ഗാന്ധിവിരോധം പരക്കുന്ന ഘാന; കെ രാജേന്ദ്രന്‍ എഴുതുന്നു

വൈകിട്ട് ചൂടല്പം കുറഞ്ഞ സമയത്ത് ആക്ര സിറ്റി ഹോട്ടലില്‍ ഒരു മലയാളി തേടിയെത്തി.
ഘാനസര്‍വകലാശാലയിലെ ഗാന്ധിപ്രതിമ നീക്കം ചെയ്യുന്നു
ഘാനസര്‍വകലാശാലയിലെ ഗാന്ധിപ്രതിമ നീക്കം ചെയ്യുന്നു

വൈകിട്ട് ചൂടല്പം കുറഞ്ഞ സമയത്ത് ആക്ര സിറ്റി ഹോട്ടലില്‍ ഒരു മലയാളി തേടിയെത്തി. കൊല്ലം സ്വദേശി ബിജു സാമുവല്‍. ബിജു ഘാനയിലെ സ്ഥിരം താമസക്കാരനല്ല. കൂട്ടുകാര്‍ ഇവ്ലി ദേശാടനപ്പക്ഷിയെന്നു വിളിക്കുമത്രെ. മധ്യ ഘാനയിലെ ബ്രോംഗ് അഹാഫോ കശുവണ്ടിത്തോട്ടങ്ങളില്‍ ഇവ്ലി പക്ഷികളെ കണ്ടാല്‍ ഉറപ്പിക്കാം: തോരാതെ പെയ്യുന്ന പെരുമഴക്കാലം വരവായി. ബിജുവിനെ കണ്ടാല്‍ മറ്റൊന്നുറപ്പിക്കാം: കശുമാങ്ങകളില്‍ തൂങ്ങിനില്‍ക്കുന്ന കശുവണ്ടികള്‍ അറക്കാന്‍ സമയമായി.

ബ്രോംഗ് അഹാഫോ കശുവണ്ടിത്തോട്ടങ്ങളില്‍നിന്നു കപ്പല്‍മാര്‍ഗ്ഗം ഇന്ത്യയിലേയ്ക്കു കശുവണ്ടി കടത്തി കോടീശ്വരന്മാരായവര്‍ നിരവധിയുണ്ട്. ബിജു ലക്ഷാധിപതിയേ ആയിട്ടുള്ളൂ. കോടീശ്വരനാവുക അത്ര എളുപ്പമല്ലത്രെ. ബിജു പരിദേവനങ്ങള്‍ നിരത്തി: ''ഇപ്പോള്‍ പഴയതുപോലെയല്ല കാര്യങ്ങള്‍. ഇന്ത്യക്കാരെ ഇവര്‍ക്കു സംശയമാണ്. മഹാത്മാഗാന്ധിയാണ് ചെറുപ്പക്കാരുടെ മുഖ്യശത്രു.''

ഗാന്ധി മസ്റ്റ് ഫാള്‍ 

ഇന്ത്യയില്‍ ജെ.എന്‍.യുവിനുള്ള അതേ സ്ഥാനമാണ് സ്വാതന്ത്ര്യത്തിനു മുന്‍പ് 1948-ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഘാന സര്‍വ്വകലാശാലയ്ക്കുള്ളത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉന്നത വിദ്യാഭ്യാസം നടത്തുന്നത്. 2016-ല്‍ ഇന്ത്യാ-ഘാന സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍വ്വകലാശാലയില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഗാന്ധിയേക്കാള്‍ ആദരിക്കേണ്ട ലോക നേതാക്കള്‍ ആഫ്രിക്കയില്‍ത്തന്നെ നിരവധി ഉണ്ടെന്നിരിക്കെ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി സ്ഥാപിച്ച പ്രതിമ ഗാന്ധിയുടേതായതിന്റെ സാംഗത്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. സാമൂഹ്യമാധ്യമങ്ങളിലൂടെ പടര്‍ന്ന പ്രതിഷേധം 'ഗാന്ധി മസ്റ്റ് ഫാള്‍' എന്ന സംഘടനയായി വളരെ പെട്ടെന്നു രൂപാന്തരപ്പെട്ടു. പ്രതിമ സര്‍വ്വകലാശാലയില്‍നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ഒപ്പുവെച്ച നിവേദനം വൈസ് ചാന്‍സലര്‍ക്കു സമര്‍പ്പിച്ചു.

പ്രതിഷേധം ഗാന്ധിപ്രതിമ തകര്‍ക്കുന്നതിന്റെ വക്കോളം എത്തിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13-നു പ്രതിമ സര്‍വ്വകലാശാലയില്‍നിന്നു നീക്കം ചെയ്തു. പ്രതിഷേധം തണുത്താല്‍ മറ്റൊരിടത്തു പ്രതിമ സ്ഥാപിക്കുമെന്ന് ഘാന സര്‍ക്കാര്‍ ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്. ഗാന്ധിപ്രതിമ ഘാനയില്‍ ഒരിടത്തും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് ഗാന്ധി മസ്റ്റ് ഫാളിന്റെ പ്രഖ്യാപനം. പ്രശ്‌നം ഘാനയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ഗാന്ധിയെ സവര്‍ണ്ണ പക്ഷപാതിയും വര്‍ണ്ണവിവേചനത്തിന്റെ പ്രയോക്താവുമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണം കാട്ടുതീപോലെ ആഫ്രിക്കന്‍ വന്‍കരയിലുടനീളം പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

എല്‍മിനയിലെ സെന്റ് ജോര്‍ജ് കോട്ടയിലെ ഇരുട്ടുമുറിയിലേയ്ക്ക് അടിമകളെ തള്ളിയതും അവരെ മടക്കമില്ലായ്മയുടെ വാതിലിലൂടെ ലാറ്റിനമേരിക്കയിലേയ്ക്ക് കപ്പലില്‍ കടത്തിയതും ഗാന്ധിയല്ല. ഘാനയിലെ ഗ്രാമങ്ങളില്‍നിന്നു കുരുന്നുകളെ വിലയ്ക്കു വാങ്ങി വോള്‍ട്ട തടാകത്തില്‍ 'മത്സ്യ' അടിമകളാക്കുന്നതും ഗാന്ധിയല്ല. വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയതിന് ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കഠിനതടവ് അനുഭവിച്ചവനാണ് മഹാത്മാഗാന്ധി. എന്നിട്ടും എന്തിനാണീ ഭ്രാന്തമായ ഗാന്ധി വിരുദ്ധത?
ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഏറ്റവും യോഗ്യന്‍ ഘാന സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസിലെ അധ്യാപകനായ ഒബാഡിലെ കാംബോണ്‍ ആണ്. ഗാന്ധി മസ്റ്റ് ഫാളിന്റെ നേതാവായ ഒബാഡിലേ കാംബോണ്‍ ആണ് ഘാനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഗാന്ധി വിരുദ്ധതയുടെ പ്രജനന കേന്ദ്രം.

അക്രയിലെ ടിവി ജേര്‍ണലിസ്റ്റായ ജസ്റ്റിസ് മുഖേന ഒബാഡിലെ കാംബോണുമായി ബന്ധപ്പെട്ടു. വൈകിട്ട് ഏഴ് മണിക്കു സമയം തന്നു. സ്ഥലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസിലെ കോണ്‍ഫറന്‍സ് ഹാള്‍.
ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ മുംബൈ ലേഖിക തബാസുമും ഒപ്പമുണ്ട്. അക്രയില്‍ ഞങ്ങള്‍ താമസിക്കുന്ന ബാര്‍നസ് റോഡിലെ സിറ്റി ഹോട്ടലില്‍നിന്നു സര്‍വ്വകലാശാല സ്ഥിതിചെയ്യുന്ന ലെഗോണിലേയ്ക്കു 12 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. ഈ ദൂരം താണ്ടാന്‍ രണ്ടു മണിക്കൂറോളം സമയമെടുക്കും. വൈകുന്നേരങ്ങളിലെ ട്രാഫിക് ബ്ലോക്ക് അക്രയെ ശ്വാസം മുട്ടിക്കുന്നു.
ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഡ്രൈവര്‍ എഡ്വേര്‍ഡിന് ഇന്ത്യക്കാരെ ഇഷ്ടമാണ്. എഡ്വേര്‍ഡിന് ഇന്ത്യയെന്നാല്‍ കുംകും ഭാഗ്യയുടെ നാടാണ്. ''എന്റെ അച്ഛന്‍ ന്യൂ പാട്രിയോട്രിക് പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്. ഗാന്ധിയെക്കുറിച്ചും അംബേദ്ക്കറെക്കുറിച്ചുമെല്ലാം  എനിക്കു നന്നായി അറിയാം. എന്നാല്‍, എന്റെ ഹീറോ 'കുംകും ഭാഗ്യ'യാണ്.''
എഡ്വേര്‍ഡിനു മാത്രമല്ല, ശരാശരി ആഫ്രിക്കന്‍ പുതുതലമുറ ഇന്ന് ഇന്ത്യയെ അറിയുന്നത് സിടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരമ്പരയായ 'കുംകും ഭാഗ്യ'യിലൂടെയാണ്. ഏകതാ കപൂര്‍ നിര്‍മ്മിച്ച പരമ്പരയുടെ ത്വി പരിഭാഷ ഘാനയിലെ അഡോം ചാനല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. വൈകിട്ട് എട്ട് മണിയായാല്‍ ചെറുപ്പക്കാരും കുട്ടികളും അമ്മമാരുമെല്ലാം ടിവി സെറ്റുകള്‍ക്കു മുന്നിലിരുന്നു 'കുംകും ഭാഗ്യ' കണ്ടു ചിരിക്കാനും കരയാനും തുടങ്ങും.
തബാസും നേരത്തെ മുംബൈയിലെ സ്പോട്സ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കളിക്കുന്നതിനായി ഘാന ഫുട്ബോള്‍ ടീം മുംബൈയിലെത്തി. ടീം അംഗങ്ങള്‍ക്കു നിര്‍ബ്ബന്ധം കുംകും ഭാഗ്യയിലെ മുഖ്യകഥാപാത്രങ്ങളായ പ്രഗ്യയേയും അബിയേയും കാണണം. സംഘാടകര്‍ അവസരമൊരുക്കി. ഒരു വിശ്രമദിനം മുഴുവന്‍ കുംകും ഭാഗ്യ സംഘത്തോടൊപ്പം ചെലവഴിച്ചു. ജനസമ്മതി തിരിച്ചറിഞ്ഞ കുംകും ഭാഗ്യ സംഘം ഉടനെ ഘാന സന്ദര്‍ശിച്ചു. ഒരു ഇന്ത്യക്കാരനും ഇന്നുവരെ ലഭിക്കാത്ത രാജകീയ സ്വീകരണമാണ് സംഘത്തിന് ഘാനയില്‍ ലഭിച്ചത്.

വളരെ പെട്ടെന്നാണ് ഘാനയിലെ ടിവി റേറ്റിംഗിന്റെ 20 ശതമാനം കുംകും ഭാഗ്യ കൈക്കലാക്കിയത്. സംപ്രേഷണ സമയത്ത് ഒരു സ്പോട്ട് പരസ്യം കൊടുക്കണമെങ്കില്‍ മാസന്തോറും നല്‍കേണ്ടത് 6500 ഡോളര്‍. ഇതിലെ ഗണ്യമായ വിഹിതം പോകുന്നത് പ്രമുഖ ഇന്ത്യന്‍ വ്യവസായി സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സിടിവിക്കാണ്.

ഘാനയ്ക്ക് ഇന്ത്യയുടെ സമ്മാനം 

അക്രയിലെ തല ഉയര്‍ത്തിനില്‍ക്കുന്ന ജൂബിലി ബില്‍ഡിങ്ങിനു മുന്നില്‍ കുറച്ചുനേരം വാഹനം നിര്‍ത്തി. മനോഹരമായ ചില്ലുകൊട്ടാരത്തെ എഡ്വേര്‍ഡ് വിശേഷിപ്പിച്ചതിങ്ങനെ: ''ഇന്ത്യാ ഗവണ്‍മെന്റിന്റെ എച്ചില്‍കൊണ്ടു ഞങ്ങള്‍ കെട്ടി ഉയര്‍ത്തിയ കൊട്ടാരം.''

ഘാനയ്ക്ക് ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ ജൂബിലി മന്ദിരം
ഘാനയ്ക്ക് ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ ജൂബിലി മന്ദിരം

ഗാന്ധി വിരുദ്ധതയുടെ വേരുകള്‍ തേടിപ്പോയാല്‍ എത്തുന്നതു ജൂബിലി ബില്‍ഡിങ്ങിലായിരിക്കും. ഘാന പ്രസിഡന്റിന്റെ ആസ്ഥാന മന്ദിരമാണിത്. ഘാനയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയതാണ് ഈ കെട്ടിടം. നിര്‍മ്മാണച്ചെലവ് 60 ദശലക്ഷം ഡോളര്‍. ഈ തുകയിലെ പകുതി ഗ്രാന്റാണ്. ബാക്കി തുക 25 വര്‍ഷ കാലയളവില്‍ 1.75 ശതമാനം പലിശനിരക്കില്‍ 25 വര്‍ഷക്കാലം കൊണ്ടു തിരിച്ചടച്ചാല്‍ മതി.
''ഇതില്‍ എന്താണ് കുഴപ്പം?''
എഡ്വേര്‍ഡിന്റെ മറുചോദ്യം:
''ഈ തുക പട്ടിണി മാറ്റാനായി എന്തുകൊണ്ട് വിനിയോഗിക്കുന്നില്ല?''
2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജൂബിലി ബില്‍ഡിങ്ങ് ഒരു പ്രധാന പ്രചാരണ വിഷയമായിരുന്നു. 'ധൂര്‍ത്ത് കെട്ടിടം', 'ഇന്ത്യയുടെ എച്ചില്‍' തുടങ്ങിയ വിശേഷണങ്ങളാണ് അന്നു ചില നേതാക്കള്‍ ജൂബിലി ബില്‍ഡിങ്ങിനു നല്‍കിയത്. അധികാരത്തില്‍ വന്നാല്‍ നിര്‍മ്മാണത്തില്‍നിന്നു പിന്മാറുമെന്നും കെട്ടിടം ഇടിച്ചുതകര്‍ക്കുമെന്നും ഇന്ത്യയുടെ 'എച്ചില്‍ പണം' റോമന്‍ റിഡ്ജ് തെരുവിലെ ഇന്ത്യന്‍ അംബാസിഡറുടെ മുഖത്തേക്ക് എറിയും തുടങ്ങിയ വീരവാദങ്ങള്‍ മുഴങ്ങി. നാനാ അകുടോ ആഡോയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നു. ന്യൂ പാട്രിയോട്രിക് പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി. തെരഞ്ഞെടുപ്പ് തീര്‍ന്നതോടെ  ജൂബിലി ബില്‍ഡിങ്ങിനെച്ചൊല്ലിയുള്ള വിവാദം അവസാനിച്ചു. കെട്ടിടം ഇന്ത്യ-ഘാന സൗഹൃദത്തിന്റെ പ്രതീകമെന്ന് എല്ലാവരും വിശേഷിപ്പിച്ചു.
ജൂബിലി കെട്ടിടത്തിന്റെ മുന്നില്‍നിന്നു നീങ്ങവെ തബാസുമിനു സംശയം: ''ഇത്ര അധികം തുക ചെലവഴിക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തിന് ഉണ്ടോ?''

ഗാന്ധിക്കു
പകരം
അംബേദ്കര്‍

നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂര്‍ താമസിച്ചാണ് ഘാന സര്‍വ്വകലാശാലയിലെ ആഫ്രിക്കന്‍ സ്റ്റഡീസ് സെന്ററില്‍ എത്തിയത്. ഒബാഡിലെ കാംബോണ്‍ അക്ഷമനായിരുന്നില്ല. കോണ്‍ഫറന്‍സ് റൂമിലെ ബെഞ്ചിനു മുകളില്‍ ഗാന്ധിയെക്കുറിച്ചുള്ള വിമര്‍ശനാത്മക ഗ്രന്ഥങ്ങള്‍ നിരത്തിവെച്ചിട്ടുണ്ട്. നാല് ശിഷ്യന്മാരേയും ഒപ്പം ഇരുത്തിയിരിക്കുന്നു. സന്ദര്‍ശകരായ ഗാന്ധി സ്തുതിപാഠകരുമായി ഏത് അത്യുഗ്ര തര്‍ക്കത്തിനും തയ്യാര്‍.
ഒബാഡിലേ കാംബോണ്‍ ചെറിയൊരു ക്യാമറയും മുന്നില്‍ ഘടിപ്പിച്ചിട്ടുണ്ട്. 
''എന്റെ ഉത്തരങ്ങള്‍ മാത്രമല്ല, നിങ്ങളുടെ ചോദ്യങ്ങളും ഞാന്‍ റെക്കോര്‍ഡ് ചെയ്യും. നാളെ ഒന്നും തെറ്റായി വ്യാഖ്യാനിക്കപ്പെടരുത്.''
ഒബാഡിലെ കാംബോണിനു ഹോളിവുഡ് സിനിമകളിലെ പോരാളികളായ ഗോത്രത്തലവന്മാരോട് രൂപസാദൃശ്യമുണ്ട്. താടിയും നീണ്ട മുടിയും കഴുത്തിലും കൈകളിലുമായി അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും സര്‍വ്വോപരി അതിവേഗതയിലുള്ള ഇംഗ്ലീഷ് ഭാഷാപ്രയോഗങ്ങളും ഇടയ്ക്കിടെയുള്ള പൊട്ടിച്ചിരികളും ഈ അധ്യാപകനെ വ്യത്യസ്തനാക്കുന്നു.
ഒബാഡിലെ കാംബോണ്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലായിരുന്നു. ഗാന്ധിയെക്കുറിച്ച് ഡോ. ജോണ്‍ ഹെന്‍ റിക് ക്ലാക്ക് എന്ന ദാര്‍ശനികന്‍ നടത്തിയ ഒരു പ്രഭാഷണം യാദൃച്ഛികമായി കാംബോണ്‍ കേല്‍ക്കാനിടയായി. മാര്‍ട്ടിന്‍ ലൂതര്‍കിംഗ് ജൂനിയര്‍ ഗാന്ധിയെ പിന്തുണച്ചതിനെതിരെയായിരുന്നു ജോണ്‍ ഹെന്‍ റിക് ക്ലാക്കിന്റെ വിമര്‍ശനം. പ്രസംഗത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കാംബോണ്‍ ഗാന്ധിയെക്കുറിച്ചു പഠിക്കാന്‍ തുടങ്ങി. ഡോ. റുനോകോ റഷിദിയുടേയും വി.ടി. രാജശേഖറിന്റേയും ജീ.ബി. സിംഗിന്റേയും പുസ്തകങ്ങള്‍ ആവേശം പകര്‍ന്നു. 2016-ല്‍ പ്രണബ് മുഖര്‍ജി ഘാന സര്‍വ്വകലാശാലയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തതു വീണുകിട്ടിയ അവസരമായി. ഗാന്ധി പലപ്പോഴായി നടത്തിയ 51 പ്രസ്താവനകള്‍ ആഫ്രിക്കന്‍ നീഗ്രോകള്‍ക്കും ഇന്ത്യയിലെ ദളിതര്‍ക്കും എതിരാണെന്നാണ് കാംബോണിന്റെ വാദം. ഈ പ്രസ്താവനകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് കാംബോണ്‍ ഒരു വിഭാഗം ചെറുപ്പക്കാര്‍ക്കിടയില്‍ ഗാന്ധി വിരുദ്ധത പടര്‍ത്തിയത്

തര്‍ക്കത്തിനു മുതിര്‍ന്നില്ല. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെ സവര്‍ണ്ണ ദേശീയതയുടേയും ഹിന്ദുവര്‍ഗ്ഗീയതയുടേയും പ്രതീകമാണ്. ഇതേ പ്രത്യയശാസ്ത്രത്തിന്റെ പരിഷ്‌കരിച്ച രൂപം ഇന്ത്യ ഭരിക്കുന്ന കാലത്ത് ഗാന്ധി വിരുദ്ധതയ്ക്ക് എന്തു സാംഗത്യമാണ് ഉള്ളത്?
ഒബാഡിലെ കാംബോണിന്റെ ഇടതും വലതും ഇരുന്നിരുന്ന ശിഷ്യന്മാര്‍ക്ക് ആ ചോദ്യം രസിച്ചില്ല. ഗാന്ധിയെ കൊലപ്പെടുത്തിയവരുടെ അതേ പ്രത്യയശാസ്ത്രമല്ലേ തീവ്ര കറുത്തവര്‍ഗ്ഗ രാഷ്ട്രീയമുള്ള നിങ്ങള്‍ക്കും ഉള്ളതെന്ന കുറ്റപ്പെടുത്തല്‍ ആ ചോദ്യത്തില്‍ അവര്‍ വായിച്ചെടുത്തു കാംബോണ്‍ ശിഷ്യന്മാരെ ശാന്തരാക്കി. കാംബോണ്‍ ചര്‍ച്ചയുടെ ഗതി മറ്റൊരു വഴിയിലേയ്ക്കു തിരിച്ചുവിട്ടു
''നരേന്ദ്ര മോദിയുടെ മുഖം മൂടിയാണ് ഇന്ന് ഗാന്ധി. ഘാനയുടെ സമഗ്ര മേഖലയിലും ഇന്നു വിദേശാധിപത്യമാണ്. ഞങ്ങളുടെ ഖനികളിലെ സ്വര്‍ണ്ണവും വനങ്ങളിലെ തടിയും എന്തിനേറെ ടെലിവിഷന്‍ പരിപാടികള്‍ വരെ വിദേശ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലാണ്. അമേരിക്കയെ പിന്തള്ളി ഇന്ത്യന്‍, ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ ആധിപത്യം നേടാന്‍ ശ്രമിക്കുന്നു. ജൂബിലി കെട്ടിടവും ഗാന്ധിപ്രതിമയും എല്ലാം മുഖം മൂടികളാണ്. ഇവയെ മുന്നില്‍ വെച്ച് മോദി ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ വിഷവിത്തുകള്‍ ഘാനയില്‍ പാകുന്നു. നിങ്ങളുടെ ശത്രുരാജ്യം ചൈനയും ചെയ്യുന്നത് ഇതുതന്നെയാണ്.''
ആഫ്രിക്കയില്‍ മാത്രമല്ല, ഇന്ത്യയിലും തനിക്കു നിരവധി ആരാധകര്‍ ഉണ്ടെന്നാണ് കാംബോണിന്റെ അവകാശവാദം. 2018 ഡിസംബര്‍ 14-ന് ഘാന സര്‍വ്വകലാശാലയില്‍നിന്നു ഗാന്ധിപ്രതിമ നീക്കം ചെയ്തതിനു പിന്നാലെ കാരവന്‍ മാഗസിന്‍ കാംബോണിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. 'ഗിവ് അസ് എ സ്റ്റാച്ച്യൂ ഓഫ് അംബേദ്ക്കര്‍' എന്ന തലക്കെട്ടിലുള്ള അഭിമുഖം കാംബോണ്‍ ഫേസ് ബുക്കിലിട്ടു. അന്നു തനിക്ക് അനുകൂലമായി ഇന്ത്യക്കാരില്‍നിന്നു ലഭിച്ച ആയിരക്കണക്കിനു ലൈക്കുകളും കമന്റുകളും കാംബോണ്‍ കാണിച്ചുതന്നു.

ഒരുവശത്ത് ചെറുപ്പക്കാരുടെ പ്രതിഷേധം. മറുവശത്ത് ഘാനയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുടെ സമ്മര്‍ദ്ദം. പ്രതിഷേധം മൂലം നീക്കം ചെയ്ത ഗാന്ധിപ്രതിമ മറ്റെവിടെയെങ്കിലും സ്ഥാപിച്ചേ തീരൂ. പ്രസിഡന്റിന്റെ ഓഫീസ് നിര്‍മ്മാണത്തിനായി 60 ദശലക്ഷം ഡോളര്‍ നല്‍കി. സഹായിച്ച ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദികേട് കാണിക്കാന്‍ ഘാന സര്‍ക്കാരിനു സാധിക്കില്ല. പക്ഷേ, അതിലും അപ്പുറത്താണ് കാംബോണിന്റെ നേതൃത്വത്തിലുള്ള ഗാന്ധി മസ്റ്റ് ഫാളിനു യുവജനങ്ങള്‍ക്കിടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കാംബോണ്‍ നല്‍കിയ ഉപദേശം ഇതായിരുന്നു: ''നിങ്ങളുടെ നാട്ടിലെ ഗാന്ധിപ്രതിമകള്‍ നീക്കം ചെയ്യുക. അവിടെയെല്ലാം അംബേദ്ക്കറുടെ പ്രതിമകള്‍ സ്ഥാപിക്കുക.''

അടിമത്തത്തിന്റെ
രണ്ടാംവരവ്

കാംബോണിന്റെ നേതൃത്വത്തിലുള്ള ഗാന്ധി മസ്റ്റ് ഫാളിനെതിരെയുള്ള ശബ്ദങ്ങളും ഘാന സര്‍വ്വകലാശാലയില്‍ കേട്ടു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അധ്യാപകന്‍ ഒബാഡിലെ കാംബോണിനെ വിശേഷിപ്പിച്ചത് 'ചീപ്പ് പബ്ലിസിറ്റി മാന്‍' എന്നാണ്. ''ലോകം ആരാധിക്കുന്ന ഗാന്ധി ജനിക്കുന്നത് 30ാ-ാം വയസ്സിലാണ്. അതിനു മുന്‍പ് ഗാന്ധി പലയിടങ്ങളിലായി നടത്തിയ പരാമര്‍ശങ്ങള്‍ പുനരാവിഷ്‌കരിച്ചാണ് ഇദ്ദേഹം വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഈ സര്‍വ്വകലാശാലയില്‍ 40,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരിലെ നാലിലൊന്നിന്റെ പോലും പിന്തുണ ഇക്കൂട്ടര്‍ക്കില്ല. അവഗണിക്കേണ്ട സംഭവങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.''

ഒബാഡിലെ കാംബോണും ആരാധികമാരും
ഒബാഡിലെ കാംബോണും ആരാധികമാരും

ഗാന്ധി മസ്റ്റ് ഫാളിനെ തള്ളിപ്പറയുമ്പോള്‍ത്തന്നെ സര്‍വ്വകലാശാലയില്‍ ആദ്യമായി സ്ഥാപിക്കേണ്ട പൂര്‍ണ്ണകായ പ്രതിമ ഗാന്ധിയുടേതല്ലെന്ന് ഈ അധ്യാപകനും അഭിപ്രായപ്പെടുന്നുണ്ട്.
ഇന്ത്യക്കാര്‍ മഹാത്മാഗാന്ധിയെ ആരാധിക്കുന്നതുപോലെ ഘാനക്കാര്‍ ആദരിക്കുന്ന നേതാവാണ് കവാമി നക്രാമഹ്. കണ്‍വെന്‍ഷന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ കവാമിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരമാണ് ബ്രിട്ടീഷുകാരെ സ്വര്‍ണ്ണ തീരത്തുനിന്നു കെട്ടുകെട്ടിച്ചത്. 1957-ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കവാമി ഘാനയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. എന്നാല്‍, കവാമിയുടെ ഒരു പൂര്‍ണ്ണകായ പ്രതിമ സര്‍വ്വകലാശാലയില്‍ ഇല്ല. നെല്‍സണ്‍ മണ്ടേല, മാര്‍ക്കസ് ഗാര്‍വെ, റോബര്‍ട്ട് സോബുക്വി എന്നിങ്ങനെ ആദരിക്കപ്പെടേണ്ട ആഫ്രിക്കന്‍ നേതാക്കളുടെ നിര നീണ്ടതാണ്. അവരെയെല്ലാം വിസ്മരിച്ചുകൊണ്ട് ഗാന്ധിയെ മാത്രം വാഴ്ത്തുന്നതു ശരിയാണോ എന്നതാണ് സര്‍വ്വകലാശാലയില്‍ കണ്ടുമുട്ടിയ മിതവാദികളുടെ ചോദ്യം.

പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ത്ഥിയായ മറ്റൊരാള്‍ വെട്ടിത്തുറന്നു കാര്യങ്ങള്‍ പറഞ്ഞു: ''ഗാന്ധിപ്രതിമ തല്‍സ്ഥാനത്തു പുന:സ്ഥാപിക്കണം. എന്നാല്‍, ഗാന്ധിയേയും ജൂബിലി ഹൗസിനേയുമൊന്നും ഇന്ത്യയുടെ സങ്കുചിതമായ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് ഇരകളാക്കരുത്.''
സ്വാതന്ത്ര്യത്തിനു മുന്‍പ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ഘാനയെ കൊള്ളയടിച്ചു. സ്വാതന്ത്രത്തിനുശേഷം ഖനികളിലെ സ്വര്‍ണ്ണം കുഴിച്ചെടുത്ത് അമേരിക്കന്‍ കമ്പനികള്‍ കടത്തി. 2000-നു ശേഷം ഘാനയിലേയ്ക്ക് ഇന്ത്യന്‍, ചൈനീസ് കമ്പനികളുടെ കടന്നുകയറ്റമായിരുന്നു. പ്ലാസ്റ്റിക്, ടെക്സ്‌റ്റൈല്‍സ്, കീടനാശിനികള്‍, ഔഷധങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ മേഖലകളിലെല്ലാം ഇന്ത്യന്‍ വ്യവസായികള്‍ ആധിപത്യം ഉറപ്പിച്ചു. തോട്ടങ്ങളില്‍നിന്നു കശുവണ്ടിയും വനങ്ങളില്‍നിന്നു തേക്കും വന്‍തോതിലാണ് ഇന്ത്യയിലേയ്ക്കു കടത്തുന്നത്.
സി.ഐ.ഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്) 2014-ല്‍ ആക്രയില്‍ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയില്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എല്ലാം പങ്കെടുത്തിരുന്നു. സ്വര്‍ണ്ണം, വജ്രം, മാംഗനീസ്, ബോക്സൈറ്റ്, ഇരുമ്പയിര് തുടങ്ങിയ മേഖലകളാണ് ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ ഉന്നം. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എല്ലാം കോടികളാണ് കോര്‍പ്പറേറ്റുകള്‍ കോഴ നല്‍കുന്നത്. ഇതെല്ലാം മറച്ചുപിടിക്കന്‍ വേണ്ടിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കോടി മുടക്കി പ്രസിഡന്റിന്റെ ഓഫീസായ ജൂബിലി മന്ദിരം നിര്‍മ്മിച്ചു നല്‍കിയതെന്നു ലോകവിവരമുള്ള ശരാശരി ഘാനക്കാരന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ കോര്‍പ്പറേറ്റ് താല്പര്യങ്ങളുടെ പ്രതീകമായി ഗാന്ധി പ്രതിമയെ പലരും കാണുന്നതും ഇക്കാരണത്താലാണ്.
വ്യവസായികള്‍ മുതല്‍ മുടക്കുന്നതു ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍, അവികസിത മേഖലകളില്‍ വരുന്ന വ്യവസായങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, അടിസ്ഥാന സൗകര്യ വികസനമുണ്ടാക്കും. സര്‍ക്കാരിനു നികുതി വരുമാനം ലഭിക്കും. എന്നാല്‍, ഘാനയുടെ കാര്യത്തില്‍ ഇതൊന്നും ഇല്ലെന്നാണ് സര്‍വ്വകലാശാലയില്‍ കണ്ടുമുട്ടിയ സാമ്പത്തിക വിദഗ്ധന്‍ സിസി കോജോ വിശദീകരിച്ചത്.

''ആഫ്രിക്കയെ രക്ഷിക്കാനല്ല, ഇന്ത്യയില്‍ നടക്കാത്ത പലതും ഇവിടെ നടക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ഇവിടെ നിക്ഷേപം നടത്തുന്നത്. ഒന്നോ രണ്ടോ സേഡിക്കു തൊഴിലാളികളെ കിട്ടും. നേതാക്കള്‍ക്കു കോഴ കൊടുത്താല്‍ നികുതിഭാരവും കുറയും. വാല്‍ട്ട തടാകത്തിലെ അടിമപ്പണിക്കായി അമ്മമാര്‍ കുരുന്നുകളെ എങ്ങനെ വില്‍ക്കാതിരിക്കും.''
ആഫ്രിക്കയിലെ അടിമത്തത്തിന്റെ രണ്ടാം വരവിന് ഇന്ത്യയും ഉത്തരവാദിയാണെന്ന സൂചന വേദനിപ്പിക്കുന്നതായിരുന്നു .
രാത്രി വളരെ വൈകിയാണ് ഹോട്ടലില്‍ മടങ്ങിയെത്തിയത്. ബോറടി മാറ്റാനായി മടക്കയാത്രയില്‍ ഉടനീളം ആഫ്രിക്കന്‍ സിനിമകളിലെ കോമഡികള്‍ പറഞ്ഞുകൊണ്ടിരുന്ന ഡ്രൈവര്‍ എഡ്വേര്‍ഡ് ഒരു വാക്ക് ആവര്‍ത്തിച്ചുകൊണ്ടാണ് യാത്ര പറഞ്ഞത്: ''കുംകും ഭാഗ്യ''.
(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com