ഭാഷാദേശീയതയുടെ ഇന്ത്യന്‍ പശ്ചാത്തലം: ഡോ. വി. അബ്ദുള്‍ ലത്തീഫ് എഴുതുന്നു

സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യത്യസ്ത ഭാഷകള്‍ എന്ന സങ്കല്പം ഇല്ലാതാവുന്ന കാലത്തല്ലാതെ ഇന്ത്യയെ ഭാഷാപരമായി ഏകീകരിക്കാന്‍ സാധിക്കുകയേ ഇല്ല.     
ഹിന്ദി എഴുത്തുകള്‍ നീക്കം ചെയ്ത മൈല്‍ക്കുറ്റികള്‍ (തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ള ദൃശ്യം)
ഹിന്ദി എഴുത്തുകള്‍ നീക്കം ചെയ്ത മൈല്‍ക്കുറ്റികള്‍ (തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ള ദൃശ്യം)

 
2019 സെപ്തംബര്‍ മാസം ഇന്ത്യയില്‍ ഭാഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയുണ്ടായി. അതില്‍ ഏറ്റവും പ്രധാനവും ഇന്ത്യയുടെ ചരിത്രത്തെത്തന്നെ മാറ്റിയെഴുതിയേക്കാവുന്നതുമായ റിപ്പോര്‍ട്ട് പുറത്തു വന്നത് തമിഴ്നാട്ടില്‍നിന്നാണ്. തമിഴ്നാട്ടിലെ വൈഗ നദീതീരത്ത് കീഴാടിയില്‍ നടക്കുന്ന പുരാവസ്തു പര്യവേക്ഷണത്തിന്റെ അഞ്ചാംഘട്ടത്തിലെ സുപ്രധാനമായ കണ്ടെത്തലുകളാണ് തമിഴ് കള്‍ച്ചറല്‍ ആന്റ് ആര്‍ക്കിയോളജി മന്ത്രി കെ. പാണ്ഡ്യരാജന്‍ സെപ്തംബര്‍ 19-ന് പുറത്തുവിട്ടത്. ഇന്ത്യയുടെ ആദിമ നാഗരികത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹാരപ്പന്‍ സംസ്‌കാരവുമായി ദക്ഷിണേന്ത്യയെ ബന്ധിപ്പിക്കുന്ന തെളിവുകളാണ് കീഴാടിയില്‍നിന്നു കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ഈ സൈറ്റില്‍നിന്നു കണ്ടെത്തിയ ആയിരത്തോളം അക്ഷരങ്ങളില്‍ ചിലതിന് ഹാരപ്പന്‍ ലിപികളുമായുള്ള സാമ്യമാണ്. ഒപ്പം പ്രാചീന തമിഴ് ബ്രാഹ്മിയുടെ പഴക്കം മുന്നൂറു വര്‍ഷംകൂടി പിന്നോട്ടു നീങ്ങുകയും ചെയ്തു. 2600 വര്‍ഷം മുന്‍പ് ദക്ഷിണേന്ത്യയില്‍ എഴുത്ത് നിലവിലുണ്ടായിരുന്നു എന്ന കണ്ടെത്തല്‍ വരുംദിനങ്ങളില്‍ കൂടുതല്‍ അക്കാദമിക ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പ്. ഹാരപ്പന്‍ ലിഖിതങ്ങളുമായി ബന്ധപ്പെട്ട സമീപകാല പഠനങ്ങളെല്ലാം ദ്രാവിഡഭാഷയുമായി അതിനുള്ള അടുപ്പത്തിലേയ്ക്കാണ്  വിരല്‍ചൂണ്ടുന്നത്. 

ഈ മാസം 14-ന് ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ ഒരു പ്രസ്താവന വിവാദമാവുകയുണ്ടായി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് പ്രധാനമാണെന്നും രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും സ്വാതന്ത്ര്യ സമരഭടന്മാരുടെ ഭാഷയായ ഹിന്ദിയാണ് അതെന്നും ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് അതിനു സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഉടന്‍ പ്രതികരണമുണ്ടായത് കര്‍ണാടകയില്‍നിന്നാണ്. തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നും ഇന്ത്യയുടെ മറ്റ് ഹിന്ദിയേതര സംസ്ഥാനങ്ങളില്‍നിന്നും പ്രതിഷേധങ്ങളുയര്‍ന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്നിവര്‍ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ ഭുരിപക്ഷം മന്ത്രിമാരും തങ്ങളുടെ മാതൃഭാഷയ്ക്കുവേണ്ടി നിലപാടെടുത്തതിനാല്‍ കേന്ദ്രം ഹിന്ദിഭാഷയ്ക്കുവേണ്ടിയുള്ള നീക്കത്തില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. 

ഭാഷയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ചര്‍ച്ച ഉയര്‍ന്നുവന്നത് കേരളത്തില്‍നിന്നാണ്. കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നടത്താന്‍ പോകുന്ന കെ.എ.എസ് പരീക്ഷ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലുംകൂടി നടത്തണം എന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിനു മുന്നില്‍ നടന്ന നിരാഹാര സമരം വ്യാപകമായ ചര്‍ച്ചകള്‍ക്കു കാരണമായി. സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് സര്‍ക്കാര്‍ ഈ സമരം ഒത്തുതീര്‍ക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഭാഷാദേശീയതയുമായി ബന്ധപ്പെട്ട ചില പരിശോധന നടത്താം.

ഖഡീബോലിയും ഭാഷാഏകീകരണവും

നാദിറാത്തെ ഷായി എന്ന ഒരു മുഗള്‍ ഗ്രന്ഥമുണ്ട്. രാജകീയ അത്ഭുതങ്ങള്‍ (Royal wonders) എന്നാണ് ഈ തലക്കെട്ടിന്റെ അര്‍ത്ഥം. ഈ മധ്യകാല സാഹിത്യത്തിന് സമകാല ഭാഷാചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ചില വിശേഷങ്ങളുണ്ട്. സഫര്‍ എന്ന മുഗള്‍ രാജകുമാരന് ഒരു ഹിന്ദുസ്ത്രീയില്‍ ജനിച്ച ഷാ ആലം ആണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ഈ ഗ്രന്ഥത്തില്‍ ഉറുദു ലിപിക്കു പുറമെ നാഗരി ലിപി കൂടി ഉപയോഗിച്ചിട്ടുണ്ട്. ഓരോ വരിയും ആദ്യം നാഗരി ലിപി, താഴെ ഉറുദു ലിപി എന്ന മട്ടിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. നാഗരി എഴുതിയിരിക്കുന്നത് ഉറുദു മട്ടില്‍ വലത്തുനിന്ന് ഇടത്തോട്ടാണ്. മധ്യകാല ഇന്ത്യന്‍ ഭാഷകള്‍ക്കുമേല്‍ ഖഡീബോലി എന്ന ദില്ലി പ്രാദേശിക ഭാഷയും വ്യത്യസ്തമായ രണ്ടു ലിപികളും ചെലുത്തിയ സ്വാധീനത്തിന്റെ പഴയ തെളിവാണിത്.

ഖഡീബോലി ഡയലക്ടാണ് പിന്നീട് ഉറുദുവായി വളരുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഈ ഭാഷ 19-ാം നൂറ്റാണ്ടു മുതല്‍ നാഗരിലിപി സ്വീകരിച്ച് ഹിന്ദി എന്ന പേരില്‍ ഉത്തരേന്ത്യ മുഴുവന്‍ വ്യാപിക്കുന്നതു കാണാം. അതിനുമുന്‍പ് ഉറുദു-ഹിന്ദി-ഹിന്ദുസ്ഥാനി എന്നിവയെല്ലാം പര്യായപദങ്ങളായി ഉപയോഗിച്ചിരുന്നു. അതിനും മുന്‍പ് ഈ ഭാഷ ഗഡീബോലി മാത്രമായിരുന്നു. ഈ പദങ്ങളെല്ലാം അറബികളോ പേര്‍ഷ്യക്കാരോ ഇന്ത്യന്‍ ഭാഷകളെ വിളിച്ചതുമാണ്. 

19-ാം നൂറ്റാണ്ടില്‍ ഭാഷ എങ്ങനെയാണ് ഇന്ത്യന്‍ ദേശീയതയുടെ ഭാഗധേയത്തെ നിര്‍ണ്ണയിച്ചത് എന്ന് 'One language two scripts' എന്ന പുസ്തകത്തില്‍ ക്രിസ്റ്റഫര്‍ റൊളാംഗ്കിംഗ് വിവരിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ വാരാണസി കേന്ദ്രമായി ഭാരതേന്ദു ഹരിശ്ചന്ദ്രയാണ് നാഗരി ലിപിയിലുള്ള ഹിന്ദിക്കുവേണ്ടി സൈദ്ധാന്തികമായി വാദിച്ചു തുടങ്ങുന്നത്. ഇതിനുവേണ്ടി വാരാണസിയില്‍ അദ്ദേഹം സ്ഥാപിച്ചതാണ് ഹിന്ദി വര്‍ഷിണി സഭ. തുടര്‍ന്ന് 1893-ല്‍ നാഗരി പ്രചാരിണി സഭ വന്നു. 1910-ല്‍ അലഹാബാദില്‍ ഹിന്ദി സാഹിത്യ സമ്മേളന്‍ രൂപംകൊണ്ടു. 1897-ല്‍ മദന്‍മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ നോര്‍ത്ത് വെസ്റ്റേണ്‍ പ്രോവിന്‍സ് & ഔധിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായ സര്‍ ആന്റണി മാക്ഡോണ്ണലിന് 60000 പേര്‍ ഒപ്പിട്ട ഒരു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. കോടതിരേഖകളും സര്‍ക്കാര്‍ രേഖകളും പ്രാഥമിക വിദ്യാഭ്യാസവും നാഗരി ലിപിയിലുംകൂടി വേണമെന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പുതുയൊരു ലിപിക്കല്ല, പുതിയൊരു ലിപികൂടി കൊണ്ടുവരാനാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും 1890-ല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടു.

തിരുവനന്തപുരത്ത് പിഎസ്‌സി ഓഫിസിന് മുന്‍പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരം
തിരുവനന്തപുരത്ത് പിഎസ്‌സി ഓഫിസിന് മുന്‍പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരം

ഉറുദുലിപിക്കൊപ്പം ദേവനാഗരി ലിപിക്കുകൂടി ഔദ്യോഗിക പദവി ലഭിച്ച ഈ സംഭവം, ഉറുദു ഭാഷയ്ക്ക് പിന്നീട് അതിന്റെ പ്രൗഢിയിലേയ്ക്ക് ഉയരാന്‍ കഴിയാതെ പോയ രാഷ്ട്രീയ പ്രഹരമാണെന്ന് 'ഗീതാപ്രസ്സ് ആന്റ് ദി മെയ്ക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന പുസ്തകത്തില്‍ അക്ഷയമുകുളും നിരീക്ഷിക്കുന്നുണ്ട്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ദേവനാഗരി ലിപി സ്വീകരിക്കുന്നതും ഉറുദു മുസ്ലിങ്ങളുടെ മാത്രം ഭാഷ എന്ന് രണ്ടാം സ്ഥാനത്തേയ്ക്ക് താഴുന്നതും ക്രമേണയാണ്. ഇന്ന് ഇന്ത്യയിലെ 44 ശതമാനം പേരെ പ്രതിനിധീകരിക്കുന്ന ഭാഷയായി നാഗരി ഹിന്ദുസ്ഥാനി അഥവാ 'ഹിന്ദി ഭാഷകള്‍' മാറിയത് നിരവധി സംഘടനകളുടേയും സരസ്വതി സാഹിത്യവാരിക, ഗീതാപ്രസ്സ് പോലുള്ള ആനുകാലികങ്ങളുടേയും നിരന്തര പരിശ്രമങ്ങളിലൂടെയാണ്. 1918-ല്‍ ദക്ഷിണേന്ത്യന്‍ പ്രവിശ്യകളില്‍ ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനുവേണ്ടി മഹാത്മാഗാന്ധി സ്ഥാപിച്ച 'ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ' ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദി മാത്രമെടുത്താല്‍ ഇന്ത്യയില്‍ 25 ശതമാനം ആളുകളാണ് ആ ഭാഷ സംസാരിക്കുന്നത്. ഹിന്ദുസ്ഥാനിയുടെ മറ്റു ഡയലക്ടുകള്‍കൂടി ചേരുമ്പോള്‍ ഇത് ഇന്ത്യയിലെ ജനങ്ങളുടെ 44 ശതമാനം വരും.

ഉറുദുവിനെക്കുറിച്ചും ഹിന്ദിയെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഖഡീബോലി ഡയലക്ടിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഹിന്ദുസ്ഥാനി എന്നു വിശാലാര്‍ത്ഥത്തില്‍ വിളിക്കാവുന്ന ഒരു പ്രോട്ടോ ഹിന്ദി-ഉറുദു ഭാഷ സങ്കല്പിച്ചാല്‍ അതിനകത്ത് നിരവധി ഡയലക്ടുകളുണ്ടായിരുന്നു എന്നു കാണാം. ഇതില്‍ ഉത്തരേന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ പ്രചാരമുണ്ടായിരുന്ന ബ്രജ്ഭാഷയും കിഴക്കന്‍ ദേശങ്ങള്‍തൊട്ട് നേപ്പാള്‍ വരെ സ്വാധീനമുണ്ടായിരുന്ന അവധ് ഭാഷയും ശ്രദ്ധിക്കേണ്ടതാണ്. ചാപ് തിലക് സബ് ഛീനീ എന്നു തുടങ്ങുന്ന അമീര്‍ ഖുസ്റുവിന്റെ കീര്‍ത്തനവും മേയ്ന്‍ നാഹിന്‍ മുഖാന്‍ ഖായോ എന്ന സൂര്‍ദാസ് കീര്‍ത്തനവും എഴുതപ്പെട്ടത് ബ്രജ്ഭാഷയിലാണ്. ഭക്തിപ്രസ്ഥാന സാഹിത്യവും ഹിന്ദുസ്ഥാനി ക്ലാസ്സിക് സംഗീതവും അടിസ്ഥാന ഭാഷയായി സ്വീകരിച്ച ഈ ഡയലക്ടിനെയാണ് ഖഡീബോലി വിഴുങ്ങിക്കളഞ്ഞത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒരു നാടോടിഭാഷയായി ഇന്നും ബ്രജ് സജീവമാണ്. കിഴക്കോട്ട് പ്രചരിച്ച അവധ് ഭാഷയും നിരവധി കൈവഴികളിലൂടെ ജീവിക്കുന്നു. ഇതില്‍പ്പെട്ട മൈഥിലിപോലുള്ള ചില ഭാഷകളെങ്കിലും സ്വതന്ത്ര ഭാഷാപദവിയും നേടിക്കഴിഞ്ഞു. ബ്രജും അവധും നാഗരി ലിപിയിലെഴുതിയപ്പോള്‍ സമാന്തരമായി കായസ്ഥിപോലുള്ള ഗുപ്തകാലത്തിന്റെ തുടര്‍ച്ചയായ ലിപികളും നിരവധി മറ്റു ഭാഷാഭേദങ്ങളും ഇന്ന് ഹിന്ദി ബെല്‍റ്റ് എന്നു വിശേഷിപ്പിക്കുന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. കായസ്ഥര്‍ എന്ന ബ്രാഹ്മണ ജാതിയിലോ ക്ഷത്രിയ ജാതിയിലോ പെട്ട കണക്കെഴുത്തുകാരുടെ  ഭാഷാവഴിയായിരുന്നു  കായസ്ഥി.

ഡല്‍ഹിയില്‍നിന്ന് രാഷ്ട്രീയാധികാരത്തോടെ ഖഡീബോലിയെ വിജയിച്ച ഭാഷയാക്കിയത് മുസ്ലിം രാജാക്കന്മാരാണെന്നു കാണാം. 19-ാം നൂറ്റാണ്ടിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഹിന്ദുദേശീയതയുടെ വക്താക്കള്‍ നാഗരി ലിപിയിലൂടെ അതിന് ഒരു ഹിന്ദുഭാഷ്യം ചമയ്ക്കുകയും അതിനെ ആധുനിക ഇന്ത്യയുടെ മുഖ്യഭാഷയാക്കുകയും ചെയ്തു. ബ്രജ്, അവധ് പാരമ്പര്യങ്ങള്‍ അപ്പോഴും പുറത്തുനിന്നു. ഖഡീബോലിയുടെ പേര്‍ഷ്യന്‍ പാരമ്പര്യവുമായി പാകിസ്താന്‍ വേറൊരു സ്വതന്ത്ര രാജ്യമായപ്പോള്‍ ഇന്ത്യയില്‍ അത് മുസ്ലിങ്ങളുടെ ഭാഷയായി ചുരുങ്ങി. സാഹിത്യ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ ഈ രണ്ടു ഭാഷാവഴികളും ഇരുട്ടില്‍ തപ്പുന്നത് ഒഴിവാക്കാന്‍ ബ്രജ് ഭാഷയുടേയും അവധ് ഭാഷയുടേയും ദക്ക്നിയുടേയും മറ്റു ഭാഷാഭേദങ്ങളുടേയും സാഹിത്യ പാരമ്പര്യങ്ങളെ തങ്ങളുടേതായി അവകാശപ്പെടുകയും ചെയ്യും. ഈ നാട്ടുഭാഷകള്‍ പതിയെ തങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനെക്കുറിച്ച്  വഴിയേ പറയാം.

ബ്രിട്ടീഷ് ഇന്ത്യയും 
ഭരണഭാഷയും
 

1890-നു മുന്‍പ് ഇന്ത്യയിലെ ഭരണഭാഷയും വിദ്യാലങ്ങളിലെ ബോധനഭാഷയും എന്തായിരുന്നു? ആധുനിക ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയെത്തന്നെ രൂപപ്പെടുത്തിയ ഭക്തിപ്രസ്ഥാന കാലത്തെ സാഹിത്യം ഏതു ഭാഷയിലായിരുന്നു എന്നതെല്ലാം നമ്മളിന്നു ചര്‍ച്ചക്കെടുക്കുകപോലും ചെയ്യാത്ത കാര്യങ്ങളാണ്. ആധുനിക ഹിന്ദിയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാരതേന്ദു ഹരിശ്ചന്ദ്രയും ഇന്ത്യയില്‍ ആദ്യമായി ഒരു ഹിന്ദി പഠനവകുപ്പ് ആരംഭിച്ച കൊല്‍ക്കത്തയിലെ വില്യം കോളേജ് ഹിന്ദി പാഠപുസ്തകങ്ങള്‍ ചിട്ടപ്പെടുത്താന്‍ ചുമതലപ്പെടുത്തിയ ലല്ലു ലാല്‍ജിയും അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഉറുദു ഭാഷയിലാണ്. മാത്രമല്ല, അവരൊക്കെ അറിയപ്പെടുന്ന ഉറുദു പണ്ഡിതരും കൂടിയാണ്. ലല്ലു ലാല്‍ജി തയ്യാറാക്കിയ ആദ്യകാല ഹിന്ദി പുസ്തകങ്ങളൊക്കെയും ഉറുദു കൃതികളുടെ ലിപിമാറ്റം (Transliteration) മാത്രമാണെന്ന് ആ മേഖലയിലുള്ളവര്‍ പറയും. വ്യഞ്ജനങ്ങള്‍ക്കു പ്രാധാന്യമുള്ള പേര്‍ഷ്യന്‍ ലിപിയേക്കാള്‍ ഒറ്റലിപിയില്‍ത്തന്നെ സ്വരവ്യഞ്ജനങ്ങളെ മേളിപ്പിക്കുന്ന നാഗരി ലിപിയാണ് ഇന്ത്യന്‍ ഭാഷകള്‍ക്കു ചേരുക എന്നു ഭാഷാശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ ലിംഗ്വിസ്റ്റായ ജോണ്‍ ഗ്രിംപേഴ്സിനെ ഇക്കാര്യത്തില്‍ ക്രിസ്റ്റഫര്‍ റൊളാംഗ്കിംഗ് ഉദ്ധരിക്കുന്നതും ലിപിയുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പരിഗണിക്കേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭ ഇംഗ്ലീഷിനൊപ്പം ഹിന്ദിയേയും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തിയപ്പോള്‍ ഏതു ലിപി സ്വീകരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു. മൂന്നു ലിപികളാണ് ഇക്കാര്യത്തില്‍ മത്സരിച്ചത്, പേര്‍ഷ്യന്‍ (ഉറുദു), ദേവനാഗരി, റോമന്‍. ഇതില്‍ റോമന്‍ലിപിക്കുമേല്‍ ദേവനാഗരി ഒരു വോട്ടിന്റെ വിജയം നേടുകയാണുണ്ടായത്.


മുഗള്‍ ഇന്ത്യ ക്രമേണ ബ്രിട്ടീഷ് ഇന്ത്യയാകുന്ന 18-19 നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ മറ്റൊരു ഭാഷാമാറ്റംകൂടി സംഭവിക്കുന്നുണ്ട്. ചുരുങ്ങിയത് 600-700 വര്‍ഷം ഇന്ത്യയിലെ വരേണ്യഭാഷയായിരുന്ന പേര്‍ഷ്യന്‍ ഇംഗ്ലീഷിനു വഴിമാറിയതാണ് അത്. 1757-ലെ പ്ലാസി യുദ്ധത്തോടെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരമുറപ്പിച്ചെങ്കിലും 1837-ല്‍ മാത്രമാണ് അവര്‍ ഇംഗ്ലീഷിനെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കുന്നത്. രാജാറാം മോഹന്റായ്, മഹാത്മാഗാന്ധി, ആധുനിക ഹിന്ദി ഗദ്യത്തിനു ഗണ്യമായ സംഭാവനകള്‍ ചെയ്ത പ്രേംചന്ദ് തുടങ്ങിയവരെല്ലാം പേര്‍ഷ്യന്‍ പഠിച്ചവരാണ്. രാജാറാം മോഹന്റായ് ഒരു പേര്‍ഷ്യന്‍ പത്രംപോലും നടത്തിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കകാലംവരെ ഇന്ത്യയില്‍ പേര്‍ഷ്യന്‍ ഒരു ഇഷ്ട അക്കാദമിക വിഷയവുമായിരുന്നു. ഇപ്പോഴും വിവിധ ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ പേര്‍ഷ്യന്‍ പഠനവകുപ്പുകളുണ്ട്.


പേര്‍ഷ്യന്‍ ഏതാണ്ട് പൂര്‍ണ്ണമായും ഉറുദു ഭാഗികമായും ഇന്ത്യന്‍ മുഖ്യധാരയില്‍നിന്നു പിന്‍വാങ്ങിയെങ്കിലും ഈ രണ്ടു ഭാഷകളും ഇന്ത്യയ്ക്ക് ചരിത്രപരമായ സംഭാവനകള്‍ നല്‍കിയവയാണ്. ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഇന്നും ജനങ്ങള്‍ക്കു പരിചിതമായ ഭരണഭാഷാപദങ്ങള്‍ പേര്‍ഷ്യനാണ്. മലയാളത്തില്‍ ഗവണ്‍മെന്റ് എന്നത് മൊഴിമാറ്റിയാല്‍ സര്‍ക്കാര്‍ എന്ന പേര്‍ഷ്യന്‍ പാരമ്പര്യമുള്ള വാക്കിലാണെത്തുക. ഇത് ഏതാണ്ടെല്ലാ ഇന്ത്യന്‍ ഭാഷകളുടേയും അടിസ്ഥാനമാണ്. ജില്ല, കോടതി, തഹസില്‍, താലൂക്ക്, കത്ത് തുടങ്ങി ഭരണവുമായി ബന്ധപ്പെട്ട എത്രയോ പദങ്ങള്‍ ഇന്നും പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍നിന്നുള്ളവയാണ്. ഇന്ത്യയില്‍ സാധാരണ ജനങ്ങള്‍ക്ക് ഒരു ലിഖിതഭാഷയുണ്ടാക്കിക്കൊടുത്തു എന്നതാണ് ഉറുദുവിന്റെ ചരിത്രധര്‍മ്മം. സൈനികത്താവളം എന്നാണത്രെ ഉറുദു എന്ന പദത്തിന്റെ അര്‍ത്ഥം. സുല്‍ത്താന്‍-മുഗള്‍ ഇന്ത്യയിലെ സൈനികര്‍ (അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ടായിരുന്നു) എഴുത്തുകുത്തുകള്‍ക്ക് ഉപയോഗിച്ച ഭാഷയാണ് പിന്നീട് ഉറുദുവായി വികസിച്ചത്. ഡക്കാന്‍ മേഖലകളിലാണ് ഇതിന്റെ തെക്കന്‍ ഭേദമായ ദക്കിനിയില്‍ വിദ്യാഭ്യാസവും സാഹിത്യരചനയുമൊക്കെ ശക്തമാകുന്നത്. ഉത്തരേന്ത്യന്‍ സാഹിത്യത്തെ ആധുനികതയിലേക്ക് എത്തിക്കുന്നതില്‍ ഈ ഖഡീബോലി ഡയലക്ടിനു വലിയ പ്രാധാന്യമുണ്ട്.

1893-ല്‍ തുടങ്ങിയ നാഗരി പ്രചാരണ സഭയും അനുബന്ധ സംഘടനകളും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നേകാല്‍ നൂറ്റാണ്ടു പിന്നിട്ടും തുടരുകയാണ്. ഭാഷാപഠിതാക്കളും അധ്യാപകരും ഇടക്കാലത്ത് വിസ്മരിച്ച മറ്റൊരു കാര്യം സംസ്‌കൃതത്തിന്റെ ലിപിയെ സംബന്ധിച്ചതാണ്. ഇന്ത്യയില്‍ പല ലിപികളില്‍ എഴുതിയിരുന്ന സംസ്‌കൃതത്തെ ദേവനാഗരിയിലേയ്ക്ക് ഏകോപിപ്പിച്ചത് ഇത്തരം പ്രസ്ഥാനങ്ങളാണ്. കേരളം, തമിഴ്നാട് ഭാഗങ്ങളില്‍ സംസ്‌കൃതമെഴുതാന്‍ ഉപയോഗിച്ചത് ഗ്രന്ഥലിപിയാണ്. (കേരളത്തില്‍ ഇത് പിന്നെ ആര്യ എഴുത്താവുകയും വട്ടെഴുത്തിലെ ചില അക്ഷരങ്ങള്‍കൂടി സ്വീകരിച്ച ആധുനിക മലയാള ലിപിയാവുകയും ചെയ്തു) ആന്ധ്രയില്‍ നാഗരി എന്നുതന്നെ പേരുള്ള വേറൊരു ലിപി. മഹാരാഷ്ട്രയിലും കിഴക്കന്‍ ദിക്കുകളിലും വ്യത്യസ്തമായ മറ്റു ലിപികള്‍. ഡല്‍ഹി പരിസരത്തുമാത്രം ഇന്നത്തെ നാഗരി. തെക്കന്‍ നാഗരിയില്‍നിന്ന് അതിനെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ദേവനാഗരി എന്ന പേരും കൊടുത്തു. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെ കേരളത്തില്‍നിന്ന് ദേവനാഗരി ലിപിയിലുള്ള ഒരു സംസ്‌കൃത ഗ്രന്ഥംപോലും കണ്ടെടുത്തിട്ടില്ല എന്നതും ഓര്‍ക്കണം. നാഗരി ലിപി സമ്പാദിച്ച് ഹിന്ദി ഉറുദുവിനുമേല്‍ രാഷ്ട്രീയ വിജയം നേടിയത് കണ്ടല്ലോ. ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിനു കാരണമായ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഭാഷയും നിര്‍ണ്ണായകമായെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നുണ്ട്. അടുത്തപടി ഇന്ത്യയക്ക് മൊത്തമായി ഹിന്ദി ബാധകമാക്കാനുള്ള ശ്രമമായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിഭജനം നടത്തുക എന്ന വാദമുയര്‍ന്നപ്പോള്‍ അതിനെതിരായി ശക്തമായി നിന്നവരുടെ കൂട്ടത്തില്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവുമുണ്ടായിരുന്നു. തെലുഗു ദേശീയവാദം സമരരൂപമാര്‍ജ്ജിച്ച 1950-കളില്‍ അവിടെയത്തിയ നെഹ്റുവിനു സമരച്ചൂട് നേരിട്ടറിയാന്‍ കഴിഞ്ഞതിനുശേഷമാണ് ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പുനഃക്രമീകരിക്കാന്‍ അദ്ദേഹം നടപടികള്‍ ആരംഭിക്കുന്നത്.

ഉറുദുവില്‍നിന്നു വ്യത്യസ്തമായ ഒരു ഭാഷയായി വികസിക്കാന്‍ ഹിന്ദിക്ക് ലിപിമാറ്റം മാത്രം മതിയായിരുന്നില്ല. ഹിന്ദി വാക്കുകളില്‍ ത്തു-വില്‍ അവസാനിക്കുന്നവ അറബിക് വേരുകളുള്ളതും ഷിന്‍-എന്ന് അവസാനിക്കുന്നവ പേര്‍ഷ്യന്‍ വേരുകളുമുള്ളവയാണത്രെ. ഉറുദു ലിപിയില്‍നിന്ന് ദേവനാഗരിയിലേക്ക് ലിപ്യന്തരണം ചെയ്‌തെടുത്തുണ്ടാക്കിയ ഹിന്ദിയില്‍നിന്ന് ഇത്തരം വാക്കുകളെല്ലാം എടുത്തുമാറ്റി പകരം സംസ്‌കൃതമൂലങ്ങളുള്ള വാക്കുകള്‍ ചേര്‍ത്തുകൊണ്ടാണ് ഹിന്ദിയെ ഇന്ത്യനൈസ് ചെയ്‌തെടുത്തത്. ശുക്രിയ എന്നത് ധന്യവാദ് എന്നായെങ്കിലും ഉത്തരേന്ത്യന്‍ സാമാന്യ ജനം ഇന്നും നൂറ്റാണ്ടുകളായി പരിചിതമായ പദാവലിയില്‍ ജീവിക്കുന്നു. ഈ വര്‍ഷവും പേര്‍ഷ്യന്‍ വേരുകളുള്ള അഞ്ചു പദങ്ങള്‍ ഹിന്ദി ഉപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംസ്‌കൃതീകരിച്ചാല്‍ സാക്ഷാല്‍ സംസ്‌കൃതത്തിനു വന്ന ഗതിതന്നെ ഹിന്ദിക്കും വരും എന്ന് അതിന്റെ വക്താക്കള്‍ ഓര്‍ക്കുന്നില്ല. വേദഭാഷയായി ചമഞ്ഞ ശുദ്ധ സംസ്‌കൃതം മറ്റ് ഇന്തോ ആര്യന്‍ ഭാഷകളെപ്പോലും നീചഭാഷകളായാണ് കണ്ടത്. ശുദ്ധസംസ്‌കൃതം മരിക്കുകയും നീചഭാഷകള്‍ ആധുനിക ഇന്ത്യന്‍ ഭാഷകളായി വളരുകയും ചെയ്തു എന്നത് ചരിത്രം. സംസ്‌കൃതത്തോടുള്ള പ്രണയം ഇന്ത്യന്‍ ഭാഷകളെയെല്ലാം ജനഭാഷ-ഗ്രന്ഥഭാഷ എന്നു രണ്ടാക്കി വിഭജിച്ചിട്ടുണ്ട്. മറാത്തിയിലും ബംഗാളിയിലുമെല്ലാം അത് പ്രകടമാണെങ്കിലും കന്നടയിലും മലയാളത്തിലുമൊന്നും അതിനെ പ്രത്യേകം പേരിട്ടു വിളിക്കുന്നില്ല എന്നുമാത്രം. 

മലയാളം പല ഘട്ടങ്ങളിലും സംസ്‌കൃത സ്വാധീനത്തിനു വിധേയമായിട്ടുണ്ട്. സംഘകാലം മലയാളത്തിന്റെ കൂടി കാലമായി പരിഗണിച്ചാല്‍ അക്കാലത്തുതന്നെ പദാവലികളായും സങ്കല്പനങ്ങളായും സംസ്‌കൃതം മലയാളത്തെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ പാട്ടുകൃതികളിലും വാമൊഴിസാഹിത്യത്തിലുമെല്ലാം തത്ഭവപദങ്ങളായും രമായണ, മഹാഭാരത കഥകളായി സാഹിത്യ സങ്കല്പനങ്ങളായും സംസ്‌കൃതം മലയാളത്തിലെത്തിയിട്ടുണ്ട്. ആദ്യകാലത്ത് മലയാളത്തിന്റെ ദ്രാവിഡ സ്വനകോശത്തിന് ഇണങ്ങും മട്ടില്‍ തത്ഭവങ്ങളായി കടന്നുവന്ന സംസ്‌കൃതപദങ്ങള്‍ പ്രാകൃതം വഴിയാണ് മലയാളത്തിലെത്തിയതെന്ന് എഫ്.ഡബ്ലിയു. എല്ലിസ് നിരീക്ഷിച്ചിട്ടുണ്ട്. മണിപ്രവാളഘട്ടത്തിന്റെ ആരംഭകാലത്ത് സംസ്‌കൃതപദങ്ങള്‍ക്ക് ഗ്രന്ഥ-ആര്യ എഴുത്തിലൂടെ തത്സമങ്ങളുണ്ടായി. കൂട്ടത്തില്‍ പരിചിതമായ സംസ്‌കൃതപദങ്ങള്‍ ധാരാളമായി ഉപയോഗിക്കാനും തുടങ്ങി. മണിപ്രവാളത്തിന്റെ രണ്ടാം ഘട്ടത്തില്‍ കടന്നുവന്ന കഠിന സംസ്‌കൃതപദങ്ങള്‍ എഴുത്തച്ഛന്റെ കാലത്തോടെ മലയാളത്തിന്റെ തന്നെ ഭാഗമായി. അതോടെ മലയാളത്തിലും ഭാഷാപരമായ ഒരു ഭിന്നത രൂപമെടുക്കുന്നുണ്ട്. മിഷണറി മലയാളവും കേരളത്തിലെ പത്രഭാഷയുമാണ് ആധുനിക കാലത്ത് മലയാളത്തെ ഈ കഠിന സംസ്‌കൃത പാരമ്പര്യത്തില്‍നിന്നു മോചിപ്പിക്കുന്നത്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വഴിയും പാഠപുസ്തകങ്ങള്‍ വഴിയും സംസ്‌കൃത പാരമ്പര്യത്തിലേയ്ക്ക് വലിയ രീതിയില്‍ തിരിച്ചുപോക്കുണ്ടായിട്ടുണ്ട്. അതും ക്രമേണ ലഘൂകരിച്ച് വിസ്തീര്‍ണ്ണത്തെ പരപ്പളവും ദ്രവണാങ്കത്തെ തിളനിലയുമൊക്കെയാക്കി വരുമ്പോഴേയ്ക്ക് ഭരണഭാഷാ മലയാളം എന്ന പേരില്‍ സംസ്‌കൃതം വീണ്ടും പിടിമുറുക്കുന്നു. മലയാളത്തിന്റെ ദ്രാവിഡ പാരമ്പര്യം മറന്ന് ഈ വിധം സംസ്‌കൃതവല്‍ക്കരിച്ചാല്‍ ക്രമേണ അതൊരു ഭരണ-പണ്ഡിത ഭാഷയായി ചുരുങ്ങും. വിജ്ഞാന സമ്പാദനത്തിന് ഇംഗ്ലീഷ്, വീട്ടുകാര്യത്തിനു ജനമലയാളം, ഭരണകാര്യങ്ങള്‍ക്ക് സംസ്‌കൃതമലയാളം എന്ന മട്ടില്‍ കേരളത്തിന്റെ ഭാഷാമണ്ഡലം മൂന്നായി പിളരുകയും ചെയ്യും. മലയാളത്തില്‍ അച്ചടിക്കുന്ന പുസ്തകങ്ങളുടെ കണക്കെടുത്താല്‍ ഇപ്പോള്‍ത്തന്നെ മലയാളം സാഹിത്യ പ്രധാനമായ ഭാഷയായി മാറിയിട്ടുണ്ടെന്നു കാണാനാകും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മലയാളികള്‍പോലും തങ്ങളുടെ ഗവേഷണഫലങ്ങള്‍ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിക്കുന്നത്. 

ഭാഷാദേശീയത ഇന്ത്യയെ നിര്‍ണ്ണായകമായി സ്വാധീനിച്ച ചില ചരിത്രസംഭവങ്ങളുംകൂടി നോക്കാം. ആദ്യത്തേത് നേരത്തെ സൂചിപ്പിച്ച 1947-ലെ ഇന്ത്യാ പാക് വിഭജനമാണ്. തെലുങ്കര്‍ ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് 1955-ല്‍ ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതാണ് രണ്ടാമത്തേത്. ഹിന്ദി ഇന്ത്യയുടെ ഒറ്റ ദേശീയ ഭാഷയാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തെക്കേ ഇന്ത്യയില്‍ വിശേഷിച്ച് തമിഴ്നാട്ടില്‍ രൂപപ്പെട്ട ഹിന്ദി വിരുദ്ധസമരങ്ങളാണ് അടുത്തത്. നാലാമത്തേത് 1971 ബംഗ്ലാദേശ് രൂപീകരണമാണ്. ധാക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരവും രക്തസാക്ഷിത്വവുമാണ് പാകിസ്താന്റെ ഉറുദു ദേശീയതയ്ക്കുമേല്‍ ബംഗ്ലാഭാഷാ ദേശീയത സ്വതന്ത്രമാവുന്നതിന്റെ അടിസ്ഥാനങ്ങള്‍. 1937-ല്‍ മദ്രാസ് പ്രസിഡന്‍സിയില്‍ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കിയതിനെ പെരിയാര്‍  ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരമാണ് തമിഴ്നാട്ടിലെ ഹിന്ദിവിരുദ്ധ സമരങ്ങളുടെ തുടക്കം. ഈ സമരം ഏതാനും പേരുടെ മരണത്തിനും വ്യാപകമായ കലാപങ്ങള്‍ക്കും കാരണമായി. 1939-ല്‍ സര്‍ക്കാര്‍ രാജിവെച്ചതിനുശേഷം 1940-ല്‍ ഗവര്‍ണര്‍ ലോര്‍ഡ് എര്‍സ്‌കിന്‍ ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 1956-ലും തമിഴ്നാട്ടില്‍ ഹിന്ദിവിരുദ്ധ വികാരം ആളിക്കത്തിയിരുന്നെങ്കിലും ജവഹര്‍ലാന്‍ നെഹ്റുവിന്റെ ഇടപെടല്‍ വലിയ ദുരന്തങ്ങളില്ലാതെ കാര്യങ്ങളള്‍ നിയന്ത്രണവിധേയമാക്കി. കേന്ദ്രനയങ്ങളിലെ മാറ്റങ്ങളെ തുടര്‍ന്ന് 1965-ല്‍ വീണ്ടും ആരംഭിച്ച സമരം രണ്ടുമാസം നീണ്ടു. ഈ സമരത്തില്‍ എഴുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 1963-ലെ ഒഫീഷ്യല്‍ ലാംഗ്വേജ് ആക്ടിലെ May എന്ന വാക്കിനെച്ചൊല്ലി രൂക്ഷമായ ചര്‍ച്ചകളാണ് പാര്‍ലമെന്റിന്റെ സഭകളില്‍ നടന്നത്. ഹിന്ദിയോടൊപ്പം ഇംഗ്ലീഷും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തുടരും എന്ന് 1967-ല്‍ ഇന്ദിരാഗാന്ധിയാണ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഭരണകക്ഷിയുടെ ദേശീയാധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ വീണ്ടും ഇന്ത്യയുടെ ഒറ്റ ദേശീയഭാഷയായി ഹിന്ദിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അത് ആ രാഷ്ട്രീയ കക്ഷിയെത്തന്നെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചരിത്രം പറയും. ഭാഷാസമരങ്ങളുടെ ധാര്‍മ്മികബലത്തില്‍ 1967-ല്‍ തമിഴ്നാട്ടില്‍ ദ്രാവിഡകക്ഷികള്‍ ജയിച്ചുകയറിയതിനുശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ആ സംസ്ഥാനത്ത് കാര്യമായ സ്വാധീനമുണ്ടായിട്ടില്ല. നിലവില്‍ ഹിന്ദി എന്ന ഭാഷ മൂന്നു ഭീഷണികള്‍ നേരിടുന്നുണ്ട്. കൃത്രിമമായി ഒരു വ്യക്തിത്വവും മത-സാംസ്‌കാരിക പശ്ചാത്തലവും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ആ ഭാഷ വ്യാപകമായി സംസ്‌കൃതത്തെ ആശ്രയിക്കുന്നത് അതിന്റെ ജനകീയത ഇല്ലാതാക്കി അതിനെ ഗ്രന്ഥ് ഭാഷയാക്കും എന്നതാണ് ഒന്നാമത്തേത്. ഇപ്പോള്‍ത്തന്നെ സിനിമയിലും പാട്ടിലുമെല്ലാം ഹിന്ദുസ്ഥാനിയെന്നു വിളിക്കാവുന്ന ജനഭാഷയാണ് പ്രയോഗത്തിലുള്ളത്. രണ്ടാമത്തേത് ആഗോളവല്‍ക്കരണകാലത്ത് പ്രാദേശിക ഭാഷകള്‍ക്ക് ഉയര്‍ന്നുവരാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഹിന്ദുസ്ഥാനിയുടെ ബ്രജ്, അവധ് പാരമ്പര്യങ്ങളിലുള്ള അനേകം നാട്ടുഭാഷകള്‍, നാഗ്പൂരി, ഭോജ്പൂരി, രാജസ്ഥാനി, ഛത്തീസ്ഗഡ് തുടങ്ങിയ ഭാഷകള്‍ സ്വതന്ത്ര ഭാഷകളായി ഉയരാനുള്ള സാധ്യതയാണ്. ഇന്ത്യയില്‍ നിലവില്‍ എട്ടാം പട്ടികയിലുള്‍പ്പെടുത്തി ഭരണഘടനാ പരിരക്ഷയുള്ള ഭാഷകള്‍ 22 ആണ്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് ഇതിനു പുറമെയുണ്ട്. കൊങ്കണി, മൈഥിലി തുടങ്ങിയ ഭാഷകള്‍ പിന്നീട് ഈ പട്ടികയിലേയ്ക്ക് ചേര്‍ക്കപ്പെട്ട ഭാഷകളാണ്. ഈ 22 ഭാഷകള്‍ക്കു പുറമെ 44 ഭാഷകള്‍ ഭരണഘടനാ പരിരക്ഷയുള്ള എട്ടാം പട്ടികയില്‍ ഇടം നേടാനുള്ള അവകാശവാദമുന്നയിക്കുന്നുണ്ട്. ഇതില്‍ പകുതിയിലധികം ഭാഷകള്‍ ഇന്തോ ആര്യന്‍ ഭാഷകളും നിലവില്‍ ഹിന്ദിയുടെ പ്രാദേശിക ഭേദങ്ങളായി അറിയപ്പെടുന്നവയുമാണ്. ഇവയില്‍ മിക്ക ഭാഷകളും വിപുലമായ ചരിത്രവും സാഹിത്യസമ്പത്തുമുള്ളവയും പല സംസ്ഥാനങ്ങളിലും ഔദ്യോഗിക ഭാഷാപദവിയുള്ളവയുമാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മര്‍മ്മമറിഞ്ഞ് മുന്നേറിയാല്‍ ഇവയില്‍ പല ഭാഷകളും ദേശീയ ഭാഷകളായി അംഗീകരിക്കപ്പെട്ടേക്കും. ഇക്കൂട്ടത്തില്‍ പ്രാകൃത്, പാലി, രാജസ്ഥാനി, മണിപ്പൂരി തുടങ്ങിയ ഭാഷകള്‍ യു.ജി.സി പഠനവകുപ്പുകളായി അംഗീകരിച്ച് യോഗ്യതാപരീക്ഷ നടത്തുന്നവയാണ്. ദേശീയഭാഷകളില്‍ ചിലത് യു.ജിസിയുടെ പട്ടികയില്‍ കാണുന്നുമില്ല. ഭാഷകള്‍ സ്വതന്ത്ര ഭാഷകളായി അംഗീകാരം നേടുന്ന മുറയ്ക്ക് സംസാരിക്കുന്ന ജനങ്ങളുടെ എണ്ണത്തില്‍ ഹിന്ദിക്ക് വലിയ ഇടിവുണ്ടാകും. മൂന്നാമത്തെ കാര്യം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തെക്കേ ഇന്ത്യയും ഹിന്ദിയോടുള്ള പ്രതിരോധം ശക്തിപ്പെടുത്തും എന്നതാണ്. 2014-ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹിന്ദിക്കു പ്രാധാന്യം കൊടുക്കണം എന്ന മട്ടില്‍ സര്‍ക്കാര്‍ നീക്കങ്ങളുണ്ടായപ്പോള്‍ ഹിന്ദിയിതര സംസ്ഥാനങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു. ഹിന്ദിയെ മുന്‍നിര്‍ത്തിയുള്ള പുതിയ വാദഗതികളും വ്യാപകമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

സാങ്കേതികവിദ്യ ഭാഷയെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഭാഷകളുടെ ലിപിയേതായാലും തങ്ങള്‍ക്കു പരിചിതമായ ലിപിയിലേക്കു മാറ്റാന്‍ സിലബിക് ലിപികളുള്ള ഇന്ത്യന്‍ ഭാഷകള്‍ക്കു വലിയ പ്രയാസമില്ല. ഒരു ട്രാന്‍സ്ലേഷന്‍ ആപ്പുണ്ടെങ്കില്‍ ലോകത്തെവിടെയും കേവലമായ ആശയവിനിമയവും എളുപ്പമാണ്. വരും വര്‍ഷങ്ങളില്‍ ഈ മേഖല ഇനിയും വികസിക്കുകയും ചെയ്യും. പുതിയ കാലത്ത് ഏതെങ്കിലും ഭാഷകള്‍ ദേശീയതയുടെ പേരില്‍ മറ്റു ഭാഷകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഒരു യുക്തിയുമില്ല. ഇന്ത്യയില്‍ നിയമമോ നികുതിയോ ഒക്കെ ഏകീകരിക്കാന്‍ പറ്റുമെങ്കിലും സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യത്യസ്ത ഭാഷകള്‍ എന്ന സങ്കല്പം ഇല്ലാതാവുന്ന കാലത്തല്ലാതെ ഇന്ത്യയെ ഭാഷാപരമായി ഏകീകരിക്കാന്‍ സാധിക്കുകയേ ഇല്ല.     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com