കശ്മീര്‍ പ്രശ്‌നവും ഇന്ത്യാ പാകിസ്താന്‍ ബന്ധങ്ങളും: പ്രൊഫസര്‍ ബി വിവേകാനന്ദന്‍ എഴുതുന്നു

ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദ് ചെയ്ത് ജമ്മു കശ്മീരിനു താല്‍ക്കാലികമായി നല്‍കിയിരുന്ന പ്രത്യേകപദവി അവസാനിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ പ്രശ്‌നം ചൂടേറിയ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
കശ്മീര്‍ പ്രശ്‌നവും ഇന്ത്യാ പാകിസ്താന്‍ ബന്ധങ്ങളും: പ്രൊഫസര്‍ ബി വിവേകാനന്ദന്‍ എഴുതുന്നു


ന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദ് ചെയ്ത് ജമ്മു കശ്മീരിനു താല്‍ക്കാലികമായി നല്‍കിയിരുന്ന പ്രത്യേകപദവി അവസാനിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ പ്രശ്‌നം ചൂടേറിയ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കശ്മീരിനുവേണ്ടി ഏതറ്റവും പോകാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പ്രസ്താവിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഈ പ്രശ്‌നമെന്താണെന്നും ഇതെങ്ങനെ പരിഹരിക്കാമെന്നും പരിശോധിക്കാം.

1947 ആഗസ്റ്റ് 15-ന് ഇന്ത്യയും പാകിസ്താനും വിഭജിക്കപ്പെട്ട രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, ഒരു നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീര്‍ ഇന്ത്യയിലോ പാകിസ്താനിലോ ചേരാതെ സ്വതന്ത്രമായി നിലകൊണ്ടു. എന്നാല്‍, ഈ സ്വതന്ത്ര നിലപാട് അധികകാലം നിലനിര്‍ത്താന്‍ ജമ്മു കശ്മീരിനു സാധിച്ചില്ല. 1947 ഒക്ടോബര്‍ 20-ന് പാകിസ്താന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്ന് കുറെ സായുധ ഗോത്രവര്‍ഗ്ഗക്കാര്‍, പാകിസ്താന്‍ അര്‍ദ്ധസൈനികരുടെ ഒത്താശയോടെ, ജമ്മു കശ്മീരിനെ ആക്രമിച്ചു. എന്നാല്‍, ഈ കൊള്ളക്കാരെ ഫലപ്രദമായി തടയാനും അവരെ തിരിച്ചോടിക്കാനുമുള്ള ശേഷി ജമ്മു കശ്മീര്‍  രാജാവ് ഹരിസിങ്ങിനുണ്ടായിരുന്നില്ല. ഇത് അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് ജമ്മു കശ്മീരില്‍ സൃഷ്ടിച്ചത്. ഈ സാഹചര്യത്തില്‍, ജമ്മു കശ്മീര്‍ രാജാവ് മഹാരാജാ ഹരിസിങ്, പാകിസ്താനില്‍നിന്നും വന്ന സായുധ ഗോത്രവര്‍ഗ്ഗക്കാരെ തുരത്തി ഓടിക്കുന്നതിന് ഇന്ത്യന്‍ സേനയുടെ സഹായം അഭ്യര്‍ത്ഥിച്ചു. അതിനു മറുപടിയായി, അന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മഹാരാജാ ഹരീസിംഗിനെ അറിയിച്ചത്, മറ്റു നാട്ടുരാജ്യങ്ങള്‍ ചെയ്തതുപോലെ ജമ്മു കശ്മീരും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സേനയെ ജമ്മു കശ്മീരില്‍ അയയ്ക്കാമെന്നാണ്.

നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനുള്ള ഒരു മാനദണ്ഡം അപ്പോള്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. അതനുസരിച്ച് നാട്ടുരാജ്യത്തിന്റെ രാജാവും അതിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവും ഒരുമിച്ചു സമ്മതിച്ചാല്‍, ഇന്ത്യന്‍ യൂണിയനില്‍ ആ രാജ്യത്തിന്റെ ലയനം പൂര്‍ണ്ണവും അന്തിമവുമായിരിക്കും എന്നാണ്. ജമ്മു കശ്മീരിലെ അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടി ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ആയിരുന്നു. അതുകൊണ്ട്, വ്യവസ്ഥാപിത മാനദണ്ഡപ്രകാരം, മഹാരാജാ ഹരിസിങ്ങും ഷെയ്ഖ് അബ്ദുള്ളയും ഒന്നുചേര്‍ന്ന് ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ തീരുമാനിക്കുകയും അതനുസരിച്ചുള്ള ലയനപത്രം 1947 ഒക്ടോബര്‍ 26-ന് ഒപ്പുവെയ്ക്കുകയും ചെയ്തു.

മഹാരാജ ഹരിസിങ്
മഹാരാജ ഹരിസിങ്


അതോടെ ജമ്മു കശ്മീരിന്റെ എല്ലാ ഭാഗങ്ങളും അതായത്, പാകിസ്താന്റെ അന്താരാഷ്ട്ര അതിര്‍ത്തിവരെയുള്ള എല്ലാ ഭാഗങ്ങളും നിയമപരമായി ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിത്തീര്‍ന്നു. അതുകൊണ്ട്, നിയമപരമായി പാകിസ്താന് ജമ്മു കശ്മീരില്‍ ഒരവകാശവുമില്ല. അതുകൊണ്ടുതന്നെ പാകിസ്താന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം ജമ്മു കശ്മീരിന്റെ ഏതെങ്കിലും ഭാഗത്തുണ്ടെങ്കില്‍, അത് പാകിസ്താന്റെ അനധികൃതമായ കയ്യേറ്റം മാത്രമാണ്. അതു സമാധാനപരമായിത്തന്നെ അവസാനിപ്പിക്കണം.

ജമ്മു കശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതിനെതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരിലെത്തി, പാകിസ്താനില്‍നിന്നുള്ള സായുധ ഗോത്രവര്‍ഗ്ഗ ആക്രമണകാരികള്‍ക്കെതിരെ നടപടികള്‍ തുടങ്ങി. ഇക്കാര്യം മനസ്സിലാക്കിയ ആക്രമണകാരികള്‍, 1948 മേയ് മാസത്തിനു മുന്‍പുതന്നെ ഇന്ത്യന്‍ സൈനികരുടെ പിടിയലകപ്പെടാതിരിക്കാന്‍, കശ്മീര്‍ താഴ്വരയില്‍നിന്നും പാകിസ്താന്റെ അന്താരാഷ്ട്ര അതിര്‍ത്തിക്കുള്ളില്‍ രക്ഷനേടി.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഈ സംഭവങ്ങളെല്ലാം കശ്മീരില്‍ 1947 ഒക്ടോബര്‍ മുതല്‍ നടക്കുമ്പോള്‍, പാകിസ്താന്‍ ഒരിക്കലും കശ്മീരില്‍ ഒരവകാശവാദവും ഉന്നയിച്ചിരുന്നില്ല എന്നുള്ളതാണ്. കൂടാതെ, ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, 1948 ജനുവരി ഒന്നിന് പാകിസ്താനില്‍നിന്നുള്ള സായുധ ഗോത്രവര്‍ഗ്ഗ കൊള്ളക്കാര്‍ ജമ്മു കശ്മീരില്‍ നടത്തിയ ആക്രമണവിഷയം ഉന്നയിച്ച്, പാകിസ്താന്‍ ഈ ആക്രമണത്തില്‍ പങ്കെടുക്കുകയോ, ആക്രമണകാരികളെ സഹായിക്കുകയോ ചെയ്യരുതെന്ന് പാകിസ്താന് യു.എന്‍. രക്ഷാസമിതി നിര്‍ദ്ദേശം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍, അതിനു മറുപടിയായി 1948 ജനുവരി 15-ാം തീയതി പാകിസ്താന്‍ രക്ഷാസമിതിയെ അറിയിച്ചത് ഗോത്രവര്‍ഗ്ഗ കൊള്ളക്കാരുടെ ആക്രമണത്തില്‍ പാകിസ്താന് ഒരു പങ്കുമില്ല എന്നായിരുന്നു.

ജനഹിത പരിശോധനയും സമവായവും

മൂന്നു വീഴ്ചകളാണുണ്ടായത്. ഒന്നാമതായി, അദ്ദേഹം ആരും ആവശ്യപ്പെടാതെതന്നെ ജമ്മു കശ്മീരില്‍ ഒരു ഹിതപരിശോധന നടത്തും എന്ന് സ്വയം പ്രസ്താവന നടത്തിയതാണ്. എന്നാല്‍, ഈ പ്രസ്താവന അര്‍ത്ഥശൂന്യമായി പരിണമിച്ചു. കാരണം, സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്, ഇതിനുവേണ്ടി ഒരു യു.എന്‍ പ്രമേയം ഉണ്ടായിട്ടുപോലും അതു നടപ്പിലായില്ല. എങ്കിലും, അന്താരാഷ്ട്ര വേദികളില്‍ ഇതിനെ ഇന്ത്യക്കെതിരെ പ്രയോഗിക്കാനുള്ള ഒരായുധമാക്കി പാകിസ്താന്‍ നിരന്തരം ഉപയോഗിച്ചു.
മറ്റൊരു പ്രശ്‌നം ഇന്ത്യയുടെ തികച്ചും ആഭ്യന്തര കാര്യമായ ഒരു സംസ്ഥാനത്തിന്റെ സുരക്ഷാപ്രശ്‌നം, യു.എന്‍. രക്ഷാസമിതിയില്‍ അവതരിപ്പിച്ച് അതൊരു അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റി.

ഷെയ്ഖ് അബ്ദുള്ള
ഷെയ്ഖ് അബ്ദുള്ള

ഇവയില്‍, നെഹ്റുവിന്റെ ഏറ്റവും ഗുരുതരമായ വീഴ്ച, ഭവിഷ്യത്തുകള്‍ കൂലംകഷമായി വിലയിരുത്താതെ, പാകിസ്താനില്‍നിന്നുവന്ന ആക്രമണകാരികളെ പിന്തിരിപ്പിച്ചു തുരത്തി ഓടിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ സൈന്യത്തെ, അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനു മുന്‍പുതന്നെ അവരുടെ തുടര്‍മുന്നേറ്റം തടഞ്ഞുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ കര്‍ശനമായ ആജ്ഞയാണ്. 1948 മേയ് മാസത്തിലാണ് വിനാശകരമായ ആ ആജ്ഞ അദ്ദേഹം നല്‍കിയത്. അപ്പോള്‍, കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തെ നയിച്ചിരുന്ന മേജര്‍ ജനറല്‍ കല്‍വന്ത് സിംഗ്, സൈനിക മുന്നേറ്റം അഞ്ചുദിവസം കൂടി തുടരാന്‍ തന്നെ അനുവദിക്കണമെന്ന് നെഹ്റുവിനോട് കേണപേക്ഷിച്ചു. അദ്ദേഹം നെഹ്റുവിനോട് പറഞ്ഞത് മറുഭാഗത്തുനിന്ന് ഇന്ത്യന്‍സേനയുടെ മുന്നേറ്റത്തിന് ഒരു തടസ്സവുമില്ലെന്നും എന്നാല്‍ ഭൂപ്രദേശം ദുര്‍ഘടമായതുകൊണ്ട് സൈനികര്‍ക്ക് അതു നടന്നുകയറി പാകിസ്താന്റെ അന്താരാഷ്ട്രാതിര്‍ത്തിയിലെത്തി ജമ്മു കശ്മീരിന്റെ എല്ലാ ഭാഗങ്ങളും പൂര്‍ണ്ണമായി കൈവശപ്പെടുത്തുന്നതിന് ഇന്ത്യന്‍ സൈന്യത്തിന് അഞ്ചുദിവസം കൂടെ വേണമെന്നും അതനുവദിക്കണമെന്നുമാണ്. എന്നാല്‍, കല്‍വന്ത് സിംഗിന്റെ ആ അപേക്ഷ നിരസിച്ചുകൊണ്ട് അദ്ദേഹത്തോട് നെഹ്റു ആജ്ഞാപിച്ചത് 'Stop operations and stay where you are' എന്നാണ്. ഇന്നത്തെ ആസാദ് കശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലെത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് വെറും 18 മൈല്‍ മാത്രം ഉള്ളപ്പോഴായിരുന്നു നെഹ്റു വിനാശകരമായ ഈ ആജ്ഞ നല്‍കിയത്.

നെഹ്‌റു
നെഹ്‌റു


നിരാശാഭരിതനായ കല്‍വന്ത് സിംഗ്, പ്രധാനമന്ത്രിയുടെ ആജ്ഞയനുസരിച്ച് ഇന്ത്യന്‍ സൈന്യത്തെ അതുവരെ അവര്‍ എത്തിച്ചേര്‍ന്നിരുന്ന ഭാഗത്ത് സ്വയം വരിവരിയായി നിറുത്തിക്കൊണ്ട്, ഇന്ത്യയുടെ ഭാഗമായ കശ്മീരിനുള്ളില്‍ത്തന്നെ ഒരു വെടിനിറുത്തല്‍ രേഖ സൃഷ്ടിച്ചു. ഇന്ത്യന്‍ സൈനിക മുന്നേറ്റം സ്വയം നിറുത്തി കശ്മീരിനുള്ളില്‍ത്തന്നെ ഇന്ത്യന്‍ സൈന്യം വരിപിടിച്ചു നില്‍ക്കുന്നതുകണ്ട് അത്ഭുതപ്പെട്ട, നേരത്തെ പേടിച്ചോടി പാകിസ്താന്റെ അന്താരാഷ്ട്രാതിര്‍ത്തിക്കുള്ളില്‍ നിലയുറപ്പിച്ചിരുന്ന പാകിസ്താന്‍ അര്‍ദ്ധസൈനികരും സൈനികരും കശ്മീരിനുള്ളില്‍ തിരിയെ കടന്നുകയറി ഇന്ത്യന്‍ സൈനികര്‍ നിരനിരയായി നിന്നതിനു സമാന്തരമായി വരിവരിയായി നിന്ന് മറ്റൊരു രേഖ സൃഷ്ടിച്ചു. അതാണ്, കശ്മീരിലെ ഇപ്പോഴറിയപ്പെടുന്ന ഇന്ത്യാ പാകിസ്താന്‍ വെടിനിറുത്തല്‍ രേഖ അഥവാ നിയന്ത്രണരേഖ. ഇതിന്റെ സ്രഷ്ടാവ് ജവഹര്‍ലാല്‍ നെഹ്റു മാത്രമാണ്.
അന്ന്, ഏറ്റവും അനുകൂലമായിരുന്ന സാഹചര്യത്തില്‍ മേജര്‍ ജനറല്‍ കല്‍വന്ത്‌സിംഗ് ആവശ്യപ്പെട്ട അഞ്ചുദിവസം കൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ തുടര്‍ മുന്നേറ്റത്തിന് നെഹ്റു അനുമതി നല്‍കിയിരുന്നെങ്കില്‍, കശ്മീര്‍ പ്രശ്‌നം എന്നൊന്ന് ഇന്ത്യാ പാകിസ്താന്‍ ബന്ധത്തിന്റെ ഇടയില്‍ ഉണ്ടാകുമായിരുന്നില്ല. 18 മൈല്‍ മാത്രം അകലെയായിരുന്ന മുസ്സാഫര്‍പൂര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്നെങ്കില്‍ കശ്മീരിന്റെ മുഴുവന്‍ ഭാഗങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമാകുമായിരുന്നു. വിദേശകാര്യ, പ്രതിരോധകാര്യ മേഖലകളില്‍ തെറ്റായ ഒരു തീരുമാനമെടുത്താല്‍ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുള്ളതെന്നതിന് ഒരു വലിയ ഉദാഹരണമാണ് ഇതുവരെ തിരുത്താന്‍ സാധിക്കാത്ത നെഹ്റുവിന്റെ ആ നിര്‍ണ്ണായക തീരുമാനം. ഇന്ത്യാ പാകിസ്താന്‍ ബന്ധത്തെ സ്ഥിരമായി ഒരു സംഘര്‍ഷപാതയിലിട്ട ഒരു തീരുമാനമായിരുന്നു അത്.

1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയിലെ താല്‍ക്കാലികമായ 370-ാംവകുപ്പുപ്രകാരം ജമ്മു കശ്മീരിന് തല്‍ക്കാലത്തേക്ക് ഒരു പ്രത്യേക പദവി അനുവദിക്കുകയുണ്ടായി. ആ താല്‍ക്കാലിക പദവി 70 വര്‍ഷം പിന്നിട്ടപ്പോള്‍ അതിന്റെ പ്രായോഗിക പ്രസക്തി വളരെയധികം ശോഷിച്ചു എന്നത് ഒരു വസ്തുതയാണ്.

അമിത് ഷായുടെ നടപടി സ്വേച്ഛാദിപത്യം

എന്നാല്‍, ഇപ്പോഴത്തെ ബി.ജെ.പി ഗവണ്‍മെന്റ് ഈ മാറ്റം നടപ്പിലാക്കിയ രീതി അപലപനീയമാണ്. സ്വേച്ഛാധിപത്യപരമാണ് അതിന് ഈ ഗവണ്‍മെന്റ് സ്വീകരിച്ച രീതി. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദ് ചെയ്തതിനു മുന്നോടിയായി സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂക്ക് അബ്ദുള്ളയേയും ഒമാര്‍ അബ്ദുള്ളയേയും മെഹബൂബാ മുഫ്തിയേയും മറ്റനേകം നേതാക്കളേയും തടങ്കലിലാക്കിയതും ഒരു വലിയ സൈന്യത്തെ കശ്മീരില്‍ വിന്യസിച്ചതും 14 ദിവസങ്ങള്‍ക്കുശേഷം കശ്മീരിലെ സ്ഥിതി നേരിട്ടു മനസ്സിലാക്കാന്‍ അവിടെയെത്തിയ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് യാദവ്, ഡി. രാജ മുതലായ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങാനോ ജനങ്ങളേയോ മാധ്യമപ്രവര്‍ത്തകരേയോ കാണാന്‍ അനുവദിക്കാതെ തിരിച്ചയച്ചത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ല. അതിനു പകരം ഗവണ്‍മെന്റ് ചെയ്യേണ്ടിയിരുന്നത്, ഈ നടപടിക്ക് മുന്നോടിയായി ജമ്മു കശ്മീരിലെ മുതിര്‍ന്ന നേതാക്കളുമായി ഈ വിഷയത്തില്‍ ഒരു സമവായത്തിലെത്തുന്നതിനുവേണ്ടി സമഗ്രമായ ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നു. അതുപോലെതന്നെ, ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും. അങ്ങനെ ചെയ്യാതെ ഗവണ്‍മെന്റ് ഇപ്പോള്‍ അവലംബിച്ച രീതി ശരിയല്ല.

യുദ്ധം പരിഹാരമാര്‍ഗ്ഗമല്ല

ഭരണഘടനയിലെ 370-ാം വകു് റദ്ദ് ചെയ്ത്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് എടുത്ത നടപടിക്കെതിരെ പാകിസ്താന്‍ കുറെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ ഏകപക്ഷീയമായ ചില അപക്വ നടപടികളും. ഇക്കാര്യത്തില്‍ പാകിസ്താന്റെ നിലപാടിന് അന്താരാഷ്ട്ര പിന്തുണ നേടാനാണ് പാകിസ്താന്‍ ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍, അതിന് അടിത്തറയില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തുക, ഒരു സംസ്ഥാനത്തിന്റെ പദവിയില്‍ മാറ്റം വരുത്തുക എന്നിവയെല്ലാം അന്താരാഷ്ട്ര നിയമപ്രകാരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതുകൊണ്ട് അതു ചോദ്യം ചെയ്യാനുള്ള അവകാശം പാകിസ്താനില്ല. അക്കാരണത്താല്‍ ഇക്കാര്യത്തില്‍ പാകിസ്താന് പിന്തുണയായി ചൈനയൊഴിച്ച് മറ്റാരുടേയും പിന്തുണ ലഭിക്കില്ല. കൂടാതെ പാകിസ്താന്‍ ഹ്രസ്വവീക്ഷണത്തോടെ ഏകപക്ഷീയമായി കൈക്കൊണ്ട ഇന്ത്യന്‍ ഹൈകമ്മിഷണറെ പുറത്താക്കുക, പാകിസ്താന്‍ ഹൈക്കമ്മിഷണറെ ഇന്ത്യയിലേക്കയക്കാതിരിക്കുക, ഇന്ത്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കുക മുതലായ നടപടികളെല്ലാം തന്നെ നിലനിറുത്താനാകാതെ പാകിസ്താന്റെ സ്വന്തം താല്പര്യം സംരക്ഷിക്കുന്നതിന് അവ ഒന്നൊന്നായി താമസംവിനാ സ്വയം പിന്‍വലിക്കേണ്ടിവരും. ഇന്ത്യന്‍ പ്രസിഡന്റിന് ഐസ്ലാന്‍ഡിലേക്ക് പാകിസ്താന് മുകളിലൂടെ പറക്കാന്‍ വ്യോമാനുമതി നിഷേധിച്ച പാകിസ്താന്‍ നടപടി വളരെ താണ നിലവാരമായിപ്പോയി.
ഇടയ്ക്കിടെ പരോക്ഷമായി യുദ്ധഭീഷണിയും പാകിസ്താന്‍ മുഴക്കുന്നുണ്ട്. നിരുത്തരവാദപരമാണ് ഇതും. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നാലുതവണ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ യുദ്ധങ്ങളെല്ലാം നിരര്‍ത്ഥകങ്ങളായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. അവയൊന്നുംതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ല. കുറേ പാകിസ്താനികളുടേയും കുറേ ഇന്ത്യാക്കാരുടേയും ചോരയൊഴുക്കി ജീവന്‍ നഷ്ടപ്പെടുത്തുകയും വിദേശത്തുനിന്നും ഭീമമായ വിലകൊടുത്തു വാങ്ങിയ കുറേ ആയുധസാമഗ്രികള്‍ വൃഥാ കത്തിച്ചുതീര്‍ത്തു എന്നുള്ളതില്‍ക്കവിഞ്ഞ് ഈ യുദ്ധങ്ങളിലൂടെ ഒരു ഉഭയകക്ഷി പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു പ്രശ്‌നത്തിനും യുദ്ധം ഒരു പരിഹാരമല്ല എന്ന് ഇരുരാജ്യങ്ങളും മനസ്സിലാക്കണം. അവയ്ക്കു പരിഹാരം ക്രിയാത്മകമായ, സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിന് ഇന്ത്യയും പാകിസ്താനും അവരുടെ ഭാവിഭാഗധേയത്തെത്തന്നെ സംയോജിപ്പിച്ചുകൊണ്ട്, സഹകരണ മനോഭാവത്തോടെയുള്ള സമീപനമാണ് അവലംബിക്കേണ്ടത്.


അതിനു ചില വിലങ്ങുതടികള്‍ ഇപ്പോഴുമുണ്ട്. അവയില്‍ മുഖ്യമായത് പാകിസ്താന്റെ ജനാധിപത്യ വ്യവസ്ഥയിലെ പട്ടാളമേധാവിത്വമാണ്. ഈ മേധാവിത്വം സ്ഥായിയാക്കാന്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് പാകിസ്താന്‍ പട്ടാളത്തിന്റെ ഒരു സ്ഥാപിത താല്പര്യമാണ്. അതിനുവേണ്ട സന്നാഹങ്ങള്‍ സേനാമേധാവി ഒരുക്കുന്നത്, ചിലപ്പോള്‍ പാകിസ്താന്‍ പ്രധാനമന്ത്രിപോലും അറിയാതെയാണ്. ഉദാഹരണത്തിന് 1999-ല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ നടത്തിയ കാര്‍ഗില്‍ യുദ്ധം, അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയാതെ അന്നത്തെ സൈനിക മേധാവി പര്‍വേസ് മുഷറഫ് മാത്രം ആസൂത്രണം ചെയ്ത് നടത്തിയതാണ്. അതിന്, പ്രധാനമന്ത്രിയുടെ അറിവോ അനുവാദമോ ഇല്ലായിരുന്നു എന്ന വസ്തുത പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെയാണ് വെളിപ്പെടുത്തിയത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം ഒരിക്കല്‍ അദ്ദേഹം ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍, അന്നത്തെ ഇന്ത്യന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം വെളിപ്പെടുത്തി: 'I never knew anything about the Kargil War. If I knew it, I would not have allowed it.' ഈ രഹസ്യ സംഭാഷണം എന്നോട് പറഞ്ഞത് ജോര്‍ജ് ഫെര്‍ണാണ്ടസാണ്. എന്നിട്ടദ്ദേഹം പറഞ്ഞു: 'I trust Nawas Sheriff. He is a good man.' ഇപ്പോഴത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സ്ഥിതിയും വിഭിന്നമല്ല. ഏതായാലും ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമിടാന്‍ ആദ്യപടിയായി പാകിസ്താനിലെ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ പൂര്‍ണ്ണ അധികാരം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

നവാസ് ഷെരിഫ്
നവാസ് ഷെരിഫ്

ഇന്ത്യാ പാകിസ്താന്‍ ബന്ധം ഒരു സ്ഥിരം സംഘര്‍ഷക്കുരുക്കില്‍ തുടരുന്നത് ഇരു രാജ്യങ്ങള്‍ക്കും നല്ലതല്ല. ഈ ബന്ധത്തെ സംഘര്‍ഷവിമുക്തമാക്കുന്നതിന് ഇതിന്റെ അടിസ്ഥാന ചട്ടക്കൂട്ടില്‍ത്തന്നെ മൗലികമായ ഒരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു. അതിനനുയോജ്യമായ, ക്രിയാത്മകമായ ഒരു ഘടനയാണ് ഇന്ത്യയും പാകിസ്താനും ചേര്‍ന്നുകൊണ്ടുള്ള ഒരു കോണ്‍ഫെഡറേഷന്‍ സംവിധാനം. അതോടെ സംഘര്‍ഷത്തിന്റെ ഒരു ഉറവയായ കശ്മീര്‍ പ്രശ്‌നം സ്വയം അലിഞ്ഞില്ലാതാകും. പരസ്പരം മുഖാമുഖം എതിര്‍ത്തുനില്‍ക്കുന്ന രീതി മാറ്റി ഇന്ത്യയും പാകിസ്താനും ഐക്യദാര്‍ഢ്യാധിഷ്ഠിതമായ ഒരു പുതിയ ബന്ധം അത് സൃഷ്ടിക്കും.

ജോര്‍ജ് ഫെര്‍ണാണ്ടസ്
ജോര്‍ജ് ഫെര്‍ണാണ്ടസ്

അതുമൂലം കൂടുതല്‍ വിഭവസമൃദ്ധിയോടെ രണ്ടു രാജ്യങ്ങളിലേയും ജനജീവിത നിലവാരം വളരെയേറെ ഉയര്‍ത്താന്‍ കഴിയും. ഇന്ത്യയും പാകിസ്താനും ചേര്‍ന്നുള്ള ഒരു കോണ്‍ഫെഡറേഷന്‍ ജനജീവിതത്തില്‍ വരുത്താവുന്ന ഗുണപ്രദമായ മാറ്റങ്ങളെന്തെന്നും അത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ എന്ത് മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ഇരുരാജ്യങ്ങളിലേയും വിദഗ്ദ്ധര്‍ വിശകലനം ചെയ്തു പറയും. ഇരു രാഷ്ട്രങ്ങളുടേയും ചരിത്രവും ഭൂമിശാസ്ത്രവും വിഭവസമൃദ്ധിയും സംസ്‌കാരവും മറ്റു ജന്മസിദ്ധ സാമ്യതകളും എല്ലാം, ഇവ തമ്മില്‍ ഒരു കോണ്‍ഫെഡറേഷനായി ഭാവിയില്‍ പുരോഗമിക്കുന്നതിന് അനുകൂല ഘടകങ്ങളാണ്. ഈ ഭൂവിഭാഗം, വിദേശ ആയുധനിര്‍മ്മാണ കമ്പനികളുടെ ഒരു വലിയ ആയുധവിപണി എന്ന ലേബലും മാറും. ആ രീതിയില്‍ കോണ്‍ഫെഡറേഷനായുള്ള ഒരു ഒത്തുചേരലിന് ഇരു രാജ്യങ്ങളിലേയും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ദീര്‍ഘവീക്ഷണവും പക്വതയും ആവശ്യമാണ്.

മൊറാര്‍ജി ദേശായി- സിയാ ഉള്‍ ഹക്ക് സംഭാഷണം:  ഒരു പരിരക്ഷാ സമീപനം
ഞാന്‍ ദൃഢമായി വിശ്വസിക്കുന്നത് ഇന്ത്യാ പാകിസ്താന്‍ ബന്ധത്തില്‍ ഇന്ത്യ, പാകിസ്താനോട് ഒരു പരിരക്ഷാ (caring) മനോഭാവവും നയവും സ്വീകരിച്ചാല്‍ പാകിസ്താനില്‍നിന്നും തത്തുല്യമായ സമീപനം ഉണ്ടാകും എന്നാണ്. ഇതൊരു ദിവാസ്വപ്നമല്ല. 1977-'79 ല്‍ മൊറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവും പാകിസ്താന്‍ പ്രസിഡന്റ് സിയാ ഉള്‍ ഹക്കും തമ്മില്‍ നടന്ന ഒരു രഹസ്യ സംഭാഷണത്തിന്റേയും അതുണ്ടാക്കിയ ശ്ലാഘനീയമായ ഫലത്തിന്റേയും വസ്തുത മനസ്സിലാക്കിക്കൊണ്ടാണ് ഈ ശുഭാപ്തിവിശ്വാസം ഞാന്‍ പ്രകടിപ്പിക്കുന്നത്. അതിന്റെ നാള്‍വഴി ഇതാണ്. ഒരിക്കല്‍ പാകിസ്താന്‍ പ്രസിഡന്റ്, ജനറല്‍ സിയാ ഉള്‍ ഹക്ക് പാകിസ്താന്‍ സൈന്യത്തിന്റെ സംഖ്യാബലം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യയുടെ ഇന്റലിജന്‍സ് വിഭാഗം പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ അറിയിച്ചു. സാധാരണഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍, ആദ്യം അവ കൈകാര്യം ചെയ്യുന്നതിന് എംബസികളിലെ നയതന്ത്രജ്ഞരെ ഏല്പിക്കുകയാണ് പതിവ്. എന്നാല്‍, ഇക്കാര്യം, പ്രധാനമന്ത്രിതന്നെ നേരിട്ട് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ത്തന്നെ മറ്റൊന്നിനുംവേണ്ടി കാത്തുനില്‍ക്കാതെ അദ്ദേഹം രാഷ്ട്രത്തലവന്മാരെ നേരിട്ടുവിളിച്ചു സംസാരിക്കുന്നതിനുമാത്രം വെച്ചിട്ടുള്ള ചുവന്ന ടെലഫോണെടുത്ത് നേരിട്ട് പാകിസ്താന്‍ പ്രസിഡന്റ് സിയാ ഉള്‍ ഹക്കിനെ വിളിച്ച് ഒരു മുഖവുരയുമില്ലാതെ ചോദിച്ചു: 'General, why do you need a big army for Pakistan ? If Pakistan is in trouble tell me. My army will be at your disposal.' സിയാ ഉള്‍ ഹക്കിനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു മൊറാര്‍ജി ദേശായിയുടെ ആ ടെലഫോണ്‍വിളി. മൊറാര്‍ജി ദേശായിയുടെ ആത്മാര്‍ത്ഥത നിറഞ്ഞ, അസന്ദിഗ്ദ്ധമായ ഈ മൂന്നു വാചകങ്ങള്‍ ശ്രവിച്ച്, സിയാ ഉള്‍ ഹക്ക് തികച്ചും വികാരാധീനനായി, സ്തബ്ധനായിപ്പോയ ഒരു നിമിഷമായിരുന്നു അത്. കാരണം, ആവശ്യം വന്നാല്‍, പാകിസ്താനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സേനയുടെ സേവനം, ഇന്ത്യന്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് സിയാ ഉള്‍ ഹക്കിന്റെ അതുവരെയുള്ള വിഭാവനയ്ക്കതീതമായിരുന്നു.
മൊറാര്‍ജി ദേശായി ഉച്ചരിച്ച ആ മൂന്നു വാചകങ്ങള്‍ സിയാ ഉള്‍ ഹക്കിലും ഇന്ത്യാ പാകിസ്താന്‍ ബന്ധത്തിലും വലിയ മാറ്റമാണുണ്ടാക്കിയത്. ആ നിമിഷം മുതല്‍, പ്രസിഡന്റ് സിയാ ഉള്‍ ഹക്ക്, മൊറാര്‍ജി ദേശായിയുടെ ഏറ്റവും വലിയ ഒരാരാധകനായി മാറി. അദ്ദേഹം ദേശായിയുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച്, പാകിസ്താന്‍ സൈന്യത്തിന്റെ സംഖ്യാബലം വര്‍ദ്ധിപ്പിക്കാനുള്ള തന്റെ തീരുമാനം ഉപേക്ഷിച്ചു. ഇക്കാര്യം മൊറാര്‍ജി ദേശായി എന്നോട് നേരിട്ട് പറഞ്ഞതാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍, ഇതിന്റെ റെക്കാര്‍ഡുകള്‍ എന്തെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. മൊറാര്‍ജി ദേശായിയോടുള്ള സിയാ ഉള്‍ ഹക്കിന്റെ ആദരവിന്റേയും ബഹുമാനത്തിന്റേയും പ്രതീകമായിട്ടാണ് ഇന്ത്യയുടെ 'ഭാരത് രത്‌ന' ബഹുമതിക്കു തുല്യമായ പാകിസ്താന്റെ Nishan-e-Pakistan എന്ന പരമോന്നത ബഹുമതി പ്രസിഡന്റ് സിയാ ഉള്‍ ഹക്ക് മൊറാര്‍ജി ദേശായിക്ക് സമ്മാനിച്ചത്.  Nishan-e-Pakistan-ന് അര്‍ഹനായ ഏക ഇന്ത്യക്കാരനാണ് മൊറാര്‍ജി ദേശായി.

നിര്‍ഭാഗ്യവശാല്‍, ഈ സംഭവവികാസത്തിനുശേഷം ഏറെ താമസിയാതെ മൊറാര്‍ജി ദേശായി ഗവണ്‍മെന്റിനെ ഇന്ദിരാഗാന്ധി, പല കുതന്ത്രങ്ങളിലൂടെ മറിച്ചിട്ടു. എന്റെ ദൃഢമായ വിശ്വാസം, ഇന്ദിരാഗാന്ധി അങ്ങനെ അപ്പോള്‍ ചെയ്യാതിരുന്നെങ്കില്‍, മൊറാര്‍ജിയുടെ ഗവണ്‍മെന്റ് കാലാവധി തീരുന്നതുവരെ അഞ്ചുകൊല്ലവും അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍, കശ്മീര്‍ പ്രശ്‌നവും അപ്പോള്‍ത്തന്നെ ശാന്തമായി പരിഹരിക്കപ്പെടുമായിരുന്നു എന്നാണ്. അതിനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണ് മൊറാര്‍ജി ദേശായിയുടെ ഗവണ്‍മെന്റിനെ മറിച്ചിട്ടതിലൂടെ നമുക്ക് നഷ്ടമായത്.

മൊറാര്‍ജി ദേശായി അന്നു വിഭാവന ചെയ്ത സ്പിരിറ്റില്‍, ഇന്ത്യാ പാകിസ്താന്‍ ബന്ധം വളര്‍ത്തിയിരുന്നെങ്കില്‍, ഇന്ന് ഇന്ത്യാ ഉപഭൂഖണ്ഡം, ലോകത്തെ നയിക്കുന്ന ഒരു വലിയ കേന്ദ്രമായി വിളങ്ങുമായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയെ നയിക്കേണ്ടത് മൊറാര്‍ജി ദേശായിയെപ്പോലെ ധാര്‍മ്മികമായ കരുത്തുള്ള, ദീര്‍ഘവീക്ഷണമുള്ള statesmen ആണ്. അങ്ങനെയുള്ളവരുടെ അഭാവമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.

ഇതില്‍നിന്നും വ്യക്തമാകുന്ന ഒരു പാഠം, ഇന്ത്യ പാകിസ്താന്റെ സുരക്ഷയിലും പുരോഗതിയിലും അടിസ്ഥാനപരമായി ഒരു പരിരക്ഷാ (caring) സമീപനം സ്വീകരിച്ചാല്‍ പാകിസ്താനില്‍നിന്നും സമാനമായ ഒരു ക്രിയാത്മക സമീപനം ഉണ്ടാകും എന്നാണ്. ഇരു രാഷ്ട്രങ്ങളിലേയും സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. സന്ദര്‍ശകര്‍ക്ക് വാഗാ ബോര്‍ഡര്‍ ഒരു വിഭജനരേഖയുടെ ലക്ഷണങ്ങളൊന്നും നല്‍കുന്നില്ല. കാരണം, വിഭജനരേഖയുടെ രണ്ടുവശങ്ങളിലായി താമസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ രൂപത്തിലും ഭാവത്തിലും വേഷഭൂഷാദികളിലും ആഹാരരീതിയിലും ഭാഷയിലുമെല്ലാം അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടുവശത്തേയും കൃഷിയിടങ്ങളില്‍ ഒരേ വിളവാണെടുക്കുന്നതും.

ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി


വിദേശരാജ്യങ്ങളില്‍വെച്ച് ഇന്ത്യാക്കാരും പാകിസ്താനികളും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അവാച്യമായ ഒരു സ്വാഭാവിക ബന്ധുത്വം (affinity) അവര്‍ക്കു തമ്മില്‍ തോന്നുന്നത് സാധാരണമാണ്. എന്റെ കഴിഞ്ഞ 50 വര്‍ഷത്തെ അനേകം വിദേശ സന്ദര്‍ശനവേളകളില്‍, അവരുടെ സ്‌നേഹപ്രകടനം നേരിട്ടനുഭവിക്കാനുള്ള അനേകം അവസരങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, വിദേശരാജ്യങ്ങളില്‍ ഇന്ത്യാക്കാരുടെ നല്ല സുഹൃത്തുക്കള്‍ പാകിസ്താനികളാണ്. അന്യരാജ്യങ്ങളില്‍വച്ച് ഇന്ത്യാക്കാരെ സഹായിക്കുന്നത് പാകിസ്താനികളുടെ ഒരു വികാരമാണ്. ഒരു പ്രതിഫലേച്ഛയും കൂടാതെ, ഇന്ത്യയില്‍നിന്നു വന്ന ഒരു സഹോദരനെന്ന പരിഗണനമാത്രം നല്‍കിക്കൊണ്ടാണ് അവര്‍ അതു ചെയ്യുന്നത്. അതിന്റെ അര്‍ത്ഥം ഉള്ളിന്റെ ഉള്ളില്‍ നാം ഒന്നാണ് എന്ന അവബോധം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ്. സാധാരണ ഇന്ത്യാക്കാരന്റെ മന സ്സിലും അതുതന്നെയാണുള്ളത്. എപ്പോഴൊക്കെ ഇമ്രാന്‍ഖാന്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ വന്നിട്ടുണ്ടോ, എപ്പോഴൊക്കെ നൂര്‍ജഹാനെപ്പോലുള്ള ഗായികമാര്‍ ഇന്ത്യയില്‍ പരിപാടികള്‍ക്കായി വന്നിട്ടുണ്ടോ അപ്പോഴെല്ലാം അവരെ ഒരു ഉത്സവപ്രതീതിയോടെയാണ് ഇന്ത്യന്‍ ജനത കൊണ്ടാടിയിട്ടുള്ളത്. മൗലികമായി ഈ പരസ്പര സ്‌നേഹം രണ്ടു രാഷ്ട്രങ്ങളിലേയും സാധാരണ ജനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍, ഇന്ത്യയുടേയും പാകിസ്താന്റേയും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഇരുരാഷ്ട്രങ്ങളുടേയും ഭാവിഭാഗധേയങ്ങള്‍ ചേര്‍ത്തിണക്കി, ഒരു കോണ്‍ഫെഡറേഷനായി മാറ്റി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് സ്ഥായിയായ ശാന്തിയും സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യാന്‍ സാധിക്കുമെന്നാണ് എന്റെ ദൃഢമായ വിശ്വാസം. കാരണം, അന്തിമ വിശകലനത്തില്‍ ഇന്ന് ഇന്ത്യാക്കാരും പാകിസ്താനികളും 'ഒരു ജനതയും രണ്ടു രാഷ്ട്രങ്ങളും' ആണെന്ന യാഥാര്‍ത്ഥ്യമാണ്.

(മുന്‍ ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ അമേരിക്കന്‍ ആന്റ് വെസ്റ്റ് യൂറോപ്യന്‍ സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂ ഡല്‍ഹി)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com