കറുത്ത ആകാശത്തിലെ മിന്നല്‍പ്പിണര്‍: സൊജേണര്‍ ട്രൂത്ത് എന്ന പോരാളിയെക്കുറിച്ച്

തന്റെ സ്വാതന്ത്ര്യബോധത്തെക്കുറിച്ച് ഒരാള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ അവന്‍/അവള്‍ ആരാണ്? അവരുടെ ജീവിതം എങ്ങനെയിരിക്കും?
കറുത്ത ആകാശത്തിലെ മിന്നല്‍പ്പിണര്‍: സൊജേണര്‍ ട്രൂത്ത് എന്ന പോരാളിയെക്കുറിച്ച്

''I am not going to die, I'm going home like a shooting star.'
                                            -Sojourner Truth. 

വെളുത്തവനെതിരെ നിയമയുദ്ധം നടത്തി വിജയിച്ച ആദ്യ കറുത്തവര്‍ഗ്ഗക്കാരി, സ്വന്തം ഫോട്ടോഗ്രാഫ് ഉപജീവനമാര്‍ഗ്ഗവും മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഉപാധിയുമായും ഉപയോഗിച്ച ആദ്യ വനിതകളില്‍ ഒരാള്‍, 'ഞാന്‍ ഒരു സ്ത്രീയല്ലേ?' എന്ന പ്രശസ്തമായ 1851-ലെ ഒഹിയോ ഭാഷണത്തിലൂടെ ലിംഗനീതിക്കുവേണ്ടിയും അടിമകളുടെ മോചനത്തിനുവേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും വാക്കുകള്‍കൊണ്ട് തീമഴ പെയ്യിച്ച മോചിതയായ അടിമപ്പെണ്ണ്- സ്ത്രീ സ്വാതന്ത്ര്യവാദികളുടെ ആദ്യകാലത്തെ പ്രബലയായ മുന്‍ഗാമി - ട്രൂത്തിന് വിശേഷണങ്ങളേറെ. 

ഭൂമിയില്‍ ആര് ആരുടെ ഉടമയാണ്? ആര് ആരുടെ അടിമയാണ്? എന്താണ് സ്വാതന്ത്ര്യം? എന്താണ് ഒരു വ്യക്തിയുടെ അവകാശം? സ്ത്രീകള്‍ എന്തുകൊണ്ടാണ് വേര്‍തിരിച്ചു നിര്‍ത്തപ്പെട്ടിരിക്കുന്നത്? അവര്‍ക്കും അവകാശങ്ങളില്ലേ? സൊജേണര്‍ ട്രൂത്ത് തന്റെ ജീവിതം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കും വിമോചിതരാക്കപ്പെട്ട അടിമകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റിവെയ്ക്കുകയായിരുന്നു. 
ഉടമയുണ്ടാവുമ്പോഴാണ് അടിമയുണ്ടാവുന്നത്. തന്റെ സ്വാതന്ത്ര്യബോധത്തെക്കുറിച്ച് ഒരാള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ അവന്‍/അവള്‍ ആരാണ്? അവരുടെ ജീവിതം എങ്ങനെയിരിക്കും?

അസ്വാതന്ത്ര്യത്തിനെതിരെ
പോരാട്ടം

സൊജേണര്‍ ട്രൂത്ത് എന്ന ഇസബെല്‍ ബാംഫ്രിയുടെ ജീവിതം ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്, അവര്‍ അവരുടെ സ്വാതന്ത്ര്യബോധത്തെ തിരിച്ചറിയുന്നതുകൊണ്ടും അസ്വാതന്ത്ര്യത്തിനെതിരെയുള്ള പോരാട്ടമായി ജീവിതം മാറ്റിവച്ചതുകൊണ്ടുമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജീവിച്ച എഴുത്തോ വായനയോ വശമില്ലാത്ത ഒരു സ്ത്രീയുടെ ജീവിതപോരാട്ടത്തിന്റെ ഇന്നുള്ള പ്രസക്തിയെന്താണ്? സ്വയം അടിമകളായി, താനൊരടിമയെപ്പോലെ ജീവിക്കുന്നതെന്നു തിരിച്ചറിയപ്പെടാത്ത എത്രയോ പെണ്‍ജീവിതങ്ങള്‍ ഇന്നും നമുക്കു ചുറ്റുമുണ്ട്. തിരിച്ചറിഞ്ഞാലും ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ പറ്റാതെ നിസ്സഹായരായവര്‍. അവര്‍ക്കു ശക്തിയും ഊര്‍ജ്ജവും പകരാന്‍ പോന്നതാണ് ഇസബെല്ല എന്ന ബെല്ലിന്റെ ജീവിതം. ഉരുക്കുചങ്ങലകളുടെ കടുപ്പത്തിന് ഒരുപക്ഷേ, നേര്‍മ്മ സംഭവിച്ചിട്ടുണ്ടാകാം. നേര്‍ത്ത കണ്ണികളായോ തുടലുകളായോ കാണാച്ചങ്ങലകളായോ സ്ത്രീകള്‍ക്കു ചുറ്റും അത് കിടക്കുന്നുണ്ട് എന്ന്, ഭാവിയിലേക്കു വിരല്‍ചൂണ്ടി അവരിപ്പോഴും പറയുന്നുണ്ട്. 

നിയമപരമല്ലാതെ അടിമയാക്കിവച്ച തന്റെ അഞ്ചുവയസ്സുകാരന്‍ മകനെ വിട്ടുകിട്ടാന്‍ വെളുത്തവര്‍ക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായ സ്ത്രീയായിരുന്നു സൊജേണര്‍ ട്രൂത്ത്.
ഇസബെല്‍ ബാംഫ്രീ എന്ന തന്റെ പേര് സൊജേണര്‍ ട്രൂത്ത് എന്ന് മാറ്റിയിടും വരെയുള്ള അവരുടെ ജീവിതം കനലുപോലെ പൊള്ളുന്നതായിരുന്നു. അടിമയ്ക്ക് ഇരട്ടപ്പേര് പാടില്ലാത്തതിനാല്‍ അവള്‍ 'ബെല്‍' എന്ന പേരിലറിയപ്പെട്ടു. 

ഡച്ച് അമേരിക്കനായിരുന്ന കേണല്‍ ജോഹാന്‍സ് ഹാര്‍ഡന്‍ബര്‍ഗിന്റെ ന്യൂയോര്‍ക്ക് എസ്റ്റേറ്റില്‍ അടിമകളായി ജോലി ചെയ്യുകയായിരുന്നു ബെല്ലിന്റെ മാതാപിതാക്കള്‍. അവരുടെ യജമാനന്‍ മരിച്ചപ്പോള്‍, ഒരു കൂട്ടം ആടുകള്‍ക്കൊപ്പം നൂറു ഡോളറിന് ഒന്‍പത് വയസ്സുകാരിയായ ബെല്ലിനെ മറ്റൊരു യജമാനന്‍ വിലയ്ക്കു വാങ്ങി. പുതിയ യജമാനന്‍ ജോണ്‍ നീലെ അതിക്രൂരനായ മനുഷ്യനായിരുന്നു. ജോണ്‍ ഡ്യൂമോണ്ടിന്റെ സ്വത്തായി തീരുന്നതിനിടയില്‍ അവള്‍ പല പ്രാവശ്യം അടിമയായി കൈമാറ്റം ചെയ്യപ്പെട്ടു. ജോണ്‍ അടിമകളായ മനുഷ്യരോട് സഹതാപമുള്ളയാളായിരുന്നെങ്കിലും അയാളുടെ ക്രൂരയായ ഭാര്യ പലതരത്തിലും ബെല്ലിനെ ഉപദ്രവിച്ചുകൊണ്ടിരുന്നു. 

30 വയസ്സാകുമ്പോഴേക്കും നാല് പ്രാവശ്യം അവര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യപ്പെട്ട അടിമയായി മാറി. കഠിനമായ ശാരീരിക ജോലികള്‍, ക്രൂരമായ ശിക്ഷാവിധികള്‍, പീഡനങ്ങള്‍ യൗവ്വനത്തില്‍ അവര്‍ക്കു നേരിടേണ്ടിവന്നു. മറ്റ് അടിമകളെപ്പോലെതന്നെ, കടുത്ത കഷ്ടതകളനുഭവിച്ച ബെല്‍ അടിമവേല ചെയ്യുന്ന കൂടെയുള്ള സുഹൃത്ത് റോബര്‍ട്ടുമായി പ്രണയത്തിലായി. അവരുടെ യജമാനന്‍ അവരെ വേര്‍പിരിച്ച് ഇസബെല്ലയെ തോമസ് എന്ന മറ്റൊരടിമയെക്കൊണ്ട് വിവാഹം ചെയ്യിച്ചു. അതിലവര്‍ക്ക് അഞ്ചു കുട്ടികള്‍ ജനിച്ചു. അടിമകളുടെ കുട്ടികള്‍ യജമാനന്റെ സ്വത്തും അവകാശവുമാണ്. അയാള്‍ക്ക് അവരെ ഇഷ്ടപ്രകാരം മറ്റുള്ളവര്‍ക്ക് വില്‍ക്കാം. അവരും കൈമാറ്റം ചെയ്യപ്പെട്ടു. 1799-ല്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നിയമനടപടികള്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തീകരിക്കുന്നതും പ്രാബല്യത്തില്‍ വരുന്നതും 1827-ല്‍ മാത്രമാണ്. 1826-ല്‍ അതിന് തൊട്ട് ഒരു വര്‍ഷം മുന്‍പേ ശിശുവായിരുന്ന മകള്‍ സോഫിയേയും കൊണ്ട് യജമാനനറിയാതെ ബെല്‍ ഓടി രക്ഷപ്പെട്ടു. അടുത്തുള്ള വാന്‍ വാഗ്നീറിന്റെ കുടുംബത്തില്‍ അഭയം തേടി. പിന്നീട് അവര്‍ യജമാനനെ അറിയിച്ചു. ''ഞാന്‍ ഓടിപ്പോയതല്ല... പകല്‍വെളിച്ചത്തില്‍ നടന്നുപോകുകയായിരുന്നു'' എന്ന്.

നിയമം നിലവില്‍ വന്നപ്പോള്‍ മറ്റെല്ലാവരും മോചിതരായപ്പോഴും ബെല്ലിന്റെ അഞ്ചു വയസ്സുള്ള മകനെ യജമാനന്‍ സ്വതന്ത്രമാക്കിയില്ല. ഡ്യൂമൗണ്ട് അവനെ ദുരുപയോഗം ചെയ്യുകയും അനധികൃതമായി തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നതുകൊണ്ട് അവനെ വിട്ടുകിട്ടാനായി ബെല്‍, വാഗ്നീറിന്റെ പിന്‍ബലത്തോടെ നിയമസഹായം തേടി. ദീര്‍ഘനാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ മകനെ വിട്ടുകിട്ടി. അങ്ങനെ വെളുത്തവനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച കറുത്തവര്‍ഗ്ഗക്കാരിയായ ആദ്യ വനിതയായി അവര്‍ ചരിത്രത്തിലേയ്ക്കു നടന്നുകയറി. 

ദേശം, സംസ്‌കാരം, വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങള്‍, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആഗോളതലത്തില്‍ത്തന്നെ വര്‍ദ്ധിച്ചുവരുന്ന കാലത്ത് ട്രൂത്തിന്റെ ജീവിതവും അവരുടെ ചിന്താഗതിയും ഏറെ പ്രസക്തമാണ്. 
എന്താണ് ഒരാളുടെ സ്വാതന്ത്ര്യം? സ്ത്രീയുടെ സ്വാതന്ത്ര്യം എന്താണ്? സ്വതന്ത്രമായി ജീവിക്കുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ഓരോ ആളുടേയും അവകാശമാണ്. ഒരു പൗരനെന്ന നിലയില്‍ അവന്റെ കടമകളും അവകാശങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് സ്വതന്ത്രമായി ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അസ്വാതന്ത്ര്യത്തിന്റെ കണ്ണികള്‍ എവിടെയോ നിലനില്‍ക്കുന്നുണ്ടെന്നു മനസ്സിലാക്കാം. 
1828-ല്‍ ബെല്‍ ന്യൂയോര്‍ക്കിലേക്കു പോയി. അവിടെ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 

അടിമകള്‍ക്കുമുണ്ട്
അവകാശങ്ങള്‍

ഒലീവ് ഗില്‍ബര്‍ട്ടിന്റെ 'ദ നെറേറ്റീവ് ഓഫ് സൊജേണര്‍ ട്രൂത്ത്' പ്രസിദ്ധീകരിച്ചു വന്നതോടു കൂടി ട്രൂത്തിന് ദേശീയ അംഗീകാരം ലഭിച്ചു. അവര്‍ വിമന്‍സ് റൈറ്റ് ആക്ടിവിസ്റ്റുകളായ എലിസബത്ത് കാഡി സ്റ്റാന്‍സ്റ്റണേയും സൂസന്‍ ബി. ആന്റണിയേയും കണ്ടുമുട്ടിയത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടി. 1843-ല്‍ ഇസബെല്‍ - സൊജേണര്‍ ട്രൂത്ത് എന്ന പേര് സ്വീകരിച്ചു. സൊജേണര്‍ എന്നാല്‍, സഞ്ചാരി എന്നര്‍ത്ഥം. അടിമകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് അവര്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുകയായിരുന്നു. 

ആറടി ഉയരം, ശക്തിയുള്ള ഉറച്ച ദേഹം, കരുത്തുറ്റ ചലനങ്ങള്‍, ആഴത്തിലുള്ള പ്രതിദ്ധ്വനിക്കുന്നതുപോലുള്ള ശബ്ദം, നന്നായി കറുത്ത നിറം, ആര്‍ക്കും മറക്കാനാവാത്ത രൂപം, 46 വയസ്സുവരെയുള്ള കഠിന ജീവിതം. ഇച്ഛാശക്തികൊണ്ട് ജീവിതവിജയം നേടിയവള്‍. അതായിരുന്നു ട്രൂത്ത്.
1867-ല്‍ അവര്‍ 'അമേരിക്കന്‍ ഈക്വല്‍ റൈറ്റ് അസോസിയേഷനി'ല്‍ കറുത്തവരായ സ്ത്രീകള്‍ക്കുവേണ്ടിയും അവരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും സംസാരിച്ചു.
ആഭ്യന്തരയുദ്ധകാലത്ത് 'ബ്ലാക്ക് സോള്‍ജേഴ്സ്' എന്ന ഒരു സേനാവിഭാഗം തന്നെ ട്രൂത്ത് സംഘടിപ്പിക്കുകയുണ്ടായി. അവരുടെ പുത്രനായിരുന്ന ജയിംസ് കാല്‍ഡ്വെല്‍ ആയിരുന്നു മസ്സാച്ചുസെറ്റ്സ് 54-ാം റജിമെന്റിന്റെ കറുത്തപടയെ നയിച്ചത്.

1864-ല്‍ ട്രൂത്തിനെ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് വിളിപ്പിച്ചു. ആ അവസരത്തില്‍ ട്രൂത്ത് പ്രസിഡണ്ട് അബ്രഹാം ലിങ്കണുമായി അവരുടെ അനുഭവങ്ങളും ഭാവിപരിപാടികളും വിവരിച്ചു. 'നാഷണല്‍ ഫ്രീഡം റിലീഫ് അസോസിയേഷനി'ലേക്ക് അവരുടെ സംഭാവന നല്‍കാനായിരുന്നു ട്രൂത്തിനെ വാഷിംഗ്ടണിലേക്ക് വിളിപ്പിച്ചത്.

വിമോചിതരായ അടിമകള്‍ക്കു ഭൂമി ലഭിക്കുവാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ജയില്‍ പരിഷ്‌കരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും ട്രൂത്ത് എന്നും വ്യാപൃതയായി.
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള അടിമത്തം നിര്‍ത്തലാക്കാനായി പ്രചാരണയാത്രയായിരുന്നു, ട്രൂത്തിന്റെ ജീവിതത്തിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനം. 'സത്യത്തിലേക്കുള്ള, സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ടയാത്ര.'
1843-ല്‍ പുതിയ പേരു സ്വീകരിച്ച് അടിമത്തത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ട്രൂത്ത് 1850 ആവുമ്പോഴേക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ മുന്‍നിരയിലെത്തി.
1851 ഒഹിയോയില്‍ വച്ചു നടന്ന 'വിമന്‍സ് റൈറ്റ് കോണ്‍ഫറന്‍സി'ല്‍ വച്ച് വംശീയവും ലിംഗപരവുമായ അനീതിക്കെതിരെ വെല്ലുവിളി നടത്തിക്കൊണ്ട് അവര്‍ ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധമാണ്. 
അവര്‍ പറയുന്നു: ''സ്ത്രീകളെ കുഴികളില്‍നിന്നും ഉയര്‍ത്തണം, അവര്‍ക്ക് എല്ലായിടത്തും മികച്ച ഇടങ്ങള്‍ ആവശ്യമുണ്ട്. പക്ഷേ, ചെളിക്കുഴികളില്‍ പണിയെടുക്കുമ്പോള്‍, വണ്ടികളില്‍ അടിമപ്പണി ചെയ്യുമ്പോള്‍ എന്നെ ആരും സഹായിച്ചില്ല. എനിക്ക് നല്ല ഇടങ്ങള്‍ കിട്ടിയില്ല. 'ഞാനും ഒരു സ്ത്രീയല്ലേ?' എന്നെ നോക്കൂ, എന്റെ കൈകള്‍ നോക്കൂ, ഞാന്‍ നിലമുഴുകും, ധാന്യങ്ങള്‍ നടുകയും കൊയ്‌തെടുത്ത് കളപ്പുരകളില്‍ അവ ശേഖരിക്കുകയും ചെയ്യും. ഒരു പുരുഷനും എന്നെ നയിക്കാനുണ്ടായിരുന്നില്ല. 'ഞാനും ഒരു സ്ത്രീയല്ലേ?' പുരുഷനെപ്പോലെ ഭക്ഷണം ലഭിക്കുകയാണെങ്കില്‍ എനിക്ക് അവനെപ്പോലെത്തന്നെ ജോലികള്‍ ചെയ്യാന്‍ പറ്റുമായിരുന്നു. അത്രയും ചാട്ടവാറടി സഹിക്കാന്‍ പറ്റുമായിരുന്നു. 'ഞാനും ഒരു സ്ത്രീയല്ലേ?' 13 പേരായിരുന്നു ഞങ്ങള്‍ അച്ഛനമ്മമാര്‍ക്കു മക്കളായുണ്ടായിരുന്നത്. മിക്കവാറും എല്ലാവരും അടിമകളായി വില്‍ക്കപ്പെട്ടു. എന്റെ അമ്മയുടെ ദുഃഖം കണ്ടു സഹിക്കാന്‍ കഴിയാതെ, ഞാനുറക്കെ നിലവിളിച്ചപ്പോള്‍ ആരും എന്നെ കേള്‍ക്കാനുണ്ടായിരുന്നില്ല, ദൈവമൊഴിച്ച്. 'ഞാനും ഒരു സ്ത്രീയല്ലേ?' എന്തുകൊണ്ടാണ് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നത്?'' ശ്രോതാക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവര്‍ കത്തിപ്പടര്‍ന്നു. 
19-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ മനുഷ്യാവകാശ പ്രവര്‍ത്തകയും അടിമത്ത വിരുദ്ധ പോരാളിയുമായിരുന്നു സൊജേണര്‍ ട്രൂത്ത്. അവര്‍ കൂടുതലായും ഓര്‍മ്മിക്കപ്പെടുന്നത് സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയിലാണ്. 

ആകാശം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. കടലും പുഴയും മണ്ണും എല്ലാം. അത് ആരുടേയും സ്വന്തമല്ല. ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളുടേയും ജൈവാവകാശമാണത്. എന്നാല്‍, ആര്‍ത്തിപൂണ്ട മനുഷ്യന്‍, അതിനെ തന്റെ സ്വാര്‍ത്ഥതയുടെ ഭാഗമായി സ്വന്തമാക്കുകയും കൈയടക്കി വച്ച് സ്വാര്‍ത്ഥരാവുകയും ചെയ്യുന്നു.

1851-ല്‍ ഒഹിയോവില്‍ വച്ചു നടന്ന പ്രസംഗം ലോകപ്രശസ്തമായി. 'ഞാന്‍ ഒരു സ്ത്രീയല്ലേ?' എന്നു ചോദിച്ചുകൊണ്ട് എണ്ണിയെണ്ണി അവരുടെ അവകാശവാദങ്ങള്‍ നിരത്തിക്കൊണ്ട്, ശ്രോതാക്കളെ അമ്പരപ്പിച്ചുകൊണ്ട്, വെല്ലുവിളിച്ചുകൊണ്ട് അവര്‍ തന്റെ ഭാഷണം അവസാനിപ്പിക്കുമ്പോള്‍ അവരോര്‍ത്തിട്ടുണ്ടാവില്ല ആ മഹത്തായ തീ ചിതറുന്ന ഭാഷണത്തിലൂടെയാവും നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവര്‍ ഓര്‍ക്കപ്പെടുകയെന്നത്. 
വംശീയവും ലിംഗപരവുമായ അനീതിക്കെതിരെയുള്ള കീഴാളര്‍ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു അവരുടെ ജീവിതം. ഒരു അടിമപ്പെണ്‍കുട്ടിയായി ജീവിതം തുടങ്ങിയ ട്രൂത്ത് പ്രവാചകയെപ്പോലെ ഐതിഹാസിക കഥാപാത്രമായി അവര്‍ മനുഷ്യമനസ്സുകളില്‍ ജീവിക്കുന്നു. 
എറിന്‍ ബ്ലെയിക്ക് മോര്‍ പറയുന്നു: '1850-കളില്‍, സ്വാതന്ത്ര്യത്തിലേക്ക് ഓടിക്കയറിയ ഒരു അടിമപ്പെണ്ണ് 'സൊജേണര്‍ ട്രൂത്ത്' എന്നു സ്വയം പേര് നല്‍കുകയും അവരുടെ ജീവിതം നല്‍കിയ പാഠങ്ങള്‍ നല്‍കിയ കരുത്തില്‍ പ്രഭാഷണം നടത്തി അമേരിക്കന്‍ ജനതയെ ഉള്‍ക്കിടിലപ്പെടുത്തുകയും ചെയ്തു. ആദ്യമായി ഫോട്ടോഗ്രാഫി ഉപജീവനമാര്‍ഗ്ഗമാക്കുകയും പ്രസിദ്ധിയാവുകയും ചെയ്ത സ്ത്രീയാണ് ട്രൂത്ത്. യാത്രയ്ക്കുള്ള പണം കണ്ടെത്താന്‍ അവര്‍ അവരുടെ തന്നെ ഫോട്ടോഗ്രാഫ് ഉപയോഗിച്ചു.'' മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി. സൊജേണറിന്റെ ശവകുടീരത്തിലെ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

''ന്യൂയോര്‍ക്കിലെ അള്‍സ്റ്റര്‍ കൗണ്ടിയില്‍ 18-ാം നൂറ്റാണ്ടില്‍ ഒരു അടിമയായി ജനിച്ചുവീണ സൊജേണര്‍ ട്രൂത്ത് മിച്ചിഗണിലെ ബാറ്റില്‍ക്രീക്കില്‍ വച്ച് 1883 നവംബര്‍ 26-നു മരണപ്പെട്ടു. 'God Dead.'
പസഫിക് ഫിലിം ആര്‍ക്കൈവ്സില്‍ അടുത്തിടെ നടന്ന പുതിയ എക്‌സിബിഷനില്‍ സൊജേണര്‍ ട്രൂത്ത്, അടിമത്തം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ തന്റെ ജീവിതം എങ്ങനെയാണ് ഉപയോഗിച്ചത് എന്നു വെളിപ്പെടുത്തുന്നു. 'സൊജേണര്‍ ട്രൂത്ത്, ഫോട്ടോഗ്രാഫി ആന്റ് ദ ഫൈറ്റ് എഗെയ്ന്‍സ്റ്റ് സ്ലെയ്വറി' എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. 2014-ല്‍ സ്മിത്ത്സോണിയന്‍ മാഗസിനിന്‍ തെരഞ്ഞെടുത്ത, എല്ലാ കാലത്തേയുമുള്ള ശക്തരായ 100 സ്ത്രീകളില്‍ സൊജേണറുടെ പേരുണ്ട്.
നോര്‍ട്ടന്‍ പ്രസിദ്ധീകരിച്ച ട്രൂത്തിനെക്കുറിച്ച് കൃതി സൊജേണര്‍ ട്രൂത്ത്: 'എ ലൈഫ്, എ സിംബല്‍' പറയുന്നു അവര്‍ അടിമകള്‍ക്കുവേണ്ടി വംശീയാധിക്ഷേപത്തിനെതിരെ, ലിംഗസമത്വത്തിനുവേണ്ടി തീപ്പൊരികളെ വെല്ലുന്ന വാക്കുകള്‍ തന്റെ പ്രഭാഷണങ്ങളിലൂടെ ചെയ്ത് ആളുകളെ പ്രചോദിപ്പിച്ച, അടിമജീവിതം നയിച്ച ഒരു അടിമസ്ത്രീയുടെ ജീവിതം അത് എന്നത്തേയും പ്രതീകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com