നടപ്പാക്കേണ്ടതല്ലേ ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍: രണ്ടാം പ്രളയത്തെ മുന്‍നിര്‍ത്തി

ഇക്കൊല്ലം ആഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് ദീര്‍ഘകാല ശരാശരിയില്‍നിന്നു പത്തിരട്ടിവരെ കൂടുതല്‍ മഴയാണ്.
2018ല്‍ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ പഞ്ചാരക്കൊല്ലി മല
2018ല്‍ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ പഞ്ചാരക്കൊല്ലി മല

ഹാരാഷ്ട്രയില്‍ പശ്ചിമഘട്ടമേഖല തുടങ്ങുന്നതു മുതല്‍ കേരളം, കര്‍ണാടകം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്ന, 1490 കിലോമീറ്റര്‍ ദൈര്‍ഘ്യവും 129037 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ള പ്രദേശത്തെ പാരിസ്ഥിതിക നിലകളേയും മനുഷ്യജീവിതത്തേയും പരിഗണിച്ചു തയ്യാറാക്കിയതാണ് വെസ്റ്റേണ്‍ ഘട്ട് ഇക്കോളജി എക്‌സ്പെര്‍ട്ട് പാനല്‍ എന്ന ശരിപ്പേരുള്ളതും മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ നിരവധി വിദഗ്ദ്ധര്‍ ചേര്‍ന്നു തയ്യാറാക്കിയതുമായ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി നമ്മുടെ നാടിനെ അടിക്കടി ഗ്രസിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി തവണ സംവാദങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. അപ്രായോഗികവും യാഥാര്‍ത്ഥ്യബോധമില്ലാത്തതും അമിതമായ പാരിസ്ഥിതികപ്രേമം പ്രകടിപ്പിക്കുന്നതുമൊക്കെയെന്നു വിമര്‍ശകര്‍ വിലയിരുത്തുന്ന ഈ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്? ഇങ്ങനെ വീണ്ടും ഇതു ചര്‍ച്ച ചെയ്യപ്പെടുന്നതിനു പിറകില്‍ അതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നതുപോലെ ഏതെങ്കിലും രാഷ്ട്രീയ-സാമുദായിക താല്പര്യങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടോ?

2018-ലുണ്ടായതും പ്രകൃതി ഈ വര്‍ഷം അലംഘനീയമായ ഒരാചാരംപോലെ ആവര്‍ത്തിച്ചതും ഇനിയുള്ള കാലം ആവര്‍ത്തിക്കപ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാവുന്നതുമായ പ്രകൃതിക്ഷോഭങ്ങള്‍ നമ്മളില്‍ പാരിസ്ഥിതികമായ ഉല്‍ക്കണ്ഠകള്‍ ഉയര്‍ത്തുന്നുണ്ടെന്നുള്ളത് എന്തായാലും യാഥാര്‍ത്ഥ്യമാണ്. അതു കേവലം കാല്പനികമായ നമ്മുടെ പ്രകൃതിസ്‌നേഹത്തില്‍നിന്നുണ്ടായതല്ല, മറിച്ച് മനുഷ്യരെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പും ദുരന്തങ്ങളെ തുടര്‍ന്ന് അപകടത്തിലാകുന്ന നമ്മുടെ സമ്പദ്വ്യവസ്ഥയും ഉയര്‍ത്തുന്ന ചിന്തകളില്‍നിന്നുണ്ടാകുന്നതാണ്. കഴിഞ്ഞവര്‍ഷം കരകവിഞ്ഞും വഴിമാറിയുമൊഴുകിയ നദികളും ജലാശയങ്ങളുമാണ് കൂടുതല്‍ ദുരന്തങ്ങള്‍ വിതച്ചെങ്കില്‍ ഇത്തവണ കൂമ്പാരം കൂട്ടിയ മലര്‍പ്പൊടി കണക്കേ ഇടിഞ്ഞുതീര്‍ന്ന കുന്നുകളും മലകളുമാണ് മനുഷ്യജീവനും സ്വത്തിനും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്. 

ഇക്കൊല്ലം ആഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് ദീര്‍ഘകാല ശരാശരിയില്‍നിന്നു പത്തിരട്ടിവരെ കൂടുതല്‍ മഴയാണ്. മഹാപ്രളയമുണ്ടായ 2018 ഓഗസ്റ്റില്‍ ഇതേ ദിവസങ്ങളില്‍ പെയ്തതിനേക്കാള്‍ പലമടങ്ങ്. ഈ വര്‍ഷം വേനല്‍മഴയാകട്ടെ, നന്നേ കുറവായിരുന്നു. കാലവര്‍ഷം കനക്കാറുള്ള ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞത് പലയിടങ്ങളിലും വരള്‍ച്ചയ്ക്കും വഴിവച്ചു. പക്ഷേ, മൂന്നോ നാലോ ദിവസങ്ങളില്‍ പെയ്ത മഴ, മുന്‍ദിവസങ്ങളിലുണ്ടായ മഴക്കുറവ് നികത്താന്‍ പോരുന്ന തരത്തിലായി. 

ഒട്ടേറെ ദിവസങ്ങളിലായി പെയ്യേണ്ട മഴ, കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഏതാനും ദിവസത്തേയ്ക്കായി ചുരുങ്ങുന്നുവെന്നതിന്റെ സൂചനയാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് മഴയുടെ പാറ്റേണില്‍ വ്യത്യാസം വന്നിരിക്കുന്നുവെന്ന് അര്‍ത്ഥം. ഇടിയോടുകൂടിയ മഴ ആഗസ്റ്റ് മാസത്തില്‍ നമ്മുടെ നാട്ടില്‍ പതിവില്ല. ക്യുമുലോ നിംബസ് മേഘങ്ങള്‍-മഴക്കൂമ്പാരമേഘങ്ങള്‍-സമൃദ്ധമായുള്ള വേനല്‍മഴയുടെ കാലത്തും ഇടവപ്പാതിയുടെ തുടക്കത്തിലും തുലാവര്‍ഷക്കാലത്തുമാണ് ഇടിയും മിന്നലും ഉണ്ടാകാറുള്ളത്. എന്നാല്‍, ഈ ഓഗസ്റ്റിലുണ്ടായ മഴ പലയിടങ്ങളിലും ഇടിയുടെ അകമ്പടിയോടുകൂടിയായിരുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ മഴയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ മഴയുടെ പാറ്റേണില്‍ വ്യതിയാനം വന്നു എന്നുവേണം കരുതാന്‍. ഇതാകട്ടെ, ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ സൃഷ്ടിയാണ്. ആഗോളതാപനം ശാസ്ത്രലോകം സ്ഥിരീകരിച്ച ഒരു വസ്തുതയാണ്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനമാണ് മഴയ്ക്കും മഴ വിതച്ച നാശത്തിനും വഴിവച്ചതെന്നു വിലയിരുത്താന്‍ എളുപ്പമുണ്ട്. അപ്പോള്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ആഗോളമായ ഒരു പശ്ചാത്തലത്തില്‍ ഉരുവംകൊള്ളുന്ന ഭൗമരാഷ്ട്രീയമുയര്‍ത്തി പ്രതിരോധിക്കേണ്ടുന്ന ഒന്നാണെന്നു വരുന്നു. ആഗോളമായ പാരിസ്ഥിതിക തകര്‍ച്ചയില്‍ വികസിത രാഷ്ട്രങ്ങളുടെ പങ്കു കണക്കിലെടുക്കുമ്പോള്‍ നമ്മുടെ പശ്ചിമഘട്ടത്തിലെ ക്വാറികളും ഇടനാടന്‍ കുന്നുകളുടെ മരണവും നികത്തിയെടുക്കപ്പെടുന്ന തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും കണ്ടുകണ്ടിരിക്കേ അങ്ങനെയൊരുനാള്‍ ഇല്ലാതാകുന്ന വയല്‍പ്പച്ചകളും കാവുകളും കാടുകളും പുഴപുറമ്പോക്ക് കയ്യേറി അഹങ്കാരത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന റിവര്‍ഫ്രണ്ട് ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും നീരൊഴുക്ക് തടസ്സപ്പെടുത്തി ജലാശയങ്ങളില്‍ വന്നടിയുന്ന പ്ലാസ്റ്റിക് മാലിന്യവും മറ്റുമൊന്നും ഒരു പ്രശ്‌നമേ അല്ലെന്നു വരുന്നു. ''നാം നേരിടുന്ന മിക്ക പ്രശ്‌നങ്ങളും വ്യവസ്ഥാപരമാണ്. അതുകൊണ്ട് വ്യവസ്ഥ മാറുമ്പോള്‍ എല്ലാം മാറും'' എന്ന യാന്ത്രിക ഇടതുപക്ഷന്യായം ആവര്‍ത്തിക്കുന്നതുപോലെ എല്ലാ പ്രകൃതിദുരന്തങ്ങളും ആഗോളതാപനത്തിന്റെ ഫലമായാണ്. അതുകൊണ്ട് വികസിത രാഷ്ട്രങ്ങള്‍ തിരുത്താന്‍ തയ്യാറായാലേ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ എന്നൊരൊറ്റ ന്യായത്തില്‍ നമുക്കിപ്പോള്‍ പ്രകൃതിയുടെമേല്‍ പ്രാദേശികമായി നാം നടത്തുന്ന എല്ലാ കയ്യേറ്റങ്ങളേയും മറച്ചുപിടിക്കാനാകുന്നുണ്ട്. 
പ്രകൃതിക്ഷോഭങ്ങള്‍ സ്വാഭാവികമാണെന്നും സംസ്‌കാരങ്ങളെവരെ അതു പലപ്പോഴും തേച്ചുമായ്ചു കളഞ്ഞിട്ടുണ്ടെന്നും അങ്ങനെ നിരവധി

പ്രകൃതിക്ഷോഭങ്ങളുടെ സൃഷ്ടിയാണ് കേരളമെന്ന ഭൂപ്രദേശത്തിന്റെ മിക്ക ഭാഗങ്ങളുമെന്നും ചരിത്രബോധമുള്ളവര്‍ ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1341-ല്‍ ഒരു വെള്ളപ്പൊക്ക കാലത്ത് രൂപപ്പെട്ട കൊച്ചി തുറമുഖവും വൈപ്പിന്‍പോലുള്ള പ്രദേശങ്ങളും ഇപ്പോള്‍ ഇടനാടിനോട് ചേര്‍ന്നുകിടക്കുന്ന നിരണംപോലുള്ള പ്രദേശങ്ങളും പഴയ വെള്ളപ്പൊക്കക്കാലങ്ങളും മാറിമാറി വന്ന നാടിന്റെ ഭൂപടങ്ങളും നാടിന്റെ ജീവിതം രൂപപ്പെടുത്തിയതില്‍ പ്രകൃതിക്ഷോഭങ്ങള്‍ക്കുള്ള പങ്ക് എടുത്തുകാട്ടുന്നുണ്ട്.

മാധവ് ഗാഡ്ഗില്‍
മാധവ് ഗാഡ്ഗില്‍

പ്രശസ്ത സെസ്‌മോളജിസ്റ്റ് ലൂസി ജോണ്‍സ് എഴുതിയ 'ദ ബിഗ് വണ്‍സ്' എന്ന പുസ്തകം വിവരിക്കുന്നത് ഇത്തരത്തില്‍ പ്രകൃതിദുരന്തങ്ങളുടെ ചരിത്രവും പ്രകൃതിദുരന്തങ്ങള്‍ എങ്ങനെയാണ് മനുഷ്യചരിത്രത്തെ രൂപപ്പെടുത്തിയത് എന്നുമാണ്. അത്രയൊന്നും ഭദ്രമല്ലാത്ത പ്രദേശങ്ങളില്‍ ജനസംഖ്യാ വര്‍ധനയുണ്ടാകുന്നതിന്റേയും താപനില വര്‍ദ്ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ പ്രകൃതിക്ഷോഭങ്ങളുടെ പ്രത്യാഘാതം ഏറെ വലുതാണ്. ലൂസി ജോണ്‍സ് ചൂണ്ടിക്കാട്ടിയതുപോലെ പ്രകൃതിക്ഷോഭങ്ങള്‍ക്ക് എളുപ്പം വശംവദമാകാവുന്ന ഭദ്രമല്ലാത്ത ഒരു മേഖലയായി കേരളത്തേയും കരുതേണ്ടതുണ്ട് എന്നാണ് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. 
കേരളത്തിലും മറ്റു ചില പടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടമേഖലയില്‍ ഏറെക്കാലം മുന്‍പു നടന്ന പ്രകൃതിക്ഷോഭങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകളും നിബിഡവനങ്ങളും വെള്ളത്തില്‍ ഒലിച്ചുപോകുന്ന പാതകളും മനുഷ്യസഞ്ചാരത്തേയും വിനിമയസംവിധാനങ്ങളേയും പഴയകാലം മുന്‍പേ തന്നെ തടസ്സപ്പെടുത്തിയിരുന്നതായി നമുക്കറിവുണ്ട്. ഇവ മറികടന്ന് എളുപ്പം എത്തിച്ചേരാനാകില്ല എന്ന ആനുകൂല്യം മുതലെടുത്താണ് ശിവജി തന്റെ മറാത്താ സാമ്രാജ്യം സൃഷ്ടിച്ചതെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. ഭൂപടങ്ങളും അവയുടെ പ്രകൃതിദത്ത അതിരുകളും ക്ഷണത്തില്‍ മാറ്റിവരയ്ക്കുകയും പുതിയ ദ്വീപുകളും പുഴകളും സമുദ്രതീരങ്ങളും എളുപ്പത്തില്‍ വരച്ചുചേര്‍ക്കുകയും ചെയ്യുന്ന പ്രകൃതിയുടെ കലാവൈഭവം ചൂണ്ടിക്കാട്ടി ''ഇതൊക്കെ മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നു. ഇനിയും നടക്കാം. എന്തുചെയ്യാം, മനുഷ്യന്‍ നിസ്സഹായനാണ്'' എന്ന വിധിവാദം ഉയര്‍ത്തുകയും വകതിരിവില്ലാത്ത പ്രകൃതിചൂഷണം മൂലമാണ് സ്ഥിതിഗതികള്‍ ഗുരുതരമാകുന്നത് എന്ന വസ്തുത മറച്ചുപിടിക്കുകയും ചെയ്യുന്നുണ്ട് ഇനിയും മറ്റുചിലര്‍. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ
പവിത്രത 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍, വിശേഷിച്ചും പശ്ചിമഘട്ട മേഖലയിലെ കുടിയേറ്റ കര്‍ഷക സമൂഹങ്ങളില്‍ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ച ഒന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വോട്ടുബാങ്ക് മുന്‍നിര്‍ത്തി സി.പി.ഐ.എം അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാവരജംഗമങ്ങളുടെ നഷ്ടം ഭയന്ന മതാധികാരികളും റിപ്പോര്‍ട്ട് നടപ്പാകാതിരിക്കാന്‍ വലിയ പ്രക്ഷോഭങ്ങളാണ് മേഖലയില്‍ അഴിച്ചുവിട്ടത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പി മാത്രമാണ് ആവശ്യമുന്നയിച്ചത്. ഇതു സംബന്ധിച്ച ആ കക്ഷിയുടെ രാഷ്ട്രീയ ജാര്‍ഗണുകളില്‍ പരിസ്ഥിതിയുടേയും മനുഷ്യജീവിതത്തിന്റേയും സംരക്ഷണം എന്നതിനേക്കാളുപരി ക്രിസ്ത്യാനിയുടെ ഭൂമികയ്യേറ്റം, കുരിശുകൃഷി തുടങ്ങിയ കാര്യങ്ങളായിരുന്നു, മതവിദ്വേഷമായിരുന്നു പത്തിവിടര്‍ത്തി നിന്നത്. ആ പാര്‍ട്ടിയുടെ ഭരണം വന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുപോയിട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ദിശയില്‍ ഒരു മുന്നേറ്റവും നടത്താന്‍ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. 

വോട്ടുബാങ്കുകളിലെ ഉരുള്‍പൊട്ടല്‍ ഭയക്കുന്ന രാഷ്ട്രീയ കക്ഷികള്‍, പശ്ചിമഘട്ട മേഖലയിലെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന സ്ഥാപിത താല്പര്യക്കാര്‍, മത-സാമുദായിക ശക്തികള്‍, തങ്ങളുടെ വാസസ്ഥലവും കൃഷിയിടവും നഷ്ടപ്പെടുമോ എന്ന ആശങ്കപൂണ്ട കുടിയേറ്റ കര്‍ഷകര്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിശുദ്ധഗ്രന്ഥത്തിന്റെ പവിത്രതയോടെ സമീപിക്കുന്ന ബുദ്ധിജീവികളും പരിസ്ഥിതി പ്രവര്‍ത്തകരും തുടങ്ങിയവരായിരുന്നു അക്കാലത്ത് മലയോര മേഖലയില്‍ അരങ്ങേറിയ നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങള്‍. സംഘടിക്കാനും സമരം ചെയ്യാനും ജനാധിപത്യം നല്‍കുന്ന ഔദാര്യം എങ്ങനെയാണ് മനുഷ്യവിരുദ്ധമായി പ്രയോഗിക്കപ്പെടുക എന്നതിന് ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ നടന്ന സമരം തൊട്ട് നിരവധി ഉദാഹരണങ്ങളുണ്ട്. നമ്മുടെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അത്തരം ഉദാഹരണങ്ങളില്‍ ചൂണ്ടിക്കാണിക്കാനാകുന്ന പ്രമുഖമായ മറ്റൊരു കുപ്രസിദ്ധ സമരമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി മലയോര മേഖലയിലുണ്ടായ പ്രക്ഷോഭങ്ങള്‍. 

മണ്‍സൂണ്‍ ഇപ്പോഴും കേരളത്തില്‍ പിന്‍വാങ്ങിയിട്ടില്ല. നാം വിശ്വസിക്കുന്നത് ഇത്തവണ സംഭവിക്കാവുന്ന ഏറ്റവും മോശപ്പെട്ട ഒരു സ്ഥിതിവിശേഷത്തെ, ഭയാനകമായ ഒരു പ്രകൃതിദുരന്തത്തെ നമ്മള്‍ പിന്നിട്ടുകഴിഞ്ഞുവെന്നാണ്. എന്നാല്‍, പ്രകൃതിക്ഷോഭങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഒരു സ്വയംകൃതാനര്‍ത്ഥമെന്ന നിലയില്‍ ഇനിയും എപ്പോള്‍ വേണമെങ്കിലും നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ട് പ്രകൃതിദുരന്തമാകാം. പുത്തുമലയിലും കവളപ്പാറയിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതും മറ്റുപല മേഖലകളിലും ഭീഷണി ഉയര്‍ത്തുന്നതുമായ ഉരുള്‍പൊട്ടലുകള്‍ക്ക് എണ്ണത്തില്‍ പെരുകിവരുന്ന ക്വാറികള്‍ക്കും അതിരുകടന്ന പ്രകൃതിചൂഷണത്തിനും ഒരു പങ്കുമില്ലെന്ന വാദം അപ്പോഴും ഒരു വലിയ വിഭാഗം ആളുകള്‍ ആവര്‍ത്തിച്ചേക്കാം. തീര്‍ച്ചയായും ഇത്തരം വികസന മൗലികവാദത്തിനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത മനസ്സിലാകാതെ, തങ്ങളുന്നയിക്കുന്ന തരം പരിസ്ഥിതി മൗലികവാദമാണ് അതിലുള്ളടങ്ങിയിരിക്കുന്നതെന്ന വിശ്വാസത്താല്‍ അതേച്ചൊല്ലി ബഹളം വെയ്ക്കുന്ന പരിസ്ഥിതി മൗലികവാദത്തിനും ഒരു ബദല്‍ എന്ന നിലയില്‍ ഗാഡ്ഗില്‍ നയിച്ച വെസ്റ്റേണ്‍ ഘട്ട് ഇക്കോളജി എക്‌സ്പെര്‍ട്ട് പാനല്‍ റിപ്പോര്‍ട്ടിനു വലിയ പ്രസക്തിയുണ്ട്. എന്തുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്? ഒന്നാമത്തെ കാരണം പാരിസ്ഥിതിക മേഖലയില്‍ ദിശാബോധത്തോടുകൂടിയ ധൈഷണികമായ ഒരു ഇടപെടല്‍ ആകുന്നു ആ റിപ്പോര്‍ട്ട് എന്നതാണ്. ഉപഭോഗാധിഷ്ഠിതവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതുമായ സാമ്പത്തികവളര്‍ച്ചയ്ക്കു പ്രാമുഖ്യം കല്പിക്കുന്ന നവലിബറല്‍ സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ മനുഷ്യനെ ഒഴിച്ചുനിര്‍ത്താത്ത പരിസ്ഥിതി രാഷ്ട്രീയം ആ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ''ജനാവബോധം പ്രകൃതിസംരക്ഷണത്തില്‍ പ്രാഥമികമായ ഘടകമാണ്. സുശക്തമായ ജനാധിപത്യ സംവിധാനവും സമത്വപൂര്‍ണ്ണമായ വ്യവസ്ഥിതിയുമാണ് പ്രകൃതിസംരക്ഷണത്തിന്റെ മൂന്നുപാധികള്‍..'' 2013 മെയ് മൂന്നിന് സമകാലിക മലയാളത്തിനുവേണ്ടി ഇതേ ലേഖകനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചതിങ്ങനെ. ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളുമൊക്കെ എങ്ങനെയാണ് പരിസ്ഥിതിസംരക്ഷണം നടപ്പാക്കാന്‍ പോകുന്നത് എന്നു ചോദിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അപ്രായോഗികതയെ എടുത്തുപറയുകയും അപഹസിക്കുകയും ചെയ്യുന്ന 'പ്രാഗ്മാറ്റിസ്റ്റുകള്‍'ക്ക് ഗാഡ്ഗിലിന്റെ സമത്വത്തിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം തീര്‍ച്ചയായും ദഹിക്കാനിടയില്ല. സമത്വപൂര്‍ണ്ണമായ വ്യവസ്ഥയും സുശക്തമായ ജനാധിപത്യ സംവിധാനവും ഉണ്ടാകണമെന്നു വരുന്നതും. അന്ന് അദ്ദേഹം ആ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ച മറ്റൊരു വസ്തുത താന്‍ നയിച്ച പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടഞ്ഞ ഒന്നല്ലെന്നും അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ സമഗ്രതയിലേക്കു വികസിപ്പിക്കേണ്ടുന്ന ഒന്നാണെന്നുമാണ്. 

''റിപ്പോര്‍ട്ട് ഒരര്‍ത്ഥത്തില്‍ അന്തിമമാണെന്നു ഞാന്‍ പറയില്ല. റിപ്പോര്‍ട്ട് ഗ്രാമസഭകള്‍ തൊട്ട് മുകളിലേക്കു ജനാധിപത്യ സംവിധാനങ്ങളില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കലാണ് അതു നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ഞങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകും. അവകൂടി കണക്കിലെടുത്തുവേണം തുടര്‍നടപടികളുണ്ടാകാന്‍. നിര്‍ഭാഗ്യവശാല്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റുകള്‍ മുന്‍കൈയെടുക്കുന്നില്ല..'' ഗാഡ്ഗില്‍ അന്നു ചൂണ്ടിക്കാണിച്ചിതിങ്ങനെ. മനുഷ്യനിര്‍മ്മിത മൂലധനം സാമൂഹ്യ-പ്രകൃതിദത്ത മൂലധനത്തിനു ബദലാകുന്നതിനെ റിപ്പോര്‍ട്ട് അടച്ചാക്ഷേപിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിനെതിരെയുള്ള ഒരു ആരോപണം. തീര്‍ച്ചയായും മനുഷ്യനിര്‍മ്മിത മൂലധനത്തിന്റെ പകരംവയ്പ് നിമിത്തം പ്രകൃതിദത്ത മൂലധനം ഇല്ലായ്മ ചെയ്യപ്പെടുന്നു എന്നതിനെ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. പാരിസ്ഥിതിക-സാമൂഹ്യമേഖലകളില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം കൃത്യമായും റിപ്പോര്‍ട്ട് അളന്നെടുക്കുന്നുമുണ്ട്. അതേസമയം മനുഷ്യനിര്‍മ്മിത മൂലധനത്തിന്റെ വര്‍ധന നിമിത്തം മലയോരവാസികള്‍ മികച്ച സാക്ഷരതയും പാരിസ്ഥിതികാവബോധവും കൈവരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. ശക്തമായ ജനാധിപത്യസ്ഥാപനങ്ങളുള്ള കേരളത്തിലാണ് ഈ പ്രദേശങ്ങളെന്നതും ഒരു അനുകൂലഘടകമായി കണക്കാക്കുന്നു. 

''ഒരു മീന്‍പിടിത്തക്കാരനോ, ചെറുകിട കര്‍ഷകനോ ഉള്ള താല്പര്യങ്ങളോ അല്ല വലിയൊരു വ്യവസായം നടത്തിക്കൊണ്ടുപോകുന്ന ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ ഉള്ളത്. മീന്‍പിടിത്തം, കാര്‍ഷികവേല, വ്യവസായങ്ങള്‍ ഇവയൊക്കെ നടത്തിക്കൊണ്ടുപോകുന്നവര്‍ക്ക് അത് അവര്‍ക്കും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും ഉപജീവനമാര്‍ഗ്ഗമാണ്. പ്രകൃതിയുടേയും പരിസ്ഥിതിയുടേയും നാശം മൂലം അത് എന്നെന്നേയ്ക്കുമായി അടഞ്ഞുപോകാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.'' 2013-ല്‍ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ. കര്‍ഷകനേയും ആദിവാസികളേയും ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു പരിസ്ഥിതി സംരക്ഷണം സാധ്യമല്ലെന്ന് ഗാഡ്ഗില്‍ എല്ലായ്‌പോഴും അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ''ആദിവാസികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങളെ ലംഘിച്ചാണ് പലപ്പോഴും പശ്ചിമഘട്ട മേഖലയില്‍ ഖനനങ്ങള്‍ നടക്കുന്നത്. നിയമം നടപ്പാക്കേണ്ട സര്‍ക്കാരുകളും രാഷ്ട്രീയപ്പാര്‍ട്ടികളും വ്യവസായികള്‍ നിയമം ലംഘിക്കുമ്പോള്‍ അതിനു കൂട്ടുനില്‍ക്കുകയാണ്. വേലിതന്നെ വിളവുതിന്നുന്ന അവസ്ഥ. ജനങ്ങളുടെ ഇടപെടല്‍ തന്നെയാണ് ഇതിനൊരു പോംവഴി.'' ഗാഡ്ഗില്‍ വ്യക്തമാക്കുന്നു. ശക്തമായ ത്രിതല പഞ്ചായത്ത് സംവിധാനമുള്ള കേരളത്തില്‍ ഇതു താരതമ്യേന അനായാസമാണെന്നും അദ്ദേഹം കരുതുന്നുണ്ട്. റിപ്പോര്‍ട്ടില്‍ ഉടനീളം പരിസ്ഥിതി സംരക്ഷണത്തില്‍ പൊതുസമൂഹത്തിനുള്ള ഉത്തരവാദിത്വത്തിനു ശക്തമായ ഊന്നല്‍ നല്‍കുന്നതായും പരിസ്ഥിതി സംരക്ഷണം ഉദ്യോഗസ്ഥതലത്തിലുള്ള നടപടിയായി ഒതുങ്ങരുതെന്ന ശാഠ്യം പുലര്‍ത്തുന്നതായും കാണാം. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഈ നിലപാട് ശക്തമായി പ്രതിഫലിക്കുന്നതു കാണാം. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ മേധാവിത്വമാണെന്ന് അതിന്റെ ജനവിരുദ്ധ സ്വഭാവം വെളിവാക്കിക്കൊണ്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തെ വികസനത്തില്‍നിന്നും വേറിട്ടു കാണുന്ന അവസ്ഥയെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. സംരക്ഷിത മേഖലകളായി ചില പ്രദേശങ്ങളെ പ്രഖ്യാപിക്കുകയും തദ്ദേശവാസികളെ പരിസ്ഥിതി സംരക്ഷണത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്തുകയും ചെയ്യുന്ന കാഴ്ചപ്പാടിനെ റിപ്പോര്‍ട്ട് എതിര്‍ക്കുന്നു. വികസനത്തിന്റെ മഹാസമുദ്രത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കൊച്ചുകൊച്ചു തുരുത്തുകളെന്ന തലതിരിഞ്ഞ നയത്തെ അതു നഖശിഖാന്തം എതിര്‍ക്കുന്നു. ഗാഡ്ഗിലിനേയും അദ്ദേഹത്തിനൊപ്പം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ കൂടെനിന്ന മറ്റു വിദഗ്ദ്ധരേയും കേവല പരിസ്ഥിതിവാദികളായും പരിസ്ഥിതി മൗലികവാദികളായും ചിത്രീകരിക്കുന്നതില്‍ ഒട്ടും കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്കു ബോധ്യപ്പെടും. 

''സംരക്ഷിതമേഖലകളില്‍ ഒരു പുല്‍ച്ചെടിയുടെ ഇലപോലും നീക്കരുതെന്നു വാശിപിടിക്കുന്ന നാം അവയ്ക്കു പുറത്ത് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍പോലും പാലിക്കാന്‍ തയ്യാറാകാത്തത് തികച്ചും അനുചിതമാണ്. ഇന്നത്തെ അനിയന്ത്രിത വികസനവും തത്ത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണവും എന്ന സമീപനത്തിനു പകരം സുസ്ഥിരവികസനവും ശ്രദ്ധാപൂര്‍വ്വമുള്ള പരിസ്ഥിതി സംരക്ഷണവും എന്ന നിലയിലേക്കു നമ്മുടെ വികസനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യപ്പെടണമെന്നാണ'' ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ക്വാറിയിംഗ് സംബന്ധിച്ചും മണ്ണൊലിപ്പു സംബന്ധിച്ചുമൊക്കെ ഗാഡ്ഗില്‍ സമിതി നടത്തുന്ന നിരീക്ഷണങ്ങളും മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി ആവര്‍ത്തിച്ച പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാകുന്നുണ്ട്. 
പശ്ചിമഘട്ടത്തിന്റെ മുകള്‍പ്പരപ്പില്‍ വെള്ളത്തിനും മണ്ണിനും സംഭവിക്കുന്ന അപചയവും മലിനീകരണവും താഴെത്തട്ടിലേക്ക് ഒഴുകിയെത്തി മധ്യഭൂതലത്തേയും തീരപ്രദേശത്തേയും മലിനമാക്കുന്നു എന്നതാണ്. അതുകൊണ്ട് പരിസ്ഥിതിക്കു നാശകരമായ രീതികള്‍ അടിയന്തരമായി കുറയ്ക്കുകയും ഒരു സുസ്ഥിര കൃഷി സമീപനത്തിലേക്കു മാറുകയും ചെയ്യുന്നതിനു സഹായകമായ രീതിയില്‍ നയപരമായ ഒരു മാറ്റം അനിവാര്യമാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ചുരുക്കത്തില്‍ തീരദേശ സംരക്ഷണത്തെ ലാക്കാക്കിയ സി.ആര്‍.ഇസെഡ് നിയമങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കുന്നതുപോലെയും തണ്ണീര്‍ത്തടങ്ങളുടേയും നെല്‍വയലുകളുടേയും നികത്തല്‍ തടഞ്ഞുകൊണ്ടും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുമുള്ള നിയമങ്ങള്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കുന്നതുപോലെയും പ്രധാനമാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുക എന്നത്. വികസനത്തേയും പരിസ്ഥിതിയും മുഖാമുഖം നിറുത്തി ജനജീവിതത്തേയും പുരോഗതിയേയും തടസ്സപ്പെടുത്തുകയല്ല, മറിച്ച് വികസനത്തേയും പരിസ്ഥിതി സംരക്ഷണത്തേയും പരസ്പരം വേര്‍പെടുത്താനാകാത്ത ഒരു പ്രക്രിയയായി കാണുകയാണ് അതിന്റെ കാതല്‍.

മനുഷ്യ ഇടപെടല്‍ 
പ്രതിസന്ധി രൂക്ഷമാക്കുന്നു

വിജു ബി. 

പത്രപ്രവര്‍ത്തകന്‍, 'ഫ്‌ലഡ് ആന്റ് ഫ്യൂരി' എന്ന പുസ്തകത്തിന്റെ രചയിതാവ്.

ഓരോ പ്രകൃതിക്ഷോഭത്തിനും ശേഷം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നതിനു പ്രധാന കാരണം അത് ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ കാതലുള്ളതുകൊണ്ടും മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായതുകൊണ്ടുമാണ്. ടി.വി. സജീവനും ടി.ജെ. അലക്‌സും ചേര്‍ന്നു നടത്തിയ പഠനത്തില്‍ 50 ശതമാനം ക്വാറികളും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളിലാണ്. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ഇ.എസ്.ഇസെഡ് ഒന്ന്, ഇ.എസ്.ഇസെഡ് രണ്ട് എന്നീ സോണുകളില്‍പ്പെടുന്നവ. ക്വാറികളില്‍ മിക്കവയും പെരിയാര്‍, പമ്പ തുടങ്ങിയ നദികളുടെ റിവര്‍ബേസിനുകളില്‍നിന്ന് ഒട്ടും അകലെയല്ലാതെയുള്ളവയാണ്. ഈ ക്വാറികളുടെ പ്രവര്‍ത്തനം അവിടത്തെ ഭൂപ്രദേശത്തിന്റെ ഘടനയെ അസ്ഥിരമാക്കുന്നുണ്ട്. അത് മണ്ണിടിച്ചിലിനും മറ്റും വഴിവെയ്ക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടമേഖലയിലെ റോഡ് നിര്‍മ്മാണം പോലുള്ള മാനുഷിക പ്രവര്‍ത്തനങ്ങളും പ്രകൃതിദുരന്തങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുള്ളത് വാസ്തവമാണ്. 


ആഗോളതാപനത്തിന്റെ ഭാഗമായാണ് പ്രകൃതിക്ഷോഭങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുന്നത് എന്നത് ശരിയാണ്. ഇത്തവണ തീവ്രമായ കനത്ത മഴ (Heavy Intensity Rainfall) ഉണ്ടായി. എന്നാല്‍, പ്രാദേശികമായി നാം നടത്തുന്ന ഇടപെടലുകള്‍ അതിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആഗോളതാപനത്തിനെ പഴിചാരി നമുക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ശ്വാസകോശാര്‍ബ്ബുദം സിഗരറ്റ് വലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഉണ്ടാകാം. എന്നാല്‍, സിഗരറ്റ് വലിക്കുന്നവരില്‍ അതിന്റെ സാധ്യത കൂടുതലല്ലേ? അതുപോലെ ആഗോളതാപനത്തിന്റേയും കാലാവസ്ഥാമാറ്റത്തിന്റേയും പശ്ചാത്തലത്തില്‍ പ്രകൃതിക്ഷോഭങ്ങളുണ്ടാകാം. എന്നാല്‍, അതു പ്രകൃതിദുരന്തങ്ങളുടെ സംഭാവ്യതാനിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രാദേശികമായി നാം നടത്തുന്ന അശാസ്ത്രീയമായ ഇടപെടലുകള്‍ക്കു വലിയ പങ്കുണ്ട്.

മാഗ്‌നാകാര്‍ട്ടയല്ല, എങ്കിലും പരിഗണിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ 

പ്രൊഫ. പി.കെ. രവീന്ദ്രന്‍
കേരള ശാസ്ത്രസാഹിത്യപരിഷത്ത് 

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതിരംഗത്തെ ഒരു മാഗ്‌നാകാര്‍ട്ടയൊന്നുമല്ല. അതിനു തീര്‍ച്ചയായും നിരവധി പരിമിതികളുണ്ട്. ഉദാഹരണത്തിന് അത് ഭൗമശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ ഭൂമിയിലെ മനുഷ്യന്റെ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തിയിട്ടില്ല. പാരിസ്ഥിതികമായി അതു സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും എങ്ങനെ അവ മറികടക്കാമെന്നും നിര്‍ദ്ദേശിച്ചിട്ടേയുള്ളൂ. 2013-ലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനുശേഷം രണ്ട് വലിയ പ്രകൃതിക്ഷോഭങ്ങളെങ്കിലും കേരളം ദര്‍ശിച്ചിട്ടുണ്ട്. അതേസമയം, രണ്ട് വലിയ പ്രകൃതിദുരന്തങ്ങള്‍ കടന്നുവന്ന നമ്മുടെ സംസ്ഥാനത്ത് കുറേപ്പേര്‍ക്കെങ്കിലും ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടില്‍ ഉന്നയിച്ച വസ്തുതകള്‍ ശരിയെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് ശുഭോദര്‍ക്കമാണ്. 

ജയറാം രമേഷ് പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നത്. അത് കേന്ദ്ര ഗവണ്മെന്റിനാണ് സമര്‍പ്പിച്ചത്. അത് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചില്ല. പകരം കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചു. ആ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാകട്ടെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തും ജനാധിപത്യത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയുള്ള പരിസ്ഥിതിസംരക്ഷണം എന്ന ആശയം വേണ്ടെന്നുവെച്ചും സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നു അത്. അതും ശക്തമായ എതിര്‍പ്പിനു വിധേയമായി. എന്നിട്ടാണ് ഉമ്മന്‍ വി. ഉമ്മനെ നിയോഗിക്കുന്നത്. കേരളത്തിലെ ഗവണ്‍മെന്റിനു വേണമെങ്കില്‍ ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പരിസ്ഥിതി സംരക്ഷണത്തിനു നടപടി കൈക്കൊള്ളാവുന്നതേയുള്ളൂ.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയേ വേണ്ട എന്ന നിലപാട് ആദ്യം കൈക്കൊണ്ടത് ഭരണകൂടമാണ്. വോട്ടുബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുത്തു. യഥാര്‍ത്ഥത്തില്‍ അത് കര്‍ഷകനേയും അവന്റെ ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. മാധ്യമങ്ങളും ഏറെക്കുറെ കര്‍ഷകതാല്പര്യമെന്ന പേരില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. പരിസ്ഥിതി ദുര്‍ബ്ബലമേഖലകളിലെ ഭൂവിനിയോഗത്തിനും പ്രകൃതിചൂഷണത്തിനും നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചത്. പക്ഷേ, ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല മുന്നോട്ടുവന്നത്. ക്രിസ്ത്യന്‍ സഭകളും മുന്നോട്ടുവന്നു. താമരശ്ശേരി ബിഷപ്പും ഇടുക്കി ബിഷപ്പുമായിരുന്നു എതിര്‍പ്പുമായി മുന്‍പന്തിയില്‍. ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നായിരുന്നു അന്ന് ബിഷപ്പുമാരുടെ പ്രഖ്യാപനം. ഇടുക്കിപോലുള്ള പ്രദേശങ്ങളില്‍ ശാസ്ത്രസാഹിത്യപരിഷത്തുകാര്‍ക്ക് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍പോലും ഇവരുടെയൊക്കെ എതിര്‍പ്പുകള്‍ മൂലം കഴിഞ്ഞില്ല. എന്നാല്‍ ആരു വേണ്ടെന്ന് വിലക്കിയാലും ഇപ്പോഴും മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് നമുക്കു ചര്‍ച്ച ചെയ്യേണ്ടിവരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com