ഡല്‍ഹിയിലെ പ്രദക്ഷിണവഴികള്‍: ജോണി എംഎല്‍ എഴുതുന്നു

മൂന്നു ദശകങ്ങള്‍ നീണ്ട എന്റെ ഡല്‍ഹി ജീവിതത്തില്‍ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് ഇത്. ഇതിലെ ഓരോ വ്യക്തിയും ഓരോ കഥയാണ്.
ഡല്‍ഹിയിലെ പ്രദക്ഷിണവഴികള്‍: ജോണി എംഎല്‍ എഴുതുന്നു


''ഗുപ്ത് രോഗി മിലെ.''
ഫരീദാബാദില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പ്രവേശിക്കുന്ന ട്രെയിനില്‍ ഇരുന്നു പുറത്തേയ്ക്കു നോക്കുമ്പോള്‍ കാണുന്ന ആദ്യ ചുമരെഴുത്താണത്. സ്‌കൂളില്‍ ഹിന്ദി പഠിച്ചതുകൊണ്ടും രണ്ടു വര്‍ഷം ബറോഡയില്‍ വിദ്യാര്‍ത്ഥിയായി ജീവിച്ചതുകൊണ്ടും സംഗതി എളുപ്പം മനസ്സിലായി. 
''രഹസ്യരോഗം ഉള്ളവര്‍ ബന്ധപ്പെടുക.''
1995-ലെ ജൂണ്‍ 20 ആണെന്നാണ് ഓര്‍മ്മ. പുറത്ത് ചാറ്റല്‍ മഴ. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ ഓര്‍മ്മിപ്പിച്ചിട്ടെന്നോണം നീണ്ടുനീണ്ടു പോകുന്ന സമാന്തര റയില്‍പ്പാതകള്‍. 
ആ ഒരൊറ്റ ചുമരെഴുത്തും അതിനു പിന്നാലെ ഏതു ദൂരത്തുനിന്നും കാണാവുന്ന രീതിയില്‍ എഴുതിയിട്ടിരിക്കുന്ന ലാന്‍ഡ് ഫോണ്‍ നമ്പറും (അന്നു മൊബൈല്‍ ഫോണ്‍ വന്നിട്ടില്ല) ട്രെയിനിനു സമാന്തരമായി അതിവേഗം പിന്നിലേയ്‌ക്കോടി. പോയി മറഞ്ഞവയുടെ നിഴലുകള്‍പോലെ പുതിയ പുതിയ എഴുത്തുകള്‍ പ്രത്യക്ഷമായിക്കൊണ്ടിരുന്നു. 
നേരം ഉച്ച തിരിഞ്ഞിരുന്നു. ചരിത്രത്തില്‍ ഒരു പറച്ചിലുണ്ട്, 
ദില്ലി ദൂരസ്ത് ഹൈ- ഡല്‍ഹി ദൂരെയാണ്. 

കയ്യെത്താവുന്നതിനും അപ്പുറം. ആഫ്രിക്കയില്‍നിന്നിറങ്ങിനടന്ന ഹോമോ സാപ്പിയന്‍സ് 65000 കൊല്ലങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച അതേ വഴിയേ തന്നെയാണ് പിന്നെ മധ്യകാലത്തെ എല്ലാ അധിനിവേശങ്ങളും ഉണ്ടായത്. അടിമവംശങ്ങള്‍, ലോധി വംശങ്ങള്‍, ഖില്‍ജി വംശങ്ങള്‍, സുല്‍ത്താന്മാര്‍, ഹൂണന്മാര്‍, മുഗളന്മാര്‍. അതിനു എത്രയോ മുന്‍പ് സ്റ്റെപ്പി പ്രദേശങ്ങളില്‍നിന്നും ആര്യന്മാര്‍ വന്നു. 

മധ്യകാലത്തിനുശേഷം വന്നവര്‍ക്കെല്ലാം ഒന്നേ തോന്നിയുള്ളൂ, ഡല്‍ഹി ദൂരെയാണ്. പിടി കിട്ടാത്തത്ര ദൂരെ. എങ്കിലും ദെഹ്ലി എന്ന ഗ്രാമപദത്തില്‍നിന്ന് ദില്ലിയും ഡല്‍ഹിയും ഒക്കെയായി വളര്‍ന്ന ഈ നഗരം മുഗളകാലം മുതല്‍ക്ക് അധിനിവേശകരുടെ അധികാരക്കനിയായി മാറി. കരമാര്‍ഗ്ഗം വന്ന അധിനിവേശക്കാരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു ഡല്‍ഹി. എന്നാല്‍, കടല്‍മാര്‍ഗ്ഗം വന്ന പറങ്കികള്‍ക്കു തുറമുഖ പട്ടണങ്ങളോടായിരുന്നു പ്രിയം. എങ്കിലും ബ്രിട്ടീഷുകാര്‍ക്ക് കല്‍ക്കട്ടയില്‍നിന്ന് ഡല്‍ഹിയിലേക്ക് അധികാരകേന്ദ്രം പറിച്ചുനടേണ്ടിവന്നു.

പില്‍ക്കാലത്ത് അധികാരയന്ത്രത്തില്‍ ഒരു തൊഴില്‍ വേണമെന്നു തോന്നിയവരൊക്കെ ഡല്‍ഹിക്കു വണ്ടി കയറി. അധികാരം വാര്‍ത്തകള്‍ക്കു ജന്മം നല്‍കുന്നു; അധികാരമുള്ളവര്‍ക്കേ കഥയുള്ളൂ എന്ന പഴയ വാദം. അതിനാല്‍ പത്രങ്ങളെല്ലാം ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു. അധികാരത്തിനൊപ്പം വളരുന്നതാണ് അധികാര വിമര്‍ശനവും; അതിനാല്‍ വിദൂഷക മനസ്സുള്ളവരെല്ലാം തങ്ങളുടെ കാര്‍ട്ടൂണ്‍ വരകളുമായി ഡല്‍ഹിയില്‍ ചേക്കേറി. ഡല്‍ഹി വളര്‍ന്നുകൊണ്ടിരുന്നു. 

ഡല്‍ഹി ദൂരത്താണെന്നു ട്രെയിനില്‍ ഇരുന്ന എനിക്കും തോന്നി. ശമിച്ച ചാറ്റല്‍മഴയ്ക്കു പിന്നാലെ വണ്ടിയോടാത്ത പാളങ്ങളില്‍ വിരേചനാകാംക്ഷയോടെ മെലിഞ്ഞൊട്ടിയ മനുഷ്യര്‍ നിരന്നു. അലീഖ് പദംസി ബോംബെ നഗരത്തെക്കുറിച്ചു ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. 'ബംബേ' എന്നാണതിന്റെ പേര്. 'ബം' എന്നാല്‍, ഇംഗ്ലീഷില്‍ 'ചന്തി' എന്നര്‍ത്ഥം. ബേ എന്നാല്‍, കര. ചന്തികളുടെ അനന്തമായൊരു കരയാണ് ബോംബെ എന്ന വിമര്‍ശനമാണ് പദംസി ആ ഡോക്യുമെന്ററിയിലൂടെ പറയാന്‍ ശ്രമിച്ചത്. ഡല്‍ഹിയും അന്നു വ്യത്യസ്തമായിരുന്നില്ല. 

ജോണി എംഎല്‍
ജോണി എംഎല്‍

പ്രണയാതുരമായ
തൊണ്ണൂറുകള്‍ 

തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളാണ് ബറോഡയില്‍ എത്തുന്നത്. അതിനു മുന്‍പ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ പാസ്സാവുകയും ഒരു വര്‍ഷം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകനായി ജോലി നോക്കുകയും ചെയ്തിരുന്നു. കലാചരിത്രം പഠിക്കണം എന്നത് ഡിഗ്രിക്കാലത്തുതന്നെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍, ബറോഡയിലേയ്ക്കു കടന്നതിനു പിന്നില്‍ അതു മാത്രമായിരുന്നില്ല കാരണം. പക്ഷേ, ബറോഡയില്‍ ചേര്‍ന്നപ്പോള്‍ പഴയ പ്രണയം ഭൂതകാലത്തില്‍ മറന്നു പുതിയ വര്‍ത്തമാനം പുതിയ ബന്ധങ്ങളെ മുന്നോട്ടുവെച്ചു. ബറോഡയില്‍നിന്നു കലാചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കയ്യില്‍ കിട്ടുമ്പോള്‍ ഒപ്പം ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. അവര്‍ മധ്യപ്രദേശില്‍ ജനിച്ചു വളര്‍ന്ന മറാത്തിയായിരുന്നു.

രബീന്ദ്ര ഭവന്‍
രബീന്ദ്ര ഭവന്‍

തിരുവനന്തപുരത്തേയ്ക്കു തിരികെ വന്നാല്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ അധ്യാപകനായി ജോലി വാങ്ങിത്തരാമെന്ന് ചിലര്‍ ഉറപ്പു തന്നു. മഹാരാഷ്ട്രക്കാരിയായ ഒരു പെണ്‍കുട്ടി കേരളത്തില്‍ വന്നാല്‍ എന്തു ചെയ്യും എന്നുള്ള ചോദ്യം വന്നു. ചില സുഹൃത്തുക്കള്‍ ബോംബെയിലേയ്ക്കു ചേക്കേറാന്‍ പറഞ്ഞു. മറ്റു ചിലര്‍ ഡല്‍ഹിയിലേക്കും. അങ്ങനെ മലയാളവും മറാത്തിയും സംസാരിക്കാത്ത ഒരിടം എന്ന സമവായത്തിലാണ് ഡല്‍ഹിയിലേയ്ക്കു പോകാന്‍ തീരുമാനിച്ചത്. മലയാളികള്‍ക്കു വിജയം കാണാന്‍ കഴിഞ്ഞ ഒരിടമെന്ന നിലയില്‍ ബോംബെ വലിയൊരു ആകര്‍ഷണം ആയിരുന്നെങ്കിലും പങ്കാളിത്ത ജീവിതത്തിലെ ജനാധിപത്യം എന്ന ആശയത്തെ മുറുകെപിടിച്ചപ്പോള്‍ ഡല്‍ഹിയിലേയ്ക്കു പോകാന്‍ തന്നെ തീര്‍ച്ചയാക്കി.

നിസാമുദ്ദീന്‍ സ്റ്റേഷന്‍ കഴിഞ്ഞു ന്യൂഡല്‍ഹിയിലേയ്ക്കു വണ്ടി ഇഴഞ്ഞു. 'അപരിചിതമായ സ്റ്റോപ്പില്‍ വണ്ടിയിറങ്ങിയവന്റെ അങ്കലാപ്പോടെ' ആ പെണ്‍കുട്ടിയുമൊത്ത് ഞാന്‍ അവിടെ ഇറങ്ങി. മനുഷ്യര്‍ തിങ്ങിനിറഞ്ഞ ഒരു സ്റ്റേഷന്‍. ന്യൂഡല്‍ഹിയെക്കുറിച്ചുള്ള അറിവുകളെല്ലാം ദൂരദര്‍ശന്‍ വഴി കിട്ടിയതാണ്. പക്ഷേ, ടെലിസ്‌ക്രീനിന്റെ തിളക്കമില്ലാത്ത ന്യൂഡല്‍ഹി ഭയപ്പെടുത്തുന്നതായിരുന്നു. ഹിന്ദി സംസാരിക്കാന്‍ അറിയാവുന്ന പെണ്‍കുട്ടി ഈച്ചകളെപ്പോലെ ഞങ്ങളെ വളഞ്ഞ ഓട്ടോക്കാരുമായി വിലപേശി. അന്ന് ഡല്‍ഹിയില്‍ ബാക്ക് എന്‍ജിന്‍ ഓട്ടോറിക്ഷകള്‍ സാര്‍വ്വത്രികമായിട്ടില്ല. ഒരു ടിന്‍ അടിച്ചു ഞണുക്കി അതില്‍ മഞ്ഞയും കറുപ്പും ചായം പൂശിയാല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെയുള്ള ഒരു ഫ്രണ്ട് എന്‍ജിന്‍ ഓട്ടോയില്‍ കയറി ഞങ്ങള്‍ ഡല്‍ഹിയിലെ ആദ്യ പ്രയാണം ആരംഭിച്ചു. നമ്മുടെ ലക്ഷ്യം മണ്ഡി ഹൗസ്.

റാം കിങ്കര്‍ ബെയ്ജിന്റെ ടാഗൂര്‍ ശില്‍പം
റാം കിങ്കര്‍ ബെയ്ജിന്റെ ടാഗൂര്‍ ശില്‍പം


മണ്ഡി ഹൗസ് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ദൂരദര്‍ശനില്‍ ചിത്രഹാറും രാമായണവും കണ്ടു വളര്‍ന്നവര്‍ക്ക്. ദൂരദര്‍ശന്റെ ആസ്ഥാനമാണ് മണ്ഡി ഹൗസ്. എന്നാല്‍, അതു മാത്രമല്ല, ഈ സ്ഥലത്തിന്റെ പ്രത്യേകത. അത് ഒരു സാംസ്‌കാരിക കേന്ദ്രമാണ്; എല്ലാ അര്‍ത്ഥത്തിലും. ആ സാംസ്‌കാരിക സമുച്ചയത്തില്‍ കൂവളത്തിലപോലെ മൂന്നായി വിടരുന്ന (അതോ ഒരു നക്ഷത്രമത്സ്യം പോലെയോ?) ഒരു കെട്ടിടം. രബീന്ദ്ര ഭവന്‍ എന്നാണ് പേര്. അവിടേയ്ക്കു കയറിച്ചെല്ലുമ്പോള്‍ ലോബിയില്‍നിന്നും ഇടത്തേയ്ക്കുള്ള വശം ലളിതകലാ അക്കാദമിയാണ്, വലതു വശത്തുള്ളതാണ് സാഹിത്യ അക്കാദമി. പിന്നിലേയ്ക്കു നീണ്ടുപോകുന്ന ഇതളാണ് സംഗീത നാടക അക്കാദമി. മൂന്നു നിലകളുള്ള ഈ കെട്ടിടവും പ്രശസ്തമായ അക്കാദമി ഗാലറിയും ഡിസൈന്‍ ചെയ്തത് നെഹ്‌റുവിന്റെ അടുത്ത സുഹൃത്തും അക്കാലത്ത് ന്യൂഡല്‍ഹിയില്‍ പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയറുമായിരുന്ന ഹബീബ് റഹ്മാന്‍ ആയിരുന്നു. അദ്ദേഹം വിവാഹം ചെയ്തത് പ്രശസ്ത നര്‍ത്തകിയായ ഇന്ദ്രാണിയെ ആയിരുന്നു. ഹബീബ്-ഇന്ദ്രാണി റഹ്മാന്‍ ദമ്പതികളുടെ പുത്രനാണ് പ്രശസ്ത ഫോട്ടോഗ്രാഫി ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനും ആയ രാം റഹ്മാന്‍. അദ്ദേഹത്തിന്റെ പേര് തന്നെ നെഹ്രുവിയന്‍ മതനിരപേക്ഷതയുടേയും മാതാപിതാക്കളുടെ മതസൗഹാര്‍ദ്ദത്തിന്റേയും പ്രതീകമാണ്. സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റ് അഥവാ സഹമത്തിന്റെ സജീവ പ്രവര്‍ത്തകനാണ് രാം റഹ്മാന്‍. രബീന്ദ്ര ഭവനിലെ അക്കാദമി ഗാലറിയെ നവീകരിക്കുന്നതിന്റെ ഭാഗമായി അതിന്റെ ഘടനയെത്തന്നെ മാറ്റാനുള്ള നീക്കത്തെ രാം റഹ്മാന്‍ ശക്തമായി എതിര്‍ക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. അറിയപ്പെടുന്ന ഒരു ഗേ ആക്ടിവിസ്റ്റ് കൂടിയാണ് അദ്ദേഹം.

ഡല്‍ഹിയില്‍ ധാരാളം മലയാളികള്‍ ഉണ്ടെന്നു അറിയാമെങ്കിലും അവര്‍ ആരൊക്കെയെന്ന ധാരണ ഉണ്ടായിരുന്നില്ല. ബറോഡയില്‍നിന്നു തിരിക്കുമ്പോള്‍ ചില സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ ചെന്നാല്‍ കാണേണ്ട ഏതാനും ആളുകളുടെ പേര് പറഞ്ഞുതന്നിരുന്നു. ആദ്യ പേരുകളില്‍ അമിത് മുഖോപാധ്യായും കവി കെ. സച്ചിദാനന്ദനുമായിരുന്നു. അമിത് മുഖോപാധ്യായ അക്കാലത്ത് ലളിതകലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന ലളിത് കലാ അക്കാദമി Contemporary എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. സച്ചിദാനന്ദന്‍ ആകട്ടെ, സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും. ഡല്‍ഹിയില്‍ ഞാന്‍ എത്തിയതുതന്നെ കലാചരിത്ര/വിമര്‍ശകനാകാനും എഴുത്തുകാരന്‍ ആകാനും വേണ്ടിയായിരുന്നു. തികച്ചും യാദൃച്ഛികമായിരുന്നെങ്കിലും ആദ്യം കണ്ടു മുട്ടേണ്ടിയിരുന്നവര്‍ രണ്ടു പേരും എഴുത്തുകാരും എഡിറ്റര്‍മാരുമായിരുന്നു എന്നതാണ്.

രാം റഹ്മാന്‍
രാം റഹ്മാന്‍


രബീന്ദ്ര ഭവനു മുന്നില്‍ ഓട്ടോയിറങ്ങി. തികച്ചും അപരിചിതവും അപ്രതിരോധ്യവും ആയ ഒരു കെട്ടിടം. ചോദിച്ചന്വേഷിച്ചു അകത്തെത്തി. ലോബിയില്‍ തലകുനിച്ച് ഇരിക്കുന്ന രബീന്ദ്രനാഥ് ടാഗോറിന്റെ ഒരു ശില്പം. റാം കിങ്കര്‍ ബെയ്ജ് ഉണ്ടാക്കിയ ശില്പമാണത്. സാഹിത്യ അക്കാദമി ലൈബ്രറിക്കുള്ളില്‍ വിശാലമായ റീഡിങ് ഹാളില്‍ നീണ്ട കുപ്പായവും ധരിച്ചു ഋഷി തുല്യനായി കൈകള്‍ പിറകില്‍ കെട്ടിനില്‍ക്കുന്ന ടാഗോറിന്റെ ഒരു വലിയ ഛായാചിത്രമുണ്ട്. അതില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ലോബിയില്‍ കണ്ട ടാഗോര്‍. പരിക്ഷീണനും തോളുകള്‍ കുനിഞ്ഞവനും ലോകത്തിന്റെ നോട്ടത്തില്‍നിന്നു നോട്ടം വ്യതിചലിപ്പിച്ചവനും കഷണ്ടി കയറിയ തലയുള്ളവനുമായ ടാഗോര്‍. റാം കിങ്കര്‍ ബെയ്ജിന്റെ കൈപ്പാടുകള്‍ കളിമണ്ണില്‍ അമര്‍ന്നത് അതിന്റെ വെങ്കല രൂപത്തിലും കാണാം. ആ പാടുകള്‍ ശില്പത്തിനു ജൈവ സ്വഭാവം നല്‍കുന്നു. ഉണ്ടാക്കിയ കാലത്ത് കുറെയേറെ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തിയ ശില്പമായിരുന്നു ഇത്. നമ്മുടെ ടാഗോര്‍ അല്ല ഇതെന്ന് ബംഗാളികള്‍ വാദിച്ചിരുന്നു. ഒരു ചിരിയില്‍ എല്ലാ വിമര്‍ശനങ്ങളേയും നേരിട്ട് റാം കിങ്കര്‍ ബെയ്ജ്. 

സച്ചിദാനന്ദന്‍
സച്ചിദാനന്ദന്‍


ആരെയും പ്രത്യേകിച്ച് അറിയാത്ത ഒരു വന്‍നഗരത്തില്‍ എനിക്ക് അമിത് മുഖോപാധ്യായ എന്ന മനുഷ്യന്‍ ഒരു കൈത്താങ്ങായി. കലാകാരന്മാര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും ഒക്കെ വളരെ ചുരുങ്ങിയ നിരക്കില്‍ താമസിക്കാവുന്ന ഒരു സംവിധാനം, അക്കാദമി ഗസ്റ്റ് ഹൗസ് എന്ന പേരില്‍ അവിടെയുണ്ട്. റോഡിനപ്പുറം ബഹവല്‍പുര്‍ ഹൗസിലാണ് അത്. അതേ കാമ്പസില്‍ത്തന്നെയാണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയും പ്രവര്‍ത്തിക്കുന്നത്. പത്തു രൂപയോ മറ്റോ കൊടുത്താല്‍ ഡോര്‍മെറ്ററിയില്‍ ഒരാഴ്ച താമസിക്കാം. വേറെ താമസ സൗകര്യം കിട്ടിയില്ലെങ്കില്‍ ഒരാഴ്ചകൂടി താമസിക്കാം. പക്ഷേ, ഒരിടം കണ്ടെത്തിയേ തീരൂ. നിത്യമായി അക്കാദമി ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ കഴിയുകയില്ല. അമിത് മുഖോപാധ്യായ അവിടെ കുറച്ചു നാള്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കിത്തന്നു. അങ്ങനെ ഡല്‍ഹി ജീവിതത്തിനു തുടക്കമായി.

രാംഗോപാല്‍ ബജാജ്
രാംഗോപാല്‍ ബജാജ്


നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ മലയാളികള്‍ പഠിച്ചിരുന്നെങ്കിലും സുവീരന്‍, ദീപന്‍ ശിവരാമന്‍ എന്നിങ്ങനെയുള്ള പേരുകള്‍ ഒക്കെയേ കേട്ടിരുന്നുള്ളൂ. രാം ഗോപാല്‍ ബജാജ് എന്ന പ്രഗത്ഭനായ ഒരു തിയേറ്റര്‍ ഡയറക്ടര്‍ ആയിരുന്നു അക്കാലത്ത് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യക്ഷന്‍. എല്ലാ വര്‍ഷവും അവിടെ നാടകോത്സവം ഉണ്ടാകും. കൂടാതെ അവരുടെ repertory തിയേറ്ററില്‍ നല്ല നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കും. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഉള്ളിലും സംഗീതനാടക അക്കാദമിയുടെ ഉള്ളിലുള്ള തിയേറ്ററുകളിലാണ് നാടകങ്ങള്‍ അരങ്ങേറുന്നത്. നാടക വിദ്യാര്‍ത്ഥികളും അഭിനേതാക്കളും ഒക്കെ മണ്ഡി ഹൗസിലും പരിസരത്തുമുള്ള ട്രാഫിക് ഐലന്‍ഡുകളിലും അക്കാദമിയിലെ പുല്‍ത്തകിടിയിലും ഒക്കെ നിന്നു റിഹേഴ്സല്‍ നടത്തുന്നത് കാണാം. 

സ്‌കൂള്‍ ഓഫ് ഡ്രാമയെ കൂടാതെ അവിടെ വേറെയും തിയേറ്ററുകള്‍ ഉണ്ടായിരുന്നു. ശ്രീറാം സെന്റര്‍, കാമാനി ഓഡിറ്റോറിയം, ത്രിവേണി കലാസംഗം എന്നിവയായിരുന്നു അവ. ശോഭാ ദീപക് സിങ് എന്ന ഒരു സാംസ്‌കാരിക സാറിനാ ആയിരുന്നു ശ്രീറാം സെന്ററിന്റെ നടത്തിപ്പുകാരി. എല്ലാ വര്‍ഷവും അവിടെ വ്യത്യസ്തമായ രാംലീല അരങ്ങേറിയിരുന്നു. കാമാനി ഓഡിറ്റോറിയത്തില്‍ നാടകവും ആര്‍ട്ട് ഗാലറിയും ഉണ്ടായിരുന്നു. പക്ഷേ, കാലക്രമത്തില്‍ അവ നിലച്ചുപോയി. ഡല്‍ഹിയിലെ ആദ്യ വര്‍ഷങ്ങളില്‍ ഞാന്‍ ധാരാളം നാടകങ്ങള്‍ കണ്ടിരുന്നു. അഗ്‌നി ഔര്‍ ബര്‍ഖാ, ബന്ദ് ഗലി കാ അഖ്രി രാസ്‌തേ തുടങ്ങിയ നാടകങ്ങള്‍ ആവര്‍ത്തിച്ചു അരങ്ങേറിയത് ഓര്‍ക്കുന്നു. അവിടെ വെച്ചാണ് മുകേഷ് തിവാരി, വിജയ് റാസ്, യശ്പാല്‍ ശര്‍മ്മ എന്നിവരുടെ അഭിനയം കാണുന്നതും അവരുമായി പരിചയപ്പെടുന്നതും. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നിറങ്ങുന്ന മിക്കവാറും ആളുകള്‍ ബോളിവുഡില്‍ ചേക്കേറുകയാണ് പതിവ്. മേല്‍പ്പറഞ്ഞ മൂന്നു പേരും ബോളിവുഡിലെ പ്രശസ്ത നടന്മാരായി മാറി. ഗംഗാജല്‍ എന്ന സിനിമയില്‍ മുകേഷ് തിവാരി അവതരിപ്പിച്ച ബച്ചാ യാദവ് എന്ന കഥാപാത്രം ആരും മറക്കില്ല. യശ്പാല്‍ ശര്‍മ്മയും ആ സിനിമയില്‍ ശക്തമായ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മുകേഷ് ശര്‍മ്മ  ദക്ഷിണേന്ത്യന്‍ സിനിമകളിലും സജീവമായി.

കലാരംഗത്തും പത്രപ്രവര്‍ത്തനരംഗത്തും ഒക്കെ തുടക്കം കുറിക്കുന്നവര്‍ മണ്ഡി ഹൗസ് എന്ന ആ ഇടത്തില്‍ വരാതെ പോകില്ല എന്നാണ് പറയുന്നത്. തൊട്ടടുത്തുതന്നെയാണ് പ്രശസ്ത ആര്‍ട്ട് കളക്ടറും നാടക സംവിധായകനും സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറും ഒക്കെയായിരുന്നു ഇബ്രാഹിം അല്‍ക്കാസിയുടെ ആര്‍ട്ട് ഹെറിറ്റേജ് എന്ന ഗാലറി. അവിടെത്തന്നെയാണ് ത്രിവേണി ഗാലറിയും. തൊട്ടപ്പുറത്ത് ഫിക്കി ഓഡിറ്റോറിയം. അവിടെ മികച്ച സംഗീത സദസുകള്‍ നടക്കാറുണ്ട്. അല്പം കൂടി മുന്നോട്ടു പോയാല്‍ ബംഗാളി മാര്‍ക്കറ്റ് ആയി. വിഭജന കാലത്ത് ബംഗാളികള്‍ കൂട്ടമായി വന്നു താമസിച്ച ഇടം എന്ന നിലയിലാണ് ബംഗാളി മാര്‍ക്കറ്റ് എന്ന പേര് വന്നതെന്നു പറയുന്നു. പക്ഷേ, ആളുകള്‍ ഇപ്പോള്‍ അവിടെ വന്നുകൂടുന്നത് അവിടെയുള്ള റെസ്റ്റോറന്റുകളില്‍നിന്നു ഭക്ഷണവും മധുരവും കഴിക്കാനാണ്. തൊട്ടപ്പുറത്ത് ഒരു റെഫ്യൂജി മാര്‍ക്കറ്റ് ഉണ്ട്. വളരെ കുറഞ്ഞ നിരക്കില്‍ റൊട്ടിയും സബ്ജിയും കിട്ടുന്ന സ്ഥലം. 

ഇബ്രാഹിം അല്‍ക്കാസി
ഇബ്രാഹിം അല്‍ക്കാസി

ചുരുക്കിപ്പറഞ്ഞാല്‍ കലാരംഗത്തുള്ള ആരെയെങ്കിലും കാണണമെങ്കില്‍ വെറുതെ മണ്ഡി ഹൗസിലും പരിസരത്തും ചെന്നാല്‍ മതിയാവുമായിരുന്നു. എല്ലാ ദിവസവും നാല് മണി കഴിയുമ്പോഴേയ്ക്കും കുറഞ്ഞത് പത്തു മലയാളികളെങ്കിലും ആ പരിസരത്തു വന്നുകൂടും. അവര്‍ ജോലിസാധ്യതകളും മറ്റും പങ്കുവെയ്ക്കും. അങ്ങനെ പരസ്പര സഹായ വ്യവസ്ഥയിലുള്ള ഒരു ജീവിതം അക്കാലത്ത് ഉണ്ടായിരുന്നു. 

എ രാമചന്ദ്രന്‍
എ രാമചന്ദ്രന്‍

ചുവടുറയ്ക്കുന്ന
ജീവിതം

ഡല്‍ഹിയില്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടത് കവി കെ. സച്ചിദാനന്ദനെയായിരുന്നു.  പേര് കേട്ട ഒരു കവിയാണെന്നുള്ളതും അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടുണ്ടെന്നും ഉള്ളതല്ലാതെ എനിക്ക് അദ്ദേഹത്തെ മുന്‍പരിചയമില്ല. വളരെ തിരക്കുള്ള ഒരാളായതിനാല്‍ അങ്ങനെ കയറിച്ചെന്നു കാണാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. പക്ഷേ, എങ്ങനെയോ അദ്ദേഹത്തെ ഞാന്‍ കയറിക്കണ്ടു. എന്റെ പക്കല്‍ ആകെ അദ്ദേഹത്തെ കാണിക്കാനായി ഉണ്ടായിരുന്നത് (തൊഴില്‍ കിട്ടുക എന്നതാണല്ലോ ലക്ഷ്യം) ബറോഡയില്‍ എഴുതിയ ഡെസര്‍ട്ടേഷന്‍ ആയിരുന്നു. എഴുപതുകളിലെ കല; ചോളമണ്ഡലത്തിന്റെ പശ്ചാത്തലത്തില്‍ എന്നുള്ളതായിരുന്നു വിഷയം. സച്ചിദാനന്ദന്‍ സാര്‍ ഡെസര്‍ട്ടേഷന്‍ വാങ്ങി ഒന്നോടിച്ചു നോക്കിയശേഷം പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്: ''ഗ്രാമര്‍ മിസ്റ്റേക്കുകള്‍ കാണുന്നുണ്ട്. ശ്രദ്ധിക്കണം.'' ഇപ്പോഴും എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്കോര്‍മ്മവരും. ആ ഒരു കൂടിക്കാഴ്ചയ്ക്കുശേഷം എന്തെങ്കിലും സഹായം വേണമെന്നു പറഞ്ഞോ അല്ലാതെയോ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചില്ല. പിന്നെ അദ്ദേഹം അക്കാദമി സെക്രട്ടറി ആയി. അപ്പോഴെല്ലാം ദൂരെനിന്നുള്ള കാഴ്ചകള്‍ അല്ലാതെ ഒരു തരത്തിലുള്ള ശുപാര്‍ശയുമായോ തൊഴില്‍ അഭ്യര്‍ത്ഥനയുമായോ അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല. പലപ്പോഴും ഞാന്‍ പ്രദര്‍ശനങ്ങള്‍ ക്യൂറേറ്റ് ചെയ്യുമ്പോള്‍ അദ്ദേഹവും മകള്‍ സബിതാ സച്ചിയും അതു കാണാന്‍ വന്നിരുന്നു.
ഒരു പുതിയ നഗരത്തില്‍ ചെന്നുപെടുമ്പോള്‍ നിഴലായി അരക്ഷിതാവസ്ഥ ഒപ്പമുണ്ടാകും. ഈ അവസരങ്ങളിലൊക്കെ ആരെങ്കിലും ചേര്‍ത്തുപിടിക്കാന്‍ ഉണ്ടായെങ്കില്‍ എന്നു തോന്നും. രബീന്ദ്ര ഭവനിലെ മൂന്നു അക്കാദമികളിലും എനിക്ക് അത്തരത്തില്‍ സുഹൃത്തുക്കളെ കിട്ടി എന്നുവേണം പറയാന്‍. ലളിതകലാ അക്കാദമിയില്‍ അമിത് മുഖോപാധ്യയും ലൈബ്രേറിയന്‍ ആയിരുന്ന ചന്ദാ ദാസ് ഗുപ്തയും. ലളിതകലാ അക്കാദമിയില്‍ ഭരണപരമായ കൂട്ടക്കുഴപ്പങ്ങള്‍ അരങ്ങേറുന്ന സമയമായിരുന്നു. അതിന്റെ തലപ്പത്ത് ഡോക്ടര്‍ ദീനാനാഥ് പാത്ഥി വന്നപ്പോഴും അദ്ദേഹം എനിക്കു എഴുതാനുള്ള ചില താല്‍ക്കാലിക അവസരങ്ങള്‍ തന്നു. സാഹിത്യ അക്കാദമി ലൈബ്രറിയില്‍ പദ്മനാഭന്‍ എന്നു പേരുള്ള ഒരു മലയാളി അസിസ്റ്റന്റ് ലൈബ്രേറിയന്‍ അന്നുണ്ടായിരുന്നു. അവിടെ അഡ്മിഷന്‍ ഇല്ലെങ്കിലും വായിക്കാന്‍ അനുവദിച്ചുകൊണ്ട് അദ്ദേഹം രഹസ്യമായി എന്നെ സഹായിച്ചിരുന്നു. സംഗീത നാടക അക്കാദമിയില്‍ പ്രശസ്ത ഗായികയായ ഗായത്രി ശ്രീകൃഷ്ണന്റെ മകന്‍ പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദ്ധനായ ജി.എസ്. രാജന്‍ ഉണ്ടായിരുന്നു. ഏതു സമയത്തും അക്കാദമി കാന്റീനില്‍ കൊണ്ടുപോയി ചായ വാങ്ങിത്തരാനും ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ രാഷ്ട്രീയം എത്രമാത്രം ഭീഷണമാണെന്നു പറഞ്ഞുതരാനും അദ്ദേഹം മനസ്സ് വെച്ചു. ഇപ്പോള്‍ രാജന്‍ അമേരിക്കയില്‍ താമസമാക്കി എന്നാണ് ഞാന്‍ അറിഞ്ഞത്. ലൈബ്രറിയില്‍ വായിക്കാന്‍ ചെല്ലുമ്പോള്‍ പരിചയപ്പെട്ട ആളാണ് വിജയലാല്‍. കേരളാ ഹൗസില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം 'സത്യമേവ ജയതേ' എന്നൊരു ഭാവഗീതം രചിക്കുകയുണ്ടായി. വിജയലാലിന്റെ ഭാര്യ, എഴുത്തുകാരനായ കളവങ്കോടം ബാലകൃഷ്ണന്റെ മകള്‍ ലീനാ വിജയലാല്‍ ആയിരുന്നു. ഡല്‍ഹിയില്‍ ബന്ധുവീടില്ലാത്തതിന്റെ കുറവ് നികത്തിയത് ഈ ദമ്പതികള്‍ ആയിരുന്നു.

താജ് മഹല്‍
താജ് മഹല്‍

ഒരു എഴുത്തുകാരന്‍ അല്ലെങ്കില്‍ കലാവിമര്‍ശകന്‍ എന്ന നിലയില്‍ എന്റെ ഡല്‍ഹി ജീവിതം ആരംഭിക്കുന്നത് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ മുന്നിലെ ഫുട്പാത്തില്‍ നിന്നായിരുന്നു. ഡല്‍ഹിയില്‍ ധാരാളം ഗാലറികള്‍ ഉണ്ട്. അന്നു പ്രശസ്തമായ രീതിയില്‍ നടന്നിരുന്നത് ലളിതകലാ അക്കാദമി ഗാലറി, ആര്‍ട്ട് ഹെറിറ്റേജ്, ത്രിവേണി, മാക്‌സ് മുള്ളര്‍ ഭവന്‍, ബ്രിട്ടീഷ് കൗണ്‍സില്‍, കൊണാട്ട് പ്ലേസിലെ ധൂമിമാല്‍ എന്നിവയായിരുന്നു. പില്‍ക്കാലത്ത് പൂട്ടിപ്പോയ ആര്‍ട്ട് ടുഡേ ഈ പട്ടികയില്‍പ്പെടും. വേറെയും ഗാലറികള്‍ ഉണ്ടായിരുന്നെങ്കിലും മേല്‍പ്പറഞ്ഞ ഇടങ്ങളിലേയ്ക്കു നടന്നുപോകാന്‍ കഴിയുമായിരുന്നു. മറ്റിടങ്ങളിലേയ്ക്കു പോകാന്‍ ഓട്ടോയിലോ ബസ്സിലോ പോകണം. അതിനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. അടുത്തുള്ള ഗാലറികളില്‍ ഞാന്‍ എല്ലാ ദിവസവും പോകും. പ്രദര്‍ശനം കണ്ടശേഷം ഫുട്പാത്തില്‍ വന്നിരുന്നു എന്തെങ്കിലും അതേക്കുറിച്ച് എഴുതും. എന്നിട്ട് അവിടെയിരുന്നുതന്നെ പകര്‍പ്പെടുക്കും (അക്കാദമി ലൈബ്രറിയില്‍ പോയിത്തുടങ്ങിയിരുന്നില്ല. ഗസ്റ്റ് ഹൗസില്‍ ആകട്ടെ മേശയോ കസേരയോ ഉണ്ടായിരുന്നില്ല). എന്നിട്ട് ഉച്ചതിരിഞ്ഞു പത്രമോഫീസുകളിലേക്കുള്ള യാത്ര തുടങ്ങും.

പുരാതന ഡല്‍ഹി തുടങ്ങുന്നതിനു മുന്‍പ് ഐ.ടി.ഒ എന്നൊരു വലിയ ജംഗ്ഷന്‍ ഉണ്ട്. നേരെ പോയാല്‍ പുരാതന ഡല്‍ഹി. വലത്തേയ്ക്കു തിരിഞ്ഞാല്‍ കിഴക്കന്‍ ഡല്‍ഹിയിലേയ്ക്കു പോകുന്ന, യമുനാ നദിക്കു കുറുകെയുള്ള പാലം. ഇടത്തേയ്ക്കു തിരിഞ്ഞാല്‍ ന്യൂ ഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍ എത്താം. ജംഗ്ഷന്റെ തൊട്ടുമുന്നിലാണ് പ്രശസ്തമായ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗ്ഗ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ, പയനിയര്‍, നിന്നുപോയ നാഷണല്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളുടെ ഓഫീസുകള്‍. കൊണാട്ട് പ്ലേസിലേയ്ക്കുള്ള ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഇവിടെനിന്നു പോകുന്ന രംഗം ഒ.വി. വിജയന്‍, വി.കെ.എന്‍., വി.കെ. മാധവന്‍ കുട്ടി, എടത്തട്ട നാരായണന്‍ തുടങ്ങി എല്ലാ എഴുത്തുകാരും വിവരിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസിനടുത്താണ് ഹിന്ദുസ്ഥാന്‍ ടൈംസ്, ഒബ്സര്‍വേര്‍, സ്റ്റേറ്റ്സ്മാന്‍, ഹിന്ദു ബിസിനസ്സ് ലൈന്‍ തുടങ്ങിയ പത്രങ്ങളുടെ ഓഫീസുകള്‍. കുറേക്കൂടി മുന്നോട്ടു പോയാല്‍ ഝണ്ഡേവാല എന്നൊരു സ്ഥലമെത്തും. അവിടെയാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിന്റെ ഓഫീസ്. 

എ ഫോര്‍ സൈസ് കടലാസില്‍ ബോള്‍ പേനകൊണ്ട്  നല്ലതല്ലാത്ത കൈയക്ഷരത്തില്‍, പാകപ്പെടാത്ത ശൈലിയില്‍ ഇംഗ്ലീഷ് ഭാഷയില്‍ കലാവിമര്‍ശനം എഴുതിക്കൊണ്ടു ചെല്ലും. നീണ്ടുവളര്‍ന്ന മുടിയും താടിയും. സഞ്ചിയും ബീഡിമണവും. പലപ്പോഴും പത്രമോഫീസുകളില്‍ റിസപ്ഷന്റെ അപ്പുറം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ശാഠ്യത്തോടെ അവിടെ നില്‍ക്കുമ്പോള്‍ ഏതെങ്കിലും ഒരു പത്രപ്രവര്‍ത്തകന്‍ കാര്യം ചോദിക്കും. ആര്‍ട്ട്‌സ് പേജ് എഡിറ്ററെ കാണണം എന്നു പറയും. ചിലര്‍  കൊണ്ടുപോയി പരിചയപ്പെടുത്തും. ബറോഡയില്‍നിന്നുള്ള എം.എഫ്.എക്കാരന്‍ എന്നത് ഒരു മാജിക് വാക്കായിരുന്നു. എഴുതുന്നത് അവര്‍ വായിച്ചുനോക്കും. കംപ്യൂട്ടര്‍ എല്ലാ ഓഫീസുകളിലും വന്നുതുടങ്ങിയിട്ടില്ല. അതിനാല്‍ കടലാസ്സില്‍ എഴുതിക്കൊണ്ടു ചെല്ലുന്നത് വലിയൊരു പ്രശ്‌നമായി തോന്നിയില്ല. ഡല്‍ഹിയില്‍ വന്നുചേര്‍ന്ന ആദ്യത്തെ ആഴ്ചയില്‍ത്തന്നെ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. എന്റെ പേര്

ഡല്‍ഹിയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡല്‍ഹിയില്‍ ആദ്യമായി ഒരു ഒറ്റമുറി വീടെടുത്തു താമസം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഫുട്പാത്തില്‍ ഇരുന്ന് എഴുതിയ മൂന്നോ നാലോ ലേഖനങ്ങള്‍ പത്രങ്ങളില്‍ അടിച്ചു വന്നു. 
ഡല്‍ഹിയില്‍ ഒരു വീടെടുക്കാനുള്ള തീരുമാനമായി. ഏറ്റവും കുറഞ്ഞ വാടക 1500 രൂപയാണ്. അതും ഒരു മാസത്തെ മുന്‍കൂര്‍ തുകയും കൊടുത്താല്‍ കയ്യിലുള്ള പണം തീരും. പക്ഷേ, രണ്ടും കല്പിച്ചു വീടെടുക്കാന്‍ തീരുമാനിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ ആണ് സ്ഥലം. എന്നെ അവിടേയ്ക്കു കൊണ്ടുപോകുന്നത് ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെട്ട ജ്യോതിലാല്‍ എന്ന വിദ്യാര്‍ത്ഥി. അയാള്‍ ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടില്‍ ശില്പവിഭാഗത്തില്‍ എം.എ ചെയ്യുകയാണ്. ഒപ്പം സാബു ജോസഫ് എന്ന മറ്റൊരു വിദ്യാര്‍ത്ഥിയുമുണ്ട്. ലക്ഷ്മി നഗറിലെ തിരക്കേറിയ ഇടുങ്ങിയ ഗലികളിലൊന്നിന്റെ അറ്റത്തുള്ള മൂന്നുനില കെട്ടിടത്തില്‍ ഒരൊറ്റമുറി വീട് വാടകയ്ക്ക് എടുത്തു. ബാത്ത് റൂം മറ്റൊരു കുടുംബവുമായി പങ്കിടണം. എന്തായാലും ഡല്‍ഹി ജീവിതം അങ്ങനെയൊക്കെയാണ് എല്ലാവരും തുടങ്ങിയതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു പരീക്ഷണത്തിനു തുടക്കമായി.

സജീവ് പിള്ള
സജീവ് പിള്ള

ലക്ഷ്മി നഗറില്‍ ഞാന്‍ എത്തിച്ചേരും മുന്‍പ് തന്നെ അനേകം മലയാളി കലാകാരന്മാര്‍ അവിടെ താമസിച്ചിരുന്നു. രണ്ടു ജോഡി വസ്ത്രവും ഒരു വിരിപ്പും മാത്രമാണ് കൈയിലുള്ളത്. പാചക സാമഗ്രികളോ അടുപ്പോ ഒന്നും തന്നെയില്ല.  'മാമാങ്കം' എന്ന ചിത്രം സംവിധാനം ചെയ്യുകയും ഒടുവില്‍ പല കാരണങ്ങളാല്‍ ആ പ്രൊജക്ടില്‍നിന്നു പുറത്തുപോകേണ്ടിവരികയും ചെയ്ത സജീവ് പിള്ളയായിരുന്നു പാചകസാമഗ്രികള്‍ നല്‍കി സഹായിച്ചത്. അന്ന് അടുത്തുള്ള ഒരു കെട്ടിടത്തില്‍ ഒരു ഒറ്റ മുറിയില്‍ സജീവ് വായനയും എഴുത്തുമായി കഴിയുകയായിരുന്നു. നാഷണല്‍ ഹെറാള്‍ഡിലോ മറ്റോ പത്രപ്രവര്‍ത്തനം നടത്തിയിരുന്നു. സജീവിന്റെ സഹായം വലിയൊരു അനുഗ്രഹമായി. ഡല്‍ഹിയില്‍ ആദ്യമായി സ്റ്റൗവ് കത്തിച്ചു ഭക്ഷണം പാചകം ചെയ്തു കഴിച്ചതോടെ ഡല്‍ഹിക്കാരന്‍ ആകാനുള്ള ആദ്യത്തെ തയ്യാറെടുപ്പായി. സജീവ് ഡല്‍ഹിയിലെ ഫിലിം പ്രദര്‍ശനങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. പയനിയര്‍ പത്രത്തില്‍ സിനിമയെക്കുറിച്ചു എഴുതുമായിരുന്നു. ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ് സജീവ് കേരളത്തിലേയ്ക്കു മടങ്ങുകയും സിനിമാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. മാമാങ്കം എന്നത് സജീവനു പ്രിയപ്പെട്ട ഒരു പ്രൊജക്ടായിരുന്നു. അതിനായി ഒരുപാട് കാലം വായനയും എഴുത്തും അദ്ദേഹം നടത്തിയിരുന്നുവെന്ന് എനിക്കറിയാം.

എന്‍എന്‍ റിംസണ്‍
എന്‍എന്‍ റിംസണ്‍


ലക്ഷ്മി നഗറില്‍ ജീവിതം തുടങ്ങിയപ്പോള്‍ത്തന്നെ മറ്റൊരു പിടിവള്ളി കിട്ടി. ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടില്‍ കലാചരിത്രം പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകരെ വേണം എന്നുള്ള നോട്ടീസ് വന്നു; അപേക്ഷിച്ചു, ജോലി കിട്ടി. അങ്ങനെ, ഡല്‍ഹിയില്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍ കോളേജില്‍ പഠിപ്പിക്കുന്നു എന്നു പറയാന്‍ കഴിഞ്ഞു. താല്‍ക്കാലിക അധ്യാപകര്‍ എന്നാല്‍, വേതന വ്യവസ്ഥയുടെ ഏറ്റവും കീഴേത്തട്ടില്‍ നില്‍ക്കുന്നവരും കൃത്യമായി പണം ലഭിക്കാത്തവരുമാണ്. അതിനാല്‍ ജീവിക്കാനുള്ള വക മറ്റുള്ളിടത്തുനിന്നു തേടണം എന്നതിനാലും എഴുത്തുകാരന്‍ ആകാനുള്ള അദമ്യമായ ആഗ്രഹത്താലും ഞാന്‍ എന്റെ കലാവിമര്‍ശന രചനകള്‍ മുടങ്ങാതെ നടത്തിക്കൊണ്ടിരുന്നു. കോളേജ് ഓഫ് ആര്‍ട്ടില്‍ അന്ന് അഭിമന്യു വി.ജി. എന്ന കലാകാരന്‍ പെയിന്റിങ് വിഭാഗത്തില്‍ അധ്യാപകനായി ഉണ്ടായിരുന്നു. അഭിമന്യുവുമായി വളരെയധികം അടുക്കുകയും ഇടയ്‌ക്കൊക്കെ ആയാ നഗറില്‍ ഉള്ള അദ്ദേഹത്തിന്റെ വസതിയില്‍ പോയി നില്‍ക്കുകയും ചെയ്തിരുന്നു. അഭിമന്യുവിന്റെ പക്കല്‍ ഒരു പോര്‍ട്ടബിള്‍ ടൈപ്പ്‌റൈറ്റര്‍ ഉണ്ടായിരുന്നു. അത് അദ്ദേഹം എനിക്കു തന്നു. അന്നു മുതല്‍ എന്റെ രചനകള്‍ എല്ലാം തന്നെ ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ചുള്ളതായി. പത്രങ്ങളില്‍ കൂടുതല്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എങ്കിലും കോളേജ് അധ്യാപകന്‍ എന്ന നിലയില്‍ അടുത്ത വര്‍ഷം എനിക്കു തുടരാന്‍ കഴിഞ്ഞില്ല. 

ലക്ഷ്മി നഗറില്‍ താമസിക്കുമ്പോഴാണ് റോഡിനപ്പുറത്തുള്ള ഒരു ചെറുകിട ഹൗസിങ് കോളനിയില്‍ എന്‍.എന്‍. റിംസണ്‍ എന്ന ശില്പി താമസിക്കുന്നുണ്ട് എന്ന വിവരം ലഭിക്കുന്നത്. അദ്ദേഹം ആയിടെയാണ് വിവാഹിതനായത്. വാരാന്ത്യങ്ങളില്‍ റിംസനെ കാണാനായി പോകും. ഉച്ചവരെയുള്ള സമയം അദ്ദേഹം നമ്മളോട് കലയും കലാചരിത്രവുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കും. റിംസന്റെ ഒരു പ്രത്യേകത എന്നത് അദ്ദേഹം ഏതൊരു വാദമുഖം ഉയര്‍ത്തിയാലും അതിനെ സാധൂകരിക്കുന്ന ചില ചിത്രങ്ങളും ശില്പങ്ങളും തന്റെ പുസ്തകശേഖരത്തില്‍നിന്നു കാട്ടിത്തരുമായിരുന്നു എന്നുള്ളതാണ്. സ്വന്തം ശില്പങ്ങളേയും റിംസന്‍ പരിചയപ്പെടുത്തി. തന്റെ പ്രശസ്തമായ മാന്‍ വിത്ത് ടൂള്‍സ് എന്ന ശില്പം ഡല്‍ഹി പൊലീസ് പിടിച്ചുവെച്ചത് അതില്‍ വാളുകള്‍ ഉണ്ടായിരുന്നതുകൊണ്ടും ഒരുപക്ഷേ, അതു തീവ്രവാദത്തിനുവേണ്ടി ആയിരിക്കാം എന്നുള്ള സംശയത്തിലും ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. റിംസന്റെ ഒരു വലിയ ഏകാംഗ പ്രദര്‍ശനം അക്കാലത്ത് രബീന്ദ്ര ഭവനിലെ ഗാലറിയില്‍ നടക്കുകയും അദ്ദേഹത്തിന്റെ പല പ്രശസ്തമായ ശില്പങ്ങളും അതില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. വീട്, മുട്ട, വാള്‍, കുനിഞ്ഞിരിക്കുന്ന രൂപം, അടിയാളരുടെ സംജ്ഞകള്‍ തുടങ്ങിയ ശില്പങ്ങള്‍ വികസിച്ചുവരുന്ന സമയമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ചെയ്യുന്ന രീതിയിലുള്ള ഡ്രോയിങ്ങുകള്‍ അപ്പോള്‍ ചെയ്തിരുന്നില്ല. തൊണ്ണൂറുകളുടെ ഒടുവില്‍ റിംസന്‍ തിരുവനന്തപുരത്തേയ്ക്ക് അധ്യാപകനായി ജോലി ലഭിച്ചു മാറിപ്പോന്നു. ഏതാണ്ട് അതേ സമയത്താണ് മറ്റൊരു ശില്പിയുമായി അടുത്ത ബന്ധം ഉണ്ടാകുന്നത്. അശോകന്‍ പൊതുവാള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

ബറോഡയില്‍ നിന്നാണ് അശോകന്‍ പൊതുവാള്‍ ശില്പ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. റാഡിക്കല്‍ ഗ്രൂപ്പിന്റെ കാലത്ത് സജീവമായിരുന്നു. അസാമാന്യമായ ഓര്‍മ്മശക്തിയും സംഗീത-താളബോധവും ഉണ്ടായിരുന്ന അശോകന്‍ പൊതുവാളിനു ഭാഷകള്‍ പഠിക്കുന്നതിലും അതിന്റെ സവിശേഷമായ താളത്തോടെ സംസാരിക്കുന്നതിലും വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം അശോകനു ചില മാനസികമായ പ്രശ്‌നങ്ങളുണ്ടായി. നമ്പറുകള്‍ ഓര്‍ത്താല്‍ മറക്കാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു എന്ന് അക്കാലത്തെക്കുറിച്ചു അശോകന്‍ എന്നോട് പറഞ്ഞു. മനസ്സ് നിറയെ നമ്പറുകളും അക്കങ്ങളും നിറഞ്ഞു. അവയില്‍ നിന്നാണ് അശോകന്‍ ഓടിപ്പോയത്. കുറേനാള്‍ അശോകനെ കാണാതായി. പിന്നെ അശോകനെ തിരികെ കിട്ടി. വിവാഹമൊക്കെ കഴിഞ്ഞാണ് അശോകന്‍ ഡല്‍ഹിയില്‍ എത്തുന്നത്. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഗാലറി അശോകനെ ഒരു കമ്മിഷന്‍ വര്‍ക്ക് ഏല്പിച്ചു. ഒരു കിളിയുടെ മാതൃകയില്‍ അനേകം കിളികളെ കളിമണ്ണില്‍ ഉണ്ടാക്കാനായിരുന്നു പറഞ്ഞത്. അശോകന്‍ ഒരു സുഹൃത്തിനൊപ്പമായിരുന്നു ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ആ വീട്ടില്‍വെച്ച് മാതൃകയാക്കേണ്ട കിളിപ്രതിമ നഷ്ടപ്പെട്ടു. പക്ഷേ, അശോകന്‍ ഓര്‍മ്മയില്‍നിന്ന് ആ കിളിയുടെ അളവുകള്‍ സൃഷ്ടിച്ചു. നല്ലൊരു തുക പ്രതിഫലമായി കിട്ടേണ്ടതായിരുന്നു. എന്നാല്‍, ഓര്‍മ്മയില്‍നിന്നു സൃഷ്ടിച്ച കിളിയും അവര്‍ കൊടുത്ത കിളിയും രണ്ടായിപ്പോയതിനാല്‍ അശോകനു പണം അധികം കിട്ടിയില്ല. പക്ഷേ, അസാമാന്യമായ നര്‍മ്മ ബോധം ഉണ്ടായിരുന്ന അശോകന് അതൊക്കെയും ചില കഥകളിലും ചിരിയിലും ഒതുക്കാന്‍ കഴിഞ്ഞിരുന്നു.
കലയെക്കുറിച്ചു തനതായ ഒരു വീക്ഷണം ഉള്ള ആളായിരുന്നു അശോകന്‍ പൊതുവാള്‍. ശില്പിയായിരുന്ന അശോകന് ഇന്‍സ്റ്റലേഷന്‍ അഥവാ പ്രതിഷ്ഠാപന കലയോട് അത്ര പ്രതിപത്തി ഉണ്ടായിരുന്നില്ല. എന്നാല്‍, അക്കാലത്ത് ഡല്‍ഹിയില്‍ വളരെ സജീവമായിരുന്ന വിവാന്‍ സുന്ദരം ഉള്‍പ്പെടെയുള്ളവരുടെ ഇന്‍സ്റ്റലേഷനുകളെ സശ്രദ്ധം വീക്ഷിക്കുകയും ചെയ്തിരുന്നു. ഇന്‍സ്റ്റലേഷനുകളില്‍ പലതിനും കലയ്ക്ക് ആവശ്യമായ ആന്തരിക യുക്തിയില്ല എന്ന് അശോകന്‍ വാദിക്കുകയും തമാശരൂപത്തില്‍ തീപ്പെട്ടിക്കൊള്ളികള്‍ ഉപയോഗിച്ചു ചില പാറ്റേണുകള്‍ ഉണ്ടാക്കിയിട്ട് അവയുടെ സംവേദന ക്ഷമതയെക്കുറിച്ചു വാചാലനാവുകയും ചെയ്തിരുന്നു. 'ഫ്‌ലൈ ഹൈ മൈ ബിലോവഡ് ബേര്‍ഡ്‌സ്' (ഉയരെപ്പറക്കുക പ്രിയ പക്ഷികളെ) എന്നു ഡോക്ടര്‍ സലിം അലിയെ അനുസ്മരിച്ചുകൊണ്ട് ഒരു ശില്പം അശോകന്‍ ടെറാക്കോട്ടയില്‍ ചെയ്തിട്ടുണ്ട്. വളരെ പ്രശസ്തമാണ് ആ ശില്പം. എറണാകുളത്തെ സുഭാഷ് പാര്‍ക്കില്‍ അശോകന്റെ ചില ശില്പങ്ങളുണ്ട്. അവിചാരിതമായി 2005-ല്‍ അശോകന്‍ പൊതുവാള്‍ മരണമടഞ്ഞു. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് സൗമ്യനും നര്‍മ്മരസപ്രിയനും മാന്യനുമായിരുന്നു അശോകന്‍ പൊതുവാള്‍. കലാ കമ്പോളത്തില്‍ പണം വന്നിറങ്ങുന്നതിനു മുന്‍പ് അശോകന്‍ പോയി. ഇല്ലായിരുന്നെങ്കില്‍ ചരിത്രത്തില്‍ നിലനില്‍ക്കുന്ന ശില്പങ്ങള്‍ അദ്ദേഹത്തിനു ചെയ്യാന്‍ കഴിയുമായിരുന്നെന്നു ഞാന്‍ വിശ്വസിക്കുന്നു.

കലാവിമര്‍ശനവും
സംവാദങ്ങളും

എഴുപതുകളിലും എണ്‍പതുകളിലും ഡല്‍ഹിയില്‍ നിറഞ്ഞുനിന്നിരുന്ന കലാവിമര്‍ശകരായിരുന്നു കൃഷ്ണ ചൈതന്യയും റിച്ചാര്‍ഡ് ബര്‍ത്തോലോമിയോയും. ആധുനികതയെക്കുറിച്ചുള്ള മിക്കവാറും എല്ലാ സംവാദങ്ങളും തുടങ്ങിവെച്ചത് ഇവരായിരുന്നു. അതേസമയം, കപിലാ വാല്‍സ്യായനന്റെ സഹോദരനും നെഹ്രുവിന്റെ സ്വകാര്യ സെക്രട്ടറിയും ആയിരുന്ന കേശവ് മല്ലിക്കും ഡല്‍ഹിയില്‍ കലാവിമര്‍ശനത്തിന്റെ അവസാന വാക്കായിരുന്നു. കേശവ് മല്ലിക്ക് കവി കൂടിയായിരുന്നു. അദ്ദേഹം കൂടുതലും ഹിന്ദിയിലാണ് എഴുതിയിരുന്നത്. ഗ്രാമങ്ങളില്‍ നിന്നും ചെറുപട്ടണങ്ങളില്‍നിന്നും കലാകാരന്മാര്‍ ഡല്‍ഹിയില്‍ പ്രദര്‍ശനം നടത്താന്‍ എത്തും. അവര്‍ ഡല്‍ഹിയില്‍ എത്തിയ ശേഷമാണ് ഒരു ബ്രോഷര്‍ ഒക്കെ തയ്യാറാക്കുന്നത്. ബ്രോഷറില്‍ ഒരു കുറിപ്പ് വേണം.

കേശവ് മല്ലിക്
കേശവ് മല്ലിക്

ആ കുറിപ്പ് കേശവ് മല്ലിക് തന്നെ എഴുതണം എന്നവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ കലാസൃഷ്ടികളും കേശവ് മല്ലിക്കിനെ പ്രചോദിപ്പിക്കാറില്ല. എന്നാല്‍, അനന്തമായ മനുഷ്യസ്‌നേഹത്താല്‍ ആനീതനായിരുന്നതിനാല്‍, വീട്ടില്‍ കയറിവരുന്ന കലായശ പ്രാര്‍ത്ഥികളെ തിരികെ അയയ്ക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അപ്പോള്‍ അദ്ദേഹം ഒരു കാര്യം ചെയ്യും. ഒരു കവിതാശകലം ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതി നല്‍കും. കലാകാരന്മാര്‍ പഞ്ചാമൃതം കിട്ടിയതുപോലെ അത് അച്ചടിക്കുകയും ചെയ്യും. കേശവ് മല്ലിക്കിന്റെ 90-ാം പിറന്നാള്‍ ഡല്‍ഹിയില്‍ ആഘോഷിക്കുന്ന വേളയില്‍ പ്രമുഖ ചിത്രകാരനായ എ. രാമചന്ദ്രനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

റിച്ചാര്‍ഡ് ബര്‍ത്തോലോമിയോ
റിച്ചാര്‍ഡ് ബര്‍ത്തോലോമിയോ

ബര്‍മ്മയില്‍നിന്ന് ഇന്ത്യയിലേയ്ക്കു വന്നു താമസമാക്കിയ ഫോട്ടോഗ്രാഫറും എഴുത്തുകാരനായിരുന്നു റിച്ചാര്‍ഡ് ബര്‍ത്തോലോമിയോ. അദ്ദേഹം പില്‍ക്കാലത്ത് ലളിതകലാ അക്കാദമിയുടെ സെക്രട്ടറി പദം അലങ്കരിച്ചു. പ്രോഗ്രസ്സിവ് സ്‌കൂളിലെ കലാകാരന്മാരെക്കുറിച്ചു (സൂസ, രാസ, ഹുസ്സൈന്‍, ബാക്കറെ, ഗാടെ, ആര, കൃഷന്‍ ഖന്ന തുടങ്ങിയവര്‍) ധാരാളം പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കൂടാതെ എഴുപതുകളിലെ ഡല്‍ഹിയിലെ കലാരംഗത്തെ സമഗ്രമായി വിലയിരുത്തുന്ന ലേഖനങ്ങള്‍, റിവ്യൂകള്‍ തുടങ്ങിയവ ധാരാളം പ്രസിദ്ധീകരിച്ചിരുന്നു. മികച്ച ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മകനും ലോകപ്രസിദ്ധ ഫോട്ടോഗ്രാഫി ആര്‍ട്ടിസ്റ്റും ആയ പാബ്ലോ ബര്‍ത്തോലോമിയോ, തന്റെ പിതാവിന്റെ ലേഖനങ്ങള്‍ എല്ലാം സമാഹരിച്ച് 'ദി ക്രിട്ടിക്' എന്ന പേരില്‍ ഒരു ബൃഹത്തായ പുസ്തകം പ്രസിദ്ധീകരിച്ചു. അക്കാലത്തെ കലാവിമര്‍ശനത്തിന്റെ സ്വഭാവം ഈ പുസ്തകത്തിലുണ്ട്. കൃഷ്ണ ചൈതന്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ.കെ. നായരായിരുന്നു ഡല്‍ഹിയില്‍ വളരെയധികം ബഹുമാനിതനായിരുന്ന മറ്റൊരു കലാവിമര്‍ശകന്‍. കൃഷ്ണ ചൈതന്യയുടെ ലേഖനങ്ങള്‍ക്ക് ഒരു കലാകാരന്റെ ആത്മവിശ്വാസത്തെ വളര്‍ത്താനും തളര്‍ത്താനും കഴിയുമെന്നു പറഞ്ഞുകേട്ടിരുന്നു.

പാബ്ലോ ബര്‍ത്തോലോമിയോ
പാബ്ലോ ബര്‍ത്തോലോമിയോ

പലരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കായി കാതോര്‍ത്തു. വെള്ളിയാഴ്ചത്തെ പത്രങ്ങളില്‍ വരുന്ന റിവ്യൂ വായിച്ചശേഷം ഏതൊക്കെ പ്രദര്‍ശനങ്ങള്‍ കാണണം എന്നു കലാസ്വാദകര്‍ തീരുമാനിക്കുന്ന കാലമുണ്ടായിരുന്നെന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ എ. രാമചന്ദ്രന്‍ ഓര്‍ക്കുകയുണ്ടായി. കൂടാതെ അക്കാലത്ത് പ്രമുഖനായിരുന്ന മറ്റൊരു കലാവിമര്‍ശകന്‍ ആയിരുന്നു ശാന്തോ ദത്ത. ഒരു പയനിയര്‍ എന്ന പത്രത്തിലായിരുന്നു അദ്ദേഹം കൂടുതലും എഴുതിയിരുന്നത്. ഒരു പ്രദര്‍ശനം കണ്ടശേഷം പത്രമോഫീസിലേയ്ക്ക് തിടുക്കത്തില്‍ നടന്നുപോകുന്ന ശാന്തോ ദത്തയെ ഓര്‍ക്കുന്ന പല കലാകാരന്മാരും ഇപ്പോഴമുണ്ട്.

അശോകന്‍ പൊതുവാള്‍
അശോകന്‍ പൊതുവാള്‍

തൊണ്ണൂറുകളുടെ മധ്യത്തില്‍ ഞാന്‍ സജീവമാകുമ്പോഴേയ്ക്കും മേല്‍പ്പറഞ്ഞ എഴുത്തുകാരുടെ പ്രഭാവകാലം കഴിഞ്ഞിരുന്നു. ശാന്തോ ദത്തയുടെ ലേഖനങ്ങള്‍ ഇടയ്ക്കിടെ കാണാം. കേശവ് മല്ലിക്കും അദ്ദേഹത്തോളം തന്നെ പ്രശസ്തനായിരുന്നു മറ്റൊരു ഹിന്ദി സാഹിത്യകാരന്‍ പ്രയാഗ് ശുക്ലയും കലാവിമര്‍ശനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും അവയെല്ലാം കലയെക്കുറിച്ചുള്ള എഴുത്തുകള്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. മേല്‍പ്പറഞ്ഞ ആളുകളുടെ തലമുറയില്‍നിന്ന് ഊര്‍ജ്ജം കൊണ്ട് മുന്നോട്ടു വന്ന ഒരു തലമുറയായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. അവരില്‍ പ്രമുഖന്‍ സുനീത് ചോപ്ര ആയിരുന്നു. മുന്‍ ഐ.എ.എസ് ഓഫീസറായിരുന്നു അദ്ദേഹം എന്നു പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ, ഞാന്‍ കാണുമ്പോള്‍ അദ്ദേഹം സി.പി.എം നേതൃത്വത്തിലുള്ള അഖിലേന്ത്യാ കാര്‍ഷിക സംഘടനയുടെ നേതാവാണ്. ആരെയും ചേര്‍ത്തു പിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു സംസാരിക്കുന്ന ഒരു പ്രകൃതമായിരുന്നു സുനീത് ചോപ്രയുടേത്. കമ്യൂണിസ്റ്റുകാരന്‍ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബംഗാള്‍, കേരളം എന്നീ രണ്ടു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന കലാകാരന്മാരോട് പ്രത്യേക മമത ഉണ്ടായിരുന്നു. ചുവന്ന നിറം ഏതെങ്കിലും പെയിന്റിങില്‍ ഉണ്ടെങ്കില്‍ ആ പെയിന്റിങ് മഹത്താണെന്നു സുനീത് ചോപ്ര പറഞ്ഞുകളയുമെന്നു ഞങ്ങള്‍ തമാശ പറയുമായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ 'ചിസല്‍ ടോക്ക്' എന്ന ഒരു കോളമാണ് സുനീത് ചോപ്ര എഴുതിയിരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിക്കൊണ്ടിരുന്ന രഞ്ജിനി രാജഗോപാലായിരുന്നു മറ്റൊരു പ്രധാനപ്പെട്ട കലാവിമര്‍ശക. അവരുടെ എഴുത്തുകള്‍ ലളിതവും കലാകാരന്മാര്‍ക്കു നല്ല ദൃശ്യത പകരുന്നതുമായിരുന്നു.  

1994-ലാണെന്നു തോന്നുന്നു, ഇക്കണോമിക് ടൈംസ് പത്രത്തില്‍ സാംസ്‌കാരിക വിമര്‍ശകനായ സദാനന്ദ മേനോന്‍ ആര്‍ട്ട്സ് പേജ് എഡിറ്ററായി വരുന്നത്. പത്രങ്ങളുടെ ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി എല്ലാ ആഴ്ചയും ഒരു മുഴുവന്‍ പുറവും ഒരു കലാകാരനെക്കുറിച്ചും അയാളുടെ ചിത്ര-ശില്പങ്ങളെക്കുറിച്ചുള്ള ആഴമുള്ള പഠനത്തിനും നീക്കിവെച്ചത് സദാനന്ദ മേനോന്‍ ആയിരുന്നു. അക്കാലത്ത് പ്രചാരം സിദ്ധിച്ചുകൊണ്ടിരുന്ന ഇന്‍സ്റ്റലേഷന്‍ കലയെക്കുറിച്ചുള്ള മുഴുനീള സചിത്ര ലേഖനങ്ങള്‍ ഈ ദിനപ്പത്രത്തില്‍ വരുമായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പത്രത്തില്‍ കലയെക്കുറിച്ചുള്ള ഇത്തരമൊരു പഠനം സത്യത്തില്‍ ഭാവിപ്രവചനപരമായിരുന്നു എന്നുവേണം പറയാന്‍. കാരണം പത്തു വര്‍ഷങ്ങള്‍ കഴിയുമ്പോഴേയ്ക്കും കലയെന്നത് പൂര്‍ണ്ണമായും സാമ്പത്തിക ഇടപാടായി മാറുന്ന സവിശേഷ സന്ദര്‍ഭം ഉണ്ടായിവരും.

സുനീത് ചോപ്ര
സുനീത് ചോപ്ര

പക്ഷേ, തൊണ്ണൂറുകളില്‍ത്തന്നെ ആ പേജ് നിന്നുപോവുകയാണ് ഉണ്ടായത്. ഇന്ത്യയില്‍ കലാവിമര്‍ശന-ചരിത്രരംഗത്ത് ലബ്ധപ്രതിഷ്ഠരായ പലരും അക്കാലത്ത് പത്രങ്ങളിലും എഴുതുന്നുണ്ടായിരുന്നു. ഗീതാ കപൂര്‍, ഗായത്രി സിന്‍ഹ, യശോധര ഡാല്‍മിയ, അശോക് വാജ്‌പേയി, ഡോക്ടര്‍ ഗീതി സെന്‍, ഇളാ ദത്ത, കാളിദാസ് തുടങ്ങി പലരും ഈ രംഗത്ത് പ്രശസ്തി നേടി. പ്രശസ്ത ചിത്രകാരനായിരുന്ന ജെ. സ്വാമിനാഥന്റെ മകനാണ് കാളിദാസ്. അദ്ദേഹം ഇന്‍ഡ്യാ ടുഡേയില്‍ കലയെക്കുറിച്ചുള്ള പഠനങ്ങള്‍ എഴുതിയിരുന്നു.

പ്രീതി മെഹ്‌റ
പ്രീതി മെഹ്‌റ

ഇതൊക്കെയാണെങ്കിലും ഏറ്റവും പ്രശസ്തമായ കോളം എഴുതുന്നവര്‍ക്കായിരുന്നു ഏറെ ഡിമാന്‍ഡ്. ആ അര്‍ത്ഥത്തില്‍ സുനീത് ചോപ്രയെപ്പോലുള്ളവര്‍ക്ക് എല്ലാ പ്രദര്‍ശനങ്ങളിലേയ്ക്കും സവിശേഷമായ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, എല്ലാവരേയും കടത്തിവെട്ടിക്കൊണ്ടു അന്ന് ഡല്‍ഹിയില്‍ ഒരു കലാവിമര്‍ശകനായി മുന്നിട്ടുനിന്നത് എം. രാമചന്ദ്രനായിരുന്നു. കേരളത്തില്‍ വെച്ച് കലാപീഠത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും കവിതാ സായാഹ്നങ്ങളിലൂടെയും രംഗത്തുവന്ന രാമചന്ദ്രന്‍ ബറോഡയില്‍നിന്നു കലാചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഭാഷാവിജ്ഞാനീയത്തില്‍ എം.ഫില്‍ ചെയ്യുകയും ചെയ്യുന്ന സമയത്തായിരുന്നു അദ്ദേഹം ഡല്‍ഹിയിലെ പ്രചാരം സിദ്ധിച്ച പത്രങ്ങളില്‍ ഒന്നായ ദി സ്റ്റേറ്റ്സ്മാനില്‍ 'കള്‍ച്ചര്‍ വള്‍ച്ചര്‍' എന്ന പേരില്‍ ഒരു കലാവിമര്‍ശന കോളം എഴുതിത്തുടങ്ങുന്നത്. എല്ലാ ആഴ്ചയും അരപ്പുറം ഇടം ആ കോളത്തിനു ലഭിച്ചിരുന്നു.

സദാനന്ദ മേനോന്‍
സദാനന്ദ മേനോന്‍

രാമചന്ദ്രന്റെ കോളത്തില്‍ രണ്ടു വരിയെങ്കിലും പരാമര്‍ശം നേടാന്‍ കലാകാരന്മാര്‍ കാത്തിരുന്നു. പ്രദര്‍ശനങ്ങള്‍ കാണാന്‍ പോകുന്നതിനു രാമചന്ദ്രനു ഗാലറികള്‍ കാര്‍ അയച്ചുകൊടുത്തിരുന്നു. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് രാമചന്ദ്രനു കേന്ദ്ര ലളിതകലാ അക്കാദമിയില്‍ പ്രോഗ്രാം സെക്രട്ടറിയായി ജോലി ലഭിക്കുന്നത്. ജോലി കിട്ടിയശേഷം അദ്ദേഹത്തിനു കോളമെഴുത്ത് തുടരാന്‍ കഴിഞ്ഞില്ല. ജോലിസ്ഥലത്തുണ്ടായ കളികള്‍ അദ്ദേഹത്തെ ലഖ്നോവിലേയ്ക്കും തുടര്‍ന്ന് ഐ.സി.സി.ആര്‍ ഡപ്യൂട്ടേഷനില്‍ ശ്രീലങ്കയിലെ കൊളംബോയിലേയ്ക്കും സ്ഥലം മാറ്റി. ജോലിയില്‍ മടുപ്പുതോന്നിയ രാമചന്ദ്രന്‍ ഇടക്കാലത്ത് ചിത്ര രചനയിലേയ്ക്കു തിരിഞ്ഞു എങ്കിലും അദ്ദേഹം വലിയ പ്രദര്‍ശനങ്ങള്‍ നടത്താന്‍ മുതിര്‍ന്നില്ല. ജോലിയില്‍നിന്നു സ്വയം വിരമിച്ച രാമചന്ദ്രന്‍ ഇപ്പോള്‍ എറണാകുളത്ത് എഴുത്തും വരയുമായി സാംസ്‌കാരിക പ്രവര്‍ത്തനം തുടരുന്നു.

വിവാന്‍ സുന്ദരം
വിവാന്‍ സുന്ദരം

കലാവിമര്‍ശകനായി ഞാന്‍ പ്രവേശിച്ച ഭൂമിക ഇതായിരുന്നു. ബറോഡയില്‍നിന്നു വന്നാല്‍ എല്ലാവരും ചെന്നു മുഖം കാണിക്കേണ്ട ഒരിടമുണ്ട്. അത് വിവാന്‍ സുന്ദരത്തിന്റേയും ഗീതാ കപൂറിന്റേയും വസതിയാണ്. ഇന്ത്യന്‍ ഉത്തരാധുനിക കലയുടേയും കലാചരിത്രത്തിന്റേയും അടങ്കല്‍ എടുത്തു ചെയ്യുന്ന ദമ്പതികളാണവര്‍. ഈ അവസരത്തിലാണ് ഹിന്ദു ബിസിനസ്സ് ലൈന്‍ പത്രത്തില്‍ ഞാന്‍ എഴുതിത്തുടങ്ങുന്നത്. ഔട്ട്ലുക്കില്‍ പത്രപ്രവര്‍ത്തകനായ അജിത് പിള്ളയുടെ ഭാര്യ പ്രീതി മെഹ്‌റയായിരുന്നു ഹിന്ദു ബിസിനസ് ലൈനിന്റെ ആര്‍ട്ട് പേജ് എഡിറ്റര്‍. ലൈഫ് എന്നായിരുന്നു ആ വിഭാഗത്തിന്റെ പേര്. താടി, മുടി, ബീഡി എന്ന കോമ്പിനേഷന്‍ പ്രീതി മെഹ്‌റയ്ക്ക് നന്നേ പിടിച്ചു. കാമ്പസില്‍ റിബല്‍ ജീവിതം നയിച്ച ഒരു സ്ത്രീയായിരുന്നു അവര്‍. എന്റെ എഴുത്തിനെ ശരിക്കും ചിന്തേരിട്ടെടുത്തത് പ്രീതി മെഹ്‌റയാണെന്നു ഞാന്‍ ഓര്‍ക്കുന്നു. ഒരു വാചകത്തിന്റെ ഘടന അങ്ങനെയല്ല ഇങ്ങനെയാണ് എന്നു പറഞ്ഞുകൊണ്ട് ഒരു വരിയൊക്കെ മൊത്തത്തില്‍ തിരുത്തുന്നതു കണ്ടു ഞാന്‍ അവരുമായി പിണങ്ങിയിട്ടുണ്ട്. ഹിന്ദു ബിസിനസ് ലൈനിലെ കോളം എനിക്ക് ഡല്‍ഹിയിലും പുറത്തും ദൃശ്യത നല്‍കി. എഴുതാന്‍ കൂടുതല്‍ അവസരങ്ങള്‍ വന്നു തുടങ്ങി.

ഒറ്റമുറിയിലിരുന്നു ടൈപ്പ്‌റൈറ്ററില്‍ ലേഖനങ്ങള്‍ എഴുതിക്കൂട്ടുകയും പത്രമോഫീസുകള്‍ തോറും കൊണ്ട് കൊടുക്കുകയും ചെയ്യുന്ന പണി തുടര്‍ന്നു. ജീവിതത്തില്‍ പുതിയ ആളുകള്‍ വന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് ഉണ്ണിയേട്ടന്‍ എന്ന് ഞാന്‍ വിളിക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയെ പരിചയപ്പെടുന്നത്. കലാകാരനായ ഒരു സുഹൃത്താണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്. ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഓഫീസിലായിരുന്നു അദ്ദേഹത്തിന്റെ ക്യാബിന്‍. ലൈബ്രറിയില്‍ കുറേ നേരം ഇരുന്നുകഴിഞ്ഞാല്‍ ഞാന്‍ അവിടെ ചെല്ലും. ഉണ്ണിയേട്ടന്‍ കാര്‍ട്ടൂണ്‍ വരയ്ക്കുകയോ വായിക്കുകയോ ചെയ്യുകയാവും. വില്‍സ് സിഗരറ്റാണ് വലിക്കുക. ആ ക്യാബിനില്‍ ചെല്ലുമ്പോഴാണ് വില്‍സ് വലിക്കാന്‍ അവസരം കിട്ടുന്നത്. ചിലപ്പോള്‍ എഡിറ്റോറിയല്‍ മീറ്റിങ്ങിനായി ഉണ്ണിയേട്ടന്‍ അപ്രത്യക്ഷനാകും. പിന്നെ വന്നാല്‍ ക്യാബിനില്‍ ഇരിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്യും. അതുകഴിഞ്ഞാല്‍, ഒരു അഞ്ചുമിനിറ്റ് പവര്‍ നാപ്-അതായത് ചെറിയൊരു ഉറക്കം. ഉറങ്ങിയെഴുന്നേറ്റാല്‍ ഉണ്ണിയേട്ടന്‍ കര്‍മ്മനിരതനാകും. ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ ഉണ്ണിയേട്ടന്‍ തന്റെ കാര്‍ട്ടൂണിന്റെ ഒറിജിനല്‍ എഡിറ്റോറിയലിലേയ്ക്കു കൊടുത്തുവിട്ടു കഴിയും. അങ്ങനെ എത്രയോ കാര്‍ട്ടൂണുകള്‍ ചെയ്യുന്നത് ഞാന്‍ തൊട്ടടുത്തിരുന്ന കണ്ടിരിക്കുന്നു. അദ്ദേഹത്തിനൊരു ഫിയറ്റ് കാറുണ്ട്. അതില്‍ അദ്ദേഹം എന്നെ ഓള്‍ഡ് രാജേന്ദ്ര നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോകും. യാത്രയിലുടനീളം അദ്ദേഹം പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കും. വീട്ടിലൊരു ലൈബ്രറിയുണ്ട്. അവിടെ ധാരാളം പുസ്തകങ്ങളും. ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ വര്‍ക്കുകള്‍ അവയുടെ സവിശേഷതകള്‍ ഒക്കെ അദ്ദേഹം എനിക്കു വിവരിച്ചു തന്നിരുന്നു. കൂടാതെ ഗ്രാഫിക് നോവല്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ചു മറ്റാരേക്കാളും മുന്‍പേ സംസാരിച്ചിരുന്നത് അദ്ദേഹമാണ്. അദ്ദേഹം അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും, ആര്‍ട്ട് സ്പീഗല്‍മാന്റെ മൗസ് തുടങ്ങിയ വര്‍ക്കുകള്‍ ഉദാഹരണമാക്കി സംസാരിക്കും. ചില വാരാന്ത്യങ്ങളില്‍ ഉണ്ണിയേട്ടന്റെ വീട്ടില്‍ത്തന്നെ കിടന്നുറങ്ങും. രാജേന്ദ്ര നഗറിലെ ആര്യസമാജ മന്ദിരത്തില്‍വെച്ച് നടന്ന എന്റെ വിവാഹത്തിനു പിതൃസ്ഥാനത്തു നിന്ന് ഒപ്പിട്ടത്  അദ്ദേഹമാണ്. 

1996 ഒടുവിലാകണം കേരളത്തിലെ സാംസ്‌കാരികരംഗത്ത് ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റം ഉണ്ടായി. അത് അപ്രതീക്ഷിതമായിരുന്നു. എസ്. ജയചന്ദ്രന്‍ നായര്‍ കലാകൗമുദി വിടുന്നു  എന്നതായിരുന്നു ആ സംഭവം. എസ്. ജയചന്ദ്രന്‍ നായര്‍, എം.എസ്. മണി, എന്‍.ആര്‍.എസ്. ബാബു എന്നിങ്ങനെയുള്ള പേരുകള്‍ സുപരിചിതമായിരുന്നു. കലാകൗമുദിയുടെ എഡിറ്റര്‍ എന്ന നിലയില്‍ എസ്. ജയചന്ദ്രന്‍ നായര്‍ സര്‍വ്വാദരണീയനായിരുന്നു. ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ജയചന്ദ്രന്‍ സാര്‍ മുന്നോട്ടു കൊണ്ടുവന്ന പത്രപ്രവര്‍ത്തകനായിരുന്നു വിജു വി. നായര്‍. കോളേജ് വിദ്യാര്‍ത്ഥികളായ സജീവ്, ഉണ്ണി ബാലകൃഷ്ണന്‍, വേണു ബാലകൃഷ്ണന്‍, പി.എം. ബിനുകുമാര്‍, സുധീര്‍, പരമേശ്വരന്‍ പുറത്തുനിന്ന് എം.സി.എ. രാജനാരായണന്‍ തുടങ്ങി അനേകം പ്രതിഭാധനരായ എഴുത്തുകാരേയും പത്രപ്രവര്‍ത്തകരേയും സാര്‍ മുന്നോട്ടു കൊണ്ടുവന്നു. നമ്പൂതിരിയുടെ വരയും പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലവും തുടങ്ങി വിഭവസമൃദ്ധമായിരുന്നു കലാകൗമുദി. 


ജയചന്ദ്രന്‍ സാര്‍ ഒരു പുതിയ പ്രസിദ്ധീകരണം തുടങ്ങുന്നു എന്നു കേട്ടു. പക്ഷേ, ജയചന്ദ്രന്‍ സാര്‍ പോയാല്‍ നമ്പൂതിരിയും കൃഷ്ണന്‍ നായരും കലാകൗമുദിയില്‍ തുടരുമോ എന്നുള്ള അഭ്യൂഹം ധാരാളം ഉണ്ടായി. അങ്ങനെയിരിക്കെ, 1997 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ഒരു പുതിയ വാരിക പുറത്തിറങ്ങി. 'സമകാലിക മലയാളം വാരിക.' പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍. 
ഒപ്പം ഹെവി വെയ്റ്റുകളായ നമ്പൂതിരിയും കൃഷ്ണന്‍ നായരും. കലാകൗമുദിയുടെ വായനക്കാര്‍ മലയാളത്തിലേയ്ക്കു മാറാന്‍ പോന്ന ഒരു ഫോര്‍മുല അതിലുണ്ടായിരുന്നു. ഡല്‍ഹിയില്‍നിന്ന് എഴുതുന്നത് ജോണ്‍ ബ്രിട്ടാസ്. പിന്നെ ശബരീനാഥന്‍. ബ്രിട്ടാസ് അന്ന് ദേശാഭിമാനിയിലാണ്. പക്ഷേ, മലയാളം വാരികയ്ക്ക് അറിയപ്പെടുന്ന ആളുകള്‍ അതിലുണ്ടെന്നു സ്ഥാപിക്കേണ്ടത് ആവശ്യമായിരുന്നു. ഉണ്ണിയേട്ടന്റെ ക്യാബിനില്‍ വെച്ച് മലയാളം വാരിക ഞാന്‍ കാണാന്‍ തുടങ്ങി. 

ഒരു ദിവസം ഉണ്ണിയേട്ടന്റെ ക്യാബിനില്‍ ചെല്ലുമ്പോള്‍ ഉണ്ണിയേട്ടന്‍ പറഞ്ഞു: ''ആ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ജയചന്ദ്രന്‍ സാര്‍ വിളിക്കും.'' ഉടനടി ഉണ്ണിയേട്ടന്‍ ഫോണ്‍ കറക്കി ആരോടോ എന്തോ പറഞ്ഞു. അല്പം കഴിഞ്ഞ് ഉണ്ണിയേട്ടന്റെ മുറിയിലെ ഫോണ്‍ ബെല്ലടിച്ചു. ഹലോ പറഞ്ഞ ശേഷം, യാതൊരു ഭാവഭേദവും കൂടാതെ ഉണ്ണിയേട്ടന്‍ എനിക്കു ഫോണ്‍ നീട്ടി പറഞ്ഞു: ''ജയചന്ദ്രന്‍ സാറാണ്, സംസാരിക്കൂ.'' ഞാന്‍ ഞെട്ടി. മറുതലയ്ക്കല്‍ സാറിന്റെ ശബ്ദം, ''ജാണി.'' (സാര്‍ എന്നെ ജോണി എന്നു വിളിച്ചിട്ടില്ല). ''അതെ സാര്‍'', ഞാന്‍ പറഞ്ഞു. ''നമുക്ക് ഡല്‍ഹിയില്‍ നിന്നെഴുതാന്‍ ഒരാള്‍ വേണം. ഉണ്ണി ജാണിയെക്കുറിച്ച് പറഞ്ഞു. എഴുതിത്തുടങ്ങുക. ആദ്യത്തെ ലേഖനം നമ്മുടെ ചിത്രകാരന്‍ രാമചന്ദ്രനെക്കുറിച്ചുതന്നെയാകട്ടെ.'' അത്രയേ ഉണ്ടായിരുന്നുള്ളൂ സംസാരം. എ. രാമചന്ദ്രനുമായുള്ള ബന്ധം തുടങ്ങുന്നതും അങ്ങനെയാണ്. എ. രാമചന്ദ്രനെക്കുറിച്ചുള്ള ലേഖനം വളരെ പ്രാധാന്യത്തോടെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നു. താമസിയാതെ ഞാന്‍ രാഷ്ട്രീയലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. എന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്ക് ഒരു ദിശാബോധം തന്നത് ഉണ്ണിയേട്ടനായിരുന്നു. പക്ഷേ, ഏറ്റവും വലിയ തമാശ എന്നത്, ഞാന്‍ മലയാളം വാരികയുടെ ഡല്‍ഹി ലേഖകനായി മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയചന്ദ്രന്‍ സാറിനെ നേരിട്ട് കാണുന്നത്. കലൂരില്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ബില്‍ഡിങ്ങില്‍ മലയാളം വാരികയുടെ ഓഫീസില്‍ ഞാന്‍ ചെന്നു. സാറിന്റെ മുറി ആരോ കൊണ്ടുചെന്നു കാണിച്ചുതന്നു. ഭയത്തോടെ ഞാന്‍ അകത്തു പ്രവേശിച്ചു. മുറിയുടെ അങ്ങേയറ്റത്ത് വലിയൊരു മേശയ്ക്കു പിറകില്‍ കടലാസുകളുടേയും പുസ്തകങ്ങളുടേയും കെട്ടുകള്‍ക്കു പിന്നില്‍ ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യന്‍. സമൃദ്ധമായ വെളുത്ത താടി വെട്ടിയൊതുക്കിവെച്ചിരിക്കുന്നു. കണ്ണടയ്ക്കു പിന്നില്‍ ബുദ്ധി തിളങ്ങുന്ന കണ്ണുകള്‍. വെളുത്ത മുടി. അദ്ദേഹം മുഖമുയര്‍ത്തി എന്നെ ചോദ്യരൂപത്തില്‍ നോക്കി. 

''സാര്‍ ഞാന്‍ ജോണി എം.എല്‍''-ഞാന്‍ പറഞ്ഞു. 
''അതിനു ഞാനെന്തു വേണം?'' അദ്ദേഹം അലക്ഷ്യമായി മറുപടി പറഞ്ഞു. ഞാന്‍ നിന്നു വിയര്‍ത്തു. പെട്ടെന്നു സാര്‍ പൊട്ടിച്ചിരിച്ചു. ''വരൂ, വരൂ, ഇരിക്ക് ജാണി...'' എന്നു പറഞ്ഞു തുടങ്ങിയ ആ സംഭാഷണം, അന്നു രാത്രി അത്താഴം കഴിയുന്നതുവരെ നീണ്ടു എന്നു പറഞ്ഞാല്‍ അതിശയിക്കേണ്ട. ജയചന്ദ്രന്‍ സാര്‍ എന്നെ ഒരു മകനെപ്പോലെ കാണുകയും എന്റെ രാഷ്ട്രീയ, കലാ, സാംസ്‌കാരിക ലേഖനങ്ങളെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ട് എനിക്ക് മലയാള ഭാഷാ പ്രസിദ്ധീകരണവേദിയില്‍ ഒരു ഇടം നേടിത്തരികയും ചെയ്തു.

മലയാളം വാരികയില്‍ ഒരു കോണ്‍ട്രാക്ട് സ്റ്റാഫ് ലേഖകനായി ചേര്‍ന്നതോടെ ഡല്‍ഹിയിലെ മലയാളി സമൂഹത്തിലേയ്ക്കും ഒരു വാതില്‍ എനിക്ക് തുറന്നുകിട്ടി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഓഫീസ് അന്ന് ജംഗ്പുര എന്നൊരു സ്ഥലത്താണ്. അവിടെ എനിക്കായി ഒരു കംപ്യൂട്ടറും മറ്റു സൗകര്യങ്ങളും ഒരുക്കി. പക്ഷേ, ഒരു പ്രശ്‌നം എന്നത് അത് ഒരു മാര്‍ക്കറ്റിങ് ഓഫീസ് ആയിരുന്നു. കൂടാതെ അവിടെയിരുന്നാല്‍ മറ്റു പത്രപ്രവര്‍ത്തകരുമായുള്ള ബന്ധമൊന്നും സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല. അപ്പോഴാണ് ജയചന്ദ്രന്‍ സാര്‍ തന്നെ അതിനൊരു പരിഹാരം കണ്ടെത്തുന്നത്. ഡല്‍ഹിയിലെ ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ കേരളകൗമുദിയുടെ ഓഫീസുണ്ട്. അവിടെ പോയി നരേന്ദ്രന്‍ സാറിനെ കാണുക. ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ 1996-ല്‍ ഒരു പ്രാവശ്യം ഒരു കലാകാരനോടൊപ്പം പോയിട്ടുണ്ട് എന്നതൊഴിച്ചാല്‍ പിന്നെ ആ പരിസരത്തു പോകേണ്ട ആവശ്യം വന്നിട്ടില്ല. പ്രശസ്തമായ പ്രസ്സ് ക്ലബ്ബ്, ഐഫാക്‌സ് ഗാലറി എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. പ്രസ്സ് ക്ലബ്ബില്‍ ഉണ്ണിയേട്ടനാണ് കൊണ്ടുപോയിരുന്നത്. ഐ.എന്‍.എസ് ബില്‍ഡിങ്ങിലാണ് എല്ലാ മലയാള പത്രങ്ങളുടേയും ഡല്‍ഹി ഓഫീസ്. തൊട്ടപ്പുറത്ത് പാര്‍ലമെന്റ് റോഡില്‍ ആകാശവാണിയും റിസര്‍വ്വ് ബാങ്കും. മുന്നില്‍ വി.പി. ഹൗസ്. ബ്രിട്ടാസ് താമസിച്ചിരുന്നതും വി.പി. ഹൗസില്‍ ദേശാഭിമാനിയുടെ ഓഫീസിനു ചേര്‍ന്നുള്ള ഒരു വീട്ടിലായിരുന്നു. സഹമത്തിന്റെ ഓഫീസും വി.പി. ഹൗസിലാണ്.

ഐ.എന്‍.എസ് ബില്‍ഡിങ്ങിലേക്കുള്ള പ്രവേശനം ഡല്‍ഹി ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടത്തിന്റെ തുടക്കമായിരുന്നു.
ഐ.എന്‍.എസ് ബില്‍ഡിങ്ങിന്റെ രണ്ടാമത്തെ നിലയില്‍ ഏറ്റവും പിന്നിലെ മൂലയിലാണ് കേരള കൗമുദിയുടെ ഓഫീസ്. ഒരു വലിയ മുറി, തൊട്ടു പിന്നില്‍ ഒരു ചെറിയ മുറി. ഒരു അറ്റാച്ച്ഡ് ബാത്ത്‌റൂമും. ആദ്യമായി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ശങ്കര്‍ എന്നു പേരുള്ള ഒരാളായിരുന്നു വാര്‍ത്തകള്‍ ശേഖരിച്ചിരുന്നതും എഴുതിയിരുന്നതും. എന്നാല്‍, കേരളകൗമുദിയുടെ ഡല്‍ഹി ഓഫീസ് എന്നു പറഞ്ഞാല്‍ അത് നരേന്ദ്രന്‍ സാര്‍ ആയിരുന്നു. കേരളത്തില്‍ വെച്ചുതന്നെ സ്‌കൂള്‍ കാലത്തിലേ ഹൃദിസ്ഥമാക്കിയ ബൈലൈനുകളില്‍ ഒന്നായിരുന്നു നരേന്ദ്രന്‍, ന്യൂ ഡല്‍ഹി എന്നത്. ചിത്രത്തില്‍ കണ്ടതുപോലെതന്നെ ഗൗരവമുള്ള മുഖത്തോടുകൂടിയ ഒരു മനുഷ്യന്‍. പാന്റ്സും ഷര്‍ട്ടും വേഷം. നിരന്തരം ഫോര്‍ സ്‌ക്വയര്‍ എന്ന ബ്രാന്‍ഡ് സിഗരറ്റ് വലിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ ഒരു പുരാതന ഗോദ്‌റെജ് ടൈപ്പ്‌റൈറ്റര്‍ ഉണ്ടായിരുന്നു. ജയചന്ദ്രന്‍ നായര്‍ സാര്‍ പറഞ്ഞയച്ചതാണെന്നു പറഞ്ഞപ്പോള്‍ത്തന്നെ സാര്‍ തിരിച്ചറിഞ്ഞു. ''ജാണി വരൂ'', നരേന്ദ്രന്‍ സാര്‍ പറഞ്ഞു. സാറും ജാണി എന്നാണ് എന്റെ പേര് പറയുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു തലമുറയുടെ ഉച്ചാരണരീതിയാണത്. അന്നു മുതല്‍ എനിക്ക് ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ ഇരിക്കാന്‍ ഒരു ഇടമുണ്ടായി; നരേന്ദ്രന്‍ സാറിന്റെ മുറി.

എസ് ജയചന്ദ്രന്‍ നായര്‍
എസ് ജയചന്ദ്രന്‍ നായര്‍


പഴയകാല പത്രപ്രവര്‍ത്തനത്തിന്റെ രീതികളെക്കുറിച്ചുള്ള കഥകള്‍ ഒക്കെ നരേന്ദ്രന്‍ സാര്‍ പറഞ്ഞുതരും. ഡല്‍ഹിയുടെ പത്രപ്രവര്‍ത്തകരുടെ പഴമയിലേയ്ക്കു ഞാന്‍ ആ കഥകളിലൂടെ സഞ്ചരിച്ചു. നരേന്ദ്രന്‍ സാര്‍ അധികം വാര്‍ത്തകള്‍ ഒന്നും എഴുതിയിരുന്നില്ല. പക്ഷേ, കുറേ നേരം ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി സാര്‍ തന്റെ ടൈപ്പ്‌റൈറ്ററില്‍ എന്തൊക്കെയോ എഴുതും. എന്നിട്ട് ആ പേപ്പര്‍ എടുത്തു ഒരു കവറില്‍ ഇട്ടു മേശവലിപ്പിനുള്ളില്‍ വെയ്ക്കും. ഉച്ചയോടെ ഒരു മനുഷ്യന്‍ വരും. അയാള്‍ ആ കവര്‍ വാങ്ങിക്കൊണ്ടുപോകും. ഈ കൈമാറ്റമെല്ലാം പരിപൂര്‍ണ്ണ നിശ്ശബ്ദതയിലാണ് നടന്നുകൊണ്ടിരുന്നത്. ആ കൊടുക്കല്‍വാങ്ങല്‍ എന്താണെന്നു ഞാന്‍ അന്വേഷിച്ചില്ല; അതേക്കുറിച്ചു ചില കഥകളൊക്കെ കേട്ടു. പക്ഷേ, അതൊന്നും വിശ്വസനീയമായി തോന്നിയില്ല. നരേന്ദ്രന്‍ സാറിനെ കാണുമ്പോഴൊക്കെ ഒരു മാര്‍ക്കെസിയന്‍ കഥാപാത്രമായാണ് എനിക്ക് തോന്നിയിരുന്നത്. ജോലിയില്‍നിന്നു വിരമിച്ചിട്ടും അതേ കസേരയില്‍ എന്നും വന്നിരിക്കുകയും എന്തോ നിഗൂഢമായ ഒരു സംഗതി എന്നും എഴുതുകയും ചെയ്യുന്ന ഒരു മനുഷ്യന്‍. സാര്‍ ആരെയും ഒന്നും ഉപദേശിച്ചിരുന്നില്ല. എന്നാല്‍, ഗൗരവമേറിയ ആ മുഖത്തിനു പിന്നില്‍ നന്നായി ചിരിക്കാനറിയാവുന്ന ഒരാള്‍ ഉണ്ടായിരുന്നതു ഞാന്‍ തിരിച്ചറിഞ്ഞു.

ഇപി ഉണ്ണി
ഇപി ഉണ്ണി

എന്നെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തനത്തിന്റെ ചെറിയൊരു ക്ലാസ്സ് മുറിയായിരുന്നു കേരളകൗമുദിയുടെ ഓഫീസ്. തൊട്ടടുത്താണ് മനോരമയും ദീപികയും മാതൃഭൂമിയും മാധ്യമവും എല്ലാം. അവിടെയുള്ള എല്ലാ പത്രപ്രവര്‍ത്തകരും നരേന്ദ്രന്‍ സാറിനെ കാണാന്‍ എന്നും എത്തിയിരുന്നു. കുറേ നേരം അവര്‍ അവിടെ ഇരുന്നു എന്തെങ്കിലും കഥകള്‍ ഒക്കെ പറയും. മിക്കവാറും എനിക്കു കോഡുഭാഷയായി തോന്നിയ ചില കാര്യങ്ങള്‍ അവര്‍ സംസാരിക്കും. ക്രമേണ അവയൊക്കെ ഡീകോഡ് ചെയ്യാന്‍ ഞാനും പഠിച്ചു. മനോരമയില്‍നിന്ന് ഡി. വിജയമോഹന്‍, ദി വീക്കിലുള്ള ആര്‍. പ്രസന്നന്‍, മാതൃഭൂമിയിലെ എന്‍. അശോകന്‍ മാധ്യമത്തിലെ എം.സി.എ. നാസര്‍, മംഗളത്തിലെ ഗോപീകൃഷ്ണന്‍, ദീപികയിലെ മില്‍ട്ടണ്‍ ഫ്രാന്‍സിസ്-ഒരുപാട് പേരെ പരിചയപ്പെട്ടു. പിന്നെ അവരെല്ലാം സുഹൃത്തുക്കളുമായി. ചിലരോടൊപ്പം സഹ പത്രപ്രവര്‍ത്തനവും നടത്താന്‍ കഴിഞ്ഞു. അതേക്കുറിച്ചു പിന്നാലെ എഴുതാം.

വികെ മാധവന്‍കുട്ടി
വികെ മാധവന്‍കുട്ടി

കേരള കൗമുദിയില്‍ തിരുവനന്തപുരത്തുനിന്ന് മജ്‌നു ബാബു വന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി കിട്ടി അവിടെനിന്നു മാറി. തുടര്‍ന്നു വന്നത് ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള ശരത്ലാല്‍ എന്നൊരു യുവാവായിരുന്നു. ശബ്ദംകൊണ്ട് എല്ലാവരേയും തോല്‍പ്പിച്ചുകൊണ്ട് ശരത്ലാല്‍ അവിടെ കുറച്ചുനാള്‍ തുടര്‍ന്നു. പിന്നെ വന്നത് വളരെ ഡൈനാമിക്കായ ശൈലി വ്യക്തിജീവിതത്തിലും എഴുത്തിലും കാട്ടിയ കിരണ്‍ ബാബു ആയിരുന്നു. കോളേജ് യൂണിയന്‍ ലീഡര്‍ ഒക്കെയായിരുന്നതിന്റെ ഗുണം കിരണ്‍ ബാബുവില്‍ കാണാമായിരുന്നു. ഡല്‍ഹിയിലെ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍നിന്നു മികച്ച ഒരു പത്രപ്രവര്‍ത്തകനായി കിരണ്‍ ബാബു വളരുന്നത് അടുത്തും അകലെയും നിന്ന് എനിക്കു കാണാന്‍ കഴിഞ്ഞു. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഉണ്ട്.

മലയാളത്തിലെ ടെലിവിഷന്‍ ജേണലിസം വി.കെ. മാധവന്‍കുട്ടി ശൈലിയില്‍നിന്നു പുറത്തു കടക്കാന്‍ ശ്രമിക്കുന്ന കാലമായിരുന്നു. ഒരു ഓമ്നി വാനും ഉണ്ണി ബാലകൃഷ്ണനും ആയിരുന്നു ഏഷ്യാനെറ്റിന്റെ ജീവന്‍. വി.കെ. മാധവന്‍കുട്ടി ഡല്‍ഹി മലയാളി ജീവിതത്തിന്റെ ഉപ്പായിരുന്നു. അങ്ങനെ ഉപ്പായി തുടര്‍ന്ന മറ്റൊരാളായിരുന്നു ജോസഫ് ഇടമറുക്. ഇപ്പോഴും തുടരുന്ന ആളാണ്. പ്രൊഫ. ഓംചേരി, എന്‍.എന്‍. പിള്ള-അവരെക്കുറിച്ചു മറ്റൊരിടത്തു പറയാം. വി.കെ. മാധവന്‍ കുട്ടിയെ ഉണ്ണിയേട്ടന്‍ പരിചയപ്പെടുത്തിയെങ്കിലും കൂടുതല്‍ അടുത്ത് പരിചയപ്പെടാന്‍ ഇടയായത് നരേന്ദ്രന്‍ സാറിന്റെ ഓഫീസ് മുറിയില്‍ വെച്ചായിരുന്നു. തികഞ്ഞ വള്ളുവനാടന്‍ ശൈലിയില്‍ സംസാരം. ചിലപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു തോന്നും. തികച്ചും ഔദ്യോഗികമായ വസ്ത്രധാരണ ശൈലി. മുളകൂഷ്യം എന്നൊരു കറിയാണ് അദ്ദേഹത്തിനു പ്രിയം എന്ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചുതന്നെ ഞാന്‍ കേട്ടു. പക്ഷേ, മാധവന്‍കുട്ടി സാര്‍ വലിയൊരു പത്രപ്രവര്‍ത്തകന്‍ ആയതിനെക്കുറിച്ചുള്ള ഒരു കഥ ഡല്‍ഹിയില്‍ കറങ്ങിനടപ്പുണ്ട്. നാലപ്പാട്ട് നാരായണമേനോന്‍ മാതൃഭൂമിയുടെ പത്രാധിപര്‍ ആയിരുന്ന കാലം. ഡല്‍ഹിയില്‍ രണ്ടു മാധവന്മാരുണ്ട്. ഒരിക്കല്‍, ഡല്‍ഹി സന്ദര്‍ശനവേളയില്‍ രണ്ടുപേരെയും മുറിയില്‍ വിളിച്ചു മേനോന്‍ ചോദിച്ചു, നിങ്ങളില്‍ ആര്‍ക്കാണ് ടെക്നിക്കല്‍ നോളജ് ഉള്ളത്. മാധവന്മാര്‍ പരസ്പരം നോക്കി. ഒരു മാധവന്‍ പറഞ്ഞു, എനിക്കറിയാം. എനിക്കു സൈക്കിള്‍ ചവിട്ടാന്‍ അറിയാം. മറ്റേ മാധവന്‍ മാനത്ത് നോക്കി, കാരണം അയാള്‍ക്കു സാങ്കേതിക വിദ്യാഭ്യാസം ഇല്ല. ശരി, മേനോന്‍ പറഞ്ഞു. സൈക്കിള്‍ ചവിട്ടുന്ന മാധവന്‍ എന്നും പാര്‍ലമെന്റില്‍ പോയി അവിടത്തെ പ്രസ്സ് ഓഫിസില്‍നിന്നു വാര്‍ത്ത എടുത്തുകൊണ്ട് വരണം. ഈ മാധവന്‍ അതൊക്കെ മലയാളത്തില്‍ എഴുതിത്തരും, എന്നിട്ടു കൊണ്ടുപോയി ടെലിപ്രിന്റര്‍ വഴി കോഴിക്കോട്ട് അയക്കണം. ടെക്നിക്കല്‍ നോളജ് ഇല്ലാത്ത മാധവന്‍ ഓഫിസില്‍ ഇരുന്നാല്‍ മതി. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസില്‍ ഇരുന്ന മാധവന്‍ പില്‍ക്കാലത്ത് മാധവന്‍കുട്ടി എന്ന പത്രപ്രവര്‍ത്തകന്‍ ആയി, സൈക്കിള്‍ ചവിട്ടുന്ന മാധവന്‍ എല്ലാവരുടേയും മാധവേട്ടനായി പ്യൂണ്‍ തസ്തികയില്‍നിന്നു തൊണ്ണൂറുകളുടെ ഒടുവില്‍ പിരിഞ്ഞു. ഇതു കഥയോ കാര്യമോ; പക്ഷേ, അതിലൊരു സത്യമുണ്ടെന്നു തോന്നി.

സരോജിനി മാര്‍ക്കറ്റ്
സരോജിനി മാര്‍ക്കറ്റ്

നരേന്ദ്രന്‍ സാറിന്റെ മുറിയില്‍വെച്ച് കണ്ടുമുട്ടിയ മറ്റൊരാള്‍ എന്റെ ജീവിതത്തേയും കുറേക്കാലം രാജ്യത്തിന്റെ പൊതുജീവിതത്തേയും മാറ്റിമറിച്ചു. ഡല്‍ഹിയില്‍ വ്യവസായിയായ രാജന്‍ സ്‌കറിയ എന്ന വ്യക്തിയുടെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ എന്ന തസ്തികയിലുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു ദിവസം നരേന്ദ്രന്‍ സാറിന്റെ മുറിയില്‍ വന്നു. അവരുടെ സംഭാഷണം കേട്ടപ്പോള്‍ ആ യുവാവ് അവിടെ നിരന്തരം വരുന്ന ആളാണെന്നു തോന്നി. നരേന്ദ്രന്‍ സാര്‍ എനിക്ക് ആളിനെ പരിചയപ്പെടുത്തി. രണ്ടാം ബി.ജെ.പി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ മാത്യു സാമുവല്‍!

തെഹല്‍ക്കയിലെ
പത്രപ്രവര്‍ത്തനം

ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്ന സ്വഭാവം മാത്യുവിന് ഉണ്ടായിരുന്നതിനാല്‍, തമ്മില്‍ കണ്ടില്ലെങ്കിലും മറ്റൊന്നും വിചാരിച്ചിരുന്നില്ല. 1999 ഒടുവില്‍ എന്റെ സാമ്പത്തികസ്ഥിതി വല്ലാതെ മോശമാവുകയും ഡല്‍ഹി ഉപേക്ഷിച്ചാലോ എന്ന ചിന്ത വരികയും ചെയ്തു. കിട്ടുന്ന വരുമാനം അന്തസ്സുള്ള ജീവിതം നയിക്കാന്‍ പോന്നതായിരുന്നില്ല എന്നതായിരുന്നു മനഃക്ലേശത്തിനു കാരണം. ഒരു ദിവസം ലളിതകലാ അക്കാദമിയുടെ പിന്നില്‍ ചായ കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു ഓമ്നി കാര്‍ വന്നുനിന്നു. അതില്‍നിന്ന് ഇറങ്ങിവന്നത് മാത്യു സാമുവല്‍ ആയിരുന്നു. മൊത്തത്തില്‍ ആളൊന്നു നന്നായിരിക്കുന്നു. ഡല്‍ഹി വിടുകയാണെന്നു ഞാന്‍ അവനോടു പറഞ്ഞു. അതിനുത്തരമായി മാത്യു എനിക്കൊരു ജോലിയാണ് ഓഫര്‍ ചെയ്തത്. തെഹെല്‍ക്കയില്‍.

ക്രിക്കറ്റ് കോഴ വിവാദമൊക്കെ തുറന്നുകാട്ടി ലോകശ്രദ്ധയില്‍നിന്ന ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായിരുന്നു തെഹെല്‍ക്ക.കോം. ഇന്ത്യയില്‍ ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനം അത്ര പച്ചപിടിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഗൂഗിള്‍ ഒന്നും വന്നിട്ടില്ല; അന്നത്തെ സേര്‍ച്ച് എന്‍ജിന്‍ എന്നു പറയുന്നത് ആസ്‌ക് ജീവ്സ് ആണ്. ഹോട്ട്‌മെയിലാണ് ഇ-മെയില്‍ സംവിധാനം. കംപ്യൂട്ടര്‍ സാക്ഷരതാ 20 ശതമാനം പോലും ആയിട്ടില്ല. ഡയല്‍ അപ്പ് നെറ്റ് വര്‍ക്കിംഗ് സിസ്റ്റം ആയിരുന്നു ഇന്റര്‍നെറ്റ് കണക്ഷന്. ബി.എസ്.എന്‍.എല്ലിനായിരുന്നു ഇക്കാര്യത്തില്‍ മേധാവിത്വം എങ്കിലും പിറ്റാര.കോം, റെഡിഫ്.കോം തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രദ്ധേയമായിത്തുടങ്ങിയിരിക്കുന്നു. തരുണ്‍ തേജ്പാല്‍, അദ്ദേഹത്തിന്റെ ഭാര്യ ഗീതന്‍ ബത്ര, ഇപ്പോള്‍ അനിരുദ്ധ് ബഹല്‍, മിന്റി തേജ്പാല്‍, സഫര്‍ ആഗ, പാര്‍സ വെങ്കിടേശ്വര റാവു ജൂനിയര്‍, ചാരു സോണി, ഷോമാ ചൗധരി തുടങ്ങിയവരായിരുന്നു തെഹെല്‍ക്കയുടെ സാരഥികള്‍. മാത്യു സാമുവല്‍ അവിടെ പത്രപ്രവര്‍ത്തകനായി എന്നത് എനിക്ക് അതിശയമായിരുന്നു, കാരണം മാത്യു ഇംഗ്ലീഷ് ഒന്നും അത്ര നന്നായി കൈകാര്യം ചെയ്ത ഒരാളായിരുന്നില്ല. പക്ഷേ, എന്തെങ്കിലും ഒരു കാരണമില്ലാതെ മാത്യുവിനെ അവിടെ ജോലിക്കെടുക്കില്ല എന്നറിയാമായിരുന്നു. തെഹെല്‍ക്കയില്‍ ഞാന്‍ സീനിയര്‍ കറസ്പോണ്ടന്റായി ചേരുകയും ഓഫീസില്‍ സ്ഥിരമായി പോവുകയും ചെയ്തു തുടങ്ങിയപ്പോഴാണ് മാത്യുവിന് അവിടെ ഒരു പ്രധാനപ്പെട്ട പദവിയുണ്ടെന്നു മനസ്സിലായത്. എങ്കിലും എന്തായിരുന്നു ആ പദവി എന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

കൊണാട്ട് പ്ലേസ്
കൊണാട്ട് പ്ലേസ്


സി.പി.ഐ, സമതാ പാര്‍ട്ടി എന്നിവയായിരുന്നു എനിക്കു നല്‍കപ്പെട്ട ബീറ്റുകള്‍. സമതാ പാര്‍ട്ടിയുടെ നേതാവായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്നു പ്രതിരോധമന്ത്രിയാണ്. അദ്ദേഹത്തിന്റെ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലുള്ള വീട്ടില്‍ ഗേറ്റോ സെക്യൂരിറ്റിയോ ഉണ്ടായിരുന്നില്ല. ഒരു പ്രതിരോധമന്ത്രിയുടെ വീട്ടില്‍ ആര്‍ക്കും എപ്പോഴും കടന്നുചെല്ലാം. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിത സഹയാത്രികയായ ജയാ ജെയ്റ്റിലിയെ ഞാന്‍ അല്ലാതെ തന്നെ നേരത്തെ പരിചയപ്പെട്ടിരുന്നു. ഇന്ത്യയിലെ കരകൗശല മേഖലയെ ഉത്തേജിപ്പിക്കാന്‍ ഒരു പ്രസ്ഥാനം രൂപീകരിക്കുകയും ഇന്ത്യയില്‍ കരകൗശലം ഉള്ള ഇടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു ഭൂപടം ഉണ്ടാക്കുകയും അവര്‍ ചെയ്തിരുന്നു. കൂടാതെ ദില്ലി ഹാട്ട് എന്ന പേരില്‍ കരകൗശലങ്ങള്‍ക്കായുള്ള ഒരു സ്ഥിരം കമ്പോളം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയും ഡല്‍ഹിയില്‍ ഐ.എന്‍.എ മാര്‍ക്കറ്റിനു എതിര്‍വശത്തായി സരോജിനി നഗര്‍ മാര്‍ക്കറ്റിനു ചേര്‍ന്നും, ഓള്‍ ഇന്‍ഡ്യാ മെഡിക്കല്‍ സയന്‍സിനും സഫ്ദര്‍ജംഗ് ആശുപത്രിക്കും അടുത്തായി അവര്‍ ആദ്യത്തെ ദില്ലി ഹാട്ട് സ്ഥാപിക്കുന്നതിനു മുന്‍കൈ എടുക്കുകയും ചെയ്തു. ഇന്ന് ഡല്‍ഹിയില്‍ മൂന്നോളം ദില്ലി ഹാട്ടുകള്‍ ഉണ്ട്. മലയാളം വാരികയില്‍ ഞാന്‍ ജയാ ജെയ്റ്റിലിയെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി ചെയ്തിരുന്നു. അതിനാല്‍ എനിക്കു പ്രതിരോധമന്ത്രിയുടെ വീട്ടിലുള്ള പ്രവേശനം കുറേക്കൂടി എളുപ്പമായി. അന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ആയിരുന്ന എ.ബി. ബര്‍ദന്‍, മറ്റൊരു നേതാവായിരുന്ന അതുല്‍ കുമാര്‍ അഞ്ജന്‍, ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ട ഡി. രാജ എന്നിവരുമായി എനിക്ക് അടുത്ത ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഒപ്പം ജനതാദളിലെ ചില നേതാക്കന്മാരുമായും എനിക്ക് സമ്പര്‍ക്കം ഉണ്ടായി.

തെഹെല്‍ക്കയില്‍ ജോലി ചെയ്തു തുടങ്ങിയ ശേഷം മാത്യുവിനെ കാണുന്നത് അപൂര്‍വ്വമായി. കാണുമ്പോള്‍ത്തന്നെ പഴയ സൗഹൃദം കാട്ടാന്‍ പറ്റാത്ത തരത്തില്‍ അയാള്‍ തിരക്കു പിടിച്ചു നടക്കുകയും എഡിറ്റര്‍മാരുമായി മാത്രം സംസാരിക്കുകയും ചെയ്തു. എന്നാല്‍, പൊടുന്നനെ ചില ദിവസങ്ങളില്‍ മാത്യു എന്നെ വന്നു വിളിക്കുകയും ചില സ്ഥലങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു. അപരിചിതരായ പലരേയും ഹോട്ടല്‍ മുറികളില്‍വെച്ച് കാണുകയും എനിക്കു മനസ്സിലാകാത്ത പല കാര്യങ്ങളും വളരെ അമൂര്‍ത്തമായ രീതിയില്‍ പറയുകയും ചെയ്തിരുന്നു. പിന്നെ മാത്യു ചില മലയാളികളെ പരിചയപ്പെടുത്തണം എന്ന് എന്നോട് ആവശ്യപ്പെട്ടു. മലയാളം വാരികയില്‍ എഴുതിത്തുടങ്ങിയതോടെ എനിക്ക് ഡല്‍ഹി മലയാളികളുടെ ഇടയില്‍ ഒരു സ്വീകാര്യതയൊക്കെ ലഭിച്ചിരുന്നു. അതിനാല്‍ മാത്യു ആവശ്യപ്പെട്ട ആളുകളെ പരിചയപ്പെടുത്തിക്കൊടുക്കല്‍ എനിക്കൊരു പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്തിനാണ് അങ്ങനെ പരിചയപ്പെടുത്തിയത് എന്നു ഞാന്‍ ചോദിച്ചതുമില്ല. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഓഫീസിലെ ഒരു സെക്രട്ടറി, പാര്‍ലമെന്റ് ഓഫിസില്‍ ജോലിയുള്ള ചിലര്‍, ജനതാദളിലെ ചില നേതാക്കള്‍, സി.പി.ഐയിലെ ചില നേതാക്കള്‍ അങ്ങനെ പലരേയും. ആരുടേയും പേര് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല.

2001 മാര്‍ച്ച് 13-നു പതിവുപോലെ ഞാന്‍ തെഹെല്‍ക്ക ഓഫിസില്‍ എത്തി. എന്തോ ചിലത് സംഭവിക്കാന്‍ പോകുന്നു എന്നതുപോലെ തോന്നി. ആരും ഒന്നും തുറന്നു സംസാരിക്കുന്നില്ല. എല്ലാവരും പണിയൊക്കെ നിറുത്തി എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഉച്ചയ്ക്ക് എല്ലാവരും ജന്‍പഥ് ഹോട്ടലില്‍ എത്തണം എന്നായിരുന്നു തരുണ്‍ തേജ്പാല്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതനുസരിച്ചു ഞാനും ആ ഹോട്ടലില്‍ എത്തി. അവിടെ ഒരു വലിയ പത്ര സമ്മേളനം നടക്കുകയായിരുന്നു. ഒരു സ്‌ക്രീനില്‍ ഒളിക്ക്യാമറയില്‍ എടുത്ത രംഗങ്ങള്‍ തെളിഞ്ഞു. ക്രമേണ ആ ഹാള്‍ പത്രപ്രതിനിധികളെക്കൊണ്ട് നിറഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ സജീവമായി. ഇന്ത്യന്‍ പ്രതിരോധ വിഭാഗത്തില്‍, ആയുധങ്ങള്‍ വാങ്ങുന്നതില്‍ വമ്പിച്ച കോഴകള്‍ ഉണ്ടെന്നും അത് പാര്‍ട്ടി അധ്യക്ഷന്‍ മുതല്‍, സര്‍വ്വീസില്‍ ഉള്ളതും ഇല്ലാത്തതുമായ പട്ടാള മേധാവികള്‍, സഖ്യകക്ഷി നേതാക്കള്‍, പ്രതിരോധ വിഭാഗത്തിലെ സാധാരണ ഉദ്യോഗസ്ഥര്‍, ചെറിയ ലോബിയിസ്റ്റുകള്‍ വരെ കോഴ സ്വീകരിച്ചു രാജ്യത്തിന്റെ പ്രതിരോധത്തെ വില്‍ക്കാന്‍ തയ്യാറാണെന്നും ഉള്ളതിന്റെ തെളിവുകളാണ് അവിടെ പുറത്തുവിട്ടുകൊണ്ടിരുന്നത്. സ്‌ക്രീനില്‍ കണ്ട പലരേയും ഞാന്‍ അറിയുമെന്നു തോന്നി. ഞാന്‍ മാത്യുവിനു പരിചയപ്പെടുത്തിക്കൊടുത്ത ചില ആളുകളേയും കണ്ടു. ഞാന്‍ മാത്യുവിനായി പരതി. പക്ഷേ, തെഹെല്‍ക്കാ നേതൃത്വം മാത്യുവിനെ കേരളത്തിലെ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്കു മാറ്റിക്കഴിഞ്ഞിരുന്നു. കാരണം മാത്യുവാണ് വെസ്റ്റ് എന്‍ഡ് എന്നു പേരുള്ള ഒരു ഇല്ലാക്കമ്പനിയുടെ പ്രതിനിധിയായി ഈ ശക്തന്മാരെ കോഴയില്‍ വീഴ്ത്തിയത്. അതിന്റെ പിന്നിലെ തലച്ചോറ് അനിരുദ്ധ് ബഹല്‍ ആയിരുന്നു. മാത്യുവിന്റെ വളരെ സൂക്ഷ്മതയാര്‍ന്ന നീക്കങ്ങളാണ് ആ അന്വേഷണത്തെ വിജയിപ്പിച്ചത്. ഒറ്റ നിമിഷംകൊണ്ട് മാത്യു ദേശീയ ഹീറോ ആയി. പക്ഷേ, അയാളെത്തേടി സി.ബി.ഐ അന്വേഷണം കാത്തിരിപ്പുണ്ടായിരുന്നു. അത് മാത്യുവിന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലമായിരുന്നു. പക്ഷേ, അയാള്‍ പിടിച്ചുനിന്നു എന്നു മാത്രമല്ല, വെസ്റ്റ് ബംഗാള്‍ സര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും തലവേദനയുണ്ടാക്കിക്കൊണ്ട് ശാരദാ ചിറ്റ്‌സ് ഫണ്ട് കേസും എടപ്പാടി പളനിസ്വാമി ഉള്‍പ്പെട്ടു എന്നു പറയുന്ന ഒരു കൊലക്കേസും സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നു. 

ഞാന്‍ തെഹെല്‍ക്കയില്‍നിന്ന് 2001 ജൂണില്‍ രാജിവെച്ച് വീണ്ടും അനിശ്ചിതത്വം കലര്‍ന്ന ജീവിതത്തിലേയ്ക്ക് ഇറങ്ങി. ഇതിനിടെ ലണ്ടനിലേയ്ക്കു പോവുകയും ക്രിയേറ്റിവ് ക്യൂറേറ്റിങ് എന്ന വിഷയത്തില്‍ ഗോള്‍ഡ് സ്മിത്ത് കോളേജില്‍നിന്ന് എം.എ എടുക്കുകയും ചെയ്തു. തിരികെ വന്നപ്പോള്‍ ജീവിതം ഒരിക്കല്‍ക്കൂടി പ്രയാസകരമായി. 2006-ല്‍ വീണ്ടും മാത്യു എവിടെനിന്നോ എന്റെ രക്ഷയ്‌ക്കെത്തി. മൂന്നു മാസത്തോളം എനിക്ക് ഒരു തിരക്കഥാകൃത്തിന്റെ റോള്‍ നല്‍കിക്കൊണ്ട് ശമ്പളം നല്‍കി. ഒരു ടെലിവിഷന്‍ ചാനല്‍ തുടങ്ങാനുള്ള പദ്ധതിയായിരുന്നു അപ്പോള്‍. പക്ഷേ, അതെങ്ങും എത്തിയില്ല.

അസ്ഥിരതയുടെ നിഴല്‍
ലണ്ടന്‍ വിദ്യാഭ്യാസം കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ഞാന്‍ കരുതിയത് എന്നെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യയിലെ കലാരംഗം തയ്യാറായി നില്‍ക്കുമെന്നാണ്. പക്ഷേ, സംഭവിച്ചതു നേരെ തിരിച്ചായിരുന്നു. കയ്യിലുണ്ടായിരുന്ന എഴുത്തവസരങ്ങള്‍ പോയിക്കിട്ടി എന്നു മാത്രമല്ല, ആരും പുതിയ അവസരങ്ങള്‍ നല്‍കാന്‍ തയ്യാറായതുമില്ല. കലാരംഗം മൊത്തത്തില്‍ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന കാലം ആയിരുന്നു അത്. എന്നാല്‍, 2005 ആകുമ്പോഴേയ്ക്കും കലാ കമ്പോളം തുറക്കുകയും ധാരാളം പണം അവിടേയ്ക്ക് ഒഴുകിയെത്തുകയും ചെയ്തു. തുടക്കത്തില്‍ ഇതിന്റെ ഗുണഭോക്താവാകാന്‍ എനിക്കു കഴിഞ്ഞില്ല എന്നു മാത്രമല്ല, ലണ്ടനില്‍നിന്നു പഠിച്ച പ്രായോഗിക പാഠങ്ങള്‍ ഇവിടെ പ്രയോഗിക്കാന്‍ കഴിയുകയില്ല എന്നുംകൂടി വന്നു. കൃത്യമായി എന്നെ രണ്ടാമതായി കണ്ടെടുക്കുകയും വീണ്ടെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉണ്ടായി. ഈ കാലയളവില്‍ ഞാന്‍ കലാകൗമുദിയില്‍ മാത്രമാണ് എഴുതിക്കൊണ്ടിരുന്നത്. സാമ്പത്തികമായ അരക്ഷിതാവസ്ഥകള്‍ ഉണ്ടായിവന്നതോടെ, ഒരിക്കല്‍ക്കൂടി ഡല്‍ഹിയില്‍നിന്നു പുറത്തുചാടാന്‍ തീരുമാനിച്ചു. അതിനുമുന്‍പ് കാര്യങ്ങളെക്കുറിച്ചു സ്വസ്ഥമായി ആലോചിക്കാന്‍ ഞാന്‍ കേരളത്തിലേയ്ക്കു തിരികെപ്പോന്നു. ടെലിവിഷന്‍ ചാനലുകളില്‍ ഒക്കെ പോയി എന്തെങ്കിലും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുമോ എന്ന് അന്വേഷിച്ചു. പക്ഷേ, എല്ലായിടത്തും നിരാശയായിരുന്നു ഫലം. എന്തുചെയ്യും എന്നോര്‍ത്ത് ഒരു ദിവസം ഞാന്‍ തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയത്തിന്റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍ വന്നു. അത് എന്റെ ജീവിതത്തെ ഒരിക്കല്‍ക്കൂടി മാറ്റിമറിച്ചു.

ഡി വിജയമോഹന്‍
ഡി വിജയമോഹന്‍


മലയാള മനോരമ ഡല്‍ഹി എഡിഷന്‍ തുടങ്ങുന്നു. അതില്‍ പ്രവര്‍ത്തിക്കാന്‍ ഒരാളിനെ വേണം. മനോരമയ്ക്ക് ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ നല്ലൊരു ഓഫീസും ധാരാളം പത്രപ്രവര്‍ത്തകരും ഒക്കെയുണ്ട്. എങ്കിലും അവര്‍ ഡല്‍ഹി എഡിഷനുവേണ്ടി പ്രത്യേകമായി ചിലരെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഞാന്‍ കേരളത്തില്‍നിന്ന് ഡല്‍ഹിയില്‍ എത്തുകയും മലയാള മനോരമയുടെ ഡല്‍ഹി എഡിഷനില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അന്ന് മനോരമയില്‍ സച്ചിദാനന്ദ മൂര്‍ത്തി ബ്യൂറോ ചീഫും ഡി. വിജയമോഹന്‍ മലയാള മനോരമയുടെ ചീഫുമാണ്. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഡി. വിജയമോഹന്റെ അടുത്തായിരുന്നു. വളരെ നല്ല അന്തരീക്ഷത്തിലാണ് എന്റെ മുഴുവന്‍സമയ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. എങ്കിലും കാലം മുന്നോട്ടുപോകെ പലതും വഷളായി വന്നു. അതിനുള്ള പ്രധാന കാരണം ഡല്‍ഹിയിലെ മലയാളികളില്‍ ചിലരായിരുന്നു. മനോരമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എനിക്ക് ഡല്‍ഹിയിലെ മലയാളി സമൂഹത്തെ അടുത്തറിയാന്‍ കഴിഞ്ഞത്. മലയാള മനോരമ ഡല്‍ഹി എഡിഷനില്‍ രണ്ടു പേജുകള്‍ ഡല്‍ഹി പ്രാദേശിക വാര്‍ത്തകള്‍ക്കായി നീക്കിവെച്ചിരുന്നു. 

മാത്യു സാമുവല്‍
മാത്യു സാമുവല്‍

കൊണാട്ട് പ്ലേസില്‍ ബാരക്ഖമ്പാ റോഡ് ചെന്നു മുട്ടുന്നിടത്തുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കോണിലാണ് കേരളാ ക്ലബ്ബ്. ഇതിന്റെ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതോടെ ഉത്തരേന്ത്യയില്‍ തൊഴില്‍ അടിസ്ഥാനത്തില്‍ അവശേഷിച്ച മലയാളികളില്‍ ഏറിയ പങ്കും വന്‍കിട ഗുമസ്തരും പട്ടാളക്കാരും നഴ്സുമാരും അരിവെയ്പുകാരും ആയിരുന്നു. ഇവരില്‍ ഏറെപ്പേരും കേരളത്തിലേയ്ക്കു മടങ്ങാതെ പുതിയ ഇന്ത്യയിലെ ഡല്‍ഹിയില്‍ താമസമായി. അവരില്‍ ഒരു ക്രീമിലെയര്‍ ഉയര്‍ന്നുവന്നു. അവര്‍ക്ക് ഒരുമിച്ചു കൂടാന്‍ ഒരു ക്ലബ്ബ് വേണമെന്നായി. അങ്ങനെ ഉണ്ടായതാണ് കേരളാ ക്ലബ്ബ്. തുടക്കത്തില്‍ സവര്‍ണ്ണ മലയാളികള്‍ മാത്രമായിരുന്നു അതില്‍ അംഗങ്ങളായിരുന്നത്.

ഓംചേരി
ഓംചേരി

ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോഴേയ്ക്കും കേരളാ ക്ലബ്ബ് എല്ലാവര്‍ക്കും കയറിച്ചെല്ലാവുന്ന ഒരു ഇടമായിരുന്നു. പണ്ട് ഒ.വി. വിജയനും വി.കെ.എന്നും കാക്കനാടനും മുകുന്ദനുമൊക്കെ സ്ഥിരമായി വരാറുള്ള ഇടമായിരുന്നു എന്നു കേട്ടിരുന്നു. പക്ഷേ, ഞാന്‍ അവിടെ പോയിത്തുടങ്ങുമ്പോള്‍ ഡല്‍ഹിയിലെ മലയാളികളില്‍ പ്രമുഖരായ സച്ചിദാനന്ദനോ മുകുന്ദനോ ആനന്ദോ ഒന്നും അവിടെ പോകുന്നതായി ഞാന്‍ കണ്ടില്ല; അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടുണ്ട് എന്നുമാത്രം. ഒന്നാംനിര കൈവെടിഞ്ഞ കേരളാ ക്ലബ്ബില്‍ പക്ഷേ, മുഖ്യ കാര്യകര്‍ത്താക്കളായി ഓംചേരിയും എന്‍.എന്‍. പിള്ളയും ഇടമറുകും ഉണ്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ സാഹിതീസഖ്യം ഉണ്ടാകും. ഇടയ്ക്ക് ഡി.സി. ബുക്‌സ് അവിടെ ഒരു ബുക്ക് സ്റ്റാള്‍ തുടങ്ങി. ഡല്‍ഹി മലയാളി പുസ്തകങ്ങള്‍ വാങ്ങാതെ ഡി.സിയെ തോല്‍പ്പിച്ചു. 

മനോരമ ഡല്‍ഹി എഡിഷന്‍ തുടങ്ങിയതോടെ സാഹിതീസഖ്യം സജീവമായി. കയ്യില്‍ക്കിട്ടിയതെന്തും ചര്‍ച്ച ചെയ്യുമെന്നായി. താജ്മഹലും കുത്തബ്മിനാറും കാണാന്‍ വരുന്ന പ്രശസ്തരെയൊക്കെ പിടിച്ച് ഈ ആഴ്ചവട്ടത്തില്‍ ഇരുത്താന്‍ തുടങ്ങി. വെള്ളിയാഴ്ചകളിലായിരുന്നു സാഹിതീസഖ്യം. ഞാനാണ് റിപ്പോര്‍ട്ടര്‍. സിബി മാമ്പുഴക്കരിയാണ് ഫോട്ടോഗ്രാഫര്‍. വി.എസ്. കുമാരന്‍, പരേതനായ കൊട്ടാരത്തില്‍ നരേന്ദ്രന്‍, ജി. ജയന്‍, വി.വി. ജോണ്‍, ഡല്‍ഹിയില്‍ എമ്പാടും നിറഞ്ഞു നിന്നിരുന്ന ലീല, വിനോദ് നടുവല്ലൂര്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. നാടകങ്ങളും നൃത്തപരിപാടികളുമൊക്കെ കേരളാ ക്ലബ്ബില്‍ അരങ്ങേറിയിരുന്നു. മനോരമയില്‍ ഞാന്‍ എട്ടു മാസത്തോളം മാത്രമേ ജോലി ചെയ്തുള്ളൂ. മലയാളികളുടെ ഇടപെടല്‍ കൊണ്ടുകൂടിയാണ് ഞാന്‍ ആ ജോലി ഉപേക്ഷിച്ചത് എന്നു പറയേണ്ടിവരും. ഒരു ഓണക്കാലത്താണ് ചില മലയാളികള്‍ സംഘടിതമായ ആക്രമണം നടത്താന്‍ ഓഫീസില്‍ വന്നത്. പ്രഗതി മൈതാനില്‍ വെച്ച് ഏതോ ഒരു മലയാളി സംഘത്തിന്റെ ഗാനമേള ഉണ്ടായിരുന്നു. ഗാനമേള എന്നത് എനിക്കു വളരെ പ്രിയമുള്ള പരിപാടിയായതിനാല്‍ അതേക്കുറിച്ചു ഒരു ബോക്‌സ് ഐറ്റം എഴുതാം എന്നു ഞാന്‍ തീരുമാനിച്ചു. അവിടെ കണ്ട ചില കാര്യങ്ങള്‍ ആധാരമാക്കി ഗാനമേളകളുടെ പൊതുസ്വഭാവമാണ് ഞാന്‍ എഴുതിയത്. ഒരുവിധം സംഗീതോപകരണങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കറിയാം. അതുപോലെ തന്നെ സാങ്കേതികമായി എന്തൊക്കെയാണ് ഗാനമേളകളില്‍ സംഭവിക്കുന്നതെന്നും അറിയാമായിരുന്നു. അതിനാല്‍, അന്നത്തെ ഗാനമേളയില്‍ സംഗീതോപകരണങ്ങള്‍ വായിച്ചിരുന്നവരില്‍ ചിലര്‍ അങ്ങനെ വായിക്കുന്നതായി അഭിനയിക്കുകയായിരുന്നു എന്നും സംഗീതം വന്നിരുന്നത് സിന്തസൈസറില്‍ കടത്തിയിരുന്ന ഫ്‌ലോപ്പിയില്‍നിന്നായിരുന്നു എന്നും ഞാന്‍ എഴുതി. ഒരുതരം ലാലിസമായിരുന്നു അത്. പിറ്റേന്ന് ഈ റിപ്പോര്‍ട്ട് പത്രത്തില്‍ വന്നു. 12 മണിയോടെ ഒരു വലിയ സംഘം മലയാളികള്‍ ഓഫീസിലേയ്ക്ക് ഇടിച്ചുകയറി വരികയും ഡി. വിജയമോഹനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. വലിയ ആക്രോശമാണ് അവര്‍ നടത്തിയത്. പക്ഷേ, അതിനിടയിലും അവര്‍ ചെയ്തത് ഫ്‌ലോപ്പി സംഗീതമായിരുന്നു എന്നു സമ്മതിക്കുന്നുണ്ടായിരുന്നു; പക്ഷേ, മനോരമ റിപ്പോര്‍ട്ടര്‍ അതെഴുതാന്‍ പാടില്ലായിരുന്നു എന്നായിരുന്നു അവരുടെ വാദം.

മനോരമയില്‍നിന്ന്
പുറത്ത്

'നേത്രോന്മീലനം' എന്ന വാക്ക് ഞാന്‍ മറക്കില്ല. കെ.ആര്‍. മീര ഏകദേശം അതേ സമയത്താണ് നേത്രോന്മീലനം എന്ന കഥ എഴുതുന്നതും മുഴുവന്‍സമയ എഴുത്തുകാരിയാകാന്‍ വേണ്ടി മനോരമ വിടുന്നതും. എന്നാല്‍, ഞാന്‍ മനോരമ വിട്ടതും കെ.ആര്‍. മീരയുമായും യാതൊരു ബന്ധവുമില്ല. ഡല്‍ഹിയിലെ ഒരു പ്രവിശ്യയില്‍ ഒരു പ്രധാന മലയാളി ക്ഷേത്രത്തെക്കുറിച്ചും അവിടെ വിഗ്രഹം കൊത്തിയ ശില്പിയെക്കുറിച്ചും ഒരു ഫീച്ചര്‍ എഴുതണം എന്ന ആവശ്യവുമായി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഡി. വിജയമോഹനെ സമീപിച്ചു. ശില്പി എഴുതിയ മൂന്നോ നാലോ പേജുകള്‍ നീളമുള്ള ഒരു കുറിപ്പും അവര്‍ കൊണ്ടുവന്നിരുന്നു. ഞാന്‍ ഇവരെ ആരെയും കണ്ടിരുന്നില്ല. വിജയമോഹന്‍ ഈ ഫീച്ചര്‍ തയ്യാറാക്കേണ്ട ചുമതല എന്നെ ഏല്പിച്ചു. അയാളെ പോയി കാണേണ്ട ആവശ്യമില്ല, മറിച്ച് അയാളുടെ കുറിപ്പിനെ ആധാരമാക്കി എഴുതിയാല്‍ മതിയെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അതു പ്രകാരം ഞാനത് എഴുതി. അതില്‍ വിഗ്രഹത്തിന്റെ കണ്ണു തുറക്കുന്ന നേത്രോന്മീലനം എന്ന പരിപാടി നടത്തിയത് ശില്പി തന്നെയാണെന്നു ശില്പി തന്ന കുറിപ്പിനെ അടിസ്ഥാനമാക്കി ഞാന്‍ എഴുതി. പിറ്റേന്നു പത്രമിറങ്ങിയപ്പോള്‍ ഡല്‍ഹിയിലെ ഈ ക്ഷേത്രഭാരവാഹികളുടെ സ്വഭാവം മാറി. വിഗ്രഹത്തിന്റെ കണ്ണു തുറക്കാന്‍ ആശാരിക്ക് അനുവാദമില്ലെന്നും മനോരമ വസ്തുത വളച്ചൊടിക്കുകയാണെന്നും പറഞ്ഞു ബഹളമായി. മനോരമ ക്ഷമാപണക്കുറിപ്പ് പ്രസിദ്ധീകരിച്ചു. എന്നാല്‍, ആ ഫീച്ചറിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എഴുതിയ എന്റെ മേല്‍ കെട്ടിവെക്കാന്‍ ഒരു നീക്കമുള്ളതായി ഞാന്‍ മനസ്സിലാക്കി. ശില്പിയുടെ കുറിപ്പ് ഞാന്‍ ഓഫിസില്‍ തിരികെ ഏല്പിച്ചിരുന്നു; അതു പൊടുന്നനെ അപ്രത്യക്ഷമായി. അതുണ്ടെങ്കില്‍ മാത്രമേ നേത്രോന്മീലനം ശില്പി തന്നെ ചെയ്തതാണെന്ന് അതിലെഴുതിയിട്ടുണ്ടെന്ന് എനിക്കു തെളിയിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ സംഭവം എന്നെ വല്ലാതെ അലട്ടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ മനോരമയോട് വിടപറഞ്ഞു. പിന്നെ പത്രപ്രവര്‍ത്തനം നടത്തിയതേയില്ല.

മേല്‍ വിവരിച്ച കാലയളവിനുള്ളില്‍ ഡല്‍ഹിയില്‍ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ പല ഘട്ടങ്ങളില്‍ പല തൊഴിലുകള്‍ ചെയ്തിട്ടുണ്ട്. അതിലൊന്നായിരുന്നു ആകാശവാണിയിലെ വാര്‍ത്താ വായന. മലയാളികള്‍ക്കു പ്രിയങ്കരിയായ വാര്‍ത്താ വായനക്കാരിയും കോളമിസ്റ്റുമായ സുഷമയാണ് എന്നെ ആകാശവാണിയിലേയ്ക്കു ക്ഷണിച്ചത്. കാഷ്വല്‍ റീഡര്‍ എന്നാണ് ഈ തസ്തികയ്ക്ക് പേര്. ഓള്‍ ഇന്‍ഡ്യാ റേഡിയോയുടെ കെട്ടിടം പാര്‍ലമെന്റ് ലൈബ്രറിയുടേയും റിസര്‍വ്വ് ബാങ്കിന്റേയും ഇടയിലാണെന്നു പറയാം. ആകാശവാണിയില്‍ വാര്‍ത്ത വായിക്കാന്‍ ചെല്ലുന്ന ആളാണെങ്കിലും സ്ഥിരം അല്ലാത്തതിനാല്‍ എല്ലാ പ്രാവശ്യവും സെക്യൂരിറ്റിയില്‍ പോയി എഴുതിക്കൊടുക്കുക, ഫ്രിസ്‌കിങ്ങിനു വിധേയമാവുക തുടങ്ങിയ മടുപ്പുളവാക്കുന്ന കാര്യങ്ങള്‍ ചെയ്യണമായിരുന്നു.

ഡല്‍ഹിയില്‍ മരംകോച്ചുന്ന തണുപ്പുള്ളപ്പോഴും വെളുപ്പാന്‍ കാലത്ത് ആറു മണിക്കുള്ള വാര്‍ത്ത വായിക്കാന്‍ നാല് മണിക്കേ എഴുന്നേറ്റു യാത്ര ചെയ്തു ചെല്ലണം. നരേന്ദ്രന്‍, ഗോപന്‍ എന്നീ പ്രശസ്തരും ജോലിയില്‍നിന്നു വിരമിച്ചിട്ടും അവിടെ പ്രവര്‍ത്തിച്ചിരുന്നു. അവരെല്ലാം എന്നോട് വളരെ കാര്യമായാണ് പെരുമാറിയിരുന്നത്. ഇംഗ്ലീഷിലുള്ള വാര്‍ത്ത സൈക്ലോസ്റ്റൈല്‍ ചെയ്തത് കിട്ടും. അതിനെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യണം. എന്നിട്ട് അതു സ്റ്റുഡിയോയില്‍ കൊണ്ടുപോയി വായിക്കണം. രണ്ടുപേരാണ് ഒരു ടീമില്‍. രണ്ടുപേരും വിവര്‍ത്തനം പങ്കിട്ടു ചെയ്യണം. പക്ഷേ, ഒരാള്‍ മാത്രമേ വായിക്കൂ. സ്റ്റുഡിയോയില്‍ രണ്ടുപേരും ഉണ്ടാകണമെന്നാണ് നിയമം. ഒരാള്‍ക്ക് അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അടുത്തയാള്‍ വാര്‍ത്ത വായന തുടരണം എന്നാണ് വെയ്പ്. പക്ഷേ, രണ്ടുപേര് ഒരുമിച്ചു സ്റ്റുഡിയോയില്‍ പോകാറില്ല. ഒന്നും സംഭവിക്കില്ല എന്നതാണ് ഒരു ഉറപ്പ്.

മാറുന്ന ഡല്‍ഹി
മാറുന്ന ജീവിതം

ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നതിനിടെ എനിക്കു നല്ല സൗഹൃദങ്ങള്‍ ലഭിച്ചു. ജോണ്‍ ബ്രിട്ടാസ്, ആനി രാജ, കേരളാ ഹൗസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്ന പരേതനായ എ. ഫിറോസ് തുടങ്ങിയവര്‍ ആകാശവാണിയില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്കുള്ള വാര്‍ത്തയും രാത്രി ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തയും വായിക്കുക എന്നത് അഭിമാനകരമായ ഒന്നായിരുന്നു. ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്ന പല പത്രപ്രവര്‍ത്തകരും ആകാശവാണിയില്‍ കാഷ്വല്‍ വാര്‍ത്താവായനക്കാരായിക്കൂടി പണിയെടുത്തിരുന്നു. ഇതേ കാലത്തിനിടയില്‍ എനിക്കു പല നല്ല സൗഹൃദങ്ങളും ലഭിച്ചു. ഡോ. അകവൂര്‍ നാരായണന്‍ അദ്ദേഹത്തിന്റെ പല കൃതികളും ഞാനുമായി ചര്‍ച്ച ചെയ്തിരുന്നു. സ്വന്തം ശമ്പളം എടുത്തു 'കേരളീയം' എന്ന മാസിക നടത്തിയിരുന്ന ജി. ജയന്‍ നല്ലൊരു മനുഷ്യനായിരുന്നു. പലരുടേയും ഗോസ്റ്റ് റൈറ്റര്‍ ആയിരുന്ന കൊട്ടാരത്തില്‍ നരേന്ദ്രന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന നിഷേധിയായിരുന്നു. വി.വി. ജോണ്‍, ദിനേശ് നടുവല്ലൂര്‍ തുടങ്ങിയവര്‍ ഡല്‍ഹി മലയാളികള്‍ക്കിടയിലെ സാഹിത്യം നിലവാരമിടിഞ്ഞു പോകാതെ കാക്കാന്‍ സദാ ജാഗരൂകരായിരുന്നു. കേരളാ ഹൗസിലെ ഉദ്യോഗസ്ഥനായിരുന്ന വി.ആര്‍. അജിത്കുമാര്‍ നല്ലൊരു എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തു സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളാ ഹൗസിലെ തന്നെ ജയദേവന്‍ നല്ലൊരു ആസ്വാദകനും ഫോട്ടോഗ്രാഫറുമായിരുന്നു. ഇവരെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി സുധീര്‍നാഥ് എന്ന കാര്‍ട്ടൂണിസ്റ്റ് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ ആര്‍ക്ക് എന്തു സഹായം വേണമെങ്കിലും നല്‍കാന്‍ തയ്യാറായി നടക്കുന്ന ഒരു സവിശേഷ വ്യക്തിത്വമാണ് സുധീര്‍നാഥ്. മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ താമസിച്ചുകൊണ്ട് ഫോട്ടോഗ്രാഫി നടത്തുകയും പില്‍ക്കാലത്ത് ഡല്‍ഹി മലയാളികള്‍ക്കിടയില്‍ സജീവമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ജനാര്‍ദ്ദനന്‍ ഉണ്ണി പരാമര്‍ശമര്‍ഹിക്കുന്ന വ്യക്തിയാണ്.

കലാചരിത്രകാരനും വിമര്‍ശകനും ആകാനുള്ള തത്രപ്പാടില്‍ അതിജീവനം എന്ന വസ്തുതയെ എങ്ങനെ സാധ്യമാക്കി എന്നുള്ളതിന്റെ വിശദീകരണങ്ങളായി വേണമെങ്കില്‍ മേല്‍പ്പറഞ്ഞ പല കാര്യങ്ങളേയും കാണാം. എന്തൊക്കെ തൊഴിലുകള്‍ ചെയ്‌തെങ്കിലും കലാപ്രവര്‍ത്തനം തന്നെയായിരുന്നു മുഖ്യമായും ചെയ്തിരുന്നത്. കേന്ദ്ര ലളിതകലാ അക്കാദമിയുടെ ലൈബ്രറിയില്‍ രാവിലെ കയറിയാല്‍ വൈകുന്നതു വരെ വായിക്കുകയും കലാവസ്തുക്കള്‍ കാണുകയും ചെയ്തിരുന്നു. സായാഹ്നങ്ങളില്‍ വന്നെത്തുന്ന സുഹൃത്തുക്കളുമായി കലാചര്‍ച്ചകള്‍; അവ പലപ്പോഴും രൂക്ഷവും തീക്ഷ്ണവും ആയി മാറും. പിന്നെ പല ഗാലറികളിലും നടക്കുന്ന പ്രദര്‍ശനങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നടക്കുന്ന ഫിലിം പ്രദര്‍ശനങ്ങളിലും ക്ഷണിക്കപ്പെടാത്ത അതിഥികളായി ചെല്ലും. കലയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു പ്രവര്‍ത്തനങ്ങളും ഇല്ലായിരുന്നു. പത്രപ്രവര്‍ത്തകനായി ഇടയ്ക്കിടെ രൂപം മാറുമ്പോഴും കലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഞാന്‍ ഉത്സാഹം കാട്ടിയിരുന്നു. പക്ഷേ, പത്രപ്രവര്‍ത്തനത്തില്‍ കലയ്ക്കു വലിയ ഇടമൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദു ബിസിനസ് ലൈനില്‍ എന്റെ കോളം എങ്ങനെ അവസാനിച്ചു എന്നറിയുന്നത് രസകരമായിരിക്കും. 1998-ലായിരുന്നു എന്നാണ് ഓര്‍ക്കുന്നത്. ഇന്ത്യയില്‍ ആഗോളവല്‍കൃത സാമ്പത്തിക നയങ്ങളുടെ ആഘാതങ്ങള്‍ ക്രമേണ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇന്റര്‍നെറ്റിന്റെ വരവായിരുന്നു ആദ്യം. തുടര്‍ന്നു പല മേഖലകള്‍ ഒന്നൊന്നായി വികസിക്കാന്‍ തുടങ്ങി. സിനിമാ തിയേറ്ററുകള്‍ എന്ന സങ്കല്പം ക്രമേണ മാറി ആ സ്ഥാനത്ത് പി.വി.ആര്‍. പോലുള്ള മള്‍ട്ടിപ്ലെക്‌സുകള്‍ വന്നു. ഡല്‍ഹി ആകപ്പാടെ മാറാന്‍ തുടങ്ങി.

ഒരു ഗ്രാമത്തില്‍ ആശുപത്രിയോ വിദ്യാലയമോ റോഡോ വരികയാണെങ്കില്‍ തൊട്ടു പിന്നാലെ ഏതെങ്കിലും ഒരു കോര്‍പ്പറേറ്റിന്റെ ബിസിനസ് സ്ഥാപനമോ ഖനനമോ ഒപ്പം വരുമെന്ന് ഉറപ്പാക്കിക്കൊള്ളണമെന്ന് അരുന്ധതി റോയ് അവരുടെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. വികസനം എന്ന പേരില്‍ അറിയപ്പെടുന്നത് പലതും ആഗോള സമ്പത്തിനും മുതലിറക്കിനും ലാഭം കൊയ്യലിനും കടന്നുവരാനുള്ള വഴികള്‍ ആയിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ ആദ്യമായി എത്തുന്ന തൊണ്ണൂറുകളുടെ മധ്യത്തും ഡല്‍ഹി വലിയൊരു ഗ്രാമം മാത്രമായിരുന്നു. പരന്നു വിശാലമായി കിടക്കുന്ന ഒരു ഗ്രാമം. പൊതുജനങ്ങള്‍ക്കു സഞ്ചരിക്കാന്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസുകള്‍ (ഡി.ടി.സി). സ്വകാര്യമേഖലയില്‍ റെഡ് ലൈന്‍ ബസുകളും ബ്ലൂ ലൈന്‍ ബസുകളും ഉണ്ടായിരുന്നു. ലക്ഷ്മി നഗറില്‍നിന്ന് മണ്ഡി ഹൗസ് വരെ പോകാന്‍ ഒരു രൂപ കൊടുത്താല്‍ മതി. പക്ഷേ, ഈ റെഡ് ലൈന്‍ ബസുകള്‍ മത്സരിച്ചോടി എന്നും ആളുകളെ കൊല്ലും. അങ്ങനെ റെഡ് ലൈന്‍ ബസുകളെ വമ്പിച്ച ജനപ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചു. ഇതേ ബസുകള്‍ ബ്ലൂ ലൈന്‍ ബസുകള്‍ എന്ന പേരില്‍ തിരിച്ചു വന്നു. ഇടറോഡുകളില്‍ യാത്ര ചെയ്യാന്‍ സൈക്കിള്‍റിക്ഷയോ ഓട്ടോറിക്ഷയോ കിട്ടും. വളരെ കുറച്ചു പൈസ കൊടുത്താല്‍ പച്ചക്കറികളും മറ്റും കിട്ടും. മൊത്തത്തില്‍ വളരെ കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ കഴിയുന്ന ഒരു നഗരമായിരുന്നു ഡല്‍ഹി.

1998-ല്‍ ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതല ഏറ്റു. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം അവര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായതോടെ ഡല്‍ഹിയുടെ മുഖം മാറി. വി.കെ.എന്‍. പറഞ്ഞിട്ടുള്ളതുപോലെ, സൈക്കിളിന്റെ കാരിയറില്‍ ഉച്ചഭക്ഷണവും വെച്ച് കെട്ടി അതില്‍ മാത്രം ശ്രദ്ധയൂന്നി ഓഫീസുകളിലേക്കു പോകുന്ന ഗുമസ്തപ്പടകള്‍ നിറഞ്ഞിരുന്ന റോഡുകളില്‍ പുതിയ ബൈക്കുകളും കാറുകളും വന്നു നിറയാന്‍ തുടങ്ങി. അതോടെ ഡല്‍ഹിയില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു. ആകെ മൂന്നോ നാലോ പ്രധാനപ്പെട്ട മേല്‍പ്പാലങ്ങളും ഒരു റിങ് റോഡും മാത്രമുണ്ടായിരുന്ന ഡല്‍ഹിയില്‍ തുടര്‍ന്നുവന്ന പത്തുവര്‍ഷങ്ങള്‍ക്കിടെ പത്തോളം പുതിയ മേല്‍പ്പാലങ്ങളും റോഡുകളും ഉണ്ടായി. പഴയ റോഡുകള്‍ക്ക് വീതി വര്‍ദ്ധിച്ചു. ഈ റോഡ് സൗകര്യങ്ങളുടെ വികസനം കേവലം ഡല്‍ഹി ജനതയുടെ സൗകര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല. ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ എല്ലാം വലിയ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ വരികയായിരുന്നു. ഗുഡ്ഗാവ് അഥവാ ഗുരുഗ്രാമം പോലുള്ള ഐ.ടി സിറ്റികള്‍ വികസിക്കുകയായിരുന്നു. അവിടേക്കുള്ള ഗതാഗതത്തിനു വലിയ പാതകള്‍ ആവശ്യമായിരുന്നു. ഐ.ടി മേഖലയുടെ വികസനം പൊടുന്നനെയായിരുന്നു. ഡല്‍ഹിയിലേക്ക് യുവതീയുവാക്കളുടെ വലിയൊരു കുടിയേറ്റം ഉണ്ടായി. ഇവരെല്ലാം കംപ്യൂട്ടര്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായോ ഭാഗികമായോ സിദ്ധിച്ചവരായിരുന്നു. ഇവര്‍ക്ക് ഇന്ത്യയില്‍ അന്നേവരെ ലഭിക്കാതിരുന്ന വേതന വ്യവസ്ഥകളും ജോലിസമയ വ്യവസ്ഥകളും ഉണ്ടായിരുന്നു. അതോടെ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കല്‍ വര്‍ദ്ധിച്ചു. പുതിയ റെസ്റ്റോറന്റുകള്‍ വന്നു. ടു വീലര്‍ വ്യവസായം പതിന്മടങ്ങായി. പുതിയ കാറുകള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ എത്തി. ചുരുക്കിപ്പറഞ്ഞാല്‍ ഡല്‍ഹിയില്‍ ഉണ്ടായ റോഡ് വികസനം വരാനിരിക്കുന്ന വ്യാവസായിക വികസനത്തിന്റെ തുടക്കം ആയിരുന്നു.

ഇത് കലാരംഗത്തെ ബാധിച്ചത് രണ്ടു രീതികളിലായിരുന്നു. ഒന്നാമതായി, പത്രങ്ങളുടെ സ്വഭാവം മാറി. മുന്‍പ് കലയെക്കുറിച്ചുള്ള ഫീച്ചറുകള്‍ക്കും കോളങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരുപാട് സ്ഥലം നല്‍കിക്കൊണ്ടിരുന്ന പത്രങ്ങള്‍ ആ സ്ഥലമെല്ലാം പുതിയ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാന്‍ തുടങ്ങി. പത്രാധിപന്മാരുടേയും പത്രപ്രവര്‍ത്തകരുടേയും മേല്‍ക്കോയ്മ മാധ്യമങ്ങളില്‍ കുറഞ്ഞുവരികയും മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ പത്രത്തിന്റെ ഉള്ളടക്കം നിശ്ചയിക്കുന്ന അവസ്ഥയിലേയ്ക്കു കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. അതോടെ പലതരത്തിലുള്ള വെട്ടിനിരത്തലുകള്‍ മാധ്യമങ്ങള്‍ക്കുള്ളില്‍ ഉണ്ടായി. പത്രങ്ങളുടെ സ്വഭാവം മാറി.

വിജി അഭിമന്യു
വിജി അഭിമന്യു

പുതിയ പത്രപ്രവര്‍ത്തകര്‍ക്കു പേജ് മേക്കര്‍, ക്വാര്‍ക് എക്‌സ്പ്രസ്സ് തുടങ്ങിയ സോഫ്ട്വെയറുകളില്‍ ജ്ഞാനം വേണമെന്നു വന്നു. വെറുതെ വാര്‍ത്ത എഴുതിയാല്‍ പോര, ഒരു പേജിന്റെ ഗെറ്റപ്പ് നിര്‍ണ്ണയിക്കുന്നതിലും പത്രപ്രവര്‍ത്തകര്‍ക്ക് അറിവുണ്ടാകണം പഴയ പത്രപ്രവര്‍ത്തകര്‍ എഡിറ്റോറിയല്‍ റൈറ്റിങ്ങിലേയ്ക്ക് നീക്കപ്പെട്ടു. പുതിയ പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ എഴുതാനും ഡിസൈന്‍ ചെയ്യാനും തുടങ്ങി. വിദേശത്തുനിന്നു വിദഗ്ദ്ധരായ ഡിസൈനര്‍മാരെ വരുത്തി പത്രങ്ങള്‍ റീഡിസൈന്‍ ചെയ്യപ്പെട്ടു.

കെഎസ് രാധാകൃഷ്ണന്‍
കെഎസ് രാധാകൃഷ്ണന്‍

വാര്‍ത്തകള്‍ക്കു നീളം കുറഞ്ഞു. സപ്ലിമെന്റുകള്‍ കൂടുതല്‍ ഉണ്ടായി. പരസ്യങ്ങള്‍ വര്‍ദ്ധിച്ചു. മുന്‍പേജുകള്‍ മുഴുവന്‍ പരസ്യത്തിനായി നല്‍കുന്ന പ്രവണത ആരംഭിച്ചു. പരസ്യങ്ങളുടെ പിന്തുണ ഉള്ളതിനാല്‍ പത്രങ്ങള്‍ വായനക്കാര്‍ക്കു സൗജന്യമായോ കുറഞ്ഞ നിരക്കിലോ കൊടുക്കാമെന്നു വന്നു. പരസ്യങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള ഗ്യാപ്പില്‍ തിരുകിവെക്കുന്നതാണ് വാര്‍ത്തകള്‍ എന്ന നയം തന്നെ ടൈംസ് ഓഫ് ഇന്ത്യപോലുള്ള പത്രങ്ങള്‍ എടുത്തു. ഈ കിടമത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത പല പത്രങ്ങളും രംഗത്തുനിന്നു നിഷ്‌ക്രമിക്കുകയോ കേവലം ബ്രാന്‍ഡ് നിലനിറുത്താനായി വളരെക്കുറച്ചു കോപ്പികള്‍ മാത്രം അച്ചടിക്കുകയോ ചെയ്തു. ഇതിനൊപ്പം വളര്‍ന്നുവന്ന ടെലിവിഷന്‍ ചാനലുകള്‍ വലിയൊരളവില്‍ പത്രവായനയെ പുനര്‍നിര്‍വ്വചിച്ചു.

റോയ് തോമസ്
റോയ് തോമസ്

ഒരു ദിവസം ഹിന്ദു ബിസിനസ് ലൈനിലെ പേജ് എഡിറ്റര്‍ പ്രീതി മെഹ്‌റ എന്നോട് ഒരു കാര്യം പറഞ്ഞു. അതായത് കലയ്ക്കു നല്‍കുന്ന ഇടമെല്ലാം വെട്ടിച്ചുരുക്കാന്‍ മുകളില്‍നിന്നുള്ള നിര്‍ദ്ദേശം ഉണ്ടത്രേ. കോളം വെട്ടിച്ചുരുക്കുന്നു എന്ന് പ്രീതി മെഹ്‌റ പറഞ്ഞപ്പോള്‍ അവര്‍ക്കും എനിക്കും ഒരുപോലെ ദുഃഖമായി. അതിനൊരു പരിഹാരം അവര്‍ തന്നെ പറഞ്ഞു. പ്രഗതി മൈതാനില്‍ പലതരം പുതിയ വ്യാവസായിക പ്രദര്‍ശനങ്ങള്‍ വരും. അവയെക്കുറിച്ചു റിവ്യൂ എഴുതിയാല്‍ മതി. അന്നു പ്രധാനം കാര്‍ എക്‌സ്പോയാണ്. പുതിയ കമ്പനികളുടെ പുതിയ കാറുകളുടെ പ്രദര്‍ശനം. പക്ഷേ, എനിക്കു കാറുകളെ കണ്ടാല്‍ തിരിച്ചറിയാമെങ്കിലും കാറുകളുടെ സവിശേഷതകളെക്കുറിച്ചൊന്നും അറിയില്ല. അതിനാല്‍ അതു പ്രയാസമാണെന്നു ഞാന്‍ പറഞ്ഞു പിന്മാറി. പിന്നെയുള്ളത് ഫാഷന്‍ രംഗമാണ്. അതേക്കുറിച്ചു ചിന്തിക്കുകതന്നെ പ്രയാസമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ എല്ലാം തന്നെ കലയെക്കുറിച്ചുള്ള പേജുകള്‍ വെട്ടിമാറ്റുകയും ആ സ്ഥാനം ഉല്പന്നങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. കലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മൂന്നാം പേജിലേക്ക് മാറി. ആര് ഏതു പ്രദര്‍ശനം കാണാന്‍ പോയി, അവര്‍ ഏതു വസ്ത്രം ധരിച്ചു എന്നൊക്കെയായി വാര്‍ത്ത. പലപ്പോഴും കലാകാരന്റെ പേരോ ചിത്രമോ ഉണ്ടാകാറില്ല. ആന്റി വാര്‍ഹോളിന്റെ കാലത്ത് അമേരിക്കയില്‍ ഓരോ ദിവസവും വാര്‍ഹോളിനൊപ്പം പല സുന്ദരിമാരും പ്രത്യക്ഷപ്പെടുമായിരുന്നു. അവര്‍ ആരാണെന്നു വാര്‍ഹോളിനോ ഫോട്ടോഗ്രാഫര്‍മാര്‍ക്കോ അറിയില്ലായിരുന്നു. പക്ഷേ, അവരുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ അടിച്ചുവന്നിരുന്നു. വാര്‍ഹോളിനൊപ്പം കാണപ്പെട്ടു എന്നതു തന്നെയായിരുന്നു അവരുടെ പ്രശസ്തിക്കു കാരണം. ഡല്‍ഹിയിലും മുംബൈയിലുമൊക്കെ ഇങ്ങനെ പ്രശസ്തരായ സുന്ദരിമാര്‍ ഉണ്ടായി. പക്ഷേ, കലയുടെ കാര്യം അവതാളത്തിലുമായി.

എംജെ ഈനാസ്
എംജെ ഈനാസ്

കലയുടെ കാര്യം അവതാളത്തിലായി എന്നു പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല; പത്രങ്ങളില്‍ എഴുതുന്ന കലാവിമര്‍ശകരുടെ കാര്യം മാത്രമേ അവതാളത്തിലായുള്ളൂ. കാരണം പുതുതായി ഉയര്‍ന്നു വന്ന 'ശമ്പളമുള്ള' ചെറുപ്പക്കാരുടെ വലിയൊരു വിഭാഗം അവരുടെ വരുമാനം പുതിയ മേഖലകളില്‍ മുതലിറക്കാന്‍ തയ്യാറാവുകയായിരുന്നു. ഒന്നാമതായി അവര്‍ സ്വന്തമായി വാഹനങ്ങള്‍ വാങ്ങി. ഇതു മോട്ടോര്‍ വ്യവസായത്തിനു വമ്പിച്ച കുതിപ്പ് നല്‍കി. രണ്ടാമതായി അവര്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ലോണുകള്‍ എടുക്കുകയും ചെയ്തു. ഇതു വമ്പിച്ച ബാങ്കിംഗ് വികസനത്തിനു കാരണമായി. ഈ ലോണുകള്‍ എടുക്കുന്നത് വസ്തു വാങ്ങുന്നതിനോ വീടുകള്‍ വാങ്ങുന്നതിനോ വാഹനങ്ങള്‍ വാങ്ങുന്നതിനോ ആയിരുന്നു. ഇത് റിയല്‍ എസ്റ്റേറ്റിനു വലിയ കുതിപ്പ് നല്‍കി. നേരത്തെ പറഞ്ഞതുപോലെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ വര്‍ദ്ധിച്ചു. ലൈഫ്സ്റ്റൈല്‍ അസെസ്സറീസ് എന്നു പറയുന്ന വിഭാഗത്തില്‍ കുതിപ്പുണ്ടായി. ഇതിനോടൊപ്പം ആശുപത്രികള്‍ വളര്‍ന്നു. അതിനൊപ്പം ഇന്‍ഷ്വറന്‍സ് സെക്ടര്‍ വളര്‍ന്നു. ഗാഡ്ജറ്റുകള്‍ വാങ്ങുന്നതിനായി പുതിയൊരു കമ്പോളം ഉണ്ടായി. ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം വര്‍ധിക്കുന്നു എന്നതിന് ആനുപാതികമായി ആഗോള പ്രസിദ്ധീകരണ വ്യവസായം സജീവമാവുകയും ഇന്ത്യന്‍ എഴുത്തുകാര്‍ വിദേശത്തും വിദേശ എഴുത്തുകാര്‍ ഇന്ത്യയിലും കമ്പോളം കണ്ടെത്തി. ഇങ്ങനെ പല തലങ്ങളില്‍ സജീവമായ സാമ്പത്തികരംഗത്ത് മുതലിറക്കുന്നതിനും ലാഭം കൊയ്യുന്നതിനും പറ്റിയ ഒരു മേഖലയായി കലാരംഗം ഉയര്‍ന്നുവന്നു. ശമ്പളത്തിനും നിക്ഷേപങ്ങള്‍ക്കും ശേഷം അധികം വരുന്ന പണം 'പാര്‍ക്ക്' ചെയ്യാന്‍ പറ്റിയ മേഖലയാണ് കല എന്നും, അതിനു ബാങ്ക് പലിശയേക്കാള്‍ കൂടുതല്‍ വരുമാനം കുറഞ്ഞ സമയത്തിനുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും വെളിപ്പെട്ടു. അതോടെ കലാരംഗം സജീവമാവുകയും കുറേയധികം കലാകാരന്മാര്‍ ഇതിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്തു.

കലാ കമ്പോളത്തിന്റെ ഒരു ശരിയായ വളര്‍ച്ച കാണുന്നത് 2005 മുതല്‍ക്കാണ്. അതിനും മുന്‍പേ കലയില്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള മുതലിറക്കു നടന്നുതുടങ്ങിയിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ എത്തുന്ന കാലത്ത് കലാകാരന്മാരില്‍ വളരെക്കുറച്ചു പേര്‍ മാത്രമേ സ്വതന്ത്ര കലാകാരര്‍ എന്ന രീതിയില്‍ വര്‍ക്ക് ചെയ്തിരുന്നുള്ളൂ. ചെറുപ്പക്കാരില്‍ അധികം പേരും സ്‌കൂളുകളിലും കോളേജുകളിലും സ്ഥിരമോ താല്‍ക്കാലികമോ ആയ അധ്യാപകരായി പ്രവര്‍ത്തിക്കുകയായിരുന്നു. ചിലരൊക്കെ അപ്പോഴും കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. ആദ്യകാലത്തു ഞാന്‍ പരിചയപ്പെട്ട കലാകാരന്മാരില്‍ പ്രമുഖര്‍ റോയ് തോമസ്, വി.ജി. അഭിമന്യു എന്നിവര്‍ ആയിരുന്നു. റോയ് തോമസ് ആ സമയത്ത് വളരെ ശക്തമായ പരീക്ഷണങ്ങള്‍ ടാര്‍പ്പോളിന്‍പോലുള്ള മീഡിയത്തില്‍ ചെയ്യുന്നുണ്ടായിരുന്നു. ഡ്രിപ്പ് പെയിന്റിങ്ങിന്റെ സാദ്ധ്യതകള്‍ റോയ് തോമസ് ഉപയോഗിച്ചിരുന്നു. അഭിമന്യു ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടില്‍ പെയിന്റിങ് അദ്ധ്യാപകനായിരുന്നു. അദ്ദേഹം വളരെ റൊമാന്റിക് ശൈലിയിലാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. ക്രമേണ അതു മാറുകയും പെയിന്റിങിലെ പ്രതീകാത്മകത വര്‍ദ്ധിക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം ഒരു ഓര്‍ഗാനിക് അബ്സ്ട്രക്ഷന്‍ എന്നു പറയുന്ന ശൈലിയില്‍ എത്തി നില്‍ക്കുന്നു. എം.ജെ. ഈനാസ് എന്ന ശില്പിയാണ് മറ്റൊരാള്‍. ഷേക്‌സ്പിയര്‍ നാടകങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം ഒരു നിര ശില്പങ്ങള്‍ ചെയ്തിരുന്നു. കുമ്പസാരം എന്ന ശില്പം പ്രശസ്തമായിരുന്നു. ശില്പിയായി പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം സ്‌കൂളില്‍ കലാധ്യാപകന്‍ കൂടിയായിരുന്നു.

മലയാളികളായവരും അല്ലാത്തവരുമായ പല കലാകാരന്മാരേയും പരിചയപ്പെട്ടതിനു ശേഷമാണ് ഒരു ദിവസം കെ.എസ്. രാധാകൃഷ്ണനെ പരിചയപ്പെടുന്നത്. അദ്ദേഹം അക്കാലത്ത് സ്‌കൂള്‍ അധ്യാപനമൊക്കെ ഉപേക്ഷിച്ചു മുഴുവന്‍സമയ ശില്പിയായി മാറിയിരുന്നു. ശാന്തിനികേതനത്തില്‍നിന്നു ശില്പത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമായിരുന്നു അദ്ദേഹം 1980-കളുടെ തുടക്കത്തില്‍ ഡല്‍ഹിയില്‍ എത്തുന്നത്. കോട്ടയത്ത് കുഴിമറ്റം സ്വദേശിയായ രാധാകൃഷ്ണന്‍, രാം കിങ്കര്‍ ബെയ്ജിനെ മാനസഗുരുവായി സ്വീകരിക്കുകയും ശര്‍ബാരി റോയ് ചൗധുരിയുടെ കീഴില്‍ ശില്പവിദ്യ അഭ്യസിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ എത്തിയ ശേഷം ചെയ്ത 1980-കളുടെ ഒടുവിലും 1990-കളുടെ തുടക്കത്തിലും ചെയ്ത വുമണ്‍ ഓണ്‍ ദി റോക്ക്, ചന്ദേല റൈഡര്‍ തുടങ്ങിയ ശില്പങ്ങള്‍ ശ്രദ്ധേയമായി. മുസൂയി എന്നൊരു കഥാപാത്രത്തെ ആസ്പദമാക്കി അദ്ദേഹം ആരംഭിച്ച ശില്പ പരമ്പര ഏകദേശം രണ്ടു ദശകങ്ങളോളം നീണ്ടുനില്‍ക്കുകയും മുസൂയി-മയ്യ എന്ന രണ്ടു ശില്പ കഥാപാത്രങ്ങളെ അദ്ദേഹം ഇന്ത്യന്‍ ശില്പകലയ്ക്ക് സംഭാവന ചെയ്യുകയും ചെയ്തു. ഇത് ആധുനിക ശില്പകലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാകണം കഥാപാത്രങ്ങളെ ഒരു ശില്പി സൃഷ്ടിക്കുന്നതും അവ അദ്ദേഹത്തിന്റെ അപരസ്വത്വങ്ങള്‍ ആയി മാറുന്നതും. റാമ്പ് എന്ന പേരിലുള്ള ബൃഹദ്ശില്പം ലോകശ്രദ്ധയെ ആകര്‍ഷിച്ചു. അവിഘ്നം തുടരുന്ന ആ ശില്പസപര്യയില്‍ എനിക്ക് കാല്‍നൂറ്റാണ്ടോളം അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. 2011-ല്‍ അദ്ദേഹം രാം കിങ്കര്‍ ബെയ്ജ് റെട്രോസ്‌പെക്റ്റിവ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തപ്പോള്‍ അതിന്റെ അസിസ്റ്റന്റ് ക്യൂറേറ്ററായി പ്രവര്‍ത്തിക്കാന്‍ എനിയ്ക്കു കഴിഞ്ഞു. ഡല്‍ഹിയിലെ എന്റെ ദൃഢ സൗഹൃദങ്ങളില്‍ ഒന്നാണ് കെ.എസ്. രാധാകൃഷ്ണനുമായി ഉള്ളത്.

എം രാമചന്ദ്രന്‍
എം രാമചന്ദ്രന്‍

1990-കളില്‍ ഞാന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കലയെ സംബന്ധിക്കുന്ന ഏറ്റവും ഉത്തരാധുനികം എന്നു പറയാവുന്ന ആശയങ്ങള്‍ ബറോഡയില്‍നിന്നും ഒപ്പം കൊണ്ട് പോയിരുന്നു. ഇന്‍സ്റ്റലേഷന്‍ കല അഥവാ പ്രതിഷ്ഠാപന കല, ക്യൂറേറ്റോറിയല്‍ പ്രാക്റ്റീസ് എന്നിവയായിരുന്നു അവയില്‍ പ്രധാനം. പക്ഷേ, നമ്മുടെ കലാ കമ്പോളമോ ഗാലറികളോ അത്തരത്തില്‍ യാതൊരു കുതിച്ചുചാട്ടത്തിനും തയ്യാറായിരുന്നില്ല. വിവാന്‍ സുന്ദരം ആയിരുന്നു ഡല്‍ഹിയില്‍ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിനു മുന്‍തൂക്കം നല്‍കിയത്. ചിത്രകല മരിച്ചു എന്നതായിരുന്നു അതിലൂടെ പറയാന്‍ ശ്രമിച്ചത്. അതായത് കല എന്നത് ഒരു ഉപഭോഗവസ്തുവായി മാറിയിരിക്കുന്നു.

ജ്യോതിലാല്‍ ടിജി
ജ്യോതിലാല്‍ ടിജി

അങ്ങനെ ആയതില്‍ ഒരു ക്രയവിക്രയ വസ്തു എന്ന നിലയില്‍ ചിത്രകലയ്ക്ക് വലിയൊരു പങ്കുണ്ട്. അതിനെ ലോകത്തെമ്പാടുമുള്ള അവാന്‍ ഗാര്‍ഡ് കലാകാരന്മാര്‍ നിഷേധിക്കുകയും ആയുസ്സില്ലാത്ത മാധ്യമങ്ങളില്‍ നിര്‍മ്മിക്കുന്ന കല ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന് അന്താരാഷ്ട്ര പ്രചുരിമ ലഭിക്കുന്നത്. എന്നാല്‍, ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് തന്നെ ഒരു ക്രയവിക്രയ വസ്തുവായത് എന്നത് കമ്പോളവ്യവസ്ഥയുടെ അനിവാര്യതകളില്‍ ഒന്നുമാത്രം. കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചിരുന്ന 'ചിത്രവാര്‍ത്ത' എന്ന ജേണലില്‍ ഞാന്‍ പ്രതിഷ്ഠാപന കലയെക്കുറിച്ചു ഒരു ലേഖനം അക്കാലത്ത് എഴുതി. ഭാഷയെ എത്ര ക്ലിഷ്ടമാക്കാമോ അത്രയും സങ്കീര്‍ണ്ണവും ദുരൂഹവും ആക്കിക്കൊണ്ട് ഞാന്‍ എഴുതിയ ആ ലേഖനം ഇന്നു വായിക്കുമ്പോള്‍ എത്രത്തോളം 'പ്രിട്ടെന്‍ഷ്യസ്' ആയിരുന്നു അതെന്നു ഞാന്‍ തിരിച്ചറിയുന്നു. പിന്നെ ഒരിക്കലും അത്രയും ജടിലമായ ഭാഷയില്‍ എഴുതിയിട്ടില്ല എന്നു മാത്രമല്ല, കലാവിമര്‍ശനത്തിനായി ഉപയോഗിക്കുന്ന മലയാളഭാഷയെ എത്രത്തോളം ആര്‍ജ്ജവമുള്ളതും ലളിതവും ആക്കാന്‍ കഴിയുമോ, അത്രത്തോളം അങ്ങനെ ആക്കാനും ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ഉത്തരാധുനിക കലയുടെ വിമര്‍ശനത്തിനു മലയാള ഭാഷ ശക്തമാണെന്നു തെളിയിക്കുന്നതില്‍ എന്റെ രചനകള്‍ക്ക് ഒരു പങ്കുണ്ടായി എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഡല്‍ഹിയിലെ
ഓട്ടപ്രദക്ഷിണം

നേരത്തെ സൂചിപ്പിച്ചതുപോലെ, ഗാലറികളും ഡല്‍ഹിയിലെ കലാസംവിധാനവും ഒന്നും തന്നെ ഇന്‍സ്റ്റലേഷന്‍ കലയെ സ്വീകരിക്കാന്‍ അക്കാലത്ത് സന്നദ്ധമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഞാന്‍ മുതിര്‍ന്ന ചിത്രകാരനായ എ. രാമചന്ദ്രനെ പരിചയപ്പെടുന്നത്. രഅദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. ''ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് ഒക്കെ കൊള്ളാം. പക്ഷേ, ഗാലറികളെ സംബന്ധിച്ചിടത്തോളം അവര്‍ പറയും, മീഡിയം ഓയില്‍ ഓണ്‍ ക്യാന്‍വാസ് ആയിരിക്കണം.'' വലിയൊരു സത്യമാണ് അദ്ദേഹം പറഞ്ഞത്. അക്കാലത്ത് മാര്‍ക്കറ്റില്‍ മൂല്യം കിട്ടണമെങ്കില്‍ എണ്ണച്ചായാചിത്രം തന്നെ രചിക്കണം. അതാണ്, ഇന്‍സ്റ്റലേഷന്‍ ചെയ്‌തോളൂ, പക്ഷേ, എണ്ണച്ചായത്തില്‍ ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞത്. രാവിലെ മുതല്‍ വൈകുന്നേരം വരെ കൃത്യമായി തന്റെ വീട്ടിന്റെ ഒന്നാം നിലയില്‍ സജ്ജമാക്കിയിട്ടുള്ള സ്റ്റുഡിയോയില്‍ നന്നായി വസ്ത്രധാരണം ചെയ്തശേഷം അതിന്മേല്‍ മഞ്ഞ നിറമുള്ള ഒരു ഏപ്രണും ധരിച്ചുനിന്ന് അദ്ദേഹം ചിത്രം വരയ്ക്കും. എ. രാമചന്ദ്രനെ നോക്കുമ്പോള്‍ രാജാ രവിവര്‍മ്മയെപ്പോലെ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്; ശൈലിയിലല്ല, മറിച്ച് ആ ജീവിതശൈലിയില്‍, കലയോടുള്ള അഭിനിവേശത്തില്‍.

എ. രാമചന്ദ്രന്‍ ചിത്രകാരന്‍ മാത്രമല്ല, ശില്പി കൂടിയാണ്. എന്നാല്‍, അവിടെത്തീരുന്നില്ല രാമചന്ദ്രന്റെ കഴിവുകള്‍. ഒരു കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ് ആണ് അദ്ദേഹം. കര്‍ണാടകസംഗീതത്തില്‍ വലിയ കഴിവ്. പണ്ട് ആകാശവാണിയിലൊക്കെ പാടിയിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് മലയാളഭാഷയില്‍ ബിരുദാനന്തര ബിരുദം. അതും കഴിഞ്ഞാണ് ശാന്തിനികേതനത്തില്‍ പഠിക്കാന്‍ പോകുന്നത്. കിങ്കര്‍ ദാ എന്ന് അരുമയായി വിളിച്ചിരുന്ന രാം കിങ്കര്‍ ബെയ്ജിന്റെ അടുത്ത ശിഷ്യന്‍; കെ.ജി. സുബ്രമണ്യന്റേയും. കലാഭാവനയില്‍ എണ്ണച്ചായം പാടില്ല; അത് ബ്രിട്ടീഷ് ശൈലിയാണ്. ദേശീയതാവാദികളായ കലാകാരന്മാരുടെ സങ്കേതമായ ശാന്തിനികേതന്‍ പാശ്ചാത്യമായത് ഉപേക്ഷിച്ചു പൗരസ്ത്യമായതിനെ തെരഞ്ഞെടുത്തപ്പോള്‍ എണ്ണച്ചായത്തെ പുറത്താക്കി. പക്ഷേ, വിദ്യാര്‍ത്ഥിയായ രാമചന്ദ്രന്‍ കോളേജിനു പുറത്തുള്ള ഒരു വീടിന്റെ ടെറസ്സില്‍ ഒളിച്ചിരുന്ന് ഓയില്‍ പെയിന്റ് ചെയ്യുമായിരുന്നു. തികച്ചും രാഷ്ട്രീയപരവും അസ്തിത്വവാദപരവുമായിരുന്നു രാമചന്ദ്രന്റെ ആദ്യകാല ചിത്രങ്ങള്‍. അത് മാറിയത്, 1984-ല്‍ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ കൊലയ്ക്കുശേഷം സിക്കുകാരെ തെരുവിലിട്ട് കത്തിക്കുന്നത് രാമചന്ദ്രന്‍ തന്റെ വീടിനു മുകളില്‍നിന്നു കണ്ടു. ഷണ്ഡമാക്കപ്പെട്ട നിമിഷങ്ങള്‍ കലകൊണ്ടുള്ള പ്രതിരോധം ജലരേഖയാണെന്ന തിരിച്ചറിവില്‍നിന്നാണ് ആ ദിവസം അദ്ദേഹം പ്രതിരോധം തുളുമ്പുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത് നിറുത്തിയത്. ക്രമേണ അദ്ദേഹം ഇന്ത്യന്‍ ചുമര്‍ചിത്രകലയുടെ അഗാധ ഉപാസകനായി മാറി. ഇന്ത്യന്‍ ഗോത്രജീവിതങ്ങളിലേയ്ക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. അദ്ദേഹം യയാതി എന്ന ബൃഹദ്ചിത്രം രചിച്ചു. കേരളത്തിലെ ക്രൈസ്തവ ദാരുശില്പങ്ങള്‍ ശേഖരിച്ചു. ചുമര്‍ചിത്രകലയെക്കുറിച്ചു ഗവേഷണപഠനം വലിയൊരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. രാജാ രവിവര്‍മ്മയുടെ ഒറിജിനല്‍ തിരിച്ചറിയാവുന്ന വിദഗ്ദ്ധനായി. എ. രാമചന്ദ്രന്‍ തന്റെ സൂക്ഷ്മസ്വത്വത്തിലൂടെ സ്ഥൂലലോകങ്ങളെ തന്റെ കലയില്‍ ആവിഷ്‌കരിച്ചു. 
ഡല്‍ഹി ജീവിതത്തില്‍ അനേകം മലയാളി കലാകാരന്മാരേയും ഇതര കലാകാരന്മാരേയും പരിചയപ്പെടുകയും അവരുടെ രചനാശൈലികളെ അടുത്തറിയുകയും ചെയ്തിട്ടുണ്ട്. അവരെക്കുറിച്ചു എഴുതാന്‍ തുടങ്ങിയാല്‍ അനേകം താളുകള്‍ കൂടുതല്‍ വേണ്ടിവരുമെന്നതിനാല്‍ ചുരുക്കി പ്രതിപാദിക്കാമെന്നു കരുതുന്നു.

ഹുമയൂണ്‍ കൂടീരം
ഹുമയൂണ്‍ കൂടീരം

ജ്യോതിലാല്‍ ടി.ജി. എന്ന ശില്പവിദ്യാര്‍ത്ഥി വളരെയധികം വാഗ്ദാനങ്ങളുള്ള ഒരാളായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ശില്പകലാ വിഭാഗം അധ്യക്ഷനായി. അദ്ദേഹത്തോടൊപ്പം തന്നെ ഉണ്ടായിരുന്ന മറ്റൊരു കലാകാരനാണ് സാബു ജോസഫ്. ഒരു സവിശേഷ ഘട്ടത്തില്‍ ജോസഫ് ബ്യൂയ്‌സ് എന്ന ജര്‍മന്‍ ആശയകലാകാരന്റെ സ്വാധീനം സാബുവില്‍ ശക്തമാവുകയും അദ്ദേഹം ശില്പകല അപ്പാടെ ഉപേക്ഷിച്ചു ചെടിവളര്‍ത്തല്‍, അടുക്കളത്തോട്ടമുണ്ടാക്കല്‍ എന്നിവയിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്തു. പക്ഷേ, അതൊക്കെ തന്റെ കലാപ്രവര്‍ത്തനമായാണ് സാബു ജോസഫ് കണ്ടിരുന്നത്. ജാമിയ മില്ലിയയില്‍ വിദ്യാഭ്യാസത്തിനു വന്നവരായിരുന്നു പില്‍ക്കാലത്ത് കലാകാരന്മാര്‍ എന്ന നിലയില്‍ പേരെടുത്ത ജോഷ് പി.എസ്., ജിജി സ്‌കറിയ, ഷിജോ ജേക്കബ് തുടങ്ങിയവര്‍. ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടില്‍ ശില്പവിദ്യര്‍ത്ഥിയായി വന്ന സുമേദ് രാജേന്ദ്രന്‍ അറിയപ്പെടുന്ന കലാകാരനായി. പരസ്യകലയില്‍നിന്ന് മുഖ്യധാരാ കലയിലേയ്ക്ക് വന്ന പ്രസാദ് രാഘവന്‍ വലിയ വാഗ്ദാനം നല്‍കി പിന്‍വാങ്ങി. അനൂപ് പണിക്കര്‍, ടി.കെ. ഹരീന്ദ്രന്‍, കെ.എം. മധുസൂദനന്‍ എന്നിവര്‍ അവരുടേതായ രീതികളില്‍ ഡല്‍ഹിയില്‍ കല തുടര്‍ന്നു. തൃശൂര്‍ കോളേജില്‍നിന്നു പഠിച്ചശേഷം ഡല്‍ഹിയില്‍ ചേക്കേറിയ സുകേശന്‍ കാങ്ക സ്വന്തമായൊരു മേല്‍വിലാസം കലാരംഗത്ത് ഉണ്ടാക്കിയെടുത്തു. അബുള്‍ ആസാദ് എന്ന ഫോട്ടോഗ്രാഫി ആര്‍ട്ടിസ്റ്റിനെ എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രാന്തവല്‍ല്‍കൃത സമൂഹങ്ങളെക്കുറിച്ചും ഭിന്നലിംഗ ജീവിതങ്ങളെക്കുറിച്ചും വളര്‍ന്നുവരുന്ന ഹിന്ദു തീവ്രതയെക്കുറിച്ചും തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെ സ്വന്തം ഫോട്ടോഗ്രാഫുകളിലൂടെ സംസാരിച്ചിരുന്ന കലാകാരനാണ് അബുള്‍ ആസാദ്. ഇന്നദ്ദേഹം ദേശീയതലത്തില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫി കലാകാരനാണ്. കാര്‍ട്ടൂണിസ്റ്റുകളില്‍ സുധീര്‍ നാഥ്, ആര്‍. പ്രസാദ് എന്നിവരുടെ വളര്‍ച്ച നേരില്‍ കാണാന്‍ കഴിഞ്ഞു. മുതിര്‍ന്ന കലാകാരന്മാരായ ദാമോദരന്‍, എന്‍.കെ.പി. മുത്തുക്കോയ എന്നിവരുമായി അടുത്തബന്ധം സ്ഥാപിക്കുകയും അവരുടെ കലയെക്കുറിച്ചു പഠിക്കാനും കഴിഞ്ഞു.
ബറോഡയില്‍നിന്ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ ക്യൂറേറ്റോറിയല്‍ ആശയങ്ങള്‍ എന്നില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ ക്യൂറേഷന്‍ എന്ന ആശയത്തിന് അത്രയധികം പ്രചാരം ലഭിച്ചിരുന്നില്ല. എന്റെ രചനകളിലൂടെയും ആദ്യകാല ക്യൂറേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ഒരു ക്യൂറേറ്റോറിയല്‍ സംസ്‌കാരം സൃഷ്ടിക്കാന്‍ എനിക്കു കഴിഞ്ഞു. ഇതിനു പിന്തുണയുമായി എനിക്കൊപ്പം അക്കാലത്തെ മിക്കവാറും ചെറുപ്പക്കാരായ കലാകാരന്മാരും കലാകാരികളും ഉണ്ടായിരുന്നു. മുഖ്യധാരാ ക്യൂറേഷന്‍ ഒരു വിഭാഗം ആളുകളുടെ കൈകളില്‍ മാത്രം ഒതുങ്ങിയിരുന്നു. അവരാകട്ടെ, വലിയ മ്യൂസിയങ്ങളില്‍ മാത്രം ക്യൂറേറ്റ് ചെയ്തിരുന്നു. ചെറുപ്പക്കാര്‍ക്ക് അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ തുടക്കത്തില്‍ത്തന്നെ മുന്നോട്ടു വെച്ചത് ബദല്‍ ക്യൂറേറ്റോറിയല്‍ ആശയങ്ങളായിരുന്നു. ഒന്നാമത്തേത്, ഇംഗ്ലീഷ് സംസാരിക്കാത്ത കലാകാരന്മാര്‍ ഒരു കൂട്ടം ആളുകളുടെ മുന്‍പില്‍ ഇംഗ്ലീഷ് ഭാഷയില്‍ തങ്ങളുടെ കലയെക്കുറിച്ചു സംസാരിക്കുക എന്നതായിരുന്നു. അക്കാദമി ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്ന പേരില്‍ സിരിഫോര്‍ട്ട് മേഖലയില്‍ അര്‍പ്പണ കൗര്‍ എന്ന കലാകാരി നടത്തിയിരുന്ന സ്ഥാപനം അവരുടെ ഹാള്‍ എനിക്ക് ഇതിലേക്കായി സൗജന്യമായി തന്നു. മാസത്തിലെ രണ്ടാം ശനിയാഴ്ചകളില്‍ കലാകാരന്മാര്‍ അവിടെ ഒത്തുകൂടുകയും എന്റെ അധ്യക്ഷതയില്‍ അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ ആശയപ്രകടനം നടത്താനാകാതെ പൊട്ടിക്കരഞ്ഞ കലാകാരന്മാരെ എനിക്കറിയാം. പില്‍ക്കാലത്ത് അവര്‍ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്നവരായി എന്ന സാഹചര്യവും ഉണ്ടായി.

'സ്മാള്‍ ബട്ട് സിഗ്നിഫിക്കന്റ്' (1999) എന്നതായിരുന്നു ഞാന്‍ ക്യൂറേറ്റ് ചെയ്ത ആദ്യപ്രദര്‍ശനം. ഡല്‍ഹിയില്‍ ദശകങ്ങളോളം ജീവിച്ചിട്ടും ഒരിക്കല്‍പ്പോലും ഒരു ഗാലറിയും സന്ദര്‍ശിച്ചിട്ടില്ലാത്ത മനുഷ്യരെ തെരുവിലും വീടുകളിലും ഓഫീസുകളിലും സമീപിച്ചു അവരില്‍നിന്നു പത്തുരൂപ വീതം പിരിച്ച് ആ പണംകൊണ്ട് ഖാദി ഗ്രാമോദ്യോഗ ഭവനില്‍നിന്ന് ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ വാങ്ങി ഇരുപതോളം കലാകാരന്മാര്‍ക്കു നല്‍കി. അവര്‍ വരച്ച ചിത്രങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ആദ്യമായി ഗാലറിയില്‍ വന്നവര്‍ തന്നെ വാങ്ങി. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മുഖ്യധാരാ ഗാലറിക്കും ചിന്തിക്കാന്‍ കഴിയാതിരുന്ന ഒന്നായിരുന്നു ഞാന്‍ ക്യൂറേറ്റ് ചെയ്തത്. തുടര്‍ന്ന് 'ഹീറ്റ്' എന്ന പ്രദര്‍ശനം. അത് ശരീരം എന്ന വിഷയത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചായിരുന്നു. 'ഡ്രീംസ്: പ്രോജെക്ട്സ് അണ്‍റീയലൈസ്ഡ്' (2004). പണമില്ലാത്തതിനാല്‍ ചെയ്യാന്‍ കഴിയാത്ത പ്രോജക്റ്റുകളെ എങ്ങനെ കലാകാരന്മാര്‍ അവതരിപ്പിക്കും എന്ന അന്വേഷണമായിരുന്നു അത്. ശൂന്യമായ ചുമരുകള്‍കൊണ്ടുള്ള ആ പ്രദര്‍ശനം ഡല്‍ഹി കലാരംഗത്തിനു പുതിയൊരു അനുഭവമായിരുന്നു. 'ട്വിലൈറ്റ് സോണ്‍ ഓഫ് ദി ഗ്രേറ്റ് ഇന്ത്യന്‍ ഡിജിറ്റല്‍ ഡിവൈഡ്' (2004) എന്ന പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തത് അന്നേവരെയുണ്ടായിരുന്ന പല ശ്രേണീ ബന്ധങ്ങളേയും തകര്‍ത്തു. വീഡിയോ, സൗണ്ട് ആര്‍ട്ട്, ഇന്‍സ്റ്റലേഷന്‍, പെര്‍ഫോമന്‍സ് എന്നിവ ഒക്കെ ചേര്‍ന്ന ഒരു പ്രദര്‍ശനമായിരുന്നു അത്. 2008-ല്‍ തുടങ്ങി ഒരു വര്‍ഷം നീണ്ടുനിന്ന 'വീഡിയോ വെനസ്‌ഡേയ്‌സ് അറ്റ് ഗ്യാലറി എസ്പാസ്'ഉം 2012-ലെ 'യുണൈറ്റഡ് ആര്‍ട്ട് ഫെയറും' ലോകത്തെ തന്നെ അനന്യ പരീക്ഷണങ്ങളായിരുന്നു. അമ്പതോളം പ്രധാനപ്പെട്ട പ്രദര്‍ശനങ്ങള്‍ ഞാന്‍ ഡല്‍ഹിയില്‍ ക്യൂറേറ്റ് ചെയ്തു. അവയെക്കുറിച്ച് ഒരു പുസ്തകം തയ്യാറായി വരുന്നതിനാല്‍ വിശദീകരിക്കുന്നില്ല.

ഡല്‍ഹിയിലെ 27 വര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് കണ്ടുമുട്ടിയവരുടെ എണ്ണം അപരിമിതം. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന എത്രയോ പ്രഗത്ഭരായ മനുഷ്യര്‍. അവരില്‍ പലരെക്കുറിച്ചും എനിക്ക് എഴുതാന്‍ കഴിഞ്ഞു. ചിലരെ ഓര്‍മ്മയില്‍ കുറിച്ചുവെച്ചു. ഇന്ത്യയിലെ കലയെക്കുറിച്ചുള്ള ആദ്യത്തെ രണ്ടു ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക എഡിറ്ററായിരുന്നു ഞാന്‍. മാറ്റേഴ്സ് ഓഫ് ആര്‍ട്ട് ഡോട്ട് കോം എന്നും ആര്‍ട്ട് കണ്‍സേണ്‍സ് ഡോട്ട് കോം എന്നും പേരുള്ള ഇവ ഇന്ത്യയിലെ കലയെക്കുറിച്ചുള്ള എഴുത്തിനെ മാറ്റിമറിച്ചു. അനേകം കലാ എഴുത്തുകാരെ എനിക്ക് ഈ മാധ്യമത്തിലൂടെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിഞ്ഞു. കൂടാതെ ആര്‍ട്ട് ആന്‍ഡ് ഡീല്‍ എന്ന ജേണലിന്റെ പത്രാധിപരായി രണ്ടു വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞു. ഡല്‍ഹിയിലെ പല ഗാലറികളും തുടങ്ങിയതിനു പിന്നില്‍ ഞാനുണ്ടായിരുന്നു. നോര്‍ക്കാ സെല്ലിലെ ഓഫീസര്‍ ആയിരുന്ന എ.ആര്‍. രാജു നല്‍കിയ ആശയത്തെ ട്രാവന്‍കോര്‍ ഹൗസില്‍ ട്രാവന്‍കൂര്‍ ആര്‍ട്ട് ഗാലറി തുടങ്ങുന്നതിലൂടെ സാക്ഷാല്‍ക്കരിച്ചത് ഞാനായിരുന്നു. നിവ് ആര്‍ട്ട് ഫിലിംസിന്റെ ഉടമയും നിവ് ആര്‍ട്ട് സെന്ററിന്റെ ഡയറക്ടറുമായ നിവ് മാത്യുവുമായി സഹകരിച്ച് 'ഗോവ റീലോഡഡ്' പോലുള്ള ഒരു വന്‍പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യാന്‍ കഴിഞ്ഞു. ഡല്‍ഹിയിലെ സിനിമാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായ ദേവാനന്ദ് നായര്‍ ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങളെ ഒരുപാട് സഹായിച്ചിട്ടുള്ള വ്യക്തിയാണ്. ഈ ലേഖനത്തില്‍ ചിലരെയൊക്കെ വിട്ടുപോയിട്ടുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റൊരു അവസരത്തില്‍ തിരുത്താമെന്നു പ്രതീക്ഷിക്കുന്നു. ഏകദേശം മൂന്നു ദശകങ്ങള്‍ നീണ്ട എന്റെ ഡല്‍ഹി ജീവിതത്തില്‍ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് ഇത്. ഓരോ വ്യക്തിയും ഒരു കഥയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com