അയോധ്യ: ചരിത്രസത്യങ്ങളുടെ പൊരുളുകള്‍

പുരാവസ്തു ശാസ്ത്രജ്ഞനായ കോഴിക്കോട് സ്വദേശി കെ.കെ. മുഹമ്മദ് ബാബ്‌റി മസ്ജിദ് അയോധ്യ സംബന്ധിച്ച നിലപാടുകള്‍ ആവര്‍ത്തിക്കുന്നു
അയോധ്യ: ചരിത്രസത്യങ്ങളുടെ പൊരുളുകള്‍

ബാബ്‌റി മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടായിരുന്നു. ഒന്നുകില്‍ ഇത് പൊളിഞ്ഞുകിടന്ന ക്ഷേത്രമായിരിക്കും. ബാബര്‍ വരുന്നതിനു മുന്‍പേ പൊളിഞ്ഞു കിടന്നതാകാം. അതല്ലെങ്കില്‍ പൊളിച്ചതാകാം. ആ കാലത്ത് ആരെ കീഴടക്കുന്നോ അവരുടെ മത്സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും കീഴടക്കുകയെന്നത് വിജയത്തിന്റെ ഭാഗമായിരുന്നു. അയോധ്യയിലും അതാണ് സംഭവിച്ചത്. മസ്ജിദ് ഉള്ള സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നെന്നതിന് തെളിവു കണ്ടെത്തിയിട്ടും ഇടതു ചരിത്രകാരന്‍മാര്‍ അത് ദുര്‍വ്യാഖ്യാനം ചെയ്തു. പുരാവസ്തു ശാസ്ത്രജ്ഞനായ കോഴിക്കോട് സ്വദേശി കെ.കെ. മുഹമ്മദ് ബാബ്‌റി മസ്ജിദ് അയോധ്യ സംബന്ധിച്ച നിലപാടുകള്‍ ആവര്‍ത്തിക്കുന്നു

പുരാവസ്തു ഖനനം ചരിത്രത്തിലേയ്ക്കും പാരമ്പര്യ അന്വേഷണങ്ങളിലേയ്ക്കുമുള്ള വാതായനമാണ്. അതേസമയം അതു സ്ഥാപിത ചരിത്രനിരീക്ഷണങ്ങളെ റദ്ദു ചെയ്യാന്‍ പ്രേരിപ്പിക്കാറുമുണ്ട്. സുദീര്‍ഘകാലം ഈ രംഗത്തു സേവനം ചെയ്തയാളെന്ന നിലയില്‍ ഈ പ്രശ്‌നത്തെ എങ്ങനെ കാണുന്നു? 
ആര്‍ക്കിയോളജി ചരിത്രം മാത്രമല്ല, ചരിത്രത്തിനും അപ്പുറം പോകുന്നു. ചരിത്രവസ്തുതകള്‍ എന്തെന്ന് നോക്കിക്കാണുകയും തെളിവുകള്‍ കിട്ടിയാല്‍ മാത്രം അംഗീകരിക്കുകയും ചെയ്യുന്ന ഒരു ശാഖയാണ് ആര്‍ക്കിയോളജി. ഒരു ആര്‍ക്കിയോളജിസ്റ്റിന് എന്തെങ്കിലും ഒരു വിവരം കിട്ടിയാല്‍ മാത്രം പോരാ, അതിന്റെ റെലിക്‌സ് കൂടി കിട്ടണം. എങ്കിലേ അതംഗീകരിക്കൂ. അതുകൊണ്ട് ഇതേപോലെ പല ചോദ്യങ്ങളും ഉണ്ടാകാറുണ്ട്. പണ്ട് നമ്മളൊക്കെ മനസ്സിലാക്കിയിരുന്നത് (ഏകദേശം 90 വര്‍ഷം മുന്‍പ്) ഇന്ത്യാ ചരിത്രം ബി.സി. 600 വരെ പോകുന്നുണ്ട് എന്നു മാത്രമായിരുന്നു. അതിനു പുറകോട്ടുള്ള ചരിത്രത്തെക്കുറിച്ച് നമുക്കറിവില്ലായിരുന്നു. അതിനു പുറകോട്ട് 2500 വര്‍ഷം പഴക്കമുള്ള ഹാരപ്പ, മോഹന്‍ജോദാരോ പോലുള്ള വലിയ ചരിത്രം നമുക്കുണ്ടായിരുന്നു, ഒരു വലിയ സംസ്‌കാരം നമുക്കുണ്ടായിരുന്നു എന്നു കണ്ടെത്തിയത് അലക്‌സാണ്ടര്‍ കണ്ണിങ്ങ്, ജോണ്‍ മാര്‍ഷല്‍ എന്നീ ആര്‍ക്കിയോളജിസ്റ്റുകളാണ്. ഇങ്ങനെ ചരിത്രത്തിന്റെ വാതായനങ്ങളെ പുഷ്ബാക്ക് ചെയ്യാന്‍ ആര്‍ക്കിയോളജിക്കു കഴിഞ്ഞിട്ടുണ്ട്. അതാണ് ആര്‍ക്കിയോളജിയുടെ ഏറ്റവും വലിയ സംഭാവന.

ചരിത്രകാരന്മാരില്‍നിന്നും ഇതിനനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ടോ? ഇതിനെ അംഗീകരിക്കാത്ത പ്രവണതകള്‍ ചരിത്രകാരന്മാര്‍ക്കിടയിലുണ്ടോ? 
ചില ചരിത്രകാരന്മാര്‍ ആര്‍ക്കിയോളജിയെ അംഗീകരിക്കാത്ത തരത്തിലുള്ള പ്രവണതകള്‍ പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, ഇതൊരു സയന്‍സാണ്. ആ സയന്‍സിനെ ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കേണ്ടിവരും. അംഗീകരിക്കാതിരിക്കാനുള്ള ഒരു കാര്യം, ആര്‍ക്കിയോളജിസ്റ്റുകള്‍ വളരെ കുറവും ഹിസ്റ്റോറിയന്‍സ് വളരെ അധികവും ആണ് എന്നതാകാന്‍ സാധ്യതയുണ്ട്.

വളരെ സമ്പന്നമായൊരു സാംസ്‌കാരിക ചരിത്രം നമുക്കുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനം ഇത്തരത്തിലുള്ള ഉപരി അന്വേഷണങ്ങള്‍ക്കും അതിനുവേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്കും തടസ്സമായി പ്രവര്‍ത്തിക്കുന്ന സാഹചര്യമില്ലേ? 
ചെറിയ തോതില്‍ ഇത്തരം സാഹചര്യം നിലനില്‍ക്കുന്നു. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയാണോ അധികാരത്തിലിരിക്കുന്നത് ആ പാര്‍ട്ടി അവര്‍ക്കനുകൂലമായ ചരിത്ര ആര്‍ക്കിയോളജിക്കല്‍ വസ്തുതകള്‍ കിട്ടിയാല്‍ മാത്രമേ ഹൈലൈറ്റ് ചെയ്യുകയുള്ളു. പക്ഷേ, ഒരു ആര്‍ക്കിയോളജിസ്റ്റിന് ഭരണപക്ഷത്തിന്റെ പ്രിയവും താല്പര്യവും നോക്കി പ്രവര്‍ത്തിക്കാനാവില്ല. എന്താണോ അദ്ദേഹത്തിന്റെ മുന്‍പിലുള്ളത് ആ വസ്തുതകള്‍ അദ്ദേഹത്തിനു തുറന്നു പറയേണ്ടിവരും.

രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പുരാവസ്തു സംരക്ഷണത്തില്‍ ആത്മാര്‍ത്ഥമായ താല്പര്യമുണ്ടോ? 
സംസ്ഥാന ഗവണ്‍മെന്റുകളിലായാലും സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കീഴിലായാലും ഇവര്‍ക്കൊന്നും ആത്മാര്‍ത്ഥമായ താല്പര്യമുണ്ട് എന്നെനിക്കു തോന്നിയിട്ടില്ല. പക്ഷേ, ചില വ്യക്തികള്‍, ഉദാഹരണത്തിന് പഴയ ബി.ജെ.പി ഗവണ്‍മെന്റില്‍ ജഗ്മോഹന്‍ജി ഇതില്‍ വളരെ തല്പരനായിരുന്നു. അതിനുമുന്‍പുള്ള കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിലും ചില വ്യക്തികള്‍ക്ക് ഇതില്‍ താല്പര്യമുണ്ടായിരുന്നു. പക്ഷേ, ഒരു ഭരണകൂടമെന്നു പറയുമ്പോള്‍ ആ ഭരണകൂടത്തിനുണ്ടാകേണ്ട താല്പര്യം ഇവിടെയെങ്ങും കണ്ടിട്ടില്ലായെന്നത് ദുഃഖകരമായ സത്യമാണ്. അതു ഞാന്‍ പലപ്പോഴും അടിവരയിട്ടു പറയാറുമുണ്ട്.

ബിപിന്‍ ചന്ദ്ര
ബിപിന്‍ ചന്ദ്ര

കൃത്യമായി പറഞ്ഞാല്‍ നമ്മുടെ ദേശീയവികാരങ്ങള്‍, ദേശബോധം തുടങ്ങിയവയെ പ്രൊമോട്ടു ചെയ്യാന്‍ പാകത്തില്‍ നമുക്കു കിട്ടുന്ന ചില തെളിവുകളുണ്ട്. ഭരണകൂടങ്ങളോ ഭരണകൂടങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വേവകലാശാലകളോ ആണ് ഇതു തിരിച്ചറിയുകയും കൂടുതല്‍ ഗവേഷണങ്ങളിലേക്കു പോവുകയും ചെയ്യേണ്ടത്. 

റൊമില ഥാപ്പര്‍
റൊമില ഥാപ്പര്‍

വേറൊന്ന് രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാര്‍, റോമില ഥാപ്പറേയും ബിപിന്‍ ചന്ദ്രയേയും ഇര്‍ഫാന്‍ ഹബീബിനേയും എം.ജി.എസിനേയും പോലെയുള്ളവരുടെ നിലപാടുകള്‍ എങ്ങനെയായിരുന്നു? 
പൊതുവെ ചരിത്രകാരന്മാര്‍ ആര്‍ക്കിയോളജിയെ അത്ര അംഗീകരിക്കാറില്ല. പക്ഷേ, ചില യാളുകള്‍, റോമിലാ ഥാപ്പറെപ്പോലെയുള്ള ചിലയാളുകള്‍ അതംഗീകരിക്കാറുമുണ്ട്. മോഡേണ്‍ ഹിസ്റ്ററിയാണ് ബിപിന്‍ ചന്ദ്രയുടെ ഫീല്‍ഡ് ഓഫ് സ്പെഷ്യലൈസേഷന്‍, ഇര്‍ഫാന്‍ ഹബീബാകട്ടെ, മിഡീവല്‍ ഹിസ്റ്ററിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് അവര്‍ക്കതില്‍ താല്പര്യമുണ്ടാകില്ല. റോമിലാ ഥാപ്പറാകട്ടെ, Ancient Indian History-യിലാണ്. അതുകൊണ്ട് അവര്‍ക്കതില്‍ താല്പര്യമുണ്ടാകും. പ്രൊഫ. ആര്‍.എസ്. ശര്‍മയ്ക്ക് ഇതില്‍ വളരെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളോട് യോജിപ്പില്ല എന്നുവരാം. എങ്കിലും അദ്ദേഹത്തിന്റെ മെത്തഡോളജിയോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു. എം.ജി.എസ് ഇതിനോട് താല്പര്യം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിഷയം Ancient Kerala ആയിരുന്നല്ലോ.

ഇര്‍ഫാന്‍ ഹബീബ്
ഇര്‍ഫാന്‍ ഹബീബ്

'ഞാനെന്ന ഭാരതീയന്‍' എന്ന പുസ്തകത്തില്‍ മതാതീതവും മതേതരത്വപരവുമായ ഒട്ടേറെ ഉള്‍ക്കാഴ്ചകളുണ്ട്. ''ഉപനിഷത്തുകളിലും പുരാണങ്ങളിലും പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്ത് ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ അടുത്തറിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു'' എന്നു പറയുന്നുണ്ട്. പുരാണങ്ങളിലും ഉപനിഷത്തുകളിലും പരാമര്‍ശിക്കുന്ന സ്ഥലങ്ങളെ പര്യവേക്ഷണത്തിലൂടെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിയുമോ? 
ഇതിനൊരു ലിമിറ്റേഷന്‍ ഉണ്ട്. പുരാണങ്ങളിലും മിത്തോളജിയിലും പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാകണമെന്നില്ല. പലതിലും എക്‌സാജെരേഷന്‍സ് ധാരാളമുണ്ട്. ഉദാഹരണമായി പുഷ്പകവിമാനം. എക്‌സാജെരേഷന്‍സിന്റെ ലിമിറ്റാണത്. അതേപോലെ നമുക്ക് സര്‍ജറി അറിയാമായിരുന്നു. ഗണപതി ഗ്രാഫ്റ്റിങ്ങിന്റെ ഉദാഹരണമാണ്. നമ്മുടെ കയ്യില്‍ മിസൈലുകള്‍ ഉണ്ടായിരുന്നു, നമുക്ക് ഇന്റര്‍നെറ്റ് ടെക്നോളജി അറിയാമായിരുന്നു. ഇതൊക്കെ ചില സയന്‍സ് കോണ്‍ഗ്രസ്സില്‍ വരെ അവതരിപ്പിക്കാനുള്ള ധൈര്യം ചില അത്യുഗ്ര ദേശീയവാദികള്‍ പ്രകടിപ്പിക്കുന്നതു കാണുമ്പോള്‍ അവരുടെ ആദര്‍ശനത്തേയും അറിവിനേയും കുറിച്ച് വിഷമം തോന്നും.

ആര്‍എസ് ശര്‍മ്മ
ആര്‍എസ് ശര്‍മ്മ

ഇതുപോലെയുള്ള ബാലിശമായ, യുക്തിപരമല്ലാത്ത വളരെയധികം വാദങ്ങളുണ്ട്. ഇതിനെപ്പറ്റിയല്ല ഞാന്‍ പറയുന്നത്. മറിച്ച് ഹസ്തിനപുര പാണ്ഡവന്മാരുടെ തലസ്ഥാനമായിരുന്നു. അവിടെ നടന്ന ഉത്ഖനനത്തില്‍ ചില ശരിയുടെ അംശം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി. ഇത് അവിടെ മാത്രമല്ല. ക്രിസ്തുമതത്തിലും ഇസ്ലാംമതത്തിലുമുണ്ട്. ഉര്‍ എന്ന മെസപ്പൊട്ടോമിയയിലെ സ്ഥലത്തെപ്പറ്റി ഇരു മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നു. അവിടെനിന്നാണ് പ്രവാചകനായ അബ്രഹാം കനാനിലേക്ക് പുറപ്പെടുന്നത്. ഇതിനെക്കുറിച്ച് റഫറന്‍സുകളുണ്ട്. മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. അതും ഇതുമായി യോജിപ്പിക്കാന്‍ പഴയകാലത്തെ പല ആര്‍ക്കിയോളജിസ്റ്റുകള്‍ക്കും കഴിഞ്ഞു. അതേപോലെ നോഹയുടെ കാലത്തെ പ്രളയത്തെക്കുറിച്ച് നമുക്കറിയാം. അതിനെ സാധൂകരിക്കുന്ന ക്ലേ ടാബ്ലറ്റുകള്‍ സെന്നാചെറീബിന്റേയും അസര്‍ ബാനിപാലിന്റേയും ലൈബ്രറികളില്‍നിന്ന് കിട്ടിയിട്ടുണ്ട്.

എംജിഎസ് നാരായണന്‍
എംജിഎസ് നാരായണന്‍

1871-ല്‍ ആണ് അതാദ്യമായി വായിക്കാന്‍ കഴിഞ്ഞത്. അത് മറ്റൊരു ചരിത്രത്തിന്റെ ഭാഗമായിട്ടാണ്. അതായത് ഉത്നാപിഷ്നിഷ് എന്നൊരാള്‍; നോഹയെപ്പോലെതന്നെയാണയാള്‍. അദ്ദേഹത്തോട് ദൈവം പറഞ്ഞു, നിങ്ങളൊരു പേടകം ഉണ്ടാക്കണം. ആ പേടകത്തില്‍ എല്ലാറ്റിനേയും രക്ഷപ്പെടുത്തണം. അതും നോഹയുടെ ചരിത്രവും ഏതാണ്ട് ഒരേപോലെ പോകുന്നതാണ്. ഇതില്‍നിന്നും ചരിത്രത്തിന്റെ ചെറിയൊരംശം ഇതിലുണ്ടെന്ന് മനസ്സിലാക്കാം. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഷോക്കേസ് ചെയ്യുക. കാരണം അതിലൊക്കെ ജനങ്ങള്‍ക്ക് ധാരാളം വിശ്വാസമുണ്ടാവുകയും അത് ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളാണ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. മാത്രമല്ല, ഇന്ത്യാക്കാര്‍ ധാരാളം പേര്‍ വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവര്‍ക്കിത് നമ്മുടെ രാജ്യത്ത് വന്ന് കണ്ടാല്‍ കൂടുതല്‍ താല്പര്യം തോന്നും. ഇതാണ് ഇന്നു ലോകരാഷ്ട്രങ്ങള്‍ പലതും ചെയ്യുന്നത്. ഇസ്രയേല്‍ ചെയ്യുന്നതും ഒരുതരത്തില്‍ അതുതന്നെയാണ്. ഇതില്‍നിന്നു മാതൃക കണ്ടുപിടിച്ച് നാം അത് മനസ്സിലാക്കി മുന്നോട്ട് പോകണം.

ഇവിടെയൊരു പ്രശ്‌നം ഉണ്ടാകാനിടയുണ്ട്. ഏതെങ്കിലും ഒരു പ്രദേശത്തിന്റെ ചരിത്രം എസ്‌കവേഷനിലൂടെ നമ്മള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അത് വിശ്വസിക്കുന്നയാളുകള്‍ ഒഴികെയുള്ളവര്‍ എസ്‌കവേഷന്, നിഗമനങ്ങള്‍ക്ക് എതിരായി മാറുകയാണ്. കൊടുങ്ങല്ലൂരില്‍ ഒരു എസ്‌കവേഷന്‍ നടന്നാല്‍ അവിടത്തെ ഏറ്റവും പ്രോമിനന്റായ ഒരു കമ്യൂണിറ്റി ഇതിനെ അംഗീകരിച്ചേക്കാം. പക്ഷേ, മറ്റുള്ളവര്‍ അതിനെ എങ്ങനെ കാണും? അയോധ്യയിലോ വൈശാലിയിലോ നടക്കുന്ന ഒരു ഖനനം ഒരു വിഭാഗമാളുകള്‍ക്ക് സ്വീകാര്യമായെങ്കില്‍ മറ്റൊരു വിഭാഗം അതിനെ എതിര്‍ക്കാനുമിടയുണ്ട്. ഈ പ്രശ്‌നത്തെ എങ്ങനെ തരണം ചെയ്യും? 
പ്രാരംഭഘട്ടത്തില്‍ ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍, ഇത് ചരിത്രസത്യമാണ്, സയന്റിഫിക് ട്രൂത്താണ്. ഒരളവുവരെ മാത്രമേ വിശ്വസിക്കാന്‍ പറ്റൂ. ഒരളവു മുതല്‍ വിശ്വസിക്കാന്‍ പറ്റില്ല എന്നത് വ്യക്തമായി പറയുകയാണെങ്കില്‍ കുറച്ചുകാലം കഴിഞ്ഞാലെങ്കിലും ജനങ്ങള്‍ മനസ്സിലാക്കും. സയന്റിഫിക്കായി നമ്മള്‍ വളരുകയാണ്. ആ വളര്‍ച്ചയ്ക്കനുസരിച്ച് പൊതുസമൂഹവും വളര്‍ന്നുകൊണ്ടിരിക്കും. അതാണിന്നു പൊതുവേ കാണുന്നത്. കുഴപ്പങ്ങളുണ്ടാക്കാന്‍ യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ക്ക് സാധിക്കുമെന്നതും ഒരു വസ്തുതയാണ്. അത് അംഗീകരിച്ചേ പറ്റൂ.

ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍

ചരിത്രരചനയ്ക്ക് ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജിയുള്ളതായി തോന്നിയിട്ടുണ്ടോ? അത് ഒരുപക്ഷേ, പൊളിറ്റിക്കലായിരിക്കും അല്ലെങ്കില്‍ റിലീജിയസാവും. അത്തരം സ്ട്രാറ്റജികളോട് ഇണങ്ങാന്‍ പുരാവസ്തു ഖനനത്തിന് കഴിയുമോ? 
അത്തരം മാര്‍ക്കറ്റിങ് സ്ട്രാറ്റജികളോട് എപ്പോഴും ഇടഞ്ഞുകൊണ്ടാണ് ആര്‍ക്കിയോളജി പുരോഗമിക്കുക. അതല്ലെങ്കില്‍ ആര്‍ക്കിയോളജിക്ക് സ്ഥാനം ഉണ്ടാവുകയില്ല. അത് എപ്പോഴും ഇടഞ്ഞുകൊണ്ടിരിക്കും. ഓരോരുത്തര്‍ക്കും അവരവരുടേതായ അജന്‍ഡയുണ്ടായിരിക്കും. അതിനനുസരിച്ച് ആര്‍ക്കിയോളജിക്ക് മാറാന്‍ കഴിയുകയില്ല. വസ്തുതകളും റെലിക്‌സുകളും മാത്രമാണ് ആര്‍ക്കിയോളജി നോക്കുക.

ഏതെങ്കിലും ഒരു എസ്‌കവേഷനില്‍ ഭരണകൂടത്തിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോ? ഇന്ന തരത്തില്‍ നിഗമനങ്ങള്‍ ഉണ്ടാകണം എന്നാഗ്രഹിച്ചുകൊണ്ടുള്ള ഇടപെടലുകള്‍? 
പൊതുവെ ആര്‍ക്കിയോളജിസ്റ്റുകളെ അതിനുവേണ്ടി സമീപിക്കാറില്ല. കാരണം ആര്‍ക്കിയോളജിസ്റ്റിന്റെ ബെന്റ് ഓഫ് മൈന്റ് വളരെ സ്ട്രെയിറ്റ് ഫോര്‍വേഡായിരിക്കും എന്നറിയാം. അതുകൊണ്ട് അവര്‍ അതിനുവേണ്ടി ശ്രമിക്കില്ല. പക്ഷേ, ആ ഫൈന്റിങ് കിട്ടിയാല്‍ അതിന്റെ വ്യാഖ്യാനം അവരാഗ്രഹിക്കുന്ന തരത്തിലെത്തിക്കാനുള്ള ചില ശ്രമങ്ങള്‍ അവിടെ പാര്‍ശ്വങ്ങളില്‍നിന്നുണ്ടാകും. പൊതുവേ ആര്‍ക്കിയോളജിസ്റ്റുകള്‍ അതംഗീകരിക്കാറില്ല. റിലിജിയസ് മൈന്റഡ് ആയിട്ടുള്ളവര്‍പോലും അതംഗീകരിക്കാറില്ല.

ഞാനെന്ന ഭാരതീയനിലെ മൂന്നു പ്രസ്താവനകള്‍ ശ്രദ്ധാര്‍ഹമാണ്. ഒന്ന് - ''സ്വതന്ത്ര ചിന്താഗതിക്കാര്‍ ആരുടേയും ബന്ദികളായ ബുദ്ധിജീവികളാവുകയില്ല'' രണ്ട് - ''നിങ്ങള്‍ കമ്യൂണിസ്റ്റ് വിരോധിയായേക്കാം. പക്ഷേ, ഞാനങ്ങനെയല്ല. ഞാന്‍ താത്ത്വികമായി കമ്യൂണിസ്റ്റനുഭാവിയാണ്.'' മൂന്ന് - ''എല്ലാ പാര്‍ട്ടിയിലേയും നിക്ഷിപ്തതാല്പര്യക്കാര്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ആദര്‍ശവാദികളെയായിരിക്കും.'' ഒരു മനുഷ്യനെന്ന നിലയില്‍ കെ.കെ. മുഹമ്മദിന് പങ്കുവയ്ക്കാനുള്ള നിലപാടുകള്‍ വളരെ ശക്തമാണിവിടെ. ഇത് രാഷ്ട്രീയ നേതൃത്വങ്ങളേയും മത യാഥാസ്ഥിതികവാദികളേയുമൊക്കെ പ്രകോപിപ്പിക്കാന്‍ ഇടയില്ലേ? അങ്ങനെ പ്രകോപനങ്ങള്‍ അവരുടെ പക്ഷത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുണ്ടോ? ഈ പ്രസ്താവനയ്ക്കു പിന്നിലെന്തെങ്കിലും കാരണമുണ്ടോ? 
രാഷ്ട്രീയക്കാരുമായി ഒരിക്കല്‍ മാത്രമേ ഇടയേണ്ടിവന്നിട്ടുള്ളു. അത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചിലയാളുകളാണ് പാറപൊട്ടിക്കുന്ന illegal mining-ന്റെ പുറകിലുണ്ടായിരുന്നത്. അതുപോലെ മറ്റുള്ള പാര്‍ട്ടിയിലെ ആളുകളുമുണ്ടായിരുന്നു. അവിടെ അവരുടെ ശക്തമായ വിയോജിപ്പുണ്ടായി. ബാക്കിയുള്ളയിടങ്ങളില്‍ ചില പ്രത്യേക വ്യക്തികളുമായിട്ടായിരുന്നു ഇടഞ്ഞിട്ടുള്ളത്. ഉദാഹരണത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ വരുന്നതിനുമുന്‍പ് ഞാന്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലായിരുന്നു. അന്ന് പ്രധാനമായും എന്റെ എതിരാളി പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് ആയിരുന്നു. അദ്ദേഹം എന്റെ ഗുരുനാഥനായിരുന്നു. ഞാനംഗീകരിക്കാത്ത ഗുരുനാഥന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹവുമായി ശക്തമായ പേഴ്സണല്‍ ഡിഫറന്‍സ് ഉണ്ടായിരുന്നു. Ideological difference ആയിരുന്നില്ല. ഞാന്‍ ഇന്നും മനസ്സിലാക്കുന്നത് ഞാനൊരു നല്ല കമ്യൂണിസ്റ്റുകാരനാണ് എന്നും എന്റെ എതിരാളികള്‍; കമ്യൂണിസ്റ്റുകാരല്ല എന്നുമാണ്. കാരണം അവര്‍ക്ക് കമ്യൂണിസത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനു സഹായകമായിട്ടുള്ള രൂപത്തില്‍ കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൊടുക്കുക. ഇതൊന്നും ഈ ആദര്‍ശം പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാര്‍ പലപ്പോഴും ചെയ്യില്ല. ഒരുകാലത്ത് അങ്ങനെയുള്ള കമ്മ്യൂണിസ്റ്റുകാര്‍ ധാരാളം ഉണ്ടായിരുന്നു 2000 വരെ. ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍ ഇങ്ങനെയുള്ളവരെ ഞാന്‍ ഓര്‍മ്മിക്കുകയാണ്. കമ്യൂണിസത്തിന് ഇന്നതിന്റെ താത്ത്വികവശം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നെനിക്ക് തോന്നാറുണ്ട്. താത്ത്വികവശം നഷ്ടപ്പെട്ട ഒരാളായിട്ടാണ് ഞാന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ കാണുന്നത്.

ഇര്‍ഫാന്‍ ഹബീബുമായുള്ള വ്യക്തിപരമായ പ്രശ്നം ഉദ്യമങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ? 
എനിക്കാദ്യം അദ്ദേഹം റിസര്‍ച്ചിന് അഡ്മിഷന്‍ തന്നില്ല. ഞാന്‍ രണ്ടാം റാങ്കുകാരനായിരുന്നു. ആദ്യ റാങ്കുകാരനായ ഡേവിഡ് ജെ.എന്‍.യുവില്‍ ജോയ്ന്‍ ചെയ്തു. അതുകൊണ്ട് അന്നുണ്ടായിരുന്ന രണ്ട് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പുകളില്‍ ഒന്ന് എനിക്ക് തരേണ്ടതാണ്. പക്ഷേ, അതെനിക്കു തരാതെ എന്നെക്കാള്‍ 16 മാര്‍ക്ക് കുറഞ്ഞ ഒരു വിദ്യാര്‍ത്ഥിക്ക് കൊടുത്തു. എം.എയ്ക്കു മാത്രം 16 മാര്‍ക്ക് കുറവ്. ബി.എയ്ക്ക് എന്നെക്കാള്‍ 100 മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥിയാണ്. അവരുടെ പാര്‍ട്ടിയല്ലെങ്കില്‍ ആരെയും അംഗീകരിക്കില്ല എന്ന മനഃസ്ഥിതി ആയിരുന്നു പൊതുവേ. അതിനെതിരായിട്ടാണ് ഞാനാദ്യമായി പടപൊരുതിയത്. അലിഗഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് പുറത്തുവന്ന് രണ്ടാമത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ അഡ്മിഷനെടുത്തത് അങ്ങനെയാണ്. അതൊരു വലിയ യുദ്ധമായിരുന്നു. എന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ തകര്‍ക്കാന്‍വേണ്ടി അദ്ദേഹം ധാരാളം ശ്രമിച്ചിട്ടുണ്ട്. അതൊക്കെ പുസ്തകത്തില്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. അതിനെയൊക്കെ എനിക്ക് അതിജീവിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, അതൊക്കെ പിന്നീടൊരു ഇന്ധനമായി മാറുകയും ചെയ്തു. എതിര്‍പ്പുകളായിരുന്നു മുന്നോട്ടു പോകാന്‍ ഊര്‍ജ്ജം നല്‍കിയത്.

ഭാരതത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള മതാതീതവും മതേതരവും മാനവികവുമായ ദര്‍ശനങ്ങളാണ് കെ.കെ. മുഹമ്മദിനെ നയിക്കുന്നത്. ഈ ഉത്ഖനനങ്ങളിലൂടെ അങ്ങനെയൊരു ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ബഹുസ്വര സമൂഹമാണല്ലോ ഇന്ത്യയുടേത്. നമ്മുടെ ബഹുസ്വരതയെ. ഏകത്വത്തെ ഇല്ലാതാക്കുന്ന എന്തൊക്കെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്? 
മതവികാരവും ജാതിവിചാരവും. ജാതി കേരളത്തില്‍ അത്ര പ്രശ്‌നമായിരിക്കില്ല. പക്ഷേ, ഞാന്‍ പ്രവര്‍ത്തിച്ച പല സ്ഥലങ്ങളിലും ഉത്തരേന്ത്യയിലെ പലയിടങ്ങളിലും (യു.പി., ബീഹാര്‍) ജാതിവ്യവസ്ഥ വളരെ ശക്തമാണ്. പിന്നെ പ്രാദേശിക മനോഭാവം. പ്രാദേശിക മനോഭാവവും ജാതിവ്യവസ്ഥയും സാമുദായിക വികാരവും ഏകത്വത്തെ തടയുകയാണ്. ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാവില്ല.

മധ്യപ്രദേശിലെ ബടേശ്വര്‍ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ഭാഗം വിവരിക്കുമ്പോള്‍ ''അവര്‍ കൊള്ളയ്ക്കു പോകുന്നതിനു മുന്‍പും ശേഷവും ക്ഷേത്രസമുച്ചയത്തിലെ ഹനുമാന്‍ കോവിലില്‍ ഒത്തുകൂടി പ്രാര്‍ത്ഥിക്കും, ജയ് ഹനുമാന്‍. ആ സാധനയുടെ ബലത്തിലാണത്രേ കൊള്ളയും വിജയവും. കൊള്ളയ്ക്കും കൊലയ്ക്കും ഈശ്വരനെ കൂട്ടുപിടിക്കുന്നത് കൊള്ളക്കാര്‍ മാത്രമല്ല, എല്ലാ ഭൗതികവാദികളും ചെയ്യുന്നത് അതാണ്.'' ഇത് വര്‍ത്തമാന കേരളസമൂഹത്തേയും ഇന്ത്യന്‍ സാഹചര്യത്തേയുംപറ്റി കുറച്ചു പൊതുവായി പറയാവുന്ന ഒരു കാര്യമല്ലേ? 
ആണ്. തീര്‍ച്ചയായും. അതാണു ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളതും. കൊള്ളക്കാര്‍ മാത്രമല്ല, ഇന്നത്തെ എല്ലാ രാഷ്ട്രീയത്തില്‍പ്പെട്ട ആളുകളും മതമൗലികവാദികളും എല്ലാം തന്നെ മതത്തെയാണ്, ഈശ്വരനെയാണ് കൂട്ടുപിടിക്കാറുള്ളത്. ഈശ്വരനെ കൂട്ടുപിടിച്ചുകൊണ്ടാണ് കൊടുംക്രൂരകൃത്യങ്ങള്‍ ചെയ്യുന്നത്. പശുവിന്റെ പേരില്‍ വളരെ ദയനീയമായ രീതിയില്‍ ആളുകളെ വെട്ടിനുറുക്കി കൊല്ലുന്നവരുണ്ട്. അപ്പോഴും ഹനുമാന്റേയും ശ്രീരാമന്റേയും പേരുകളാണ് ഇവര്‍ എടുക്കാറുള്ളത്. ഒരുകാലത്ത് ഈ ബിംബങ്ങളെ അടിച്ചുടയ്ക്കുന്ന വേളയില്‍ അല്ലാഹു അക്ബര്‍ എന്ന ദൈവനാമമാണ് മുസ്ലിം പക്ഷപാതികള്‍ ഉപയോഗിച്ചിരുന്നത്. എല്ലാത്തരത്തിലുള്ള മതമൗലികവാദികളും എപ്പോഴും കൂട്ടുപിടിക്കുന്നത് ദൈവത്തെയാണ്. ഒന്നുകില്‍ ശ്രീരാമനെ അല്ലെങ്കില്‍ അല്ലാഹുവിനെ എന്ന വ്യത്യാസമേയുള്ളു.

ഇന്നും അങ്ങനെതന്നെ. തെരഞ്ഞെടുപ്പുകാലത്തും ഇതു പ്രതിഫലിക്കുന്നുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുകാലത്ത് തന്ത്രങ്ങള്‍കൊണ്ടാണ് പ്രചാരണത്തില്‍ ഇടപെടുന്നത്. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും മറ്റും വലിയ സമരങ്ങള്‍ നടന്ന നാടാണ് നമ്മുടേത്. പക്ഷേ, ഈയടുത്തകാലത്ത് ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് അയോധ്യപോലെ വലിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമെന്താണ്? 
എന്റെ തുറന്ന അഭിപ്രായം എല്ലായിടത്തും സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ്. ഞാന്‍ സംഘപരിവാറിന്റെ അഭിപ്രായങ്ങളോട് ഒരുതരത്തിലും യോജിക്കാത്ത ആളാണ്. മുസ്ലിങ്ങളുടെ ഇടയിലുള്ള പര്‍ദ്ദയടക്കം സ്ത്രീകളോടുള്ള പല അനീതികളോടും എനിക്കു വിയോജിപ്പാണ്. ഈ കാര്യങ്ങളെല്ലാംതന്നെ നാം വെട്ടിത്തുറന്നു പറയണം. ഞാന്‍ പര്‍ദ്ദയ്‌ക്കെതിരാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനും എതിരാണ്.

അക്കാലത്ത് കേരള ഗവണ്‍മെന്റ് എടുത്ത നിലപാടുകള്‍? 
ഞാന്‍ തീര്‍ച്ചയായും യോജിക്കുന്നു. അതു മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം. പക്ഷേ, അവരതു ചെയ്തില്ല. അവര്‍ക്കു സംഭവിച്ച ഒരു പാകപ്പിഴ, അവരതിനു കൂട്ടുപിടിച്ചത് പര്‍ദ്ദ ധരിച്ച സ്ത്രീകളെയാണ് എന്നതാണ്. അത് അവര്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. ഈ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് പല ജാഥകളിലും കണ്ടത് പര്‍ദ്ദ ധരിച്ച സ്ത്രീകളെയായിരുന്നു. ഈ പര്‍ദ്ദയില്‍നിന്നു സ്ത്രീകളെ ആദ്യം മോചിപ്പിക്കട്ടെ ഇവര്‍. അതിനുശേഷമാവാം ഇത്തരം പ്രവര്‍ത്തനങ്ങള്‍.

നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മതസ്ഥാപനങ്ങളിലും ആത്മവിമര്‍ശനത്തിന്റെ സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. ഈ ആത്മവിമര്‍ശനത്തിന്റെ സാധ്യതകള്‍ ഇല്ലാതാകുന്നതാണ് കാര്യങ്ങള്‍ വഷളാകാനുള്ള കാരണം. ഇത്തരം സ്ഥാപനങ്ങളില്‍ ആത്മവിമര്‍ശനമെന്നത് അത്ര എളുപ്പമുള്ള ഒരു സംഗതിയാണോ? 

അല്ല. അത് ബുദ്ധിമുട്ടുണ്ടാക്കും.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആത്മവിമര്‍ശനത്തിന് ഏതെങ്കിലുമൊരാള്‍ തയ്യാറായാല്‍ അയാള്‍ നിഷ്‌കാസിതനാകുകയാകും ഫലം. അതു ഭയന്നിട്ട് പദവികള്‍ക്കുവേണ്ടി ഒപ്പം നില്‍ക്കുന്ന ഒരു രീതിയാണിവിടെയുള്ളത്? 
വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, ആത്മവിമര്‍ശനമില്ലെങ്കില്‍ സാമൂഹിക പുരോഗതിയില്ല. സമൂഹത്തിന്റെ പുരോഗതി നാം ആഗ്രഹിക്കുന്നുവെങ്കില്‍ ആത്മവിമര്‍ശനത്തിന്റെ വാതിലുകള്‍ തുറന്നിടുകയും ആത്മവിമര്‍ശനം ചെയ്യാന്‍ യുവജനങ്ങള്‍ തയ്യാറാവുകയും ചെയ്യണം.

അയോധ്യ വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അയോധ്യയെ സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള ഏറ്റവും ശ്രദ്ധേയമായ പ്രസ്താവനകളിലൊന്ന് കെ.കെ. മുഹമ്മദിന്റേതാണെന്നു പറയുന്നു. എന്താണ് യഥാര്‍ത്ഥത്തിലുള്ള സാഹചര്യം? 
1976-1977ലാണ് ആദ്യം അവിടെ എസ്‌കവേഷന്‍ നടന്നത്. അന്നു ഞാനതില്‍ പങ്കുചേര്‍ന്നയാളാണ്. പ്രൊഫ. ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ വിവാദമായ ഈ പള്ളിയില്‍ ചെന്നപ്പോള്‍ മറ്റുള്ള ആളുകള്‍ക്കു പ്രവേശനം സാധ്യമായിരുന്നില്ലെങ്കിലും റിസേര്‍ച്ച്ഴ്സ് ആയതിനാല്‍ ഞങ്ങള്‍ക്കു പ്രവേശനം കിട്ടി. 12 തൂണുകള്‍ ക്ഷേത്രത്തിന്റെ തൂണുകളായിരുന്നു. പിന്നീട് എസ്‌കവേറ്റ് ചെയ്ത അവസരത്തില്‍ ഈ തൂണുകള്‍ നില്‍ക്കാനായി നിര്‍മ്മിച്ച ധാരാളം ബ്രിക്ബേസുകള്‍ ലഭിച്ചു. പക്ഷേ, ഇതൊരു വിവാദമാക്കണമെന്ന് ബി.ബി. ലാലടക്കം ആരുംതന്നെ കരുതിയിരുന്നില്ല. അന്ന് ഇതൊരു വിവാദവിഷയമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതു വിവാദമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ്. പ്രൊഫ. ഇര്‍ഫാന്‍ ഹബീബും മറ്റുള്ള ആളുകളും റോമില ഥാപ്പറും അതില്‍പ്പെട്ടിട്ടുണ്ട്. അതിനു മറുപടിയായിട്ടാണ് പ്രൊഫ. ബി.ബി. ലാല്‍ പുറത്തുവന്നത്, ''ഞങ്ങള്‍ക്കു വേറെയും തെളിവുകളുണ്ട്'' എന്നു പറഞ്ഞുകൊണ്ട്. ഞാനന്ന് തമിഴ്നാട്ടിലാണ്. ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ടന്റായി വര്‍ക്ക് ചെയ്യുകയായിരുന്നു. ഞാനൊരു പ്രസ്താവന കൊടുത്തു: I was the only one muslim who had participated in that excavation and I have seen the temple pillars and the other materials also. അതിനുശേഷം മറ്റൊരാള്‍ പറഞ്ഞു: ''ഒരുപക്ഷം പറയുന്നു തെളിവുകളുണ്ട് എന്ന്. മറ്റൊരു പക്ഷം പറയുന്നു തെളിവുകളില്ല എന്ന്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മറ്റൊരു എക്സ്‌കവേഷന്‍ നടത്തിക്കൂടാ?'' ഇതു പറഞ്ഞത് ഐ. മഹാദേവനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് വളരെക്കാലം കഴിഞ്ഞ് 2003-ല്‍ ഒരു എസ്‌കവേഷന്‍ നടത്തുന്നത്. ഞങ്ങള്‍ക്കു കിട്ടിയത് 12 തൂണുകളാണെങ്കില്‍ ഇപ്പോള്‍ 50-ല്‍പ്പരം തൂണുകളുടെ ബ്രിക് ബേസുകള്‍ കിട്ടി. ഇതിനര്‍ത്ഥം ഇവിടെയൊരു മഹാക്ഷേത്രമാണ് ഉണ്ടായിരുന്നതെന്നാണ്. ക്ഷേത്രത്തിലെപ്പോഴും അവള്‍ഗ എന്നു പറയുന്ന ഏറ്റവും മുകളിലുള്ള ഒരു കല്ലുണ്ടായിരിക്കും. അത് നെല്ലിക്ക പോലുള്ളതായിരിക്കും. ഈ കല്ല് അയോധ്യയിലെ പള്ളിയുടെ അടിയില്‍നിന്നു കിട്ടി. ഇത് ജനങ്ങള്‍ താമസിക്കുന്ന ഇടത്തുനിന്നു കിട്ടില്ല, ക്ഷേത്രമുള്ള സ്ഥലത്തുനിന്നു മാത്രമേ കിട്ടുകയുള്ളു.

പ്രഫ ബിബി ലാല്‍
പ്രഫ ബിബി ലാല്‍

അയോധ്യയില്‍ എന്തായിരിക്കാം സംഭവിച്ചത്? 
ഒന്നുകില്‍ ഇത് പൊളിഞ്ഞുകിടന്നിരുന്ന ക്ഷേത്രമായിരിക്കും. ബാബര്‍ വരുന്നതിനു മുന്‍പേ പൊളിഞ്ഞുകിടന്നിരിക്കാം. അതല്ലെങ്കില്‍ അദ്ദേഹം പൊളിച്ചിരിക്കാം. ആ കാലത്ത് ആരെ വിജയിച്ചു കീഴടക്കുന്നുവോ അവരുടെ മതസ്ഥാപനങ്ങളെ, ആരാധനാലയങ്ങളെ കീഴടക്കുകയെന്നത് വിജയത്തിന്റെ ഭാഗമായി ആഘോഷിക്കാറുണ്ടായിരുന്നു. ആ നിലയ്ക്കു ചെയ്തതാകാം. എങ്ങനെയാണെങ്കിലും അതു സംഭവിച്ചു. മറ്റൊന്ന് 'പ്രണാളി' (എന്നും ബിംബത്തെ കുളിപ്പിക്കുന്നതിനുപയോഗിക്കുന്നത്) കുളിപ്പിച്ച ശേഷമുള്ള അഭിഷേക വെള്ളം ഒഴുകിപ്പോകുന്നതിനു മുതലയുടെ രൂപമുള്ള മകര പ്രണാളിയുമുണ്ട്. ഈ മകര പ്രണാളിയും അവിടെ നിന്നു ലഭിച്ചിട്ടുണ്ട്. ഒരു പള്ളിയാണെങ്കില്‍ ഒരിക്കലും മകരപ്രണാളിയുണ്ടാകില്ല. ഇവയൊക്കെ ഏതാണ്ട് ഈ പള്ളിയുടെ നേരെ അടിയില്‍നിന്നാണ് കിട്ടിയത്. പിന്നെ മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ 263 ബിംബങ്ങള്‍ കിട്ടി. ഒരു പള്ളിയാണെങ്കില്‍ ഒരിക്കലും ബിംബങ്ങള്‍ കിട്ടുകയില്ല. കാരണം ബിംബാരാധന മുസ്ലിം പള്ളിയില്‍ പാടില്ല. അതിനുശേഷമാണ് വിഷ്ണുഹരി ശിലാഫലകമെന്നുള്ള ഇരുപതു ലൈനുള്ള ഇന്‍സ്‌ക്രിപ്ഷന്‍സ് കിട്ടുന്നത്. അതില്‍ വളരെ കൃത്യമായി പറയുന്നുണ്ട്. ഇതു വിഷ്ണുവിനുണ്ടാക്കിയ ക്ഷേത്രമാണെന്ന്. ഇത്രയും തെളിവുകളുണ്ട്. അതിനു പുറമേ ഞാന്‍ പറയാറുള്ളത്, ഒരു മുസ്ലിമിന് മക്കയും മദീനയും പോലെ എത്രയോ പ്രധാനപ്പെട്ട സ്ഥലമാണ് ഒരു സാധാരണ ഹിന്ദുവിന് അയോധ്യ. ആ ഹിന്ദുവിന്റെ മതവികാരം നാം മനസ്സിലാക്കണം. നേരെമറിച്ച് ഈ പള്ളിക്ക് നബിയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ കമ്പാനിയന്‍സുമായി ബന്ധമില്ല. അദ്ദേഹത്തിന്റെ ഔലിയാക്കളുമായി ബന്ധമില്ല. ഒരു രാജാവുമായുള്ള ബന്ധം മാത്രം. അതിന് എന്തിനിത്ര വാശി പിടിക്കണം.

മുസ്ലിങ്ങള്‍ക്ക് അല്ലെങ്കില്‍ത്തന്നെ ധാരാളം പ്രശ്‌നങ്ങളുണ്ട്. വടക്കേ ഇന്ത്യയില്‍ അവര്‍ ഹരിജനങ്ങളെപ്പോലെയാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടാന്‍ കഴിയാത്തത് അയോധ്യപ്രശ്‌നം ഉള്ളതുകൊണ്ടാണ്. ഇത് ഒഴിവാക്കാനായാല്‍ ഒരു പുതിയ സംസ്‌കാരം തന്നെ നമുക്കു സൃഷ്ടിക്കാന്‍ കഴിയും. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ത്തന്നെ ഒരു പുതിയ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. ഇതോടുകൂടി പല പ്രശ്‌നങ്ങളും നീങ്ങിപ്പോകും. മുസ്ലിങ്ങളോടു സംസാരിക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം പറയാറുണ്ട് ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്ക് പാകിസ്താന്‍ എന്ന ഒരു പ്രത്യേക രാഷ്ട്രം കൊടുത്തതിനുശേഷവും ഇന്ത്യ ഒരു സെക്കുലര്‍ രാഷ്ട്രമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു ഹിന്ദു ഭൂരിപക്ഷം ഉള്ളതുകൊണ്ടു മാത്രമാണ്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും സെക്കുലര്‍ രാഷ്ട്രമാകുമായിരുന്നില്ല. എന്റെ ഈ വാദം പലപ്പോഴും മുസ്ലീങ്ങള്‍ അംഗീകരിക്കാറുണ്ട്. വിയോജിക്കുന്നവരുമുണ്ട്.

ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കേണ്ടത് ഇവിടത്തെ രാഷ്ട്രീയ സംവിധാനത്തിന്റെ ആവശ്യമല്ലേ? 
അതേ. അവിടെയാണ് തകരാറുകള്‍ സംഭവിക്കുന്നത്. മുസ്ലിങ്ങള്‍ വിട്ടുകൊടുക്കേണ്ടതായിരുന്നു. ഇന്നു ബി.ജെ.പി ഭരണത്തിലിരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രധാന ഉത്തരവാദികള്‍ പിടിവാശിക്കാരായ മുസ്ലിങ്ങളും അതേപോലെ ടെററിസ്ഥാനായ പാക്കിസ്താനുമാണ്. പുല്‍വാമയില്‍ പാക്കിസ്താന്‍ ആ അറ്റാക്ക് ഉണ്ടാക്കിയിരുന്നില്ലെങ്കില്‍, അയോധ്യയുടെ കാര്യത്തില്‍ മുസ്ലിങ്ങള്‍ പിടിവാശി കാട്ടിയിരുന്നില്ലെങ്കില്‍ ബി.ജെ.പിക്ക് ഇന്നുള്ള ഭൂരിപക്ഷം ഉണ്ടാകുമായിരുന്നോ എന്നും എനിക്ക് സംശയമുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേകള്‍ ഇന്ത്യയില്‍ വരുന്നത്? 
ഇന്ത്യയില്‍ വരുന്നത് 1861 മുതലാണ്. ഈ flood tablets ഒക്കെ കണ്ടുപിടിക്കുന്നത് 1871-ലാണ്. അതൊരു വലിയ മാറ്റമാണ് ചരിത്രത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്.

Flood tablets എന്നാല്‍? 
മെസൊപ്പൊട്ടോമിയന്‍സ് എല്ലാ കാര്യങ്ങളും ക്യൂണിഫോം ലിപി മാതൃകയില്‍ എഴുതിവയ്ക്കാറുണ്ടായിരുന്നു. അതിന്റെ ഒരു ലൈബ്രറിതന്നെ കണ്ടുകിട്ടുകയുണ്ടായി. അത് 'സെന്നാചെറീബ്' എന്ന രാജാവിന്റെ കൊട്ടാരത്തില്‍നിന്നാണ് കിട്ടുന്നത്. അദ്ദേഹത്തെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതേപോലെ 'അസുര്‍ബാനിപാല്‍' എന്ന രാജാവും. അദ്ദേഹത്തെക്കുറിച്ചും ബൈബിളില്‍ പരാമര്‍ശമുണ്ട്. ഇവരുടെ കൊട്ടാരത്തില്‍നിന്നാണ് കിട്ടുന്നത്. ആ ടാബ്ലെറ്റുകളിലാണ് ഈ പ്രളയകഥകള്‍ പറയുന്നത്. അതാണ് പിന്നീട് നോഹിന്റെ കഥകളായി വികസിക്കുന്നത്. നോഹിന്റെ കഥകളായിട്ടാണ് ബൈബിളില്‍ പറയുന്നത്. പക്ഷേ, കിട്ടിയ ടാബ്ലെറ്റ്‌സ് ഉള്ളത് 'ഉത്നാപിഷ്ടിം' എന്ന ഒരാളുടേതാണ്. ബൈബിളിന്റെ പ്രളയകഥ എന്ന പേരില്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ Bible and Flood Story എന്ന വിഷയത്തില്‍ ഒരു പ്രഭാഷണം സംഘടിപ്പിച്ച അവസരത്തില്‍ അതു കേള്‍ക്കാന്‍വേണ്ടി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ് സ്റ്റോണ്‍ വന്നിരുന്നു. അത്ര താല്പര്യമുണ്ടായിരുന്നു ഇവര്‍ക്കൊക്കെ അക്കാര്യത്തില്‍.

'ഇബാദത്ത് ഖാന'യില്‍ നടത്തിയ ഖനനത്തിലാണല്ലോ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്? 
ഇബാദത്ത് ഖാനയുടെ നൂറുമീറ്റര്‍ അപ്പുറത്താണ് ഈ ക്രിസ്ത്യന്‍ പള്ളി.

അത് അക്ബര്‍ സ്ഥാപിച്ചതാണോ? 
അതെ. അക്ബര്‍ സ്ഥാപിച്ചതാണ്.

അവിടെയൊരു പള്ളിയുണ്ട് എന്നതിന്റെ സൂചന എവിടെനിന്നു കിട്ടി? 
അവിടെ രണ്ടു വൈദികര്‍ വന്നിരുന്നു. ഒന്ന് ഫാ. റുഡോള്‍ഫ് അക്വവേവ. രണ്ട് ഫാ. മൊന്‍സറേറ്റ്. ഇതില്‍ റുഡോള്‍ഫ് ഇറ്റാലിയനായിരുന്നു. മറ്റേയാള്‍ സ്പാനിഷ് ആയിരുന്നു. രണ്ടാമത്തെയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മംഗോളിക്ക ലെഗേഷ്യനിസ് കമന്റേറിയസ് എന്ന പേരില്‍. അതില്‍ അദ്ദേഹത്തിന്റെ അവിടെയുള്ള ജീവിതവും മറ്റുള്ള പല കാര്യങ്ങളും പറയുന്നുണ്ട്. അക്ബര്‍ ഉണ്ടാക്കിയിരുന്ന പള്ളി കൊട്ടാരത്തിന്റെ പുറത്തായിരുന്നു എന്നു പറയുന്നുണ്ട്. Bed chamber-ലേയ്ക്ക് പോകാന്‍വേണ്ടി ഒരു പ്രത്യേക വാതില്‍ ഉണ്ടാക്കിയിരുന്നു. ആ റൂമുകള്‍ ആദ്യം ഉപയോഗിച്ചിരുന്നത് പെര്‍ഫ്യൂം ഉണ്ടാക്കാനായിരുന്നു. ആ പെര്‍ഫ്യൂംസ് മുഴുവനും മാറ്റിയതിനുശേഷമാണ് അതു ചാപ്പല്‍ ആക്കി മാറ്റിയത് എന്നുള്ള വിവരണം കിട്ടി.

അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആദ്യം palace wall-ന്റെ അടുത്തുകൂടെ പോയി നോക്കുന്നത്. അപ്പോള്‍ രണ്ടാമതു പറഞ്ഞ ഒരു വാതില്‍ കിട്ടണം. ആ വാതിലു കിട്ടി. പിന്നെ അവിടെയൊരു മൗണ്ട് കണ്ടു. അത് ഞാന്‍ ഉത്ഖനനം ചെയ്തുനോക്കി. Perfume house-ലെ ആണെങ്കില്‍ അതിനുപയോഗിച്ചിരുന്ന സാധനങ്ങള്‍ കിട്ടണമല്ലോ. എനിക്ക് perfume നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന Glass bottles കിട്ടി. അതു പിന്നീടു മുഗള്‍ പെയിന്റിംഗുകളുമായി താരതമ്യപ്പെടുത്തി നോക്കി. perfume 'ഇത്തര്‍സിസാ' എന്നാണ് മുഗളന്മാര്‍ പറയുക. അതുമായി വളരെയധികം സാമ്യമുള്ള 'ഇത്തര്‍' ബോട്ടില്‍സ്സാണ് കിട്ടിയത്. അതിനുശേഷം ഇതുണ്ടാക്കാന്‍വേണ്ടി flower ഇട്ടിട്ട് അത് ചൂടാക്കുന്ന ഒരു ഫര്‍ണസ് വേണം. ആ ഫര്‍ണസും ഇതിനുള്ളില്‍നിന്നു ലഭിച്ചു. ഇങ്ങനെയുള്ള കുറെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെയായിരുന്നു ആ ചാപ്പല്‍ എന്നുള്ളത് സ്ഥിരീകരിക്കുന്നത്.

ഏതുകാലത്തായിരുന്നു ഇവ...? 
അത് 1580 മുതല്‍ 1583 വരെ.

അതിനു മുന്‍പ് ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ടായിരുന്നില്ലേ? 
അതിനുമുന്‍പ് നോര്‍ത്ത് ഇന്ത്യയില്‍ ചര്‍ച്ചുണ്ടായിട്ടില്ല. ഇവിടെ 52 എ.ഡിയിലുള്ളതെന്നു പറയുന്നതുതന്നെ ആര്‍ക്കിയോളജിക്കലി പ്രൂവണ്‍ അല്ല. ട്രഡീഷണല്‍ ഡേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ മാത്രം പറയുന്നതാണ്.

സ്‌കൂളിനെക്കുറിച്ചാണ്. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ സൈറ്റില്‍ ജോലിക്കു വരുന്ന ആളുകളുടെ മക്കള്‍ ഭിക്ഷാടനത്തിനു പോകുന്നതു തടയാന്‍ താങ്കളും ഭാര്യയും ചേര്‍ന്നു രൂപപ്പെടുത്തിയ ആശയമല്ലേ വിദ്യാലയം എന്നത്. അതിനു ലോകം നല്‍കിയ അംഗീകാരം വളരെ വലുതാണ്. അതിന് ഏതൊക്കെ തരത്തിലുള്ള സഹായസഹകരണങ്ങളാണ് നമ്മുടെ ഗവണ്‍മെന്റില്‍നിന്ന്, ഡല്‍ഹി ഗവണ്‍മെന്റില്‍നിന്ന് ഒക്കെ ലഭിച്ചത്? 
നമ്മുടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥതലത്തിലാണ് അതിനെ നോക്കിക്കാണുക. അത് ഒരിക്കലും അവര്‍ അംഗീകരിക്കില്ല. പക്ഷേ, അതിനൊക്കെയുള്ള ഇനിഷ്യേറ്റീവ് നമ്മള്‍ തന്നെ എടുക്കണം. അവിടെയാണ് ഞാന്‍ പറയുന്നത് ഞാന്‍ തികഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനാണ് എന്ന്. എനിക്ക് നല്ലൊരു കമ്യൂണിസ്റ്റ് മൈന്റ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിച്ചത്.

ആ സ്‌കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ ഇപ്പോള്‍? 
മിക്കവരും നല്ല നിലയില്‍ എത്തി. ചെറിയൊരു സപ്പോര്‍ട്ട് നമുക്കു കൊടുക്കാന്‍ കഴിഞ്ഞാല്‍ മതി. അവര്‍ക്കുവേണ്ടിയുള്ള സിലബസുകളില്‍ ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയത്. അതോടൊപ്പം സമൂഹത്തിന്റെ താഴേത്തട്ടില്‍നിന്ന് സ്വപ്രയത്‌നംകൊണ്ട് ഉയര്‍ന്നുവന്ന ആളുകളുടെ ചരിത്രങ്ങള്‍ പറഞ്ഞുകൊടുത്തു. ആ കഥകള്‍ പറഞ്ഞുകൊടുത്താല്‍ വലിയ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. ചെറിയ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള മോട്ടിവേഷന്‍ ക്ലാസ്സുകളായിരുന്നു കൊടുത്തിരുന്നത്. ആ തരത്തിലായിരിക്കണം വിദ്യാഭ്യാസമെന്നുള്ളത് ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഇവര്‍ക്ക് പിന്നീട് സ്വയം വളരാനും ഉയരാനും കഴിഞ്ഞത്...

പലതരം സ്‌കൂളിങ് സമ്പ്രദായങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഉണ്ടായിരുന്നു. അത്തരം വിദ്യാഭ്യാസത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നോ? 
ധാരണയൊന്നുമുണ്ടായിരുന്നില്ല. പൊതുവില്‍ നമുക്കു നമ്മുടെ ജീവിതത്തില്‍ത്തന്നെ ചില ധാരണകളുണ്ടാകുമല്ലോ. മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നല്ല താല്പര്യമുണ്ടായിരുന്നു. ഹൈസ്‌കൂള്‍ കഴിഞ്ഞതിനുശേഷം ആദ്യം വായിക്കുന്നത് മോട്ടിവേഷണല്‍ പുസ്തകങ്ങളായിരുന്നു. അന്നു പുസ്തകങ്ങള്‍ വളരെ കുറവാണ്. ഈ പുസ്തകങ്ങളാണ് പിന്നീട് ഏറ്റവുമധികം സ്വാധീനിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം പല ദുര്‍ഘട നിമിഷങ്ങളോടു പൊരുതാന്‍വേണ്ട ഇന്ധനം നല്‍കുന്നത് ഈ പുസ്തകങ്ങളായിരിക്കും. ഒന്നിനോടും പരാജയപ്പെടാതിരിക്കാനും ഉണ്ടാകുന്ന പരാജയത്തെ അംഗീകരിക്കാനും പുസ്തകങ്ങള്‍ നമ്മെ സഹായിക്കുന്നു.

ഏതു വര്‍ഷമായിരുന്നു ആ ഇനിഷ്യേറ്റീവ്? 
അത് 2008 മുതല്‍ 2012 വരെയാണത്. നാലുകൊല്ലം. അതിനുള്ള മുഴുവന്‍ പണവും നമ്മള്‍ തന്നെ കണ്ടെത്തണം. നമ്മള്‍ പോരുന്നതോടുകൂടി അത് കഴിയുകയും ചെയ്യും. പക്ഷേ, ആ പിരീഡില്‍ ഒരു മുന്നേറ്റം കുട്ടികള്‍ക്കു കിട്ടി.

ഖനനം നടന്ന സ്ഥലങ്ങളിലേക്കു വീണ്ടും ചെല്ലാറുണ്ടോ? 
ഉണ്ട്. ഞാന്‍ റീവിസിറ്റ് ചെയ്യാറുണ്ട്. ബീഹാര്‍ പൊതുവെ സമൂഹ വിരുദ്ധര്‍ ഉള്ള സ്ഥലങ്ങളാണ്. പക്ഷേ, അവിടെയൊക്കെ ചെല്ലുമ്പോള്‍ ഇപ്പോഴും ആളുകള്‍ ഓടിക്കൂടും. പത്രക്കാരായിട്ടും അല്ലാതെയുമുള്ള ധാരാളം ആളുകള്‍. അവരുമായി സംസാരിക്കും. മധ്യപ്രദേശ്, ബീഹാര്‍, യു.പി. എല്ലായിടത്തും ഇങ്ങനെതന്നെ.

ചമ്പല്‍ ഒരു പുതിയ അനുഭവമായിരുന്നു അല്ലേ? ചമ്പലില്‍ എത്ര വര്‍ഷമുണ്ടായിരുന്നു? 
ചമ്പലില്‍ നാലുവര്‍ഷം. അതിനുശേഷം നാലുവര്‍ഷം ഡല്‍ഹിയില്‍ ഇരുന്ന് അതിന്റെ കാര്യങ്ങള്‍ നോക്കുമായിരുന്നു. മധ്യപ്രദേശ് ആയിരിക്കും അതിന്റെ പ്രധാനപ്പെട്ട കേന്ദ്രം. ഭോപ്പാലിന്റെ ഉള്ളിലാണ് ചമ്പല്‍. Archaeological Survey of India-യുടെ കീഴില്‍ ഒരു State ആയിരിക്കും ഒരു Superintending Archaeologist-ന് ഉണ്ടാവുക. അപ്പോള്‍ അതിന്റെ ആസ്ഥാനം എപ്പോഴും State Capital ആയിരിക്കും. അവിടെനിന്ന് പിന്നെ പല ഭാഗത്തേക്കും പോയി ഈ തരത്തിലുള്ള ഉത്ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നുള്ളതാണ് രീതി.

ഔദ്യോഗിക ജീവിതകാലത്ത് നടത്തിയ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു ഖനനം ഏതായിരിക്കും. അങ്ങനെയൊന്ന് എടുത്തുപറയാനുണ്ടോ? 
ഒന്ന് ചമ്പലാണ്. രണ്ട് ഛത്തീസ്ഗഢ്. ചത്തീസ്ഗഢിലെ നക്‌സലുകളുമായുള്ള ബന്ധങ്ങളി ലൂടെയാണ് സാംലൂര്‍ ക്ഷേത്രം പരിരക്ഷിക്കാന്‍ കഴിഞ്ഞത്.

ചമ്പലിലും സാഹസികമായിരുന്നല്ലോ ഉത്ഖനന പ്രവര്‍ത്തനങ്ങള്‍? 
ഭയങ്കരമായിരുന്നു. അതൊക്കെ എപ്പോള്‍ വേണമെങ്കിലും ജീവന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളായിരുന്നു. ഞാന്‍ മാത്രമേ രക്ഷപ്പെട്ടുള്ളു. ഒരു I.P.S ഓഫീസര്‍ വളരെ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. എന്തും ചെയ്യാന്‍ കഴിയുന്ന ആളുകളാണ് ഈ മൈനിംഗ് മാഫിയ. കൊള്ളക്കാരെക്കാള്‍ കുഴപ്പക്കാരാണ് അവര്‍. കൊള്ളക്കാര്‍ക്ക് പിന്നെയും കുറെ തത്ത്വങ്ങളുണ്ട്. മൈനിംഗ് മാഫിയയ്ക്ക് അതുണ്ടാവില്ല. അവരുമായി മല്ലടിക്കുക എന്നു പറഞ്ഞാല്‍... ചമ്പലില്‍ എന്റെ കൂടെയുണ്ടായിരുന്നത് നിര്‍ഭയ് സിങ് ഗുജ്ജര്‍ എന്ന കൊള്ളക്കാരനായിരുന്നു. ബടേശ്വരിലെ അതേ ക്ഷേത്രസമൂഹങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി മോഹര്‍സിങ് എന്ന ഉഗ്രപ്രതാപിയായ മറ്റൊരു കൊള്ളക്കാരന്‍ ഈ സെപ്റ്റംബര്‍ മാസത്തില്‍ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയത് സാന്ദര്‍ഭികമായി സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com