നീതിയുദ്ധങ്ങളുടെ കാവല്‍ക്കാരന്‍: റാംജത് മലാനിയെക്കുറിച്ച്

വിവിധ മേഖലകളില്‍ ഏഴര പതിറ്റാണ്ടിലധികം കാലം തിളങ്ങിനിന്ന പ്രതിഭയെന്ന നിലയില്‍ ചരിത്രം എന്നും അദ്ദേഹത്തെ ഓര്‍ക്കും
നീതിയുദ്ധങ്ങളുടെ കാവല്‍ക്കാരന്‍: റാംജത് മലാനിയെക്കുറിച്ച്

ഭിഭാഷക ലോകത്തെ കുലപതി റാംജത് മലാനിയുടെ വേര്‍പാട് പകരക്കാരനില്ലാത്ത അത്യപൂര്‍വ്വമായ ഒരുജ്ജ്വല പോരാളിയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാക്കിയത്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന അഴിമതിക്കുമെതിരേയും റാംജത് മലാനി നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളെ മാത്രമല്ല, നീതിന്യായരംഗത്തെ ഉന്നത കേന്ദ്രങ്ങളെപ്പോലും ലക്ഷ്യം വെച്ചുള്ളതായിരുന്നു. നീതി നിഷേധത്തിനു മുന്‍പില്‍ രാഷ്ട്രീയ-ജാതിമത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഒരിക്കലും തളരാത്ത ഗര്‍ജ്ജനമായിരുന്നു ജത് മലാനിയുടേത്. തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുതൊട്ട് ഡി.എം.കെ. എം.പി. കനിമൊഴിവരെയുള്ളവര്‍ക്കുവേണ്ടിയുള്ള റാമിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം എല്ലാ അര്‍ത്ഥത്തിലും അത്യപൂര്‍വ്വമായിരുന്നു.

പ്രമുഖരില്‍ പ്രമുഖനായ ഭരണഘടനാ വിദഗ്ദ്ധന്‍, ഉജ്ജ്വല ക്രിമിനല്‍ അഭിഭാഷകന്‍, ശക്തനായ മനുഷ്യാവകാശ പോരാളി, അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ കരുത്തനായ യോദ്ധാവ് എല്ലാറ്റിനുമുപരി പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്നീ വിവിധ മേഖലകളില്‍ ഏഴര പതിറ്റാണ്ടിലധികം കാലം തിളങ്ങിനിന്ന ഒരത്യപൂര്‍വ്വ പ്രതിഭയെന്ന നിലയില്‍ ചരിത്രം എന്നും ഓര്‍മ്മിക്കുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഇന്ത്യാ വിഭജനത്തിനുശേഷം പാകിസ്താനില്‍പ്പെട്ട സിന്ധ് പ്രവിശ്യയിലെ ശികാര്‍പൂര്‍ ഗ്രാമത്തില്‍ ജനിച്ച റാം 19-ാം വയസ്സില്‍ നിയമബിരുദം കരസ്ഥമാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്യാന്‍ അപേക്ഷ നല്‍കി. നിശ്ചിത പ്രായപരിധി പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ റാമിന്റെ എന്റോള്‍മെന്റിനുള്ള അപേക്ഷ തിരസ്‌കരിച്ചു. ഇതിനെതിരെ ഹര്‍ജി നല്‍കി സ്വന്തമായി കേസ് നടത്തി സിന്ധ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗോഡ് ഫ്രൈ ഡാവിഡ് എന്ന ജഡ്ജിയുടെ കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിച്ചാണ് അഭിഭാഷകനായി അദ്ദേഹം എന്റോള്‍ ചെയ്തത്. 

1948-ല്‍ സിന്ധില്‍നിന്നും ബോംബെയിലേയ്ക്ക് പ്രാക്ടീസ് ആരംഭിച്ചതു തൊട്ട് സിന്ധി അഭയാര്‍ത്ഥികളുടെ അനിഷേധ്യ നേതാവായി റാം മാറി. സിന്ധിഭാഷ ദേവനാഗരി ലിപിയില്‍ മാത്രമേ എഴുതാവൂവെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് അന്നത്തെ ബോംബെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്കെതിരെ സിന്ധി അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടമാണ് റാമിന്റെ നിയമരംഗത്തെ ആദ്യത്തെ വിജയം. അതേപോലെ ബോംബെയിലെ മൊറാര്‍ജി സര്‍ക്കാര്‍ സിന്ധികളെ ഒരു സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ അധികാരം നല്‍കുന്ന 1948-ലെ ബോംബെ അഭയാര്‍ത്ഥി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് റാം ബോംബെ ഹൈക്കോടതിയില്‍ ബോധിപ്പിച്ച പൊതുതാല്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 1948-ലെ അഭയാര്‍ത്ഥി നിയമം ബോംബെ ഹൈക്കോടതി റദ്ദ് ചെയ്തു. ഇതും റാമിന്റെ അഭിഭാഷക ജീവിതത്തിലെ സുപ്രധാന സംഭവമായിരുന്നു. ഒരു പരുത്തിക്കടക്കാരന്റെ കടയുടെ ഒരു ഭാഗത്തായിരുന്നു ആദ്യകാലത്ത് റാമിന്റെ ഓഫീസ്. 

അടിയന്തരാവസ്ഥക്കാലത്ത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനെന്ന നിലയില്‍ അന്നത്തെ പ്രതിപക്ഷത്തുള്ള ഏതു നേതാവിനെക്കാളും സധൈര്യം അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യാവകാശ, പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തിയുക്തം ശബ്ദിച്ച അഭിഭാഷകനും അദ്ദേഹമായിരുന്നു. പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെയെല്ലാം മിസയനുസരിച്ച് അറസ്റ്റ് ചെയ്തിരുന്ന ആ കാലത്ത് പാലക്കാട് ചേര്‍ന്ന കേരള ബാര്‍ ഫെഡറേഷന്‍ സമ്മേളനത്തില്‍ റാം നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍വേണ്ടി റാമിനെ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അടിയന്തരാവസ്ഥയെ പരസ്യമായി എതിര്‍ത്തു സംസാരിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നുവെങ്കിലും സംഘാടകരില്‍ പ്രമുഖരായിരുന്ന കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സുഗുണപാല്‍, ടി.എ. രാമദാസ്, ജോസഫ് ജേക്കബ് എന്നിവര്‍ ജത് മലാനിയുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചതിനാലായിരുന്നു അന്ന് റാം യോഗത്തില്‍ പങ്കെടുത്തിരുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കേന്ദ്രത്തിലെ ഭരണകക്ഷിയേയും അടിയന്തരാവസ്ഥ പ്രഖ്യാപനത്തേയും പിന്നീട് രാജ്യത്തുണ്ടായ മനുഷ്യാവകാശ, പൗരാവകാശ ലംഘനങ്ങളേയും റാം ശക്തിയുക്തം പ്രസംഗിച്ച് വേദിയില്‍നിന്ന് ഇറങ്ങുമ്പോഴേയ്ക്കും വാറണ്ടുമായി റാമിനെ സമീപിച്ച ജില്ലാ മജിസ്‌ട്രേറ്റിന്റേയും പൊലീസ് സൂപ്രണ്ടിന്റേയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട് എതിര്‍ത്തതിനെ തുടര്‍ന്ന് റാമിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. അധികാരികളുടെ കണ്ണുവെട്ടിച്ച് ബോംബെയിലേയ്ക്ക് കോയമ്പത്തൂര്‍ വഴി യാത്രതിരിച്ച റാം ബോംബെയിലെത്തിയപ്പോഴേയ്ക്കും പ്രമുഖ നിയമജ്ഞന്‍ പല്‍ക്കിവാലയും 200-ഓളം അഭിഭാഷകരും വിമാനത്താവളത്തില്‍ റാമിനെ സ്വീകരിച്ചു. പിന്നീട് ബോംബെ പൊലീസ് കമ്മീഷണര്‍ റാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറക്കിയെങ്കിലും ബോംബെ ഹൈക്കോടതിയില്‍നിന്നും അറസ്റ്റിനെതിരെ ഇഞ്ചക്ഷന്‍ ഉത്തരവ് സമ്പാദിച്ച് റാം ഡല്‍ഹിയിലേയ്ക്ക് കടന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് 1975 ജൂണ്‍ 26-ലെ രാഷ്ട്രപതിയുടെ ഉത്തരവ് നിയമപ്രാബല്യമില്ലാത്തതും ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിച്ച് അലഹബാദ്, ബോംബെ (നാഗ്പൂര്‍ ബെഞ്ച്), ഡല്‍ഹി, കര്‍ണാടക, മധ്യപ്രദേശ്, പഞ്ടാബ്, രാജസ്ഥാന്‍ എന്നീ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികളെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തുകൊണ്ടുള്ള എ.ഡി.എം. ജബല്‍പൂര്‍ ശിവകാന്ത് ശുക്ല എന്ന അപ്പീലില്‍ ഒരു തടവുകാരനുവേണ്ടി ഹാജരായിരുന്നത് റാംജത് മലാനിയായിരുന്നു. മറ്റ് അഭിഭാഷകരും ഹാജരായിരുന്നു. തന്റെ വാദം റാം ആരംഭിച്ചതു തന്നെ ഇപ്രകാരമാണ്: 

''മൈലോഡ് ഞാന്‍ ഒരു തടവുകാരനുവേണ്ടി മാത്രമല്ല, ഹാജരാവുന്നത്, ഞാന്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാന്‍ ഹാജരാവുന്നത് നിങ്ങള്‍ അഞ്ചു പേര്‍ക്കും കൂടിയാണ്. വാദം കേട്ട ജസ്റ്റിസുമാരായ എ.എന്‍. റെ, എച്ച്. ആര്‍. ഖന്ന, എം.എച്ച്. ബേഗ്, വൈ.വി. ചന്ദ്രചൂഡ്, പി.എന്‍. ഭഗവതി എന്നീ ജഡ്ജിമാരെ നോക്കി തുറന്നടിച്ചു പറഞ്ഞു. നാസിക് ജയിലില്‍ ബോംബെ ഹൈക്കോടതിയിലെ 102 അഭിഭാഷകരെ തടവുകാരാക്കി പാര്‍പ്പിച്ചിരിക്കുകയാണ്. റാം തുടര്‍ന്നു പറഞ്ഞു: എന്തിനാണ് ഞങ്ങള്‍ക്കുവേണ്ടിയെന്ന ജഡ്ജിമാരുടെ ചോദ്യത്തിന് മറുപടിയായി റാംജത് മലാനി പറഞ്ഞിരുന്നത് ഘാന എന്ന രാജ്യത്തില്‍ പാസ്സാക്കിയ കരുതല്‍ തടങ്കല്‍ നിയമത്തിന് വിദഗ്ദ്ധ ഉപദേശം നല്‍കിയിരുന്നത് ഘാനയിലെ ചീഫ് ജസ്റ്റിസായിരുന്നു. പിന്നീട് നിയമം നടപ്പിലാക്കിയപ്പോള്‍ ആ കരുതല്‍ തടങ്കല്‍ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി ഘാനയിലെ ചീഫ് ജസ്റ്റിസായിരുന്നു. പിന്നീട് രണ്ടു വര്‍ഷത്തോളം അറസ്റ്റ് ചെയ്യപ്പെട്ട ഘാനയിലെ ചീഫ് ജസ്റ്റിസിനെ സംബന്ധിച്ച് യാതൊരു വിവരവും അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഘാന ചീഫ് ജസ്റ്റിസ്സിന് ജയിലില്‍ സ്വാഭാവിക മരണം സംഭവിച്ചുവെന്ന വാര്‍ത്തയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. തിങ്ങിനിറഞ്ഞ കോടതിമുറിയിലെ അഭിഭാഷകരേയും മറ്റും സ്തബ്ധരാക്കുന്ന ഈ പ്രസ്താവന റാം തന്റെ വാദത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് മേല്‍പ്രകാരമാണ്. അപ്രിയ സത്യങ്ങളെ ന്യായാധിപന്മാരുടെ മുന്‍പില്‍ പോലും അസാധാരണമായ ധൈര്യം കാണിച്ച അപൂര്‍വ്വം അഭിഭാഷകരില്‍ ഒരാളായിരുന്നു റാംജത് മലാനി. 

എ.ഡി.എം. ജബല്‍പൂര്‍ കേസില്‍ ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ വിയോജന വിധിയോടുകൂടി അടിയന്തരാവസ്ഥാ പ്രഖ്യാപനം ഭൂരിപക്ഷ വിധിയില്‍ കൂടി ശരിവെച്ചു. വിധി വന്ന ഉടനെ റാം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുകയുണ്ടായി. പിന്നീട് അടിയന്തരാവസ്ഥ കഴിയുന്നതുവരെ അവിടെ നിയമാദ്ധ്യാപകനായും ഗവേഷണം ചെയ്തും ജീവിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ച ഉടനെ ബോംബെയില്‍ തിരിച്ചെത്തി. 1977 മാര്‍ച്ചില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥക്കാലത്തെ നിയമമന്ത്രി എച്ച്.ആര്‍. ഖോഗലേക്കെതിരെ മത്സരിച്ച് വന്‍ഭൂരിപക്ഷത്തോടെ ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ റാംജത് മലാനി നിയമമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, മദ്യപാനം ആരോപിച്ച് മൊറാര്‍ജി ദേശായി റാമിനെ മാറ്റിനിര്‍ത്തിയത് മൊറാര്‍ജിയോടുള്ള അഭിപ്രായവ്യത്യാസത്തിന് കാരണഹേതുവായി.

വിവരാവകാശ
നിയമത്തിന്റെ 
തുടക്കക്കാരന്‍

രണ്ടു തവണകളിലായി അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭകളില്‍ ഹ്രസ്വകാലം നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും സേവനം നടത്തിയ റാം 38 വര്‍ഷക്കാലം പാര്‍ലമെന്റംഗമായിരുന്നു. രാജ്യത്തെ വിവരാവകാശ നിയമത്തിന്റെ യഥാര്‍ത്ഥ തുടക്കക്കാരന്‍ റാംജത് മലാനിയാണെന്നത് ഒരു ചരിത്രസത്യമാണ്. കേന്ദ്ര നഗരവികസന മന്ത്രിയെന്ന നിലയില്‍ റാം പുറപ്പെടുവിച്ച ഒരു സര്‍ക്കാര്‍ ഉത്തരവനുസരിച്ച് തന്റെ മന്ത്രാലയത്തിലെ രേഖകളും പ്രമാണങ്ങളും അപേക്ഷയനുസരിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ ചെയ്തതാണ് രാജ്യത്തെ വിവരാവകാശ നിയമത്തിന്റെ യഥാര്‍ത്ഥ തുടക്കം.

1908-ലെ സിവില്‍ നിയമ നടപടി സംഹിതയില്‍ ആദ്യമായി സമഗ്രമായ ഭേദഗതിയുടേയും ശില്പി റാംജത് മലാനിയാണ്. സാക്ഷിവിസ്താരം ത്വരിതഗതിയിലാക്കാന്‍ വേണ്ടി ചീഫ് അഫിഡാവിറ്റ് നല്‍കുന്ന സമ്പ്രദായം നിലവില്‍ വന്നത് മേല്‍ ഭേദഗതിയെത്തുടര്‍ന്നാണ്. രാജ്യത്തെ നിയമ വിദ്യാഭ്യാസ രംഗത്ത് ആദ്യമായി പഞ്ചവല്‍സര നിയമപഠന കോഴ്‌സ് ആരംഭിച്ചതും ബാംഗ്ലൂരില്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി സ്ഥാപിച്ചതിന്റേയും പിന്നിലെ ബുദ്ധികേന്ദ്രം റാംജത് മലാനി തന്നെയായിരുന്നു.

ന്യായാധിപന്മാരെ ന്യായാധിപന്മാര്‍ തന്നെ തെരഞ്ഞെടുക്കുന്ന അത്യപൂര്‍വ്വ നിയമന രീതി നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ന്യായാധിപന്മാരെ നിയമിക്കുന്നതിനായി ആദ്യത്തെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന് രൂപം നല്‍കിക്കൊണ്ടുള്ള 2014-ലെ 99-ാം ഭരണഘടനാ ഭേദഗതി ബില്ലും 2014-ലെ ദേശീയ ജുഡീഷ്യന്‍ നിയമന കമ്മിഷന്‍ ബില്ലും രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബില്ലിനെ അനുകൂലിച്ചപ്പോള്‍ പ്രസ്തുത ബില്ലിനെ ശക്തിയുക്തം എതിര്‍ത്ത് സംസാരിച്ച ഒരേയൊരംഗം റാംജത് മലാനിയായിരുന്നു. ജുഡീഷ്യല്‍ നിയമനത്തിന് ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരണം ജുഡീഷ്യറിയുടെ നിഷ്പക്ഷ സ്വഭാവവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുമെന്ന് ഏറ്റവും ശക്തമായ ഭാഷയില്‍ സംസാരിക്കുകയും ബില്ലിനോടുള്ള ഭരണ-പ്രതിപക്ഷ കക്ഷികളുടെ വാദഗതികളെ ഓരോന്നായി ഖണ്ഡിച്ചു സംസാരിച്ച റാം രാജ്യസഭയില്‍ ഒരു കേസ് വാദിക്കുന്ന ആര്‍ജ്ജവത്തോടെയാണ് വാദങ്ങള്‍ നിരത്തിയിരുന്നതെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന പി.ജെ. കുര്യന്‍ ഒരിക്കല്‍ പറയുകയുണ്ടായി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പിന്തുണയോടുകൂടി പാസ്സാക്കിയ ഇരുബില്ലുകളും പകുതിയിലധികം സംസ്ഥാന നിയമസഭകളും ശരിവെച്ച് നിയമമായെങ്കിലും സുപ്രീംകോടതി പിന്നീട് 99-ാം ഭരണഘടന (ഭേദഗതി) നിയമവും 2014-ലെ ദേശീയ ജുഡീഷ്യല്‍ നിയമ കമ്മിഷന്‍ നിയമവും ഭരണഘടനാവിരുദ്ധമെന്ന കാരണത്താല്‍ അസാധുവാക്കുകയുണ്ടായി. രാജ്യത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കില്ലാതിരുന്ന തിരിച്ചറിവ് റാംജത് മലാനിക്കുണ്ടായി എന്നതാണ് സുപ്രീംകോടതി വിധിയില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. മോദി സര്‍ക്കാര്‍ ജുഡീഷ്യല്‍ നിയമന കാര്യത്തില്‍ കൈക്കൊണ്ട പല സമീപനങ്ങളില്‍നിന്നും കേന്ദ്രസര്‍ക്കാരിന് അപ്രമാദിത്യമുണ്ടായേക്കാവുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്റെ അപകടങ്ങള്‍ മുന്നില്‍ കാണാന്‍ സാധിച്ച രാജ്യത്തെ ഒരേയൊരു നിയമജ്ഞനായ പാര്‍ലമെന്റേറിയന്‍ റാംജത് മലാനിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com