എന്‍ഡോസള്‍ഫാന്‍ ദുരന്തം: വിരോധാഭാസങ്ങളും കുറേ ചോദ്യങ്ങളും: ദയാബായി

ആദ്യമായിത്തന്നെ എനിക്ക് എന്റെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടിവന്നു.
എന്‍ഡോസള്‍ഫാന്‍ ദുരന്തം: വിരോധാഭാസങ്ങളും കുറേ ചോദ്യങ്ങളും: ദയാബായി

2018 ജനുവരി 30-ന് സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്യാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി എന്നെ ക്ഷണിച്ചിരുന്നു. പതിവുപോലെ ഞാന്‍ നിരസിച്ചു. 27-ന് മധ്യപ്രദേശിലേക്കു തിരിച്ചുപോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതു റദ്ദാക്കി എന്തോ ഉള്‍പ്രേരണയാല്‍ കാസര്‍ഗോഡെത്തി. അവിടുത്തെ കാഴ്ചയും രോഗബാധിതരുടെ ജീവിതവും വേദനയും ഇതിലിടപെടാന്‍ എന്നെ നിര്‍ബ്ബന്ധിതയാക്കി. ഇന്നു 18 മാസങ്ങള്‍ക്കുശേഷവും ഞാന്‍ ഈ ഹതഭാഗ്യരുടെയിടയില്‍ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമന്വേഷിച്ച് നടക്കുകയാണ്. മാത്രമല്ല, ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന മാന്യമായ, അന്തസ്സോടെയുള്ള ഒരു ജീവിതം ഇവര്‍ക്കു ലഭിക്കാനുള്ള വഴി ആരായുകയാണ്. 

ആദ്യമായിത്തന്നെ എനിക്ക് എന്റെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടിവന്നു. ഞാന്‍ മനസ്സിലാക്കിയിരുന്നത് ഏതോ സ്വകാര്യ തോട്ടം ഉടമസ്ഥര്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി ചില ആരോഗ്യപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും അവിടെ ഉണ്ടായി എന്നാണ്. എന്നാല്‍, അതങ്ങനെയല്ല എന്നു മനസ്സിലായി. കുറേയധികം മനുഷ്യക്കോലങ്ങള്‍ പല വൈകല്യങ്ങളോടുകൂടി അവരുടെ വീടിന്റെ നാലു ഭിത്തികള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടുന്നത് കാണാനിടയായി. 35-ഉം 30-ഉം വയസ്സുള്ളവര്‍ കുട്ടികള്‍ എന്നുമാത്രം വിളിക്കാവുന്ന രീതിയില്‍ അമ്മയുടെ മടിയില്‍ അമ്മ വാരിക്കൊടുത്തു തീറ്റിപ്പോറ്റുന്ന കാഴ്ചയും. നിശ്ചയമായും മൗലികാവകാശമായ 'അന്തസ്സോടെയുള്ള ജീവിതം' നിഷേധിക്കപ്പെട്ടവര്‍. ഓരോ കുട്ടിയേയും കണ്ടപ്പോള്‍ ഞാന്‍ വിങ്ങിപ്പൊട്ടിപ്പോയി. ഇതൊന്നുമല്ല, ഇനിയും ധാരാളം പേര്‍ ഇങ്ങനെയുണ്ട് എന്ന അറിവ് എന്ന തളര്‍ത്തി. എന്റെ ആദ്യത്തെ സന്ദര്‍ശനത്തില്‍ത്തന്നെ എന്റെ ഉള്ളില്‍നിന്നും ഞാനറിയാതെ ജന്മമെടുത്തതാണ് ''കരയൂ കരയൂ കേരളമേ'' എന്ന പാട്ട്. ദശകങ്ങളായി മലയാളത്തില്‍ ഒരുവരിപോലും എഴുതാഞ്ഞിട്ടും ഹൃദയത്തില്‍നിന്നു പേനയിലേക്കു വെറുതെ ഒഴുകിയെത്തിയ വാക്കുകളാണവ.

ഞാന്‍ കാസര്‍ഗോട്ടെ ആളുകളുടെയിടയില്‍ സന്ദര്‍ശനം നടത്തി. അവരെ കണ്ടു മനസ്സിലാക്കാനും കേള്‍ക്കാനും മാത്രമല്ല, അവര്‍ പറയാത്തവ കേള്‍ക്കാനും അങ്ങനെ ഈ പ്രശ്‌നത്തെ ആഴത്തില്‍ മനസ്സിലാക്കാനുമായി. അറിയാതിരുന്ന ഒരുപാട് സത്യങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതോടൊപ്പംതന്നെ ഒരുപാടു ചോദ്യങ്ങളും എന്റെ ഉള്ളില്‍ ഉയര്‍ന്നുതുടങ്ങി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നീതി ലഭിക്കുന്നതിനായി ഞാന്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാരം കിടന്നപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലെ ചില അധികാരികളുടെ വാക്കുകളും സമീപനവും ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഈ അടുത്തകാലത്ത് മാധ്യമങ്ങളില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ വന്നു. എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുന്ന കാസര്‍ഗോട്ടെ കളക്ടര്‍ സജിത് ബാബു ഐ.എ.എസും ഒരു പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിയുമായുള്ള സംഭാഷണം സോഷ്യല്‍ മീഡിയാ വഴി പ്രചരിച്ചിരുന്നു. ജൂലൈ 15-ലെ 'സമകാലിക മലയാളം' വാരികയില്‍ കളക്ടറും കൃഷി ഓഫീസറായ ശ്രീകുമാറും പറയുന്ന കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനോ അംഗീകരിക്കാനോ സാധിക്കില്ല എന്നു മാത്രമല്ല, നിരവധി ചോദ്യങ്ങളാണ് അവ ഉയര്‍ത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉറക്കെ ചിന്തിക്കാനും മറുചോദ്യങ്ങള്‍ ചോദിക്കാനും പലതും വിളിച്ചു പറയാനുമാണ് ഇതെഴുതുന്നത്. ശാസ്ത്രീയമായ തലത്തില്‍ മാത്രമല്ലാതെയും മാനുഷികതലത്തില്‍ നിന്നുകൊണ്ട്, നിയമപരമായും വൈദ്യശാസ്ത്രപരമായും പരിസ്ഥിതിശാസ്ത്രപരമായുമൊക്കെ ഉത്തരം ആരായുകയാണ്. 

ഈ പ്രശ്‌നത്തിന്റെ ആരംഭത്തില്‍ത്തന്നെ വളരെ തെറ്റായ സമീപനമാണ് ഉണ്ടായിരുന്നത്. വനപ്രദേശവും ഭക്ഷ്യവിളകള്‍ കൃഷിചെയ്തിരുന്ന ചെറുകിടക്കാരുടെ കൈവശമിരുന്ന ഭൂമിയും ഒക്കെക്കൂടിയാണ് 12000 കശുമാവു തോട്ടം ഉണ്ടാക്കിയത്. നമ്മുടെ മുന്‍ഗണന എന്താണ്? ഭക്ഷണവും പരിസ്ഥിതിയുമാണോ? അതോ വിദേശനാണ്യമാണോ? ഈ തോട്ടം, പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലേക്കു മാറ്റിയപ്പോള്‍ മുതല്‍ ഹെലികോപ്ടര്‍ വഴി എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചു. യാതൊരു സുരക്ഷാ നടപടികളോ നിയമങ്ങളോ നോക്കാതെയാണ് ഇതു നടന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുതുടങ്ങി. ലേഖനങ്ങള്‍, സിനിമാ പ്രദര്‍ശനങ്ങള്‍, പ്രതിഷേധ സമരങ്ങള്‍ ഇങ്ങനെ പലതും തുടര്‍ച്ചയായി ഇതിനെതിരെ നടന്നു. ഒരു കൃഷി ഓഫീസറുടെ ബന്ധു ഈ വിഷമരുന്നിനിരയായി മരിച്ചപ്പോള്‍ ലോക്കല്‍ കോടതി വഴി സ്റ്റേ വാങ്ങിച്ചെങ്കിലും 1998-2000 വരെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തുടര്‍ന്നു. 2000-ത്തിലാണ് സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത്. 

എന്നിരുന്നാലും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രശ്‌നബാധിതര്‍ക്കു സാമാന്യം പരിഗണന ലഭിച്ചിരുന്നു. വിവിധ മേഖലകളിലുള്ള വ്യക്തികളും ഏജന്‍സികളും സംഘടനകളും പ്രശ്‌നത്തെ മനസ്സിലാക്കാനും വേണ്ട പരിഹാരം നേടുന്നതിനുമായി മുന്നോട്ടു വന്നിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസേര്‍ച്ച്, ന്യൂഡല്‍ഹി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സാക്കോണ്‍ (Sacon) എന്നിവ പ്രധാനമായും.


ഡോ. രവീന്ദ്രനാഥ ഷാന്‍ബാഗ് അന്ന് മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലെ ഫാര്‍മക്കോളജി വിഭാഗത്തിന്റെ തലവനായിരുന്നു. ഇന്നദ്ദേഹം മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം കാസര്‍ഗോഡില്‍ ദീര്‍ഘമായ പഠനം നടത്തുകയുണ്ടായി. ഈ പ്രശ്‌നങ്ങള്‍ അഞ്ച് തലമുറവരെ (150 വര്‍ഷം) എങ്കിലും തുടരുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പല തരത്തിലുള്ള രോഗങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. എന്‍ഡോസള്‍ഫാന്റേതായ ഈ രോഗലക്ഷണങ്ങള്‍ കാസര്‍ഗോഡില്‍ ധാരാളം കാണാന്‍ കഴിഞ്ഞു.
സാക്കോണിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കമ്പനി അത് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി, അതു കേന്ദ്രസര്‍ക്കാരിന്റെതന്നെ സ്ഥാപനമായിട്ടും. ഡോ. രവീന്ദ്രനാഥിന്റെ റിപ്പോര്‍ട്ട് കേരളത്തില്‍ ചര്‍ച്ചചെയ്തപ്പോള്‍ അദ്ദേഹത്തോട് 'കേരളത്തില്‍ കയറരുത്' എന്നാണ് ഇവിടത്തെ ചില ഉന്നതതലത്തിലുള്ളവര്‍ പറഞ്ഞത്. സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടാന്‍ ഒരു കാരണം ഇദ്ദേഹമാണ്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയ ജനസമൂഹത്തിന്റെ മുന്‍പില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യപ്പെട്ടതിനുശേഷമാണ് 2000-ല്‍ സുപ്രീംകോടതിവഴി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. തുടര്‍ന്ന് ഡോ. രവീന്ദ്രനാഥ് കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി കൊടുത്ത് പുനരധിവാസ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. ആദ്യ ഇന്‍സ്റ്റാള്‍മെന്റ് തന്നെ 600-ലധികം കോടിയോളമാണ് അനുവദിച്ചത്. അവിടെ അമ്മമാര്‍ക്ക് ''ഞാന്‍ പോയാല്‍ എന്റെ കുട്ടിക്കാരുണ്ട്'' എന്ന ചോദ്യം ഉയരുന്നില്ല. കാസര്‍ഗോട്ടെ അമ്മമാര്‍ക്ക് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ് ഞാന്‍ പോയാല്‍ എന്റെ കുട്ടികള്‍ക്ക് ആരുണ്ട്? എന്നത്. സുപ്രീംകോടതി വിധി പലതുണ്ടായിട്ടും നടപ്പാക്കാതെ മൗലികമായ സഹായം കിട്ടാതെ കഴിഞ്ഞുകൂടുകയും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇവിടത്തെ ഉത്തരവാദപ്പെട്ടവര്‍ വാദങ്ങളും ന്യായീകരണങ്ങളുമായി മുന്നോട്ടുപോകുന്നു. ആളുകള്‍ ഒരുവശത്ത് മരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ നശിക്കുന്ന ഓരോ ജീവിതത്തിനും ഉത്തരം പറയേണ്ടത് സര്‍ക്കാരല്ലേ? 

കാസര്‍ഗോഡ് ആദ്യകാലത്ത് വളരെയധികം പ്രവര്‍ത്തിച്ച എന്‍ഡോസള്‍ഫാന്‍ ഇരകളോടു കൂടിനിന്നിരുന്ന ഒരു മെഡിക്കല്‍ ഡോക്ടറുമായി ഞാന്‍ സംസാരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യത്തെ വാക്കുകള്‍ ഇതായിരുന്നു: ''ഇതൊരു ക്രിമിനല്‍ കേസാക്കിയാല്‍ കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ കമ്പനിയും (അതും കേന്ദ്ര സര്‍ക്കാരിന്റെ) പ്രതികളാകും.'' കുറെ ചര്‍ച്ചയ്ക്കുശേഷം അയാള്‍ പറഞ്ഞു: ''നിരോധിച്ച കമ്പനി അയാളെ സമീപിച്ചു ചോദിച്ചു, ഡോക്ടര്‍ എന്തിനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്? ഞങ്ങള്‍ക്കു കോടികളുടെ നഷ്ടമുണ്ടായി. ഡോക്ടര്‍ക്ക് എത്ര കോടി വേണം?'' ചില ചെറുപ്പക്കാര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി സമരമുന്നണിക്കാരെ അപമാനിക്കുകയും പലരേയും മുന്നണിയോടുള്ള അനുഭാവത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതെന്തേ ഇത്ര മനസ്സാക്ഷിയില്ലാത്ത മനുഷ്യര്‍. 

ഇവിടെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കും പ്രശ്‌നം നേരിടുന്നവര്‍ക്കും സഹായഹസ്തം നീട്ടുന്നതിനു പകരം ഇരകളേയും അവരുടെ കൂടെ നില്‍ക്കുന്നവരേയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് ചുമതലപ്പെട്ടവര്‍ ചെയ്യുന്നത്. കൂടെ സത്യത്തെ അമര്‍ത്തിവയ്ക്കുകയും അവാസ്തവ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇത് കമ്പനിയുമായി പക്ഷം ചേരലോ അതോ സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്നോ ലോകം ഇത്ര ലജ്ജാകരമായ കാര്യം അറിയുമെന്നോ ഉള്ള പേടികൊണ്ടാണോ?
ഞാന്‍ നിരാഹാരം കിടന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കൃഷി വകുപ്പ് അധികാരി ശ്രീകുമാറിന്റെ ''ഇത് കാസര്‍ഗോഡന്‍ കള്ളക്കഥ'' എന്ന വാക്കുകള്‍ ഓര്‍മ്മ വരുന്നു. എനിക്കു മനസ്സിലാകാത്ത കാര്യം ആരാണ് കള്ളക്കഥ മെനയുന്നതെന്നാണ്. ഈ പാവപ്പെട്ട രോഗികളോ അവരുടെ ബന്ധുക്കളോ? അതോ അവരുടെകൂടെ നില്‍ക്കുന്ന മനുഷ്യസ്‌നേഹികളോ? എന്തിന്? അതോ, ഇതിനു കണക്കു പറയേണ്ട, ഉത്തരം നല്‍കേണ്ട സര്‍ക്കാര്‍ അധികാരികളോ? അവര്‍ക്കല്ലേ സത്യം മറച്ചുവയ്ക്കേണ്ട ആവശ്യം? ഈ പ്രശ്‌നത്തെപ്പറ്റി നിഷ്പക്ഷമായി പല പഠനങ്ങളും നടത്തിക്കഴിഞ്ഞിട്ടും സുപ്രീംകോടതി വിധിയുണ്ടായിട്ടും ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാനെതിരായി നിലപാടെടുത്തിട്ടും ഇവിടെ വിവാദങ്ങളും നിഷ്‌കളങ്കരായവര്‍ക്കെതിരെ കുറ്റാരോപണം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് സത്യം മറച്ചുവച്ച് ഒരു കമ്പനിയേയും സര്‍ക്കാരിനേയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളായേ ഇതിനെ കാണാനൊക്കൂ. ദുരിതബാധിതരല്ലാത്ത കുറേപ്പേര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലിസ്റ്റില്‍ കയറിപ്പറ്റുകയും ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നതായുള്ള ആരോപണങ്ങള്‍ കളക്ടര്‍ സജിത് ബാബുവും ശ്രീകുമാറും പറയുകയുണ്ടായി. അതിന് ആരാണ് ശിക്ഷിക്കപ്പെടേണ്ടത്? അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ജീവിക്കാന്‍ മോഹിച്ച് ജീവനും മരണത്തിനും ഇടയില്‍ വലയുന്ന കുറെ പാവങ്ങളോ അതോ സ്വാധീനിക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ആത്മാര്‍ത്ഥതയില്ലാത്ത അഴിമതിനിറഞ്ഞ കുറെ സര്‍ക്കാര്‍ അധികാരികളോ? 

ആറു വയസു മുതല്‍ പതിന്നാലു വയസു വരെ എല്ലാവര്‍ക്കും വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയാണ്. എത്രയോ കുട്ടികള്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നു? അന്ധതയും മൂകതയും ബധിരതയും ബാധിച്ചവര്‍ ഗവണ്‍മെന്റിന്റെ കണ്ണുതുറപ്പിക്കാനും സ്വരമുയര്‍ത്തിയും പ്രദര്‍ശനം നടത്തിയും ഇവരുടെ ചെവിതുറപ്പിക്കാനും സമരം ചെയ്യാനിറങ്ങുമ്പോള്‍ അത് എത്ര സമാധാനമായിട്ടാണെങ്കിലും വീണ്ടും വീണ്ടും ദുരിതബാധിതര്‍ പീഡിപ്പിക്കപ്പെടുകയാണ്. ശ്രീകുമാര്‍, അദ്ദേഹം ഒരു എന്‍ഡോമോളജിസ്റ്റ് അല്ലേ? മനുഷ്യാവകാശങ്ങളെ കൊല്ലാന്‍ കൂട്ടുനില്‍ക്കുകയല്ലേ? കീടങ്ങളെപ്പോലെ നിങ്ങള്‍ തളിച്ച വിഷംകൊണ്ടുണ്ടായ ഇരകളെ കൊല്ലരുതേ! ഇവരില്‍ എത്രപേര്‍ നിങ്ങള്‍ക്കെതിരെ തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തിയും എത്തി എന്ന് ഒന്നു പറയാമോ? ആരും അവരുടെ കുട്ടികളെ രൂപംമാറ്റി പ്രദര്‍ശിപ്പിച്ച് ആനുകൂല്യം നേടാന്‍ ശ്രമിക്കുന്നില്ല. അമ്മയ്ക്കു കുട്ടികളെ വേര്‍പിരിയാന്‍ സാധിക്കില്ല. ഇനിയും ഈ അമ്മമാര്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ല. വര്‍ഷങ്ങളായി ഇഴഞ്ഞും മലര്‍ന്നുകിടന്നും ഒക്കെ കഴിയുന്ന കുട്ടികളുണ്ട്. മുറിവേറ്റ ഈ ജീവിതങ്ങളുടെമേല്‍, അവരുടെ മുറിവുകളില്‍ ഉപ്പും മുളകും തേക്കുന്ന രീതിയിലും അപമാനിക്കുന്ന രീതിയിലുമാണ് ശ്രീകുമാറിന്റെ വാക്കുകള്‍. മനസ്സാക്ഷിയെന്നൊന്നുണ്ടെങ്കില്‍ ഇത്തരത്തിലുള്ള വാക്കുകള്‍ ഉണ്ടാവില്ല. ഏതായാലും ഈ പാവങ്ങളെ ഇനിയും ദ്രോഹിക്കല്ലേ ഏമാന്മാരെ.

എന്ത് മാനുഷിക പരിഗണന?
എന്ത് ആത്മാര്‍ത്ഥത?

മന്ത്രി ശൈലജയ്ക്കും ഉണ്ടായിരുന്നു ഇങ്ങനെയുള്ള വാക്കുകള്‍. ഞങ്ങള്‍ സമരത്തിലായിരുന്നപ്പോള്‍ അവരുടെ ആരോപണം 'പ്രദര്‍ശന'മെന്നായിരുന്നു. സര്‍ക്കാര്‍ എല്ലാം ചെയ്തുകൊടുക്കാമെന്നു പറഞ്ഞപ്പോഴും കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പിന്നീട് സമ്മര്‍ദ്ദങ്ങള്‍ വന്നപ്പോള്‍ അല്പം അയഞ്ഞു, കുട്ടികള്‍ക്കു പൊടിയും മറ്റും കൊണ്ട് ഇന്‍ഫക്ഷനും മറ്റും ഉണ്ടാകുമെന്ന്! എന്തു മാനുഷിക പരിഗണന! എന്ത് ആത്മാര്‍ത്ഥതയാണുള്ളതില്‍? ഓന്തിന്റെ നിറം മാറുന്നതുപോലെ മാറിമാറി നിന്നു സംസാരിക്കാനുള്ള വിരുത്. അതിനു മുന്‍പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതിലും കൂടുതല്‍ കുട്ടികളും അമ്മമാരും സമരം ചെയ്തപ്പോള്‍ ഒപ്പം നിന്ന് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതെങ്ങനെ? അന്നു പ്രദര്‍ശനവും പീഡനവും അല്ലായിരുന്നോ? ഈ വീടുകളില്‍ ഇങ്ങനെ കിടക്കുന്ന കുട്ടികളെ തിരിഞ്ഞുനോക്കാത്തവര്‍ അവര്‍ക്കുവേണ്ടി ചെയ്യേണ്ടത് ചെയ്യാത്തവര്‍ക്ക് ഇതൊക്കെ പറയാനെന്തവകാശം?

ശീലാവതി എന്ന മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എന്‍ഡോസള്‍ഫാന്‍ ഹെലികോപ്റ്റര്‍ വഴി ചീറ്റിച്ചിതറിച്ച വിഷമഴ നനഞ്ഞുകുളിച്ചാണ് വീട്ടിലെത്തിയത്. കുട്ടി 32 കൊല്ലം കിടന്ന കിടപ്പിലായിരുന്നു. വിധവയായ അമ്മ ഒരു പൂച്ചയെ കെട്ടിയിട്ട് അടുത്ത് ഒരു കത്തിയും വച്ചിട്ടായിരുന്നു ജോലിക്കു പോയിരുന്നത്. ബാലപീഡനത്തെപ്പറ്റി പ്രസംഗിക്കുന്ന എത്ര അധികാരികള്‍ ഇവിടെ ഇടപെട്ടിരുന്നു? ആ അമ്മയുടെ മാതൃസ്‌നേഹം തനതായ രീതിയില്‍ കുട്ടിയെ കാത്തുരക്ഷിച്ചു. 40 വയസ്സില്‍ മരിക്കുമ്പോള്‍ ആ അമ്മ കൈകളിലേന്തി കൊണ്ടുപോയി. 32 വര്‍ഷം കൊണ്ട് എല്ലും മാംസവും ദ്രവിച്ചുതീരുകയായിരുന്നു. ഒരു മെഡിക്കല്‍ ഡോക്ടറായ ഡോ. ബിജു ചെയ്ത സിനിമയ്ക്കായെത്തിയ കുഞ്ചാക്കോ ബോബന്‍ ഹൃദയംപൊട്ടിക്കരഞ്ഞു ശീലാവതിയെ കണ്ടപ്പോള്‍. മാത്രമല്ല, സഹായഹസ്തവും കൊടുത്തു!
കാസര്‍ഗോഡ് കളക്ടറുടെ പ്രസ്താവനയും ന്യായീകരണങ്ങളും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ സമരമുന്നണിക്കാരോടൊത്താണ് ഞാന്‍ ആദ്യം കളക്ടര്‍ സുജിത് ബാബുവിനെ കാണാന്‍ പോയത്. ''നിങ്ങള്‍ക്കൊക്കെ എന്തറിയാം, നിങ്ങളൊക്കെ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ?'' ''സാറേ ഞാന്‍ നാലാം ക്ലാസ്സുവരെയേ പഠിച്ചിട്ടുള്ളൂ. പഠിച്ചവരുടെ റിപ്പോര്‍ട്ടുകളുണ്ട്'' എന്നു പറയാന്‍ തോന്നിയെങ്കിലും ആദ്യഭാഗം വിട്ടുകളഞ്ഞിട്ട് ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗിന്റെ പഠനത്തെപ്പറ്റി പറഞ്ഞു. അതൊന്നും അധികം ശ്രദ്ധിക്കാതെ തന്റെ പി.എച്ച്ഡിയെപ്പറ്റിയൊക്കെയാണ് അദ്ദേഹം ഞങ്ങളെ കേള്‍പ്പിച്ചത്. ''ഈ കൃഷിശാസ്ത്രമല്ലാതെ ഒരുപാടു ശാസ്ത്രങ്ങളും ശാഖകളും ഉണ്ടല്ലോ'' എന്ന് ഒരു ഐ.എ.എസുകാരനോടു ഞാന്‍ പറയണ്ടേ? അന്ന് ഇദ്ദേഹം പറഞ്ഞു: ''ഞാന്‍ 10-ാം തീയതി തിരുവനന്തപുരത്തേയ്ക്ക് പോകുന്നുണ്ട്. ഏറ്റവും ആധുനികരീതിയിലുള്ള 'റീസെറ്റില്‍മെന്റ്' നടപ്പിലാക്കും എന്നൊക്കെ. കുറെ 10-ാം തീയതികള്‍ കഴിഞ്ഞു. ഇന്നിതാ ഇതേയാള്‍ പറയുന്നു ഇവിടെയൊന്നും എന്‍ഡോസള്‍ഫാന്‍ പ്രശ്നമില്ല. 10 ദിവസം കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ വെറും പച്ചവെള്ളമാണെന്ന്. പിന്നെയെന്തിനായിരുന്നു റീസെറ്റില്‍മെന്റ്? ഈ അഭിപ്രായമാറ്റവും കാലുമാറ്റവുമെങ്ങനെയുണ്ടായി?
''എന്തുകൊണ്ടാണ് കാസര്‍ഗോഡ് മാത്രം എന്‍ഡോസള്‍ഫാന്‍ ഒരു വിഷയം ആകുന്നത്.'' ഏതാണ്ട് ഇവിടത്തെ അതേസമയം കര്‍ണാടകത്തിലെ മൂന്നു ജില്ലകളിലായി എന്‍ഡോസള്‍ഫാന്‍ ബാധിച്ചത്. പക്ഷേ, അവര്‍ അത് നേരിട്ടു. അവിടെ ഗവണ്‍മെന്റ് പുനരധിവാസപദ്ധതി നന്നായിട്ടു നടത്തുന്നതുകൊണ്ട് ''ഞാന്‍ പോയാല്‍ എന്റെ കുട്ടിക്കാര്?'' എന്ന് ഒരമ്മയ്ക്ക് ചോദിക്കേണ്ടി വരുന്നില്ല. എന്നാല്‍, ഈ ചോദ്യം കാസര്‍ഗോട്ടെ ഓരോ അമ്മയും ഇന്നും ചോദിക്കുന്നു. മുതലമടയിലും മണ്ണാര്‍ക്കാടും ഈ പ്രശ്‌നമുണ്ട്. അവിടത്തെ ആളുകള്‍ ക്ഷണിച്ചിട്ട് ഞാന്‍ പോയി നേരില്‍ കണ്ടതാണ്. പിന്നെ കാസര്‍ഗോഡേതുപോലെ നീണ്ടകാലം ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലം വേറെയുണ്ടെന്നു തോന്നുന്നില്ല.

ഒരു മാധവന്‍ നായര്‍ 35 കൊല്ലം എന്‍ഡോസള്‍ഫാന്‍ കലക്കിയിട്ടും ഒന്നും സംഭവിച്ചില്ല എന്ന വാദവുമുണ്ട്. പക്ഷേ, തൊഴിലാളികളില്‍ 70 ശതമാനം രോഗബാധിതരാണെന്ന് കോടതിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യമാണ്. ഒരു തൊഴിലാളി വീമ്പു പറഞ്ഞിരുന്നത് അറിയാം. ഒരു വൈകല്യമുള്ള കുട്ടി ജനിച്ചപ്പോള്‍ ഒളിച്ചുവച്ചു. കുറ്റബോധം അങ്ങേയറ്റം ആയി ആള്‍ തകര്‍ന്നുപോയപ്പോഴാണ് വാര്‍ത്ത പുറത്തായത്. രണ്ട് സഹോദരന്മാര്‍ ഹെലികോപ്ടറില്‍ ജോലിയിലായിരുന്നു. ഒരാള്‍ ശ്വാസകോശാര്‍ബ്ബുദം വന്നു മരിച്ചു. വേറൊരു തൊഴിലാളി സമരമുന്നണിക്കാരുടെയടുത്തു വന്നു, വായില്‍ കാന്‍സറായി. ''കൈകൊണ്ടു കലക്കുമ്പോള്‍ പലപ്പോഴും വായിലും മുഖത്തും തെറിക്കുമായിരുന്നു'' അയാള്‍ പറഞ്ഞു.

ആരാണ് പറയുന്നത് വേറൊരിടത്തും ഈ പ്രശ്‌നമില്ലായെന്ന്. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ, ഉഗാണ്ട, ചൈന എന്നീ രാജ്യങ്ങളൊഴികെ എല്ലാ രാജ്യങ്ങളും എന്‍ഡോസള്‍ഫാനെതിരെ ഒപ്പുവച്ചു. വൈകാതെ ഉഗാണ്ടയും ചൈനയും മാറി. ഇന്ന് ഇന്ത്യ മാത്രമാണ് എന്‍ഡോസള്‍ഫാന്റെ കൂടെ നില്‍ക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഹാനികരമാണെങ്കില്‍ എന്തുകൊണ്ട് നഞ്ചംപറമ്പിലെ കിണറ്റില്‍ ഇത് കുഴിച്ചുമൂടി? അവിടെ നിന്ന മരങ്ങള്‍ എന്തുകൊണ്ട് വെന്തുരുകിയപോലെ നശിച്ചു!
ഇത് പത്തുദിവസം കഴിയുമ്പോള്‍ വെറും പച്ചവെള്ളമാണെങ്കില്‍ കളക്ടറും കുടുംബവും മറ്റു അധികാരികളും ഒക്കെ ഒന്നു കുടിച്ചു കാണിച്ചിരുന്നെങ്കില്‍! ഭരണഘടനയും ശാസ്ത്രവും അമിതമായി ഇതിനെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. ശാസ്ത്രത്തിനു മറ്റു ശാഖകളും ഉണ്ടല്ലോ? Toxicology, Pharmacology Mendel's law of Heredity എന്നിങ്ങനെ. ഭരണഘടനയെ കൊണ്ടുവന്നു ശാസ്ത്രത്തെ ന്യായീകരിക്കാന്‍ ചെയ്യുന്ന ശ്രമം ശരിക്കു യോജിക്കുന്നില്ല. കാരണം, ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ കാര്യം മനുഷ്യരും മനുഷ്യാവകാശങ്ങളും ആണ്. ഭരണഘടനാ ആമുഖത്തിലും (Preamble art 14-32) പിന്നെ വിവിധ സുപ്രീംകോടതി വിധികളിലും ഇതു സ്പഷ്ടമായിട്ടുണ്ട്. വികലാംഗരെങ്കിലും പഠിപ്പില്ലാത്തവരാണെങ്കിലും എല്ലാ പൗരര്‍ക്കും ഒരേ അവകാശമാണ് ഭരണഘടന നല്‍കുന്നത്.

എന്‍ഡോസള്‍ഫാന്‍ അല്ല ഇവിടുത്തെ പ്രശ്‌നം എന്നു തറപ്പിച്ചു പറയുമ്പോള്‍ ഇതിനെതിരായി വിധി പ്രസ്താവിച്ച സുപ്രീംകോടതിക്കെതിരായും, എന്‍ഡോസള്‍ഫാന്‍ മൂലം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി പഠിച്ച റിപ്പോര്‍ട്ടുകള്‍ക്കെതിരായും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?ഒരു ജില്ലയുടെ തലപ്പത്തുള്ള അധികാരി എന്ന നിലയ്ക്ക് ഇവിടെയുള്ള ദുരിതജീവിതങ്ങളുടെ കാരണങ്ങള്‍ കണ്ടുപിടിച്ച് അവയെ മാറ്റുവാനും ഇവര്‍ക്ക് ആര്‍ട്ടിക്കിള്‍ 21 ഒരു വാസ്തവമാകുവാനും വേണ്ടുന്നതൊക്കെ ചെയ്യേണ്ടത് കളക്ടറുടെ കടമയല്ലേ? അതിനുപകരം തര്‍ക്കങ്ങളും വാഗ്വാദങ്ങളും നടത്തുകയാണോ? തത്സമയം ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട് കുട്ടികള്‍ മരിച്ചുകൊണ്ടിരിക്കുന്നു. കാസര്‍ഗോഡില്‍ കഴിഞ്ഞ 35-40 വര്‍ഷത്തിനുള്ളില്‍ എന്തു സംഭവിച്ചു? ആരെങ്കിലും ഹിരോഷിമയിലെപ്പോലെ അവിടെ ബോംബ് വര്‍ഷം നടത്തിയോ? കളക്ടറുടെ കസേര അലങ്കരിച്ചിരിക്കുന്ന കളക്ടറുടെ കടമയാണ് ഈ നശിക്കുന്ന ജീവിതങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കും  ഉത്തരം പറയേണ്ടത്. 
ചുറ്റുവട്ടം സംഭവിക്കുന്നതിന്റെയെല്ലാം ആകത്തുക കൂട്ടിയെടുത്താല്‍ ഒന്നു നിശ്ചയമാണ് - എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം അപകടത്തിലാണ്. നേരത്തെതന്നെ പീഡിപ്പിക്കപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഇരട്ടിക്കുകയാണ്. നീതിയും ജീവിതവും നിഷേധിക്കപ്പെട്ട ഇവരുടെ മുറിവുകളിലേക്ക് ഉപ്പും മുളകും കോരിയൊഴിക്കുന്നതുപോലെയാണ് കളക്ടറുടേയും ശ്രീകുമാറിന്റേയും അപമാനകരമായ ദോഷാരോപണങ്ങള്‍.
എല്ലാത്തിനും ഉത്തരവാദിത്വമുള്ള കളക്ടര്‍ ഒരുപാടു ന്യായീകരണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്റെ അഭിപ്രായം എന്റെ സര്‍ക്കാരിന്റേതെന്നു പറയുമ്പോള്‍ ഓര്‍മ്മ പോകുന്നത് ഔഷ്വിറ്റ്‌സിലേക്കും ന്യൂറെന്‍ബര്‍ഗിലേക്കും ഒക്കെയാണ്, ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കൊല നടന്ന സ്ഥലങ്ങള്‍. കളക്ടര്‍ സജിത് ബാബു തന്റെ റിസേര്‍ച്ചിലും ഡിഗ്രികളിലും അഭിമാനം കൊള്ളുന്നു. നല്ല കാര്യം. ഭരണഘടനയും ശാസ്ത്രവും ഒക്കെ ഉപയോഗിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. എങ്കിലും അവ അസ്ഥാനത്താണ്. ഭരണഘടനയുടെ ചൈതന്യത്തില്‍നിന്ന് എത്രയോ ദൂരെയാണ് അവ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com