ആരോരുമറിയാതെ മാഞ്ഞുമറഞ്ഞ ഒരാള്‍: എംസി ജേക്കബിനെക്കുറിച്ച് കുര്യന്‍ തോമസ് എഴുതുന്നു

സഖാവ് എം.സി. ജേക്കബും ഓര്‍മ്മയാവുമ്പോള്‍ അറ്റുപോകുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതി മുതല്‍ മദ്ധ്യതിരുവിതാംകൂര്‍ കണ്ട പഴയ കമ്യൂണിസ്റ്റ് ജീവിതശൃംഖലയിലെ അവസാന കണ്ണികളില്‍ ഒന്നുകൂടിയാണ്.
ആരോരുമറിയാതെ മാഞ്ഞുമറഞ്ഞ ഒരാള്‍: എംസി ജേക്കബിനെക്കുറിച്ച് കുര്യന്‍ തോമസ് എഴുതുന്നു

മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ ആരംഭം മുതല്‍ കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന പഴയ തലമുറ ഇനി ഓര്‍മ്മകളില്‍ മാത്രം. കോട്ടയത്തെ എം. കെ. ജോര്‍ജ്, വി.ആര്‍. കുമാരന്‍, കെ.എം. ഏബ്രഹാം, പുതുപ്പള്ളിയിലെ ഇ.എം. ജോര്‍ജ്, ചങ്ങനാശ്ശേരിയില്‍ സെയ്ദ് മുഹമ്മദ്, വി.ആര്‍. ഭാസ്‌കരന്‍, കിഴക്കന്‍ മേഖലയില്‍ എം.ജി. കരുണാകരന്‍ നായര്‍, എം.ജി. രാമചന്ദ്രന്‍, വൈക്കത്ത് കെ. വിശ്വനാഥന്‍, കടുത്തുരുത്തിയില്‍ കെ.കെ. ജോസഫ്... ഒടുവില്‍ എം.സിയും. അരങ്ങൊഴിഞ്ഞ തലമുറയില്‍ അവശേഷിക്കുന്നതു പി.എന്‍. പ്രഭാകരന്‍ മാത്രം. നേതാക്കള്‍ ജയിലില്‍ കിടന്നു മത്സരിച്ച 1965-ലെ തെരഞ്ഞെടുപ്പില്‍ ഉശിരുള്ള പ്രഭാഷകനായി കടന്നുവന്ന നേതാവാണ് വൈക്കം വിശ്വന്‍.

പുതുതലമുറയ്ക്ക് എം.സി. എന്ന രണ്ടക്ഷരമായി മാറിയ മരോട്ടിപ്പുഴ ചെറിയാന്‍ ജേക്കബ് പലരേയും പോലെ പഴയൊരു കമ്യൂണിസ്റ്റ് നേതാവ്. വയസ്സുകാലത്ത് താന്‍ രചിച്ച ചരിത്രത്തെക്കുറിച്ച് സ്വകാര്യ ചടങ്ങുകളില്‍ പഴയ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും വാതോരാതെ സംസാരിക്കുമായിരുന്ന വയോധികന്‍.

എന്നാല്‍, കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടേയും പോഷക സംഘടനകളുടേയും കോട്ടയം ജില്ലാ നേതൃനിരയില്‍നിന്നു അറിയാതെ മാഞ്ഞുമറഞ്ഞ എം.സി. എന്ന വെളുത്ത കട്ടിമീശക്കാരന്‍ കുറിയ മനുഷ്യന്‍ നഗരക്കാഴ്ചയില്‍ വരച്ചിട്ട ഒരു ചിത്രമുണ്ട്. ഇടതുകൈയില്‍ കോര്‍ത്തിട്ടിരിക്കുന്ന കറുത്തബാഗും തോളില്‍ തൂക്കിയ വളഞ്ഞ പിടിയുള്ള കാലന്‍കുടയുമൊക്കെ ധരിക്കുന്ന കോളറില്ലാത്ത കാവി മുറിക്കയ്യന്‍ ജുബ്ബപോലെ മായാത്ത ആ ചിത്രത്തില്‍ എപ്പോഴുമുണ്ട്.
രാവിലെ സ്വകാര്യ ബസില്‍ ഒറവക്കല്‍, മണര്‍കാട് വഴി കോട്ടയത്തേക്ക്. സ്റ്റാന്‍ഡില്‍ ബസിറങ്ങിയാല്‍ ഉടുമുണ്ട് മടക്കിക്കുത്തി വഴിയിലും കടകളിലും കാണുന്ന പരിചയക്കാരോടു കുശലം പറഞ്ഞു നേരെ ഊട്ടി ലോഡ്ജിലെ ഇടതുമുന്നണി ഓഫീസിലേക്ക്.

പിന്നെ തിരുനക്കര അമ്പലത്തിന്റെ വടക്കേ നടക്കു താഴെ സമൂഹമഠത്തിനരികിലെ പാര്‍ട്ടി ഓഫീസിലേക്ക്. ഉച്ചയ്ക്ക് ഊണും വൈകുന്നേരം ചായയും കൂടെയുള്ളവരേയും കൂട്ടി ആനന്ദമന്ദിരത്തില്‍നിന്നോ ഇന്ദ്രപ്രസ്ഥത്തില്‍നിന്നോ.
രാത്രി ഓഫീസില്‍ തങ്ങിയില്ലെങ്കില്‍ അവസാന വണ്ടിക്കു വന്ന വഴിതന്നെ മടക്കം. ഇതാണ് പതിവു ദിനചര്യ. പിന്നെ സമ്മേളനങ്ങള്‍, സവാരികള്‍, സമരങ്ങള്‍. ഇങ്ങനെ നാലു പതിറ്റാണ്ടിലേറെ നീണ്ടതായിരുന്നു സംശുദ്ധമായ ആ രാഷ്ട്രീയ ജീവിതം.

കല്‍ക്കട്ടയിലെ വൈദികപഠനം

കോട്ടയം ഒവക്കല്‍ വടക്കമണ്ണര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകക്കാര്‍ മരോട്ടിപ്പുഴ ചെറിയാന്റെ മകന്‍ ജേക്കബെന്ന കുട്ടപ്പനെ  പട്ടക്കാരനാക്കാനായിരുന്നു കല്‍ക്കട്ടക്ക് പറഞ്ഞയച്ചത്. 1951-കളുടെ തുടക്കത്തില്‍ തിരുവനന്തപുരത്തെ മാര്‍ ഈവാനിയോസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കി കുട്ടപ്പന്‍ വന്നപ്പോഴായിരുന്നു പിതാവ് ചെറിയാന്റെ അംഗീകാരത്തോടെ ഈ തീരുമാനം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും എം.സിയുടേയും ജന്മദിനം ഒരേ ദിവസം. ജനുവരി 23. കല്‍ക്കട്ടാ സെമിനാരിയില്‍ നേതാജിയുടെ ജന്മദിനത്തില്‍ ജനിച്ച വൈദിക വിദ്യാര്‍ത്ഥിക്ക് ലഭിച്ച ആദരവ് എം.സിയെ ആവേശഭരിതനാക്കി. എന്നാല്‍, വംഗനാടിന്റെ സിരകളിലെ സോഷ്യലിസ്റ്റ് സന്ദേശങ്ങളായിരുന്നു സെമിനാരി ചുവരിനുള്ളിലെ കാനോനിക കല്പനകളെക്കാള്‍ എം.സിയുടെ മനസ്സില്‍ പതിഞ്ഞത്. തന്റെ കര്‍മ്മരംഗം അതല്ല എന്ന് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ എം.സി തിരിച്ചറിഞ്ഞു.

സെമിനാരിയില്‍ ചെല്ലുന്നില്ല എന്ന് വീട്ടിലറിഞ്ഞതോടെ വീട്ടുകാര്‍ അന്വേഷണമായി. കല്‍ക്കട്ടയില്‍ ബിസിനസ്സുകാരായ തിരുവല്ലക്കാരോട് വീട്ടില്‍നിന്നു പണവുമായി മടങ്ങി വരുമെന്ന് പറഞ്ഞ് എം.സി നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ അദ്ദേഹത്തെ 1953-ല്‍ പാമ്പാടി എം.ജി.എം സ്‌കൂളില്‍ അപ്പനും അമ്മാച്ചനും കൂടി സാമൂഹികശാസ്ത്ര അദ്ധ്യാപകനാക്കി. എന്നാല്‍, അതും എം.സിക്കു പെട്ടെന്ന് മടുത്തു. പിന്നെ കുറേക്കാലം കുടുംബസ്വത്തായ മുപ്പതേക്കറില്‍ കൃഷിയായി പ്രധാന പണി.

രാഷ്ട്രീയത്തിലേക്ക്

അച്ചന്‍പട്ടത്തിനു കല്‍ക്കട്ടയില്‍ പോയി സോഷ്യലിസ്റ്റായി നാട്ടില്‍ മടങ്ങിയെത്തിയ കുട്ടപ്പനെ കോട്ടയത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ സി.എസ്. ഗോപാലപിള്ളയ്ക്കു പരിചയപ്പെടുത്തിയത് താന്നിക്കല്‍ സണ്ണിച്ചായനാണെന്നാണ് കേള്‍വി. അങ്ങനെ അദ്ധ്യാപക വൃത്തി ഉപേക്ഷിച്ച എം.സി. മുഴവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി.
1955-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1957-ല്‍ അയര്‍ക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റും ആക്ടിംഗ് പ്രസിഡന്റുമായി. 1960-ല്‍ എം.സി. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായി.

വിമോചനസമരത്തിനും ആദ്യ ഇ.എം.എസ്. മന്ത്രിസഭയുടെ പിരിച്ചുവിടലിനും ശേഷം 1960 ഫെബ്രുവരി ഒന്നിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ മണ്ഡലത്തില്‍ പി.ടി. ചാക്കോയെ നേരിടാന്‍ പാര്‍ട്ടി നിയോഗിച്ചത് എം.സിയെ ആയിരുന്നു. എം.സിയുടെ ബാലറ്റിലെ പേര് ജേക്കബ് ചെറിയാന്‍. പി.ടി. ചാക്കോയ്ക്ക് 30745 വോട്ട് ലഭിച്ചു. എം.സിക്കു 15644 വോട്ട്. വിമോചനസമരത്തിന്റെ തുടര്‍ച്ചയായി ക്രിസ്ത്യന്‍ മേഖലകളില്‍ പാര്‍ട്ടിക്കെതിരായ വന്‍ പ്രചാരണം നടത്തിയിട്ടും മുന്‍തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ 13462 നേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ അധികം.

പാര്‍ട്ടി പിളര്‍ന്നപ്പോള്‍

1964-ല്‍ പാര്‍ട്ടി പിളരുമ്പോള്‍ ഇന്നത്തെ കോട്ടയവും ഇടുക്കിയും ചേര്‍ന്ന ജില്ലയിലെ കോട്ടയം ഭാസി, സി.കെ. വിശ്വനാഥന്‍, കെ.ടി. ജേക്കബ്, അഡ്വ. രാഘവക്കുറുപ്പ്,  പി.എസ്. ശ്രീനിവാസന്‍, പി.പി. ജോര്‍ജ് തുടങ്ങി ഒട്ടുമിക്ക മുന്‍നിര നേതാക്കളും സി.പി.ഐയോടൊപ്പമായിരുന്നു. എം.കെ. ജോര്‍ജ്, ഇ.എം. ജോര്‍ജ്, എം.ജി. രാമചന്ദ്രന്‍, കെ.എം. എബ്രഹാം, എം.ജി. കരുണാകരന്‍ നായര്‍,  കെ.കെ.  ജോസഫ്, വി.കെ. ഗോപിനാഥന്‍, സെയ്ദ് മുഹമ്മദ്, വി.ആര്‍. ഭാസ്‌കരന്‍ എന്നിവരെപ്പോലെ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സ്വന്തം ജീവിതത്തിന്റെ നല്ല നാളുകള്‍ എം.സിയും മാറ്റിവച്ചു.

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സ്വന്തമായി ജില്ലാ കമ്മിറ്റി ഓഫീസ് ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് പഴയ പൊലീസ് സ്റ്റേഷനു പിന്നിലെ ചെറിയ മോട്ടോര്‍ തൊഴിലാളി ഓഫീസും പോസ്റ്റ് ഓഫീസ് റോഡില്‍  ഇപ്പോള്‍ ദേശാഭിമാനി ബുക്ക് ഹൗസ് പ്രവര്‍ത്തിക്കുന്ന ഒറ്റമുറി ടൗണ്‍ ഓഫീസും.
ആലോചനയ്ക്കിടയിലാണ് തിരുനക്കര അമ്പലത്തിന്റെ വടക്കേനടയില്‍ സമൂഹമഠത്തിനടുത്തുള്ള ഭാസ്‌കരന്‍ നായരുടെ കെട്ടിടത്തെപ്പറ്റി അറിയുന്നത്. പത്രത്തിനെന്ന പേരില്‍ ദേശാഭിമാനി പണിക്കരാണ് ഈ മുറി വീട്ടുടമയോട് വാടകയ്ക്ക് ചോദിക്കുന്നത്. പാര്‍ട്ടിക്കും ദേശാഭിമാനിക്കും തരില്ല എന്ന് വീട്ടുടമ പറഞ്ഞു. സുഹൃത്തായ പുളിമൂട് ജംഗ്ഷനിലെ കച്ചവടക്കാരന്‍വഴി വീണ്ടും സമീപിക്കുന്നു. ഒരു കുട്ടപ്പനും കോട്ടയത്ത് സബ് രജിസ്ട്രാറായ ഭാര്യക്കും താമസിക്കാനാണ് ചോദിച്ചത്. എഗ്രിമെന്റ് എഴുതാന്‍ എത്തിയപ്പോഴാണ് കുട്ടപ്പന്‍ എം.സി. ജേക്കബ് ആണ് എന്ന് തിരിച്ചറിഞ്ഞത്. ഒടുവില്‍ കുട്ടപ്പനെ ഇഷ്ടമായ വീട്ടുടമ ചോദിച്ച 80 രൂപ വാടകയില്‍ പത്ത് രൂപ കുറച്ച് 70 രൂപയ്ക്കു വീട് വാടകയ്ക്കു നല്‍കി.

വീട്ടുടമയുടെ അനുവാദത്തോടെയാണ് വീട് പിന്നീട് ദേശാഭിമാനി പണിക്കരുടെ ആസ്ഥാനമായി മാറിയതും. വീട്ടുടമയുടെ മരണത്തെ തുടര്‍ന്ന് മകന്‍ വീട് വിറ്റപ്പോള്‍ ചോദിച്ച വിലയില്‍ 2000 രൂപ കുറച്ച് പാര്‍ട്ടിക്കായി വാങ്ങുകയായിരുന്നു. അതാണ് പാര്‍ട്ടിയുടെ ആദ്യ ജില്ലാ കമ്മിറ്റി ഓഫീസായ സി.എസ്. മന്ദിരം. എം.എം. വര്‍ക്കിക്കായിരുന്നു ഓഫീസിന്റെ ചുമതല. പിന്നീട് ചില്‍ഡ്രന്‍സ് ലൈബ്രറിക്കടുത്ത് പുതിയ ആസ്ഥാനമന്ദിരം പണിഞ്ഞപ്പോള്‍ സി.എസ്. മന്ദിരം സി.ഐ.ടി.യു ഓഫീസായി.

അറസ്റ്റുകള്‍
ചൈനീസ് യുദ്ധകാലത്ത് 

1962-ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിരുന്നില്ല. 1964-ല്‍ ഇ.എം.എസും ദേശീയ കൗണ്‍സിലിലെ ഒരു വിഭാഗവും ചൈനാ ചാരന്മാരായി മുദ്രകുത്തപ്പെടുകയും പാര്‍ട്ടി നേതാക്കള്‍ വിയ്യൂര്‍ ജയിലില്‍ കൂട്ടമായി അടക്കപ്പെടുകയും ചെയ്തു. അങ്ങനെ 1964 ഡിസംബര്‍ 29-നു എം.സി. ജേക്കബ്ബും അറസ്റ്റിലായി. അന്ന് പി. സുന്ദരയ്യയും ബാസവ പുന്നയ്യയും പി. രാമമൂര്‍ത്തിയും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമൊക്കെ എം.സിയുടെ സഹത്തടവുകാരായിരുന്നു.
രണ്ടര വര്‍ഷത്തെ ജയില്‍വാസം, ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുമായിരുന്ന എം.സിയെ ഇവരുടെയൊക്കെ പ്രിയങ്കരനാക്കി. ഇവരില്‍ പലര്‍ക്കും പാര്‍ട്ടി ക്ലാസ്സുകളില്‍ പലപ്പോഴും പരിഭാഷകനും എം.സിയായിരുന്നു. മുതിര്‍ന്ന നേതാക്കന്മാരോടുള്ള ഊഷ്മളമായ ബന്ധം അവരുടെയൊക്കെ അവസാനംവരെ എം.സി നിലനിര്‍ത്തി.

അടിയന്തരാവസ്ഥയില്‍

1975 ജൂണ്‍ 26-നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ കേരളത്തിലെ ആദ്യ പ്രകടനം തിരുവനന്തപുരത്ത് നടന്നപ്പോള്‍ അന്നത്തെ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് എ.കെ.ജിയോടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ.എം.എസ്സിനോടുമൊപ്പം എം.സിയേയും കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് എം.സിയെ പൊലീസ് അറസ്റ്റ് ചെയ്തത് സംഭവത്തിനു ദൃക്സാക്ഷിയായ അന്നത്തെ  വിദ്യാര്‍ത്ഥി നേതാവ് പി.ജെ. സെബാസ്റ്റ്യന്‍ എഴുതിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാനിടയുള്ളതിനാല്‍ നേതാക്കള്‍ ഒളിവില്‍ പോകാനോ ഓഫീസില്‍നിന്നും മാറിനില്‍ക്കാനോ നിര്‍ദ്ദേശം വന്നു. എം.എം. വര്‍ക്കിയോടൊപ്പം സെബാസ്റ്റ്യനും ഓഫീസിലെ സ്ഥിരം അന്തേവാസി.

ഒളിവില്‍ പോകാന്‍ മുകളില്‍നിന്നു നിര്‍ദ്ദേശം ലഭിച്ച എം.സി ഇത്തരം സാഹചര്യങ്ങളില്‍ സഖാക്കള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് വിവരിക്കുന്നതിനിടയിലാണ് ഓഫീസിനു താഴെ വഴിയില്‍ എന്‍ജിന്‍ ഓഫാക്കാത്ത പഴയ നീലവണ്ടിയുടെ തുറന്നിട്ട വാതിലില്‍ പിടിച്ചുനിന്ന അന്നത്തെ സി.ഐ. നരേന്ദ്രന്റെ വിളി,  ''എം.സി സാറേ ഇങ്ങു പോരൂ...''  എം.സിയെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുചെല്ലുമ്പോള്‍ അന്നത്തെ ജില്ലാ കമ്മിറ്റിയിലെ ഒരു നിരയാളുകള്‍ അവിടെയുണ്ടായിരുന്നു. പിന്നെ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നവരെ രണ്ടര വര്‍ഷക്കാലം ജയിലില്‍. 1955-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായതു മുതല്‍ 1996 വരെയുള്ള നീണ്ട 42 വര്‍ഷക്കാലത്ത് 1968-69 ല്‍ ചെറിയൊരു ഇടവേളയിലൊഴികെ ജില്ലാക്കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും എം.സി അംഗമായിരുന്നു. 1967-ലെ സപ്തകക്ഷി മുന്നണി മുതല്‍ മുന്നണി ജില്ലാ കണ്‍വീനര്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ സമിതിയംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എം.സി. പ്രകൃതിയെ സ്‌നേഹിക്കുകയും പാവങ്ങളോടൊപ്പം ജീവിക്കുകയും ചെയ്തു.

കുടുംബസ്വത്തില്‍ ഒടുവില്‍ ശേഷിച്ച ഒന്നര ഏക്കറില്‍ മാതൃകാ കര്‍ഷകനായി ഒതുങ്ങിയ എം.സി. വീട്ടിലെത്തുന്നവര്‍ക്ക് തൊടിയില്‍ താന്‍ വിളയിച്ച പഴങ്ങളും വീട്ടില്‍ താനുണ്ടാക്കിയ പഴച്ചാര്‍ പാനീയങ്ങളും മാത്രമല്ല, മടങ്ങുമ്പോള്‍ വീട്ടുമുറ്റത്തെ ബോണ്‍സായി മരത്തിലെ  ഓറഞ്ചുകളും നല്‍കുമായിരുന്നു.
അരീപ്പറമ്പ് സ്‌കൂളിനു കെട്ടിടനിര്‍മ്മാണം, നാട്ടിലെ കുടിവെള്ള പദ്ധതിക്കു നേതൃത്വം, സ്വന്തം ഭൂമിയില്‍ 15-ല്‍ പരം ഭവനരഹിതര്‍ക്ക് വീട്... ഇവ കണക്കെടുക്കാത്ത കൈത്താങ്ങലുകള്‍ക്ക് ഇടയില്‍നിന്ന് കണ്ടെത്താനായ ഇരുചെവിയറിയാത്ത ചില എം.സി. ഇടപെടലുകള്‍. 

കേരള ക്രൈസ്തവ ചരിത്രം

ഇ.എം.എസ്സാണ് കേരള ക്രൈസ്ത്രവ ചരിത്രം ചരിത്രവിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടില്‍ കുട്ടപ്പന്‍ എഴുതണമെന്ന് എം.സിയോട് ആവശ്യപ്പെട്ടത്. എഴുതിത്തീര്‍ത്ത ചരിത്രം പ്രസിദ്ധീകരിക്കാതെ ഇ.എം.എസ്സിന്റെ കുട്ടപ്പന്‍ വിടവാങ്ങി.
സെപ്റ്റംബര്‍ 14 രാവിലെ ഒന്‍പതര മണിക്ക് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എം.സി. ഓര്‍മ്മയായി മാറി. സെപ്റ്റംബര്‍ 16 തിങ്കളാഴ്ച നടന്ന സംസ്‌കാര ചടങ്ങുകള്‍ വേര്‍പാടിനേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു.
പള്ളിയില്‍ അടക്കുന്നത് സംബന്ധമായ അസ്വാരസ്യങ്ങള്‍. കുടിശ്ശികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍. കൃത്യമായ അറിയിപ്പുകളുടേയും തയ്യാറെടുപ്പുകളുടേയും അഭാവം. മക്കളില്ലാതെ മരിച്ച മനുഷ്യനുവേണ്ടി ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നോക്കാന്‍ ആളില്ലാത്തതിന്റെ കുറവ്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ ചെറിയകൂട്ടം പള്ളിക്കുള്ളില്‍ കൊള്ളാനില്ലായിരുന്നു. കുറേക്കൂടി മെച്ചപ്പെട്ട അന്ത്യയാത്രയയപ്പ് എം.സി. അര്‍ഹിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com