രണ്ടാം പ്രളയം: സ്ഥല-സ്ഥാനവും തലസ്ഥാനവും; ചാള്‍സ് ജോര്‍ജ് എഴുതുന്നു

രണ്ടു പ്രളയങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്നുതന്നെ പ്രകടമാണ്. 2018-ലെ പ്രളയത്തേക്കാള്‍ ഉരുള്‍പൊട്ടലാണ് ഇത്തവണ കൂടുതല്‍ വിനാശം വിതച്ചത്.
പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനല്‍ പ്രാരംഭഘട്ടത്തില്‍
പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനല്‍ പ്രാരംഭഘട്ടത്തില്‍



കേരളത്തില്‍ പ്രകൃതിയുടെ രണ്ടാം കുടിയൊഴിപ്പിക്കല്‍ തുടരുകയാണ്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആഗസ്റ്റ് 9-ന് രാത്രിയിലും പത്തിന് പകലുമായി പുതുവൈപ്പിനില്‍നിന്നും പറഞ്ഞുവിട്ട 19 ചെറുവള്ളങ്ങളിലെ 58 മത്സ്യത്തൊഴിലാളികള്‍ ആലുവയിലേയും പറവൂരിലേയും തൃക്കാക്കരയിലേയും ഏലൂരിലേയും ഫയര്‍ സ്റ്റേഷനുകളില്‍ കേരളത്തിന്റെ സ്വന്തം റിസര്‍വ്വ് ആര്‍മിയായി കാത്തിരുന്നു. നാലു ദിവസത്തെ മനംമടുപ്പിക്കുന്ന കാത്തിരിപ്പിനുശേഷം ഒരാളെപ്പോലും രക്ഷിക്കേണ്ടതില്ലാത്ത ആശ്വാസത്തോടെ അവര്‍ തിരികെ വരുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ആഗസ്റ്റ് 16-നു വെളുപ്പിന് കടലിലെ പണിസ്ഥലത്തുനിന്നും ഞങ്ങളുടെ ഫോണ്‍ വിളികേട്ട്, വലകള്‍ എല്‍.എന്‍.ജി. പദ്ധതി പ്രദേശത്തെ കടല്‍തീരത്തുപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനത്തിനു പോയവരാണവര്‍. നൂറുകണക്കിന് ജീവനുകള്‍ രക്ഷിച്ച ചാരിതാര്‍ത്ഥ്യത്തോടെയാണ് അന്നവര്‍ മടങ്ങിയത്.

രണ്ടു പ്രളയങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്നുതന്നെ പ്രകടമാണ്. പ്രളയത്തേക്കാള്‍ ഉരുള്‍പൊട്ടലാണ് ഇത്തവണ കൂടുതല്‍ വിനാശം വിതച്ചത്. കഴിഞ്ഞ വര്‍ഷവും അഞ്ഞൂറിലധികം മലയിടിച്ചിലും ഉരുള്‍പൊട്ടലും ഇടുക്കിജില്ലയില്‍ മാത്രമുണ്ടായെങ്കിലും ഇതുമൂലമുള്ള ആഘാതം ഇത്തവണ വിവരണാതീതമാണ്. തൊണ്ണൂറ്റിഒന്‍പതിലെ (1924) വെള്ളപ്പൊക്കത്തില്‍ മൂന്നാറിലെ കരിന്തിരിമല അങ്ങനെതന്നെ ഇടിഞ്ഞ് അപ്രത്യക്ഷമായതായി കേട്ടിട്ടുണ്ട്. അതേത്തുടര്‍ന്ന് അന്നത്തെ കോതമംഗലം-മൂന്നാര്‍ റോഡും അതേപടി ഒലിച്ചുപോയി. ആറുവര്‍ഷത്തിനുശേഷം അന്നത്തെ ആനത്താരയായിരുന്ന ഭാഗത്തുകൂടി വെട്ടിയ പുതിയ റോഡാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

പ്രളയം ഭൂമിയെ മാത്രമല്ല, ചരിത്രത്തേയും പകുത്തെടുക്കുന്നുണ്ടെന്നതാണ് വാസ്തവം. 1341-ലെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയെഴുതിയ മഹാപ്രളയത്തെത്തുടര്‍ന്നാണ് എറണാകുളം, വൈപ്പിന്‍ ഭാഗത്ത് ഒരു ഡസനിലധികം ദ്വീപുകളുണ്ടായത്. അന്ന് കടലിലേക്കുള്ള 'തുറ' യായിരുന്ന മുനമ്പം-മുസിരീസ്-മണ്ണടിഞ്ഞ് വെള്ളം വഴിമുട്ടി. പ്രളയം നിക്ഷേപിച്ച മണല്‍ ചെറു ദ്വീപുകളായി മാറി. വൈപ്പിനും കൊച്ചിക്കുമിടയിലുള്ള നേര്‍ത്ത ഭാഗത്തെ കര കടലിലേക്കു തള്ളിമാറ്റിയാണ് പുഴ അതിന്റെ ദൗത്യം നിര്‍വ്വഹിച്ചത്. അങ്ങനെ രൂപംകൊണ്ട കൊച്ചഴി കൊച്ചിയായി രൂപാന്തരപ്പെട്ടു. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ വര്‍ഷമായിരുന്നു അത്. ലോകചരിത്രം തന്നെ രണ്ടായി പകുത്തെടുക്കപ്പെട്ട വര്‍ഷം. 1924-ലാണ് കേരളീയ നവോത്ഥാനത്തിന് പുതിയ മാനം നല്‍കിയ വൈക്കം സത്യാഗ്രഹം നടന്നതും.

പ്രളയത്തെ സംബന്ധിച്ച ഒരു പ്രധാന വിഷയം അത് ഭൂസ്ഥലിയെ (terrain) സംബന്ധിച്ചും ഭരണസ്ഥലം (territory) സംബന്ധിച്ചുമുള്ള പ്രശ്‌നം കൂടി മുന്നോട്ടുകൊണ്ടുവരുന്നു എന്നതാണ്. ഇപ്പോഴത്തെ കശ്മീരിന്റെ പ്രശ്‌നങ്ങളിലൊന്ന് ഇതുതന്നെയാണല്ലോ? പ്രളയത്തെ സംബന്ധിച്ച സ്ഥലസംബന്ധമായ ചില കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ഥല, സ്ഥാനസംബന്ധമായ വിഷയങ്ങളോടൊപ്പം ഉല്പാദകവിഭാഗങ്ങളുടേയും വികസനത്തിന്റേയും വിഷയങ്ങളും പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.

പ്രവചനങ്ങളും പ്രത്യാഘാതങ്ങളും

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഒരു യാഥാര്‍ത്ഥ്യമായി ലോകം അംഗീകരിച്ചിരിക്കുന്ന കാലമാണിത്. ഇതിന്റെ കെടുതികളില്‍നിന്നും വിമുക്തമായ ഒരു സംസ്ഥാനമാണ് നമ്മുടേത് എന്ന മിഥ്യാധാരണയ്ക്ക് ഇളക്കംതട്ടി തുടങ്ങിയിരിക്കുന്നു. പ്രളയം, കാറ്റ്, വരള്‍ച്ച എന്നിവ ഒറ്റൊയ്ക്കൊറ്റയ്‌ക്കോ ഒരു വര്‍ഷത്തിനിടയില്‍ത്തന്നെയോ വന്നു ഭവിക്കാവുന്ന ഒരിടമാണ് നമ്മുടേത്. കഴിഞ്ഞ വര്‍ഷം ദര്‍ശിച്ച നൂറ്റാണ്ടിലെ പ്രളയത്തിനുശേഷം ഈ വര്‍ഷം ജൂണ്‍മാസം സാക്ഷ്യം വഹിച്ചത് നൂറ്റാണ്ടിലെ വരള്‍ച്ചയുടെ ജൂണായിരുന്നുവെന്ന വിചിത്ര യാഥാര്‍ത്ഥ്യം നാം കാണണം. പരിസ്ഥിതിയേയും വികസനത്തേയും സംബന്ധിച്ച നമ്മുടെ സമീപനങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.

2018ലെ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം
2018ലെ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന തീവ്ര ന്യൂനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ തീരത്തേക്കുള്ള പ്രവാഹത്തെ ശക്തമാക്കും. ഇതുമൂലം അറബിക്കടലിന്റെ ഉപരിതലത്തിലേക്കുള്ള നീരാവി പെട്ടെന്നുതന്നെ പശ്ചിമഘട്ടത്തിലേക്കെത്തുമെന്നും അതിന്റെ തൊട്ടു പടിഞ്ഞാറ് തീവ്ര മഴയായി വര്‍ഷിക്കുമെന്നും ഇപ്പോള്‍ നമുക്കറിയാം. പ്രളയത്തെ സംബന്ധിച്ച പ്രാഥമിക പാഠം ഇവിടെനിന്നും തുടങ്ങണം. 'മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്' എന്ന പഴയമട്ടിലല്ല ഇപ്പോഴത്തെ പ്രവചനങ്ങള്‍. കൂറെക്കൂടി നമുക്കിത് പ്രവചിക്കാനാവുന്നുണ്ട്. എന്നാല്‍ സൂക്ഷ്മതലത്തില്‍ ഇതിന്റെ പ്രത്യാഘാതം പ്രവചിക്കാന്‍ ഇപ്പോഴുമാകുന്നുണ്ടോ? കഴിഞ്ഞ പ്രളയശേഷമുള്ള ഒരാണ്ടിനിടയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം നാല്‍പ്പത് ദിവസങ്ങളിലെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിലെമ്പാടും കടലില്‍ പോകുന്നതിന് നിരോധനമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കടല്‍ പ്രക്ഷുബ്ധമായാലും കാറ്റും മഴയുമുണ്ടായാലും കൊച്ചിയിലും കണ്ണൂരും അതിന്റെ യാതൊരു ലക്ഷണവുമുണ്ടാകില്ല. മത്സ്യബന്ധന നിരോധനം അവര്‍ക്കും ബാധകമാണുതാനും. കേരളത്തിലെ കാലാവസ്ഥാപ്രവചനങ്ങള്‍ കുറേക്കൂടി സൂക്ഷ്മതല (ചുരുങ്ങിയ പക്ഷം മേഖല തിരിച്ചെങ്കിലും) ആവേണ്ടതുണ്ട്.

കഴിഞ്ഞ പ്രളയത്തിനുശേഷം സെപ്റ്റംബറില്‍  ഞങ്ങള്‍ മുന്‍കയ്യെടുത്ത് കൊച്ചി കുസാറ്റില്‍ പ്രളയം മുന്നോട്ടുവെയ്ക്കുന്ന സ്ഥലസംബന്ധ (സ്പേഷ്യല്‍)മായ പ്രശ്‌നങ്ങളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന ദുരന്തനിവാരണസമിതിയുടെ ഏകോപനത്തിന്റെ പരിമിതികള്‍ ഓഖിയിലും പ്രളയത്തിലും തുറന്നുകാട്ടപ്പെട്ടതായി അതില്‍ വിലയിരുത്തലുണ്ടായി. വിവിധ മേഖലകളിലെ വിദഗ്ദ്ധരേയും ഗവേഷകരേയും ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടെങ്കിലും ഒരു ഉദ്യോഗസ്ഥമേധാവിത്ത സംവിധാനമായി അതിപ്പോഴും തുടരുകയാണ്.

ഇത്തവണത്തെ പ്രളയത്തില്‍ മരിച്ച നൂറിലേറെപ്പേരില്‍ ഭൂരിപക്ഷവും വയനാട് മേപ്പാടിയിലെ പുത്തുമലയിലും മലപ്പുറം പോത്തുകല്ലിലെ കവളപ്പാറയിലും നിന്നുള്ളവരായിരുന്നു. മലനിരങ്ങിനീങ്ങി മണ്ണിനിടയില്‍പ്പെട്ടാണ് ഇവര്‍ മരിച്ചത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കേന്ദ്ര ദുരന്തനിവാരണ സേനയും യന്ത്രങ്ങളും എത്താന്‍ വൈകിയതും രാത്രി തെരച്ചില്‍ നിര്‍ത്തിയതും മരണസംഖ്യ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ തവണയെത്തിയ കേന്ദ്ര സംഘത്തെ കൊണ്ടുവന്ന വിമാനങ്ങള്‍ക്കും യാത്രയ്ക്കും വേണ്ടിവന്ന ചെലവിന്റെ ബില്ല് അയച്ചുതരുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തെ വേണ്ടവിധം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്! 2005-ലാണ് കേരളം അതിന്റെ ദുരന്തനിവാരണ നിയമം പാസ്സാക്കിയത്. 2012-ല്‍ മലപ്പുറത്ത് ദുരന്തനിവാരണ ആസ്ഥാനവും സ്ഥാപിച്ചു. നൂറുപേരെ പരിശീലനം നല്‍കി വിവിധ പൊലീസ് വിഭാഗങ്ങള്‍ക്കയച്ചു കൊടുത്തിട്ടുമുണ്ട്. എന്നാല്‍, കേരളത്തിന്റെ ഭൂപ്രകൃതിക്കനുസൃതമായ ഒരു രക്ഷാദൗത്യസംവിധാനം ഇനിയും വികസിപ്പിച്ചെടുക്കേണ്ടതായിട്ടാണിരിക്കുന്നത്. പുഴകളും ഇടതൂര്‍ന്ന വനങ്ങളും തോട്ടങ്ങളും ചെങ്കുത്തായ മലനിരകളും, കോണ്‍ക്രീറ്റ് എടുപ്പുകളും അടങ്ങുന്ന സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളുന്ന സംവിധാനമായിരിക്കണം അത്.

മലകള്‍ തുരക്കുന്ന
ക്വാറികള്‍

തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കൈപ്പത്തിയും അരിവാളും നമ്മുടെ ചിഹ്നമാവുകയും അടുത്ത തെരഞ്ഞെടുപ്പുവരെ ജെ.സി.ബിയും ടിപ്പറും അടയാളവാക്യങ്ങളുമാകുന്ന സമൂഹമാണ് നമ്മുടേത്. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവകലവറയായ പശ്ചിമഘട്ടത്തിന്റെ ഹൃദയം തുറന്നാണ് ഈ തുരപ്പന്മാര്‍ വിരാജിക്കുന്നത്. ഒരു പഞ്ചായത്തില്‍ ആറ് ക്വാറികളെങ്കിലും എന്നതാണ് കേരളത്തിന്റെ നില. ഓരോ പാറമടയിലും ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ നേരെ മുന്നിലും എതിര്‍ഭാഗത്തും കുന്നിടിയലോ ഉരുള്‍പൊട്ടലോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇതിനെ സംബന്ധിച്ച പഠനം നടത്തുന്ന കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നത്. ക്വാറിയിംഗ് കുന്നിന്റേയും പാറയുടേയും മണ്ണിന്റേയും സ്ഥിരതയെ ബാധിക്കുന്നുണ്ട്. സ്ഫോടനം മൂലം കുന്നിന്റെ ഒരു ഭാഗത്ത് ആദ്യം ചെറിയ വിള്ളലുണ്ടാകും, തുടര്‍ സ്ഫോടനങ്ങളിലൂടെ ഈ വിള്ളല്‍ വലുതാകും. അതിലേക്കു വെള്ളമിറങ്ങും. തീവ്രമഴ പെയ്യുമ്പോള്‍ തകരാന്‍ പാകത്തില്‍ തയ്യാറെടുത്തു നില്‍ക്കുകയാണ് ഓരോ മലനിരകളും. കരിങ്കല്ലിലൂടെ ശബ്ദം അതിവേഗം സഞ്ചരിക്കും. വായുവിലൂടെ ശബ്ദം ഒരു സെക്കന്റില്‍ 350 മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ കരിങ്കല്ലിലൂടെ അതിന്റെ വേഗം 1500 മീറ്ററാണ്. തുടര്‍ച്ചയായ കമ്പനം മൂലം ഉരുള്‍പൊട്ടുമ്പോള്‍ ക്വാറി ഉടമകള്‍ സ്ഥലമുപേക്ഷിക്കും. പ്രളയത്തെ തുടര്‍ന്ന് ഇത്തവണ എറണാകുളം ജില്ലയില്‍ കളക്ടര്‍ 'രണ്ട് ദിവസത്തെ' ഖനനം നിരോധിച്ചു. ഈ നാടകങ്ങളെ സംബന്ധിച്ച് തികഞ്ഞ ധാരണയുള്ളതിനാലാണ് കേരളത്തില്‍ പലയിടത്തും ക്വാറികള്‍ക്കെതിരെ രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ പോരാട്ടത്തിനിറങ്ങുന്നത്.

മേപ്പാടിയിലെ പുത്തുമലയില്‍ തിരച്ചില്‍ നടത്തുന്നു
മേപ്പാടിയിലെ പുത്തുമലയില്‍ തിരച്ചില്‍ നടത്തുന്നു

എന്നാല്‍ സര്‍ക്കാരിന്റെ സമീപനമെന്താണ്? അനധികൃത ക്വാറികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതു മാത്രമല്ല, നൂറുകണക്കിന് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുകയുമാണ്. പാറ ഖനനത്തില്‍ അനുമതി നല്‍കാന്‍ കളക്ടര്‍മാര്‍ റവന്യൂ വകുപ്പിന്റെ പരിശോധനമാത്രം നടത്തിയാല്‍ മതിയെന്ന വിചിത്ര നിര്‍ദ്ദേശം റവന്യൂ അഡീഷണല്‍ സെക്രട്ടറി നല്‍കിയത് പ്രളയത്തിനു ശേഷമായിരുന്നു. ഖനനമേഖലയ്ക്ക് വനമേഖലയില്‍നിന്നും ജനവാസകേന്ദ്രത്തില്‍നിന്നുമുള്ള അകലം 200 മീറ്ററില്‍നിന്നും 50 മീറ്ററാക്കി കുറച്ചുകൊണ്ട് 'പരിസ്ഥിതി സൗഹൃദ വികസനം' കാര്യക്ഷമമാക്കി. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം കൃഷിക്കു മാത്രമായി പതിച്ചുകൊടുത്ത ഭൂമിയില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതും പ്രളയത്തിനുശേഷമാണ്. 1960-കളില്‍ കൃഷിക്കാര്‍ക്കായി പതിച്ചുകൊടുത്ത ഈ സര്‍ക്കാര്‍ ഭൂമിയില്‍ ഭൂരിപക്ഷവും റബ്ബര്‍ത്തോട്ടങ്ങളാണ്. റബ്ബറിനു വിലയിടിഞ്ഞപ്പോള്‍ ഖനനത്തിനു വിട്ടുകൊടുക്കാന്‍ ഉടമകള്‍ തീരുമാനിച്ചതിനെ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. നേരത്തെ അവിടെ നടന്ന ഖനനങ്ങളെ നിയമവിധേയമാക്കാനും ഉത്തരവിറക്കിയിട്ടുണ്ട്.

ഗാഡ്ഗിലിന്റെ
മുന്നറിയിപ്പ്

തീരദേശ പരിപാലന വിജ്ഞാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 7-ന് എറണാകുളത്ത് ഞങ്ങള്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ഡോ. മാധവ് ഗാഡ്ഗിലായിരുന്നു. ''പശ്ചിമഘട്ടത്തെ സംബന്ധിച്ച് ഞങ്ങള്‍ പറഞ്ഞത് കേരളം അംഗീകരിക്കുന്ന നാള്‍ വരാനിരിക്കുന്നതേയുള്ളൂ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഐക്യകേരളം രൂപപ്പെട്ടശേഷം നടന്ന ഏറ്റവും വിചിത്രവും വഷളുമായ സമരം ഇദ്ദേഹത്തിനെതിരെയായിരുന്നു. പശ്ചിമഘട്ടത്തെ മൂന്നു മേഖലകളാക്കി, അതിലെ പരിസ്ഥിതി ദുര്‍ബ്ബല മേഖലയെ തരംതിരിച്ച് അവിടെ സംരക്ഷിക്കാനുള്ള നടപടികള്‍, കൃഷിരീതികള്‍, നിയന്ത്രിക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയത്. ജനകീയ പങ്കാളിത്തത്തോടെയാണ് ഇവ നടപ്പാക്കേണ്ടതെന്ന ശ്രദ്ധേയമായ നിര്‍ദ്ദേശവും കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉത്തരവോ, നിയമമോ, ചട്ടമോ അല്ല അത്. എന്നാല്‍ പിന്നീട് കണ്ടത് 'പരിസ്ഥതി ദുര്‍ബ്ബല പ്രദേശം' എന്ന നിര്‍വ്വചനം എങ്ങനെ മാറ്റാം എന്നതിനുള്ള തീവ്രയജ്ഞപരിപാടിയില്‍ മുന്നണികള്‍ മത്സരിക്കുന്നതാണ്. ഗാഡ്ഗില്‍ ശുപാര്‍ശകള്‍ ജനകീയ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതിനും ഇതിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു ശാസ്ത്രീയമായി നടപ്പാക്കുന്നതിനും പകരം ഹര്‍ത്താലുകളും വനം വകുപ്പുവണ്ടിയുടെ ടയര്‍ കത്തിക്കലുകളും ജീവിച്ചിരിക്കുന്ന ഇടുക്കി എം.പിയുടെ കുഴിയടിയന്തിര കര്‍മ്മങ്ങളുമാണ് പിന്നീട് കണ്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടുക്കി അടക്കമുള്ള മലമേഖലകളിലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്തത്. കുടിയേറ്റക്കാരെന്നോ കയ്യേറ്റക്കാരെന്നോ വേര്‍തിരിവില്ലാതെ പലരുടേയും ഭൂമി ക്രമവല്‍ക്കരിച്ച് പട്ടയം നല്‍കിയത് അടുത്തിടെയാണ്. കേരളത്തിന്റെ മലയോരഭൂമിയില്‍ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നത് വന്‍കിട തോട്ടമുടമകളാണ്. ഈ കയ്യേറ്റത്തിനെതിരെ ഒരു പതിറ്റാണ്ടു മുന്‍പ് സഖാവ് വി.എസ്സിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്കും നിയമനടപടികള്‍ക്കും കേരളീയ സമൂഹത്തിന്റെയാകെ പിന്തുണയും ലഭിച്ചത് യാദൃച്ഛികമല്ല. പാട്ടക്കരാര്‍ ലംഘിച്ചും വനനിയമം ലംഘിച്ചും കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചും ഈ ഭൂമിയുടെ നടത്തിപ്പുകാര്‍ കേരളീയ സമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ ഒട്ടനവധി വ്യവഹാരങ്ങളും നിയമനടപടികളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കേസുകള്‍ എങ്ങനെ തോറ്റുകൊടുക്കാം എന്ന തിരക്കിട്ട ആലോചനകളാണ് തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ഭൂമികളുടെ കരം സ്വീകരിക്കാന്‍ സംസ്ഥാന ക്യാബിനറ്റ് തീരുമാനിച്ചത് കഴിഞ്ഞമാസമാണ്. പുരോഗമനം ചമയുന്ന സി.പി.ഐയുടെ മന്ത്രിമാരെ സാക്ഷിയാക്കിയാണ് ഈ തിരുമാനം എടുത്തതും. കേരളീയ സമൂഹത്തോടും ഭാവിതലമുറയോടും ഇതില്‍പ്പരം ഒരു നീതികേട് ചെയ്യാനില്ല. തോട്ടങ്ങളുടെ പ്രതിസന്ധിയുടെ പേരില്‍ പ്ലാന്റേഷനുകളുടെ ഒരു ഭാഗം ടൂറിസവല്‍ക്കരിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെപ്പുറമേ മലയോര ഹൈവേയുടെ നിര്‍മ്മാണവുമായും മുന്നോട്ടുപോവുകയാണ്.

വഴികള്‍ മറക്കാത്ത പുഴകള്‍

''എത്ര പിടിച്ചുകെട്ടിയാലും പുഴകള്‍ ഒഴുകുന്നതിന്റെ വഴികള്‍ മറക്കുന്നില്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ വെള്ളപ്പൊക്കവും'' എന്ന് ടോണി മോറിസണ്‍ പറഞ്ഞിട്ടുണ്ട്. 1924-ലെ വെള്ളപ്പൊക്കം ബാധിച്ച അതേസ്ഥലങ്ങളില്‍ത്തന്നെയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വെള്ളം കയറിയത്. ഐരാണിക്കുളത്തെ അമ്പലത്തില്‍ തൊണ്ണൂറ്റിഒന്‍പതിലെ വെള്ളം കയറിയ അടയാളം ഇപ്പോഴും കാണാം. ഇത് പ്രളയം സംബന്ധിച്ച മാപ്പിംഗ് എളുപ്പമാക്കുന്നുണ്ട്. പ്രളയഭൂപടം തയ്യാറാക്കേണ്ടത് സ്ഥൂലമായി മാത്രമല്ല, മൈക്രോലെവലിലും പഞ്ചായത്തുതലത്തിലും വേണ്ടതുണ്ട്. ഇവ വര്‍ഗ്ഗീകരിച്ച് മാപ്പുകളുണ്ടാക്കി പൊതുജനങ്ങള്‍ക്കായി ഓരോ പഞ്ചായത്തും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇനിയും നടപ്പാക്കിയിട്ടില്ല.

നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയും നദീതടങ്ങളെ വിവിധ സോണുകളാക്കി തിരിച്ച് അനുവദനീയ പ്രവര്‍ത്തനങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയിക്കുകയും വേണം. പുഴയോരത്ത് ഗ്രീന്‍ബെല്‍റ്റ്, പിന്നെ കൃഷിയിടം, തുടര്‍ന്ന് വ്യവസായങ്ങളും വാസഗൃഹങ്ങളും എന്ന സമീപനം കേരളത്തിലെ ഒരു നദീതീരത്തും സാധ്യമല്ലാതായിട്ടുണ്ട്. പെരിയാറിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.

പെരിയാര്‍ തീരത്ത് ചെറുതും വലുതുമായ 282 ഫാക്ടറികളുള്ളതില്‍ എണ്‍പതുശതമാനവും രാസവ്യവസായങ്ങളാണ്. ഏലൂര്‍-എടയാര്‍ മേഖലയിലെ മുഴുവന്‍ വ്യവസായങ്ങളും കഴിഞ്ഞ പ്രളയത്തില്‍ മുങ്ങിപ്പോയി. ഇവിടെ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും മാലിന്യങ്ങളും ഒഴുകി രാസപ്രളയമായി (Toxic flood) കായല്‍തീരത്തും കടലിലും നിക്ഷേപിക്കപ്പെട്ടിരിക്കുകയാണ്. പുതുവൈപ്പിലെ എല്‍.എന്‍.ജി. പ്രദേശത്ത് കായല്‍ ഡ്രഡ്ജ് ചെയ്ത് മാലിന്യം കരയിലേക്കൊഴുക്കാന്‍ ശ്രമിച്ചതിനെ തടയാന്‍ ഈ ലേഖകനടക്കമുള്ള മത്സ്യത്തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റുചെയ്തുകൊണ്ടാണ് പൊലീസ് നേരിട്ടത്. ഹൈക്കോടതിയില്‍ പ്രൊട്ടക്ഷന്‍ കേസ് വേറെയുമുണ്ട്.

മുന്നോട്ടുവെയ്ക്കുന്ന ഗൗരവമേറിയ ഒരു പ്രശ്‌നം ട്രേഡ് യൂണിയനുകളും പരിസ്ഥിതി പ്രവര്‍ത്തകരും തമ്മില്‍ രണ്ടു പതിറ്റാണ്ടായി നടക്കുന്ന പോരാട്ടത്തിന്റേതാണ്. പരിസ്ഥിതിയും വികസനവും തമ്മില്‍ നടക്കേണ്ട ആരോഗ്യകരമായ സംവാദത്തിനുമപ്പുറം എല്ലാ മര്യാദകളേയും ഉല്ലംഖിക്കുന്ന, ശത്രുതയിലധിഷ്ഠിത വൈരനിര്യാതനമായി അതു മാറിയിരിക്കുന്നു. കണക്കിലെടുക്കേണ്ട ഒരു കാര്യം വ്യവസായങ്ങളുടെ നിലനില്പുതന്നെയാണ്. 1940-കളില്‍ സര്‍ സി.പി. ആരംഭിച്ച ഈ വ്യവസായ സംരംഭങ്ങള്‍ അന്ന് ഉദയ വ്യവസായ (Sunrise Industry)ങ്ങളായിരുന്നെങ്കില്‍ ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലത്ത് അപവ്യവസായ (Sunset)ത്തിന്റെ ഗണത്തിലായിരിക്കുകയാണ് അവ. കഴിഞ്ഞ ഇരുപതാണ്ടിനിടയില്‍ പല സ്ഥാപനങ്ങളിലേയും തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിട്ടുമുണ്ട്. കേന്ദ്ര നയങ്ങളേയും ആഗോളവല്‍ക്കരണ നയങ്ങളേയും ചെറുത്ത് വ്യവസായവും തൊഴിലും സംരക്ഷിക്കുന്നതോടൊപ്പം മലിനീകരണ ദൂഷണങ്ങളില്‍നിന്നും പരിസരവാസികളേയും സംരക്ഷിക്കാനുമുതകുന്ന ഡിമാന്റ് ട്രേഡ് യൂണിയനുകളും ഉന്നയിക്കുന്നില്ല എന്നത് ദുഃഖകരമാണ്. കേരളത്തിന്റെ പരിസ്ഥിതിയെ കണക്കിലെടുത്ത വ്യവസായ നയമല്ല സംസ്ഥാന സര്‍ക്കാരും പിന്‍പറ്റുന്നതെന്നതും കാണേണ്ടതുണ്ട്.

കുട്ടനാട്: ആകുലതകളുടെ തുടര്‍ക്കഥ

രണ്ടുലക്ഷത്തോളം പേരെ രണ്ടു ഘട്ടങ്ങളിലായി യുദ്ധകാലാടിസ്ഥാനത്തില്‍ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിച്ച കുട്ടനാട് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലയാണ്. ഈ വര്‍ഷവും ആയിരങ്ങള്‍ ക്യാമ്പിലാണ്. 1930-കള്‍ മുതല്‍ ഈ സവിശേഷ മേഖല വെള്ളപ്പൊക്കത്തെ നേരിട്ടാണ് അതിജീവിച്ചുവന്നത്. പക്ഷേ, ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമായിരിക്കുന്നു.

ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ തീവ്രയജ്ഞപരിപാടിയിലൂടെ കൃഷി വികസിപ്പിച്ചെടുത്ത അപൂര്‍വ്വമായ ഒരു മേഖലയാണിത്. ഇന്നാകട്ടെ, ടൂറിസത്തിലൂടേയും റോഡ് നിര്‍മ്മാണത്തിലൂടെയും റിയല്‍ എസ്റ്റേറ്റ് വികസനത്തിലൂടെയും ഇവിടത്തെ അറുപത് ശതമാനം കൃഷിഭൂമിയും അന്യാധീനപ്പെട്ടിരിക്കുകയാണ്. ജലവാഹകശേഷിയിലും മണ്ണിന്റെ ഗുണതയിലും പ്രളയജലത്തില്‍നിന്നുള്ള സംരക്ഷണത്തിലും വന്ന മാറ്റത്തെയാണ് പ്രളയം അടയാളപ്പെടുത്തുന്നത്. തണ്ണീര്‍മുക്കം, തോട്ടപ്പള്ളി സ്പില്‍വേകളുടെ പ്രവര്‍ത്തനത്തിന്റെ അശാസ്ത്രീയതയും പ്രളയത്തെ രൂക്ഷമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം തണ്ണീര്‍മുക്കം ബണ്ടിനു നടുവിലെ മണല്‍ച്ചിറ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ്ണമായിട്ടില്ല. ബണ്ടിലെ ചിറയുടെ മണല്‍ ഗവണ്‍മെന്റിനാണോ കോണ്‍ട്രാക്ടര്‍ക്കാണോ എന്ന തര്‍ക്കത്തില്‍ തട്ടി വഴിമുടക്കിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് വലിയതുറയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീട്
തിരുവനന്തപുരത്ത് വലിയതുറയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീട്

മണല്‍ച്ചിറയുടെ ഉപരിഭാഗത്തെ ഒരുഭാഗം മണല്‍മാത്രമാണ് ഇതുവരെ നീക്കം ചെയ്തത്. പ്രളയവെള്ളത്തിന്റെ കുത്തൊഴുക്കില്‍ അടിഭാഗത്തെ മണല്‍ പരന്നൊഴുകി വേമ്പനാട്ടു കായലില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബണ്ടിന്റെ നടുഭാഗത്തിന് ഇരുവശവുമുള്ള മണല്‍ക്കൂന ടൂറിസത്തിന്റെ പേരില്‍ നീക്കം ചെയ്യാനും ഇനിയും നടപടിയായിട്ടില്ല. തോട്ടപ്പള്ളി മുതല്‍ വീയപുരം വരെയുള്ള പത്ത് കിലോമീറ്റര്‍ ലീഡിംഗ് ചാനലില്‍ കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് ഒരു വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. നീരൊഴുക്ക് ഇതുമൂലം തടസ്സപ്പെട്ടു. ഡ്രഡ്ജ് ചെയ്ത് ആഴം വര്‍ദ്ധിപ്പിക്കാനാവാത്തതിന്റെ പ്രധാന കാരണം കരിമണല്‍ ലോബിക്കാവശ്യമായ ഇല്‍മനൈറ്റ് ഈ മണ്ണിലില്ല എന്നതാണ്. അതേസമയം കരിമണല്‍ ലക്ഷ്യം വെച്ച് തോട്ടപ്പള്ളി അഴിയുടെ വടക്കുഭാഗത്ത് കടലാക്രമണം പ്രതിരോധിക്കാനായി നട്ടുവളര്‍ത്തിയ കാറ്റാടിമരങ്ങള്‍ വെട്ടി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവിടം കരിമണല്‍ കമ്പനിയെക്കൊണ്ട് ഡ്രഡ്ജ് ചെയ്യിച്ചാല്‍ തൃക്കുന്നപ്പുഴ പുറക്കാട് പഞ്ചായത്തുകളുടെ തീരദേശം മുഴുവനും കടലാക്രമണത്തിന് വിധേയമാകും. കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ ചുറ്റുമുള്ള ബണ്ട് സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാത്തതും സ്ഥിരം ബണ്ടുണ്ടാക്കാത്തതും ഇത്തവണത്തെ മടവീഴ്ചയ്ക്കും കൃഷിനാശത്തിനും വഴിവെച്ചിട്ടുണ്ട്. രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനനിര്‍മ്മാണത്തെ സംബന്ധിച്ച ആധുനികവും ശാസ്ത്രീയവുമായ പുതിയ സമീപനം അവിടെ സ്വീകരിച്ചിരിക്കുന്നതാണ് എടുത്തുപറയാവുന്നത്. തണ്ണീര്‍മുക്കം - തോട്ടപ്പള്ളി ബണ്ടുകളുടെ സ്പില്‍വേ തുറക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് പുനഃക്രമീകരണം നടത്തേണ്ടതുണ്ട്. കര്‍ഷകരടക്കമുള്ളവരുടെ പൊതുസമ്മതിയുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക കലണ്ടര്‍ പരിഷ്‌കരിക്കേണ്ടതുമുണ്ട്.

തീരദേശം: നിലനില്‍പ്പിന്റെ തീരാവേദന

ഇത്തവണ പ്രളയത്തിനു കേളികൊട്ടായി 'കടലാക്രമണ'മാണെത്തിയത്. കടല്‍ക്കയറ്റമുണ്ടായ പ്രധാന മേഖലകള്‍ ശ്രദ്ധേയമാണ്. വിഴിഞ്ഞത്തെ വലിയതുറ, കൊല്ലത്തെ ആലപ്പാട്, കൊച്ചിയിലെ ചെല്ലാനം എന്നിവയാണ് ആ സ്ഥലങ്ങള്‍. മൂന്നിടത്തേയും ദുരന്തത്തിനു കാരണം മനുഷ്യനിര്‍മ്മിതമാണെന്ന് വ്യക്തമാണ്. വലിയതുറയില്‍ വിഴിഞ്ഞവും ആലപ്പാട് മണല്‍ഖനനവും ചെല്ലാനത്ത് കൊച്ചി-വല്ലാര്‍പാടം തുറമുഖങ്ങളുമാണ് വില്ലന്മാര്‍. 'പിടിച്ചതിനേക്കാള്‍ വലുത് അളയില്‍' എന്ന മട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 'സാഗര്‍മാല' പദ്ധതിയുമുണ്ട്. ഇതിന്റെ ഭാഗമായി 'സ്വദേശ് ദര്‍ശന്‍ സ്‌കീം' പ്രകാരം 11 തീംബേസ്ഡ് ടൂറിസ്റ്റ് സര്‍ക്യൂട്ടുകളും 14 കോസ്റ്റല്‍ എക്കണോമിക് സോണുകളുടെ ഭാഗമായ ക്ലസ്റ്റര്‍ വ്യവസായങ്ങളും ഭാരത്മാല പദ്ധതിയുടെ ഭാഗമായി 2000 കിലോമീറ്റര്‍ റോഡുകളും 2035-നകം പൂര്‍ത്തീകരിക്കേണ്ട 550 പ്രോജക്ടുകളും തീരദേശത്തേയാണ് ലക്ഷ്യംവെയ്ക്കുന്നത്. പുതിയ 6 തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 3,91,987 കോടി രൂപയുടെ നിക്ഷേപവും വരുന്നുണ്ട്. 550 പ്രൊജക്ടുകള്‍ക്കായി 8 ലക്ഷം കോടിരൂപയാണ് നീക്കിവെക്കുന്നത്. ഇന്ത്യയുടെ  തീരദേശത്തിന്റെ സവിശേഷതകളൊന്നും കണക്കിലെടുക്കാതേയും പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ചുമാണ് ഈ നിര്‍മ്മിതികളൊക്കെയും നടത്താന്‍ പോകുന്നത്. ഈ ലക്ഷ്യത്തോടെ 2011-ല്‍ പ്രഖ്യാപിച്ച തീരദേശ പരിപാലന വിജ്ഞാപനം പുതുക്കി 2019 ഫെബ്രുവരിയില്‍ പുതിയ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യയുടെ കടലോരങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റേയും വികസന പദ്ധതികളുടേയും അധിക സമ്മര്‍ദ്ദത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (I.P.C.C.)ന്റെ 2018-ലെ കണക്കു പ്രകാരം ഭൂമിയുടെ ചൂട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 0.19 മീറ്റര്‍ ഉയര്‍ന്നതായാണ് കണക്ക്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കോയിസിന്റെ വിലയിരുത്തല്‍ പ്രകാരം പ്രതിവര്‍ഷം 0.33 മില്ലിമീറ്റര്‍ മുതല്‍ 5.16 മില്ലിമീറ്റര്‍ വരെ കടല്‍നിരപ്പില്‍ വര്‍ദ്ധനയുണ്ട്. തീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സമ്മര്‍ദ്ദത്തിന് ഇതുമൂലം കടല്‍ത്തീരം വിധേയമാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സുനാമി, ഓഖി, ഗജ, വായു തുടങ്ങിയ സമീപകാല പ്രതിഭാസങ്ങള്‍ ഇതിന്റെ പ്രത്യാഘാതമാണ്. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ കടല്‍ത്തീരത്തിന്റെ 45 ശതമാനവും ഇതുമൂലം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് കണക്ക്. ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം 1998-നും 2017-നുമിടയില്‍ കടലോരത്തെ പരിസ്ഥിതി വ്യതിയാനത്തിന്റെ ഫലമായി രാജ്യത്തിന് 80 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തമുഖം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ അറിയുന്നത് മത്തിയുടെ ഉല്പാദനത്തകര്‍ച്ചയിലൂടെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിലെ ചാളയുടെ ഉല്പാദനം എട്ടിലൊന്നായി കുറഞ്ഞിരിക്കുകയാണ്. 2012-ല്‍ 3.99 ലക്ഷം ടണ്‍ ചാള പിടിച്ചിടത്ത് 2018-ല്‍ അത് 77,000 ടണ്ണായി കുറഞ്ഞു. നാം ഇപ്പോല്‍ കഴിക്കുന്ന മത്തി  മുഴുവന്‍ വരുന്നത് രാമേശ്വരം, കടലൂര്‍, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്. ശാന്തസമുദ്രത്തില്‍ പ്രത്യക്ഷപ്പെടുന്ന എല്‍-നിനോ പ്രതിഭാസം കേരളത്തിന്റെ തീരക്കടലിലെ അപ്വെല്ലിംഗിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമായി മത്തിയുടെ ഉല്പാദനം ഇനിയും കുറയുമെന്നുമാണ് ഒടുവിലത്തെ വിശദീകരണം. ''പലിശപ്പട്ടിണി പടികേറിയ'' മത്സ്യമേഖലയില്‍ ഒരു 'മത്സ്യവരള്‍ച്ചാ പാക്കേജ്' അനുവദിക്കണമെന്ന കടലിന്റെ മക്കളുടെ പരിദേവനം തള്ളപ്പെട്ടിരിക്കുന്നു. എന്നാല്‍ അവരുടെ ലൈസന്‍സ് ഫീസ് അയ്യായിരം രൂപയില്‍നിന്നും 52,000 രൂപയായി വര്‍ദ്ധിപ്പിച്ച് 'മുറിവില്‍ ഉപ്പു പുരട്ടുന്ന' നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നത്.

തണ്ണീര്‍മുക്കം ബണ്ടിന്റെ ആകാശദൃശ്യം
തണ്ണീര്‍മുക്കം ബണ്ടിന്റെ ആകാശദൃശ്യം


തീരദേശ പരിപാലന വിജ്ഞാപനം ഭേദഗതി ചെയ്ത് പുതിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത് ഈ വര്‍ഷം ജനുവരിയിലാണ്. ''പരിസ്ഥിതി നിയമങ്ങള്‍ നിക്ഷേപകരുടെ താല്പര്യങ്ങള്‍ക്കനുസൃതമായി ഭേദഗതി ചെയ്യണ''മെന്ന ടി.എസ്.ആര്‍. സുബ്രഹ്മണ്യം കമ്മിറ്റിയുടേയും ഡോ. ശൈലേഷ് നായിക്കിന്റേയും ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ ഭേദഗതി വരുത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് തീരത്ത് വീടുവെയ്ക്കാനുള്ള തടസ്സങ്ങള്‍ മാറ്റാനെന്ന വ്യാജേന റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ബില്‍ഡേഴ്സിനും ടൂറിസ്റ്റ് ലോബികള്‍ക്കും തീരത്തെവിടേയും കെട്ടിടസമുച്ചയങ്ങള്‍ പണിയാനും 'സാഗര്‍മാല' പദ്ധതി നടപ്പാക്കാനുമാണ് പുതിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

തീരപരിപാലന വിജ്ഞാപനത്തിനെതിരെ ആദ്യം രംഗത്തുവന്നത് സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയാണ്. ''തീരവാസികളുടെ ഉപജീവന - വാസ അവകാശത്തെ ഇത് ഹനിക്കുമെന്നും തീരസംരക്ഷണ ദൗത്യമേറ്റെടുത്ത കണ്ടല്‍ക്കാടുകളുടെ വിനാശത്തിന് ഇത് വഴിവെക്കുമെന്നും, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമെന്നും നിക്ഷേപകരുടേയും ബില്‍ഡേഴ്സിന്റേയും കുത്തകകളുടേയും താല്പര്യങ്ങള്‍ക്ക് തീരത്തെ തീറെഴുതു''മെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് അവരുയര്‍ത്തിയത്. 'മോദി ഭരണത്തിന്റെ വിനാശകരമായ നാലുവര്‍ഷങ്ങള്‍' എന്ന ലഘുലേഖയിലൂടെ ഈ വിമര്‍ശനം ഇന്ത്യയിലൊട്ടാകെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരിസ്ഥിതി വിരുദ്ധമായ വിജ്ഞാപനത്തെ ആദ്യം അംഗീകരിച്ചത് കേരളമാണ്. മന്ത്രിസഭായോഗത്തില്‍ ഫിഷറീസ് വകുപ്പുമന്ത്രി ചില പ്രശ്‌നങ്ങളുന്നയിച്ചുവെങ്കിലും സംസ്ഥാന ക്യാബിനറ്റ് പുതിയ വിജ്ഞാപനം അംഗീകരിക്കുകയായിരുന്നു. ''തീരവിജ്ഞാപനത്തില്‍ വരുത്തേണ്ട ഇളവുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും മാത്രമായി നിജപ്പെടുത്തണമെന്നും ബില്‍ഡേഴ്സിനും റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങള്‍ക്കും അനുവദിക്കരുതെ''ന്നുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടുപോലും ഈ മന്ത്രിസഭയ്ക്കില്ലെന്നതാണ് ദുഃഖയാഥാര്‍ത്ഥ്യം.

കടലാക്രമണത്തില്‍ തകര്‍ന്ന തീരത്തെ കെട്ടിടങ്ങള്‍
കടലാക്രമണത്തില്‍ തകര്‍ന്ന തീരത്തെ കെട്ടിടങ്ങള്‍

''ഇനിയുമൊരു പ്രളയം കേരളത്തിനു താങ്ങാനാവില്ല'' എന്നു പറഞ്ഞുകൊണ്ടാണ്  മരടിലെ നിയമം ലംഘിച്ചു പണിതുയര്‍ത്തിയ അഞ്ചു കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുകളയാന്‍ കഴിഞ്ഞ ജൂണ്‍ എട്ടിനു സുപ്രീംകോടതി ഉത്തരവിട്ടത്. വിധി ബാധിക്കുന്ന ഫ്‌ലാറ്റുകളിലെ നിര്‍ദ്ദോഷികളായ ഉടമസ്ഥരുടെ ആകുലതകള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടതും പരിഹാരം ആവശ്യവുമാണ്. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെയെന്നപോലെ എല്ലാ പാര്‍ട്ടികളും മുന്നണികളും സുപ്രീംകോടതി ഉത്തരവിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതു യാദൃച്ഛികമല്ല. പെരുമ്പളത്തിനടുത്ത്  വേമ്പനാട്ടുകായലിന്റെ ഒത്ത നടുവില്‍ തുരുത്ത് നികത്തിയെടുത്ത് നിയമം ലംഘിച്ചു പണിത 53 കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുകളയാന്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് കെ. ഹരിലാലുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത് 2013 ജൂലൈ 25-നാണ്. ആ വര്‍ഷം ആഗസ്റ്റ് രണ്ടിന് സുപ്രീംകോടതിയും ഉത്തരവു ശരിവെച്ചു വിധി പറഞ്ഞു. ഒറ്റയാള്‍പോലും താമസിക്കാത്ത ഈ കെട്ടിട സമുച്ചയങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്മാരും എം.എല്‍.എമാരും മുന്നണിക്കതീതരായി രംഗത്തിറങ്ങിയതും ഒപ്പുശേഖരണം നടത്തിയതും മറക്കാനായിട്ടില്ല. ഇവരില്‍ ചിലര്‍ ഇപ്പോഴത്തെ നിയമസഭാപരിസ്ഥിതി സമിതിയില്‍ പി.വി. അന്‍വറോടൊപ്പം അംഗങ്ങളുമാണ്.

വേമ്പനാട്ടുകായലിന്റെ ആകുലതകള്‍ തീരാവ്യാധിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കായലിന്റെ വിസ്തൃതി കയ്യേറ്റം മൂലം 42,000 ഹെക്ടറില്‍നിന്നും 12,000 ഹെക്ടറായി കുറഞ്ഞിരിക്കുന്നു. ആധുനിക പരശുരാമനായ കൊച്ചി പോര്‍ട്ട് ട്രസ്റ്റാണ് ഏറ്റവും വലിയ കയ്യേറ്റക്കാര്‍. ഈ 'റാംസര്‍ സങ്കേത'ത്തെ 'അതീവലോല പരിസ്ഥിതി മേഖല'യായി പ്രഖ്യാപിച്ചു സംരക്ഷണ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ട് എട്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കയ്യേറ്റക്കാര്‍ വര്‍ദ്ധിക്കുന്നതല്ലാതെ കായല്‍ സംരക്ഷിക്കപ്പെടുന്നുമില്ല.

ഇതൊന്നും യാദൃച്ഛികമല്ല. വിഴിഞ്ഞം, ആലപ്പാട്, പുതുവൈപ്പ് വിഷയങ്ങളോട് ഈ സര്‍ക്കാരിന്റെ നിലപാടെന്താണ്? തുടര്‍ച്ചയായി മൂന്നുദിവസവും ലാത്തിച്ചാര്‍ജ് ചെയ്യപ്പെട്ടശേഷവും സമരരംഗത്തുറച്ചുനിന്ന പുതുവൈപ്പ് സമരസമിതിയുമായി ഒടുവില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ''പദ്ധതി നിര്‍ത്തിവെയ്ക്കുന്നതു ഒരു മോശം മെസ്സേജ് ആണ് നല്‍കുക'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആര്‍ക്കാണ് ഈ മോശം മെസ്സേജ്?
പ്രളയാനന്തരമുള്ള നവകേരള നിര്‍മ്മിതിയില്‍ പരിസ്ഥിതിഘടകങ്ങളാണ് കേന്ദ്രസ്ഥാനത്തു വരേണ്ടത്. നമ്മുടെ പ്രധാനപ്പെട്ട മൂന്ന് ഗവേഷണസ്ഥാപനങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ഭൗമശാസ്ത്ര പഠനകേന്ദ്രം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ദുരന്തസാധ്യത നിര്‍ണ്ണയിച്ചു അടയാളപ്പെടുത്തുകയും അവ ജനങ്ങളെ അറിയിക്കുകയും വേണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. അതു പാലിക്കപ്പെട്ടില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെട്ടേനെ എന്ന് ഉരുള്‍പൊട്ടലില്‍നിന്നും രക്ഷപ്പെട്ട പുത്തുമലയിലെ ദുരിതബാധിതരുടെ മുറവിളി വ്യര്‍ത്ഥമായി. ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്നത് സൂക്ഷിച്ചുവേണം എന്ന ജൈവവൈവിധ്യ ബോര്‍ഡിന്റെ നിര്‍ദ്ദേശവും തണ്ണീര്‍ത്തടങ്ങള്‍ നികത്തരുത് എന്ന ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ ശുപാര്‍ശയും വികസന കുത്തൊഴുക്കില്‍ ഒലിച്ചുപോയിരിക്കുകയാണ്. പ്രളയബാധിതരുടേയും അവരുടെ ദുരിതങ്ങളുടേയും കണക്കെടുപ്പു മുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും അവ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കുകയും ചെയ്യണമെന്ന നിലപാട് ബ്യൂറോക്രസിയുടെ സമര്‍ദ്ദത്തിനു മുന്നില്‍ തോറ്റു പിന്മാറി. ആഗോളവല്‍ക്കരണത്തിന്റെ ആസുരകാലത്തും, ജനകീയാസൂത്രണം പിന്മടങ്ങുന്ന കാലത്തും ഇത് സംഭവിക്കാവുന്നതേ ഉള്ളൂ.

ഒരു പ്രളയത്തില്‍നിന്നും നാം എന്തു പഠിച്ചു? എന്നതിന്റെ ഉത്തരമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തലസ്ഥാനത്തിരിക്കുന്നവര്‍ എന്തു പഠിച്ചു, പഠിപ്പിച്ചു എന്നതാണ് ഇതില്‍ പ്രധാനം. ഇരുകൈകൊണ്ടും ഒരേസമയം പ്രഹരിക്കാന്‍ കഴിയുന്ന സവ്യസാചികളായി അധികാരികള്‍ മാറിയിരിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്. പ്രളയം കഴിയുമ്പോള്‍ 'ഹരിത കേരളം, പരിസ്ഥിതി സൗഹൃദ വികസനം' എന്നൊക്കെ പറയും. അതേസമയം, വികസനത്തിന്റ വിഷയം വരുമ്പോള്‍ ജീനി കെട്ടിയ കുതിരയെപ്പോലെ കുതിച്ചുപായുകയും ചെയ്യും. ഇവ തമ്മിലുള്ള പാരസ്പര്യം ബോധ്യപ്പെടുമെങ്കില്‍ ഇനിയും പ്രളയങ്ങള്‍തന്നെ വേണ്ടിവന്നേക്കാം. നാശഗ്രസ്തമായ സോദോം - ഗൊമോറാ നഗരങ്ങളെപ്പോലെ നാം മാറിത്തീരാതിരിക്കണമെങ്കില്‍ നമ്മുടെ ചിന്തകളെ മാറ്റിപ്പണിയണം. തലസ്ഥാനത്തുനിന്നും അടിസ്ഥാനതലത്തില്‍നിന്നും ഒരുപോലെ തുടങ്ങണം. മലനാട്, ഇടനാട്, തീരപ്രദേശം എന്നതാണ് പ്രാഥമിക പാഠം. ആദ്യം വേണ്ടത് കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ ''തലസ്ഥാനത്തുള്ളവരുടെ തല, സ്ഥാനത്താവുക'' എന്നതുതന്നെയാണ്.

(കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com