'ജാതിബോധത്തെ പേറുന്ന അച്ഛന്മാര്‍ക്ക് ഈ ആധുനികത ഭയം ജനിപ്പിക്കുന്ന കാഴ്ചയാണ്'

'ജാതിബോധത്തെ പേറുന്ന അച്ഛന്മാര്‍ക്ക് ഈ ആധുനികത ഭയം ജനിപ്പിക്കുന്ന കാഴ്ചയാണ്'

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിത ഫ്യൂഡല്‍ഭൂതകാലത്തിന്റെ ജാതി പ്രത്യയശാസ്ത്രത്തെ പിന്തുടരുകയാണെന്ന വിമര്‍ശനം

ടക്കയാത്രകളും ഭൂതകാലാന്വേഷണങ്ങളും സാഹിത്യത്തിന്റെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ്. കേരളീയ സമൂഹത്തിന്റെ ചരിത്രത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മലയാളസാഹിത്യത്തിലെ ഈ സ്വത്വാന്വേഷണം മലയാളിയുടെ ആധുനിക സ്വത്വത്തെ രൂപപ്പെടുത്തിയ ആധുനികതയെക്കുറിച്ചും അതിനു മുന്‍പുണ്ടായിരുന്ന ഫ്യൂഡലിസത്തെക്കുറിച്ചുമുള്ള അന്വേഷണമായി മാറുന്നു. മലയാളി ഇന്ന് ആധുനികവല്‍ക്കരിക്കപ്പെട്ട നഗരങ്ങളിലെ കുടുസ്സു ഫ്‌ലാറ്റുകളില്‍ പാര്‍ക്കുന്നുവെന്നും ആ ജീവിതം പ്രകൃതിയില്‍നിന്നു പറിച്ചെറിയപ്പെട്ട ഒന്നാണെന്നും എന്നാല്‍ അതിനുമുന്‍പ് മലയാളി ജീവിച്ച ഗ്രാമജീവിതം ആദര്‍ശാത്മകമായ ഒന്നായിരുന്നുവെന്നുമുള്ള ആശയങ്ങള്‍ നിരന്തരം  ആവര്‍ത്തിക്കപ്പെടുന്ന വിഷയമാണ്.  ആധുനിക ജീവിത സാഹചര്യത്തില്‍ മനുഷ്യന്‍ അസ്വസ്ഥനാണെന്നും അവര്‍ക്ക് ശരിയായ ശാന്തി ലഭിക്കുക ഗ്രാമത്തിലാണെന്നും ഈ ആഖ്യാനങ്ങള്‍ പറയുന്നു. മലയാളത്തില്‍ ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചതില്‍ പ്രധാനപ്പെട്ട കവിത ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാല'മാണ്. ഗ്രാമീണജീവിതം പ്രകൃതിയോടിണങ്ങിയാണെന്നും കേരളത്തില്‍ നൂറ്റാണ്ടുകളായുള്ള കാര്‍ഷിക ജീവിതം ഇത്തരത്തിലുള്ള ഒന്നാണെന്നും ആധുനികതയുടെ നഗര സംസ്‌കാരം അതിനെ ഇല്ലാതാക്കുന്നുവെന്നും കവിത പറഞ്ഞു. മലയാളത്തിലെ പരിസ്ഥിതി ആഖ്യാനമായി ആഘോഷിക്കുന്ന ഈ കവിത ഗ്രാമീണജീവിതത്തേയും വന്നുകൊണ്ടിരിക്കുന്ന നഗരജീവിതത്തേയും നിര്‍വ്വചിക്കുന്നത് രണ്ട് വ്യത്യസ്ത സംസ്‌കാരമെന്ന മട്ടിലാണ്. ശാന്തിയും സ്‌നേഹവും കളിയാടുന്ന ഗ്രാമത്തെ ആസക്തികളും തിരക്കും നിറയുന്ന നഗരം കയ്യേറുമ്പോള്‍ കേരളീയത തന്നെ നശിക്കുന്നുവെന്ന് വാദിച്ചുകൊണ്ട്, ശാന്തിയും സ്‌നേഹവും നിറയുന്ന ഗ്രാമജീവിതം തേടി തങ്ങളുടെ സ്വത്വാന്വേഷണത്തെ രൂപപ്പെടുത്തുന്നതാണ് മലയാളസാഹിത്യത്തിലെ എഴുത്തുകള്‍ ഏറെയും.

ആധുനികതയുടെ രാഷ്ട്രീയം 

ആദര്‍ശവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന കേരളീയ ഗ്രാമജീവിതവും വിമര്‍ശിക്കപ്പെടുന്ന ആധുനികതയും എന്താണെന്ന് ചരിത്രപരമായി പരിശോധിച്ചുകൊണ്ടുവേണം ഇതിനെ മനസ്സിലാക്കാന്‍. ചരിത്രപരമായി നോക്കിയാല്‍, പതിനാറാം നൂറ്റാണ്ടില്‍ വിദേശികളുടെ വരവിലൂടെയാണ് ജാതിസമൂഹമായ കേരളത്തില്‍ ചില പരിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നു കാണാം. പോര്‍ച്ചുഗീസുകാരുടെ വരവ് അവരെത്തപ്പെട്ട പ്രേദേശങ്ങളിലെ സാമൂഹികതയേയും സാമ്പത്തികഘടനയേയും കാര്യമായി മാറ്റിപ്പണിതെന്ന് ചരിത്രത്തിലുണ്ട്. വാണിജ്യം ലക്ഷ്യമിട്ട അവര്‍ കാര്‍ഷികമേഖലയെ വിദേശകമ്പോളത്തിനനുസരിച്ച് മാറ്റുകയും നാണയ സമ്പദ്വ്യവസ്ഥയിലധിഷ്ഠിതമായ സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്തു. ബാര്‍ട്ടര്‍ വ്യവസ്ഥയില്‍ പുലര്‍ന്ന കേരളീയ ജാതിസമൂഹം നാണയസമ്പദ്‌കേന്ദ്രീകൃതമായി വളര്‍ന്നപ്പോള്‍ ജാതി-ജന്മിത്വ-നാടുവാഴിത്ത ഫ്യൂഡല്‍ഘടനയില്‍ മാറ്റം വരാന്‍ തുടങ്ങി. സംഘടിതമായി നടന്ന മതപരിവര്‍ത്തനം ജാതിവ്യവസ്ഥയെ കാര്യമായി പോറലേല്പിച്ചു. ബ്രിട്ടീഷുകാരുടെ വരവും അവരുടെ ആധിപത്യവും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും 18-20 നൂറ്റാണ്ടുകളില്‍ കേരളീയ ജാതിസമൂഹത്തെ ആകമാനം പൊളിച്ചെഴുതി. തീണ്ടാപ്പാടകലങ്ങളില്‍ ഓരോ ജാതി-ഉപജാതികളും നിശ്ചിത ഭൂമിശാസ്ത്ര - തൊഴില്‍ മേഖലകളില്‍ കഴിയുകയായിരുന്ന കേരളീയ സമൂഹം ജാതിയുടെ അടിസ്ഥാനത്തില്‍ ചിലരെ മനുഷ്യരായും കീഴാളരായവരെ അടിമകളായി, മനുഷ്യരല്ലാത്തവരായി കാണുകയും ചെയ്ത് പുലര്‍ന്ന സമൂഹമായിരുന്നു. ആ ജാതിയുടെ വൃത്തങ്ങളില്‍നിന്നു പുറത്തുവന്ന എല്ലാ ജാതിക്കാരും മനുഷ്യരാണെന്നുള്ള ബോധത്തില്‍ തുല്യതയുടെ അടിസ്ഥാനത്തില്‍ ഏതു തൊഴിലും ചെയ്ത് മനുഷ്യര്‍ക്കു കഴിയാമെന്നും സാമ്പത്തികമായ വളര്‍ച്ചയിലൂടെയേ സമൂഹം വളരുന്നുള്ളുവെന്നും മലയാളി തിരിച്ചറിഞ്ഞത് കൊളോണിയലിസം വഴി ലഭിച്ച  ആധുനികതയിലൂടെയാണ്. ഇതിനെ ജനകീയമായി നവോത്ഥാനം എന്നു വിളിക്കുന്നു. എന്നാല്‍, കേരളനവോത്ഥാനം ആധുനികതയെന്ന വിപുലമായ പ്രക്രിയയുടെ ഒരു ഫലം മാത്രമാണ്. ചുരുക്കത്തില്‍ ജാതിയില്‍നിന്ന് ജാത്യേതരമായ മതേതര ബോധത്തിലേക്കും ജന്മിത്വത്തില്‍നിന്ന് സാമ്പത്തികമായ സ്വാശ്രയത്വത്തിലേക്കും മുതലാളിത്തത്തിലേക്കും നാടുവാഴിത്തത്തില്‍നിന്ന് ജനാധിപത്യത്തിലേക്കും തറവാട് - സംബന്ധത്തില്‍നിന്ന് അണുകുടുംബത്തിലേക്കും പ്രണയത്തിലേക്കും മലയാളി പരിവര്‍ത്തിച്ച പ്രക്രിയയാണത്. ഈ പ്രക്രിയയിലാണ് ഇന്ന് കാണുന്ന ഗ്രാമങ്ങള്‍ രൂപപ്പെട്ടതെന്നു പറയാം. അതായത് ഇരുപതാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട നവോത്ഥാന പ്രക്രിയകള്‍ മാറ്റിത്തീര്‍ത്തതാണ് ജാതിയില്ലാത്ത പുതിയ ഗ്രാമങ്ങള്‍.  ഈ ഗ്രാമങ്ങളുടെ നന്മയാണ് ആദര്‍ശാത്മകമായി നാം അവതരിപ്പിക്കുന്നത്. എന്നാല്‍, ഈ ഗ്രാമസങ്കല്പങ്ങളെ അടിസ്ഥാനപരമായി നിലനിര്‍ത്തുന്നത് ഫ്യൂഡല്‍ ജാതി വഴക്കങ്ങളാണെന്നുള്ളത് വിസ്മരിക്കും. ജാതിയുടെ വിവേചനങ്ങളും ആചാര പെരുമാറ്റങ്ങളും ആധുനികതയോടുള്ള ഭയവും ഇന്നും കേരളീയ ഗ്രാമങ്ങളില്‍ പ്രകടമാണ്. ഇത്തരത്തിലുള്ള വ്യവഹാരങ്ങളാല്‍ ആധുനികതാ വിരുദ്ധമായ ചരിത്രേതരമായ ഒന്നാണ് കേരളീയതയെന്നു സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കേരളീയ ഭൂതകാല മാഹാത്മ്യത്തെ ചോദ്യംചെയ്തുകൊണ്ട് ആധുനികതയെ സ്ഥാപിക്കുന്ന ആഖ്യാനങ്ങളും ഉള്ളത് പ്രധാനമാണ്. പേടിയാണീവീടിരുട്ടത്ത്/ പേ പിടിച്ചാര്‍ത്തലറുന്ന വീട് എന്നു പറഞ്ഞുകൊണ്ട് തറവാട്ടില്‍നിന്നിറങ്ങിയോടാന്‍ ശ്രമിക്കുന്ന കവിയെ നെല്ലിക്കല്‍ മുരളീധരന്‍ 'വീട്' എന്ന കവിതയില്‍ കാണിക്കുന്നുണ്ട്. ഭഗവതി കുടികൊള്ളുന്ന ഇരുട്ടുനിറഞ്ഞ തറവാട് പൊളിച്ച് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടുകെട്ടാന്‍ ശ്രമിക്കുന്ന നാലുകെട്ടിലെ അപ്പുണ്ണി കേരളീയ ഗ്രാമസങ്കല്പത്തെ പൊളിച്ചെഴുതി ആധുനികതയാണ് ശരിയെന്ന് അവതരിപ്പിക്കുകയാണ്.  അതിനാല്‍ ഗ്രാമത്തിലേക്കുള്ള മടക്കവും സ്വത്വാന്വേഷണവും അത്ര ലളിതമായ പ്രശ്‌നമല്ല അവതരിപ്പിക്കുന്നതെന്നു സാരം. അവിടെയാണ് മലയാളത്തിലെ കവികളുടെ ഗ്രാമങ്ങളും അതിലെ തറവാടുകളം തേടിയുള്ള സ്വത്വയാത്രകളെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടത്. 

ഒൻവി
ഒൻവി

ഗ്രാമത്തിലേക്കുള്ള മടക്കം

കോളണീകരണത്തിലൂടെ നാണയസമ്പദ്വ്യവസ്ഥയും നഗരവല്‍ക്കരണവും വര്‍ദ്ധിച്ച കാലത്താണ് 1950-കളില്‍ ആധുനികതയ്ക്കു ശേഷം ആധുനികതാവാദം മലയാളത്തില്‍ ശക്തിപ്പെട്ടത്. വര്‍ദ്ധിച്ച നഗരഭീതി കേരളീയതയെ തകര്‍ക്കുന്നതും തനിമകളെ ഇല്ലാതാക്കുന്നതുമാണെന്ന ഭീതിയാണ് അക്കാലത്തെ കവികളെ ഗ്രസിച്ചത്. നാട്യപ്രധാനം നഗരം ദരിദ്രം/നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നിങ്ങനെയുള്ള മൊഴികളെ സാധൂകരിക്കുന്ന കാവ്യബോധമാണ് പ്രത്യക്ഷപ്പെട്ടത്. നഗരവല്‍ക്കരണ പ്രവണതകള്‍ വാണിജ്യത്തേയും അതിലൂടെ വിപണിയേയും വലിയതോതില്‍ വളര്‍ത്തുകയും കച്ചവടസംസ്‌ക്കാരത്തിലേക്ക് കേരളത്തെ എത്തിക്കുകയും ചെയ്തുവെന്നും ഇത് വലിയതോതില്‍ സമൂഹത്തെ പാശ്ചാത്യവല്‍ക്കരിക്കുന്നതിലേക്ക് എത്തിച്ചുവെന്നും കേരളത്തിന്റെ തനതായ സംസ്‌കാരത്തെ തകര്‍ത്തുവെന്നും വാദിക്കപ്പെടുന്നു. അക്കിത്തത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' പോലുള്ള കൃതികളുടെ പശ്ചാത്തലം ഇതാണ്.  ആധുനികമായ സാമൂഹിക മാറ്റങ്ങള്‍ കേരളത്തെ എത്തിച്ച അവസ്ഥകളെ വിശകലനംചെയ്ത് പുതിയ വെളിച്ചങ്ങളൊന്നും നിലവിലെ ഇരുട്ടിനെ അകറ്റാന്‍ പര്യാപ്തമല്ലെന്നും യഥാര്‍ത്ഥ വെളിച്ചം ഇവിടെയുള്ള ചിലതാണെന്നും അതൊക്കെ മറന്ന് പാശ്ചാത്യമായ വെളിച്ചങ്ങളെ തേടുന്ന പ്രവണത അപകടമാണെന്നും പറയുന്ന ബോധം മേല്‍പ്പറഞ്ഞ കേരളീയതയുടെ ആവിഷ്‌കാരമാണ്. ആധുനികതാവാദ കവിതകളുടെ അടയാളമായി അവതരിപ്പിക്കാറുള്ള ആറ്റൂരിന്റെ 'മേഘരൂപനെ'ന്ന കവിതയും ഫ്യൂഡല്‍ ഗ്രാമത്തിന്റെ ആത്മാവിന്റെ ശക്തി കാണിക്കുന്നതാണ്. കേരളീയ പ്രകൃതിയുടെ കരുത്തിനെ ഉള്‍ക്കൊള്ളുന്ന കവിത്വത്തിന്റെ ശരീരവും ആത്മാവും നിളയും സഹ്യനും തിരുവാതിരയുമൊക്കെയാണ്. പച്ചപുതച്ച ഭൂപ്രകൃതിയാണ് ആദര്‍ശവല്‍ക്കരിച്ച് കേരളീയതയുടെ ബിംബം. ആധുനികതയുടെ തോക്കിനുപോലും അതിനെ വീഴ്ത്താനായില്ല എന്നിടത്ത് ആധുനികതയോടുള്ള സമീപനം വ്യക്തമാകുന്നു. ആധുനികതയുടെ രണ്ട് രൂപങ്ങളാണ് കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്, തോക്കും ആണവബോംബും. അതിനുപോലും ഈ ഫ്യൂഡല്‍ സംസ്‌കാരത്തില്‍ പുലരുന്ന ശക്തിയെ കീഴ്പ്പെടുത്താനായില്ല എന്നാണ് കവിത പറയുന്നത്. അണുധൂളി പ്രസരത്തിന്റെ കാലത്തു പൂര്‍വ്വപുണ്യത്തിന്‍ കയങ്ങളിലാണ് ഈ കരുത്ത് മുങ്ങിക്കിടന്നതെന്നും അതിനാലത് ലേശംപോലും ബാധിച്ചില്ലെന്നു പറയുന്നിടത്ത് പൂര്‍വ്വപുണ്യത്തിന്റെ ശക്തി വ്യക്തമാകും. ഫ്യൂഡലിസത്തിന്റെ ജാതിസംസ്‌കാരമാണ് മേഘരൂപനിലെ പൂര്‍വ്വപുണ്യം. അത് ആധുനികതയുടെ സംസ്‌കാരം ഏല്‍ക്കാത്ത വിശുദ്ധമായ ഒന്നാണ്. അതിന്റെ ഗോത്രക്കരുത്തിലേക്കും തനിമയിലേക്കുമുള്ള മടക്കമോ വീണ്ടെടുപ്പോ ആണ്   മേഘരൂപന്‍. ആധുനികതയുടെ കരുത്തിനു വഴങ്ങാത്ത പൂര്‍വ്വപുണ്യങ്ങളെ തേടലാണ് മലയാളകാവ്യഭാവുകത്വത്തിന്റെ ഒരു ദിശ എന്നു പറയാം. പൂര്‍വ്വപുണ്യങ്ങളെ നഷ്ടപ്പെടാതെ അഥവാ പൂര്‍വ്വപുണ്യങ്ങളെ നശിപ്പിക്കുന്ന ആധുനികതയെ ചെറുക്കലാണ് ആധുനികവാദ കാവ്യഭാവുകത്വത്തിന്റേയും സാരമെന്നു വ്യക്തം. ഇത്തരം കാവ്യവാദങ്ങള്‍ ഉത്തരാധുനിക പശ്ചാത്തലത്തിലും കടന്നുവരുന്നതു കാണാം. പ്രാദേശികതയിലേക്കുള്ള കവിതകളുടെ യാത്രകളെ ഇത്തരത്തില്‍ നിരൂപകര്‍ പ്രതിഷ്ഠിക്കുന്നു.  കേരളീയമായ പ്രാദേശികതകളെ വീണ്ടെടുക്കുന്നു പുതിയ കവിതകളെന്ന നിരൂപകവാദം മേല്‍പ്പറഞ്ഞ കേരളീയതയുടെ ഉപരിപ്ലവതകളിലാണ് സഞ്ചരിക്കുന്നതെന്നു വ്യക്തം. ചുരുക്കത്തില്‍ ഗ്രമത്തിലേക്കും തറവാട്ടിലേക്കുമുള്ള കവികളുടെ മടക്കം സ്വത്വാന്വേഷണമായി അവതരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കേരളീയ ആധുനികതയെ വ്യക്തമായി മനസ്സിലാക്കി കാവ്യപാരമ്പര്യത്തെ പുനര്‍വായിക്കേണ്ടതുണ്ട്. ഇവിടെയാണ് അച്ഛന്റെ തറവാട്ടിലേക്കു പോകുന്ന മധുസൂദനന്‍ നായരുടെ കവിതയുടെ രാഷ്ട്രീയം പ്രധാനമാകുന്നത്. 

ആധുനികതയെ അവിശ്വസിച്ചിരുന്ന ആശയലോകമാണ് മധുസൂദനന്‍ നായര്‍ പങ്കുവച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ആദ്യകാല കവിതകള്‍ വ്യക്തമാക്കുന്നുണ്ട്. പുതിയകാലത്തിലെ മാറ്റങ്ങള്‍ നിലവിലെ നമ്മുടെ ഉദാത്തമായ പാരമ്പര്യങ്ങളെ നിഷേധിക്കുന്നതായും അത് ഇവിടുത്തെ സംസ്‌കാരത്തെ യാന്ത്രികമാക്കുന്നതായും  ഈ കവിതകള്‍ പറയുന്നു. അദ്ദേഹത്തിന്റെ 'ബാലശാപങ്ങള്‍' ഉദാഹരണമാണ്. നീ തന്നത് യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം. നീ തന്നതു പെരുകും വയറും കുഞ്ഞിത്തലനരയും മാത്രം...നാലതിരും ചുവരുകള്‍ മാത്രം നാദത്തിനു യന്ത്രം മാത്രം...എന്നിങ്ങനെ പുതിയ കാലത്ത് കുട്ടികള്‍ക്ക് കിട്ടുന്നതെല്ലാം നാഗരിക സംസ്‌കാരത്തിന്റെ അനാവശ്യങ്ങളാണെന്നും അവര്‍ക്കിവിടെ ലഭ്യമായിരുന്ന നന്മകള്‍ മിക്കതും ഇതിലൂടെ ഇല്ലാതായെന്നും കവി പറയുന്നു. അമ്മയെനിക്കാദ്യം തന്നൊരു/തന്മൊഴിയും പാട്ടും പാട്ടും താളവു/മെന്‍ കനവും വച്ചൊരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു... ഇവിടെ കാലങ്ങളായി കിട്ടിക്കൊണ്ടിരുന്നതെല്ലാം ഉദാത്തമായതാണെന്നും ആധുനികമായി ലഭ്യമാകുന്നതെല്ലാം നമ്മുടെ സംസ്‌കാരത്തിനു ചേരാത്തതാണെന്നുമുള്ള യുക്തി മുന്‍പു പറഞ്ഞപോലെ കേരളീയതയെ മാറ്റമില്ലാത്തതായി ഗണിക്കുന്ന, ആധുനികതയെ സംശയിക്കുന്ന സാമൂഹിക വീക്ഷണമാണ്. ഇവിടുത്തെ ഗ്രാമവും അതിന്റെ ചിട്ടവട്ടങ്ങളും ഉന്നതമായ ദര്‍ശനത്തിന്റേയും കാഴ്ചപ്പാടിന്റെ ഇടമാണെന്നും നാഗരികത അതിനെ നശിപ്പിക്കുന്നുവെന്നുമുള്ള ദ്വന്ദ്വത്തില്‍ നാഗരികതയെ വിമര്‍ശിക്കുകയാണ് ഈ കവിത. ഇത്തരമൊരു വീക്ഷണം നിരന്തരം പങ്കുവയ്ക്കുകയും അതിലൂടെ തനതായ ഭാരതീയതയെക്കുറിച്ചുള്ള വാഴ്ത്തലുകളില്‍ അഭിരമിക്കുകയും ചെയ്യുന്നുണ്ട് മധുസൂദനന്‍ നായര്‍ കവിതയെന്നു കാണാം. കേരളത്തെ രൂപപ്പെടുത്തിയ ആധുനികതയേയും നവോത്ഥാനത്തേയും തള്ളിക്കളഞ്ഞുകൊണ്ട് കേരളീയതയില്‍ പെടാത്ത വേദങ്ങളുടെ സംസ്‌കൃതപാരമ്പര്യത്തെ പേറുന്ന ഭാരതീയതയെ പകരംവയ്ക്കുകയാണ് കവിയുടെ രീതി. ഇത് സവിശേഷമായൊരു പ്രത്യയശാസ്ത്ര പ്രയോഗമാണെന്നു പറയാം, കേരളീയതയുടെ ചരിത്രപരതയെ, ആധുനികതയെ നിഷേധിക്കുകയാണ് അതിന്റെ കാതല്‍. അതിലൂടെ നവോത്ഥാനമില്ലാത്ത ഏകശിലാത്മകമായ കേരളീയതയെ ഭാരതീയതയുടെ ഭാഗമായി നിര്‍വ്വചിക്കുകയും ചെയ്യുക.

അച്ഛന്റെ വീട്ടിലേക്കു പോകുന്നവര്‍

ഒ.എന്‍.വി. കുറുപ്പിന്റെ സൂര്യഗീതത്തില്‍ തുടങ്ങുന്ന കവിത അച്ഛന്റെ വീടുകാണണമെന്നു വാശിപിടിച്ച പേരക്കുട്ടിയെ വീടുകാണിക്കുന്നതാണ്. ആ വീടിനെ കവി പ്രപഞ്ചമായി മാറ്റിത്തീര്‍ക്കുന്നു. വിപുലമായ ഭൂമിയും ഭൂമിയപ്പൊതിഞ്ഞു കാത്തുവിരിയിക്കുന്ന അന്തരീക്ഷവും നിറഞ്ഞ ജീവനായി വീട് മാറുന്നു. വേദവാക്യങ്ങളിലൂടെ അച്ഛന്റെ വീടിന് അതിഭൗതികമായ മാനങ്ങള്‍ നല്‍കുന്നു. അങ്ങനെ കവിത ഒരേസമയം ഭൗതികമായ, കേരളത്തിലെ ഒരു നാലുകെട്ടും അതേസമയം ആത്മീയമായ ഭാരതീയ ആശയങ്ങള്‍ പേറുന്ന ഭൗതികാതീതമായ ഒന്നുമായി മാറുന്നു. ഹിന്ദുത്വപരമായ ആശയങ്ങളെ ആവിഷ്‌കരിക്കുന്ന പതിവുശൈലിയാണിവിടെയും പ്രകടമാകുന്നത്. വേദങ്ങളിലേയും മറ്റും ഉദ്ധരണികളിലൂടെ അതിഭൗതികതയുടെ പരിവേഷം നല്‍കി വിഷയത്തെ അവതരിപ്പിച്ചുകൊണ്ട് ആധുനികതയെ ശത്രുവായി നിശ്ചയിച്ച് വിമര്‍ശിക്കുകയെന്നതാണ് കാവ്യത്തിന്റെ സമീപനം. പൂമുഖം, തായ്വീട്, അങ്കണം, കിണറ്, അടുക്കള, ഉമ്മറത്ത്, വിളക്ക് എന്നിങ്ങനെ ഏഴുഭാഗങ്ങളിലൂടെ വീടിനെ വര്‍ണ്ണിക്കുന്നു. ഏഴ് ഭാഗങ്ങളായി തറവാടിനെ വിഭജിച്ചാണ് കാവ്യം ആഖ്യാനിക്കുന്നത്. പൂമുഖം, തായ്വീട്, അങ്കണം, കിണറ്, അടുക്കള, ഉമ്മറത്ത്, വിളക്ക് എന്നിങ്ങനെയാണ് തറവാടിന്റെ കഥ പറയുന്നത്. പൂമുഖത്ത് തുടങ്ങി മൂലവീട്ടിലേക്കും പിന്നെ മുറ്റവും കിണറുമൊക്കെ ആഖ്യാനിച്ച് വീട്ടിലെ വിളക്കിന്റെ പൊരുളില്‍ കവിത അവസാനിക്കുന്നു. ഓരോ ഭാഗവും ഉപഭാഗങ്ങളായി മുറിച്ചിരിക്കുന്നു. അങ്കണം വീട്ടിലെ മണ്ണിനെക്കുറിച്ചുള്ള മൂന്ന് കവിതകളാണ്. കിണറ് ജലത്തിന്റെ ആത്മാവിലേക്കുള്ള മൂന്ന് ആഖ്യാനങ്ങളും അടുക്കള അഗ്‌നിയെക്കുറിച്ചുള്ള മൂന്ന് കവിതകളും ഉള്‍ക്കൊള്ളുന്നു. ഉമ്മറത്ത് കാറ്റിനെക്കുറിച്ചുള്ള ആഖ്യാനവും വിളക്ക് വീട്ടിലെ വിളക്കിന്റെ ഭൂതകാലങ്ങളെ പലരൂപത്തില്‍ ഓര്‍ത്തെടുക്കുന്ന കവിതകളും ഉള്‍പ്പെടുന്നു. ഭൂതകാലത്തില്‍ സര്‍ഗ്ഗാത്മകമായി പ്രകൃതിയോടിണങ്ങിനിന്ന വീട് ആധുനികതയില്‍ ഇല്ലാതാവുന്നതിന്റെ വേദനയും സംഘര്‍ഷവും ചിത്രീകരിച്ച് വീടെന്ന സങ്കല്പത്തെ ആദിമവും അതിഭൗതികവുമായ ജീവിതസങ്കല്പമായി ഭാവനചെയ്യുന്നതാണ് കാവ്യത്തിന്റെ ഘടന. ഫ്യൂഡലിസത്തിലെ 'ഉദാത്തത'കളും ആധുനികതയിലെ 'ചീത്ത'കളും തമ്മിലുള്ള സംഘര്‍ഷമാണ് അച്ഛന്റെ വീടിനെ കലുഷമാക്കുന്നത്.

അച്ഛന്റെ വീട്ടിലേക്ക് പോകാമെന്നു പറയുന്ന കുട്ടികളേയുംകൊണ്ട് ചെല്ലുന്നത് തനി കേരളീയമായ ഗ്രാമത്തിലാണ്. നടക്കാമിപ്പാടത്തിന്റെ വരയിലൂടെ/നെടുകാലം കണ്ട വാക്കിന്‍ വരമ്പത്തൂടെ/ വരമ്പറിക്കല്ലൊതുക്കു കയറിച്ചെന്നാല്‍/ പുറവേലിപ്പടര്‍പ്പുള്ള പറമ്പുകാണാം.../ ഇവിടെയായിരുന്നച്ഛന്‍ പിറന്ന വീട്/ ഇവിടെയുണ്ടായിരുന്നച്ഛന്‍ പുലര്‍ന്ന കൂട്... ഈ വീട് പുതിയ തലമുറയ്ക്കു മനസ്സിലാകാത്ത പലതുമുള്ളതാണ്. ഇവിടെയെങ്ങോ മണക്കുന്നെന്‍ മുലപ്പാലിന്നും ഇവിടെന്നത്തഴുകുന്നെന്‍ താരാട്ടിമ്പം/ ഇവിടുണ്ടെന്‍ കളിത്തൊട്ടില്‍, കിലുക്കാംപെട്ടി... അങ്ങനെയുള്ള ഈ വീട്ടിലാണ് അച്ഛന്റെ മിഴിതുറന്നതും മൊഴിതെളിഞ്ഞതും അച്ഛന്‍ താനായിരുന്നതും. അച്ഛനെ അച്ഛനാക്കിയത് ഈ വീടാണെന്നും ഈ വീടതിനാല്‍ കേവലമായ വീടെന്ന നിര്‍മ്മിതിക്കപ്പുറം വലിയൊരു ലോകമാകുന്നുവെന്നു സാരം. ബൃഹദാരണ്യകോപനിഷത്തിലെ പ്രപഞ്ചം തന്നെ വീടാകുന്ന ആശയം പറയുന്ന ഭാഗത്തിലൂടെയാണ് തായ്വീട്ടിലേക്ക് കടക്കുന്നത്. 

തായ്വീട് എന്ന ഭാഗത്താണ് അച്ഛന്റെ തറവാടിന്റെ സമഗ്രത കിടക്കുന്നത്. മനകെട്ടിത്തിരിക്കാത്ത തറവാടല്ലോ/ മനസ്സോടി നടന്നാലും കടക്കില്ലല്ലോ/ നിലവറ നിധിയാരുമളന്നിട്ടില്ല/ കലവറയൊരുന്നാളുമൊഴിഞ്ഞിട്ടില്ല... കേരളത്തിലെ തറവാടു പുരാണങ്ങളുടെ ആകെത്തുക ഈ വരികളില്‍ വായിക്കാം. തറവാടുകളില്‍ ഒരുപാട് സമ്പത്തുണ്ടായിരുന്നുവെന്നും അവയില്‍ ധാരാളം വിലമതിക്കാത്ത നിധികളും പാരമ്പര്യങ്ങളും മറ്റും നിറഞ്ഞിരുന്നുവെന്നുമുള്ള പറച്ചിലുകള്‍ സാമൂഹിക വ്യവഹാരങ്ങളില്‍ കാണാം. മിത്തിക് സ്വഭാവമുള്ള പുരാണങ്ങളുടെ ബലത്തിലാണ് ഇത്തരം തറവാടുകളുടെ ചരിത്രം പറയുന്നത്. ഇത്തരമൊരു വീട്ടിലാണ് അച്ഛന്‍ പിറന്നതത്രേ. മിത്തിക് കഥകള്‍കൊണ്ട് ഭാവന നെയ്യുന്നതിലൂടെ പഴമകളെ യാഥാര്‍ത്ഥ്യാതീതമായി  നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വലിയൊരു തച്ചനാണ് തറവാട് കെട്ടിയതെന്നും ഈശ്വരാതീതമായ ശക്തിവിശേഷങ്ങള്‍ പലതും അതിലുള്ളതും ഉണ്ടാക്കപ്പെടുന്നു.
  
ഈ തറവാട്ടിലെ ചിട്ടങ്ങളും വഴക്കങ്ങളുമാണ് അടുത്തത്. ഉണര്‍ന്നേറ്റാല്‍നിലംതൊട്ടു ക്ഷമയോതുന്നു... കാലികള്‍ക്കും കൊടുത്തിട്ടേ വിളമ്പൂ പ്രാതല്‍... ഉറമ്പുകള്‍ക്ക് അരിപ്പൊടിച്ചിരട്ട വച്ചേ തിരുവോണസ്സദ്യയുണ്ണാനിലയിട്ടുള്ളു.... കേരളത്തിലെ പ്രാചീനകാല വിശ്വാസമായി ആവര്‍ത്തിക്കുന്ന ഉദാത്തമായ പെരുമാറ്റ മര്യാദകളുടെ ആകെത്തുകയാണ് ഈ തറവാടിന്റെ കെട്ടെന്നത്. ഭൂമിയെ ദേവിയായിക്കണ്ട് വണങ്ങുക, തുളസിത്തറയെ വന്ദിക്കുന്നു, മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നതിനുമുന്‍പ് പശുമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നു, വേലചെയ്യുന്നോര്‍ക്ക് ഭക്ഷണം നല്‍കിയിട്ടേ ഉച്ചയൂണ് കഴിക്കുകയുള്ളൂ തുടങ്ങി കേരളീയ ഭൂതകാലത്തിലെ മഹിമകളായി വ്യവഹരിക്കുന്ന ചില പെരുമാറ്റസംഹിതകളാണ് അച്ഛന്റെ വീടിന്റെ മാനുഷികതയെ നിര്‍വ്വചിക്കുന്നത്. ഉറുമ്പുകള്‍ക്ക് അരിപ്പൊടിച്ചിരട്ട വച്ചിട്ടേ തിരുവോണസ്സദ്യ കഴിക്കുകയുള്ളുവെന്നൊക്കെയുള്ള ആചാരങ്ങള്‍ പ്രധാനമാണ്, മനുഷ്യനെക്കാള്‍ പരിസ്ഥിതിക്കു പ്രാധാന്യം നല്‍കുന്നതെന്നു പറയുന്ന ഇത്തരം വ്യവഹാരങ്ങള്‍ കേരളീയ ഭൂതകാലത്തിലെ, ഫ്യൂഡലിസത്തിലെ വഴക്കങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ജീവിതമായിരുന്നു അക്കാലത്തുണ്ടായിരുന്നതെന്നും അത്തരം മൂല്യങ്ങള്‍ ഇന്നു നഷ്ടമായി എന്നുമാണ് വാദം. 

കേരളത്തിലെ കാര്‍ഷിക വ്യവസ്ഥിതിയിലെ മുരടിപ്പിനെക്കുറിച്ചും ഉല്പാദനത്തിലെ കമ്മിയെക്കുറിച്ചും പി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്ന വാദങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഭൂവുടമയായ ജന്മി കൃഷിപ്പണി ചെയ്യുന്നവരുമായി ബന്ധമില്ലാതിരിക്കുന്ന കേരളത്തിലെ കാര്‍ഷികോല്പാദനം എന്നു പറയുന്നത് മൃഗങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതോ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതോ ആയിരുന്നില്ല. പുലയരും മറ്റും അടിമകളായി, മൃഗങ്ങളായി പണിയെടുക്കുന്ന ഉല്പാദനരീതി വേണ്ടത്ര ഉല്പാദനത്തെ സാധ്യമാക്കുന്നതും ആയിരുന്നില്ല. സാങ്കേതികവിദ്യയെ ഉപയോഗിക്കാതെ കൃഷിയെ ഉല്പാദനം മുരടിച്ച പരിമിതവൃത്തത്തില്‍ ചുരുക്കിയത് മനുഷ്യരെ വിഭജിച്ചുനിര്‍ത്തിയ ജാതിവ്യവസ്ഥയെന്ന ആചാരമായിരുന്നുവെന്നാണ് വാദം. ഇങ്ങനെ സാങ്കേതികവിദ്യ കണ്ടെത്താനും ഉപയോഗിക്കാനും ജാതി തടസ്സമായി വ്യവസ്ഥയാണ് കേവലമായി എല്ലാത്തിനും പ്രകൃതിയെ ആശ്രയിച്ചുള്ള ജീവിതരീതിയെ  നിലനിര്‍ത്തിയത്. സാങ്കേതികവിദ്യ സൃഷ്ടിക്കാനും ഉപയോഗിക്കാനും കഴിയാതിരുന്ന ആചാരവ്യവസ്ഥയാണ് ഫ്യൂഡലിസത്തിന്റെ അടിസ്ഥാനം മറിച്ച് പരിസ്ഥിതിവീക്ഷണമല്ല. അമ്മിയും ദൈവമാണമ്മയ്ക്കുരലും ദൈവം / വിറകും ദൈവമാണമ്മയ്ക്കഗ്‌നിയും ദൈവം എന്ന വരികള്‍ പറയുന്നത് എല്ലാത്തിനേയും പൂജിക്കുന്ന ഭയഭക്തികളുടെ ഫ്യൂഡല്‍ബോധമാണ്. അവിടെ ചോദ്യംചെയ്യുന്ന അറിവുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല.  അതേസമയം ആധുനികത വന്നപ്പോള്‍ ആദ്യം അതിനെ ചെറുത്തിരുന്നവര്‍ പിന്നീട് അതിന്റെ വക്താക്കളാകുന്നതും ചരിത്രത്തില്‍ കാണാം. ഭൂതകാലത്തിലെ പരിസ്ഥിതിയെ വാഴ്ത്തുന്നവര്‍ അക്കാലത്തെ ജാതിബന്ധത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ് വാഴ്ത്തുന്നതെന്നു വ്യക്തം. 

ആറ്റൂർ രവി വർമ
ആറ്റൂർ രവി വർമ

തറവാട്ടിലെ പാപവും വിലക്കും

ഇത്തരം വഴക്കങ്ങളുടെ മറ്റൊരു വശമാണ് അക്കാലത്തെ ആചാരങ്ങളില്‍ കുടികൊണ്ടിരുന്ന പാപബോധവും വിലക്കും. വളരെ ആഴത്തിലും പരപ്പിലുമുള്ള പാപബോധവും വിലക്കും നിസ്സാര കാര്യങ്ങളില്‍ വരെ കേരളത്തിലെ സമൂഹത്തില്‍ ഇന്നും കാണാം. തുമ്പി വാലില്‍ കെട്ടിവലിക്കുമ്പോ വിലക്ക്, തളിരില പറിക്കുമ്പോള്‍ പാപവിലക്ക്,  മഴവെള്ളത്തില്‍ മൂത്രമൊഴിച്ചാലും വിലക്ക്... അത്തരം വിലക്കുകളിലൂടെ തനിച്ചുണ്ണാനുള്ളതല്ലീയുലകമീയുണ്ണീ/ ചതിച്ചുനേടുവാനല്ല പഠിത്തമുണ്ണീ എന്ന തത്ത്വം ഉരുവിടുകയാണെന്നാണ് കവിമൊഴിയെങ്കിലും ഫ്യൂഡലിസത്തിലെ വിലക്കുകള്‍ അനേകമുണ്ടെന്നും അവ അരുതായ്മകളിലൂടെ ഭീതി ജനിപ്പിക്കുകയാണെന്നും കാണാം. ദൈവഭയവും പിശാച് ഭയവും മറ്റും ഇത്തരത്തില്‍ ജനിപ്പിക്കുന്നതിലൂടെ വ്യക്തികളെ ജാതിവ്യവസ്ഥയിലും തറവാട് ഭയത്തിലും മെരുക്കിയെടുക്കുകയാണ്. തറവാട്, കാരണവര്‍ തുടങ്ങി ഫ്യൂഡലിസത്തിന്റെ അധികാരരൂപങ്ങളേയും ജാതിവ്യവസ്ഥയേയും കീഴടങ്ങിനില്‍ക്കാനുള്ള ബഹുമാനനിര്‍മ്മിതിയാണ് ഇത്തരം ഭയങ്ങളിലൂടെ ഉല്പാദിപ്പിച്ചിരുന്നതെന്നു വ്യക്തം. കുട്ടിക്കാലത്തെ ഭയം ജനിപ്പിക്കുന്ന ദൈവകഥകളിലൂടെയാണ് അക്കാലത്തെ ചര്യകള്‍ വളര്‍ന്നതെന്ന് ഇ.എം.എസ് ആത്മകഥയില്‍ എഴുതുന്നത് ഇവിടെ പ്രസക്തമാണ്. ആചാരങ്ങളിലൂടെയും വഴക്കങ്ങളിലൂടെയും അധികാരശ്രേണീപരമായി വളരുന്ന ജാതിവ്യവസ്ഥയ്ക്ക് അതിലെ വ്യക്തികളെ നിശ്ചിത ശ്രേണിക്കകത്ത് നിയന്ത്രിക്കുന്നതിന് ഇത്തരം ഭയങ്ങള്‍ ആവശ്യമാണ്. അത് അച്ഛന്റെ തറവാട്ടിലുണ്ടായിരുന്നു. അതിഭീകരമായ ആചാരപരതയാണ് ജാതി-തറവാട് ജീവിതത്തിലെന്ന് കേരളചരിത്രം പരിശോധിച്ചാല്‍ കാണാം. ഇന്ദുലേഖയില്‍ മാധവന്‍ ചെരുപ്പിട്ടത് അമ്മാവനായ പഞ്ചുമേനോന് ഒട്ടും ഇഷ്ടപ്പെടാത്തതും അതിന്റെ പേരില്‍ കലഹിക്കുന്നതും ഉദാഹരണം. പാരമ്പര്യത്തെ ഏതെങ്കിലും രീതിയില്‍ എതിര്‍ത്താല്‍ കഠിനമായ ശിക്ഷകള്‍ നല്‍കി അത്തരക്കാരെ അമര്‍ത്തിയിരുന്നത് ജാതിവിരുദ്ധ പോരാട്ടങ്ങളെല്ലാം പറയുന്നുണ്ട്. കൊച്ചിയില്‍നിന്ന് ആദ്യം ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയ നായരായ ആളിനെ കടല്‍ കടന്നു ജാതി ആചാരങ്ങളെ ധ്വംസിച്ചു എന്നു പറഞ്ഞ് കൊച്ചിരാജാവും കൂട്ടരും ശിക്ഷിക്കാന്‍ ശ്രമിച്ചത് ഉദാഹരണമാണ്. അയാള്‍ അത് വകവയ്ക്കാതെ തന്റെ താമസം തന്നെ മദ്രാസിലേക്ക് മാറ്റി രാജാവിനെ ധിക്കരിച്ചത് ചരിത്രം. ഇങ്ങനെ ജാതിയെ ധിക്കരിച്ചവരാണ് ആധുനികതയെ സൃഷ്ടിച്ചതെന്നാണ് ചരിത്രം. 

എങ്ങുമെങ്ങൊരു ദൈവമിരിക്കുന്നുണ്ട്/ മങ്ങിയാല്പം മറഞ്ഞാലും മായയായാലും... ഇങ്ങനെ എല്ലായിടത്തും ദൈവത്തെ ഭാവനചെയ്യുന്ന തറവാട് ബോധം കല്ലിലും മരത്തിലും ദൈവത്തെ ഭാവനചെയ്യുന്നു. അങ്ങനെ കല്ലിലിരിക്കാനും മരത്തിലേറാനുമുള്ള വ്യക്തിയുടെ ബോധത്തെ നിരാകരിക്കുന്നു. വ്യക്തി ഇത്തരം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാകുന്നു. ഇത്തരം ഭയങ്ങളെ മറികടക്കാനുള്ള ശേഷിയുള്ള ആളായി വ്യക്തിയെ തറവാട് കരുതുന്നില്ല. അങ്ങനെ സംഭവിച്ചത് ആധുനികതയിലാണ്. അവിടെയാണ് തറവാടിനോടുള്ള മറുതലിക്കല്‍ വന്നത്. ഫ്യൂഡലിസത്തിന്റെ ഭയം സൃഷ്ടിക്കലിന്റെ ഉദാഹരണമാണ് സര്‍പ്പക്കാവ് വ്യവഹാരങ്ങള്‍. ഭീതിയുടേയും മറ്റും ഇടമായ സര്‍പ്പക്കാവ് വെട്ടിക്കളയാനുള്ള ആധുനികതയുടെ ബോധമാണ് വൈലോപ്പിള്ളിയുടെ 'സര്‍പ്പക്കാവ്' എന്ന കവിതയില്‍ കാണുന്നത്. ഫ്യൂഡലിസത്തിന്റെ ഭയത്തില്‍നിന്ന് വ്യക്തികളെ മോചിപ്പിച്ചത് ആധുനികതയാണെന്നു സാരം. എന്നാല്‍ കവി തറവാടിനെ മറ്റൊരു രൂപത്തിലാണ് സൃഷ്ടിച്ചെടുക്കുന്നത്. തറവാടിനെ അതിഭൗതികമായൊരു തലത്തിലേക്ക് വളര്‍ത്തി കാല്പനികവല്‍ക്കരിക്കുന്നു. ചവിട്ടിനില്‍ക്കുന്ന മണ്ണ് മധുവാകുന്നു... എന്നിങ്ങനെ ഭൂതകാലവും ഫ്യൂഡലിസവും മധുരകരമായ ഓര്‍മ്മകളാക്കി കവി വരച്ചിടുന്നു. 

അച്ഛന്‍ പിറന്ന ഈ തറവാടിന്റെ മുറ്റത്ത് ശ്രദ്ധിച്ചാല്‍ നവഗ്രഹരശ്മികളും പഴങ്കഥപ്പൊന്‍പൊടിയും മഹാദുഃഖഗര്‍ത്തങ്ങളുമൊക്കെയുണ്ട്. അവ ചരിത്രമായി വര്‍ത്തമാനത്തിലേക്ക് വരുമെന്നും അവയെ ശ്രദ്ധിക്കണമെന്നും കവിപറയുന്നു. ഈ മണ്ണ് അമ്മയുടെ പാല്‍മണമാണ്. ആദിമഴത്തുള്ളി ഉമ്മവച്ചപ്പോളുയര്‍ന്ന നറുമണമാണിത്. മണ്ണിന്റെ ഗന്ധം തറവാടിന്റെ ആദിമ ചരിത്രത്തിന്റെ പലതരം ആഢ്യഗന്ധങ്ങളായി ഉയരുന്നു. മണ്ണിന്റെ തന്മണമോര്‍ക്കുവാനാകാതെ/ യിന്നിന്റെ ഗന്ധധൂമത്തിലമര്‍ന്നു നാം എന്നതാണ് തറവാടിലൂടെ നടക്കുന്ന കവി നേരിടുന്ന പ്രശ്‌നം. ഭൂതകാലത്തിലെ നല്ല മണങ്ങളെ തിരസ്‌കരിച്ച് ആധുനികതയുടെ പുതുഗന്ധങ്ങളെ സ്വീകരിച്ച് തറവാടില്‍നിന്നു പുറത്തുകടന്നിരിക്കുന്നു. അങ്ങനെ പുതിയകാലത്തിന്റെ യുക്തികള്‍കൊണ്ട് മണ്ണിനെ പകുത്ത് യന്ത്രങ്ങളാല്‍ നിറച്ചിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മണ്ണിനോടൊന്നും ചോദിക്കാന്‍ ആവില്ലെന്ന് കവി പറയുന്നു. മണ്ണ് കേരളീയ ഫ്യൂഡലിസത്തിന്റെ പ്രധാനപ്പെട്ട അടയാളമാണ്. ഭൂമിയുടെമേലുള്ള അധികാരമായിരുന്ന ജന്മിത്വത്തിന്റെ അടിത്തറയുടെ രാഷ്ട്രീയം ഈ മണ്ണ് വാദത്തിലും തറവാടിത്തത്തിലും കാണാം. ഫ്യൂഡലിസത്തിലെ ജന്മിത്വത്തിന്റെ അധികാരം മണ്ണിന്റെ മേലുള്ള അധികാരം ഒരുതരത്തിലും വിട്ടുകൊടുക്കാനാവാത്ത സവിശേഷമായ ജന്മമായിരുന്നുവെന്നു കാണാം. അതായത് പണംകൊടുത്ത് ക്രയവിക്രയം ചെയ്യാവുന്ന ഒന്നായിരുന്നില്ല. ഈ അധികാരത്തെ റദ്ദാക്കിയത് ബ്രിട്ടീഷ് നിയമങ്ങളും മറ്റുമാണ്. അങ്ങനെ മണ്ണ് കാശ് കൊടുത്തുവാങ്ങുന്ന വസ്തുവായി മാറി. അവിഭക്ത സ്വത്തായിരുന്ന തറവാടുകള്‍ ആളോഹരിവാദത്തിലൂടെ വിഭജിക്കപ്പെടുന്നു. ആധുനികത വ്യക്തികളെ സൃഷ്ടിച്ചതോടെ വ്യക്തികള്‍ക്ക് അവര്‍ സമ്പാദിക്കുന്ന വ്യക്തിസ്വത്തും വീടും ഭൂമിയും എന്ന ആശയം ശക്തിപ്പെടുന്നു. ഇവിടെ തറവാടിന്റെ ഭൂമിസങ്കല്പം നിരാകരിക്കപ്പെടുന്നു. ആധുനികതയുടെ ഭൂമിസങ്കല്പത്തെ നിരാകരിച്ചുകൊണ്ട് പഴമയുടെ ഭൂമിയെ ആവാഹിക്കുകയാണ് കവി. ആധുനികതയ്ക്കു മീതെ ജാതി-ഭൂതകാലമാണ് മികച്ചതെന്നു പറയുകയാണിവിടെ. 

അക്കിത്തം
അക്കിത്തം

ജൈവികമായ ഹിന്ദുഭൂതകാലം

ഭൂമിപോലെയാണ് കിണറിന്റെ ഭൂതകാലവും. കുപ്പിവെള്ളം കുടിക്കുന്ന വര്‍ത്തമാനകാലം ഭൂതകാലത്തിലെ കിണറില്‍ നീന്തിത്തുടിക്കാം എന്ന് കവി പറയുന്നു. തറവാട്ടിലെ കിണറുവെള്ളം വെറും വെള്ളമല്ല, മറിച്ച് പാരമ്പര്യത്തിന്റെ പലതരം അനുഗ്രഹങ്ങളുടെ കവിഞ്ഞൊഴുക്കാണ്. ഫ്യൂഡലിസത്തിന്റെ ആചാരപരതയുടെ ശേഷിപ്പാണത്. അമ്മചൊല്ലുന്ന വാക്കുപോല്‍ ശീതളം/ അമ്മവാത്സല്യമെന്നപോല്‍ നിര്‍മ്മലം/ അമ്മനെഞ്ചം ചുരന്ന പാല്‍ത്തുള്ളിയാം/ ജന്മതീര്‍ത്ഥം നുകര്‍ന്നോളു മക്കളേ എന്നാണ് കവിയുടെ ആഹ്വാനം. മാതൃത്വംപോലെ പലതരം സാംസ്‌കാരിക ചേരുവകകളുടെ ഉല്പന്നമാണ് ഈ വെള്ളം. ഈ വെള്ളമാണ് ആധുനികതയ്ക്ക് ഇല്ലാതായത്. കിണറുനിര്‍മ്മാണത്തിന്റെ വാസ്തുശാസ്ത്രത്തിലൂടെയാണ് കവി സഞ്ചരിക്കുന്നത്. ഇത്തരം ഫ്യൂഡല്‍ ആചാരവഴക്കങ്ങളുടെ ആകെത്തുകയാണ് കിണറും വീടും പരിസരവും. ആദിമുത്തച്ഛനോട്ടുവാല്‍ക്കിണ്ടിയില്‍ ഓതിവെച്ച പുണ്യാഹം... പോലെയുള്ള ബിംബങ്ങള്‍ രൂപംകൊള്ളുന്നത് കേരളീയ ഫ്യൂഡലിസത്തിന്റെ സവര്‍ണ്ണ മാതൃകകളിലാണ്. ജലം പിതൃക്കളുമായി ബന്ധപ്പെട്ടതാണ് ഹിന്ദുക്കളുടെ ജീവിതത്തില്‍. ദേവകളും പിതൃക്കളും ഭൂതങ്ങളുമൊക്കെ വലയമായി നിറയുന്ന സാംസ്‌കാരിക പരിസരത്തിന്റെ മണ്ണിലൂടെ ഊറുന്നതാണ് കവി ആവേശത്തോടെ കുടിക്കാനാഹ്വാനം ചെയ്യുന്ന വെള്ളം. കിണറും പുഴയും ഒക്കെ സങ്കീര്‍ണ്ണ പ്രകൃതിബിംബങ്ങളായി തറവാടിന്റെ സംസ്‌കാരത്തില്‍ ഒന്നുചേരുന്നു. അങ്ങനെ തറവാടിന്റെ പ്രകൃതിബന്ധം സവിശേഷമായൊരു ജൈവിക-ദൈവിക ബന്ധത്തിന്റെ വാങ്മയശില്പമാകുന്നു. ആധുനികതയില്‍നിന്ന് ഈ പ്രാചീന പ്രകൃതിയുടെ ബന്ധത്തിലേക്കാണ് കവി ക്ഷണിക്കുന്നതെന്നു പറയാം. ഇത്തരത്തില്‍ പ്രകൃതിയെ ഭൂതകാലത്തെ ആവിഷ്‌കരിക്കുന്ന പാരമ്പര്യമാണ് മലയാളകവിതയ്‌ക്കെന്നു കാണാം. ഒരു വശത്ത് പുഴയും കാടും കലരുന്ന കാര്‍ഷിക സമൃദ്ധിയുടെ പ്രകൃതി ബന്ധം. മറുവശത്ത് തറവാടിന്റെ ഭൂസ്‌നേഹവും മറ്റും വാഴ്ത്തി പഴമ മഹത്തരമാണെന്നും ആധുനികതയ്ക്കു മറുപടിയാണെന്നു പറയുന്ന രീതി. ഇവ രണ്ടിനേയും പരിസ്ഥിതിയുടെ നൂലില്‍ കൂട്ടിത്തുന്നുന്ന ആഖ്യാനകൗശലമാണ് പൊതുവില്‍ കാണുക. അങ്ങനെ മലയാളത്തില്‍ ആവര്‍ത്തിക്കുന്ന പരിസ്ഥിതി ബോധം തറവാടിത്തത്തിന്റെ ജാതിവഴക്കമാണെന്നു സാരം. കിണറ്റിലെ തെളിനീരും സര്‍പ്പക്കാടും ഭൂസ്‌നേഹവും വിലക്കുകളും ജാതിമര്യാദകളുടെ കേവലമായ തുടര്‍ച്ചമാത്രമാണെന്നുള്ളത് മിക്കപ്പോഴും വായനകളില്‍ വരാറില്ല. 

വീടിന്റെ അടുക്കളയും ഉമ്മറവുമൊക്കെ വിവരിക്കുന്ന കവി അവയൊക്കെ ഉദാത്തമായ ദേവതകളുടെ ലീലകളും ഇരിപ്പിടവുമായി അതിഭൗതികവല്‍ക്കരിക്കുന്നു. അടുക്കളയിലെ അഗ്‌നി വീടിന്റെ ഉള്‍വെളിച്ചമാകുന്ന അഗ്‌നിദേവതയാണ്. കെടാവിളക്കുകള്‍ നിറയുന്ന ഇടമായ വീടിന്റെ തത്വവും അഗ്‌നയേ നയ എന്നാണ്. ഉള്ളിനെ തെളിച്ചമുള്ളതാക്കുന്ന വിളക്കിന്റെ വെളിച്ചമാണ് ശരിയായ വെളിച്ചമെന്നും പുതിയകാലത്തിന്റെ വെളിച്ചം വെറും പുകയാണെന്നും പഴയകാലത്തിന്റെ വെളിച്ചമാണ് കാത്തുസൂക്ഷിക്കേണ്ടതെന്നും പറയുന്നു. അങ്ങനെ വീടിനെ വിവരിച്ച് വീടെന്നത് ഓരോരുത്തരും ഒറ്റയാകുന്ന ലോകമായി മാറുന്നുവെന്ന് കവി പറയുന്നു. ഒരുവീടിന്നകംതന്നെ /ഒരുപാടുണ്ടുവീടുകള്‍/ ഓരോരോ കൊച്ചുവീടിന്റെ / യുള്ളിലും പിന്നെ വീടുകള്‍ എന്നിങ്ങനെ തറവാടെന്ന വലിയ ഒറ്റ വീടിനെ പലതാക്കി അനുഭവിക്കാം. എന്നാല്‍ ആധുനികതയുടെ വീട്ടകം അങ്ങനെയല്ല. പിന്നെയെന്നോ വേറെ വേറെ/പ്പായ സ്വന്തം നിലാമുറി/ സ്വകാര്യത്തിന്റെ നക്ഷത്രം/സ്വന്തം കാറ്റിനുയന്ത്രവും എന്നിങ്ങനെ സ്വകാര്യതയിലേക്ക് വീട് നുറുങ്ങുന്നു. ആധുനികതയുടെ വൈദ്യുതിവെട്ടം നിലാവിനെ ഇല്ലാതാക്കുന്നു. കാറ്റിനെ പങ്ക ഇല്ലാതാക്കുന്നു. മറ്റുള്ളവരെയല്ലാം ഒഴിവാക്കി എല്ലാവരും ഒറ്റയാകുന്നു. കുഴല്‍വെള്ളവും കുഴല്‍വാസവുംകൊണ്ട് കുഴലായിക്കഴിയുന്നു ഓരോ മനുഷ്യരും. ഒടുവില്‍ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കുമേല്‍ കമ്പോളശാലകള്‍ നിരക്കുന്നു. കമ്പോളത്തിന്റെ വലയം വീടെന്ന സങ്കല്പത്തെ ഏതാണ്ട് മായ്ച്ചു കളയുന്നു. ഈ തറവാടിനെ ലോകമാകുന്ന തറവാടിന്റെ സങ്കല്പങ്ങളുടെ വീണ്ടെടുപ്പിലൂടെ തിരിച്ചുപിടിക്കുന്ന സൂചനയിലാണ് കാവ്യം അവസാനിപ്പിക്കുന്നത്. 

ഇന്ത്യയില്‍ തീവ്രമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വവാദത്തിന്റെ ഉള്ളടക്കത്തിലൊന്ന് ആധുനികതയെ നിഷേധിക്കുക എന്നതാണ്. കോളണിവല്‍ക്കരണത്തിലൂടെ സാധ്യമായ ആധുനികതയെ നിഷേധിക്കുമ്പോള്‍ ജാതിവ്യവസ്ഥയുടെ സാമൂഹികതയിലേക്കാണ് സമൂഹം എത്തപ്പെടുക. എന്നാല്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്ന ഭാരതീയ/കേരളീയ ഗ്രാമസമൂഹത്തില്‍ ജാതിയുള്ളതായി പറയാറില്ല. മറിച്ച് ആദര്‍ശപരമായൊരു വ്യവസ്ഥയായിട്ടാണത് അവതരിപ്പിക്കപ്പെടുക. ഇവിടെയാണ് ഇത്തരം വാദങ്ങളുടെ ചരിത്രേതര സ്വഭാവം വ്യക്തമാകുന്നത്. ചരിത്രപരമായി നിര്‍വ്വചിക്കാനാകാത്തൊരു ഭൂമിശാസ്ത്രവും കാലവുമായി ഭൂതകാലത്തെ നിര്‍വ്വചിച്ചുകൊണ്ട് അതീതമായൊരു വ്യവസ്ഥയാക്കുകയെന്നതാണ് അതിന്റെ രീതിശാസ്ത്രം. അതിലൂടെ ചരിത്രപരമായ സംവാദത്തിന്റെ പശ്ചാത്തലം ഇല്ലാതാക്കുക. മിത്തിക് സ്വഭാവത്തില്‍ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നതിലൂടെ ചരിത്രത്തിലെ ജാതിയുടെ പ്രത്യയശാസ്ത്രത്തെ മറച്ചുപിടിക്കുക. ഇങ്ങനെ ജാതിയെ മറച്ചുപിടിച്ചതിലൂടെ സാഹിത്യത്തില്‍ സൃഷ്ടിക്കപ്പെട്ട മിത്തുകളാണ് നന്മകളാല്‍ സമൃദ്ധമായ കേരളീയ നാട്ടിന്‍പുറങ്ങളും ഗ്രാമങ്ങളും. ജാതിയില്‍ കീഴാളമാക്കപ്പെട്ടവരുടെ അധ്വാനംകൊണ്ട് ഉണ്ടാക്കപ്പെട്ട തറവാടുകള്‍ ആധുനികതയുടെ സമൂഹക്രമത്തിനാല്‍ ചോദ്യംചെയ്യപ്പെടുകയും ഇല്ലാതാക്കപ്പെടുകയും ചെയ്തവയാണ്. മരുമക്കത്തായത്തിലും ജാതിക്കും അനുഗുണമായ തറവാടുവ്യവസ്ഥ അണുകുടുംബവും പ്രണയവും വ്യക്തിവാദവും വന്നപ്പോള്‍ തകര്‍ന്നു. തറവാടുകള്‍ തങ്ങളുടെ ഭാവിക്കു തടസ്സമാണെന്നു കരുതിയത് അതിനകത്തെ യുവതലമുറയായിരുന്നു. അങ്ങനെ ആളോഹരിവാദം വ്യാപകമായതോടെ കൂട്ടുകുടുംബവും അതിനെ താങ്ങിനിര്‍ത്തിയ കെട്ടിടവും വെറുക്കപ്പെട്ടതായി എന്നാണ് ചരിത്രം. നായര്‍ റെഗുലേഷനും ഈഴവ റെഗുലേഷനും നിയമമായതോടെ അണുകുടുംബമാണ് പുതിയ കാലത്തിന്റെ പ്രമാണമെന്നു വരികയും അതിനുശേഷം കുടുംബാസൂത്രണത്തിലൂടെ അണുകടുംബത്തിന്റേയും വ്യക്തിവാദത്തിന്റേയും പുതിയ ഏടുകളിലേക്ക് കടക്കുകയും ചെയ്ത കേരളീയത തറവാടുകളുടെ മിത്തുകളെ സ്വപ്നംകാണുന്നുപോലുമില്ലെന്നു പറയാം. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ആധുനികതയെ നിരന്തരം മാറ്റിപ്പണിഞ്ഞ് പ്രവാസത്തിലൂടെയും ആഗോളീകരണത്തിലൂടെയും സഞ്ചരിക്കുന്ന കേരളീയത കൂടുതല്‍ അണുവല്‍ക്കരിക്കുകയും സാങ്കേതികവിദ്യയിലൂടെ മുന്നേറുകയുമാണ്. ഇവിടെ ജാതിബോധത്തെ പേറുന്ന അച്ഛന്മാര്‍ക്ക് ഈ ആധുനികത ഭയം ജനിപ്പിക്കുന്ന കാഴ്ചയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com