കല കാലം കണ്ടെത്തല്‍: ജീവിതത്തെക്കുറിച്ചും സാഹിത്യ, സാംസ്‌കാരിക ധാരണകളെക്കുറിച്ചും എംഎ ബേബി സംസാരിക്കുന്നു

സഹൃദയത്വം കൊണ്ടും കലാഭിരുചികൊണ്ടും കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ വേറിട്ടുനില്‍ക്കുന്ന എം.എ. ബേബി പിന്നിട്ട ജീവിതത്തെക്കുറിച്ചും തന്റെ സാഹിത്യ, സാംസ്‌കാരിക ധാരണകളെക്കുറിച്ചും സംസാരിക്കുന്നു.
കല കാലം കണ്ടെത്തല്‍: ജീവിതത്തെക്കുറിച്ചും സാഹിത്യ, സാംസ്‌കാരിക ധാരണകളെക്കുറിച്ചും എംഎ ബേബി സംസാരിക്കുന്നു


ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ജീവിതത്തെ കലയും സാഹിത്യവും സ്വാധീനിക്കുന്നത് എങ്ങനെയാണ്? 
മനുഷ്യന്റെ നിര്‍വ്വചനമായി 'പൊളിറ്റിക്കല്‍ ഏനിമല്‍' (Political animal) 'ചിന്തിക്കുന്ന ജീവി', 'സാമൂഹിക ജീവി' എന്നൊക്കെ പറയാറുണ്ടല്ലോ? 'സാഹിത്യവും കലയുമുള്ള ജീവി' എന്നൊരു നിര്‍വ്വചനവും മനുഷ്യനു കൊടുക്കാവുന്നതാണ്. ഏതെങ്കിലും തരത്തില്‍ കലയിലും സാഹിത്യത്തിലും മനുഷ്യനു താല്പര്യമുണ്ടാകാതിരിക്കുക  പ്രയാസമാണ്. ദുസ്സഹമായ ജീവിത സാഹചര്യങ്ങളും കഷ്ടപ്പാടുകളും മൂലം കലയോടും സാഹിത്യത്തോടും അടുക്കാന്‍ മിക്ക സമൂഹങ്ങളിലും വലിയ വിഭാഗം ജനങ്ങള്‍ക്കു സാധ്യമാകാറില്ല എന്നുള്ളത് മറ്റൊരു കാര്യം. എന്നാല്‍ , അത്തരം പ്രയാസങ്ങളെ മറികടക്കുന്നവരും കുറവല്ല.
 

നമ്മള്‍ വളരുന്ന ചുറ്റുപാടുകള്‍ ഇതില്‍ ഒരു ഘടകമാണ്. കുട്ടിക്കാലത്തുതന്നെ എന്നില്‍ ഇത്തരം താല്പര്യങ്ങള്‍ കടത്തിവിടുന്നതില്‍ അമ്മയും അപ്പച്ചനും അമ്മയുടെ അപ്പനും പങ്കുവഹിച്ചിട്ടുണ്ട്. പഴയ ഫിഫ്ത് ഫോറം വരെ പഠിച്ചിട്ടുള്ള അമ്മ കുട്ടിക്കാലത്തുതന്നെ പറഞ്ഞുതന്നിട്ടുള്ള ഒട്ടേറെ ആപ്തവാക്യങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ''ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ  പാരില്‍ പരക്ലേശ വിവേകമുള്ളൂ.'' 'Eat while you eat, play while you play' എന്നു തുടങ്ങിയ എത്രയെത്ര ഉപദേശവാക്യങ്ങളാണ്  അമ്മ പറഞ്ഞു തന്നിട്ടുള്ളത്. അവ സാഹിത്യത്തില്‍ താല്പര്യം  ജനിപ്പിക്കുക മാത്രമല്ല, ചില മൂല്യവിചാരങ്ങള്‍ പകര്‍ന്നു തരികകൂടി ചെയ്തു. അമ്മയുടെ അപ്പന്‍  ചെറിയ കവി കൂടിയായിരുന്നു. എഴുതിയതൊക്കെ ഫ്രാന്‍സിസ് ആറാടന്‍ എന്ന അപ്പൂപ്പന്‍ സ്വയം കാശുമുടക്കി അച്ചടിപ്പിച്ച് കുറേയൊക്കെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്യും. ഏറിയ പങ്കും കുന്നത്തു ബംഗ്ലാവിന്റെ മൂലയില്‍ കെട്ടിവെക്കും. ചിതലുകളെ തീറ്റിപ്പോറ്റുന്നതില്‍ അദ്ദേഹത്തിനുള്ള താല്പര്യമാണ് ഇതിനെല്ലാം പിന്നിലെന്ന് ഞങ്ങള്‍ കുട്ടികള്‍ കളിയാക്കാറുണ്ടായിരുന്നു. 'ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവര്‍ജ്ജയേല്‍' തുടങ്ങിയ ചില സംസ്‌കൃതശ്ലോകങ്ങള്‍ അര്‍ത്ഥം പറഞ്ഞുതന്ന് എന്നെ പഠിപ്പിച്ചത് 'കുന്നത്തെ പപ്പ' എന്നു ഞങ്ങള്‍ വിളിച്ചിരുന്ന അമ്മയുടെ അപ്പനാണ്.

എംഎ ബേബി (പഴയ ചിത്രം)
എംഎ ബേബി (പഴയ ചിത്രം)

സാഹിത്യ താല്പര്യം സൃഷ്ടിച്ചതില്‍ അവര്‍ക്കിരുവര്‍ക്കുമാണ്  മുഖ്യപങ്ക്. പ്രാക്കുളം എന്‍.എസ്.എസ്. സ്‌കൂളിലെ മലയാള അധ്യാപകന്‍ പാര്‍ത്ഥസാരഥി പിള്ള സാര്‍ സാഹിത്യകാര്യങ്ങളില്‍ പിന്നീട് വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. സംഗീത താല്പര്യത്തിനു കാരണക്കാരന്‍ അപ്പച്ചനാണ്. ഏറ്റവും രസകരമായ കാര്യം അദ്ദേഹത്തിന്റെ വിചിത്രമായ ചില ജീവിത വാശികളാണ് ഒരുപക്ഷേ, സംഗീതത്തില്‍ ഗൗരവമുള്ള താല്പര്യം എന്നില്‍ ജനിപ്പിക്കാന്‍ കാരണം എന്നുള്ളതാണ്. സ്വന്തമായി വീടുവെയ്ക്കാനോ, അധികം സ്വകാര്യ സ്വത്തുണ്ടാക്കാനോ അപ്പച്ചന്‍ തല്പരനായിരുന്നില്ല. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്ന നിലയില്‍ കിട്ടുന്ന ശമ്പളം അതതു മാസം ചെലവാക്കുക എന്നതിലും പുള്ളിക്ക് നിഷ്ഠയുണ്ടായിരുന്നു. വലിയ ശാസ്ത്രീയ സംഗീത താല്പര്യം ഉണ്ടായിരുന്നു. എല്ലാ ശനിയാഴ്ചയും രാത്രി ദേശീയ സംഗീത പരിപാടി കേള്‍ക്കാന്‍ ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ വാങ്ങാന്‍പോലും തയ്യാറായിരുന്നില്ല. റേഡിയോയുള്ള അയല്‍ വീട്ടിലേയ്ക്ക് സംഗീത പരിപാടി കേള്‍ക്കാനുള്ള യാത്രയില്‍ കൂട്ടുനടത്തത്തിന് ഏറ്റവും ഇളയ മകനായ എന്നെയാണ് കൊണ്ടുപോയിരുന്നത്. അതുകൊണ്ട് തന്നെ അവിടെ മര്യാദക്കാരനായി കൂടെയിരുന്ന് എന്താണെന്ന് ഒരു പിടിയും കിട്ടാതെയാണെങ്കിലും അരിയക്കുടി, ജി.എന്‍.ബി, ഓംകാര്‍നാഥ് ഠാക്കൂര്‍, ചെമ്പൈ, ശെമ്മാങ്കുടി, മധുര മണി അയ്യര്‍ മുസ്സൂരി തുടങ്ങിയ മഹാരഥന്മാരുടെ സംഗീതത്തിനു ചെവികൊടുക്കാന്‍ ഇടയായി. അപ്പച്ചന്‍ വീട്ടില്‍ ഒരു റേഡിയോ വാങ്ങി വെച്ചിരുന്നെങ്കില്‍ സംഗീത താല്പര്യം എന്നില്‍നിന്ന് അകന്നുനില്‍ക്കുമായിരുന്നുവോ എന്നു ശങ്കിക്കാവുന്നതാണ്. കാരണം മറ്റൊന്നുമായിരുന്നില്ല. അപ്പന്‍ വീട്ടിലിരുന്ന് തന്നെ റേഡിയോ സംഗീതം ശ്രവിക്കുമായിരുന്നെങ്കില്‍ ഞാന്‍ ഒപ്പം ഇരിക്കണമെന്നില്ലല്ലോ; മറ്റെന്തെങ്കിലും കാര്യത്തില്‍ വ്യാപൃതനാവാനും സാധ്യതയുണ്ട്. എന്തായാലും അപ്പച്ചന്റെ കൂടെ അയല്‍വീട്ടില്‍ പോയി റേഡിയോ കച്ചേരി കേട്ടതുവഴി ഞാന്‍ അറിയാതെ എന്റെ ആസ്വാദനകോശങ്ങളില്‍ നിക്ഷേപിക്കപ്പെട്ട സംഗീത പരാഗങ്ങള്‍ പിന്നീടുള്ള ജീവിതത്തില്‍ ഏറ്റവും വശ്യമായ സാംസ്‌കാരിക സമ്പത്തായി മാറുകയായിരുന്നു.

പ്രദീപ് പനങ്ങാട്
പ്രദീപ് പനങ്ങാട്

രാഷ്ട്രീയവും കുടുംബപരവുമായ ജീവിതത്തിരക്കിനിടയില്‍ കലയും സാഹിത്യവും ഒപ്പമുണ്ടെങ്കില്‍ അതു വലിയൊരു കരുത്തും ആശ്വാസവുമാണ്. അര്‍ത്ഥവത്തായ രാഷ്ട്രീയം  പുതിയ ജീവിത സംസ്‌കാരത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനവും പോരാട്ടവുമാണ്. കലയിലും സാഹിത്യത്തിലുമുള്ള താല്പര്യം രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒട്ടൊക്കെ സംസ്‌കാരഭദ്രമാക്കുന്നതിനു സഹായിക്കും. അതു സ്വാഭാവികമായും രാഷ്ട്രീയപ്രവര്‍ത്തകന്റെ ജീവിതത്തേയും അല്പം കൂടി സാംസ്‌കാരികോന്മുഖമാക്കും.

കല രാഷ്ട്രീയ വിമുക്തമാകണമെന്ന വാദം ഇന്നും പലരും ഉന്നയിക്കാറുണ്ട്. ആ കാലഹരണപ്പെട്ട ആശയം ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാവാം? 
കലയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഉപരിപ്ലവ ധാരണയാണ് ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പത്തിന്റെ അടിസ്ഥാന കാരണം. കലയും സാഹിത്യവും കക്ഷിരാഷ്ട്രീയ മുക്തമാക്കണമെന്നു പറഞ്ഞാല്‍ തര്‍ക്കിക്കേണ്ടതില്ല. എന്നാല്‍, അന്തിമ വിശകലനത്തില്‍ മനുഷ്യനെ സംബന്ധിക്കുന്ന ഒന്നും രാഷ്ട്രീയമുക്തമല്ല. സാഹിത്യവും സംഗീതവും ചിത്രകലയും ചലച്ചിത്രവും രാഷ്ട്രീയമുക്തമല്ല. ലോക സിനിമയ്ക്ക് മലയാളം നല്‍കിയ അമൂല്യ സംഭാവനയായ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ സിനിമകളും രാഷ്ട്രീയ-ദാര്‍ശനിക അന്വേഷണങ്ങളുടെ സാക്ഷാല്‍ക്കാരമാണ്. ആദ്യ സിനിമയായ 'സ്വയംവര'വും ഏറ്റവും ഒടുവില്‍ പുറത്തുവന്ന 'പിന്നേയും' തൊഴിലില്ലായ്മ എന്ന അടിസ്ഥാന സാമൂഹ്യ പ്രശ്‌നത്തെ ആധാരമാക്കി വികസിക്കുന്ന ഇതിവൃത്തമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അന്യാദൃശമായ ദൃശ്യഭാഷയിലൂടെ അത് അപൂര്‍വ്വമായ വികാരവിചാരങ്ങളാണ് 'മിഴി'യുള്ള ആസ്വാദകരില്‍ സൃഷ്ടിക്കുക.

കവി കടമനിട്ട രാമകൃഷ്ണനൊപ്പം
കവി കടമനിട്ട രാമകൃഷ്ണനൊപ്പം

സങ്കുചിത രാഷ്ട്രീയം കാലാസാഹിത്യ സൃഷ്ടികളില്‍ കടന്നുവരുന്നതിനെ പൊതുവെ വിമര്‍ശിക്കുന്നതു മനസ്സിലാക്കാം. എന്നാല്‍, കലാമൂല്യം ചോര്‍ന്നുപോകാതെ പാബ്ലോ നെരൂദയും മാക്‌സിം ഗോര്‍ക്കിയും മയകോവ്‌സ്‌കിയും നസീം ഹിക്മത്തും സെര്‍ഗി ഐസന്‍സ്‌റ്റൈനും ചാര്‍ളി ചാപ്ലിനും മൃണാള്‍സെന്നും ഋത്വിക് ഘട്ടക്കും ഫൈസ് അഹമ്മദ് ഫൈസും ബ്രെതോള്‍ഡ് ബ്രഹ്തും പ്രേംചന്ദും വൈലോപ്പിള്ളിയും ചെറുകാടും കടമ്മനിട്ടയും പിക്കാസോയും പോള്‍ റോബ്‌സണും മറ്റും പകര്‍ന്നുതന്ന സര്‍ഗ്ഗ വിസ്മയങ്ങള്‍ ഇത്തരം വിമര്‍ശകര്‍ക്കുള്ള സമഗ്രമായ  മറുപടിയാണ്.

വായനയിലൂടെ ആണല്ലോ രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. ആദ്യകാല വായനയുടെ സ്വഭാവം എന്തായിരുന്നു?
കയ്യില്‍ കിട്ടിയതൊക്കെ ആര്‍ത്തിയോടെ വായിച്ചായിരുന്നു തുടക്കം. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലയാളരാജ്യം' പത്രവും വാരികയും 'ജനയുഗം', 'മാതൃഭൂമി', 'മലയാളനാട്', 'കൗമുദി' തുടങ്ങിയവയില്‍ വരുന്നതൊക്കെ കാഞ്ഞാവെളി പഞ്ചായത്ത് ലൈബ്രറിയില്‍ പോയി വായിക്കും. 'ജനയുഗ'ത്തില്‍ ബിമല്‍മിത്രയുടെ നോവലുകള്‍ എം.എന്‍. സത്യാര്‍ത്ഥി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു. ഞാന്‍ ആദ്യം കല്‍ക്കത്തയില്‍ പോകുന്നത് 1974-ല്‍ ആണ്. പക്ഷേ, അതിനെത്രയോ മുന്‍പ് കല്‍ക്കത്ത തെരുവുകള്‍ ബിമല്‍മിത്ര വഴി എന്റെ തലമുറയ്ക്ക് പരിചിതമായിരുന്നു. കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' വീണ്ടും കല്‍ക്കത്തയെ മലയാളിയുടെ വായനാ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ അത് തീര്‍ത്തും പരിചിത സ്ഥലമാകാന്‍ കാരണം എം.എന്‍. സത്യാര്‍ത്ഥിയാണ്. 'പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബ്' ലൈബ്രറിയായിരുന്നു എന്നെ വായനയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥശാല.

എംഎ ബേബി യുവജനപ്രവര്‍ത്തകനായിരുന്നപ്പോള്‍
എംഎ ബേബി യുവജനപ്രവര്‍ത്തകനായിരുന്നപ്പോള്‍

ഡിറ്റക്ടീവ് നോവലുകളിലായിരുന്നു  സ്വാഭാവികമായും ആദ്യ കമ്പം. പിന്നീട് അത്തരം പുസ്തകങ്ങള്‍ ഉപേക്ഷിച്ചു. ബഷീര്‍, ദേവ്, തകഴി, പൊറ്റെക്കാട്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, വൈലോപ്പിള്ളി, ഇടശ്ശേരി, പി, ചങ്ങമ്പുഴ, വയലാര്‍, ഒ.എന്‍.വി., പി. ഭാസ്‌കരന്‍, വി.കെ.എന്‍., ജി., കടമ്മനിട്ട, കോവിലന്‍, മാധവിക്കുട്ടി, എം. സുകുമാരന്‍, ഒ.വി. വിജയന്‍, കാക്കനാടന്‍, ആറ്റൂര്‍, ഡി. വിനയചന്ദ്രന്‍, എന്‍.വി. കൃഷ്ണവാര്യര്‍ തുടങ്ങിയവരിലേക്ക് വായന എത്തി. വായനയെ വല്ലാതെ സ്വാധീനിച്ച ഒരനുഭവം, എന്റെ കൂട്ടുകാരന്‍ കബീറിന്റെ വാപ്പ-എ. മുഹമ്മദുകുഞ്ഞ്, -കുമാരനാശാന്റെ 'വീണപൂവ്' സ്ഫുടസുന്ദരമായ ശബ്ദത്തില്‍ ആലപിച്ച്, അര്‍ത്ഥവും സ്വാരസ്യവും വിവരിച്ച ഒരു പരിപാടിയില്‍ സംബന്ധിച്ചതാണ്. വായന കൂടുതല്‍ ഗൗരവത്തില്‍ സമീപിക്കേണ്ടതാണെന്ന പാഠം എന്റെ ഹൃദയത്തിലും മനസ്സിലും പതിഞ്ഞതങ്ങനെയാണ്.

കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, എന്‍കെ വാസുദേവന്‍
കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, എന്‍കെ വാസുദേവന്‍

ആദ്യകാലത്തു സ്വാധീനിച്ച പുസ്തകങ്ങള്‍ ഏതെല്ലാം? 
ബഷീറിന്റേയും തകഴിയുടേയും ദേവിന്റേയും കൃതികള്‍. പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' ഇന്നും എന്നെ പിടിച്ചുലയ്ക്കുന്ന രചനയാണ്. ബഷീറിന്റെ പ്രപഞ്ച ദര്‍ശനം എല്ലാ രചനകളിലും വ്യാപിച്ചു കിടക്കുന്നത് ആവര്‍ത്തിച്ചുള്ള വായനയില്‍ വെളിപ്പെടുന്നു. 'ജീവിതം ഒരനുഗ്രഹമാണ്. ഇത് ശാപമാക്കരുത്. ഓര്‍ക്കുക', എന്തൊരു ഗംഭീരമായ താക്കീതാണത്. ലോകത്തിനും വ്യക്തിക്കും ഒരുപോലെ അര്‍ത്ഥപൂര്‍ണ്ണം. 'ടോം അമ്മാവന്റെ കുടില്‍' (Uncle Tom's Cabin) എന്ന നോവല്‍ സ്‌കൂള്‍ ജീവിതക്കാലത്ത് മനസ്സില്‍ വിങ്ങല്‍ സൃഷ്ടിച്ച വായനാനുഭവമായിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ പൊള്ളുന്ന ജീവിത യാതനകള്‍ ഹൃദയത്തില്‍ തീ  കോരിയിടുന്ന ഭാഷയിലാണ് ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് ഈ കൃതിയിലെഴുതിയിട്ടുള്ളത്. ''ഒരു മനുഷ്യനെത്ര ഭൂമി വേണം?'' എന്ന ടോള്‍സ്റ്റോയിയുടെ കഥ പുതുതലമുറയില്‍പ്പെട്ടവരോട് സംസാരിക്കുമ്പോഴെല്ലാം ഓര്‍ത്തു പറയാറുള്ളതാണ്. കവിതയില്‍ താല്പര്യമുണര്‍ത്തിയത് ചങ്ങമ്പുഴയുടെ 'രമണനും' 'വാഴക്കുലയും' മറ്റുമാണ്. 'വുതറിംഗ് ഹൈറ്റ്‌സ്' എന്ന നോവല്‍, ജീവിത സങ്കീര്‍ണ്ണത എത്രമാത്രം അസാധാരണമാകാം എന്ന് ഞടുക്കത്തോടെ ഓര്‍മ്മിപ്പിക്കുന്ന പരിഭാഷാ കൃതിയാണ്. വല്ലാത്തൊരു വായനാനുഭവമായിരുന്നു അത്.

എംഎ ബേബിയും ബെറ്റി ലൂയിസ് ബേബിയും വിവാഹദിനത്തില്‍
എംഎ ബേബിയും ബെറ്റി ലൂയിസ് ബേബിയും വിവാഹദിനത്തില്‍

വായനയും രാഷ്ട്രീയ പ്രവര്‍ത്തനവും എങ്ങനെയാണ് ഒന്നിച്ചു കൊണ്ടുപോയത്? രാഷ്ട്രീയപഠന വായന ഗൗരവമായി തുടങ്ങിയത് എപ്പോഴാണ്?
വായന കൂടാതെ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ സാധ്യമാകും? ഒരു കാര്യം ശരിയാണ്. കരുതലോടെ വായനയ്ക്കു സമയം കണ്ടെത്താന്‍ ശ്രമിച്ചില്ലെങ്കില്‍ അര്‍ത്ഥവത്തായ രാഷ്ട്രീയ പ്രവര്‍ത്തനം പ്രയാസമാകും. ശരീരത്തിനു ഭക്ഷണം പോലെയാണല്ലോ ബോധത്തിന് വായന. ആഗ്രഹത്തിനൊത്ത് വായിക്കാന്‍ കഴിയുന്നില്ലെന്ന വിഷമമുണ്ട്. വായിച്ചു തീര്‍ക്കാന്‍ കഴിയാത്ത പുസ്തകങ്ങളുടെ പരിഭവം നിറഞ്ഞ നോട്ടം ബുക്ക് ഷെല്‍ഫില്‍നിന്നു നീണ്ടുവരുന്നതും മനസ്സു വേദനിപ്പിക്കാറുണ്ട്. ഇ.എം.എസ്സും എ.കെ.ജിയും എന്‍. ശ്രീധരനും പി. ഗോവിന്ദപ്പിള്ളയുമാണ് പ്രധാനമായും വായനയുടെ പ്രാധാന്യം പറഞ്ഞു തന്നത്. എന്‍.എസ്. എന്ന് ഞങ്ങള്‍ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന എന്‍. ശ്രീധരനെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. കൗമാര പ്രായത്തില്‍ത്തന്നെ പലതരം കൂലിവേലകള്‍ ചെയ്യുകയും ഒപ്പം സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത സഖാവാണ്. കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ ജീവിത സാഹചര്യങ്ങള്‍കൊണ്ട് സാധിക്കാതെ പോയ അദ്ദേഹം ഞങ്ങള്‍ക്കൊക്കെ നല്ല പഠനക്ലാസ്സുകള്‍ എടുത്തിട്ടുണ്ട്. പൊതുയോഗങ്ങളില്‍ എന്‍.എസ്. പ്രസംഗിക്കാതെ പയ്യന്മാരായ ഞങ്ങളെക്കൊണ്ട് ആദ്യം സംസാരിപ്പിക്കും. പ്രസംഗ പരിശീലനത്തിനാണ് അതെന്ന് പിന്നീട് മനസ്സിലായി.  നേരത്തേ സംസാരിക്കാന്‍ അവസരം നോക്കലാണല്ലോ നമ്മുടെ പലരുടേയും രീതി! വായിക്കാനും പഠിക്കാനും വലിയ പ്രോത്സാഹനമാണ് എന്‍.എസ്. നല്‍കിയിട്ടുള്ളത്. സ്‌കൂള്‍ അധ്യാപകനായിരുന്ന കുമാരദാസ് സാര്‍ പാഠപുസ്തകത്തിലില്ലെങ്കിലും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെക്കുറിച്ചും മറ്റും പറഞ്ഞുതന്നു. കൊല്ലം എസ്.എന്‍. കോളേജിലെ അധ്യാപകര്‍, വിശേഷിച്ചും പൊളിറ്റിക്‌സിലെ വെളിയം രാജന്‍ സാറും ഇക്കണോമിക്‌സിലെ വസന്തബാബുസാറും മലയാളത്തിലെ കെ.പി. അപ്പന്‍ സാറും പാഠപുസ്തകങ്ങള്‍ക്കു പുറമേയുള്ള വായനയെ സഹായിച്ചവരാണ്.

യുക്തിവാദ ആശയങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ സ്വാധീനിച്ചിരുന്നല്ലോ? അതില്‍നിന്നും കൃത്യമായ രാഷ്ട്രീയ ദിശാബോധത്തിലേക്ക് എങ്ങനെയാണ് എത്തിയത്? 
ചെറുപ്പത്തില്‍ സ്ഥിരമായി അമ്മയോടൊപ്പം പള്ളിയില്‍ പോവുകയും കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും പള്ളിയിലച്ചന്റെ സഹായിയായി സന്നദ്ധപ്രവര്‍ത്തനം നടത്തുകയും (alterboy) ചെയ്തിട്ടുണ്ട്. ശാസ്ത്രാവബോധം പകരുന്നതില്‍ ഗ്രന്ഥശാലകള്‍ക്കുള്ള പങ്കിന്റെ വ്യക്തമായ ഉദാഹരണമാണ് രണ്ടു പുസ്തകങ്ങള്‍ എന്റെ ചിന്തയിലും വിശ്വാസത്തിലും വരുത്തിയ മാറ്റങ്ങള്‍. എം.സി. ജോസഫിന്റെ 'യുക്തിപ്രകാശ'വും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ 'വിചാരവിപ്ലവ'വും. അതിനെത്തുടര്‍ന്നു പ്രൊഫ. എ.ടി. കോവൂരിന്റേയും ഇടമറുകിന്റേയും ലേഖനങ്ങളും ബെട്രാന്റ് റസ്സല്‍, ഇംഗര്‍സോള്‍ തുടങ്ങിയവരുടെ രചനകളുടെ പരിഭാഷകളും പരിചയപ്പെട്ടു. 'The fear of the Lord is the beginning of knowledge' എന്ന വിശ്വാസപ്രമാണത്തെ നേരിടാന്‍ ബെട്രാന്റ് റസ്സല്‍ ഉപയോഗിച്ച വാചകം വലിയ ഉത്സാഹത്തോടെ സന്ദര്‍ഭമുണ്ടാക്കി ഞാനുദ്ധരിക്കാറുണ്ടായിരുന്നു: 'The failure of fear is the beginning of knowledge'. നിര്‍ഭയത്വത്തില്‍നിന്നാണ് ജ്ഞാനോദയം.

ഫിദല്‍ കാസ്‌ട്രോയ്‌ക്കൊപ്പം
ഫിദല്‍ കാസ്‌ട്രോയ്‌ക്കൊപ്പം


എന്നാല്‍, യുക്തിവാദത്തിന്റെ പ്രാധാന്യത്തോടൊപ്പം പരിമിതിയും എനിക്കു പറഞ്ഞു തന്നത് പി. ഗോവിന്ദപ്പിള്ളയാണ്. അതിനവസരമുണ്ടാക്കിയതാവട്ടെ, മരണം വരെ ദൈവവിശ്വാസിയായിരുന്ന എന്റെ അമ്മയും. എറണാകുളത്ത് യുക്തിവാദി സംഘടനയുടെ സംസ്ഥാന സമ്മേളനത്തിനു പോകാന്‍ വണ്ടിക്കൂലി അമ്മയോട് ചോദിച്ചു. പൈസ ഉണ്ടായിരുന്നില്ല. അമ്മയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് നിരക്കാത്ത പരിപാടിക്കാണ് പോകുന്നതെന്നറിഞ്ഞുകൊണ്ട് തന്നെ അമ്മ അയലത്തുപോയി പണം കടംവാങ്ങിത്തന്നു. മകന്റെ ആഗ്രഹം നിറവേറ്റാന്‍ മാനക്കേട് സഹിച്ച അമ്മയില്‍ മകന്റെ 'കുരുത്തക്കേടും' സഹിക്കുന്ന  വാത്സല്യം മാത്രമല്ല, നിഷ്‌കളങ്കമായ ജനാധിപത്യബോധവും കാണാന്‍ കഴിയും. ആ സമ്മേളനത്തില്‍ വെച്ചാണ് യുക്തിവാദവും വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദവും തമ്മിലുള്ള ബന്ധവും അന്തരവും പി.ജി. വിശദീകരിച്ചു കേട്ടത്. എന്നെക്കാള്‍ പതിനേഴ് വയസ്സ് കൂടുതലുള്ള ഏറ്റവും മൂത്ത സഹോദരന്‍ തങ്കച്ചന്‍ ചേട്ടന്‍ (ജോര്‍ജ്) വിദ്യാര്‍ത്ഥി ഫെഡറേഷനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നിട്ടുള്ളതും എന്റെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിച്ചു. പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളായ ടി.വി. സ്ഥാണുദേവന്‍, എം.ജി. ധനപാലന്‍, എന്‍. രാമാനുജ പണിക്കര്‍, വിക്രമന്‍ തുടങ്ങിയവരുടെ സ്വാധീനവും ഓര്‍ക്കുന്നു.

ചെഗുവേരയുടെ മകള്‍ അലൈഡയ്‌ക്കൊപ്പം
ചെഗുവേരയുടെ മകള്‍ അലൈഡയ്‌ക്കൊപ്പം

സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും യുക്തിവാദ സമീപനങ്ങള്‍ പുലര്‍ത്താന്‍ കഴിഞ്ഞോ?
വലിയ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഏക മകന്‍ എല്ലാ മതങ്ങളോടും ആദരവു പുലര്‍ത്തുമ്പോള്‍ത്തന്നെ പ്രത്യേക ആചാരങ്ങളോ ആരാധനകളോ പിന്തുടരുന്നില്ല. എന്നാല്‍, ഇന്നത്തെ സമൂഹത്തില്‍ ഒരുപാട് പരിമിതികളുണ്ട്. അതോടൊപ്പം ഇന്ത്യയെപ്പോലെയൊരു രാജ്യത്ത് വിശേഷിച്ചും കേവല യുക്തിവാദപരമായ സമീപനം യാന്ത്രികമായി പിന്തുടരുകയാണോ വേണ്ടത് എന്ന കാര്യം കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ബദല്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവരും സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. കാരണം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സങ്കുചിത ജാതിമത വര്‍ഗ്ഗീയതകള്‍ക്കും എതിരെ പടപൊരുതുമ്പോള്‍ മത വിശ്വാസികളെ ഒന്നടങ്കം എതിര്‍ചേരിയില്‍ നിര്‍ത്തുകയല്ല വേണ്ടത്. വളരെ സങ്കീര്‍ണ്ണമാണ് ഈ സമരമുന്നണി കെട്ടിപ്പടുക്കല്‍ എന്നതില്‍ സംശയമില്ല. ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരേയും, ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും കൂലിക്കും പാര്‍പ്പിടത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയും വളര്‍ത്തിയെടുക്കേണ്ട ബഹുജന സമരത്തില്‍ ബഹുഭൂരിപക്ഷം മതവിശ്വാസികളേയും അണിനിരത്തേണ്ടതു സുപ്രധാനമാണ്. അതുകൊണ്ടുതന്നെ ശാസ്ത്രാവബോധം പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, വിശ്വാസികളെക്കൂടി അവകാശ സമരവേദിയില്‍ അണിനിരത്തുന്ന വര്‍ഗ്ഗസമരത്തിനു സമാന്തരമായും ഒന്നു മറ്റൊന്നിനു തടസ്സമാകാതേയും വേണം നിര്‍വ്വഹിക്കാന്‍.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നിവര്‍
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നിവര്‍

പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തകനായി മാറുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനമാണ് തന്റെ വഴിയെന്നു തീരുമാനിച്ചിരുന്നോ?
അന്നൊരു ഒഴുക്കിലായിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അന്നു പ്രത്യക്ഷ വിജയങ്ങളുടേതായിരുന്നില്ല. സ്‌കൂളിലും എസ്.എന്‍. കോളേജിലെ ആദ്യത്തെ രണ്ടു വര്‍ഷങ്ങളിലും കെ.എസ്.എഫിന്റേയും എസ്.എഫ്.ഐയുടേയും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ദയനീയമായ തോല്‍വിയായിരുന്നു ലഭിച്ചത്. തോല്‍ക്കുമെന്ന് ഏറെക്കുറേ ഉറപ്പിച്ചുതന്നെയായിരുന്നു മത്സരിച്ചത്. മിക്കവാറും എല്ലാ വിദ്യാലയങ്ങളിലും കെ.എസ്.യുവിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പൊലീസിന്റേയും ഗുണ്ടകളുടേയും കൊടിയ മര്‍ദ്ദനവും പതിവായി കിട്ടുമായിരുന്നു. അടിയന്തരാവസ്ഥയിലെ അറസ്റ്റും മര്‍ദ്ദനവും ജയില്‍വാസവുമാണ് രാഷ്ട്രീയ പ്രവര്‍ത്തന ജീവിതം സ്വീകരിക്കുന്നതിനു സാഹചര്യം ഒരുക്കിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം 1975 ജൂണ്‍ 26-നു രാവിലെ കോഴിക്കോട്ടു വെച്ച് നടന്ന സി.പി.ഐ.എമ്മിന്റെ സംസ്ഥാന പഠന ക്യാമ്പ് ഈ തീരുമാനത്തിന് വലിയ പ്രേരണ ചെലുത്തിയ അനുഭവമായിരുന്നു. ഞാന്‍ പങ്കെടുക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട പാര്‍ട്ടി യോഗമായിരുന്നു അത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ തലേന്ന് രാത്രി തലശ്ശേരിയില്‍നിന്നു പൊലീസ് പിടികൂടിയതുകൊണ്ട് കോഴിക്കോട് ക്യാമ്പില്‍ പ്രതിനിധിയായിരുന്നെങ്കിലും വന്നെത്താന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ കൊല്ലത്തുനിന്നും കോഴിക്കോട്ടേയ്ക്ക് യാത്ര പുറപ്പെട്ടു കഴിഞ്ഞതിനുശേഷമാണ് ജ്യേഷ്ഠന്റെ വീട്ടില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം എത്തിയത് എന്നതുകൊണ്ടാണ് എനിക്ക് അറസ്റ്റില്‍നിന്നു രക്ഷപ്പെട്ട് ക്യാമ്പില്‍ പങ്കെടുക്കാനായത്. ഏതാനും മിനിറ്റുകള്‍കൊണ്ട് ക്യാമ്പ് നടപടികളവസാനിപ്പിച്ചു സഖാക്കള്‍ പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിക്കപ്പെടുകയാണുണ്ടായത്. എ.വി. കുഞ്ഞമ്പുവിന്റെ അദ്ധ്യക്ഷതയില്‍ ഇ.എം.എസ്. പറഞ്ഞ വാചകങ്ങള്‍ ഓര്‍ക്കുന്നു. ''ഇവിടെ നാം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ച പ്രധാന വിഷയം കേന്ദ്രത്തിലെ ഇന്ദിരാ ഭരണത്തിന്റെ സ്വേച്ഛാധിപത്യ മര്‍ദ്ദന വാഴ്ചയ്‌ക്കെതിരെ എങ്ങനെ വിപുലമായ ബഹുജനസമരം വളര്‍ത്തിയെടുക്കണം, അതിനു സ്വീകരിക്കേണ്ട രാഷ്ട്രീയ അടവു സമീപനം എന്താണ് എന്നു തുടങ്ങിയ വിഷയങ്ങളാണ്. കേന്ദ്രത്തിലെ വര്‍ദ്ധിച്ചു വരുന്ന അമിതാധികാര പ്രവണതകള്‍ സംബന്ധിച്ച മധുര പാര്‍ട്ടി കോണ്‍ഗ്രസ്സ് മുന്നറിയിപ്പ് ശരിവെക്കുകയാണ് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ ഇവിടെ നമുക്ക് അധികം നേരം ചര്‍ച്ച നടത്തിയിരിക്കാന്‍ കഴിയുകയില്ല. ക്യാമ്പ് അവസാനിപ്പിച്ച് നമുക്കെല്ലാം ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാവണം. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒളിവിലും തെളിവിലുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടിയിണക്കി സമരങ്ങളിലൂടെ ജനാധിപത്യവും ജനങ്ങളുടേയും തൊഴിലാളി കര്‍ഷക വിഭാഗങ്ങളുടേയും അവകാശങ്ങളും സംരക്ഷിക്കണം.'' ക്യാമ്പില്‍ പങ്കെടുത്ത സഖാക്കളെയെല്ലാം ഇ.എം.എസ്സിന്റേയും എ.വി. കുഞ്ഞമ്പുവിന്റേയും ചുരുങ്ങിയ വാക്കുകളിലുള്ള പ്രസംഗം ആവേശം കൊള്ളിച്ചു. ഈ ക്യാമ്പിലെ ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്ന പങ്കാളിത്തം, മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നതില്‍ വലിയ പങ്കുവഹിച്ചു.

പ്രഫസര്‍ എംഎന്‍ വിജയനൊപ്പം
പ്രഫസര്‍ എംഎന്‍ വിജയനൊപ്പം

വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസം മുടങ്ങിയല്ലോ, പിന്നീട് അതില്‍ വിഷമം തോന്നിയിട്ടുണ്ടോ?
വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ തുടങ്ങിയത് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. താരതമ്യേന ഗൗരവമുള്ള വായനയും പഠനവും ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചപ്പോഴാണ് സത്യത്തില്‍ ആരംഭിച്ചത്. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ ബി.എ പരീക്ഷ എഴുതി ജയിച്ചത്. അതുപോലെ വേണമെങ്കില്‍ എനിക്കും ആകാമായിരുന്നു. അപൂര്‍ണ്ണ ബി.എ. എന്നത് എങ്ങനെയോ എന്നെ വശീകരിച്ചു എന്നാണെനിക്കു തോന്നുന്നത്. അതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. കൂടുതലായുള്ള ഉന്നതപഠനം ബുദ്ധിപരമായി വര്‍ദ്ധിച്ച കഴിവുകള്‍ ചിലപ്പോള്‍ പകര്‍ന്നുതന്നുവെന്നുവരാം. അതു സാഹസികമായി വേണ്ടെന്നു വെക്കാന്‍ അന്നു തോന്നിയത് അടിയന്തരാവസ്ഥാവിരുദ്ധ സമരം ഒരു രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന ഉശിരന്‍ ചിന്തകൊണ്ടു കൂടിയാവാം.
 

ബെറ്റി ലൂയിസ് ബേബിയും എംഎ ബേബിയും
ബെറ്റി ലൂയിസ് ബേബിയും എംഎ ബേബിയും

എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടോ? ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയ സാഹചര്യം പ്രതികൂലമായിരുന്നല്ലോ?
മുന്‍പു പറഞ്ഞതുപോലെ കടുത്ത അടിച്ചമര്‍ത്തലുകളും പീഡനങ്ങളും ഗുണ്ടാമര്‍ദ്ദനങ്ങളും  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ കാത്തിരിക്കുന്ന  ദയനീയ തോല്‍വികളും മറ്റുമായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ അനുഭവം. ജില്ലാ ഭാരവാഹികളായിരിക്കുമ്പോള്‍  ഇടയ്‌ക്കൊക്കെ പട്ടിണിയും അനുഭവിച്ചിട്ടുണ്ട്. ചില സഖാക്കളുടെ വീടുകളില്‍ ഭക്ഷണ സമയത്ത് ചെന്ന് ഒരു പങ്ക് പ്രതീക്ഷിച്ചിരുന്ന അനുഭവങ്ങളുണ്ട്. ഒരിക്കലും നിരാശപ്പെടേണ്ടിവന്നിട്ടില്ല. എന്നാലും, വിശപ്പിനപ്പുറം ഉശിരന്‍  സമരങ്ങളുടേയും അടങ്ങാത്ത ആവേശത്തിന്റേയും തിരിച്ചടികളെ കൂസാതെ വലിയ മുന്നേറ്റങ്ങളെ സ്വപ്നം കാണുന്ന സാഹസികതയുടേയും നാളുകളായിരുന്നു അത്. വിയറ്റ്‌നാമിന്റെ വിമോചന മുന്നേറ്റവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്നേറ്റവും ഞങ്ങളെ കോരിത്തരിപ്പിച്ച രാഷ്ട്രീയാനുഭവങ്ങളായിരുന്നു. ചിലിയില്‍ അലന്‍ഡേയുടെ രക്തസാക്ഷിത്വത്തിനെ തുടര്‍ന്ന് ആളിപ്പടര്‍ന്ന ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങള്‍ വലിയ ഉണര്‍വ്വാണ് വിദ്യാര്‍ത്ഥി യുവജനരംഗങ്ങളില്‍ സൃഷ്ടിച്ചത്.

എംഎസ് സുബ്ബലക്ഷ്മിക്കും സദാശിവത്തിനുമൊപ്പം
എംഎസ് സുബ്ബലക്ഷ്മിക്കും സദാശിവത്തിനുമൊപ്പം

എസ്.എഫ്.ഐ പില്‍ക്കാലത്ത് എല്ലാവര്‍ക്കും ഗൃഹാതുരമായ ഓര്‍മ്മയാണ്. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ അന്നു നേരിട്ട പ്രതിസന്ധികളെ എങ്ങനെ ഓര്‍ക്കുന്നു?
എസ്.എഫ്.ഐ നാളുകള്‍ ഉന്മേഷം പകരുന്ന ഒരുപാട് ഓര്‍മ്മകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. കൊല്ലം മജിദിയ ഫ്രീ നൈറ്റ് സ്‌കൂളില്‍ വെച്ച് നടന്ന ഞാന്‍ പങ്കെടുത്ത ആദ്യത്തെ എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്പരപ്പോടെയാണ് കാര്യങ്ങള്‍ നോക്കിയിരുന്നത്. തലശ്ശേരിയില്‍ വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യാത്രാച്ചെലവിനു പൈസ തികയാതെ വന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയാതെ പോയി. അപ്പോള്‍ എസ്.എന്‍ കോളേജില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എം.സി. ചന്ദ്രലാലിന് എനിക്ക് പിരിഞ്ഞുകിട്ടിയ തുക കൂടി ഏല്പിച്ചു.

നോം ചോസ്‌കിക്കൊപ്പം
നോം ചോസ്‌കിക്കൊപ്പം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ വാസകി കല്യാണ മണ്ഡപത്തില്‍ അത്താഴത്തിനു വിളമ്പിയ കട്ടച്ചോറ് ഭക്ഷിക്കാന്‍ കഴിയാതെ വിഷമിച്ചത്, കോട്ടയത്തുവെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സ്വാഗതസംഘം നേതാക്കന്മാരായിരുന്ന കെ.ആര്‍. അരവിന്ദാക്ഷനും പി.റ്റി. സാജുലാലിനും സംഘാടന മികവിന്റെ പേരില്‍ അനുമോദന മുദ്രാവാക്യം വിളിച്ചത്, കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബിമന്‍ ബാസുവിന്റെ ബംഗാളി ചുവയുള്ള സുദീര്‍ഘമായ ഇംഗ്ലീഷ് പ്രസംഗം ആദ്യമായി കേട്ടത്, രണ്ടാം അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നടത്തിയ 1974-ലെ ആദ്യത്തെ കല്‍ക്കത്ത യാത്രയും മേല്‍നോട്ടക്കാരനായി ഒപ്പമുണ്ടായിരുന്ന എസ്. രാമചന്ദ്രന്‍ പിള്ളയുമായി അടുത്തിടപെട്ടതും അവിടെവെച്ച് പി. സുന്ദരയ്യ പങ്കെടുത്ത, കേരളത്തില്‍നിന്ന് എസ്.എഫ്.ഐ കേന്ദ്രക്കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തില്‍ സംബന്ധിച്ചത്, പിന്നീട് അടിയന്തരാവസ്ഥക്കാലത്ത്  വിദ്യാര്‍ത്ഥിരംഗത്തെ പാര്‍ട്ടി അംഗങ്ങളുടെ അഖിലേന്ത്യാ യോഗം ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യ പങ്കെടുത്ത് ഡല്‍ഹിയില്‍ ഡോ. വീണാമജ്ജുംദാറിന്റെ വീട്ടില്‍ അതീവ രഹസ്യമായി ചേര്‍ന്നത്, കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇ.എം.എസ്സും എ.കെ.ജിയും ഇ.കെ. നായനാരും കെ. ചാത്തുണ്ണി മാസ്റ്ററും സുശീലാ ഗോപാലനും പങ്കെടുത്ത് നടത്തിയ വിവിധ പഠന പരിപാടികള്‍, തമിഴ്നാട്ടിലെ പഴനിയില്‍ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ കിട്ടിയ കുറിപ്പില്‍ സൈമണ്‍ ബ്രിട്ടോ കെ.എസ്.യുക്കാരുടെ കുത്തേറ്റ് മരണാസന്നനായി ആശുപത്രിയിലാണെന്ന ഞെട്ടിക്കുന്ന വിവരമറിഞ്ഞത്, ബീഹാറിലെ ജിത്വാര്‍ പൂരില്‍ കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ നേതാവ് ലാല്‍ ബഹദൂര്‍ റായിയുടെ അമ്മയെ കാണാന്‍ ഗ്രാമത്തിലെത്തിയപ്പോള്‍ അനിയന്ത്രിതമായി പൊട്ടിക്കരഞ്ഞ രക്തസാക്ഷിയുടെ അമ്മയുടേയും ബന്ധുക്കളുടേയും മുന്നില്‍ തേങ്ങലടക്കി നില്‍ക്കേണ്ടിവന്നത്, ഇങ്ങനെ തീരാത്ത ഓര്‍മ്മകളും സന്ധികളും പ്രതിസന്ധികളും വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തന കാലത്തുനിന്നു ഇരമ്പിവരുന്നു. അതെല്ലാം അപൂര്‍വ്വമായ അനുഭവങ്ങളും പാഠങ്ങളും കൂടിയാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം പില്‍ക്കാല രാഷ്ട്രീയ ജീവിതത്തിനു നല്‍കിയ സംഭാവന എന്താണ്?
സംഘടനാ പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ എസ്.എഫ്.ഐയില്‍ നിന്നാണ് പഠിച്ചത്. പതിനെട്ടു വയസ്സില്‍ പാര്‍ട്ടി അംഗമാവുകയും എസ്.എഫ്.ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടിവരികയും ചെയ്തത് സംഘടനാ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യകാല പരിശീലനമായി. പി. കൃഷ്ണപ്പിള്ളയുടെ മാതൃകയിലുള്ള എന്‍. ശ്രീധരന്റെ നേതൃത്വത്തിന്‍ കീഴില്‍ വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു വലിയ ഒരു കാര്യമാണ്. എന്‍.എസ്. പങ്കെടുത്തു കൂടാറുള്ള ജില്ലാക്കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറിയായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി. എന്‍.എസ്. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ കൊല്ലം  ജില്ലാക്കമ്മിറ്റി അംഗമാകുന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നാണ് കുടുംബജീവിതം തെരഞ്ഞെടുത്തത്. പില്‍ക്കാല രാഷ്ട്രീയ ജീവിതത്തിനുവേണ്ടിയുള്ള ബോധപൂര്‍വ്വമായ കണ്ടെത്തലായിരുന്നോ അത്? 
അതേ എന്നുതന്നെ പറയാം. സത്യം പറഞ്ഞാല്‍ കോളേജില്‍ പഠിക്കുന്ന കാലത്തൊന്നും വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. 1979-ല്‍ ഡല്‍ഹി കേന്ദ്രീകരിച്ചായി പ്രവര്‍ത്തനം. 1980-ല്‍ പുനലൂരില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിനുശേഷമാണ് ബെറ്റിയെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. തലേ വര്‍ഷം പാട്‌നയില്‍വെച്ചു നടന്ന മൂന്നാം അഖിലേന്ത്യാ സമ്മേളനത്തില്‍ പൊതു ചര്‍ച്ചയില്‍ ബെറ്റിയുടെ ഇംഗ്ലീഷ് പ്രസംഗം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. പുനലൂര്‍ സംസ്ഥാന സമ്മേളനത്തിനിടയില്‍ പൊന്നാനിയില്‍ 'SPROUT' (സ്പ്രൗട്ട്) എന്നൊരു ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപദേശം ചോദിച്ചുകൊണ്ട് ബെറ്റി വന്നു സംസാരിക്കുകയുണ്ടായി. അങ്ങനെ ആരംഭിച്ച സൗഹൃദമാണ് ജീവിതപങ്കാളികളാവാനുള്ള തീരുമാനത്തിലേക്കു വികസിച്ചത്. വിദ്യാര്‍ത്ഥി സംഘടനയും ചലച്ചിത്രാഭിരുചിയും ചേര്‍ന്നാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്നും പറയാം. വിവാഹം കഴിക്കുകയാണെങ്കില്‍ അതു രാഷ്ട്രീയവിശ്വാസ പൊരുത്തമുള്ളവര്‍ തന്നെയാവുന്നതാണ് നല്ലത്. ഈ ചിന്തയും ബോധമനസ്സിലും അബോധമനസ്സിലും ഉണ്ടായിരുന്നു.

ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയ്ക്ക് കുടുംബജീവിതത്തിനുള്ളില്‍  കമ്യൂണിസ്റ്റ് മൂല്യങ്ങളും സംസ്‌കാരവും സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? 
നല്ലൊരു പരിധിവരെ അതേ എന്നു പറയാം. എന്നാല്‍, ഒരു കമ്യൂണിസ്റ്റ് സമൂഹത്തിലോ സോഷ്യലിസ്റ്റ് സമൂഹത്തിലോ ജനകീയ ജനാധിപത്യ സമൂഹത്തിലോ അല്ല; ചൂഷണാധിഷ്ഠിത ഇന്ത്യയിലാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്നതിനാല്‍ എത്രയൊക്കെ കരുതലുണ്ടായാലും അവിടേയും ഇവിടേയും ചില പാളിച്ചകളുണ്ടായെന്നു വരാം. 
ഒറ്റ മകനെ (അശോക് ബെറ്റി) ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെയാണ് വളര്‍ത്തിയത് എന്നു പറഞ്ഞല്ലോ. ഒപ്പം അയാള്‍ യുക്തിബോധവും ശാസ്ത്രാവബോധവും പുലര്‍ത്തുന്നു. ഇത് ഞാനോ ബെറ്റിയോ സമ്മര്‍ദ്ദം ചെലുത്തിയിട്ടല്ല. വീട്ടില്‍ ഒന്നിച്ചുള്ളപ്പോള്‍ ഞങ്ങളുടെ സംഭാഷണങ്ങള്‍, പുസ്തക ചര്‍ച്ച ഇതില്‍നിന്നൊക്കെ അയാള്‍ സ്വയം ആര്‍ജ്ജിച്ച വീക്ഷണമാണ്. അയാളുടെ പേരിനൊപ്പം അമ്മയുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. കുടുംബത്തിനുള്ളിലും പുറത്തും സ്ത്രീപുരുഷ വ്യത്യാസം കൂടാതെ പരസ്പര ബഹുമാനത്തോടേയും തുല്യതാബോധത്തോടേയും പെരുമാറാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതില്‍ വീഴ്ച വന്നാല്‍ അതൊരിക്കലും ബോധപൂര്‍വ്വമായിരിക്കില്ല.

ഉപഭോഗ സംസ്‌കാരം വളരുകയും സാമൂഹിക സാഹചര്യങ്ങള്‍ സങ്കീര്‍ണമാകുകയും ജാതിമത സ്വാധീനം ശക്തമാകുകയും ചെയ്യുന്ന ഈ കാലത്ത് ഒരു കമ്യൂണിസ്റ്റായി ജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലേ? 
അതേ. ഒരര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് സമൂഹം സ്ഥാപിക്കപ്പെടുന്നതുവരെ ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലെ ചൂഷണ വ്യവസ്ഥയുടെ ദുഃസ്വാധീനങ്ങളില്‍നിന്നു രക്ഷനേടാന്‍ നിരന്തര ജാഗ്രത ആവശ്യമാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്താകട്ടെ, മത വര്‍ഗ്ഗീയ പ്രവണതകള്‍ക്കു പുറമേ സങ്കുചിത ജാതീയതയുടെ പിശാചുബാധയും നേരിടേണ്ടതുണ്ട്. സോഷ്യലിസ്റ്റ് നിര്‍മ്മാണം നടക്കുന്ന സമൂഹത്തില്‍പ്പോലും കമ്യൂണിസ്റ്റായി ജീവിക്കുക ഒരു വലിയ വെല്ലുവിളിയാണ് എന്ന് ഇന്നു നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ഉണ്ടായ തിരിച്ചടിക്ക് പിന്നില്‍ അവിടങ്ങളിലെ കമ്യൂണിസ്റ്റുകാരിലുണ്ടായ വ്യത്യസ്ത തോതിലെ വ്യതിയാനവും ജീര്‍ണ്ണ പ്രവണതകളും കരുതലില്ലായ്മയും കൂടി പങ്കുവഹിച്ചിട്ടുണ്ട്. പുരോഗമന പ്രസ്ഥാനത്തിനു എവിടെ തിരിച്ചടി ഉണ്ടായാലും പ്രതിവിപ്ലവ ശക്തികളുടെ കുത്സിത നീക്കത്തിന്റെ ഫലമാണത് എന്നു വിലയിരുത്തുന്നത് ഒരര്‍ത്ഥത്തില്‍ ശരിയാണെങ്കിലും അതു മുന്‍കൂട്ടി കണ്ട് അത്തരം നീക്കങ്ങളെ അതിജീവിക്കാന്‍, കമ്യൂണിസ്റ്റുകാര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്നതുകൂടി പരിശോധിക്കപ്പെടേണ്ടതാണ്. അവിടെയാണ് ബുദ്ധിമുട്ടുള്ള ചുമതലകള്‍ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്ന് അംഗീകരിക്കേണ്ടിവരുന്നത്. അടിമുടി സ്വയം വിമര്‍ശനം ആവശ്യമായി വരുന്നത്.

സംഗീതത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം ചര്‍ച്ച നടക്കുന്ന സന്ദര്‍ഭമാണിത്. സംഗീതത്തില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക ഭാവുകത്വത്തെ മാറ്റങ്ങള്‍ക്കു വിധേയമാക്കുക എളുപ്പമാണോ?
അത് എളുപ്പമല്ലെന്നതു ശരിതന്നെ. കലയിലായാലും സംഗീതത്തിലായാലും ഭാവുകത്വ മാറ്റത്തിനായുള്ള സര്‍ഗ്ഗാത്മക സമരം ചരിത്രത്തില്‍ എന്നുമുണ്ടാവും. രാജസദസ്സുകളിലും ഫ്യൂഡല്‍ സദസ്സുകളിലും ആരാധനാലയങ്ങളിലും ഒരുകാലത്ത് സംഗീതം ഒതുങ്ങിനില്‍ക്കുകയോ, ഒതുക്കി നിര്‍ത്തപ്പെടുകയോ ചെയ്തു. പാശ്ചാത്യ സംഗീതവും പള്ളിപ്പാട്ടുകളായും കൊട്ടാര സംഗീതമായുമാണ് വളര്‍ന്നതും പുലര്‍ന്നതും. എന്നാല്‍ അതിന്റെയെല്ലാം വേരുകള്‍ നാടന്‍-നാടോടി സംഗീതത്തിലാണെന്നു ശാസ്ത്രീയ പഠനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കുമാര്‍ ഗന്ധര്‍വ്വയാണ് ഛത്തീസ്ഗഢ് വനപരിസരങ്ങളിലെ പ്രാചീന സംഗീത കൈവഴികള്‍ പിന്തുടരുന്ന നാട്ടുസംഗീതം സൂക്ഷ്മമായി പഠനവിധേയമാക്കിയിട്ട് ഹിന്ദുസ്ഥാനി രാഗങ്ങളുടെ ആദിമരൂപം അതില്‍ കണ്ടെത്തിയ കാര്യം ലോകത്തോട് സോദോഹരണം വിളിച്ചു പറഞ്ഞത്.
സ്വാമി ഹരിദാസിനേയും ത്യാഗരാജ സ്വാമികളേയും പോലുള്ളവര്‍ രാജാവിന്റേയും ഫ്യൂഡല്‍ പ്രഭുക്കന്മാരുടേയും അധീശത്വത്തില്‍നിന്ന് സംഗീതത്തെ വിമുക്തമാക്കാന്‍ സംഗീത ജീവിതം കൊണ്ടു പൊരുതിയവരാണ്. എല്ലാ ഘട്ടങ്ങളിലും ഇതുപോലുള്ള വലുതും ചെറുതുമായ സര്‍ഗ്ഗസമരങ്ങള്‍ നടന്നിട്ടുണ്ട്. അത് ടി.എം. കൃഷ്ണയെപ്പോലുള്ളവര്‍ ഇന്നു നടത്തുന്ന തുറന്ന പോരാട്ടമാകാം. മറിച്ച് ഒതുക്കത്തിലുള്ളതുമാകാം. കെ.ജെ. യേശുദാസിനുവേണ്ടി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ നടത്തിയ ഇടപെടല്‍ ഉദാഹരണം.
സംഗീതത്തിന്റെ ആവിഷ്‌കാരത്തിലും ഇത്തരം പരീക്ഷണങ്ങള്‍ സാധ്യമാണ്. അതു യാന്ത്രികവും മാധ്യമശ്രദ്ധ മാത്രം ലക്ഷ്യം വെച്ചുള്ളതുമാകാം. സംഗീതത്തെ മനുഷ്യസത്തയുടെ ഒരാവിഷ്‌കാര സാദ്ധ്യതയായി വളര്‍ത്താനുള്ള സത്യസന്ധമായ യത്‌നമാണോ എന്നതാണ് പ്രധാനം. അത്തരം അന്വേഷണം പ്രോത്സാഹിപ്പിക്കപ്പെടുക തന്നെ വേണം. യുവതലമുറ ഗൗരവത്തോടേയും ഉത്തരവാദിത്വബോധത്തോടേയും  ഈ കടമകള്‍ ഏറ്റെടുക്കുക തന്നെ ചെയ്യും. 

മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍, ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി എന്നിവര്‍ക്കൊപ്പം
മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍, ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി എന്നിവര്‍ക്കൊപ്പം

മറ്റു കലാമാധ്യമങ്ങളില്‍ സംഭവിച്ച ആധുനിക ഭാവുകത്വ പരിണാമം മലയാളിയുടെ സംഗീതത്തെ ബോധത്തിലും ആവിഷ്‌കാരത്തിലും സംഭവിച്ചിട്ടുണ്ടോ?
അശിക്ഷിതനായ ഒരു സംഗീതാസ്വാദകന്‍ എന്ന നിലയില്‍ ഈ ചോദ്യത്തോടും വളരെ പരിമിതികളോടെ മാത്രമേ പ്രതികരിക്കാന്‍ എനിക്കു സാധ്യമാവുകയുള്ളൂ. സംഗീതരംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ ഏറെക്കുറെ അറിയാത്ത ചെവികളാണ് എന്റേത്. പഴയകാല മാസ്റ്റേഴ്‌സിന്റെ കച്ചേരികളും നൗഷാദ്, സലില്‍ദാ, ബോംബെ രവി, ദേവരാജന്‍, ബാബുരാജ്, രാഘവന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി തുടങ്ങിയ സംഗീത സംവിധായകരുമാണ് എന്റെ ചെവിക്കു പഥ്യം. പുതിയ തലമുറയുടെ കുറേയൊക്കെ പരീക്ഷണങ്ങള്‍ കേട്ടിട്ടുണ്ട്. ഇഷ്ടവുമാണ്. വലിയ ഭാവുകത്വ പരിണാമത്തിനുള്ള സാദ്ധ്യത സൂചിപ്പിക്കുന്ന പ്രതിഭകളുണ്ടോ എന്നു സംശയം. ടി.എം. കൃഷ്ണയെപ്പോലെ ചെന്നൈ കേന്ദ്രീകരിച്ചു നടക്കുന്ന സാഹസികമായ സര്‍ഗ്ഗാന്വേഷണങ്ങള്‍ ശ്രദ്ധേയമാണ്. പ്രയുക്ത സംഗീതം (ചില ശ്രദ്ധേയമായ സിനിമകള്‍) യുവാക്കളുടെ പുതുബാന്‍ഡ് സംഘങ്ങള്‍ (ഊരാളി ഉദാഹരണം) തുടങ്ങി ചിലതു മാത്രമാണ് ചൂണ്ടിക്കാട്ടാനുള്ളത്. സി.ജെ. കുട്ടപ്പന്‍ നാടന്‍പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കിയതും എം.ബി. ശ്രീനിവാസന്‍ സാക്ഷാല്‍ക്കരിച്ച് സ്വീകാര്യത നേടിയ എം.ബി.എസ്. ക്വയറും എം. ജയച്ചന്ദ്രനും ശ്രീവത്സന്‍ ജി. മേനോനും ഷഹബാസ് അമനും നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയം. ഇതൊക്കെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആസ്വാദകസമൂഹം രൂപപ്പെടുന്നുണ്ട്.

കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും താങ്കളെ സ്വാധീനിച്ച സംഗീതജ്ഞന്‍ ആരാണ്?
ആദ്യം മനോധര്‍മ്മത്തിന്റെ അവസാന വാക്കായ എം.ഡി. രാമനാഥന്റെ സംഗീതത്തോടുള്ള അടങ്ങാത്ത ആസക്തിയാണ് പറയാനുള്ളത്. നേരിട്ടും അല്ലാതേയും കേട്ട എണ്ണമറ്റ കച്ചേരികളുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മ അനുപമമായ അനുഭവം. ശെമ്മാങ്കുടിയുടെ 'മാരുബല്‍ക്കാ' എത്ര കേട്ടാലും മതിവരില്ല. 1970-കളില്‍ കോഴിക്കോട്ടെ ഒരു കച്ചേരിയില്‍ ശെമ്മാങ്കുടിക്കൊപ്പം ലാല്‍ഗുഡി വയലിനും ഉമയാള്‍പുരം മൃദംഗവും. വാക്കുള്‍കൊണ്ട് ആ ആവിഷ്‌കാരത്തെ വിവരിക്കാനാവില്ല. അരിയക്കുടി, ചെമ്പൈ, ജി.എന്‍.ബി., മധുരമണി അയ്യര്‍, മുസ്സൂരി, രാമനാട് കൃഷ്ണന്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍, എം.എസ്. സുബ്ബുലക്ഷ്മി, എന്‍.സി. വസന്തകോകില, ഡി.കെ. പട്ടമ്മാള്‍, പാലക്കാട് കെ.വി. നാരായണ സ്വാമി, നെയ്യാറ്റിന്‍കര വാസുദേവന്‍ എന്നിങ്ങനെയുള്ളവരെയെല്ലാം വലിയ ഇഷ്ടമാണ്. ഉപകരണ സംഗീതജ്ഞരേയും അതുപോലെ ടി.എന്‍. രാജരത്‌നം പിള്ളയുടെ നാദസ്വരവും ദ്വാരം വെങ്കിടസ്വാമി നായിഡുവിന്റെ വയലിനും മൈസൂര്‍ ദ്വരസ്വാമി അയ്യങ്കാരുടെ വീണയും മാലിയുടെ പുല്ലാങ്കുഴലും മണി അയ്യരുടേയും മുരുക ഭൂപതിയുടേയും മൃദംഗവും ഹരിശങ്കറുടെ ഗഞ്ചിറയും യു. ശ്രീനിവാസിന്റെ മാന്‍ഡലിനും എത്രമാത്രം ചേതോഹരം.

ഗുലാം അലിയോടൊപ്പം
ഗുലാം അലിയോടൊപ്പം


ഹിന്ദുസ്ഥാനിയില്‍ ഉസ്താദ് ഫയസ്ഖാന്‍ എന്ന അദ്ഭുതം എത്ര കേട്ടാലും മതിവരാത്ത സംഗീതഗന്ധര്‍വ്വനാണ്. മല്ലികാര്‍ജുന്‍ മന്‍സൂര്‍, ബഡേ ഗുലാം അലി ഖാന്‍, ഡി.വി. പലുസ്‌ക്കര്‍, ഭീംസെന്‍ ജോഷി, ഓകാര്‍ നാഥ് ഠാക്കൂര്‍, കുമാര്‍ഗന്ധര്‍വ്വ, ഗംഗുഭായ് ഹംഗല്‍, കിശോരി അമോങ്കര്‍ ഇവരൊക്കെ അതുല്യര്‍. പുതുതലമുറയില്‍ റാഷിദ് ഖാന്‍ നമ്മുടെ സംഗീതഭാവിയുടെ കരുത്തുറ്റ വാഗ്ദാനമാണ്. അലി അക്ബര്‍ഖാന്‍, വിലായത് ഖാന്‍, പന്നലാല്‍ ഘോഷ്, ബിസ്മില്ലാ ഖാന്‍, അംജദ് അലിഖാന്‍, ഹരിപ്രസാദ് ചൗരസ്യ, ശിവകുമാര്‍ ശര്‍മ്മ, അന്നപൂര്‍ണ്ണാദേവി, നിഖില്‍ ബാനര്‍ജി തുടങ്ങിയ ഉപകരണ സംഗീതജ്ഞരും ഏറ്റവും പ്രിയപ്പെട്ടവര്‍.

കലാകരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ബന്ധപ്പെടാന്‍ സാധിച്ച അദ്ഭുത പ്രതിഭാസം ദാസേട്ടനാണ്. സംഗീതലോകത്തെ താരതമ്യമില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞ കെ.ജെ. യേശുദാസിന്റെ ഏറ്റവും വലിയ വ്യക്തിത്വ സവിശേഷത ഇന്നും അദ്ദേഹം പുതിയ കൃതികള്‍ പഠിക്കുകയും മദ്രാസിലെ സംഗീതോത്സവ നാളുകളില്‍ പുതിയതായി പഠിച്ച കൃതികള്‍ ഓരോ വര്‍ഷവും അവതരിപ്പിക്കുന്നതില്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്നു എന്നതാണ്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ അച്ചടക്കവും പുതിയ തലമുറയ്ക്ക് കഠിനമാതൃകയാണ്.

കെആര്‍ നാരായണന്‍, സേതു, അപ്പു എന്നിവര്‍ക്കൊപ്പം
കെആര്‍ നാരായണന്‍, സേതു, അപ്പു എന്നിവര്‍ക്കൊപ്പം

പണ്ഡിറ്റ് രവിശങ്കറുമായി വലിയ അടുപ്പമുള്ളതായി അറിയാം. അദ്ദേഹവുമായുള്ള അനുഭവങ്ങള്‍ എങ്ങനെ സൂക്ഷിക്കുന്നു? 
ഒരേസമയം  രാജ്യസഭാംഗങ്ങളായിരുന്നപ്പോഴാണ് പണ്ഡിറ്റ് രവിശങ്കര്‍ജിയുമായി കൂടുതല്‍ അടുത്ത ബന്ധമുണ്ടായത്. ലോധി റോഡിനടുത്തുള്ള ബംഗ്ലാവില്‍ എല്ലാ ഒത്തുകൂടലുകളിലും ബെറ്റിയേയും അപ്പുവിനേയും ഒപ്പം ക്ഷണിക്കുമായിരുന്നു.
പാര്‍ലമെന്റംഗങ്ങള്‍ക്കുവേണ്ടി ഒരു സിത്താര്‍ കച്ചേരി സംഘടിപ്പിക്കാന്‍ അദ്ദേഹം സഹകരിച്ചു. കലാമണ്ഡലത്തിന്റെ ജൂബിലിക്ക് പൂര്‍ണ്ണ സൗജന്യമായി അദ്ദേഹം പരിപാടി അവതരിപ്പിച്ചു. 'മാനവീയ'ത്തിന്റെ ഭാഗമായി ഭാഗികമായ ഫീ മാത്രം വാങ്ങിയാണ് അദ്ദേഹം വന്നത്. ഒപ്പം അനുഷ്‌കയും അദ്ദേഹത്തിന് അമേരിക്കന്‍ സുഹൃത്തിലുള്ള മകള്‍ നോറാ ജോണ്‍സും വന്നിരുന്നു. ആ സന്ദര്‍ശനം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കുശേഷമാണ് നോറാ ജോണ്‍സ് ആറ് ഗ്രാമ്മി പുരസ്‌കാരങ്ങള്‍ നേടി ലോകസംഗീതത്തിന്റെ നെറുകയില്‍ സ്ഥാനം നേടിയത്. അന്ന് തിരുവനന്തപുരത്തെ ഞങ്ങളുടെ വാടകവീട്ടില്‍ അവര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വന്നപ്പോഴെടുത്ത ഫോട്ടോകളാണ് പല പത്രങ്ങളും നോറാ ജോണ്‍സിന്റെ ഗ്രാമ്മി നേട്ടം  സംബന്ധിച്ച വാര്‍ത്തയ്‌ക്കൊപ്പം അച്ചടിച്ചത്. പണിഡ്റ്റ് രവിശങ്കറുമായുള്ള ഈ സൗഹൃദം കൗതുകകരമായ ദുഷ്പേരിനും ഇടയാക്കിയിട്ടുണ്ട്. ഞങ്ങളുടെ മകന്‍ അപ്പു (അശോക് ബെറ്റി എന്ന് ശരിയായ പേര്) ഓരോ  ആഴ്ചയും വിമാനമാര്‍ഗ്ഗം പണ്ഡിറ്റ് രവിശങ്കറില്‍നിന്നും സിത്താര്‍ പഠിക്കാന്‍ ദല്‍ഹിയിലേക്ക് തിരുവനന്തപുരത്തുനിന്ന് പോകുന്നുണ്ട് എന്ന കെട്ടുകഥ പ്രചരിപ്പിക്കപ്പെട്ടു. ഡല്‍ഹിയിലും തിരുവനന്തപുരത്തും വെച്ച് കുറച്ചുനാള്‍ അയാള്‍ മൃദംഗവാദനം പഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സംഗീതാധ്യാപകനില്‍നിന്നും അപ്പു ഗിത്താര്‍ പഠിച്ചത് ഈ ആരോപണങ്ങള്‍ വന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ്.

കേരളത്തിനു ടൂറിസം മേഖലയില്‍ വലിയ പ്രശസ്തി ലഭ്യമാക്കുമായിരുന്ന ഒരു ആവശ്യം പണ്ഡിറ്റ്ജി അതീവ രഹസ്യമായി എന്നോട് പറയുകയുണ്ടായി. സംഗീതാസ്വാദകരുടെ ഹരമായ ജോര്‍ജ് ഹാരിസണ്‍ (ബീറ്റില്‍സ് ഫെയിം) കേരളത്തില്‍ ശിഷ്ടകാലം ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അതിനു പറ്റിയ നല്ലൊരു സ്ഥലം കണ്ടെത്താന്‍ സഹായിക്കണമെന്നുമായിരുന്നു സുഹൃത്തിനുവേണ്ടി പണ്ഡിറ്റ് രവിശങ്കര്‍ജി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, അധികം താമസിയാതെ കാന്‍സര്‍ വന്ന് ജോര്‍ജ് ഹാരിസണ്‍ മരിച്ചതിനാല്‍ ആ പദ്ധതി പാതി വഴിയില്‍ത്തന്നെ മുടങ്ങി. 'ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ' (IPTA) നൃത്തനാടകങ്ങള്‍ക്ക് രവിശങ്കര്‍ സംഗീതം പകര്‍ന്ന കാര്യവും കൂട്ടത്തില്‍ ഓര്‍ത്തുപോകുന്നു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമാവാന്‍ സംഗീതത്തിനും പാട്ടുകള്‍ക്കും വലിയ സ്വാധീനം ഉണ്ട്. അതിന്റെ ഉള്ളടക്കത്തിലും ആവിഷ്‌കാരത്തിലും  പ്രോലിറ്റേറിയന്‍ സ്വഭാവം ഉണ്ടായിരുന്നു. അത്തരം കലയിലും സാഹിത്യത്തിലുംനിന്ന് പാര്‍ട്ടിയും പ്രസ്ഥാനവും അകന്നുപോയത് എന്തുകൊണ്ടാണ്?
ആ ഉജ്ജ്വലമായ പാട്ടുകളും നാടകങ്ങളും ഒരു കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. അതുപോലെ സമരഭരിതമായ സന്ദര്‍ഭങ്ങള്‍ രൂപപ്പെടുമ്പോള്‍ വീണ്ടും അതുപോലെയോ അതിലും ആവേശകരമോ ആയ സൃഷ്ടികള്‍ ഉണ്ടാവും. കലയിലും സാഹിത്യത്തിലും കാലത്തിന്റെ സ്വാധീനം സുപ്രധാനമാണ്. സാംസ്‌കാരിക രംഗത്ത് കൂടുതല്‍ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ഇടതുപക്ഷവും പാര്‍ട്ടിയും ഇടപെടേണ്ടതുണ്ട് എന്ന വസ്തുതയും ഈ ഗതകാല മികവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

താനെയില്‍ ഒരു ചേരിയില്‍ സന്ദര്‍ശനത്തിനിടെ
താനെയില്‍ ഒരു ചേരിയില്‍ സന്ദര്‍ശനത്തിനിടെ

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ സംഗീതത്തിലൂടെ മറികടന്ന അനുഭവങ്ങള്‍ ഉണ്ടോ?
വളരെ വലിയ പ്രതിസന്ധികള്‍ അങ്ങനെ വ്യക്തി ജീവിതത്തില്‍ ഉണ്ടായെന്നു തോന്നുന്നില്ല. എന്തിനേയും സമചിത്തതയോടെയാണ് നേരിടുന്നതെന്ന ആത്മവിശ്വാസമുണ്ട്. എന്നാല്‍, മാനസിക സ്വച്ഛതയ്ക്ക് നല്ല സംഗീതം കേള്‍ക്കാന്‍ ചെവികൊടുത്ത സന്ദര്‍ഭങ്ങളുണ്ട്. അതുപോലെ ഉണര്‍ത്തുപാട്ടിന് ആവേശത്തോടെ ശ്രദ്ധകൊടുക്കുകയും ഒപ്പം കൂടുകയും ചെയ്തിട്ടുണ്ട്. നമ്മുടെ സ്വന്തം 'ബലികുടീരങ്ങളേ'യും ക്യൂബന്‍ ഗാനം 'വന്ദന മേര'യും 'വി ഷാല്‍ ഓവര്‍കം' തുടങ്ങിയവയും ഉദാഹരണം. എം.ഡി.ആറിന്റെ സംഗീതം നമ്മെ അജ്ഞാത ഭൂഖണ്ഡങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്ന അനുഭവങ്ങളും ഓര്‍ക്കുന്നു.

സിനിമ കണ്ടുതുടങ്ങിയ ബാല്യകാലങ്ങള്‍ ഓര്‍മ്മയുണ്ടോ?
സിനിമ കാണാന്‍ അഞ്ചാലുംമൂട് ചന്ദ്രാ ടാക്കീസില്‍ കാഞ്ഞാവെളിയില്‍നിന്നും കിലോമീറ്ററുകള്‍ നടന്നുപോയ ഓര്‍മ്മയുണ്ട്. പൈസ ഇല്ലാഞ്ഞ് തേങ്ങാ അടര്‍ത്തി കമ്പോളത്തില്‍ വിറ്റുകിട്ടിയ പൈസയുമായിട്ടും ഒട്ടേറെ സിനിമകള്‍ ആസ്വദിച്ചു കാണാന്‍ പോയിട്ടുണ്ട്. കിളികൊല്ലൂര്‍ എസ്.വി. ടാക്കീസില്‍ പോയി കണ്ട സിനിമ മധു സാര്‍ അഭിനയിച്ച 'പട്ടുതൂവാല'. ചേട്ടന്റെ ഭാര്യ കുഞ്ഞമ്മച്ചേച്ചിയുമായി കൊല്ലം ഗ്രാന്‍ഡ്‌സില്‍ കണ്ട 'ആനന്ദ്',    ഋഷികേശ് മുഖര്‍ജിയുടെ വളരെ നല്ല സിനിമയായിരുന്നു. സലില്‍ദായുടെ സംഗീതത്തില്‍ മനോഹര ഗാനങ്ങള്‍. രാജേഷ് ഖന്നയോടൊപ്പം അമിതാബ് ബച്ചന്റെ ശ്രദ്ധേയമായ തുടക്കം (സാഥ് ഹിന്ദുസ്ഥാനിക്കുശേഷം). മദിരാശി യാത്രയ്ക്കിടയില്‍ കണ്ട,  One Flew over the Cuckoo's Nest തീവ്രാനുഭവം പകര്‍ന്ന ഹോളിവുഡ് സിനിമ. ജാക്ക് നിക്കിള്‍സണ്‍  അഭിനയം എന്തെന്നു അനുഭവിപ്പിച്ച  ചിത്രം. 'സ്പാര്‍ട്ടക്കസ്സ്' ആയിരുന്നു അവിസ്മരണീയമായ മറ്റൊരു ചലച്ചിത്രാനുഭവം. ചാര്‍ളി ചാപ്ലിന്‍, നിശ്ശബ്ദ സിനിമയുടെ വിസ്മയ സാദ്ധ്യത തുറന്നുകാട്ടി. 

നവ മലയാള സിനിമ സജീവമായത് എഴുപതുകളിലാണല്ലോ. കലാലയ വിദ്യാര്‍ത്ഥിയായിരുന്നെ താങ്കള്‍ അത്തരം ചലച്ചിത്രങ്ങളെ എങ്ങനെയാണ് പരിഗണിച്ചത്?
കൊല്ലത്ത് സത്യജിത് റേയുടെ 'പഥേര്‍ പഞ്ജാലി' 16 എം.എം. സ്‌ക്രീനില്‍ മേരിസറ്റന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചതു കണ്ടതോര്‍ക്കുന്നു. 1971-ലോ 1972-ലോ ആണത്. താമസിയാതെ  കേള്‍ക്കുന്ന വാര്‍ത്ത അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം 'സ്വയംവരം' ദേശീയ പുരസ്‌കാരം നേടുന്നതാണ്. 1973-ല്‍ കോളേജ് യൂണിയന്‍ ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയായി ജയിച്ചപ്പോള്‍ അടൂരിനെയാണ് ആര്‍ട്ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിനു ക്ഷണിച്ചത്. കോളേജ് യൂണിയന്‍ ഉദ്ഘാടനം ഇ.എം.എസ്സും. അടൂരിന്റെ വരവും പുതിയ സിനിമയ്ക്കു പിന്നിലണിനിരക്കാന്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനമായി.

അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ ധാരാളം നടക്കുന്ന നാടാണ്  നമ്മുടേത്. എന്നാല്‍, അന്തര്‍ദ്ദേശീയ നിലവാരമുള്ള ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ഉണ്ട്. അത്തരം അഭിപ്രായം താങ്കള്‍ക്കുണ്ടോ?
ഇതര ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമ പിറകിലാണെന്നു പറയാനാവില്ല. അതുല്യനായ അടൂര്‍ ഗോപാലകൃഷ്ണനുശേഷം ഒട്ടേറെ കഴിവുറ്റ ചലച്ചിത്രകാരന്മാര്‍ ഇപ്പോള്‍ സജീവമായുണ്ട്.
ടി.വി. ചന്ദ്രന്‍, ഷാജി എന്‍. കരുണ്‍, ഡോ. ബിജു, എം.പി. സുകുമാരന്‍ നായര്‍, പ്രിയനന്ദന്‍, വേണു, വിപിന്‍ വിജയ്, രാജീവ് രവി, ശ്യാമപ്രസാദ്, പി.ടി. കുഞ്ഞുമുഹമ്മദ്, സക്കരിയ, ജയരാജ്, സത്യന്‍ അന്തിക്കാട്, അമല്‍ നീരദ്, ഫാസില്‍, ശ്രീനിവാസന്‍, ബ്ലെസ്സി, കമല്‍, രഞ്ജിത്, ലാല്‍ ജോസ്, ജിത്തു ജോസഫ്, സലിം അഹമ്മദ്, ശ്രീബാല കെ. മേനോന്‍, ലിജോ ജോസ് പല്ലിശ്ശേരി, സനല്‍കുമാര്‍ ശശിധരന്‍, ഡോണ്‍ പാലത്തറ, ഗീതു മോഹന്‍ദാസ്, അഞ്ജലി മേനോന്‍, വിധു വിന്‍സന്റ്, ആശ അച്ചി ജോസഫ്, ആഷിക് അബു, മനോജ് കാന, സുദേവന്‍, മനു അശോകന്‍, അനുരാജ് മനോഹര്‍  തുടങ്ങിയവര്‍ സാക്ഷാല്‍ക്കരിക്കുന്ന ചലച്ചിത്രങ്ങളെപ്പറ്റി വ്യത്യസ്ത വിമര്‍ശനങ്ങളുണ്ടാവാമെങ്കിലും പല കാരണങ്ങളാലും അവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശയാത്രകള്‍ നിരന്തരം നടത്താറുണ്ടല്ലോ. അതിനിടയില്‍ സിനിമ കാണാന്‍ ശ്രമിക്കാറുണ്ടോ?
അപൂര്‍വ്വമായി മാത്രം. സമ്മേളനങ്ങള്‍പോലുള്ള ഒഴിവാക്കാനാവാത്ത ചുമതലകളുമായുള്ള യാത്രകള്‍ക്കിടയ്ക്ക് സിനിമ കാണാനുള്ള അവസരങ്ങള്‍ ഉണ്ടാവാറില്ല. ചില നാടകങ്ങള്‍ കണ്ടിട്ടുണ്ട്. അമേരിക്കയില്‍ വെച്ച് 'ഫോറസ്റ്റ് ഗംപ്' എന്ന ഹോളിവുഡ് സിനിമ കണ്ടതോര്‍ക്കുന്നു. ടോം ഹാങ്‌സിന്റെ അഭിനയ മികവാണ് മുഖ്യമായും ഓര്‍ക്കുന്നത്. 'പാവങ്ങളു'ടേയും 'ഇഡിയറ്റി'ന്റേയും നാടകാവിഷ്‌കാരങ്ങള്‍ മാഡ്രിഡിലും പാരീസിലും കണ്ടത് വലിയ ദൃശ്യാനുഭവം. ഡോണ്‍ ക്വിക്‌സോട്ടിന്റെ സംഗീത നൃത്തനാടകാവിഷ്‌കാരം ബോള്‍ഷോയ് നൃത്തസംഘം അവതരിപ്പിക്കുന്നത് വാഷിംഗ്ടണില്‍ പ്രസിദ്ധമായ 'വുള്‍ഫ് ട്രാപ്പ്' ഓഡിറ്റോറിയത്തില്‍ അനുഭവിച്ചതും മറക്കാനാവില്ല. സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലെ ഓപ്പറാ ഹാളില്‍ പുഷ്‌കിന്റെ 'യൂജീന്‍ ഒനിഗിന്‍' എന്ന കഥാകാവ്യത്തിന്റെ നൃത്തനാടകാവിഷ്‌കാരവും  അതുപോലെ അവിസ്മരണീയം.

നിരവധി വ്യക്തിത്വങ്ങള്‍ക്കിടയിലൂടെ താങ്കള്‍ കടന്നുപോയിട്ടുണ്ട്. ജീവിതത്തിനു ദിശാബോധം നല്‍കിയ വ്യക്തിയാര്?
അത്തരത്തില്‍ ഒരാളെ മാത്രം പറയുക അസാധ്യം. എത്രയോ പേരുമായി ഇടപെടുമ്പോള്‍ വലുതും ചെറുതുമായ സ്വാധീനങ്ങള്‍ ഉണ്ടാവുന്നു. വെള്ളമുണ്ടും ഉടുപ്പുമെന്ന താല്പര്യം കുമാരദാസ് സാറാണ് ഉണ്ടാക്കിയത്. പിന്നീട് കെ.പി. അപ്പന്‍ സാറും. കളര്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന എ.കെ.ജിയും ചെറിയ നിറമുള്ള വസ്ത്രങ്ങളോട് എതിര്‍പ്പില്ലാതിരുന്ന ഇ.എം.എസ്സും പിന്നീട് വസ്ത്ര നിറക്കാര്യത്തിലെ ഈ കടുംപിടുത്തം വേണ്ടെന്നു ബോധ്യപ്പെടുത്തി. സ്വയം എടുക്കാവുന്ന ബാഗ്, വോളന്റിയര്‍ സഖാക്കള്‍ നിര്‍ബ്ബന്ധിച്ചാലും കൈമാറരുത്, കഴിയുന്നിടത്തോളം സ്വയം എടുത്തു നടക്കണം,  എന്നു പഠിപ്പിച്ചത് പി. സുന്ദരയ്യ. നിയമം ലംഘിക്കാതേയും അര്‍ഹരെ അവഗണിക്കാതേയും ഒരാളെ സഹായിക്കാനാവുമോ എന്നു താല്പര്യമെടുത്ത് ശ്രമിക്കുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയാണെന്ന് ഇ.കെ. ഇമ്പിച്ചിബാവ പറഞ്ഞുതന്ന കാര്യമാണ്. 'ഡയലക്ടിക്‌സ്' സിദ്ധാന്തമെന്ന നിലയിലും ചരിത്രത്തിലെ പ്രയോഗശാസ്ത്രമെന്ന നിലയിലും പഠിക്കുക; അപഗ്രഥനത്തില്‍ ഉപയോഗിക്കുക എന്നതിന്റെ പ്രാധാന്യം ഇ.എം.എസ്. ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത് വലിയ പാഠമാണ്.

ഒഎന്‍വിയ്‌ക്കൊപ്പം
ഒഎന്‍വിയ്‌ക്കൊപ്പം

പരിചിതനായ ഒരു കലാകാരന്റേയോ രാഷ്ട്രീയ പ്രവര്‍ത്തകന്റേയോ ജീവിത മാതൃക പിന്തടരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?
സാങ്കേതികവിദ്യയുടെ ഇക്കാലത്ത് പരിചയം വളരെ അടുത്തും അകലേയും നിന്നുകൊണ്ടാവാം. അതുകൊണ്ട് അങ്ങനെ ഒറ്റയാളിന്റെ ജീവിത മാതൃക പിന്തുടരുക എന്നത് അപ്രായോഗികമാണ്. പലരുടേയും വിസ്മയകരമായ കഴിവുകള്‍ വലിയ കൗതുകവും ഒട്ടൊക്കെ ആരാധനയും സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇ.എം.എസ്സിന്റെ വിശകലനശൈലിയും ഓര്‍മ്മശക്തിയും എ.കെ.ജിയുടെ സമരോത്സുകത, ഫിദല്‍ കാസ്‌ട്രോയുടെ രാഷ്ട്രീയ സര്‍ഗ്ഗാത്മകത, റോജര്‍ ഫെഡററുടേയും ലയണല്‍ മെസ്സിയുടേയും കേളീശൈലി, എം.ഡി. രാമനാഥന്റേയും ഫയാസ്ഖാന്റേയും സംഗീതാര്‍പ്പണം... നോം ചോംസ്‌കിയുടെ അധീശത്വ വിമര്‍ശനം... ഇതില്‍ ഫയാസ്ഖാനെ മാത്രമേ നേരില്‍ കാണാത്തതായുള്ളൂ. ഇവരെയൊക്കെ കാണാനും കേള്‍ക്കാനും പഠിക്കാനും മനസ്സിലാക്കാനും ആസ്വദിക്കാനും യാദൃച്ഛിക നിയോഗത്താല്‍ സന്ദര്‍ഭമുണ്ടായി എന്നതില്‍ ചാരിതാര്‍ത്ഥ്യമടയുകയല്ലാതെ  അവരുടെ ജീവിതമാതൃക പിന്തുടരുന്നതെങ്ങനെ?

ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു പുറമേ സംഗീതജ്ഞന്റേയോ ചലച്ചിത്രകാരന്റേയോ ചിത്രകാരന്റേയോ എഴുത്തുകാരന്റേയോ ജീവിതം തിരഞ്ഞെടുക്കേണ്ടിവന്നാല്‍  ഏതു തിരഞ്ഞെടുക്കും?
ഫുട്ബാള്‍ കളിക്കാരന്റേയോ എന്നു എന്തുകൊണ്ട് ചോദിച്ചില്ല എന്ന പരാതിയാണ് ആദ്യം. ശരിയാണ്. ചോദിച്ച നാലുതരം ജീവിതങ്ങളും എനിക്കു കൊതിയുള്ളതു തന്നെയാണ്. പക്ഷേ, അതു മോഹിക്കാനുള്ള അഭിരുചി എനിക്കില്ലെന്നു തിരിച്ചറിവുണ്ട്. മാത്രമല്ല, മുഖ്യമായി തിരഞ്ഞെടുത്ത രംഗത്തോടു ആത്മാര്‍ത്ഥത പുലര്‍ത്തണമെങ്കില്‍ ഒപ്പം മറ്റൊരു രംഗം കൂടി തിരഞ്ഞെടുക്കുന്നത് നിരുത്തരവാദിത്വമാകും അഥവാ വായില്‍ക്കൊള്ളാത്തത് തിന്നാന്‍ ശ്രമിക്കലാവും. അതേസമയം പല സര്‍ഗ്ഗാവിഷ്‌കാരങ്ങളുടേയും ആസ്വാദകനാകുന്നത് നല്ല കാര്യം. എന്നാല്‍, ചോദ്യോത്തര കൗതുകം മാത്രം പരിഗണിച്ച് മറുപടി പറഞ്ഞാല്‍ പാട്ടുകാരനാകാനാണ്  ആഗ്രഹം. ഫുട്‌ബോള്‍ കളിച്ചുകൊണ്ടും രാഷ്ട്രീയം ഉപേക്ഷിക്കാതേയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com