ചൈന; വന്‍മതിലിനകത്തെ വൈചിത്ര്യങ്ങളുടെ ലോകം; ജിവിതാനുഭവം, കാഴ്ചകള്‍

കുട്ടിക്കാലം മുതല്‍ മനസ്സില്‍ വളര്‍ന്നുവന്ന ആഗ്രഹമാണ് റഷ്യയിലും ചൈനയിലും ഒന്നു പോവുകയെന്നത്. വെറുമൊരു സന്ദര്‍ശനയാത്ര എന്ന നിലയിലാണെങ്കില്‍പ്പോലും അതിനു സാധിച്ചു
ജന നിബിഡമായ നാൻജിങ് റോഡ്
ജന നിബിഡമായ നാൻജിങ് റോഡ്

വിപ്ലവത്തിന്റെ ചൂടുംചൂരും ഏറ്റുവളര്‍ന്നതുകൊണ്ടാവാം കുട്ടിക്കാലം മുതലേ മനസ്സില്‍ ചേര്‍ന്നുകിടന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. കുട്ടിക്കാലം മുതല്‍ മനസ്സില്‍ വളര്‍ന്നുവന്ന ആഗ്രഹമാണ് റഷ്യയിലും ചൈനയിലും ഒന്നു പോവുകയെന്നത്. വെറുമൊരു സന്ദര്‍ശനയാത്ര എന്ന നിലയിലാണെങ്കില്‍പ്പോലും അതിനു സാധിച്ചു. ആകെ ഞങ്ങള്‍ 49 പേര്‍, ഞാന്‍ പങ്കെടുത്ത ഒട്ടനവധി സന്ദര്‍ശന യാത്രകളിലെ ഏറ്റവും വിപുലമായ സംഘവും ഇതായിരുന്നു.

മെയ് മൂന്നിനു രാവിലെ ഏഴ് മണിയോടെ ഞാനും ഭാര്യ സീതയും യാത്ര തിരിച്ചു. ഒരു മണിക്കൂര്‍ പറക്കല്‍ സമയം കൊണ്ട് ഞങ്ങള്‍ കൊളംബോയിലിറങ്ങി. ഷാങ്ങ്ഹായിയിലേക്കുള്ള എയര്‍ലങ്കയുടെ വിമാനം തെല്ലു വൈകിയാണ് പുറപ്പെട്ടത്. ഇടയ്ക്കിടെ തെളിഞ്ഞും മങ്ങിയും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതുമായ വ്യോമാന്തരീക്ഷത്തിലൂടെയുള്ള യാത്ര. എന്നിരുന്നാലും, നിശ്ചിത സമയത്തിനു തെല്ലു മുന്‍പ് തന്നെ അത് ഷാങ്ഹായിയിലെത്തി. തിങ്ങിയ ഇരുളില്‍ വിമാനം കടന്നെത്തുമ്പോള്‍ നിറഞ്ഞ ദീപരേഖകള്‍ കാട്ടി, നിരനിരയായ ദീപമാര്‍ഗ്ഗങ്ങള്‍ തെളിച്ച് ആ മഹാനഗരം ഞങ്ങളെ സ്വാഗതം ചെയ്തു. ആ കാഴ്ച, താഴാന്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ വിമാനത്തിലിരുന്നു ഞങ്ങള്‍ കണ്ടു. അങ്ങനെ ഞങ്ങള്‍ ചൈനയുടെ മണ്ണിലിറങ്ങി.

എയര്‍പോര്‍ട്ടില്‍നിന്നു നടപടിക്രമങ്ങള്‍ കഴിഞ്ഞു പുറത്തെത്താന്‍ തെല്ലു വൈകി. ഞങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഗൈഡ് ചെറി, അവിടെ ഇന്ത്യന്‍ ദേശീയപതാകയുമായി ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ യാത്രയിലാകെ, 'ഇവര്‍ ഇന്ത്യക്കാര്‍' എന്നറിയിക്കാനെന്ന വണ്ണം, ആ കൊടി ചെറിയുടെ കയ്യില്‍ എപ്പോഴുമുണ്ടായിരുന്നു. ഈ ഗൈഡിന്റെ ശരിയായ പേര് വേറൊന്നാണ്; തൊഴിലിനുവേണ്ടി സ്വീകരിച്ച പേരാണ് ചെറി ബ്ലോസ്സം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ പരിചയവും സൗകര്യവും ഉദ്ദേശിച്ച് സ്വന്തം പേരിനു പകരമായി പാശ്ചാത്യനാമങ്ങള്‍ സ്വീകരിക്കുകയെന്നത് ഗൈഡുകളുടെ പതിവാണ്. പിന്നീട് ബീജിങ്ങില്‍ ഞങ്ങള്‍ക്ക് ഗൈഡായുണ്ടായിരുന്ന 'നീന'യും ഇങ്ങനെയുള്ള പേരിന്റെ ഉടമയായാണ് എത്തിയത്. ചെറി ഞങ്ങളെ സ്വാഗതം ചെയ്തു. എന്നിട്ട്, ചൈനീസില്‍ അതിന് നിഹാവ് എന്നാണെന്നും പറഞ്ഞുതന്നു. Good bye-ക്ക് ശിശ എന്നാണത്രേ പറയേണ്ടത്. 

ഞങ്ങള്‍ക്കു താമസമേര്‍പ്പെടുത്തിയിട്ടുള്ള ഹോട്ടലിലേക്ക് 50 മിനിറ്റ് യാത്ര. വിദേശയാത്രികരെന്ന നിലയില്‍ അവിടെയും ഞങ്ങള്‍ക്കു ചെക്കിന്‍ നടപടികള്‍ ആവശ്യമാണ്. പരിശോധിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും മറ്റുമായി പാസ്‌പോര്‍ട്ട് കൗണ്ടറിലേല്പിച്ച് ഞങ്ങള്‍ മുറികളിലേക്ക്. അപ്പോള്‍ സമയം പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞിരുന്നു.

സാംസ്‌കാരിക പാരമ്പര്യംകൊണ്ടും പ്രാധാന്യമുള്ളതാണ് ചൈന. ലോകത്തിലെ ഏറ്റവുമധികം (140.4 കോടി) ജനസംഖ്യയുള്ള രാജ്യം. വിസ്തൃതിയുടെ കാര്യത്തിലും ഒട്ടെല്ലാ രാജ്യങ്ങളെക്കാളും മുന്നിട്ടുനില്‍ക്കുന്നു. ബി.സി. 16ാം നൂറ്റാണ്ട് മുതല്‍ 11ാം നൂറ്റാണ്ട് വരയുണ്ടായിരുന്ന ഴൊവു (Zhou) വംശവും മറ്റും വികസിപ്പിച്ച ദൈവശാസ്ത്രമൂല്യങ്ങളുടെ പിന്തുടര്‍ച്ചക്കാരനെന്നു സ്വയം കരുതിയിരുന്ന കണ്‍ഫ്യൂഷ്യസിന്റെ (551-479 ബി.സി) തത്ത്വചിന്തയും ജീവിതസമീപനങ്ങളും അതിലൂടെ രൂപം കൊണ്ട മതബോധവും വിശ്വാസങ്ങളും ലോകത്തിലെ പ്രാചീനമതങ്ങളില്‍ ഒരുപക്ഷേ, ഏറ്റവും ശ്രദ്ധേയമായിരുന്നു. കണ്‍ഫ്യൂഷ്യനിസവും അതുമായി ചേര്‍ന്നുപോകുന്ന താവോയിസവും പിന്നീട് ചക്രവര്‍ത്തിമാരുടെ ഭരണ, ജീവിത സമീപനങ്ങളായി മാറിയതോടെ പ്രാചീന ചൈനയുടെ സാംസ്‌കാരിക വികാസത്തില്‍ അത് നല്ലൊരു ഭൂമികയായിത്തീരുകയും ചെയ്തു. പല കാര്യങ്ങളിലും അവയുമായി സാമ്യം വഹിക്കുന്നതിനാലാവാം, പ്രായോഗിക ജീവിതരീതികളും യുക്തിചിന്തയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ബുദ്ധമതം ഉറവെടുത്തത് ഇന്ത്യയിലാണെന്നിരുന്നാലും, അതിനു വമ്പിച്ച സ്വീകാര്യത കൈവന്നത് ചൈനയിലാണ്. രാജ്യത്ത് ഇന്നത്തെ പ്രധാന മതം ബുദ്ധചിന്തയാണ്. ലോകത്ത് ബുദ്ധമതത്തിനു പ്രചാരമുള്ള ഏറ്റവും വലിയ രാജ്യം ചൈനയും. 

നീണ്ട യാത്രയുടെ കനത്ത ക്ഷീണമോ മറ്റു ക്ലേശങ്ങളോ ഒന്നും പരിഗണിക്കാതെ അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ കാഴ്ചകള്‍ക്കായി ഷാങ്ഹായ് നഗരത്തിലിറങ്ങി. ചൈനയിലെ പ്രസിദ്ധമായ നാന്‍ജിങ് റോഡ് (Nanjing Road) അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വിപണനകേന്ദ്രമാണ്. ചൈനയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച മാര്‍ക്കറ്റ് സ്ട്രീറ്റുകളില്‍ പ്രധാനമെന്നു മുദ്രകുത്തപ്പെട്ട ഒന്നാണ് നാന്‍ജിങ് റോഡ്. ജിയാങ്‌സുവിന്റെ (Jiangsu) തലസ്ഥാനമായ നാന്‍ജിങ്ങിലേയ്ക്ക് ഷാങ്ഹായിയില്‍നിന്നു പോകുന്ന പാതയെന്ന നിലയിലാണ് റോഡിന് ആ പേര് വന്നത്. കിഴക്കേ നാന്‍ജിങ് റോഡ്, പടിഞ്ഞാറേ നാന്‍ജിങ് റോഡ് എന്ന് ഇതിനു രണ്ട് വിഭാഗങ്ങളുണ്ട്. അതില്‍, കിഴക്കേ നാന്‍ജിങ് റോഡ് പ്രധാനമായും കാല്‍നടക്കാരുടെ തിരക്കേറിയ കേന്ദ്രമാണ്. വില്പനകളുടേയും കൗതുകങ്ങളുടേയും ഒരു സവിശേഷ ലോകമാണ് നാന്‍ജിങ് റോഡ്. 

യു ഗാര്‍ഡന്‍ എന്നു വിളിക്കുന്ന യുയുവാന്‍ ഗാര്‍ഡന്‍ വളരെ പ്രധാനപ്പെട്ടൊരു സന്ദര്‍ശകസ്ഥാനമാണ്. വടക്ക് കിഴക്കേ ഷാങ്ഹായ് ഓള്‍ഡ് സിറ്റിയില്‍, സിറ്റി ഗോഡ് ടെമ്പിളിനടുത്തായാണ് ഈ ഗാര്‍ഡന്‍. മിങ് രാജവംശഭരണകാലത്ത് സിചുവാന്‍ ഗവര്‍ണറായിരുന്ന പാന്‍ യുന്‍ഡുവാന്‍, മന്ത്രിയായ തന്റെ പിതാവ് പാന്‍ എന്നിന്റെ വാര്‍ദ്ധക്യകാല വിശ്രമത്തിനും വിനോദത്തിനും സൗകര്യങ്ങള്‍ക്കുമായി 1559-1577 കാലത്ത് നിര്‍മ്മിച്ചതാണത്രേ യു ഗാര്‍ഡന്‍. അതിനോട് ചേര്‍ന്നുള്ള യുയുവാന്‍ ടൂറിസ്റ്റ് മാര്‍ട്ട്, ഹുസിങ്റ്റിങ് ടീ ഹൗസ്, യു ഗാര്‍ഡന്‍ ബസാര്‍ എന്നിവയും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. ജേഡ് ബുദ്ധക്ഷേത്രമായിരുന്നു ഞങ്ങളുടെ ഒരു പ്രധാന സന്ദര്‍ശനസ്ഥലം. അക്കിക്കല്ല് എന്നു മലയാളത്തില്‍ പറയുന്ന ഒരുതരം മേന്മയേറിയ പച്ചരത്‌നക്കല്ലാണ് ജേഡ് (ഷമറല). അങ്ങനെയുള്ള മനോഹരമായ കല്ലുകള്‍കൊണ്ടു തീര്‍ത്ത വിവിധതരം ബുദ്ധവിഗ്രഹങ്ങളാണ്  ഈ ക്ഷേത്രസഞ്ചയത്തിലുള്ളത്.

ആധുനിക ചൈനീസ് ബുദ്ധക്ഷേത്രങ്ങളെപ്പോലെ മഹായാന ബുദ്ധമത വിഭാഗത്തിന്റെ ചില സവിശേഷ സമ്പ്രദായങ്ങളും തുടര്‍ച്ചയുമായാണ് ഈ ജേഡ് ബുദ്ധക്ഷേത്രവും നിലകൊള്ളുന്നത്. ഇവിടത്തെ വിവിധ ക്ഷേത്രങ്ങളിലെ അനേകം രത്‌നശിലാ വിഗ്രഹങ്ങളില്‍ ഏതാണ്ട് രണ്ടു മീറ്റര്‍ (1. 95) ഉയരമുള്ള, ബുദ്ധന്റെ വിഗ്രഹം കൂടുതല്‍ ശ്രദ്ധേയമാണ്. ഇരിക്കുന്ന നിലയിലുള്ള ആ വിഗ്രഹത്തിനു മൂന്നു ടണ്‍ ഭാരമുണ്ടത്രേ. നിര്‍വ്വാണബുദ്ധനെ പ്രതിനിധാനം ചെയ്യുന്ന, ശയനാവസ്ഥയിലുള്ള ബുദ്ധവിഗ്രഹങ്ങളും ഇവിടെയുണ്ട്. ഈ വിഗ്രഹസ്ഥാനങ്ങളെല്ലാം തന്നെ ഒട്ടേറെ ഫലവിശേഷങ്ങള്‍കൊണ്ടും സമ്പന്നമാണെന്ന പ്രത്യേകത ചൈനയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലേയും മിക്ക ബുദ്ധക്ഷേത്രങ്ങളിലും കണ്ടിട്ടുള്ളതാണ്. ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്‍ തുടങ്ങിയ വിവിധയിനം പഴങ്ങള്‍ ഇവിടെയും വിഗ്രഹങ്ങളുടെ അടുത്തായി കരുതിയിരിക്കുന്നു. 

രാജകീയവും വിദേശപരവുമായ ശ്രദ്ധയും അതിനൊത്ത പരിചരണങ്ങളും ഏറെ ലഭിക്കുന്ന ഒന്നാണ് ഈ രത്‌നബുദ്ധക്ഷേത്രം. അതിന്റേതായ പല ഇടപെടലുകളും വികസനപ്രക്രിയകളും സംരക്ഷണവുംകൊണ്ട് ഇവിടം കൂടുതല്‍ മികവു നേടുന്നു. ക്ഷേത്രാങ്കണം ഏതാണ്ട് ജനനിബിഡമാണെന്നു പറയാം. ഞങ്ങളെപ്പോലുള്ള സന്ദര്‍ശകര്‍ ധാരാളമായി വന്നെത്തിയിട്ടുണ്ട്. സന്ദര്‍ശകരെപ്പോലെതന്നെ സമ്പന്നമാണ് അവിടത്തെ ഭക്തജന സാന്നിധ്യവും. നിന്നും നടന്നും സാഷ്ടാംഗം വീണും ആരാധിക്കുന്ന ഭക്തരെ ധാരാളം കണ്ടു. ചന്ദനത്തിരിയുള്‍പ്പെടെയുള്ളവ കത്തിക്കുന്നതിന്റെ ചെറുധൂമസഞ്ചാരവും അതിലൂടെയുള്ള ഗന്ധമാദനവും അവിടെയെല്ലാം അലയടിക്കുന്നതായി തോന്നി.  

ബുദ്ധക്ഷേത്രത്തില്‍നിന്ന് പീപ്പിള്‍സ് സ്‌ക്വയറിലേക്കാണ് ഞങ്ങള്‍ പോയത്. ഷാങ്ഹായിയിലെ നഗരസൗന്ദര്യം നിറഞ്ഞതും ഏറെ സാംസ്‌കാരിക പ്രാധാന്യം വഹിക്കുന്നതുമായ നഗരചത്വരമാണ് പീപ്പിള്‍സ് സ്‌ക്വയര്‍. ഇവിടെയാണ് ഷാങ്ഹായിയുടെ മുനിസിപ്പല്‍ ഗവണ്‍മെന്റ് ആസ്ഥാനം. പീപ്പിള്‍സ് സ്‌ക്വയറിന്റെ വടക്ക് ഭാഗത്തുള്ള ഫൗണ്ടന്റെ പരിസരത്തെ കേന്ദ്രീകരിച്ചാണ് പ്രധാനപ്പെട്ട ഒട്ടുമിക്ക ഹൈവേകളുടേയും ദൂരങ്ങള്‍ കണക്കാക്കുന്നത്. അങ്ങനെ സ്ഥാനപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് പീപ്പിള്‍സ് സ്‌ക്വയര്‍.

ജേഡ് ബുദ്ധക്ഷേത്രം
ജേഡ് ബുദ്ധക്ഷേത്രം

ഇന്നത്തെ പീപ്പിള്‍സ് സ്‌ക്വയര്‍ 1949നു മുന്‍പ് കുതിരപ്പന്തയസ്ഥലമായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ആ കുതിരപ്പന്തയവും കുതിരയോട്ടവും പ്രവര്‍ത്തനം നിലച്ചു. അത് വീണ്ടും തുടരുന്നതിന് പിന്നീട് വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുവദിച്ചതുമില്ല. കുതിരപ്പന്തയ ഗ്രൗണ്ട് സര്‍ക്കാരേറ്റെടുക്കുകയും പരേഡുകള്‍ക്കും മറ്റുമുള്ള ഉപയോഗത്തിനായി അതിന്റെ ഒരു ഭാഗം പീപ്പിള്‍സ് സ്‌ക്വയറാക്കുകയുമാണ് ചെയ്തത്. 1990കളില്‍ അവിടെ വീണ്ടും കുറെ മാറ്റങ്ങളുണ്ടായി. ഷാങ്ഹായ് മുനിസിപ്പല്‍ ആസ്ഥാനം ഇവിടേക്ക് മാറി. ഷാങ്ഹായ് മ്യൂസിയവും ഇവിടേക്ക് വന്നു. ഷാങ്ഹായ് ഗ്രാന്‍ഡ് തിയേറ്റര്‍, ഷാങ്ഹായ് അര്‍ബന്‍ പ്ലാനിങ് എക്‌സിബിഷന്‍ ഹാള്‍, ഷാങ്ഹായ് ആര്‍ട്ട് മ്യൂസിയം, പീപ്പിള്‍സ് പാര്‍ക്ക് തുടങ്ങിയവയെല്ലാം പീപ്പിള്‍സ് സ്‌ക്വയറിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. പീപ്പിള്‍സ് സ്‌ക്വയര്‍ അങ്ങനെ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു സാംസ്‌കാരിക കേന്ദ്രമായി. 

പീപ്പിള്‍സ് സ്‌ക്വയറിലുള്ള ഷാങ്ഹായ് മ്യൂസിയമാണ് അവിടെ ഞങ്ങളാദ്യം കണ്ടത്. ചൈനയുടെ പ്രധാന മ്യൂസിയങ്ങളിലൊന്നാണ് പ്രാചീന ചൈനീസ് കലകളുടെ ഈ മ്യൂസിയം. ലോകനിലവാരത്തില്‍ത്തന്നെ മികച്ചുനില്‍ക്കുന്ന ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 1952ല്‍ സ്ഥാപിച്ച ഷാങ്ഹായ് മ്യൂസിയം ഇവിടേക്ക് മാറ്റി സ്ഥാപിച്ചത് 1996ലാണ്. പ്രധാനമായും മൂന്നു വഴികളിലൂടെ സമാഹരിക്കപ്പെട്ടതാണത്രേ ഇവിടത്തെ വിപുലമായ കലാശേഖരങ്ങള്‍. ആഭ്യന്തരയുദ്ധകാലത്ത് കമ്യൂണിസ്റ്റ് തേഡ് ഫീല്‍ഡ് ആര്‍മിക്കാര്‍ യാദൃച്ഛികമായി കണ്ടെത്തി സമാഹരിച്ച വിപുലമായ കലാശേഖരങ്ങളാണ് അവയിലൊന്ന്. മറ്റൊരു വിഭാഗം കസ്റ്റംസ് സര്‍വ്വീസ് വഴി കിട്ടിയവ, സ്വകാര്യ കലാവസ്തു ശേഖരണക്കാരില്‍നിന്നു രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ വാങ്ങിയവയും ഉണ്ട്. മുന്‍പത്തെ ഷാങ്ഹായ് മുനിസിപ്പല്‍ മ്യൂസിയവും പിന്നീട് ഇതിന്റെ ഭാഗമായി. മ്യൂസിയത്തിന്റെ വിവിധ വിഭാഗങ്ങളെല്ലാം ചേര്‍ന്നാല്‍ ചൈനയുടെ ദേശീയവും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമൊക്കെയായ സമഗ്ര ചരിത്രാനുഭവത്തിലൂടെയുള്ള ഒരു സഞ്ചാരത്തിലേക്കാവും നമ്മെ കൂട്ടിക്കൊണ്ടു പോവുക. 

ചൈനയുടെ സാമ്പത്തികകാര്യ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന ഷാങ്ഹായ്, ആധുനിക നഗരത്തിന്റെ മോടിയും പകിട്ടും നിറഞ്ഞുനിന്നു ഞങ്ങളെ ശരിക്കും ആകര്‍ഷിച്ചു. മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗും പാരീസും ബെര്‍ലിനും മ്യൂണിക്കും സിഡ്‌നിയും മെല്‍ബണും റോമുമുള്‍പ്പെടെ പല ലോകനഗരങ്ങളും കാണാനിടവന്നിട്ടുണ്ടെങ്കിലും ആധുനികതയും സമ്പന്നതയും സാംസ്‌കാരിക മികവും അതെല്ലാമൊരുക്കുന്ന സജീവതയും ഇതുപോലെ തികഞ്ഞ മറ്റൊരു നഗരം കാണുന്നതിനു പിന്നീട് ബീജിങ്ങിലെത്തേണ്ടിവന്നു. കെട്ടിടങ്ങളെല്ലാം തന്നെ അംബരചുംബികള്‍. കെട്ടിടങ്ങളുടെ പ്രൗഢിയോട് കിടപിടിക്കുന്ന പരിസര ശുചിത്വവും ഭംഗിയും വൃക്ഷസമ്പന്നതയും ഉദ്യാനനിറവുകളും. 

ഷാങ്ഹായ് മ്യൂസിയം
ഷാങ്ഹായ് മ്യൂസിയം

വരിവരിയായി വളര്‍ത്തി നഗരത്തെയാകെ മോടിപിടിപ്പിക്കുന്ന പൂച്ചെടികളെക്കൊണ്ട് നിറഞ്ഞവയാണ് പാതകള്‍. വെടിപ്പും ഭംഗിയും തികഞ്ഞ് ആരെയും ആകര്‍ഷിക്കുന്നവ. തെരുവുവിളക്കുകള്‍പോലും അവയുടെ രൂപസവിശേഷതകൊണ്ട് ഒന്നു നോക്കാന്‍ ആരെയും നിര്‍ബ്ബന്ധിക്കും. നഗരപാതകള്‍ പലേടത്തും ഉരുളന്‍ സ്റ്റീല്‍ക്കമ്പികള്‍കൊണ്ടു തീര്‍ത്ത തട്ടികളാല്‍ വേര്‍തിരിച്ചിരിക്കുന്നത് കണ്ടു. ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം, ആ സ്‌ക്രീനുകള്‍ അവിടെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന രീതിയണ്. അവിടെ വെല്‍ഡ് ചെയ്തുറപ്പിക്കുകയോ നട്ടും ബോള്‍ട്ടുമിട്ട് പിടിപ്പിക്കുകയോ അല്ല, ഓരോ സ്‌ക്രീനിന്റേയും ചുവട്ടില്‍ രണ്ടറ്റത്തുമായി മണല്‍ നിറച്ച തുണിച്ചാക്കുകള്‍ കുറുകെ വച്ചിരിക്കുകയാണ്. പലേടങ്ങളിലും ഇത് കാണാനിടയായി.

നഗരമാലിന്യങ്ങള്‍ ഒന്നും തന്നെ എങ്ങും കാണാനുണ്ടായിരുന്നില്ല. മാലിന്യശേഖരണത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഭംഗിയേറിയ സംഭരണികള്‍ കണ്ടു, യാത്രയില്‍ ഇടയ്ക്കിടെ. ചൈനാ ബാങ്ക് ഉള്‍പ്പെടെ അനേകമനേകം ബാങ്കുകള്‍ അവിടെ കണ്ടു. ചൈനയുടെ നവസാമ്പത്തികോത്ഥാനത്തിന്റെ സൂചകങ്ങളാവാം അവ. ആ ബാങ്കുകളിലൊന്ന് ചൈനീസ് കണ്‍സ്ട്രക്ഷന്‍ ബാങ്കായിരുന്നു; കണ്‍സ്ട്രക്ഷന്‍ ബാങ്ക് എന്ന ഒന്ന് അതുവരെ ശ്രദ്ധയിലെത്തിയിരുന്നില്ല; നിര്‍മ്മിതികള്‍ക്കായി പ്രത്യേകമൊരു ബാങ്ക് എന്നത് പുതിയൊരാശയമായി തോന്നി. ആധുനിക ചൈനയെന്നത് പുതിയ നിര്‍മ്മിതികളെക്കൊണ്ട് നിറഞ്ഞതായിരിക്കെ അതിനായുള്ള പുതിയ സാമ്പത്തിക സ്ഥാപനങ്ങള്‍ ഏറെ അര്‍ത്ഥവത്താണെന്നും. 1990 കാലം വരെ കൃഷിസ്ഥലങ്ങളായിരുന്നിടത്താണ് ഇന്നത്തെ കൂറ്റന്‍ നഗരം ഉയര്‍ന്നു നിലകൊള്ളുന്നത്. അതു തികച്ചും വിസ്മയിപ്പിക്കുന്ന ഒരറിവായിരുന്നു. ആധുനികതയുടേയും ഔന്നത്യങ്ങളുടേയും പുതിയ എടുപ്പുകള്‍ അവയുടെ സമീപ ഭൂതകാലങ്ങളെപ്പോലും തീര്‍ത്തും നിരാകരിക്കുന്നതാണ്. ഇന്നലെയെന്ത് എന്നു വ്യഥ കൊള്ളുന്നതിനേക്കാള്‍, ഇനി വരാനുള്ളതെന്ത് എന്ന് അന്വേഷിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതാണ് ചൈനീസ് ജീവിതം എന്നു തോന്നി. നഗരദൃശ്യങ്ങളും അനുഭവങ്ങളും അതുതന്നെ പറയുന്നു.

സ്വന്തം ഭാഷ വിട്ടൊരു കളിയില്ല ചൈനാക്കാര്‍ക്ക്. പുടോങ്ഹ്വ (Putonghua) എന്ന് ചൈനീസ് ഭാഷയില്‍ പറയുന്ന മാന്‍ഡറിന്‍ (Mandarin) ആണ് അവിടത്തെ ഔദ്യോഗിക സംസാരഭാഷ. അതിന്റെ ഉപഭാഷകളെന്നു വിശേഷിപ്പിക്കാവുന്ന ഏഴ് വിഭാഗങ്ങളുണ്ട്. നാടുകളിലെ അതത് വിഭാഗക്കാര്‍ അവരുടെ ഭാഷ സംസാരിക്കുന്നു. ഇങ്ങനെ എല്ലാ ജനവിഭാഗങ്ങളും അവരുടെ ഭാഷയ്ക്ക് പ്രാധാന്യം നല്‍കുമ്പോഴും എല്ലാവരും മാന്‍ഡറിന്‍ ശീലിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. കുട്ടികള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. മുമ്പ് അഞ്ചാം ഗ്രേഡില്‍ തുടങ്ങിയിരുന്ന ഇംഗ്ലീഷ് പഠനം ഇപ്പോള്‍ ഒന്നാം ഗ്രേഡ് മുതല്‍ നടപ്പിലാക്കിയിട്ടുണ്ട്. നാല്‍പ്പത് കോടിയിലേറെപ്പേര്‍ ഇംഗ്ലീഷറിയാവുന്നവരായി ചൈനയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍ ബ്രിട്ടീഷ് കോളനിതന്നെയായ ഇന്ത്യയിലേതിനെക്കാളും എത്രയോ അധികമായിരിക്കും അത്. എന്നാലും സാധാരണഗതിയില്‍ ആരും തന്നെ അവിടെ ഇംഗ്ലീഷ് സംസാരിക്കാറില്ല. 

ചൈനയിലെ ഭക്ഷണത്തെക്കുറിച്ച് യാത്രാസംഘത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്തൊക്കെയാവും അവിടെ കിട്ടുക, അത് നമ്മുടെ രുചിക്കിണങ്ങുമോ മനസ്സില്‍ പിടിക്കാതെ വരുമോ എന്നിങ്ങനെ. അതിനു പരിഹാരമായാവാം, കഴിയുന്നത്ര ഇന്ത്യന്‍ ഭക്ഷണം തന്നെ നല്‍കാനാണ് സംഘാംഗങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഏറെ മുന്‍തൂക്കം നല്‍കുന്ന ഷിജിന്‍ ശ്രമിച്ചത്. അതിലേക്കായി എല്ലായിടത്തും കഴിയുന്നത്ര ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ കണ്ടെത്തി. എന്നാല്‍, ഒരു ദിവസം ഉച്ചയ്ക്കത്തേയ്ക്ക് ഞങ്ങള്‍ ചൈനീസ് ഭക്ഷണത്തിനുതന്നെ പോയി; ചൈനയില്‍ സവിശേഷമായി കിട്ടുന്ന ആ അനുഭവവും നഷ്ടപ്പെടുത്തരുതല്ലോ. പലര്‍ക്കും നല്ല ശങ്കയുണ്ടായിരുന്നെങ്കിലും ആ ഭക്ഷണത്തില്‍ ഏറെ അസ്വാഭാവികമായൊന്നും തോന്നിയില്ല. പതിവില്‍നിന്ന് അല്പം രുചിഭേദം തോന്നിയെങ്കിലും; അങ്ങനെയുള്ള രുചിഭേദമാകട്ടെ, നമ്മുടെ നാട്ടില്‍ത്തന്നെ പലേടത്തും സാധാരണമാണല്ലോ. ദക്ഷിണകേരളവും മധ്യകേരളവും ഉത്തരകേരളവും തമ്മില്‍ മാത്രമല്ല, ജില്ല മാറുമ്പോള്‍പ്പോലും ഇങ്ങനെയുള്ള രുചിഭേദങ്ങള്‍ അനുഭവപ്പെടാറുണ്ടല്ലോ. 

ചൈനാക്കാര്‍ പാമ്പിനെ തിന്നുന്നവരാണെന്ന കേള്‍വി ആ ഭക്ഷണത്തിനു മുന്‍പ് വിശേഷിച്ചും പലരിലും നന്നെ ആശങ്കയുണര്‍ത്തിയിരുന്നു! എന്നാല്‍, അവിടെ അങ്ങനെയൊരു ശങ്കയില്ലാതെതന്നെയാണ് എല്ലാവരും ഭക്ഷണം കഴിച്ചത്. അതൊക്കെ കഴിഞ്ഞാണ് ചിലര്‍ പറഞ്ഞത്, അതില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട് ഏറ്റവും സ്വാദിഷ്ടമായ ഒരിനം പാമ്പിനെക്കൊണ്ടുണ്ടാക്കിയ ഒന്നായിരുന്നു എന്ന്! ഏതായാലും ആ അറിവ് ആരിലും കാര്യമായ ചലനമൊന്നും ഉണ്ടാക്കിയതുമില്ല. 

മറക്കാനാവാത്തതാണ് ഷാങ്ഹായിയിലെ രണ്ടു യാത്രാനുഭവങ്ങള്‍. മാഗ് ലെവ് (Maglev) ട്രെയിനിലെ യാത്രയും ബോട്ടിലെ സഞ്ചാരവുമായിരുന്നു അവ. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, കാന്തശക്തിയില്‍ പാളങ്ങളിലെ ഉരസലൊഴിവാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് മാഗ്ലെവ് ട്രെയിന്‍. സാങ്കേതികവിദ്യ വൈദേശികമെങ്കിലും അതിന്റെ പ്രയോഗവും വികാസവും ചൈനയുടേതു തന്നെ. ഹൈസ്പീഡ് ട്രെയിനുകളില്‍ ആദ്യത്തെ മാഗ്ലെവ് ട്രെയിനാണ് ഇവിടത്തെ 'ഷാങ്ങ്ഹായ് ട്രാന്‍സ് റാപ്പിഡ്.' നഗരത്തില്‍നിന്ന് ഷാങ്ഹായിയിലെ യാത്രാകേന്ദ്രമായ പുഡോണ്‍ വരെ 30.5 കിലോമീറ്റര്‍ ദൂരമുള്ള ഈ റെയില്‍പ്പാതയിലെ യാത്ര 2002 ഡിസംബര്‍ 31നാണ് ഉദ്ഘാടനം ചെയ്തത്. മണിക്കൂറില്‍ 431 കിലോമീറ്റര്‍ വേഗതയിലോടുന്ന ട്രെയിനാണിത്. ഈ ദൂരമത്രയും യാത്രചെയ്യുന്നതിനു ഞങ്ങളെടുത്തത് ഏഴ് മിനിറ്റാണ്; വിമാനത്തിലൊഴികെ, ജീവിതത്തിലെ ഏറ്റവും വേഗതയേറിയ സഞ്ചാരം. ആ അനുഭവത്തിനുവേണ്ടി മാത്രമുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ട്രെയിന്‍ ഓരോ സമയവും ഓടുന്ന വേഗമെത്രയെന്ന്, പൂജ്യം മുതല്‍ 431 വരെ, അപ്പപ്പോള്‍ നമുക്ക് ബോഗികളിലിരുന്നു കാണാന്‍ കഴിയും. യാത്രാവേഗവും വേഗപരിസരങ്ങളും കണ്ട്, അനുഭവിച്ച് ഞങ്ങള്‍ക്ക് അതൊരു ആഘോഷമായി! നിറഞ്ഞ വിസ്മയത്തോടെ പോയ വണ്ടിയില്‍ത്തന്നെ തിരിച്ചു പോന്നു. 

അതുപോലെതന്നെ ഒരു വിശേഷാനുഭവമായിരുന്നു ബോട്ട് യാത്ര. ആധുനിക യാത്രാസംവിധാനങ്ങളുള്ള ബോട്ടില്‍, നിറഞ്ഞ ഇരുളിലെ യാത്ര ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. തീരങ്ങളില്‍ വര്‍ണ്ണവിതാനങ്ങള്‍ വിതറിനില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍. വൈദ്യുത ദീപാലങ്കാരങ്ങളുടെ സവിശേഷ വിന്യാസം കൊണ്ട് ആ കെട്ടിടങ്ങള്‍ നിമിഷം തോറും വര്‍ണ്ണവും രൂപവുമൊക്കെ മാറി നേത്രോത്സവം നല്‍കുന്നു. ഷാങ്ഹായ് നഗരമധ്യത്തിലൂടെയാണ് ഹുവാങ്പു (ഔമിഴുൗ) നദിയൊഴുകുന്നത്. നഗരത്തെ നദി ഇരുകരകളിലുമായി കീറിമുറിക്കുന്നു. കിഴക്കുഭാഗം പുഡോങ്ങും (ജൗറീിഴ) പടിഞ്ഞാറു ഭാഗം പുസിയും (ജൗഃശ). നദീ സംരക്ഷണം സംബന്ധിച്ച് നമുക്കു നല്ലൊരു പാഠം നല്‍കുന്നതാണ് മാലിന്യങ്ങളില്ലാതെ തെളിഞ്ഞൊഴുകുന്ന നദി. മുന്‍പ് തൊണ്ണൂറുകള്‍ വരെ അതിലൂടെ സഞ്ചരിക്കുന്നതിനാണെങ്കിലും മറുകര കടക്കുന്നതിനാണെങ്കിലും ഫെറി ബോട്ടുകള്‍ മാത്രമായിരുന്നു ആധാരം. വിവിധാവശ്യങ്ങള്‍ക്കായുള്ള ബോട്ടുകള്‍ ഇപ്പോഴുമുണ്ട്, നദി മുറിച്ചു കടക്കാന്‍ ഒട്ടേറെ പാലങ്ങളും. 

പിന്നീട് ഞങ്ങളുടെ ബസ് ഏറെ ദൂരം കടന്നുപോയത് വലിയൊരു ടണലിലൂടെയാണ്, കിലോമീറ്ററുകളോളം വരുന്ന ദൂരം ആ ടണലിലൂടെയായിരുന്നു ആ സഞ്ചാരം. നല്ലവണ്ണം വൈദ്യുതീകരിച്ച് ഏതാണ്ടൊരു പകല്‍റോഡ് പോലെയായിട്ടുണ്ട് ടണല്‍ മുഴുവന്‍ തന്നെ. ഇടയ്ക്കിടെ കൂറ്റന്‍ ഫാനുകള്‍ സ്ഥാപിച്ചിരിക്കുന്നു. നഗരം വൃത്തിയാക്കുന്നതിനുള്ള വാഹനങ്ങള്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നതായി ഇടയ്ക്കിടെ പലേടത്തും കണ്ടതും പ്രത്യേകം ശ്രദ്ധിച്ചു. പരിസരശുചിത്വം ചൈനയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. 

ഭക്ഷണത്തിനായി ഞങ്ങള്‍ കയറിയ മറ്റൊരിടം Indian Cousine - Kebabson the Grille ആയിരുന്നു. ഇന്ത്യന്‍ രീതിയിലുള്ളതുള്‍പ്പെടെ വിവിധതരം ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഒരാധുനിക ഹോട്ടല്‍. ഹോട്ടലിനു മുന്നിലെ ഗാര്‍ഡനും അതിലെ തടാകവും അവിടെ ഔത്സുക്യത്തോടെ വെള്ളം കുതിച്ചുചാടുന്ന ഫൗണ്ടനും കണ്ടത് ഏറെ കൗതുകമുണര്‍ത്തി. നിമിഷനേരത്തെ തയ്യാറെടുപ്പിനുശേഷം തടാകത്തിലേയ്ക്കു കുതിച്ചുചാടുകയും പെട്ടെന്നു നിലയ്ക്കുകയും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്ന മട്ടിലാണ് ആ ഫൗണ്ടനുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. 

ചൈനയിലെ ജീവിതത്തെക്കുറിച്ചറിഞ്ഞ ചില വിവരങ്ങള്‍ ഏറെ ശ്രദ്ധേയമായി തോന്നി. ആണായിപ്പിറന്നു കഴിയുക വലിയ ഉത്തരവാദിത്വമാണ് അവിടെയത്രേ. യൗവ്വനത്തിലെത്തിയാല്‍ അവന്‍ സ്വന്തമായ തൊഴിലും പാര്‍പ്പിടവും ഉണ്ടാക്കണം. സ്വന്തം വീടില്ലാത്തയാള്‍ക്ക് കുടുംബവുമില്ല; 'No apartment, no family'  ഞങ്ങളുടെ ഗൈഡുമാര്‍ ഒന്നുപോലെ ഉറപ്പിച്ചു പറഞ്ഞ കാര്യമാണത്. ജനപ്പെരുപ്പമേറെയുള്ള ചൈനയില്‍ സന്താന നിയന്ത്രണമുണ്ട്. രണ്ടു കുട്ടികളാകാം. ഷാങ്ഹായിയില്‍, രണ്ടാമത്തെ കുട്ടി വേണമെങ്കില്‍ അമ്മ ജോലി ഉപേക്ഷിക്കണമത്രേ; ശിശുപരിപാലനത്തിന് അത് അനിവാര്യമെന്നു കരുതുന്നു. കുഞ്ഞിന്റെ വളര്‍ച്ചയെന്നത് രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമായിത്തന്നെയാണ് അവര്‍ കാണുന്നത്. കൃഷിപ്പണിയിലേര്‍പ്പെടുന്ന ചെറുപ്പക്കാര്‍ക്ക് പെണ്ണു കിട്ടുക എളുപ്പമല്ലെന്നാണ് ആ സ്ത്രീകള്‍ പറഞ്ഞത്. സ്വകാര്യ വ്യക്തികള്‍ക്ക് അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാക്കാം. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 7000 യുവാന്‍ വില വരും. സ്ഥലമെല്ലാം സര്‍ക്കാരിന്റേതു തന്നെ. ഗൃഹാവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാരുമായി വ്യക്തികള്‍ പാട്ട (ഹലമലെ) വ്യവസ്ഥയിലേര്‍പ്പെടുന്നു. അതിലാണ് അപ്പാര്‍ട്ട്‌മെന്റുകളുടേയും മറ്റും നിര്‍മ്മാണം. 2004ലെ നിയമഭേദഗതികളില്‍ സ്വകാര്യ വസ്തുക്കള്‍ക്കും നിര്‍മ്മിതികള്‍ക്കും അനുകൂലമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിര്‍മ്മാണത്തിന്റേയും സംരക്ഷണത്തിന്റേയും കാര്യങ്ങളിലെല്ലാം പൊതുമേഖലയിലെ വസ്തുക്കള്‍ക്കും നിര്‍മ്മിതികള്‍ക്കുമാണ് പ്രത്യേക പരിഗണന. 

അടിമ/ഉടമ  സേവകര്‍/സേവിതര്‍ വേര്‍തിരിവ് കമ്യൂണിസത്തിന്റെ ആവിര്‍ഭാവത്തോടെ ചൈനയിലില്ലാതായി. അതുകൊണ്ട് പരിചാരകന്‍/പരിചാരക എന്ന വാക്ക് ഇന്ത്യയിലെപ്പോലെ അവിടെ നാമപദമല്ല, വിശേഷണമാണ്. വെറുമൊരു താഴെക്കിട തൊഴിലാളിയായ   ഷി ചൌങ്ക് സിയാങ്ങിനെപ്പോലുള്ളവര്‍ ആദരിക്കപ്പെടുന്നതും ആദര്‍ശവല്‍ക്കരിക്കപ്പെടുന്നതും അങ്ങനെയൊരു സാംസ്‌കാരികരാഷ്ട്രീയ പരിസരത്തിലാണ്. മണ്‍കുഴികളില്‍നിന്നും പൊതുകക്കൂസുകളില്‍നിന്നും 40 വര്‍ഷക്കാലത്തോളം യന്ത്രസഹായമില്ലാതെ മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ സ്വയം നീക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നയാളാണ് ഷി ചൌങ്ക് സിയാങ്. അസാധാരണമായ കാര്യക്ഷമതയുടെ പേരില്‍ മാതൃകാതൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട അയാള്‍ 1959ല്‍ പ്രസിഡന്റിന്റെ പ്രത്യേക അവാര്‍ഡിനും അര്‍ഹനായി. രാജ്യത്തെല്ലായിടത്തും ആദര്‍ശവല്‍ക്കരിക്കപ്പെട്ട ഷി ചൌങ്ക് സിയാങ്ങിന്റെ ജീവിതകഥ െ്രെപമറി ക്ലാസ്സുകളില്‍ നിര്‍ബ്ബന്ധിത പാഠ്യവിഷയമാവുകയും ചെയ്തു.

രാഷ്ട്രീയ സഞ്ചാരഗതിയില്‍, ദെങ് സിയാവോ പിങ്ങിന്റെ കാലത്തോടെ ഈ സമീപനം മാറുകയായിരുന്നു. വ്യക്തിപരമായ അവസരങ്ങള്‍ക്കും വര്‍ഗ്ഗതാല്പര്യങ്ങള്‍ക്കും അതോടെ ചൈനയുടെ ജീവിതത്തില്‍ പഴുതേറി. രാഷ്ട്രീയവും സാമൂഹികവുമായ മികവുകളെക്കാള്‍ സാമ്പത്തികനേട്ടങ്ങള്‍ ജീവിതലക്ഷ്യങ്ങളില്‍ പ്രാമുഖ്യം നേടി. വ്യക്തികളുടെ സാമൂഹിക സ്വീകാര്യതയുടെ അടയാളം അവരുടെ കൈവശമുള്ള പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുകളാണെന്നു വന്നു. ആധുനിക സൗകര്യങ്ങളോടെ വലിയ വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവര്‍ സമൂഹത്തില്‍ വിലയേറിയവരായി. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെക്കാള്‍ ജനങ്ങള്‍ക്കു താല്പര്യം വ്യക്തിപരമായ നേട്ടങ്ങളിലായി. പ്രശ്‌നങ്ങളില്‍ നിശ്ശബ്ദത പാലിച്ച് ധനികരാവുക എന്ന സന്ദേശമാണ് ഇന്ന് (കമ്യൂണിസ്റ്റ്) സര്‍ക്കാരിനു തന്നെ ജനങ്ങള്‍ക്കായി നല്‍കാനുള്ളത്. വിപ്ലവത്തിനു മുന്‍പുണ്ടായിരുന്ന സാമൂഹികമായ വ്യത്യസ്ത തട്ടുകള്‍ അങ്ങനെ മറ്റു ചില രീതികളില്‍ അവിടെ തലപൊക്കുകയും ചെയ്യുന്നു. 
എന്നാല്‍, തലയുയര്‍ത്താന്‍ ശ്രമിക്കുന്ന ഈ അസമത്വങ്ങള്‍ക്കിടയിലും കമ്യൂണിസത്തിന്റെ സ്വാധീനംകൊണ്ട് ചൈനീസ് ജീവിതം നേടിയെടുത്ത തൊഴിലിന്റെ മഹത്വം, അതിന്റെ മൂല്യങ്ങളുടെ അന്തര്‍ധാരയായി നിലനിര്‍ത്തിപ്പോരുന്നുണ്ട്. ഷി ചൌങ്ക് സിയാങ് ആകാന്‍ ആരുംതന്നെ ഇന്ന് ആവേശം കൊള്ളുന്നില്ലെങ്കിലും അങ്ങനെയുള്ള ജീവിതത്തിന്റെ മേന്മ തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുന്നു. അതിനെ അംഗീകരിക്കാന്‍ അവര്‍ക്കു മടിയില്ല. നമ്മുടെ ഇന്ത്യന്‍ ജീവിതസമീപനങ്ങളില്‍നിന്നും പരിഗണനകളില്‍നിന്നും ഇത് വളരെയേറെ അകലെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com