കൊറോണ ബാധയില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളില്‍ ചിലത്

കൊറോണ ബാധയ്ക്ക് മുന്‍പും ശേഷവും എന്ന രീതിയില്‍ ലോകക്രമം വര്‍ഗ്ഗീകരിക്കേണ്ടിവരുന്നതോടെ വലിയ മാറ്റങ്ങളാകും സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലുണ്ടാകുക 
കൊറോണ ബാധയില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളില്‍ ചിലത്

195 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കൊറോണ രോഗബാധ നിലവിലെ ലോകക്രമത്തില്‍ വരുത്തുന്ന അട്ടിമറികളെന്താകും മറ്റെന്തിനെപ്പോലെ ആഗോള രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളെ ഈ രോഗബാധ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. ആഗോളവല്‍ക്കരണത്തില്‍ കേന്ദ്രീകരിച്ചുള്ള ലോകവിപണിയുടെ പ്രയാണത്തിന് ഇത് പ്രതിബന്ധം സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മാനവരാശിയെ ബാധിച്ച പ്രകൃതിദുരന്തങ്ങള്‍ സാമ്രാജ്യങ്ങളെ അട്ടിമറിക്കുകയും രാജവംശങ്ങളെ അധികാരത്തില്‍നിന്നു പുറത്താക്കുകയും ചെയ്ത ചരിത്രമുണ്ട്. ലോക സമ്പദ്വ്യവസ്ഥയിലും അത്തരമൊരു അട്ടിമറി പ്രതീക്ഷിക്കാം. രോഗബാധയുടെ പൂര്‍ണ്ണതോതിലുള്ള പ്രത്യാഘാതങ്ങളറിയാന്‍ ഇപ്പോഴാകില്ലെങ്കിലും ലോകവ്യവസ്ഥയുടെ അനന്തര നീക്കങ്ങള്‍ ഇപ്പോള്‍ വിലയിരുത്താനാകും. ദേശാതിര്‍ത്തികളെ ഇല്ലാതാക്കിയ തീവ്രമുതലാളിത്തത്തിന്റെ സാമ്പത്തിക യുക്തികളില്‍ അവിശ്വാസം വര്‍ദ്ധിക്കുകയാണെന്നും നവ ഉദാരവല്‍ക്കരണത്തിനു കൂടുതല്‍ പ്രാദേശിക സ്വഭാവം കൈവരുന്നെന്നുമുള്ള ചിന്ത ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പ്രസക്തമാണ്. കോളനിവല്‍ക്കരണത്തിനു സമാന്തരമായി ഉയര്‍ന്നുവന്ന അമേരിക്കന്‍ മുതലാളിത്ത വ്യവസ്ഥിതി തങ്ങളുടെ മേല്‍ക്കോയ്മ രാഷ്ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ വഴിയായിരുന്നു. ലോകം മുഴുവന്‍ ഒരു വിപണി എന്ന നിലയിലായിരുന്നു അതിന്റെ സഞ്ചാരം. എന്നാല്‍, സ്വതന്ത്ര വ്യാപാരത്തിലും മുതലാളിത്ത മൂലധനത്തിന്റെ സ്വതന്ത്ര ചലനത്തിലും വിശ്വസിക്കുന്ന നവ ഉദാരവല്‍ക്കരണം എന്ന വിശ്വമതത്തിന്റെ ഭാവങ്ങളിലും തലങ്ങളിലും ചില ദിശാമാറ്റം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. ഈ ദിശാമാറ്റത്തിന് ഉള്‍പ്രേരകമാണ് കൊറോണ രോഗബാധയുടെ വ്യാപനവും. 

നവലിബറിലിസത്തിന്റെ പ്രാദേശിക വിഭജനം

ആഗോള പരിവര്‍ത്തനങ്ങളുടെ ഏക കാരണം കൊറോണ വൈറസിന്റെ വ്യാപനമല്ല. അതേസമയം, ഇതുവരെ തുടര്‍ന്ന പ്രവണതകള്‍ക്ക് അത് ഊര്‍ജ്ജം പകരും. ഇപ്പോള്‍ കാണുന്ന ലോകവ്യാപകമായ സംഭവവികാസങ്ങള്‍ ഒരു സൂചനയാണെങ്കില്‍, ആഗോളവല്‍ക്കരണത്തില്‍നിന്ന്, അമേരിക്കന്‍ ആഗോള നേതൃത്വത്തില്‍നിന്നു ത്വരിതഗതിയിലുള്ള പിന്മാറ്റവും സ്വയംഭരണാധികാരമുള്ള പ്രാദേശിക വ്യാപാരവിഭാഗങ്ങളുടെ വേഗത്തിലുള്ള ആവിര്‍ഭാവവും പ്രതീക്ഷിക്കാം. അതായത്, യു.എസ് നേതൃത്വത്തിലുള്ള സാമ്പത്തിക അധീശത്വത്തെ ചില സാമ്പത്തിക വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ത്തന്നെ ചോദ്യം ചെയ്യുന്നു. മൂന്നു വ്യാപാരമേഖലകളായി അതിനെ വര്‍ഗ്ഗീകരിക്കാം. ചൈനയും അതിനെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ളത്. മൂന്നാമത്തേത് വടക്കന്‍, തെക്കേ അമേരിക്കയിലെ സാമ്പത്തികക്രമമാണ്. ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്തര്‍ദ്ദേശീയ സ്ഥാപനങ്ങള്‍ അതായത് ലോകാരോഗ്യസംഘടന പോലെയുള്ളവയുടെ പ്രസക്തി തന്നെ ഈ മാറുന്ന ലോകക്രമത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. 

ലോക മുതലാളിത്തത്തിലെ കേന്ദ്രീകൃത ശക്തികളില്‍നിന്ന് അകന്നുനില്‍ക്കുന്നതിന് ഈ രോഗബാധ പ്രചോദനമായേക്കുമെന്നതാണ് മറ്റൊരു അനന്തരഫലം. അതായത് നിലവിലുള്ള അമേരിക്കയുടെ അധീശത്വം ഈ വ്യവസ്ഥയ്ക്കുള്ളില്‍ത്തന്നെ ചോദ്യം ചെയ്യപ്പെടുന്ന പ്രവണത കൂടും. എല്ലാം അമേരിക്ക നിശ്ചയിക്കുമെന്ന ധാരണയില്‍നിന്ന് രാജ്യങ്ങള്‍ പിന്നാക്കം പോകുമെന്നും വിലയിരുത്തപ്പെടുന്നു. ട്രാന്‍സ്-പസഫിക് പങ്കാളിത്ത വ്യാപാര കരാറിനെ ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതും സഖ്യകക്ഷികള്‍ക്കും എതിരാളികള്‍ക്കുമെതിരെ വ്യാപാരയുദ്ധം തുടക്കം കുറിച്ചതും ഇതിനു പ്രേരകമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഡീഗ്ലോബലൈസേഷന്‍ പ്രക്രിയ കുറച്ചു കാലമായി ലോകക്രമത്തില്‍ നിലനില്‍ക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ പ്രവണതയുടെ മറ്റൊരു പ്രകടനമാണ് ബ്രെക്സിറ്റ്. ഒപ്പം, യൂറോപ്പിന്റേയും അമേരിക്കയുടേയും വ്യാപാരവും ഉല്പാദനവും കൂടുതല്‍ പ്രാദേശികമാകാനാണ് സമീപസാധ്യത. താരതമ്യേന ഉല്പാദനച്ചെലവ് കുറഞ്ഞ ഏഷ്യയില്‍നിന്നും സ്വന്തം രാജ്യത്തെ പ്രാദേശിക വിതരണക്കാരിലേക്ക് ഇതു മാറും. അതായത് നിലവില്‍ അമേരിക്കന്‍ കമ്പനികള്‍ക്കുപോലും അവശ്യഘടകങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഹബ്ബ് ചൈനയാണ്. എന്നാല്‍, കൊവിഡ് ബാധപോലെയുള്ള സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ ഇത് ശാശ്വതമായ വഴിയല്ലെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളത്. 

മൂന്നു വ്യാപാരലോകങ്ങളായി വിഭജിക്കപ്പെടുമ്പോള്‍

അതിര്‍ത്തികളില്ലാതെ മൂലധനത്തിന്റേയും അസംസ്‌കൃത വസ്തുക്കളുടേയും അനുബന്ധ ഉല്പന്നങ്ങളുടേയും വിതരണത്തിലൂടെ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളെ സമ്പന്നമാക്കുകയെന്ന ലക്ഷ്യമാണ് ആഗോളവല്‍ക്കരണ പദ്ധതിക്കു നിലവിലുള്ളത്. എന്നാല്‍, ചെലവ് കുറച്ച് ഉല്പന്നങ്ങളുണ്ടാക്കി കൂടുതല്‍ ലാഭം കൊയ്യുക എന്നത് എല്ലാക്കാലത്തേക്കും പ്രായോഗികമല്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ക്കുണ്ട്. 2001-ലാണ് ലോകവ്യാപാര സംഘടനയില്‍ ചൈന അംഗമാകുന്നത്. അതിനുശേഷം വളരെ വേഗത്തിലാണ് ലോകത്തിന്റെ ഫാക്ടറി എന്ന നിലയിലേക്ക് ചൈന എത്തിയത്. യൂറോപ്പിലേയും ജപ്പാനിലേയും അമേരിക്കയിലേയും മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് ചൈനയായിരുന്നു. ഉല്പാദനച്ചെലവ് കുറവായതിനാല്‍ ഈ കോര്‍പ്പറേറ്റുകള്‍ ഫാക്ടറികള്‍ ചൈനയിലേക്കു മാറ്റി. അസംസ്‌കൃത ഘടകങ്ങള്‍ ചൈനയില്‍നിന്നു വാങ്ങി സ്വന്തം രാജ്യത്ത് അസംബ്ലി ചെയ്തു നല്‍കുന്ന കമ്പനികള്‍ക്ക് അതായിരുന്നു കൂടുതല്‍ ലാഭകരം. ഫലത്തില്‍ ഈ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമായി. അത് പൊതു അസംതൃപ്തിക്കു കാരണമായി. ഈ അസംതൃപ്തിയാണ് 2016-ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും യൂറോപ്പിലെ പോപ്പുലിസ്റ്റ് മുന്നേറ്റങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നത്. 

അധികാരത്തിലെത്തിയശേഷം ചൈനയോടുള്ള ഈ ആശ്രയത്വം ഇല്ലാതാക്കാനാണ് ട്രംപ് ആദ്യം ശ്രമിച്ചത്. ചൈനീസ് ഉല്പന്നങ്ങള്‍ക്ക് തീരുവ കൂട്ടി. ചൈനയില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍നിന്ന് അമേരിക്കന്‍ കമ്പനികളെ വിലക്കി. മറ്റു രാജ്യങ്ങളില്‍ വിതരണശൃംഖല സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. വൈറ്റ്ഹൗസിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ വന്നപ്പോഴാണ് ചൈനയില്‍നിന്ന് 30 ശതമാനം മാറ്റാന്‍ ആപ്പിള്‍ നിര്‍ബ്ബന്ധിതമായത്. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കാണ് ആപ്പിള്‍ മുപ്പതു ശതമാനം ഉല്പാദനം മാറ്റിയത്. കൊറോണ ബാധയോടെ ഈ മാറ്റം ത്വരിതഗതിയിലാകുമെന്ന് പറയപ്പെടുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ളവ സ്വന്തം രാജ്യത്തുതന്നെ വികസിപ്പിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് അവരെത്തിക്കഴിഞ്ഞു. പ്രീമിയം സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും അടക്കമുള്ള പലതും ഉണ്ടാക്കാന്‍ ഒരു അമേരിക്കന്‍ കമ്പനിതന്നെ വേണമെന്ന പ്രതീതിയൊക്കെ ഇല്ലായ്മ ചെയ്തല്ലോ പല ചൈനീസ് കമ്പനികളും. സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ചൈനയുടെ 'ദേശീയ ചാംപ്യനായ' വാവെയ് കമ്പനിക്കെതിരെയുള്ള നടപടികള്‍ ചൈന ഗൗരവത്തിലെടുത്തത് ഈ പശ്ചാത്തലത്തിലാണ്. പാകിസ്താനിലെ ചൈനയുടെ ഉപസ്ഥാനപതി സാവോ ലിജിയന്‍ നടത്തിയ ഒരു രസകരമായ ട്വീറ്റാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുക. പല കഷണങ്ങളായി മുറിച്ചുവച്ച ഒരു ആപ്പിളിന്റെ ചിത്രമാണ് അദ്ദേഹം ട്വീറ്റു ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് വാവെയ് കമ്പനിയെ ഇത്രമേല്‍ വെറുക്കുന്നതെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണെന്നായിരുന്നു കമന്റ്. വാവെയുടെ ലോഗോ ശ്രദ്ധിക്കൂ. അവര്‍ ആപ്പിളിനെ പല കഷണങ്ങളാക്കി മുറിച്ചുവച്ചിരിക്കുകയല്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്. കാര്യം അമേരിക്കന്‍ ഫോണാണെങ്കിലും ചൈനീസ് കമ്പനികളുടെ ഘടകങ്ങളാണ് എന്നൊരു രഹസ്യധ്വനി കൂടിയുണ്ട് ആ വാദത്തിന്.

അമേരിക്കന്‍ വിപണിയിലെ സാന്നിധ്യം കുറച്ച് ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വ്യാപാരയുദ്ധത്തിനുശേഷം ചൈനയുടേയും ശ്രമം. ഈ മേഖലകളിലെ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനു വ്യവസായ ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചൈന ഒരുക്കുന്നു. കൊറോണ ബാധയോടെ ഈ ശ്രമങ്ങളുടെ വേഗത കുറഞ്ഞെങ്കിലും ചൈനീസ് ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയാല്‍ അതും വേഗത്തിലാകും. ഈ ശ്രമത്തിന്റെ ഭാഗമായി, വ്യാപാര, വികസന കരാറുകളില്‍ യുവാന്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന് ചൈന ആവശ്യപ്പെട്ടേക്കും. ക്രമേണ  ഡോളറിനേയും യൂറോയേയും ഒഴിവാക്കാനാണ് നീക്കം. അതേസമയം, യൂറോപ്പ് കൂടുതല്‍ ഒറ്റപ്പെടാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. ട്രംപിനു നാറ്റോയോടുള്ള ശത്രുതയും യൂറോപ്യന്‍ ചരക്കുകളുടെ ശിക്ഷാനടപടികളും കാരണം ഇതിനകം അമേരിക്കയില്‍നിന്ന് യൂറോപ്പ് അകന്നുകഴിഞ്ഞു. കോവിഡ് നിയന്ത്രിക്കാനെന്ന പേരില്‍ യൂറോപ്പില്‍ നിന്നെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനം പ്രകോപനപരമായിരുന്നു. തീരുമാനം നേരത്തെ അറിയിച്ചില്ലെന്നും ഏകോപനം സാധ്യമായില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്യപ്രകടനവും നടത്തി. പതിവിനു വിപരീതമായി യൂറോപ്യന്‍ യൂണിയന്‍ കടുത്ത എതിര്‍പ്പാണ് ഇക്കാര്യത്തില്‍ അറിയിച്ചത്. കൊറോണ നിയന്ത്രണത്തിലാകുന്നതോടെ ഈ അഭിപ്രായ അസ്വാരസ്യങ്ങള്‍ കൂടാനും അതുവഴി യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ സ്വയംഭരണ സാമ്പത്തിക രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുമാണ് സാധ്യത.

ചുരുക്കിപ്പറഞ്ഞാല്‍, ലോകം മൂന്നു വ്യാപാരലോകങ്ങളായി വിഭജിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളര്‍ കേന്ദ്രീകരിച്ച പാശ്ചാത്യ വ്യാപാരലോകം ഒന്ന്. യൂറോയില്‍ കേന്ദ്രീകരിക്കുന്ന മറ്റൊന്ന്. യുവാനില്‍ കേന്ദ്രീകരിക്കുന്ന ഏഷ്യയാണ് മൂന്നാമത്തേത്. ഈ സോണുകളില്‍, മൂലധനത്തിനും ചരക്കുകള്‍ക്കും താരതമ്യേന എളുപ്പത്തില്‍ നീങ്ങാന്‍ കഴിയും, എന്നാല്‍ അവയ്ക്ക് പുറത്ത് സാധ്യത കുറവാണ്. അതായത് വിപണിയിലെ അധീശത്വം ആര്‍ക്കും സാധ്യമാകില്ല, പരിധിയില്‍ കൂടുതല്‍ ലാഭവും. ലോകവ്യാപാരസംഘടനയുടെ മേല്‍നോട്ടവും അന്താരാഷ്ട്ര നിയമങ്ങളും നിയന്ത്രണങ്ങളും പ്രാദേശിക ഭരണ ചട്ടക്കൂടുകള്‍ക്ക് അനുകൂലമാകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യും. അല്ലെങ്കില്‍ ഓരോന്നും ആ സോണുകളിലെ ആധിപത്യശക്തി രൂപപ്പെടുത്തും. ഈ വിഭജന പ്രക്രിയ തുടരുമ്പോള്‍, ഏതെങ്കിലുമൊരു ചേരിയില്‍ നില്‍ക്കാത്ത രാജ്യങ്ങള്‍ വിലപേശലുകളിലൂടെ കൂടുതല്‍ സോണുകളിലായി നില്‍ക്കും. 

വഴിമാറുന്ന സൈനിക സഖ്യങ്ങള്‍

അമേരിക്കയുമായി സൈനിക സഖ്യമുണ്ടെങ്കിലും ചൈനയുമായുള്ള വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളാണ് ജപ്പാനും ഓസ്ട്രേലിയയും. ഇവര്‍ ഏതെങ്കിലുമൊരു ചേരി തെരഞ്ഞെടുക്കാന്‍ ബാധ്യസ്ഥരാകും. അതല്ലെങ്കില്‍ രണ്ടുചേരിയിലുമായി നില്‍ക്കും. റഷ്യ സ്വന്തം വിപണിയെ ആശ്രയിക്കാനാണ് സാധ്യത. അതല്ലെങ്കില്‍ യൂറോപ്പില്‍ ചേരുകയോ ചൈനയുടെ സഖ്യകക്ഷിയായോ മാറും. എണ്ണയുടേയും ആയുധങ്ങളുടേയും വ്യാപാരം നടത്തുന്ന റഷ്യയ്ക്ക് അതല്ലാതെ മറ്റു വഴിയില്ല. യൂറോപ്പിന്റെ ഭാഗമല്ലാത്ത ബ്രിട്ടന് സ്വന്തം അസ്തിത്വം തേടിയേ മതിയാകൂ. വിപണികള്‍ക്കും സംരക്ഷണത്തിനുമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏറെക്കാലമായി ശ്രദ്ധ കൊടുത്തിരുന്ന സൗദി അറേബ്യയാകട്ടെ, ഏഷ്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഈ ആഗോള മാറ്റങ്ങളോടൊപ്പം, കോവിഡ് -19 മറ്റു ചില ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും വഴിതെളിക്കും. രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്കന്‍ സൈന്യം സ്വീകരിച്ച തന്ത്രപരമായ സമീപനങ്ങള്‍ക്കു തിരിച്ചടി നേരിടാനും സാധ്യതയുണ്ട്. സഖ്യയുദ്ധം എന്ന പേരില്‍ അമേരിക്ക നടത്തുന്ന അവരുടെ ശത്രുക്കളോട് നടത്തുന്ന യുദ്ധത്തിന്റെ ബാധ്യത പേറാന്‍ മറ്റു രാജ്യങ്ങള്‍ ഇനി തയ്യാറായേക്കില്ല. ജര്‍മനി, ഇറ്റലി, ജപ്പാന്‍, ദക്ഷിണകൊറിയ, കൂടുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ യു.എസ് സൈനികരെ വിന്യസിക്കുന്നതിന് ആ രാജ്യങ്ങളുടെ അംഗീകാരവും പിന്തുണയും ആവശ്യമാണ്. നാറ്റോ രാജ്യങ്ങളില്‍നിന്നായാലും ജപ്പാനിലേയും ദക്ഷിണ കൊറിയയിലേയും പോലെ ഉഭയകക്ഷി ക്രമീകരണത്തിലായാലും സഖ്യ പങ്കാളികളെ ഉപയോഗിച്ച് സൈന്യത്തെ ശക്തിപ്പെടുത്തണമെന്ന അമേരിക്കന്‍ തന്ത്രം തന്നെ ഇതോടെ അപകടത്തിലാകും.

വിദേശരാജ്യങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കന്‍ സൈനികരുടെ ആരോഗ്യവും സുരക്ഷയുമാണ് മറ്റൊരു ഘടകം. ഇവരെ അവിടെത്തന്നെ തുടരാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സും യു.എസ് ജനതയും അനുവദിക്കുമോ എന്നതും സംശയകരമാണ്. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ രോഗബാധിതരായ ഇറ്റലി, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ സ്ഥലങ്ങള്‍ അമേരിക്ക സൈനിക സാന്നിധ്യം കൂട്ടാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പിന്‍മാറ്റം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സൈനികരുണ്ട്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി  പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയും ഉന്നയിച്ചിട്ടുണ്ട്. യു.എസ് സൈനികരും സഖ്യസേനയും ചേര്‍ന്നുള്ള സൈനികാഭ്യാസങ്ങള്‍ പകര്‍ച്ചവ്യാധിയുടെ സാധ്യത ഇരട്ടിയാക്കുന്നു. ഇതോടെ സഖ്യയുദ്ധത്തിന്റെ ഭാവിതന്നെ ആശങ്കയിലാകുമെന്നാണ് കണക്കുകൂട്ടുന്നത്. നോര്‍വേയില്‍, ആര്‍ട്ടിക് സൈനിക അഭ്യാസത്തില്‍ പങ്കെടുത്ത 23 യു.എസ് സൈനികര്‍ക്കാണ് രോഗബാധയുണ്ടായത്. ഒടുവില്‍, അമേരിക്കന്‍ സൈനികര്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന മറ്റ് പ്രധാന സംയുക്ത അഭ്യാസങ്ങള്‍ പോലെ 'കോള്‍ഡ് റെസ്പോണ്‍സ് 2020' എന്ന അഭ്യാസവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആവര്‍ത്തിച്ചുള്ള പകര്‍ച്ചവ്യാധികളുടേയും ക്ഷയിക്കുന്ന സൈനികസഖ്യങ്ങളുടേയും ലോകത്ത് സഖ്യയുദ്ധത്തിന്റെ തന്ത്രം ഇനിയും നിലനില്‍ക്കാന്‍ സാധ്യതയില്ല. പെന്റഗണ്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം, യു.എസിന്റെ തന്ത്രപരമായ ആസൂത്രണത്തിന്റെ പൂര്‍ണ്ണമായ പരിശോധന ആവശ്യമായി വരുമെന്നര്‍ത്ഥം.

എണ്ണവില കുറയുമ്പോള്‍

അന്താരാഷ്ട്ര വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ ചരക്കാണ് ക്രൂഡോയില്‍. 2019-ല്‍ ബാരലിന് 60 ഡോളറായിരുന്നു ക്രൂഡോയിലിന്റെ ശരാശരി വില. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതുതന്നെ വളരെ കുറവാണ്. 2014-ല്‍ ബാരലിന് 115 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പൊതുഗതാഗതത്തെ മെച്ചപ്പെടുത്തുകയും ചെയ്തത് ക്രൂഡ് വില കുറയാനുള്ള കാരണങ്ങളിലൊന്നായിരുന്നു. അതേസമയം, ഏഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത വിലയിടിവ് ഒരു പരിധിവരെ പിടിച്ചുനിര്‍ത്തി. എന്നാല്‍, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ യാത്രകള്‍ക്കു വിലക്ക് വന്നു. സ്വാഭാവികമായും എണ്ണയുടെ ആവശ്യവും കുറഞ്ഞു, വിലയും കുറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഇപ്പോള്‍ കടുത്ത ജോലിയും യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെ എണ്ണ ആവശ്യം ഇനിയും കുറയുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍  കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അംഗോള, ഇറാഖ്, നൈജീരിയ, റഷ്യ, സൗദി അറേബ്യ, വെനിസ്വേല തുടങ്ങി എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം രാജ്യാന്തര വിപണിയിലെ വില്‍പ്പന നിര്‍ണ്ണായകമാണ്. എണ്ണവില കൂടുമ്പോള്‍ ഈ രാജ്യങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടത്താനും സാമൂഹിക സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അതുവഴി പൊതുജന പിന്തുണ നേടാനും കഴിയും. എന്നാല്‍, വില കുറയുമ്പോള്‍, അവര്‍ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ജനങ്ങളില്‍ അത് എതിര്‍പ്പിനിടയാക്കുകയും ചെയ്യും. വ്യാപകമായ കലാപങ്ങള്‍ക്കാണ് അത് ഈ രാജ്യങ്ങളില്‍ വഴിതെളിക്കുക. അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയ വെനിസ്വേലയിലെ സ്ഥിതി അതാണ് തെളിയിക്കുന്നത്. രോഗബാധ നിയന്ത്രിക്കുന്നതുവരെ എണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടാകാനിടയില്ലാത്തതിനാല്‍ ഈ രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും. ഇതിനിടെ, ഒപ്പെക്കുമായുള്ള കരാറില്‍നിന്ന് റഷ്യ പിന്മാറിയിട്ടുണ്ട്. ഇതിനു പ്രതികാരമെന്നവണ്ണം  സൗദി ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്തു. ക്രമേണ വില ഉയര്‍ന്നാലും പല എണ്ണ-കയറ്റുമതി രാജ്യങ്ങളുടേയും നേതാക്കള്‍ക്കു കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. എണ്ണ വരുമാനത്തില്‍ ഇനിയും കുറവുണ്ടാകുന്നത് നേതൃത്വ പ്രതിസന്ധിക്കു കാരണമാവുകയും ചെയ്യും. സിറിയയിലും പശ്ചിമേഷ്യയിലും നടത്തിയപോലുള്ള സാഹസങ്ങള്‍ക്ക് ഇനി റഷ്യ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. വരുമാനം കുറയുന്നതോടെ അംഗോള, നൈജീരിയ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നേതാക്കള്‍ക്കും ജനകീയ സമ്മര്‍ദ്ദം നേരിടേണ്ടിവരും.

പ്രധാനപ്പെട്ട മറ്റൊരു കാര്യം, വൈറസ് ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും പൊതുജന പിന്തുണ വര്‍ദ്ധിക്കും. അതേസമയം മോശമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ജനപിന്തുണ നഷ്ടപ്പെടുകയും അവര്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, ചൈനീസ് കമ്യൂണിസ്റ്റ് നേതൃത്വം വുഹാനില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ചും അതിന്റെ അപകീര്‍ത്തികളെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും സാധാരണ പൗരന്മാരുടെ ഇടയില്‍ കടുത്ത അമര്‍ഷമാണുള്ളത്. അത് ഏതെങ്കിലും തരത്തില്‍ ഭരണമാറ്റം സൃഷ്ടിക്കുമെന്നല്ല, സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ പോലും മടിക്കുന്ന ചൈനയില്‍ അത് എതിര്‍ശബ്ദങ്ങളുയര്‍ത്തിയെന്നതു പ്രസക്തമാണ്. 

ജപ്പാനിലാകട്ടെ, കോവിഡ് പ്രതിസന്ധി നേരാംവണ്ണം കൈകാര്യം ചെയ്യാതിരുന്ന ഷിന്‍സോ അബെയുടെ രാജി ആവശ്യപ്പെട്ട് ട്വിറ്ററിലെ പത്തു ലക്ഷത്തിലധികം പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. രോഗബാധയുടെ വ്യാപ്തി മറച്ചുവച്ച, പിന്നീട് അവ്യക്തമായ രീതിയില്‍ പ്രതികരിച്ച ഇറാന്റെ പുരോഹിത ഭരണകൂടം ഒരു ജനകീയ തിരിച്ചടിയെ അഭിമുഖീകരിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ക്രമേണ, കൊറോണ വൈറസിനെ നേരിടുന്നതിലെ പ്രകടനത്തെക്കുറിച്ച് ഓരോ സര്‍ക്കാരും വിലയിരുത്തപ്പെടുമെന്ന് തന്നെയാണ് കണക്കൂകൂട്ടല്‍. കൊറോണ ബാധയില്‍നിന്നു പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളില്‍ ചിലത് മാത്രമാണ് ഇവ. ഏതായാലും ലോകക്രമം കൊറോണ ബാധയ്ക്ക് മുന്‍പും ശേഷവും എന്നു തന്നെ വര്‍ഗ്ഗീകരിക്കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com