ജീവചരിത്രങ്ങള്‍ ഒളിഞ്ഞുനോക്കുമ്പോള്‍: മധുസൂദന്‍ വി എഴുതുന്നു

സ്വദേശത്തും വിദേശത്തുമായി ഇരുപതിലേറെ സിനിമകളില്‍ ഗാന്ധി കഥാപാത്രമായിട്ടുണ്ട്, രണ്ടു ഡോക്യുമെന്ററികളും രണ്ടു സിനിമകളും ആ ജീവിതത്തെപ്പറ്റിയുണ്ട്.
ജീവചരിത്രങ്ങള്‍ ഒളിഞ്ഞുനോക്കുമ്പോള്‍: മധുസൂദന്‍ വി എഴുതുന്നു

ലോകത്തു ജീവിച്ച ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ മഹാത്മാഗാന്ധിയാവണം. ലോകത്ത് എണ്‍പതോളം രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ഇരുപതിലേറെ സിനിമകളില്‍ ഗാന്ധി കഥാപാത്രമായിട്ടുണ്ട്, രണ്ടു ഡോക്യുമെന്ററികളും രണ്ടു സിനിമകളും ആ ജീവിതത്തെപ്പറ്റിയുണ്ട്. ലോകരാഷ്ട്രങ്ങള്‍ ശില്പങ്ങളിലൂടെ, സ്ഥലനാമങ്ങളിലൂടെ, മറ്റു കലാസൃഷ്ടികളിലൂടെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വ്യക്തി ലോകം കീഴടക്കുമ്പോഴാണ് ആ നാമം വിശേഷണമായി മാറുന്നത്. അമേരിക്കന്‍ ഗാന്ധി, ആഫ്രിക്കന്‍ ഗാന്ധി, ശ്രീലങ്കന്‍ ഗാന്ധി, അതിര്‍ത്തി ഗാന്ധി, ആധുനിക ഗാന്ധി, കേരളഗാന്ധി, പിന്നെ മയ്യഴിഗാന്ധിയുമൊക്കെയായി ഗാന്ധി ഒരു നക്ഷത്രസമൂഹമായി ലോകത്തു ജീവിച്ചുകൊണ്ടിരിക്കുന്നു. 

രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളുടെ പ്രളയമായിരുന്നു. ഇനിയും നിലച്ചിട്ടില്ല. എല്ലാവരുടേയും ഇഷ്ടവിഷയം അദ്ദേഹത്തിന്റെ സ്ത്രീകളുമായുള്ള ബന്ധമാണ്. ഒറ്റവാക്കില്‍ തീര്‍ത്താല്‍ ഒളിഞ്ഞുനോട്ടം. സത്യത്തിന്റേയും അഹിംസയുടേയും ആള്‍രൂപമായി ലോകം അടയാളപ്പെടുത്തുന്ന, മനുഷ്യന്‍ ദൈവമായി ജനിച്ചതല്ലെങ്കില്‍ ദൈവം മനുഷ്യനായി ജനിച്ചതെന്ന് സഞ്ജയന്‍ വിശേഷിപ്പിച്ച ആ പ്രതിഭയുടെ  ആരാധകരായി സമാധാനത്തിനുള്ള നോബല്‍ സമ്മാനം വരെ വാങ്ങിയവര്‍ക്കൊക്കെയും ആ ജീവിതം വഴിവിളക്കായതെങ്ങനെ എന്ന ചോദ്യത്തിനു ചുറ്റുമല്ല, മറിച്ച് എത്രയോ നേതാക്കളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകൃഷ്ടരായി ആ ജീവിതത്തെ ചേര്‍ത്തുപിടിച്ച വനിതകളുമായി അദ്ദേഹത്തിനുള്ള ബന്ധത്തിനു ചുറ്റും കുഴിപ്പുറത്തെ കര്‍മ്മം പോലെ ചുറ്റുകയാണ് ജീവചരിത്രമെഴുത്തുകാര്‍. കാരണം അക്കാദമിക താല്പര്യമാണെന്നു പറയും. സത്യത്തില്‍ ഒളിഞ്ഞുനോട്ടത്തിന്റെ മാര്‍ക്കറ്റ് വാല്യു നേര്‍ക്കാഴ്ചകള്‍ക്കില്ലാതെ പോവുന്നതാണെന്നു തോന്നുന്നു. 

ഗാന്ധിജിയുടെ മകന്‍ ദേവദാസിന്റേയും രാജാജിയുടെ മകള്‍ ലക്ഷ്മിയുടേയും മകന്‍, ഒരേസമയം മഹാത്മാഗാന്ധിയുടേയും രാജഗോപാലാചാരിയുടേയും ചെറുമകനായ രാജ്മോഹന്‍ ഗാന്ധി രചിച്ച ജീവചരിത്രമാണ് മോഹന്‍ദാസ്: എ ട്രൂ സ്റ്റോറി ഓഫ് എ മാന്‍, ഹിസ് പീപ്പിള്‍ ആന്‍ഡ് എംപയര്‍. പുസ്തകത്തിന്റെ പരസ്യം തന്നെ ഒരു ഒളിഞ്ഞുനോട്ടത്തിന്റെ മാര്‍ക്കറ്റിലൂടെയായിരുന്നു - ഹൈലൈറ്റ് ഗാന്ധിജിയും സരളാദേവിയുമായുള്ള ബന്ധത്തിന്റെ കഥ.  ഈ കഥയും പുസ്തകത്തിന്റെ ടൈറ്റിലും കൂട്ടിവായിച്ചാല്‍ ജീവചരിത്രകാരന്റെ എളിയ പരിശ്രമം മഹാത്മാവിനെ മോഹന്‍ദാസ് ആക്കുക ആയിരുന്നു എന്നു തോന്നുന്നു. മുന്നേ പുസ്തകത്തിന്റെ പ്രമോഷണല്‍ കുറിപ്പുകളില്‍ ഒരിടത്തു വായിച്ചത് ഗാന്ധിയും സരളാദേവിയും അവരുടെ ആത്മകഥകളില്‍ പരാമര്‍ശിക്കാത്ത ബന്ധം എന്നൊക്കെയാണ്. അതു കേട്ടാല്‍ തോന്നുക സരളാദേവിയുമായുണ്ടായിരുന്ന ബന്ധമാണ് മോഹന്‍ദാസിനെ മഹാത്മാഗാന്ധി എന്ന കര്‍മ്മയോഗിയാക്കിയത് എന്നാവും. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അധ്യായവും അതുതന്നെയാണെന്നും. ഗോഡ്സേയ്ക്കു  ഗാന്ധിജിയെ ഒരു തവണ വധിക്കാനേ കഴിഞ്ഞിട്ടുള്ളൂ.  ജീവചരിത്രമെഴുത്തുകാരും ഗാന്ധിശിഷ്യരും ഗാന്ധിയെ വധിക്കാത്ത ഒരു ദിവസമുണ്ടോ എന്നു സംശയമാണ്. 
ആരായിരുന്നു സരളാദേവി?  ഒരുപക്ഷേ, ഇന്ത്യയിലെ അറിയപ്പെട്ട ആദ്യ ഫെമിനിസ്റ്റ്, ഇന്ത്യയിലെ ആദ്യ വനിതകളുടെ സംഘടനയായ ഭാരത് സ്ത്രീ മഹാമണ്ഡല്‍  രൂപീകരിച്ച സരളാദേവി. ബുദ്ധിയും സൗന്ദര്യവും സാഹിത്യവും സംഗീതവും അറിവും ഒരുപോലെ ഒത്തുചേര്‍ന്ന സരളാദേവി  ഗാന്ധിജിയെ മഹാത്മാ എന്നു സംബോധന ചെയ്ത ടാഗോറിന്റെ മരുമകളായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍നിന്നും പദ്മാവതി ഗോള്‍ഡ് മെഡലോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അപൂര്‍വ്വ വ്യക്തിത്വം. വന്ദേമാതരത്തിന്റെ ആദ്യ രണ്ടുവരിയുടെ സംഗീതം ടാഗോറിന്റേതും ബാക്കി സരളാദേവിയുടേതുമാണെന്നു ചരിത്രം. ബ്രിട്ടീഷുകാര്‍ നിരോധനം അടിച്ചേല്‍പ്പിച്ചിട്ടും ബനാറസ് കോണ്‍ഗ്രസ് സെഷനില്‍ അതു പാടിയത് സരളാദേവി. 

ഗാന്ധിജി അവരെ ആദ്യമായി കാണുന്നത് 1901-ലാണ്, സരളാദേവിയുടെ 29ാം വയസ്സില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുവേണ്ടി അവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിന്റെ അവതരണവേളയില്‍. പിന്നീട് 1919-ല്‍ ജാലിയന്‍ വാലാബാഗ് സംഭവശേഷം ഗാന്ധിജി ലാഹോറിലെത്തിയപ്പോള്‍ അദ്ദേഹത്തിനു താമസമൊരുക്കിയത് സരളാദേവിയുടെ വീട്ടിലായിരുന്നു. നല്ലൊരു ഫെമിനിസ്റ്റ് ആയ സരളാദേവിക്ക്, ഒരുപക്ഷേ, അങ്ങനെ അല്ലാത്ത എന്നു പലരും കരുതുന്ന ഗാന്ധിജിയുമായി അത്രയും അടുപ്പമുള്ള ബന്ധം ഉണ്ടായെങ്കില്‍ എന്തുമാത്രമായിരിക്കണം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം? സരളാദേവിയുടെ ഏക മകന്‍ ദീപക് വിവാഹം കഴിച്ചത് ഗാന്ധിജിയുടെ ചെറുമകള്‍ രാധയെയാണ്. 

സംശയിക്കപ്പെടുന്ന
ബന്ധങ്ങള്‍

ആത്മമിത്രവും ദക്ഷിണാഫ്രിക്കയിലെ തന്റെ സമരസഖാവുമായിരുന്ന ഹെര്‍മ്മന്‍ കല്ലന്‍ബാക്കിന് ഗാന്ധിജി 1920 ഓഗസ്റ്റ് 10-നു എഴുതിയ കത്തിലെ വരികള്‍ ഇങ്ങനെയാണ്: ''അനിര്‍വ്വചനീയമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. സരാളാദേവിയെ ഞാന്‍ വിളിക്കുന്നത് എന്റെ അലൗകിക പത്‌നി (Spiritual wife) എന്നാണ്. ഒരു സുഹൃത്ത് അതിനെ അറിവില്‍ അധിഷ്ഠിതമായ വിവാഹമെന്നാണ് വിശേഷിപ്പിക്കുന്നത്.'' ഗാന്ധിജി തന്നെ തന്റെ സ്പിരിച്വല്‍ വൈഫ് എന്നു വിശേഷിപ്പിച്ചതാണ് സരളാദേവിയെ. അനുയായികള്‍ക്കിടയില്‍ ചര്‍ച്ചയായ ആ ബന്ധത്തെ പലരും വിമര്‍ശിച്ചു. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് ഗാന്ധിജി തന്നെ വിശേഷിപ്പിച്ച സി. രാജഗോപാലാചാരി സരളാദേവിയെ മണ്ണെണ്ണവിളക്കും ബായെ ഉദയസൂര്യനുമായാണ് വിശേഷിപ്പിച്ചത് എന്നു രാജ്മോഹന്‍ ഗാന്ധി എഴുതുന്നു. 

ഇവിടെയാണ് നമ്മുടെ ബോധം കാലത്തിനൊത്തു സഞ്ചരിക്കേണ്ടത്. ഒരു നൂറ്റാണ്ടു മുന്നേയുള്ള മനുസ്മൃത-സ്ത്രീപുരുഷ ബന്ധങ്ങള്‍ നിലനിന്നിരുന്ന കാലത്ത് അത്തരമൊരു ബന്ധം എന്തുമാത്രം വിപ്ലവകരമായിരിക്കും?  ഈ ലോകത്ത് ഒരു പുരുഷനും സ്ത്രീയും അടുത്തു പ്രവര്‍ത്തിച്ചാല്‍ ബന്ധം രണ്ടു വ്യക്തികള്‍ തമ്മിലുള്ളതല്ല, മറിച്ച് രണ്ടു അവയവങ്ങള്‍ തമ്മിലുള്ളതാണെന്നു വിശ്വസിക്കുന്ന സദാചാര പൊലീസുകാരുടെ മുന്തിയ പതിപ്പാവുകയാണ് ജീവചരിത്രകാരന്‍മാര്‍.  ആ ബന്ധത്തില്‍ അവിശുദ്ധത ചാലിക്കുന്ന ജീവചരിത്രത്തിന്റെ ലക്ഷ്യങ്ങളെ സംശയിക്കണം, വിശിഷ്യാ തെളിവുകള്‍ മറിച്ചാവുമ്പോള്‍. 

അടുത്തകാലത്തായി ഗാന്ധിജിയുടെ ജീവചരിത്ര സ്പെഷ്യലിസ്റ്റുകളില്‍ ഒരാളായ രാമചന്ദ്രഗുഹ തന്നെ പറഞ്ഞത് തീവ്രമായ, വൈകാരികമായ ഒരു ബന്ധം അവര്‍ തമ്മില്‍ ഉണ്ടായിരുന്നു, പക്ഷേ, ശാരീരികമായ ബന്ധത്തിലെത്തിയ ഒന്നായിരുന്നില്ല അതെന്നാണ്. ഇനി നോക്കിയാല്‍ ആ ഹൃദയബന്ധം ബന്ധപ്പെട്ട ഓരോ വ്യക്തിയുമായും ഗാന്ധിജിക്കു ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ മാസ്മരികമായ വ്യക്തിപ്രഭാവം എല്ലാവരേയും തന്നിലേക്കും മറിച്ചും വലിച്ചടുപ്പിച്ചതിന്റെ ഫലം കൂടിയാണ് ഒരു ലോകനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹാവിജയം.                

ഗാന്ധിജിയും സരളാദേവിയും തമ്മിലുണ്ടായിരുന്ന ബന്ധം ഒരു സാധാരണ സ്ത്രീപുരുഷ ബന്ധം മാത്രമാണെന്ന് അവര്‍ തമ്മിലുള്ള എഴുത്തുകളെ ഗവേഷണവിധേയമാക്കിയും അക്കാലത്തെ ചരിത്രം ചികഞ്ഞും ചരിത്രകാരന്‍ ഡോ. റിസ്വാന്‍ ഖാദ്രി സ്ഥാപിക്കുന്നു. ഇനി 1920 ഫെബ്രുവരി 27-നു അഹമ്മദാബാദിലെ സരളാദേവി കൂടി പങ്കെടുത്ത ഒരു പൊതുയോഗത്തില്‍ ഗാന്ധിജി അവര്‍ക്കിടയിലെ ബന്ധത്തെ വിശദീകരിച്ചു. ഗാന്ധിജിയെ ഉദ്ധരിക്കുന്ന റിസ്വാന്‍ ഖാദ്രിയുടെ ലേഖനത്തില്‍നിന്നും, ''ഞാന്‍ സരളാദേവിയെ കണ്ടത് പഞ്ചാബിലാണ്. ആദ്യമായി 1910-ല്‍, പിന്നെ ആ ദമ്പതികളെ കണ്ടത് ഹരിദ്വാറില്‍. പഞ്ചാബ് സന്ദര്‍ശിക്കാനായി സരളാദേവിജി എന്നെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചുവെങ്കിലും, എനിക്കു ഒരു ആശങ്കയുണ്ടായിരുന്നു. സരളാദേവിജി എന്നെ ക്ഷണിച്ചിരുന്ന കാലം അവര്‍ വിയോഗിണിയായിരുന്നു. ഒരു വിയോഗിണിയുടെ വീട്ടില്‍ താമസിക്കുന്നത് എന്നില്‍ ഒരു അമ്പരപ്പുളവാക്കി. എങ്കിലും ഒരാളുടെ വേദന പങ്കിടുവാന്‍ കഴിയുക  ഒരു ഭാഗ്യമായി കൂടി തോന്നി. അതു കാരണമാണ് ഞാന്‍ അവിടെ താമസിച്ചത്. എന്റെ സ്വന്തം സഹോദരിയുടെ അടുത്തുനിന്നും ഞാന്‍ സ്വീകരിച്ചേക്കാവുന്ന സേവനങ്ങള്‍ അവരുടെ അടുത്തുനിന്നും സ്വീകരിച്ചിരുന്നു. അതിനു ഞാനവരോട് കടപ്പെട്ടിരിക്കുന്നു. ഈ ലോകത്തു എന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ആ സഹോദരിയുടെ പാദങ്ങളില്‍  ഞാന്‍ തൊട്ടുവന്ദിക്കുന്നു.'' അതാണ് ഗാന്ധി.  

ബ്രഹ്മചര്യം പ്രഖ്യാപിച്ച ഗാന്ധിജി ഇതാ ഒരു പെണ്ണില്‍ വീണു എന്നും ആത്യന്തികമായി ഗാന്ധി മഹാത്മാവല്ല, മോഹന്‍ദാസ് മാത്രമാണെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ പുസ്തകം ചമച്ചവരാണ് ചില ജീവചരിത്രമെഴുത്തുകാര്‍, ചെറുമകനടക്കം. തന്റെ പേരിനൊപ്പവും ഗാന്ധി ചേര്‍ക്കുന്ന ചെറുമകന്‍ ജീവചരിത്രത്തിനു നല്‍കിയ പേരിന്റെ തുടക്കം മഹാത്മാഗാന്ധി അല്ലെങ്കില്‍ ഗാന്ധി എന്നാവാതെ മോഹന്‍ദാസ് എന്നായത് യാദൃച്ഛികമായതാവാന്‍ ഇടയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com