വോള്‍ട്ട: ഘാനയുടെ പുഞ്ചിരിയും കണ്ണീരും

കടലില്‍ മീന്‍ പിടിക്കുന്ന കുട്ടികളെ കണ്ടപ്പോഴെല്ലാം ഞങ്ങളുടെ വഴികാട്ടി തോമസ് വാചാലനായി.
വോള്‍ട്ട: ഘാനയുടെ പുഞ്ചിരിയും കണ്ണീരും

ഘാനയുടെ തലസ്ഥാനമായ അക്രയുടെ ദു:ഖവും സന്തോഷവും പ്രതിഫലിക്കുന്ന ബീച്ചുകളിലും അടിമക്കാലഘട്ടത്തിന്റെ സ്മരണകളുണര്‍ത്തുന്ന എല്‍മിന കടല്‍ത്തീരത്തും എത്തിയപ്പോള്‍ പലരില്‍ നിന്നായി കേട്ട ഒരു വാക്കുണ്ട്- 'മത്സ്യ അടിമ.' കടലില്‍ മീന്‍ പിടിക്കുന്ന കുട്ടികളെ കണ്ടപ്പോഴെല്ലാം ഞങ്ങളുടെ വഴികാട്ടി തോമസ് വാചാലനായി. ജെയിംസ് ടൗണില്‍ കടലിനോട് ചേര്‍ന്നുള്ള ഒരു കൂരയില്‍ മത്സ്യ അടിമകള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്നവനാണ് തോമസ്. തന്റെ വരുമാനത്തിലെ ഒരു പങ്കും സുമനസ്സുകളുടെ സംഭാവനയും വിനിയോഗിച്ചു കടല്‍ത്തീരത്ത് തോമസ് കുട്ടികള്‍ക്കായി ഒരു വിദ്യാലയം നടത്തുന്നുണ്ട്.

മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് അവിടെ പഠിക്കുന്നത്. ചെറുതെങ്കിലും ആകര്‍ഷകമായ വിദ്യാലയത്തിലെ ക്ലാസ്സ് മുറികളും കളിസ്ഥലവും തോമസ് ഞങ്ങള്‍ക്കു കാണിച്ചുതന്നു. സന്ദര്‍ശന പരിപാടിയിലില്ലാത്ത ആ സ്ഥലത്തേയ്ക്ക് കൊണ്ടുപോയതിനു പിറകിലുള്ള ഉദ്ദേശ്യം തോമസ് മറച്ചുവച്ചില്ല: ''ഇവിടെ വന്നില്ലെങ്കില്‍ ഈ കുട്ടികള്‍ മത്സ്യ അടിമകളായി മാറും. ഏറെ സാമ്പത്തികച്ചെലവുള്ള ദൗത്യമാണിത്. നിങ്ങളുടെ നാട്ടിലും കുറേ സഹായ മനസ്‌കരില്ലേ. അവരോട് എന്റെ കുട്ടികളെ രക്ഷിക്കാന്‍ പറയുക'' തൊട്ടടുത്ത ദിവസം ഘാനയിലെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ബോധ്യപ്പെടുത്താനായാണ് ശിശുക്ഷേമ മന്ത്രാലയത്തിലെ കോര്‍ഡിനേറ്റര്‍ വിഡ നെട്ടോ അസ്ഹോംഗ് മാന്‍ ബേസിക് സ്‌കൂളിലേയ്ക്കു ഞങ്ങളെ കൊണ്ടുപോയത്. രാജ്യത്തെ ഏറ്റവും മികച്ച പൊതു വിദ്യാലയങ്ങളിലൊന്നാണിത്. തീരനിവാസികളായ അകാന്‍സ് ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തമായ ഗോമെ ചുവടുകളുമായാണ് വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ സ്വീകരിച്ചത്. ആഫ്രിക്കക്കാരായ മേഴ്സിയും സൂസനും ഹെനയും കുട്ടികള്‍ക്കൊപ്പം നൃത്തം ചവുട്ടി. പിറകോട്ട് മാറിനിന്നു ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന എന്റെ അടുത്തേയ്ക്കു നൃത്താധ്യാപകന്‍ ഓടിയെത്തി. ഗോമെ നൃത്തത്തിന്റെ ഗോത്രപഴമ വിശദീകരിച്ചുകൊണ്ട് കൈപിടിച്ചു ചെണ്ടയുടെ അടുത്തേയ്ക്കു കൊണ്ടുപോയി. ''ഗോമെ നൃത്തം ചവിട്ടുമ്പോള്‍ എല്ലാവരും പങ്കാളികളാവണം. നൃത്തം ചവുട്ടാന്‍ അറിയില്ലെങ്കില്‍ ചെണ്ട കൊട്ടിയാലും മതി.''

അധ്യാപകന്‍ ക്ഷണനേരംകൊണ്ട് പഠിപ്പിച്ച താളത്തില്‍ ചെണ്ടകൊട്ടി. ആട്ടും പാട്ടും സ്‌കൂള്‍ സന്ദര്‍ശനവും ചായകുടിയും കഴിഞ്ഞു യാത്ര പറയാറായപ്പോള്‍ ആഫ്രിക്കയെക്കുറിച്ചു മനസ്സിലുണ്ടായിരുന്ന അപരിഷ്‌കൃത ചിത്രം മാഞ്ഞുപോയി. പക്ഷേ, വിഡ നെട്ടോ അസ്ഹോംഗ് നിരാശപ്പെടുത്തുന്ന ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി

''ഈ വിദ്യാലയത്തില്‍ കണ്ട കുട്ടികള്‍ ഘാനയിലെ കുട്ടികളുടെ പരിച്ഛേദമല്ല. വോട്ടാ തടാകക്കരയില്‍ പോയാല്‍ നിങ്ങള്‍ കാണുന്നത് ഇതിന്റെ വിപരീതമാണ്.''

മാബല്‍ മത്സ്യ അടിമയുടെ ജീവിതം

വോള്‍ട്ടാ തടാകത്തിലെ 'മത്സ്യ അടിമ' ആയിരുന്നു മാബല്‍. പടിഞ്ഞാറന്‍ ഘാനയിലെ ടകോറാഡിയാണ് മാബലിന്റെ സ്വദേശം. അഞ്ച് വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയി. അതോടെ വീട്ടില്‍ ദാരിദ്ര്യമായി. പട്ടിണി മാറ്റാന്‍ കുഞ്ഞുങ്ങളെ വോള്‍ട്ട തടാകത്തിലെ 'മത്സ്യ അടിമകള്‍' ആക്കുക എന്നതാണ് നാട്ടുനടപ്പ്. മാബലിനു രണ്ട് സഹോദരന്മാരും രണ്ട് സഹോദരികളും ഉണ്ട്. തടാകത്തില്‍ വള്ളമിറക്കി മീന്‍പിടിത്തവും കച്ചവടവും നടത്തുന്ന ഒരു അകന്ന ബന്ധു കുടുംബത്തിന്റെ പരാധീനതകള്‍ അറിഞ്ഞു വീട്ടിലെത്തി. അഞ്ച് കുഞ്ഞുങ്ങള്‍ക്കുമായി 5000 സേഡി (ഘാന കറന്‍സിയാണ് സേഡി. ഒരു സേഡിയുടെ മൂല്യം 0.19 ഡോളര്‍) വിലയിട്ടു. സഹോദരിമാരെ വില്‍ക്കാന്‍ അമ്മ തയ്യാറായില്ല. അതോടെ വില പകുതിയായി. മൂന്ന് ആണ്‍കുട്ടികളെ വിറ്റുകിട്ടുന്ന പണംകൊണ്ട് കുറച്ചു കാലമെങ്കിലും രണ്ട് പെണ്‍കുട്ടികളെ വളര്‍ത്താനാകുമെന്നായിരുന്നു അമ്മയുടെ കണക്കു കൂട്ടല്‍. മാബല്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മ കണ്ണീര്‍ തുടച്ച് അനുഗ്രഹിച്ചു: ''എല്ലാ രാത്രിയിലും ഉറങ്ങുന്നതിനു മുന്‍പ് അഷിയാകിള്‍ ദേവതയോട് പ്രാര്‍ത്ഥിക്കുക. ദേവത എന്റെ മോനെ രക്ഷിക്കും.''
അഷിയാകിള്‍ സമ്പത്തിന്റെ ദേവതയാണ്. ഘനേനിയന്‍ ഐത്യഹ്യങ്ങളിലെ നിറസാന്നിധ്യം. കഷ്ടപ്പെടുന്നവരെല്ലാം  അഷിയാകിള്‍ ദേവത സമ്പത്ത് നല്‍കി സഹായിക്കും.


എന്നാല്‍, വോള്‍ട്ടാ തടാകത്തിലെ മത്സ്യ അടിമയായശേഷം ദേവതയെക്കുറിച്ച് ഓര്‍ക്കാന്‍ മാബലിനു സമയം കിട്ടിയില്ല. കഠിനമായ ജോലികള്‍ക്കും ക്രൂരമായ മര്‍ദ്ദനമുറകള്‍ക്കും നിത്യേന ഇരയായ മാബലിനു രാത്രി കണ്ണടയ്ക്കാനായി മുതലാളി അനുവദിച്ചത് അല്പം സമയം മാത്രമായിരുന്നു.
പുലര്‍ച്ചെ മൂന്നു മണിക്ക് ഉണരണം. മത്സ്യവലകള്‍ വൃത്തിയാക്കി ബോട്ടില്‍ കെട്ടണം. മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങുന്നവര്‍ക്കു പ്രഭാത ഭക്ഷണം ഉണ്ടാക്കണം. മത്സ്യക്കൂമ്പാരവുമായി വരുന്ന ബോട്ടുകളില്‍നിന്ന് ഇറക്കുന്ന മീനുകള്‍ വേര്‍തിരിക്കുന്നതിനോടൊപ്പം തന്നെ ഉച്ചഭക്ഷണവും പാചകം ചെയ്യണം.

തളര്‍ന്ന് അവശനായി ഇത്തിരി അമാന്തം കാണിച്ചാല്‍ പുറത്തുവീഴുന്നതു പാത്തികൊണ്ടുള്ള അടിയായിരിക്കും. രാത്രി ആകാശത്തെ നക്ഷത്രങ്ങളെ നോക്കി മലര്‍ന്നു കിടക്കുമ്പോള്‍ മാബല്‍ സ്വപ്നം കണ്ടതു നിലയ്ക്കാത്ത പേമാരിയെക്കുറിച്ചായിരുന്നു, കൊടുങ്കാറ്റിനെ കുറിച്ചായിരുന്നു. തടാകത്തില്‍ ബോട്ടിറക്കാനാവാത്ത ഒരു ദിവസം അവന്‍ സ്വപ്നം കണ്ടു. അന്നെങ്കിലും തനിക്കു വിശ്രമം ലഭിക്കുമല്ലോ?

ഒരുനാള്‍ രണ്ടുപേര്‍ തടാകതീരത്തെത്തി; സ്റ്റീവനും ലിന്‍ഡയും. അവര്‍ ദീര്‍ഘനേരം മാബലിന്റെ മുതലാളിയുമായി സംസാരിച്ചു. അവര്‍ മടങ്ങിപ്പോയ ഉടനെ മുതലാളി മാബലിനെ വീട്ടിനകത്തേയ്ക്കു മാറ്റി. വല്ലാതെ പരിഭ്രമിച്ചാണ് മുതലാളി മാബലിനോട് സംസാരിച്ചത്: ''രണ്ടുനാള്‍ നീ പുറത്തിറങ്ങേണ്ട. ആക്രയിലെ ഒരു മത്സ്യക്കടയിലേയ്ക്കു ഞാന്‍ നിന്നെ മാറ്റും.''


അന്നു വൈകിട്ട് ആ വീട്ടില്‍ പൊലീസെത്തി. പൊലീസ് മുതലാളിയെ അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സ്റ്റീവനും ലിന്‍ഡയും മാര്‍ബലിനെ കൂട്ടിക്കൊണ്ടുപോയി. അവര്‍ മാര്‍ബലിനോട് സ്‌നേഹത്തോടെ പെരുമാറി. മാര്‍ബലിനു നല്ല ഭക്ഷണം നല്‍കി. മാര്‍ബല്‍ അമ്മയെ ഓര്‍ത്തു. ''നിങ്ങളെ അഷിയാകിള്‍ ദേവത പറഞ്ഞയച്ചതാണോ?''
''അല്ല, നിന്നെ രക്ഷിക്കാനായി ഞങ്ങളെ പറഞ്ഞയച്ചത് ജെയിംസ് കോഫി അന്നന്‍ സാറാണ്.''

വെല്ലുവിളിയുടെ പര്‍വ്വതങ്ങള്‍ താണ്ടാം 

വെല്ലുവിളിയുടെ വന്‍പര്‍വ്വതങ്ങള്‍ താണ്ടിയ രണ്ടുപേര്‍ ഘാനയിലുണ്ട്. യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അറ്റ അന്നന്നും ബാലവേല മാഫിയകളുടെ കെണികളില്‍നിന്നു കരുന്നുകളെ രക്ഷിക്കുന്നതിലൂടെ ലോകപ്രശസ്തി നേടിയ ജെയിംസ് കോഫി അറ്റനും. ഇരുവരും ഫാന്റി ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ്. ഫാന്റികള്‍ക്കിടയില്‍ ഒരു ആചാരമുണ്ട്. വെള്ളിയാഴ്ച പിറക്കുന്ന കുട്ടികള്‍ സുന്ദരന്മാരെങ്കില്‍ പേരിനൊപ്പം 'കോഫി അന്നന്‍' എന്നു ചേര്‍ക്കും. കോഫി അറ്റ അന്നന്‍ ജനിച്ചതു സമ്പന്ന പശ്ചാത്തലത്തിലായിരുന്നെങ്കില്‍ ജെയിംസ് കോഫി അന്നന്‍ ജനിച്ചതു ദാരിദ്ര്യത്തിന്റെ നടുക്കയത്തിലായിരുന്നു.
പടിഞ്ഞാറന്‍ ഘാനയിലെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളേയുംപോലെ ജെയിംസ് ആറാം വയസ്സില്‍ മത്സ്യ അടിമയായി വോല്‍ട്ടാ തടാകത്തിലെത്തി. പട്ടിണി, ദാരിദ്ര്യം, വിട്ടുമാറാത്ത രോഗങ്ങള്‍, ക്രൂരമായ മര്‍ദ്ദനങ്ങള്‍... ജെയിംസിന്റെ ശരീരം തളര്‍ന്നെങ്കിലും മനസ്സ് അചഞ്ചലമായി.
പീഡനങ്ങള്‍ സഹിക്കാനാകാതെ കുട്ടികള്‍ വോള്‍ട്ടാ തടാകത്തിലെ ബാലവേല ക്യാമ്പുകളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വമായേ വിജയിക്കാറുള്ളൂ. രക്ഷപ്പെട്ടാലും അവരെ കാത്തിരിക്കുന്നതു ഗ്രാമങ്ങളിലെ ദാരിദ്ര്യമാണ്.

മത്സ്യ അടിമകളിലെ വില്ലന്മാരെ മുതലാളിമാര്‍ ചങ്ങലയ്ക്കിടാറുണ്ട്. ചങ്ങലയ്ക്കിട്ട കൈകാലുകളുമായി അവര്‍ പണിയെടുക്കണം. എന്നാല്‍, ജെയിംസ് മുതലാളിമാരുടെ കണ്ണില്‍ വില്ലനായിരുന്നില്ല. അച്ചടക്കമുള്ളവനായിരുന്നു. എല്ലുമുറിയെ പണിയെടുക്കും. ഭക്ഷണം ചോദിച്ചു ബഹളം വെക്കില്ല. അടിയും ഇടിയുമെല്ലാം സഹിഷ്ണുതയോടെ അനുഭവിക്കും.
ഒരിക്കല്‍ മുതലാളിമാരെല്ലാം തിരക്കിലായിരുന്ന സമയത്ത് ജെയിംസിന്റെ തൃഷ്ണ ഉയര്‍ന്നു. തടാകക്കരയില്‍നിന്നു കാടും മേടും താണ്ടി അവന്‍ റോഡിലെത്തി. ഒരു ബസ്സില്‍ കയറി ഗ്രാമത്തില്‍ മടങ്ങിയെത്തി. ആറാം വയസ്സില്‍ മത്സ്യ അടിമയായി വിറ്റ മകന്‍ 13-ാം വയസ്സില്‍ തിരികെയെത്തിയപ്പോള്‍ അച്ഛനമ്മമാരുടെ മുഖത്ത് സന്തോഷമായിരുന്നില്ല; ദൈന്യതയായിരുന്നു. ജെയിംസിന് എങ്ങനെ ഭക്ഷണം കൊടുക്കും?
അവര്‍ മനസ്സിലൊതുക്കിയ ചോദ്യത്തിന് ജെയിംസ് മറുപടി പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്കൊരിക്കലും ബാധ്യതയാവില്ല. എന്നെ മാത്രമല്ല, വോള്‍ട്ട തടാകത്തിലെ എല്ലാ അടിമകളേയും ഒരുനാള്‍ ഞാന്‍ രക്ഷിക്കും.''

13-ാം വയസ്സില്‍ ജെയിംസ് സ്‌കൂളില്‍ ചേര്‍ന്നു. തന്നാലാകുന്ന തൊഴിലുകള്‍ ചെയ്തു പഠനത്തിനാവശ്യമായ പണം കണ്ടെത്തി. സ്‌കൂളിലും കോളേജിലും ഒന്നാമനായി. ബാര്‍ക്ലൈസ് ബാങ്കില്‍ ജോലി ലഭിച്ചതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. 2003-ല്‍ ബാലവേല ചെയ്യുന്ന കുട്ടികളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചലഞ്ചിംഗ് ഹൈറ്റ്സ് എന്ന സ്ഥാപനം തുടങ്ങി. 17 വര്‍ഷങ്ങള്‍ക്കിടയില്‍ മാര്‍ബിനെപ്പോലുള്ള ആയിരക്കണക്കിനു കുട്ടികളെയാണ് ചലഞ്ചിംഗ് ഹൈറ്റ്സ് രക്ഷപ്പെടുത്തിയത്.
സ്റ്റീവനും ലിന്‍ഡയ്ക്കുമൊപ്പം ചലഞ്ചിംഗ് ഹൈറ്റ്സിലെത്തിയ മാര്‍ബല്‍ അവിടുത്തെ അന്തേവാസികളായ കുട്ടികള്‍ക്കിടയില്‍ തന്റെ സഹോദരന്മാരെ തിരഞ്ഞു. പക്ഷേ, കണ്ടെത്താനായില്ല. ഒരുപക്ഷേ, അവര്‍ മറ്റെങ്ങോട്ടെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാവാം. അസുഖം മൂലം മരിച്ചിട്ടുണ്ടാകാം. മുതലാളിമാര്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാം...

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഘാന താരതമ്യേന വികസിതമാണ്. നൈജീരിയയെപ്പോലെ ഭീകരവാദം ഘാനയിലില്ല. ജനാധിപത്യം ഏറെക്കുറെ സുദൃഢമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും 1,80,000 കുട്ടികള്‍ ഇപ്പോഴും ബാലവേല ചെയ്താണ് ജീവിക്കുന്നത്. ഇതിനുള്ള കാരണം ജെയിംസ് കോഫി അന്നന്‍ വിശദീകരിച്ചത് ഇങ്ങനെ:
''അടിസ്ഥാന പ്രശ്‌നം ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ്. അമ്മമാര്‍ കുട്ടികളെ വില്‍ക്കുന്ന സാമൂഹ്യ സാഹചര്യം അവസാനിപ്പിക്കാതെ ഈ പ്രശ്‌നം പരിഹരിക്കാനാവില്ല.''

വോള്‍ട്ട തടാകത്തിലെ മത്സ്യ അടിമകളായ കുട്ടികള്‍
വോള്‍ട്ട തടാകത്തിലെ മത്സ്യ അടിമകളായ കുട്ടികള്‍

ലോകത്തെ ഏറ്റവും വലിയ കൃത്രിമ ജലസംഭരണിയുടെ ഭാഗമായ വോള്‍ട്ട എല്ലാ അര്‍ത്ഥത്തിലും ഘാനയുടെ ജീവനാഡിയാണ്. ആഫ്രിക്കന്‍ ടൂറിസ്റ്റുകളുടെ വിഹാരകേന്ദ്രം. ഇവിടെ വിളയുന്ന ടോറോ ബിനിന്‍ മത്സ്യങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍വിലയാണ്.

സ്വാതന്ത്ര്യത്തിനു വളരെ മുന്‍പ് ഏര്‍ണസ്റ്റ് കിറ്റ്സണ്‍ എന്ന ജിയോളജിസ്റ്റാണ് അകസോംബയില്‍ അണകെട്ടി 8,502 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ജലസംഭരണി ആരംഭിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. സ്വാതന്ത്ര്യസമരകാലത്ത് വോള്‍ട്ടയുമെല്ലാം സുവര്‍ണ്ണ തീരത്തുകാര്‍ക്ക് അതിജീവനത്തിന്റെ പ്രതീകമായിരുന്നു. ''ഞങ്ങള്‍ പോയാല്‍ നിങ്ങള്‍ എങ്ങനെ ജീവിക്കും'' എന്നു ചോദിച്ച ബ്രിട്ടീഷ് ഘാനയുടെ സ്വതന്ത്ര്യസമര നായകന്‍ ക്വാമേ എന്‍ക്രുമ നല്‍കിയ മറുപടി ഇങ്ങനെ: ''ഞങ്ങള്‍ക്കു വേണ്ടതെല്ലാം വോള്‍ട്ട തരും.'' 1965-ല്‍ അണക്കെട്ടിന്റെ പണി പൂര്‍ത്തിയായി. ജലവൈദ്യുത പദ്ധതിയില്‍നിന്ന് ഉല്പാദിപ്പിക്കുന്ന വിദ്യുതി വീടുകളില്‍ വൈദ്യുതി എത്തിച്ചു.

ജലസംഭരണിയില്‍നിന്നു കൃഷിയിടങ്ങളില്‍ വെള്ളമെത്തി. മത്സ്യബന്ധനവും മത്സ്യക്കയറ്റുമതിയും ഊര്‍ജ്ജിതമായി. ഒപ്പം വോള്‍ട്ടയുടെ സൗന്ദര്യം കാണാന്‍ ലോകമൊട്ടുക്കുമുള്ള സഞ്ചാരികള്‍ ഘാനയിലേയ്ക്ക് ഒഴുകിയെത്തി.
ഈ വളര്‍ച്ചയ്ക്ക് ഒരു മറുവശവും ഉണ്ട്. 'ഫ്രീ ദി സേവ്' എന്ന എന്‍.ജി.ഒ 2017-ല്‍ വോള്‍ട്ട തീരത്തെ വീടുകള്‍ കയറിയിറങ്ങി ഒരു സര്‍വ്വെ നടത്തി. 1621 വീടുകളിലെ 35 ശതമാനം വീടുകളിലേയും കുട്ടികള്‍ തടാകത്തിലെ 'മത്സ്യ അടിമകള്‍' ആണ്. വിഷയം കുറച്ചുകൂടി മനസ്സിലാകുന്ന ഭാഷയില്‍ ജെയിംസ് കോഫി അന്നന്‍ സംഗ്രഹിച്ചതിങ്ങനെ: ''പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടേയും കാലത്ത് അടിമകളെ കാണണമെങ്കില്‍ എല്‍മിന തീരത്തെ സെന്റ് കോട്ടയില്‍ എത്തണമായിരുന്നു. ഇന്ന് വോള്‍ട്ടയുടെ തീരത്ത് എത്തിയാല്‍ മതി.''
(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com