കശ്മീര്‍ നേര്‍ക്കാഴ്ചകളിലൂടെ: കശ്മീരിലൂടെ നടത്തിയ യാത്രയുടെ അനുഭവം

ഭരണാധികാരികളുടെ താല്പര്യങ്ങള്‍ക്കായി വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും ചാപ്പകുത്തി ഒരു ജനതയെ ഒന്നടങ്കം അശാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള 70 സംവത്സരങ്ങള്‍ കടന്നുപോയിരിക്കുന്നു.
കശ്മീര്‍ നേര്‍ക്കാഴ്ചകളിലൂടെ: കശ്മീരിലൂടെ നടത്തിയ യാത്രയുടെ അനുഭവം

ശ്മീര്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ നിറഞ്ഞുനില്‍ക്കുന്ന ഒരു തലക്കെട്ടായി പരിണമിച്ചിട്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുണ്ട്. ഇന്ത്യയ്ക്ക്   സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ പ്രത്യേക രാജ്യമായി നില്‍ക്കുകയും പിന്നീട് 370 ആര്‍ട്ടിക്കിളിന്റെ പിന്‍ബലത്തോടെ പ്രത്യേക പദവിയുള്ള സംസ്ഥാനമായി അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥാപിത താല്പര്യങ്ങള്‍ക്കു വിധേയമായി ഇന്ത്യയോടു ചേര്‍ക്കപ്പെടുകയും ചെയ്തു. ഈ പ്രത്യേക പദവി ശാപം കിട്ടിയതുപോലെ കശ്മീരിനെ പിന്തുടരുകയും നാളിതുവരെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്ത ഒരു ജനതയായി കശ്മീര്‍ തുടരുകയും ചെയ്യുന്നു. ഭരണാധികാരികളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി എന്നും വിഘടനവാദത്തിന്റേയും ഭീകരവാദത്തിന്റേയും ചാപ്പകുത്തി ഒരു ജനതയെ ഒന്നടങ്കം അശാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള 70 സംവത്സരങ്ങള്‍ കടന്നുപോയിരിക്കുന്നു.

ഇപ്പോള്‍ ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 പൂര്‍ണ്ണമായി എടുത്തുകളഞ്ഞിരിക്കുകയാണ്. പുനഃസംഘടനയിലൂടെ (വിഭജനമെന്നു മറുപക്ഷം) ഇന്ത്യാഗവണ്‍മെന്റ് ജമ്മു-കശ്മീരിനെ ജമ്മുകശ്മീര്‍ എന്നും ലഡാക് എന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി തരംതിരിച്ചുകൊണ്ടും ഉത്തരവായിട്ടുണ്ട്. ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും അന്തസ്സ് ചോര്‍ത്തുന്ന നടപടിയാണിതെന്ന് വിമര്‍ശനങ്ങളുണ്ടെങ്കിലും അനുച്ഛേദനം 370 നീക്കിയതില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുമില്ല.

ഡാല്‍ തടാകത്തില്‍ സഞ്ചാരികളെ കാത്തുകിടക്കുന്ന ശിക്കാര ബോട്ടുകള്‍
ഡാല്‍ തടാകത്തില്‍ സഞ്ചാരികളെ കാത്തുകിടക്കുന്ന ശിക്കാര ബോട്ടുകള്‍

രാഷ്ട്രീയത്തിനതീതമായി ഭരണഘടന അനുച്ഛേദനം 370 നല്‍കിയ പ്രത്യേക പദവി കശ്മീരിന് എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്നും കശ്മീര്‍ ജീവിതത്തിന്റെ ചില നേര്‍ക്കാഴ്ചകള്‍ സ്വാനുഭവത്തിലൂടെ ഇവിടെ വ്യക്തമാക്കുന്നു. കശ്മീര്‍ എന്നാല്‍ ഭീകരവാദികളുടെ നാട് എന്നൊരു മുന്‍ധാരണ നാം ഇന്ത്യക്കാരില്‍ സ്വാതന്ത്ര്യാനന്തരകാലം മുതലുള്ള ഭരണകര്‍ത്താക്കളും അവരെ എന്നും പിന്താങ്ങിയിരുന്ന ഒരു കൂട്ടം ദേശീയ മാധ്യമങ്ങളും നമ്മില്‍ വളര്‍ത്തിയിട്ടുണ്ട്. 'ആരാന്റെ അമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ നമ്മുക്കെന്ത്' എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്നതരം മനോഭാവമാണ് കശ്മീര്‍ കാര്യത്തില്‍ നമ്മുക്കുള്ളത്. കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല ഇതിനര്‍ത്ഥം. അവയെ രാഷ്ട്രീയലാഭത്തിനായി പെരുപ്പിച്ചു കാണിക്കാനായിരുന്നു എന്നും കേന്ദ്ര-സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന കക്ഷികള്‍ക്ക് താല്പര്യം. കശ്മീര്‍ ജനതയെ ഒന്നടങ്കം ഭീകരരായി വേര്‍തിരിച്ചുനിര്‍ത്തി എന്നും നേട്ടം കൊയ്യുകയായിരുന്നു ഇവരൊക്കെ. ഇന്ത്യയിലെ സ്വര്‍ഗ്ഗഭൂമി എന്ന വിശേഷണത്തിനൊപ്പം തന്നെ ഭീകരരുടേയും തീവ്രവാദികളുടേയും നാടെന്ന കുപ്രസിദ്ധിയും കശ്മീര്‍ നേടിയിട്ടുണ്ട്. കശ്മീര്‍ എന്നു കേട്ടാല്‍ ആദ്യം നമുക്കുണ്ടാകുന്ന വികാരം ഭയമാണ്.

ഇത്തരം അബദ്ധ ചിന്താസരണിയിലായിരുന്നതിനാല്‍ കശ്മീര്‍ എന്ന സ്വര്‍ഗ്ഗഭൂമി പ്രകൃതിസഞ്ചാരിയായ എന്നില്‍നിന്നും എന്നും അകന്നുതന്നെ നിന്നു. ഈ ചിന്തയ്ക്ക് വിരാമമുണ്ടാകുന്നത് 2015-ല്‍ ഖാലിദ് എന്ന ഒരു കശ്മീരി യുവാവ് ഫേസ് ബുക്ക് സുഹൃത്തായി എത്തുമ്പോഴാണ്. ഞങ്ങള്‍ സ്വയം പരിചയപ്പെടുത്തുന്ന ആദ്യ നാളുകളിലെ ചര്‍ച്ചകളില്‍ ഏറിയ പങ്കും അപഹരിച്ചിരുന്നത് കശ്മീരിലെ ഭീകരരും ഭീകരപ്രവര്‍ത്തനങ്ങളുമായിരുന്നു. ആ യുവാവിനേയും ഒരു ഭീകരനായി സങ്കല്പിച്ചുകൊണ്ട് വളരെ ഭയന്നായിരുന്നു ചാറ്റ് തുടര്‍ന്നിരുന്നത്. താന്‍ ഭീകരനല്ല എന്നു ഖാലിദ് പലവട്ടം ആവര്‍ത്തിച്ചിട്ടും അത് ഉള്‍ക്കൊള്ളാനായില്ല; കാരണം, കശ്മീരികളെല്ലാം ഭീകരര്‍ ആണെന്ന മൂഢവിശ്വാസം ആയിരുന്നു.

ആര്‍ട്ടിക്കിള്‍ 370 കശ്മീരികളില്‍ എത്ര ആഴത്തില്‍ പതിഞ്ഞിരിക്കുന്നുവെന്നതിനു വ്യക്തത വന്നത് ഖാലിദുമായുള്ള ചാറ്റിങ്ങിലാണ്. തങ്ങള്‍ ഇന്ത്യക്കാരല്ല, കശ്മീരികളാണ് എന്നാണ് അയാള്‍ എപ്പോഴും വാദിച്ചിരുന്നത്. അവര്‍ക്കു വേറെ നിയമങ്ങളുണ്ടെന്നും നമ്മുടെ നിയമങ്ങള്‍ ബാധകമല്ല എന്നും അയാള്‍ ചൂണ്ടിക്കാട്ടി. ഒരു സ്വാതന്ത്ര്യദിനവും അവര്‍ ആചരിച്ചിരുന്നില്ല. അതിനെന്തു പ്രാധാന്യം എന്ന മറുവാദവും ഉന്നയിച്ചു. റിപ്പബ്ലിക്ക് ദിനം എന്തെന്നറിയില്ല, റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രസക്തിയും അറിയില്ല. ശരിക്കും അമ്പരന്നുപോയ നിമിഷങ്ങള്‍. ഈ വിവേചനമാണ് കശ്മീരികളെ ഇന്ത്യയുടെ അവിഭാജ്യതയില്‍നിന്നും പൊതുധാരയില്‍നിന്നും ഇക്കഴിഞ്ഞ 70 സംവത്സരങ്ങളേറെയായി മാറ്റിനിര്‍ത്തിയിരുന്നതെന്നും ഒരു പുതിയ അറിവായിരുന്നു.

ഇന്ത്യയിലെ നിയമങ്ങള്‍ കശ്മീരിനു ബാധകമല്ല എന്ന വേര്‍തിരിവാകണം കശ്മീര്‍ ഭരിച്ച ഭരണകര്‍ത്താക്കള്‍ക്കും അവര്‍ വളര്‍ത്തിയ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും എന്നും ഇന്ത്യക്കെതിരെ കശ്മീരികളെ തിരിപ്പിക്കാന്‍ ഉപയോഗിച്ച കുതന്ത്രം. ഇന്ത്യയ്ക്കു മീതെ നിയമങ്ങളുള്ള തങ്ങളെന്തിന് ഇന്ത്യയെ ഭയക്കണം, ഇന്ത്യയെ എന്നും വേര്‍തിരിവോടെ മാറ്റിനിര്‍ത്തി ഇങ്ങനെ തുടരുകയുമാവാം. കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ കശ്മീര്‍ ഭരണനേതൃത്വത്തില്‍ ഈ വേര്‍തിരിവുണ്ടായില്ല. ആഡിറ്റിങ്ങില്ലാത്ത ഈ തുകയൊക്കെ യഥേഷ്ടം ചെലവഴിച്ചു തങ്ങള്‍ക്കൊന്നും ഇന്ത്യ നല്‍കുന്നില്ല എന്ന് മുറവിളികൂട്ടി കശ്മീരികളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ബോധ്യപ്പെട്ട കശ്മീര്‍ ജനത ഈ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നും തെരഞ്ഞെടുപ്പുകളില്‍നിന്നും അകന്നുനില്‍ക്കുന്നു. വികസനം എത്തിനോക്കാത്ത കശ്മീര്‍ ജനത ഇടത്തരക്കാരായും പട്ടിണിയും പരിവട്ടവുമായി ഒരിക്കലും ഉന്നമനം നേടാനാകാതെ നാടോടികളായ ഇടയവര്‍ഗ്ഗവുമായൊക്കെ ഇന്നും തുടരുന്നു.

കശ്മീരികളില്‍ ഭൂരിഭാഗവും സാധാരണക്കാരും ഇടത്തരക്കാരുമാണെന്നു ഖാലിദില്‍നിന്നും വ്യക്തമായി. ചെറു ആപ്പിള്‍ത്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും നെല്‍ക്കൃഷിയുമൊക്കെയായി ജീവിച്ചുപോകുന്നവര്‍. മലയിടിച്ചിലും മഞ്ഞുവീഴ്ചയും ഹിമപാതവും മേഘവര്‍ഷവുമൊക്കെ എല്ലാ വര്‍ഷവും കൃഷിനാശവും വിളനാശവുമുണ്ടാക്കാറുണ്ട്. സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാറുമില്ല. ഇതിനൊക്കെ പുറമെ വിഘടനവാദികളുടെ നിരന്തരമായുള്ള ബന്ദും    ഹര്‍ത്താലുകളും ഭീകരരും സൈന്യവും ആയുള്ള ഏറ്റുമുട്ടല്‍, ഖാലിദിന്റെ ഭാഷയില്‍ 'എന്‍കൗണ്ടര്‍' ഇങ്ങനെ അശാന്തിയുടെ നാളുകളാണ് ഏറെയും. ഇന്ത്യാവിരുദ്ധവികാരം ആളിക്കത്തിക്കാന്‍ മത്സരിക്കുന്ന ഭരണപ്പാര്‍ട്ടികളും വിഘടനവാദികളും തീവ്രവാദികളും. ഇവിടെ കേരളത്തില്‍ ഞങ്ങള്‍ ശാന്തിയിലും സമാധാനത്തിലും സ്വാതന്ത്ര്യത്തിലുമാണ് കഴിഞ്ഞുപോകുന്നതെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ക്കെന്താ സ്വാതന്ത്ര്യം ഇല്ലാത്തതെന്ന് ഖാലിദ് ചോദിച്ചു.

എന്ത് സ്വാതന്ത്ര്യമാണ് ഇല്ലാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു. 6 മണിക്കു ശേഷം വീടിനു പുറത്തിറങ്ങാനാകില്ല. താഴ്വരയില്‍ അശാന്തി പടരുമ്പോള്‍ അച്ഛനമ്മമാര്‍ വീട്ടുതടങ്കലിലാക്കുന്ന കൗമാരക്കാരും യുവാക്കളും. എപ്പോള്‍ പുറത്തുപോയാലും പലവട്ടം തെളിയിക്കേണ്ട സ്വന്തം തിരിച്ചറിയല്‍/വ്യക്തിത്വം. ഏതു നിമിഷവും പരിശോധന വിധേയമാക്കപ്പെടുന്ന സ്വകാര്യജീവിതം. ഉറക്കമില്ലാത്ത മരണഭയമുണര്‍ത്തുന്ന രാവുകള്‍. ഇതാണ് കശ്മീര്‍ ജനതയ്ക്ക് 370 പരിച്ഛേദനം നല്‍കിയ നന്മകളും അനുകൂലനങ്ങളും. കശ്മീര്‍ താഴ്വരയിലെ കുട്ടികളേയും യുവാക്കളേയും വിദ്യാഭ്യാസം ചെയ്യാന്‍ അനുവദിക്കാതെ അവരുടെ കയ്യില്‍ ഇന്ത്യന്‍ സേനയെ എറിയാന്‍ കല്ലുകള്‍ കൊടുത്തുവിടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടേയും വിഘടനവാദികളുടേയും മക്കള്‍ കശ്മീരിനു പുറത്ത് ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നടത്തി സുഖജീവിതം നയിക്കുമ്പോള്‍ കശ്മീരിലെ യുവതലമുറ ദിശതെറ്റി അലയുന്നു.  യുവാക്കള്‍ ബാല്യത്തില്‍ത്തന്നെ പുകവലിയിലും മറ്റു ലഹരിവസ്തുക്കളിലും ജീവിതം ഹോമിക്കുന്നു. അനിശ്ചിതത്വത്തിലായ ഭാവിയോര്‍ത്ത് കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും വിഷാദരോഗങ്ങള്‍ക്കും അടിമപ്പെട്ടു അലസജീവിതം നയിക്കുന്നു. കല്ലേറിലും പെല്ലറ്റ് വര്‍ഷത്തിനുമിരയായി ജീവിതം നഷ്ടപ്പെടുന്നവരും വഴിമുട്ടുന്നവരും.


യുവതലമുറ ഇങ്ങനെ നശിച്ചുപോകുന്നതില്‍ യാതൊരു ഖിന്നതയുമില്ലാതെ മുതലക്കണ്ണീര്‍ വാര്‍ക്കുന്ന രാഷ്ട്രീയ നേതൃത്വം. ഖാലിദിലൂടെ ലഭിച്ച വിവരങ്ങള്‍ കശ്മീരിനെക്കുറിച്ചുള്ള പുനഃചിന്തനത്തിന് വഴിവച്ചു. ഒരു ജനതയെ എഴുപതു സംവത്സരങ്ങളിലേറെയായി ഭീകരരായി ചിത്രീകരിച്ചവരോട് അമര്‍ഷം തോന്നി. ഒന്നും ചെയ്യാനില്ലാതെ എന്നും മുടങ്ങിക്കിടന്നിരുന്ന ഖാലിദിന്റെ പഠനത്തിന് നിരന്തരം ഊര്‍ജ്ജമേകി പുനരാരംഭിച്ചു. ചില സ്വകാര്യ സംഭാഷണങ്ങളില്‍ ഇന്ത്യയെ സ്‌നേഹിക്കാനും ഉപദേശിച്ചു. ഇന്ത്യക്കാരോട് സ്‌നേഹമുണ്ട്, ഇന്ത്യന്‍ ഭരണാധികാരികളോട് സ്‌നേഹമില്ല എന്ന മറുപടിയും കിട്ടി.

ഭാഗം2

കശ്മീരിലെ യുവസ്‌നേഹിതനുമായുള്ള സൗഹൃദം കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആത്മവിശ്വാസം നല്‍കി. 2018-ലെ മഹാപ്രളയത്തിനുശേഷം ആഗസ്റ്റ് മാസത്തില്‍ സുഹൃത്തുമൊത്ത് കശ്മീര്‍ സന്ദര്‍ശിച്ചു. ഒട്ടേറെ ഭയാശങ്കകളോടെയാണ് ശ്രീനഗറില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ ഖാലിദ് ഞങ്ങളെ എതിരേറ്റു. ശ്രീനഗറിലൂടെ ആദ്യയാത്ര വളരെയേറെ മാനസിക പിരിമുറുക്കം നിറഞ്ഞതായിരുന്നു. പക്ഷേ, ശ്രീനഗര്‍ ഇന്ത്യയിലെ മറ്റേതു നഗരമെന്നപോലെ ശാന്തവും സജീവവുമായിരുന്നു. എവിടെയും സൈന്യത്തിന്റെ നിരീക്ഷണമേടുകള്‍, സൈനിക യൂണിറ്റുകള്‍, സൈനിക വാഹനങ്ങള്‍, തിരക്കേറിയ വ്യാപാരസ്ഥാപനങ്ങള്‍, ഷെര്‍ബ് ഐ ക്രിക്കറ്റ് സ്റ്റേഡിയം, സ്‌കൂളുകള്‍, കോളേജുകളൊക്കെ വലയംവച്ച് ശ്രീനഗറിന്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന ഝലം നദിയും കണ്ടു മൗലാനാ ആസാദ് റോഡിലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന അതിഥിമന്ദിരത്തിലെത്തി. ശ്രീനഗറിലെ ഇടത്താവളം ഇവിടെയാണ്.

ശ്രീനഗറിലെ പ്രധാനപ്പെട്ട ജംഗ്ഷന്‍ ആണ് ഡാല്‍ഗേറ്റ്. പ്രധാന റോഡുകളെല്ലാം വന്നുചേരുന്നത് ഡാല്‍ഗേറ്ററില്‍ ആയതിനാല്‍ നല്ല തിരക്കും ഗതാഗത തടസ്സവും അനുഭവപെട്ടു. ഡാല്‍ തടാകത്തിലേക്ക് പോകുന്ന വഴിയില്‍ സൈനികരുടെ പരിശോധന. ആധാര്‍ കാര്‍ഡില്‍ കേരളം എന്ന് കണ്ടപ്പോള്‍ ആദ്യ അന്വേഷണം കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ചായിരുന്നു. വീട്ടുകാരെല്ലാം സുരക്ഷിതരാണോ എന്നും തിരക്കി. കശ്മീര്‍ കണ്ടുവരൂ എന്നാശംസിച്ചു സന്തോഷത്തോടെ കടത്തിവിട്ടു. ഡാല്‍ഗേറ്റ് കടന്നു മുന്നോട്ടുപോകവേ ഇടതുവശത്തായി വിശ്വപ്രസിദ്ധമായ ഡാല്‍ തടാകം മുന്നില്‍ തെളിഞ്ഞു. മലനിരകളുടെ മടിത്തട്ടില്‍ വിശാലമായി പരന്നുകിടക്കുന്ന സ്വപ്നതടാകമായ ഡാല്‍.


ഡാല്‍ തടാകത്തില്‍ ഒരുവശത്ത് ഹൗസ്‌ബോട്ടുകളുടേയും മറുവശത്ത് 'ശിക്കാരാ' എന്നറിയപ്പെടുന്ന ചെറുവഞ്ചികളുടേയും നീണ്ടനിര. സഞ്ചാരികളൊഴിഞ്ഞ തടാകം. ഡാല്‍ തടാകത്തിനെതിരായുള്ള മുകള്‍ ഉദ്യാനമായ നിഷാദ് ബാഗില്‍ കശ്മീരി സഞ്ചാരികളുടെ വന്‍തിരക്ക്. ഈദിന് മുന്നേയുള്ള അവസാന ആഴ്ചദിനമായതിനാല്‍ തദ്ദേശവാസികളുടെ വന്‍തിരക്ക്. പേര്‍ഷ്യന്‍ ശില്പകല മാതൃകയില്‍ തീര്‍ത്ത അതിമനോഹരമായ ഉദ്യാനം. കശ്മീരിലെ ഉദ്യാനങ്ങളില്‍ ഏറ്റവും വലിയ ഉദ്യാനമാണ് നിഷാദ് ബാഗ്. മനോഹരമായ പച്ചപ്പട്ടു വിരിച്ച പുല്‍ത്തകിടിയും വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങളും അലങ്കാരസസ്യങ്ങളും നിഷാദ് ബാഗിന് മിഴിവേറ്റുന്നു. ഈ വര്‍ണ്ണപ്രപഞ്ചത്തിനു പിന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്ന സംപവന്‍ മലനിരകള്‍. 1634 എ.ഡിയില്‍ മുകള്‍ഭരണകാലത്ത് ജഹാങ്കീര്‍ ചക്രവര്‍ത്തിയുടെ പത്‌നിയായ നൂര്‍ജഹാന്‍ ചക്രവര്‍ത്തിനിയുടെ മൂത്തസഹോദരനും മന്ത്രിയുമായ ആസിഫ്ഖാനാണ് ഈ മനോഹര ഉദ്യാനം നിര്‍മ്മിച്ചത്.

ഉദ്യാനത്തിനു പുറത്തുള്ള ചെറു റെസ്റ്റോറന്റില്‍നിന്നും ഉച്ചഭക്ഷണം. റെസ്റ്റോറന്റ് നടത്തിപ്പുകാരനായ യുവാവിനോട് ജീവിതമെങ്ങനെ എന്നാരാഞ്ഞു. വളരെ പരിതാപകരമെന്നായിരുന്നു മറുപടി. അടിക്കടിയുണ്ടാകുന്ന നിരോധനാജ്ഞകള്‍, ഹര്‍ത്താലുകള്‍ ടൂറിസംകൊണ്ട് നിത്യവൃത്തി കഴിക്കുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക് നിലനിന്ന് പോകുവാനാകുന്നില്ല എന്ന് വിഷാദത്തോടെ മൊഴിഞ്ഞു. കശ്മീരികളോട് ഭരണകര്‍ത്താക്കള്‍ക്കു ഒരു അനുകമ്പയുമില്ലെന്നും സാമ്പത്തിക തകര്‍ച്ചയില്‍നിന്നും എന്ന് കരകയറാന്‍ കഴിയുമെന്നറിയില്ല എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് കശ്മീര്‍ ഇഷ്ടമായില്ലേ, നിങ്ങളുടെ സുഹൃത്തക്കളോട് കശ്മീര്‍ സന്ദര്‍ശിക്കാന്‍ പറയൂ - ഞങ്ങളിറങ്ങാന്‍ നേരം അയാള്‍ പറഞ്ഞു.
ഡാല്‍ തടാകത്തിലെ ശിക്കാര്‍ വഞ്ചിയാത്ര അവിസ്മരണീയമായിരുന്നു. തടാകത്തിലെ ഓളപ്പരപ്പിലൂടെ മന്ദം മന്ദം നീങ്ങുന്ന ശിക്കാര വഞ്ചി. വര്‍ണ്ണത്തുണികള്‍ കൊണ്ടലങ്കരിച്ച ചെറു വഞ്ചിയില്‍ ചാഞ്ഞുകിടക്കാവുന്ന തരത്തില്‍ തലയിണയും മെത്തയും പരവതാനിയും ക്രമീകരിച്ചിരിക്കുന്നു. ചാഞ്ഞിരുന്നും ചാഞ്ഞുകിടന്നും യാത്ര ആസ്വദിക്കാം. ജലോപരിതലത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ശിക്കാര സഞ്ചരിക്കുമ്പോള്‍ നാം സ്വപ്നസഞ്ചാരത്തിലാണെന്നു തോന്നിപ്പോകും. ഓളപ്പരപ്പിനെ നാം തൊട്ടു തൊട്ടില്ല എന്ന മട്ടിലുള്ള മന്ദംമന്ദമായുള്ള യാത്രയാണ് ശിക്കാരയെ മറ്റു ജലയാനങ്ങളില്‍നിന്നും വേറിട്ടു നിര്‍ത്തുന്നത്.

ടൂറിസവും വരുമാനവും

ശിക്കാര യാത്രയുടെ മറ്റൊരു പ്രത്യേകത സഞ്ചാരിയെ തേടി ഒഴുകിയെത്തുന്ന കച്ചവടക്കാരാണ്. ചെറുതോണികളില്‍ ലഘുഭക്ഷണശാല, പഴം/ജ്യൂസ് കട, സാഫ്രോണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍, അത്തര്‍ കടയും തുണിക്കടയുമൊക്കെ ഇങ്ങനെ ഒഴുകിയെത്തുന്നു. ടൂറിസം കൊണ്ട് ഉപജീവനം നടത്തുന്ന പ്രാദേശികരായ കച്ചവടക്കാരാണ്. 2 മണിക്കൂര്‍ നീണ്ട ശിക്കാര യാത്ര തീരാറായപ്പോള്‍ ശിക്കാരി തുഴഞ്ഞ വയസ്സനായ തോണിക്കാരനും ചോദിച്ചു. കശ്മീര്‍ ഇഷ്ടമായോ? ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ സീസണ്‍ ആണെങ്കിലും സഞ്ചാരികള്‍ ഭീകരത ഭയന്ന് വരുന്നില്ല എന്നും തൊഴില്‍ ഇല്ലാതെ, പണമില്ലാതെ വല്ലാതെ കഷ്ടപ്പെടുന്നുവെന്നും പറഞ്ഞു. ഇങ്ങനെ തൊഴിലില്ലാതെ കഷ്ടപ്പെടുത്താന്‍ കശ്മീരികള്‍ എന്ത് തെറ്റാണു ചെയ്തത്? ഞങ്ങള്‍ ഭീകരര്‍ ആണോ എന്നും അരിശത്തോടെ ചോദിച്ചു. ഉത്തരം നല്‍കാനില്ലാതെ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പുറത്തേയ്ക്കു കടന്നു. ദീപാലങ്കാരത്തില്‍ കുളിച്ചുനില്‍ക്കുന്ന ഡാല്‍ത്തടാകം എല്ലാത്തിനും മൂകസാക്ഷിയെന്നവണ്ണം നിലകൊണ്ടു.

ശ്രീനഗറില്‍നിന്നും തെക്കന്‍ കശ്മീരിലെ മലനിരകളിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലേക്കായിരുന്നു അടുത്ത യാത്ര. ശ്രീനഗറില്‍നിന്ന് ഏതാണ്ട് 89 കിലോമീറ്റര്‍ അകലെയാണ് ഈ സുഖവാസകേന്ദ്രം. തെക്കന്‍ കശ്മീരിലാണ് സംഘര്‍ഷങ്ങള്‍ ഏറെയുള്ളത് എന്നു വാര്‍ത്തകള്‍ കാണാറുണ്ട്. പഹല്‍ഗാമിലേക്ക് പോകുന്നത് സംഘര്‍ഷബാധിത പ്രദേശമായ അനന്തനാഗിലൂടെയാണ്. വഴിനീളെ തോക്കുധാരികളായി, ജാഗരൂകരായി കാവല്‍നില്‍ക്കുന്ന സൈനികര്‍. പോപ്ലാര്‍ മരങ്ങളും വില്ലോ മരങ്ങളും തണല്‍വിരിക്കുന്ന പാതകള്‍. വില്ലോ മരങ്ങള്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാണത്തിന് പ്രസിദ്ധമാണ്. വഴിയിലുടനീളം പ്രാദേശിക ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാണ ശാലകളില്‍ ക്രിക്കറ്റ് ബാറ്റുകള്‍ വില്‍പ്പനക്കായി നിരത്തിവച്ചിരിക്കുന്നു.

ചെറു വിശ്രമം. ക്ഷീണമകറ്റാന്‍ കശ്മീരിന്റെ മാത്രം സവിശേഷമായ ആവിപറക്കുന്ന 'കശ്മീരി കേഹവാ' മുന്നിലെത്തി. കുങ്കുമപ്പൂവും അല്‍മോണ്ടയും ചേര്‍ത്ത് പ്രത്യേകമായി തയ്യാറാക്കിയ കട്ടന്‍ ഇലച്ചായ. വലിയൊരു സമോവറില്‍ (കെറ്റില്‍) നിന്നുമാണ് കേഹവാ ഒരു ചെറുകോപ്പയില്‍ ഒരു യുവാവ് പകര്‍ന്നു തന്നത്. കേഹവയും നുണഞ്ഞു തദ്ദേശവാസികളുമായി കുശലം പറഞ്ഞിരുന്നു. കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ചാണ് അവര്‍ ഉല്‍ക്കണ്ഠയോടെ അന്വേഷിച്ചത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നാണെന്ന സന്തോഷം തോന്നിയ നിമിഷങ്ങള്‍.

ഝലം നദി കലങ്ങിമറിഞ്ഞൊഴുകുന്നു. വലിയ പാലങ്ങള്‍ക്കു താഴെ ഝലം നദിയില്‍നിന്നും മണ്ണെടുക്കാന്‍ നിരന്നുകിടക്കുന്ന വള്ളങ്ങള്‍. പ്രകൃതി ധ്വംസനങ്ങള്‍ക്ക്, പ്രകൃതിയുടെ നേര്‍ക്കുള്ള കയ്യേറ്റങ്ങള്‍ക്കും സ്ഥലകാലബേധമില്ല. ഇരുവശത്തും കൊയ്ത്തുകഴിഞ്ഞ സാഫ്രോണ്‍ (കുങ്കുമപ്പൂവ്) പാടങ്ങളുടെ നീണ്ടനിരയാണ്. കശ്മീരിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന വ്യവസായമാണ് സാഫ്രോണ്‍ വ്യവസായം.
അനന്തനാഗിലെത്തി. ശ്രീനഗര്‍ കഴിഞ്ഞാല്‍ വളരെ തിരക്കേറിയ പട്ടണം. ശ്രീനഗര്‍ പ്രധാന നഗരമാണെങ്കില്‍ അനന്തനാഗ് ഒരു പ്രധാന കച്ചവടകേന്ദ്രമാണ്. ആപ്പിളും മറ്റു കശ്മീര്‍ പഴവര്‍ഗ്ഗങ്ങളുടേയും വന്‍തോതിലുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. അനന്തനാഗിലെ തെരുവീഥികള്‍ ഈദ് പെരുന്നാളിന്റെ കച്ചവടത്തിരക്കിലായിരുന്നു. വിവിധ വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച ആട്ടിന്‍പറ്റവുമായി ഇടയന്മാര്‍ വ്യപാരികളുമായി വിലപേശുന്നു. അനന്തനാഗിലെ തിക്കും തിരക്കും കുറച്ചു നേരം ഗതാഗത തടസ്സമുണ്ടാക്കി. സദാ സൈനിക കാവലിലാണ് അനന്തനാഗ്. മുക്കിലും മൂലയിലും വരെ റോന്തുചുറ്റുന്ന സൈനികര്‍. സൈനിക വാഹനങ്ങള്‍ വിസില്‍ ശബ്ദം മുഴക്കി കടന്നുപോകുന്നു. വിസില്‍ മുഴക്കം കേട്ടാല്‍ മറ്റു വാഹനങ്ങളും കാല്‍നടക്കാരും വഴിമാറി കൊടുക്കണം.

അനന്തനാഗ് കഴിഞ്ഞപ്പോള്‍ റോഡിനു കുറുകെ 'ഇടയന്മാരുടെ താഴ്വരയായ പഹല്‍ഗാമിലേക്ക് സ്വാഗതം' എന്നെഴുതിയ കമാനം കണ്ടു. പഹല്‍ഗാമിലെ ചെക്ക്പോസ്റ്റിലെ സൈനിക പരിശോധന കഴിഞ്ഞു പഹല്‍ഗാമിലെ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന അതിഥി മന്ദിരത്തില്‍ തങ്ങി. പൈന്‍മരങ്ങളും കോണിഫെറസ് വാനനിരകളും പച്ചപ്പട്ടു വിരിച്ച പുല്‍ത്തകിടികളും താഴ്വാരങ്ങളും വന്‍മതില്‍ തീര്‍ത്തിരിക്കുന്ന മലനിരകളും നീലച്ഛായയില്‍ വളഞ്ഞുപുളഞ്ഞൊഴുകുന്ന ലിഡ്ഡര്‍ നദിയും പഹല്‍ഗാമിനെ മനോഹരമാക്കുന്നു.
പഹല്‍ഗാം ഇടയന്മാരുടെ താഴ്വരയാണ്. കശ്മീരില്‍ ഏറ്റവും താഴെത്തട്ടിലുള്ള ജീവിതം നയിക്കുന്നവര്‍. ഇവരില്‍ ഏറിയ പങ്കും നാടോടിജീവിതം നയിക്കുന്നവരാണ്. വളരെ പ്രാചീനമെന്നു തോന്നുംവിധം ഉരുളന്‍കല്ലും ചെളിയുംകൊണ്ട് തീര്‍ത്ത ചെറുകുടിലുകളില്‍ വസിക്കുന്നവര്‍. ചരടും കല്ലുംകൊണ്ടും തിരിയുന്ന വലിയ തിരിക്കല്ലില്‍ ധാന്യം പൊടിക്കുന്ന ഇടയന്‍. നമ്മുടെ ഓര്‍മ്മകളില്‍നിന്നുപോലും തിരിക്കല്ലും ഉരലുമൊക്കെ മണ്‍മറഞ്ഞിട്ടു കാലമേറെയായി. ഇടയന്റെ അനുവാദത്തോടെ ചിത്രമെടുത്തു. ദീനതയാര്‍ന്ന മുഖത്തോടെ പുഞ്ചിരി വരുത്തി അയാള്‍ ചോദിച്ച ചോദ്യവും ഞങ്ങളുടെ കശ്മീര്‍ സുന്ദരമല്ലേ, ശാന്തമല്ലേ എന്നായിരുന്നു. ഇന്ത്യയിലെ സ്വര്‍ഗ്ഗഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന കശ്മീരിലെ ഗ്രാമീണജീവിതം നമ്മുടെ ചിന്താധാരകള്‍ക്കും എത്രയോ അകലെയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ നേര്‍ക്കാഴ്ചകള്‍.

ആരു താഴ്വരയിലെ പ്രകൃതിനിര്‍മ്മിത പച്ചപ്പുല്‍ത്തകിടിയും മേയുന്ന കുതിരകളും തെളി നീരുറവകളും അകലങ്ങളിലെ മലനിരകളുമൊക്കെ കാണുമ്പോള്‍ നാമൊരു വിദേശ രാജ്യത്താണോ നില്‍ക്കുന്നത് എന്ന തോന്നലുളവാക്കും. പഹല്‍ഗാമിലെ ആരു താഴ്വരയെ 'മിനി സ്വിറ്റ്സര്‍ലാന്റ്' എന്നും വിശേഷിപ്പിക്കാറുണ്ട്. വര്‍ണ്ണനാതീതമാണ് ഈ താഴ്വാര കാഴ്ചകള്‍.
ആരു താഴ്വരയില്‍നിന്നും യാത്ര നീണ്ടത് അമര്‍നാഥ് തീര്‍ത്ഥാടനയാത്ര ആരംഭിക്കുന്ന ചന്ദന്‍ വാരിയിലാണ്. ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ സൈനികരെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന ഇടമാണിത്. മലമുകളിലേക്കു നീളുന്ന ഈ റോഡിനിരുവശവുമുള്ള ഓരോ പാറക്കെട്ടിലും മലഞ്ചെരിവുകളിലും തോക്കും ധരിച്ചു രാപ്പകല്‍ മഞ്ഞിനേയും മഴയേയും വെയിലിനേയും ചുളുചുളുപ്പന്‍ കാറ്റിനേയും അവഗണിച്ചു കാവല്‍ നില്‍ക്കുന്ന സൈനികരെ കണ്ടപ്പോള്‍ രാജ്യരക്ഷയ്ക്കായി അവര്‍ ചെയ്യുന്ന ത്യാഗങ്ങളോര്‍ത്ത് അഭിമാനം തോന്നി. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് ഇവരും ബലിയാടുകളാക്കപ്പെടുന്നു എന്ന ചിന്ത ഖിന്നനാക്കി.

ചെമ്മരിയാടിന്‍പറ്റത്തെ നയിച്ച് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങിയ ആട്ടിടയ സംഘങ്ങളെ കണ്ടു. അവര്‍ ജമ്മുവില്‍നിന്നും ഈദ് പ്രമാണിച്ച് കശ്മീരിലേക്ക് ദേശാടനം നടത്തുകയാണ്. ജമ്മുവിലെ ഇടയന്മാര്‍ കശ്മീരിലെ ഇടയരെക്കാള്‍ ജീവിതനിലവാരം ഉയര്‍ന്നവരാണെന്ന് അവരുടെ വേഷത്തില്‍നിന്നും മനസ്സിലായി. ഈദ് കച്ചവടം കഴിഞ്ഞു കശ്മീരില്‍ ശൈത്യമാകുമ്പോള്‍ അവര്‍ ജമ്മുവിലേക്കു മടക്കയാത്ര നടത്തും. ആടുകള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ നിശ്ചിത ഫീസടച്ച് ലൈസന്‍സ് എടുത്തിട്ടുണ്ട്. ആടുകള്‍ക്ക് ലൈസന്‍സ് ഉള്ളതിനാല്‍ അവയുടെ സഞ്ചാരം മുടക്കാതെയാണ് വാഹനങ്ങള്‍ കടന്നുപോകുക. ട്രാഫിക് ലൈസന്‍സ് ഉള്ള ഇന്ത്യയിലെ ആടുകള്‍.
ചന്ദന്‍വാരി ചെക്‌പോസ്റ്റില്‍ ബാഗുള്‍പ്പെടെ സ്‌കാനിങ്ങിനു വിധേയമാക്കി. കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ എന്നറിയുമ്പോള്‍ പ്രളയത്തെക്കുറിച്ച് അന്വേഷണം. പിന്നീട് പുഞ്ചിരിച്ചുകൊണ്ട് കടത്തിവിട്ടു. ചന്ദന്‍വാരി ചെറിയൊരു കച്ചവടകേന്ദ്രമാണ്. കുറച്ചു പഴം-പച്ചക്കറി കടകളും പലവ്യഞ്ജന കടകളും ചെറു ഹോട്ടലുമൊക്കെയുള്ള വളരെ ചെറിയൊരു കവലയെന്നു പറയാം. അമര്‍നാഥ് തീര്‍ത്ഥാടന യാത്രികര്‍ക്ക് യാത്ര തുടങ്ങുന്നതിനു മുന്‍പ് ആവശ്യം വേണ്ടുന്ന സാധനങ്ങള്‍ ലഭ്യമാകാനുള്ള അവസാന മാര്‍ക്കറ്റ് ആണ് ചന്ദന്‍വാരി. അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് ഇവിടെനിന്നും മലഞ്ചെരിവുകളിലെ ചെങ്കുത്തായ ദുര്‍ഘടമായ പാതയിലൂടെ 32 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം.

പഹല്‍ഗാമിലെ പ്രഭാതം തികച്ചും ശാന്തമായിരുന്നു. പ്രഭാതനടത്തത്തിനും ചെറു പക്ഷി നിരീക്ഷണത്തിനുമിറങ്ങി. ഹിമാലയന്‍ പക്ഷികളുടെ വേട്ടസംഘത്തെ കണ്ടും ചിത്രങ്ങളുമെടുത്തും മുന്നോട്ടു നീങ്ങി. ഗ്രാമം ഉണര്‍ന്നിട്ടില്ല. ശൈത്യകാലത്തു വൈകി ഉണര്‍ന്നു ശീലിച്ചതുകൊണ്ടാകും 8 മണിക്ക് വെയില്‍ പരന്നപ്പോഴാണ് ഗ്രാമപാതയ്ക്ക് ജീവന്‍വച്ചത്. വഴിയോരത്ത് കായ്ചു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും വാള്‍നട്ട് മരങ്ങളും. ചുവന്നുതുടുത്ത കശ്മീരി ആപ്പിളുകള്‍ പഴുത്തു പാകമായി നില്‍ക്കുന്നു. പച്ചനിറത്തിലുള്ള മറ്റൊരിനം ആപ്പിളുമുണ്ട്. ഒരു ചെറിയ കടയുടെ മുന്നിലിരുന്ന വന്ദ്യവയോധികനായ കടയുടമ ഞങ്ങളെ വിളിച്ചു. എവിടെനിന്നാണ് എന്നായി ചോദ്യം. കേരളം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അന്വേഷണവും പ്രളയത്തെക്കുറിച്ചായി.


കശ്മീര്‍ ഇഷ്ടമായോ, ഇവിടം സുന്ദരമല്ലേ, ഇതുവരെ എന്തെങ്കിലും അനിഷ്ടമുണ്ടായോ എന്നൊക്കെ ചോദ്യങ്ങള്‍. ഞങ്ങളും നിങ്ങളെപ്പോലെ ഇന്ത്യക്കാരാണ്. ഭീകരരെന്നു മുദ്രകുത്തി ഞങ്ങളെ നിങ്ങളില്‍നിന്നും അകറ്റുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടി സഞ്ചാരികളെ ഇവിടെനിന്നുമകറ്റി ഞങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ ടൂറിസത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സഞ്ചാരികള്‍ ധാരാളം വരേണ്ട ഈ സീസണില്‍ സഞ്ചാരികള്‍ ഭയന്ന് വരാതിരിക്കുന്നതു കാരണം ഒഴിഞ്ഞുകിടക്കുന്ന കോട്ടേജുകള്‍ കണ്ടോ? ഇവിടെ നിങ്ങള്‍ എന്ത് ഭീകരതയാണ് കണ്ടത്? സുഹൃത്തുക്കളോട് പറയൂ, കശ്മീര്‍ സന്ദര്‍ശിക്കാന്‍. ഞങ്ങളെ രക്ഷിക്കൂ. അദ്ദേഹം വികാരാധീനനായി. എല്ലാം ശരിയാകും എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമ്പോള്‍ കശ്മീരിലെ നേര്‍ക്കാഴ്ചകള്‍ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ നാം 370 അനുച്ഛേദനം എടുത്തുകളഞ്ഞു കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തുനിര്‍ത്തി എന്നതില്‍ അഭിമാനിക്കുന്നു. പക്ഷേ, ഈ അനുച്ഛേദത്തിന്റെ തണലില്‍ ആയിരുന്നപ്പോള്‍ കശ്മീരിന്റെ അവസ്ഥ എന്തായിരുന്നു എന്ന് കശ്മീര്‍ യാത്ര ബോധ്യപ്പെടുത്തിത്തന്നു. കണ്ടവരില്‍ ഒരാളും ഇന്ത്യയെ കുറ്റപ്പെടുത്തി കണ്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ വാഴ്ത്തിപറഞ്ഞില്ല. തങ്ങളും ഇന്ത്യക്കാരാണ് എന്നും മാറിമാറി ഭരിച്ച കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ തങ്ങളെ ഭീകരരായി മുദ്രകുത്തി മാറ്റി നിര്‍ത്തി ദാരിദ്ര്യത്തിലേക്കും ഇല്ലായ്മയിലേക്കും തള്ളിയിടുന്നതിനെ കുറിച്ചുമായിരുന്നു അവര്‍ വ്യാകുലപ്പെട്ടത്. തങ്ങളുടെ ഭാവിയില്‍ കരിനിഴല്‍ പടരുന്നതില്‍ ഉല്‍ക്കണ്ഠാകുലരാണ് കശ്മീര്‍ ജനത. ഭീകരപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ച് ഇക്കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി ഒരു ജനതയെ ഒന്നടങ്കം അശാന്തിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിയിടുന്ന കാഴ്ച ഖേദകരം തന്നെയാണ്.

ചില്ലുമേടകളില്‍ ഇരുന്ന് ഭീകരരെന്നു ഒരു ജനതയെ ഒന്നടങ്കം മുദ്രകുത്തി കല്ലെറിയാന്‍ എളുപ്പമാണ്. ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ ഉന്മൂലനം ചെയ്തു കശ്മീര്‍ ജനതയെ പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യന്‍ ഭരണകൂടത്തിനുള്ളത്. ഇപ്പോള്‍ ഇരുട്ടിലാണ്ടുകിടക്കുന്ന കശ്മീരിലേക്ക് പുതുവെളിച്ചമായി ശാന്തിയും സമാധാനവും എത്തിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇരുപതിലേറെ ദിവസങ്ങളായി എന്നില്‍നിന്നും മറഞ്ഞ ഖാലിദിന്റെ സന്ദേശങ്ങള്‍ക്കായും കാത്തിരിക്കുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com