''പെണ്ണുങ്ങളെ എനിക്കെത്ര നോക്കിനിന്നാലും മതിയാവില്ല!''

കവിത, ജീവിതം, എഴുത്തുവഴികള്‍, നിരീക്ഷണങ്ങള്‍, ലോകവിചാരങ്ങള്‍, പ്രകൃതി, എന്നിവയെക്കുറിച്ച് വിടി ജയദേവനുമായി വിഎം ഗിരിജ സംസാരിക്കുന്നു.
''പെണ്ണുങ്ങളെ എനിക്കെത്ര നോക്കിനിന്നാലും മതിയാവില്ല!''

ഗിരിജ: ജയദേവന്റെ കവിതകളില്‍, സമകാല കവിതകളുടെ പശ്ചാത്തലം നോക്കുകയാണെങ്കില്‍ സ്ത്രീകളോട് വലിയ ആര്‍ദ്രതയുണ്ട്. നിറച്ചും സ്ത്രീകളുണ്ട്. സ്ത്രീകളില്ലാതെ ഞാനില്ല എന്നു തുറന്നുതന്നെ പറയുന്നു. സ്ത്രീകളെനിക്ക് ക്ഷമ പഠിപ്പിച്ചു. സ്ത്രീകളില്ലാതെ ഞാനില്ല എന്നൊക്കെ വാക്കുകളിലൂടെ  തന്നെ പറയുന്നുണ്ട്. പ്രണയം മാത്രല്ല, പലതരം നിറവുകളായിട്ടാണ് സ്ത്രീകളെ കാണുന്നത്. അതിപ്പോ ഈയൊരു കാലത്തു കാണാന്‍ പറ്റാത്തതാണെന്നു തോന്നുന്നു. ഇടശ്ശേരി കവിതകളില്‍ അതുണ്ട്. വൈലോപ്പിള്ളിയില്‍ ഒരു സ്വപ്നംപോലെ അതുണ്ട്. കടമ്മനിട്ടയും... അങ്ങനെ ഉണ്ട്. പക്ഷേ, ഇക്കാലത്തു പിന്നീടതിങ്ങനെ കാണുന്നത് ജയദേവന്റെ കവിതകളിലാണ്, കവിതകളില്‍ മാത്രമല്ല, എല്ലാ എഴുത്തിലും, എനിക്കാ  'എറേച്ചി' എന്ന നോവല്‍ വളരെയധികം ഇഷ്ടപ്പെട്ടു. അതിന്റെ കാരണം ചോദിക്കുന്നത് ശര്യാവില്ല. എഴുതുന്ന ആള്‍ക്ക് ചെലപ്പം അറിയണം എന്നുതന്നെയില്ല. പറയാനുള്ളത് കൃത്യായിട്ടു പറയാന്‍ പറ്റുമെങ്കില്‍ അയാള്‍ കവിത എഴുതില്ലായിരുന്നു. ഇങ്ങനെയെന്നു വിവരിക്കാന്‍ പറ്റാത്ത സംഗതിയാണല്ലോ കവിതയാവുക. ന്നാലും അതിനൊരു പശ്ചാത്തലം ഉണ്ടാവുമല്ലോ.

ജയദേവന്‍: അക്ഷരാര്‍ത്ഥത്തില്‍ പെണ്‍കോന്തന്‍ എന്നു പറയാന്‍ പറ്റുന്ന ഒരാളാണ് ഞാന്‍. പെണ്ണുങ്ങളെ എനിക്കെത്ര നോക്കിനിന്നാലും മതിയാവില്ല. ലോകത്തിലെ ഏറ്റവും സുന്ദരമായ എല്ലാ കാഴ്ചകളിലും ഒരു പെണ്ണനുഭൂതി ഒളിഞ്ഞുകിടക്കുന്നുണ്ട്. ഒരു പൂവ് പെണ്ണാണ്. തളിരിലകള്‍ പെണ്ണാണ്. നിലാവ് ലേശം വെണ്‍കലര്‍ന്ന പെണ്ണും ഇരുട്ട് ഇരുണ്ടനിറമുള്ള പെണ്ണുമാണ്. ഒരു ബസ്റ്റാന്റില്‍ പലനിറം കൂട്ടി അടിയരികുകള്‍ കക്കിരി പിക്കിരിയാക്കിത്തുന്നിയ നീളന്‍പാവാടയുടുത്ത, കാതില്‍ കാതിലം തൂക്കിയ, കൈനിറയെ കുപ്പിവളയിട്ട ഒരു പെണ്ണിനെ കണ്ട് അന്തംവിട്ട് ഒരു പെണ്ണിന്റെ മൂക്കിന്നറ്റം കാണാന്‍തന്നെ എത്ര സമയം വേണം എന്നാകുലപ്പെടുന്ന കവിതയിലെ പെണ്‍ഭ്രമക്കാരന്‍ ഞാന്‍ തന്നെയാണ്. എന്റെ ചുറ്റുപാടുമുള്ള സര്‍വ്വ സംഗതികളേയും പെണ്‍ സ്വരൂപത്തിലാണ് ഞാന്‍ സങ്കല്പിച്ചിരിക്കുന്നത്. പെണ്ണുങ്ങളില്ലാത്ത ഒരിടം നനവില്ലാത്ത ഒരു സ്ഥലം ആണെന്നു തോന്നും. തൈമാവുകള്‍ക്കും റമ്പൂട്ടാന്‍ കുട്ടികള്‍ക്കുമൊക്കെ അനു, സുമി, പാര്‍വ്വതി, സല്‍മ എന്നൊക്കെ പെണ്ണുങ്ങളുടെ പേരാണ്. ഞാനവരുടെ തളിരിലകളില്‍ ഉമ്മവെയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യാറുണ്ട്. അദ്ഭുതപ്പെടുത്തുന്ന വേറൊരു കാര്യം എന്റെ എല്ലാ ആണ്‍സുഹൃത്തുക്കളിലും എന്നില്‍ത്തന്നെയും എനിക്കാണ്‍മയുടെ ലേശവും കാണാന്‍ പറ്റാറില്ല എന്നതാണ്. എന്റെ ബുദ്ധനും രമണ മഹര്‍ഷിയും പെണ്ണാണ്. മനശ്ശാസ്ത്രപരമായി മുല കുടിച്ചു മതിയാവാത്ത ഒരു ചെക്കനാണ് ഒരുപക്ഷേ, ഞാന്‍... പെണ്ണുങ്ങളോടു ആഭിമുഖ്യം സ്വച്ഛന്ദമായി പ്രകടിപ്പിക്കുന്നതാണ് ഒരാണ്‍മയിലിന്റേയും ആണ്‍കുയിലിന്റേയും എന്നപോലെ ഒരാണ്‍ മനുഷ്യന്റേയും പ്രകാശനം, അതു പറ്റാതെ പോകലാണ് ഉള്ളിലെ കനപ്പെടലിനു കാരണം.

ഗിരിജ: ഓ, ആണാണെന്ന വിചാരത്തില്‍ ഒന്നു കരയാന്‍പോലും പറ്റാതാകല്‍ അല്ലേ? ആര്‍ദ്രതയും ആണവസ്ഥയും തമ്മില്‍ ഒരു വൈരുദ്ധ്യം ഉണ്ട് അല്ലേ.

ജയദേവന്‍: അതെ, അധികാരഭ്രമത്തിന്റെ കാരണവും അതാണ്. പെണ്ണിനെ പാട്ടുപാടിയോ പീലിവിരിച്ചോ ആകര്‍ഷിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് അടിപിടികൂടുന്നത്. അധികാരം ആവശ്യമായി വരുന്നത്. ലോകത്തെ എല്ലാ അധികാരഭ്രാന്തന്മാരും വശ്യത കുറഞ്ഞതിന്റെ പേരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരായിരുന്നു. ഒരു കൃഷ്ണന് പെണ്ണുങ്ങളെ ചുറ്റിലും നിന്നാടിക്കാന്‍ ഒരോടക്കുഴല്‍ മതി. ബുദ്ധന് മൗനം മതി. യേശുവിന് നനയുന്ന കണ്ണുമതി. അതൊന്നുമില്ലാതെ വരുമ്പോള്‍ ഒരുത്തന് ആയോധനം ആവശ്യം വരുന്നു. ആയുധവും സമ്പത്തും ആവശ്യം വരുന്നു. ഒരാണില്‍നിന്നു മനശ്ശാസ്ത്രപരമായ അധികാരഭ്രമം എടുത്തുമാറ്റിയാല്‍ ശുദ്ധമായ പെണ്‍മ മാത്രം ബാക്കിയാവും. ആണിലും പെണ്ണിലും വേറെ വേറെ നിറങ്ങളില്‍ ജൈവകാമനയുടെ മയില്‍പ്പിലികള്‍.

ഗിരിജ: അഹിംസാത്മകമായ, പ്രകൃതിയുടെ തന്നെ അലിവ് എന്നൊക്കെയുള്ള ഭാവങ്ങള്‍ തന്നെയായിരിക്കും ല്ലേ. 
ഓര്‍ക്കുന്നില്ലൊരു കൊന്നമരം 
ഒരു കൊന്നമരം 
താനെന്നതുപോലും എന്നും,

ഇല്ലാതാവലിന്റെ ഉപാധികള്‍ എന്ന കവിതയില്‍

എഴുത്തിന്റെ പരമാവധിയില്‍ 
ഒരു കവി,
നൃത്ത മൂര്‍ദ്ധന്യതയില്‍ 
ഒരു നര്‍ത്തകന്‍ തിരോഭവിച്ചു,
കാറ്റിലിളകി ഇളകി 
ഒരു വൃക്ഷം കാറ്റായിമാറുന്നത് 
കണ്ടിട്ടുണ്ടോ?
കാറ്റ് വീശലിന്റെ ഉന്മാദത്തില്‍ 
കടലായി മാറുന്നത്.
എന്നതിലൊക്കെ സൂചിപ്പിക്കുന്ന അതീത ആശയമുള്ള ചിന്താഗതികള്‍ എവിടെനിന്നാണ് വന്നത്. എന്താണ് ജയദേവന്റെ അഭിപ്രായത്തില്‍ കവിതയുടേയും ജീവിതത്തിന്റേയും പ്രധാന പ്രചോദനം.

ജയദേവന്‍: ഗിരിജേച്ചി സൂചിപ്പിച്ചതു ശരിയാണ്. കവിതയ്ക്കും ജീവിതത്തിനും വേറെവേറെ പ്രചോദനങ്ങള്‍ ഉണ്ടാവുക സാധ്യമല്ല. രാഷ്ട്രീയത്തിനും ജീവിതത്തിനും മതത്തിനും ജീവിതത്തിനും വേറെ വേറെ പ്രചോദനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തപോലെയാണത്. തിര്യക്കുകള്‍ക്കേതിനും അതാതിന്റെ പദാര്‍ത്ഥസ്ഥിതി തന്നെയാണവയുടെ ജീവിതം. അവയുടെ ചലനങ്ങളും നിശ്ചലതകളും അവയുടെ സ്വരങ്ങളും മൗനങ്ങളും തന്നെയാണ് അവ. മനുഷ്യനാകട്ടെ, താനെന്ന അവസ്ഥയെക്കുറിച്ചു ബോധപ്പെടാനും കഴിയും. അതായത് കുളപ്പടവിലിരിക്കുന്ന ഒരു തവള കുളക്കല്‍പ്പടവുകള്‍ ജലപ്പരപ്പ് ഓളങ്ങള്‍ കാണുന്നു. കുളപ്പടവിലിരിക്കുന്ന ബുദ്ധനാകട്ടെ, കുളപ്പടവും ജലവും ഓളവും കൂടാതെ കുളപ്പടവിലിരിക്കുന്ന ബുദ്ധനേയും    കാണുന്നു. ബോധത്തിന്റെ ഏറ്റവും അടിയിലുള്ള അവസ്ഥയില്‍ താനെന്നത് ഒരു കുഞ്ഞു തിരമാത്രം. ബോധത്തിന്റെ ഏറ്റവും ഉയര്‍ന്ന വിതാനത്തിലാവട്ടെ; താനെന്നത് കടല്‍. തിര എന്ന ആത്മബോധത്തില്‍നിന്നു സമുദ്രം എന്ന പ്രപഞ്ചബോധത്തിലേയ്ക്കുള്ള നിരന്തര വികാസമാണ് മനുഷ്യജീവിതത്തിന്റെ മഹനീയത. കവിതയ്ക്കു വിധേയനാവുന്ന ആളും പല വിതാനത്തില്‍ ഈ ബോധോദയത്തിനു വിധേയമാകുന്നു.

ഗിരിജ: താന്‍ എന്ന ചെറുബോധത്തില്‍നിന്നു പ്രപഞ്ചം എന്ന മഹാബോധത്തിലേയ്ക്കുള്ള പ്രയാണം അല്ലേ. 

ജയദേവന്‍: അതെ ഗിരിജേച്ചീ...

ഗിരിജ: ഈ തരത്തിലുള്ള ജീവിതാവബോധം സാധാരണമല്ല. എറേച്ചി എന്ന നോവലില്‍, എറേച്ചി എന്നാല്‍ വീടിന്റെ ഒക്കെ ഇറയം അല്ലേ, പലതരത്തില്‍ അസാധാരണമായ ജീവിതം നയിക്കുന്ന ആളുകള്‍, ഗുരുപരമ്പരകളൊക്കെ കടന്നുവരുന്നു. അസാധാരണ പരിസരങ്ങള്‍ കടന്നു വരുന്നു. ഇതിനൊക്കെ അടിസ്ഥാനമായ എന്തെങ്കിലും അനുഭങ്ങള്‍ ഉണ്ടോ?

ജയദേവന്‍: ആ നോവലിലെ നോട്ടക്കണ്ണ് രണ്ടു കുഞ്ഞിക്കുട്ടികളുടേതാണല്ലോ. കുഞ്ഞിക്കുട്ടികളുടെ ഒപ്പം ഞാന്‍ 25 കൊല്ലം ജീവിച്ചു. അവര്‍ ഉറുമ്പിനെ നോക്കുന്നതിനൊപ്പം ഉറുമ്പിനെ നോക്കുകയും അവര്‍ മാങ്ങയീമ്പുന്നതിനൊപ്പം മാങ്ങയീമ്പിയും വിസ്മയിക്കുന്ന അതേ വിതാനത്തില്‍ ചെന്നുനിന്നു നോക്കിക്കണ്ടു വിസ്മയിച്ചുമായിരുന്നു ആ ജീവിതം. അവര്‍ എന്റെ ശരീരവലിപ്പത്തെ മാപ്പാക്കുകയും എന്നെ അവരുടെ കൂടെക്കൂട്ടാന്‍ സന്നദ്ധത കാണിക്കുകയും ചെയ്തിരുന്നു. വെറും സാധാരണം എന്ന് ഒരു മീശക്കാരനു തോന്നുന്നത് കുട്ടികളുടെ കണ്ണുകൊണ്ടു നോക്കുമ്പോള്‍ എത്ര അസാധാരണം എന്നു മനസ്സിലാവും. ഓരോ ആളും എത്രമാത്രം വിചിത്രമായ അമ്പരപ്പുകളാണ് ഒരു കുട്ടിയില്‍ ഉണ്ടാക്കുക! (കുട്ടികള്‍ അവരുടെ ഗുരുനാഥന്മാര്‍ക്കു നല്‍കാറുള്ള ഇരട്ടപ്പേരുകളില്‍ ഈ അമ്പരപ്പുകള്‍ അനാവൃതമാകും). നിസ്സാരമായ ഒന്നും ഒരു പൈതലിന്റെ നോട്ടത്തില്‍ ഇല്ല തന്നെ! എന്റെ കുട്ടിക്കാലത്തെ നാട്ടിന്‍പുറം കുട്ടികള്‍ക്കുവേണ്ടി ധാരാളം മാന്ത്രികതകള്‍ കരുതിവെച്ചിരുന്നു. അവിടെ ഉച്ചവഴിയേകാന്തതകളില്‍ ചിലങ്കയണിഞ്ഞ ദൈവങ്ങള്‍ ഊരുചുറ്റാനിറങ്ങുകയും പാതിരാനേരങ്ങളില്‍ ദുഃഖിതരായ പ്രേതങ്ങള്‍ ഏങ്ങിയേങ്ങിക്കരയുകയും പതിവായിരുന്നു. വൈദ്യുതിക്കാലു പാഞ്ഞിട്ടില്ലാത്ത ധാരാളം ഇരുട്ടിടങ്ങള്‍ ആ നാട്ടിന്‍പുറത്ത് അന്നുണ്ടായിരുന്നു. ഇരുട്ടില്‍ മീന്‍കാരന്റോടെ പോയി ഉണക്കമീന്‍ വാങ്ങിവരുന്ന വഴി അങ്ങട്ടെയിലേയും ഇങ്ങട്ടെയിലേയും ആണ്‍ചെക്കന്മാര്‍ പരസ്പരം തുടകളുരുമ്മി രതി അനുഭവിച്ചിരുന്നു. കരണ്ടു വരുന്നേടത്ത് യക്ഷികളും പ്രേതങ്ങളും താമസിക്കില്ലെന്നു പ്രേതകഥ പറയുന്ന അമ്മായി കൂടെക്കൂടെ പറയുന്നതു കേട്ടിട്ടുണ്ട്. സാര്‍വ്വത്രികമായ സ്‌കൂളില്‍, കോളേജില്‍ പോക്ക് ഇല്ലാതിരുന്നതുകൊണ്ട് ജീവിതോപാധികള്‍ അനവധിയായിരുന്നു. ഓലകളും ഇലകളും പെറുക്കിവിറ്റും കൊട്ടയുണ്ടാക്കിമെടഞ്ഞ് മീന്‍കാരനു കൊടുത്തൊരു പോങ്ങ മത്തി പകരം വാങ്ങിയും ആളുകള്‍ ജീവിതം ഒരുതരത്തില്‍ സമൃദ്ധമാക്കിയിരുന്നു. അവിഹിതങ്ങളുടെ കഥകള്‍ കുട്ടികളുടെ വിതാനത്തിലേയ്ക്കുവരെ ചോര്‍ന്നെത്തിയിരുന്നു. പുറപ്പെട്ടു പോകല്‍, മൗനിയായി പോകല്‍, പ്രേതകൂടല്‍ ഒക്കെ സാധാരണമായിരുന്നു. ജീവിതത്തിന് അളന്നൊപ്പിക്കാനാവാത്തത്ര രസനീലിമകള്‍ ഉണ്ടായിരുന്നു.
ഗിരിജ: ഇരിക്കുന്ന സ്ഥലമല്ല ഇരിക്കുന്ന സ്ഥലം എന്നും അല്ലെങ്കില്‍ ഇരിക്കുന്ന സ്ഥലം മാത്രമല്ല ഇരിക്കുന്ന സ്ഥലം എന്നും ഉള്ള അതീതമായ ഒന്നിന്റെ സാന്നിധ്യം ജയദേവന്റെ എല്ലാ കവിതകളിലും ഉണ്ട്. എവിടുന്നു വന്നതാണ് ഇത്? ബുദ്ധിപരമാണോ? വായിച്ചുണ്ടാകുന്നതാണെന്നു തോന്നുന്നില്ല, അനുഭൂതിപരമാവാനാണ് സാധ്യത... ബുദ്ധനും ആത്മീയമായ എഴുത്തുകളും ഒക്കെ വായിക്കാറുണ്ടോ എന്നാണ് ചോദ്യം.

ജയദേവന്‍: സമൂഹമാനവ മനോഭാവ ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍കൊണ്ടു സംഭവിക്കാറുള്ള മാറിമറച്ചിലുകള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് സംഭവിക്കാറുണ്ട്. സാധാരണ അര്‍ത്ഥത്തിലുള്ള സാഹിത്യവും കവിതയുമൊക്കെ തീര്‍ത്തും അപരിചിതമായിരുന്നു എന്റെ കുട്ടിക്കാലത്ത്. ഏതു ഗുരുനാഥനേയും പോലെ ഭാഷാസാഹിത്യ അധ്യാപകനേയും ചെകുത്താന്റെ തിരുവവതാരമായാണ് തിണ്ടാടിത്തിമിര്‍ക്കലിലല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാതിരുന്ന ഞങ്ങള്‍ കുട്ടികള്‍ കരുതിപ്പോന്നത്. വിരലിലെണ്ണാവുന്ന കഥകള്‍ അവിടന്നുമിവിടന്നുമൊക്കെ നാവിലിറ്റിവീണത് വീണുകിട്ടിയ നാട്ടുമാങ്ങപോലെ കടിച്ചീമ്പിത്തിന്നു കുരുവലിച്ചെറിഞ്ഞ് പാട്ടിനു പോയിരിക്കും. കുറച്ചു മുതിര്‍ന്നപ്പോള്‍ ഞങ്ങളുടെയേവരുടേയും ഇഷ്ടവായന കുറ്റാന്വേഷണ കഥകളായിരുന്നു. ജയന്‍ ബാലന്‍ കെ. നായരേയോ ജോസ് പ്രകാശിനേയോ അടിച്ചു പഞ്ചറാക്കുന്ന ഒരു സിനിമ ഉണ്ടാക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ സ്വപ്നം. പത്താംക്ലാസ്സില്‍ വെച്ചാണ് ആദ്യമായി സാഹിത്യകൃതികള്‍ക്കു മുന്നില്‍ ഒന്നമര്‍ന്നിരുന്നത്. നല്ല ഇരുത്തംവന്ന ഒരു സാഹിത്യാധ്യാപകനെ അന്നാദ്യമായി കിട്ടുകയായിരുന്നു. (കളിമ്പക്കാലത്ത് എന്തു സാഹിത്യം! എന്തധ്യാപനം) പത്താംക്ലാസ്സ് പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളും ആ മാഷുടെ ആലാപനാഖ്യാന സൗന്ദര്യത്തില്‍ ആകൃഷ്ടനായി മനപ്പാഠമാക്കി. എന്റെ പത്താംക്ലാസ്സൊടുക്കത്തിലാണ് കലാകൗമുദിയില്‍ എം.ടിയുടെ രണ്ടാമൂഴം പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയത്. അതിലെ ലിപികള്‍ക്കുപോലുമുണ്ടായിരുന്നല്ലോ ഒരു സവിശേഷ സൗന്ദര്യം. ഞാനാദ്യമായി വിലകൊടുത്തുവാങ്ങിയ പുസ്തകം എം.ടിയുടെ രണ്ടാമൂഴമായിരുന്നു. അതിന്റെ അലേകകള്‍ക്കു ചേറുപറ്റുന്നതു ഭയന്നു ഞാനതൊരാള്‍ക്കും വായിക്കാന്‍ കൊടുത്തില്ല. ആ മഴക്കാലത്ത് തുന്നുവിട്ട കീറിപ്പറിഞ്ഞ ഒരു പുസ്തകം കയ്യില്‍വന്നു. ഖസാക്കിന്റെ ഇതിഹാസം. ഒരു പക്ഷേ, പില്‍ക്കാലത്തെ എന്റെ ഖസാക്കു പുസ്തകങ്ങളിലൊന്നിലും ഇല്ലാത്തത്ര കുഴമറിച്ചിലുകള്‍ ആ പുസ്തകത്തിലുണ്ടായിരുന്നു. ആ പുസ്തകത്തിന്റെ ഒട്ടും വ്യക്തമല്ലാത്ത സ്മൃതി പരിസര സാന്നിധ്യത്താല്‍ പില്‍ക്കാല ഖസാക്കുവായനയിലെ രവി കുറച്ചുകൂടി സംസ്‌കൃതനായി കാണപ്പെട്ടു. ഖസാക്കു വായന എന്നെ വിജയന്റെ അടിമയോ അനുചരനോ ഒക്കെയാക്കി. ജീവിത ലക്ഷ്യം കഥയെഴുത്തായി. എന്റെ ഭാഷയും സങ്കടങ്ങളും വിജയന്റെ ഭാഷയും സങ്കടങ്ങളുമായി. അടുക്കളച്ചായ്പില്‍ ഒരു പൂച്ചയെപ്പോലെ പരുങ്ങിനില്‍ക്കുന്നതില്‍ അഭിരമിച്ചിരുന്ന ഞാന്‍ അമ്മയെത്രയളന്നാലും പിടികിട്ടാത്ത ഒരുത്തനായി, ഒരു കടുത്ത സങ്കടമായി. നല്ലൊരു മദ്യപ്രിയനും ഇടതടവില്ലാത്ത പുകവലിക്കാരനുമായി. വിലകുറഞ്ഞ ന്യൂസ്പ്രിന്റുകളില്‍ ഇടതടവില്ലാതെ ആധുനിക സാഹിത്യം എഴുതല്‍ ലഹരിയായി, അച്ഛന്റെ നാടകാഭിനയ ആല്‍ബ ഫോട്ടാകളില്‍നിന്നു നാടകരംഗങ്ങള്‍ കീറിയെടുത്ത് പകരം ഓണപ്പതിപ്പുകളിലെ സാഹിത്യകാരന്മാരുടെ, ബഷീര്‍ മുതല്‍ സി.വി. ബാലകൃഷ്ണനും യു.കെ. കുമാരനും വരെയുള്ളവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചു കിടപ്പുമുറിയലങ്കരിച്ചു. നാലഞ്ചു വര്‍ഷം. പി.എന്‍. ദാസ് എന്ന എന്റെ ആത്മദീപ പ്രകാശദാതാവിനെ കണ്ടുമുട്ടും വരെ. പിന്നീട് കൃഷ്ണമൂര്‍ത്തിയെ, ഓഷോവിനെ, രമണമര്‍ഷിയെ വായിച്ചു. സാഹിത്യം എന്റെ ലോകമല്ലാതായി, പത്തുപന്ത്രണ്ടു വര്‍ഷം മലയാള സാഹിത്യത്തിലെ എഴുത്തുകുത്തുകളൊന്നും അറിഞ്ഞതുപോലുമില്ല. പിന്നീട് ദാസ് മാഷുടെ വൈദ്യശസ്ത്രം ഒരിക്കല്‍ നിന്നുപോയത് ചെറിയ രൂപത്തില്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഒരു പേജിനു വേണ്ടിയാണ് എഴുതുന്നത്, മാഷ് എഴുത് എന്നു പറഞ്ഞിട്ട്. ആ എഴുത്തുകളാണ് എന്റെ ആദ്യ കവിതകള്‍...
ഗിരിജ: മതാതീതമായ ഒരാത്മീയ വിചാരത്തിലാണ് പിന്നീട് ചെന്നെത്തിയത് അല്ലേ?

ജയദേവന്‍: അതെ. എണ്‍പതുകള്‍ അവസാനം മുതല്‍ പി.എന്‍. ദാസിന്റെ വൈദ്യശസ്ത്രം മാസിക ഓഷോ, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയ മതമുക്ത ആത്മീയ ചിന്തകരെ മലയാളത്തിനു പരിചയപ്പെടുത്തി. ഓഷോവിന്റേയും കൃഷ്ണമൂര്‍ത്തിയുടേയും ഒക്കെ ധാരാളം പുസ്തകങ്ങള്‍ പുതിയ വായനാന്തരീക്ഷം സൃഷ്ടിച്ചു. സെന്‍കഥകളും സെന്‍ബുദ്ധ അവബോധവും ഹൈക്കു കവികളും നമ്മുടെ കാവ്യഭാഷയെ വലിയ തോതില്‍ സ്വാധീനിച്ചു. വികാരതീവ്രഭാഷയില്‍ സംസാരിക്കുന്നതിനു പകരം സൗമ്യവും സൂക്ഷ്മവും സുതാര്യവുമായ ഭാഷയില്‍ ജീവിതസത്യത്തെ കവിതയില്‍ അനാവരണം ചെയ്യുന്ന രീതി ആറ്റൂര്‍ മുതല്‍ക്കുതന്നെ ഉണ്ടായിരുന്നെങ്കിലും പ്രപഞ്ചസൗന്ദര്യവും പ്രപഞ്ചബോധവും പ്രതിഫലിപ്പിക്കുന്ന ശലഭചലനങ്ങളുള്ള കവിതകള്‍, എനിക്കാ കിളിക്കുഞ്ഞിന്റെ കൂടെവിടെയെന്നറിയാം, അതിന്റെ അമ്മയെയറിയാം, അതിന്റെ ഭാഷയറിയില്ല എന്നതുപോലെത്തെ തമിഴില്‍നിന്നും മറ്റുമുള്ള പരിഭാഷകള്‍ വന്നു. സാഹിത്യം സാഹിത്യം മാത്രമായിട്ടെന്തിന്, ജ്ഞാനം ജ്ഞാനം മാത്രമായിട്ടെന്തിന് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നു, ജീവിതത്തെ കൂടുതല്‍ ദയയോടെ, ഹൃദയവായ്പോടെ സമീപിക്കാനുള്ള ക്ഷമ വന്നു... അങ്ങനെ കുറെയധികം വരലുകളുടെ, പുതുകുടിയേറ്റങ്ങളുടെ സമാഹാരമാണ് ഇക്കാലത്തെ കവിതയിലെ ആത്മീയത എന്നു തോന്നുന്നു.

ഗിരിജ:  ഈ ആത്മീയത തന്നെയാണ് കവിതയിലെ രാഷ്ട്രീയബോധവും അല്ലേ...
ജയദേവന്‍: മനുഷ്യനു രണ്ടു വിതാനത്തിലുള്ള ജീവിതം ഉണ്ട്, ഇല്ലേ? ഒന്ന് ഉള്ളാലെയുള്ള ജീവിതമാണ്. ഏതു പ്രണയ പാരസ്പര്യത്തില്‍ ഒട്ടിപ്പിടിക്കാന്‍ വെമ്പുന്ന ആള്‍ക്കും ഇടയ്ക്കൊന്നൊറ്റയ്ക്കിരുന്ന് ആത്മാവിന്റെ തൂവലും പീലിയും മിനുക്കാന്‍ തോന്നാറുണ്ട്. ഇടയ്ക്കെങ്കിലും ഒറ്റയ്‌ക്കൊരു പോക്കങ്ങു പോകാന്‍, തനിച്ചു നിലാവുണ്ണാന്‍, മഴകൊള്ളാന്‍ തോന്നാറുണ്ട്. വേദനയില്‍ ഒരാള്‍ ഒറ്റയ്ക്കാണ്, പ്രണയദുഃഖത്തെ പരിഹരിക്കാന്‍ ഒരു ശാസ്ത്രത്തിനും സാധിക്കുകയില്ല. പ്രണയവ്യഥയില്‍നിന്നു വിമോചിപ്പിക്കാന്‍ ഒരു വിപ്ലവകാരിക്കും സാധിക്കില്ല. മനുഷ്യജീവിതത്തിന്റെ വ്യക്തിമാനമാണത്. അതുപോലെതന്നെ ജീവിതത്തിനൊരു സാമൂഹ്യമാനവുമുണ്ട്. നല്ല ജീവിതാന്തരീക്ഷങ്ങള്‍ സൃഷ്ടിക്കുക, തുല്യനീതി ഉറപ്പുവരുത്തുക തുടങ്ങിയവയൊക്കെ ജീവിതത്തിന്റെ സാമൂഹ്യമാനങ്ങളാണ്. ജീവിതത്തിന്റെ സമൂഹവിതാനത്തില്‍ പരിവര്‍ത്തനങ്ങളും പ്രകാശനങ്ങളും വരുത്തുകയാണ് രാഷ്ട്രീയ ദര്‍ശനങ്ങളെങ്കില്‍ വ്യക്തിയുടെ ഏകാന്തതയിലാണ് കവിത പ്രവര്‍ത്തിക്കുന്നത്. ആളുടെ ഉള്ളിലേയ്ക്ക് കവിത ആകാശത്തെ വരുത്തുന്നു, ആകാശത്തെ വിടര്‍ത്തുന്നു. ഉള്ളിലാകാശമില്ലാത്ത ഒരു മനുഷ്യനും നീതിയെന്താണെന്ന്, പങ്കുവെയ്ക്കലിന്റെ പൊരുളെന്താണെന്ന്, തന്റെ ദുഃഖംപോലെ അപരന്റെ ദുഃഖവും തന്നെ വേദനിപ്പിക്കുന്നുണ്ടെന്നു ബോധ്യപ്പെടുകയില്ല. അതുകൊണ്ട് കവിതയില്ലാത്ത ഒരു ലോകത്ത് ദൈവത്തിനു പ്രവേശിക്കാനാവാത്തതുപോലെ കമ്യൂണിസവും സംഭവിക്കുകയില്ല.
ഗിരിജ: ഒരു നദിയില്‍നിന്ന് ഒരു ലോട്ട ജലവുമായി വന്ന് ഈ നദിയില്‍നിന്ന് എനിക്ക് ഉപയോഗിക്കാന്‍ അവകാശമുള്ളത് ഇതുമാത്രമാണ് എന്ന് ഗാന്ധി പറയുന്നുണ്ട്. എല്ലാം വിറ്റഴിക്കലിന്റെ മുതലാളിത്തത്തിന്റെ കാലത്ത് ഈ അവബോധൊക്കെ സാധ്യാണോ? ഓഷോ ഒക്കെ ആദ്യകാലത്ത് വലിയ വിപ്ലവം ഉണ്ടാക്കീട്ടുണ്ട്. പിന്നീട് അതൊക്കെ കച്ചവടവല്‍ക്കരിക്കപ്പെട്ടില്ലേ, എല്ലാം വിപണിയുടെ വിറ്റഴിക്കലിന്റെ ഭാഗമായി വന്നില്ലേ. 
ജയദേവന്‍: കാലമാണ് ഗുരുവും പാഠവും എന്നു തോന്നലുണ്ട് ഗിരിജേച്ചീ. കാലത്തിന്റെ കുഴമറിച്ചിലുകള്‍, കാലത്തിന്റെ അര്‍ത്ഥസന്ദിഗദ്ധതകള്‍, കാലം എന്ന പ്രശ്‌നവും കാലമെന്ന രോഗവും. കാലം എന്ന പരിഹാരവും കാലമെന്ന മരുന്നും. ഓരോ കാലത്തില്‍നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ചിന്തകള്‍, കവിതകള്‍ എല്ലാം കാലം തന്നെയല്ലേ. കാലം എന്ന പുഴയിലെ വേഗം കുറഞ്ഞതും വേഗമേറിയതുമായ അലകള്‍. ഓഷോയും കൃഷ്ണമൂര്‍ത്തിയുമൊക്കെ വലിയ വിപ്ലവം ചെയ്തിട്ടുണ്ട്. മതത്തിന്റെയും ഭൂതസമ്മര്‍ദ്ദഭാരങ്ങളുടേയും കാലടിച്ചോട്ടില്‍നിന്നു മനുഷ്യനെ രക്ഷിച്ചിട്ടുണ്ട്, സന്തോഷത്തോടെയും സുഖത്തോടെയും ജീവിക്കാന്‍ മനുഷ്യനവകാശമുണ്ട്. അരുതുകങ്ങളുടേയും ആഗ്രഹങ്ങളുടേയും വിരുദ്ധദിശയിലേയ്ക്കുള്ള പിടിവലിയില്‍പ്പെട്ട് കീറിമുറിഞ്ഞാണ് മനുഷ്യാന്മാവിനു വലിയ ക്ഷതവും അസൗന്ദര്യവും പറ്റിയിട്ടുള്ളത്. എങ്കില്‍പ്പോലും ഓഷോയുടെ സമ്പന്ന ജീവിതത്തോടുള്ള ഇഷ്ടം എന്നെ ഒട്ടും ആകര്‍ഷിച്ചില്ല. സമത്വബോധം ദൈവാവബോധം പോലെ മനുഷ്യാന്മാവില്‍ ഉരുവംകൊണ്ട അതിമനോഹരമായ ഒരു കവിതയായാണ് തോന്നിയിട്ടുള്ളത്. അസമത്വം അവബോധമില്ലായ്മയുടെ അടയാളമായേ തോന്നിയിട്ടുള്ളു. അസമത്വമുള്ള ലോകത്ത് നീതി ഉണ്ടാവുമോ? നീതിയില്ലാത്ത ലോകത്ത് ധര്‍മ്മമുണ്ടാകുമോ? ധര്‍മ്മമില്ലാത്ത സംഘത്തിലൂടെ ബോധോദയം ഉണ്ടാകുമോ? കുളത്തിലെ മീനിന്റെ അതിജീവനം എന്നാല്‍, ആ ജലാശയത്തിന്റെ അതിജീവനം തന്നെയാണ് എന്ന തരത്തലുള്ള ആന്തരാവബോധം ഒരു കുഞ്ഞുപ്രാണിയില്‍പ്പോലും ഉണര്‍ന്നിരിക്കുന്നുണ്ടെങ്കില്‍ അതൊരു മനുഷ്യനിലെത്തുമ്പോള്‍ എത്രമാത്രം പ്രവൃദ്ധമായിത്തീരണം! 

ഗിരിജ: ഭാഷയെപ്പറ്റി ധാരാളം ചിന്തകള്‍ ജയദേവന്റെ കവിതയില്‍ ഉണ്ട്. മഹാകവി കുമാരനാശാന്‍ ഒക്കെ ഭാഷയെപ്പറ്റി എപ്പോഴും ആലോചിച്ചിരുന്നു, എങ്ങനെയാണെഴുതണ്ടത്. ഇന്നു ഭാഷയിതപൂര്‍ണ്ണമാം വന്നുപോം പിഴയുമര്‍ഥശങ്കയാല്‍ എന്ന് ആശാന്‍ തന്നെ പറയുന്നുണ്ടല്ലോ? രണ്ടു ആള്‍ക്കാര്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍, ഇപ്പം നളിനിയും ദിവാകരനും തമ്മിലാണ് പറയുന്നതെങ്കിലും ആശാന്റെ ഭാഷയെപ്പറ്റിയുള്ള ആകുലതയാണത്.
ആര്‍ക്കും നിന്‍ വടിവറിയില്ല 
അര്‍ഘ്യമാല്യം കോര്‍ക്കും 
നിന്‍ പ്രതിമകള്‍നോക്കിയര്‍ച്ചകന്മാര്‍  എന്ന് കാവ്യകലയോടു പറയുന്നുണ്ടല്ലോ

നിന്‍ മഞ്ചത്തിന്‍ മണം അറികില്ല മൂര്‍ത്തിമാരും എന്നും.
എല്ലാം ഓര്‍ത്തെടുത്തു പറയാന്‍ പറ്റില്ല എങ്കിലും ഒരു വാക്കു അടുത്തുള്ള വാക്കിനോടു പറഞ്ഞു നിന്റെ അടുത്തുവന്നിരുന്നപ്പം പെട്ടെന്നു പൂത്തു, പെട്ടെന്നു മൃദുവായി എന്നൊക്കെയുള്ള കവിതയെപ്പോലെ ഒരു വാക്കെന്നാല്‍ മറ്റൊന്നിനെ പ്രകാശിപ്പിക്കുന്നതാണ് എന്നൊക്കെയുള്ള പോലെ, ജയദേവന്റേതായി ഭാഷയെപ്പറ്റി ധാരാളം കവിതകളുണ്ട്, ഞാന്‍ കുറേ എഴുതിവെച്ചിട്ടുണ്ട്. 
ആരൊട്ടു തെളിഞ്ഞാലും നിക്കും തെളിച്ചം കിട്ടും, 
ആരുടെ വിളക്കാലും 
എനിക്കുംവെട്ടം കിട്ടും. 
ആരുടെ വിതുമ്പലും 
എന്നെയും കരയിക്കും. 
ആരണയ്ക്കട്ടെ നാളം 
ഞാനും ഇരുട്ടില്‍പ്പെടും. 
എന്നൊക്കെ.
അതില്‍ രണ്ടു കാര്യം ഉണ്ട്. ഒന്നു ഭാഷയെന്നാല്‍ രണ്ടു കാര്യങ്ങളും സമന്വയിക്കുന്നതാണ്. മറ്റൊന്ന് എന്‍.വി. കൃഷ്ണവാര്യരൊക്കെ പറഞ്ഞപോലെ 
ഇന്നാഫ്രിക്കയെന്‍ നാടാവളുടെ 
ദുഃഖത്താലെ കരയുന്നു ഞാന്‍ 
എന്നൊക്കെപ്പോലെ സര്‍വ്വ മാനവികത എന്നു പറയുന്നത്... ഈ രണ്ടു കാര്യങ്ങളേയും എങ്ങനെയാണ് കവിത ആവിഷ്‌കരിക്കുന്നത്?
ജയദേവന്‍: നമ്മളിങ്ങനെ ആലോചിക്യാ, ഇലപൊഴിക്കുമ്പം ഒരു മരത്തിനൊരു പ്രശ്‌നോം ഇല്ല, കാരണം അത് വീണ്ടും പൂവുകളായിട്ടു വരും, അല്ലെങ്കില്‍ പൂവിന്റെ മൃദുലതയൊക്കെ പോയാലും അറ്റത്തൊരു വിത്തുണ്ട്. എന്നൊക്കെ എല്ലാറ്റിനേയും ആവിഷ്‌കാരങ്ങളായിട്ടും അന്യോന്യമുള്ള സംവാദങ്ങളായിട്ടും ഒന്നുകില്‍ ഒരു വ്യക്തിയും ഒരു വ്യക്തിയും തമ്മിലുള്ളതായിരിക്കും അല്ലെങ്കില്‍ ഒരു സമൂഹവും ഒരു സമൂഹവും തമ്മിലായിരിക്കാം, അല്ലെങ്കില്‍ ഒരു മരവും ഒരു കിളിയും തമ്മിലായിരിക്കാം. ഇങ്ങനെയുള്ള പരസ്പര വിനിമയങ്ങളുടെ കാര്യം എഴുത്തിനെപ്പറ്റിയും കവിതയെപ്പറ്റിയും ജയദേവന്റെ കൃതികളിലുണ്ട്, എന്താണ് കവിത എന്നതിനെപ്പറ്റിയുള്ള കവിതകള്‍ ഒരുപാടുണ്ട്. ആവിഷ്‌കാരത്തെപ്പറ്റിയുള്ള വേവലാതികളാണ് സത്യത്തില്‍ അത്...
ഒരാള്‍ക്ക് ലോകത്തിനുവേണ്ടി ചെയ്യാനുള്ള ഒരേ ഒരു കാര്യം സ്വയം പ്രകാശിതം ആവുക എന്നതല്ലേ. നെറ്റിയില്‍ ഒരുതുള്ളി അഗ്‌നിചുംബനമണിഞ്ഞാല്‍ പിന്നെ എണ്ണ തീരും വരെ, ജന്മമവസാനിക്കും വരെ അങ്ങനെ കത്തിനില്‍ക്കും. കാലത്തിന്റെ ഇരുട്ടില്‍ തനിക്കാവുംവിധം വെളിച്ചം കാണിക്കാന്‍ അപ്പോള്‍ ഒരാള്‍ക്കു പ്രാപ്തി ഉണ്ടാകും. ആ വെളിച്ചത്താല്‍ വേറെയും വിളക്കുകള്‍ പ്രകാശിതമായി എന്നുവരും. അങ്ങനെ ജീവിതത്തിന്റെ പ്രകാശനമൂല്യം കാലാതീതമായി നിലനില്‍ക്കും. സ്വയം സാക്ഷാല്‍ക്കരിക്കുക എന്നാല്‍ സ്വയം ആവിഷ്‌കരിക്കുക എന്നതല്ലേ, അതിനുള്ള ഭാഷയുടെ അന്വേഷണം പക്ഷേ, അത്ര എളുപ്പമായിരിക്കുകയില്ല. ശ്രദ്ധയും ജാഗ്രതയും അതിനാവശ്യമായിരിക്കും, കവിതയുടെ ഭാഷ എന്നാല്‍, ജീവിതത്തിന്റെ ഭാഷ എന്നുതന്നെ. വാക്കുകള്‍ എന്നാല്‍ ജീവിതത്തിന്റെ സൂക്ഷ്മകോശങ്ങള്‍ എന്നും വാക്കുകള്‍ക്കു തമ്മിലുള്ള പരസ്പരബന്ധം എന്നാല്‍ ആ കോശങ്ങള്‍ക്കു തമ്മിലുള്ള പരസ്പരവിനിമയം എന്നും അല്ലേ? ആ വിനിമയപ്പെടലുകളിലൂടെ ഊറിക്കൂടുന്ന അര്‍ത്ഥം ജീവിതത്തിന്റെ അര്‍ത്ഥവും ആണ്. ഈ വിനിമയം പ്രയാസമാക്കിത്തീര്‍ക്കുന്നത് ബന്ധങ്ങളുടെമേല്‍ ചുമത്തപ്പെടുന്ന നിബന്ധനകളാണ്. കുമാരനാശാന്റെ കവിതകളിലെ പ്രണയികളുടെ ദുഃഖത്തിനു കാരണം ബന്ധങ്ങളുടെമേല്‍ സമൂഹം പുലര്‍ത്തുന്ന വ്യവസ്ഥാപിതമായ അനുശാസനങ്ങളാണ്. എല്ലാ അനുശാസനങ്ങളും അഴിച്ചുകളയുമ്പോള്‍ ബന്ധങ്ങള്‍ സ്വതന്ത്രമാവും, വിനിമയം സ്വച്ഛമാവും. ഭാഷ സ്വതന്ത്രമാവും. വ്യവസ്ഥയുടെ അനുശാസനങ്ങള്‍ക്കെതിരെ ഭാഷയില്‍ നടക്കുന്ന വിമോചന സമരങ്ങളും വിപ്ലവപ്രവര്‍ത്തനവുമാണ് അതുകൊണ്ട് കവിത. ഇനി നടക്കാനിരിക്കുന്ന വിപ്ലവം, ആന്തരികവും ആത്യന്തികവുമായ വിപ്ലവം ബന്ധങ്ങളുടെ വിമോചനത്തിലൂന്നിയുള്ള വിപ്ലവമായിരിക്കും. അത് പദാര്‍ത്ഥനിഷ്ഠമോ സ്ഥലകാലബദ്ധമോ ആയിരിക്കുകയില്ല. കവിത ആ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രവും വിപ്ലവോപകരണവും വിപ്ലവകാരികള്‍ക്ക് ഒളിച്ചു താമസിക്കാനുള്ള നിഗൂഢ വനികകളും ആയി പ്രത്യക്ഷപ്പെടും.

ഗിരിജ: അതത്ര എളുപ്പമായിരിക്കില്ല. സംസ്‌കാരം എന്ന പേരില്‍ കുറേ സംഗതികള്‍ നമ്മള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് അതിലേയ്ക്കു വീഴാന്‍ നമുക്ക് പറ്റണമെന്നില്ല. ചിന്താവിഷ്ടയായ സീതയില്‍ പറയുന്നതുപോലെ 
അഴലിന്നു മൃഗാദിജന്തുവില്‍ 
പഴുതേറീടിലുമെത്തിയാല്‍ ദ്രുതം 
കഴിയാമതു മാനഹാനിയാല്‍ 
ഒഴിയാതാര്‍ത്തി മനുഷ്യനേ വരൂ. 
മാനഹാനീന്നു പറഞ്ഞാല്‍ നമ്മുടെ ഓര്‍മ്മ, നമ്മുടെ സെല്‍ഫ്, ജന്തുവിന്നൊരു വേദനയുണ്ടാകുന്നു. അതപ്പോള്‍ മറക്കുന്നു. വേദനയോടുകൂടി അതു വേദനയെ മറക്കുന്നു. പക്ഷേ, നമുക്കോര്‍മ്മകള്‍ ഉണ്ട്. വ്യക്തിപരമായ ഓര്‍മ്മകള്‍ മാത്രമല്ല സംസ്‌കാരത്തിന്റെ ഓര്‍മ്മകള്‍. നമ്മള്‍ വിചാരിക്കും ബ്രിട്ടീഷുകാര്‍ വന്നു നമ്മുടെ എന്തൊക്കെയോ കടത്തിക്കൊണ്ടുപോയെന്ന്, അല്ലെങ്കില്‍ അവരു നമ്മുടെ നാട്ടറിവുകളൊക്കെ കൊണ്ടുപോയെന്ന്. അങ്ങനെ നമുക്കു നമ്മുടെ ചില രാഷ്ട്രങ്ങളോട്, ജാതിവ്യവസ്ഥയെപ്പോലുള്ള ചില വ്യവസ്ഥകളോട് ഭയങ്കര ദേഷ്യം വരുന്നു. അതുണ്ടാക്കിവെച്ചവരോട് ശത്രുത വരുന്നു. അതൊക്കെ ഓര്‍മ്മകളായി നിലനില്‍ക്കുന്നു. അതുകൊണ്ട് സുതാര്യത ഉണ്ടാവുക എന്നത് വളരെയധികം പ്രയാസം ഉള്ള കാര്യമായിരിക്കും.

ജയദേവന്‍: സത്യം, ലോകം മുഴുവന്‍-ഒരാള്‍ക്ക് കീഴടക്കാന്‍ പറ്റിയേക്കും, കീഴടക്കണം എന്ന സ്വന്തം ഉള്ളിലെ ആഗ്രഹത്തെ കീഴടക്കാന്‍ അയാള്‍ക്കു പറ്റില്ല എന്നു പറയുന്നപോലെയാണ് അത്. ലോകം മുഴുവന്‍ പുതുക്കിപ്പണിയാം. പുതിയ ലോകം കെട്ടിപ്പടുക്കാം, പക്ഷേ, സ്വന്തം ഉള്ളിലെ പൊടി, പഴക്കം, അഴുക്കിന്റെ കൂന അങ്ങനെത്തന്നെ ഉള്ളിലുണ്ടാകും. ഉള്ളില്‍ വലിയ ഒരു കുശവക്കൂനയുമായാണ് ഓരോ മനുഷ്യനും ജീവിച്ചുപോരുന്നത്. മരിച്ച നിമിഷങ്ങളുടെ കൂന. ആ കുനകള്‍ ചിലപ്പോള്‍ പ്രേതങ്ങള്‍പോലെ എണീറ്റു നടക്കും. ദിനജീവിതത്തില്‍ ഭൂമി കുലുക്കങ്ങളുണ്ടാക്കും. എല്ലാ ഭയങ്ങള്‍ക്കും കാരണം ഉള്ളില്‍ ഒരാള്‍ പേറുന്ന പ്രേതലോകം ആണ്. സ്വതന്ത്രമായൊന്നു ചിറകടിക്കാന്‍പോലും പറ്റാത്തവിധം അതൊരാളില്‍ വലിഞ്ഞു മുറുകിയിരിക്കുന്നു. ഓരോ വ്യക്തിയും സ്വന്തം ആന്തരലോകത്തെ ഈ ശവക്കൂനയെക്കുറിച്ച് ഉള്ളുണര്‍വ്വു നേടും വരെ അയാളിലേയ്ക്ക് സ്വാതന്ത്ര്യബോധത്തിന്റെ പ്രഭാതസൂര്യന്മാര്‍ ഉദിച്ചെത്തുകയില്ല. ഓര്‍മ്മസഞ്ചയങ്ങളാണ് നമ്മുടെ രാഷ്ട്രീയത്തെ നയിക്കുന്നത്. ഇന്ത്യയും പാക്കിസ്താനും വേറെവേറെയാണെന്നും ഹിന്ദുവും മുസല്‍മാനും വേറെവേറെയാണെന്നും ആക്കിത്തീര്‍ക്കുന്നത് ശമിക്കാത്ത ഓര്‍മ്മകളില്‍നിന്നു പുറപ്പെടുന്ന ശവഗന്ധമാണ്. ഭൂതകാലത്തിന്റെ ശവഗന്ധം വ്യാപാരം ചെയ്താണ് ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ എന്നും ഭരണകൂടങ്ങള്‍ നിലനിന്നുപോന്നത്, ഇന്ന് അതതിന്റെ പാരമ്യദശയില്‍ എത്തിയിരിക്കുന്നു. ബര്‍ണാഡ് ഷായോട് സംസ്‌കാരത്തെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി സംസ്‌കാരം നല്ലതാണ്. പക്ഷേ, അതിതുവരെ സംഭവിച്ചിട്ടില്ല എന്നാണ്. സ്വന്തം ഭൂതകാലത്തിന്റെ അടിമകളായി കഴിയും വരെ, അക്കാരണം കൊണ്ട് മറ്റൊരാളോടോ മറ്റൊരു സമൂഹത്തോടോ ക്ഷമിക്കാനോ ശാന്തതപ്പെടാനോ സാധിക്കാതിരിക്കും വരെ ഒരു വ്യക്തിയോ ഒരു സമൂഹമോ സംസ്‌കാരമുള്ള ഒരു വ്യക്തിയോ സമൂഹമോ ആയിരിക്കുകയില്ല. 

ഗിരിജ: ഭൂതകാലത്തിന്റെ ഒരുപാടു നല്ലതുകള്‍ നമുക്കുള്ളിലില്ലേ? ഒരു പാട്ടു കേള്‍ക്കുമ്പോള്‍ ആ പാട്ടു കേട്ട കാലത്തെക്കുറിച്ച് നാം ഓര്‍മ്മിക്കില്ലേ. ഇന്നു കഥകളി കണ്ടപ്പോ രാമകുട്ടിയാശാന്റെ ഹനുമാനെ ഓര്‍ത്തു. അതൊരു ഭൂതകാലമാണല്ലോ... 
രാമകുട്ടിയാശാന്റെ ആട്ടക്കാഴ്ചാനുഭവം സുന്ദരമായിരുന്നു. ആ സൗന്ദര്യം നാംഅനുഭവിച്ചു. ആ അനുഭവത്തെ ഓര്‍മ്മയായി ഇപ്പോഴും സൂക്ഷിക്കുന്നു. ഇപ്പോള്‍ പുതിയൊരാട്ടക്കാരന്റെ അതേ വേഷം കാണുമ്പോള്‍ നമ്മളില്‍ പഴയ ഓര്‍മ്മ ഉണരുന്നു. മനസ്സ് രണ്ടു വേഷങ്ങളേയും ഒരുമിച്ചു കാണുകയും നിരാശിതമാവുകയും ചെയ്യുന്നു. സത്യത്തില്‍ രണ്ടു വേഷങ്ങളും രണ്ടു വേഷങ്ങളാണ്. രണ്ടു യാഥാര്‍ത്ഥ്യങ്ങളാണ്. 
നമ്മള്‍ അവയെ താരതമ്യം ചെയ്തുകൊണ്ടിരിക്കും.
അതെ, സത്യത്തില്‍ അവയ്ക്കു തമ്മില്‍ താരതമ്യം ഇല്ല. ആവശ്യവുമില്ല. രണ്ടു രാത്രികള്‍ക്കു തമ്മില്‍, രണ്ടു പകലുകള്‍ക്കു തമ്മില്‍, രണ്ടു പൂവുകള്‍ക്കു തമ്മില്‍ താരതമ്യം ആവശ്യമില്ലെന്നപോലെ. ഇന്നലെയുടെ സന്തോഷങ്ങള്‍ക്കും ഇന്നത്തെ സന്തോഷങ്ങള്‍ക്കും തമ്മില്‍ താരതമ്യം ആവശ്യമില്ല. താരതമ്യ ചിന്ത ജീവിതാസ്വാദനത്തിലെ സൗന്ദര്യം മുഴുവനായും നഷ്ടപ്പെടുത്തുകയും ആളെ കല്ലിച്ച ഒരാളാക്കുകയും ചെയ്യുന്നു. ഇന്നലെയില്‍ ബന്ധിതനായ ആള്‍ക്കും നാളെയിലേക്കു കുതിക്കുന്ന കുതിരയുടെ കാലില്‍ കെട്ടിയിടപ്പെട്ട ആള്‍ക്കും ഈ നിമിഷം ഇല്ല.

ഗിരിജ: പ്രായോഗിക ജീവിതത്തില്‍ ജയദേവന്‍ ഇങ്ങനെയാണോ ജീവിക്കുന്നത്? ഫിലോസഫിക്കലായി പറഞ്ഞിട്ട് കാര്യം ഉണ്ടോ?

ജയദേവന്‍: ഇങ്ങനെ ജീവിക്കണമെന്നോ ഇങ്ങനെ ജീവിക്കരുതെന്നോ ഉള്ള തോന്നല്‍ ഇപ്പോഴില്ല. ഇങ്ങനെ ജീവിക്കുന്നതുകൊണ്ട് മികച്ച ഒരാളാണെന്നോ അങ്ങനെ ജീവിക്കാതിരിക്കുന്നതുകൊണ്ട് മോശപ്പെട്ട ഒരാളെന്നോ ഇപ്പോള്‍ തോന്നുന്നില്ല. പ്രധാനപ്പെട്ട ഒരാളാകാനുള്ള ഒരു ശ്രമവും ഇപ്പോഴില്ല. അതുകൊണ്ട് പലതരം കാറ്റുകള്‍ കടന്നുവരുന്നു. ചിലതുകള്‍ ഉലയ്ക്കുന്നു. ചിലതുകള്‍ ഇപ്പോള്‍ കൂപ്പുകുത്തും എന്നു തോന്നിക്കുന്നു. ആ വികാരങ്ങളൊന്നും അല്ല ഞാനെന്നെനിക്കറിയാം. ഈ കവിതകളോ ഈ ചിന്തകളോ അല്ല ഞാനെന്നും അവയെന്നിലൂടെ കടന്നുപോകുന്ന കാറ്റലകളാണെന്നും എനിക്കറിയാം. അവയെന്നെ കുറച്ചു നേരത്തേയ്ക്ക് നൃത്തം ആക്കി മാറ്റി എന്നുമാത്രം. എന്നില്‍ ഏഴു നിറം ഉണ്ട് എന്നു തോന്നിച്ചു എന്നുമാത്രം. സത്താപരമായ, എല്ലാ ഉലച്ചിലുകളേയും അതുപോലെ പ്രകാശിപ്പിച്ചു പോരുന്ന, പ്രതിഫലിപ്പിച്ചു പോരുന്ന കേവലമായ എന്നിലെ ജൈവപ്രകൃതിയായി വെറുതേയിരിക്കലാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

ഗിരിജ: പറയുന്നതിനോട് സാമ്യമെങ്കിലും ഉള്ള ഒന്നു വായനക്കാരനു കിട്ടണ്ടേ? അങ്ങനെയൊന്നു നിങ്ങളാഗ്രഹിക്കുന്നില്ലേ? അതോ, വായനക്കാരന്റെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയാണോ? ജയദേവന്റെ കവിത എങ്ങനെയാണ് വായനക്കാരന്‍ മനസ്സിലാക്കേണ്ടത്? മനസ്സിലാക്കല്‍ ഒരു പ്രധാന കാര്യം ആണല്ലോ? വായനക്കാര്‍ എന്നെ എങ്ങനെ മനസ്സിലാക്കുന്നു എന്നത് നിങ്ങളെ ബോദര്‍ ചെയ്യുന്നുണ്ടോ ഇല്ലയോ?

ജയദേവന്‍: വിനിമയത്തിന്റെ സാമാന്യതലം പ്രധാനം തന്നെ. പക്ഷേ, മനസ്സിലാക്കല്‍ എന്നതില്‍ ഒരു പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു. അതായത് മനസ്സ് എന്നത് ഒരാളുടെ ആര്‍ജ്ജിതാനുഭവങ്ങളുടെ സമാഹാരം അല്ലേ. അതിന്റെ പരിധിയില്‍ നില്‍ക്കുന്ന ഒന്നുമാത്രമേ ഒരാള്‍ക്കു മനസ്സിലാവുകയുള്ളു. തങ്ങളുടെ ചിന്താശേഷിയുടെ പരിധിക്കു പുറത്തുള്ളത് മിക്കപേരും തള്ളിക്കളയുകയാണ് പതിവ്. ഭാഷ സാമാന്യമായി പ്രവര്‍ത്തിക്കുന്നത് ഭാഷകരുടെ ചിന്താപരിധിയില്‍ ഒതുങ്ങിനിന്നുകൊണ്ടാണ്. കവിത വായനക്കാരന്റെ ചിന്താശേഷിയെ ചോദ്യം ചെയ്യുന്നു. മനസ്സിലാവലിന്റെ പരിധിക്കു പുറത്തേയ്ക്കു വളരാനാവുന്ന ഭാഷയാണ് കവിത എന്നു പറയാം. 

ഗിരിജ: എന്തായാലും ഇന്റ്യൂഷന്‍പോലെ, മുളയ്ക്കാനായുന്ന വിത്തുപോലെ ഒരു സാധനം അവിടെ ഉണ്ടാവുന്നുണ്ടല്ലോ? ഒരു സ്പര്‍ശം, എഴുതിയയാളും വായിക്കുന്ന ആളും തമ്മിലുള്ള ഒരു പാലം, പാലം ന്നു പറയാന്‍ പറ്റില്ല, പാലം അജൈവമായിപ്പോകും, മുളച്ചുവരുന്നപോലെ ഒരു സംഭവം ഉണ്ടല്ലോ അത് എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നതുതന്നെയാണ് നമ്മുടെ സിദ്ധാന്തങ്ങള്‍, ധ്വനി എന്നൊക്കെ നമ്മളു പറയുന്ന കാര്യങ്ങളും. ധ്വനി എന്നു പറഞ്ഞാല്‍ നിത്യനിദാനമായ അര്‍ത്ഥത്തെ അതിവര്‍ത്തിച്ച് അതിനപ്പുറത്തേയ്ക്കു പോകുന്ന ഒന്നാണല്ലോ. അങ്ങനെ ഓരോ വായനക്കാരനേയും വേറൊരര്‍ത്ഥത്തിലേയ്ക്കു പോകാന്‍ സഹായിക്കുന്ന ഒന്നാണ് എന്നതായിരിക്കും കവിതയെ ഒരു ലേഖനത്തില്‍നിന്നു വേര്‍തിരിക്കുന്നത്.
പഴയ കവിതകള്‍ പഴയ വൃത്തങ്ങള്‍ ഇവയിലൊക്കെ ശ്രദ്ധിക്കാറുണ്ടോ? ദ്രാവിഡ വൃത്തങ്ങള്‍, സംസ്‌കൃത വൃത്തങ്ങള്‍ ഇവയൊക്കെ നമ്മുടെ സമ്പത്തു തന്നെയാണല്ലോ. ചില വികാരങ്ങളെ സ്പര്‍ശിക്കാന്‍ ചിലതരം ഘടനകള്‍ക്ക് കഴിയും.

ജയദേവന്‍: സത്യം, വൃത്തബദ്ധമായ ഭാഷയുടെ വായന നല്ല പരിശീലനം വേണ്ട ഒരു സംഗതിയാണ് അല്ലേ? വാക്യഘടനകള്‍ക്ക് വൃത്തബദ്ധതയ്ക്കായുള്ള മാറിമറച്ചിലുകള്‍ വരുന്നതുകൊണ്ട് നേരെ ചൊവ്വേയുള്ള വായനയ്ക്കു പലപ്പോഴും പ്രയാസം നേരിടും, പരിശീലനത്തിലൂടെ വാക്യഘടനകള്‍ക്കുമേല്‍ സാധന നടത്തിയ ആള്‍ക്ക് പെട്ടെന്ന് അര്‍ത്ഥം അഴിഞ്ഞുകിട്ടി എന്നു വരും. പണ്ട് വിദ്യാലയങ്ങളുടെ കാവ്യപഠന പരിധിയില്‍ അതുള്‍പ്പെട്ടിരുന്നു. നല്ല കാവ്യാസ്വാദകരായ അധ്യാപകര്‍ക്കു മാത്രമേ കാവ്യരസം തൂവിപ്പോകാതെ ക്ലിഷ്ടഘനയുടെ തൊണ്ടുപൊളിച്ചുള്ള ആസ്വാദനം പരിശീലിപ്പിക്കാന്‍ പറ്റു, നമ്മുടെ സ്‌കൂളുകളിലൊരിടത്തും ഇന്ന് സാമാന്യമായി ആ പരിശീലനം നടക്കുന്നില്ല. പഴയകാലത്തുപോലും സാധാരണക്കാരായ ആളുകള്‍ക്കായി ആശാന്റെയൊക്കെ ഓരോ കാവ്യഭാഗത്തിന്റേയും അര്‍ത്ഥം ചുവടെ ഗദ്യരൂപത്തില്‍ കൊടുക്കുക പതിവുണ്ടായിരുന്നു. ഇന്നേതെങ്കിലും ഒരു കാവ്യം വായനക്കാരനോട് അത്തരം വായനയ്ക്കു നിര്‍ബ്ബന്ധിക്കുന്നപക്ഷം അയാള്‍ നേരെ ഒരു ബംഗാളി തൊഴിലാളിയെ ആ പണി ഏല്പിച്ചെന്നിരിക്കും. പച്ചമലയാളത്തില്‍, നേരെചൊവ്വേ കവിതയെഴുതാനുള്ള ശ്രമം ഉണ്ടായപ്പോള്‍ ഒരോ നാലുവരിയും ഒരു കെട്ട് അധികപദങ്ങളെ വൃത്തബദ്ധതയ്ക്കായി പേറേണ്ടി വന്ന അനുഭവവും ഭാഷാസാഹിത്യത്തില്‍ ഉണ്ടല്ലോ. ഈ കാരണങ്ങള്‍കൊണ്ടൊക്കെയാവണം പില്‍ക്കാല കവിത അര്‍ത്ഥസംക്രമണത്തിന് ലളിതമായ ഗദ്യരൂപം ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍പ്പോലും എഴുത്തുപരീശീലനം എന്ന നിലയില്‍ പലതരം കെട്ടുമുറകളിലൂടെ എഴുത്താള്‍ കടന്നുപോകണം എന്നാണെന്റെ പക്ഷം.

ഗിരിജ: അപ്പോ, നമ്മുടെ പാരമ്പര്യവും നമ്മുടെ സുന്ദര കവിതകളും നമ്മളും തമ്മിലുള്ള ബന്ധം എന്തായിരിക്കും?
പൂര്‍ണ്ണമായി സ്വാംശീകരിക്കുകയും രക്തത്തില്‍ രക്തമായും മാംസത്തില്‍ മാംസമായും അലിയിക്കുകയും അതില്‍നിന്ന് ചിന്താപരമായി മോചനം നേടുകയും ചെയ്യുകയുമാവും നല്ലത്, അല്ലേ.

ഗിരിജ: അതെ, അബോധായി നമ്മുടെ ഉള്ളില്‍ അതു കിടന്നോട്ടെ. അങ്ങനെ ഭൂതകാലത്തെ ഉള്ളില്‍ വഹിക്കുകയും അതില്‍നിന്ന് മുക്തമായിരിക്കുകയും ചെയ്യുന്ന സ്ഥിതി. സാധാരണ ജീവിതത്തില്‍ അതത്ര എളുപ്പമല്ല. ഒരു യോഗിക്കോ സന്ന്യാസിക്കോ മാത്രം സാധിക്കും.

ജയദേവന്‍: ഒരു കവിയും ഒരു ബുദ്ധനും ഒരേ വെളിച്ചത്തില്‍ നില്‍ക്കുന്നു. ബുദ്ധനില്‍ ആ വെളിച്ചം സ്ഥായിയായിരിക്കും. തനിമയായിരിക്കും. കവിയില്‍ വെളിച്ചത്തിന്റെ വെളിപാടുകള്‍, മിന്നല്‍പ്പിണറുകളുണ്ടാകുന്നു. 
ഗിരിജ: അതെ, കവിയില്‍ പലതരം വികാരങ്ങള്‍ വന്നുപോകുന്നു, വികാരം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതാണ്.

ജയദേവന്‍: നാരായണഗുരുവും ആശാനും തമ്മിലുള്ള വ്യത്യാസം ഒരു ബുദ്ധനും വികാരബദ്ധനായ കവിയും തമ്മിലുള്ളത്. ജ്ഞാനിയായ ഒരാള്‍ക്ക് വീണപൂവ് എഴുതാനാവില്ല. പൂവു മരിക്കുകയല്ലെന്നും അതിന്റെ ആഴത്തില്‍ വരാനിരിക്കുന്ന കാലം സംഭൃതമായിരിക്കുന്നു എന്നും അയാള്‍ കാണും. കേവലമായ മുഖംകോടലുകള്‍ അയാളെ ഭ്രമിപ്പിക്കുകയില്ല. റോബര്‍ട്ടുഫ്രോസ്റ്റിന്റെ എത്താനുള്ള വിദൂരതയ്ക്കുവേണ്ടി ഹരിതഭൂമിയെ താന്‍ മടികൂടാതെ പിന്നിടും എന്നു പറയുന്ന കവിതയും ഒരു ബുദ്ധന്‍ വിലവെക്കുകയില്ല. ബുദ്ധന് എവിടെയും എത്താനില്ലല്ലോ. മനുഷ്യജീവിതത്തിലെ വൈകാരികാജ്ഞതയുടെ അന്ധകാരത്തെ അവലംബിച്ചു നിലക്കൊള്ളുന്ന പ്രകാശ താരകങ്ങളാവും നമ്മുടെ പല മനോഹര കവിതകളും. ആ അന്ധകാരം ഇല്ലാതാവുകയും പകല്‍വെളിച്ചം വന്നെത്തുകയും ചെയ്യുന്നപക്ഷം അവയും കാണപ്പെടാതാകും.

ഗിരിജ: നമ്മുടെ പൂര്‍വ്വകാല ജ്ഞാനികള്‍-വസിഷ്ഠന്‍, വിശ്വാമിത്രന്‍, വ്യാസന്‍... അവരൊക്കെ യുദ്ധം ചെയ്തു. ഹിംസയില്‍നിന്നു മോചനപ്പെട്ടില്ല. വാത്മീകി മാത്രമാണ് ഇത്തിരി വ്യത്യാസം എന്നു തോന്നുന്നു. രാമായണത്തെ അവലംബിച്ച് ഹരിതരാമായണവും വനാന്തരവും, അല്ലേ...

ജയദേവന്‍: അതെ, ഒരു പുരുഷനു, ആദര്‍ശപുരുഷന്‍ എന്നത് അഭിമാനമായി കരുതുന്ന ഒരാള്‍ക്ക് പത്തുതലയുള്ള ഒരു ശത്രുവിനെ കൊല്ലാന്‍ സാധിച്ചേയ്ക്കും, സ്വന്തം ഉള്ളിലെ പ്രണയത്തെ നിഷ്‌കളങ്കമായി സൂക്ഷിക്കാന്‍ സാധിക്കുകയില്ല എന്ന ഒറ്റ കഠോരപാഠം നല്‍കിക്കൊണ്ടുമാത്രം രാമായണം പിന്നെയും പിന്നെയും നമ്മുടെ മുന്നില്‍ താക്കീതുമായി എണീറ്റു നില്‍ക്കും. അഭിമാനാര്‍ത്തിയില്‍ പെട്ടുഴലുന്ന ചിന്താവിഷ്ടയായ സീതയേയും പുതിയ സീത, പുതിയ പെണ്‍ അവബോധം പിന്നിലാക്കും എന്നു ഞാന്‍ കരുതുന്നു. സ്ത്രീയുടെ അഭിമാനബോധം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലത്താണ് ആ കൃതിയുടെ ജനനം. അഭിമാനബോധം പ്രധാനപ്പെട്ടതാകയാല്‍ അത്രയും കാലം അതിന്റെ മൂല്യം നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ അഭിമാനം ഒരു പുരുഷകല്പിത ആശയമാണെന്നും സ്ത്രൈണാവബോധത്തിലെ ഉദ്ബുദ്ധത അതിനെ മറികടക്കും എന്നും വരുമ്പോള്‍ പുതിയ സീത എല്ലാ ഭൗതിക വിക്ഷുബ്ധതകളേയും പിന്നിട്ടുകൊണ്ട് എല്ലാ രാമന്‍മാരേയും എല്ലാ ലക്ഷ്മണകുമാരരേയും അയോധ്യകളില്‍ ഉപേക്ഷിച്ച് നിറഞ്ഞ ചിരിയോടെ, ശാന്തിയോടെ വനത്തിലേയ്ക്ക്, ജലത്തിലേയ്ക്ക് തിരോഭവിക്കാന്‍ മാത്രം ധീരയായിരിക്കും.

ഗിരിജ: ഈ പറച്ചിലുകള്‍പോലെ തന്നെയാണ് ജയദേവന്റെ കൃതികളും എന്നു തോന്നുന്നു. അതില്‍ അന്തരീക്ഷം മാത്രമേ ഉളളു. കാട്, പുഴ, നിലാവ്... സ്ഥിരമായ ഒന്നും തന്നെയില്ല!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com