ഗാന്ധിജിയെ വധിച്ചതല്ല, കൊന്നതാണ്: പിഎസ് ശ്രീകല എഴുതുന്നു

1948 ജനുവരി 30. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്കു നേരിട്ട ആദ്യത്തെ ആഘാതമാണ് അന്ന് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചത്.
ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനത്തിന് 150 വയസ്സ് തികയുകയാണ്. 1869-ല്‍ ഗാന്ധി ജനിച്ച ഗുജറാത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചവരാണ് ഇരുവരും. കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു രണ്ടുപേരും. ഗാന്ധി രാഷ്ട്രപിതാവെന്നു വിളിക്കപ്പെട്ടപ്പോള്‍ പട്ടേല്‍ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെട്ടു. ഗാന്ധി ഇന്ത്യാ-പാക് വിഭജനത്തെ എതിര്‍ത്തപ്പോള്‍ പട്ടേല്‍ വിഭജിക്കപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായി.

1948 ജനുവരി 30. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്കു നേരിട്ട ആദ്യത്തെ ആഘാതമാണ് അന്ന് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചത്. ഇന്ത്യ എന്നാല്‍, മതനിരപേക്ഷത എന്ന സമവാക്യമനുസരിച്ച് ആ ആഘാതം ഇന്ത്യയ്ക്കുമേല്‍ തന്നെയാണുണ്ടായത്.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം രൂപപ്പെട്ട ഏതെങ്കിലും സവിശേഷ സാഹചര്യങ്ങളുടെ സൃഷ്ടി ആയിരുന്നില്ല ഗാന്ധിയുടെ കൊലപാതകം. മറിച്ച്, വര്‍ഷങ്ങളായി ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുവാദി സംഘടനകള്‍ തുടര്‍ന്നുവന്ന ബോധപൂര്‍വ്വമായ കരുനീക്കങ്ങളുടെ പരിണതഫലമായിരുന്നു അത്. അതേസമയം, ഈ കരുനീക്കങ്ങളുടെ ഭാഗമായുള്ള അവിചാരിതമായ ഒന്നായിരുന്നു രാഷ്ട്രപിതാവിന്റെ കൊലപാതകം എന്നും അര്‍ത്ഥമില്ല. മറിച്ച്, മതനിരപേക്ഷമൂല്യങ്ങളില്‍ നിലകൊള്ളുന്ന ഒരു രാഷ്ട്രത്തിന്റെ ഘടനയെ ഉലയ്ക്കാന്‍ രാഷ്ട്രപിതാവായി അംഗീകരിക്കപ്പെടുന്ന വ്യക്തിയെത്തന്നെ ശാശ്വതമായി ഇല്ലാതാക്കുകയെന്ന കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ വിജയം കൂടിയായിരുന്നു അത്. ആ വിജയത്തിലേയ്ക്കു നയിച്ച സാഹചര്യങ്ങളില്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ പങ്ക് വ്യാപകമായി അറിയപ്പെട്ടിട്ടില്ല. എന്നാല്‍, ഗാന്ധിശിഷ്യരുടെ അലംഭാവവും ഉദാസീനതയും അനാസ്ഥയും ഗാന്ധിയുടെ കൊലപാതകത്തിനു വഴിയൊരുക്കി എന്ന് തീവ്ര ഹിന്ദു വലതുപക്ഷം  തിരിച്ചറിയുന്നു. അതിനുള്ള ഉപകാരസ്മരണ കൂടിയാണ് പട്ടേലിന്റെ പ്രതിമ.

മഹാത്മാഗാന്ധി കൊല്ലപ്പെട്ടതിന്റെ ചരിത്രപശ്ചാത്തലം അര്‍ഹമായ പ്രാധാന്യത്തോടെ ഓര്‍മ്മിക്കാതെയാണ് എല്ലാ ജനുവരി 30-നും രാജ്യം അദ്ദേഹത്തെ സ്മരിക്കുന്നത്. ഗാന്ധിയുടെ പാകിസ്താന്‍ അനുകൂലവും മുസ്ലിം ആഭിമുഖ്യപരവുമായ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഗോഡ്സെ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നത് പൊതുവില്‍ സ്വീകരിക്കപ്പെടുന്ന ഒരു വാദമാണ്. ഈ വാദത്തോട് യോജിച്ചുകൊണ്ടും അതിനെ ന്യായീകരിച്ചുകൊണ്ടും ഗോഡ്സെയെ പ്രകീര്‍ത്തിക്കുന്ന വാദങ്ങള്‍ ഇന്നു ശക്തവുമാണ്. ഇന്ത്യാ-പാക് വിഭജനത്തിനു കാരണം മഹാത്മാഗാന്ധിയായിരുന്നുവെന്നും അദ്ദേഹം മുസ്ലിങ്ങളെ സംരക്ഷിക്കുകയും ഹിന്ദുക്കളെ കയ്യൊഴിയുകയും ചെയ്തുവെന്നും മഹാത്മാഗാന്ധി ജീവിച്ചിരുന്നാല്‍ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാവുകയില്ലെന്നും ഹിന്ദുക്കളായ അഭയാര്‍ത്ഥികളെ അദ്ദേഹം കണ്ടില്ലെന്നു നടിക്കുകയും വിഭജനത്തിനുശേഷം ഇന്ത്യയില്‍ തുടര്‍ന്ന മുസ്ലിങ്ങളെ പരിലാളിക്കുകയും ചെയ്തുവെന്നും മറ്റും നിരവധി ആരോപണങ്ങള്‍ ഗാന്ധിക്കു നേരെ ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്. ഭാരതമാതയെ രക്ഷിക്കാനുള്ള ഒരേയൊരു പോംവഴി ഗാന്ധിയെ 'വധിക്കുക'യെന്നതായിരുന്നു എന്ന വാദവും ഗോഡ്സെയുടെ അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

'കൊലപാതകം' എന്നതിന് പകരം 'വധം' എന്ന പ്രയോഗം ബോധപൂര്‍വ്വം ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചതാണ്. ഹൈന്ദവ മിത്തുകളില്‍ തിന്മയെ നന്മ ഇല്ലായ്മ ചെയ്യുന്നതിനാണ് (രാക്ഷസന്മാരെ കൊല്ലുന്ന സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുക) 'വധം' എന്ന പ്രയോഗം ഉപയോഗിച്ചുവന്നത്. ഗാന്ധിയുടെ കൊലപാതകത്തിന് 'വധം' എന്ന പദം പ്രയോഗിക്കുന്നതിലൂടെ നന്മയുടെ വിജയം അദൃശ്യമായി ആഘോഷിക്കപ്പെടുകയാണ്. നിരുപദ്രവകരവും നിഷ്‌കളങ്കവുമെന്ന പ്രതീതിയില്‍ ഭാഷ സ്വീകാര്യത നേടുന്നതിനേയും ഇവിടെ ഹിന്ദുത്വ തീവ്രവാദികള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.

ഹിന്ദുത്വവാദികള്‍ നടത്തിയ വധശ്രമങ്ങള്‍

മഹാത്മാഗാന്ധിയുടെ നേര്‍ക്കു നടന്ന കൊലപാതക ശ്രമങ്ങളില്‍ അവസാനത്തേതിനു മുന്‍പുള്ളവയെല്ലാം പരാജയപ്പെടുകയായിരുന്നു. എന്നാല്‍, 1948 ജനുവരി 20-നു നടന്നതും പരാജയപ്പെട്ടതുമായ കൊലപാതകശ്രമം മാത്രമാണ് കൊലപാതകത്തിനു മുന്‍പുള്ളവയില്‍ പൊതുവെ അറിയപ്പെടുന്നത്. കൊലപാതക ശ്രമങ്ങളില്‍ നാലും പാകിസ്താന്‍ എന്നൊരു അജന്‍ഡ പോലും മുസ്ലിംലീഗ് മുന്നോട്ടുവയ്ക്കാതിരുന്ന കാലത്തായിരുന്നു എന്നത് ശ്രദ്ധേയമാണ്. അവ നടത്തിയതാവട്ടെ, പൂനയിലെ ഹൈന്ദവ സമുദായത്തില്‍പ്പെടുന്ന ഉന്നതജാതിക്കാരും തീവ്ര വലതുപക്ഷക്കാരുമായിരുന്നു.

പഞ്ചാബി അഭയാര്‍ത്ഥിയായിരുന്ന മദന്‍ലാല്‍ പഹ്വയാണ് 1948 ജനുവരി 20-ന് ഗാന്ധിജിയുടെ സായാഹ്ന പ്രാര്‍ത്ഥനായോഗത്തിലേയ്ക്ക് ബോംബെറിഞ്ഞത്. അറസ്റ്റു ചെയ്യപ്പെട്ട പഹ്വ ഗാന്ധിവധത്തിനായി രൂപീകരിച്ചിട്ടുള്ള ഗൂഢാലോചനാ സംഘത്തിലെ അംഗമാണ് താനെന്നു വെളിപ്പെടുത്തുകയുണ്ടായി. ഗൂഢാലോചനാ സംഘത്തിലെ നേതാക്കള്‍ പൂനയില്‍ നിന്നുള്ളവരാണെന്നും അവരിലൊരാള്‍ ഗോഡ്സെ പ്രസിദ്ധീകരിച്ചിരുന്ന മറാത്തി പ്രസിദ്ധീകരണമായ 'ഹിന്ദുരാഷ്ട്ര'യുടെ എഡിറ്ററാണെന്നും അയാള്‍ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനാ സംഘത്തെക്കുറിച്ച് മദന്‍ലാല്‍ പഹ്വയില്‍നിന്നു തനിക്കു ലഭ്യമായ വിവരങ്ങള്‍ പ്രൊഫ. ജെ.ബി. ജെയിന്‍ എന്ന ഹിന്ദി പ്രൊഫസര്‍ ബോംബെ പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്ക് കൈമാറുകയും ചെയ്തിരുന്നു. അക്കാര്യം രാജ്യത്തിന്റെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ മൊറാര്‍ജി ദേശായി അറിയിക്കുകയും ചെയ്തു. ജനുവരി 20-നുശേഷം ഇത്രയും സുപ്രധാന വിവരങ്ങള്‍ ലഭ്യമായിട്ടും പത്താം ദിവസം നാഥുറാം വിനായക് ഗോഡ്സെയുടെ ശ്രമം വിജയിക്കുകയും ഗാന്ധിജി കൊല്ലപ്പെടുകയും ചെയ്തു

പൊലീസ് സേനയ്ക്കുള്ളിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടും ബന്ധമുള്ളവര്‍ ഉണ്ടായിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിനു ലഭ്യമായ രഹസ്യറിപ്പോര്‍ട്ടു പറയുന്നത്. 1948 ജനുവരി 20-നും 30-നുമിടയിലുണ്ടായ പൊലീസ് നടപടികളിലൂടെ കൊലപാതകം തടയുകയല്ല, മറിച്ച്, കൊലപാതകികള്‍ക്ക് സാവകാശം മുന്നേറുന്നതിന് അവസരമൊരുക്കുകയാണുണ്ടായത്.
പൂനെയിലെ പൊലീസിന് ഹിന്ദുരാഷ്ട്ര എന്ന പ്രസിദ്ധീകരണത്തിന്റെ ഓഫീസിനേയും അതിനു പിന്നിലെ പ്രവര്‍ത്തകരേയും കുറിച്ച് ധാരണയുണ്ടായിരുന്നു. എന്നാല്‍, പൂനാ പൊലീസിന്റെ സഹായം തേടാന്‍ ഡല്‍ഹിയിലെ അന്വേഷണസംഘം തയ്യാറായില്ല. മാത്രമല്ല, അന്വേഷണച്ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് വിമാനമാര്‍ഗ്ഗം പൂനെയിലെത്തി 'ഹിന്ദുരാഷ്ട്ര'യുടെ ഓഫീസ് പരിശോധിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അദ്ദേഹം ട്രെയിനിലാണ് യാത്ര ചെയ്തത്. അദ്ദേഹം ഹിന്ദുരാഷ്ട്രയുടെ ഓഫീസില്‍ എത്തുമ്പോഴേക്കും ഗോഡ്സെ അവിടെ നിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ടിരുന്നു. പില്‍ക്കാലത്ത് ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പേടിയായിരുന്നതുകൊണ്ട് താന്‍ ട്രെയിനില്‍ യാത്ര ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ആ മറുപടി മറുചോദ്യങ്ങളൊന്നുമില്ലാതെ സ്വീകരിക്കപ്പെടുകയും ചെയ്തു. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയെ, പൂനെയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ അന്നാ ഗാഡ്ഗില്‍ ആണ് ആദ്യം തിരിച്ചറിഞ്ഞതെന്നതും ശ്രദ്ധേയമാണ്.

അസ്വസ്ഥരായ കോണ്‍ഗ്രസ്സുകാര്‍

രാജ്യം സ്വതന്ത്രമാകുമെന്നുറപ്പായതോടെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഗാന്ധി ഉപയോഗശൂന്യനായി മാറി. കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും വിഭജന നടപടി പിന്‍വലിക്കാനായി പാകിസ്താനില്‍ താന്‍ നേരിട്ട് പോയി സമ്മര്‍ദ്ദം ചെലുത്തുമെന്നു സ്വാതന്ത്ര്യാനന്തരം ഗാന്ധി അഭിപ്രായപ്പെട്ടതും കോണ്‍ഗ്രസ്സുകാരെ അസ്വസ്ഥരാക്കി.

നെഹ്‌റുവും ഗാന്ധിജിയും
നെഹ്‌റുവും ഗാന്ധിജിയും


ആര്‍.എസ്.എസിനേയും ഹിന്ദുമഹാസഭയേയും നയിച്ചിരുന്നവര്‍ക്കാകട്ടെ, ഗാന്ധി ശത്രുവായിരുന്നു. മുസ്ലിങ്ങളില്ലാത്ത ഇന്ത്യയെന്ന ആര്‍.എസ്.എസിന്റേയും ഹിന്ദു മഹാസഭയുടേയും മോഹത്തിന് ഗാന്ധി തടസ്സമാണെന്ന് അവര്‍ക്കു ബോധ്യമുണ്ടായിരുന്നു. 'ഹരിജനങ്ങള്‍' എന്ന് ഗാന്ധി വിശേഷിപ്പിച്ച 'അധഃകൃതര്‍' സവര്‍ണ്ണ മേധാവികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതില്‍ അവര്‍ അസ്വസ്ഥരായി. ബ്രിട്ടീഷ് ആധിപത്യകാലത്ത് ബ്യൂറോക്രസിയേയും ജുഡീഷ്യറിയേയും നിയന്ത്രിച്ചിരുന്ന ബ്രാഹ്മണര്‍, രാജ്യം സ്വതന്ത്രമാകുമ്പോള്‍ രാഷ്ട്രീയാധിപത്യവും മോഹിച്ചിരുന്നു. 1947-നു മുന്‍പ് ഇന്ത്യയില്‍ ബ്രാഹ്മണരുടേതായി ഉണ്ടായിരുന്ന രാജവംശം പൂനയിലെ പെഷവാറുടെ മറാത്താ സാമ്രാജ്യമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതോടെ രാജ്യത്തിന്റെ അധികാരം അവരുടെ കൈകളിലെത്തുമെന്നവര്‍ കരുതി. ഈ സ്വപ്നം തകരാന്‍ കാരണം ഗാന്ധിയാണെന്ന് അവര്‍ വിശ്വസിച്ചു.

1934-ല്‍ പൂനെയില്‍ മഹാത്മാഗാന്ധി സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞുകൊണ്ടായിരുന്നു കൊലപാതക ശ്രമങ്ങളുടെ തുടക്കം. പാകിസ്താന് 55 കോടി നല്‍കുന്നതു സംബന്ധിച്ച ആലോചനപോലും രൂപപ്പെടുന്നതിനു മുന്‍പായിരുന്നു അതെന്നോര്‍ക്കണം. തുടര്‍ന്ന് 1944 ജൂലൈയില്‍ ഗോഡ്സെ ഗാന്ധിയെ ആക്രമിക്കുന്നുണ്ട്. മലേറിയ ബാധിച്ച് പൂനെയ്ക്കടുത്തുള്ള പഞ്ചഗണിയില്‍ വിശ്രമത്തിലായിരുന്ന ഗാന്ധിജിക്കെതിരെ ജാഥ നയിച്ചെത്തിയ ഗോഡ്സെ അദ്ദേഹവുമായി ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരാകരിച്ചുകൊണ്ട് സമരം തുടരുകയായിരുന്നു. വൈകുന്നേരത്തെ പ്രാര്‍ത്ഥനായോഗത്തിലേയ്ക്കു കടന്നുവന്ന ഗോഡ്സെ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. അവിടെ വച്ച് പിടികൂടപ്പെട്ടെങ്കിലും ഗാന്ധി ഗോഡ്സെയെ പോകാന്‍ അനുവദിക്കുകയായിരുന്നു.

അടുത്ത ആക്രമണം 1944 സെപ്റ്റംബറില്‍ സേവാഗ്രാമിലാണ് നടന്നത്. ജിന്നയുമായി ചര്‍ച്ചനടത്താനുള്ള ഒരുക്കത്തിലായിരുന്നു ഗാന്ധി. ഹിന്ദു മഹാസഭയും ആര്‍.എസ്.എസും അതിനെ പരസ്യമായി എതിര്‍ത്തു. ഒരുതരത്തിലും ഇരുവരേയും പരസ്പരം കാണാന്‍ അനുവദിക്കുകയില്ല എന്നതായിരുന്നു രണ്ടു സംഘടനകളുടേയും നിലപാട്. അതിനായി എന്തും ചെയ്യുമെന്ന് ഗോഡ്സെ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ജിന്നയുമായുള്ള ചര്‍ച്ചയ്ക്കായി സേവാഗ്രാമില്‍നിന്ന് ബോംബെയിലേയ്ക്ക് പുറപ്പെട്ട ഗാന്ധിയെ ഗോഡ്സെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം തീവ്രവാദികള്‍ തടയുകയുണ്ടായി. ഗോഡ്‌സെയുള്‍പ്പെടെയുള്ളവര്‍ അന്ന് ആയുധധാരികളായിരുന്നുവെന്ന് കപൂര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. സംഭവസ്ഥലത്ത് ഗോഡ്സെയെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസര്‍ ''നിങ്ങള്‍ രക്തസാക്ഷിയാവാനാണോ ഉദ്ദേശിക്കുന്നത്'' എന്ന് ഗോഡ്‌സെയോട് ചോദിക്കുകയുണ്ടായി. ഗാന്ധി കൊല്ലപ്പെട്ടാല്‍ ആരെങ്കിലുമൊരാള്‍ രക്തസാക്ഷിയാകുമെന്ന്  ഗോഡ്സെ മറുപടി നല്‍കുന്നു.

സവര്‍ക്കറും ഗാന്ധിയും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങളില്‍ നിങ്ങളെന്തിനു ബലിയാടാകുന്നുവെന്ന പൊലീസ് ഓഫീസറുടെ ചോദ്യത്തിന് ഗോഡ്സെയുടെ മറുപടി കാണുക: ''സവര്‍ക്കര്‍ ഗാന്ധിയോട് സംസാരിച്ചാല്‍ അത് ഗാന്ധിക്കു ലഭിക്കുന്ന അംഗീകാരമായിരിക്കും. സവര്‍ക്കര്‍ ഗാന്ധിയുമായി സംസാരിക്കുന്ന മുഹൂര്‍ത്തം സംജാതമാകുകയില്ല. ഗാന്ധിയെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ മതി.''


ഗാന്ധിക്കു നേരെയുള്ള നാലാമത്തെ ആക്രമണം 1946 ജൂണ്‍ 29-നാണ് നടന്നത്. ഗാന്ധിജി പൂനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 'ഗാന്ധി സ്പെഷ്യല്‍' എന്ന ട്രെയിന്‍ അന്നു രാത്രി അപകടത്തില്‍പ്പെടുത്തി. റെയില്‍വേ ട്രാക്കില്‍ കരിങ്കല്ലുകള്‍ നിര്‍ത്തിവച്ച് ട്രെയിനിനെ പാളം തെറ്റിക്കുകയായിരുന്നു. പാളം തെറ്റിയെങ്കിലും വലിയ അപകടമുണ്ടായില്ല.
ഗോഡ്സെയോടൊപ്പം ഗൂഢാലോചനയിലും കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും സജീവമായി പൂര്‍ണ്ണസമയം പങ്കെടുത്തവരെ സംബന്ധിച്ച് പൊതുസമൂഹത്തിനു വളരെ ചെറിയ ധാരണ മാത്രമാണുള്ളത്. പലരും ഗോഡ്സെയെ മാത്രം അറിയുന്നു. ഗാന്ധിക്കു നേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ ഗോഡ്സെ മാത്രമാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതെന്നു കരുതുന്നവരാണ് ഭൂരിഭാഗവും. ആര്‍.എസ്.എസിന്റേയും ഹിന്ദു മഹാസഭയുടേയും പ്രവര്‍ത്തകരായിരുന്ന നാഥുറാം വിനായക് ഗോഡ്സെ, നാരായണ്‍ ആപ്തെ, വിഷ്ണു കര്‍ക്കറെ തുടങ്ങിയവരുടെ ദിവസങ്ങളോളം നീണ്ടുനിന്ന തന്ത്രപരവും സമര്‍ത്ഥവുമായ ആസൂത്രണ ശ്രമങ്ങളാണ് 1948 ജനുവരി 30-നെ സൃഷ്ടിച്ചത്.

ഹിന്ദു മഹാസഭയും ആര്‍.എസ്.എസും ചേര്‍ന്ന് പാകിസ്താനും മുസ്ലിങ്ങള്‍ക്കുമെതിരെ ഇന്ത്യാരാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച വിദ്വേഷം ദൂരീകരിക്കുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പലപ്പോഴും പരാജയപ്പെട്ടിരുന്നു. ഗാന്ധിക്ക് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് അതൃപ്തി ഉണ്ടായിരുന്നു. പാകിസ്താനോടുള്ള വാക്കു പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണെന്ന നിലപാടില്‍ ഗാന്ധിജി ഉറച്ചുനിന്നു. അത് അംഗീകരിക്കപ്പെടാനായി അദ്ദേഹം ദിവസങ്ങളോളം നിരാഹാരസമരത്തിലേര്‍പ്പെട്ടു. ഈ സമയത്ത് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കുകയുണ്ടായി. ഒടുവില്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നെഹ്രുവും പട്ടേലും ഉള്‍പ്പെടെയുള്ളവര്‍ക്കു വഴങ്ങേണ്ടിവന്നു.

ഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ഹിന്ദുമഹാസഭയാണെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അവര്‍ ആ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നതിനും തെളിവുകളുണ്ട്. ഒടുവില്‍ അവരുടെ ദൗത്യം ഗോഡ്സെ നിറവേറ്റുകയും ചെയ്തു. എന്നാല്‍, ഈ കൊലപാതകം അക്കാലത്തെ കോണ്‍ഗ്രസ്സ് നേതാക്കളുടേയും രാജ്യം സ്വതന്ത്രമായതിനുശേഷം ഭരണാധികാരികളായി മാറിയവരുടേയും നേര്‍ക്കു സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിരവധി സന്ദര്‍ഭങ്ങളില്‍ ഗാന്ധിയെ അവഗണിക്കുകയും അധികാരത്തിന്റെ സൗകര്യങ്ങളില്‍ ആദര്‍ശങ്ങള്‍ വിസ്മരിക്കുകയും ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കളെ തീവ്ര ഹിന്ദു വലതുപക്ഷത്തിന് അന്നും ഇന്നും പ്രിയമാകുന്നത് സ്വാഭാവികം. പട്ടേലിന്റെ പ്രതിമ അതിന്റെ ഒരു ചെറിയ പ്രതിഫലനം മാത്രമേ ആകുന്നുള്ളൂ.

വര്‍ഷങ്ങളായി കൊലപാതക ശ്രമങ്ങളും ആക്രമണങ്ങളും നേരിട്ടുകൊണ്ടിരുന്ന ആദര്‍ശവാനായ രാഷ്ട്രനേതാവിനെ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വവും ഇന്ത്യന്‍ ഭരണാധികാരികളും വരുത്തിയ വീഴ്ച ഗുരുതരമാണ്. ഹിന്ദു മഹാസഭയ്ക്കും ആര്‍.എസ്.എസിനും ഗാന്ധിയെ കൊലപ്പെടുത്താനുള്ള സൗകര്യങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വവും പൊലീസ് സംവിധാനമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണകൂടവും ഒരുക്കിക്കൊടുത്തിട്ടുണ്ട്. അത് അബോധപൂര്‍വ്വം ആയിരുന്നെന്നു കരുതാവുന്നതല്ല.

മതന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷകര്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ഗോഡ്സേയ്ക്കുവേണ്ടി ക്ഷേത്രമൊരുങ്ങുകയും ഗാന്ധി ജനിച്ച ഗുജറാത്തില്‍ പട്ടേലിന്റെ പ്രതിമ ഉയരുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യ, കോണ്‍ഗ്രസ്സിന്റെ സൃഷ്ടിയാണ്. എന്നാലത്, കോണ്‍ഗ്രസ്സിന്റെ നേതാവ് കൂടിയായിരുന്ന ഗാന്ധി സ്വപ്നം കണ്ട ഇന്ത്യയല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com