ബയോപിക്കിന് ഒരു വ്യത്യസ്ത ഭാഷ്യം: പികെ സുരേന്ദ്രന്‍ എഴുതുന്നു

എന്നാല്‍  താന്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കാത്ത  അശാന്തിയുടേയും  കലാപങ്ങളുടേയും  കാഴ്ചകള്‍ക്കാണ്  ആഫ്രിക്കയിലും  അദ്ദേഹം സാക്ഷിയായത്.    
ബയോപിക്കിന് ഒരു വ്യത്യസ്ത ഭാഷ്യം: പികെ സുരേന്ദ്രന്‍ എഴുതുന്നു

മ്മുടെ ജീവചരിത്ര സിനിമകള്‍ (ബയോപിക്) ആ വ്യക്തിയുമായി രൂപസാദൃശ്യമുള്ള അഭിനേതാവിനേയോ/അഭിനേത്രിയേയോ കണ്ടെത്തുകയും ആ വ്യക്തിയുടെ അംഗചലനങ്ങള്‍വരെ വളരെ യഥാതഥമായി സിനിമയില്‍  അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍  ബയോപിക്കിന് ആധാരമായ  വ്യക്തിയെത്തന്നെ ഒരിടത്തും  കാണിക്കാതെ  ഒരു  സിനിമ  ഉണ്ടെങ്കിലോ? പീറ്റര്‍  ക്രുഗര്‍ എന്ന ബെല്‍ജിയന്‍ ചലച്ചിത്രകാരന്റെ  N: The Madness of Reason--ല്‍   സിനിമയ്ക്ക്  ആധാരമായ Raymond  Borremans എന്ന മനുഷ്യനെ ഭൗതികമായി  ഒരിടത്തും  കാണിക്കുന്നില്ല.  പകരം, അശാന്തമായ ആത്മാക്കളെ ആവാഹിക്കുന്ന  ഒരു ആഫ്രിക്കന്‍ സ്ത്രീ ഇദ്ദേഹത്തിന്റെ ആത്മാവിനെ (Spirit) അടുത്ത ജന്മത്തിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നു.   ഇവരുടെ സംഭാഷണങ്ങളും/ആത്മഗതങ്ങളുമാണ് സിനിമ.  മറ്റൊരു പ്രത്യേകത Borremans ജീവിച്ച കാലവും സിനിമയില്‍  കാണിക്കുന്നില്ല എന്നതാണ്. ഡോക്യുമെന്ററിയുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും  ഈ സിനിമ ഡോക്യുമെന്ററിയെക്കുറിച്ചുള്ള  നമ്മുടെ സാമ്പ്രദായിക നിര്‍വ്വചനത്തില്‍ ഒതുങ്ങുന്നില്ല.  അതേസമയം ഇതൊരു ഫീച്ചര്‍ സിനിമയുമല്ല. സംവിധായകനും പ്രശസ്ത ആഫ്രിക്കന്‍ എഴുത്തുകാരനായ ബെന്‍  ഓക്രിയും ചേര്‍ന്നാണ് സിനിമ രചിച്ചിരിക്കുന്നത്. 

സഞ്ചാരപ്രിയനും ഗായകനും എന്‍സൈക്ലോപീഡിയയുടെ കര്‍ത്താവുമായ Raymond Borremans എന്ന മനുഷ്യനെക്കുറിച്ചാണ് ഈ സിനിമ.  1929-ല്‍  തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം  യൂറോപ്പില്‍നിന്ന് ആഫ്രിക്കയിലേക്ക് യാത്രതിരിച്ചു. ഏതൊരു അദൃശ്യ ശക്തിയാണ് അദ്ദേഹത്തെ പാശ്ചാത്യ നാഗരികതയില്‍നിന്ന്  വിദൂരസ്ഥമായ ഈ നിഗൂഢ ഭൂഖണ്ഡത്തിലേക്ക്, തീര്‍ത്തും വ്യത്യസ്തമായ ജനങ്ങളിലേക്കും സംസ്‌കാരത്തിലേക്കും കൊണ്ടുപോന്നത്?  യുദ്ധത്തിന്റെ അശാന്തവും രക്തരൂക്ഷിതവുമായ അന്തരീക്ഷത്തില്‍നിന്ന് സ്വാതന്ത്ര്യവും  സമാധാനവും  കൊതിച്ചാണ്  അദ്ദേഹം ആഫ്രിക്കയിലേക്ക് യാത്രയായത്. എന്നാല്‍  താന്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കാത്ത  അശാന്തിയുടേയും  കലാപങ്ങളുടേയും  കാഴ്ചകള്‍ക്കാണ്  ആഫ്രിക്കയിലും  അദ്ദേഹം സാക്ഷിയായത്.     

പീറ്റര്‍ ക്രൂഗര്‍
പീറ്റര്‍ ക്രൂഗര്‍

റോഡ് മാര്‍ഗ്ഗം  അദ്ദേഹം  ആഫ്രിക്ക  മുഴുവന്‍ യാത്ര ചെയ്തു. ജീവിക്കാനായി ആഫ്രിക്കയെ കോളനിയാക്കിയ ഫ്രെഞ്ചുകാര്‍ക്കായി തന്റെ ബാന്‍ജോ എന്ന   സംഗീതോപകരണം വായിച്ചു.  തുടര്‍ന്ന് ആഫ്രിക്കയുടെ സൗന്ദര്യത്താല്‍ വശീകരിക്കപ്പെട്ട അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി.  ഈ  ഉഷ്ണഭൂമി  തനിക്ക് വീടായിത്തീരുമെന്ന്   യാത്ര തിരിക്കുമ്പോള്‍ അയാള്‍ക്ക്  അറിയാമായിരുന്നില്ല. 

പിന്നീട് അദ്ദേഹം തന്റെ പ്രൊജക്ടറും  സ്‌ക്രീനും സിനിമകളും അടങ്ങുന്ന ടൂറിങ് ടാക്കീസുമായി ഫ്രെഞ്ച് അധീനത്തിലുള്ള  പടിഞ്ഞാറന്‍  ആഫ്രിക്കയില്‍ സഞ്ചരിച്ച് തദ്ദേശീയ വാസികള്‍ക്കായി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവൃത്തിയില്‍ മുഴുകി. എഴുപതുകളുടെ മധ്യത്തില്‍  ടിവി സര്‍വ്വസാധാരണമായതോടെ സിനിമകളില്‍ ജനങ്ങള്‍ക്ക് താല്പര്യം കുറഞ്ഞു.  തുടര്‍ന്ന് 1988-ല്‍  മരിക്കുന്നതുവരെ അദ്ദേഹം പടിഞ്ഞാറന്‍  ആഫ്രിക്കയെക്കുറിച്ചുള്ള എന്‍സൈക്ലോപീഡിയയുടെ  രചനയില്‍  മുഴുകി. (ഇതാണ് ഈ രാജ്യത്തെക്കുറിച്ചുള്ള ആദ്യത്തെ എന്‍സൈക്ലോപീഡിയ).   ഭ്രാന്തായിരുന്നോ,  വസ്തുക്കളെ  തരംതിരിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഈ പ്രവൃത്തി?   അദ്ദേഹത്തിന് എന്‍സൈക്ലോപീഡിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.  മരിക്കുമ്പോള്‍ അദ്ദേഹം  N--ല്‍ മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളു.

ബെന്‍ ഓക്രി
ബെന്‍ ഓക്രി

ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യവും വിശ്വാസവും

വാക്കുകളും നറേഷനും കൊണ്ടാണ് സിനിമ രചിച്ചിരിക്കുന്നത്. സ്ത്രീ ശബ്ദത്തിലുള്ള ഒരു നറേഷനും പുരുഷശബ്ദത്തിലുള്ള മറ്റൊരു  നറേഷനും. പുരുഷശബ്ദം Borremans-നെ പ്രതിനിധീകരിക്കുന്നതും സ്ത്രീ ശബ്ദം അദ്ദേഹത്തിന്റെ ആത്മാവിനെ ആവാഹിക്കുന്ന ആഫ്രിക്കന്‍  സ്ത്രീയെ പ്രതിനിധീകരിക്കുന്നതും ആയിരിക്കാം.  എന്നാല്‍  ഈ രണ്ട്  നറേഷനും  കൂട്ടിച്ചേര്‍ത്ത്   Borremans-ന്റെ  ജീവിതചിത്രം അവതരിപ്പിക്കുകയല്ല  സംവിധായകന്‍. മാത്രവുമല്ല, സിനിമ രേഖീയമായി പുരോഗമിക്കുന്നുമില്ല. 
പുരുഷശബ്ദം നമ്മുടെ വര്‍ത്തമാനത്തിലാണ്, അതേസമയം അത് പുരുഷനെ സംബന്ധിച്ച് ഭാവികാലത്തിലാണ്. സിനിമ അവതരിപ്പിക്കുന്ന മരണാനന്തര കാഴ്ചപ്പാട് വളരെ ഫലപ്രദമാക്കുന്നുണ്ട് ദൃശ്യതലം. വളരെ ചലനാത്മകമായ ക്യാമറ പ്രകൃതിയിലൂടെ - കടലിനും ആകാശത്തിനും ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടങ്ങള്‍ക്കും മുകളിലൂടെ - ഒഴുകിനീങ്ങുന്ന അനുഭവം പകരുന്നു.  ചിലപ്പോള്‍ ക്യാമറ  ചുഴിയില്‍  അകപ്പെട്ടതുപോലെ   ദീര്‍ഘനേരം കറങ്ങുന്നു.  വാസ്തവികതയേയും സാങ്കല്പികതയേയും ദൃശ്യമായതിനേയും അദൃശ്യമായതിനേയും  ഭൂതകാലത്തില്‍നിന്നും വര്‍ത്തമാനകാലത്തില്‍നിന്നുള്ള ശബ്ദങ്ങളേയും സിനിമ കൂട്ടിപ്പിരിക്കുന്നു. അങ്ങനെ ഏകതാനമായ, ഏകശിലാരൂപത്തിലുള്ള  സാമ്പ്രദായിക  ബയോപിക് ശൈലികള്‍ക്ക് ഒരു ബദല്‍ ശൈലി നെയ്യുന്നു, സിനിമ. 

സിനിമയുടെ തുടക്കത്തില്‍  മരണം കാത്തുകിടക്കുന്ന ഒരു വൃദ്ധനെയാണ് നാം കാണുന്നത്.  അയാളെ ശുശ്രൂഷിക്കുന്ന നഴ്‌സ്. ഈ ദൃശ്യത്തിലൂടെ  Borremans-ന്റെ  അവസാന നാളുകളെ സൂചിപ്പിക്കുകയായിരിക്കാം. തുടര്‍ന്ന്  ആത്മാവിനെ  ആവാഹിക്കുന്ന ആഫ്രിക്കന്‍ സ്ത്രീയെ നാം കാണുന്നു. അപ്പോള്‍ പുരുഷശബ്ദമാണ് നാം കേള്‍ക്കുന്നത്: ആരാണിവള്‍? ഞാന്‍ അവളെയാണോ സ്വപ്നം കാണുന്നത്, അല്ല, അവള്‍ എന്നെയോ?   എന്റെ അസ്തിത്വത്തെക്കുറിച്ച് അറിയാവുന്നവള്‍ നീ മാത്രമായിരിക്കും. എന്റെ സ്വപ്നങ്ങളില്‍ പാടിക്കൊണ്ടിരുന്നത് നീയാണോ?  മറ്റൊരു സന്ദര്‍ഭത്തില്‍ ''എന്തിനാണ് നീ എന്നെയിങ്ങനെ നോക്കുന്നത്'' എന്ന് അയാളുടെ ശബ്ദം അവളോട് ചോദിക്കുന്നുണ്ട്, സ്ത്രീക്ക് അയാളെ കാണാം എന്ന രീതിയില്‍.  ചിലപ്പോള്‍ ആര് ആരോടാണ് സംസാരിക്കുന്നത് എന്ന് അറിയാതാവുന്നു.  മറ്റുചിലപ്പോള്‍ ഒരാള്‍ മറ്റൊരാളിലൂടെ സംസാരിക്കുന്നതായും നമുക്ക് അനുഭവപ്പെടുന്നു.  
ഇത്തരത്തിലുള്ള സന്ദിഗ്ദ്ധാവസ്ഥ സിനിമയില്‍ അങ്ങോളമിങ്ങോളം നിലനില്‍ക്കുന്നുണ്ട്. സ്ഥലകാലങ്ങള്‍ ക്രമമനുസരിച്ചല്ല അവതരിപ്പിച്ചിരിക്കുന്നത്. ദൂരത്തില്‍നിന്നും വിസ്തൃതിയില്‍ നിന്നും മുക്തമാക്കപ്പെട്ട ആത്മാവിന്റെ ഭാഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ നാം കുഴങ്ങുന്നു. ഇതിനായി ആഫ്രിക്കയുടെ  വാമൊഴി  പാരമ്പര്യത്തേയും  വിശ്വാസങ്ങളേയുമാണ്  സംവിധായകന്‍  കൂട്ടുപിടിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഇത്തരത്തില്‍ അതീത സ്വഭാവം പകരുന്നതില്‍ സിനിമയുടെ രചനയില്‍ പങ്കാളിയായ ഓക്രിയുടെ പങ്ക് വലുതാണ്.   ആഫ്രിക്കയെ സംബന്ധിച്ച്, അതുകൊണ്ടുതന്നെ ഓക്രിയെ സംബന്ധിച്ചും അതീത ലോകം, ആത്മാവുകളുടെ ലോകം  രൂപകങ്ങളോ  സാങ്കല്പികമോ  അല്ല, മറിച്ച് നിത്യജീവിതത്തേക്കാള്‍ യഥാര്‍ത്ഥമാണ്. 
ഓക്രി  പറയുന്നു:  ''യാഥാര്‍ത്ഥ്യത്തിന് പല മാനങ്ങളുള്ള ഒരു പാരമ്പര്യത്തിലാണ് ഞാന്‍ വളര്‍ന്നത്.  അത് പുരാവൃത്തങ്ങളും മിത്തുകളും മരണവും പിതൃക്കളും ആത്മാക്കളും നിറഞ്ഞ ലോകമാണ്.  ഒരാളുടെ ഭൗതിക സാന്നിധ്യം ഇല്ലെങ്കിലും ആ മനുഷ്യനുമായി ആശയവിനിമയം നടത്താന്‍ കഴിയും എന്ന സങ്കല്പം ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്.''

Borremans-ന്റെ  ഇച്ഛാശക്തി, അര്‍പ്പണ ഭാവം - ഇതൊക്കെയാണ് സിനിമ കൈകാര്യം ചെയ്യുന്ന ഒരു വിഷയം. പുരുഷ ശബ്ദത്തില്‍ ആത്മഗതമെന്നോണം ഇപ്രകാരം:  ''ജീവിച്ചിരിക്കവെ ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ഞാന്‍ മരണത്തില്‍ നിറവേറ്റും.''  അന്‍പതോളം വര്‍ഷങ്ങള്‍ അയാള്‍ ഒരു ലോകത്തെ വ്യാഖ്യാനിക്കാനും നിര്‍വ്വചിക്കാനും ശ്രമിക്കുകയായിരുന്നു. അത് ഭ്രാന്തായിരുന്നോ? അയാള്‍ മരിച്ചുപോയാല്‍ എല്ലാം മറവിയില്‍ നഷ്ടപ്പെടുമോ? എന്‍സൈക്ലോപീഡിയ അയാളുടെ ജീവിതംതന്നെ ആയിരുന്നു.  അയാള്‍ക്ക് മരിക്കാന്‍ കഴിയില്ല. മരിക്കുകയാണെങ്കില്‍ അയാള്‍ ജീവിച്ചിരുന്നില്ല എന്നു വരും.
സ്ത്രീ ശബ്ദം ഇപ്രകാരം: ''ആകാശത്തുനിന്ന് സംഗീതത്തിന്റെ നീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങുന്നു. നര്‍ത്തകരുടെ സംഗീതം കര്‍ണ്ണാനന്ദകരം. വയലിലൂടെ നടന്നുനീങ്ങുന്ന പ്രതീക്ഷ.  ഉറങ്ങുന്ന ശവങ്ങള്‍ക്കു മീതെ മരണം ഒഴുകുന്നു.''

ആഫ്രിക്കന്‍ ആത്മീയതയുടെ പ്രാധാന്യം

പ്രതീക്ഷാനിര്‍ഭരമായ ഈ തുടക്കത്തിനുശേഷം രണ്ടു ശബ്ദങ്ങളും യാത്ര ആരംഭിക്കുന്നതായി പ്രേക്ഷകര്‍ക്കു  തോന്നുന്നു.  മനസ്സിലാക്കാന്‍ പ്രയാസമുണ്ടാക്കുന്ന രീതിയില്‍  യാത്ര ജീവിതത്തിനും മരണത്തിനും ഇടയിലൂടെ, സമകാലിക ആഫ്രിക്കയിലൂടെ.   

അയാള്‍ ഒരിക്കല്‍ സംഗീതപരിപാടി അവതരിപ്പിച്ച  ഹോട്ടല്‍, അയാളുടെ പേരിലുള്ള ലൈബ്രറി, നൈജര്‍ നദി, പട്ടാളക്കാര്‍, തെരുവുകളും  വഴിവാണിഭങ്ങളും കള്ളക്കടത്തുകാര്‍ മൃഗങ്ങള്‍ - എല്ലാം അവതരിപ്പിക്കുന്നു.  മാത്രവുമല്ല, അദ്ദേഹം ജീവിച്ചിരിക്കവെ ചെയ്തിരുന്ന പല പ്രവൃത്തികളും -  സിനിമാ പ്രദര്‍ശനം, സാക്ഷരതാ പ്രവര്‍ത്തനം. സംഗീതം, പൂമ്പാറ്റകളുടെ ശേഖരണം -  വര്‍ത്തമാനകാല ആഫ്രിക്കയില്‍ ആവര്‍ത്തിക്കുന്നുണ്ട്.  എന്നാല്‍ അയാളുടെ വാക്കുകളാണ്, നറേഷനാണ് ഈ ദൃശ്യങ്ങള്‍ക്ക് അകമ്പടി. അപ്പോള്‍ നാം ആശയക്കുഴപ്പത്തിലാകുന്നു. ഭൂതകാലത്തിലെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ത്തമാനകാലത്തില്‍ പുന:സൃഷ്ടിച്ചതാണോ? ഉദാഹരണത്തിന്  അദ്ദേഹം ചെയ്തതുപോലെ  ഒരു സ്ത്രീ  സിനിമകള്‍  പ്രദര്‍ശിപ്പിക്കുന്നതു കാണാം. അപ്പോള്‍ നാം കേള്‍ക്കുന്നത് അയാളുടെ ശബ്ദമാണ്:   സിനിമാ പ്രദര്‍ശനത്തിനുശേഷം  സ്‌ക്രീന്‍ മടക്കിക്കെട്ടുമ്പോള്‍  അത്ഭുതത്തോടെ സിനിമ കണ്ടിരുന്ന കുട്ടികള്‍ അവര്‍  സിനിമയില്‍  കണ്ട മനുഷ്യരെ Borremans  എവിടെയാണ് ഒളിപ്പിച്ചത് എന്ന് ചോദിക്കുന്നുണ്ട്.  പ്രദര്‍ശനത്തിനുശേഷം സ്ത്രീ  ഒരു പ്രായംചെന്ന പുരുഷനെ  കണ്ട് പ്രദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അയാള്‍ പറയുന്ന കാര്യങ്ങളൊക്കെ സ്ത്രീ കുറിച്ചെടുക്കുന്നുണ്ട്. ഇവിടെയും Borremans സ്ത്രീയിലൂടെ  സംസാരിക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്.

അനന്തസാധ്യതകള്‍ ഉള്ളില്‍ ഒളിപ്പിച്ചുവച്ചവരാണ്  ആഫ്രിക്കന്‍ ജനത.  ദാരിദ്ര്യം, യുദ്ധം, കലാപങ്ങള്‍, വിദ്യാഭ്യാസത്തിന്റെ അഭാവം - ഈ തിരിച്ചറിവ് ആഫ്രിക്കയിലെ ജനങ്ങളെ അറിവിന്റെ ലോകത്തേക്ക് കൊണ്ടുവരേണ്ടതിന്റെ  ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തി.  വിരിയുന്ന മുട്ട. ഒരു പുതിയ ജീവിതം. അദ്ദേഹത്തിന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഒരു ആഫ്രിക്കന്‍   യുവാവ് അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ പുകഴ്ത്തുന്നുണ്ട്. അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന രീതിയില്‍ ഒരു ആഫ്രിക്കക്കാരന്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍   ഏര്‍പ്പെട്ടിരിക്കുന്നതായി കാണുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ കസേരയിലിരുന്ന് മുഖം താഴ്ത്തി ബാന്‍ജോ വായിക്കുന്ന ഒരു മനുഷ്യനെ കാണിക്കുന്നുണ്ട്.  Borremans--ഉം അങ്ങനെതന്നെ ആയിരുന്നുവല്ലോ എന്നും  അതുകൊണ്ട് അത് അദ്ദേഹം ആയിരിക്കും എന്നും  നാം പ്രതീക്ഷിക്കുന്നു. എന്നാല്‍, ക്യാമറ അയാള്‍ക്ക് അടുത്തെത്തുമ്പോള്‍ അതൊരു ആഫ്രിക്കനാണ് എന്ന് നാം അറിയുന്നു. (ഈദൃശ്യ രംഗങ്ങള്‍ സിനിമയില്‍ പല സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്). 


വഴിവാണിഭക്കാര്‍  മറ്റു പല സാധനങ്ങള്‍ക്കും ഒപ്പം വില്‍ക്കാന്‍ വെച്ചിരിക്കുന്ന അദ്ദേഹത്തിന്റെ എന്‍സൈക്ലോപീഡിയയുടെ കോപ്പികള്‍ ഈ യാത്രയ്ക്കിടയില്‍ അദ്ദേഹം കാണുന്നുണ്ട്. അയാളുടെ ജീവിതം മുഴുവന്‍ അടങ്ങിയിരിക്കുന്നു ആ പുസ്തകത്തില്‍ വെറും പതിമൂന്ന് അക്ഷരങ്ങള്‍. ബാക്കി എവിടെ?  അപൂര്‍ണ്ണമായ ഒരു എന്‍സൈക്ലോപീഡിയയുടെ പ്രസക്തി എന്ത്? ഒരു പണിതീരാത്ത വീട്. തകര്‍ന്ന സ്വപ്നം. 

അദ്ദേഹത്തിന്റെ  പേരിലുള്ള ലൈബ്രറി ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ജീര്‍ണ്ണിച്ച ഒരു കെട്ടിടമാണ്.  അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, ടൈപ്പ്‌റൈറ്റര്‍, ഇന്‍ഡക്സ് കാര്‍ഡുകള്‍, ശേഖരിച്ചുവെച്ച  ചിത്രശലഭങ്ങള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോള്‍ അതൊരു പ്രേതഗൃഹം പോലെ. അയാളുടെ വിശ്വസ്ത ഭൃത്യന്‍ വല്ലപ്പോഴും സന്ദര്‍ശിച്ച് അവിടം അല്പം വൃത്തിയാക്കുന്നു. പുരുഷശബ്ദം  തന്റെ  പേരിലുള്ള സ്ഥാപനത്തിന്റെ ദുരവസ്ഥയില്‍ ഇപ്രകാരം പറയുന്നു: ഒരു ജീവിതത്തിന്റെ ഫലം മുഴുവന്‍ ഇത്രയും പെട്ടെന്ന് മറവിയിലേക്ക് ബാഷ്പീകരിക്കപ്പെടുമോ? 

Borremans-നെപ്പോലെ   സംവിധായകനും പാശ്ചാത്യനായിരുന്നിട്ടും സിനിമ ഒരു പാശ്ചാത്യ വീക്ഷണകോണിലൂടെയല്ല,  മറിച്ച് ആഫ്രിക്കയുടെ ആത്മീയതയ്ക്ക് പ്രാധാന്യം കൊടുത്താണ് നിര്‍വ്വഹിച്ചിരിക്കുന്നത്.  ആഫ്രിക്കയുടെ  മിത്തുകളും നാടോടി പാരമ്പര്യവും വിശാസങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആഖ്യാനം. മന്ത്രവാദവും ആവാഹനവും കുരുതിയും  ചേര്‍ന്ന്  ഒരുക്കുന്ന  മാന്ത്രികത.   ഓക്രിയുടെ  നറേഷന്‍ വളരെ കാവ്യാത്മകവും തത്ത്വചിന്താപരവുമാണ്. 
സിനിമ ആഫ്രിക്കയെ കുറിച്ചല്ല, പാശ്ചാത്യ ചിന്താഗതിയും ആഫ്രിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ഒരു പാശ്ചാത്യനെക്കുറിച്ചുള്ള പാശ്ചാത്യമല്ലാത്ത സിനിമയാണ്.   സിനിമയെക്കുറിച്ച് സംവിധായകന്‍ ഇപ്രകാരം പറയുന്നു:  'Western images of Africa often repeat the same political and economic story, in an ever-recurring style, too.  I really wanted to discard that reductive view.  If you limit reality to the visible world, you haven't understood it, especially in Africa.  This is one of my special interests as a documentary filmmaker. To grasp reality in its totality, you need fiction.' 
സിനിമയില്‍ ധാരാളം മനുഷ്യര്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ആര്‍ക്കും പേരില്ല എന്നതാണ് രസകരം. സിനിമയില്‍ ഒരിടത്ത് ആഫ്രിക്കന്‍ സ്ത്രീ പറയുന്നുണ്ട്: ഒന്നിന് പേരിടുമ്പോള്‍ നാം അതിനെ തടവിലാക്കുക എന്ന അപകടത്തില്‍ ചാടുകയാണ്.  വര്‍ഗ്ഗീകരണം/തരംതിരിക്കല്‍  (Categorisation) സിനിമ അവതരിപ്പിക്കുന്ന ഒരു പ്രധാന വിഷയമാണ്.  തരംതിരിക്കുന്നതിലും പേരിടുന്നതിലും എഴുത്തിലുമാണ് Borremans  ആനന്ദം കണ്ടെത്തിയത്.  ചെടികളേയും പൂമ്പാറ്റകളേയും പോലെ മനുഷ്യരേയും  തരംതിരിക്കാന്‍  കഴിയുമോ? ഇത്തരം വര്‍ഗ്ഗീകരണം വലിയ തോതിലുള്ള അക്രമത്തിലേക്ക് നയിച്ചേക്കാം എന്ന് സിനിമ വ്യക്തമാക്കുന്നു.  
 

ലോകത്തെക്കുറിച്ചുള്ള  Borremans-ന്റെ  കാഴ്ചപ്പാട് -  വസ്തുക്കളെ തരംതിരിച്ചു കാണുക എന്ന രീതി - ഒരു  പാശ്ചാത്യന്റെ  സവിശേഷമായ കാഴ്ചപ്പാടാണ്.  തരംതിരിക്കാനും വസ്തുനിഷ്ഠമാക്കാനും ചട്ടക്കൂടുകളും പേരുകളും നിര്‍വ്വചനങ്ങളും  സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ ഒഴിയാബാധപോലെയുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കമ്പാര്‍ട്ട്മെന്റുകളിലേക്ക് തിരുകി കയറ്റാനുള്ള ശ്രമങ്ങളാണ്. ലോകത്തോടുള്ള  ഇത്തരം സമീപനം രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തേയും സ്വാധീനിക്കാം.   

ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരാള്‍ക്ക് ഒരു ദേശവുമായി ബന്ധപ്പെട്ട കൃത്യമായ സ്വത്വം  കല്പിച്ചു കിട്ടിയിട്ടുണ്ട്  - മലയാളി, ഭാരതീയന്‍ എന്നിങ്ങനെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്.  കാലക്രമേണ അവരുടെ  യഥാര്‍ത്ഥ  സ്വത്വം അവരുടെ പുതിയ സ്വത്വവുമായി  വിഘടിച്ചു നില്‍ക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തരംതിരിവുകള്‍ക്ക് അക്രമാസക്തിയുടെ സ്വഭാവം കൈവരുന്നു. തരംതിരിക്കല്‍ ചിലപ്പോള്‍ ഒരു വിഭാഗത്തെ തങ്ങള്‍ ഇപ്പോള്‍  ഉള്‍പ്പെട്ടിട്ടുള്ള വിഭാഗത്തില്‍നിന്ന് തീര്‍ത്തും  വ്യത്യസ്തമായ മറ്റൊരു  വിഭാഗത്തിലേക്ക് മാറ്റാം.  തരംതിരിവ്  ഏതു  തരത്തില്‍,  എന്തിനു വേണ്ടി ചെയ്യുന്നു എന്നതിനനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും.  തരംതിരിവില്‍ ഒരാള്‍ 'തെറ്റായ' വിഭാഗത്തില്‍ പെടുകയാണെങ്കില്‍ അയാളെ കൊല്ലാനുള്ള അവകാശം പോലും  ഒരു വിഭാഗം അവകാശപ്പെട്ടേക്കാം.  

പേര് സാധ്യതകളെ ഇല്ലാതാക്കുന്നു എന്നത് സത്യമാണെങ്കിലും പേരില്ലാതെ എങ്ങനെ തിരിച്ചറിയും? വേര്‍തിരിക്കും?  തരംതിരിവ് പല കാര്യങ്ങള്‍ക്കും ആവശ്യമായിവരുന്നു.  തരംതിരിക്കാതെ വസ്തുതകളെ അപഗ്രഥിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ തരംതിരിവ്  ആര്‍ക്കാണ് ആവശ്യം, എന്തിനുവേണ്ടിയാണ് തരംതിരിക്കുന്നത് എന്നതാണ് വിഷയം.  അധികൃതര്‍ക്കാണ് ഇത്തരം തരംതിരിവുകള്‍  ആവശ്യം എന്നാണ് ഉത്തരം. 
ഇതൊരു രാഷ്ട്രീയ പ്രശ്‌നമായിത്തീരുന്നത് എങ്ങനെയെന്ന് ആഭ്യന്തരയുദ്ധത്തിന്റേയും ഇലക്ഷന്റേയും പശ്ചാത്തലത്തില്‍ സിനിമ അവതരിപ്പിക്കുന്നു.  കുടിയേറ്റത്തിന്റേയും ആഭ്യന്തര യുദ്ധത്തിന്റേയും വലിയ ചരിത്രം ഐവറികോസ്റ്റിനുണ്ട്.  ഒരു ഫ്രെഞ്ച് കോളനിയായിരുന്ന ഐവറി കോസ്റ്റ്  അവിടത്തെ കാപ്പിക്കും കൊക്കോയ്ക്കും പേരുകേട്ടതാണ്.  ഇതിന്റെ വലിയതോതിലുള്ള ഉല്പാദനം ഐവറികോസ്റ്റിനെ തെക്കേ ആഫ്രിക്കയിലെത്തന്നെ വലിയ സാമ്പത്തിക ശക്തിയായി 1960-കളില്‍ വളര്‍ത്തിയിരുന്നു. ഐവറികോസ്റ്റ്  1960-ല്‍   സ്വതന്ത്രയായി.   1999-ല്‍ അവിടെ ഭരണകൂട അട്ടിമറി നടന്നു. 2002-2011 കാലത്തായി മതവുമായി ബന്ധപ്പെട്ട രണ്ട് ആഭ്യന്തര യുദ്ധങ്ങള്‍ നടക്കുകയുണ്ടായി. 

ആദ്യം അവിടെ ആധിപത്യം ഉറപ്പിച്ച ഫ്രെഞ്ചുകാരും പിന്നീട് ആദ്യ പ്രസിഡന്റും ആഫ്രിക്കയുടെ പല ഭാഗങ്ങളില്‍നിന്നും അയല്‍രാജ്യങ്ങളില്‍നിന്നും  ധാരാളം മനുഷ്യരെ ഐവറി കോസ്റ്റിന്റെ പ്രധാന നാണ്യവിളകളായ കാപ്പിയുടേയും കൊക്കോയുടേയും കൃഷിയുടെ  വികസനത്തിനായി കൊണ്ടുപോയി.  വലിയതോതിലുള്ള  ഈ കുടിയേറ്റത്തിന്റെ ഫലമായി ഈ വിളകളുടെ ഉല്പാദനം വര്‍ദ്ധിക്കുകയും സാമ്പത്തികരംഗത്ത് അതൊരു അത്ഭുതമായി  (The Ivory Coast Miracle) പ്രവര്‍ത്തിക്കുകയും ചെയ്തു. എണ്‍പതുകളോടെ  പെട്രോളിയം ഉല്പാദനം ഇല്ലാതെ തന്നെ ഐവറികോസ്റ്റ് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന  പ്രതിശീര്‍ഷ വരുമാനം കൈവരിച്ചിരുന്നു.  അതോടൊപ്പം സമ്പന്നരായ ഒരു മധ്യവര്‍ഗ്ഗം ഉടലെടുക്കുകയും ചെയ്തു. 

അവിടെ കുടുംബത്തോടെ  സ്ഥിരതാമസമാക്കിയ കുടിയേറ്റക്കാര്‍ക്ക്  ഐവറികോസ്റ്റ്   സ്വന്തം രാജ്യമായി മാറി. സൈ്വര്യജീവിതം നയിച്ചിരുന്ന  ഈ 'വിദേശി'കളുടെ  ശനിദശ തൊണ്ണൂറുകളോടെ ആരംഭിച്ചു.   രൂക്ഷമായ സാമ്പത്തികമാന്ദ്യം അന്നത്തെ പ്രസിഡന്റിനെ പല  കര്‍ശന തീരുമാനങ്ങളും എടുക്കാന്‍ പ്രേരിപ്പിച്ചു.  അതില്‍ പ്രധാനമായത് മണ്ണിന്റെ മക്കള്‍ എന്ന ആശയമാണ്.  അതിന്‍പ്രകാരം ഐവറിക്കാരല്ലാത്ത കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശം നഷ്ടമായി.  അവര്‍ തങ്ങളുടേതായി കരുതി ജീവിച്ചിരുന്ന രാജ്യം തന്നെ നഷ്ടമാകും എന്ന അവസ്ഥ സംജാതമായി. തല്‍ഫലമായി തദ്ദേശീയര്‍ക്കും  വിദേശീയര്‍ക്കും ഇടയില്‍  ഒരു ആഭ്യന്തര കലാപം നടന്നു. 
തുടര്‍ന്ന് 2009-ല്‍ ഇലക്ഷന്‍ പ്രക്രിയയുടെ ഭാഗമായി  ഐവറിക്കാരെ കണ്ടെത്താനായി സര്‍ക്കാര്‍ തിരിച്ചറിയല്‍ പ്രക്രിയ ആരംഭിച്ചു. അതിര്‍ത്തികളുടെ ആലേഖനവും അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ നിര്‍വ്വചിക്കുകയും തരംതിരിക്കുകയും ചെയ്യുന്ന പ്രവൃത്തി നിര്‍ദ്ദോഷമല്ല, ഇത്തരം സാഹചര്യങ്ങളില്‍.  അന്ന് അവിടെ ചെന്ന് സംവിധായകന്‍ ഈ പ്രക്രിയയും ഇലക്ഷനെ  തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട  കലാപവും വലിയ തോതിലുള്ള അക്രമവും ഭീതിയും ചിത്രീകരിക്കുകയുണ്ടായി. ഈ ദൃശ്യങ്ങള്‍  സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതൊരു ഡോക്യുമെന്ററി ശൈലിയില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്ന രീതിയിലല്ല കാണിക്കുന്നത്. ദൃശ്യശകലങ്ങള്‍ കൂട്ടിപ്പിടിക്കുമ്പോള്‍  നമുക്ക് അക്രമത്തിന്റെ കാരണങ്ങള്‍ - സ്വത്വത്തിന്റെ നിര്‍മ്മിതി, ഭൂമിയുടെ ഉടമസ്ഥാവകാശം, കപട പ്രത്യയശാസ്ത്ര സ്വാധീനം, തദ്ദേശ-കുടിയേറ്റ വിഘടനം, സാമ്പത്തിക ഉച്ചനീചത്വം - തെളിഞ്ഞുകിട്ടുന്നു.  ഇതിലൂടെ  അധികാരമില്ലാത്തവരുടെ, അശക്തരുടെ നിസ്സഹായത സിനിമ അവതരിപ്പിക്കുന്നു.  

ബയോപിക്കുകളുടെ രാഷ്ട്രീയത

തരംതിരിക്കുമ്പോള്‍  ശ്രദ്ധ  ആവശ്യപ്പെടുന്ന മറ്റു ഘടകങ്ങളെ നിരാകരിച്ചുകൊണ്ട് ഒന്നില്‍ മാത്രം ഊന്നുകയാണ്.  അപ്പോള്‍ മറ്റു ഘടകങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. അതുപോലെ ഒന്നിന് പേര്‍ കൊടുക്കുമ്പോള്‍ ആ പേരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകും. ആ പേരിന് അപ്പുറത്തേക്ക്  കടക്കാന്‍ കഴിയില്ല.  യാഥാര്‍ത്ഥ്യം എപ്പോഴും മാറ്റത്തിനു തയ്യാറാണ്.  ഏതു  തരംതിരിവുകളിലും ഒതുങ്ങുന്നില്ല.  വസ്തുക്കളെ നിര്‍വ്വചിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍  വല്ലപ്പോഴും മാത്രമേ അനുരൂപമായിരിക്കൂ.  വസ്തുക്കളും അവയെ നിര്‍വ്വചിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്  നാം  നീല  എന്നു വിളിക്കുന്ന നിറം നീല തന്നെയാണോ? എന്തുകൊണ്ട് അതിനെ ചുവപ്പ്  എന്ന് വിളിച്ചുകൂടാ? ഒന്നിനെ പലരും നേരിയ വ്യത്യാസങ്ങളില്‍ കാണുമ്പോള്‍  നാം എങ്ങനെയാണ് അതിനെ കൃത്യമായി വര്‍ണ്ണിക്കുക?  ലോകത്തുള്ള ഓരോ ചെടിയുടെ പച്ചയും ഓരോ തരം പച്ചയാണ്. ഒരു ചെടിയിലെതന്നെ ഇലകളുടെ  പച്ചകള്‍ പലതാണ്. അപ്പോള്‍  ഒരാള്‍  പച്ച  എന്നു പറയുമ്പോള്‍  ഏത് പച്ചയെയാണ് ഉദ്ദേശിക്കുന്നത്?   ഒരു ഗേരേജിനെ എന്തുകൊണ്ട് ഗേരേജ് എന്ന് വിളിക്കുന്നു?  അതിനെ ഹോട്ടല്‍ എന്നോ സ്വിമ്മിങ് പൂള്‍ എന്നോ വിളിച്ചുകൂടെ? 
ഒന്നിന് പേര്‍ വിളിക്കുമ്പോള്‍ നാം സാധ്യതകളെ ചുരുക്കുന്നു.  വസ്തുക്കളെ നിര്‍വ്വചിക്കുന്ന രീതി  അവസാനിപ്പിക്കുമ്പോള്‍ മാത്രമേ ലോകത്തെ കെട്ടുപാടുകളില്ലാതെ കാണാന്‍ കഴിയൂ. എല്ലാം നിരന്തരമായി ചലിക്കുകയാണെന്നും ഒന്നും പൂര്‍ണ്ണമാകുന്നില്ലെന്നും ഉള്ള അറിവാണോ അദ്ദേഹത്തെ അടുത്ത ജന്മത്തില്‍ നയിക്കുക? അദൃശ്യമായതിലും സൗന്ദര്യം കണ്ടെത്താന്‍ അപ്പോള്‍ അദ്ദേഹം  ശ്രമിക്കുമോ?  
ഒരു ബാധ ഒഴിപ്പിക്കലിലാണ് സിനിമ അവസാനിക്കുന്നത്.  ആഫ്രിക്കയിലെ ഈ അനുഷ്ഠാനത്തിനുശേഷം അയാള്‍ പുനര്‍ജ്ജനിക്കുകയാണോ? ആഫ്രിക്കയ്ക്ക് ഒരു പാശ്ചാത്യ ശക്തിയുടെ സാന്നിധ്യം ആവശ്യമില്ല എന്നാണോ ഇതിലൂടെ സംവിധായകന്‍ ഉദ്ദേശിക്കുന്നത്? അതല്ല, ആഫ്രിക്കയ്ക്ക് തനതായ ഒരു ആത്മീയ നവോത്ഥാനം  ആവശ്യമാണ്  എന്നാണോ?

ആഫ്രിക്കയ്ക്ക്  കഥപറച്ചിലിന്റെ  വളരെ  സമ്പന്നമായ പാരമ്പര്യമുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എഴുതപ്പെട്ട ചരിത്രം നൂറ്റാണ്ടുകളായി നിലനിന്നിരുന്നു എങ്കിലും വലിയഭാഗം എഴുത്തും അറബിയിലായിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തിനും അറബി എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു.  അതിനാല്‍ വിജ്ഞാനത്തിന്റെ സംപ്രേഷണം പ്രധാനമായും വാമൊഴിയിലൂടെയും പ്രകടനങ്ങളിലൂടെയും ആയിരുന്നു.   വാമൊഴി ചരിത്രം  പലപ്പോഴും നാട്ടുകഥകളുടേയും പുരാവൃത്തത്തിന്റേയും പാട്ടുകളുടേയും രൂപത്തില്‍ തലമുറകളിലേക്ക് കൈമാറുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമ അവതരിപ്പിക്കുന്ന ചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയെ പരിശോധിക്കേണ്ടത്. എഴുതപ്പെടുന്ന ചരിത്രം മാത്രമാണ് സത്യം എന്നാണ്  Borremans വിശ്വസിച്ചത്.  ആഫ്രിക്കയുടെ മറ്റുതരത്തിലുള്ള ചരിത്രം,  അതായത് വാമൊഴി ചരിത്രം,  കാണാന്‍ കഴിയുന്നില്ലേ എന്ന്  ആഫ്രിക്കന്‍ സ്ത്രീയുടെ ശബ്ദം അയാളോട്  ചോദിക്കുന്നുണ്ട്. ഒരു കഥയെ കടലാസില്‍ എഴുതുമ്പോള്‍ നാം അതിന് പരിധി കല്പിക്കുകയാണ്.  അപ്പോള്‍ പലതും ഒഴിവാക്കുന്നു.  ആത്മപ്രകാശനം/ആവിഷ്‌കരണം  അപ്പോള്‍ രേഖീയമായ സമീപനത്തിനു  നിര്‍ബന്ധിതമാകുന്നു.  എന്നാല്‍ വാമൊഴി പാരമ്പര്യം സാധ്യതകളുടേതാണ്.  അത് പരിമിതപ്പെടുത്തുന്നില്ല.    

1995-ല്‍  തന്റെ  'നസ്രേത്ത്' എന്ന  സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഘാനയില്‍വെച്ചാണ് ക്രുഗര്‍   ഓക്രിയുടെ The Famished Road വായിക്കുന്നത്.  ഓക്രിയുടെ രചനയിലെ  അതീത ലോകവും മിത്തുകളും കെട്ടുകഥകളും  നിഗൂഢതയും അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. അന്ന്  അദ്ദേഹം  വിചാരിച്ചതല്ല, ഓക്രിയുമൊത്ത് ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുമെന്ന്. N: The Madness of Reason എന്ന സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ത്തന്നെ ഓക്രിയിലേക്കാണ് ക്രുഗര്‍ ചെന്നെത്തിയത്. ദൃശ്യമായതും അദൃശ്യമായതും   യാഥാര്‍ത്ഥ്യവും  ആത്മീയതയും സഹവര്‍ത്തിക്കുകയും പല രീതികളില്‍ പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്ന  ഓക്രിയുടെ രചനകളിലെ ലോകത്തിനു സമാനമായ രീതിയിലുള്ള ഒരു സിനിമയാണ് ക്രുഗര്‍ ആഗ്രഹിച്ചത്. 
സിനിമയുടെ ആശയം ഉടലെടുത്ത സമയത്തുതന്നെ ക്രുഗര്‍  സിനിമയുടെ ടെക്സ്റ്റ്  എഴുതുന്നതില്‍ പങ്കാളിയാകാന്‍ ഓക്രിയെ സമീപിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം ഒരു നോവലിന്റെ  രചനയിലായിരുന്നതിനാല്‍  ക്രുഗറിനു നിരാശനായി മടങ്ങേണ്ടിവന്നു.   എന്നാല്‍  ഏകദേശം ഏഴു വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ റഫക്ട്ടുമായി ക്രുഗര്‍  വീണ്ടും ഓക്രിയെ സമീപിച്ചു.  (അപ്പോഴും സിനിമയ്ക്കുള്ള ടെക്സ്റ്റ് തയ്യാറായിരുന്നില്ല).  റഫക്ട്ട് കണ്ട ഓക്രിക്ക് വളരെയധികം മതിപ്പു തോന്നി.  ആഖ്യാനത്തിന്റെ തുറന്ന പ്രകൃതവും ആഫ്രിക്കയെക്കുറിച്ചുള്ള വളരെ വ്യത്യസ്തമായ   വീക്ഷണവുമാണ്  അദ്ദേഹത്തെ  ആകര്‍ഷിച്ചത്.   തുടര്‍ന്ന് ടെക്സ്റ്റ് എഴുതാന്‍  ഒക്രി സമ്മതിക്കുകയും ചെയ്തു.  അദ്ദേഹം സ്വതന്ത്രമായി എഴുതിയ ടെക്സ്റ്റ് ക്രുഗറിന്  കൈമാറി. അതിനെ ക്രുഗര്‍ സിനിമയുടെ ഭാഗമാക്കുകയായിരുന്നു.  ഓക്രിയെപ്പോലെ പ്രശസ്തനായ ഒരെഴുത്തുകാരന്‍ തന്റെ ടെക്സ്റ്റില്‍ കൈകടത്താന്‍ തന്നെ അനുവദിക്കുമോ എന്ന ക്രുഗറിന്റെ ഭയം അസ്ഥാനത്തായിരുന്നു.  വാക്കുകളുടെ  അടരുകളേയും ശബ്ദത്തേയും ദൃശ്യങ്ങളേയും കുറിച്ച്  അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു.  ഓക്രിയുടെ ചില വരികള്‍ ക്രുഗര്‍  ഗാനരൂപത്തിലാക്കുകയും അവ സിനിമയില്‍ ആലപിക്കുന്നുമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഓക്രിയുടെ വരികളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ക്രുഗര്‍ സിനിമ എഡിറ്റ് ചെയ്തിട്ടുമുണ്ട്. ടെക്സ്റ്റിനോടുള്ള ഓക്രിയുടെ സമീപനത്തിനു യോജിച്ച രീതിയില്‍ അദ്ദേഹം എഴുതിയ വാക്കുകളെ മ്യൂസിക്കല്‍ സ്‌കോര്‍ പോലെയാണ് ക്രുഗര്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം ഒമ്പത് വര്‍ഷങ്ങളെടുത്തു സിനിമ പൂര്‍ത്തിയാക്കാന്‍.   സിനിമയെക്കുറിച്ച് ഓക്രി പറയുന്നു:  ''ആഫ്രിക്കയെക്കുറിച്ച്  സിനിമയുണ്ടാക്കുന്ന  ആഫ്രിക്കക്കാരും യൂറോപ്യന്മാരും സമാനരീതിയില്‍ ആഫ്രിക്കയെക്കുറിച്ച്  സാധാരണയായി പുറംകാഴ്ചകളാണ്, സെന്‍സേഷന്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്  അവതരിപ്പിക്കുന്നത്.  എന്നാല്‍ ക്രുഗറിന്റെ സമീപനം സ്റ്റീരിയോടൈപ്പ് അല്ല.   ഉന്മേഷം പകരുന്ന രീതിയിലാണ് ക്രുഗര്‍ ആഫ്രിക്കയെ ചിത്രീകരിച്ചിരിക്കുന്നത്.  സിനിമയ്ക്ക് പല മാനങ്ങളും ഉണ്ട്. അദ്ദേഹം ജീര്‍ണ്ണതയും വിഷാദവും അവതരിപ്പിക്കവെതന്നെ പുഷ്‌ക്കലത്വത്തേയും  പല മേഖലകളിലുള്ള സമ്പന്നതയേയും നൃത്തസംഗീതാത്മകമായ നാടോടി പാരമ്പര്യത്തേയും ആഘോഷങ്ങളേയും അവതരിപ്പിക്കുന്നു''.   

നമ്മുടെ ബയോപിക്കുകള്‍ അക്കാലത്തെ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും ഹെയര്‍ സ്‌റ്റൈലും  ഉപയോഗിച്ച സൈക്കിളും  പേനയും കണ്ണടയും  എത്തരത്തിലുള്ളതായിരുന്നു,   സ്ത്രീകള്‍ ബ്ലൗസാണോ റൗക്കയാണോ ധരിച്ചിരുന്നത്,  എന്തിനധികം, തുണിയുടെ ടെക്സ്ചര്‍ എന്തായിരുന്നു എന്നതിലൊക്കെ ധാരാളം റിസര്‍ച്ച് നടത്തുന്നു.  മേക്കപ്പ്, സെറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് വന്‍ തുക ചെലവാക്കുന്നു. ഇത്തരം കാര്യങ്ങളെ പുനഃസൃഷ്ടിക്കാനും ഒപ്പിയെടുക്കാനുമാണ് ഇത്തരം സിനിമകള്‍ ശ്രമിക്കുന്നത്. സിനിമ കവിയെക്കുറിച്ചാണെങ്കില്‍ കവിതകള്‍  കേള്‍പ്പിക്കാം, ഗായകനെക്കുറിച്ചാണെങ്കില്‍  പാട്ടുകള്‍  കേള്‍പ്പിക്കാം, ചിത്രകാരനെ കുറിച്ചാണെങ്കില്‍  ചിത്രങ്ങള്‍ കാണിക്കാം. 

ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും, ആ കാലഘട്ടത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ആ വ്യക്തിയുടെ ആന്തരികാവസ്ഥയെ, ആത്മാവിനെ സ്പര്‍ശിക്കുന്നതില്‍ ഈ സിനിമകള്‍ പരാജയപ്പെടുന്നു. സിനിമ അവ്വിധം ആവണമെങ്കില്‍ സര്‍ഗ്ഗാത്മകതയും മാധ്യമത്തെ വ്യത്യസ്തമായി ഉപയോഗിക്കാനുള്ള ഭാവനയും വേണം. അതുകൊണ്ടാണ് ചരിത്രപുരുഷനേയും  ചിത്രകാരിയേയും കവിയേയും എഴുത്തുകാരിയേയും കുറിച്ചുള്ള നമ്മുടെ ബയോപിക്കുകള്‍ വെറും കട്ടൗട്ടുകള്‍ മാത്രമാവുന്നത്.   

ഒരു മാധ്യമം എന്ന നിലയില്‍  സിനിമയുടെ സൗന്ദര്യശാസ്ത്രത്തിന് എന്തെങ്കിലും തരത്തിലുള്ള സംഭാവന നല്‍കുന്നുണ്ടോ എന്നല്ല, മറിച്ച് അഭിനേതാവ്/അഭിനേത്രി എത്രത്തോളം ആ വ്യക്തിയായി 'ജീവിച്ചു', സംവിധായകന്‍ ആ വ്യക്തിയുടെ ജീവിതത്തോട് എത്രമാത്രം നീതിപുലര്‍ത്തി എന്ന രീതിയിലൊക്കെ ചര്‍ച്ചകള്‍ നടക്കുന്നു. 
നമ്മുടെ  ബയോപിക്കുകള്‍ക്ക്  ഇല്ലാതെപോയ പല ഗുണങ്ങളും ഉള്ളതുകൊണ്ടാണ് ക്രുഗറിന്റെ ഈ സിനിമ അസാധാരണമാംവിധം വ്യത്യസ്തമാകുന്നത്.
 
                  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com