സ്വേച്ഛാധിപതിയുടെ കാലത്തെ പ്രണയം: ഇസ്മായില്‍ കാദറെയുടെ ഹൃദയസ്പര്‍ശിയായ നോവലിനെക്കുറിച്ച്

എന്‍വര്‍ ഹോക്സയുടെ സ്വേച്ഛാധിപത്യ ഭരണകാലത്ത് അല്‍ബേനിയയില്‍ കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ച് ഇസ്മായില്‍ കാദറെ രചിച്ച ഹൃദയസ്പര്‍ശിയായ നോവല്‍.
സ്വേച്ഛാധിപതിയുടെ കാലത്തെ പ്രണയം: ഇസ്മായില്‍ കാദറെയുടെ ഹൃദയസ്പര്‍ശിയായ നോവലിനെക്കുറിച്ച്

മഗ്രാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെ നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരി ക്കുന്ന എഴുത്തുകാരനാണ് അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായില്‍ കാദറെ. മനുഷ്യന്റെ ഭീതികളേയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളേയും ചാരുതയോടെ അദ്ദേഹം തന്റെ നോവലുകളില്‍ ആവിഷ്‌കരിക്കുന്നു. ഭരണകൂട ഭീകരതയുടെ ഏറ്റവും വൈകൃതമായ മുഖമാണ് 'പാലസ് ഓഫ് ഡ്രീംസ്' എന്ന നോവലിലൂടെ കാദറെ നമുക്കു കാണിച്ചുതന്നത്. സമഗ്രാധിപത്യത്തെക്കുറിച്ചുള്ള ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച നോവലുകളില്‍ ഒന്നാണത്. 

ആന്തരിക സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച എഴുത്തുകാരനാണ് ഇസ്മായില്‍ കാദറെ. കമ്യൂണിസത്തിന് കാദറെ അനഭിമതനാകാന്‍ കാരണവും ആ നിര്‍ബ്ബന്ധ ബുദ്ധിയാണ്. സര്‍വ്വാധിപത്യത്തിന്റെ അലിഗറികള്‍ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ബി.സി 26-ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ നടന്ന ഒരു കഥ പറയുന്ന 'ദി പിരമിഡില്‍' എന്‍വര്‍ ഹോക്സയുടെ കമ്യൂണിസ്റ്റ് ഭരണമാണ് അന്യാപദേശ രൂപേണ ആവിഷ്‌കൃതമാകുന്നത്. ഏകാധിപത്യ വ്യവസ്ഥയിലെ എഴുത്തുകാരന്റെ ജീവിതം, ലക്കുതെറ്റിയ ഒരു വ്യവസ്ഥയില്‍ സാധാരണ മനോനിലയുള്ള ഒരാളുടെ ജീവിതത്തിനു തുല്യമാണെന്ന് കാദറെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

നോവല്‍ രചനയ്ക്ക് ഐറണി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച എഴുത്തുകാരനാണ് ഇസ്മായില്‍ കാദറെ. 2016-ല്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി (ജോണ്‍ ഹോഡ്സണ്‍) ഹാര്‍വില്‍ സെക്കര്‍ പ്രസിദ്ധീകരിച്ച 'എ ഗേള്‍ ഇന്‍ എക്സൈല്‍' എന്ന നോവലും ഇതേ ഗണത്തില്‍പ്പെട്ടതു തന്നെയാണ്. അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായ എന്‍വര്‍ ഹോക്സയുടെ ഭരണകാലത്ത് (1946-1985) എഴുത്തുകാര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരന്തമാണ് നോവലിന്റെ വിഷയം. എന്നാല്‍, ഈ കേന്ദ്ര പ്രമേയം ആവിഷ്‌കരിക്കാന്‍ കാദറെ ഒരു പെണ്‍കുട്ടിയുടേയും അവളുടെ കുടുംബത്തിന്റേയും വീട്ടുതടവും അവളുടെ ആത്മഹത്യയുമാണ് ഉപയോഗപ്പെടുത്തുന്നത്. ലിന്‍ഡ-ബി എന്ന ഈ പെണ്‍കുട്ടി നോവലില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. ഇസ്മായില്‍ കാദറെ തന്റെ ആശയാവിഷ്‌കാരത്തിനു സ്വീകരിക്കുന്ന തന്ത്രങ്ങളില്‍ ഒന്നായി ഇതിനെ കാണാവുന്നതാണ്. എന്നാല്‍, ലിന്‍ഡ-ബി എന്ന പെണ്‍കുട്ടി നോവലില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. 

എഴുത്തുകാരനും ഭരണകൂടവും 

പ്രശസ്തനായ അല്‍ബേനിയന്‍ നാടകകൃത്താണ് നോവലിലെ കേന്ദ്ര കഥാപാത്രമായ റൂഡിയന്‍ സ്റ്റീഫ. വിശദീകരണമൊന്നും കൂടാതെ ചോദ്യം ചെയ്യുന്നതിനായി ഇയാളെ പാര്‍ട്ടി കമ്മിറ്റി ഓഫീസിലേയ്ക്കു വിളിപ്പിച്ചിരിക്കുകയാണ്. താന്‍ ചോദ്യം ചെയ്യലിനു വിധേയനാക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്കു പോകുംവഴി അയാള്‍ ആലോചിക്കുന്നുണ്ട്. റൂഡിയന്റെ പുതിയ നാടകത്തിന്റെ കയ്യെഴുത്തുപ്രതി പരിശോധനയ്ക്കായി പാര്‍ട്ടി അധികൃതരുടെ കയ്യിലാണ്. നാടകത്തിന്റെ രണ്ടാം അങ്കത്തില്‍ ഒരു പ്രേതം പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രേതങ്ങള്‍ എന്ന വിശ്വാസവും അവയുടെ ആവിഷ്‌കാരവും സോഷ്യലിസ്റ്റ് റിയലിസത്തിന് എതിരാകയാല്‍ അതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനായിരിക്കുമോ തന്നെ വിളിപ്പിക്കുന്നതെന്ന് ആദ്യം അയാള്‍ സംശയിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഈയിടെ മാത്രം പരിചയപ്പെടുകയും നിമിഷങ്ങള്‍ക്കകം തന്റെ കാമുകിയായി തീരുകയും ചെയ്ത മിഗേന എന്ന പെണ്‍കുട്ടിയുമായി അയാള്‍ വഴക്കിടുകയും ബുക്ക് ഷെല്‍ഫില്‍ അവളുടെ തല ഇടിക്കുകയും ചെയ്തിരുന്നു. വഴക്കിടുന്നതിനിടയില്‍ നീ ആര്‍ക്കെങ്കിലും വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയാണോ എന്ന് അയാള്‍ അതര്‍ത്ഥമാക്കാതെ തന്നെ ചോദിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ, ഇതേക്കുറിച്ച് അവള്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടു കാണുമോ? 

എന്നാല്‍, അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി ഓഫീസില്‍ സെക്കന്റ് സെക്രട്ടറിയും ഫയലുകള്‍ മറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന റൂഡിയന് അപരിചിതനായ മറ്റൊരാളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടിക്ക് തന്നിലെ എഴുത്തുകാരനോട് അതിയായ ബഹുമാനമാണുള്ളതെന്നും അതുകൊണ്ട് തന്നോട് സഹകരിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും സെക്കന്റ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നു പരിചയപ്പെടുത്തിയ അപരിചിതന്‍ അഭ്യര്‍ത്ഥിച്ചു. ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് അയാള്‍ക്ക് അറിയേണ്ടത്. റൂഡിയന് അവളെ പരിചയമുണ്ടോ? മിഗേന തന്നെക്കുറിച്ച് പരാതിപ്പെട്ടു എന്നയാള്‍ ഉറപ്പിച്ചു. പരിചയമുണ്ട് എന്ന അര്‍ത്ഥത്തില്‍ റൂഡിയന്‍ തലയാട്ടുകയും ചെയ്തു. അയാള്‍ അന്വേഷിക്കുന്നത് മിഗേനയെക്കുറിച്ചല്ലെന്നും വീട്ടുതടങ്കലില്‍ കഴിയുന്ന ലിന്‍ഡ-ബി എന്ന പെണ്‍കുട്ടിയെ കുറിച്ചാണെന്നും റൂഡിയന്‍ അറിയുന്നത് പിന്നീടാണ്. ലിന്‍ഡ-ബിയെ താനറിയുകയില്ലെന്നും അവളെ കണ്ടിട്ടില്ലെന്നും അറിയിച്ച റൂഡിയന് അയാളെ ഒരു നാടകത്തിന്റെ ഓട്ടോഗ്രാഫ് ചെയ്ത പ്രതി അന്വേഷണ ഉദ്യോഗസ്ഥന്‍ കാണിച്ചുകൊടുക്കുന്നു. 'ലിന്‍ഡ-ബിക്ക്-ഓര്‍മ്മയ്ക്കായി ഗ്രന്ഥകാരന്‍' എന്ന് ആദ്യപേജില്‍ അയാളുടെ ഒപ്പോടുകൂടി അതില്‍ രേഖപ്പെടുത്തിയിരുന്നു. പെട്ടെന്ന് അയാളുടെ ഓര്‍മ്മ തെളിഞ്ഞു. മിഗേന, തന്റെ ആദ്യ സമാഗമത്തില്‍ തന്റെ സുഹൃത്തിനു നല്‍കാനായി അയാളുടെ ഓട്ടോഗ്രാഫ് സഹിതം റൂഡിയനില്‍നിന്നു വാങ്ങിയതായിരുന്നു അത്. ഇക്കാര്യം അയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തുന്നുമുണ്ട്. 

ചോര്‍ത്തപ്പെടുന്ന രഹസ്യങ്ങള്‍ 

ഒരു സമഗ്രാധിപത്യത്തിന്‍ കീഴില്‍ വ്യക്തിരഹസ്യങ്ങള്‍ സൂക്ഷിക്കുക എന്നത് അസാധ്യമാണ്. ഓരോ വ്യക്തിയും ആരുടെയൊക്കെയോ നിരീക്ഷണത്തിനു വിധേയനാണ്. കാദറെയുടെ മറ്റു ചില പ്രശസ്ത നോവലുകളെപ്പോലെ സ്ഥലകാലങ്ങള്‍ വ്യക്തമാക്കാതെയുള്ള ആവിഷ്‌കാര രീതിയല്ല എ ഗേള്‍ ഇന്‍ എക്സൈലില്‍ സ്വീകരിച്ചിട്ടുള്ളത്. എല്‍വര്‍ ഹോക്സയുടെ അന്ത്യത്തോടടുത്ത്  1980-കളുടെ ആദ്യപാദത്തിലാണ് നോവലിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്. ഹോക്സയുടെ ക്രൂരതകള്‍ അതിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന കാലം. നഗരത്തിലെ പ്രധാന കഫേകളിലും ബാറുകളിലും രഹസ്യ ക്യാമറകളും സംഭാഷണങ്ങളും ചോര്‍ത്തി രേഖപ്പെടുത്തി വെക്കുന്ന സംവിധാനങ്ങള്‍. പാനീയങ്ങളുമായി നിങ്ങളെ സമീപിക്കുന്ന പരിചാരകന്‍ ഒരുപക്ഷേ, ഭരണകൂട ചാരനാകാം. 

ഇത്തരം ഒരു കഫേയില്‍ വെച്ചാണ് റൂഡിയനും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള ദീര്‍ഘ സംഭാഷണം തുടര്‍ന്നു നടക്കുന്നത്. ഇപ്പോഴും ലിന്‍ഡ ബി എന്ന പെണ്‍കുട്ടി പുകമറക്കുള്ളിലാണ്. റൂഡിയനെക്കുറിച്ച് പല പരാമര്‍ശങ്ങളും അവളുടെ ഡയറിയിലുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. റൂഡിയന്റെ നാടകവും പരാമര്‍ശവിധേയമാകുന്നുണ്ട്. പ്രേതം പ്രത്യക്ഷപ്പെടുന്ന രംഗമാകെ മാറ്റിയെഴുതണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, റൂഡിയന്‍ ഇതിനു വഴങ്ങുന്നില്ല. 

ഇസ്മായില്‍ കാദറെ ഏറ്റവും ക്രൂരമായി ഐറണി പ്രയോഗിച്ചിരിക്കുന്ന നോവലുകളിലൊന്നാണ് 'എ ഗേള്‍ ഇന്‍ എക്സൈല്‍.' ഹോക്സയുടെ ഭരണകാലത്ത് അല്‍ബേനിയയുടെ ഉള്‍പ്രദേശങ്ങളില്‍ തടവില്‍ കഴിഞ്ഞിരുന്ന അനേകം കുടുംബങ്ങളുണ്ട്. അഞ്ചു വര്‍ഷമാണ് തടവിന്റെ കാലാവധി എങ്കിലും ഇതു കഴിയുമ്പോള്‍ വീണ്ടും അഞ്ചു വര്‍ഷത്തേയ്ക്കു കൂടി തടവ് നീട്ടുക എന്നതാണ് പതിവ്. ഇങ്ങനെ തടവില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്കായാണ് കാദറെ തന്റെ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലിന്‍ഡ ബിക്ക് ഒരു വിലാപഗീതം എന്ന ഒരു ഉപശീര്‍ഷകം കൂടി കാദറെ എ ഗേള്‍ ഇന്‍ എക്സൈലിനു നല്‍കിയിട്ടുണ്ട്. 

ഓര്‍ഫിയൂസ്, കലിഗുല തുടങ്ങിയ പുരാതന ഗ്രീക്ക് കഥാപാത്രങ്ങളേയും ചരിത്രസംഭവ ങ്ങളേയും അല്‍ബേനിയയുടെ സ്വന്തം സ്‌കാന്‍ഡര്‍ബര്‍ഗിനേയുമെല്ലാം കാദറെ ഈ നോവലില്‍ സന്ദര്‍ഭാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ട്. 

അന്വേഷണ ഉദ്യോഗസ്ഥനും റൂഡിയനും തമ്മിലുള്ള സംഭാഷണം എങ്ങുമെത്താതെ അവസാനിക്കുന്നു. ലിന്‍ഡ ബി ആത്മഹത്യ ചെയ്തിട്ട് നാലു ദിവസമായി എന്നു മാത്രമേ റൂഡിയന്‍ മനസ്സിലാക്കുന്നുള്ളൂ. ആത്മഹത്യയ്ക്കുള്ള കാരണവും അതില്‍ റൂഡിയനുള്ള പങ്കുമാണ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്. 

ലിന്‍ഡ ബി എന്ന പെണ്‍കുട്ടി 

മിഗേനയാണ് ദീര്‍ഘമായ ഒരു വഴക്കിനൊടുവില്‍ ലിന്‍ഡ ബിയുടെ കഥ പൂര്‍ണ്ണമായും റൂഡിയനോട് പറയുന്നത്. ആര്‍ട്സ് കോളേജില്‍ മിഗേനയുടെ സഹപാഠിയും സുഹൃത്തുമായിരുന്നു അവള്‍. നാടകകൃത്തായ റൂഡിയന്റെ വലിയ ആരാധികയാണ് ലിന്‍ഡ. ഒരിക്കല്‍പ്പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഈ ആരാധന പ്രണയത്തിനു വഴിവെക്കുന്നു. തടങ്കലിലായതിനാല്‍ ലിന്‍ഡയ്ക്കു നഗരംവിട്ട് പുറത്തുപോകാന്‍ കഴിയില്ല. എന്നാല്‍, തലസ്ഥാനമായ ടിരാനയില്‍ നിരന്തരം പോയിവരുന്ന മിഗേനയോട് അദ്ദേഹത്തിന്റെ നാടകത്തിന്റെ ഒരു പ്രതി ഓട്ടോഗ്രാഫ് ചെയ്ത് കൊണ്ടുവരാന്‍ ലിന്‍ഡ ആവശ്യപ്പെടുന്നു. അങ്ങനെയാണ് റൂഡിയന്റെ കയ്യൊപ്പോടുകൂടിയ പുസ്തകം അവളുടെ കയ്യില്‍ എത്തിപ്പെടുന്നത്. 

ലിന്‍ഡയും താനും എല്ലാ രഹസ്യങ്ങളും പങ്കിടാറുണ്ടെന്ന് മിഗേന റൂഡിയനെ അറിയിച്ചു. എന്നാല്‍, എന്തുകൊണ്ടോ കായികാധ്യാപകനുമായുള്ള ലിന്‍ഡയുടെ ബന്ധം അവള്‍ മിഗേനയെ അറിയിച്ചില്ല. വിദ്യാലയത്തിലെ ചില പെണ്‍കുട്ടികളുമായി ഇയാള്‍ക്കു രഹസ്യബന്ധങ്ങളുണ്ടെന്ന് മിഗേനക്കറിയാമായിരുന്നു. പക്ഷേ, ലിന്‍ഡ ഇതു രഹസ്യമായിത്തന്നെ സൂക്ഷിച്ചു. അതിനിടെ മിഗേന റൂഡിയനുമായി ബന്ധപ്പെടാറുണ്ടെന്ന് ലിന്‍ഡ മനസ്സിലാക്കിയിരുന്നു. വാര്‍ഷിക ദിനത്തിനു നടന്ന പാര്‍ട്ടിയില്‍വെച്ചാണ് താന്‍ റൂഡിയനുമായി അഗാധ പ്രണയത്തിലാണെന്ന് ലിന്‍ഡ വെളിപ്പെടുത്തുന്നത്. പാര്‍ട്ടിയുടെ അവസാനത്തില്‍ പെണ്‍കുട്ടികള്‍ ലാബില്‍ എത്തുന്നു. മിഗേനയുടെ ചുണ്ടുകളില്‍ തടവി ലിന്‍ഡ പറയുന്നു: അദ്ഭുതം! ഈ ചുണ്ടുകളിലാണ് അദ്ദേഹം ചുംബിക്കുന്നത്! മിഗേനയുടെ കൈകളെടുത്ത് അവള്‍ തന്റെ മാറിലമര്‍ത്തുന്നു. അതേസമയം തന്നെ തന്റെ കൈകള്‍ അവള്‍ മിഗേനയുടെ മാറിലും അമര്‍ത്തുന്നു. ആലിംഗനബദ്ധരായി നില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് പാര്‍ട്ടി കഴിഞ്ഞു മടങ്ങുന്ന സഹപാഠികള്‍ കാണുന്നത്. ലെസ്ബിയന്‍സ് എന്ന് ആക്രോശിച്ച് അവര്‍ ലിന്‍ഡയേയും മിഗേനയേയും പരിഹസിക്കുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ലിന്‍ഡ ആത്മഹത്യ ചെയ്യുന്നത്. 

മിഗേന ഈ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവളുടെ ആത്മഹത്യയില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് അദ്ഭുതപ്പെടുകയായിരുന്നു റൂഡിയന്‍. 
പുതിയ ഒരു നാടകത്തിന്റെ പണിപ്പുരയിലാണ് റൂഡിയന്‍. എന്നാല്‍, അയാള്‍ക്ക് ഒന്നാം അങ്കത്തിന്റെ ആദ്യഭാഗം പോലും എഴുതാന്‍ കഴിയുന്നില്ല. തന്റെ ചിന്തകളും ഭാവനാശക്തിപോലും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു. 

ഏകാധിപതി പ്രത്യക്ഷപ്പെടുന്നു  

നോവലിന്റെ അവസാനഭാഗത്ത് എന്‍വര്‍ ഹോക്സെയെ അവതരിപ്പിക്കുന്നുണ്ട് ഇസ്മായില്‍ കാദറെ. ലീഡര്‍ എന്ന പേരിലാണ് അയാള്‍ അറിയപ്പെടുന്നത്. തന്റെ സെക്രട്ടറിമാരോടും ഉന്നത ഉദ്യോഗസ്ഥന്മാരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമാണ് ലീഡര്‍. സുപ്രധാന കാര്യങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. ലീഡറുടെ പ്രത്യേക ക്ഷണപ്രകാരം റൂഡിയനും സദസ്സില്‍ സന്നിഹിതനാണ്. നിരന്തരമായ ചോദ്യം ചെയ്യലിന്റേയും പാര്‍ട്ടിയുടെ പീഡനങ്ങളുടേയും ഫലമായി റൂഡിയന്‍ ഇപ്പോള്‍ മാനസിക വിഭ്രാന്തിയുടെ വക്കിലെത്തിയിരിക്കുകയാണ്. 

സുപ്രധാന കല്പനകളില്‍ ഒപ്പുവെയ്ക്കുകയാണ് ലീഡര്‍. ലിന്‍ഡ ബിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായി കണ്ടെത്തിയ കായികാധ്യാപകനെ വധശിക്ഷയ്ക്കു വിധേയനാക്കാനുള്ള തീരുമാനത്തില്‍ അയാള്‍ ഒപ്പുവെക്കുന്നു. എന്നാല്‍, ലീഡര്‍ ഇപ്പോള്‍ വളരെ ക്ഷീണിതനാണ്. എങ്കിലും അയാളുടെ കണ്ണുകള്‍ പുതിയതായി നിയമിതനായ ഒരു ഉദ്യോഗസ്ഥന്റെ ചെറുപ്പക്കാരിയായ ഭാര്യയുടെ ശരീരത്തിലാണെന്ന് റൂഡിയന്‍ കണ്ടെത്തുന്നു. ഭ്രാന്തന്മാരായ എഴുത്തുകാരോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ ലീഡര്‍ ആവശ്യപ്പെടുന്നുമുണ്ട്. 

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം സ്‌കാന്‍ഡന്‍ബര്‍ഗ് ചത്വരത്തില്‍ സ്ഥാപിച്ചിട്ടുള്ള ലീഡറുടെ പ്രതിമ തകര്‍ക്കപ്പെടുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്. തന്റെ മുറിയുടെ ജനലിലൂടെ റൂഡിയന്‍ ഈ കാഴ്ച കാണുന്നുണ്ട്. തകര്‍ന്ന പ്രതിമ ട്രക്കില്‍ കയറ്റി തിയേറ്ററിലേയ്ക്കു കൊണ്ടുപോകുകയാണ്. ശിരസ്സ് പാടെ തകര്‍ന്നിരിക്കുന്നു. പ്രതിമയുടെ വലിയ, കറുത്ത, അസ്വാഭാവികത തോന്നിപ്പിക്കുന്ന വലതുകണ്ണില്‍നിന്നു കണ്ണുനീര്‍ ഒലിക്കുന്നതായി അയാള്‍ക്കു തോന്നുന്നു. 

ഇസ്മായില്‍ കാദറെ തന്റെ നോവലുകള്‍ക്കു വിഷയമായി സാധാരണ ആശ്രയിക്കാറുള്ളത് പുരാതന മിത്തുകളേയും നാടോടികഥകളേയുമാണ്. 'എ ഗേള്‍ ഇന്‍ എക്സൈലി'ലും കഥാസന്ദര്‍ഭങ്ങള്‍ക്കും സംഭവങ്ങള്‍ക്കും അനിവാര്യമല്ലെങ്കില്‍ക്കൂടി റൂഡിയന്റെ ചിന്താഗതിയി ലൂടെ പുരാതന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നഷ്ടപ്പെടുന്ന പ്രണയത്തിന്റേയും വിശ്വാസത്തിന്റേയും ഭാവുകത്വങ്ങളുടേയും പുസ്തകമാണ് 'എ ഗേള്‍ ഇന്‍ എക്സൈല്‍.'

1936-ല്‍ അല്‍ബേനിയയിലെ ജിറോകാസ്ട്രയില്‍ ജനിച്ച ഇസ്മായില്‍ കാദറെ വിവിധ ഇനങ്ങളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രഥമ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് (2005), ജറുസലേം പ്രൈസ് (2015) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇസ്മായില്‍ കാദറെ നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com