കൂലിയോ ഭക്ഷണമോ ഇല്ല; വികസനത്തിന്റെ വിജനമായ വഴികളില്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ 

കൊറോണയെ നേരിടാന്‍ യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജീവിതങ്ങള്‍ എങ്ങനെയാണ് അനിശ്ചിതത്വത്തിന്റെ നിഴലിലായത്
കൂലിയോ ഭക്ഷണമോ ഇല്ല; വികസനത്തിന്റെ വിജനമായ വഴികളില്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ 

നിശ്ചിതത്വം നിറഞ്ഞ ജീവിതങ്ങളില്‍ നിന്നാണ് അവര്‍ നഗരങ്ങളിലെ വിജനമായ നിരത്തുകളിലേക്ക് വലിച്ചെറിയപ്പെട്ടത്. പ്രഖ്യാപനത്തിന് നാലു മണിക്കൂറുകള്‍ക്ക് ശേഷം രാജ്യം നിശ്ചലമായപ്പോള്‍ അവരുടെ ജീവിതവും ചലനമറ്റതായി. സ്വന്തം ജീവിത സുരക്ഷയെക്കരുതി വീടുകളില്‍ വരേണ്യവര്‍ഗം അടച്ചിരിക്കുമ്പോള്‍ അത്തരം സൗഭാഗ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ പലായനമായിരുന്നു വേദന നല്‍കിയ ഇന്ത്യന്‍ കാഴ്ച. നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കൊരു പ്രവാഹം കണക്കെ അവരൊഴുകി. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ എത്താന്‍ കഴിയുന്ന രീതിയില്‍ ശാരീരികശേഷിയുള്ളവരായിരുന്നില്ല അവര്‍. അശരണരും അവശരുമായിരുന്നു. കുട്ടികളും രോഗികളും ഗര്‍ഭിണികളുമുണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. എന്നിട്ടും അവര്‍ ആ ദുരിതയാത്രയ്ക്കൊരുങ്ങിയത് വൈറസ് ബാധയേക്കാള്‍ മാരകം വിശപ്പാണെന്ന തിരിച്ചറിവ് കൊണ്ടാകണം. ലഭ്യമായ കണക്ക് അനുസരിച്ച് അഞ്ചു കുട്ടികളടക്കം 17 പേര്‍ യാത്രപൂര്‍ത്തിയാക്കാനാവാതെ മരിച്ചു. രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ ഉള്ളിലില്ല. പട്ടിണിയില്‍നിന്ന് രക്ഷപെട്ട് നാട്ടിലെത്തണമെന്ന ആഗ്രഹം മാത്രം. അടച്ചിട്ട രാജ്യത്ത് തൊഴിലോ കൂലിയോ ഭക്ഷണമോ ഇല്ലാതെ അതിജീവിക്കാനാവാത്ത പതിനായിരക്കണക്കിന് മനുഷ്യര്‍ വികസനവഴികളിലൂടെ നടക്കുമ്പോള്‍ അതാകും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുരോഗതിയുടെ മുഖചിത്രം.

ഡല്‍ഹിയില്‍നിന്ന് ബുന്ദേല്‍ഖണ്ഡിലേക്ക്, മുംബൈയില്‍നിന്ന് മറാത്താവാഡയിലേക്ക്, ബംഗളുരുവില്‍നിന്ന് റായ്ചൂരിലേക്ക്, കേരളത്തില്‍നിന്ന് ബംഗാളിലേക്ക് എന്നിങ്ങനെ മനുഷ്യരുടെ തിരിച്ചൊഴുക്കിനാണ് ലോക്ക്ഡൗണിനു ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകള്‍ നഗരത്തില്‍ കുടുങ്ങുകയും പലരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായി മടങ്ങിപ്പോകാന്‍ തുടങ്ങി. ഭക്ഷണമില്ലാതെ, കുടിവെള്ളമില്ലാതെ ഒരു ഭാണ്ഡക്കെട്ടിന്റെ തണലില്‍ കിലോമീറ്ററുകള്‍ താണ്ടിയപ്പോഴേക്കും അവരില്‍ പലരും കുഴഞ്ഞുവീണു. അതൊരു വലിയ ദുരന്തത്തിന് കാരണമായേക്കുമെന്ന തിരിച്ചറിവാകണം സര്‍ക്കാര്‍ ഇടപെടലുകളുണ്ടായി. പരിമിതമെങ്കിലും യാത്രാസൗകര്യങ്ങളൊരുക്കി. ഭജന്‍പുരയിലെ തുണിമില്ലിലാണ് ജോലി. പീസ് വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വേതനം. നിശ്ചിത ശമ്പളമില്ല. ഡല്‍ഹി കലാപത്തിനു ശേഷം ജോലിയുമില്ല, വരുമാനവുമില്ല. ഹോളി കഴിയുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അത് കഴിഞ്ഞതോടെ കൊറോണ വന്നു. ഇവിടെ പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. ഭക്ഷണത്തിനു പോലും പൈസയില്ലാത്തതിനാല്‍ സ്വന്തം സ്ഥലങ്ങളിലേക്കു പോകാതെ മറ്റു മാര്‍ഗ്ഗമില്ല- പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുഡാനിലേക്കാണ് മുപ്പതുകാരനായ നീരജ് കുമാര്‍ ജീവിതം പറയുന്നതിങ്ങനെ. 

2011-ലെ സെന്‍സസ് അനുസരിച്ച് യു.പിക്ക് പുറമേ ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നഗരങ്ങളിലേക്ക് ഏറ്റവുമധികം തൊഴില്‍ കുടിയേറ്റം നടക്കുന്നത്. മുംബൈ, ഡല്‍ഹി, താനെ, സൂറത്ത്, ഫരീദാബാദ് എന്നീ പട്ടണങ്ങളിലേക്ക് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് ആളുകള്‍ ചേക്കേറുന്നു. മഹാരാഷ്ട്രയില്‍നിന്ന് ബെല്‍ഗാമിലേക്കും സൂറത്തിലേക്കുമാണ് ഇവരുടെ ഒഴുക്ക്. ബീഹാറില്‍നിന്ന് ഡല്‍ഹിയിലേക്കും കര്‍ണാടകയില്‍നിന്ന് കോലാപൂരിലേക്കും ഇവര്‍ കുടിയേറുന്നു. തമിഴ്നാട്ടില്‍നിന്ന് ബംഗളുരുവിലേക്കും ഗുജറാത്തില്‍നിന്ന് മുംബൈയിലേക്കും തൊഴിലാളികളുടെ കുടിയേറ്റം നടക്കുന്നു. ഇതിനൊക്കെ പുറമേയാണ് സ്വന്തം സംസ്ഥാനങ്ങളിലെ നഗരങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍. ഉദാഹരണത്തിന് ട്രിച്ചിയില്‍നിന്ന് തെങ്കാശിയിലേക്കും വിരുദുനഗറിലേക്കും ഇത്തരത്തില്‍ തൊഴിലാളികളുടെ കുടിയിറക്കമുണ്ടായിട്ടുണ്ട്. സാമൂഹ്യവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നടത്തിയ ലോക്ക്ഡൗണിന് നേരേ വിപരീതഫലമാണ് ഉളവാക്കിയത്. ഈ ഘട്ടത്തില്‍ സ്വന്തം നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കില്‍ കാര്യമായ കുറവുണ്ടായില്ല. തൊഴിലും വരുമാനവും ഇല്ലാതായതോടെ മറ്റുവഴികളില്ലെന്ന് പറയുന്നു ഇവര്‍.

കൊറോണ രോഗബാധയ്ക്ക് മുന്‍പ് തന്നെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നു. നോട്ടുനിരോധനം കൊണ്ടു വലഞ്ഞ സമ്പദ് വ്യവസ്ഥയില്‍ മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇതിനെ എങ്ങനെ മറികടക്കുമെന്നറിയാതെ ഉഴലുന്നതിനിടയിലാണ് കൊറോണ രോഗബാധയെത്തിയത്. സാമൂഹ്യവ്യാപനത്തിന്റെ അപകടം മുന്‍നിര്‍ത്തി പ്രധാനമന്ത്രി മോദി മാര്‍ച്ച് 23-ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു (ദേശീയ ദുരന്തനിവാരണ നിയമം 2005). അതിനു മുന്‍പ് 21-ന് നടന്ന ജനതാ കര്‍ഫ്യുവിന് മുന്‍പു തന്നെ ട്രെയിനുകളും ബസുകളും നിറഞ്ഞുകഴിഞ്ഞിരുന്നു. ഇറ്റലിയിലും ചൈനയിലും വ്യാപനത്തിന് കാരണമായത് ജനതകളുടെ പലായനമായിരുന്നു. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. വടക്കന്‍ ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന വിവരം ചോര്‍ന്നതോടെ തെക്കന്‍ പ്രവിശ്യയിലേക്ക് പലയാനമുണ്ടായി. തെക്കന്‍ പ്രദേശത്തെ അപേക്ഷിച്ച് താരതമ്യേന സമൃദ്ധമാണ് ഇറ്റലിയുടെ വടക്കന്‍ പ്രദേശങ്ങള്‍. രാജ്യം മുഴുവന്‍ രോഗവ്യാപനത്തിന് ഇത് സാഹചര്യമൊരുക്കുകയായിരുന്നു. ചൈനയിലെ വുഹാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് അന്‍പതുലക്ഷം പേരാണ് പ്രവിശ്യയില്‍നിന്ന് പുറത്തുകടന്നത്. മറ്റു ചൈനീസ് പ്രവിശ്യകളിലും നഗരങ്ങളിലും രോഗവ്യാപനത്തിന്റെ പ്രധാന കാരണം അതായിരുന്നു. അതൊഴിവാക്കാനാവണം മുന്നറിയിപ്പില്ലാതെ ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പക്ഷേ, വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കോ കഴിഞ്ഞില്ല. 

നേരത്തെ തന്നെ രൂക്ഷമായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ കൊറോണബാധ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ സമീപകാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. അതിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നവരാണ് ഇപ്പോള്‍ നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചുനടക്കുന്നത്. അവര്‍ക്ക് തിരികെ നഗരങ്ങളില്‍ വന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്നോ അവരുടെ തന്നെ നാടുകളില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോ എന്നൊന്നും വ്യക്തവുമല്ല. 2011-ലെ സെന്‍സസ് പ്രകാരം മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നീ നഗരങ്ങളില്‍ ആറ് കോടി കുടിയേറ്റത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ 33 ശതമാനം ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. 15 ശതമാനം ബീഹാറില്‍ നിന്നുള്ളവരും ആറു ശതമാനം രാജസ്ഥാനില്‍ നിന്നുള്ളവരുമാണ്. തമിഴ്നാടാണ് അതിനു പിന്നില്‍. അഞ്ചു ശതമാനം തൊഴിലാളികളെത്തുന്നത് ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്.

കുടിയേറ്റത്തൊഴിലാളികളുടെ സ്വന്തം സംസ്ഥാനങ്ങളില്‍ വേണ്ടത്ര അടിസ്ഥാന ആരോഗ്യസംവിധാനങ്ങളില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഏറ്റവുമധികം കുടിയേറ്റത്തൊഴിലാളികള്‍ തിരിച്ചെത്തിയ ഉത്തര്‍പ്രദേശ് നീതിആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. ബീഹാര്‍, ഒഡീഷ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ തൊഴിലാളികളെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങള്‍ പരിമിതമാണെന്നതാണ് ആരോഗ്യപ്രവര്‍ത്തകരുടെ മറ്റൊരാശങ്ക. ഇപ്പോള്‍ തന്നെ പല രോഗങ്ങളുടെ പിടിയിലായ ഈ തൊഴിലാളികളുടെ ജീവന്‍ കൊറോണബാധയോടെ അത്യന്തം അപകടത്തിലാകുകയും ചെയ്യും. ഇത് കൂടാതെ മറ്റു രോഗങ്ങളുടെ സമൂഹവ്യാപനത്തിന് ഇത് വഴിതെളിക്കുകയും ചെയ്യും. 

കാര്‍ഷിക മേഖലയുടെ തളര്‍ച്ച

ഒരു നൂറ്റാണ്ടിനു ശേഷമാണ് രാജ്യത്തെ നഗരങ്ങളിലെ ജനസംഖ്യ ഗ്രാമങ്ങളിലേതിനേക്കാള്‍ വര്‍ദ്ധിച്ചത്. 2001-ലെ സെന്‍സസ് പ്രകാരം 9.1 കോടിയാണ് നഗരങ്ങളിലെ ജനസംഖ്യ. ഗ്രാമങ്ങളിലെ ജനസംഖ്യയില്‍ വര്‍ദ്ധനയുണ്ടെങ്കിലും നഗരജനസംഖ്യയെ അപേക്ഷിച്ച് കുറവാണ്. അന്ന് മൂന്നു സാധ്യതകളാണ് ഇതിന് കാരണമായി പറഞ്ഞത്. ഒന്ന് കുടിയേറ്റം, രണ്ട് സ്വാഭാവികമായ വര്‍ദ്ധന, മൂന്ന് വര്‍ദ്ധിക്കുന്ന നഗരവല്‍ക്കരണം. എന്നാല്‍ ഈ കാരണങ്ങളെല്ലാം മുന്‍ദശാബ്ദങ്ങളിലുമുണ്ടായിരുന്നു. ആകെയൊരു സാധ്യതയായി വിദഗ്ദ്ധര്‍ കണ്ടെത്തിയത് കുടിയേറ്റമായിരുന്നു. കാര്‍ഷികമേഖലയിലെ തകര്‍ച്ചയും കുടിയേറ്റവും തമ്മിലുള്ള ബന്ധം അത്രമാത്രം നിര്‍ണ്ണായകമാണ്. 1991-നും 2001-നും ഇടയില്‍ എഴുപതു ലക്ഷം കര്‍ഷകരാണ് കൃഷി ഉപേക്ഷിച്ചത്. അതായത് ശരാശരി ഒരുദിവസം രണ്ടായിരം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു.  ഇവരെല്ലാം നിത്യവൃത്തിക്കായി മറ്റു തൊഴിലുകള്‍ തേടി. മറ്റു നഗരങ്ങളിലേക്ക് കുടിയേറി. ഇപ്പോള്‍ കാര്‍ഷികവൃത്തി തുടരുന്ന രാജ്യത്തെ 42 ശതമാനം കര്‍ഷകര്‍ക്കും കൃഷി ചെയ്യാന്‍ താല്പര്യമില്ലെന്നും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന നഗരങ്ങളില്‍ കുടിയേറാനാണ് അവര്‍ക്ക് താല്പര്യമെന്നും വിദഗ്ദ്ധര്‍ പറയുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 48 ശതമാനം പ്രത്യക്ഷമായോ പരോക്ഷമായോ കാര്‍ഷികമേഖലയെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍, ജി.ഡി.പിയുടെ 15 ശതമാനം മാത്രമാണ് ഈ മേഖലയുടെ സംഭാവന. മൊത്തം ബജറ്റിന്റെ അഞ്ചു ശതമാനം പോലും ഈ മേഖലയുടെ ഗവേഷണത്തിനായി അനുവദിക്കാറില്ല. ഇങ്ങനെ കാര്‍ഷികമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന ക്രമേണ മെച്ചപ്പെട്ട കുടിയേറ്റത്തിനു വഴിതെളിക്കുകയായിരുന്നു. വിദര്‍ഭയിലും മറാത്തവാഡയിലും കര്‍ഷക ആത്മഹത്യകള്‍ കൂടിയപ്പോള്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് പൂനെയിലും മുംബൈയിലുമായി ദിവസക്കൂലിക്ക് തൊഴില്‍ തേടിയെത്തിയത്. നഗരങ്ങളിലും അവര്‍ക്ക് ജോലി കിട്ടാന്‍ പ്രയാസമായിരുന്നു. ഫാക്ടറികളിലോ നിര്‍മ്മാണ സൈറ്റുകളിലോ ആണ് മിക്കവര്‍ക്കും ജോലി കിട്ടിയത്. 2015-ല്‍ ബുന്ദേല്‍ഖണ്ഡില്‍നിന്നും ജോലി തേടി ഡല്‍ഹിയിലെത്തിയത് 18 ലക്ഷം പേരായിരുന്നു. ഇവരില്‍ ഭൂരിഭാഗവും കഴിഞ്ഞത് നിര്‍മ്മാണ സ്ഥലത്തിനടുത്തുള്ള കോളനികളിലായിരുന്നു. ഫ്‌ലൈഓവറുകള്‍ക്കടിയിലും റെയില്‍വേ സ്റ്റേഷനുകള്‍ക്കു മുന്നിലുമാണ് അവര്‍ രാത്രികള്‍ വെളുപ്പിച്ചത്. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ഉള്‍ഗ്രാമങ്ങളില്‍നിന്ന് ഇത്തരം കുടിയേറ്റങ്ങള്‍ വര്‍ഷം തോറും ഉണ്ടാകാറുണ്ടായിരുന്നു. മഴയില്ലാത്ത അവസരങ്ങള്‍ നഗരങ്ങളെ ആശ്രയിക്കുകയും മഴയുള്ളപ്പോള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നവരുണ്ട്. ജനസംഖ്യയുടെ അറുപതു ശതമാനവും കഴിയുന്ന ഗ്രാമങ്ങളില്‍ വരുമാനം ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ മോദി സര്‍ക്കാര്‍ അവഗണിച്ചതും കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 2014 മുതല്‍ 2019 വരെയുള്ള കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ മാത്രം 14,591 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രതിഷേധം ഭയന്ന് കര്‍ഷക ആത്മഹത്യകളുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നതുമില്ല. 

പാക്കേജിന്റെ നേട്ടം ആര്‍ക്ക്

ലോക്ക്ഡൗണ്‍ ഏപ്രില്‍ 14-ന് ശേഷവും തുടര്‍ന്നാല്‍ 6.9 കോടിയിലധികം വരുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടുമെന്നാണ് കണക്കാക്കുന്നത്. ഓള്‍ ഇന്ത്യന്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 19 മുതല്‍ 43 ശതമാനം വരെയുള്ള സ്ഥാപനങ്ങള്‍ ഇല്ലാതാകും. രാജ്യത്തെ 90 ശതമാനം തൊഴിലും ഈ മേഖലയിലാണ്. നാലു കോടിയാളുകള്‍ക്ക് തൊഴില് നല്‍കുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍ 1.2 കോടി പേര്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. 4.6 കോടി പേര്‍ ജോലി ചെയ്യുന്ന റീട്ടെയ്ല്‍ മേഖലയില്‍ ഒരു കോടിയിലധികം പേര്‍ക്ക് തൊഴിലില്ലാതായി. 100 കോടി ഡോളറിന്റെ രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗങ്ങളുടെ ഗണത്തില്‍ പോലും ഉള്‍പ്പെടാത്ത കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഇത് എത്രമാത്രം പ്രയോജനം ചെയ്യും. ഇന്‍ഷ്വറന്‍സും അരിയും ഗോതമ്പും വരെ സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 182 രൂപയില്‍നിന്ന് 202 രണ്ട് രൂപയാക്കി. എന്നാല്‍, അംസഘടിതരായ തൊഴിലാളികള്‍ക്ക് തിരികെ ജോലി ലഭിക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍കൊണ്ട് കഴിയുമോ എന്നതാണ് ചോദ്യം. ചെറുകിട വ്യാപാരമേഖലയെ രക്ഷിക്കാതെ ഇത്തരം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്താനാകില്ല. ഇവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍ സുരക്ഷയില്ല. കമ്പനികള്‍ പ്രതിസന്ധിയിലായതോടെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ആദ്യം പിരിച്ചുവിടുന്നവര്‍ ഇവരായിരിക്കും. ഇതൊഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ പറയുന്നു. 2011-ലെ സെന്‍സസ് കണക്ക് പ്രകരം ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ മൂന്നിലൊന്ന് അതായത് 13.9 കോടി തൊഴിലാളികളും മറ്റ് നാടുകളിലാണ് ജോലി ചെയ്യുന്നത്. കണക്കുകളില്‍പെടാത്തവര്‍ക്കും, അക്കൗണ്ടുകളില്ലാത്തവര്‍ക്കും എന്താണ് പാക്കേജുകള്‍ ശേഷിപ്പിച്ചിട്ടുണ്ടാവുക എന്നതാണ് പ്രശ്‌നം. കേവലമായ സാമ്പത്തിക പാക്കേജുകളുടെ പരിധിക്ക് പുറത്തായവരുടെ കൊറോണ കാല ജീവിതം കുടുതല്‍ സങ്കീര്‍ണ്ണവും തീവ്രവുമായിരിക്കുമെന്നതില്‍ സംശയമില്ല. ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്നവര്‍ ബോധ്യപ്പെടുത്തുന്നത് ആ യാഥാര്‍ത്ഥ്യം തന്നെയാണ്.

മുന്നൊരുക്കങ്ങളില്ലാതെ

അനിശ്ചിതത്ത്വങ്ങളുടെ പരമ്പരയ്ക്കൊടുവിലാണ് ഇന്ത്യയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യം കൊറോണ ബാധ സ്ഥിരീകരിച്ചത് ജനുവരി 30-നായിരുന്നു. അതിനു ശേഷം അന്‍പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. അതായത് ഇക്കാലയളവില്‍ മറ്റ് രാജ്യങ്ങളില്‍ രോഗവ്യാപനം നടക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന് ആലോചനകള്‍ക്ക് സമയം ലഭിച്ചിരുന്നു. മാര്‍ച്ച് 19-നാണ് ഞായറാഴ്ച ജനതാ കര്‍ഫ്യു പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന കര്‍ഫ്യുവിനൊടുവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ അന്ന് അതുണ്ടായില്ല. മാര്‍ച്ച് 20 മുതല്‍ 23 വരെ പല സംസ്ഥാന സര്‍ക്കാരുകളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 23-നാണ് കേരളത്തില്‍ മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളാകട്ടെ ഭാഗിക സഞ്ചാരനിയന്ത്രണങ്ങളും ഈ മൂന്നു ദിവസം ഏര്‍പ്പെടുത്തി. ഇറ്റലി, സ്പെയിന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ വ്യാപനം കൂടിയതോടെ പ്രധാനമന്ത്രി എട്ടു മണിക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 25 അര്‍ദ്ധരാത്രിയില്‍ അത് പ്രാബല്യത്തിലുമായി. ഒരു ലോക്ക്ഡൗണിനു രാജ്യവും സര്‍ക്കാരും തയ്യാറായിരുന്നില്ല. ലോക്ക്ഡൗണിനായി സര്‍ക്കാര്‍ രൂപം കൊടുത്ത ഇക്കണോമിക് ടാസ്‌ക് ഫോഴ്സ് നാലു ദിവസം പിന്നിട്ടിട്ടും രൂപീകരിക്കപ്പെട്ടില്ല. കുടിയേറ്റ തൊഴിലാളികളുടെ പലായനം നല്‍കുന്ന ദൃഷ്ടാന്തങ്ങളിലൊന്ന് നോട്ടുനിരോധനം പോലെ തയ്യാറെടുപ്പില്ലാതെ നടത്തിയ പ്രഖ്യാപനമായിരുന്നു ഈ ലോക്ക്ഡൗണും. രണ്ടും തമ്മില്‍ ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. നോട്ടുനിരോധനം അനിവാര്യമായ നടപടിയായിരുന്നില്ല. എന്നാല്‍, ലോക്ക്ഡൗണ്‍ അനിവാര്യമായിരുന്നു. 

ഏതൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത് 

1. എപ്പിഡിയോമോളജിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ദ്ധരും ഏകകണ്ഠമായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും രോഗികളെ കണ്ടെത്തണമെന്നും ഐസൊലേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പ്രയോഗത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായില്ല. ഇപ്പോഴും പ്രതിദിനം 12000 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തുന്നത്. അതുകൊണ്ടു തന്നെ എത്ര പേര്‍ക്ക് രോഗബാധയുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാനാകുന്നില്ല. ഇതിനു പുറമേ ഐ.സി.എം.ആര്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.

2. പല പുതിയ സ്ഥലങ്ങളിലും വിദേശയാത്ര നടത്തിയിട്ടില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യവ്യാപനമുണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഐ.സി.എം.ആറും ആരോഗ്യമന്ത്രാലയവും. എന്നാല്‍, ഇത് വിശ്വാസത്തിലെടുക്കാന്‍ വിദഗ്ദ്ധര്‍ തയ്യാറായിട്ടില്ല.

3. ഏഴു ലക്ഷം പി.പി.ഇ സ്യൂട്ടുകളും 60 ലക്ഷം എന്‍-95 മാസ്‌കുകളും ഒരുകോടിയിലധികം 3പ്ലേ മാസ്‌കുകളും രാജ്യത്തിന് ആവശ്യമുണ്ട്. എന്നാല്‍ ഇത് എന്ന് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

4. വന്‍തോതില്‍ ആവശ്യമുണ്ടെന്നറിഞ്ഞിട്ടും വെന്റിലേറ്ററുകളുടെയും ശ്വസനസഹായികളുടെയും കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചത് മാര്‍ച്ച് 24-ന് മാത്രമാണ്. 

5. വിതരണശൃംഖല തകര്‍ന്നതോടെ ഭക്ഷ്യവിതരണം തടസപ്പെട്ടു. സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായില്ല.

6. പല സംസ്ഥാനങ്ങള്‍ക്കും പൊലീസ് സേനകളിലുള്ള നിയന്ത്രണം നഷ്ടമായി. വ്യക്തമായ നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ നിരത്തിലിറങ്ങിയവരെ ക്രൂരമായി മര്‍ദിച്ചു.

ഇതിനൊക്കെ പുറമേയാണ് ദരിദ്രരുടെയും ദുര്‍ബലരുടെയും ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാകാഞ്ഞത്. സര്‍ക്കാരിന്റെ ഏറ്റവും ഗുരുതരമായ പരാജയം അതായിരുന്നു. ദിവസവേതനക്കാര്‍, സ്വയംതൊഴിലിലൂടെ ജീവിതം പുലര്‍ത്തിയിരുന്നവര്‍, ചെറുകിട സ്ഥാപനങ്ങള്‍ നടത്തിയിരുന്നവര്‍, തെരുവുകച്ചവടക്കാര്‍ എന്നിവരൊക്കെ ഒരൊറ്റ രാത്രി കൊണ്ട് നിസഹായരായി. നികുതിദായകരും വായ്പയെടുത്തവരും ആശങ്കയിലായി. മാര്‍ച്ച് 26-ന് ധനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത് വരെ അതു സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ലായിരുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുമെന്ന് പാക്കേജില്‍ പറഞ്ഞിരുന്നെങ്കിലും അവരില്‍ പണമെത്താനുള്ള വഴികള്‍ പറഞ്ഞില്ല. നികുതിയടവിനുള്ള തീയതി നീട്ടിയും ഇ.എം.ഐ അടവ് മാറ്റിവച്ചെങ്കിലും സാധാരണക്കാര്‍ അവഗണിക്കപ്പെട്ടു. കൊവിഡിനെതിരേയുള്ള പോരാട്ടം മഹാഭാരതയുദ്ധം പോലെയൊന്നാണെന്ന് പറഞ്ഞ മോദി അതിന്റെ നായകത്വവും ഏറ്റെടുത്തു. എന്നാല്‍, വിവിധ മേഖലകളിലുള്ളവരെ ടെലിഫോണില്‍ ബന്ധപ്പെടുന്ന പതിവ് പ്രചാരണപരിപാടി മാത്രമാണ് അദ്ദേഹം നടത്തിയത്. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈന, ഇറ്റലി, ഇറാന്‍, എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ 2000 പൗരന്‍മാരെ തന്റെ നേതൃത്വത്തില്‍ രക്ഷിച്ചെന്നാണ് പ്രധാനമന്ത്രിയുടെ പ്രചാരണം. എന്നാല്‍, തൊഴിലോ ഭക്ഷണമോ ഇല്ലാതെ പതിനായിരക്കണക്കിന് പേര്‍ നഗരങ്ങളില്‍നിന്ന് പലായനം ചെയ്യുമ്പോള്‍ അദ്ദേഹവും ഭരണപങ്കാളികളും തീര്‍ത്തും നിശ്ശബ്ദനായിരുന്നു. വിഭജനത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയതെന്ന് പറയപ്പെടുന്ന ഈ പാലയനത്തിന്റെ ഏറ്റവും വലിയ ദുരന്തം രണ്ട് മൂന്ന് ആഴ്ച കൊണ്ട് വടക്കേ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങള്‍ സാക്ഷിയാകേണ്ടിവരുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഒരു മുന്‍കരുതലും ഇല്ലാതെ ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകളെ അടച്ചിട്ട മോദി ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി വേറെ വഴിയില്ലെന്നും മാപ്പ് പറഞ്ഞും വിമര്‍ശനത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com