കൊറോണ; മിഥ്യാഭിമാനത്തിന്റെ ചളിക്കുണ്ടിലേക്കു ഒരു രാജ്യം നീങ്ങിപ്പോയതിന്റെ ആഗോള വ്യാപക ദുരന്ത ഫലം

കൊറോണ; മിഥ്യാഭിമാനത്തിന്റെ ചളിക്കുണ്ടിലേക്കു ഒരു രാജ്യം നീങ്ങിപ്പോയതിന്റെ ആഗോള വ്യാപക ദുരന്ത ഫലം

അവിടെയാണ് ഈ മഹാജനസാന്ദ്രതയും വെച്ചു ആരോഗ്യമേഖലയില്‍ ഇന്ത്യയും കേരളവും മാതൃകയാവുന്നത്

നുഷ്യന്‍ ചന്ദ്രനിലേക്കു കാലുകുത്തിയത് 1969-ലാണെങ്കില്‍, കൊറോണ വൈറസിനെ കണ്ടെത്തിയത് 1960-ലാണ്. ചന്ദ്രനില്‍ പിന്നെ കാലു കുത്തിയില്ല, കൊറോണയുടെ കാലു കൊത്തിയതുമില്ല. 60 വര്‍ഷം മുന്നേ, നമ്മളില്‍ പലരും ജനിക്കുന്നതിനു മുന്നേ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ കൊറോണയാണ് പല രൂപഭാവങ്ങളില്‍, ഒടുവില്‍ കൊവിഡ് 19 ആയി, അവതരിച്ചതായി ശാസ്ത്രം കണ്ടെത്തുന്നത്. കണ്ടെത്തലും തിരിച്ചറിവും രണ്ടാണ്. കണ്ടെത്തല്‍ ബുദ്ധിയുടെ കണക്കിലും തിരിച്ചറിവു വിവേകത്തിന്റെ കണക്കിലും വരവുവെക്കപ്പെടേണ്ടതാണ്. കണ്ടെത്തലുകളുടെ ധാരാളിത്തത്താല്‍ പരിഹരിക്കാവുന്നതല്ല തിരിച്ചറിവുകളുടെ ഇല്ലായ്മകളും വല്ലായ്മകളും കൊണ്ടു ചെന്നെത്തിച്ച ഒരു പ്രതിസന്ധി. 60 വര്‍ഷം മുന്നേ മനുഷ്യന്‍ കണ്ടെത്തിയ ഒരു വൈറസിന് ഇത്രമേല്‍ വലിയ ഒരാഘാതം മനുഷ്യരാശിക്കുമേല്‍ പതിപ്പിക്കാനായത് മറ്റെങ്ങനെയാണ്? ഒന്നുകില്‍ സംഭവ്യമായ അപകടങ്ങളെ നമ്മള്‍ അവഗണിച്ചു അല്ലെങ്കില്‍ നമ്മുടെ മുന്‍ഗണനകളെ അനര്‍ഹവും അവിഹിതവുമായ സര്‍വ്വതും അപഹരിച്ചു. മനുഷ്യ ശരീരത്തെ മാത്രമല്ല, ബോധമില്ലാത്ത ഭരണസംവിധാനങ്ങളുടേയും വിശ്വാസപ്രമാണങ്ങളുടേയും തത്ത്വദീക്ഷയില്ലാത്ത തത്ത്വചിന്തകളുടേയും അസ്തിത്വത്തെ കൂടിയാണ് കൊറോണ പിടിച്ചുലയ്ക്കുന്നത്.  

കൊറോണ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത് വിശ്വപ്രേമത്തിലൂന്നിയ ഒരു പുതിയ മാനവികതയുടെ ആവശ്യകതയെയാണ്, ജനാധിപത്യത്തിന്റേയും സോഷ്യലിസത്തേയും വീണ്ടെടുക്കേണ്ട സത്തയെയാണ്. മന്നവനെന്നോ യാചകനെന്നോ ഭേദമില്ലാതെ കൊറോണക്കു മുന്നില്‍ എല്ലാവരും സമന്മാര്‍ എന്നൊരു ഇക്വേഷനിലേയ്ക്കു കാര്യങ്ങളെത്തിയതു നാം കണ്ടു. രാജകുമാരനും പ്രധാനമന്ത്രിയും പ്രഭുവും പിച്ചക്കാരനും കൊറോണയുടെ പിടിയിലാവുന്ന ഒരു മോര്‍ബിഡ് സോഷ്യലിസം ആരോഗ്യകരമായ ഒരു സോഷ്യലിസത്തിലേക്കു വഴിതുറക്കട്ടെ.  ഓരോ ലോകമഹാ രോഗങ്ങളും വൈദ്യശാസ്ത്രത്തിനു മുന്നിലെ വെല്ലുവിളികള്‍ മാത്രമല്ല, സാമൂഹ്യ ശാസ്ത്രത്തിനു മീതെ സമര്‍പ്പിക്കപ്പെടുന്ന റീത്തുകള്‍ കൂടിയാണ്. ഇടുങ്ങിയ ദേശീയതയുടെ പ്രായോജകരുടെ ഷാവിയന്‍ ശൈലിയില്‍ പറഞ്ഞാല്‍, താന്‍ ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം തന്റെ നാടു സ്വര്‍ഗ്ഗമെന്നു വിശ്വസിക്കുന്നവരുടെ ബോധത്തിനു മീതെ, അതിരുകള്‍ കാക്കുന്ന തോക്കുകളറിയാതെയും മാപ്പുകള്‍ വകവെക്കാതെയും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന വൈറസ്, നമ്മെക്കൊണ്ടു പഠിപ്പിക്കുന്നത് വൈറസ് ബാധിതന്റെ റൂട്ടുമാപ്പാണ്. അതൊന്നുകൂടെ പഠിപ്പിക്കുന്നു. അതിര്‍ത്തികളില്‍ കാവലല്ല വേണ്ടത്, അതിരുകളില്ലാത്ത മാനവികതയുടെ കരുതലാണ്. കൊറോണ എന്നാല്‍ പ്രകാശവലയം എന്നര്‍ത്ഥം, ബോധത്തിന്റെ ഒരു കൊറോണയുടെ ഒരു കുറവാണ് ഇപ്പോള്‍ സത്യമായും ചോദ്യം ചെയ്യപ്പെടുന്നത്. 

ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ പലരും കൊട്ടിഘോഷിക്കുന്ന യുദ്ധോത്സുകമായ സ്വരാജ്യപ്രേമവും മതവിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊന്നും നമ്മെ മാനവികതയെന്ന ചരടില്‍ കോര്‍ക്കുന്നതായ ഒന്നും പഠിപ്പിച്ചില്ലെന്നു കാണാം. വസന്തത്തില്‍ ആര്‍ത്തുല്ലസിക്കാനും ദുരന്തത്തില്‍ അലമുറയിടാനും മാത്രമറിയുന്ന ഒരാള്‍ക്കൂട്ടമായി മാനവികതയെ അധഃപതിപ്പിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ ഇന്നു കൊറോണയെ കാണുന്നതു പോലെയാവണം പ്രകൃതി മനുഷ്യനെ നോക്കിക്കാണുന്നത് - ഭൂമിയിലെ സകലതിനെയും ആക്രമിക്കുന്ന ഒരു വൈറസായി. 

ബാങ്കോക്കിലെ ഒരു മാളിൽ ഭക്ഷണത്തിന് ഓർ‍ഡർ ചെയ്ത ശേഷം അകലം പാലിച്ചിരിക്കുന്നവർ/ഫോട്ടോ: എപി
ബാങ്കോക്കിലെ ഒരു മാളിൽ ഭക്ഷണത്തിന് ഓർ‍ഡർ ചെയ്ത ശേഷം അകലം പാലിച്ചിരിക്കുന്നവർ/ഫോട്ടോ: എപി

കൊവിഡും സാമൂഹിക ശാസ്ത്രവും 

ഈ മാസമാദ്യം കൊറോണ വൈറസ് ബാധിത ലോകത്തെ സംബോധന ചെയ്ത്, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ ലോകാരോഗ്യ സംഘടന പറഞ്ഞത് ലോകം ഇന്നുള്ളത് ഭൂപടത്തിലില്ലാത്ത എവിടെയോ ആണെന്നാണ്. World is in an unchartered territory എന്നതു കൃത്യമായ ഒരു വിലയിരുത്തലാണ്. വെറും 90000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് ഇങ്ങനെ നിരീക്ഷിച്ചത്. ഇതെഴുതുന്ന ദിവസം വരെയായി ലോകത്ത് 7,40,157 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതില്‍ 35,097 പേര്‍ മരിച്ചതായും രോഗബാധിതരില്‍ 1,56,838 പേര്‍ ആരോഗ്യം വീണ്ടെടുത്തതായും പറയുന്നത് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയാണ്. ജോണ്‍ ഹോപ്കിന്‍സ് ഡാറ്റ ഒരു കാര്യം വ്യക്തമാക്കുന്നു - മരണനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. മാത്രമാണ്. അപ്പോള്‍ ഒരു ചോദ്യം നിലനില്‍ക്കുന്നു, വന്‍ സാമ്പത്തിക ശക്തിയായ യു.എസ്സിനും ചൈനയ്ക്കും വന്‍വികസിത രാഷ്ട്രമായ ഇറ്റലിക്കും സ്പെയിനിനും ഒക്കെ എന്താണു സംഭവിച്ചത്? 

ഒരു ചതുരശ്ര കിലോമീറ്ററില്‍ 148 പേരാണ് ചൈനയില്‍, ഇറ്റലിയില്‍ 205 പേരാണ്. അമേരിക്കയുടെ ജനസാന്ദ്രതയാവട്ടെ, ചതുരശ്ര കിലോമീറ്ററില്‍ 36 പേരുമാണ്. സ്പെയിനിന്റേതാവട്ടെ 91 പേരും.
 
ഇന്ത്യയുടെ ജനസാന്ദ്രത 455-ലെത്തിനില്‍ക്കുന്നു. ഇന്ത്യയില്‍ത്തന്നെ കേരളത്തിലെ ജനസാന്ദ്രത, 2011-ലെ സെന്‍സസ് പ്രകാരം തന്നെ ഇതിനെല്ലാം മീതെയായി ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 പേരാണ്. ബ്രേക് ദി ചെയിന്‍ എന്നതു അത്രമാത്രം അര്‍ത്ഥവത്തായ ഒരു കാമ്പയിനാവുന്നതും അതുകൊണ്ടാണ്. ഇല്ലെങ്കില്‍ വൈറസ് കേരളവും കൊണ്ടുപോവും. അതറിയണമെങ്കില്‍ ചൈനയിലും ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലുമൊക്കെ സംഭവിച്ചതു നോക്കിയാല്‍ മതി. മാര്‍ച്ച് ആദ്യവാരത്തിലെ ലോകാരോഗ്യ സംഘടനയുടെ രേഖകള്‍ പ്രകാരം ആഗോള കൊവിഡ് 19 ജീവഹാനിയുടെ നിരക്ക് 3.4 ശതമാനമാവുമ്പോള്‍, മാര്‍ച്ച് 30-ന് ജര്‍മ്മന്‍ ഓണ്‍ലൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ ഡാറ്റ പ്രകാരം ഇറ്റലിയിലെ ജീവഹാനി 11.03 ശതമാനമാണ്, ചൈനയുടേത് 4.2 ശതമാനവും. അമേരിക്കയുടേത് 1.75 ശതമാനവും ഇന്ത്യയുടേത് 2.71 ശതമാനവുമാണ്. ഈ ജനസംഖ്യയും ജനസാന്ദ്രതയും വെച്ച് നമ്മള്‍ ഇവിടെ നിന്നെങ്കില്‍ ലോകത്തിനു നമ്മില്‍നിന്നും ഏറെ പഠിക്കാനുണ്ട്. 

ഇറ്റലിയിലെ കൂടിയ മരണനിരക്കിനു പിന്നാലെ പോയാല്‍, മരിച്ചവരിലേറെയും പ്രായമേറിയവരാണ്.     ഒരു കണക്കു പ്രകാരം 23 ശതമാനം ഇറ്റലിക്കാര്‍ 65 വയസ്സോ മുകളിലോ ഉള്ളവരാണ്. യൂറോപ്പിലെ ഏറ്റവും പ്രായമേറിയ വലിയ സമൂഹം തന്നെ ഇറ്റലിയിലാണ്. മരിച്ചവരില്‍ ഏറെ പേരും 80-നും 90-നും ഇടയില്‍ മറ്റു പല രോഗങ്ങളും ഉള്ളവരുമാണ്. ഇതെല്ലാം കൂട്ടിവായിച്ചാല്‍ നമുക്കു മനസ്സിലാക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. രോഗബാധിതരെ ലൈഫ് സപ്പോര്‍ട്ടിങ്ങ് നല്‍കി ആരോഗ്യം നശിക്കാതെ നോക്കാനുള്ള സംവിധാനമാണ് കാലം ആവശ്യപ്പെടുന്നത്, ജനസംഖ്യാനുപാതികമായി നമുക്ക് ഇല്ലാത്തതും അതുതന്നെയാണ്. ഇത്രയും നിസ്സാരമായ ജനസാന്ദ്രതയും സമ്പത്തും ഉള്ള രാഷ്ട്രങ്ങള്‍ ഈ ദുരവസ്ഥയിലേക്കു നീങ്ങുന്നുവെങ്കില്‍ ഭീകരമായ ജനസാന്ദ്രതയുള്ള നമ്മുടെ നാടിന്റെ ഗതി എന്താവും. അവിടെയാണ് പ്രതിരോധത്തിന്റെ സന്ദേശം, രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയുടേയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടേയും വിവേകപൂര്‍വ്വമായ വാക്കുകള്‍ക്കു നാം കാതോര്‍ക്കേണ്ടതും ആഹ്വാനം അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കേണ്ടതും. ജനസാന്ദ്രത വച്ചു മണിക്കൂറുകള്‍ തന്നെ മരണസംഖ്യ കുത്തനെ കൂട്ടുമെന്ന ഘട്ടത്തില്‍ ലോകജനസംഖ്യയുടെ 17.7 ശതമാനം ജനത അധിവസിക്കുന്ന ഒരു രാജ്യം അന്നുതന്നെ നിശ്ചലമാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും അതു അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കിയ ഫെഡറല്‍ സംവിധാനവും എല്ലാ ഇല്ലായ്മകളുടെയും നടുവില്‍ അന്യോന്യം ഊന്നുവടികളായി നിന്ന ഒരു ജനതയില്‍നിന്നും ലോകത്തിനു പഠിക്കാന്‍ ഏറെയുണ്ട്. 

ആരോഗ്യരംഗത്തെ നിക്ഷേപവും ആധുനികവല്ക്കരണവും ജനസംഖ്യയും പ്രായാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വിതരണവും ഒക്കെ നിര്‍ണ്ണായകമായ ഘടകങ്ങളാവുകയാണ്. അവിടെയാണ് ഈ മഹാജനസാന്ദ്രതയും വെച്ചു ആരോഗ്യമേഖലയില്‍ ഇന്ത്യയും കേരളവും മാതൃകയാവുന്നത്. പ്രകൃതിയെ സംബന്ധിച്ചിടത്തോളം മാരകമായ വൈറസായി മനുഷ്യനെ അടയാളപ്പെടുത്തേണ്ടിവരുന്ന കെട്ടകാലത്തിരുന്നു തെരുവുനായകളുടെ കാവുകളിലെ കുരങ്ങന്മാരുടെ ജീവിതം കൂടി ചേര്‍ത്തുപിടിച്ചുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മാറേണ്ട ലോകത്തിനുള്ള സന്ദേശം കൂടിയാണ്. 

കൊറോണ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, വെല്ലുവിളികളും 

മറ്റെല്ലായിടത്തുമെന്നപോലെ ചൈനയിലെ വിദ്യാലയങ്ങള്‍ തൊട്ടു വന്‍കിട വ്യാവസായിക സ്ഥാപനങ്ങള്‍ വരെയും ബഹുരാഷ്ട്ര ഭീമന്‍മാരായ ടൊയോട്ട, ഫോക്സ്വാഗണ്‍, ആപ്പിള്‍, മക്ഡൊണാള്‍ഡ്സ്, സ്റ്റാര്‍ബക്‌സ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങളാണ് ദശലക്ഷക്കണക്കിന് ആളുകള്‍ ക്വാറന്റൈനിലായതോടെ അവതാളത്തിലായത്. 

അമേരിക്കയും യൂറോപ്യന്‍ മാധ്യമങ്ങളും പ്രവചിക്കുന്ന രീതിയിലുള്ള ഒരു കരകയറാനാവാത്ത ദുരിതക്കെണിയൊന്നും സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ മൈക്കേല്‍ സ്പെന്‍സ് പ്രൊജക്ട് സിണ്ടിക്കേറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നില്ല. സമാന ദുരന്ത ചരിത്രങ്ങളെ അവലോകനം ചെയ്ത് അദ്ദേഹം പ്രവചിക്കുന്നത് ഹ്രസ്വകാലത്തേക്കുള്ള ഒരു തിരിച്ചടിയാണ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പരാജയത്തിനൊന്നും സാധ്യതയില്ല. ജി.ഡി.പിയില്‍ രണ്ടുമുതല്‍ നാലു ശതമാനം വരെ കുറവ് രോഗം മൂര്‍ച്ഛിക്കുന്ന കാലത്തുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറിച്ച് അദ്ദേഹം കാണുന്നതു ചൈനയ്ക്കു പുറത്തെ ടൂറിസം മേഖലയുടെ തകര്‍ച്ചയെയാണ്. കൊറോണ സന്ദര്‍ശിക്കാത്ത രാഷ്ട്രങ്ങള്‍ക്കു കൂടി സംഭവിക്കാന്‍ പോവുന്നതു വിനോദസഞ്ചാര മേഖലയിലെ വന്‍ നഷ്ടമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. 

എന്തുകൊണ്ടു ചെറിയ ശതമാനം ജീവനാശ സാധ്യതയുള്ള ഒരു രോഗം ലോകത്തു ഇത്രയും പേരുടെ ജീവനെടുത്തു എന്നു ചിന്തിക്കുമ്പോഴാണ് ആരോഗ്യമേഖലയുടെ വികസനത്തില്‍ ആഗോളീകരണത്തിനും സാമൂഹിക ബോധത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും ഒക്കെ എന്തുമാത്രം പങ്കുണ്ടെന്നു മനസ്സിലാവുക. വര്‍ഗ്ഗശത്രുക്കളുടെ ഉന്മൂലനം പോലെ എളുപ്പമല്ല വൈറസുമായുള്ള മല്‍പ്പിടുത്തമെന്നു ചൈന മനസ്സിലാക്കിയിരിക്കണം. ആരോഗ്യം വിലയ്ക്കു വാങ്ങാവുന്നതല്ല, അതു ഔദാര്യവുമല്ല, ജനതയുടെ അവകാശമാണെന്നു ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്കു തീറെഴുതുന്നവരും മനസ്സിലാക്കണം. വികസനം പുറംമോടി മാത്രം കാണിക്കുമ്പോള്‍ ഉള്‍ക്കരുത്തു വെളിവാക്കുക ദുരന്തങ്ങളാണ്. കഴിഞ്ഞ ഡിസംബറില്‍ത്തന്നെ കൊറോണയെപ്പറ്റി രാഷ്ട്രത്തിനു മുന്നറിയിപ്പു നല്‍കിയ കേവലം 34-കാരനായ ഡോ. ലി വെന്‍ലിയാങിനു സംഭവിച്ചതെന്താണ്? വൈറസ് ബാധയെ തുടര്‍ന്നു അദ്ദേഹം മരിച്ചു എന്നു പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അല്പസമയത്തിനുശേഷം വാര്‍ത്ത പിന്‍വലിക്കുന്നു, ട്വിറ്ററില്‍നിന്നും വാര്‍ത്ത മുക്കുന്നു. പകരം ലീ മരണവുമായി മല്ലടിക്കുന്നു എന്നു പുതിയ വാര്‍ത്ത വരുന്നു. അടുത്ത ദിവസം രാവിലെ പീപ്പില്‍സ് ഡെയ്ലി മരണം സ്ഥിരീകരിക്കുന്നു. വ്യാപകമായ സൈബറിടത്തെ പ്രതിഷേധങ്ങള്‍ കൈവിട്ടുപോവുമെന്ന അവസ്ഥയില്‍ മാത്രമാണ് പീപ്പിള്‍സ് ഡെയ്ലി ദേശീയ ദുഃഖം ട്വീറ്റു ചെയ്തത്. വൈറസിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയ, മാസ്‌ക് ധരിക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ട ലീയോട് ഭരണകൂടം ചെയ്തതെന്താണ്? അപവാദപ്രചരണം ആരോപിച്ചു പൊലീസ് തടങ്കലിലാക്കി.  അന്നു ലീയുടെ വാക്കുകളെ കുഴിച്ചുമൂടാതെ അതിലെ സത്യത്തെ ഉള്‍ക്കൊള്ളാന്‍ ആ ഭരണകൂടം തയ്യാറായിരുന്നുവെങ്കില്‍ ലോകത്തിനു ഈ ഗതി വരില്ലായിരുന്നു. രാഷ്ട്രങ്ങള്‍ പുതിയ ലോകങ്ങളിലേയ്ക്കു വളരുമ്പോള്‍ മിഥ്യാഭിമാനത്തിന്റെ ചളിക്കുണ്ടിലേക്കു ഒരു രാജ്യം നീങ്ങിപ്പോയതിന്റെ ആഗോളവ്യാപകമായ ദുരന്തഫലമാണ് നമ്മള്‍ കാണുന്നത്. 

തന്റെ ജീവിതംകൊണ്ടു ലോകത്തിനു മുന്നറിയിപ്പു നല്‍കിയ ധീരനെന്നു ലീയെക്കുറിച്ചു ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വൈബോയില്‍ കുറിച്ചിട്ടത് ഒരു സഹപ്രവര്‍ത്തകന്‍. പൊതുപണത്താല്‍ കൊഴുത്തുതടിച്ചവരേ നിങ്ങള്‍ ഒരു ഹിമപാതത്തില്‍ തീര്‍ന്നുപോവട്ടെ എന്ന ഒരാളുടെ ശാപവാക്കുകളാവട്ടെ, പിന്നീടു സെന്‍സര്‍ ചെയ്യപ്പെട്ടു. ഗുണികളൂഴിയില്‍ നീണ്ടുവാഴാ എന്ന ആശാന്റെ തത്ത്വചിന്താപരമായ വാക്കുകളെ അനുസ്മരിപ്പിക്കുന്ന - നല്ലവര്‍ അധികകാലമില്ല, ദുഷ്ടരാവട്ടെ, സംവത്സരങ്ങളോളം എന്നു ഉരുകുന്ന മെഴുകുതിരിയുടെ ഇമോജിയോടൊപ്പം കുറിച്ചിട്ടതു മറ്റൊരാള്‍. ഏകാധിപത്യ കേന്ദ്രിതമായ അധികാരഘടനയിലെ പരിമിതമായ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ആരോഗ്യമേഖലയുടെ ഇരയാണ് ലീ, അതിന്റെ ദുരന്തമാണ് ചൈനയ്ക്കകത്തും പുറത്തും ഇന്നു കാണുന്നത്. ഇവിടെയാണ് ജനാധിപത്യത്തിന്റേയും സ്വയംഭരണാവകാശത്തിന്റേയും മഹത്വം. ഓര്‍ക്കുന്നുണ്ടാവാം പലരും, ലിയൂ സിയാബോവിന് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചൈന അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു ക്രിമിനലെന്നാണ്. അതായത് ഇന്ത്യയിലെ ദാവൂദ് ഇബ്രാഹിമിന്റെയൊക്കെ സ്ഥാനം. അന്നു സ്വേച്ഛാധിപത്യരോഗത്തെക്കുറിച്ചു സൂചിപ്പിച്ച ലിയുവിനെതിരെയും ഇന്നു കൊറോണയെക്കുറിച്ചു സൂചിപ്പിച്ച ലീയോടുമുള്ള ഭരണകൂട സമീപനം ഒന്നുതന്നെയാണ്. രണ്ടു കൂട്ടര്‍ക്കും ഒരേ ഗതി. അനുഭവിക്കാന്‍ ലോകവും. 

നമ്മുടെ സോഷ്യല്‍ മീഡിയ വരെ കൊട്ടിഘോഷിച്ചത് ചില്ലറ ദിവസങ്ങള്‍ക്കകം ചൈന റൊബോട്ടുകള്‍ ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്ന അത്യുഗ്രന്‍ ആശുപത്രി വുഹാനില്‍ തീര്‍ത്ത കാര്യമാണ്. ലോകത്തെവിടെയും ഒരു നിര്‍മ്മാണക്കമ്പനിക്കു സാധ്യമാവുന്ന സംഗതി മാത്രമാണത്. കെട്ടിടം കെട്ടിപ്പടുക്കലല്ല ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യമേഖല കെട്ടിപ്പടുക്കല്‍. ഇവിടെനിന്നു ചൈനയില്‍ പോയി മിനിമം 50 ശതമാനം മാര്‍ക്കിന്റെ ഊക്കില്‍ ഡോക്ടറായി മാനസാന്തരപ്പെട്ടവരുടെ ചികിത്സയുടെ ഗുണം ഇനി നമ്മള്‍ കണ്ടറിയാന്‍ പോവുന്നേയുള്ളൂ. പണ്ടു യു.എസ് തുമ്മിയാല്‍ ലോകം പകര്‍ച്ച ഭയക്കണം എന്ന ലോകക്രമത്തില്‍ മാറ്റമുണ്ടാക്കിയത് ചൈനയുടേയും ഇന്ത്യയുടേയും വളര്‍ച്ചയാണ്. പശ്ചാത്യലോകമായി വ്യാപാര വിനോദസഞ്ചാര മേഖലകളില്‍ സമ്പര്‍ക്കമുള്ള ചൈന വൈറസ് ബാധ മൂടിവച്ചതു സ്വന്തം ഇമേജിന്റെ സംരക്ഷണത്തിനു വേണ്ടിയാണെങ്കില്‍ ആ വിവേകമില്ലായ്മ രോഗഗ്രസ്തമാക്കിയത് ലോകത്തെത്തന്നെയാണ്. ഇറ്റലി കൂടുതലായി അനുഭവിച്ചുകൊണ്ടിരിക്കുന്നു, അമേരിക്കയും ബാക്കി രാഷ്ട്രങ്ങളും നമ്മളുമെല്ലാം ഇരകളാവുന്നു.  കൊറോണ നമ്മുടെ അതിര്‍ത്തികളുടെ നിസ്സാരതയെപ്പറ്റിയും പഴയ ഇരുമ്പുമറകളുടെ ബലഹീനതകളെപ്പറ്റിയും കൂടിയാണ് നമ്മളോടു സംവദിക്കുന്നത്. ആരോഗ്യരംഗത്തെ കുതിച്ചുചാട്ടങ്ങളുടെ ആഗോളസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലെന്ന തിരിച്ചറിവിന്റെ 'പ്രകാശവലയം' പുതിയ സുതാര്യതയുടെ ലോകക്രമത്തിലേക്കു ചൈനയെ നയിക്കാനുള്ള ഉള്‍പ്രേരകമാവുമോ എന്നു നോക്കാം. ചൈനീസ് മാധ്യമങ്ങള്‍ സേവിക്കേണ്ടത് പാര്‍ട്ടിയെ അല്ല, ചൈനയെയാണ് എന്നു ഒരിക്കലെഴുതിയ മഹാകുറ്റത്തിനു വ്യവസായിയും ചിന്തകനുമായ പാര്‍ട്ടിമെമ്പറുമായ റെന്‍ സിഖിയാങ്ങിനെ 2016-ല്‍ ചൈന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നതിനു വിലക്കി പ്രൊബേഷനിലിട്ടുരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പ്രൊബേഷനെ വെല്ലുവിളിച്ചു രംഗത്തുവന്നു, എഴുതി - ചക്രവര്‍ത്തിയായി തുടരാന്‍ വാശിപിടിക്കുന്ന വിവസ്ത്രനാക്കപ്പെട്ട കോമാളിയാണ് ക്സീ ജീംങ്പിങ്. അതോടെ ആളെപ്പറ്റിയുള്ള വിവരം ലോകത്തിനില്ല, ആ പശ്ചാത്തലത്തിലാണ് ചൈനയിലെ പാര്‍ട്ടിമെമ്പര്‍മാരുടെ ജിംങ്പിങിനെ തുറന്നുകാട്ടി മാറ്റണമെന്നാവശ്യപ്പെടുന്ന തുറന്നകത്തു പ്രസക്തമാവുന്നത്. 

ദിവസങ്ങള്‍ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍, അമേരിക്ക പരസ്യമായി കൊറോണയെ ചൈനീസ് കുങ്ഫ്ലൂവെന്നു ചൈനീസ് വൈറസെന്നും വിശേഷിപ്പിച്ചു. ഇറാഖോ ലിബിയയോ അല്ലെന്ന ബോധ്യത്താലാവണം വാര്‍ ഓണ്‍ കുങ്ഫ്ലൂ വേണ്ടെന്നു വച്ചതു. പകരം അങ്ങനെയൊരു ചര്‍ച്ചയുടെ സാധ്യതയും അനന്തരം മാനം കപ്പലുകയറുന്ന അവസ്ഥയേയും വിദഗ്ദ്ധമായി ഒഴിവാക്കാന്‍ ട്രംപ് ജിങ്പിങ് ചര്‍ച്ചയിലൂടെ വൈറസിന്റെ പ്രഭവകേന്ദ്രമായി ഇറ്റലിയെ സംയുക്തമായി കണ്ടെത്തി. ആര്‍ക്കിയോളജിയാണ് വിഷയമെങ്കില്‍ ആര്‍ക്കിയോളജിസ്റ്റുകളുടേതാവണം അവസാന വാക്ക്. വൈറസാണ് വിഷയമെങ്കില്‍ ശാസ്ത്രജ്ഞരുടേതാവണം അവസാന വാക്ക്. പ്രഭവ കേന്ദ്രം അവര്‍ കണ്ടെത്തട്ടെ എന്നാര്‍ക്കും തോന്നിയതുമില്ല. 

അമേരിക്കയിലെ സാൾട്ട്ലേക്ക് ന​ഗരത്തിലെ ലാബിൽ കോവിഡ് 19ന്റെ ടെസ്റ്റ് കിറ്റിനുള്ള മരുന്നുകൾ നിർമിക്കുന്ന ടെക്നീഷ്യൻ
അമേരിക്കയിലെ സാൾട്ട്ലേക്ക് ന​ഗരത്തിലെ ലാബിൽ കോവിഡ് 19ന്റെ ടെസ്റ്റ് കിറ്റിനുള്ള മരുന്നുകൾ നിർമിക്കുന്ന ടെക്നീഷ്യൻ

വൈറസ് ബാധിത സമ്പദ്‌രംഗം 

അമേരിക്കന്‍ മാധ്യമങ്ങള്‍ ലോകത്തെ രണ്ടാമതു സാമ്പത്തിക ശക്തിയായ ചൈന നേരിടുന്ന തിരിച്ചടിയെ പറ്റി വാചാലമാവുന്നുണ്ട്. സാമ്പത്തിക ശക്തികളൊന്നും ഒറ്റപ്പെട്ട ഒരു തുരുത്തല്ല, മറിച്ച് ഇടപാടുകളുടേയും വിനിമയങ്ങളുടെയും ഇടനാഴികളും നടപ്പാതകളുമാണ്. ലോകക്രമങ്ങളെ തന്നെ സ്വാധീനിക്കാനുള്ള ശേഷി കൈവരുമ്പോഴുമാണ് ഒരു രാഷ്ട്രം നിര്‍ണ്ണായക സാമ്പത്തിക ശക്തിയായി അംഗീകരിക്കപ്പെടുന്നത്. അതിന്റെ വാക്കുകള്‍ക്കു ലോകം കാതോര്‍ക്കുന്നത്. അത്രമാത്രം ദുര്‍ബലമല്ല ചൈനയുടെ സാമ്പത്തികരംഗം എന്നു മൈക്കേല്‍ സ്പെന്‍സ് വ്യക്തമാക്കുന്നുണ്ട്. 

വ്യാപാരബന്ധങ്ങളും വിനോദസഞ്ചാര മേഖലകളും ഊടും പാവും നെയ്യുന്ന പരസ്പരബന്ധങ്ങളാണ് രാഷ്ട്രങ്ങള്‍ തമ്മില്‍.  ലോകം ഒരു കുടുംബമാണെങ്കില്‍ രാഷ്ട്രം അതിലൊരു വ്യക്തിയാണ്. ഒരു വ്യക്തിക്കു മാത്രമായി കുടുംബത്തില്‍ ഒരു തകര്‍ച്ചയില്ലാത്തതുപോലെ ചൈനയ്ക്കു മാത്രമായോ അമേരിക്കയ്ക്കു മാത്രമായോ ഇറ്റലിക്കുമാത്രമായോ ലോകത്തു ഒരു തകര്‍ച്ചയുമില്ല. ഉദാഹരണമായി ചൈനയിലെ വ്യവസായ ശാലകളത്രയും ആശ്രയിക്കുന്ന അസംസ്‌കൃത വസ്തുക്കളത്രയും പുറത്തുനിന്നുള്ളതാണ്. ചൈനയിലെ ഫാക്ടറികള്‍ അംഗോള, സിയറ ലിയോണ്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള എണ്ണയേയും മറ്റു ചരക്കുകളെയും ആശ്രയിക്കുന്നു. ആപ്പിള്‍ ഐഫോണുകള്‍, ഷെവര്‍ലെ കാറുകള്‍, സ്റ്റാര്‍ബക്‌സ് കോഫികള്‍ എന്നിവയോടുള്ള ചൈനീസ് പ്രണയം പ്രസിദ്ധവുമാണ്. ചൈനയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളത്രയും ആശ്രയിക്കുന്നത് ബ്രസീലിലോ ഓസ്ട്രേലിയയിലോ ഖനനം ചെയ്യുന്ന ഇരുമ്പയിരിനേയും അതുപയോഗിച്ചു നിര്‍മ്മിച്ച ഉരുക്കിനേയുമാണ്. 

ചൈനയുമായി വന്‍തോതില്‍ ഇരുമ്പയിര്‍ വ്യാപാരമുള്ള ഓസ്‌ട്രേലിയയുടെ ഓഹരി വിപണി കഴിഞ്ഞ ദിവസങ്ങളില്‍ കാഴ്ചവെച്ചത് മഹാമോശം പ്രകടനമാണെന്നു മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ചൈനീസ് വിപണിയെ വളരെയധികം ആശ്രയിക്കുന്നവരാണ് ജര്‍മ്മനിയുടെ വാഹന നിര്‍മ്മാതാക്കള്‍, അവരുടെ വില്പനയില്‍ വന്‍ ഇടിവാണ് നേരിടുന്നത്. ദ്രവീകൃത പ്രകൃതിവാതക - എണ്ണ ഉപഭോഗത്തില്‍ ചൈന വരുത്തിയ കുറവ് വളരെയധികം വലച്ചത് മധ്യകിഴക്കന്‍ എനര്‍ജി പ്രൊഡ്യൂസേഴ്സിനെയാണെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അങ്ങനെ വരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി കൊവിഡ് ബാധിത രാഷ്ട്രങ്ങള്‍ക്കു മാത്രമായി പരിമിതമാവുന്നില്ല. നേരിട്ട് അനുഭവിക്കേണ്ടത് അതതു രാഷ്ട്രങ്ങളാണെങ്കിലും പരോക്ഷമായി അതു ലോകത്തെ മുഴുവന്‍ ബാധിക്കുന്നതാണ്. ഇത്തരമൊരു ദുരന്തം ആഗോള മാനവികതയെത്തന്നെ പിടിച്ചുലയ്ക്കുമ്പോള്‍ തീര്‍ച്ചയായും തിരുത്തപ്പെടേണ്ടത് നമ്മുടെ പ്രാദേശികമായ ബോധ്യങ്ങളാണ്. 

ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് മൂന്നാഴ്ചത്തെ ലോക്ഡൌണ്‍ ആണ്. വികസിത രാജ്യങ്ങള്‍ എത്തിനില്‍ക്കുന്ന ദുരവസ്ഥയുടെ പശ്ചാത്തലത്തില്‍, ഭീമമായ ജനസംഖ്യയും സാന്ദ്രതയുമായി നില്‍ക്കുന്ന നമ്മുടെ ഏറ്റവും ഉചിതമായൊരു തീരുമാനം തന്നെയത്. നമ്മുടെ ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ക്കായുള്ള ഗ്രാന്റുകളുടെ അപര്യാപ്തയെപ്പറ്റി, ജനസംഖ്യാനുപാതികമായ ചികിത്സാ സൗകര്യങ്ങളെപ്പറ്റി, ആ മുന്‍ഗണനകളെയെല്ലാം അട്ടിമറിച്ചു അവിരാമം തുടരുന്ന പല മേഖലകളിലേയും കൊള്ളകളേയും കടുംവെട്ടുകളേയും പറ്റിയൊക്കെയുള്ള ചിന്തകളുടെ ലോക്കപ്പ് കൂടിയാവണം ലോക്ഡൗണ്‍ ദിനരാത്രങ്ങള്‍. 

വൈറസ് ബാധിത ആത്മീയലോകം 

''ചവുട്ടിമെതിക്കപ്പെടുന്നവരുടെ ചുടുനെടുവീര്‍പ്പും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത അവസ്ഥകളുടെ ആത്മാവുമാവുമാണ് മതം. അതു ജനങ്ങളുടെ കറുപ്പ് ആണ്.''  മാര്‍ക്‌സിന്റെ മുഴുവന്‍ നിരീക്ഷണം അതാണ്. ദൗര്‍ഭാഗ്യവശാല്‍ അവസാനഭാഗം മാത്രമേ പലയിടത്തും കാണാറുള്ളൂ. കറുപ്പ് വേദനാസംഹാരികൂടിയാണ്, മയക്കിക്കിടത്തുന്നത് വേദനകളില്‍ നിന്നുകൂടിയാണ്.  ആഗോളമായ ഇന്നത്തെ ആശയക്കുഴപ്പത്തിലും ദുരിതക്കയത്തിലും മതം ആശ്വാസത്തിന്റെ ഉറവിടമാകുമെന്ന് കരുതപ്പെടുന്ന ലോകത്ത് മതങ്ങള്‍ ആത്മീയ സേവനങ്ങള്‍ ഏതാണ്ടു മുഴുവനായും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി തോന്നാം. ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും ആത്മീയവ്യാപാരങ്ങള്‍ ആത്മീയസേവനങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടതില്‍നിന്നുമാണ് ആയൊരു തോന്നല്‍ ഉണ്ടാവുന്നത്. യഥാര്‍ത്ഥമായ ആത്മീയതയും പ്രാര്‍ത്ഥനയും എന്തെന്ന തിരിച്ചറിവുണ്ടാവേണ്ട വേള കൂടിയാണിത്. 
ആഗോളതലത്തില്‍ മതസംഘടനകളുടെ ദുരിതാശ്വാസ വിഭാഗങ്ങള്‍ കൊറോണവ്യാപനം തടയുന്നതിനുള്ള സാനിറ്റൈസറും മറ്റു സാധനസാമഗ്രികളുമായി പ്രാര്‍ത്ഥനായോഗങ്ങള്‍ മാറ്റിവച്ചു ശാസ്ത്രലോകത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സ്വന്തം ജനതയുടെ മേല്‍ ദൈവത്തിന്റെ രോഗശാന്തി തേടി അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2020 മാര്‍ച്ച് 15 ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. ഇന്നു കണ്ടത് മാര്‍പ്പാപ്പ വത്തിക്കാന്റെ ചരിത്രത്തിലാദ്യമായി തനിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. ആത്മീയവ്യാപാരങ്ങളുടെ ലോകം ലോകനന്മാര്‍ത്ഥമുള്ള പ്രാര്‍ത്ഥനകളുടേതാവട്ടെ. ആത്മീയയുടേയും ആത്മീയവ്യാപാരത്തിന്റേയും അതിരുകള്‍ കാണിച്ചു നല്‍കിയിട്ടാവും കൊറോണ കടന്നുപോവുക. 

ജീവനില്ലാത്ത വാക്കുകളിലും പ്രത്യയശാസ്ത്രങ്ങളിലും തളച്ചിടാനാവാത്തതാണ് രാഷ്ട്രങ്ങളേയും സംസ്‌കാരങ്ങളേയും ചേര്‍ത്തുനിര്‍ത്തുന്ന മാനവികതയുടെ ബോധം. അങ്ങ് ചൊവ്വയേയും ശനിയേയും വരെ വരച്ചവരയില്‍ നിര്‍ത്തുന്നവരും സ്വര്‍ഗ്ഗത്തിന്റെ അപദാനങ്ങളുമായി മന്ദബുദ്ധികളെ തേടിനടക്കുന്നവരുമെല്ലാം ഇന്നു സാനിറ്റൈസറിനെ തീര്‍ത്ഥജലവും പുണ്യജലവുമൊക്കെയായി കാണുകയാണ്. 70 ശതമാനത്തിലേറെ ആല്‍ക്കഹോളുള്ള സാനിറ്റൈസര്‍ മാത്രമേ ഉപയോഗിച്ചിട്ടു കാര്യമുള്ളൂ എന്നു വന്നപ്പോള്‍, കൂട്ട പ്രാര്‍ത്ഥനകള്‍ വേണ്ടെന്നു വച്ചോളാന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചപ്പോള്‍ എനിക്കതു പറ്റില്ല, പകരം സ്വര്‍ഗ്ഗമായിക്കോട്ടെ എന്നൊന്നും ഒരു മതാചാര്യനും പറഞ്ഞതായി അറിവില്ല. കൊട്ടിഘോഷിക്കുന്ന പരലോകസ്വര്‍ഗ്ഗം വേണ്ട, വേണ്ടതു ചികിത്സയും പ്രതിരോധവുമാണെന്ന തീരുമാനത്തിലേക്കു വിശ്വാസികളും ആത്മീയ നേതാക്കളുമെല്ലാം എത്തിയെങ്കില്‍ അതു ബോധ്യപ്പെടുത്തുന്നതു ആത്മീയവ്യാപാരാചാരങ്ങളുടെ നിരര്‍ത്ഥകതയും വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളും തന്നെയാണ്. അതിത്രമേല്‍ അനുഭവവേദ്യമാക്കിയ മറ്റൊരു അവസരം അടുത്തകാലത്തുണ്ടായിട്ടില്ല. 

വിശ്വാസം ചോദ്യങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്നതു മുതലെടുത്ത് ഞാനിതു പണ്ടേ പ്രവചിച്ചതാണെന്നു പറഞ്ഞു ലജ്ജാലേശമന്യേ പ്രത്യക്ഷപ്പെടുന്ന ആത്മീയവ്യാപാരികളുടെ വിപണിചൂഷണ കാലം കൂടിയാണിത്. ആ വീഡിയോ വൈറലാവുകയും ഈ വിവരം പണ്ടേ അറിഞ്ഞതാണെങ്കില്‍, വിവരം മറച്ചുവെച്ച കുറ്റത്തിനു പിടിച്ചകത്തിടേണ്ടതല്ലേ എന്ന ചോദ്യം വൈറലാവാതിരിക്കുകയും ചെയ്യുന്നത് വിശ്വാസങ്ങള്‍ വേണ്ടതിലധികവും ബോധം ദാരിദ്ര്യരേഖയ്ക്കു താഴെയുമായതുകൊണ്ടാണ്. 

അതിരുകളറിയാത്ത ആഗോളദുരന്തമായ കൊറോണ അതിരുകളില്ലാത്ത ഒരു ആഗോള ഐക്യത്തിന്റേതായ സന്ദേശവും നല്‍കുന്നുണ്ട്. ആ ചുവരെഴുത്തു നാം വായിച്ചെടുക്കണമെന്നു മാത്രം. എല്ലാ മതങ്ങളും ആചാരങ്ങള്‍ മാറ്റിവച്ചതു കൊറോണയ്ക്കു മുന്നിലാണ്. കൊടികള്‍ക്കു കീഴിലെ ദ്രവിച്ച ആചാരങ്ങള്‍ കൂടി മാറ്റിവച്ചാല്‍ കിട്ടുന്നതു പുതിയൊരു ലോകമാണ്. പരാജയങ്ങള്‍ മാത്രമല്ല, ദുരന്തങ്ങളും പുതിയ അവസരങ്ങളുമായി എത്താറുണ്ട്. 

Reference

https://coronavirus.jhu.edu/map.html
https://www.statista.com/statistics/1105914/coronavirus-death-rates-worldwide/
https://data.worldbank.org/indicator/EN.POP.DNST
http://spb.kerala.gov.in/Economic Review2016/web/chapter01_01.php
https://www.telegraph.co.uk/global-health/science-and-disease/coronavirus-whistleblower-doctor-feared-dead-wuhan/?fbclid=IwAR2j21Ulkksd2PXjDaWyRaVgqe7W4KlwwXYyHGD0sl4saG_W6-Vu832CRYc
https://www.project-syndicate.org/commentary/china-economy-coronavirus-resilience-by-michael-spence-2020-02
https://www.livescience.com/why-italy-coronavirus-deaths-so-high.html
https://en.wikipedia.org/wiki/Open_Letter_asking_Xi_Jinping_to_Resign
https://www.nytimes.com/2020/03/14/world/asia/china-ren-zhiqiang.html
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com