ജല്ലിക്കട്ട്: അക്രമാസക്തമാകുന്ന ആണ്‍കൂട്ടം

വിവിധ തരം മനുഷ്യര്‍, പെണ്ണും ആണും പല പ്രായക്കാരും പല വീടുകളും ടിക്ക് ടിക്ക് ക്ലോക്കിന്റെ പശ്ചാത്തലത്തില്‍ അതിവേഗത്തിലുണരുന്നു.
ജല്ലിക്കട്ട്: അക്രമാസക്തമാകുന്ന ആണ്‍കൂട്ടം

       റക്കത്തിന്റെ ആലസ്യത്തില്‍ പതിയെ കണ്ണ് തുറക്കുകയും തിരിഞ്ഞു കിടക്കുകയും അലാറം ഓഫാക്കുകയും പുതപ്പ് മുഖത്തേയ്ക്ക് വലിച്ചിടുകയും ഭാര്യയുടേയോ അമ്മയുടേയോ സ്‌നേഹപൂര്‍വ്വമോ അല്ലാത്തതോ ആയ ശാസനയ്ക്കു മുന്നില്‍ നിവൃത്തിയില്ലാതെ കട്ടിലില്‍ എഴുന്നേറ്റിരിക്കുകയും ചെയ്യുന്ന പതിവ് ഉറക്കമുണരലിനെ നിഷേധിച്ചുകൊണ്ടാണ് ജല്ലിക്കട്ടിലെ ആദ്യ ഷോട്ട്. വിവിധ തരം മനുഷ്യര്‍, പെണ്ണും ആണും പല പ്രായക്കാരും പല വീടുകളും ടിക്ക് ടിക്ക് ക്ലോക്കിന്റെ പശ്ചാത്തലത്തില്‍ അതിവേഗത്തിലുണരുന്നു. അവരുടെ കണ്ണുകളിലൂടെയുള്ള ക്ലോസ് ഷോട്ടുകളില്‍ പ്രേക്ഷകനും ആലസ്യം വിട്ട് കണ്ണ് തുറന്നിരിക്കും. ഒരു കുടിയേറ്റ ഗ്രാമത്തിലെ സജീവമാകുന്ന പകലിലേയ്ക്കാണ് നമ്മളടക്കമുള്ള മനുഷ്യര്‍ ഉണരുന്നത്. നായകനോടോ/നായികയോടോ താദാത്മ്യം പ്രാപിച്ച് തന്റെ ഉള്ളിലുള്ള കിനാവുകള്‍ക്ക് താരപരിവേഷം നല്‍കി ചിരിക്കാനും കരയാനും കിനാവ് കാണാനുമുള്ള സമയം തിയേറ്ററിലെ കാണിക്കില്ല. കാരണം ഒരു നായകനേയും നമുക്കു മുന്നില്‍ വളര്‍ത്തുന്നില്ല. അറവുകാരന്‍ വര്‍ക്കിയുടെ പോത്ത് വിരണ്ടോടി, കേട്ടവര്‍ കേട്ടവര്‍ സംഘടിക്കുകയാണ്. സ്വാഭാവികമായും അതൊരു വലിയ ആള്‍ക്കൂട്ടമായി നയിക്കാന്‍ നേതാവില്ലാത്ത ആള്‍കൂട്ടം, മുന്നിലുള്ളവന്‍ മൂന്നായി തിരിഞ്ഞോടാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ മൂന്നു വഴിക്കോടുന്ന ആണ്‍ക്കൂട്ടം. വിരണ്ടോടിയ നാല്‍ക്കാലിയും ഭ്രാന്തുപിടിച്ച ഇരുകാലികളും അവരോടൊപ്പം കിതയ്ക്കുന്ന പ്രേക്ഷകന്റെ ശ്വാസോച്ഛ്വാസംപോലും സിനിമയുടെ പശ്ചാത്തലസംഗീതമാണ്. ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയുടെ വ്യാകരണത്തെ അടിമുടി അട്ടിമറിക്കുകയാണ്. ജീവനുവേണ്ടിയാണ് പോത്തോടിയത്. ആള്‍ക്കൂട്ടം ജീവനെടുക്കാനും. ''ഇവിടെയെല്ലാം മൃഗങ്ങളായിരുന്നു, നമ്മളാണ് അവയെ കൊന്നു തള്ളിയത്, ആട്ടിയകറ്റിയത്, വെട്ടിപ്പിടിച്ചത്, കൃഷിയിറക്കിയത്, ഇത് മൃഗങ്ങളുടെ മണ്ണാണ്. ദേ അവന്മാര് രണ്ട് കാലില്‍ ഓടുന്നുണ്ടെങ്കിലും മൃഗമാ... മൃഗം...'' കുടിയേറ്റ കര്‍ഷകന്റെ ഈ വിവരണത്തിലാണ് നമ്മള്‍ ഹൃദയം കുരുക്കുന്നത്. ക്ലൈമാക്‌സില്‍ അവകാശമുറപ്പിക്കാന്‍, അധികാരമുറപ്പിക്കാന്‍, ഇരയുടെ കൂടിയ വിഹിതം സ്വന്തമാക്കാന്‍, ചെളിപുരണ്ടവരില്‍ നമ്മളുണ്ട്. അതുകൊണ്ട് തിയേറ്ററില്‍ അവസാനിക്കുന്നതല്ല ജല്ലിക്കട്ട്, അത് വിട്ടുമാറാത്ത ആലോചനയാണ്. ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായവരുടെ വിലാപങ്ങളിലേയ്ക്കാണ് കാലന്റെ പ്രതീകമായി പോത്ത് മരണത്തെ ക്ഷണിക്കുന്നത്. അവസാന ഷോട്ടില്‍ അന്ത്യശ്വാസം വലിക്കുന്ന മനുഷ്യന്‍ ജനലിനപ്പുറം കാണുന്ന പോത്തിലേയ്ക്ക് ക്യാമറ തിരിക്കുമ്പോള്‍ ഒരു സിനിമ നമ്മുടെ ചിന്തകളിലേയ്ക്ക് എങ്ങനെയാണ് പാഞ്ഞുകയറിയത് എന്നു മനസ്സിലാകും. അഥവാ ഇത് മലയാളിയുടെ മാത്രം ഉന്മാദമല്ല, ലോകത്തെവിടെയും അടുത്ത നിമിഷം അക്രമാസക്തമാകുന്ന ആണ്‍കൂട്ടത്തിന്റെ അവസ്ഥയാണ്. അതുകൊണ്ടാണ് അന്തര്‍ദ്ദേശീയ ചലച്ചിത്ര വേദികളില്‍പോലും ലിജോ അംഗീകരിക്കപ്പെടുന്നത്. സിനിമയ്ക്ക് ആധാരമായ 'മാവോയിസ്റ്റ്' എന്ന ചെറുകഥയില്‍ എസ്. ഹരീഷ് എഴുതുന്നു:

''പോത്തിന്റെ ഓട്ടം ഓര്‍ത്തപ്പൊ കുര്യാച്ചന് വീണ്ടും ആശങ്ക തോന്നി, സാരമില്ല ഒരു നാല്‍ക്കാലിയും മനുഷ്യന്റെ കയ്യില്‍നിന്ന് അന്തിമമായി രക്ഷപ്പെട്ടിട്ടില്ല. അയാള്‍ സമാധാനത്തോടെ ഗേറ്റ് ഒന്നുകൂടി മുറുകെ പൂട്ടി സ്വപ്രവൃത്തിയില്‍ മുഴുകി.''

ആന്റണിയും കുട്ടച്ചനും
ആണധികാരത്തിന്റെ 
ആര്‍പ്പുവിളികളും 

 
ഒരു ഡീറ്റൈലിങ്ങുമില്ലാതെയാണ് കഥാപാത്രങ്ങള്‍ ഇറങ്ങിവരുന്നത്. ഒറ്റ ഫ്രെയിമില്‍, ഒരു ഡയലോഗില്‍, നോട്ടത്തില്‍, ഓരോരുത്തരേയും നമ്മള്‍ തിരിച്ചറിയും, ആ ക്യാമറ അടുത്ത നിമിഷം നമ്മളേയും പകര്‍ത്തും ആള്‍ക്കൂട്ടത്തില്‍ തന്റെ ഇടം നിശ്ചയിക്കാതെ പ്രേക്ഷകനും ഇരിപ്പുറക്കില്ല. അത്ര വന്യതയുണ്ട്/മൃഗീയത(?)യുണ്ട് മനുഷ്യന്റെ ഉള്ളില്‍. എത്ര ദുര്‍ബ്ബലനായവനും ആള്‍ക്കൂട്ടത്തില്‍ ചേരുമ്പോള്‍ കരുത്തിന്റെ വീമ്പിളക്കുന്നത് അതുകൊണ്ടാണ്. കാലന്‍ വര്‍ക്കിയുടെ ഇറച്ചിവെട്ട് കടയില്‍ ഇറച്ചിക്കായി തിരക്ക് കൂട്ടുന്നവരില്‍ അവരോടുള്ള വര്‍ക്കിയുടെ പ്രതികരണത്തില്‍ എല്ലാം ആ നാടിന് അവര്‍ ആരൊക്കെയാണ് എന്നു വ്യക്തം. തിരക്കുപിടിച്ച് മാംസം വെട്ടിക്കൂട്ടുമ്പോഴും കരള് കൂടുതലിട്ടിട്ടുണ്ട് ട്ടാ എന്ന വര്‍ക്കിയുടെ ഔദാര്യത്തില്‍ ഒളിഞ്ഞിരിക്കുന്ന കാമമുണ്ട്. ആര്‍ത്തിപിടിപ്പിക്കുന്ന ഇറച്ചിയും ഉടലും ആള്‍ക്കൂട്ടത്തിന്റെ ആഹാരമാണ്. അതുകൊണ്ടാണ് പോത്തോടിയ വഴികളിലൂടെ ഓടുന്ന ആണ്‍കൂട്ടത്തിന്റെ നോട്ടം സദാചാര ബാധ്യതയാകുന്നത്. ആണും പെണ്ണും സംഗമിക്കുന്നിടങ്ങളിലെല്ലാം ഓടിക്കൂടുന്ന ഈ സദാചാര ആണ്‍കൂട്ടമുണ്ട്. അത്ര അശ്ലീലവും ക്രൂരവുമായ വിചാരണയുണ്ട്. പോത്തിറച്ചി കിട്ടില്ലെന്ന് ഉറപ്പായ കുര്യാച്ചന്‍ നാടന്‍ കോഴി തേടി അമ്മിണിയുടെ വീട്ടിലെത്തിയത് രാത്രിയായിപ്പോയി എന്ന ഒറ്റക്കാരണം മതി ആണ്‍കൂട്ടത്തിന് ഉടുമുണ്ടഴിപ്പിച്ച് തലയില്‍ കെട്ടി നടത്തിക്കാന്‍. സദാചാര ലംഘനം എന്ന ഒറ്റ ശരിമതി കാമുകനെ ഓടിച്ച് കുര്യാച്ചന്റെ മകളെ തിരിച്ച് വീട്ടിലേയ്ക്ക് കയറ്റാന്‍. ആന്റണിക്ക് കുട്ടച്ചനോടുള്ള വിരോധത്തിനു കാരണവും സോഫിയോടുള്ള കാമമാണ്. ആ പകയിലാണ് കുട്ടച്ചനും തോക്കെടുക്കുന്നത്. പോത്തിനെ വിടുകയും ആന്റണിയും കുട്ടച്ചനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ചെയ്യുന്ന ഷോട്ടില്‍ ആദികാലം മുതല്‍ കനം തൂങ്ങിയ പുരുഷകാമത്തിന്റെ പ്രതികാരത്തിന്റെ മുഴുവന്‍ സംഘര്‍ഷവുമുണ്ട്. ചുറ്റും ആര്‍ത്തലക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍, കാടിന്റെ വന്യത, ടോര്‍ച്ചിന്റെ വെളിച്ചം-അവിടെ മനുഷ്യന്‍ പൂര്‍വ്വവൈരാഗികളാവുകയാണ്. കുട്ടച്ചന്റെ ചോദ്യം നമ്മളെ പേടിയോടെ ഉണര്‍ത്തും: ''ലോകത്ത് ഏറ്റവും രുചിയുള്ള ഇറച്ചി ഏതാണെന്നറിയുമോ...? മനുഷ്യന്റെ...'' അവസരം കിട്ടിയാല്‍ കൊമ്പ് കോര്‍ക്കുന്ന മനുഷ്യര്‍, പശുമാംസത്തിന്റെ പേരില്‍ മാത്രം ആള്‍ക്കൂട്ടം വിചാരണ ചെയ്ത് തല്ലികൊന്നവര്‍, അവിഹിതം ആരോപിച്ച് കല്ലേറ് കൊണ്ട് വീണുപോയവര്‍, ഓടിയ പോത്തിന്റേതല്ല, പുറകെ ഓടുന്ന മനുഷ്യരുടേതാണ് ജല്ലിക്കട്ട്. പോത്തിന് ആരെയും ജയിക്കാനില്ല, ജീവന്‍ വേണം, അതിനുള്ള മരണപ്പാച്ചിലാണ്. ആന്റണിക്കും കുട്ടച്ചനും ആള്‍ക്കൂട്ടത്തിനും ജയിക്കണം. ഞാനാണ് ഞാനാണ് പോത്തിനെ വീഴ്ത്തിയത്... എന്ന് ആന്റണി(മാര്‍)ക്ക് വിജയമുറപ്പിക്കണം. ആള്‍ക്കൂട്ടത്തിന്റ ആരാധനയില്‍ അയാള്‍ക്ക് ആഘോഷിക്കണം. സോഫിക്ക് വാരിയില്‍നിന്നു മുറിച്ചെടുത്ത മാംസം എത്തിക്കണം.
ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയിലെ കഥാപാത്രങ്ങളും പശ്ചാത്തലവും മൃഗീയതയും മാത്രമേ ലിജോ പകര്‍ത്തിയിട്ടുള്ളു. സാഹിത്യമല്ല സിനിമ എന്ന ബോധ്യമാണ് ഈ തരം തിരിക്കല്‍. മാത്രമല്ല, ഹരീഷ് തന്നെയാണ് തിരക്കഥയും. കഥയുടെ കരുത്ത് ചോര്‍ന്നു പോകാതിരിക്കാന്‍ ഈ കൂട്ടുകെട്ട് കാരണമായിട്ടുണ്ട്. തിരക്കഥാ രചനയില്‍ സഹായിക്കാന്‍ ആര്‍. ജയകുമാറും കൂടിയതോടെ ജല്ലിക്കട്ട് അപൂര്‍വ്വ അനുഭവമായി. ഷൂട്ടനുഭവങ്ങളില്‍നിന്നും ചര്‍ച്ചയില്‍നിന്നും ഉരുത്തിരിഞ്ഞതാണ് സിനിമയുടെ അപ്രതീക്ഷിത ക്ലൈമാക്‌സ് എന്ന ലിജോയുടെ വാക്കുകളിലുണ്ട്  ഈ കൂട്ടുകെട്ടിന്റെ ശക്തി.

ആണ്‍കൂട്ടം 
അഴിഞ്ഞാടിയ വഴികള്‍
 

ദൃശ്യ ശ്രാവ്യ മാധ്യമമെന്ന നിലയില്‍ സിനിമയെ സമീപിക്കുന്നതില്‍ ലിജോയോളം പ്രതിഭ കാണിച്ച സംവിധായകര്‍ മലയാളത്തില്‍  അപൂര്‍വ്വമാണ്. 'ആമേനില്‍', 'അങ്കമാലി ഡയറീസില്‍', 'ഈ.മ.യൗ'വില്‍ എല്ലാം ഈ ആള്‍ക്കൂട്ടമുണ്ട്. അതിസൂക്ഷ്മമായ സംഗീതവും ശബ്ദങ്ങളുമുണ്ട്. 'ആമേന്‍' ആദ്യാവസാനം സംഗീതമാണ്, അങ്കമാലി ഡയറീസിലും ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കിടയിലാണ് അക്രമത്തിന്റെ അപതാളമുണ്ടാകുന്നത്.

ഗിരീഷ് ഗംഗാധരന്‍
ഗിരീഷ് ഗംഗാധരന്‍

'ഈ.മ.യൗ'വില്‍ മരണവീട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന ഈ ആള്‍ക്കൂട്ടമുണ്ട്. ചിലപ്പോള്‍ 'ഈ.മ.യൗ'വിന്റെ മറ്റൊരു തലമാണ്, തുടര്‍ച്ചയാണ് ജല്ലിക്കട്ടും. കൊച്ചാല്‍ബിയുടെ പൊട്ടിയ ക്ലാരനെറ്റിന്റെ അപശ്രുതിയാണ് 'ഈ.മ.യൗ'വിന്റെ സ്വഭാവം. ഈ അപശ്രുതിയിലാണ് വാവച്ചന്‍ മേസ്തിരിയുടെ മരണം കൊലപാതകമാണന്ന് ആള്‍ക്കൂട്ടം കഥ മെനയുന്നത്. ആ കഥയോടൊപ്പമാണ് പള്ളി എന്ന അധികാരംപോലും നില്‍ക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ പള്ളിയെ അവഗണിച്ചിരുന്ന വാവച്ചനും വരിസംഖ്യ മുടക്കിയ ഈശിയും അവര്‍ക്ക് മതിയായ കാരണങ്ങളായിരുന്നു. ഇവിടെയും വര്‍ക്കിയില്‍നിന്ന് ഇറച്ചി സ്വീകരിച്ചിരുന്ന പള്ളിവികാരിക്കും വിരണ്ട പോത്തിനെ പിടിച്ച് കെട്ടാന്‍ ആള്‍ക്കൂട്ടം മാത്രമേ മാര്‍ഗ്ഗമായുള്ളൂ. ഇറച്ചിക്കവറുകള്‍ മരത്തില്‍ തൂക്കി പ്രാര്‍ത്ഥനയ്‌ക്കോടുന്ന വിശ്വാസികളുണ്ട് ആ ആള്‍ക്കൂട്ടത്തില്‍. തോക്കിന് അനുമതി കാത്ത് അഹിംസാവാദിയായ കര്‍ഷകന്‍ കലക്ടറെ കാത്തിരിക്കുന്നതിലുണ്ട്  ഈ കാലത്തിന്റെ രാഷ്ട്രീയം.

രംഗനാഥ് രവി
രംഗനാഥ് രവി


പോത്ത് ഓടിക്കേറി നശിപ്പിക്കണമെന്ന് ആള്‍ക്കൂട്ടം കരുതുന്ന ഇടങ്ങളില്‍ ആദ്യത്തേത് ജപ്തി നോട്ടീസയക്കുന്ന ധനകാര്യസ്ഥാപനം തന്നെയാണ്. പൊലീസ് വാഹനത്തിനു തീ വെക്കുന്നിടത്തും ഈ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയുണ്ട്. കിണറില്‍ വീണ പോത്തിനു നേരെ എറിയുന്ന കല്ലുകളിലും കത്തിയിലുമുണ്ട് മനുഷ്യന്റെ മൃഗീയത. കിണറില്‍നിന്നു കയറുകെട്ടി പൊക്കിയെടുത്ത് കൊന്ന് അധികാരം സ്ഥാപിക്കണമെന്ന ആന്റണിയിലുണ്ട് ആള്‍ക്കൂട്ടത്തിന്റെ അധികാരം. നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കില്‍ ഞങ്ങളുണ്ട് എന്ന ആരവുമായെത്തുന്ന അയല്‍നാട്ടുകാരിലുണ്ട് ആള്‍ക്കൂട്ട ആഘോഷത്തിന്റെ ലഹരി. പോത്തിനെച്ചൊല്ലി ആഘോഷം തകൃതിയാകുമ്പോള്‍ വര്‍ക്കി മരച്ചുവട്ടില്‍ നിസ്സഹായനായി ഇരിക്കുന്നുണ്ട്. ഇനി എല്ലാം അവന്മാര് നോക്കിക്കൊള്ളും, കൊന്ന് മാംസം പങ്കിട്ടുകൊള്ളും; അത്ര ശക്തമാണ് വര്‍ക്കിയില്‍നിന്ന് ആള്‍ക്കൂട്ടത്തിലേയ്ക്കുള്ള ഷോട്ട്. സാധ്യമാകാത്ത സ്വാതന്ത്ര്യത്തിന്റെ ഉയരത്തിലേയ്ക്കുള്ള പോത്തിന്റെ നിസ്സഹായമായ നോട്ടമാണ് ഇടവേള ഫ്രെയിമുകള്‍കൊണ്ട് അതിശയിപ്പിക്കുന്ന  ജല്ലിക്കട്ട്.

പ്രശാന്ത് പിള്ള
പ്രശാന്ത് പിള്ള

പുരുഷന്‍ നിശ്ചയിച്ച പെണ്ണുങ്ങള്‍
തന്റേടമുള്ള പെണ്ണൊച്ചകള്‍
  

ഈ നാട് എന്താണ് എന്ന ആദ്യ ക്യാമറക്കാഴ്ചകളില്‍ത്തന്നെ പുരുഷനില്‍നിന്നു മുഖത്തടിയേറ്റ് നിസ്സഹായയായി നില്‍ക്കുന്ന പെണ്ണുണ്ട്. ഇന്നും പുട്ടാണോടീ എന്ന് ആക്രോശിച്ചായിരുന്നു ആഴത്തില്‍ മുഖത്തേറ്റ ആ അടി. നിസ്സഹായയായി കണ്ണുനിറയുന്ന പെണ്ണില്‍നിന്ന് അടുത്ത പുരുഷനിലേയ്ക്കാണ് ക്യാമറ കട്ട് ചെയ്യുന്നത്. ഈ പെണ്‍ജീവിതത്തിന്റെ തുടര്‍ച്ച ആണധികാരത്തിന്റെ അടിയില്‍ നിശ്ശബ്ദമായി കാണാം. ഇതാണ് കഥയുടെ ഭൂമിക. രാഷ്ട്രീയ ശരികള്‍ കൃത്രിമത്വമാണ് എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ, തനിക്കു നേരെ വരുന്ന ആന്റണിയുടെ കാമത്തില്‍ കോര്‍ത്ത നോട്ടത്തെ ഒറ്റ വെട്ടിന് രണ്ട് കഷണമായിപ്പോയ കപ്പ കഷണം ഉയര്‍ത്തിയാണ് സോഫി പ്രതിരോധിക്കുന്നത്. കുട്ടച്ചനും സോഫിക്കുമിടയില്‍ പ്രണയരഹിത കാമം തന്നെയായിരുന്നു. പ്രണയാതുരമാകാന്‍ ഒരു സാധ്യതയും സാഹചര്യവുമില്ലാത്ത സമയത്താണ് ആന്റണി സോഫിയെ കടന്നുപിടിക്കുന്നതും ചുംബിക്കുന്നതും. അവിടെ സോഫി നിര്‍നിമേഷയാകുന്നുണ്ട്, ഒരുവേള ആശയുള്ളവളാകുന്നുണ്ട്... തിരികെ വരുമ്പോള്‍ പിടിച്ചുകെട്ടിയ പോത്തിന്റെ വാരിയില്‍നിന്നുള്ള ഇറച്ചി കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതായിരിക്കും ജല്ലിക്കട്ടില്‍ ഏറ്റവും വിമര്‍ശനവിധേയമായ ഭാഗവും. സോഫിക്ക് പുരുഷന്‍ പ്രണയരഹിത ശരീരമാണ്. അതേസമയം വിരണ്ടോടിയ പോത്തിനെ ചൊല്ലി അകത്തേയ്ക്ക് കയറാനുള്ള പുരുഷ ആക്രോശത്തെ പുച്ഛിച്ച് തള്ളുന്നുണ്ട് ഇവിടുത്തെ പെണ്ണുങ്ങള്‍, പുരുഷ സഞ്ചാരങ്ങളെ അവര്‍ക്ക് നന്നായറിയാം.
വിരണ്ടോടിയ പോത്തിനു പുറകെ ആക്രോശവും ആഘോഷവുമായി ഓടുന്ന മനുഷ്യരോടൊപ്പം ക്യാമറയും ഓടുന്ന അസാധാരണമായ ദൃശ്യ ഉന്മാദമാണ് ഗിരീഷ് ഗംഗാധരന്റെ ക്യാമറ. അങ്കമാലി ഡയറീസില്‍ അവസാനത്തെ ഒറ്റ നീണ്ട ഷോട്ടുകൊണ്ട് അതിശയിപ്പിച്ച ഗിരീഷ് ഇവിടെ അദ്ഭുതപ്പെടുത്തുകയാണ്. പന്തങ്ങളും ടോര്‍ച്ചുകളുമായി ഇരുട്ടിനെ മറികടക്കുന്ന മനുഷ്യര്‍, തൂക്കുപാലത്തിലൂടെയുള്ള ഓട്ടം, ഒന്നര മണിക്കൂറിലെ ഒറ്റ ഫ്രെയിംപോലും വെറുതെയായില്ല. സിനിമയുടെ ഫിലോസഫിക്കല്‍ തലം വാചകക്കസര്‍ത്തല്ല, ദൃശ്യങ്ങളിലൂടെയാണ് സംവാദാത്മകമാക്കുന്നത്. ഗിരീഷില്‍നിന്നു ലോകസിനിമയ്ക്ക് ഇനിയും ഏറെ പ്രതീക്ഷിക്കാം. ദീപു ജോസഫിന്റെ കൃത്യവും വേഗത ഏറിയതുമായ എഡിറ്റ് സിനിമയുടെ ഭാഷ നിശ്ചയിച്ചു. സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയും ശബ്ദമിശ്രണം ചെയ്ത രംഗനാഥ് രവിയും ജയദേവന്റെ കളറിങ്ങും സാങ്കേതിക പ്രവര്‍ത്തകരുടെ മികവും സിനിമയെ അസാധാരണ അനുഭവമാക്കി. ചെമ്പന്റെ വര്‍ക്കിയും സാബുമോന്റെ കുട്ടിച്ചനും ആന്റണി വര്‍ഗ്ഗീസിന്റെ ആന്റണിയും ജാഫര്‍ ഇടുക്കിയുടെ കുര്യാച്ചനും മികച്ചുനിന്നു.


പുതുതലമുറ പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും ലോകസിനിമയിലെ മാറ്റങ്ങളെ അടുത്ത് നിന്ന് അറിയുന്നവര്‍ തന്നെയാണ്. ഫെസ്റ്റിവലുകളും ഓണ്‍ലൈന്‍ സാധ്യതകളുമെല്ലാം ഈ ഒരു വിശ്വവീക്ഷണത്തിലേയ്ക്ക് പ്രേക്ഷകനെ ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളില്‍ ജല്ലിക്കട്ട് ചര്‍ച്ച വളരെ സജീവമാണ്. ഇതായിരിക്കും സിനിമയുടെ ആശയപരമായ വിജയവും. ആള്‍ക്കൂട്ടത്തിന്റെ വന്യത, സമീപകാല ആള്‍ക്കൂട്ട വിചാരണകളിലേയ്ക്ക് പ്രാകൃത മനുഷ്യരെ ലജ്ജിപ്പിക്കുംവിധം മനുഷ്യര്‍ ഓടിക്കയറിയത്, അവരിലേയ്ക്ക് വിഷം കുത്തിവെച്ച അധികാരത്തിലേയ്ക്ക്, അതിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിലേയ്ക്ക് എല്ലാം പോത്ത് അതിവേഗം ഓടി കയറുന്നുണ്ട്.

അങ്ങനെയാണ് ജല്ലിക്കട്ടിനു കാലികമായ സംവാദ സാധ്യതകളുണ്ടാകുന്നത്. അത് തുടരുക തന്നെ ചെയ്യും. മലയാള സിനിമയ്ക്ക് താരഭാരമില്ലാതെ വലിയ സംവാദത്തിന്റെ ദൃശ്യാനുഭവം തുറന്നിട്ട ലിജോ ജോസ് പെല്ലിശ്ശേരിക്ക് അനേകായിരം പ്രേക്ഷകരിലൊരാളായി എഴുന്നേറ്റ് നിന്നു കയ്യടിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com