മുവോങ് ലാറ്റ് രാജകുമാരന്റെ തടവുജീവിതം: എന്‍പി ചെക്കുട്ടി എഴുതുന്നു

കുട്ടിയുടെ ജനനം ആഗസ്റ്റ് 13-നായിരുന്നു; ആറാം ദിവസം മരിച്ചുപോയി. മരണകാരണം ടെറ്റനസ് എന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിക്കണ്ടത്. 
മുവോങ് ലാറ്റ് രാജകുമാരന്റെ തടവുജീവിതം: എന്‍പി ചെക്കുട്ടി എഴുതുന്നു

താനും വര്‍ഷം മുന്‍പ്, കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ടയുടെ സമീപത്തെ പഴയ ആംഗ്ലിക്കന്‍ പള്ളിയില്‍ സൂക്ഷിച്ച മരണ രജിസ്റ്ററിലെ പേരുകള്‍ പരിശോധിക്കുന്ന വേളയിലാണ് അസാധാരണമായ ഒരു നാമധേയം കണ്ണിലുടക്കിയത്: എഗ്‌ബെര്‍ട് അലക്‌സാണ്ടര്‍ ഗ്രാന്‍വില്‍ ജെയിംസ്, മരണം 1887 ആഗസ്റ്റ് 19,  ബര്‍മീസ് രാഷ്ട്രീയത്തടവുകാരന്‍ മുവോങ് ലാറ്റ് രാജകുമാരന്റെ മകന്‍. കുട്ടിയുടെ ജനനം ആഗസ്റ്റ് 13-നായിരുന്നു; ആറാം ദിവസം മരിച്ചുപോയി. മരണകാരണം ടെറ്റനസ് എന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിക്കണ്ടത്. 

കണ്ണൂരില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളത്താവളം വന്ന കാലത്തു ആരംഭിച്ച പള്ളിയാണിത്. തൊട്ടടുത്തു തന്നെയാണ് സെമിത്തേരി. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ ഇംഗ്ലീഷുകാരാണ് പ്രദേശം ഭരിച്ചത്. ഇവിടെ പട്ടാളത്താവളം ആരംഭിച്ചത് 1810-ലായിരുന്നു; അതിനു മുന്‍പ് തലശ്ശേരിയാണ് ഇംഗ്ലീഷുകാരുടെ പ്രധാന താവളം. കണ്ണൂരില്‍ ആഞ്ചലോ കോട്ടയുടെ സമീപത്തുതന്നെ സ്ഥാപിച്ച സെന്റ് ജോണ്‍സ് പള്ളിയിലാണ് പട്ടാളത്താവളത്തിലെ ഉദ്യോഗസ്ഥരും മറ്റു പ്രമാണിമാരും ആരാധന നടത്തിയത്. പള്ളിയിലെ രജിസ്റ്ററില്‍ 1820 മുതല്‍ അവിടെ നടന്ന ജനനവും വിവാഹവും മരണവും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഭൂരിപക്ഷവും ബ്രിട്ടനില്‍നിന്നും ജോലി തേടി ഇവിടെയെത്തിയ കൂട്ടരാണ്. ഇംഗ്ലണ്ടില്‍നിന്നും സ്‌കോട്ട്ലാന്‍ഡില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നുമൊക്കെ ഉപജീവനം തേടി മലബാറിലെത്തിയവര്‍. അവരില്‍ പലരും അക്കാലത്തെ പേരുകേട്ട 84 ഹൈലാന്‍ഡേര്‍സ്, റോയല്‍ ഫ്യൂസിലിയേഴ്‌സ് തുടങ്ങിയ പട്ടാള റജിമെന്റുകളിലാണ് സേവനം അനുഷ്ഠിച്ചത്. പഴശ്ശിത്തമ്പുരാന്റെ കുറിച്യപ്പടയാളികളേയും മലബാറിലെ മാപ്പിള കലാപകാരികളേയും കോണ്‍ഗ്രസ്സിന്റെ അഹിംസാവാദികളായ നേതാക്കളേയും ഒക്കെയാണ് ഒന്നര നൂറ്റാണ്ടുകാലത്തെ അധിനിവേശ ഭരണകാലത്തു അവര്‍ നേരിട്ടത്. പള്ളിയിലെ മരണരജിസ്റ്റര്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയ കാലംവരെയുള്ള 150 വര്‍ഷങ്ങളില്‍ അവരുടെ പട്ടാള റജിമെന്റുകളുടെ മലബാറിലേയ്ക്കുള്ള വരവും പോക്കും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അറിയാം. ആ റജിമെന്റുകളില്‍ പണിയെടുത്ത മനുഷ്യരുടെ കുടുംബജീവിതത്തിന്റേയും ഇന്നാട്ടില്‍ അവര്‍ നേരിട്ട പലതരം പ്രതിസന്ധികളുടേയും പ്രയാസങ്ങളുടേയും രോഗപീഡകളുടേയും ചിത്രങ്ങളും ഈ രേഖകളില്‍ മറഞ്ഞുകിടപ്പുണ്ട്. പനിമുതല്‍ പ്ലേഗ് വരെ പല രോഗങ്ങള്‍ അവരെ പിടികൂടി; പല കുടുംബങ്ങളും പൂര്‍ണ്ണമായും കുറ്റിയറ്റുപോയി. വര്‍ഷംതോറും ഒരു അംഗത്തെയെങ്കിലും ഇവിടെ മറവുചെയ്യേണ്ടിവന്ന കടുംബങ്ങള്‍ നിരവധിയാണ്. അസുഖങ്ങള്‍ വന്നാല്‍ പ്രാര്‍ത്ഥനയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. പട്ടാള ക്യാംപില്‍ ഒരു അപ്പോത്തിക്കിരിയുണ്ട്. പക്ഷേ, മാരകരോഗങ്ങള്‍ വന്നാല്‍ അപ്പോത്തിക്കിരിക്കെന്തു ചെയ്യാനാവും? അക്കാലത്ത് ഒന്നിലേറെ തവണ ക്യാംപില്‍ പ്ലേഗ് ആക്രമണം നടത്തിയതായി രേഖകളില്‍ കാണുന്നുണ്ട്. 

പക്ഷേ, സെമിത്തേരിയില്‍ കാലങ്ങളായി അടക്കപ്പെട്ടവര്‍ക്കിടയില്‍ ഇങ്ങനെയൊരു പേര് അദ്ഭുതകരവും അപ്രതീക്ഷിതവുമായിരുന്നു. കാരണം 1885-ല്‍ ബ്രിട്ടീഷുകാര്‍ ബര്‍മ്മ കയ്യടക്കിയ ശേഷം അവരുടെ തടവറയില്‍ ഒരേയൊരു രാജകീയ തടവുകാരന്‍ മാത്രമേയുള്ളൂ എന്നാണ് ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞുവന്നിരുന്നത്. അത് ബര്‍മ്മയിലെ അവസാനത്തെ രാജാവായിരുന്ന തിബോ ആയിരുന്നു. രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തശേഷം തിബോ രാജാവിനേയും രാജ്ഞി സുപാലയയേയും മക്കളേയും അവര്‍ ഇന്ത്യയിലേയ്ക്കു നാടുകടത്തി. പിന്നീട് മൂന്നു പതിറ്റാണ്ടുകാലം രാജകുടുംബം കഴിഞ്ഞുകൂടിയതു മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്തെ രത്‌നഗിരിയില്‍ കുന്നിന്‍പ്രദേശത്തെ ഒരു കെട്ടിടത്തിലായിരുന്നു. വിശാലമായ കൊട്ടാരവും അപാരമായ സമ്പത്തും സ്വര്‍ണ്ണ-രത്‌നാദികളും ആനയും അമ്പാരിയും ഒക്കെയുണ്ടായിരുന്ന രാജാവും കുടുംബവും വളരെ കഷ്ടപ്പെട്ടാണ് അവിടെ കഴിഞ്ഞുകൂടിയത്. പരിമിതമായ ഒരു അലവന്‍സ് മാത്രമാണ് രാജകുടുംബത്തിന്റെ ചെലവിനായി സര്‍ക്കാര്‍ അനുവദിച്ചത്. പഠിക്കാന്‍ ഒരൊറ്റ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കുനിഞ്ഞിരിക്കുന്ന രാജകുമാരിമാരുടെ ചിത്രം അമിതാവ് ഘോഷ് 'ദി ഗ്ലാസ്സ് പാലസ്' എന്ന നോവലില്‍ വര്‍ണ്ണിക്കുന്നുണ്ട്. രത്‌നഗിരിയില്‍ തിബോവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ആ നോവല്‍ രചിക്കപ്പെട്ടത്.

തിബോ രാജാവല്ലാതെ രാജകുടുംബത്തിലെ വേറെയാരും ബ്രിട്ടന്റെ തടവറയിലില്ല എന്ന അവകാശവാദത്തിനു വേറെയും കാരണമുണ്ടായിരുന്നു. 1878-ല്‍ തിബോ രാജാവായി അഭിഷേകം ചെയ്യപ്പെട്ട ഉടനെ രാജ്ഞി സുപാലയ ആദ്യം നടപ്പിലാക്കിയ ഒരു കാര്യം രാജകുടുംബത്തിലെ സകലരേയും തേടിപ്പിടിച്ചു കൊലപ്പെടുത്തുകയാണ്. തിബോവിന്റെ ഭരണത്തിനു രാജകുടുംബത്തില്‍നിന്നു വെല്ലുവിളി ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്താനാണ് രാജ്ഞി കൂട്ടക്കൊല സംഘടിപ്പിച്ചത്. ഭാവിയില്‍ തന്റെ മക്കള്‍ ആരെങ്കിലും രാജപദവിയില്‍ എത്തുന്നതിന് ഒരു തടസ്സവും പാടില്ല എന്നും രാജ്ഞി കരുതി. എണ്‍പതിലധികം രാജകുമാരന്മാരെ അന്ന് അവര്‍ വകവരുത്തി എന്നാണ് ചരിത്രം. ബര്‍മ്മയിലെ പാരമ്പര്യങ്ങളും വിശ്വാസവും പ്രകാരം രാജകുടുംബത്തിലെ അംഗങ്ങളുടെ ചോര വീഴ്ത്തുന്നത് കടുത്ത അപരാധമാണ്. അതിനാല്‍ ചോര ഒരിറ്റുപോലും മണ്ണില്‍ വീഴാത്തവിധം തന്നെയാണ് വധം നടപ്പിലാക്കിയത്. മണ്ഡലേയിലെ കൊട്ടാരത്തില്‍ രാജ്ഞിയുടെ കിങ്കരന്മാര്‍മാര്‍ രാജകുമാരന്മാരെ കെട്ടിവരിഞ്ഞു കാര്‍പ്പെറ്റില്‍ പൊതിഞ്ഞെടുത്തു കാട്ടില്‍ കൊണ്ടുപോയി തലക്കടിച്ചുകൊന്നു ശവം ആറ്റില്‍ ഒഴുക്കുകയായിരുന്നുവത്രെ. 
എന്നാല്‍, മുവോങ് ലാറ്റ് രാജകുമാരന്‍ അന്നത്തെ കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. കാരണം അപ്പോഴേയ്ക്കും രാജകുമാരന്‍ ബ്രിട്ടീഷുകാരുടെ തടവുകാരനായി മാറിക്കഴിഞ്ഞിരുന്നു. കൊട്ടാരത്തിലെ അധികാരമാറ്റവും കൂട്ടക്കൊലയും നടക്കുന്നതിനു അഞ്ചുവര്‍ഷം മുന്‍പു തന്നെ മ്യൂവോങ് ലാറ്റ് രാജകുമാരന്‍ തടവറയിലായി. 1872-ലാണ് രാജകുമാരന്‍ തടവിലായത്; 20-ാം വയസ്സില്‍. അക്കാലത്ത് അദ്ദേഹം രാജ്യത്തെ ബ്രിട്ടീഷ് അധിനിവേശ നീക്കങ്ങളില്‍ അസ്വസ്ഥനായി അവരെ എതിരിടാന്‍ സൈനികനീക്കം തുടങ്ങിയിരുന്നു. ദക്ഷിണ ബര്‍മ്മയിലെ വനാന്തരങ്ങളില്‍ ഗറില്ലാ സൈന്യവുമായി ബ്രിട്ടീഷുകാരോട് പോരാട്ടത്തിനിറങ്ങിയ അദ്ദേഹം വൈകാതെ പിടിയിലായി. അക്കാലത്തു ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള യെമനിലേക്കു നാടുകടത്തപ്പെട്ട രാജകുമാരന്‍ പിന്നീട് കണ്ണൂരിലേക്കു മാറ്റപ്പെട്ടു. കൊട്ടാരത്തില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അദ്ദേഹം വിദൂരസ്ഥമായ കണ്ണൂരിലെ ബ്രിട്ടീഷ് പട്ടാളത്താവളത്തില്‍ തടവുകാരനായി കഴിഞ്ഞുകൂടുകയായിരുന്നു.
രാജകുമാരന്റെ ജീവിതത്തെ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുകയെന്നത് എളുപ്പമായിരുന്നില്ല. കാരണം ബ്രിട്ടീഷ് ഔദ്യോഗിക രേഖകളില്‍ മുവോങ് ലാറ്റ് രാജകുമാരനെപ്പറ്റി കാര്യമായ വിവരണങ്ങളൊന്നും തന്നെയില്ല. ബര്‍മ്മയുടെ ചരിത്രം വിവരിക്കുന്ന കൃതികളിലും അദ്ദേഹത്തെപ്പറ്റി പരാമര്‍ശമില്ല. എന്നാല്‍, ഏതാനും വര്‍ഷം മുന്‍പ് ലണ്ടനില്‍ പുറത്തിറങ്ങിയ ഒരു ചെറിയ ജീവചരിത്രഗ്രന്ഥത്തില്‍ രാജകുമാരന്റെ ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങള്‍ വിവരിക്കുന്നുണ്ട്. ഐരാവതത്തിന്റെ നാഥന്‍ (The Lord of Celestial Elephant) എന്ന പേരിലുള്ള പുസ്തകം രചിച്ചത് അദ്ദേഹത്തിന്റെ പിന്മുറക്കാരിയായ എലയിന്‍ ഹാള്‍ട്ടന്‍. ഓര്‍മ്മയില്‍നിന്നും കുടുംബപുരാവൃത്തങ്ങളില്‍നിന്നും പഴയ വാര്‍ത്താപ്രസിദ്ധീകരണങ്ങളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ചേര്‍ത്താണ് അവര്‍ 1999-ല്‍ പ്രസ്തുത പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.

കണ്ണൂരിലെത്തിയ
രാജകുമാരന്‍

മുവോങ് ലാറ്റ് രാജകുമാരനും തിബോ രാജാവും അര്‍ദ്ധസഹോദരന്മാരായിരുന്നു. പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച ബര്‍മ്മയിലെ പാരമ്പര്യങ്ങള്‍ അനുസരിച്ചു രണ്ടുപേരും രാജാവാകാന്‍ അര്‍ഹതയുള്ളവരുമായിരുന്നു. മുവോങ് ലാറ്റ് രാജകുമാരന്റെ പിതാവ് ഹ്ലീന്‍ മെയ്ന്‍ കോംബൗങ് വംശത്തിലെ താരാവതി രാജാവിന്റെ മരണശേഷം കിരീടാവകാശിയായി അഭിഷേകം ചെയ്യപ്പെട്ടു. പക്ഷേ, രാജസിംഹാസനത്തില്‍ ഹ്ലീന്‍ മെയിന് അധികകാലം ഇരിക്കാന്‍ കഴിഞ്ഞില്ല. 1853-ല്‍ കൊട്ടാരത്തില്‍ അട്ടിമറി നടന്നു; അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ മിന്ദോന്‍ രാജകുമാരനായിരുന്നു അതിനു പിന്നില്‍. ഹ്ലീന്‍ മെയിന്‍ കൊല്ലപ്പെട്ടു; മിന്ദോന്‍ രാജാവായി അധികാരമേറ്റു. ഈ സംഭവത്തിന് ഒരു വര്‍ഷം മുന്‍പ് 1852-ലാണ് മുവോങ് ലാറ്റ് ജനിച്ചത്.
മുവോങ് രാജകുമാരന്റെ കുട്ടിക്കാലത്തെപ്പറ്റി വ്യത്യസ്തമായ കഥകളാണ് ബര്‍മ്മയില്‍ പ്രചരിച്ചത്. ഒരു കൂട്ടര്‍ പറയുന്നത് പിതാവ് നഷ്ടപ്പെട്ട രാജകുമാരന്‍ മണ്ഡലേയിലെ കൊട്ടാരത്തില്‍ത്തന്നെ തുടര്‍ന്നു എന്നാണ്. മിന്ദോന്‍ രാജാവ് എന്തുകൊണ്ട് തന്റെ അനന്തിരവനെ കൊന്നില്ല എന്ന ചോദ്യത്തിന് ഉത്തരമായി അവര്‍ പറയുന്നത് ജ്യേഷ്ഠസഹോദരനെ വധിച്ചതില്‍ അദ്ദേഹത്തിനു മനസ്താപമുണ്ടായിരുന്നു എന്നാണ്. അനാഥനായ രാജകുമാരനെ രാജകീയ പരിഗണനകളോടെ കൊട്ടാരത്തില്‍ വളരാന്‍ മിന്ദോന്‍ അനുവദിച്ചുവത്രെ. 
പക്ഷേ, കൊട്ടാരത്തിലെ അവസ്ഥയും ബര്‍മ്മയിലെ അന്നത്തെ അന്തരീക്ഷവും ആലോചിച്ചു നോക്കിയാല്‍ അതിനു സാധ്യത കുറവാണെന്നു കാണാം. കാരണം ഭാവിയിലെ കിരീടാവകാശിയായി മുവോങ് രാജകുമാരന്‍ അങ്ങനെ വളരുന്നത് രാജ്ഞിയും സംഘവും അംഗീകരിച്ചു കൊടുക്കും എന്ന് ഉറപ്പിക്കാനാവില്ലല്ലോ. അതിനാല്‍ രാജകുമാരന്റെ അമ്മ, അതായത് ഹ്ലീന്‍ മെയിന്‍ രാജാവിന്റെ വിധവ, ബ്രിട്ടീഷുകാരുടെ സഹായത്തോടെ കുട്ടിയെ കൊട്ടാരത്തില്‍നിന്നു പുറത്തുകടത്തി സുരക്ഷിത താവളത്തിലേയ്ക്കു മാറ്റി എന്ന കഥയില്‍ ചില സാംഗത്യമുണ്ട്. ഈ വാദഗതിക്കാര്‍ പറയുന്നത് മുവോങ് രാജകുമാരന്റെ അമ്മ ഹന്തവാടിയിലെ മി എപു കെംപു രാജകുമാരി അന്നു ബ്രിട്ടീഷ് നിയന്ത്രണത്തിലിരുന്ന ദക്ഷിണ ബര്‍മ്മയിലെ ഒരു വിദൂര ഗ്രാമത്തിലേക്കു കുട്ടിയെ മാറ്റി എന്നാണ്. ഏതായാലും 1860-ല്‍ രാജകുമാരന്റെ എട്ടാം വയസ്സില്‍ മാതാവ് മരിച്ചപ്പോള്‍ മുവോങ് രാജകുമാരന്‍ കൊട്ടാരത്തില്‍ത്തന്നെ ഉണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്.

ബര്‍മ്മയുടെ ചരിത്രത്തിലെ വിഷമകരമായ ഒരു യുഗമായിരുന്നു അത്. മിന്ദോന്‍ ദീര്‍ഘകാലം ഭരിച്ച രാജാവാണ്; നാട് പിടിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ പലവഴിക്കും ശ്രമിക്കുന്ന കാലം. ദക്ഷിണ ബര്‍മയിലെ വിശാലമായ ഭൂഭാഗങ്ങള്‍ മിക്കതും അതിനകം അവരുടെ നിയന്ത്രണത്തിലായിരുന്നു. തൊട്ടയല്‍ പക്കത്തുള്ള ഇന്ത്യയിലാകട്ടെ, ബോംബേയും മദിരാശിയും ബംഗാളും പിന്നീട് ഡല്‍ഹിയും കയ്യടക്കി ബ്രിട്ടീഷുകാര്‍ നാടെങ്ങും ആധിപത്യം നേടിക്കഴിഞ്ഞിരുന്നു. ഭരണം അരക്കിട്ടുറപ്പിക്കാന്‍ അവര്‍ ഇന്ത്യയില്‍ തീവണ്ടിയും കമ്പിത്തപാലും നടപ്പാക്കിയ കാലം. ബര്‍മ്മയുടെ വിശാലമായ വനങ്ങള്‍ വെട്ടിത്തെളിച്ചു തോട്ടങ്ങള്‍ പണിയാനും കാട്ടിലെ തേക്ക് വെട്ടിയെടുത്ത് തീവണ്ടിപ്പാത പണിയാനും അവര്‍ കോപ്പുകൂട്ടുന്ന കാലം. അതിനു ഒരു തടസ്സം മിന്ദോന്‍ രാജാവിന്റെ നയങ്ങളായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തെ ശക്തമായി ചെറുക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. കൊട്ടാരത്തിലെ അവരുടെ ഇടപെടലുകളും അദ്ദേഹം ചെറുത്തു. അതുകൊണ്ടാവണം, 1866-ല്‍ ബര്‍മ്മയില്‍ വീണ്ടും കൊട്ടാരവിപ്ലവത്തിനു ശ്രമം നടന്നപ്പോള്‍ അതിനു പിന്നിലെ കറുത്ത കരങ്ങള്‍ ബ്രിട്ടീഷുകാരുടേതാണെന്നു രാജാവ് ചിന്തിച്ചത്. കലാപം നടത്തിയത് ഒരുകൂട്ടം രാജകുമാരന്മാരാണ്. പക്ഷേ, രാജാവ് കലാപം അടിച്ചമര്‍ത്തി. രാജകുടുംബത്തിലെ പലരുടേയും തല പോകുകയും ചെയ്തു.

അന്നും മുവോങ് ലാറ്റ് രാജകുമാരന്‍ ആപത്തില്ലാതെ രക്ഷപ്പെട്ടു. കൊട്ടാരത്തിലെ ബ്രിട്ടീഷ് റസിഡന്റ് എഡ്വേഡ് സ്ലേഡനാണ് കുമാരന്റെ രക്ഷയ്‌ക്കെത്തിയത്. സ്ലേഡന്‍ ദീര്‍ഘകാലം ബര്‍മ്മയില്‍ സേവനം അനുഷ്ഠിച്ച ബ്രിട്ടീഷ് ഏജന്റായിരുന്നു. വിശിഷ്ടസേവനത്തിനു ബര്‍മ്മയിലെ രാജാവിന്റെ വക ബഹുമതി നേടിയ വ്യക്തി. അദ്ദേഹത്തിന് അറിയാത്ത കൊട്ടാര രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രാദേശിക ഭാഷയും അദ്ദേഹത്തിനു വശമായിരുന്നു. കൊട്ടാരത്തില്‍നിന്നു രക്ഷപ്പെട്ടശേഷം വിദൂരമായ ഷാന്‍ മലനിരകളില്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് അക്കാലത്ത് മുവോങ് ലാറ്റ് കഴിഞ്ഞുകൂടിയത്. കൊട്ടാരത്തില്‍നിന്ന് ഒളിച്ചുപോവുമ്പോള്‍ കയ്യിലെടുത്തതു രത്‌നഖചിതമായ ഒരു വാള്‍ മാത്രം. രാജകിങ്കരന്മാരുടെ പിടിയില്‍പ്പെടാതെ മൂന്നുവര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ബ്രിട്ടീഷ് സേന.

പക്ഷേ, വനവാസവും ബ്രിട്ടീഷ് സേനകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു നിരീക്ഷിക്കാന്‍ കിട്ടിയ സൗകര്യവും രാജകുമാരനെ എത്തിച്ചത് കൃത്യമായ ഒരു നിഗമനത്തിലാണ്. ബ്രിട്ടീഷുകാരാണ് നാട്ടിലെ കുഴപ്പങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദികള്‍. അവരെ ആട്ടിയോടിക്കാതെ നാട്ടില്‍ സമാധാനം ഉണ്ടാവുകയില്ല. അതിനാല്‍ ഗറില്ലാപോരാട്ടം തന്നെയാണ് ഒരേയൊരു വഴി എന്ന നിഗമനത്തിലാണ് രാജകുമാരന്‍ എത്തിയത്. അതിനായി ഒരു സൈന്യം രൂപീകരിച്ചു. കാടുകളില്‍ സഞ്ചരിച്ച് ബ്രിട്ടീഷ് പടയെ ആക്രമിക്കുകയായിരുന്നു പ്രവര്‍ത്തനരീതി. ഏതാനും വര്‍ഷങ്ങള്‍ ഇങ്ങനെ പോരാളിയായി കഴിഞ്ഞുകൂടി. 1873-ലാണ് അത് അവസാനിച്ചത്. തുങ്ഗു മലനിരകളില്‍ രാജകുമാരന്റെ സാന്നിധ്യം കണ്ടെത്തി മേജര്‍ ലോയിഡും സംഘവും അദ്ദേഹത്തെ കീഴടക്കി.
മുവോങ് ലാറ്റ് രാജകുമാരന്റെ പോരാളി ജീവിതത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഏതാനും വര്‍ഷങ്ങള്‍ ഇങ്ങനെ കാടുകളില്‍ കഴിഞ്ഞു എന്നു മാത്രമേ ജീവചരിത്രത്തിലും പറയുന്നുള്ളൂ. അതിനിടക്കുയ്ണ്ടായ ഒരു സംഭവം രസകരമാണ്. രാജകുമാരന്‍ ഒരു ഗ്രാമീണ പെണ്‍കൊടിയുമായി അടുപ്പത്തിലായി. അവളെ വിവാഹം കഴിക്കണമെന്ന മോഹമുദിച്ചു. പക്ഷേ, അതിനുമുന്‍പു രാജ്യം വിമോചിപ്പിക്കണം. എന്നിട്ടു മതി വിവാഹം. പക്ഷേ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അങ്ങനെ കാത്തിരിക്കാനുള്ള മനസ്ഥിതിയൊന്നും ഉണ്ടായില്ല. അവര്‍ അവള്‍ക്കു വേറെ വരനെ കണ്ടെത്തി. ദുഃഖിതനായ രാജകുമാരന്‍ പക്ഷേ, വഴക്കിനൊന്നും പോയില്ല. പകരം പ്രിയതമയ്ക്ക് ഒരു വിവാഹസമ്മാനം കൊടുത്തയച്ചു. വനപാതയിലൂടെ പോയ കാളവണ്ടിയില്‍ നല്ല മരംകൊണ്ടുള്ള ധാരാളം ഉരുപ്പടികള്‍ കണ്ടു. അതില്‍ നല്ലതു നോക്കി രണ്ടെണ്ണം പിടിച്ചെടുത്തു രാജകുമാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചു.
1873-ലാണ് മുവോങ് ലാറ്റ് രാജകുമാരന്‍ ബ്രിട്ടീഷ് തടവിലായത്. അതിന് ഒരു വര്‍ഷം മുന്‍പ് മിന്ദോന്‍ രാജാവ് കാലം ചെയ്തിരുന്നു. പകരം അധികാരം ഏറ്റെടുത്തത് തിബോ രാജകുമാരനാണ്. തിബോയെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് മിന്ദോനുപോലും വലിയ മതിപ്പുണ്ടായിരുന്നില്ല. തിബോ അധികാരത്തിലേറിയാല്‍ രാജ്യം വിദേശികളുടെ കയ്യിലെത്താന്‍ അധികസമയം  വേണ്ടിവരില്ല എന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷേ, മുവോങ് ലാറ്റ് കൊട്ടാരത്തില്‍ത്തന്നെ കഴിഞ്ഞിരുന്നുവെങ്കില്‍ മിന്ദോന്‍ തന്റെ പിന്‍ഗാമിയായി അദ്ദേഹത്തെ തിരഞ്ഞടുക്കുമായിരുന്നു എന്നു ചിലര്‍ പറയുന്നുണ്ട്. പക്ഷേ, കൊട്ടാരത്തിലെ സുഖഭോഗങ്ങളില്‍ അഭിരമിക്കാനല്ല, മറിച്ച് വിദേശികള്‍ക്കെതിരെ ആയുധമെടുത്തു പോരാടാനാണ് മുവോങ് ലാറ്റ് രാജകുമാരന്‍ അക്കാലത്ത് തയ്യാറായത്.

രത്‌നഗിരിയിലെ തിബോ രാജാവിന്റെ വസതി
രത്‌നഗിരിയിലെ തിബോ രാജാവിന്റെ വസതി

തിബോയുടെ ഭരണം സുരക്ഷിതമാക്കാനായി രാജ്ഞി സുപാലയ, രാജകുടുംബത്തിലെ അംഗങ്ങളെ തിരഞ്ഞുപിടിച്ചു വധിക്കുന്ന അവസരത്തില്‍ മുവോങ് ലാറ്റ് തടവുകാരനായി കഴിയുകയായിരുന്നു. അതിനാല്‍ രാജ്ഞിയുടെ കൊലയാളിസംഘത്തിനു അപ്രാപ്യനായി അദ്ദേഹം. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള യെമനിലെ ഏദന്‍ തുറമുഖത്തെ തടവറയിലേക്കാണ് അവര്‍ അദ്ദേഹത്തെ അയച്ചത്. അന്ന് മുവോങ് രാജകുമാരനു പ്രായം 21 വയസ്സു മാത്രം. ഏദനിലെ വാസം രാജകുമാരന് ഒട്ടും സ്വീകാര്യമായില്ല. ബര്‍മ്മയിലെ സസ്യശ്യാമളമായ പശ്ചാത്തലത്തില്‍ നിന്നും വന്ന കുമാരന് ഏദനിലെ മണലാരണ്യങ്ങള്‍ അസഹ്യമായി തോന്നിയതില്‍ അദ്ഭുതമില്ല. ഒരു കാരണവശാലും താന്‍ അവിടെ കഴിയാന്‍ തയ്യാറാവുകയില്ല എന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. വേണ്ടിവന്നാല്‍ ആത്മഹത്യ ചെയ്യാനും മടിക്കുകയില്ല. 

ബ്രിട്ടീഷ് അധികാരികള്‍ക്ക് ഈ ഭീഷണി അവഗണിക്കാനാവുമായിരുന്നില്ല. ഏഷ്യയിലെ കോളനിഭരണത്തിന്റെ അനുഭവങ്ങള്‍ അവര്‍ക്കു ചില പാഠങ്ങള്‍ നല്‍കിയിരുന്നു. അതിലൊന്ന്, ഈ രാജ്യങ്ങളിലെ പാരമ്പര്യങ്ങളില്‍ രാജകുടുംബങ്ങളും ജനസമൂഹവും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ളതാണ്. ഓറിയന്റല്‍ ഡെസ്‌പോട്ടിസം എന്നൊക്കെ വിളിച്ച് അവരുടെ പല പണ്ഡിതന്മാരും ഇതിനെ കളിയാക്കിയെങ്കിലും പരമ്പരാഗത രാജകുടുംബങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണം എന്നു ഭരണാധികാരികള്‍ക്ക് അനുഭവത്തിലൂടെ ബോധ്യമായിരുന്നു. അല്ലെങ്കില്‍ തീക്കളിയാകും. അതിനാല്‍ രാജകുമാരന്റെ ഭീഷണി അവര്‍ ഗൗരവത്തിലെടുത്തു. അദ്ദേഹത്തെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സ്വീകാര്യമായ ഒരു പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണം എത്തിയത് മലബാറിലെ കണ്ണൂരിലാണ്. കാലാവസ്ഥയും ഭൂപ്രകൃതിയും അനുകൂലം. അതേസമയം ബര്‍മ്മയില്‍നിന്നു സുരക്ഷിതമായ അകലത്തിലുള്ള പ്രദേശം. അങ്ങനെയാണ് കുമാരനെ കണ്ണൂരിലേയ്ക്കു മാറ്റാന്‍ തീരുമാനമായത്.

1875-ലാണ് രാജകുമാരന്‍ കണ്ണൂരില്‍ എത്തിച്ചേര്‍ന്നത്. ഏദനില്‍നിന്നും സ്റ്റീമര്‍ ബോട്ടില്‍ മംഗലാപുരത്താണ് ആദ്യം എത്തിയത്. പിന്നീട് അവിടെനിന്നു ബോട്ടില്‍ കണ്ണൂരിലെത്തി. യാത്രാവേളയില്‍ ചില കത്തോലിക്കാ പുരോഹിതന്മാരുമായി പരിചയപ്പെടാന്‍ കുമാരന് അവസരം കിട്ടിയിരുന്നു. തന്റെ ബുദ്ധപാരമ്പര്യങ്ങളെക്കുറിച്ച് അവരോട് വിശദീകരിച്ച കുമാരന്‍ ക്രൈസ്തവ ദര്‍ശനത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും താല്പര്യം കാണിച്ചതായി ജീവചരിത്രത്തില്‍ പറയുന്നുണ്ട്. 

കണ്ണൂരില്‍ രാജകുമാരനെ സ്വീകരിച്ചത് അവിടെ ഗാരിസണ്‍ ചുമതലയുള്ള ബ്രിഗേഡിയര്‍ കേഡലും ജനറല്‍ കെംപ്സ്റ്ററും മേജര്‍ കണ്ണിങ്ഹാമും ചേര്‍ന്നാണ്. സ്ഥലത്തെ മജിസ്ട്രേറ്റ് ക്യാപ്റ്റന്‍ കെച്ചാമിന്റെ മുന്നിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. കുമാരന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതല ക്യാപ്റ്റന്‍ ഷെഫീല്‍ഡിനായിരുന്നു.

കണ്ണൂരിലെ തടവുജീവിതം താരതമ്യേന സുഖകരമായിരുന്നു. രാജകുമാരനു കഴിഞ്ഞുകൂടാനായി ഒരു പ്രത്യേക കെട്ടിടം തന്നെ അധികൃതര്‍ നല്‍കി. ഒരു പൂന്തോട്ടവും അതിന്റെ ഭാഗമായിരുന്നു. എല്ലാ ദിവസവും വൈകിട്ട് ക്യാമ്പ് ഓഫീസില്‍ പോയി ഹാജര്‍ രേഖപ്പെടുത്തണം. മറ്റു വലിയ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീടിന്റെ കാവലിനായി മദ്രാസ് നേറ്റീവ് ഇന്‍ഫന്‍ട്രിയിലെ ഭടന്മാരെയാണ് ഏര്‍പ്പെടുത്തിയത്. കുമാരന്‍ അവരുമായി സംസാരിച്ചും പൂന്തോട്ടത്തില്‍ പണിയെടുത്തും കടലോരത്തു നടക്കാന്‍ പോയും ദിവസങ്ങള്‍ കഴിച്ചു. അദ്ദേഹം തോട്ടത്തില്‍ പച്ചക്കറികളും പൂക്കളും നട്ടുവളര്‍ത്തി. അത് ക്യാമ്പിലെ പ്രധാന ഉദ്യോഗസ്ഥന്മാരുടെ വീടുകളില്‍ എത്തിച്ചുകൊടുത്തു. അതോടെ ക്യാമ്പില്‍ കുമാരന്റെ പേരും പെരുമയും വര്‍ദ്ധിക്കുകയും ചെയ്തു.
കുമാരന്റെ വീടിനു തൊട്ടുമുന്നില്‍ താമസിച്ചത് ആസ്‌ട്രേലിയയില്‍നിന്നു മലബാറിലേക്കു വന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബമായിരുന്നു. ഒരു വിധവയും രണ്ട് പെണ്‍മക്കളും. ഹെന്റിയെറ്റയുടെ ഭര്‍ത്താവ് തോമസ് വില്യം ഗോഡ്ഫ്രെ ആസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യയിലേക്കു കടല്‍വഴി ചരക്കുകള്‍ കൊണ്ടുവന്നു വിതരണം ചെയ്തു വലിയ ലാഭം ഉണ്ടാക്കിയിരുന്നു. പക്ഷേ, ഏതാണ്ട് പത്തുവര്‍ഷം മുന്‍പ് അദ്ദേഹം കടല്‍യാത്രയ്ക്കിടയില്‍ അസുഖബാധിതനായി അന്തരിച്ചുപോയി. അതിനുശേഷം ഭാര്യയും മക്കളും കണ്ണൂരിലാണ് കഴിഞ്ഞുകൂടിയത്. അച്ഛന്റെ മരണസമയത്തു മൂത്തമകള്‍ എവെലിനു നാലു വയസ്സുമാത്രം. യൗവ്വനത്തിലേയ്ക്കു കാല്‍വെച്ച എവെലിനോട് രാജകുമാരനു കലശലായ താല്പര്യം. അവള്‍ ആയയുമൊത്തു കടപ്പുറത്തു കാറ്റുകൊള്ളാന്‍ പോകുമ്പോള്‍ പിന്നാലെ രാജകുമാരനും എത്തി. പക്ഷേ, കുമാരനോട് സംസാരിക്കാന്‍ എവെലിന്‍ ഒരു താല്പര്യവും കാട്ടിയില്ല. തന്നോട് സംസാരിക്കണമെങ്കില്‍ ആദ്യം അമ്മയുടെ അനുമതി വാങ്ങണം എന്നാണ് അവള്‍ പറഞ്ഞത്. കാലം 19-ാം നൂറ്റാണ്ടാണ്; രാജകുമാരന്‍ തടവുകാരനും. അതിനാല്‍ കാര്യം കാണാന്‍ വേറെ വഴിയൊന്നും രാജകുമാരന്റെ മുന്നിലുണ്ടായിരുന്നില്ല.
ഹെന്റിയെറ്റയെ നേരിട്ടു കാണുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. കാരണം അവര്‍ അങ്ങനെ അന്യരോട് ഇടപഴകാന്‍ തല്പരയായിരുന്നില്ല. പൊതുവില്‍ ഒതുങ്ങിക്കഴിയുന്ന പ്രകൃതം. അവരുടെ കുടുംബക്കാര്‍ അധികവും ആസ്‌ട്രേലിയയിലായിരുന്നു. ചിലരൊക്കെ മദ്രാസില്‍ ബ്ലാക്ക് ടൗണിലും. കണ്ണൂരില്‍ അവര്‍ കുട്ടികള്‍ക്കുവേണ്ടി ഒരു മൊണ്ടിസ്സോറി സ്‌കൂള്‍ നടത്തിക്കഴിഞ്ഞു കൂടുകയായിരുന്നു. പട്ടാളക്ക്യാമ്പിലെ പ്രമുഖന്മാരുടെ കുട്ടികള്‍ക്ക് ആ വിദ്യാലയം മാത്രമായിരുന്നു ഒരു ആശ്രയം. അന്നൊക്കെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരെ ചെറുപ്രായത്തില്‍ത്തന്നെ നാട്ടിലേക്കു അയക്കുന്നതായിരുന്നു ഇംഗ്ലീഷുകാരുടെ രീതി. അതിനാല്‍ മിസിസ് ഹെന്റിയെറ്റ ഗോഡ്ഫ്രെ ക്യാമ്പില്‍ വളരെ ബഹുമാനവും സ്വാധീനശക്തിയും ഉള്ള മഹിളയായിരുന്നു. 

പ്രണയത്തിനായി
മതംമാറ്റം

എന്നാലും വൈകാതെ അവരുമായി നേരിട്ടു സംസാരിക്കാന്‍ രാജകുമാരന്‍ അവസരമുണ്ടാക്കി. ഹെന്റിയെറ്റ കുമാരന്റെ ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞില്ല. അന്നു പെണ്‍കുട്ടികള്‍ക്കു 14-ഉം 15-ഉം വയസ്സൊക്കെ ആയാല്‍ വിവാഹപ്രായമായി എന്നാണ് രീതി. എവെലിന് അതിനാല്‍ വിവാഹപ്രായമാണ്. പറ്റിയ വരനെ കിട്ടാന്‍ എളുപ്പമുള്ള നാടല്ല കണ്ണൂര്‍. പടിഞ്ഞാറന്‍ തീരത്തെ ചെറിയൊരു പട്ടാളക്ക്യാമ്പാണ് അത്. മക്കള്‍ക്ക് അനുയോജ്യരായ ഇണകളെ കിട്ടാന്‍ മദ്രാസിലോ ബോംബെയിലോ ഒക്കെ പോകുക മാത്രമേ വഴിയുള്ളു. അതിനാല്‍ ഹെന്റിയെറ്റ കുമാരന്റെ മോഹങ്ങള്‍ക്കു മുന്നില്‍ വഴിയടച്ചില്ല. 

പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് അവര്‍ അപ്പോള്‍ത്തന്നെ ചൂണ്ടിക്കാട്ടി. രാജകുമാരന്‍ ഉന്നതകുലജാതനായിരിക്കാം; പക്ഷേ, ആള്‍ തടവുകാരനാണ്. അതിനാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിവാഹം സാധ്യമാവില്ല. രണ്ടാമത്തെ പ്രശ്‌നം, മതപരമാണ്. ഹെന്റിയെറ്റയും കുടുംബവും ആംഗ്ലിക്കന്‍ സഭയിലെ അംഗങ്ങളാണ്. രാജകുമാരനാകട്ടെ, ബുദ്ധമതക്കാരനും. അതിനാല്‍ ഭാവികാര്യങ്ങള്‍ ചിലപ്പോള്‍ പ്രയാസത്തിലാവും. 
എവെലിനുമായുള്ള വിവാഹത്തിനായി മതംമാറാന്‍ താന്‍ തയ്യാറാണെന്ന് കുമാരന്‍ അവരെ അറിയിച്ചു. വിവാഹത്തിനു സര്‍ക്കാരിന്റെ അനുവാദം ലഭിക്കാന്‍ അപേക്ഷ നല്‍കാം; അനുമതി കിട്ടും വരെ കാത്തുനില്‍ക്കാന്‍ തനിക്കു മടിയില്ല.

അതോടെ എവെലിന്റെ അമ്മയ്ക്കു സമ്മതമായി. കണ്ണൂരില്‍ മകള്‍ക്കു വേറെ വരനെ കിട്ടാനുള്ള സാധ്യത അത്രയൊന്നുമില്ലെന്നും അവര്‍ കണ്ടിരിക്കണം. മാത്രമല്ല, ആദ്യസന്ദര്‍ശനത്തില്‍ത്തന്നെ രാജകുമാരനോട് അവര്‍ക്കൊരു ഇഷ്ടം തോന്നിയതായി സങ്കല്പിക്കണം. കാരണം, വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ക്യാപ്റ്റന്‍ ഷെഫീല്‍ഡ് വന്ന സമയത്ത് രാജകുമാരനെപ്പറ്റി സര്‍ക്കാര്‍ നിലപാട് അദ്ദേഹം വിശദീകരിച്ചപ്പോള്‍ അവര്‍ അതു ചിരിച്ചുതള്ളി. ''ഇയാള്‍ വലിയ തലയറുപ്പന്‍ കാട്ടാളനാണ്'' എന്നാണ് സര്‍ക്കാര്‍ പ്രതിനിധി രാജകുമാരന്റെ ഭാവി അമ്മായിയമ്മയോട് പറഞ്ഞത്. പക്ഷേ, ആളെ കണ്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ല എന്നാണ് അവര്‍ പ്രതികരിച്ചത്. ഒരുകാലത്തു ദക്ഷിണ ബര്‍മ്മയിലെ കാടുകളില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ആളാണ് അദ്ദേഹം എന്നും ക്യാപ്റ്റന്‍ പറഞ്ഞു. അതേക്കുറിച്ച് ഹെന്റിയെറ്റ വിശേഷിച്ചൊന്നും പറഞ്ഞുമില്ല. സര്‍ക്കാര്‍ പ്രതിനിധികളോട് രാഷ്ട്രീയം പറയരുത് എന്ന് അവര്‍ക്ക് ഒരുപക്ഷേ, നല്ല ബോധ്യമുണ്ടായിരുന്നിരിക്കണം. 
ഏതായാലും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ധൃതിയില്‍ മുന്നേറി. ബര്‍മ്മയിലെ രാജകൊട്ടാരത്തില്‍ അവിടെയുള്ള ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്റ് വഴി വിവരങ്ങള്‍ അറിയിച്ചു. വിവാഹത്തിന് അവിടെനിന്നുള്ള അനുമതി ലഭിച്ചതോടെ രാജകുമാരനെ ആംഗ്ലിക്കന്‍ സഭയിലേക്കു ജ്ഞാനസ്‌നാനം ചെയ്യാനുള്ള ഒരുക്കങ്ങളായി. ബൈബിള്‍ പഠനത്തിനു പ്രത്യേക സംവിധാനം ഒരുക്കി. സെന്റ് ജോണ്‍സ് പള്ളിയിലെ വികാരി റവ. ജോണ്‍ സ്മിത്ത് വൈറ്റിനെയാണ് അക്കാര്യങ്ങള്‍ ഏല്പിച്ചത്. മതംമാറ്റത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി 1878 മാര്‍ച്ച് 31-നു രാജകുമാരന്‍ ആംഗ്ലിക്കന്‍ സഭയിലെ അംഗമായി. അതോടെ പുതിയ പേരും സ്വീകരിച്ചു: ജോണ്‍ വില്യം മുവോങ് ലാറ്റ്. പേര് തിരഞ്ഞെടുത്തതു എവെലിന്‍.

കണ്ണൂര്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് സെമിത്തേരിയിലെ എഗ്‌ബെര്‍ട്ടിന്റെ ശവകുടീരം
കണ്ണൂര്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് സെമിത്തേരിയിലെ എഗ്‌ബെര്‍ട്ടിന്റെ ശവകുടീരം


കണ്ണൂരില്‍ കുടുംബജീവിതം സന്തോഷകരമായിരുന്നു. കുമാരന്റെ ജീവിതത്തില്‍ എവെലിന്‍ ഒരു പുതിയ വെളിച്ചമായി മാറി. പത്തു വര്‍ഷത്തോളം അവര്‍ കണ്ണൂരില്‍ കഴിച്ചുകൂട്ടി. അതിനിടയില്‍ കുട്ടികള്‍ മൂന്നു പിറന്നു: മൂത്തയാള്‍ യൂനിസ് അഗസ്റ്റ് 1882 ഫെബ്രുവരി ഏഴിനാണ് പിറന്നത്. രണ്ടാമത്തെ കുട്ടി റൂപെര്‍ട്ട് അലക്സാണ്ടര്‍ ജോര്‍ജ് 1886 മെയ് രണ്ടിനും മൂന്നാമത്തെയാള്‍ എഗ്ബെര്‍ട്ട് അലക്സാണ്ടര്‍ ഗ്രാന്‍വില്‍ 1887 ആഗസ്റ്റ് 13-നും പിറന്നു. ജനനദിവസത്തിന്റെ നിര്‍ഭാഗ്യം എഗ്ബെര്‍ട്ടിനെ പിന്തുടര്‍ന്നു; ആറു ദിവസം കഴിഞ്ഞു കുട്ടി മരിച്ചു. കണ്ണൂരിലെ സെന്റ് ജോണ്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് കുട്ടിയെ അടക്കിയത്. 

എഗ്ബെര്‍ട്ടിന്റെ മരണശേഷം രാജകുമാരന്റെ ആരോഗ്യനിലയും മോശമായി. ആസ്ത്മയുടെ ശല്യം അസഹ്യമായി. കണ്ണൂരിനേക്കാള്‍ മെച്ചപ്പെട്ട കാലാവസ്ഥയുള്ള ബാംഗ്ലൂരിലേയ്ക്ക് മാറാനാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. അതനുസരിച്ച് കുമാരനേയും കുടുംബത്തേയും അധികൃതര്‍ ബാംഗ്ലൂര്‍ പട്ടാളത്താവളത്തിലേക്കു അയച്ചു. അവിടെ എവെലിനും കുട്ടികളുമായി അദ്ദേഹം 18 വര്‍ഷം കഴിച്ചുകൂട്ടി. അതിനിടയില്‍ കുടുംബം വീണ്ടും വലുതായി. ബാംഗളൂരില്‍ താമസിക്കുന്ന കാലത്ത് മുവോങ് ലാറ്റ് ദമ്പതികള്‍ക്കു അഞ്ചു കുട്ടികള്‍ കൂടി പിറന്നു.

1906-ല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുടുംബം മദ്രാസിലേക്കു മാറി. പക്ഷേ, അവിടെയും അധികകാലം കഴിയാന്‍ സാധിച്ചില്ല. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ രാജകുമാരനേയും കുടുംബത്തേയും ബെല്ലാരിയിലേക്കു മാറ്റി. ദീര്‍ഘമായ പതിറ്റാണ്ടുകള്‍ തടവില്‍ കഴിഞ്ഞ് അദ്ദേഹം ഇതിനകം തളര്‍ന്നുകഴിഞ്ഞിരുന്നു. നാടുമായി ഇക്കാലത്തൊന്നും കാര്യമായ ഒരു ബന്ധവും പുലര്‍ത്താന്‍ രാജകുമാരനു സാധിച്ചില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കുടുംബത്തിന്റെ ബുദ്ധിമുട്ടുകളും പരിഗണിച്ച് മുവോങ് ലാറ്റ് രാജകുമാരനെ വിട്ടയക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഇക്കാലത്തു ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. രത്‌നഗിരിയില്‍ കഴിഞ്ഞുകൂടിയ തിബോ രാജാവിനെപ്പോലെതന്നെ മുവോങ് ലാറ്റ് രാജകുമാരനും സര്‍ക്കാരിന്റെ നാമമാത്രമായ അലവന്‍സ്‌കൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കാന്‍ പാടുപെടുകയായിരുന്നു. രത്‌നഗിരിയില്‍ രാജാവും കുടുംബവും അക്കാലത്തു കഴിഞ്ഞുകൂടിയ അവസ്ഥയെക്കുറിച്ച് അമിതാവ് ഘോഷ് 'ദി ഗ്ലാസ്പാലസ്' എന്ന നോവലില്‍ വിവരിക്കുന്നുണ്ട്. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ രാജ്ഞിയുടെ പെണ്‍മക്കള്‍ പഠിക്കുന്ന വിവരണം അതിലുണ്ട്. അതുതന്നെയായിരുന്നു മുവോങ് ലാറ്റ് രാജകുമാരന്റെ കുടുംബത്തിന്റേയും അവസ്ഥ. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയപ്പോള്‍ തന്റെ അലവന്‍സ് വര്‍ദ്ധിപ്പിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ട് രാജകുമാരന്‍ കൊളോണിയല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. 40 വര്‍ഷത്തോളമായി താന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തടവിലാണ് എന്നും കുടുംബപരമായ ബാധ്യതകള്‍ വര്‍ദ്ധിച്ചുവരികയാണ് എന്നും അദ്ദേഹം അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പക്ഷേ, സര്‍ക്കാര്‍ അതൊന്നും ചെവിക്കൊണ്ടില്ല. ചെലവുകള്‍ ചുരുക്കി കഴിഞ്ഞുകൂടണമെന്നാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ഉപദേശിച്ചത്. കൊളോണിയല്‍ അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് എവെലിന്‍ ബ്രിട്ടീഷ് രാജ്ഞിക്കു നേരിട്ട് കത്തെഴുതിയതായി രാജകുമാരന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനു രാജ്ഞി നേരിട്ടു സഹായം നല്‍കിയതായും അതില്‍ വിവരിക്കുന്നുണ്ട്. 

കണ്ണൂരില്‍നിന്നു വിട്ടശേഷം രാജകുമാരന്റെ സാമ്പത്തികസ്ഥിതി എന്നും പരുങ്ങലിലായിരുന്നു. കുട്ടികള്‍ കൂടി; ചെലവും വര്‍ധിച്ചു. വരുമാനം കാര്യമായി കൂടിയില്ല. അങ്ങനെ കക്ഷി വലിയ കടക്കാരനായി. ഒരുതവണ കടത്തില്‍നിന്നു താല്‍കാലിക ആശ്വാസത്തിനായി കോടതി കേറേണ്ടിയും വന്നു. അക്കഥ അക്കാലത്തു പുറത്തിറങ്ങിയ ഒരു പത്രത്തില്‍ കൗതുകവാര്‍ത്തയായി വരികയുണ്ടായി. 1892-ലെ ഒരു ലക്കത്തില്‍ ന്യൂസിലന്‍ഡിലെ നെല്‍സണ്‍ ഈവനിംഗ് മെയില്‍ ഇങ്ങനെഎഴുതി: ''ഇന്ത്യയിലെ എല്ലാ രാജകുമാരന്മാരും സമ്പത്തില്‍ കിടന്നു ഉരുളുകയാണെന്നു കരുതിയോ? തെറ്റ്. ബാംഗ്ലൂരില്‍ ഈയിടെ മുവോങ് ലാറ്റ് രാജകുമാരന്‍ സിവില്‍ കോടതിയില്‍ നല്‍കിയ അപേക്ഷ നോക്കുക: രാജകുമാരന്മാരുടെ ദുരിതം കാണാം.'' ഒരു സിവില്‍ കേസിന്റെ വിധിയില്‍, 280 രൂപയുടെ കടബാധ്യത ഉടന്‍ തീര്‍ക്കണം എന്നു കോടതി നേരത്തെ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരുന്നു. അതു പ്രതിമാസം അഞ്ചു രൂപ വീതമായി കൊടുത്തു തീര്‍ക്കാന്‍ അനുവദിക്കണം എന്നായിരുന്നു രാജകുമാരന്റെ അപേക്ഷ. തനിക്കു സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സ് വളരെ തുച്ഛമാണെന്നും അതുകൊണ്ടു വലിയ കുടുംബത്തിനു കഴിയാന്‍ തന്നെ പ്രയാസമാണെന്നും കോടതിയില്‍ അദ്ദേഹം ബോധിപ്പിച്ചു. പക്ഷേ, കോടതി വഴങ്ങിയില്ല. ചെലവ് എങ്ങനെ ചുരുക്കിയാലും കൊള്ളാം; പക്ഷേ, വിധി നടപ്പാക്കാന്‍ അവധി നല്‍കാനാവില്ല എന്നാണ് കോടതി പറഞ്ഞത്.

ഈ പ്രതിസന്ധികളുടേയും കഷ്ടപ്പാടുകളുടേയും വിധിവൈപരീത്യങ്ങളുടേയും തമാശ ബോധ്യമാകുന്ന ഒരു അനുഭവം അവസാനകാലത്ത് അദ്ദേഹത്തിന് ഉണ്ടായി. അത് 1927-ല്‍ അദ്ദേഹത്തിന്റെ 75-ാം വയസ്സില്‍ ഉണ്ടായ ഒരു അനുഭവമാണ്. അരനൂറ്റാണ്ടു മുന്‍പ് യുവാവായ ഗറില്ലാ പോരാളിയെ അറസ്റ്റ് ചെയ്തത് കേണല്‍ ലോയ്ഡ് എന്ന ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായിരുന്നു. ഒരു ദിവസം കേണല്‍ ലോയ്ഡിന്റെ പട്ടാളത്തില്‍ത്തന്നെയുള്ള മകന്‍ രാജകുമാരനെ കാണാന്‍ വന്നു. അച്ഛന്റെ പഴയ തടവുകാരനെ ചെന്നുകണ്ട് തങ്ങളോട് പൊറുക്കണമെന്നു അഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹം വരുന്നതെന്നാണ് രാജകുമാരനും കുടുംബവും കരുതിയത്. പക്ഷേ, ബ്രിട്ടീഷ് ഉദ്യോഗസ്ഥനു പറയാനുള്ളത് വേറൊരു കഥയായിരുന്നു. ഭരണകൂടത്തിന്റെ ചതിയുടെ കഥ തന്നെ അതും. കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലും ബര്‍മ്മയിലും ഒക്കെ അപകടകാരികളായ വിപ്ലവകാരികളെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു കമ്പനിവകയും പിന്നീട് ബ്രിട്ടീഷ് സര്‍ക്കാര്‍ വകയും പാരിതോഷികങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ പഴശ്ശിത്തമ്പുരാനെ വീഴ്ത്താന്‍ സഹായിച്ച രാമനാട്ടുകരയിലെ കണാരു മേനോന് അന്നു കമ്പനി ഭരണാധികാരികള്‍ റവന്യു വകുപ്പില്‍ തഹസില്‍ദാറായി പ്രൊമോഷന്‍ കൊടുത്തത് ഉദാഹരണം. തന്റെ പിതാവിനു പക്ഷേ, ആ വകയില്‍ സര്‍ക്കാരില്‍നിന്നു കിഴിയൊന്നും കിട്ടിയില്ല എന്നായിരുന്നു മകന്റെ പരാതി. ഉരല്‍ ചെന്നു മദ്ദളത്തോടു പരാതി പറയുന്ന അവസ്ഥ തന്നെ. 

ബര്‍മയിലേയ്ക്ക് വീണ്ടും

1927-ല്‍ സര്‍ക്കാര്‍ ഏതായാലും ഒരു കാര്യം ചെയ്തു. രാജകുമാരനെ ഇനിയും തടവില്‍ ഇടേണ്ട കാര്യമില്ല എന്ന് അവര്‍ നിശ്ചയിച്ചു. അതിനകം 54 വര്‍ഷങ്ങള്‍ അദ്ദേഹം ബ്രിട്ടിഷ് തടവില്‍ കഴിഞ്ഞിരുന്നു. ഒരു ജീവിതകാലം മുഴുക്കെ തടവില്‍ കഴിഞ്ഞ രാജകുമാരന്‍ വൃദ്ധനും രോഗിയുമായി മാറിക്കഴിഞ്ഞിരുന്നു. പൂര്‍ണ്ണമായും ബ്രിട്ടീഷ് നുകക്കീഴില്‍ അമര്‍ന്നുകഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജന്മനാട് പഴയ കഥകള്‍ മറന്നിരുന്നു. അതിനാല്‍ അദ്ദേഹത്തെ വിമോചിതനാക്കി സ്വന്തം നാട്ടിലേയ്ക്കു തിരിച്ചയക്കാനാണ് കൊളോണിയല്‍ അധികാരികള്‍ തീരുമാനിച്ചത്. വൈകിവന്ന ഈ തീരുമാനത്തിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നിരിക്കണം. അതിനും ഒരു പതിറ്റാണ്ടു മുന്‍പ് തന്നെ, 1916 ഡിസംബറില്‍, തിബോ രാജാവ് രത്‌നഗിരിയില്‍ അന്തരിച്ചശേഷം രാജകുടുംബം നാട്ടിലേയ്ക്ക് പോയിരുന്നു. പക്ഷേ, രാജകുടുംബത്തിന്റെ വരവ് അന്നാട്ടില്‍ വിശേഷിച്ചു യാതൊരു ഇളക്കവും ഉണ്ടാക്കിയില്ല. 

1928 ജനവരി 28-നു രാജകുമാരനും കുടുംബവും റങ്കൂണില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും കാലം മാറിക്കഴിഞ്ഞിരുന്നു. ബര്‍മ്മയില്‍ രാജകുടുംബത്തിന്റെ കുറ്റിയറ്റു കഴിഞ്ഞിരുന്നു. ഓര്‍മ്മകള്‍ അസ്തമിച്ചുപോയിരുന്നു. രാജകുമാരനും കുടുംബവും റങ്കൂണില്‍ ഇന്‍സീന്‍ പ്രദേശത്താണ് താമസിച്ചത്. പിന്നീട് വെറും എട്ടു വര്‍ഷങ്ങള്‍ മാത്രമാണ് സ്വന്തം മണ്ണില്‍ അദ്ദേഹത്തിനു കഴിഞ്ഞുകൂടാന്‍ സാധിച്ചത്. 1936 ജനുവരി 30-നു 84 വയസ്സില്‍ മുവോങ് ലാറ്റ് രാജകുമാരന്‍ ശാന്തനായി മരണം പുല്‍കി. ഇന്‍സീനിലെ കെമന്‍ഡിന്‍ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.                        

മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ യൂറോപ്പില്‍ മഹായുദ്ധം ആരംഭിച്ചു. ജര്‍മനിയുടെ ഏഷ്യന്‍ സഖ്യശക്തിയായ ജപ്പാന്‍ ബര്‍മ്മയിലേക്കു കടന്നുകയറാന്‍ തുടങ്ങി. അതോടെ ബര്‍മ്മയില്‍നിന്നും സിംഗപ്പൂരില്‍നിന്നും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേയ്ക്കു പുറപ്പെട്ടു. വനപാതകളിലൂടെ അതീവ വിഷമകരമായ സാഹചര്യങ്ങളെ നേരിട്ടാണ് ഇന്ത്യയിലേക്കുള്ള ഈ അഭയാര്‍ത്ഥി പ്രവാഹം മുന്നേറിയത്. അക്കൂട്ടത്തില്‍ രാജകുമാരന്റെ കുടുംബവും ഉണ്ടായിരുന്നു. എവെലിനും മക്കളും റങ്കൂണ്‍ വിട്ടു കല്‍ക്കത്ത വഴി മദ്രാസിലെത്തി. അവിടെ ഗോഡ്ഫ്രെ കുടുംബത്തിലെ പലരും അപ്പോഴും കഴിയുന്നുണ്ടായിരുന്നു. അവിടെവച്ച് എവലിനും ജീവിതത്തോട് വിടപറഞ്ഞു. യുദ്ധാവസാനത്തിനു തൊട്ടുമുന്‍പ്, 1945 ജനുവരി എട്ടിനാണ് അവര്‍ അന്ത്യയാത്ര പറഞ്ഞത്. മദിരാശിയിലെ സെന്റ് തോമസ് മൗണ്ട് സെമിത്തേരിയിലാണ് അവരുടെ അന്ത്യവിശ്രമം. അരനൂറ്റാണ്ട് മുന്‍പ് അവരുടെ മാതാവ് ഹെന്റിയെറ്റയും അതേ സെമിത്തേരിയില്‍ത്തന്നെയാണ് അടക്കപ്പെട്ടത്. രാജകുമാരന്റെ മക്കള്‍ യുദ്ധശേഷം പല തൊഴിലുകള്‍ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി. തിബോരാജാവിന്റെ മക്കളെപ്പോലെ അവരും തങ്ങളുടെ രാജകീയ പാരമ്പര്യങ്ങളെക്കുറിച്ചു മറക്കാനാണ് താല്പര്യപ്പെട്ടത്. 

മുവോങ് ലാറ്റ് രാജകുമാരന്റെ ജീവിതത്തിലെ അത്ഭുതകരമായ കാര്യം സ്വന്തം ജീവിതത്തില്‍ 54 വര്‍ഷം അദ്ദേഹം ബ്രിട്ടീഷ് തടവുകാരനായി കഴിഞ്ഞുകൂടിയെങ്കിലും ഒരിക്കല്‍പ്പോലും ബ്രിട്ടീഷ് അധികാരികള്‍ അദ്ദേഹത്തോട് തങ്ങള്‍ ചെയ്ത അതിക്രമത്തില്‍ പരിതാപം കാണിച്ചില്ല എന്നത് സത്യമാണ്. മുവോങ് ലാറ്റ് രാജകുമാരന്റെ മക്കളില്‍ ഒരാളായ റീന മുവോങ് ലാറ്റ് പിന്നീട് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു താമസം മാറ്റി. അവരുടെ മകള്‍ എലെയ്ന്‍ വീണ്ടും ഒരു അരനൂറ്റാണ്ട് കഴിഞ്ഞു തന്റെ വലിയച്ഛനെക്കുറിച്ചു എഴുതിയ കുറിപ്പുകള്‍ മാത്രമാണ് ഇന്നും ഈ പോരാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു നല്‍കുന്നത്. കണ്ണൂരില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി അവശേഷിക്കുന്നത് സെന്റ് ജോണ്‍ പള്ളിയിലെ മരണ രജിസ്റ്ററില്‍ കാണുന്ന ഒരു കുറിപ്പു മാത്രമാണ്. അന്ന് അവിടെ അടക്കിയ കുട്ടിയുടെ ശവകുടീരം തേടി പലതവണ നടന്നിട്ടും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ, അങ്ങനെയൊരു സ്മാരകശില കുട്ടിക്കു നല്‍കാന്‍ ബര്‍മ്മയിലെ കിരീടാവകാശിക്കു അന്നു സാധിച്ചില്ലെന്നും വന്നിരിക്കാം.
പിന്‍കുറിപ്പ്: രാജകുമാരന്റെ കുടുംബത്തിന്റെ പില്‍ക്കാല ജീവിതത്തെക്കുറിച്ച് അന്വേഷിക്കവേ, അമേരിക്കയില്‍ ജീവിക്കുന്ന മൊയ്‌റ ബ്രീന്‍ എന്ന സ്ത്രീയുമായി ഞാന്‍ ബന്ധപ്പെടാനിടയായി. ഇപ്പോള്‍ 95 വയസ്സുള്ള ബ്രീന്‍, അവരുടെ കുടുംബവും മുവോങ് ലാറ്റ് കുടുംബവുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ഓര്‍മ്മിച്ചു. മൊയ്‌റ ബ്രീന്‍ അയച്ചുതന്ന കുറിപ്പില്‍നിന്ന്: എന്റെ അമ്മ നോറ മിഡില്‍ട്ടണ്‍ മലേഷ്യയിലെ പെനാങിലാണ് ജനിച്ചത്; 1902-ല്‍. അമ്മയുടെ അച്ഛന്‍ ഹെന്റി മിഡില്‍ട്ടണ്‍ അവിടെ കേബിള്‍ കമ്പനി ജീവനക്കാരനായിരുന്നു. 1913-ല്‍ സ്ഥലംമാറ്റമായി അദ്ദേഹം കുടുംബസമേതം മദ്രാസിലെത്തി. അവിടെ  ഹൈസ്‌കൂളില്‍ അമ്മയുടെ കൂട്ടുകാരിയായിരുന്നു രാജകുമാരന്റെ മകള്‍ റീന മുവോങ് ലാറ്റ്. പിന്നീട് കൂട്ടുകാര്‍ പലവഴിക്കു പിരിഞ്ഞുപോയി. വര്‍ഷങ്ങള്‍ക്കുശേഷം റീന നീലഗിരിയിലെ കൂനൂരില്‍ താമസിക്കുന്നുണ്ടെന്നു കേട്ടറിഞ്ഞ അമ്മ പഴയ സുഹൃത്തിനെ കാണാന്‍ അങ്ങോട്ട് പോയി. അന്ന് അമ്മയുടെ കൂടെ ഞാനും പോയിരുന്നു. വൈകാരികമായ ഒരു കൂടിച്ചേരല്‍. പിന്നീട് റീനയും കുടുംബവും ഇംഗ്ലണ്ടിലേക്കു പോയി; 1947-നു ശേഷം ഞങ്ങളും ഇന്ത്യ വിട്ടു. പിന്നീട് ഒരിക്കലും അവരുടെ കുടുംബവുമായി ഞങ്ങള്‍ക്കു ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com