ഓര്‍മ്മകളാല്‍ പകര്‍ത്തിയെടുത്ത തിരക്കാഴ്ച: 'പെയിന്‍ ഏന്‍ഡ് ഗ്ലോറി' എന്ന സിനിമയെക്കുറിച്ച് 

വര്‍ത്തമാനത്തിലും ഭൂതകാലത്തിലുമായി വ്യാപിച്ചുകിടക്കുന്ന  ചിത്രം സാല്‍വദോര്‍ മല്ലോയുടെ ബാല്യകാലം,  പൂര്‍വ്വകാലജീവിതം,  വര്‍ത്തമാനകാലം എന്നീ ഭാഗങ്ങളുടെ കൃത്യമായ സങ്കലനമാണ്.
പെയിന്‍ ഏന്‍ഡ് ഗ്ലോറി
പെയിന്‍ ഏന്‍ഡ് ഗ്ലോറി

'I  can no longer hide behind my character in Pain and Glory'- Pedro Almodovar

പെഡ്രോ അല്‍മദോവാറിന് തന്റെ കഥാപാത്രത്തിനു പിന്നില്‍ ഒളിച്ചിരിക്കാന്‍ കഴിയുന്നില്ല. എത്രതന്നെ ശ്രമിച്ചാലും തന്റെ ഏറ്റവും പുതിയ ചിത്രം 'പെയിന്‍ ഏന്‍ഡ് ഗ്ലോറി' (2019)യിലെ സംവിധായകന്‍ സാല്‍വദോര്‍ മല്ലോയെന്ന കഥാപാത്രത്തെ മാറ്റിനിര്‍ത്തിക്കൊണ്ട്, അദ്ദേഹം പുറത്തുവരിക തന്നെ ചെയ്യുന്നു.  മാഡ്രിഡിലെ തന്റെ പ്രിയപ്പെട്ട വീട്ടില്‍, പുസ്തകങ്ങള്‍ക്കും പെയിന്റിങ്ങുകള്‍ക്കുമിടയില്‍ ആന്റ്റോണിയോ ബാന്‍ഡെറാസ് എന്ന നടനെ  സാല്‍വദോര്‍ മല്ലോയായി ഷൂട്ട് ചെയ്യുമ്പോള്‍ സാല്‍വദോര്‍ മല്ലോ അല്‍മദോവാറായി  മാറുകയായിരുന്നു. ''ഞാന്‍ ഒരു കഥാപാത്രത്തെപ്പറ്റി മാത്രമാണ് പറയുന്നത് എന്ന് സ്വയം ബോദ്ധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു; പക്ഷേ, മനസ്സിന്റെ അടിത്തട്ടില്‍ എനിക്കറിയാം ഞാനെന്നെപ്പറ്റിത്തന്നെയാണ് പറയുന്നതെന്ന്,''  ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം അല്‍മദോവാര്‍ ഗാര്‍ഡിയന്‍ പ്രതിനിധിയോട്  തന്റെ മനസ്സ് തുറന്നു. മുഖവുര ആവശ്യമില്ലാത്ത,  ലോകസിനിമാരംഗത്തെ തലമുതിര്‍ന്ന ചലച്ചിത്രകാരന്‍ പെഡ്രോ അല്‍മദോവാര്‍, തന്റെ എഴുപതാം വയസ്സില്‍ നിര്‍മ്മിച്ച ചിത്രം അദ്ദേഹത്തിന്റെ ബാല്യകാലസ്മരണകളിലേക്കും പൂര്‍വ്വകാല ചലച്ചിത്രജീവിതത്തിലേക്കും നമ്മെ എത്തിക്കുന്ന തീവ്രതയാര്‍ന്ന ആത്മാവിഷ്‌കാരമാണ്. നിരൂപകര്‍ അല്‍മദോവാറിന്റെ മാസ്റ്റര്‍പീസെന്ന് വിശേഷിപ്പിച്ച ചിത്രം, അതിന്റെ ആദ്യപ്രദര്‍ശനം നടന്ന 2019 കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ലോകത്തെ ഏറ്റവും മികച്ച സിനിമാ പുരസ്‌കാരമായ പാം ദി ഓറിനായി മല്‍സരിച്ചിരുന്നു. കാനിലെ മികച്ച നടനായി ആന്റ്റോണിയോ ബാന്‍ഡെറാസിനെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പുരസ്‌കാരം നേടിയത് ദക്ഷിണകൊറിയന്‍ ചിത്രം 'പാരസൈറ്റ്'  ആയിരുന്നു. മുഖ്യകഥാപാത്രമായ സാല്‍വദോര്‍ മല്ലോയുടെ മാനസികസംഘര്‍ഷങ്ങളും വിഹ്വലതകളും തിരശ്ശീലയിലെത്തിക്കുന്നതില്‍, പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതില്‍ തികച്ചും വിജയം വരിച്ചു ബാന്‍ഡെറാസ്. ചിത്രത്തിന്റെ വിജയത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ നിര്‍ണ്ണായകമാണ്. 

സംവിധായകനും
കഥാപാത്രവും

വര്‍ത്തമാനത്തിലും ഭൂതകാലത്തിലുമായി വ്യാപിച്ചുകിടക്കുന്ന  ചിത്രം സാല്‍വദോര്‍ മല്ലോയുടെ ബാല്യകാലം,  പൂര്‍വ്വകാലജീവിതം,  വര്‍ത്തമാനകാലം എന്നീ ഭാഗങ്ങളുടെ കൃത്യമായ സങ്കലനമാണ്. സാല്‍വദോര്‍ മല്ലോയുടെ അസാധാരണമായ ഒരു ക്ലോസ്സപ്പിലാണ് ചിത്രം ആരംഭിക്കുന്നത്. നെഞ്ചില്‍ ശസ്ത്രക്രിയ അടയാളങ്ങളോടെ ശാരീരികവും മാനസികവുമായി തളര്‍ന്ന മല്ലോ, വാര്‍ദ്ധക്യവും ക്ഷീണവും നിരാശയും നിഴലിക്കുന്ന മുഖം. തുടര്‍ദൃശ്യത്തില്‍ മല്ലോയുടെ ആഹ്ലാദകരമായ  ബാല്യകാലത്തില്‍  പുഴയില്‍ വസ്ത്രമലക്കിക്കൊണ്ടിരിക്കുന്ന മാതാവ് ജസീന്തയും കൂട്ടുകാരികളും. ജസീന്തയായി വേഷമിടുന്നത് പ്രസിദ്ധ നടി പെനെലോപ്പ് ക്രസ് ആണ്. മത്സ്യക്കുഞ്ഞുങ്ങളെ കൗതുകപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുന്ന കൊച്ചു  സാല്‍വദോര്‍. ആടിയും പാടിയും ആഹ്ലാദഭരിതരായി ജസീന്തയും സുഹൃത്തുക്കളും. തൊട്ടടുത്ത ദൃശ്യത്തില്‍ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്ന ക്ഷീണിതനായ മല്ലോ. മഹാനായ റഷ്യന്‍ ചലച്ചിത്രാചാര്യന്‍ സെര്‍ഗി ഐസന്‍സ്റ്റീന്‍ രൂപപ്പെടുത്തിയ മൊണ്ടാഷിന്റെ കൃത്യതയാര്‍ന്ന പ്രയോഗം. ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ പ്രേക്ഷകരെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. തന്റെ സുഹൃത്തായ നടിയെ കാണാന്‍ പോകുന്ന മല്ലോ. മുപ്പത് വര്‍ഷം മുന്‍പ് താന്‍ സംവിധാനം ചെയ്ത  'ടെയ്സ്റ്റ്'  (Taste) എന്ന ചിത്രത്തിന്റെ  പുന:പ്രദര്‍ശനത്തെക്കുറിച്ച് സംസാരിക്കുന്ന മല്ലോ  അതിലെ മുഖ്യനടന്‍ ആല്‍ബര്‍ട്ടോയെപ്പറ്റി അന്വേഷിക്കുന്നു. മയക്കുമരുന്നു ഉപയോഗത്തിന്റെ പേരില്‍ അയാളുമായി തെറ്റിപ്പിരിഞ്ഞിരിക്കയായിരുന്നു മല്ലോ. ആല്‍ബര്‍ട്ടോയുടെ താമസസ്ഥലം കണ്ടെത്തി ദീര്‍ഘകാലത്തിനുശേഷം അയാളുമായുള്ള സൗഹൃദം  മല്ലോ  പുന:സ്ഥാപിക്കുന്നു. ഇപ്പോഴും മയക്കുമരുന്ന് ഉപയോഗിക്കുന്ന അയാളില്‍നിന്ന് മല്ലോ തന്റെ ജീവിതത്തിലാദ്യമായി അതുപയോഗിക്കുന്നുമുണ്ട്.

പെഡ്രോ അല്‍മദോവര്‍
പെഡ്രോ അല്‍മദോവര്‍

മല്ലോയുടെ വീട്ടിലെത്തിയ ആല്‍ബര്‍ട്ടോ അയാളെഴുതിയ The Addiction എന്ന കുറിപ്പ് കാണാനിടവരുന്നു. അത് മുഴുമിപ്പിച്ച് ആല്‍ബര്‍ട്ടോ ഏകാഭിനയമാക്കി മാറ്റുന്നു. അതിന്റെ കാഴ്ചക്കാരനായി വരുന്ന, മല്ലോയുടെ സ്വവര്‍ഗ്ഗലൈംഗിക കൂട്ടുകാരന്‍ ഫ്രെഡറിക്കോ അയാളെപ്പറ്റി അന്വേഷിക്കുകയും അയാളെ  കണ്ടെത്തുകയും ചെയ്യുന്നു. മയക്കുമരുന്നിനടിമയായിരുന്ന ഫ്രെഡറിക്കോ അതില്‍നിന്നു മോചിതനായി കുടുംബജീവിതം നയിക്കുന്നത് അറിഞ്ഞ മല്ലോ സന്തുഷ്ടനാകുന്നു. പഴയ സുഹൃത്തിന്റെ വീണ്ടെടുപ്പ് അയാള്‍ക്ക്  നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അതോടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന പുതിയ ശീലം അയാള്‍  നിര്‍ത്തുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച മല്ലോയുടെ സുഹൃത്ത് നടി അയാളുടെ വീട്ടില്‍ താമസമാക്കുകയും അയാളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നത് മല്ലോയിലെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മല്ലോയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിച്ച് അയാളെ സംവിധാനത്തിലേക്ക് അവര്‍ തിരിച്ചുകൊണ്ടു വരുന്നു. ഷൂട്ടിങ്ങ് രംഗത്ത് വീണ്ടും കടക്കുന്ന സാല്‍വദോര്‍  മല്ലോയുടെ ദൃശ്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. 

സാല്‍വദോര്‍ മല്ലോയുടെ ഓര്‍മ്മകള്‍  ചിത്രത്തിന് ശക്തമായൊരു അടിത്തറ നല്‍കുന്നുണ്ട്. വര്‍ത്തമാനകാലം ദൃശ്യവല്‍ക്കരിക്കുന്നതിലുമധികം സമയം മല്ലോയുടെ ഓര്‍മ്മകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മല്ലോയുടെ ബാല്യകാലത്തിലൂടെയുള്ള യാത്ര ചിത്രത്തിന്റെ പ്രധാന ചാലകശക്തിയായി മാറുന്നുണ്ട്. തികച്ചും ദരിദ്രമായ ചുറ്റുപാടുകളില്‍ കഴിഞ്ഞ ബാല്യം, സ്‌കൂള്‍ പഠനച്ചെലവ് താങ്ങാനാകാതെ സെമിനാരിയിലെ പഠനം. (കുട്ടിക്കാലത്ത് സാല്‍വദോര്‍ സെമിനാരിയില്‍ പാതിരിയാവാനായി രക്ഷിതാക്കളുടെ നിര്‍ബ്ബന്ധമനുസരിച്ച് ചേര്‍ന്നിരുന്നു.   ചിത്രത്തില്‍ എനിക്കൊരു പാതിരിയാവേണ്ട എന്ന് കരഞ്ഞുകൊണ്ട് വിളിച്ച് പറയുന്ന സാല്‍വദോര്‍ ഇതിന്റെ സൂചനയാണ്.) മറ്റ് വിഷയങ്ങളുപേക്ഷിച്ച് സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവശ്യപ്പെട്ട അദ്ധ്യാപകര്‍. സംവിധായകനായി ലോകം ചുറ്റുമ്പോഴാണ് താന്‍ ഭൂമിശാസ്ത്രം കൃത്യമായി മനസ്സിലാക്കിയതെന്ന് മല്ലോ  ഓര്‍മ്മിക്കുന്നു. ഗുഹസമാനമായ വീട്ടിലേക്ക് താമസം മാറ്റിയ ഘട്ടം. (1960-ല്‍ അല്‍മദോവാറുടെ മാതാപിതാക്കള്‍ മെഡിറ്ററേനിയന്‍ നഗരത്തിന്റെ സമീപത്തുള്ള ഗ്രാമത്തിലേക്ക് താമസം മാറ്റിയിരുന്നു). മിക്ക സമയവും ബാറില്‍ കഴിയുന്ന പിതാവ്. മാതാവിന്റെ സംരക്ഷണത്തില്‍ വളരുന്ന മല്ലോ. അക്ഷരങ്ങളും ഗണിതക്രിയകളും പഠിക്കാനായി വീട്ടിലെത്താറുള്ള എഡ്വേര്‍ഡോ. ചിത്രകാരനായ അയാള്‍ വീട്ടിലെ ചുവരുകള്‍ പെയിന്റ് ചെയ്തു മനോഹരമാക്കിയിരുന്നു. അയാള്‍ അന്നു വരച്ച സാല്‍വദോറിന്റെ ചിത്രത്തിന്റെ അവസാന ഭാഗത്ത് നഗരത്തില്‍ നടക്കുന്ന  ചിത്രപ്രദര്‍ശനത്തിനായിവെച്ചത് എഡ്വേര്‍ഡോയെ ഓര്‍ക്കാന്‍ കാരണമാകുന്നു. ആ പ്രദര്‍ശനത്തിനു പോയ മല്ലോ  അവിടെവെച്ച് വളരെക്കാലം മുന്‍പ് എഡ്വേര്‍ഡോ വരച്ച ചിത്രം അയാളെക്കുറിച്ചുള്ള സ്മരണകള്‍ വീണ്ടെടുക്കുന്നു. ചിത്രത്തിന്റെ പുറകുവശത്ത് എഡ്വേര്‍ഡോ എഴുതിയ വരികള്‍ അയാളെ ബാല്യകാല ഓര്‍മ്മകളുടെ സമ്പന്നതയിലേക്ക്  കൊണ്ടുപോകുന്നു.  ഈ സ്മരണകള്‍ മല്ലോയുടെ തിരിച്ചുവരവിനു കുറച്ചൊന്നുമല്ല സഹായകരമാകുന്നത്. 

മാതാവിനെക്കുറിച്ചുള്ള വാര്‍ദ്ധക്യകാല ഓര്‍മ്മകള്‍ സാല്‍വദോര്‍ മല്ലോയെ വികാരഭരിതനാക്കുന്നുണ്ട്. തികഞ്ഞ നഷ്ടബോധത്തിന്റേയും പശ്ചാത്താപത്തിന്റേയും അന്തരീക്ഷമാണിവ അയാളുടെ ജീവിതത്തിലുണ്ടാക്കുന്നത്. മാതാവിനെക്കുറിച്ചുള്ള ബാല്യകാലസ്മരണകള്‍ സന്തോഷഭരിതമാണെങ്കില്‍ അവസാനകാലത്തേത് തികച്ചും ദു:ഖഭരിതമാണ്. തിരക്കുകള്‍ക്കിടയില്‍ മാതാവിനെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയാതിരുന്ന മല്ലോയ്ക്ക് അവര്‍ തന്റെ സാമീപ്യം ഏറെ ആഗ്രഹിച്ചിരുന്നു എന്ന അറിവ് താങ്ങാവുന്നതിലുമപ്പുറമാണ്. അവരുടെ അവസാന ആഗ്രഹമായി ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിലെ ഐ.സി.യുവില്‍ അവര്‍ മരിക്കുന്നു. ചിത്രം അവസാനിക്കുന്നത് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ത്തന്നെ. 

സന്തോഷത്തിന്റേയും
സന്താപത്തിന്റേയും
വീണ്ടെടുപ്പ്

മുറിയില്‍ ബാലനായ സാല്‍വദോറും മാതാവും. അത് ഷൂട്ട് ചെയ്യുന്നത് സാല്‍വദോര്‍ മല്ലോ എന്ന സംവിധായകനും. 'പെയിന്‍ ഏന്‍ഡ് ഗ്ലോറീ' സാല്‍വദോര്‍ മല്ലോയെന്ന സംവിധായകന്റെ ജീവിതത്തിലെ വേദനകളുടേയും ആഹ്ലാദസന്ദര്‍ഭങ്ങളുടേയും വീണ്ടെടുക്കലുകളുടെ ചിത്രമാണ്. ശാരീരികമായും മാനസികവുമായി തകര്‍ന്ന പ്രഗല്‍ഭനായ ഒരു സംവിധായകന്റെ  തിരിച്ചുവരവിന്റെ ആഖ്യാനം കൂടിയാണ്. ഈ തിരിച്ചുവരവ് അയാളുടെ ഭൂതകാല ജീവിതത്തിലെ  ഓര്‍മ്മകളും അയാളെ സ്വാധീനിച്ച വ്യക്തികളുടെ സാന്നിദ്ധ്യവുമാണ് സാദ്ധ്യമാക്കുന്നത്. ഇവ തന്റെ പൂര്‍വ്വകാല ജീവിതത്തിലേക്ക് അയാളെ ഒരിക്കല്‍ക്കൂടെ എത്തിക്കുന്നു. ദീര്‍ഘകാലമായി പിരിഞ്ഞിരിക്കുന്ന നടന്‍ ആല്‍ബര്‍ട്ടോ, ദീര്‍ഘകാലം ജീവിതപങ്കാളിയായിരുന്ന ഫ്രെഡറിക്കോ, കുട്ടിക്കാലത്തെ സുഹൃത്ത് എഡ്വേര്‍ഡോ, തന്നെ ഏറെ സ്വാധീനിച്ച മാതാവ് എന്നിവരുടെ സ്മരണകള്‍ മല്ലോയെ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കുന്നു. 

തന്റെ നാല്‍പ്പതു വര്‍ഷക്കാലത്തെ ചലച്ചിത്രജീവിതത്തിനിടയില്‍ പെഡ്റോ അല്‍മദോവാര്‍ നിര്‍മ്മിച്ച ഇരുപത്തൊന്ന് ചിത്രത്തില്‍ മൂന്നെണ്ണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ലോ ഓഫ് ഡിസയര്‍ (1987), ബേഡ് എഡ്യുക്കേഷന്‍ (2004), പെയിന്‍ ഏന്‍ഡ് ഗ്ലോറി (2019) എന്നിവയാണവ. 

അവയില്‍ ഏറ്റവും കൂടുതല്‍ സംവിധായകന്റെ ജീവിതത്തോടടുത്തു നില്‍ക്കുന്നത് പെയിന്‍ ഏന്‍ഡ് ഗ്ലോറിയാണ്. ആരംഭിച്ച് മുപ്പത്തിരണ്ട് വര്‍ഷങ്ങളുടെ കാലയളവിനുള്ളിലാണ് ഈ മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. സ്പെയിനിലെ ചലച്ചിത്രകാരില്‍ ഏറ്റവും ശ്രദ്ധേയനും ലോകസിനിമയിലെ അറിയപ്പെടുന്ന സംവിധായകനുമായ പെഡ്രോ അല്‍മദോവാര്‍ തന്റെ എഴുപതാം വയസ്സ് പിന്നിടുമ്പോഴാണ്  തന്റെ മാസ്റ്റര്‍പീസെന്ന് നിരൂപകര്‍ വിശേഷിപ്പിച്ച പെയിന്‍ ഏന്‍ഡ് ഗ്ലോറി സംവിധാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.  ബാല്യകാലത്ത് പാതിരിയാവാനായി മാതാപിതാക്കള്‍ സെമിനാരിയിലയച്ചെങ്കിലും അദ്ദേഹം സിനിമയിലാണ് താല്പര്യം കാണിച്ചത്. 1967-ല്‍ ലഘുചിത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയ അല്‍മദോവാര്‍,  1974 വരെ മാഡ്രിഡിലെ അവാങ്-ഗാദ് നാടകസംഘത്തില്‍ ചേര്‍ന്ന് നാടകങ്ങള്‍ സംവിധാനം ചെയ്യുന്നു.   തിരിച്ച് സിനിമാരംഗത്ത് തന്നെ വന്ന് 1979-ല്‍ ആദ്യ ഫീച്ചര്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് സിനിമാ  സംവിധാനരംഗത്ത് സജീവമായിരുന്ന അല്‍മദോവാര്‍ ഇരുപത്തൊന്നിലേറെ സിനിമകള്‍ സംവിധാനം ചെയ്തു. അവയില്‍ Women on the verge of nervous breakdown (1988), All about my mother, Volver (2006) Broken Embers (2009) എന്നിവ വളരെയധികം ശ്രദ്ധ നേടിയിരുന്നു.   അദ്ദേഹത്തിന്റെ ആറ് ചിത്രങ്ങള്‍ കാനില്‍ പാം ദി ഓറിനായി മല്‍സരിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അല്‍മദോവാര്‍ നേടി. ഇവയില്‍ രണ്ട് അക്കാദമി അവാര്‍ഡുകള്‍, അഞ്ച് ബ്രീട്ടിഷ് അക്കാദമി അവാര്‍ഡുകള്‍, രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, ഒന്‍പത് ഗോയ അവാര്‍ഡുകള്‍ ഇവ ഉള്‍പ്പെടുന്നു. ഫ്രെഞ്ച് ഗവണ്‍മെന്റ് നല്‍കുന്ന ഏറ്റവും ഉന്നതമായ പുരസ്‌കാരം ഫ്രെഞ്ച് ലീജിയന്‍ ഓഫ് ഓണര്‍ 1992-ല്‍ അദ്ദേഹത്തിനു ലഭിച്ചു. 

വ്യക്തി-കുടുംബ ജീവിതങ്ങളിലെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുന്ന അല്‍മദോവാര്‍ സിനിമകള്‍, വൈകാരിക സന്ദര്‍ഭങ്ങള്‍ തികഞ്ഞ തീവ്രതയോടെ ദൃശ്യവല്‍ക്കരിക്കുന്നു. കുടുംബത്തിനപ്പുറത്തുള്ള ലൈംഗിക ബന്ധങ്ങളും അഭിലാഷങ്ങളും ഒരു പ്രധാന  പ്രമേയഘടകമായി  ചിത്രങ്ങളില്‍ വായിച്ചെടുക്കാവുന്നതാണ്. പെയിന്‍ ഏന്‍ഡ് ഗ്ലോറിക്കുശേഷവും അല്‍മദോവാറെന്ന ചലച്ചിത്രകാരന്‍ പുതിയ രചനകളുമായി വീണ്ടും നമുക്ക് മുന്‍പില്‍ എത്തുമെന്നത്  തീര്‍ച്ചയാണ്.                                

''എനിക്ക് കഥാപാത്രങ്ങളുടെ പിന്നില്‍ ഒളിക്കാന്‍ കഴിയുന്നില്ല.'' 

ജെയ്ക് കോയല്‍:  തന്റെ പൂര്‍വ്വകാല ജീവിതവും താന്‍ നിര്‍മ്മിച്ച ചിത്രങ്ങളും തിരിഞ്ഞു നോക്കുന്ന ചലച്ചിത്രകാരന്റെ ഓര്‍മ്മകളാണ് പെയിന്‍ ഏന്‍ഡ് ഗ്ലോറിയില്‍  കാണാന്‍ കഴിയുന്നത്. താങ്കളുടെ ആശങ്കകള്‍, ജിജ്ഞാസകള്‍ എന്നിവയാണോ ചിത്രത്തിലുള്ളത്? 

അല്‍മദോവാര്‍: എന്റെ  ജീവിതത്തിനിടയില്‍, ഞാന്‍ ആദ്യമായി ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയും എന്റെ സ്‌കൂള്‍കാലത്തെ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തതും 'ബേഡ് എഡ്യുക്കേഷ'നിലാണ്. എന്റെ കുട്ടിക്കാലത്തെ മോശം ഓര്‍മ്മകളാണ് അതിലുള്ളത്.  എന്റെ ഏറ്റവും നല്ല ഓര്‍മ്മകള്‍ 'വോള്‍വറി'ലുമാണുള്ളത്. ഈ ചിത്രം എന്റെ ഓര്‍മ്മകളെക്കുറിച്ചാണ്, ഞാനിപ്പോള്‍ എങ്ങനെ കഴിയുന്നു, എങ്ങനെ ജോലി ചെയ്യുന്നു എന്നതൊക്കെ. ഈ മൂന്ന് ചിത്രങ്ങളോടെ എന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ പൂര്‍ണ്ണമായിരിക്കുന്നു. ഞാന്‍ വേണ്ടത്ര പറഞ്ഞുകഴിഞ്ഞു. എന്റെ അടുത്ത ചിത്രത്തിലെന്താണ് പറയുകയെന്നറിയില്ല. എന്തായാലും ഞാനതില്‍നിന്നുമെന്റെ ജീവിതം മാറ്റിനിര്‍ത്തുകതന്നെ ചെയ്യും. 

ജെയ്ക് കോയല്‍:  പെയിന്‍ ഏന്‍ഡ് ഗ്ലോറിയിലെ സാല്‍വദോര്‍ സിനിമയെടുക്കാന്‍ കഴിയില്ല എങ്കില്‍ ഞാന്‍ ജീവിക്കില്ലെന്ന് പറയുന്നുണ്ട്. അത് താങ്കള്‍ക്കും ബാധകമാണെന്നു തോന്നുന്നു.

അല്‍മദോവാര്‍: അതെ. എന്നെ എപ്പോഴും പിന്തുടരുന്ന ഒരു കാര്യമാണ് ഇത്. ഞാന്‍ സാല്‍വദോര്‍ അല്ല. എന്നാല്‍, മറ്റൊരു ചിത്രം നിര്‍മ്മിക്കില്ല എന്നത് എന്നെ പേടിപ്പെടുത്തുന്നു.  അത് ആരോഗ്യവുമായോ തയ്യാറെടുപ്പകളുമായോ ബന്ധപ്പെട്ട കാര്യമല്ല. ഒരു ചിത്രം ഷൂട്ട് ചെയ്യുക എന്നത് ശാരീരിക ജോലി  തന്നെയാണ്, ഒരു ഘട്ടത്തില്‍ അതേക്കുറിച്ച് എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍, നിര്‍മ്മാണത്തിനു മുന്‍പ് അതിന്റെ കഥ ഒരുക്കുക എന്നത് ആവേശകരമായൊരു  കാര്യമാണ്. ഇത് നഷ്ടപ്പെടുന്നതില്‍ എനിക്ക് ആശങ്കയുണ്ട്. ഒരാളുമായി സ്‌നേഹത്തിലാകുമ്പോള്‍, അത് നഷ്ടപ്പെടുമോ എന്ന സംശയം പോലെയാണത്. 
ജെയ്ക് കോയല്‍: നിങ്ങളുടെ പുറംവേദന ആയിരുന്നോ ശാരീരിക അവശത കാരണമായത്? 

അല്‍മദോവാര്‍: ഞാന്‍   ശസ്ത്രക്രിയയ്ക്ക് ശേഷം നിര്‍മ്മിച്ച  ചിത്രം 'ജൂലിയെറ്റ'  ആയിരുന്നു. അത് ചെയ്യേണ്ടത് അത്യാവശ്യമായിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് സംശയമായിരുന്നു. അന്നൊക്കെ ഒരു മണിക്കൂറില്‍ കൂടുതല്‍ എനിക്ക് നില്‍ക്കാന്‍ പറ്റുമായിരുന്നില്ല. 'ജൂലിയെറ്റ' നിര്‍മ്മിക്കുമ്പോള്‍ ഞാനതിന് പരിഹാരം കണ്ടെത്തി. അത് സിനിമകള്‍ ഇടതടവില്ലാതെ നിര്‍മ്മിക്കുക എന്നതായിരുന്നു. അങ്ങനെയാണെങ്കില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഉള്ള വേദന നാം മറക്കും. 

ജെയ്ക് കോയല്‍: ആറാമത്തെ തവണയാണ് നിങ്ങള്‍ കാനില്‍ മത്സരിക്കുന്നത്. എന്നാല്‍, ഒരിക്കല്‍പ്പോലും പാം ദി ഓര്‍ പുരസ്‌കാരം ലഭിച്ചില്ല. ഒരു പുരസ്‌കാരം കിട്ടിയാല്‍ എന്തു തോന്നും? 

അല്‍മദോവാര്‍: അത് ആഹ്ലാദകരമായിരിക്കുമെന്ന് തീര്‍ച്ച. 
ഇനി കിട്ടിയില്ലെങ്കില്‍ അതൊരു ദുരന്തമാകുമൊന്നുമില്ല. അതൊരു സാധ്യത മാത്രമാണ്.  ജൂറി അംഗങ്ങളെ ആശ്രയിച്ചിരിക്കുന്നത്. അതില്ലാതെ തന്നെ മുന്‍പോട്ട് പോകാന്‍ പ്രായമായിട്ടുണ്ടെനിക്ക്. 

ജെയ്ക് കോയല്‍: താങ്കള്‍ തിയേറ്ററിലെ അനുഭവത്തിന്റെ കടുത്ത ആരാധകനാണ്. ബിഗ് സ്‌ക്രീനിന്റെ ഭാവിയെപ്പറ്റി ആശങ്കയുണ്ടോ? 

അല്‍മദോവാര്‍: അതെ. വലിയ ആശങ്കയുണ്ട്. ഞാന്‍ സ്പെയിനില്‍ കഴിയുന്ന ഒരു സ്പാനിഷ് ആണ്. ഓരോ വര്‍ഷവും കുറഞ്ഞത് നൂറു തിയേറ്ററാണ് സ്പെയിനില്‍ അടച്ചുപൂട്ടുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല. അവര്‍ സ്ട്രീമിങ്ങും സീരിയിലുകളുമൊക്കയുമായി കഴിയുന്നു. ഭാഗ്യവശാല്‍ ഫ്രാന്‍സില്‍ സ്ഥിതി വ്യത്യസ്തമാണ്. 
ജെയ്ക് കോയല്‍: നിങ്ങള്‍ നെറ്റ്ഫ്‌ലിക്സിന് എതിരല്ല എന്ന് കാനില്‍ പറഞ്ഞിരുന്നു. 

അല്‍മദോവാര്‍: തീര്‍ച്ചയായും, ഞാനത്തരം പ്ലാറ്റ്ഫോമുകള്‍ക്കൊന്നും എതിരല്ല. 
ഫിക്ഷനെ മെച്ചപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. നിരവധി പേര്‍ക്ക് അവര്‍ ജോലി നല്‍കുന്നു, അതുകൊണ്ട് അവര്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഒരു പ്രേക്ഷകന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും അത്തരം എല്ലാ പ്ലാറ്റ്‌ഫോമുകളും ഉണ്ടായിരിക്കേണം എന്നാണ് അഭിപ്രായം. സിനിമ വലിയ സ്‌ക്രീനിനുവേണ്ടി കണ്ടെത്തിയ ഒരു മാധ്യമമാണ് എന്ന് മറക്കരുത്. അത് തിയേറ്ററില്‍ എല്ലാവരും ഒന്നിച്ചിരുന്ന് കാണേണ്ട ഒരു കലാ മാധ്യമമാണ്. അതുകൊണ്ട് തിയേറ്ററുകള്‍ സംരക്ഷിക്കേണം. സൂസണ്‍ സൊണ്ടാഗ് പറഞ്ഞതുപോലെ ഒരു കഥ നമ്മെ തട്ടിക്കൊണ്ടുപോകണമെങ്കില്‍ നാമൊരു ഇരുണ്ട മുറി (dark room) യിലായിരിക്കേണം, നമുക്ക് ചുറ്റും അപരിചിതരും. 
ജെയ്ക് കോയല്‍: പെയിന്‍ ഏന്‍ഡ് ഗ്ലോറിയില്‍ താങ്കളുടെ ചിത്രം മാത്രമല്ല, മറ്റ് നിരവധി പേരുടെ ചിത്രങ്ങള്‍  പരാമര്‍ശിക്കപ്പെടുന്നു. Splendor in the Grass (പ്രസിദ്ധ ചലച്ചിത്രകാരന്‍ 1961-ല്‍ സംവിധാനം നിര്‍വ്വഹിച്ച അമേരിക്കന്‍ ചിത്രം) ഉം  സൂചിപ്പിക്കപ്പെടുന്നു. 

അല്‍മദോവാര്‍: എന്റെ കുട്ടിക്കാലത്ത് ഞാനത് കണ്ടിരുന്നു. അതുകൊണ്ടാണത് പരാമര്‍ശിച്ചത്. 

ജെയ്ക് കോയല്‍: താങ്കളുടെ ഓര്‍മ്മകളുമായി ബന്ധപ്പെട്ട ചിത്രം (ലോ ഓഫ് ഡിസയര്‍ (1987), ബേഡ് എഡ്യുക്കേഷന്‍ (2004), പെയിന്‍ ഏന്‍ഡ് ഗ്ലോറി (2019) മൂലം  വൈകാരികമായ ഒരു ശുചീകരണം നടത്തിയതായി തോന്നിയോ? 
അല്‍മദോവാര്‍: തുടക്കത്തില്‍ ചെറിയ പേടിയുണ്ടായിരുന്നു. എന്റെ കഥ പറയുന്നതില്‍ പ്രയാസം തോന്നി. അതിനുശേഷം ഫിക്ഷനില്‍നിന്നും അകലം പാലിച്ച് മറ്റേതൊരു തിരക്കഥയും എഴുതുന്നതുപോലെ ഞാന്‍ എഴുതാന്‍ തുടങ്ങി. ഷൂട്ടിങ്ങ് സമയത്ത് ഒരു സാധാരണ സംവിധായകനായി മാറി. എന്റെ വീടാണ്, പുസ്തകങ്ങളാണ്, പെയിന്റിങ്ങുകളാണ് എന്നതൊക്കെ മറന്നു. എഡിറ്റിങ്ങ് സമയത്ത് ചിത്രം പൂര്‍ത്തിയായതില്‍ സന്തോഷം തോന്നി. എന്റെ ഇരുപത്തൊന്നു ചിത്രങ്ങളില്‍  ഇതുപോലൊരു തെറാപ്പിയായി മാറിയ മറ്റൊരു ചിത്രമില്ല. ഒരു ചിത്രം ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് ചെറിയ പരിഹാരമാകാം. അതാണ് എന്റെ ജീവിതത്തില്‍ ഈ ചിത്രത്തിന്റെ പ്രാധാന്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com