മനുഷ്യന്‍ അപ്രസക്തനാകുന്നോ? 'അറിവുകള്‍ മാറുമ്പോള്‍ സത്യവും മാറുന്നു'... ഡോ. പ്രഹ്ലാദ് സംസാരിക്കുന്നു

കൃത്രിമബുദ്ധിയും റോബോട്ടുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ഈ മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവേഷണം തുടങ്ങിയ മലയാളിയാണ് ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്
റിയാ​ദിൽ നടന്ന ഫീച്വർ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന റോബോട്ട്
റിയാ​ദിൽ നടന്ന ഫീച്വർ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന റോബോട്ട്

കൃത്രിമബുദ്ധിയും റോബോട്ടുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ഈ മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവേഷണം തുടങ്ങിയ മലയാളിയാണ് ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാണ് അദ്ദേഹം. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി. ഇന്റര്‍നാഷണല്‍ റോബോട്ട് സോക്കര്‍ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു അദ്ദേഹം. 2000 മുതല്‍ 2016 വരെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. റോബോട്ടിക് ഫുട്ബോളില്‍ തുടര്‍ച്ചയായ വിജയം നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. മെയ് വഴക്കവും കൃത്രിമബുദ്ധിയുമുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നതിലെ പ്രധാന കാല്‍വെയ്പായിരുന്നു റോബോട്ടിക് ഫുട്ബോള്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഹ്യൂമനോയ്ഡ് റോബോട്ടിക്സ് എന്ന പ്രസിദ്ധീകരണത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയാണ് പ്രഹ്ലാദ്.

ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്
ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് സുപരിചിതമായ വാക്കായി കഴിഞ്ഞിരിക്കുന്നു. കൃത്രിമ ബുദ്ധി വികസിപ്പിക്കുന്നതില്‍ ലോകം പിന്നിട്ട വഴികള്‍, വ്യക്തിപരമായി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ഒന്നു ലളിതമായി പറയാമോ?

1940-1950 കളില്‍ ഗണിതശാസ്ത്രം, മനഃശാസ്ത്രം, യന്ത്രശാസ്ത്രം, ധനതത്ത്വശാസ്ത്രം, രാഷ്ട്രതന്ത്രം എന്നീ മേഖലകളിലുള്ള ശാസ്ത്രജ്ഞര്‍ കൃത്രിമ മസ്തിഷ്‌കമുണ്ടാക്കാനുള്ള സാധ്യതകളെപ്പറ്റി ആലോചിച്ചിരുന്നു. 1956-ല്‍ ആദ്യത്തെ അക സമ്മേളനത്തിലായിരുന്നു കൃത്രിമബുദ്ധി എന്ന ആശയം ജോണ്‍ മക്കാര്‍ത്തി വിരചിച്ചത്. അതിനുമുന്നേ 1945-ല്‍, വന്നീവര്‍ ബുഷിന്റെ പ്രാഥമിക രചനയായ 'As We May Think'-ല്‍ മനുഷ്യന്റെ സ്വന്തം വിവരത്തേയും അറിവിനേയും വലുതാകുന്ന ഒരു സിദ്ധാന്തം അവതരിപ്പിച്ചിരുന്നു. 1950-ല്‍ അലന്‍ ട്യൂറിംഗ് മനുഷ്യരെ അനുകരിക്കുന്ന ബുദ്ധിയുള്ള യന്ത്രങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചു.

കഴിഞ്ഞ 60-ല്‍ പരം വര്‍ഷങ്ങളില്‍ തിരയാനും യാന്ത്രിക പഠനത്തിനും ഉള്ള അല്‍ഗോരിതങ്ങള്‍ പുരോഗമിച്ചു. 50-80കളില്‍ പ്രതീകാത്മക കൃത്രിമബുദ്ധി ആയിരുന്നു. പ്രതീകങ്ങള്‍ നിശ്ചിതമായതിനാല്‍ വേര്‍തിരിക്കലിനു സാധ്യമല്ല. മാറ്റത്തിന്റെ നിരക്ക് കൃത്രിമബുദ്ധിയില്‍ ഉള്‍ക്കൊള്ളാന്‍ പലവഴികളുമുണ്ടായി. സാംഖ്യ പഠനം , അവ്യക്തയുക്തി, കൃത്രിമ നാഡീകോശ ശൃംഖല, പരിണാമപരമായ അല്‍ഗോരിതങ്ങള്‍, അപൂര്‍ണ്ണ ഗണങ്ങള്‍, മൂര്‍ത്തമായ ബുദ്ധി എന്നീ മേഖലകള്‍ കൃത്രിമബുദ്ധിയെ വളരെ മുന്നോട്ടു കൊണ്ടുപോയി. ഇന്ന് അത് അഗാധപഠന കൃത്രിമ നാഡീകോശ ശൃംഖലകളിലും, തീവ്രപഠന യന്ത്രങ്ങളിലും എത്തിയിരിക്കുന്നു.  

ജോണ്‍ മക്കാര്‍ത്തി
ജോണ്‍ മക്കാര്‍ത്തി

ഞാന്‍ 1987-ല്‍ IIT മദ്രാസില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോഴാണ് അവ്യക്ത യുക്തിയില്‍ താല്പര്യം ഉണ്ടായത്. പിന്നീട് ഡോക്ടറേറ്റ് ബിരുദത്തില്‍, അവ്യക്ത യുക്തിയും കൃത്രിമ നാഡീകോശ ശൃംഖലകളും സംയോജിച്ചുള്ള ഘടന ഉപയോഗിച്ച് ഒരു നേര്‍രേഖയില്‍ മുന്നോട്ടും പിന്നോട്ടും ഓടുന്ന വാഹനത്തില്‍ ഒരു വടി ലംബമായി നിലനിര്‍ത്താന്‍ സാധിച്ചു. ഭൗതികശാസ്ത്രപ്രകാരം നമ്മള്‍ രണ്ടു കാലില്‍ നടക്കുമ്പോള്‍ തലകീഴായ ദോലകങ്ങളാകുന്നു. നമ്മുടെ തലച്ചോറു വളരെ നന്നായി നമ്മളെ നടക്കാന്‍ സഹായിക്കുന്നു. റോബോട്ടുകളെക്കൊണ്ട് രണ്ടുകാലില്‍ നടത്തുവാന്‍ അത്യന്തം സങ്കീര്‍ണ്ണമാണ്. അതിനുശേഷം ദക്ഷിണ കൊറിയയില്‍ ഉപരിപഠനത്തില്‍ റോബോട്ടുകളുടെ പന്ത് കളിയിലും കൃത്രിമബുദ്ധിയുടെ പല മേഖലകളിലും ഗവേഷണം ചെയ്യാന്‍ അവസരമുണ്ടായി. ഇന്നത്തെ സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഉന്നമനത്തിനായി പന്ത് കളിക്കുന്ന റോബോട്ടുകളിലുള്ള ഗവേഷണം സഹായിച്ചു. 

1999-ല്‍ സിംഗപ്പൂര്‍ ദേശീയ സര്‍വ്വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചു. മനുഷ്യ സദൃശമായ റോബോട്ടുകളുടെ ഗവേഷണം 2001 ആരംഭിച്ചു. പല അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പന്ത് കളിയില്‍ ഒന്നാമതാകാന്‍ സാധിച്ചു. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ബൃഹത്തായ ഒരു വിജ്ഞാനകോശം (Humanoid Robotics - A Reference) ക്രോഡീകരിക്കാനും 2018 നവംബറില്‍ Springer-Nature പ്രസാധകര്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പ്രവര്‍ത്തനത്തില്‍ മൂര്‍ത്തമായ ബുദ്ധി  ആവശ്യമാണ്. അത് ഇന്നും വളരെ ആഴത്തിലുള്ള ഗവേഷണതലങ്ങളില്‍ നില്‍ക്കുന്നു. വളരെ ബുദ്ധിമുട്ടുള്ള മേഖലയാണ് മൂര്‍ത്തമായ ബുദ്ധി. 

ഇപ്പോള്‍ അഗാധപഠന കൃത്രിമ നാഡീകോശ ശൃംഖലകളിലുള്ളഗവേഷണത്തിലാണ്. വലിയ  ഡാറ്റ കൈകാര്യം ചെയ്യാന്‍ അഗാധപഠന വഴികള്‍ ഉപയോഗിക്കുന്നു. വ്യവസായശാലകളിലെ വലിയ ഡാറ്റ അഗാധപഠന കൃത്രിമ നാഡീകോശ ശൃംഖലകള്‍ ഉപയോഗിച്ച് ഉല്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ സാധ്യതകളുണ്ട്.

ഇപ്പോള്‍ താങ്കള്‍ പറഞ്ഞത് അല്പം സാങ്കേതികമായ ഭാഷയിലാണ്. അതങ്ങനെയല്ലാതെ പറയാനും കഴിയില്ല. പിന്നിട്ട ചില വൈകാരികാനുഭവങ്ങളും അതിന്റെ കഷ്ടപ്പാടും ആനന്ദവുമൊക്കെയുണ്ടാവുമല്ലോ... അതുകൂടി പറയൂ?

1997-ല്‍ ദക്ഷിണ കൊറിയയില്‍ വെച്ചാണ് ആദ്യമായി ഒരു റോബോട്ട്  ഉണ്ടാക്കാന്‍ കഴിഞ്ഞത്. എല്ലാ ഭാഗങ്ങളും സംയോജിപ്പിച്ച് ബാറ്ററി ഘടിപ്പിച്ചപ്പോള്‍ ആ റോബോട്ട് ശരിയായി പ്രവര്‍ത്തിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷമുളവാക്കിയ ദിവസമായിരുന്നു അത്. അതിലുമുപരി, അതുവരെ സിദ്ധാന്തങ്ങളില്‍ ഒതുങ്ങിയിരുന്ന എനിക്ക് വമൃറംമൃല കൈകാര്യം ചെയ്യാനും കഴിയുമെന്ന ആത്മവിശ്വാസവും ഉണ്ടായി. ദക്ഷിണ കൊറിയയിലെ ഗുരു എന്റെ 'എന്തുകൊണ്ട്' (why not) എന്ന ചോദ്യങ്ങളേയും ചിന്തകളേയും ശ്രദ്ധിക്കാന്‍ തുടങ്ങുകയും കൂടുതല്‍ മസ്തിഷ്‌കോദ്ദീപനപരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അത് കൂടുതല്‍ ഗവേഷണങ്ങളിലേക്ക് നയിച്ചു.  ഞങ്ങള്‍ പല രാജ്യങ്ങളില്‍ പോയി പന്ത് കളിക്കുന്ന റോബോട്ടുകളെ പ്രദര്‍ശിപ്പിച്ചു. ഒപ്പം യാത്ര ചെയ്ത്, ഒപ്പം കിടന്നുറങ്ങി, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. 1998-ല്‍ ഫ്രാന്‍സില്‍വെച്ച്, ഇംഗ്ലീഷില്‍ ന്യായം പറയാന്‍ ഒരു പരിധിയില്‍ കൂടുതല്‍ അറിയാത്ത ഗുരുവിനു വേണ്ടി ഒരു സമ്മേളനത്തില്‍ ഞാന്‍ നന്നായി വിശദീകരിച്ചു വാദിച്ചു. പല രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിച്ച് കാര്യങ്ങള്‍ക്കു വ്യക്തത ഉണ്ടാക്കാന്‍ കഴിഞ്ഞു. അത് ഗുരുവുമായുള്ള സുദീര്‍ഘ ബന്ധത്തിന് ഇടയായി.

ദുബായിയിലെ റോബോർട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ നടന്ന റോബോർട്ടുകളുടെ ഫുട്ബോൾ മത്സരം
ദുബായിയിലെ റോബോർട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ നടന്ന റോബോർട്ടുകളുടെ ഫുട്ബോൾ മത്സരം

റോബോട്ടുകള്‍കൊണ്ട് പന്ത് കളിക്കുന്ന മത്സരം സംഘടിപ്പിക്കാനുള്ള സംഘടന 1996-ല്‍ തുടങ്ങി. 1998-ല്‍ ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട് ഓസ്‌കാര്‍ അസോസിയേഷന്‍   സ്ഥാപക സെക്രട്ടറിയായി. 2000-2016 കളില്‍ FIRA യുടെ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍ ദേശീയ സര്‍വ്വകലാശാലയില്‍ എനിക്കായി ജോലിക്ക് ശ്രമിച്ചത് എന്റെ ദക്ഷിണ കൊറിയന്‍ ഗുരുവാണ്. പിന്നീട് കുറേ കാലങ്ങള്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ മൂത്തമകളുടെ വിവാഹത്തില്‍ ഞാനും എന്റെ ഭാര്യയുമായിരുന്നു പുറത്തുനിന്നുള്ള അതിഥികള്‍. കൊറിയന്‍ കല്യാണങ്ങളില്‍ മിക്കവാറും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവൂ എന്നോര്‍ക്കുമ്പോള്‍, അദ്ദേഹം എനിക്കു തന്ന  വിശിഷ്ട സ്ഥാനം എന്നും ഓര്‍ക്കുന്നു.  

ഇന്ത്യയില്‍ പലരും റോബോട്ടുകളുടെ പന്തുകളികൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ചിരുന്നു. അതില്‍ വലിയ സ്ഥാപനങ്ങളിലുള്ള അദ്ധ്യാപക ഗവേഷക സുഹൃത്തുക്കളും വ്യാവസായിക വൈശിഷ്ട്യമുള്ളവരും ഉണ്ടായിരുന്നു. പന്തുകളിയില്‍ ഏകോപനവും മത്സരവും വിഭവനിയന്ത്രണവും സംയമനവും വ്യവഹാര രീതികളുമുണ്ട്. അവയെല്ലാം സങ്കീര്‍ണ്ണവും അതിലുമുപരി ചലനാത്മകവും ആയതിനാല്‍  സന്ദര്‍ഭോചിതമായ കൃത്രിമ ബുദ്ധി കൊണ്ടേ  കൈകാര്യം ചെയ്യാന്‍ കഴിയുള്ളൂ. റോബോട്ടുകളുടെ പന്തുകളി ഗവേഷണങ്ങള്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗവേഷണങ്ങളെ  വളരെ സ്വാധീനിച്ചിട്ടുണ്ട്.

2004-ല്‍ ഹ്യൂമനോയ്ഡ് റോബോട്ടുകളുണ്ടാക്കുന്ന എന്റെ ആദ്യത്തെ സംരംഭം സിംഗപ്പൂരില്‍ തുടങ്ങി. ആ കമ്പനിയുടെ ആദ്യത്തെ humanoid റോബോട്ട് വിറ്റത് 2004-ല്‍ ചൈനയിലേക്കായിരുന്നു. ഇന്ന് ചൈന ധാരാളം റോബോട്ടുകളും യാന്ത്രികവല്‍ക്കരണവും കൊണ്ട് എല്ലാ മേഖലകളിലും നന്നായി പുരോഗമിച്ചിരിക്കുന്നു. 2008-ല്‍ ബംഗളൂരുവില്‍ തുടങ്ങിയ അതേ കമ്പനി ഇന്ത്യയില്‍ നിലം ശുചിയാക്കുന്ന റോബോട്ടുകള്‍ ഇറക്കിയെങ്കിലും വേണ്ടത്ര വിപണി കിട്ടാത്തതിനാല്‍ 2010-ല്‍ നിര്‍ത്തിവെക്കേണ്ടിവന്നു.

ഇന്നിപ്പോള്‍ നമ്മള്‍ ഫോണില്‍ ''വീണിതല്ലോ കിടക്കുന്നൂ'' എന്ന് ടൈപ്പ് ചെയ്യുമ്പോഴേക്കും ''ധരണിയില്‍...'' എന്ന് പ്രഡിക്ടിവ് ടെക്സ്റ്റ് സ്‌ക്രീനില്‍ തെളിയുന്നു. ഐ എന്നടിക്കുമ്പോഴേക്കും ലവ് യൂ ചാടിവീഴുന്നു. പറഞ്ഞതെഴുതുന്നു. ചോദിച്ചത് തരുന്നു...   ഹോട്ടലുകളില്‍  റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നു...  ചിലത് നമ്മളെ അത്ഭുതപ്പെടുത്തുന്നു. ചിലത് പരിചിതമായിരിക്കുന്നു. താങ്കള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ കൃത്രിമ ബുദ്ധിയുടെ സ്വാധീനം ഏതെല്ലാം മേഖലകളിലുണ്ട്? 

സ്വാഭാവിക ഭാഷാ കാര്യക്രമം ഉപയോഗിച്ച് നമ്മുടെ സംസാരങ്ങളില്‍ നിന്ന് സന്ദര്‍ഭോചിതമായി ഉല്പന്നങ്ങളെ നിര്‍ദ്ദേശിക്കാനും അടുത്ത വാക്കുകള്‍ പ്രവചിക്കാനും കഴിയുന്നു. ഇവ പല വ്യവഹാരങ്ങളിലും ഉപയോഗിക്കാവുന്നതാണ്. റോബോട്ടുകളെക്കൊണ്ട് ഭക്ഷണം വിളമ്പിക്കുന്നത് കൂടുതല്‍ പരസ്യം കിട്ടാന്‍ ഗുണം ചെയ്യും. അടുത്തകാലത്ത് ഭക്ഷണശാലയില്‍ പറക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ അത് അധിക കാലം നിലനിന്നില്ല. കാരണം ഡ്രോണുകളുടെ ശബ്ദം അരോചകമായിരുന്നു. സ്വസ്ഥമായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും ഇരിക്കുമ്പോള്‍ ഈ ശബ്ദം  ശല്യമായി മാറുന്നു. തുടക്കത്തിലെ ആവേശങ്ങള്‍ക്കപ്പുറം പ്രയോഗസാധ്യമായ സന്ദര്‍ഭങ്ങളിലേ റോബോട്ടുകളെ ഉപയോഗിക്കാവൂ. മാന്‍ഹോള്‍ വൃത്തിയാക്കാം. എന്നാല്‍ അതിനെ പരിപാലിക്കാന്‍ എത്രപേര്‍ വേണ്ടിവരുമെന്നതും കണക്കിലെടുക്കണം. പലപ്പോഴും എല്ലാം ചെയ്യാന്‍ കഴിവുള്ള റോബോട്ടുകള്‍ വേണമെന്നില്ല. മനുഷ്യന് ഉപയോഗിക്കാന്‍ ഉതകുന്ന റോബോട്ടുകളാവും ചില സ്ഥലങ്ങളില്‍ ആവശ്യം. മനുഷ്യരും റോബോട്ടുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളുമുണ്ട്. സഹകാരിക റോബോട്ടുകള്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ വളരെ സാധ്യതകളുണ്ട്. 

റോബോട്ടുകളെ ഉപയോഗിക്കുമ്പോള്‍ നിക്ഷേപത്തിന്റെ വരുമാനം എത്രയാണെന്ന് നോക്കണം.  റോബോട്ടുകളുടെ എണ്ണം, ആവശ്യമായ  അടിസ്ഥാന സൗകര്യങ്ങള്‍, ചെലവ്, പരിപാലനത്തിനായുള്ള ആവര്‍ത്തന ചെലവുകള്‍, വൈദ്യുതി, എന്നിവ ഉള്‍ക്കൊണ്ട് ധനപ്രവാഹം കണക്കാക്കി ആദായമുണ്ടെങ്കിലേ റോബോട്ടുകളെ ഉപയോഗിക്കാവൂ. റോബോട്ടുകളുടെ കൂടുതലായുള്ള വിപണനം കൊണ്ട് വില കുറയുകയും ചെയ്യും. റോബോട്ടുകളുടേയും കൃത്രിമബുദ്ധിയുടേയും ഗവേഷണങ്ങള്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ വളരെ പ്രധാന്യം കൊടുക്കുന്നു. പല മേഖലകളിലും Industry 4.0 നടപ്പാക്കാന്‍ വളരെ ശ്രദ്ധയോടുള്ള ശ്രമങ്ങള്‍ ഉണ്ട്. Industry 4.0ല്‍ കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായ യന്ത്രവല്‍ക്കരണം, പലവിധ സെന്‍സറുകളുടെ വിന്യാസം, ഡാറ്റ ശേഖരണം, ഡാറ്റ അപഗ്രഥനം എന്നീ മേഖലകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. വളരെ ശ്രദ്ധയോടെയാണ് വിദ്യാഭ്യാസമേഖലയും കമ്പനികളും ഭരണകൂടങ്ങളും മാധ്യമങ്ങളും കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ സമീപിക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങാനുള്ള ആവാസവ്യവസ്ഥ  ഉണ്ടാക്കി, ഈ മേഖലകളിലെ പലവിധ സാദ്ധ്യതകള്‍ ഉണ്ടാക്കുന്നു. അങ്ങനെ പുതിയ ജോലികളും വൈദഗ്ദ്ധ്യവും ഉണ്ടാവുന്നു. കൃത്രിമബുദ്ധിയിലും യന്ത്രവല്‍ക്കരണത്തിലും ധാരാളം ബൗദ്ധിക സമ്പത്ത്  ഉണ്ടാക്കുന്നതില്‍ ഈ രാജ്യങ്ങള്‍ വളരെ മുന്നേറിയിരിക്കുന്നു.  

ഇന്ത്യയില്‍ ഇത് വ്യാപകമാവാന്‍ എത്ര നാള്‍ കാത്തിരിക്കേണ്ടിവരും?

ഇന്ത്യയില്‍ വിവരസാങ്കേതിക (IT) മേഖലകളിലുള്ള പല കമ്പനികളുടേയും സാന്നിധ്യം  കൃത്രിമ ബുദ്ധിയില്‍ ഇന്നുണ്ട്. പുതിയ സംരംഭങ്ങളും  ഉണ്ടാവുന്നുണ്ട്. എന്നാല്‍ റോബോട്ടുകളുടേയും കൃത്രിമ ബുദ്ധിയുടേയും ഗവേഷണങ്ങളില്‍ കൂടുതന്‍ ഊന്നല്‍ വേണം. ധാരാളം ജോലി സാധ്യതയുള്ള മേഖലകളാണവ. വിദ്യാഭ്യാസ മേഖല കൃത്രിമ ബുദ്ധിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ധാരാളം ജോലി സാധ്യതകളുള്ള ഈ മേഖലയില്‍ വേണ്ടത്ര ശിക്ഷണം ഉള്ളവര്‍ ഇന്ന് കുറവാണ്. കൃത്രിമ ബുദ്ധിക്കു വേണ്ട പല പ്രോഗ്രാം കോഡുകളും പരസ്യമായി ഉള്ളതുകൊണ്ട് എളുപ്പമാണ് പഠിക്കാനും പ്രയോഗിക്കാനും. എന്നാല്‍ കൃത്രിമ ബുദ്ധിയില്‍ ഗവേഷണം ചെയ്ത് പുതിയ ജ്ഞാനം ഉണ്ടാക്കാന്‍ കൂടുതല്‍ പ്രയത്‌നം വേണം.

എത്രമാത്രം ഇന്ത്യക്കാര്‍ വിദേശത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്... ഇന്ത്യയില്‍നിന്ന് നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു?

ഒരു ശരിയായുള്ള കണക്കു കയ്യിലില്ല. എങ്കിലും കുറച്ചു പേരെ ഉള്ളൂ എന്നു കരുതുന്നു. ഇന്ത്യയില്‍ ഭരണകൂടങ്ങളും കമ്പനികളും സര്‍വ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃത്രിമ ബുദ്ധികൊണ്ടുള്ള അവസരങ്ങള്‍ ഉപയോഗിക്കാനും ഉള്‍ക്കൊള്ളാനും കൂടുതന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ക്ക് ഇതിനായി കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മാത്രമേ സാധാരണ ജനങ്ങളില്‍ കൃത്രിമ ബുദ്ധികൊണ്ടുള്ള സാധ്യതകളും നാളേക്കായുള്ള ശ്രദ്ധയും ഉണ്ടാവുകയുള്ളൂ. അങ്ങനെ പൊതുജന ശ്രദ്ധയുണ്ടെങ്കിലേ അനിവാര്യമായ മാറ്റങ്ങളെ വിദ്യാഭ്യാസ മേഖലയില്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുമുള്ളൂ. 

വിദ്യാലയങ്ങളില്‍ പ്രോഗ്രാമിങ് പ്രോത്സാഹിപ്പിക്കണം. അത് പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ തുടങ്ങണം. അതിനുള്ള ധാരാളം പ്രോഗ്രാമിങ് ഉപകരണങ്ങള്‍ ഇന്ന് സ്വതന്ത്രമായി ലഭ്യമാണ്. കൃത്രിമ ബുദ്ധി പഠിക്കാന്‍ എല്ലാവര്‍ക്കും പറ്റുമെന്നതാണ് പ്രത്യേകത. എല്ലാ മനുഷ്യരും ബുദ്ധിയുള്ളവരാണ്. ബിരുദങ്ങളുള്ളവരെ മാത്രം ബുദ്ധിയുള്ളവരായി കാണുന്ന രീതി മാറണം. രണ്ടു കാലില്‍ നടക്കാന്‍ ധാരാളം ബുദ്ധി വേണം. കുട്ടികളായാലും വലിയവരായാലും അമ്മൂമ്മയായാലും എല്ലാവരും ബുദ്ധിയുള്ളവരാണ്. അവരുടെ ബുദ്ധികളെ ഉപയോഗിക്കാന്‍ ശ്രമിക്കണം. പ്രോഗ്രാമിങ് എന്നുള്ളത് ഒരു ഭാഷ മാത്രം. പ്രോഗ്രാമിങ് എല്ലാവര്‍ക്കും സ്വയം പഠിക്കാവുന്നതുമാണ്.

കംപ്യൂട്ടര്‍ വരുമ്പോള്‍ തൊഴിലാളികള്‍ക്ക്  വലിയ ആശങ്കകളായിരുന്നു. മറ്റൊരുതരം  ഭീതി ഇന്റര്‍നെറ്റിന്റെ വരവിലും ലോകം പങ്കുവച്ചിരുന്നു. ഇതിന്റെ സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറച്ചു കാണേണ്ടതുണ്ടോ?  

ഇപ്പോഴുള്ള 50-60 ശതമാനം ജോലികള്‍ 5-7 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാവണമെന്നില്ല. എന്നാല്‍ പുതിയ പല ജോലികള്‍ ഉണ്ടാവും. വരുംകാലങ്ങളിലെ ജോലികള്‍ കൂടുതലും കൃത്രിമ ബുദ്ധിയില്‍ അടിസ്ഥിതമായിരിക്കും. കുറച്ചു കാലം ആ വ്യതിയാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. ഇന്നത്തെ വിദ്യാര്‍ഥികള്‍ 4-5 വര്‍ഷം കഴിഞ്ഞു ബിരുദമെടുത്ത് ജോലിക്കു തയ്യാറെടുക്കുമ്പോള്‍ അവരുടെ വൈദഗ്ദ്ധ്യങ്ങള്‍ എത്രമാത്രം അന്ന് തക്കതാകുമെന്നു നാം ഇന്നുതന്നെ ആലോചിക്കേണ്ടതാണ്. future ready graduates എന്ന ആശയം പല രാജ്യങ്ങളിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഇന്നുള്ള കാറുകളെ അപേക്ഷിച്ചു ഇലക്ട്രിക്ക് കാറുകളില്‍ വളരെ കുറച്ചു ഭാഗങ്ങളെ ചലിക്കുന്നതായുള്ളു എന്നതിനാല്‍, വൈദ്യുതിയില്‍ ഓടുന്ന കാറുകള്‍ വരുമ്പോള്‍ വളരെ കുറച്ചേ പരിപാലനം വേണ്ടിവരൂ. അങ്ങോളമിങ്ങോളം ഉള്ള പരിപാലനത്തിലേര്‍പ്പെട്ടതും അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെടുന്നതും ആയ ആളുകളുടെ ജോലികള്‍ നഷ്ടമാകുന്നതാണ്. എന്നാല്‍ ബാറ്ററിയും ഇലക്ട്രിക്ക് മോട്ടോര്‍ അനുബന്ധമായ പല ജോലികളും ഉണ്ടാവുന്നതാണ്.

സന്ദര്‍ഭോചിതമായ ബുദ്ധി മനുഷ്യര്‍ക്ക് എളുപ്പമാണ്. അത് കൃത്രിമ ബുദ്ധിക്ക് എളുപ്പമല്ല. അതുതന്നെയാണ് മനുഷ്യബുദ്ധിയുടെ പ്രത്യേകതയും വൈശിഷ്ട്യവും. അതുകൊണ്ടു നമ്മുടെ ബുദ്ധിക്കു പ്രാധാന്യം എന്നും നിലനില്‍ക്കും എന്ന് വിശ്വസിക്കുന്നു.  

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് വലിയ ഇന്ന് നേരിടേണ്ടിവരുന്നുണ്ട്. കംപ്യൂട്ടറിന് അതില്‍ വലിയ പങ്കുമുണ്ട്. എ.ഐ. എത്രമാത്രം നമ്മുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും?

മനഃക്ലേശം നമ്മുടെ സൃഷ്ടിയാണെന്നാണ് എന്റെ കാഴ്ചപ്പാട്. താരതമ്യചിന്തനവും ധനസ്ഥിതിയിലധിഷ്ഠിതമായ സമൂഹിക ജീവിതവും നമ്മുടെ നിയന്ത്രണത്തിലായിരിക്കണം. കൃത്രിമ ബുദ്ധിയും യന്ത്രവല്‍ക്കരണവും കൂടുതല്‍ മനഃക്ലേശം ഉണ്ടാക്കുമെന്ന് കരുതുന്നില്ല. മനുഷ്യന് അവന്റെ തനതായ ജീവനരീതികളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുവാന്‍ ഉതകുന്നതാണ് കൃത്രിമ ബുദ്ധികൊണ്ടുണ്ടാകുന്ന പല മാറ്റങ്ങളും. വൃത്തികെട്ടതും അപകടപരമായതും അത്യാവര്‍ത്തിയായുള്ള പ്രവൃത്തികളും റോബോട്ടുകള്‍ക്ക് ചെയ്യാവുന്നതാണ്. മനുഷ്യരെ അങ്ങനെയുള്ള ജോലികളില്‍നിന്നും മാറ്റുന്നതോടെ മനുഷ്യമേന്മയാണുണ്ടാവുന്നത്.

ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും മനുഷ്യസഹജമായ മുന്‍വിധികളും പക്ഷപാതങ്ങളും ഒഴിവാക്കി സമാനതകള്‍ ഉണ്ടാക്കാന്‍ കൃത്രിമബുദ്ധിക്കും യന്ത്രവല്‍ക്കരണത്തിനും സാധിക്കും. കൃത്രിമ ബുദ്ധിയും യന്ത്രവല്‍ക്കരണവും നമുക്ക് കൂടുതല്‍ സ്‌നേഹിക്കാനും ബുദ്ധിമുട്ടില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടാനും അവസരങ്ങളുണ്ടാക്കും. 

മനുഷ്യന്റെ തനതായ സംസര്‍ഗ്ഗ സ്വഭാവങ്ങളെ കൂടുതല്‍ തെളിയിക്കാനും അങ്ങനെ സാധ്യമാകും. അതിനായി നമ്മള്‍ അനിവാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം. പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള ആവാസവ്യവസ്ഥ ഉണ്ടാക്കി, ഈ മേഖലകളില്‍ പുതിയ സാദ്ധ്യതകള്‍ ഉണ്ടാക്കണം. 

കുറേ പേര്‍ ജീവിതത്തില്‍നിന്ന് പുറന്തള്ളപ്പെടുകയും ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുമെന്ന്  സമ്മതിക്കേണ്ടിവരില്ലേ?

സ്ഥിരമായ ഭദ്രതയുള്ള ഒരു ജോലി എന്നുള്ളത് പലയിടത്തും ഇല്ലാതാവുകയാണ്. ജീവിതകാലം ഒരു തൊഴില്‍ എന്നത് മാറി, പല തൊഴിലുകളുള്ള ഒരു ജീവിതമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവാന്‍ പോകുന്നത്. അത് തടുക്കാനാവുന്നതല്ല. എന്നാല്‍ അങ്ങനെയുണ്ടാവുന്ന ഒരു ഭാവി ഇന്നുതന്നെ ഉള്‍ക്കൊണ്ട് നമുക്ക് മാറാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അത് പ്രയോജനമാകും. നൈപുണ്യ വികാസത്തിനും future ready graduates എന്ന ആശയവും ഉള്‍ക്കൊണ്ടാല്‍ വരാവുന്ന കുറേ പ്രശ്‌നങ്ങളെ നമുക്ക് ലഘൂകരിക്കാവുന്നതാണ്.

അതിലുമുപരിയായി കൃത്രിമ ബുദ്ധിയില്‍ ധാരാളം സംരംഭങ്ങള്‍  ഉണ്ടാക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനവും ജനതയും ഉണ്ടാവേണ്ടതുണ്ട്. ഭരണകൂടങ്ങള്‍ക്ക് വളരെ സ്വാധീനിക്കാവുന്നതാണിവിടെ. ഭരണകൂടങ്ങളും കമ്പനികളും പരസ്പരപൂരകമായി വര്‍ത്തിച്ചു കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കണം. പ്രകൃതിയും മനുഷ്യരും ഭരണകൂടങ്ങളും കമ്പനികളും സ്ഥാപനങ്ങളും എല്ലാം പരസ്പരപൂരകങ്ങളാണെന്ന അവബോധത്തില്‍ വരുമ്പോള്‍ സഹജീവനവും സഹവര്‍ത്തിത്വവും കൂടുതല്‍ മെച്ചപ്പെടും. അങ്ങനെയുള്ള ഒരു വ്യവസ്ഥയില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാവുന്നതുമാണ്. 

ദക്ഷിണ കൊറിയയില്‍ ദേശീയ തലങ്ങളിലുള്ള ഭരണകൂടങ്ങള്‍ പല കമ്പനികളേയും ഉള്‍പ്പെടുത്തി റോബോട്ടുകളുടെ ഗവേഷണത്തെ സുഗമമാക്കുന്ന പല പ്രയത്‌നങ്ങളും 1998-ല്‍ തന്നെ തുടങ്ങുന്നത് കാണുകയുണ്ടായി. ഇന്ന് ദക്ഷിണ കൊറിയ വളരെ മുന്നോട്ടു പോയിരിക്കുന്നു. 1998-ല്‍ എന്റെ ഗുരു എന്നെക്കൊണ്ട് ദക്ഷിണ കൊറിയയിലെ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് അപൂര്‍ണ്ണ ഗണങ്ങളെപ്പറ്റിയുള്ള ഒരു കര്‍മ്മശാല നടത്തിക്കുകയുണ്ടായി. വ്യത്യസ്തമായ ആശയങ്ങളും സിദ്ധാന്തങ്ങളും ഉപയോഗിച്ച് ആ കമ്പനിക്ക് ബൗദ്ധിക സ്വത്തു കൂട്ടുവാനുതകുന്ന രീതിയിലാണത് ചെയ്തത്.

പല വികസിത രാജ്യങ്ങളിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ ശാസ്ത്രജ്ഞരേയും വ്യാവസായിക വൈശിഷ്ട്യമുള്ളവരേയും ഉള്‍ക്കൊള്ളുന്ന രീതിയാണ് കണ്ടുവരുന്നത്. പുറത്ത് പല ദേശീയ അന്തര്‍ദ്ദേശീയ ആലോചനാസമിതികളില്‍ സഹകരിക്കാനും നയിക്കാനും എനിക്ക് അവസരങ്ങളുണ്ടായി. അവിടെ അധികാര ശ്രേണികളും ശാസനാരീതികളും ഇല്ലാത്തതിനാല്‍ ശാസ്ത്രീയമായ മസ്തിഷ്‌കോദ്ദീപന രീതികളും പരസ്പരപൂരകങ്ങളായ സമീപനങ്ങളും ഉപയോഗിക്കാന്‍ സഹായകമായി.  

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ, രാഷ്ട്രീയ-വ്യാപാര ബന്ധങ്ങളെ ഇത് എങ്ങനെ സ്വാധീനിക്കും?

കൃത്രിമ  ബുദ്ധികൊണ്ടും തീവ്ര യന്ത്രവല്‍ക്കരണവുംകൊണ്ട്  പല ജോലികളും മാറുമ്പോള്‍ അത് ദേശാന്തരഗമനത്തെ ബാധിക്കും. 5ഏയുടെ വേഗതയും ആണി ശൃംഖലകളും (block-chain) കൂടിയാവുമ്പോള്‍ എവിടെ ഇരുന്നും ജോലിചെയ്യാന്‍ കഴിയും.  ഗള്‍ഫ് മേഖലകളില്‍ ഇന്നുള്ള പല ജോലികളും യന്ത്രവല്‍ക്കരിച്ചാല്‍ കേരളത്തിലേക്കുള്ള ധനപ്രവാഹത്തെ അത് ബാധിക്കും. പുതിയ ജോലികള്‍ കൃത്രിമബുദ്ധിയിലധിഷ്ഠിതമാവുമ്പോള്‍ പുതിയ വൈദഗ്ദ്ധ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

രാജ്യങ്ങളുടെ അതിരുകള്‍ കൂടുതല്‍ ദൃഢമാവാം. ദേശാന്തര ഗമനങ്ങളെ അത് ബാധിക്കുക തന്നെ ചെയ്യും. ഒരോ രാജ്യവും അവരുടെ പൗരന്മാര്‍ക്കു വേണ്ട ജോലികള്‍ ഉണ്ടാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. മറ്റുള്ള രാജ്യങ്ങളെ ജോലിക്കായി പൗരന്മാര്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്നതല്ല. പുതിയ ആശയങ്ങളും വ്യവസായങ്ങളും ഉണ്ടാക്കാനും നിലനിര്‍ത്താനും ഉതകുന്ന വ്യത്യസ്തമായ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉടലെടുക്കേണ്ട ആവശ്യകതയുമുണ്ടാവും.  

കലാകാരനും രാഷ്ട്രീയ നേതാവിനും യോഗാധ്യാപകനും,  അങ്ങേ എക്സ്ട്രീമില്‍, മനുഷ്യദൈവങ്ങള്‍ക്കും  അപ്പോഴും പണിയുണ്ടാകും?

സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ കൃത്രിമ ബുദ്ധിയെക്കൊണ്ട്  ചെയ്യാന്‍ എളുപ്പമല്ല. കവിതകളും ചിത്രരചനയും കല്പിതകഥകളും അയഥാര്‍ത്ഥമായ കലാപ്രസ്ഥാനങ്ങളും നിലനില്‍ക്കുകതന്നെ ചെയ്യും. എന്നാല്‍ കൃത്രിമ ബുദ്ധിയുടെ പ്രഭാവം അവിടെയെല്ലാം ഉണ്ടാവാം. റോബോട്ടുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ അവ നമ്മുടെ രചനകളില്‍ ഇടം നേടുകയും ചെയ്യും.

യാന്ത്രികമായ പല കാര്യങ്ങളും യന്ത്രവല്‍ക്കരിക്കാം. എന്നാല്‍  മനുഷ്യരെല്ലാവരും ബൗദ്ധികമായും മാനസികമായും ഒരുപോലെയല്ലാത്തതുകൊണ്ട് ഇന്നുള്ള പല വ്യവസ്ഥകളും നിലനില്‍ക്കേണ്ടതായി വരും. അദ്ധ്യാപകവൃത്തിയും പഠനരീതികളും ഇന്ന് വളരെ മാറിയിരിക്കുന്നു. ഓര്‍മ്മശക്തിയില്‍ അധിഷ്ഠിതമായ പഠനത്തില്‍നിന്നും ആശയപരമായും പ്രയോഗപരമായുമുള്ള പഠനരീതികളിലേക്കു മാറുമ്പോള്‍ അദ്ധ്യാപക ജോലിയും മാറേണ്ടതായി വരും. അവിടെ കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ രീതികള്‍ ഉള്‍ക്കൊള്ളേണ്ടതായി വരും.

ദൈവമെന്നുള്ളത് ഒരു മനോഹരമായ ആശയമാണ്. അത് വ്യക്തിപരവുമാണ്. ആള്‍ ദൈവങ്ങള്‍  നമ്മുടെ സമൂഹങ്ങളിലെ ജനങ്ങളുടെ ആവശ്യമായിരിക്കും. അതിലുമുപരിയായി സമൂഹത്തിന്റെ ഒരു ലക്ഷണവുമാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നിലനില്‍ക്കും. ജനങ്ങള്‍ക്കുള്ള ആ ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് നിലനില്‍ക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്, പഠിക്കേണ്ടതുണ്ട്. കൃത്രിമബുദ്ധി ഉപയോഗിച്ച് ദൈവികമായ കാര്യങ്ങള്‍ പുതിയ രീതിയില്‍ നമ്മുടെ ഇടയില്‍ കടന്നുവരാം. സാമൂഹ്യമാധ്യമങ്ങള്‍ കൃത്രിമബുദ്ധി ഉപയോഗിക്കുന്നതുപോലെ ദൈവികമായ കാര്യങ്ങളില്‍ കൃത്രിമബുദ്ധി ഉപയോഗിച്ചു അനുയായികളെ കൂട്ടുന്നതിന് സാധ്യമാണ്. ഇപ്പോള്‍ രാഷ്ട്രീയ രംഗത്ത് ഇത് ചെയ്യുന്നുണ്ടല്ലോ.

എന്തൊക്കെ പറഞ്ഞാലും ജൈവികത എന്നതിന്റെ വിരുദ്ധഭാവമാണ് യാന്ത്രികത. യന്ത്രങ്ങളെ നമുക്ക് വല്ലാത്ത പേടിയുണ്ട്. പരിസ്ഥിതിയില്‍ ഉള്‍പ്പെടെ വലിയ ആഘാതമുണ്ടാക്കും?

ജൈവികതയുടെ വിരുദ്ധഭാവമാണ് യാന്ത്രികത എന്ന് കരുതുന്നില്ല. യാന്ത്രികത ജൈവികതയെ സഹായിക്കുന്ന ഒരവസ്ഥയിലേക്കാണ് എത്തുന്നത്. നമ്മുടെ ഐഹിക ഭോഗാസക്തിയാണ് പാരിസ്ഥിതികരംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. കൃത്രിമ ബുദ്ധികൊണ്ട് ഉല്പാദനക്ഷമത കൂട്ടുമ്പോള്‍ കാര്‍ബണ്‍ പുറംന്തള്ളലും കുറയും. കൃത്രിമ ബുദ്ധികൊണ്ടും 5ഏ കൊണ്ടുള്ള ശീഘ്രഗതിയിലുള്ള ആശയവിനിമയം ഉണ്ടാവുമ്പോള്‍ നമ്മള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന അവസ്ഥ ഉണ്ടാവാം. അങ്ങനെ വരുമ്പോള്‍ വാഹനങ്ങളുടെ ഉപയോഗം കമ്മിയാകും. കൂടുതല്‍ പേര്‍ വാഹനങ്ങള്‍ പങ്കുവെയ്ക്കുന്നതിന് സാധ്യതയേറുമ്പോഴും സ്വയം നിയന്ത്രിത വാഹനങ്ങളിലെ കാര്യക്ഷമതയും കാര്‍ബണ്‍ പുറംന്തള്ളലും കുറക്കുന്നതാണ്. കൃത്രിമബുദ്ധികൊണ്ടും യാന്ത്രികതകൊണ്ടും പാരിസ്ഥിതിക കാര്യങ്ങളില്‍ കൂടുതല്‍ നല്ലതായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് കരുതുന്നു.

നമ്മുടെ യാഥാസ്ഥിതികതയെ, മതബോധങ്ങളെ, രാഷ്ട്രീയ ബോധ്യങ്ങളെ ഒക്കെ ഇത് എങ്ങനെ വെല്ലുവിളിക്കും?

വിശ്വാസങ്ങള്‍ പലപ്പോഴും മനുഷ്യനെ വിശിഷ്ടനാക്കുന്നു. വിശ്വാസങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ പറ്റില്ലെന്നു കരുതുന്നു. എന്നാല്‍ പുതിയ യുക്തികളും അനുമാനങ്ങളും നമ്മളില്‍ പുതിയ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിവരാന്‍  സാധ്യതയുണ്ട്. കൃത്രിമ ബുദ്ധിയില്‍ ശാസ്ത്രീയമായ വിശ്വാസ വ്യവസ്ഥയും ഉപയോഗിക്കുന്നുണ്ട്. സത്യാവസ്ഥ പൂര്‍ണ്ണമായറിയാത്ത സമയത്ത്  വിശ്വാസമാണ് പലപ്പോഴും നമ്മളെ സഹായിക്കുന്നത്. സത്യമെന്നത് നമ്മളുടെ ഒരു കാലത്തിലെ അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അറിവുകള്‍ മാറുമ്പോള്‍ സത്യവും മാറുന്നു. സത്യ സംരക്ഷണ വ്യവസ്ഥ ഒരു ഗവേഷണ മേഖലയാണ്. കൃത്രിമബുദ്ധിയില്‍ അതുവരെയുള്ള വിവരമനുസരിച്ചു ഒരു സത്യമുണ്ടാവുന്നു. ആ സത്യത്തില്‍ എത്രമാത്രം വിശ്വാസമുണ്ടെന്ന പ്രമാണം എപ്പോഴും കണക്കാക്കിയിട്ടുണ്ടാവും. അങ്ങനെ പല പ്രമാണങ്ങളും ഒരേ സമയത്തു വരുമ്പോള്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കാന്‍ സാദ്ധ്യമാകുന്നു.

ഞാന്‍ ഡിജി സെക്ഷ്വല്‍ ആയി എന്ന ഒരു മലയാളി യുവാവിന്റെ എഫ്ബി പോസ്റ്റ് വൈറല്‍ ആയിരുന്നു.  ലൈംഗികതയുടെ വല്ലാത്ത ലോകം ഇന്റര്‍നെറ്റ് തന്നെ തുറന്നിട്ടിട്ടുണ്ട്. ലൈംഗികതയില്‍, സ്ത്രീപുരുഷ ബന്ധങ്ങളില്‍ എ.ഐ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ ഊഹിക്കാമോ?

വിര്‍ച്വല്‍ റിയാലിറ്റി യന്ത്രപങ്കാളികളും രതിയുടെ പല പുതിയ മേഖലകള്‍ മനുഷ്യന് സ്വായത്തമാക്കും. ഇത് മനുഷ്യബന്ധങ്ങളെ വളരെ മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയും പുതിയ സാമൂഹിക സംസ്‌കാരങ്ങളുടെ  ഉടലെടുപ്പിലേക്ക് വഴികാട്ടും. അവിടെ അതിരുകള്‍ താണ്ടി ഇന്ദ്രിയാനുഭൂതികളുടെ പുതിയ മേഖലകളില്‍ നമ്മെ എത്തിക്കും. വിര്‍ച്വല്‍ റിയാലിറ്റിയും യന്ത്രപങ്കാളികളും ദോഷകരമല്ലാത്ത രീതിയില്‍ സമൂഹത്തെ കൊണ്ടെത്തിക്കുമെന്നു കരുതുന്നു.

മനുഷ്യന്‍ എന്നെന്നേക്കുമായി അപ്രസക്തനാകാന്‍ പോകുകയാണോ?

അങ്ങനെ കരുതുന്നില്ല. ഇന്നത്തെ സാമ്പത്തികാധിഷ്ഠിതം മാത്രമായ കാഴ്ചപ്പാടുകളില്‍ നിന്നു മനുഷ്യന്‍ കൂടുതല്‍ ഉള്ളിലേക്ക് നോക്കുന്ന അവസ്ഥയിലേക്ക് വരുമെന്ന് കരുതുന്നു. അവിടെ പുതിയ രീതികളും ചിന്തകളും വ്യവസ്ഥകളും ഉണ്ടാവുന്നതാണ്. എന്നാല്‍, പല കാര്യങ്ങളിലും സാന്ദര്‍ഭികവബോധം സങ്കീര്‍ണ്ണമാണ്. അതുപോലെ പ്രജ്ഞയെ ഉള്‍ക്കൊള്ളാന്‍ അത്ര എളുപ്പമല്ല. സാന്ദര്‍ഭികാവബോധവും പ്രജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മനുഷ്യബുദ്ധിയുടെ ആവശ്യം അത്ര പെട്ടെന്ന് ഒഴിവാക്കാവുന്നതല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com