മൃതി വിധിക്കുന്ന മലനിരകള്‍: സഹ്യാദ്രിയിലെ അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളെക്കുറിച്ച്

യാതൊരു നിയന്ത്രണവും കൂടാതെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം എത്രമാത്രമാണ്?
മൃതി വിധിക്കുന്ന മലനിരകള്‍: സഹ്യാദ്രിയിലെ അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളെക്കുറിച്ച്

റെ നീണ്ടുനിന്ന വരള്‍ച്ചയ്‌ക്കൊടുവിലാണ് 2018-ല്‍ കാലവര്‍ഷം കാലംതെറ്റാതെയെത്തിയത്. ജൂണിലെ മഴപ്പെയ്ത്തില്‍ തന്നെ നദികളെല്ലാം നിറഞ്ഞു. അണകള്‍ സംഭരണശേഷിയിലെത്തി. വറുതിയുടെ മഴക്കാലമായിരുന്നില്ല, സമൃദ്ധിയുടെ തോരാവര്‍ഷമായിരുന്നു ആ കൊല്ലം. എന്നാല്‍, മനംനിറഞ്ഞ കാഴ്ചകളെല്ലാം പൊടുന്നനെയാണ് മാറിമറിഞ്ഞത്. തോരാമഴയില്‍ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവുകളില്‍ മലകളുരുണ്ട് വന്നു. മഴയുടെ ശക്തിയില്‍ ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് പ്രദേശങ്ങള്‍ കുന്നുകളിടിഞ്ഞ് ഉരുള്‍പൊട്ടലുകളുടേയും മണ്ണിടിച്ചിലിന്റേയും ദുരന്തഭൂമിയായി മാറി. കാലവര്‍ഷത്തിന്റെ സ്വഭാവത്തിലും രൂപത്തിലും മാറ്റം വന്നെന്ന ചര്‍ച്ചകള്‍ നടക്കവേ അനുബന്ധ ദുരന്തങ്ങള്‍ക്ക് കാരണമായ മറ്റൊന്നിനെക്കുറിച്ചും ആരും ചര്‍ച്ച ചെയ്തില്ല. അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതും തീവ്രമഴയുടെ കണക്കുകളിലും വാദപ്രതിവാദങ്ങള്‍ മുറുകി. കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രളയത്തിനു സമാനമായ അതേ ദുരന്തം ആവര്‍ത്തിക്കുകയാണുണ്ടായത്. ഇത്തവണ 65 ഇടങ്ങളിലാണ് (കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍) മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളുമുണ്ടായത്. ഈ കണക്ക് പൂര്‍ണ്ണമല്ല. എന്താണ് പശ്ചിമഘട്ടത്തിലെ മലനിരകള്‍ക്ക് സംഭവിക്കുന്നത്?
    

ദുരന്തം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ ആഗോള കാലാവസ്ഥാ വ്യതിയാനം മുതല്‍ പലതുണ്ട്. പക്ഷേ, ആദ്യ ഉത്തരം സഹ്യമലനിരകളുടെ പാരിസ്ഥിതികനാശം എന്നുതന്നെയെന്നാകും. അതിനു മുഖ്യകാരണം ക്വാറികളുടെ വ്യാപനവും. ലഭ്യമായ കണക്ക് അനുസരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 5,961 ക്വാറികളാണ് (കെ.എഫ്.ആര്‍.ഐ, ടി.വി. സജീവ് & സി.ജെ. അലക്‌സ്). അതായത് ഓരോ പഞ്ചായത്തിലും ശരാശരി ആറു ക്വാറികള്‍ വീതം. ഇവയില്‍ ഭൂരിഭാഗം ക്വാറികളും അതീവ പരിസ്ഥിതി ലോലപ്രദേശങ്ങളില്‍. പരിസ്ഥിതി ദുര്‍ബ്ബലമെന്ന് കണ്ടെത്തിയ വയനാടിന്റെ പടിഞ്ഞാറന്‍ ചെരുവുകളിലാണ്  2018-ല്‍ മണ്ണിടിച്ചില്‍ ഏറെയുണ്ടായത്. അതായത് കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍. 2018-ല്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തുള്ള കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. അന്ന് താമരശ്ശേരി ചുരം ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടിരുന്നു. ആനക്കാംപൊയിലിലും മറിപ്പുഴയിലും തേന്‍പാറയിലും മണ്ണിടിഞ്ഞു. കക്കയത്തും പുല്ലൂരാമ്പാറയിലും കൂടരഞ്ഞിയിലും ഉരുള്‍പൊട്ടലുകളുണ്ടായി. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പുല്ലൂരാമ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ചത്. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ എം.എ.ല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന് സമീപവും മണ്ണിടിഞ്ഞിരുന്നു. ഈ വര്‍ഷവും ഇതേ മലഞ്ചെരുവുകളിലാണ് ദുരന്തമുണ്ടായത്. കരിഞ്ചോലമലയ്ക്ക് പകരം കവളപ്പാറയും പുത്തുമലയായെന്നും മാത്രം. പശ്ചിമഘട്ടത്തിലെ ഏറ്റവും ചെങ്കുത്തായ മലഞ്ചരിവുകളുള്ളതും മഴ ഏറ്റവുമധികവും ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് കോഴിക്കോടിന്റെ കിഴക്കന്‍ മല. സംരക്ഷിതപ്രദേശങ്ങള്‍ ഇവിടെ കുറവാണ്. ഒരുകാലത്ത് കുടിയേറ്റ കര്‍ഷകരാണ് ഇവിടെ സ്ഥലം വാങ്ങി വേരുറപ്പിച്ചതെങ്കില്‍ ഇന്നത് ഖനന മാഫിയകളാണ്.
    

കക്കാടംപൊയില്‍ അടക്കമുള്ള മലനിരകളില്‍ ടൂറിസത്തിന്റെ വികസന സാധ്യതകള്‍ പ്രചരിപ്പിച്ചാണ് ഖനന മാഫിയകള്‍ സ്ഥലം വാങ്ങിയത്. നിയമസഭയിലെ പരിസ്ഥിതി സമിതിയിലെ അംഗമായ അന്‍വര്‍ നടത്തുന്ന ഇടപെടലുകള്‍ എത്രമാത്രം പരിസ്ഥിതിക്ക് ദോഷകരമാണെന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്തിരുന്ന കാലത്ത് ഇതിനെതിരെ പരസ്യനിലപാട് സ്വീകരിച്ച്, പശ്ചിമഘട്ട വികസന മുന്നണിയുടെ പേരില്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് അന്‍വര്‍. 2018-ല്‍ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിനു കാരണം മലമുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളായിരുന്നു. അമരാട് മല, തേവര്‍മല, കൊളമല, കരിഞ്ചോലമല തുടങ്ങിയ മലകളുടെ മുകളില്‍ നിരവധി ക്വാറികളുണ്ടായിരുന്നു. രണ്ടെണ്ണത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. ക്വാറികളിലെ മട്ടി മണല്‍ കഴുകി വൃത്തിയാക്കാനുള്ള ജലസംഭരണിയാണ് അപകടത്തിന് കാരണമായതെന്ന് അന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അന്നത്തെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കേണ്ടിവന്നത് മുഴുവന്‍ ആദ്യകാല കുടിയേറ്റക്കാരായ കര്‍ഷകര്‍ക്കായിരുന്നു. മലയുടെ സ്വാഭാവിക ചെരിവുകളില്ലാതാക്കി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ സ്വാഭാവിക വിനിയോഗത്തില്‍ മാറ്റമുണ്ടാക്കിയതായി സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി.പി. ദിനേശ് അന്നു വിലയിരുത്തിയിരുന്നു. 2018-ല്‍ ഉരുള്‍പൊട്ടിയ മലപ്പുറത്തെ വെറ്റിലപ്പാറയിലും മലമുകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

തിരുവനന്തപുരത്തെ മുക്കുന്നിമലയിലെ ക്വാറി
തിരുവനന്തപുരത്തെ മുക്കുന്നിമലയിലെ ക്വാറി

ഈ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ ഉള്‍പ്പെടുന്ന പോത്തുകല്ല്, മേപ്പാടി പ്രദേശങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ സോണ്‍ ഒന്നിലാണ് ഗാഡ്ഗില്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നത്. സോണ്‍ ഒന്നില്‍ വരുന്ന പ്രദേശങ്ങളില്‍ ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതായി ലൈന്‍സ് നല്‍കരുതെന്ന് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ക്ക് 2016-ന് ശേഷം അനുമതി പുതുക്കി നല്‍കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയതോടെ ഈ മേഖലയില്‍ അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കവളപ്പാറയില്‍ ഖനനം നടക്കുന്നില്ലെങ്കിലും സമീപ പ്രദേശങ്ങളായ വെള്ളിമുറ്റത്തും പാതാറിലും മുരുകാഞ്ഞിരത്തുമൊക്കെ ക്വാറികള്‍ നിയമം മറികടന്ന് പ്രവര്‍ത്തിക്കുന്നു. 

സോണ്‍ ഒന്നില്‍പ്പെട്ട കോട്ടയം ജില്ലയിലെ തലനാട്ടില്‍ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ മുപ്പതോളം ക്വാറികളുണ്ട്. പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ അഞ്ചു കിലോമീറ്ററിനുള്ളില്‍ 82 പാറമടകളാണുള്ളത്. വേങ്ങര ഊരകം മലയില്‍ മാത്രം അറുപതിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ചെറിയ വിസ്തൃതിയില്‍ കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്കാണ് വഴിതെളിക്കുകയെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലപ്പുറം ജില്ലയില്‍ ക്വാറികള്‍ അനുവദിക്കുന്നത് അനിയന്ത്രിതമായ അളവിലാണ്. കൊണ്ടോട്ടി, പുളിക്കല്‍, അരൂര്‍, വാഴയൂര്‍, വാഴക്കാട്, എടവണ്ണ തുടങ്ങിയ പ്രദേശത്തെ കുന്നുകളെല്ലാം ക്വാറി ഉടമകളുടെ കൈവശമാണ്. 
    

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഖനനം നടത്തുന്നത് അതിനുള്ള സാധ്യത വര്‍ധിപ്പിക്കും. ക്വാറി മാത്രമല്ല എന്ത് വികസനപ്രവര്‍ത്തനവും ഈ മേഖലകളില്‍ നടത്തുന്നത് ശ്രദ്ധാപൂര്‍വമാകണം. ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിനു രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് കണ്ടീഷനിങ് ഫാക്ടര്‍ അഥവാ നിലവിലുള്ള കാരണങ്ങള്‍. മറ്റൊന്ന് ട്രിഗറിങ് ഫാക്ടര്‍. കുന്നിന്റെ ചരിവും പാറയുടെ ഘടനയും ഭൂവിനിയോഗവുമൊക്കെ കണ്ടീഷനിങ് ഫാക്ടറാകുമ്പോള്‍ മനുഷ്യന്റെ ഇടപെടലും മഴയുമാണ് ട്രിഗറിങ് ഫാക്ടര്‍. ക്വാറികള്‍ ട്രിഗറിങ് ഫാക്ടറാണെന്ന് വ്യക്തം. കേരളത്തില്‍ അശാസ്ത്രീയമായാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രിതമല്ലാത്ത സ്‌ഫോടനം, ഖനനമാലിന്യങ്ങളുടെ നിര്‍മാര്‍ജനം തുടങ്ങി പലതും അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യുന്നത്. ഖനനം നടത്തേണ്ടെന്നല്ല വാദം, നിയന്ത്രിതമായ രീതിയില്‍ അനുവദനീയമായ സ്ഥലത്ത് കാര്യക്ഷമമായ പരിശോധനകളോടെ ഖനനം നടത്തണം. ഏതൊക്കെ മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാന്‍ കുറേകൂടി വ്യക്തമായ ഭൂപടം വേണം. കേരളത്തിലെ ഉരുള്‍പൊട്ടലുകളെക്കുറിച്ച് ഗവേഷണം നടത്തിയ കേരള യൂണിവേഴിസ്റ്റി ജിയോളജി വിഭാഗം അധ്യാപകനായ ഡോ. കെ.എസ്. സജിന്‍കുമാര്‍ പറയുന്നു. 

പശ്ചിമഘട്ടത്തിന്റെ ചെങ്കുത്തായ ചരിവുകളില്ലെല്ലാം മേല്‍മണ്ണിന് കനം കുറവാണ്. പാറയുടെമേല്‍ ചെറിയ ആവരണം പോലെയാണ് ഈ മലനിരകളിലെ മണ്ണ്. വനങ്ങളാണ് ഇവയ്ക്ക് ഉറപ്പ് നല്‍കുന്നത്. വനനശീകരണം നടക്കുമ്പോള്‍ വേരുകള്‍ കുറച്ച് കാലത്തിനുശേഷം ദ്രവിച്ച് ഈ ഉറപ്പ് ഇല്ലാതാകും. കനത്ത മഴയില്‍ ഇത് കുത്തിയൊലിച്ചിറങ്ങും. ഇതാണ് പുത്തുമലയില്‍ നടന്നത്. അതുകൊണ്ടാണ് ലോലമായ ഒരു പരിസ്ഥിതി വ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്ണിളക്കിയുള്ള കൃഷിരീതികള്‍ക്കും ഖനനപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നു.

അതിശക്തമായ മഴയാണ് ട്രിഗറിങ് ഫാക്ടര്‍. പക്ഷേ അത്തരമൊരു മഴയുണ്ടായാല്‍പോലും ഒരുപ്രദേശം ഇടിഞ്ഞു പോകണമെങ്കില്‍ അതിനു മറ്റു ചില ഘടകങ്ങളുണ്ട്. അങ്ങനെയുള്ള ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്വാറികളെന്നാണ് ഞങ്ങളുടെ വാദം. പശ്ചിമഘട്ട നിരകളില്‍ നിരന്തരമായ സ്ഫോടനം നടക്കുകയാണ്. ഓരോ പ്രാവിശ്യവും സ്ഫോടനം നടത്തുമ്പോള്‍ അതുണ്ട് പ്രകമ്പനം അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇപ്പോള്‍ ദുരന്തമുണ്ടായ രണ്ടു പ്രദേശങ്ങളും ഒരു മലനിരയുടെ രണ്ടുഭാഗങ്ങളാണ്- കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ് പറയുന്നു. 

ഈ ദുരന്തം നേരിട്ടനുഭവിച്ച താഴ്വരകളിലെ ജനത രണ്ടു ദശാബ്ദക്കാലത്തിലേറെയായി ക്വാറി വിരുദ്ധ സമരങ്ങള്‍ നടത്തുന്നു. കേരളത്തിലുടനീളം പ്രാദേശികമായി ഉയര്‍ന്ന ഇത്തരം ജീവിതസമരങ്ങളെ അടിച്ചമര്‍ത്തിയും ഒറ്റപ്പെടുത്തിയുമാണ് സി.പി.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേരിട്ടത്. ദുരന്തം നേരിട്ട് അനുഭവിച്ച ചെറുകൂട്ടായ്മകള്‍ ഉന്നയിച്ച പ്രശ്‌നങ്ങളും ആശങ്കകളും ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കോ ഭരണകൂടത്തിനോ കഴിഞ്ഞതുമില്ല. സംഘടിതരല്ലാത്ത ഇവരെ പരിസ്ഥിതി തീവ്രവാദികളെന്നാണ് രാഷ്ട്രീയനേതൃത്വം വിളിച്ചത്. പരിസ്ഥിതിയെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും പറഞ്ഞവരെ പിന്തിരിപ്പന്‍മാര്‍ വികസനത്തിന്റെ നടത്തിപ്പുകാര്‍ വിശേഷിപ്പിച്ചത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്തെ ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ദൂരപരിധി 50 മീറ്ററാക്കി കുറച്ചാണ് പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാര്‍ വികസന നയം പ്രഖ്യാപിച്ചത്.

അവഗണിക്കപ്പെട്ട 
പഠനറിപ്പോര്‍ട്ടുകള്‍

കേരളത്തിലെ ഉരുള്‍പൊട്ടലുകളെക്കുറിച്ച് ഭൗമശാസ്ത്ര കേന്ദ്രം (സെസ്)അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ പഠനം നടത്തി തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ഫലം കണ്ടിട്ടില്ല. എല്ലാ റിപ്പോര്‍ട്ടുകളിലും വനനശീകരണം ഒഴിവാക്കണമെന്നും ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ചെയ്യണമെന്ന് പറയുന്നു. തോട്ടവിള കൃഷിക്കായി മരങ്ങള്‍ മുഴുവനും വെട്ടുന്നതും സ്വാഭാവിക നീര്‍ച്ചാലുകളുടെ ഗതിമാറ്റുന്നതും ഉരുള്‍പൊട്ടലുകള്‍ക്ക് വഴിവയ്ക്കും. അശാസ്ത്രീയമായ ഭൂവിനിയോഗം പാടില്ലെന്നാണ് ആദ്യ നിര്‍ദ്ദേശം തന്നെ. 20 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലനിരകളില്‍ ജലസംഭരണി നിര്‍മ്മിക്കാതിരിക്കുക, കെട്ടിട നിര്‍മ്മാണത്തിന് മുന്‍പ് ശാസ്ത്രീയപഠനങ്ങള്‍ നടത്തുക, ചെങ്കുത്തായ ചെരിവുകളില്‍ വീടുകള്‍ വയ്ക്കാതിരിക്കുക എന്നിവയൊക്കെ നിര്‍ദ്ദേശങ്ങളാണ്. 1982-ല്‍ പ്രൊഫ. ആര്‍. കൃഷ്ണനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഡോ. പി.കെ. തമ്പിയും കൂട്ടരും നടത്തിയ പഠനത്തില്‍ പശ്ചിമഘട്ടത്തിന്റെ 80 ശതമാനം ഉരുള്‍പൊട്ടല്‍ ഭീഷണി കൂടുതലുള്ള മേഖലകളായി തരംതിരിച്ചിരുന്നു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സിലിനുവേണ്ടി ഡോ. എസ്. ശ്രീകുമാര്‍ നടത്തിയ പഠനത്തില്‍ ഇടുക്കിയിലേയും മലപ്പുറത്തേയും ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളൊക്കെ അവഗണിക്കപ്പെടുകയായിരുന്നു.

ഉരുള്‍പൊട്ടലുകളുടെ ദുരന്തഭൂമിയായി മാറിയ താമരശ്ശേരി മേഖലയിലാണ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ഏറ്റവും രൂക്ഷമായ രൂപത്തില്‍ നടന്നത്. ഓരോ മേഖലയുടേയും പാരിസ്ഥിതിക ദുര്‍ബ്ബലതകള്‍ തിരിച്ചറിഞ്ഞ് നയപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ തദ്ദേശസമൂഹത്തിന് സാധ്യതകളുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാന്‍ രാഷ്ട്രീയസഭാ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞു. താമരശ്ശേരിയിലെ വനംവകുപ്പ് ഓഫീസ് കത്തിക്കല്‍ അടക്കമുള്ള അക്രമസംഭവങ്ങളില്‍ ക്വാറി മുതലാളിമാരുടെ ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.

ക്വാറികള്‍ 
വ്യവസായക്കണക്കില്‍ 

കുറച്ച് മുതല്‍ മുടക്കി കോടികള്‍ വാരുന്ന വ്യവസായമാണ് ഖനനം. യന്ത്രങ്ങള്‍ക്കും തൊഴിലാളി ചെലവിനുമുള്ളത് മുടക്കിയാല്‍ പ്രകൃതിയില്‍നിന്നുള്ള അളവറ്റ അസംസ്‌കൃത ധാതുക്കള്‍ അമൂല്യമായ നിധിയാണ്. കേരളത്തിലെ മലനിരകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ ദിനംപ്രതി നേടുന്ന ലാഭക്കണക്കുകള്‍ സാധാരണക്കാരന് ചിന്തിക്കുന്നതിനുമപ്പുറമുള്ള സംഖ്യയാണ്. ഒരു ഇടത്തരം ക്വാറിയില്‍നിന്ന് ദിവസവും 150 മുതല്‍ 200 ലോഡ് വരെയാണ് പുറത്തുപോകുക. ഒമ്പതു ടണ്‍ വരും ഒരു ലോഡ്. അങ്ങനെ കണക്കുകൂട്ടിയാല്‍പോലും ശരാശരി 1,200 ടണ്‍ കരിങ്കല്ലാണ് ഒരു ക്വാറിയില്‍നിന്ന് ഒരു ദിവസം പുറത്തുപോകുന്നത്. ശരാശരി 200 ലോഡ് മെറ്റലും  അത്രതന്നെ മാനുഫാക്ച്ചേര്‍ഡ് സാന്‍ഡും (എം സാന്‍ഡ്) പുറത്തുപോകുന്നു. 20 ടണ്ണാണ് ഒരു ലോഡ് മെറ്റല്‍. അങ്ങനെ കണക്കാക്കിയാല്‍ ദിവസവും 4,000 ടണ്‍ മെറ്റല്‍ ഒരു ക്വാറിയില്‍നിന്ന് ഒരു ദിവസം പുറത്തുപോകുന്നുണ്ട്. എം സാന്‍ഡിന്റെ കണക്കും ഇങ്ങനെ തന്നെ. പാറമടകളിലെ മാലിന്യങ്ങള്‍ വരെ വിപണനമൂല്യമുള്ള ഉല്പാന്നങ്ങളാകുമ്പോള്‍ പ്രവര്‍ത്തനം തുടങ്ങി ഒരാഴ്ചയ്ക്കകം മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ഉടമയ്ക്കാകും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള 12 മണിക്കൂറിലെ കണക്ക് മാത്രമാണിത്. എന്നാല്‍, നിയമപരമായ സമയപരിധികളെല്ലാം നിര്‍ബാധം ലംഘിച്ചാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുക.അതിരാവിലെ സ്ഫോടനം നടത്തി അഞ്ചു മണിക്ക് തന്നെ ലോഡ് പുറത്തുപോകുകയാണ് മിക്ക ക്വാറികളിലും പതിവ്.

ജനങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടെങ്കില്‍ മാത്രമാണ് രാത്രികളില്‍ സ്ഫോടനം നടത്താത്തത്. എന്നാല്‍, ജനവാസ പ്രദേശമല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയക്രമങ്ങളൊന്നും ക്വാറി ഉടമകള്‍ മുഖവിലക്കെടുക്കാറില്ല. പകല്‍ സ്ഫോടനം നടത്തി പൊട്ടിക്കുന്ന കൂറ്റന്‍ പറക്കഷണങ്ങളെ മെറ്റലാക്കാനും എം സാന്‍ഡാക്കാനും വേണ്ടി രാത്രികളില്‍ ക്വാറിയോട് ചേര്‍ന്നുള്ള ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ക്വാറികളുടെ എണ്ണം പോലെ തന്നെ ഒരു ക്വാറിയില്‍നിന്ന് എത്ര ലോഡ് പുറത്തുപോകുന്നെന്നോ കണക്കുകളുണ്ടാകാറില്ല. കണക്കുപ്രകാരം കച്ചവടം ചെയ്യപ്പെടുന്നതിനേക്കാള്‍ എത്രയോ അധികം ഉല്പന്നങ്ങള്‍ ദിവസവും പാറമടകളില്‍ ഉല്പാദിപ്പിക്കപ്പെടുകയും അത് വിപണിയിലെത്തുകയും ചെയ്യുന്നു. കരിങ്കല്ലും കരിങ്കല്‍ ഉല്പന്നങ്ങളും മാത്രമല്ല ക്വാറികളുടെ ലാഭനേട്ടം. ഖനനത്തിന് മുന്നോടിയായി പല ക്വാറികളിലും മേല്‍മണ്ണ് വില്‍ക്കും. ഭൂമിക്കടിയിലുള്ള പാറ കുഴിച്ചെടുക്കാന്‍ നിയമപരമായ ചില നടപടിക്രമങ്ങളുണ്ട്. പാറമടകളില്‍ ഇരുപതടി താഴ്ചയില്‍ കൂടുതല്‍ കുഴിക്കാനോ സ്ഫോടനം നടത്താനോ നിയമപരമായി സാധിക്കില്ല. 1967-ലെ മൈനര്‍ മിനറല്‍ മൈനിങ് ആക്ട് അനുസരിച്ച് പാറയുടെ ആഴപരിധിയും വിലങ്ങുതടിയാകും. അതിനു ക്വാറി ഉടമകള്‍ കണ്ടെത്തുന്ന വഴിയാണ് മേല്‍മണ്ണ് നീക്കല്‍.  ഇതോടെ കരിങ്കല്‍ ഉല്പന്നങ്ങള്‍ക്കൊപ്പം മണ്ണിന്റേയും വ്യാപാരം ക്വാറി ഉടമകള്‍ക്ക് നടത്താനാകും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ രേഖയോ ലൈസന്‍സോ ആവശ്യമില്ലതാനും. ഇങ്ങനെ 50 മീറ്റര്‍ ആഴത്തില്‍ വരെ മേല്‍മണ്ണ് കുഴിച്ചെടുക്കും. പലയിടങ്ങളിലും ഇത് പരിശോധിക്കേണ്ട ജിയോളജി അധികൃതര്‍ ക്വാറി ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നതാണ് പതിവ്.

ക്വാറികള്‍ വ്യവസായമാണെന്നും അവയെ നിലനിര്‍ത്തണമെന്നും വാദിച്ച് 2008 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വണ്‍ ടൈം പെര്‍മിറ്റ് നല്‍കുന്നു. അതായത് ചെറുകിട വ്യവസായികള്‍ക്ക് 12 മാസത്തേക്ക് ഖനനാനുമതി നല്‍കുക. എളമരം കരീം വ്യവസായമന്ത്രിയായിരുന്ന കാലയളവിലാണ് ഏറ്റവുമധികം വണ്‍ടൈം പെര്‍മിറ്റുകള്‍ നല്‍കിയത്.  അത് വര്‍ഷം തോറും പുതുക്കിനല്‍കി. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ലീസ് എഗ്രിമെന്റിലേക്ക് വരണം. അതാണ് ചട്ടം. ലീസ് എഗ്രിമെന്റായി കഴിഞ്ഞാല്‍ അഞ്ചു വര്‍ഷം മുതല്‍ 12 വര്‍ഷം വരെ ഖനനം നടത്താം. ഇങ്ങനെ വളഞ്ഞ വഴികളിലൂടെ നിയമം മറികടന്നാണ് സര്‍ക്കാര്‍ ക്വാറികള്‍ക്ക് ഒത്താശ ചെയ്തത്. 2015ലെ കെഎംഎംസിആര്‍ ഭേഗഗതി നോക്കൂ. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിനാണ് ഭൂമിയുടെയും വിഭവങ്ങളുടെയും വിനിയോഗ അധികാരം. അത് പഞ്ചായത്തുകളുടെ ഭരണഘടനാ അവകാശമാണ്. ക്വാറികള്‍ക്കും അതു വേണം. എന്നാല്‍, സര്‍ക്കാര്‍ ചെയ്തത് ക്വാറികളെ വ്യവസായ വകുപ്പിനു കീഴിലാക്കി, ഏകജാലക സംവിധാനം വഴി തദ്ദേശസ്ഥാപനങ്ങളുടെ അനുമതി കൂടാതെ ഖനനം നടത്താമെന്നാക്കി. ഒരു പഞ്ചായത്ത് പോലും തങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് തിരിച്ചറിഞ്ഞ് കോടതിയെ സമീപിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം-പരിസ്ഥിതി പ്രവര്‍ത്തകനായ എസ്. ബാബുജി പറയുന്നു. 

നിയമം ഇങ്ങനെ

മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) 1957-ലെ കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ 1967-ലെ കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍സ് ഉണ്ടായത്. വരുംകാല ആവശ്യങ്ങളെ ഉള്‍ക്കൊണ്ട ഈ നിയമം ലക്ഷ്യമിട്ടത് ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനമായിരുന്നു. ഈ നിയമപ്രകാരം ഒരു യൂണിറ്റില്‍നിന്നും പരമാവധി ഒരു ലൈസന്‍സ് കാലാവധിയില്‍ പരമാവധി 10000 ടണ്ണിലധികം കരിങ്കല്ലും അനുബന്ധവസ്തുക്കളും എടുക്കാന്‍ പാടില്ല. ഇതു കൂടാതെ വ്യവസ്ഥകള്‍ ഇനിയുമുണ്ട്. ഖനന ഭൂമിയുടെ നീളം വീതിയുടെ നാലിരട്ടി കവിയരുത്. ചില സാഹചര്യങ്ങളില്‍ രണ്ട് ഇരട്ടിയും. രണ്ടു കിലോമീറ്ററില്‍ താഴെ മാത്രമേ ചുറ്റളവാകാന്‍ പാടുള്ളൂ. ഇരുപത് അടിയില്‍ താഴെ ഖനനം നടത്താനും പാടില്ല. കുഴിയുടെ പാര്‍ശ്വങ്ങള്‍ തട്ട് തട്ടായി വയ്ക്കണം, കുഴിയുടെ ചുറ്റും വേലി കെട്ടണം, ഖനനം കഴിഞ്ഞാല്‍ കുഴി മൂടണം, ഖനനം കൂടുതല്‍ വിസ്താരത്തിലാണെങ്കില്‍ (50 സെന്റിനു മുകളില്‍) 10 ശതമാനം കുഴി ജലസംഭരണിയായി നിലനിര്‍ത്തണം എന്നിങ്ങനെ നിര്‍ദ്ദേശങ്ങളുണ്ട്.

പകല്‍സമയത്ത് മാത്രമാണ് ഖനനം അനുവദിക്കുക. ക്വാറിക്കായി നശിപ്പിക്കപ്പെടുന്ന വൃക്ഷങ്ങളുടെ പത്തിരട്ടി നട്ടു വളര്‍ത്തണമെന്നും ചട്ടമുണ്ട്. പൊടിപടലങ്ങള്‍, ശബ്ദം എന്നിവയെ നിയന്ത്രിക്കണമെന്നും ചട്ടങ്ങളില്‍ പറയുന്നു. എന്നാല്‍, ഈ ചട്ടങ്ങളില്‍ ഒന്നു പോലും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. കെ.എം.എം.സി.ആര്‍ 1969 പ്രകാരം കേരളത്തിലെ പാറ, വെട്ടുകല്ല്, മണ്ണ്, മണല്‍ ഖനനത്തിനും അനുമതി നല്‍കുന്നത് ജില്ലാ മൈനിങ്ങ് & ജിയോളജി ഓഫീസറാണ്. അനുമതി നല്‍കുന്നതിനു വിവിധ വകുപ്പുകളുടെ എന്‍.ഒ.സി വേണം. ഖനനം നടത്തുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെങ്കില്‍ അവരുടെ, പുറമ്പോക്കു ഭൂമിയെങ്കില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വനഭൂമിയെങ്കില്‍ ജില്ലാ ഫോറസ്റ്റ് അധികാരി എന്നിവരുടെ അനുമതി സമര്‍പ്പിക്കണം. ഭൂമിയുടെ വിസ്തൃതിയും അതിര്‍ത്തിയും അളന്നു തിട്ടപ്പെടുത്തി ഖനനം മൂലം സംഭവിക്കാവുന്ന പരിസ്ഥിതി ആഘാതം വിലയിരുത്തണം. 

റോഡുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രി, വീടുകള്‍ എന്നിവയുടെ ദൂരപരിധി 100 മീറ്ററാണ്. പാലങ്ങള്‍, കുടിവെള്ള സ്‌ത്രോതസുകള്‍ എന്നിവയില്‍ നിന്നെല്ലാം 500 മീറ്റര്‍ ദൂരമുണ്ടെന്ന് ബോധ്യപ്പെടണം. വനമേഖലയില്‍ 300 മീറ്ററാണ് ദൂരപരിധി. പൊസഷന്‍ സര്‍ട്ടിഫിക്കറ്റും സൈറ്റ് പ്ലാനും സഹിതമുളളതാവണം എന്‍.ഒ.സി. കൂടാതെ എക്സ്പ്ലോസീവ് ഉപയോഗിച്ചുള്ള ഖനനങ്ങള്‍ക്ക് ബ്ലാസ്റ്റിങ്ങ് ലൈസന്‍സ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന എന്‍.ഒ.സിയും വേണം. രേഖകളെല്ലാം സമര്‍പ്പിച്ചാല്‍ ജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിക്കും. 

സമീപവാസികളായ ജനങ്ങള്‍ക്ക് പരാതി ഒന്നും ഇല്ലെന്നു ബോധ്യപ്പെടാന്‍ പബ്ലിക്ക് ഹിയറിങ്ങ് നടത്തും. സര്‍വ്വേ നമ്പരും സൈറ്റ് പ്ലാനും അനുസരിച്ചു  ഭൂമിയുടെ ചെരിവും സമുദ്രനിരപ്പില്‍നിന്നുള്ള  ഉയരവും ദുര്‍ബ്ബലാവസ്ഥയും നിശ്ചയിക്കണം. ഖനന ദ്രവ്യങ്ങളും പൊടിപടലവും വ്യാപിക്കാന്‍ സാധ്യതയുളള ഏരിയയും തരംതിരിക്കും. സ്ഥലത്തുനിന്ന് ഖനനം ചെയ്യാവുന്ന പാറയുടെ അളവു നിശ്ചയിച്ച് അതിനുള്ള റോയല്‍റ്റിയും വാടകയും അടച്ചതിനുശേഷം എല്ലാ രേഖയും ഉള്‍പ്പെടുത്തിയാണ് അന്തിമ ഖനന സര്‍ട്ടിഫിക്കറ്റ് നല്‍കുക. പാറയുടെ മുകളിലെ മേല്‍മണ്ണിന്റെ അളവ് നിശ്ചയിച്ച് അത് ഖനനശേഷം അവിടെത്തന്നെ നിക്ഷേപിക്കാന്‍ കരുതി വയ്ക്കണമെന്നാണ് ചട്ടം.  
ആറു മീറ്ററില്‍ താഴെയുള്ള  ഖനനത്തിന് ബഞ്ച് മാര്‍ക്ക് ഇടണമെന്നും അത് ഓരോ ഘട്ടത്തിലും പരിശോധിക്കണമെന്നും അനുമതി വാങ്ങണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഖനനം ഏതെങ്കിലും തരത്തില്‍ ഭൂഗര്‍ഭ ജലസ്രോതസിനെ ബാധിക്കുമെങ്കില്‍ ജില്ലാ ഹൈഡ്രോളജി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ജില്ലാ ജിയോളജിസ്റ്റ് പരിശോധിക്കണം. റോയല്‍റ്റി ഇനത്തില്‍ നല്‍കിയ തുകയില്‍ കവിഞ്ഞു ഖനനത്തിന്റെ അളവിനും കാലാവധി കഴിഞ്ഞുള്ള ഖനനത്തിനും പരിശോധനയ്ക്ക് സഹായകരമല്ലാത്തവിധം പ്രതിമാസ സ്റ്റേറ്റ്‌മെന്റ് നല്‍കാതെ ഖനനം തുടരുന്നതിനും അധിക ഫീസ് ഈടാക്കുന്നതിനും വേണ്ടിവന്നാല്‍ ഖനനം നിര്‍ത്തിവയ്പിക്കുന്നതിനും നിയമപ്രകാരം ജിയോളജിസ്റ്റിന് അധികാരമുണ്ട്. 

നിയമഭേദഗതികളിലെ
പൊള്ളത്തരങ്ങള്‍

കേരളത്തിലെ ഖനന നിയന്ത്രണ ചട്ടങ്ങള്‍ക്കു സമാനമായി മറ്റു സംസ്ഥാനങ്ങളും നിയമം പാസ്സാക്കിയിട്ടുണ്ട്. ക്വാറികളുടെ ദൂരപരിധി തമിഴ്നാട്ടില്‍ 300 മീറ്ററും കര്‍ണാടകയില്‍ 200 മീറ്ററും ഗോവയില്‍ 500 മീറ്ററുമാണ്. ചില സംസ്ഥാനങ്ങള്‍ ദൂരപരിധിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വനാതിര്‍ത്തിയുടെ ദൂരപരിധി നൂറു മീറ്ററായി കര്‍ണാടക സര്‍ക്കാര്‍ കുറച്ചിരുന്നു. കേരളത്തില്‍ 100 മീറ്ററായിരുന്നു ദൂരപരിധി. ഇതില്‍ ഇളവു വരുത്താനുള്ള ചില സമ്മര്‍ദ്ദങ്ങള്‍ നടന്നിട്ടുമുണ്ട്. 2010-ല്‍ അമ്പത് മീറ്ററായും വീണ്ടും കോടതി ഇടപെട്ട് നൂറ് മീറ്ററായി ദൂരപരിധി പുനര്‍നിശ്ചയിക്കുകയും ചെയ്തത് അങ്ങനെയാണ്. ഏറ്റവുമൊടുവില്‍ 2017 ജൂണിലാണ് സര്‍ക്കാര്‍ ദൂരപരിധി വീണ്ടും അമ്പതു മീറ്റാക്കി കുറച്ചത്. 2008-ലാണ് പൊട്ടിക്കാവുന്ന പാറയുടെ അളവു നിശ്ചയിച്ച് റോയല്‍റ്റി എന്ന വ്യവസ്ഥ മാറ്റിയത്. പകരം ഏരിയ കണക്കാക്കി കണ്‍സോളിഡേറ്റഡ് റോയല്‍റ്റിയാക്കുന്ന നിയമം കൊണ്ടുവന്നത് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ്. അന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു, വ്യവസായമന്ത്രി എളമരം കരീമും. 

1986-ലെ പരിസ്ഥിതി നിയമം അനുസരിച്ച് അംഗീകൃത അക്രെഡിറ്റഡ് ഏജന്‍സി വഴി രണ്ടുവര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുന്ന പഠനം നടത്തണം. അങ്ങനെ കണ്ടെത്തുന്ന വിവരങ്ങള്‍ പ്രദേശത്തെ ജനങ്ങളുമായി ചര്‍ച്ച ചെയ്യണം. അന്തിമ റിപ്പോര്‍ട്ട് വനം-പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധസമിതി പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിനു പരിസ്ഥിതി ആഘാതപഠന അതോറിറ്റിയുടെ അനുമതി ലഭിക്കണമെങ്കിലും ഈ മാനദണ്ഡങ്ങളില്‍ ഒരു മാറ്റവും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. എന്നാല്‍, 2017 വരെ ലഭ്യമായ വിവരം അനുസരിച്ച് കേരളത്തില്‍ കേന്ദ്ര-സംസ്ഥാന അതോറിറ്റികള്‍ ഖനനാനുമതി നല്‍കിയത് 67 ക്വാറികള്‍ക്കു മാത്രമാണ്.

2016 ഏപ്രില്‍ ഒന്നിനു മുന്‍പ് അനുമതി ലഭിച്ചതും പുതുക്കിയതുമായ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നു സംസ്ഥാന സര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ പറയുന്നു. മൂന്നു തവണ തുടര്‍ച്ചയായി ഒരുവര്‍ഷത്തെ ഷോര്‍ട്ട് ടേം പെര്‍മിറ്റ് നല്‍കുന്ന ക്വാറികള്‍ മൂന്നാം പുതുക്കലില്‍ ലീസ് പെര്‍മിറ്റില്‍ വരും. അഞ്ചു വര്‍ഷം മുതല്‍ 12 വര്‍ഷം വരെയാണ് ലീസ് പെര്‍മിറ്റ് നല്‍കുന്നത്. ഇങ്ങനെ, 2015-ല്‍ നിയമം വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്രകാരമുള്ള ക്വാറികള്‍ക്ക് ലീസ് പെര്‍മിറ്റ് പുതുക്കിനല്‍കി അവയെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കര്‍ 2008-ല്‍ നിശ്ചയിച്ച സി.ആര്‍.പി (കണ്‍സോളിഡേറ്റഡ് റോയല്‍റ്റി പെയ്മെന്റ്)യില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 2016 ഏപ്രില്‍ മുതല്‍ പുതിയതും പുതുക്കുന്നതുമായ ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി അതിവേഗം ലഭിക്കാന്‍ ജില്ലാതലത്തില്‍ പരിസ്ഥിതി പഠന അതോറിറ്റിക്ക് രൂപം നല്‍കിയ സര്‍ക്കാര്‍ ക്വാറി ഉടമകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയില്‍ ജില്ലാ ജിയോളജിസ്റ്റും അംഗങ്ങളാണ്. ഇതിനെതിരെ വലിയ പ്രതിഷേധം വ്യാപകമായി രൂപപെട്ടിട്ടുമുണ്ട്. ജില്ലാ അതോറിറ്റിയുടെ വൈദഗ്ദ്ധ്യം കോടതികളില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, ജില്ലാ കളക്ടറടക്കം ക്വാറി മാഫിയയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതാണ് ഇതുവരെ കണ്ടനുഭവം. പരിസ്ഥിതി അനുമതി സംബന്ധിച്ച് ചെറിയ ഒരു സൂചന മാത്രമാണ് ഖനന നിയമത്തിലുള്ളത്. 

2018ല്‍ ഉരുള്‍പ്പൊട്ടലുണ്ടായ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രദേശം
2018ല്‍ ഉരുള്‍പ്പൊട്ടലുണ്ടായ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രദേശം


    ഖനനം പൂര്‍ത്തിയാക്കി ഉപേക്ഷിക്കുന്ന ക്വാറികളുടെ ശാസ്ത്രീയമായ വീണ്ടെടുക്കല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2003-ലെ ഹൈക്കോടതി ഉത്തരവിലെ പൊള്ള്യൂട്ടര്‍ പെയ്സ് പ്രിന്‍സിപ്പിള്‍ (മലിനീകരണത്തിന്റെ ബാധ്യത) പൂര്‍ണ്ണമായും ഉപേക്ഷിച്ചു. വീണ്ടെടുക്കല്‍ നടപടികള്‍ക്കുവേണ്ടി ക്വാറി ഉടമകളില്‍നിന്ന് രൂപീകരിക്കുന്ന ക്വാറി സേഫ്റ്റി ഫണ്ട് സംബന്ധിച്ചും നിയമത്തില്‍ അവ്യക്തതയുണ്ട്. മൈനിങ്ങ് പെര്‍മിറ്റ്/ലീസ് വഴി സ്വരൂപിക്കുന്ന റോയല്‍റ്റിയില്‍നിന്നും പത്തുശതമാനം ഫണ്ട് മാറ്റിവയ്ക്കുന്നതല്ലാതെ ക്വാറി ഉടമകള്‍ക്ക് ഒരു അധികബാധ്യതയും ഉണ്ടാകുന്നില്ല. ഈ ഫണ്ട് ബാക്കിയുണ്ടെങ്കില്‍ ക്വാറികള്‍ വേലികെട്ടി സംരക്ഷിക്കാന്‍ കളക്ടര്‍ക്ക് അധികാരം നല്‍കുന്നു. ക്വാറികളില്‍ വീണു മരിച്ച മനുഷ്യര്‍ക്കായി നിരന്തരമായ അപേക്ഷകളില്‍ ഉണ്ടായ കോടതിവിധികളെ പരിഹസിക്കുന്നതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവ്. 1986-ലെ പരിസ്ഥിതി നിയമത്തില്‍  ഉപേക്ഷിക്കപ്പെട്ട ഖനന മേഖലകള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിബന്ധനകള്‍ ഉള്ളപ്പോള്‍ നമ്മുടെ ഖനന നിയമത്തില്‍ അതൊന്നുമില്ല. ക്വാറികള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ക്ക് പരിഹാര നടപടികളും വേണമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ നിബന്ധനകളില്ല. മാത്രമല്ല, വിരുദ്ധമായ ചട്ടങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. 

ലാഭം കൂട്ടാന്‍
നിയമ ഇളവുകള്‍ 

1967-ലെ നിയമത്തിനു ശേഷം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അംഗീകരിച്ച ഭേദഗതികളും വിവിധ കോടതി നിര്‍ദ്ദേശങ്ങളും വിധികളും സമഗ്രമാക്കി ഉള്‍ക്കൊള്ളിച്ച് സംസ്ഥാനത്ത് നടപ്പിലായ നിയമമാണ് 2015-ലെ കെ.എം.എം.സി ആക്ട്. ഈ നിയമത്തിന് പിന്നീടും ഭേദഗതികളുണ്ടായിട്ടുണ്ട്, ഏറ്റവുമൊടുവില്‍ ദൂരപരിധി കുറച്ചതുവരെ. 2015 ഫെബ്രുവരി ഏഴിന് കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍, കേരളാ മിനറല്‍സ് (പ്രൊവിഷന്‍ ഓഫ് ഇല്ലീഗല്‍ മൈനിങ്ങ്, സ്റ്റോറേജ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍) എന്നിവയാണ് നിയമമായത്. ഈ നിയമമാണ് ഖനന മാഫിയകള്‍ക്ക് എല്ലാ അനധികൃത സൗകര്യങ്ങളും ലഭ്യമാക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഖനനം സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2006-ല്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കി സുപ്രീംകോടതിയുടെ 2012-ലെ സുപ്രധാന വിധിയും നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ക്വാറി ഉടമകളുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ഈ നിയമം നടപ്പാക്കിയത്. 1986-ല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി നിയമമാണ് ഖനനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവന്നത്. അഞ്ചു ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഏതുവിധ ഖനനങ്ങള്‍ക്കും (ഗ്രാനൈറ്റ് ഖനനം മുതല്‍ പുഴകളിലെ മണല്‍വാരല്‍ വരെ) കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയുക്ത വിദഗ്ദ്ധസമിതിയുടെ പരിസ്ഥിതി ആഘാതപഠനം ആവശ്യമാണെന്നതായിരുന്നു അതിലെ പ്രധാന വ്യവസ്ഥ. ഈ നിയമം അനുസരിച്ച് മൈനിങ് പ്ലാനും വിദഗ്ദ്ധസമിതിയുടെ അനുമതിയും ക്വാറികള്‍ക്ക് ആവശ്യമായിരുന്നു. എന്നാല്‍ പരിസ്ഥിതി ആഘാതപഠനത്തില്‍നിന്നു ഒഴിവാകാന്‍ അഞ്ചു ഹെക്ടറില്‍ താഴെ നിരവധി പ്ലോട്ടുകളായി ഭൂമി തിരിക്കുകയാണ് ക്വാറി ഉടമകള്‍ ചെയ്തത്. ഇതിനെതിരേ വീണ്ടും പ്രതിഷേധമുയര്‍ന്നപ്പോള്‍ 2005-ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ഈ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് അഞ്ചു ഹെക്ടറില്‍ താഴെയുള്ള ഖനനങ്ങള്‍ക്കും പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കിയത്. എന്നാല്‍, ഈ പഠനത്തിനൊന്നും സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം കൊടുത്തില്ലെന്നു മാത്രമല്ല, ഇത് അട്ടിമറിച്ച് പുതിയ ഭേദഗതികള്‍ കൊണ്ടുവരികയും ചെയ്തു.

ഇതിനിടെ ഹരിയാനയില്‍ നദിയിലെ മണല്‍ഖനനത്തിനെതിരെ സുപ്രീം കോടതിയിലെത്തിയ കേസ് പരിഗണിച്ച കോടതി എല്ലാ ഖനനങ്ങള്‍ക്കും പരിസ്ഥിതി അനുമതിയും മൈനിങ്ങ് പ്ലാനും നിര്‍ബന്ധമാക്കി. ക്വാറി ഉടമകള്‍ക്ക് ഈ വിധി തിരിച്ചടിയായി. ഈ വിധി മറികടക്കാന്‍ ലീസില്‍ പുതിയതായി അനുവദിക്കുന്ന ക്വാറികള്‍ക്കും പുതുക്കുന്ന സമയത്ത് അവയ്ക്കും മാത്രമേ വിധി ബാധകമാകുകയുള്ളൂവെന്നും 12 മാസത്തേക്ക് ഷോര്‍ട്ട് ടേം പെര്‍മിറ്റുള്ള ക്വാറികള്‍ക്ക് ബാധകമാകില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെത്തി. എന്നാല്‍, കേരള ഹൈക്കോടതിയും നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലും പരിസ്ഥിതി അനുമതിക്ക് അനുകൂലമായ വിധികള്‍ നല്‍കി. പരിസ്ഥിതി അനുമതി ഇല്ലാത്ത എല്ലാ ക്വാറികളും നിര്‍ത്തിവയ്ക്കാനുള്ള ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ക്വാറി മാഫിയകള്‍ സമരമാരംഭിച്ചു. ക്വാറി മാഫിയകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ വരെ തയ്യാറായി. അതുകൊണ്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കനുകൂലമായ പരമാവധി പഴുതുകള്‍ ചേര്‍ത്ത് നിയമം പാസ്സാക്കുകയായിരുന്നു. അതാണ് 2015-ലെ കെ.എം.എം.സി.ആര്‍ ആക്റ്റ്.

ബാധകമാകുക 
കേന്ദ്രനിയമം

കേരളത്തിലെ ക്വാറികള്‍ വലിയ ശതമാനവും ആറു മീറ്ററില്‍ താഴെ ഖനനം നടത്തുന്നവയാണ്. സ്ഫോടകവസ്തുക്കളുടെ ഉപയോഗം, അമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ എന്നിവയുള്ള ക്വാറികള്‍ താരതമ്യേന വലിയ ഖനനമായാണ് കണക്കുകൂട്ടുന്നത്. അതിനാല്‍ ഈ ക്വാറികള്‍ കെ.എം.എം.സി റൂള്‍സിന് പുറത്താണ്. കേന്ദ്ര മൈന്‍സ് ആക്ട് നിയമമാണ് ഇവയ്ക്ക് ബാധകമാവുക. അതായത് ദൂരപരിധി 50 മീറ്റര്‍ എന്നത് ഈ ക്വാറികള്‍ക്ക് ബാധകമാകില്ല. കേന്ദ്രനിയമം അനുസരിച്ച് 300 മീറ്ററാണ് കുറഞ്ഞ ദൂരപരിധി. അങ്ങനെ കണക്കാക്കിയാല്‍ ഈ ക്വാറികള്‍ എല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതാണ്. കേരളത്തില്‍ വലിയ ശതമാനം ക്വാറികളും ഭൂമി തുരന്ന് നൂറും ഇരുനൂറും അടി താഴ്ചവരെയെത്തി വലിയ വെള്ളക്കെട്ടും ഗര്‍ത്തങ്ങളും സൃഷ്ടിച്ചിട്ടുള്ളതാണ്. ഇത് ജലസ്രോതസ്സുകളെ അപകടരമാംവിധം ബാധിച്ചിട്ടുള്ളതുമാണ്. ഇത്തരം ഖനനങ്ങള്‍ക്ക് ഹൈഡ്രോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ വിശദമായ പഠനറിപ്പോര്‍ട്ടും എന്‍.ഒ.സിയും അനിവാര്യമാണെന്ന് കേന്ദ്ര മൈന്‍സ് ആക്ട് നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ 2015-ലെ ഖനന നിയമത്തില്‍ ഇത് സൂചിപ്പിച്ചിട്ടുപോലുമില്ല. ഇത്തരം ഖനനങ്ങള്‍ക്ക് കേന്ദ്ര മൈന്‍സ് ആക്ട് ആണ് ബാധകം. ഇങ്ങനെ കേന്ദ്ര-സംസ്ഥാന ഖനന നിയമങ്ങളും കോടതിവിധികളും സൂക്ഷ്മമായി പരിശോധിച്ചാല്‍ കേരളത്തില്‍ ഇന്നുള്ള ക്വാറികളില്‍ മഹാഭൂരിപക്ഷവും നിയമവിരുദ്ധവും അനധികൃതവുമാണെന്ന് കണ്ടെത്താന്‍ കഴിയും.

ആദ്യം ഭൂമി, പിന്നെ പാറ

അനിയന്ത്രിതമായ ഭൂമി കയ്യേറ്റമാണ് പലയിടത്തും ക്വാറികള്‍ നടത്തുന്നത്. കയ്യേറുന്നതിലധികവും മിച്ചഭൂമിയോ വനഭൂമിയോ ആകും. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ട കൃഷിഭൂമിയും ആദിവാസി വിഭാഗങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയും ഒരുപോലെ ക്വാറികള്‍ കയ്യേറുന്നു. 1996 വരെ റവന്യൂഭൂമിയായിരുന്ന അമ്പിട്ടന്‍തരിശില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഉദാഹരണം. ആദ്യം കുറച്ചു ഭൂമി വാങ്ങി ക്വാറി പ്രവര്‍ത്തനം തുടങ്ങും. അപകടങ്ങളും കഷ്ടതകളും തുടര്‍ക്കഥയാകുമ്പോള്‍ സമീപമുള്ള താമസക്കാരില്‍ പലരും കിട്ടുന്ന വിലയ്ക്ക് ഭൂമി ക്വാറി ഉടമയ്ക്ക് തന്നെ കൈമാറും. ഇതാണ് ക്വാറികളുടെ തന്ത്രവും. ഇടിഞ്ഞുവീഴാറായ വീടുകളില്‍ ജീവല്‍ഭയം കാരണം നാട്ടുകാര്‍ താമസിക്കാറില്ല. ബിനാമി പേരുകളില്‍ ഇങ്ങനെ ഒരു മല തന്നെ പല ക്വാറി ഉടമകളും സ്വന്തമാക്കും. ഇങ്ങനെ ജനവാസമില്ലാതാകുമ്പോള്‍ ക്വാറികളുടെ അതിരുകളും മാറും. കൂടുതല്‍ സ്ഥലങ്ങളിലേക്ക്, കൂടുതല്‍ ആഴത്തില്‍ ഖനനം ചെയ്യാന്‍ ക്വാറികള്‍ക്ക് എളുപ്പമാകും. മലയാറ്റൂരില്‍ വനഭൂമിയോട് ചേര്‍ന്നുകിടന്ന ഭൂമിയിലായിരുന്നു ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. റബര്‍ത്തോട്ടമായിരുന്ന ഭൂമി മേല്‍മണ്ണ് കുറവാണെന്ന് കാണിച്ച് കൃഷിയോഗ്യമല്ലെന്ന് രേഖകളില്‍ വരുത്തുകയായിരുന്നു. ഇങ്ങനെ സംസ്ഥാനത്തുടനീളം നിയമപരമായ തിരിമറികള്‍ നടത്തിയാണ് ക്വാറികള്‍ ഭൂമി കൈവശപ്പെടുത്തുക. 

ഉഗ്രസ്ഫോടനത്താല്‍ 
വിറയ്ക്കുന്ന മലനിരകള്‍

ഓരോ പാറമടകളിലും ഒന്നരക്കിലോമീറ്റര്‍ വരെ പ്രകമ്പനം സൃഷ്ടിക്കാന്‍ ശേഷിയുള്ള നൂറുകണക്കിന് സ്ഫോടനങ്ങളാണ് നടക്കുന്നത്. ഒരു കിലോമീറ്ററില്‍ തന്നെ എട്ട് ക്വാറികള്‍ വരെ പ്രവര്‍ത്തിക്കുന്ന മലനിരകള്‍ കേരളത്തിലുണ്ട്. 500 മീറ്റര്‍ വരെ പാറക്കഷണങ്ങള്‍ തെറിച്ചുവീഴും. സമീപമുള്ള വീടുകളുടെ ഭിത്തിയിലെ വിള്ളലുകള്‍ പരിശോധിച്ചാലറിയാം സ്ഫോടനങ്ങളുടെ തീവ്രത. മേല്‍ക്കൂരയും തറയും വിണ്ടുകീറും. ശക്തിയേറിയ സ്ഫോടനത്തിനായി ജലാറ്റിനാണ് പാറമടകളില്‍ ഉപയോഗിക്കാറ്. ഇതിനു പുറമേ അമോണിയം നൈട്രേറ്റും ആര്‍.ഡി.എക്സും ഉപയോഗിക്കുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന സ്ഫോടനങ്ങളില്‍ സംഭവിക്കുന്ന ബലക്ഷയം ഭൂമിക്കടിയിലുള്ള സമ്മര്‍ദ്ദങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള മലകളുടേയും പാറകളുടേയും കഴിവ് ഇല്ലാതാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കുറഞ്ഞ വിസ്തൃതിക്കുള്ളിലാകുമ്പോള്‍ ആഘാതം കൂടും. നാലോളം ക്വാറികള്‍ ഏല്പിച്ച ആഘാതമാണ് മുതലമടയിലെ ചുള്ളിയാര്‍ ഡാമിന് വിള്ളല്‍ വീഴ്ത്തിയത്. ചെറുകിട ക്വാറികള്‍ക്ക് ലൈസന്‍സിലൂടെ അനുവദിക്കുന്ന യന്ത്രസാമഗ്രികള്‍ക്ക് നിയന്ത്രണമുണ്ട്. ഓരോ മണ്ണുമാന്തിയും ബ്രേക്കറും ഹിറ്റാച്ചിയുമാണ് ഉപയോഗിക്കാന്‍ നിയമപരമായി അനുവാദം ലഭിക്കുക. എന്നാല്‍, ഉപയോഗിക്കുന്നതാകട്ടെ, അഞ്ചും ആറും യന്ത്രങ്ങളാണ്. ജെ.സി.ബികളുടെ ഇരുമ്പു കൈകള്‍ക്കുള്ളില്‍ മിക്സര്‍ സംവിധാനം ഘടിപ്പിക്കും. കോരിയെടുക്കുന്ന കരിങ്കല്ലുകളെ പൊടിയാക്കി മാറ്റും. മണിക്കൂറുകള്‍ക്കകം ഏതു വലിയ പാറയും പൊട്ടിച്ചെടുക്കാനും പൊടിയാക്കാനും ഇതുവഴി കഴിയും.

ജലവും വായുവും 
മലിനീകരിക്കപ്പെടുമ്പോള്‍

എം സാന്‍ഡിന്റെ നിര്‍മ്മാണത്തിന് വലിയതോതില്‍ വെള്ളം ആവശ്യമാണ്. ഒരു ക്രഷര്‍ യൂണിറ്റില്‍ ശരാശരി പ്രതിദിനം 60,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. ഒരു കിലോമീറ്ററിനുള്ളിലാണ് ഒന്നില്‍ കൂടുതല്‍ ക്വാറികളെങ്കില്‍ ഇവ ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ അളവ് ഊഹിക്കാവുന്നതിനുമപ്പുറമാണ്. സാധാരണ പാറമടകളില്‍ ചെയ്യുന്നത് അതിരുകളിലായി കുഴല്‍ക്കിണറുകള്‍ കുഴിക്കും. കുഴല്‍ക്കിണറുകളുടെ ആഴവും എണ്ണവുമൊക്കെ ക്വാറി ഉടമകളാവും തീരുമാനിക്കുക. ഒരു കുഴല്‍ക്കിണറാണെങ്കില്‍പ്പോലും 300 മീറ്റര്‍ വരെ ചുറ്റളവിലുള്ള കിണറുകളില്‍ വെള്ളം കുറയുമെന്ന് വിദഗ്ദ്ധരും നാട്ടുകാരും പറയുന്നു. ഉപയോഗശൂന്യമായ പാറമടകള്‍ മഴക്കുഴികളായി നിലനിര്‍ത്തണമെന്നാണ് നിയമം. എന്നാല്‍, ഇതിലെ വെള്ളം വലിയ സംഭരണികളിലേക്ക് മാറ്റുകയാണ് ക്വാറി ഉടമകള്‍ ചെയ്യാറുള്ളത്. ജലദൗര്‍ലഭ്യത്തെത്തുടര്‍ന്ന് പ്രതിഷേധമുയരുമ്പോള്‍ ഈ ജലമാകും നാട്ടുകാര്‍ക്ക് വിതരണം ചെയ്യുക. അങ്കമാലിയിലെ മാമ്പ്രയും പാറത്തോടും മുതലമടയുമൊക്കെ ഇങ്ങനെ ക്വാറികളുടെ പ്രവര്‍ത്തനഫലമായി ജലദൗര്‍ലഭ്യം നേരിട്ട ഗ്രാമങ്ങളാണ്. മഴ പെയ്യുമ്പോള്‍ ക്വാറികളിലെ മേല്‍മണ്ണ് ഒഴുകി തോടുകളിലിറങ്ങും. മണ്ണിടിഞ്ഞ് തോടുകളുടെ ആഴവും പരപ്പും കുറയും. ക്വാറികള്‍ക്ക് സമീപമുള്ള ജലസ്രോതസ്സുകള്‍ ജലരേഖകളായി മായും. കാസര്‍ഗോട്ടെ പരപ്പയില്‍ മുണ്ടത്തടത്ത് ക്വാറി പ്രവര്‍ത്തനം തുടങ്ങിയതോടെ നീര്‍ച്ചാലുകളെല്ലാം വറ്റിവരണ്ടു. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തു വന്നത്. ക്വാറി മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി നാശമാണ് മറ്റൊന്ന്. മലപ്പുറം വാഴയൂരില്‍ അഞ്ചേക്കര്‍ കൃഷിഭൂമിയിലേക്ക്  ക്രഷര്‍ മാലിന്യം ഒഴുക്കിയത് പ്രദേശത്തെ കൃഷിയെ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചെന്ന് കൃഷിവകുപ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊടിഞ്ഞുതീരുന്ന പാറകള്‍ക്കൊപ്പം അന്തരീക്ഷത്തില്‍ കലരുന്ന പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് മറ്റൊന്ന്. പാറമടകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ആസ്തമയും ശ്വാസകോശസംബന്ധമായ രോഗങ്ങളും കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകളെ ശാസ്ത്രീയമായി സമീപിക്കാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ക്വാറികളോട് ചേര്‍ന്നുള്ള ക്രഷര്‍ യൂണിറ്റുകളില്‍ മെറ്റലുണ്ടാക്കുമ്പോഴും എം സാന്‍ഡ് യൂണിറ്റുകളില്‍ മെറ്റലുണ്ടാക്കുമ്പോഴും ഉയര്‍ന്ന അളവിലാണ് പാറപ്പൊടി അന്തരീക്ഷത്തില്‍ കലരുന്നത്. ഇങ്ങനെ വായുവില്‍ കലരുന്ന പൊടിപടലങ്ങളെ നിയന്ത്രിക്കുന്നതിനും ശമിപ്പിക്കുന്നതിനും വേണ്ടി ക്രഷര്‍ യൂണിറ്റുകളില്‍ സ്പ്രിങ്കളര്‍ നിര്‍ബന്ധമാണ്. നിര്‍മ്മാണത്തിന്റെ ഏതു ഘട്ടങ്ങളിലും വെള്ളം തുടര്‍ച്ചയായി സ്പ്രേ ചെയ്ത് പൊടിപടലങ്ങളെ ശമിപ്പിക്കണമെന്ന നിയമവുമുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടാറില്ല. നാട്ടുകാരുടെ എതിര്‍പ്പുയര്‍ന്നാല്‍ ലോഡ് കൊണ്ടുപോകുമ്പോഴുള്ള റോഡുകളിലെ പൊടി കുറയ്ക്കാന്‍ ക്വാറിക്ക് പുറത്ത് വെള്ളം സ്പ്രേ ചെയ്യുക മാത്രമാണ് മിക്ക ക്വാറികളും ചെയ്യുക. തിരുവനന്തപുരത്തെ കാട്ടായിക്കോണം മേലേവിള കുളപ്പാറയിലെ ഖനനം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് പ്രദേശത്തെ കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. 

ക്വാറികളെത്ര? കണക്കില്ല 

സംസ്ഥാനത്ത് നിലവില്‍ ചെറുതും വലുതുമായി ആറായിരത്തോളം ക്വാറികളുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഈ കണക്കുകള്‍ കൃത്യമല്ല. സര്‍ക്കാര്‍ വകുപ്പുകളുടെ സാക്ഷ്യപത്രവും അനുമതിയുമുള്ള ക്വാറികള്‍ മാത്രമാണ് ഇതൊക്കെ. വിവിധ വകുപ്പുകളുടെ സാക്ഷ്യപത്രങ്ങളില്ലാത്ത ക്വാറികളും ക്രഷര്‍ യൂണിറ്റുകളും നിര്‍ബാധം വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് ഗാഡ്ഗില്‍ പറഞ്ഞത് പശ്ചിമഘട്ട മലനിരകളില്‍ 1,700 ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു.

അതിനുശേഷം 2017 മാര്‍ച്ചില്‍  കെ.എഫ്.ആര്‍.ഐ ഫോറസ്റ്റ് ഹെല്‍ത്ത് വിഭാഗം തലവന്‍ ഡോ. ടി.വി. സജീവും ഗവേഷകന്‍ സി.ജെ. അലക്സും ചേര്‍ന്ന് പഠനത്തില്‍ 5,924 ക്വാറികള്‍ 7157.60 ചതുരശ്ര ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ശരാശരി 1.20 ഹെക്ടറില്‍ ഖനനം നടക്കുന്നു. മധ്യകേരളത്തില്‍ 2,438 ക്വാറികളും വടക്കന്‍ കേരളത്തില്‍ 1969 ക്വാറികളും തെക്കന്‍ കേരളത്തില്‍ 1,517 ക്വാറികളും പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോങ്ങാട്ടെ തലപ്പിള്ളി താലൂക്കിലാണ് കേരളത്തിലെ ഏറ്റവും വലിയ ക്വാറി. 64.04 ഹെക്ടറാണ് ഇവിടുത്തെ ഖനനഭൂമിയുടെ വിസ്തീര്‍ണ്ണം. ക്വാറികളില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. 

എത്ര ആഴത്തില്‍? ലാഭം അനുസരിച്ച് 
ഖനനഭൂമിയുടെ ആഴവും പരപ്പുമൊക്കെ നിശ്ചയിക്കുന്നത് ക്വാറി ഉടമകളുടെ ലാഭത്തിന് അനുസരിച്ചാണ്. മുന്‍പ് നിയമം അനുസരിച്ച് ഭൂനിരപ്പില്‍നിന്ന് 20 അടിയില്‍ (ആറ് മീറ്റര്‍) കൂടുതല്‍ താഴ്ചയില്‍ ഖനനം അനുവദിച്ചിരുന്നില്ല. എന്നാല്‍, 2014-ല്‍ കരിങ്കല്ല്, ചെങ്കല്ല് എന്നിവയുടെ ഖനനം ഈ വ്യവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. 1952-ലെ മൈന്‍സ് ആക്ടിന് വിധേയമായി ചെങ്കല്ലിനും കരിങ്കല്ലിനും കണ്‍സോളിഡേറ്റഡ് റോയല്‍റ്റി നല്‍കിയാല്‍ പരിധിയില്ലാതെ ഖനനം നടത്താമെന്നായി. ഭൂഗര്‍ഭ ജലസ്രോതസിനായും ആഴമേറിയ ഖനികള്‍ക്കും വേണ്ടിയാണ് 1952-ല്‍ മൈന്‍സ് ആക്ട് പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ മറവിലാണ് കല്ലും ചെങ്കല്ലും മണ്ണും കുഴിച്ചെടുക്കുന്നത്. നിലവിലുള്ള ക്വാറികളില്‍ ഭൂരിഭാഗവും നിശ്ചിത ആഴപരിധിയുടെ നാലിരട്ടി വരെ ഖനനം ചെയ്യുന്നു. അതായത് ഇരുപതു മീറ്ററിലധികം ഖനനം ചെയ്‌തെടുക്കുന്ന ക്വാറികളാണ് ഭൂരിഭാഗവും. ഇതേച്ചൊല്ലി നാട്ടുകാരുടെ പരാതികള്‍ ലഭിച്ചാലും ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com