മാതൃഭാഷാവാദം മൗലികവാദമോ?: ഉമ്മര്‍ ടികെ എഴുതുന്നു

സ്വന്തം ഭാഷയോടുള്ള ഈ നിന്ദ, അപകര്‍ഷത മലയാളിയുടെ അബോധത്തിലുള്ളതാണ്.
മാതൃഭാഷാവാദം മൗലികവാദമോ?: ഉമ്മര്‍ ടികെ എഴുതുന്നു

ന്ദുലേഖയിലെ കഥാപാത്രങ്ങളെ ഭാഷയുടെ കണ്ണിലൂടെ സമീപിച്ചാല്‍ ചില സവിശേഷതകള്‍ നമുക്കു ദര്‍ശിക്കാനാവും. പ്രധാന കഥാപാത്രങ്ങളായ ഇന്ദുലേഖയും മാധവനും ഇംഗ്ലീഷും സംസ്‌കൃതവുമറിയുന്നവരാണ്. ചെറുശ്ശേരിക്ക് സംസ്‌കൃതമറിയാം. ഇവരെല്ലാം ഉല്‍കൃഷ്ട കഥാപാത്രങ്ങളാവുന്നതിന്റെ ഒരു കാരണം ഈ ഭാഷാജ്ഞാനമാണ്. ഇംങ്കരീസ് അറിയാത്ത ആളാണ് സൂരിനമ്പൂതിരിപ്പാട്. കാളിദാസനെ വ്യാഖ്യാനിക്കാനുമയാള്‍ക്കറിയില്ല. അതേസമയം തന്റെ മാതൃഭാഷയില്‍ സരസമായി സംസാരിക്കുന്നയാളാണ്. കളിഭ്രാന്തെന്ന ഒരു രസികന്‍ വാക്കു തന്നെ അദ്ദേഹം മലയാള സാഹിത്യനിഘണ്ടുവിലേക്കു സംഭാവന ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സൂരിനമ്പൂതിരിപ്പാട് നോവലിസ്റ്റിന്റെ കണ്ണില്‍ അപകൃഷ്ട ചേരിയിലാവുന്നതിന്റെ കാരണങ്ങളിലൊന്ന് അയാള്‍ക്ക് സംസ്‌കൃതമോ ഇംഗ്ലീഷോ അറിയില്ല എന്നതാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസവും സംസ്‌കൃതവിദ്യാഭ്യാസവും നേടിയ ആളായിരുന്നു ചന്തുമേനോന്‍. പക്ഷേ, അദ്ദേഹം രചന നടത്തിയത് മലയാളത്തിലാണ്. കുലീന ഭാഷയായ സംസ്‌കൃതത്തോടും അധീശഭാഷയായ ഇംഗ്ലീഷിനോടുമുള്ള ആ വിധേയത്വം മലയാളത്തിലെ ഒന്നാമത്തെ നോവലെഴുതിയ ആളുടെ മനോഘടനയില്‍ത്തന്നെയുണ്ട്. 

സ്വന്തം ഭാഷയോടുള്ള ഈ നിന്ദ, അപകര്‍ഷത മലയാളിയുടെ അബോധത്തിലുള്ളതാണ്. ആദ്യം സംസ്‌കൃതവും പിന്നീട് ഇംഗ്ലീഷും അധികാരത്തിന്റെ ഭാഷകളായി നമ്മെ ഭരിച്ചു. അധികാരത്തിന്റെ ഭാഷകള്‍ ഭേദപ്പെട്ടതും ജനതയുടെ മാതൃഭാഷ അടുക്കളഭാഷയുമായി മാറുന്നു. ബ്രിട്ടീഷ് പക്ഷപാതിയായിരുന്ന ചന്തുമേനോന്റെ മനോഘടനയില്‍നിന്നും ഇന്നും മലയാളിക്കു മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല എന്നു സമീപകാലത്തെ ചില ചര്‍ച്ചകളില്‍നിന്നും വ്യക്തമാവുന്നു. 

ഈ വിധേയത്വമനോഭാവം കോളനിസമൂഹങ്ങളുടെ ശാപമാണ്. സ്വന്തം ഭാഷയോട് കാണിക്കുന്ന നിന്ദ മലയാളിയുടെ ആത്മബോധമില്ലായ്മയുടെ സൂചനയാണ്. ആത്മനിന്ദയും അപകര്‍ഷതയും നിറഞ്ഞ ഇത്തരം സമൂഹങ്ങളില്‍നിന്നു പകര്‍പ്പുകളല്ലാതെ ഉന്നതമായ ചിന്തകളോ കണ്ടുപിടുത്തങ്ങളോ കലാസൃഷ്ടികളോ ഉണ്ടാവുകയില്ലെന്ന് കേസരി മുന്‍പുതന്നെ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഭാഷ ഒരു സമരത്തിന്റേയും ചര്‍ച്ചയുടേയും വിഷയമായി വന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ കേസരിയുടെ നിരീക്ഷണത്തിനു വലിയ പ്രസക്തിയുണ്ട്. ഇവിടെ ആദ്യമായി നടക്കാനിരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃഭാഷയില്‍ കൂടി വേണം എന്നതാണ് സമരക്കാര്‍ മുന്നോട്ടു വെച്ച മുഖ്യമായ ആവശ്യം. സമരങ്ങള്‍ സ്വാഭാവികമായും സംവാദങ്ങള്‍ക്കുള്ള അവസരം കൂടിയായതു കൊണ്ട് അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഉയര്‍ന്നു വരാം. എം.ടി., സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, എന്‍.എസ്. മാധവന്‍, കെ.ആര്‍. മീര തുടങ്ങിയവര്‍ സമരത്തിനു ശക്തമായ പിന്തുണയുമായി രംഗത്തെത്തി. പുരോഗമന കലാസാഹിത്യസംഘവും ശാസ്ത്രസാഹിത്യ പരിഷത്തും സമരത്തിനൊപ്പം ചേര്‍ന്നു. വിവാദത്തിലകപ്പെട്ട് പരിഹാസ്യതയിലായ പി.എസ്.സി, സമരക്കാരുടെ ആവശ്യങ്ങള്‍ക്കെതിരെ, മലയാളത്തിലാക്കിയാല്‍ ചോദ്യങ്ങള്‍ ചോരും, സാങ്കേതിക പദങ്ങള്‍ മലയാളത്തിലില്ല തുടങ്ങിയ വിചിത്രവാദങ്ങളുമായി വന്നത് അതിനെ കൂടുതല്‍ അപഹാസ്യമാക്കി. ഏതായാലും 19 ദിവസം നീണ്ടുനിന്ന സമരം മുഖ്യമന്ത്രിയും പി.എസ്.സിയുമായി നടന്ന ചെറിയ ചര്‍ച്ച ണ്ടു ന്നെ പിന്‍വലിക്കപ്പെട്ടു. മാതൃഭാഷയ്ക്കു പ്രാധാന്യം കൊടുക്കുക എന്നത് പ്രകടനപത്രികയിലെ നയം തന്നെയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. പി.എസ്.സിയുടെ കാര്യത്തില്‍ എന്താണിവിടെ സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കെ. സേതുരാമന്‍ ഐ.പി.എസിന്റെ മലയാളത്തിന്റെ ഭാവി എന്ന പുസ്തകത്തിലെ ഏതാനും വരികള്‍ ഉദ്ധരിക്കാം. ''ഒറ്റ ഭാഷ മാത്രം നിലവിലുള്ളതും ഒറ്റ ഔദ്യോഗിക ഭാഷയുള്ളതുമായ ഇന്ത്യന്‍ സംസ്ഥാനങ്ങളും ഉപസഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും തദ്ദേശീയ ഭാഷകളെ ശാക്തീകരിക്കുന്നില്ല. ഇവിടെയെല്ലാം പുലര്‍ന്നുപോരുന്ന വികലമായ നയങ്ങള്‍ക്കു കാരണം, ശക്തവും പ്രമുഖവുമായ നയരൂപീകരണ ബോര്‍ഡുകളില്‍ പ്രമാണിവര്‍ഗ്ഗങ്ങള്‍ അംഗങ്ങളായിരിക്കുന്നതാണ്. ഉദ്യോഗസ്ഥ തീരുമാനങ്ങള്‍ ജനാധിപത്യത്തേയും നിയന്ത്രിക്കുന്നു.'' (പേജ് 89)

ഏതൊരു സമരവും പ്രസക്തമാവുന്നത് അത് മുന്നോട്ടു വെക്കുന്ന ആശയമേഖലകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. കോളനിസമൂഹങ്ങളില്‍ അവിടുത്തെ ഭരണകൂടവും സമൂഹവും തമ്മിലുള്ള വൈരുധ്യത്തില്‍ ഭാഷ മുഖ്യമായ പങ്കുവഹിക്കുന്നുണ്ട്. ഇത് കോളനിവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ മുഴുവന്‍ ധര്‍മ്മസങ്കടമാണ്. ജാതിസമൂഹങ്ങളിലാകട്ടെ, അത് ഇരട്ടപ്രഹരവുമായിത്തീരുന്നു. മറ്റേതു സമൂഹത്തിലും മാതൃഭാഷ വിദ്യാഭ്യാസത്തിനും ചിന്തയ്ക്കും ഉതകുന്ന ജ്ഞാനഭാഷയായി വളരുമ്പോള്‍ കോളനിരാജ്യങ്ങളിലെ ജനത ഭാഷാവൈകല്യമുള്ളവരായി മാറുന്നു. താന്‍ ചിന്തിക്കുന്ന ഭാഷയില്‍ തനിക്ക് സ്വാഭാവികാവിഷ്‌കാരം നിഷേധിക്കപ്പെടുന്നു എന്നതാണ് അവിടെ വ്യക്തിക്കേല്‍ക്കുന്ന ആദ്യപ്രഹരം. അവന്‍ വിക്കുകയും വിളറുകയും ചെയ്യുന്നു. ആധുനികമായ അറിവും ജനതയും തമ്മിലുള്ള ബന്ധവും ഇത്തരം സമൂഹങ്ങളില്‍ ശിഥിലമായിത്തീരുന്നു. അധികാരത്തിലേക്കും ജ്ഞാനമണ്ഡലങ്ങളിലേക്കും ഉപരിവര്‍ഗ്ഗത്തിനു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന അവസ്ഥയും സംജാതമാവുന്നു.      ബോധനമാധ്യമം മാതൃഭാഷയിലാവുക എന്നത് ലോകത്തെവിടെയും അടിസ്ഥാന മനുഷ്യാവകാശമാണ്. അറിവ് ദഹിച്ച് ശരീരധാതുക്കളായി മാറണമെങ്കില്‍ മാതൃഭാഷ തന്നെ വേണമെന്ന് രാജരാജവര്‍മ്മ എത്രയോ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഈ ദഹനക്കേടു കാരണമാണ് സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനത ജ്ഞാനത്തിന്റെ കാര്യത്തില്‍ ഇന്നും ഗ്രഹണിബാധിതരായി കഴിയുന്നത്. വിമോചനത്തിനു സഹായകമാവേണ്ട അറിവ് വെറും വിവരശേഖരണം മാത്രമായി മാറുന്നു. ആ വിവരങ്ങള്‍കൊണ്ട് വളരെ ചെറിയൊരു ശതമാനത്തിന് എന്തെങ്കിലും തൊഴില്‍ ലഭിച്ചേക്കാം. അതിനപ്പുറം ആ അറിവുകള്‍ വ്യക്തിയുടെ മനസ്സിനെ ഒരിക്കലും സ്വാധീനിക്കാതെ പോകുന്നു. ശാസ്ത്രത്തില്‍ ഉന്നതബിരുദം നേടിയ ഭൂരിഭാഗം പേരും എന്തുകൊണ്ട് ആ ശാസ്ത്രബോധമുള്ളവരാകുന്നില്ല എന്നതിനു കാരണം സ്വാംശീകരിക്കാത്ത അറിവും ജീവിതവും തമ്മിലുള്ള വിള്ളലാണ് എന്നു മനസ്സിലാക്കാന്‍ കഴിയും. 
ഇംഗ്ലീഷ് ഒരു ഭാഷയായിത്തന്നെ പഠിക്കുകയും അതേസമയം ബോധനമാധ്യമം മാതൃഭാഷയിലാവുകയും വേണമെന്നത് സാമാന്യബുദ്ധിക്കു നിരക്കുന്ന കാര്യം മാത്രമാണ്. ഇന്ത്യയെ ഒരുമിപ്പിക്കാന്‍ ഒരു ഭാഷ എന്ന അപകടകരമായ നിര്‍ദ്ദേശം അമിത്ഷാ മുന്നോട്ടു വെച്ചത് ഓര്‍ക്കുമല്ലോ. ഹിന്ദി കുറച്ചുകൂടി പരിചയിക്കാന്‍ അത് ഒരു ഭാഷയായി പഠിക്കുന്നതു കൂടാതെ സ്‌കൂളില്‍ ഒരു വിഷയം, സാമൂഹ്യപാഠമാകട്ടെ, ഹിന്ദിയില്‍ പഠിക്കണം എന്നു നിര്‍ദ്ദേശിച്ചാല്‍ നമുക്കതിലെ അസംബന്ധം ബോധ്യപ്പെടും. എങ്കില്‍ ഇതേ അസംബന്ധം തന്നെയാണ് ഇംഗ്ലീഷിന്റെ കാര്യത്തില്‍ ശീലം കൊണ്ട് യുക്തിപൂര്‍വ്വമായി തോന്നുന്നത് എന്നു നമുക്കു തിരിച്ചറിയാനാവണം. 
അധികാരവും ജാതിയും തമ്മിലുള്ള ബന്ധം പ്രമേയമായ പരിയേറും പെരുമാള്‍ എന്ന തമിഴ് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ആകസ്മികമായ ജാതിജന്മത്തില്‍നിന്ന് മോചിതനാവാന്‍ കഴിയാതെ സ്വയമൊടുങ്ങിയ രോഹിത് വെമുലയോട് സാമ്യമുണ്ട് ഇതിലെ നായകനായ പരിയേറും പെരുമാളിന്. പിന്നോക്കക്കാര്‍ വസിക്കുന്ന കുഗ്രാമത്തില്‍നിന്നും തിരുനെല്‍വേലിയിലെ ലോ കോളേജില്‍ പഠിക്കാനെത്തുന്ന പെരുമാളിന് ജാതിയുടെ പിന്‍ബഞ്ചാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സിനിമ പല അടരുകളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെരുമാള്‍ ക്ലാസ്സില്‍ എങ്ങനെ അന്യവല്‍ക്കരിക്കപ്പെടുന്നു എന്ന കാര്യം അധികമാരും ശ്രദ്ധിച്ചു കാണുന്നില്ല. ജാതി മാത്രമല്ല, അതിനു കാരണം ഭാഷ കൂടിയാണ്. തനിക്ക് അപരിചിതമായ ഒരു ഭാഷയിലാണ് അവിടെ പഠനം നടക്കുന്നത്. വളരെ സ്വാഭാവികമായി കുറച്ചു കാലം അവിടെ തള്ളിനീക്കി പഠനമുപേക്ഷിച്ച് തന്റെ ഗ്രാമത്തിലേക്കു തിരിച്ചുപോകേണ്ട പെരുമാളിനു പഠനത്തില്‍ തുടരാന്‍ കഴിയുന്നത് ജോ എന്ന പെണ്‍കുട്ടിയുടെ സഹായമുള്ളതു കൊണ്ടു മാത്രമാണ്. ജാതിപോലെ ഭാഷയും എങ്ങനെ അറിവില്‍നിന്നും അതിലൂടെ അധികാരത്തില്‍നിന്നും ദരിദ്രരേയും പിന്നോക്കക്കാരനേയും പുറന്തള്ളുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ് ഇത് സൂചിപ്പിച്ചത്. 

രണ്ടാം ഭാഷയില്‍ പഠനം നടത്തേണ്ടിവരുന്ന വ്യക്തികളുടെ അന്യവല്‍ക്കരണത്തെപ്പറ്റി ഈഗിള്‍ടണിലോ ഗ്രാംഷിയിലോ തപ്പിയാല്‍ കാണാത്തത് അവരുടെ അനുഭവപരിസരങ്ങള്‍ക്കന്യമായ കോളനിസമൂഹങ്ങളുടെ സവിശേഷ സാഹചര്യമായതു കൊണ്ടാണ്. ആഫ്രിക്കയില്‍ അതു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മലേഷ്യയില്‍ 2002-ല്‍ മലായ്, ചൈനീസ്, തമിഴ് എന്നീ മാതൃഭാഷകള്‍ക്കു പകരം ശാസ്ത്രവും കണക്കും ഇംഗ്ലീഷിലേക്കു മാറ്റി. ആറു വര്‍ഷത്തിനുശേഷം നടത്തിയ പഠനത്തില്‍ ആ പരീക്ഷണം പരാജയമാണെന്നു തിരിച്ചറിഞ്ഞു. അനേകം ഇംഗ്ലീഷ് പദങ്ങളല്ല, ആശയങ്ങള്‍ ഇംഗ്ലീഷിലൂടെയാവുമ്പോഴുള്ള പ്രതിസന്ധിയാണ് കുട്ടികള്‍ അനുഭവിക്കുന്നതെന്ന് അവര്‍ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ 2009-ല്‍ പഠനം അവരുടെ മാതൃഭാഷകളിലേക്കു മാറ്റി.  

കോളമെഴുത്തുകാരന്റെ
വിഷയ ദാരിദ്ര്യം

ഏത് ഭാഷയ്ക്കും വിമോചന സ്വഭാവവും വിധ്വംസക സ്വഭാവവുമുണ്ടാകും. നമ്മുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഭാഷയാണ് ഇംഗ്ലീഷ്. നമ്മുടെ ചിന്താലോകങ്ങളെ അത് വിപുലപ്പെടുത്തി. ജനതയെ വിമോചിപ്പിക്കുന്ന ഭാഷയുടെ ആ ധര്‍മ്മം നാം വിസ്മരിച്ചുകൂടാത്തതാണ്. ഭാഷയുടെ ജനകീയ സ്വഭാവമാണത്. അതേസമയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഭരണനിര്‍വ്വഹണം നടത്താനുള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന കെ.എ.എസ് പോലൊരു പരീക്ഷയില്‍ വിനിമയ ഭാഷ ഇംഗ്ലീഷ് മാത്രമാക്കുക എന്നത് പല സാഹചര്യങ്ങള്‍കൊണ്ട് ഇംഗ്ലീഷ് ഭാഷയില്‍ പിന്തള്ളപ്പെട്ടുപോയ സാമാന്യ ജനതയെ അരിച്ചുകളയാനുള്ള ഉപാധിയായി മാറുന്നു. ഇവിടെ ഭാഷയുടെ വിധ്വംസക സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത്. 

നമുക്കു സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്ന് നാരായണഗുരു പറയുമ്പോള്‍ ഗുരു ബ്രിട്ടീഷ് പക്ഷപാതിയാവുകയല്ല, മറിച്ച് ഇംഗ്ലീഷ് കൊണ്ടുവന്ന വിമോചനാശയങ്ങളുടെ വെളിച്ചത്തില്‍ ഇവിടെ നിലനിന്ന ബ്രാഹ്മണ്യം മനുഷ്യവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുകയാണ്. ഇന്ത്യക്കാരെല്ലാം ഒന്നിച്ചു തുപ്പിയാല്‍ മുങ്ങിപ്പോകാവുന്നതേയുള്ളൂ ബ്രിട്ടീഷുകാര്‍ എന്നൊരു ശിഷ്യന്‍ ഗുരുവിനോടു പറഞ്ഞപ്പോള്‍ ശരിയാണ് പക്ഷേ, അവരെ കാണുമ്പോള്‍ തുപ്പലു വറ്റുകയല്ലേ എന്ന മറുപടിയില്‍ ഗുരുവിന്റെ കാഴ്ചപ്പാടുണ്ട്. ഒരേസമയം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന മാനവീയതയെ ഉള്‍ക്കൊള്ളുകയും അതേസമയം അവരുടെ ആധിപത്യത്തെ തള്ളിക്കളയുകയും ചെയ്തു അദ്ദേഹം. ഗാന്ധിജിയോ വള്ളത്തോളോ കണ്ട ബ്രിട്ടീഷുകാരെയല്ല, നാരായണഗുരുവും ആശാനും കണ്ടത്. നില്‍ക്കുന്ന ഇടമാണ് കാഴ്ചയെ നിര്‍ണ്ണയിക്കുന്നത്. മുഹമ്മദ് അബ്ദുറഹിമാനെപ്പോലുള്ള പോരാളികള്‍ക്കെതിരെ ബ്രിട്ടീഷധികാരികള്‍ക്കൊപ്പം ഇവിടുത്തെ നാടന്‍ അധികാരി വര്‍ഗവും ഒത്തുചേര്‍ന്നിരുന്നു എന്നത് അന്നത്തെ യാഥാര്‍ത്ഥ്യമായിരുന്നു. ആ ജന്മിവര്‍ഗ്ഗത്തിന്റെ നോട്ടത്തിന്റെ തുടര്‍ച്ചയാണ് നിര്‍ഭാഗ്യവശാല്‍ ഹമീദ് ചേന്നമംഗലൂരിനെപ്പോലുള്ളവരുടെ കാഴ്ചകളിലുള്ളത്. ഇന്ത്യക്കാര്‍ ഭരിക്കാന്‍ പ്രാപ്തരായില്ല എന്ന ബ്രിട്ടീഷുകരുടേയും അന്നത്തെ ബ്രിട്ടീഷനുകൂലികളുടേയും മനോഭാവത്തിന്റെ തുടര്‍ച്ചയാണിത്. ഒരു സമരരംഗത്ത് ഓരോ പക്ഷത്തുമുള്ളവര്‍ ഉയര്‍ത്തുന്ന വൈകാരിക പ്രതികരണങ്ങളെ മാത്രമെടുത്ത് ഉപരിപ്ലവമായി കാര്യങ്ങളെ കാണേണ്ടിവരുന്നത് കോളമെഴുത്തിലെ വിഷയദാരിദ്ര്യം കൊണ്ടാകാം. മതമൗലികവാദങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന അദ്ദേഹത്തിന്റെ ചിന്തകള്‍ ഈ മേഖലയില്‍ ആഴത്തില്‍ സഞ്ചരിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.     


കെ.എ.എസ് പോലൊരു പരീക്ഷ അടിസ്ഥാനപരമായി ആരെ സംബോധന ചെയ്യുന്നു എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തില്‍ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള ഒരു വെണ്ണപ്പാളി സമൂഹത്തിന് മാത്രം എളുപ്പത്തില്‍ ചാടിക്കടക്കാന്‍ പറ്റുന്നവിധം മത്സരത്തിന്റെ കടമ്പകള്‍ ചിട്ടപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തില്‍ ഭരണനിര്‍വ്വഹണം നടത്തേണ്ടത് ഇംഗ്ലീഷറിയുന്നവരാകണം എന്ന യുക്തി അംഗീകരിക്കുകയാണെങ്കില്‍ അതിനേക്കാള്‍ പ്രധാനമായ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇംഗ്ലീഷ് പ്രാവീണ്യം നേടിയിട്ട് രാഷ്ട്രീയത്തിലിറങ്ങിയാല്‍ മതി എന്ന വാദം ഉയര്‍ന്നുകൂടായ്കയില്ല. 

ജാതിയും അധികാരവും ജനതയില്‍ സൃഷ്ടിക്കുന്ന ഉല്‍ക്കര്‍ഷതയും അപകര്‍ഷതയും അതിതീവ്രമായിരിക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പെട്ടെന്നൊന്നും കുടഞ്ഞെറിയാന്‍ കഴിയാത്തവിധം ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ അബോധത്തില്‍ കൂടുകൂട്ടുന്നു. വീട്ടില്‍ വരുന്ന ഏത് തമിഴരോടും തമിഴ് സംസാരിക്കാന്‍ നാം മടിക്കാറില്ല. വ്യാകരണമൊന്നും നമുക്ക് മുഖ്യ വിഷയമാകാറേയില്ല. ആശയവിനിമയമാണ് പ്രധാനം. പക്ഷേ, തമിഴിനേക്കാള്‍ കുറച്ചുകൂടി നമുക്കറിയാവുന്ന ഇംഗ്ലീഷ് സംസാരിക്കാന്‍ നാം ഭയക്കുന്നത്, ആ ഭാഷ അധികാരത്തിന്റെ ഭാഷയാണെന്ന നമ്മുടെ അബോധ ചിന്തകൊണ്ടാണ്. നമ്മുടെ വീട്ടില്‍ വരുന്ന തമിഴന്‍ അവന്റെ തൊഴില്‍കൊണ്ടോ മറ്റു സാഹചര്യങ്ങള്‍കൊണ്ടോ നമ്മെക്കാള്‍ താഴെയായി നാം പ്രതിഷ്ഠിക്കുന്നു. അവന്റെ ഭാഷയേയും അത്തരത്തില്‍ കാണുന്നു. നമ്മുടെ നേതാക്കള്‍ ഇംഗ്ലീഷ് പറയുമ്പോള്‍ വരുന്ന തെറ്റുകള്‍ ട്രോളുകളായി മാറുമ്പോള്‍, ഇംഗ്ലീഷിനെക്കാള്‍ പാരമ്പര്യമുള്ള തമിഴ് സംസാരിക്കുമ്പോഴുള്ള തെറ്റുകള്‍ പരിഹാസ്യമായി മാറാത്തത് ജാതിശ്രേണിയില്‍ വളര്‍ന്ന നമ്മുടെ മനസ്സില്‍ രൂപപ്പെട്ട അധികാരത്തോടുള്ള വിധേയത്വവും താഴെത്തട്ടിലുള്ളവരോടുള്ള പുച്ഛവുമാണെന്നു കാണാന്‍ കഴിയും. ഇതിനെയാണ് മാനസികമായ അടിമത്തം എന്നു പറയുക.     

ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഐ.എ.എസ് പോലുള്ള പരീക്ഷകള്‍പോലും മലയാളത്തിലെഴുതാമെന്നിരിക്കെ കേരളത്തിലെ ഭരണനിര്‍വ്വഹണരംഗത്തേക്കുള്ള പരീക്ഷ മലയാളത്തില്‍ക്കൂടി നടത്തണം എന്നു പറയുന്നതാണോ, മലയാളമതിനു പാകമായില്ല ഇംഗ്ലീഷില്‍ മാത്രമേ പാടുള്ളൂ എന്നു പറയുന്നതാണോ യഥാര്‍ത്ഥത്തില്‍ മൗലികവാദം? ഭാഷാവൈവിധ്യങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ നയം വ്യക്തമാണല്ലോ. ഭാവിയില്‍ കേന്ദ്രത്തിലേക്കു നടക്കുന്ന പരീക്ഷകളെല്ലാം ഹിന്ദിയിലാക്കാനുള്ള നീക്കം നടന്നേക്കാം. അത് കേരളീയരെ എങ്ങിനെ ബാധിക്കും? അതിനെതിരെ ശബ്ദിക്കണമെങ്കില്‍ നാം എന്തു യുക്തി ഉപയോഗിക്കും? (തീര്‍ച്ചായും ഒരു വെണ്ണപ്പാളിസമൂഹം അടുത്ത ദിവസം മുതല്‍ തന്നെ കുട്ടികളെ ഹിന്ദിതീവ്രപരിശീലനത്തിനയച്ച് ആ നിലപാടിനെ സ്വാഗതം ചെയ്‌തേക്കും.) ഹിന്ദി നമ്മുടെ ദേശീയഭാഷയല്ലേ, സ്‌കൂളുകളില്‍ ഹിന്ദി പഠിക്കുന്നില്ലേ എന്നു വാദിച്ചാല്‍ എന്തു മറുപടി പറയും? ഇപ്പോള്‍ തന്നെ പ്ലസ് ടുവിനുശേഷം എല്ലാവരും ഇംഗ്ലീഷിലാണല്ലോ പി.എസ്.സി എഴുതുന്നത്, അത് ഹിന്ദിയിലേക്കു മാറ്റിയാല്‍ എന്താ കുഴപ്പം എന്നു ചോദിച്ചാല്‍? 
നീതിയും യുക്തിയുമെല്ലാം കാലദേശങ്ങള്‍ക്കനുസരിച്ച് വിഭിന്നമായിരിക്കും. കേന്ദ്രത്തിലേക്കു നടക്കുന്ന പരീക്ഷകളില്‍ ഒരു ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷുപയോഗിക്കുന്നതാണ് ഉചിതം. ഇംഗ്ലീഷിന്റെ കൂടെ ഹിന്ദിയുമുണ്ട്. അത് ഹിന്ദി ബെല്‍ട്ടിലെ സാധാരണക്കാര്‍ക്ക് മാതൃഭാഷയുടെ ഒരധിക പരിഗണന നല്‍കുന്നു. ഹിന്ദിയിതര സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ അതില്‍നിന്നും പിന്തള്ളപ്പെടുന്നുണ്ട്. യു.പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ എല്ലാ മാതൃഭാഷകളിലും നടത്തുന്നതാണ് ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ആ നീതി ലഭിക്കാനുള്ള സാധ്യത ഇല്ലാതിരിക്കെ, ഹിന്ദിയെക്കാള്‍ കുറച്ചുകൂടി പരിചയമുള്ള ഇംഗ്ലീഷ് ലഭിക്കുന്നത് ചെറിയൊരാശ്വാസമെന്നേ പറയാനാവൂ. അതേസമയം കേരളത്തില്‍ നടക്കുന്ന പരീക്ഷയില്‍ മാതൃഭാഷകള്‍ക്കു മുഖ്യപരിഗണന കൊടുക്കുക എന്നതാണ് ഇവിടത്തെ നീതി. മലയാളമറിയാതെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു പോയവര്‍ക്ക് വേണ്ടി ഇംഗ്ലീഷിലും ചോദ്യങ്ങള്‍ വേണം എന്നത് അവരെയും ഉള്‍ച്ചേര്‍ക്കുന്ന മാനുഷികതയാണ്. 
എന്നാല്‍, ഇംഗ്ലീഷിനെ നിരാകരിക്കണമെന്ന ഒരാവശ്യവും സമരക്കാരുന്നയിച്ചിട്ടില്ല. (സ്വന്തം നാട്ടില്‍ വെള്ളക്കാര്‍ക്കൊപ്പം ഞങ്ങള്‍ക്കു കൂടി അല്പം സ്ഥലം വേണം എന്നു മാത്രമാണവര്‍ പറഞ്ഞത്.) ഇംഗ്ലീഷിനെ മറ്റു വിഷയങ്ങളുടെ ചെലവിലല്ലാതെ ഒരു ഭാഷയായിത്തന്നെ പഠിക്കണമെന്നാണ് അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് നമ്മുടെ കുട്ടികളെ മറ്റു രാജ്യങ്ങളിലെത്തിക്കാന്‍ സഹായകമായ ബന്ധഭാഷയാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ, കേരളത്തില്‍ ആദ്യമായി കെ.എ.എസ് പരീക്ഷ നടക്കാനിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തില്‍ ഇംഗ്ലീഷിന്റെ വിമോചനമൂല്യമല്ല, ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവനെ അധികാരത്തില്‍നിന്നും പുറന്തള്ളുക എന്ന വിധ്വംസക സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ പറ്റും. ഇംഗ്ലീഷ് ബോധനമാധ്യമമായ എല്ലാ കോളനി രാജ്യങ്ങളിലും സമൂഹത്തിലെ ഉപരിവര്‍ഗ്ഗം അറിവിന്റെ കുത്തക നേടുകയും ദരിദ്രരെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജാതി അതിശക്തമായ ഇന്ത്യപോലുള്ള സമൂഹങ്ങളില്‍ പിന്നോക്കക്കാരാണ് ഈ പുറന്തള്ളലിനു കൂടുതല്‍ ഇരകളായി മാറുന്നത്. 

കേരളത്തിലെ ഒരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇവിടുത്തെ ഉപരിവര്‍ഗ്ഗത്തിന് പണംകൊണ്ടും സാംസ്‌കാരിക മൂലധനംകൊണ്ടും സ്വായത്തമാക്കാന്‍ കഴിയുന്ന ഇംഗ്ലീഷ് വിനിമയത്തിലെ അറിവാണോ അതോ മലയാളികളോട് മുഴുവന്‍ സംസാരിക്കാന്‍ കഴിയുന്ന മാതൃഭാഷയിലുള്ള പ്രാഗല്‍ഭ്യമാണോ പ്രധാനം എന്നതാണ് മുഖ്യമായ ചോദ്യം. കെ.എ.എസിന്റെ ആലോചനാ ഘട്ടത്തില്‍ സംവരണം ഈ തസ്തികയില്‍നിന്നും ഒഴിവാക്കണമെന്ന വാദമുയര്‍ന്നിരുന്നു എന്നോര്‍ക്കുമ്പോള്‍ മാത്രമേ ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന സാമൂഹിക നീതിക്കെതിരായിരുന്നു ആദ്യം മുതലേ പി.എസ്.സിയുടെ നീക്കങ്ങള്‍ എന്നു നാം തിരിച്ചറിയുകയുള്ളൂ. മറ്റേതൊരു സംസ്ഥാനത്തുമുള്ളതുപോലെ ഇവിടുത്തേയും പരീക്ഷാ സിലബസ്സ് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ സര്‍ക്കാര്‍ പദ്ധതികള്‍, നവോത്ഥാനം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ചരിത്രം, സംസ്‌കാരം, സമകാലിക സംഭവങ്ങള്‍ ഇവയാവും അവയുടെ മേഖല. അവ മാതൃഭാഷയില്‍ എഴുതുകയാണെങ്കില്‍ കേരളത്തിലെ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അതില്‍ മത്സരിക്കാമെന്നിരിക്കെ ഇംഗ്ലീഷിലാവുമ്പോള്‍ ഒരുപക്ഷേ, ഈ വിഷയങ്ങള്‍ ഏറ്റവും ആഴത്തിലറിയാവുന്ന കുട്ടികളെയടക്കം ഹരിച്ചു കളഞ്ഞ് ഇംഗ്ലീഷില്‍ പ്രാഗല്‍ഭ്യമുള്ള ശരാശരിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യപ്പെടുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. പുറമേ പോകാന്‍ ഇംഗ്ലീഷ് പരിജ്ഞാനം വേണം എന്ന വാദത്തോട് യോജിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, കേരളത്തിലെ ജനങ്ങളോട് ഇടപെടേണ്ട ഒരു ഉദ്യോഗസ്ഥ സമൂഹത്തെ തെരഞ്ഞടുക്കാനുള്ള വഴിയില്‍ അതൊരു വലിയ കടമ്പയാകുന്നത് സാമാന്യ ജനതയോടുള്ള അനീതിയല്ലേ? 

ബറോഡ രാജാവിന്റെ ഭൗതിക പിന്തുണയാണ് അംബേദ്കറെ ജ്ഞാനത്തിന്റെ ലോകത്തേക്കു നയിച്ചതും ഭാരതത്തിലെ പിന്നോക്കക്കാരുടെ വിമോചനപ്രതീകമായി അദ്ദേഹത്തെ ഉയര്‍ത്തിയതും. തന്റെ അച്ഛനു ലഭിച്ച അഞ്ചേക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥതയാണ് അയ്യന്‍കാളിയെ ദൈനംദിനാധ്വാനങ്ങളില്‍നിന്നു മുക്തനാക്കിയതും വിമോചനാശയങ്ങളെ സ്വാംശീകരിച്ച് പോരാടാനുള്ള കഴിവു നല്‍കിയതും. ഇത്തരം ഒറ്റപ്പെട്ട കാര്യങ്ങളെ സാമാന്യവല്‍ക്കരിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് വിമോചനത്തിനുള്ള മാര്‍ഗ്ഗമെന്നു വാദിക്കുന്ന ദളിത് ബുദ്ധിജീവികളുണ്ട്. 98 ശതമാനവും അത്തരം സാഹചര്യങ്ങള്‍ക്കു പുറത്തായിരിക്കെ ആ വാദം ദളിതരിലെ വിദ്യാസമ്പന്നരായ ഒരു വരേണ്യവിഭാഗത്തെ സഹായിച്ചേക്കാം. ഈ വസ്തുത തിരിച്ചറിഞ്ഞതു കൊണ്ടാവണം കേരള ദളിത് ഫെഡറേഷന്റെ രാമഭദ്രനെപ്പോലുള്ള നേതാക്കള്‍ ഈ സമരത്തിനു ശക്തമായ പിന്തുണയുമായെത്തിയത്. 
നമ്മുടെ ബ്യൂറോക്രസി എന്നും ഉപരിവര്‍ഗ്ഗ താല്പര്യങ്ങള്‍ക്കൊപ്പമായിരുന്നു. പി.എസ്.സി യാകട്ടെ, അവരുടെ പിന്നണിപ്പാട്ടുകാരായി മാറി. എന്നാല്‍, ബ്യൂറോക്രസിക്കുമേല്‍ രാഷ്ട്രീയം വിജയം നേടി എന്നതാണ് ഈ സമരത്തിന്റെ പ്രാധാന്യം. അതും താല്‍ക്കാലിക വിജയം എന്നേ പറയാനാവൂ. ഇവയെ എങ്ങനെയെല്ലാം ബെടക്കാക്കിത്തനിക്കാക്കാം എന്നതാവും അവരുടെ ഇനിയത്തെ ഗവേഷണ മേഖല. അതിനു സഹായകമാകുംവിധം നാം മലയാളികള്‍ തന്നെ പല വാദങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. മലയാളം വികസിച്ചിട്ടില്ല, സാങ്കേതിക പദാവലികളില്ല, സംസ്‌കൃതപദബഹുലമാണ്, ഭരണഭാഷയായ മലയാളം സംസ്‌കൃതത്തെക്കാള്‍ കട്ടിയാണ്, ഇവിടത്തെ മലയാളം സവര്‍ണ്ണ മലയാളമാണ് എന്നിങ്ങനെ. ഭാഷയെ സംബന്ധിച്ച ദര്‍ശനകാലുഷ്യം ചന്തുമേനോനുപോലും സംഭവിക്കാമെങ്കില്‍ മലയാളത്തിന്റെ ചോറുണ്ട് ആ ഭാഷയെ അവഹേളിക്കുന്ന നൂതനര്‍ക്കും നമുക്ക് മാപ്പ് കൊടുക്കാവുന്നതേയുള്ളൂ. 
ഭാഷകളുടെ മറവിലെ
കൊളോണിയല്‍ ദാസ്യം

നാലപ്പാടന്‍ പാവങ്ങളെ കൊണ്ടുവന്നത് ഈ ഭാഷയിലേക്കാണ്. ഡോസ്റ്റോവ്സ്‌കിയും ടോള്‍സ്റ്റോയിയും മുതല്‍ മാര്‍ക്വിസും ഓര്‍ഹാന്‍ പാമുക്കും വരെയും മലയാളികള്‍ വായിച്ചറിഞ്ഞത് മലയാളത്തിലൂടെയാണ്. ബംഗാളി, ഹിന്ദി, കന്നട, തമിഴ്, മറാത്തി കൃതികള്‍ മലയാള ഭാഷയെ വികസിപ്പിച്ചിട്ടുണ്ട്. 1962-ല്‍ വെര്‍ണര്‍ ഹെയ്സണ്‍ബര്‍ഗിന്റെ പരമാണു ശാസ്ത്രം മലയാളത്തിലെത്തുമ്പോള്‍ അന്നാരും അരുത്, മലയാളം ശാസ്ത്രചിന്തകള്‍ക്ക് പാകമായിട്ടില്ല എന്നു എതിരു പറഞ്ഞതായി അറിവില്ല. മാര്‍ക്‌സിന്റെ മൂലധനത്തിനും മലയാളം തടസ്സമായില്ല. യുക്തിവാദ ആശയങ്ങള്‍ പ്രചരിച്ചതും ഈ ഭാഷയിലൂടെ തന്നെ. മലയാളം പാകമായിട്ടില്ലെന്ന വാദം ഇത്തരമനേകം പേരുടെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിന്ദിക്കുന്നതാണ്. ജനതയോട് സംസാരിക്കുമ്പോള്‍ അവരുടെ ഭാഷ സ്വീകരിക്കണമെന്ന് അറിയാമായിരുന്നതുകൊണ്ടാണ് മിഷനറിമാര്‍ മലയാളം പഠിച്ചത്. ബൈബിള്‍ മലയാളത്തിലാക്കിയത്. പക്ഷേ, ഭരിക്കുമ്പോള്‍ ഭാഷ അധികാരത്തിന്റേതാകുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മലയാളികള്‍ മാത്രമുള്ള കോടതിയില്‍പ്പോലും ഒരു കുറ്റമാരോപിതന് തന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റമെന്തെന്നോ, തനിക്കുവേണ്ടി എങ്ങനെ വാദിക്കുന്നെന്നോ, തനിക്കു വേണ്ടി എന്തു വിധിയാണ് കാത്തിരിക്കുന്നതെന്നോ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്. സാധാരണ മനുഷ്യനു വേണ്ടിയുള്ള കോടതി വ്യവഹാരങ്ങള്‍ക്കു പാകമാകാന്‍ നമ്മുടെ ഭാഷ എത്രമേല്‍ കാത്തിരിക്കണം! 
ഇപ്പോഴുള്ള കെ.എ.എസ് പരീക്ഷയുടെ കാര്യത്തില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന മുട്ടാപ്പോക്കു ന്യായങ്ങളൊന്നും ബാധകമല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. സാങ്കേതിക പദബഹുലമായ വിഷയങ്ങളുള്‍പ്പെടുന്ന സിലബസ്സല്ല ഈ പരീക്ഷയുടേതെന്നു നാം നേരത്തെ സൂചിപ്പിച്ചു. അപ്പോള്‍ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനറിയുന്ന, മെക്കാളെയുടെ സങ്കല്പത്തിനനുസരിച്ച് ഇപ്പോഴും പരിശീലിപ്പിക്കപ്പെടുന്ന ഒരു വരേണ്യവര്‍ഗ്ഗത്തിനു മാത്രമായി സംവരണം ചെയ്യപ്പെടണം എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. 1968-ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് രൂപീകരിച്ചത് മലയാളത്തെ വിജ്ഞാനഭാഷയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. സംസ്‌കൃതപക്ഷപാതികളായ പണ്ഡിതര്‍ പലപ്പോഴും ലളിത ഇംഗ്ലീഷിനു കഠിന സംസ്‌കൃത പദങ്ങള്‍ നല്‍കി ഭാഷയെ സങ്കീര്‍ണ്ണമാക്കി എന്ന വിമര്‍ശനം നിലനില്‍ക്കുന്നതാണ്. മറ്റേതൊരു സര്‍ക്കാര്‍ ലാവണം പോലെയും ജനങ്ങളില്‍നിന്നുമകന്ന് വിജ്ഞാനഭാഷയെ സമകാലികമാക്കുക എന്ന ജീവല്‍പ്രധാനമായ ലക്ഷ്യത്തില്‍ അവര്‍ പരാജയപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. അന്ധമായി സംസ്‌കൃതത്തിന്റെ പിന്നാലെ പോകാതെ മലയാളത്തോടു ചേര്‍ന്നുനില്‍ക്കുന്ന പദങ്ങള്‍ കണ്ടെത്തിയും അന്തര്‍ദ്ദേശീയമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ (അവ ഭൂരിഭാഗവും ലാറ്റിന്‍ പോലുള്ള ഭാഷകളില്‍നിന്നും കടം കൊണ്ടതാണ്) അതേപോലെ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് കരണീയം. ലോകത്തെല്ലാ ഭാഷകളും ഇത്തരത്തില്‍ തന്നെയാണ് വികസിച്ചു വന്നിച്ചുള്ളത്. നടന്നും വീണും തന്നെയാണ് ചുവടുകളുറക്കേണ്ടത്. 

മെഡിസിനോ എന്‍ജിനീയറിങ്ങോ നമ്മുടെ ഭാഷയ്ക്ക് വഴങ്ങുമോ എന്ന ചോദ്യത്തില്‍ കൊളോണിയല്‍ അടിമമനോഭാവമുണ്ട്. 1990-കള്‍ക്കുശേഷം സോവിയറ്റ് യൂണിയനില്‍നിന്നും ചിതറിയ പത്തിലധികം രാജ്യങ്ങളില്‍ രണ്ടു ദശകങ്ങള്‍കൊണ്ട് അവരവരുടെ മാതൃഭാഷകളില്‍ മെഡിസിനും എഞ്ചിനീയറിങ്ങും അടക്കമുള്ള ശാസ്ത്രവിഷയങ്ങള്‍ പഠിക്കാനാവുംവിധം വളരാനായെങ്കില്‍ ലോകത്ത് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 27-ാം സ്ഥാനത്തുള്ള മലയാളത്തിന് അത് സാധിക്കാതിരിക്കുമോ? മലയാളത്തോട് പരമാവധി ഇണങ്ങിനില്‍ക്കുന്ന ഒരു സാങ്കേതികപദകോശം രൂപപ്പെടുത്തുക എന്നത് ഇതില്‍ വളരെ പ്രധാനമാണ്. അതില്‍ ഏതാനും പണ്ഡിതന്മാര്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ സംഭാവനകളും അതിലുണ്ടാവണം. നമ്മുടെ ഭാഷയുടെ താളത്തോടും തനിമയോടും ഇണങ്ങി നില്‍ക്കുന്ന പദങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. ചില പദങ്ങള്‍ തത്സമങ്ങളായും തല്‍ഭവങ്ങളായും മറ്റു ഭാഷകളില്‍നിന്നും സ്വീകരിക്കുകയുമാവാം. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇത് സമൂഹമനസ്സില്‍ ഉറക്കുകതന്നെ ചെയ്യും. കൊണ്ടും കൊടുത്തുമാണ് ഭാഷ വളരുന്നത്. പക്ഷേ, നമ്മുടെ അപകര്‍ഷത തനി മലയാളം വാക്കുകള്‍ സ്വീകരിക്കുന്നതില്‍നിന്നും നമ്മെ തടയുന്നു. തമിഴിന്റെ തൊട്ട ചാര്‍ച്ചക്കാരാണ് നാം. തമിഴിനും മലയാളത്തിനും പൊതുവായി സ്വീകരിക്കാവുന്ന പദങ്ങള്‍ ഏറെയാണ്. വാനൊലി നിലയത്തില്‍ വാനവും ഒലിയും നമ്മുടെ കൂടി പദങ്ങളാണ്. പക്ഷേ നാം സംസ്‌കൃതത്തില്‍നിന്ന് ആകാശവാണി സ്വീകരിച്ചു. തമിഴില്‍നിന്നും ഭിന്നമായി സംസ്‌കൃതാധിപത്യം നേരിടേണ്ടിവന്ന നമ്മുടെ ഭാഷയ്ക്ക് തനതായ എന്തിനോടും അപകര്‍ഷത രൂപപ്പെട്ടു. പോക്കും വരവും നമുക്കും സ്വന്തമാണ്. പക്ഷേ, തമിഴന്റെ പോക്കുവരത്തു കഴകം നമുക്ക് ഗതാഗതവകുപ്പാണ്. ഈ ഗതവും ആഗതവും എന്താണെന്ന് നമ്മുടെ സാധാരണക്കാര്‍ക്കറിയണമെന്നില്ല. ബ്ലാക്ക് മാര്‍ക്കറ്റിന് നമ്മുടെ പണ്ഡിതര്‍ കൃഷ്ണവിപണി എന്നാണത്രേ പരിഭാഷ നല്‍കിയത്. പക്ഷേ, ജനതയ്ക്ക് ആ വാക്ക് ആവശ്യം വന്നപ്പോള്‍ അവര്‍ കരിഞ്ചന്ത എന്ന വാക്കു സൃഷ്ടിച്ചു. സംസ്‌കൃതത്തിന്റെ ആധിപത്യം സൃഷ്ടിച്ച അധമബോധമാണ് തനതായ വാക്കുകളില്‍നിന്നും നമ്മെ അകറ്റിയത്. പാരസെറ്റമോളിന്റെയോ അനസ്തേഷ്യയുടെയോ മലയാളമെന്ത് എന്ന ചോദ്യം ബാലിശമാണ്. അവ മലയാളം തന്നെയാണ്. സുഖവും ദു:ഖവും മുഖവും ഇന്ന് സംസ്‌കൃതമല്ല മലയാളം തന്നെ. 

വൈബ്രേറ്റര്‍ മോഡ് എന്നതിന് മലപ്പുറം ഭാഗങ്ങളില്‍ തരിപ്പിലിടുക എന്നു സാധാരണക്കാര്‍ പ്രയോഗിക്കുന്നുണ്ട്. കായ് അവിടെ പണമാണ്. മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ പ്രീപെയ്ഡും പോസ്റ്റ് പെയ്ഡും അവര്‍ മുന്‍കായും പിന്‍കായുമാക്കി. മൊബൈലിനെത്തന്നെ കൈഫോണാക്കി. ഗ്ലൂക്കോസ് ചില നാടുകളില്‍ ക്ഷീണപ്പഞ്ചാരയാണ്. വസ്ത്രത്തിനു നിറം നല്‍കാനുപയോഗിക്കുന്ന ടിനോപ്പാലും റാണിപ്പാലും ചിലയിടങ്ങളില്‍ നിറപ്പൊടിയാണ്. പലര്‍ക്കുമത് തമാശയായി തോന്നുന്നത് തനി മലയാളവാക്കുകള്‍ മോശമാണെന്ന അപകര്‍ഷതയില്‍ നിന്നാണ്. ഔദ്യോഗികമായ കത്തിന്റെ സംബോധനയില്‍ അയക്കുന്നയാളും കിട്ടേണ്ടയാളും എന്നതിനു പകരം ആര്‍ക്കും തിരിയാത്ത പ്രേഷകനും ഗ്രാഹകനും വരുന്നതും ഇങ്ങനെയാണ്. ദ്രാവിഡത്തിന്റെ താളത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന തരിപ്പിലിടലിനു പകരം കമ്പനത്തിലാക്കുക എന്ന ഗൗരവപദമാകും നമുക്കു സ്വീകാര്യമാവുക. കാളിങ്ങ് ബെല്ലിനെക്കാല്‍ എളുപ്പമായ വിളിമണി എന്ന മനോഹരപദം കാരൂര്‍ ഒരു കഥയില്‍ കൊണ്ടുവരുന്നുണ്ട്. പക്ഷേ, അത് 'ആഹ്വാന്‍ഘണ്ഡ'യായിരുന്നെങ്കില്‍, കൈഫോണ്‍ 'ജംഗമ ദൂരവാണി'യായിരുന്നെങ്കില്‍ നാം സ്വീകരിച്ചേനെ. 
എന്തുകൊണ്ട് ഈ മാനസികമായ അടിമത്തം രൂപപ്പെട്ടു? അതില്‍ മുഖ്യമായത് ജാതിയാണ്. ഇവിടുത്തെ ജനം എന്നു പറയുന്നത് ചെറിയ ശതമാനം വരുന്ന സവര്‍ണ്ണ വിഭാഗമായിരുന്നു. പഠനം എന്നത് സംസ്‌കൃത പഠനവും പണ്ഡിതനെന്നാല്‍ സംസ്‌കൃതപണ്ഡിതനും കാവ്യമെന്നത് സംസ്‌കൃതകാവ്യവുമായിരുന്നു. ജാതീയമായി ജനതയെ പുറന്തള്ളാനുള്ള ഉപാധി കൂടിയായിരുന്നു അത്. മലയാളം പഠിക്കുകയോ പരിഗണിക്കുകയോ ചെയ്യപ്പെടേണ്ട ഒന്നാണെന്ന ധാരണപോലും നിലനിന്നിരുന്നില്ല. കേരളം രൂപപ്പെടുന്നതോടെ മലയാളഭാഷയ്ക്ക് പ്രാധാന്യം ലഭിച്ചെങ്കിലും വിദ്യാഭ്യാസരംഗത്ത് പതിയെ ഇംഗ്ലീഷ് മേല്‍ക്കൈ നേടി. ദാസ്യം സംസ്‌കൃതത്തില്‍നിന്നും ഇംഗ്ലീഷിലേക്കു മാറി. ഭാഷയുടെ മോചനമോ ജനതയുടെ സാംസ്‌കാരികമായ മോചനമോ സംഭവിച്ചില്ല. അധിനിവേശം ഒരു ഭാഷയേയും സംസ്‌കാരത്തേയും എങ്ങനെ നശിപ്പിക്കുന്നു എന്നതിനു നമ്മുടെ തൊട്ടടുത്തുള്ള തെളിവ് തുളു ഭാഷയാണ്. ജനപഥസാഹിത്യം തൊട്ട് ക്ലാസ്സിക് സാഹിത്യം വരെ അതിലുണ്ടായിരുന്നു. ഇതിഹാസങ്ങള്‍പോലും മലയാളത്തിനു മുന്‍പേ അവതരിച്ച ഭാഷയാണത്. വിജയനഗരസാമ്രാജ്യം മുതല്‍ ഇക്കേരി നായ്ക്കന്മാര്‍ വരെയുള്ള രാജാക്കന്മാരുടേയും അവരുടെ ഭാഷയുടേയും നിരന്തര ആക്രമണത്തില്‍ അതിന്റെ ആത്മവീര്യം നഷ്ടപ്പെട്ടുപോയി. ഭാഷയ്ക്കുമേലുള്ള ആധിപത്യം ജനതയുടെ ആത്മീവന്ധ്യംകരണത്തിനുതന്നെ കാരണമാവുന്നു. 
തീരദേശമായ കേരളത്തിലേക്ക് അനാദി കാലം മുതല്‍ സഞ്ചാരികള്‍ വന്നുകൊണ്ടിരുന്നു. നാമവരെ വിസ്മയത്തോടെ സ്വീകരിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായി കേരളം മാറി. ഇവിടുത്തെ ജനങ്ങള്‍ ഇവയുമായി ദേശാന്തരങ്ങളിലെത്തിയിരുന്നെങ്കില്‍ ഈ കച്ചവടത്തിലെ ലാഭം എത്രയോ ഇരട്ടിയാകുമായിരുന്നു. നമ്മള്‍ വില നിശ്ചയിക്കുമായിരുന്നു. സമ്പത്ത് ഇങ്ങോട്ട് കേന്ദ്രീകരിക്കുമായിരുന്നു. ആ തിരിച്ചുവരവില്‍, ചെടികളും മരങ്ങളും യന്ത്രങ്ങളും ധാന്യങ്ങളടക്കമുള്ള നൂതനമായ വിഭവങ്ങളുടേയും അറിവിന്റേയും കേന്ദ്രമായി കേരളം മാറുമായിരുന്നു. സാമ്പത്തികവും സാംസ്‌കാരികവുമായ മൂലധനമുള്ള ഒരു വിഭാഗത്തിന് അത് നിസ്സംശയം സാധിക്കുമായിരുന്നു. എന്നാല്‍, കടല്‍ കടന്നുകൂടാ എന്ന സാമുദായിക വിലക്ക് അവരെ ഈ വട്ടത്തില്‍ നൂറ്റാണ്ടുകളോളം തളച്ചിട്ടു. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ പറ്റുമോ എന്ന് വീമ്പു പറഞ്ഞ് പൊട്ടക്കുളത്തില്‍ പുളവന്‍ഫണീന്ദ്രന്മാരായി നമ്മുടെ നാടുവാഴികള്‍ പുളച്ചു. പ്രബലരല്ലാതെ ചിതറിക്കിടന്ന അവര്‍ ഇങ്ങോട്ടു കടന്നുവന്ന എല്ലാ ആധിപത്യങ്ങളോടും സന്ധിചെയ്യുകയോ കീഴടങ്ങുകയോ ചെയ്തു. (മുസ്ലിം ക്രിസ്ത്യന്‍ സമൂഹങ്ങളുടെ കച്ചവടയാത്രകള്‍ വിസ്മരിക്കുന്നില്ല. പക്ഷേ, ഇവിടുത്തെ രാജാക്കന്മാരുടേയോ നാടുവാഴികളുടേയോ പിന്തുണയിലുള്ള യാത്രകള്‍ പൊതുവെ കുറവായിരുന്നു.) ഒരുപക്ഷേ, ഉരുവില്‍ കയറിയുള്ള അതിസാഹസികമായ ഗള്‍ഫ് കുടിയേറ്റം മുസ്ലിങ്ങളിലൂടെയായത് ഈ വിലക്ക് ആ സമുദായത്തിലില്ലാത്തതാവണം. (ഗള്‍ഫ് കുടിയേറ്റവും അതിന്റെ തുടര്‍ച്ചകളും ഇവിടെയെത്തിച്ച വിഭവങ്ങളുടേയും സാമൂഹിക മാറ്റത്തിന്റേയും കണക്കൊന്നെടുത്തു നോക്കൂ.) പുറമേനിന്നു വന്നവരെ ആശ്ചര്യത്തോടെ നോക്കി നിന്ന്, വിദൂരലോകങ്ങളെക്കുറിച്ച് സ്വപ്നം പോലുമില്ലാതെ, എല്ലാ അധിനിവേശങ്ങള്‍ക്കും കീഴടങ്ങിയ ഒരു ജനതയുടെ അപകര്‍ഷതയാണോ മലയാളിയുടെ ജനിതകത്തില്‍ ഇപ്പോഴും തുടരുന്നത്? നമ്മുടെ നാടിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും മൂല്യം നാമെന്നാണ് തിരിച്ചറിയുക?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com