എന്നെ പാഠം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഇത് ആയുധമാക്കും എന്ന് ഉറപ്പും ഉണ്ട്. ചുമ്മാ കാറ്റും കൊണ്ട് കായല്‍ത്തീരത്തു നില്‍ക്കെ, പിന്നില്‍നിന്ന് ഒരു ചവിട്ടു കിട്ടി വെള്ളത്തില്‍ വീണതുപോലെയായി, എന്റെ അവസ്ഥ. 
പേജ് തീര്‍ത്തതും ഞാന്‍ ഓടി ഇറങ്ങി. ആദ്യം കിട്ടിയ ഓട്ടോയില്‍ വീട്ടിലേക്കു പാഞ്ഞു. ആപല്‍ശങ്കയില്ലാതെ ദിലീപ് വാതില്‍ തുറന്നു. കൂടുതല്‍ മുഖവുരയൊന്നുമില്ലാതെ ഞാന്‍ കണ്ണുരുട്ടി നോക്കി.  
''എന്റെ കഥ ആരാണ് മാതൃഭൂമിക്ക് അയച്ചത്?''
''എങ്ങനെ അറിഞ്ഞു?''
ദിലീപിന്റെ മുഖത്ത് ഭയങ്കര സന്തോഷം. 
''ആരു പറഞ്ഞു അയയ്ക്കാന്‍? കഥ കുഞ്ഞിക്കയെ കാണിക്കാനല്ലേ പറഞ്ഞുള്ളൂ?''
''കുഞ്ഞിക്ക പറഞ്ഞു, നല്ല കഥകളാണ്, അയച്ചു കൊടുക്കാന്‍.''
''എന്നോടു ചോദിക്കാതെയോ?''
''മീരയ്ക്ക് ഒരു സര്‍പ്രൈസ് ആകട്ടെ എന്നു വിചാരിച്ചു.''
സര്‍പ്രൈസ്! -എന്റെ നിയന്ത്രണം വിട്ടു. എന്തൊക്കെ പറഞ്ഞു എന്ന് ഓര്‍മ്മിക്കാന്‍ പിന്നീടൊരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. കുറേ നേരം കിടന്നു ചാടി.  പിന്നെ പൊട്ടിക്കരഞ്ഞു. ''എഡിറ്റ് ചെയ്യാത്ത കഥകള്‍ അയച്ചുകൊടുത്ത് എന്റെ പേരു കളഞ്ഞു, എന്റെ മാനം നശിപ്പിച്ചു, എന്നേക്കുമായി എന്റെ ഭാവി തകര്‍ത്തു'' എന്നൊക്കെ വിലപിച്ചു.  ''ബാക്കി കഥകള്‍ ഏതൊക്കെ പ്രസിദ്ധീകരണങ്ങള്‍ക്കാണോ അയച്ചത് അതൊക്കെ തിരിച്ചു വാങ്ങിത്തന്നില്ലെങ്കില്‍ ഞാന്‍ ചത്തുകളയും'' എന്നു ഭീഷണിപ്പെടുത്തി. ആകെ അബദ്ധത്തിലായ ദിലീപ് ''മീര ആ കഥകളൊക്കെ ഒന്നുകൂടി എഡിറ്റ് ചെയ്തു താ, നമുക്ക് അതു വീണ്ടും അയയ്ക്കാം'' എന്ന് അനുനയിപ്പിച്ചു. 
വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.  കാരണം, ഡാമേജ് കണ്‍ട്രോളിന് അതു മാത്രമായിരുന്നല്ലോ ഏക മാര്‍ഗ്ഗം. പരാജയപ്പെട്ട ഒരു കഥാകാരിയായി അവസാനിക്കാന്‍ എന്റെ ഈഗോ ഉണ്ടോ സമ്മതിക്കുന്നു? ഞാന്‍ കുത്തിയിരുന്നു യുദ്ധകാലാടിസ്ഥാനത്തില്‍ മറ്റു കഥകള്‍ എഡിറ്റ് ചെയ്തു തുടങ്ങി. ആദ്യം എഡിറ്റ് ചെയ്തത് 'മച്ചകത്തെ തച്ചന്‍.' അതിന്റെ തുടക്കവും ഒടുക്കവും മാറ്റി, ഉടല്‍ ചെത്തിമിനുക്കി പ്രിന്റൗട്ട് എടുത്തുവച്ചപ്പോഴേക്ക് മലയാളം വാരികയുടെ 2001 ജനുവരി 12-ന്റെ ലക്കത്തില്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.  
രണ്ടാമത്തേത് 'ചോന്ന ചട്ടയുള്ള ബുക്ക്.' ആദ്യ വായനയില്‍ത്തന്നെ അതിന്റെ നീളം പകുതിയായി കുറഞ്ഞു. തലക്കെട്ട് 'ഓര്‍മ്മയുടെ ഞരമ്പ്' എന്നായി. 'ചോന്ന ചട്ടയുള്ള ബുക്ക്' ദിലീപ് അയച്ചു കൊടുത്തത് 'ഇന്ത്യാ ടുഡെ' മലയാളത്തിനായിരുന്നു. ഞാന്‍ എഡിറ്റ് ചെയ്ത കഥയുടെ പ്രിന്റെടുത്ത് കവറിലിട്ട് വിലാസം എഴുതിയ സമയത്ത് 'ഇന്ത്യ ടുഡേ'യില്‍നിന്ന് ആ കഥ തിരികെ വന്നു. സുന്ദര്‍ദാസ് ആയിരുന്നു അന്നത്തെ എഡിറ്റര്‍. ''കുറച്ചുകൂടി നല്ല കഥ അയച്ചു തരൂ'' എന്നോ മറ്റോ ആയിരുന്നു ആ കത്തിലെ വാചകം. അതു തിരിച്ചു കിട്ടിയതും എനിക്ക് അനുഭവപ്പെട്ട ആശ്വാസം! 'കറുത്ത പൊന്‍മയെക്കാത്ത്' തിരിച്ചയച്ച എഡിറ്ററോട് എനിക്കു വിദ്വേഷമാണു തോന്നിയതെങ്കില്‍ ഈ കഥ തിരിച്ചയച്ച എഡിറ്ററോട് അകമഴിഞ്ഞ കൃതജ്ഞതയാണ് ഉണ്ടായത്.  

എന്തിനധികം പറയുന്നു, അങ്ങനെ ഞാന്‍ കഥയെഴുത്തുകാരിയായി. അങ്ങനെ, 'കഥ എഴുത്തുകാരെയാണു തിരഞ്ഞെടുക്കുന്നത്' എന്നു മരിയ വര്‍ഗസ് യോസയും ''എഴുത്തുകാര്‍ കരുതുന്നത് കഥ അവര്‍ ലോകത്തില്‍നിന്നു കഥകള്‍ പെറുക്കിയെടുക്കുകയാണ് എന്നാണ്. അത് അവരുടെ  പൊങ്ങച്ചം കൊണ്ടാണെന്നു ഞാന്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. വാസ്തവത്തില്‍ സംഭവിക്കുന്നത് അതിന്റെ വിപരീതമാണ്. കഥകള്‍ എഴുത്തുകാരെ തിരഞ്ഞെടുക്കുകയാണ്. കഥകള്‍ സ്വയം നമുക്കു വെളിപ്പെടുകയാണ്'' എന്ന് അരുന്ധതി റോയിയും പറഞ്ഞത് എന്റെ കാര്യത്തിലും ശരിയായി. 
എന്റെ കഥകള്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നു വിശ്വസിച്ചാല്‍, എന്നെ എഴുത്തുകാരിയാക്കാന്‍ വേണ്ടി ജീവിതം ഗൂഢാലോചന നടത്തിയിരുന്നു എന്നും വിശ്വസിക്കേണ്ടി വരും. എന്നിട്ടും എഴുത്തുകാരിയെന്നു സ്വയം വിളിക്കാന്‍ ഞാന്‍ എത്രയോ കാലം വിസമ്മതിച്ചു. ഒരുവശത്ത് എഴുതാനുള്ള ആഗ്രഹം, എഴുതുമ്പോഴുള്ള ആനന്ദം. മറുവശത്ത് അത് ലോകത്തോട് പങ്കുവയ്ക്കുന്നതിലുള്ള വിമുഖത. എന്തായിരുന്നു ആ സങ്കീര്‍ണ്ണമായ അവസ്ഥയുടെ കാരണം എന്നു ഞാന്‍ പലപ്പോഴും സ്വയം ചോദ്യം ചെയ്തിട്ടുണ്ട്.  
വിര്‍ജിനിയ വുള്‍ഫ് പറഞ്ഞത് എന്റെ മനസ്സില്‍ പതിഞ്ഞിരുന്നതുകൊണ്ടാകണം. 
''Every secret of a writer's osul, every experience of his life, every quality of his mind, is written large in his works.'
-''എഴുത്തുകാരന്റെ ആത്മാവിലെ ഓരോ രഹസ്യവും അയാളുടെ ഓരോ അനുഭവവും അയാളുടെ മനസ്സിന്റെ ഓരോ ഗുണവിശേഷവും അയാളുടെ രചനകളില്‍ വലുതായി എഴുതപ്പെട്ടിരിക്കുന്നു'' എന്ന്. എന്റെ കഥകളില്‍നിന്ന് എന്റെ രഹസ്യങ്ങള്‍ വായിച്ചെടുക്കപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല.  നിങ്ങളെ അതു വേദനിപ്പിച്ചാലോ? പിന്നെ നിങ്ങള്‍ എന്നെ സ്‌നേഹിക്കാതിരുന്നാലോ?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com