ഭാവുകത്വം നവീകരിക്കുന്ന നിരൂപണം മലയാളത്തില്‍ ഇന്നില്ല

ഭാഷാമൗലികവാദം അല്ലെങ്കില്‍ അത്യധികമായ ഭാഷാഭിമാനം ഏത് ജനതയുടേയും ചിന്താജീവിതത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുക തന്നെ ചെയ്യും.
ഭാവുകത്വം നവീകരിക്കുന്ന നിരൂപണം മലയാളത്തില്‍ ഇന്നില്ല

താങ്കളുടെ കഥകളും കവിതകളും നോവലുകളുമെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. പ്രമേയപരമായി ഏറ്റവും നവീനമായ ഭാവനയുടെ പെരുക്കങ്ങളാണ് അവയിലെല്ലാം കാണാനാവുന്നത്. എന്നാല്‍, ഭൂതകാലത്തിന്റെ ഊര്‍ജ്ജപ്രവാഹം അവയില്‍ പലതിന്റേയും കരുത്തായി നില്‍ക്കുന്നുമുണ്ട്. ആധുനികതയേയും പാരമ്പര്യത്തേയും തമ്മിലിണക്കുന്ന എഴുത്തിന്റെ ഭാവരാശിയെക്കുറിച്ച് പറയാമോ?

അല്പം വിശദമായി മറുപടി പറയേണ്ടുന്ന ഒരു ചോദ്യത്തില്‍ നിന്നാണ് സോമന്‍ ആരംഭിച്ചിരിക്കുന്നത്. ഉത്തരം എന്റെ എഴുത്തുജീവിതത്തിന്റെ ആദ്യനാളുകളില്‍നിന്നുതന്നെ തുടങ്ങേണ്ടിവരും.
ആധുനികന്മാരുടേയും അവരുടെ തൊട്ടുമുന്‍പുള്ള എം.ടി, ടി. പത്മനാഭന്‍ തുടങ്ങിയവരുടേയും രചനകളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കൃതികളുമായും വള്ളത്തോള്‍, ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയവരുടെ കവിതകളുമായും ഞാന്‍ പരിചയപ്പെട്ടിരുന്നു. ബഷീര്‍, തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തുവര്‍ക്കി തുടങ്ങിയവരുടെ രചനകളും ഞാന്‍ ആവേശപൂര്‍വ്വം വായിച്ചിരുന്നു. ചാള്‍സ് ഡിക്കന്‍സ്, ടാഗോര്‍, പ്രേംചന്ദ് എന്നിവരും എനിക്ക് അന്നേ  പ്രിയപ്പെട്ട എഴുത്തുകാരായിത്തീര്‍ന്നിരുന്നു. ഇവരുടെയൊക്കെ ഏതാനും കൃതികളേ ഞാന്‍ വായിച്ചിരുന്നുള്ളൂ എന്നത് സത്യമാണ്. എങ്കിലും ഇവരൊക്കെ എഴുത്തിനെ സമീപിച്ച രീതികള്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പക്ഷേ, ഇവരില്‍ ആരെയെങ്കിലും അനുകരിച്ചല്ല  ഞാന്‍ എഴുതിത്തുടങ്ങിയത്.

വള്ളത്തോള്‍
വള്ളത്തോള്‍

1971-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് അതിന്റെ വിഷുപ്പതിപ്പിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ 'ഒറ്റയാന്റെ പാപ്പാന്‍' എന്ന കഥ എഴുതുമ്പോഴേക്കും ഞാന്‍ ആധുനികരുടെ ജീവിതദര്‍ശനവും എഴുത്തുരീതിയുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നു. പക്ഷേ, ഞാന്‍ അസ്തിത്വവാദത്തില്‍ വീണുപോവുകയോ മൃത്യുപൂജ നടത്തുകയോ വ്യര്‍ത്ഥതാബോധവും കാല്പനിക വിഷാദവും ശീലമാക്കുകയോ ഒന്നും ചെയ്തില്ല. നവോത്ഥാന കഥാകാരന്മാര്‍ എന്ന് എം. അച്യുതന്‍ വിളിച്ച കഥാകാരന്മാരുമായും ആശാന്‍ മുതല്‍ ഇടശ്ശേരി വരെയുള്ള കവികളുമായും സ്ഥാപിച്ച ആത്മബന്ധം തന്നെയാണ് എന്നെ രക്ഷിച്ചത്.

ചങ്ങമ്പുഴ
ചങ്ങമ്പുഴ

ഒരു വിദ്യാര്‍ത്ഥിരാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് നേടിയ അറിവുകളും അത്രയും തന്നെ എന്നെ സഹായിച്ചിട്ടുണ്ടാവും. പക്ഷേ, ആധുനികതയുടെ ജീവിത സമീപനത്തില്‍നിന്ന് ഏറെക്കുറെ പൂര്‍ണ്ണമായും വിടുതല്‍ നേടാന്‍ പത്തുപതിനഞ്ച് വര്‍ഷക്കാലം എടുത്തു എന്നത് വാസ്തവമാണ്. അപ്പോഴും ആഖ്യാനത്തെ സംബന്ധിച്ച് ആധുനികത എന്റെ മനസ്സില്‍ ഉറപ്പിച്ച ധാരണകളില്‍നിന്ന് മോചനം നേടേണ്ടതുണ്ട് എന്ന് തോന്നിയില്ല. എങ്കില്‍ തന്നെയും എന്റെ ആഖ്യാനം എന്റേതായ ഒരു രീതി രൂപപ്പെടുത്തുന്ന വഴിയില്‍ മുന്നേറിത്തുടങ്ങിയിരുന്നു. അധികം വൈകാതെ അതില്‍ മറ്റാരുടേയും മറ്റൊരു പ്രസ്ഥാനത്തിന്റേയും യാതൊരടയാളവും ഇല്ലാതായി എന്നൊന്നും എന്നു ഞാന്‍ പറയില്ല. ഓരോ യഥാര്‍ത്ഥ എഴുത്തുകാരനും/എഴുത്തുകാരിയും മൗലികതയ്ക്കു വേണ്ടിയുള്ള അന്വേഷണം ബോധപൂര്‍വ്വമായും അബോധമായുമൊക്കെ നടത്തിക്കൊണ്ടിരിക്കും. അതില്‍ സമ്പൂര്‍ണ്ണ വിജയമെന്നത് അസാധ്യമാണ്.

ജി ശങ്കരക്കുറുപ്പ്
ജി ശങ്കരക്കുറുപ്പ്

എങ്കിലും, കാലാന്തരത്തില്‍ ഒരാളുടെ എഴുത്തില്‍ മൗലികതയുടെ അടയാളങ്ങള്‍ തെളിച്ചം നേടിത്തുടങ്ങുകയും ഒരു കഥയോ കവിതയോ കണ്ടാല്‍ എഴുതിയ ആളുടെ പേര് അച്ചടിച്ചുവെച്ചില്ലെങ്കിലും അത് ഇന്നയാളുടേതാണെന്ന് പറയാന്‍ വായനക്കാര്‍ക്ക് കഴിയുകയും ചെയ്യും. ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ്, കൗമുദി ആണെന്നാണോര്‍മ്മ, അവരുടെ ഓണപ്പതിപ്പില്‍ വായനക്കാര്‍ക്കുവേണ്ടി ഒരു മത്സരം നടത്തിയിരുന്നു. അതില്‍ പ്രസിദ്ധീകരിച്ച കഥകളോടൊപ്പം എഴുതിയ ആളുടെ പേര് വെച്ചിരുന്നില്ല. അത് കണ്ടെത്തലാണ് വായനക്കാര്‍ ചെയ്യേണ്ടത്. ആ മത്സരത്തിന്റെ ഫലം എന്തായിരുന്നു എന്നറിയില്ല. എന്തായാലും വായനക്കാരില്‍ കുറേയേറെപ്പേര്‍ എഴുത്തുകാരെ കൃത്യമായി തിരിച്ചറിഞ്ഞിരിക്കാന്‍ തന്നെയാണ് സാധ്യത. ആഖ്യാനശൈലി തന്നെയായിരിക്കും വായനക്കാരുടെ കണ്ടെത്തലിന്റെ പ്രാഥമികമായ അടിസ്ഥാനം. ശൈലിക്ക് പുറമെ ഓരോ എഴുത്തുകാരനും/എഴുത്തുകാരിക്കും ചില ഇഷ്ടപ്രമേയങ്ങളുമുണ്ടാവും. ജീവിതവീക്ഷണത്തിന്റെ  സാന്നിധ്യവും നേരിയ രീതിഭേദങ്ങളോടെ കൃതികളില്‍ ആവര്‍ത്തിക്കുന്നതായി കാണാം.

വൈലോപ്പിള്ളി
വൈലോപ്പിള്ളി

1986-ല്‍ എന്റെ ആദ്യ കഥാസമാഹാരം (ഒറ്റയാന്റെ പാപ്പാന്‍) പ്രസിദ്ധീകരിക്കുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് എന്റെ എഴുത്തുരീതി ദര്‍ശനത്തിന്റെ തലത്തില്‍ ആധുനികരുടേതില്‍നിന്ന് തീര്‍ത്തും സ്വതന്ത്രമാവുകതന്നെ വേണം എന്ന തോന്നല്‍ ശക്തമായത്.

ഇടശേരി
ഇടശേരി

അതിനു മുന്‍പുതന്നെ അനുഭവത്തിന്റേയും ഭാഷയുടേയും പ്രാദേശിക മുദ്രകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയും മുഖ്യകഥാപാത്രത്തിന്റെ അനുഭവജന്യമായ രാഷ്ട്രീയത്തില്‍ ഊന്നിയും 'തീയൂരിലെ കോമാളി' എന്ന പേരില്‍ ഞാനൊരു നോവലെഴുതിയിരുന്നു. ആ നോവല്‍ ഇതിവൃത്തവികാസത്തിന്റെ തലത്തില്‍ വേണ്ടത്ര വിജയിച്ചില്ലെന്ന് എനിക്കു തന്നെ തോന്നി. അതുകൊണ്ടാണ് അത് പുസ്തകരൂപത്തിലാക്കുന്നതില്‍ ഞാന്‍ താല്പര്യമെടുക്കാതിരുന്നത്. വാസ്തവത്തില്‍ 'തീയൂര്‍ രേഖകള്‍' എന്ന നോവല്‍ എഴുതുന്നതിനുവേണ്ടിയുള്ള പരിശീലനം മാത്രമായിരുന്നു അതെന്ന്  പിന്നീടെനിക്ക് ബോധ്യമായി.

നോവലെഴുത്തിലേക്ക് കടന്നതോടെയാണ് ഞാന്‍ ചരിത്രത്തേയും ഫോക്ലോറിനേയുമെല്ലാം ആഴത്തില്‍ സ്‌നേഹിച്ചു തുടങ്ങിയത്. കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്ന ഭൂവിഭാഗത്തിന്റെ ചരിത്രവും അവിടത്തെ ജനമനസ്സില്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന മുഖ്യതാല്പര്യങ്ങളുമെല്ലാം കൃത്യമായി മനസ്സിലാക്കിയും ആവശ്യമായ പഠനങ്ങള്‍ നടത്തിയും തന്നെയാണ് ഞാന്‍ നോവലുകള്‍ എഴുതിയിട്ടുള്ളത്. എഴുത്ത് എന്ന പ്രവൃത്തിയില്‍ അഭിമാനവും ആനന്ദവും അനുഭവിക്കുന്നതിന് ഇതെന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ചരിത്രബോധവും ജനജീവിതപഠനത്തില്‍നിന്ന് കൈവരുന്ന സവിശേഷ ജ്ഞാനവും ഒരു നോവലിസ്റ്റിനെ എത്രമാത്രം സഹായിക്കുമെന്ന് പറയാനാവില്ല.

പ്രമേയം, ഇതിവൃത്തം, ആഖ്യാനം ഈ മൂന്നിലും ആധുനികന്മാര്‍ വലിയ അട്ടിമറികള്‍ സാധിച്ചിരുന്നു. അത് നമ്മുടെ സാഹിത്യത്തെ എങ്ങനെയൊക്കെ ബാധിച്ചു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. നോവല്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് എന്റെ വഴി ആധുനികന്മാരുടേതല്ലല്ലോ എന്നു ഞാന്‍ വ്യക്തമായി തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവോടെ എഴുതിയ നോവലുകളില്‍പ്പോലും ആധുനികതയുടെ അടയാളങ്ങള്‍ പലതും കണ്ടേക്കാവുന്നതാണ്. നാം ഒരു ഘട്ടത്തില്‍ ആവേശത്തോടെ വായിച്ച കൃതികള്‍ നമ്മുടെ ഉള്ളില്‍ അവശേഷിപ്പിക്കുന്ന സംഗതികള്‍ അപ്പാടെ പുറത്തേക്കൊഴുകി മനസ്സ് തികച്ചും പുതുതാവുക എന്നത് ആഗ്രഹിക്കുന്നതുപോലെ സംഭവിക്കില്ല. ഓര്‍മ്മകളില്‍ പലതും ദശകങ്ങളോളം നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കും. പല സന്ദര്‍ഭങ്ങളായി ആ ഓര്‍മ്മകളെ മനസ്സിന്റെ ഉപരിതലത്തിലേക്ക് നാം തിരിച്ചു വിളിക്കും. ദര്‍ശനത്തിന്റേയും സൗന്ദര്യബോധത്തിന്റേയും സ്വാധീനങ്ങള്‍ അത്തരത്തില്‍ തിരിച്ചു വിളിക്കപ്പെടുന്നവയല്ല. അവ ബോധപൂര്‍വ്വമായ എല്ലാ നിരാകരണങ്ങളേയും മറികടന്ന് അവയുടേതായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

നോവലിസ്റ്റായിരിക്കെത്തന്നെ താങ്കള്‍ സമകാല മലയാളത്തിലെ ഒന്നാംനിര കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്. കഥ എന്ന ജനുസ്സ് താങ്കളുടെ കഥകളില്‍ പല രീതിയില്‍ ആവര്‍ത്തിച്ചു വരുന്നു. കഥയ്ക്കുള്ളില്‍ കഥയായും പഴങ്കഥയുടെ പുനരാഖ്യാനമായും കഥ എന്ന സംജ്ഞ പ്രത്യക്ഷമായിത്തന്നെ വെളിപ്പെടുത്തിയും കഥാഖ്യാന സമ്പ്രദായത്തിലെ പോയകാല നന്മകളെ സ്വാംശീകരിച്ചുമൊക്കെ കഥ എന്ന രൂപത്തെ താങ്കള്‍ പരിചരിക്കുകയും സവിശേഷമായ രൂപത്തില്‍ സവിശേഷമായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. 'മറ്റൊരു ലോകത്തെ കഥപറച്ചിലുകാര്‍' എന്ന കഥയില്‍ ഒമ്പത് സന്ദര്‍ഭത്തില്‍ കഥയായും കഥപറച്ചിലായും കഥാസംവാദമായും കഥയെ വിന്യസിച്ചിരിക്കുന്നു - കഥയോടുള്ള ഈ താല്പര്യത്തിന്റെ അടിസ്ഥാനമെന്താണ്?
ഞാന്‍ കവിതയിലാണ് ആരംഭിച്ചതെങ്കിലും ഒരെഴുത്തുകാരന്‍ എന്ന അംഗീകാരം എനിക്ക് ആദ്യമായി നേടിത്തന്നത് കഥയാണ്. പതിനെട്ടാമത്തെ വയസ്സില്‍ എഴുതിയതാണ് ആ കഥ. ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ അത് മാതൃഭൂമിയുടെ കഥാമത്സരത്തില്‍ സമ്മാനിതമായി. അതോടെ കഥയാണ് എന്റെ മാധ്യമം എന്ന് ഉറപ്പാവുകയും ചെയ്തു. എന്നിട്ടും ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓരോ കവിതയെഴുതിയിരുന്നു. പത്തിരുപത് വര്‍ഷം മുന്‍പ് വീണ്ടും കവിതയിലേക്ക് വന്നേ പറ്റൂ എന്ന തോന്നലുണ്ടായി. കാര്യമായ ഇടവേളയില്ലാതെ കുറച്ച്  കവിതകള്‍ എഴുതുകയും രണ്ടുമൂന്ന് കവിതാസമാഹാരങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. എന്നിട്ടും വായനക്കാരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും എന്നെ കവിയായി അംഗീകരിക്കാന്‍ മടിക്കുന്നവരാണ്. എന്റെ കവിതകളെക്കുറിച്ച് എസ്. സുന്ദര്‍ദാസും ദേവേശന്‍ പേരൂരും മാത്രമാണ് കാര്യമായി എഴുതാന്‍ തയ്യാറായത്. സുന്ദര്‍ദാസിന്റേത് ഒരു സമാഹാരത്തിന്റെ നിരൂപണവും ദേവേശന്റേത് ഒരു ദീര്‍ഘലേഖനവുമാണ്. പത്രാധിപന്മാരില്‍ 'തോര്‍ച്ച' മാസികയുടെ ബിജോയ് ചന്ദ്രനാണ് ഞാന്‍ കവി തന്നെയാണ് എന്നുറപ്പിച്ച് എന്റെ കവിതകള്‍ നല്ല പരിഗണന കിട്ടും  വിധം പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ 'തോര്‍ച്ച'യില്‍ ഞാന്‍ 'അന്നന്നത്തെ അപ്പം' എന്ന പേരില്‍ ഒരു കവിതാപരമ്പര തന്നെ എഴുതുന്നുണ്ട്. ഞാന്‍ കവി കൂടിയാണ് എന്ന് അംഗീകരിക്കുന്നതില്‍ കമല്‍റാം സജീവും അല്പവും മടി കാണിച്ചില്ല. ഈ വക കാര്യങ്ങള്‍ അറിയുന്നതില്‍ വായനക്കാരില്‍ വളരെ കുറച്ചു പേര്‍ക്കേ കൗതുകമുണ്ടാവൂ എന്നെനിക്കറിയാം. എങ്കിലും എന്തുകൊണ്ടെന്നറിയില്ല, ഇത്രയും പറയണമെന്ന് തോന്നി.

ഇനി കഥയുടെ കാര്യത്തിലേക്ക് വരാം.
കഥ എന്ന വാക്ക് വാസ്തവം, അവാസ്തവം, വാര്‍ത്ത, ഭാവനാനിര്‍മ്മിതി എന്നിങ്ങനെ പല അര്‍ത്ഥങ്ങളില്‍ നാം ഉപയോഗിച്ചു വരുന്നുണ്ട്. എല്ലാറ്റിനും ഉപരിയായി ജീവിതം എന്ന അര്‍ത്ഥവും അതിന് നാം നല്‍കിപ്പോരുന്നുണ്ട്. അയാളുടെ കഥ കഴിഞ്ഞു എന്നു പറയുമ്പോള്‍ ആ അര്‍ത്ഥമാണല്ലോ വരുന്നത്. ഇത്രയൊക്കെ വ്യത്യസ്തമായ അര്‍ത്ഥങ്ങളില്‍ ഒട്ടും അസ്വാരസ്യമനുഭവിക്കാതെ നാം ഉപയോഗിച്ചു പോരുന്ന ഈ വാക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്ക് തോന്നിയതില്‍ അസാധാരണമായി ഒന്നും ഇല്ല. അത് ഒരു കാര്യം. താരതമ്യേന വളരെ ചെറുത് എന്നു പറയാവുന്ന ഈ കാര്യം അവിടെ നില്‍ക്കട്ടെ. കൂടുതല്‍ പ്രധാനപ്പെട്ട മറ്റു ചില സംഗതികളിലേക്ക് വരാം.

കഥ ഏതൊക്കെ രൂപങ്ങളില്‍ നിലനിന്നിട്ടുണ്ട് എന്ന അന്വേഷണം, കഥയുടെ പല സാധ്യതകള്‍ പരീക്ഷിക്കാനുള്ള വ്യഗ്രത, ആധുനികമായ ജീവിതത്തില്‍നിന്നും അനാദിയായ ജീവിതം എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍നിന്നും മിത്തിനോട് രക്തബന്ധം പുലര്‍ത്തുന്ന കഥകള്‍ നിര്‍മ്മിച്ചെടുക്കാനുള്ള താല്പര്യം, കഥയുടെ കഥാത്വം വെളിപ്പെടുത്തുന്നതിലുള്ള  ഉത്സാഹം ഇവയെല്ലാം വ്യത്യസ്ത കാലങ്ങളില്‍ എന്റെ കഥയെഴുത്തിലെ ചാലകശക്തികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഞാന്‍ തന്നെ വിശദീകരിക്കാന്‍ പുറപ്പെട്ടാല്‍ ഫലം അത്ര മെച്ചപ്പെട്ടതാവാനിടയില്ല. ഞാന്‍ അറിയാതെ സംഭവിച്ചുപോയതാണ് അതൊക്കെ എന്നു പറയുന്നതാവും നല്ലത്. കഥയെ നാനാതരത്തില്‍ സമീപിക്കാനുള്ള  എന്റെ ശ്രമങ്ങള്‍ക്കുള്ള കാരണം ഞാന്‍ തന്നെ തിരയുന്നതിനേക്കാള്‍ നല്ലത് ഒരു നിരൂപകനോ സാഹിത്യവിദ്യാര്‍ത്ഥിയോ ഗവേഷകനോ അതിന് തുനിയുന്നതാവും. എന്തായാലും 'മറ്റൊരു ലോകത്തെ കഥപറച്ചിലുകാര്‍' എന്ന കഥയെപ്പറ്റി മാത്രം ചില കാര്യങ്ങള്‍ പറയാം. കഥപറച്ചില്‍ എന്നതിന് കെട്ടിച്ചമച്ച് എന്തെങ്കിലും പറയല്‍, അവാസ്തവം പറയല്‍ എന്നൊക്കെ അര്‍ത്ഥമുണ്ടല്ലോ. കേരളത്തിലെ ഇപ്പോഴത്തെ ബുദ്ധിജീവികളില്‍ പലരും ഇക്കാലത്തെ സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെ  സത്യസന്ധമായി അഭിമുഖീകരിക്കുന്നതിനു പകരം വലിയ ദാര്‍ശനിക വ്യാഖ്യാനങ്ങള്‍ വഴി അവയുടെ മര്‍മ്മസ്ഥാനങ്ങള്‍ വെളിപ്പെടുത്തുന്നതായി ഭാവിച്ച് വലിയ വിഡ്ഢിത്തങ്ങള്‍ പറയാറുണ്ട്. അത് വല്ലപ്പോഴും സംഭവിച്ചുപോവുന്നതല്ല. പലരുടേയും കാര്യത്തില്‍ അത് മാറ്റാന്‍ സാധ്യമല്ലാത്ത ഒരു ശീലമായിക്കഴിഞ്ഞിരിക്കയാണ്. ഇത്തരത്തിലുള്ള ആളുകള്‍ ഈ ലോകത്തല്ല ഉള്ളതെന്നും അവര്‍ നമ്മുടെ കാലത്തെ അഭിമുഖീകരിക്കാനുള്ള സത്യസന്ധത പുലര്‍ത്താതെ മറ്റൊരു ലോകത്തിരുന്ന് വെറുതെ കെട്ടുകഥകള്‍ പറഞ്ഞ് തങ്ങളെത്തന്നെ രസിപ്പിക്കുകയാണെന്നും പലപ്പോഴും ആലോചിച്ചുപോയിട്ടുണ്ട്. ആ ആലോചനയില്‍നിന്നാണ് 'മറ്റൊരു ലോകത്തെ കഥപറച്ചിലുകാര്‍' എന്ന കഥ ഉണ്ടായത്.

കേരളത്തിലെ പുതിയകാല ബുദ്ധിജീവികളില്‍ പലരും ഇങ്ങനെയായിത്തീര്‍ന്നത് എന്തുകൊണ്ടാണെന്നാണ് താങ്കള്‍ കരുതുന്നത്?
ജനങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുക എന്നത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജന്‍ഡയ്ക്ക് പുറത്തായതാണ് അതിനുള്ള പ്രധാന കാരണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ എതിരാളികളുടെ മേല്‍ അഴിമതി മുതല്‍ അങ്ങോട്ടുള്ള എല്ലാ ആരോപണങ്ങളും ഉന്നയിക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ വരുന്ന ആക്ഷേപങ്ങളെ തടയുന്നതിനും ശക്തമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നതിനും സ്വന്തം നേതൃനിരയില്‍നിന്ന് ചിലരെ സജ്ജരാക്കി നിര്‍ത്തുന്നുമുണ്ട്. അതിനപ്പുറമുള്ള രാഷ്ട്രീയം അവരുടെ ആലോചനയിലേ വരുന്നില്ല. ദൈനംദിന രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രീയദര്‍ശനം എന്ന ഒന്നുണ്ട് എന്ന കാര്യം ഏതാണ്ട് വിസ്മരിച്ച മട്ടിലാണവര്‍. ഈ ശൂന്യതയാണ് ദര്‍ശനം എന്ന് ഭാവിച്ച് കുയുക്തികള്‍ ഉന്നയിക്കുന്ന നവബുദ്ധിജീവികളുടെ ഒരു നിരതന്നെ രൂപപ്പെടുന്നതിന് സാഹചര്യമൊരുക്കിയത്.

ആഖ്യാനത്തിലായാലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലായാലും നാട്ടുഭാഷയുടെ, പ്രത്യേകിച്ചും വടക്കന്‍ കേരളത്തിലെ പ്രാദേശിക ഭാഷയുടെ സ്വാധീനം താങ്കളുടെ എഴുത്തില്‍ നിര്‍ണ്ണായകമായി നില്‍ക്കുന്നു. 'ഏഴിനും മീതെ' ഉള്‍പ്പെടെയുള്ള നോവലുകള്‍ക്കും അനേകം ചെറുകഥകള്‍ക്കും വാമൊഴിവഴക്കം ശ്രദ്ധേയമായ വിനിമയവീര്യം നല്‍കുന്നു. 'അഹോ!' എന്ന കഥ സമ്പൂര്‍ണ്ണമായും നാടോടി ഗ്രാമീണ മലയാളത്തിലാണ്. നാട്ടുഭാഷാ പ്രയോഗം എഴുത്തിന്റെ ചേരുവയായിത്തീര്‍ന്നതിന്റെ വഴിയും പൊരുളും എന്താണ് ?
വടക്കന്‍ കേരളത്തിലെ നാട്ടുഭാഷയുടെ സ്വരൂപം എന്റെ എഴുത്തുകളില്‍ ചിലതില്‍ നിര്‍ണ്ണായക ഘടകമായി മാറിയിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ, കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഞാന്‍ തികച്ചും പ്രാദേശികമായ വാക്കുകളും പ്രയോഗങ്ങളും സ്വീകരിക്കാറുള്ളൂ. അല്ലാത്തപ്പോഴും സംഭാഷണഭാഷയോട് അടുത്തുനില്‍ക്കുന്ന ഭാഷയിലാണ് ഞാന്‍ പലപ്പോഴും എഴുതിയിട്ടുള്ളത് എന്ന് ഒരാള്‍ക്ക് നിരീക്ഷിക്കാന്‍ കഴിഞ്ഞേക്കും.

ചില പ്രത്യേക കഥാവസ്തു മാത്രമേ ഭാഷയുടെ പ്രാദേശിക താളം മുന്നിലേക്ക് വരുന്ന എഴുത്തിനെ ആവശ്യപ്പെടുകയുള്ളൂ. അല്ലാത്തപ്പോള്‍ ഭാഷയുടെ പ്രാദേശികത മുഴച്ചുനില്‍ക്കുകയാണെങ്കില്‍ അത് വിഷയത്തിന്റെ ഗൗരവം ചോര്‍ത്തിക്കളയുകയും എഴുത്തിനെ കേവലമായ ജനപ്രിയത്വത്തിലേക്ക് തള്ളിയിടുകയും ചെയ്യും. ഏറ്റവും പ്രാദേശികമായ വിഷയങ്ങളും ഏറ്റവും ദരിദ്രരായ മനുഷ്യരുടെ ജീവിതത്തിലെ അനേകം സന്ദര്‍ഭങ്ങളും  വളരെ ഗൗരവപൂര്‍ണ്ണമായ പരിചരണം ആവശ്യപ്പെടുന്നവ തന്നെയാണ്. ഭാഷാഭേദം ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും ഉടനീളം ഉപയോഗിച്ചുകൊണ്ട് അത്തരം പരിചരണം സാധ്യമാവണമെന്നില്ല. അതുകൊണ്ട് വളരെ കരുതലോടെ തന്നെയേ ഭാഷാഭേദപദങ്ങളും ഒരു നാട്ടിന് മാത്രം പരിചിതമായ പ്രയോഗങ്ങളും കഥയിലും നോവലിലും ഉപയോഗിക്കാന്‍ പാടുള്ളൂ. 'മായാമനുഷ്യര്‍' എന്ന നോവലെഴുതുമ്പോള്‍ ഈ പ്രശ്‌നം ഞാന്‍ അഭിമുഖീകരിച്ചതാണ്. അതിലെ അവിനാശ്, ഫല്‍ഗുനന്‍ എന്നീ കഥാപാത്രങ്ങളുടെ സംസാരം ആദ്യം ഞാന്‍ തനി വടക്കന്‍ കേരളഭാഷയിലാണ് എഴുതിയത്. (കാസര്‍ഗോഡന്‍ ഭാഷാഭേദത്തിലല്ല കേട്ടോ.) പക്ഷേ, അത് വായനയെ വളരെ കനം കുറഞ്ഞതാക്കി മാറ്റിക്കളയും എന്നെനിക്കു തോന്നി. അതുകൊണ്ട് ഈ പ്രദേശത്തെ (നീലേശ്വരത്തിന് ഇപ്പുറം മുതല്‍ തലശ്ശേരി വരെയുള്ള പ്രദേശം എന്ന് ഏകദേശം പറയാം) ഭാഷാഭേദത്തിന്റെ നേരിയ ഛായ മാത്രം അവിടവിടെ നിലനിര്‍ത്തി ഞാന്‍ അത് അപ്പാടെ മാറ്റിയെഴുതുകയാണ് ചെയ്തത്. 

കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയാം. പാഠപുസ്തകങ്ങളില്‍ ഭാഷാഭേദങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും കേരളത്തില്‍ ഓരോ പ്രദേശത്തിനും ഓരോ ജാതിക്കും ഓരോ മതത്തിനും വ്യത്യസ്ത ഭാഷകളാണുള്ളത് എന്നും ഈ വാസ്തവം കണക്കിലെടുത്ത് ഒരേ വിഷയത്തിനുതന്നെ വ്യത്യസ്ത മലയാളങ്ങളില്‍ പാഠപുസ്തകങ്ങളുണ്ടാവണമെന്നും വാദിക്കുന്ന ഒരധ്യാപകന്‍ 'മായാമനുഷ്യരി'ലുണ്ട്.

എന്റെ കഥകളും നോവലുകളും (ഏതാനും ചിലത് ഒഴിച്ച് ) അവയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നാട്ടുഭാഷാപദങ്ങളിലോ നാട്ടുതനിമയുടെ മറ്റ് പ്രത്യേകതകളിലോ ഊന്നിക്കൊണ്ട് വായിക്കപ്പെടരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത്തരം വായന ഞാന്‍ വിനിമയം ചെയ്യാനുദ്ദേശിച്ച ആശയങ്ങളേയും അനുഭവങ്ങളേയും അരികുകളിലേക്ക് തള്ളിമാറ്റിക്കൊണ്ടേ സാധ്യമാവൂ.

ഭാഷയിലെ നാടോടിത്തത്തിന് നല്ല വിപണനമൂല്യമുള്ള കാലമാണിത്. മലയാളം വലിയ തോതില്‍ ഇംഗ്ലീഷിന്റെ സ്വാധീനത്തിന് വിധേയമായി അതിന്റെ സ്വത്വം നഷ്ടമായി അത് മറ്റൊന്നായി മാറുന്നത് നാം അനുഭവിച്ചറിയുന്നുണ്ട്. ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ നാട്ടുഭാഷയെ തിരിച്ചുപിടിക്കാനുള്ള വെമ്പല്‍ പലരിലും ശക്തമാവും. തിരിച്ചുപിടിക്കലിന് വളരെയേറെപ്പേരൊന്നും ആഗ്രഹിച്ചില്ലെങ്കില്‍ത്തന്നെയും  നാട്ടുഭാഷയുടെ കൗതുകമൂല്യം വലിയ അളവില്‍ വര്‍ധിക്കുന്നതായി പൊതുവെ എല്ലാവര്‍ക്കും അനുഭവപ്പെടും. വിദേശ കളിപ്പാട്ടങ്ങള്‍ മാര്‍ക്കറ്റില്‍ വന്നു നിറയുമ്പോള്‍ ഓലയും മട്ടലും വെളിച്ചിങ്ങയും മറ്റും കൊണ്ടുണ്ടാക്കിയ പഴയ കളിപ്പാട്ടങ്ങളെ ഒരുപാടുപേര്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്നതുപോലെയാണിത്. എഴുത്തുകാരില്‍ ചിലര്‍ ഈ ഗൃഹാതുരതയേയും ഭ്രമത്തേയും കൗതുകത്തേയും ഉപയോഗപ്പെടുത്തി തുടരെത്തുടരെ രചനകള്‍ സാധിക്കുന്നുണ്ട്. അത്തരം എഴുത്ത് വ്യാപാരവിജയം ലക്ഷ്യമാക്കിയുള്ളതാണ്. അങ്ങനെ എഴുതുന്നവരുടെ വഴിയിലേക്ക് ഞാന്‍ ഏതായാലും ഇല്ല.

എന്‍ പ്രഭാകരന്‍
എന്‍ പ്രഭാകരന്‍

മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരങ്ങളേയും മറ്റും താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
എന്റെ ഭാഷ നിലനില്‍ക്കണമെന്നു മാത്രമല്ല, അത് വളരണമെന്നു കൂടിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും, ഏത് ആപ്പീസിലും അപേക്ഷയും പരാതിയും നല്‍കല്‍, ജോലിക്ക് അപേക്ഷിക്കല്‍ അങ്ങനെയുള്ള എല്ലാ കാര്യങ്ങളും മലയാളത്തില്‍ തന്നെ ചെയ്യാന്‍ പറ്റണം. സംശയമില്ല. കോടതിഭാഷ മലയാളമാകണം എന്ന നിലപാടിനേയും ഞാന്‍ പൂര്‍ണ്ണമായും അനുകൂലിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ഒന്നാം ക്ലാസ്സ് മുതല്‍ എസ്.എസ്.എല്‍.സി വരെ മലയാളത്തില്‍ തന്നെ ആയിരിക്കണമെന്നതിലും ഭിന്നാഭിപ്രായമില്ല. എന്നാല്‍, നാം ജീവിക്കുന്നത് ഏത് കാലത്താണ്, നാം ആശയവിനിമയത്തിനും വിവരശേഖരണത്തിനും വേണ്ടി ഉപയോഗിക്കുന്ന മാധ്യമങ്ങളില്‍ ഏത് ഭാഷയ്ക്കാണ് പ്രാമുഖ്യം ലഭിക്കുന്നത്, പുതിയ തലമുറ ജോലി തേടിപ്പോകുന്ന ഇടങ്ങളില്‍ ഏത് ഭാഷയാണ് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നത് എന്നിങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് നാം വളരെ ഗൗരവമായിത്തന്നെ ആലോചിക്കണം. ഭാഷാമൗലികവാദം  ഒരു ജനതയെ സംബന്ധിച്ചിടത്തോളവും ആശാസ്യമല്ല. മാതൃഭാഷയെച്ചൊല്ലിയുള്ള  വലിയ അഭിമാനബോധം വളരെ വാചാലമായി പ്രകടിപ്പിക്കുന്ന ജനവിഭാഗങ്ങള്‍  ഈ വികാരപ്രകടനത്തിന് നേര്‍വിപരീതമായി ഇംഗ്ലീഷിനോട് അതിയായ ഭ്രമം അതായത് ഉപരിതലത്തിനപ്പുറം ചെല്ലാത്ത അതികൗതുകം, വെച്ചുപുലര്‍ത്തുന്നതും രാഷ്ട്രീയത്തിലും സാംസ്‌കാരിക വ്യവഹാരങ്ങളിലും മാറ്റങ്ങളെ വാശിയോടെ ചെറുത്തുനില്‍ക്കുന്നതും നമുക്ക് നിരീക്ഷിക്കാനാവും.
ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും ഒരേ അളവിലുള്ള ആശയവിനിമയശേഷിയുണ്ട്, ഏത് ഭാഷയിലും ഏത് കാര്യവും പറയാം, ആവിഷ്‌കരിക്കാം; ഒരു ഭാഷയും ആ ഭാഷ സംസാരിക്കുന്നവരുടെ അനുഭവാവിഷ്‌കാരത്തെ ഒരു തരത്തിലും പരിമിതപ്പെടുത്തുന്നില്ല എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാറുണ്ട്. ഈ വാദങ്ങള്‍ക്ക് എത്രത്തോളം ഭാഷാശാസ്ത്രസമ്മതിയുണ്ടെന്ന് എനിക്കറിയില്ല. എന്റെ അനുഭവംവെച്ച് ഒരു കാര്യം പറയാം. ഒട്ടുമിക്ക കാര്യങ്ങളും എനിക്ക് ഏറ്റവും ഫലപ്രദമായി ആവിഷ്‌കരിക്കാനാവുന്നത് എന്റെ മാതൃഭാഷയില്‍ത്തന്നെയാണ്. എന്നാല്‍ അതിന്റെ പരിമിതികള്‍ ബോധ്യപ്പെടുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്. കാര്യങ്ങള്‍ ഉറപ്പിച്ചു പറയാന്‍, അനുഭവത്തിന്റെ ഏതെങ്കിലുമൊക്കെ സൂക്ഷ്മമായ പ്രത്യേകതകള്‍ വ്യക്തമായി വിവരിക്കാന്‍, ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ചയും ആഗോളവല്‍ക്കരണവും മറ്റും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്ത അതിനൂതനമായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഒക്കെ ഇംഗ്ലീഷ് പദങ്ങളുടെ സഹായം തേടേണ്ടിവരുന്ന അനുഭവം പലപ്പോഴും ഉണ്ടാകാറുണ്ട്. മലയാളഭാഷ വാക്കുകളുടേയും പ്രയോഗങ്ങളുടേയും കാര്യത്തില്‍ കാര്യമായ പരിമിതികള്‍ പലതും ഉള്ളതാണെന്ന തോന്നല്‍ ചില സുഹൃത്തുക്കളും പങ്കുവെക്കാറുണ്ട്.
ഈ പരിമിതികളെ മറികടക്കാനുള്ള പ്രധാന വഴി ഇംഗ്ലീഷില്‍നിന്നും മറ്റ് ഭാഷകളില്‍നിന്നും അതേപടിയോ വേണ്ടുംവണ്ണം മലയാളീകരിച്ചോ വാക്കുകള്‍ കടം കൊള്ളുക എന്നതാണ്. ഇക്കാര്യത്തില്‍ അല്പം പോലും അപകര്‍ഷതാബോധത്തിന്റെ ആവശ്യമില്ല. ഇംഗ്ലീഷ് ഭാഷ വളര്‍ന്നുകൊണ്ടേയിരിക്കുന്നത് അങ്ങനെ തന്നെയാണ്. അത് ലോകത്തിലെ അനേകം ഭാഷകളില്‍നിന്ന് വാക്കുകള്‍ സ്വീകരിച്ചുകൊണ്ടേയിരിക്കുന്നു. അതിനു പുറമെ മറ്റ് ചില സംഗതികള്‍ കൂടിയുണ്ട്. മനുഷ്യന്റെ പ്രജ്ഞയും ഭാവനയും ഏത് രംഗത്ത് പുതിയ നേട്ടങ്ങള്‍ കൈവരിച്ചാലും അതിന്റെ ഫലമായി പുതിയ അനുഭവങ്ങള്‍ ഉണ്ടായാലും പുതിയ ശീലങ്ങള്‍ രൂപപ്പെട്ടാലും അവയെയെല്ലാം അപ്പപ്പോള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍ തികഞ്ഞ സ്വാതന്ത്ര്യബോധത്തോടെ സ്വയം  നവീകരിച്ചുകൊണ്ടേയിരിക്കാന്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് കഴിയുന്നുണ്ട്... മലയാളവും സമീപകാലത്തായി ഈ വഴിക്ക് നീങ്ങുന്നുണ്ടെന്നത് ആശാവഹമായ സംഗതിയാണ്.

മറ്റൊരു വഴി മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കും അന്യഭാഷകളിലേക്കും തിരിച്ചും ഉള്ള വിവര്‍ത്തനത്തെ നല്ലപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അന്യഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് കൃതികളെ പരിഭാഷ വഴി കൊണ്ടുവരുമ്പോള്‍ നമ്മുടേതില്‍നിന്ന് വ്യത്യസ്തമായി ആ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളുടെ ഏതേത് തരം അനുഭവങ്ങളും ലോകബോധവും നിരീക്ഷണങ്ങളുമൊക്കെയാണ് അവയില്‍ ആവിഷ്‌കൃതമായിട്ടുള്ളതെന്നും ആ ആവിഷ്‌ക്കാരങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ക്കു പകരമായി മലയാളികള്‍ക്ക് സ്വീകാര്യമാവും വിധത്തിലുള്ള പുതിയ പദങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും ഉത്തരവാദിത്വബോധത്തോടെ ആലോചിക്കണം.

മലയാളത്തിന് സ്വന്തമായി ഒരു സര്‍വ്വകലാശാല ഉണ്ടായതും മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതുമൊക്കെ നമ്മുടെ ഭാഷയുടേയും സാഹിത്യത്തിന്റേയും വളര്‍ച്ചയ്ക്ക് സഹായകമായിത്തീരുന്ന ഇത്തരം സംഗതികളുടെ ഏകോപനത്തിനും അപ്പപ്പോള്‍ ആവശ്യമായി വരുന്ന നവീകരണത്തിനും സഹായകമാവില്ലേ ?
മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് വലിയൊരു കാര്യമായി എനിക്ക് തോന്നിയിട്ടില്ല. പ്രത്യേകമായ  അഭിമാനം തോന്നേണ്ട സംഗതിയാണ് അതെന്ന തോന്നല്‍ എനിക്കില്ല... ഒരു ഭാഷയുടെ ശ്രേഷ്ഠത്വം നിര്‍ണ്ണയിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ ആ ഭാഷയുടെ നിലവിലുള്ള അവസ്ഥയെപ്പറ്റി, വിവിധ വ്യവഹാരങ്ങളിലുള്ള അതിന്റെ പ്രയോഗക്ഷമതയെപ്പറ്റി  ആധികാരികമായി എന്തെങ്കിലും പറയുന്നുണ്ടോ എന്നാലോചിച്ചു നോക്കൂ. ഭാഷയ്ക്ക് ഇത്ര പഴക്കമുണ്ട്, അതില്‍ ഇത്ര നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്ര ശതമാനം വാക്കുകളുണ്ട് എന്നൊക്കെ കണ്ടെത്തുന്നത് വേറൊരു കാര്യമാണ്. 

ഇനി യൂണിവേഴ്സിറ്റിയുടെ കാര്യം. ഭാഷയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടിരിക്കുന്ന യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമായിത്തീരണമെങ്കില്‍ ഭാഷയില്‍ നടന്നുവരുന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ നാനാവശങ്ങള്‍ സമഗ്രമായി പരിശോധിക്കുന്നതിനുള്ള പാഠ്യപദ്ധതി വേണം. ഭാഷയെ നവീകരിച്ചുകൊണ്ടേയിരിക്കാനുള്ള ശ്രമങ്ങള്‍ അവിടെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കണം. സാഹിത്യത്തിലും  ഇതരമേഖലകളിലും ഭാഷയുടെ നവീകരണം ഏതളവില്‍ എങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും എങ്ങനെയൊക്കെ സംഭവിക്കേണ്ടതുണ്ട് എന്നും പരിശോധിക്കാനുള്ള ഒരു രീതിശാസ്ത്രം തന്നെ വികസിപ്പിച്ചെടുക്കാന്‍ കഴിയണം. അതില്‍ വൈദഗ്ധ്യം നേടാന്‍ താല്പര്യവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകമായി പരിശീലനം നല്‍കണം. അത് കേവലം യാന്ത്രികമാവുകയും ചെയ്യരുത്. ഇതൊക്കെ സംഭവിക്കുന്നുണ്ടെങ്കിലേ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സര്‍വ്വകലാശാല കൊണ്ട് പ്രയോജനമുണ്ടാവൂ.

മലയാളത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട് സര്‍വ്വകലാശാലയുടെ തലപ്പത്ത്  മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി തന്നെ നിയമിക്കപ്പെടണം എന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?
ഇല്ല.

എന്തുകൊണ്ട് ?
ഏറ്റവും വലിയ ആള്‍ ആരെന്ന് നിശ്ചയിക്കുന്നതിന് സര്‍വ്വസമ്മതമായ ഒരു മാനദണ്ഡം കണ്ടെത്തുക സാധ്യമല്ല എന്നത് ഒന്നാമത്തെ കാര്യം. ഏറ്റവുമധികം ജനപ്രീതി കൈവരിച്ച ആളെയാണോ  ഏറ്റവും വലിയ എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി ആയി കണക്കാക്കേണ്ടത്. അതല്ല ബുദ്ധിജീവികള്‍ വാഴ്ത്തുന്ന ആളാണോ, ധാരാളം അവാര്‍ഡുകള്‍ നേടിയ ആളാണോ? ഈ പറഞ്ഞതൊന്നും എല്ലാവര്‍ക്കും അംഗീകാര്യമായി തോന്നുന്ന മാനദണ്ഡമല്ലല്ലോ. അത് പോട്ടെ. ഏറെ പ്രശസ്തനായ ഒരെഴുത്തുകാരനെ/എഴുത്തുകാരിയെ മലയാളം സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ആക്കിയാല്‍ സര്‍വ്വകലാശാലാഭരണം നന്നായി നടക്കുമെന്ന് ഉറപ്പിക്കാനാവുമോ. ഭരിക്കാനുള്ള ശേഷിക്ക് അല്ലെങ്കില്‍ സാമര്‍ത്ഥ്യത്തിന്  നന്നായി എഴുതാനുള്ള കഴിവുമായി എന്ത് ബന്ധം. രണ്ടും രണ്ട് സംഗതികളല്ലേ? 
മലയാളഭാഷയേയും സാഹിത്യത്തേയും കുറിച്ച് സമഗ്രമായ ധാരണയുള്ള, ഓരോ സാഹിത്യഗണത്തിലേയും പുത്തന്‍ ചലനങ്ങളെ വളരെ താല്പര്യപൂര്‍വ്വം നിരീക്ഷിക്കുക ശീലമായിട്ടുള്ള നല്ല ഒരു സാഹിത്യാധ്യാപകന്‍ സര്‍വ്വകലാശാലയിലെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. എല്ലാ വിഭാഗം എഴുത്തുകാരുമായി സംവദിക്കാനുള്ള സൗകര്യം, അതിനുള്ള സാവകാശം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണം. എഴുത്ത് എങ്ങനെ സംഭവിക്കുന്നു, ആ പ്രക്രിയയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, എഴുത്തിനോടുള്ള സമീപനങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യത്യസ്ത എഴുത്തുകാരിലൂടെ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കട്ടെ. ബഹുസ്വരതയെപ്പറ്റി നാം ധാരാളമായി സംസാരിച്ചു വരുന്നുണ്ടല്ലോ. എഴുത്തിന്റെ ലോകത്തിലും അത് സ്വാഭാവികമാണ്, ആരോഗ്യകരമാണ് എന്ന് വിദ്യാര്‍ത്ഥികള്‍ ശരിയാം വണ്ണം മനസ്സിലാക്കട്ടെ.

സാധാരണമട്ടിലുള്ള സെമിനാറുകളും സര്‍ഗ്ഗസംവാദവും കൊണ്ട് വളരെ പരിമിതമായ പ്രയോജനമേ ഉണ്ടാവൂ. എഴുത്തുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഔപചാരികത പരമാവധി കുറഞ്ഞ രീതിയില്‍ സംവദിക്കുന്ന അവസ്ഥ ഉണ്ടാവുകയാണ് വേണ്ടത്. സര്‍വ്വകലാശാലയിലെ ബിരുദാനന്തര കോഴ്സിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സെമസ്റ്റര്‍ ഇത്തരം സംവാദങ്ങള്‍ക്കു മാത്രമായി നീക്കിവെക്കേണ്ടതാണ്. 

കേരളത്തില്‍ വിദ്യാഭ്യാസരംഗത്തും മറ്റ് മേഖലകളിലും മലയാളത്തിന് ലഭിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും മലയാളഭാഷയുടെ വളര്‍ച്ച ഉറപ്പാക്കേണ്ടതിനെപ്പറ്റിയും താങ്കള്‍ പറഞ്ഞു. ഇവിടത്തെ ഭാഷാന്യൂനപക്ഷങ്ങളുടേയും ആദിവാസികളുടേയും ഭാഷകള്‍ക്കും ഇതേ അളവിലുള്ള പരിഗണന തന്നെ ലഭിക്കേണ്ടതല്ലേ?
ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് മലയാളത്തിന്റെ സ്ഥാനത്ത് അവരുടെ ഭാഷ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. അതില്‍ സംശയത്തിന്റെ ആവശ്യമേയില്ല. ആദിവാസിഭാഷകളുടെ കാര്യം അല്പം സങ്കീര്‍ണ്ണമാണ്. കേരളത്തിലെ ഓരോ ആദിവാസിവിഭാഗത്തിനും അവരവരുടേതായ പ്രത്യേകം പ്രത്യേകം ഭാഷയുണ്ട്. ഒരു ലക്ഷം അംഗസംഖ്യയുള്ള ആദിവാസിവിഭാഗത്തിനും ആയിരത്തില്‍ താഴെ അംഗസംഖ്യയുള്ള വിഭാഗത്തിനും അവരുടേതായ മാതൃഭാഷയുണ്ട്. ഈ ഭാഷകളിലോരോന്നിനേയും ബോധനമാധ്യമമാക്കി സംരക്ഷിക്കുന്നതിന്റെ പ്രായോഗികത എത്രത്തോളമുണ്ട്, ബോധനമാധ്യമം എന്നതുപോട്ടെ, ഒന്നാംഭാഷയായോ രണ്ടാംഭാഷയായോ സ്‌കൂളിലും തുടര്‍ന്നും ഇവ പഠിപ്പിക്കപ്പെടും എന്ന് ഉറപ്പാക്കുക എത്രത്തോളം സാധ്യമാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇവയെയെല്ലാം ഉത്തരവാദിത്വബോധത്തോടെ അഭിമുഖീകരിച്ച് തൃപ്തികരമായ പരിഹാരമാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരേണ്ടതുണ്ട്. എന്തുതന്നെയായാലും ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ ജീവിക്കേണ്ടത് അവര്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തിലും അവര്‍ ചെറുപ്പംതൊട്ട് കണ്ടുപരിചയിച്ച ആളുകള്‍ക്കിടയിലും മാത്രമായിട്ടല്ല എന്ന വാസ്തവം പരിഗണിച്ചുകൊണ്ടുതന്നെയേ പദ്ധതികള്‍ ആവിഷ്‌കരിക്കാവൂ.
ഇപ്പോഴത്തെ അവസ്ഥയില്‍ മാതൃഭാഷയോട് മറ്റേത് ജനവിഭാഗത്തിനുമെന്നതുപോലെ അവര്‍ക്കും ഉണ്ടാകാനിടയുള്ള സ്‌നേഹത്തിനും സ്വന്തം ഭാഷയെച്ചൊല്ലിയുള്ള അഭിമാനബോധത്തിനും ഉലച്ചില്‍ വരുത്താതെ നോക്കാന്‍ എന്ത് ചെയ്യാനാവും എന്നാണ് നോക്കേണ്ടത്. ഓരോ ആദിവാസിമേഖലയിലേയും സ്‌കൂളുകളില്‍ ഏതൊക്കെ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ എത്തിച്ചേരുന്നു എന്ന് മനസ്സിലാക്കി  അവരുടെ ഭാഷയിലെ കഥകളും പഴഞ്ചൊല്ലുകളും പാട്ടുകളും മറ്റും സ്‌കൂളില്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കുകയും അത് അവരുടെ പഠനത്തിന്റേയും പരീക്ഷയുടേയും ഭാഗമാക്കുകയുമാണ് സ്വീകരിക്കാവുന്ന ഒരു മാര്‍ഗ്ഗം. മറ്റ് എന്തൊക്കെ ചെയ്യാനാവും എന്ന് ആദിവാസിമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വിദ്യാഭ്യാസപ്രവര്‍ത്തകര്‍ കൂട്ടായി ഇരുന്നാലോചിച്ച് തീരുമാനിക്കണം.

ഇനി അനുഭവാവിഷ്‌കാരവുമായി ബന്ധപ്പെട്ട് ഭാഷയെപ്പറ്റി നേരത്തേ പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയായി ഒരു കാര്യം ചോദിക്കാം, ഒരാളുടെ പദസമ്പത്തിന്റെ അളവ്   അയാളുടെ അനുഭവാവിഷ്‌കാരശേഷിയില്‍ വ്യത്യാസമുണ്ടാക്കും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും. ഏറ്റവും ഗ്രാമീണരും നാമമാത്രമായി മാത്രം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളവരും ചില സന്ദര്‍ഭങ്ങളില്‍ ഏറ്റവും ഉചിതമായ വാക്കുകളിലൂടെയും പ്രയോഗങ്ങളിലൂടെയും നമ്മെ അത്ഭുതപ്പെടുത്തിയെന്നു വരും. അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അനുഭവ/ആശയ ആവിഷ്‌കാരശേഷിയെപ്പറ്റി അഭിപ്രായ രൂപീകരണം നടത്താന്‍ സാധ്യമല്ല. വ്യത്യസ്ത ജീവിതമേഖലകളില്‍നിന്നുള്ള അറിവും പല വിജ്ഞാനശാഖകളുമായുള്ള പരിചയവും നിരന്തര സമ്പര്‍ക്കവും ഒരാളുടെ അറിവില്‍ മാത്രമല്ല, പദസമ്പത്തിലും ആശയവിനിമയശേഷിയിലും വലിയ വ്യത്യാസം വരുത്തും. അങ്ങനെയുള്ളവര്‍ക്ക് സന്ദര്‍ഭം ആവശ്യപ്പെടുന്ന കൃത്യമായ പദങ്ങള്‍ തിരഞ്ഞെടുക്കാന്‍ മിക്കപ്പോഴും കഴിയും. വാക്കുകള്‍ വസ്തുക്കളുടേയും അനുഭവങ്ങളുടേയും ആശയങ്ങളുടേയും ഉപരിപ്ലവമായ വിവരണത്തിനു മാത്രമല്ല ഒരാളെ പ്രാപ്തനാക്കുക. ഇവയുടെയെല്ലാം സൂക്ഷ്മവും അഗാധവും അദൃശ്യവുമായ പ്രത്യേകതകള്‍ കൂടി ചൂണ്ടിക്കാട്ടാനും ഓരോ അനുഭവത്തേയും അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാന്‍  മാത്രമല്ല, ആവിഷ്‌കരിക്കാനും വാക്കുകളുടെ സമൃദ്ധി ഒരാള്‍ക്കുണ്ടായിരിക്കണം. അനുഭവത്തിന്റേയും ലോകപരിചയത്തിന്റേയും ഭാഷാബോധത്തിന്റേയും കാര്യത്തില്‍ പരിമിതവിഭവനായ ഒരാള്‍ വാക്കുകളുടെ കാര്യത്തിലും താരതമ്യേന ദരിദ്രനായിരിക്കും. അങ്ങനെയുള്ള ഒരാളും സ്വന്തം അനുഭവലോകത്തെ തന്റെ ലോകബോധത്തിന്റെ ഉള്ളില്‍നിന്നുകൊണ്ട് തന്റെ കയ്യിലുള്ള  പദങ്ങള്‍ ഉപയോഗിച്ച് അയാള്‍ക്ക് തൃപ്തിയും മറ്റൊരാള്‍ക്ക് കൗതുകവും നല്‍കുന്ന തരത്തില്‍ ആവിഷ്‌കരിച്ചുവെന്ന് വരും. പക്ഷേ, അതിന്റെ പരിമിതികള്‍ പുറത്തുനില്‍ക്കുന്ന ഒരാള്‍ക്ക് കൃത്യമായി മനസ്സിലാക്കാനാവും.

ഓരോ ഭാഷയും അതിന്റെ ഘടനയും പദവിയും സാമാന്യ വ്യവഹാരത്തില്‍ അത് പ്രയുക്തമാവുന്ന രീതികളുമെല്ലാം, അതാത് ഭാഷ മാതൃഭാഷയായിട്ടുള്ള ജനങ്ങളുടെ അനുഭവസ്വീകാരരീതിയിലും ലോകാവബോധരൂപീകരണത്തിലും സമൂഹാപഗ്രഥനത്തിലും രാഷ്ട്രീയവിശകലനത്തിലുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പദസമ്പത്ത് വളരെ പരിമിതമായിട്ടുള്ള, അറിവിന്റെ ലോകത്തിലെ പുതിയ അനുഭവങ്ങളുമായി പരിചയം സ്ഥാപിച്ചിട്ടില്ലാത്ത, ഒരു ഭാഷയിലൂടെ മാത്രം ആശയവിനിമയം സാധിക്കുന്ന ഒരാള്‍ക്ക് കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, വിവിധ വിജ്ഞാനശാഖകള്‍ എന്നീ മേഖലകളിലൊക്കെ ഉണ്ടായിക്കഴിഞ്ഞിരിക്കുന്ന മുന്നേറ്റങ്ങളെ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനാവുന്നതില്‍ വലിയ പരിമിതിയുണ്ടാവുമെന്നതില്‍ ഒരു സംശയവുമില്ല. വികസിത ഭാഷകളിലൊന്ന് മാതൃഭാഷയായിട്ടുള്ളവര്‍ക്കും പല കാര്യങ്ങളുടേയും അവധാരണത്തില്‍ പരിമിതികളുണ്ടാവും. നാട്ടുസംസ്‌കൃതിയില്‍ വേരാഴ്ത്തിനില്‍ക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയും മറ്റും വിദേശികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. നമ്മുടെ പൊട്ടന്‍ തെയ്യത്തിന്റെ കഥ വളരെ വിസ്തരിച്ച് പറഞ്ഞതിനുശേഷവും തെയ്യത്തിന്റെ ചിരി കേട്ടപ്പോള്‍ ഈ ഫോക്ദൈവം അല്പം അബ്നോര്‍മലായ ഒരു പുരാതന മനുഷ്യന്റെ കഥയാണോ അവതരിപ്പിക്കുന്നത് എന്ന് മുമ്പൊരിക്കല്‍ ഒരു സായിപ്പ് എന്നോട് ചോദിക്കുകയുണ്ടായി. നമുക്കും ഇത്തരത്തിലുള്ള ചില പ്രശ്‌നങ്ങളുണ്ടാവും. നാടോടി വിജ്ഞാനീയം, നാടന്‍ കലാപഠനം, നാടോടി വഴക്കം എന്നിങ്ങനെയുള്ള വാക്കുകള്‍ക്കൊന്നും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാത്ത ഒന്നാണ് ഫോക്ലോര്‍ എന്ന വാക്ക്‌കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതുകൊണ്ടാണല്ലോ ഒരു മലയാളപദം എന്നപോലെ നാം അതിനെ അംഗീകരിച്ചിരിക്കുന്നത്. ഏത് കാര്യവും പറയാനുള്ള വാക്കുകള്‍ നമ്മുടെ ഭാഷയിലുണ്ട് എന്ന അഭിമാനം ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് കയ്യൊഴിയേണ്ടിവരുന്നുണ്ട് എന്നര്‍ത്ഥം. പ്രത്യേകം ലിപിയില്ലാത്തതും ദൈനംദിന ജീവിതാനുഭവങ്ങള്‍ക്കപ്പുറമുള്ള ഒന്നും വിനിമയം ചെയ്യപ്പെടാത്തതും ആധുനികമായ ഒരു വിജ്ഞാനശാഖയുമായും ബന്ധം സ്ഥാപിച്ചിട്ടില്ലാത്തതുമായ ഏതെങ്കിലുമൊരു ഭാഷയില്‍  അനുഭവാവിഷ്‌കാരവും ആശയാവിഷ്‌കാരവും നിര്‍വ്വഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പല പരിമിതികളുമുണ്ടാവും.

ഭാഷാമൗലികവാദം അല്ലെങ്കില്‍ അത്യധികമായ ഭാഷാഭിമാനം ഏത് ജനതയുടേയും ചിന്താജീവിതത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുക തന്നെ ചെയ്യും. മലയാളത്തിനുവേണ്ടി ആവേശപൂര്‍വ്വം സംസാരിക്കുമ്പോള്‍ത്തന്നെ നമ്മുടെ നാട്ടിലെ കുട്ടികള്‍ എസ്.എസ്.എല്‍.സി കഴിയുമ്പോഴേക്കും മാതൃഭാഷയ്ക്കു പുറമെ സ്പോക്കണ്‍ ഇംഗ്ലീഷും സ്പോക്കണ്‍ ഹിന്ദിയുമെങ്കിലും നന്നായി പഠിച്ചിട്ടുണ്ട് എന്നു നാം ഉറപ്പാക്കണം. വ്യാകരണത്തെറ്റില്ലാതെ ഈ ഭാഷകളില്‍ ലളിതവും സാധാരണവുമായ കാര്യങ്ങളെങ്കിലും എഴുതാനുള്ള പ്രാപ്തിയും അവര്‍ നേടിയിരിക്കണം. അവര്‍ ഉപയോഗിക്കുന്ന മലയാളത്തിന്റെ തന്നെ നിലവാരം ഉയര്‍ത്തുന്നതിന് ഈ അന്യഭാഷാപരിചയം സഹായകമാവും.

ബഷീര്‍
ബഷീര്‍

അന്യഭാഷാ പദങ്ങള്‍ക്ക് പ്രവേശം അനുവദിക്കുന്നതുകൊണ്ടുമാത്രം മലയാളഭാഷ അതിന് ഇന്നുള്ള പല പരിമിതികളില്‍നിന്നും രക്ഷപ്പെടുകയില്ല. അന്യഭാഷകളില്‍, പ്രത്യേകിച്ചും ദ്രാവിഡഭാഷാ കുടുംബത്തിന് പുറത്തുള്ള ഭാഷകളില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്ന ആശയങ്ങള്‍ അവയുടെ ആവിഷ്‌കാരത്തിന് ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങളുടെ ഘടന നിലനിര്‍ത്തിക്കൊണ്ടു തന്നെ നമ്മുടെ ഭാഷയിലേക്ക് കടന്നുവരണം. ആരംഭത്തില്‍ ഇത് ചെറുതല്ലാത്ത അസ്വാരസ്യമുണ്ടാക്കിയേക്കുമെങ്കിലും കുറച്ചു കാലം കഴിയുമ്പോള്‍ അതിന്റെ സദ്ഫലങ്ങള്‍ നമ്മുടെ ഭാഷയില്‍ അനുഭവപ്പെട്ടു തുടങ്ങും. ഇത് ഈ സംഗതിയെപ്പറ്റി എനിക്കുള്ള അന്തിമമായ അഭിപ്രായമല്ല. കുറച്ചധികം  ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ ഈ വിഷയത്തില്‍ ഒരു തീര്‍പ്പ് സാധ്യമാവൂ.

മാധവിക്കുട്ടി
മാധവിക്കുട്ടി

പദസമ്പത്ത് ഒരാളുടെ ആശയാവിഷ്‌കാര ശേഷിയെ പുഷ്ടിപ്പെടുത്തുമെന്ന് താങ്കള്‍ പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറും മാധവിക്കുട്ടിയും അവരുടെ എഴുത്തില്‍ പദസമ്പത്ത് ആഘോഷിച്ചിട്ടില്ലാത്തവരല്ലേ, എന്നിട്ടും അവരുടെ രചനകള്‍ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളായി പരിഗണിക്കപ്പെടുന്നത് എന്തുകൊണ്ട്?
 

 പല കാര്യങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടേ ഈ ചോദ്യത്തിന് ഉത്തരം പറയാനാവൂ. ബഷീറും മാധവിക്കുട്ടിയും പദസമ്പത്തിന്റെ കാര്യത്തില്‍ പുറകിലായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. തങ്ങളുടെ ഓരോ കൃതിയും ആവശ്യപ്പെടുന്ന തരം വാക്കുകള്‍ അവര്‍ കൃത്യമായി തിരഞ്ഞെടുത്തിരുന്നു. ബഷീര്‍ പാത്തുമ്മായുടെ ആട്, അനര്‍ഘ നിമിഷം, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മതിലുകള്‍ എന്നീ കൃതികളില്‍ ഉപയോഗിച്ചിരിക്കുന്ന   വാക്കുകള്‍ തമ്മിലുള്ള അന്തരം പരിശോധിക്കുക. മാധവിക്കുട്ടിയുടെ 'നെയ്പായസ'ത്തിലേയും 'രാജാവിന്റെ പ്രേമഭാജന'ത്തിലേയും 'ബാല്യകാലസ്മരണകളി'ലേയും  'എന്റെ കഥ'യിലേയും വാക്കുകളേയും താരതമ്യം ചെയ്തുനോക്കുക. ഓരോ സന്ദര്‍ഭവും ആവശ്യപ്പെടുന്ന പദങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നതില്‍ അവര്‍ കാണിച്ച വൈഭവം വ്യക്തമാവും. എഴുത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്  ബഷീര്‍ മിക്കവാറും സംസാരിച്ചത് വളരെ അനൗപചാരികമായും തികഞ്ഞ അനായാസത അനുഭവപ്പെടുത്തിക്കൊണ്ടുമാണ്. അതുകൊണ്ട് പ്രത്യേകമായ അധ്വാനമൊന്നുമില്ലാതെയാണ് ബഷീര്‍ എഴുതിയതെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ എഴുത്ത് തീര്‍ത്തും ആയാസരഹിതമായി സ്വാഭാവികമായി സംഭവിക്കുകയായിരുന്നുവെന്നും കരുതുന്നവരുണ്ട്. മാധവിക്കുട്ടിയെപ്പറ്റിയും ഈയൊരു ധാരണ സൂക്ഷിക്കുന്ന പലരുമുണ്ട്. ഞാന്‍ അവരോട് ചേര്‍ന്നുനില്‍ക്കില്ല. തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ, ഉയര്‍ന്ന ഭാഷാബോധം സൂക്ഷിച്ചുകൊണ്ട് തങ്ങളുടെ സര്‍ഗ്ഗോര്‍ജ്ജം പരമാവധി ഉപയോഗിച്ച് നന്നായി അധ്വാനിച്ചു തന്നെയാണ് അവരിരുവരും അവരുടെ പ്രധാനപ്പെട്ട കൃതികളെല്ലാം എഴുതിയത് എന്നു ഞാന്‍ കരുതുന്നു. അവരുടെ കഥകളില്‍ കാണുന്ന ഭാഷയുടെ ലാളിത്യവും സുതാര്യതയും  ഉയര്‍ന്ന ഭാഷാബോധത്തിന്റേയും തങ്ങള്‍ ഉപയോഗിച്ച ഭാഷയുടെ ആശയ/വികാര വിനിമയശേഷിയിലുമുള്ള വിശ്വാസത്തിന്റേയും കൃത്യമായ അടയാളം തന്നെയാണ്.

എന്‍ പ്രഭാകരന്‍
എന്‍ പ്രഭാകരന്‍

ബുദ്ധിയും ഭാവനയും ഉപയോഗിച്ച് വായനയെ സര്‍ഗ്ഗാത്മകമാക്കാന്‍ സന്നദ്ധരാവുന്ന വിവേചനശേഷിയും സത്യസന്ധതയുമുള്ള വായനക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ എഴുതുന്നത് എന്ന് ഒരിക്കല്‍ താങ്കള്‍ പറയുകയുണ്ടായി. സാഹിത്യവായനയില്‍ നിലവിലുള്ള പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
മലയാളികളുടെ സാഹിത്യവായനയില്‍ വലിയ ചില പ്രശ്‌നങ്ങളുണ്ട്. അവയില്‍ ചിലത് നേരത്തേ ഉള്ളതിന്റെ തുടര്‍ച്ച തന്നെയാണ്. ചിലത് സമീപകാലത്തായി രൂപപ്പെട്ട് ശക്തിയാര്‍ജ്ജിച്ചതും.
നമ്മുടെ വായനക്കാരില്‍ വലിയൊരു വിഭാഗത്തിന്റേയും വായന സത്യസന്ധവും സര്‍ഗ്ഗാത്മകവുമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഞാന്‍ പങ്കെടുത്ത സാഹിത്യസംവാദങ്ങളില്‍ ഉയര്‍ന്നുകേട്ട ചോദ്യങ്ങള്‍, ഫെയ്സ്ബുക്കില്‍ ആളുകള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍, തങ്ങള്‍ വായിച്ച കൃതികളെക്കുറിച്ച് പലരും പലേടത്തുവെച്ചും പറഞ്ഞുകേള്‍ക്കാറുള്ള കാര്യങ്ങള്‍ ഇവയില്‍ നിന്നൊക്കെയാണ് ഈ ധാരണ ഞാന്‍ സ്വരൂപിച്ചിട്ടുള്ളത്.
കൃതികളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വീണ്ടുവിചാരമില്ലാതെ അംഗീകരിച്ച് പ്രചരിപ്പിക്കുന്ന ഒട്ടുവളരെ പേര്‍ വായനക്കാര്‍ക്കിടയിലുണ്ട്. ഒരെഴുത്തുകാരന്‍ ഭാഷയിലെ ഏതെങ്കിലുമൊരു സാഹിത്യഗണത്തിന് താരതമ്യം സാധ്യമല്ലാത്ത വിധം വലിയ സംഭാവനകള്‍ നല്‍കിയിരിക്കുന്നുവെന്ന് സാഹിത്യത്തിലെ അധികാരകേന്ദ്രങ്ങളായി പൊതുവെ അംഗീകരിക്കപ്പെട്ടുവരുന്ന വ്യക്തികളും മാധ്യമങ്ങളും പ്രസ്താവിച്ചു കഴിഞ്ഞാല്‍ അത് എത്രത്തോളം വസ്തുതാപരമാണ് എന്ന് അന്വേഷിക്കാതെ വെറുതെ വിശ്വസിച്ചുകൊടുക്കുകയും ഉത്സാഹപൂര്‍വ്വം പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വായനക്കാര്‍ക്കിടയില്‍ അതിശക്തമാണ്.

ഒരു വൃദ്ധസാഹിത്യകാരന്‍/സാഹിത്യകാരി എഴുതിയ കഥയോ കവിതയോ  മലയാളത്തിലെ ഒരു മുന്‍നിര ആനുകാലികത്തില്‍ പ്രത്യേക പ്രാധാന്യം ബോധ്യപ്പെടുത്തുംവിധം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ മൂല്യത്തെ അവിശ്വസിക്കുന്നത് തന്റെ ആസ്വാദനശേഷിയുടെ പരിമിതിയായി കണക്കാക്കപ്പെടുമോ എന്ന് ഭയപ്പെടുന്നവരായി എത്രയോ പേരുണ്ട്. തങ്ങള്‍ക്ക് തീരെ ഇഷ്ടപ്പെടാനാവാത്തതോ, തങ്ങളില്‍ അല്പമായിപ്പോലും അത്ഭുതമോ വൈകാരികമോ ബൗദ്ധികമോ ആയ ഉണര്‍വോ ആനന്ദമോ  ജനിപ്പിക്കാത്തതോ ആയ രചനയേയും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മാത്രമായി അവര്‍ കൊണ്ടാടിക്കളയും. ഇത്തരം വായനക്കാരില്‍നിന്ന് ഒരു ഭാഷയിലെ സാഹിത്യത്തിന് കാര്യമായി ഒന്നും ലഭിക്കില്ല. അവര്‍ വായിക്കുന്നതും വായിക്കാതിരിക്കുന്നതും ഒരുപോലെയാണ്.

എഴുത്തുകാരനോടുള്ള/എഴുത്തുകാരിയോടുള്ള ആരാധന മുന്നില്‍ നില്‍ക്കുന്ന വായനയാണ് മറ്റൊരു പ്രശ്‌നം. മിക്കവാറും സാഹിത്യബാഹ്യമായ കാരണങ്ങളാല്‍ തന്റെ ആരാധനാപാത്രമായിത്തീര്‍ന്ന എഴുത്തുകാരന്‍/എഴുത്തുകാരി എന്തെഴുതിയാലും, അത് എത്ര നിലവാരം കുറഞ്ഞതായാലും അതിനെ കൊണ്ടാടുക തന്റെ കടമയാണെന്ന് കരുതുന്ന വായനക്കാരനെ/വായനക്കാരിയെപ്പറ്റി എന്തു പറയാനാണ്. വിധേയത്വപൂര്‍ണ്ണമായ വായനയും വായിക്കുന്ന കൃതിയിലെ കേന്ദ്രകഥാപാത്രത്തിന്റെ അനുഭവത്തിലേക്ക് തന്നെത്തന്നെ വലിച്ചുകൊണ്ടുപോവുന്ന വായനയും നിസ്സംശയമായും നിലവാരം കുറഞ്ഞ വായനയാണ്. വായനക്കാര്‍ അവരുടെ ബുദ്ധിയേയും വിവേചനശീലത്തേയും വിപുലമായ സാഹിത്യപരിചയത്തിലൂടെ രൂപപ്പെടുത്തുന്ന ഭാവുകത്വത്തിന്റെ ശേഷികളേയും ഉപയോഗപ്പെടുത്തി കൃതിയുമായി സംവാദാത്മക ബന്ധം സ്ഥാപിക്കണം. അത് സാധിക്കാത്ത ഏത് വായനയും ഏത് ഭാഷയിലെ സാഹിത്യത്തിനും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

കൃതി ഏതായാലും, വിശേഷിച്ചും അത് മലയാളത്തിലാണ് എഴുതപ്പെട്ടിരിക്കുന്നതെങ്കില്‍, അതിന്റെ മുകളില്‍ കയറിനിന്ന് വലിയ ധൈഷണികത ഭാവിച്ച് സംസാരിക്കുക ശീലമാക്കിയിട്ടുള്ള വേറൊരു വിഭാഗം വായനക്കാരും കേരളത്തിലുണ്ട്. അവര്‍ ഒരുപാട് സിദ്ധാന്തം പറയും, ഇംഗ്ലീഷിലേയും സ്പാനിഷിലേയും ഫ്രെഞ്ചിലേയും ഏറ്റവും പുതിയ കൃതികളെപ്പറ്റി പറയും. ഇതെല്ലാം പറച്ചില്‍ മാത്രമാണ്. ഏത് പുസ്തകവും തന്റെ ബൗദ്ധികശേഷിക്കും ഭാവുകത്വത്തിനും താഴെയാണെന്ന് വിചാരിക്കുന്ന ഒരാള്‍ക്ക് ഒരു പുസ്തകത്തിന്റേയും ഉള്ളിലേക്ക് പ്രവേശിക്കാനാവില്ല. അവര്‍ എത്രയൊക്കെ വായിച്ചിട്ടും ഒരു ഫലവുമില്ല. ഇത്തരക്കാരെ ഞാന്‍ വായനക്കാരായേ പരിഗണിക്കുന്നില്ല.

അവസാനമായി ഒരു കാര്യം കൂടി. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി വലിയ സൈദ്ധാന്തിക പിന്‍ബലം ഭാവിച്ച് നമ്മുടെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന ബോധനരീതി വായനയെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒന്നിനും ഗൗരവം കല്പിക്കേണ്ടതില്ല, ഒരാശയത്തേയും ബഹുമാനിക്കേണ്ട, ഒരു വിഷയത്തെക്കുറിച്ചും കാര്യമായി ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന പ്രതീതി ജനിപ്പിച്ചാല്‍ മതി, ഏത് പരീക്ഷയും ചില ചെപ്പിടിവിദ്യകളിലൂടെ ചാടിക്കടക്കാവുന്നതേയുള്ളൂ എന്നൊക്കെയുള്ള ധാരണകള്‍ ഉള്ളിലുറപ്പിച്ചാണ് വലിയൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. ഇക്കൂട്ടര്‍ക്ക് ഒരു പുസ്തകവും, അത് സാഹിത്യകൃതിയോ  ശാസ്ത്രപ്പുസ്തകമോ ചരിത്രഗ്രന്ഥമോ എന്തുമായിക്കൊള്ളട്ടെ, ക്ഷമയോടെ വായിച്ചു തീര്‍ക്കാനാവില്ല. അവരില്‍ പലരും ഒരു പേജ് പോലും വായിക്കാതെ ഒരു പുസ്തകത്തെപ്പറ്റി കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മാത്രം അഭിപ്രായം പറയാന്‍ ധൈര്യപ്പെട്ടാലും അത്ഭുതമില്ല. ഗൗരവപൂര്‍ണ്ണമായ ഒരു പ്രസംഗത്തിന് ഏതാനും മിനുട്ടുകള്‍ക്കപ്പുറം കാതുകൊടുക്കാന്‍ അവര്‍ക്ക് കഴിയില്ല. കലാസമിതികളുടേയും ചില സംഘടനകളുടേയും മറ്റും പൊതുസമ്മേളനങ്ങള്‍ക്ക് പോയപ്പോള്‍ ചിലേടത്തുനിന്നുണ്ടായ അനുഭവം പറയാം. ശ്രോതാക്കളില്‍ ചെറുപ്പക്കാരാണ് കൂടുതലെങ്കില്‍ സംഘാടകര്‍ ആദ്യമേ തന്നെ പറയും: ''മാഷേ, കാര്യമായൊരു പ്രസംഗം ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പത്ത് മിനുട്ടേ വേണ്ടൂ. പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞുവെച്ചാല്‍ മതി. അധികം ആഴത്തിലേക്കൊന്നും പോവേണ്ട'' അവരുടെ കണക്കുകൂട്ടല്‍ ശരിയാണ്. പ്രസംഗം പത്ത് മിനുട്ടിനപ്പുറം നീണ്ടാല്‍ യുവജനങ്ങള്‍ അസ്വസ്ഥരാവും. കുറച്ച് ഗൗരവമായി എന്തെങ്കിലും പറഞ്ഞുതുടങ്ങുകയാണെന്നു കണ്ടാല്‍ പലരും എഴുന്നേറ്റ് സ്ഥലം വിടും... ചില തമാശകളോ വിരുദ്ധോക്തികള്‍ സമൃദ്ധമായുള്ള സംസാരമോ കേള്‍ക്കാനാണ് അവര്‍ വന്നിട്ടുണ്ടാവുക. പ്രസംഗം മറ്റൊരു ലൈനിലാണ് നീങ്ങുന്നതെന്നു കണ്ടാല്‍ അവര്‍ ക്ഷമിച്ചുതരില്ല.

പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയായി ചോദിക്കട്ടെ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സാഹിത്യസാംസ്‌കാരിക പ്രസംഗവേദികള്‍ക്ക് പരിചിതനാണ് താങ്കള്‍. പ്രസംഗം എഴുത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നത് ശരിയാണോ?
വലിയൊരളവോളം ശരിയാണ്. തുടരെത്തുടരെ പ്രസംഗിച്ചുകൊണ്ടിരുന്നാല്‍ ഉള്ള് പൊള്ളയാവും. നമുക്ക് പറയാനുള്ള കാര്യങ്ങളും നമ്മുടെ വളരെ സവിശേഷമായ അനുഭവങ്ങള്‍ തന്നെയും വേദിയില്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എഴുത്തില്‍ അതിന്റെ ആവര്‍ത്തനം സാധ്യമാവില്ല.
 

പ്രസംഗവേദികളില്‍നിന്ന് കഴിവതും വിട്ടുനില്‍ക്കുന്നതാണ് എഴുത്തുകാര്‍ക്ക് നല്ലത്. ആന്തരികമായ നിശ്ശബ്ദതയുടേയും ഭാരക്കുറവിന്റേയും ശൂന്യതയുടെ തന്നെയും അനുഭവം ഇടയ്ക്കിടെ ഉണ്ടാവുന്നത് നല്ലതാണ്. കറകള്‍ പലതും കഴുകിക്കളഞ്ഞ് സ്വയം ശുദ്ധമാക്കുന്നതിനും നവീകരിക്കുന്നതിനും അത് വലിയ തോതില്‍ സഹായകമാകും.

മലയാളത്തിലെ പുതിയ കഥാകാരന്മാര്‍ക്കും കവികള്‍ക്കും വായനക്കാരില്‍നിന്നും നിരൂപകരില്‍നിന്നും അര്‍ഹമായ പരിഗണന കിട്ടുന്നതായി താങ്കള്‍ കരുതുന്നുണ്ടോ?
ഇല്ല. വളരെ നന്നായി കഥകളെഴുതുന്ന ഏതാനും പേര്‍ പുതിയ കഥയെഴുത്തുകാര്‍ക്കിടയിലുണ്ട്. ''നൂറ് കണക്കിന് കവികളുണ്ട്. കവികളെക്കൊണ്ട് വഴി നടക്കാന്‍ പറ്റാതായി എന്നൊക്കെ പരിഹാസം ചൊരിയുന്നവരുണ്ട്.'' പക്ഷേ, പുതിയ കവികള്‍ക്കിടയില്‍ ചിലര്‍, ഏറ്റവും  ചുരുങ്ങിയത് പത്ത് പേരെങ്കിലും, വളരെ വ്യത്യസ്തമായി അര്‍ത്ഥവത്തായി എഴുതുന്നുണ്ടെന്നും മുന്‍കാല കവികള്‍ തന്നിട്ടില്ലാത്ത അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും അവര്‍ തരുന്നുണ്ട് എന്നുമുള്ള വാസ്തവം മറച്ചുവെച്ചുകൊണ്ടുള്ളതാണ് ഈ ബുദ്ധിശൂന്യമായ പരിഹാസം.
ലോകനിലവാരം എന്ന ഒന്ന് ഉള്ളതായി നാമെല്ലാം ഇപ്പോഴും കരുതിപ്പോരുന്നുണ്ടല്ലോ. അതിനെ മാനിച്ചുകൊണ്ടുതന്നെ പറയുകയാണ്. ലോകനിലവാരത്തിലുള്ള ചില കഥകളും കവിതകളും മലയാളത്തിലെ പുതിയ ചില എഴുത്തുകാരില്‍നിന്ന് ഇതിനകം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, നിരൂപകര്‍ അവരെ കാര്യമായി പരിഗണിച്ചിട്ടേയില്ല. മലയാളത്തിലെ ഇപ്പോഴത്തെ അവസ്ഥ മുന്‍നിര്‍ത്തി രണ്ട് കാര്യങ്ങള്‍ പറയാം:
ഒന്ന്: ഭാവുകത്വപരിണാമത്തേയും വളര്‍ച്ചയേയും ഫലപ്രദമായ രീതിയില്‍ സഹായിക്കുന്ന ഒരു സാഹിത്യനിരൂപണം ഇന്ന് മലയാളത്തിലില്ല.
രണ്ട്: ഈ നില കുറച്ചുകാലത്തേക്ക് കൂടി തുടരുകയാണെങ്കില്‍ നിരൂപകരെ ശ്രദ്ധിക്കേണ്ട കാര്യമേയില്ല എന്ന തീര്‍പ്പില്‍ മികച്ച വായനക്കാരെല്ലാം എത്തിച്ചേരും.

കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷക്കാലത്തിനിടയില്‍ സജീവമായിത്തീര്‍ന്ന പല സാഹിത്യക്കൂട്ടായ്മകളുമായി താങ്കള്‍ വളരെ അടുത്ത് ബന്ധപ്പെട്ടതായി അറിയാം. ഇവയുടെ പ്രവര്‍ത്തനം പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പ്രോത്സാഹജനകമായിത്തീരുന്നുണ്ടോ?
കണ്ണൂര്‍ ജില്ലയിലെ  ആലക്കോട്, മാടായി എന്നിവിടങ്ങളില്‍ 2017-ല്‍ ഓരോ സാഹിത്യപാഠശാല വളരെ വിജയകരമായി നടന്നിരുന്നു. സര്‍ഗ്ഗവേദി റീഡേഴ്സ് ഫോറം ആണ് ആലക്കോട്ടെ സംഘാടകര്‍. മാടായിയില്‍ ജനകല സാഹിത്യപാഠശാല എന്ന കൂട്ടായ്മയും. ആലക്കോട്ടെ ക്ലാസ്സുകളില്‍  നല്ല പങ്കാളിത്തമുണ്ടായിരുന്നു. മാടായിയില്‍ അത്രത്തോളമില്ലെങ്കിലും അവിടെ എത്തിച്ചേര്‍ന്നതും നല്ല സാഹിത്യതല്പരര്‍ തന്നെയായിരുന്നു. ഏഴ് ക്ലാസ്സുകളോടെ അവസാനിച്ച പാഠശാലയ്ക്ക് ഇപ്പോഴും തുടര്‍ച്ച ഉണ്ടാവുന്നുണ്ട്. ജില്ലയിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു സംരംഭം ഷുക്കൂര്‍ പെടയങ്ങോടിന്റെ വരാന്ത സാഹിത്യചര്‍ച്ചയാണ്. ഷുക്കൂറിന്റെ ചായപ്പീടികയുടെ വരാന്തയില്‍ അല്ലെങ്കില്‍ മുറ്റത്ത് ആണ് ഈ ചര്‍ച്ച നടക്കുന്നത്.

ഷുക്കൂര്‍ പെടയങ്ങോട്
ഷുക്കൂര്‍ പെടയങ്ങോട്

ആദ്യം ചര്‍ച്ചയ്‌ക്കെടുത്തത് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്ന നോവലാണ്. അന്ന് ഞാനാണ് ആ പുസ്തകത്തെപ്പറ്റി സംസാരിച്ചത്. വരാന്തയില്‍ മുപ്പത്തിമൂന്ന് പരിപാടികള്‍ നടന്നു. ഭേദപ്പെട്ട പങ്കാളിത്തത്തോടെ നന്നായി നടക്കുന്ന ചര്‍ച്ചകളില്‍ യുവജനങ്ങളാണ് കൂടുതലും സംസാരിക്കുന്നത്. യുവതികളും യുവാക്കളും ഒരേ ആവേശത്തോടെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നല്ല തയ്യാറെടുപ്പോടെ തന്നെ എത്തുന്നു. ഏറ്റവും പുതിയ സാഹിത്യമാണ് വരാന്തയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സ്വാഭാവികമായും അത് പുതിയ വായനക്കാരിലും എഴുത്തുകാരിലും നല്ല താല്പര്യം വളര്‍ത്തുന്നു.

വിനോയ് തോമസ്
വിനോയ് തോമസ്

ബഷീര്‍ പെരുവളത്തുപറമ്പ് എന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും ശ്രീകണ്ഠാപുരത്ത് പുഴയോരത്ത് എല്ലാ മാസവും നടത്തിവരുന്ന സാഹിത്യചര്‍ച്ചയും ഏറെ ശ്രദ്ധേയമാണ്. ഈ നാല് സ്ഥലത്തെ പരിപാടികളിലും ഞാന്‍ പങ്കെടുത്തിരുന്നു. ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരും വായനക്കാരുമായി ആശയവിനിമയം നടത്തുന്നത് വളരെ ആവേശകരമായാണ് അനുഭവപ്പെട്ടത്.

തങ്ങളുടെ വായനാനുഭവം വായനക്കാര്‍ താങ്കളുമായി പങ്കുവെയ്ക്കാറുണ്ടോ? സമീപകാലത്ത് താങ്കളെ ആഹ്ലാദിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്ത അത്തരത്തിലുള്ള ഏതെങ്കിലും പ്രതികരണത്തെക്കുറിച്ച് ?
വളരെയേറെ വാനക്കാരുള്ള ഒരെഴുത്തുകാരനല്ല ഞാന്‍. എന്റെ കൃതികളില്‍ ഒന്നും തന്നെ വലിയ ജനപ്രീതി സമ്പാദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എനിക്ക് വിഷമമൊന്നുമില്ല.
വായനക്കാരെന്ന നിലയില്‍ വളരെ സത്യസന്ധരായ കുറച്ചുപേര്‍ ഞാന്‍ എന്തെഴുതിയാലും അത് വളരെ താല്പര്യപൂര്‍വ്വം വായിക്കുന്നുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും അവരില്‍നിന്ന് എനിക്ക് കിട്ടുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അവരെ ഒരു പ്രത്യേക വിഭാഗമായി മാറ്റിനിര്‍ത്തി മറ്റ് വായനക്കാരില്‍നിന്ന് സമീപകാലത്ത് ലഭിച്ച പ്രതികരണങ്ങളില്‍ ചിലതിനെക്കുറിച്ച് പറയാം.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വായനക്കാര്‍ വളരെ ആവേശത്തോടെ പ്രതികരണം അറിയിച്ചത് എന്റെ 'ഒരു തോണിയുടെ ആത്മകഥയില്‍നിന്ന്' എന്ന കഥയെപ്പറ്റിയാണ്. അത്രയും തന്നെ വലിയ പ്രതികരണം 'സൂര്യന്‍ വളരെ അടുത്തായിരുന്നു' എന്ന കഥയ്ക്ക് പ്രതീക്ഷിച്ചതാണ്. പക്ഷേ, എന്തുകൊണ്ടോ അതുണ്ടായില്ല. വളരെ ബഹുസ്വരമായ പ്രതികരണങ്ങളുണ്ടാക്കിയ ഒരു കൃതിയാണ് എന്റെ ഏറ്റവും ഒടുവിലത്തെ നോവലായ 'മായാമനുഷ്യര്‍'. എന്റെ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍ ഒന്നാം പതിപ്പ് വിറ്റുതീര്‍ന്നത് ഈ നോവലിന്റേതാണ്.

''ഇത് ഒരു നോവലേ അല്ല; വരണ്ട രാഷ്ട്രീയാഭിപ്രായങ്ങളുടെ സമാഹാരമാണ്'' എന്ന് പറഞ്ഞവര്‍ തൊട്ട് 'മായാമനുഷ്യര്‍' വായിച്ചുതീര്‍ന്നിട്ട് മൂന്ന് ദിവസമായി ആ നോവല്‍ നല്‍കിയ വൈകാരികാനുഭവങ്ങളില്‍നിന്ന് എനിക്ക് പുറത്തുകടക്കാനാവുന്നതേയില്ല എന്ന് പറഞ്ഞവര്‍ വരെ വായനക്കാര്‍ക്കിടയിലുണ്ട്. രാഷ്ടീയം എന്ന അനുഭവലോകവുമായി പൊതുവിലും ഇടതുപക്ഷ രാഷ്ട്രീയവുമായി പ്രത്യേകമായും പരിചയമില്ലാത്ത, രാഷ്ട്രീയാശയങ്ങളേയും സംഭവങ്ങളേയും തങ്ങളുടെ മനോലോകവുമായി ബന്ധിപ്പിക്കാത്ത വായനക്കാര്‍ക്ക് അവര്‍ ബുദ്ധിജീവിവിഭാഗത്തില്‍ പെടുന്നവരായാലും അല്ലെങ്കിലും, 'മായാമനുഷ്യര്‍' വായിക്കാനാവില്ല.

പക്ഷേ, അവരുടെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നവരുടെ ഹൃദയത്തിന്റെ ഏറ്റവും അടുത്തുനിന്ന് സംസാരിക്കാന്‍ 'മായാമനുഷ്യര്‍'ക്ക് കഴിയും. ഈ നോവലിന്റെ രണ്ടാമധ്യായം പിന്നിടാനാവാതെ വായന നിര്‍ത്തിയവരേയും നോവല്‍ രണ്ടും മൂന്നും തവണ വായിച്ചവരേയും എനിക്കറിയാം. വായിച്ചവരില്‍ത്തന്നെ ഇതിലെ നായകനായ ഗമന്‍ പരാജയപ്പെട്ട ഒരു പാവത്താനാണെന്ന് കരുതിയവരും അങ്ങനെയല്ല പലതരം ജീര്‍ണ്ണതകള്‍ ആധിപത്യം സ്ഥാപിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഒന്നിനും കീഴടങ്ങാതെ പിടിച്ചുനില്‍ക്കുകയും താന്‍ ജീവിക്കാനാഗ്രഹിക്കുന്ന മറ്റൊരു ലോകത്തെ അന്വേഷിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ധീരനാണ് ഗമന്‍ എന്ന് പറഞ്ഞവരും ഉണ്ട്.

ഒരു സാഹിത്യകൃതിയും എല്ലാ വിഭാഗം വായനക്കാര്‍ക്കും വേണ്ടി ഉണ്ടാവുന്നതല്ല. ആരൊക്കെ എങ്ങനെയൊക്കെ അവഗണിച്ചാലും തള്ളിപ്പറഞ്ഞാലും ഒരു കൃതി അതിന്റെ യഥാര്‍ത്ഥ വായനക്കാരില്‍ എത്തിച്ചേരുക തന്നെ ചെയ്യും. 'മായാമനുഷ്യര്‍' ഇതിനകം തന്നെ എന്നെ അത് സംശയാതീതമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

എഴുത്തുകാര്‍ സ്വന്തം കൃതികളെപ്പറ്റി ആവര്‍ത്തിച്ചു പറയുന്നതും ഊറ്റം കൊള്ളുന്നതും ശരിയല്ല എന്ന് പലരും പറയാറുണ്ടല്ലോ. താങ്കളുടെ അഭിപ്രായമെന്താണ്?
കഴിവതും പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരത്ത് നടത്തിയ ഒരു അടിയന്തരാവസ്ഥാ വിരുദ്ധ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് വൈലോപ്പിള്ളിയെ ക്ഷണിക്കാന്‍ ഞാനും ഒരു സുഹൃത്തും കൂടി തൃശൂരില്‍ പോയിരുന്നു. 'പ്രസംഗിക്കാന്‍ ഞാന്‍ വരില്ല, വരില്ല' എന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം ഞങ്ങളോടുള്ള സംസാരം ആരംഭിച്ചതെങ്കിലും ഒടുവില്‍ അദ്ദേഹം വരാന്‍ സമ്മതിച്ചു. ഞങ്ങളോടുള്ള സാമാന്യം നീണ്ട സംസാരത്തിനിടയില്‍ അദ്ദേഹം രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പല കാര്യങ്ങളെക്കുറിച്ചും  പറഞ്ഞു. കൂട്ടത്തില്‍,  താന്താങ്ങളുടെ കൃതികളെ വാഴ്ത്തിപ്പാടുന്ന എഴുത്തുകാരെ പ്പറ്റി അദ്ദേഹം പറഞ്ഞത്  ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു: ''സ്വന്തം പാല് കുടിക്കുന്ന പശുവിനെപ്പോലെ അശ്ലീലമാണവര്‍.''

തല്‍ക്കാലം ഇവിടെ നിര്‍ത്താമെന്ന് തോന്നുന്നു. ഇനി ഒരു ചെറിയ ചോദ്യം. താങ്കളുടെ തലമുറയിലെ മറ്റ് എഴുത്തുകാരെപ്പറ്റി എന്താണ് പറയാനുള്ളത്?
 

ഞാന്‍  അവരെ വിലയിരുത്താന്‍ പുറപ്പെടുന്നില്ല.

ഏറ്റവും പുതിയ എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയരെന്ന് താങ്കള്‍ക്ക് തോന്നിയവരെപ്പറ്റി?
എന്റെ സ്തുതിയും  നിന്ദയുമൊന്നും അവരെ ബാധിക്കാതിരിക്കുന്നതാണ് നല്ലത്. എന്നെ വളരെ ആഴത്തില്‍ സ്പര്‍ശിക്കുകയോ വിസ്മയിപ്പിക്കുകയോ ചെയ്ത രചനകളെപ്പറ്റി ഞാന്‍ അപ്പപ്പോള്‍ എഴുതിയിട്ടുണ്ട്. ആ ശീലം നിലനിര്‍ത്താനാവുമെന്നു തന്നെ കരുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com