'രക്തസാക്ഷികളെ സ്മരിക്കാതെ പ്രതിരോധത്തിന്റെ പാഠശാലകള്‍ നമുക്കു നിര്‍മ്മിക്കാനാവില്ല'

രക്തസാക്ഷികളുടെ രാജകുമാരന്‍ ഭഗത്സിംഗിന്റെ 89-ാം രാക്ഷസാക്ഷിത്വ ദിനമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 23
'രക്തസാക്ഷികളെ സ്മരിക്കാതെ പ്രതിരോധത്തിന്റെ പാഠശാലകള്‍ നമുക്കു നിര്‍മ്മിക്കാനാവില്ല'

ഭൂമിയുടെ ഘടികാരത്തില്‍ മാര്‍ച്ച് 23 മുഴങ്ങുന്നു. ഹതാശമായ സായാഹ്നത്തില്‍ പുതുമഴ വീഴുന്നു...

12 വയസ്സായ ഒരു കുട്ടി ജാലിയന്‍വാലാബാഗ് നോക്കിനില്‍ക്കുന്നു. അവന്റെ കാതില്‍, തലേന്നത്തെ തോക്കുകളും ഗര്‍ജ്ജനങ്ങളും രക്തദാഹിയായ പടനായകന്റെ കല്പനകളും കരിഞ്ചിറകുകള്‍ വീശി മുരണ്ടു നടക്കുന്നു. മണലിലെ ഓരോ രക്തക്കട്ടയും ഓരോ ചോരക്കണ്ണായി അവനെ ഉറ്റുനോക്കുന്നു. അവന്റെ കൊച്ചുഹൃദയം ഒരു വെടിയുണ്ടപോലെ കനത്തു പുകയുന്നു, വിതുമ്പുന്നു, കൈകള്‍ ഒരുപിടി കതിര്‍മണ്ണ് വാരിയെടുക്കുന്നു. ഞങ്ങള്‍ ഇതിനു പകരം വീട്ടുക തന്നെ ചെയ്യും. ജയ്സ്വരാജ്, ജയ്സ്വരാജ്. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അനശ്വര രക്തസാക്ഷി ഭഗത്സിംഗിനെ സ്മരിച്ചുകൊണ്ട് കവി സച്ചിദാനന്ദന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഗദ്യകവിതയിലെ ആദ്യ ഭാഗമാണിത്. ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ ഭാരതസ്വാതന്ത്ര്യം മാത്രം ലക്ഷ്യം വെച്ച് നടത്തിയ സമരങ്ങളിലേക്കു അസംഖ്യം ഭാരതീയരെ ആവാഹിച്ച രക്തസാക്ഷിത്വ നായകന്‍ പിറവികൊണ്ടതിന്റെ പശ്ചാത്തല വര്‍ണ്ണനയുണ്ട് ആ വരികളില്‍. കേവലം പ്രതികാരവാഞ്ഛയാല്‍ രൂപപ്പെട്ട വ്യക്തിത്വമായിരുന്നില്ല ഭഗത്സിംഗിന്റേത്.

അപക്വമായ അതിസാഹസികതയ്ക്കപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ ഉറച്ച അടിത്തറയില്‍ ഉയര്‍ന്ന ദര്‍ശനവും ലക്ഷ്യത്തിനിണങ്ങുന്ന മാര്‍ഗ്ഗവും പ്രവര്‍ത്തന പദ്ധതികളും കാഴ്ചപ്പാടുകളും ആര്‍ജ്ജിച്ചെടുത്ത ധീരദേശാഭിമാനിയായ രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. ചെറു പ്രായത്തില്‍ത്തന്നെ അവശ്വസനീയമായ ദാര്‍ശനിക നിലവാരം കൈവരിച്ച ഭഗത്സിംഗ് പതറാത്ത ചുവടുകളോടെ, നിറഞ്ഞ മനസ്സോടെ, പുഞ്ചിരിയോടെ മരണത്തെ ആശ്ലേഷിച്ചു. ആ പോരാളിയുടെ 89-ാം രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23 ഈ വര്‍ഷവും അര്‍ഹമാംവിധം സ്മരിക്കപ്പെടാതെ കടന്നുപോയി. 

ആരാണ് ദേശസ്‌നേഹി എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കുമ്പോള്‍, ഭഗത്സിംഗിനോളം വരുന്നവര്‍ ധാരാളം വേറെയുണ്ടെങ്കിലും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര ഭൂവില്‍ അദ്ദേഹത്തെപ്പോലെ ആഴമാര്‍ന്ന രാഷ്ട്രീയ ദര്‍ശനം പ്രദര്‍ശിപ്പിച്ച മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ല. ബ്രിട്ടീഷുകാരോട് സന്ധിയില്ലാതെ പൊരുതിമരിച്ച രക്തസാക്ഷികളുടെ രാജകുമാരനാണ് ഭഗത്സിംഗ് എന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാന്‍ കാരണം, അദ്ദേഹത്തിന്റെ അചഞ്ചലമായ രാജ്യസ്‌നേഹത്തിന്റേയും അനീതികള്‍ക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റേയും ഭയരാഹിത്യത്തിന്റേയും ശ്രേഷ്ഠത തിരിച്ചറിയുന്നതു കൊണ്ടായിരിക്കണം. ഭഗത്സിംഗിനെ അദ്വിതീയനാക്കുന്നത് അദ്ദേഹത്തിന്റെ പക്വമായ രാഷ്ട്രീയ ചിന്തയും സൂക്ഷ്മമായ സംഘടനാവബോധവും ഈശ്വരനേയും മതത്തേയും ജീവിതത്തേയും സംബന്ധിക്കുന്ന രാഷ്ട്രീയ വിചാരവീക്ഷണവുമാണെന്നു വിലയിരുത്താം. 

സ്വജീവനേക്കാള്‍ അവര്‍ നാടിന്റെ സ്വാതന്ത്ര്യത്തിനു വിലകല്പിച്ചു. എന്നാല്‍, ബ്രിട്ടീഷുകാരോടൊപ്പം അക്കാലത്തെ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും ദേശീയ നേതാക്കളില്‍ ഒരു വിഭാഗവും അവരെ ബോംബിന്റെ ഉപാസകരായി ചിത്രീകരിച്ചു. എന്നിട്ടും, ഭഗത്സിംഗ് ഇന്ത്യയെമ്പാടും ജനഹൃദയങ്ങളിലെ ഒടുങ്ങാത്ത വികാര വിദ്യുത്തരംഗമായി മാറിയതെങ്ങനെയെന്ന് ഇന്ത്യാചരിത്രത്തിന്റെ സൂക്ഷ്മവായന കാട്ടിത്തരുന്നുണ്ട്.

ലോകത്തെവിടെയും സ്വരാജ്യത്തിനുവേണ്ടി പൊരുതുന്നവരെ ഉത്തുംഗ ദേശസ്‌നേഹികളായി വാഴ്ത്തുമ്പോള്‍ നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യ പോരാളികള്‍ ചരിത്രത്താളുകളില്‍ തമസ്‌കരിക്കപ്പെട്ടു. രാജ്യത്തിന്റെ പ്രിയപ്പെട്ടവരായി ജനങ്ങള്‍ കൈകള്‍ നീട്ടി സ്വീകരിച്ചെങ്കിലും ഔദ്യോഗിക ചരിത്ര നിര്‍മ്മാതാക്കള്‍ അവര്‍ക്കു അര്‍ഹമായ സ്ഥാനം നല്‍കിയില്ല. 

ഭ​ഗത് സിങ്, സുഖ്ദേവ്, രാജ്​ഗുരു
ഭ​ഗത് സിങ്, സുഖ്ദേവ്, രാജ്​ഗുരു

വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും

രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്ന് ഭാരതീയരെ മുഴുവന്‍ സ്വജീവന്‍ നല്‍കി പഠിപ്പിച്ച, 24-ാം വയസ്സില്‍ ബ്രിട്ടീഷ് കഴുമരത്തെ വരണമാല്യമായി കണ്ടു സ്വീകരിച്ച ഭഗത്സിംഗ്. അടിമഭാരതത്തില്‍ മൃത്യുവാണ് തന്റെ വധു എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചപ്പോള്‍ ദേശാഭിമാനിയായ ഭഗത്സിംഗിന്റെ പിതാവ് തളര്‍ന്നുപോയി. പഞ്ചാബിലെ നാഷണല്‍ കോളേജില്‍ ബി.എ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വിവാഹം നടത്താന്‍ വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ചു തുടങ്ങി. അതിനു മറുപടിയായി ഭഗത്സിംഗ് സ്വന്തം അച്ഛന് എഴുതിയ കത്തില്‍ പറഞ്ഞു: '...എനിക്ക് മൂന്നു വയസ്സാകുന്നതിനു മുന്‍പാണ് ഇളയച്ഛന്‍ സ്വരണ്‍സിംഗ് ജയിലില്‍ മരിച്ചത്. ഇളയച്ഛന്‍ അജിത്സിംഗ് നാടുകടത്തപ്പെട്ടവനെപ്പോലെ വിദേശത്തു കഴിയുന്നു. അച്ഛനും ജയിലില്‍ വളരെയേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ അച്ഛന്റെ കാല്‍പ്പാടുകളെ മാത്രമാണ് പിന്തുടരുന്നത്. ദയവായി എന്നെ ബന്ധനത്തില്‍ പെടുത്തരുത്. എന്റെ ലക്ഷ്യത്തില്‍ വിജയം വരിക്കാന്‍ അച്ഛന്‍ എന്നെ ആശീര്‍വദിക്കണം.'' പക്ഷേ, അമ്മൂമ്മ ഭഗത്തിന്റെമേല്‍ സമ്മര്‍ദ്ദം തുടര്‍ന്നു. അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടു വിവാഹം നിശ്ചയിച്ചു. എന്നാല്‍, വിവാഹത്തില്‍നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം നാടുവിട്ടു. സുഹൃത്തുക്കളോട് പറഞ്ഞു: ''അസ്വതന്ത്ര ഭാരതത്തിലാണ് എന്റെ വിവാഹം നടക്കുന്നതെങ്കില്‍ മൃത്യുവായിരിക്കും എന്റെ വധു. ദേശസ്‌നേഹികളുടെ ജാഥയായിരിക്കും വിവാഹജാഥ.''

വ്യക്തിജീവിതത്തെ സാമൂഹ്യജീവിതത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ബലികൊടുക്കുക എന്നത് എത്ര ഉന്നതമായ നിലവാരമാണെന്നു പറയേണ്ടതില്ല. എന്നാല്‍, ഭഗത്സിംഗ് അതിലുമെത്രയോ വലിയ പടവുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. തന്റെ 18-ാം വയസ്സില്‍ ബി.എ വിദ്യാര്‍ത്ഥി ആയിരിക്കെ വിവാഹപ്രശ്‌നത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ തെളിയിക്കുന്നത് അതാണ്. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന ആശയം ലോകത്തെ നിരവധി മഹദ്വ്യക്തിത്വങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ള തീപ്പൊരി സങ്കല്പമാണ്.

പക്ഷേ, എത്ര നൈസര്‍ഗ്ഗികമായിട്ടാണ്, എത്രമേല്‍ അയത്‌നലളിതമായിട്ടാണ് ഭഗത്സിംഗ് സ്വന്തം ജീവിതത്തിലേക്ക് അതു പകര്‍ത്തിയത്. ചരിത്രത്തെ സംബന്ധിക്കുന്ന ആഴമാര്‍ന്ന ധാരണയും ആ നിലപാടിലേക്കെത്താന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവണം. അസ്സംബ്ലി ബോംബ് കേസ്സില്‍ ലാഹോറിലെ കോടതിയില്‍ 1929 ജൂണ്‍ ആറിന് ഭഗത്സിംഗും ബി.കെ. ദത്തും സംയുക്തമായി എഴുതി തയ്യാറാക്കി സമര്‍പ്പിച്ച ദീര്‍ഘമായ പത്രികയില്‍ ഒരിടത്തു പറയുന്നു: ''ചരിത്രത്തിന്റെ ഈ പാഠം ഊന്നിപ്പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു: തടങ്കല്‍ വാറണ്ടുകള്‍ക്കും ജയിലറകള്‍ക്കും ഫ്രാന്‍സിലെ വിപ്ലവപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. കൂട്ടക്കുരുതികള്‍ക്കും ഇംഗ്ലണ്ടിലെ ചോറ്റു പട്ടാളത്തിനും ഐറിഷ് പ്രസ്ഥാനത്തെ കഴുത്തുഞെരിച്ചു കൊല്ലാന്‍ സാധിച്ചിട്ടില്ല.'' അതൊരു ഉറച്ച ചരിത്രബോധ്യത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു, ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിനും മജിസ്‌ട്രേറ്റുമാര്‍ക്കും ഇന്ത്യയിലെ ദേശാഭിമാനികള്‍ നല്‍കുന്ന മുന്നറിയിപ്പുപോലെയാണ് ആ വാക്കുകള്‍ കോടതിമുറിയില്‍ വായിക്കപ്പെട്ടത്. 

സ്വാതന്ത്ര്യസമരത്തിന്റെ ബലിപീഠത്തില്‍ സ്വജീവന്‍ സന്തോഷപൂര്‍വ്വം ബലിയര്‍പ്പിക്കാന്‍ മുന്നോട്ട് വന്ന വേറെയും പോരാളികള്‍ ഉണ്ടായിരുന്നു. റാം പ്രസാദ് ബിസ്മില്ലും അഷ്ഫാക്കുള്ള ഖാനും ഠാക്കൂര്‍ റോഷന്‍ സിംഗും അവരില്‍ ചിലരാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത പേരുകള്‍. തന്നോടൊപ്പം തൂക്കിലേറ്റപ്പെടാന്‍ വിധിക്കപ്പെട്ട അഷ്ഫാക്കുള്ള ഖാനെപ്പറ്റി റാംപ്രസാദ് ബിസ്മില്‍ ആത്മകഥയില്‍ ഇങ്ങനെ എഴുതി: ''നിന്റെ ഹൃദയം വളരെ വിശാലവും ചിന്ത വളരെ ഔന്നത്യമേറിയതുമാണ്. അഷ്ഫാക്കുള്ള വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുത്തുവെന്നത് ഇന്ത്യാചരിത്രത്തിലെ പ്രസ്താവ്യമായ ഒരു സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. നീ ശാരീരികമായി ബലവാനായിരുന്നതുപോലെ മാനസികമായി ധീരനും ആത്മീയമായി ഉന്നതനുമാണെന്നു തെളിഞ്ഞു. ഇതിന്റെയൊക്കെ ഫലമായി കോടതിയില്‍ നീ എന്റെ ലെഫ്റ്റനന്റായി ചിത്രീകരിക്കപ്പെടുകയും വിധി പ്രസ്താവിച്ചപ്പോള്‍ ജഡ്ജി നിന്റെ കഴുത്തില്‍ വിജയമാല്യം (കൊലക്കയര്‍) അണിയിക്കുകയും ചെയ്തു.''

ഈ ആത്മസമര്‍പ്പണം വ്യര്‍ത്ഥമാവില്ലെന്നു പ്രത്യാശിച്ചുകൊണ്ട് പണ്ഡിറ്റ് ബിസ്മില്‍ അന്നത്തെ ദേശീയ നേതാക്കന്മാരോട് പറഞ്ഞു: ''ഇന്ത്യയിലെ ഹിന്ദു-മുസ്ലിം നേതാക്കന്മാര്‍ മദിരാശിയില്‍ ചേരുന്ന അടുത്ത കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഞങ്ങളെ അനുസ്മരിക്കണം. അഷ്ഫാക്കുള്ളയെ റാംപ്രസാദിന്റെ വലംകയ്യായി സര്‍ക്കാര്‍ മുദ്രകുത്തിയിരിക്കുകയാണ്. തനി മുസ്ലിമായ അഷ്ഫാക്കുള്ളയ്ക്ക് മുഴുത്ത ആര്യസമാജക്കാരനായ റാംപ്രസാദ് ബിസ്മിലിന്റെ വിപ്ലവപ്പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വലംകയ്യാകാന്‍ കഴിയുമെങ്കില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും അവരവരുടെ ചെറിയ ചെറിയ താല്പര്യത്തിലുള്ള ചിന്ത വെടിഞ്ഞു യോജിക്കാന്‍ കഴിയില്ലേ?''

1927 ഡിസംബര്‍ 19-നു രാവിലെ ആറരമണിയ്ക്കാണ് ഗോരഖ്പൂര്‍ ജയിലില്‍ രാംപ്രസാദ് ബിസ്മില്ലിനേയും ഫൈസാബാദ് ജയിലില്‍ അഷ്ഫാക്കുള്ളഖാനേയും തൂക്കിലേറ്റുന്നത്. അന്ത്യാഭിലാഷമെന്തെന്നു ചോദിച്ചപ്പോള്‍ അഷ്ഫാക്കുള്ള ഖാന്‍ പറഞ്ഞു: ''എനിക്ക് വിവാഹവേഷം വേണം.'' മൃത്യുവിനെ തന്റെ വധുവായി അദ്ദേഹം വരിച്ചുകഴിഞ്ഞിരുന്നു. വരന്റെ വേഷമണിഞ്ഞാണ് അഷ്ഫാക്കുള്ള ഖാന്‍ കൊലമരച്ചോട്ടിലേക്ക് നടന്നത്. ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട് അദ്ദേഹം ഒരു കവിത ചൊല്ലി: ''അവരുടെ അതിക്രമങ്ങളുടെ അനീതി സഹിക്കാനാവാതെ ഫൈസാബാദ് ജയിലില്‍നിന്നും ഞാനിതാ അനശ്വരതയിലേക്ക് പോകുന്നു.''

ഏകദേശം സമാനമായ രംഗങ്ങള്‍തന്നെയാണ് രാംപ്രസാദ് ബിസ്മില്ലിന്റെ കഴുമരച്ചോട്ടിലും നടന്നത്. നല്ല ഹിന്ദുമത വിശ്വാസിയായിരുന്ന ബിസ്മില്‍ അതിരാവിലെ എഴുന്നേറ്റ് പതിവ് പൂജയും ധ്യാനവും കഴിഞ്ഞ് ഗീതയിലെ ഒരു ശ്ലോകം ഉരുവിട്ടുകൊണ്ടാണ് മരണമുറിയിലേക്കു നടന്നത്. അതുകഴിഞ്ഞ് ഒരു വിപ്ലവഗാനം ആലപിച്ചു. തുടര്‍ന്ന് ''ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ'' എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആ ധീരപോരാളി കൊലക്കയര്‍ കഴുത്തിലണിയുന്നത്.

ഏകദേശം അതേസമയത്തുതന്നെ അലഹബാദ് ജയിലിലും കാക്കോരി ട്രെയിന്‍ കൊള്ളക്കേസില്‍ വധശിക്ഷ ലഭിച്ച മറ്റൊരാള്‍ കൊലക്കയര്‍ ചുംബിക്കാനൊരുങ്ങുകയായിരുന്നു. ഠാക്കൂര്‍ റോഷന്‍ സിംഗ് എന്നാണ് അദ്ദേഹത്തിന്റെ പേര്. കോടതിവിധി കാത്തു കഴിയുന്ന വേളയില്‍ ഒരു രാത്രിയില്‍ ജയിലില്‍ വിപ്ലവ സഖാക്കള്‍ ഒത്തുകൂടി നേരമ്പോക്കിനായി ഒരു ഹാസ്യവിചാരണ നടത്തുകയുണ്ടായി. കൂട്ടുപ്രതികള്‍ക്കു വധശിക്ഷയും റോഷന്‍ സിംഗിനു പത്തുവര്‍ഷത്തെ തടവുമാണ് കൂട്ടുകാര്‍ വിധിച്ചത്.

എന്നാല്‍, ശിക്ഷ കുറഞ്ഞുപോയതില്‍ കഠിനമായി ക്ഷോഭിച്ച റോഷന്‍ സിംഗിനെ ശാന്തനാക്കാന്‍ സഹതടവുകാര്‍ നന്നേ വിഷമിക്കുകയുണ്ടായി. പക്ഷേ, വെള്ളക്കാരുടെ കോടതി അദ്ദേഹത്തിനും വധശിക്ഷതന്നെ വിധിച്ചു. ആ സമയം കോടതിമുറിയിലുണ്ടായിരുന്നവര്‍ ദുഃഖാര്‍ദ്രരായി സ്തംഭിച്ചുനിന്നപ്പോള്‍ റോഷന്‍ സിംഗ് വിധികേട്ട് ഒരു കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെപ്പോലെ തുള്ളിച്ചാടി. ഡിസംബര്‍ 13-നു അദ്ദേഹം യാത്രാമൊഴിപോലെ തന്റെ ഉറ്റ കൂട്ടുകാരനെഴുതി: ''ഈയാഴ്ച എന്നെ തൂക്കിലിടും. നല്‍കിയ സ്‌നേഹത്തിനു ദൈവം പ്രതിഫലം തരട്ടെ. താങ്കള്‍ ഒരിക്കലും ദുഃഖിക്കരുത്. ജനിച്ചാല്‍ മരണം സുനിശ്ചിതമാണ്. എന്റെ മരണം ഒരു തരത്തിലും ദുഃഖത്തിനു കാരണമല്ല. ഈ ലോകത്തിലെ ക്ലേശകരമായ യാത്ര അവസാനിപ്പിച്ച് വിശ്രമജീവിതത്തിനു പോകുന്നുവെന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. ധര്‍മ്മയുദ്ധത്തില്‍ പ്രാണന്‍ ത്യജിക്കുന്നവര്‍ക്ക് വനത്തില്‍ തപസ്സ് ചെയ്യുന്നവരുടെ ഗതിതന്നെ ലഭിക്കുമെന്നാണല്ലോ നമ്മുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളത്.''

രാവിലെ ജയിലര്‍ ആരാച്ചാരെ അയച്ചപ്പോള്‍ റോഷന്‍ സിംഗ് ഗീത കയ്യിലെടുത്തു പുഞ്ചിരിച്ചുകൊണ്ട് നടന്നു. 'വന്ദേമാതരം' എന്ന് ഉറക്കെപ്പറഞ്ഞ് 'ഓം' ഉരുവിട്ടുകൊണ്ട് അദ്ദേഹം അനശ്വരതയിലേക്ക് നടന്നു.
കാക്കോരി കേസ്സിലെ മറ്റൊരു പ്രതി രാജേന്ദ്രനാഥ് ലാഹിരിയുടെ ജീവിത കഥയും ചരിത്ര വിദ്യാര്‍ത്ഥികളെ ഇന്നും വിസ്മയിപ്പിക്കുന്നു. ഗോണ്ടാ ജയിലില്‍ മരണവാറണ്ട് പ്രതീക്ഷിച്ചു കഴിയുന്ന നാളുകളില്‍ 1927-ഡിസംബര്‍ 14-ന് ലാഹിരി ഒരു സുഹൃത്തിനെഴുതിയ കത്തിലെ വാചകങ്ങള്‍ മാത്രം മതി ഇന്ത്യയ്ക്കുവേണ്ടി ബലിദാനികളായവരുടെ മഹത്വം മനസ്സിലാക്കാന്‍. അദ്ദേഹം എഴുതി: ''അപേക്ഷ പ്രിവി കൗണ്‍സില്‍ തള്ളിക്കളഞ്ഞ വിവരം ഇന്നലെ അറിഞ്ഞു. ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങളെല്ലാവരും വളരെ പരിശ്രമിച്ചു. ഇനി ചെയ്യാനായി ബാക്കിയൊന്നുമില്ല. നമ്മുടെ നാടിന്റെ ബലിവേദിക്ക് ഞങ്ങളുടെ ജീവരക്തം വേണമെന്നു തോന്നുന്നു. എന്താണ് മൃത്യു? ജീവിതത്തിന്റെ വേറൊരു ദിശയാണത്, മറ്റൊന്നുമല്ല. മനുഷ്യര്‍ മൃത്യുവിനെ ഭയപ്പെടുന്നതെന്തിന്? ദുഃഖിക്കുന്നതെന്തിന്? അതു പ്രഭാതത്തില്‍ സൂര്യന്‍ ഉദിക്കുന്നതുപോലെ കേവലം സ്വാഭാവികമായ ഒരവസ്ഥമാത്രമാണ്. ഞങ്ങളുടെ മരണം വ്യര്‍ത്ഥമാവുകയില്ലെന്നു ഞാന്‍ വിചാരിക്കുന്നു. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം.''

രാജേന്ദ്രനാഥ് ലാഹിരിയെ നിശ്ചിത തീയതിക്ക് രണ്ടു ദിവസം മുന്‍പാണ് തൂക്കിലേറ്റുന്നത്. ജയിലില്‍നിന്ന് അദ്ദേഹത്തെ വിപ്ലവകാരികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണത്രെ അങ്ങനെ ചെയ്തത്. 1927 ഡിസംബര്‍ 17-ന് മാതൃഭൂമിക്കുവേണ്ടി ലാഹിരി പൂര്‍ണ്ണമനസ്സോടെ കഴുമരമേറി. അങ്ങനെ നൂറുകണക്കിനു സ്വാതന്ത്ര്യസമര പോരാളികളുടെ ബലിദാനംകൊണ്ട് നേടിയതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം. ബ്രിട്ടീഷുകാരോട് സന്ധിചെയ്തവരല്ല, അനുരഞ്ജനമില്ലാതെ പോരാടിയവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍. ആ ചരിത്രം ഓര്‍ക്കാതെ, പുനരാവര്‍ത്തി പഠിക്കാതെ ഭാവി ഇന്ത്യയെ നിര്‍മ്മിക്കാനാവുമോ? ഭാവി ഇന്ത്യ എന്തായിരിക്കണമെന്നു വ്യക്തമായി ചിന്തിച്ചവര്‍ കൂടിയായിരുന്നു ആ സമരനേതാക്കള്‍. വിപ്ലവത്തെ അവര്‍ ഒരിക്കലും ശാരീരിക ഉന്മൂലനം എന്ന അര്‍ത്ഥത്തിലല്ല വിവക്ഷിച്ചത്. ലാഹോര്‍ കോടതിയിലെ വിചാരണവേളയില്‍ ഭഗത്സിംഗ് എഴുതി സമര്‍പ്പിച്ച പത്രികയില്‍ 'വിപ്ലവം' എന്നതിന്റെ അര്‍ത്ഥമെന്തെന്നു വിശദീകരിച്ചിട്ടുണ്ട്.

''വിപ്ലവം എന്നാല്‍, രക്തരൂക്ഷിതമായ കലാപം ഒഴിവാക്കാനാവില്ല എന്ന ധാരണ ശരിയല്ല. അതുപോലെതന്നെ, വ്യക്തിപരമായ പ്രതികാരത്തിന് അതിലൊരു സ്ഥാനവുമില്ല. അത് ബോംബിനേയും തോക്കിനേയും പൂജിക്കലല്ല. പ്രത്യക്ഷമായ അനീതിയെ അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ വ്യവസ്ഥിതി അനിവാര്യമായും മാറണം. വിപ്ലവം എന്നതുകൊണ്ട് ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത് അതാണ്... ഉല്പാദകര്‍ അഥവാ തൊഴിലാളികള്‍, സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ഘടകമാണ്. എങ്കിലും, ചൂഷകര്‍ അവരുടെ അധ്വാനഫലം അവരില്‍നിന്നു കവര്‍ന്നെടുക്കുന്നു. അവരുടെ മൗലികമായ അവകാശങ്ങള്‍പോലും നിഷേധിക്കുന്നു. ഏവര്‍ക്കും വേണ്ടി ധാന്യം വിളയിക്കുന്നവനാണ് കര്‍ഷകന്‍. പക്ഷേ, അവനും അവന്റെ കുടുംബവും പട്ടിണി കിടക്കുന്നു. ലോക കമ്പോളത്തിനുവേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന നെയ്ത്തുകാരനും അവന്റെ കുട്ടികള്‍ക്കും സ്വന്തം നഗ്‌നത മറയ്ക്കാന്‍ മതിയായ തുണി കിട്ടുന്നില്ല. ഗംഭീരമായ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്ന കല്‍പ്പണിക്കാരനും കരുവാനും ആശാരിയും അധഃകൃതരെപ്പോലെ ചേരികളില്‍ ജീവിക്കുന്നു. ചൂഷകര്‍, സമൂഹത്തിലെ ഇത്തിക്കണ്ണികള്‍, യഥേഷ്ടം പണം ധൂര്‍ത്തടിക്കുന്നു. ഈ ഭയാനകമായ ഉച്ചനീചത്വം, അവസരസമത്വം നിഷേധിച്ചിരിക്കുന്ന അവസ്ഥ അനിവാര്യമായും പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. ഈ സ്ഥിതിവിശേഷം അധികനാള്‍ നീണ്ടുനില്‍ക്കുക സാധ്യമല്ല. ഇന്ന് ഉല്ലസിച്ചു തിമിര്‍ക്കുന്ന ഈ സാമൂഹ്യ വ്യവസ്ഥിതി ഒരു അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്.''

എത്ര ഉള്‍ക്കാഴ്ചയോടെയാണ് രാജ്യത്തിന്റെ അവസ്ഥാവിശേഷം അവര്‍ വരച്ചുകാട്ടിയതെന്നു നോക്കുക. 1929-ല്‍ എഴുതിയതാണിത്. രാജ്യമെന്നാല്‍, ഭൂമിശാസ്ത്രപരമായ ഒരു പ്രവിശ്യയല്ല; അവിടെ ജീവിക്കുന്ന ജനങ്ങളാണെന്ന കാര്യമാണിതില്‍ അടിവരയിടുന്നത്. രാജ്യസ്‌നേഹം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്  ജനതയോടുള്ള നിസീമമായ സ്‌നേഹമാണെന്നും വിളിച്ചോതുന്ന വരികള്‍.

റാംപ്രസാദ് ബിസ്മിൽ, റോഷൻ സിങ്, അഷ്ഫാക്കുള്ള ഖാൻ  
റാംപ്രസാദ് ബിസ്മിൽ, റോഷൻ സിങ്, അഷ്ഫാക്കുള്ള ഖാൻ  

അതുകൊണ്ടുതന്നെ, ബ്രിട്ടീഷ് വാഴ്ചയുടെ അന്ത്യം കാണുക എന്നതിനോടൊപ്പം തന്നെ മരിച്ചു കൊണ്ടിരുന്ന നാഗരികതയുടെ പുനര്‍നിര്‍മ്മാണവും ലക്ഷ്യവച്ചുകൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ ഭഗത്സിംഗും സഖാക്കളും വിഭാവനം ചെയ്തത്. ഭഗത്സിംഗ് എഴുതി: ''ഈ നാഗരികതയുടെ ഉത്തുംഗസൗധമാകെ യഥാസമയം രക്ഷിച്ചില്ലെങ്കില്‍, തകര്‍ന്നുതരിപ്പണമാകും. അതിനാല്‍ സമഗ്രമായ ഒരു മാറ്റം ആവശ്യമാണ്. സമൂഹത്തെ സോഷ്യലിസ്റ്റ് അടിസ്ഥാനത്തില്‍ പുനഃസംവിധാനം ചെയ്യേണ്ടത് ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയവരുടെ കടമയാണ്. ഇതു ചെയ്യാത്തപക്ഷം, മനുഷ്യന്‍ മനുഷ്യനേയും രാഷ്ട്രങ്ങള്‍ രാഷ്ട്രങ്ങളേയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാത്തപക്ഷം, മാനവരാശിയെ ഇന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദുരിതങ്ങളും കൂട്ടക്കൊലകളും തടയാനാവില്ല. സാര്‍വ്വലൗകിക സമാധാന യുഗപ്പിറവിയേയും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനേയും കുറിച്ചുള്ള ഭാഷണങ്ങളെല്ലാം അപ്പോള്‍ ആത്മവഞ്ചന മാത്രമാകും.''

എത്ര ആഴത്തിലുള്ള ദാര്‍ശനിക വിശകലനമാണ് ഇവ്വിധം 22-ാം വയസ്സില്‍ ഭഗത്സിംഗ് നടത്തിയതെന്ന് അറിയുമ്പോഴാണ് ചിന്താമണ്ഡലത്തിലെ മഹോന്നതമായ സ്ഥാനത്ത് അദ്ദേഹം എത്തിച്ചേര്‍ന്നിരുന്നുവെന്ന് ഭാരതം തിരിച്ചറിയുന്നത്. തത്ത്വചിന്തയില്‍ പ്രത്യേകിച്ചൊരു ബിരുദവും ഭഗത്സിംഗിന് ഉണ്ടായിരുന്നില്ല. അന്നത്തെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി നടത്തിയ വിശകലനമാണിവ. ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമായി സാമ്യംചെയ്തു നോക്കിയാല്‍ നാം വീണ്ടും അദ്ഭുതപ്പെടും. തീര്‍ത്തും വ്യത്യസ്ത കാലഘട്ടമായ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാനുള്ള ദാര്‍ശനിക പാത വെട്ടിത്തെളിക്കാന്‍ ഉതകുന്ന വീക്ഷണങ്ങള്‍ തന്നെയല്ലേ അന്ന് അദ്ദേഹം നല്‍കിയത്?

സ്വാതന്ത്ര്യസമരത്തിലൊരു പങ്കും വഹിക്കാന്‍ കഴിയാതെ പോയവര്‍, ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുടെ പിന്‍തലമുറക്കാര്‍ രാജ്യം ഭരിക്കുന്ന ഈ കാലത്ത് ഭഗത്സിംഗ് സ്മരണ യഥാര്‍ത്ഥ രാജ്യസ്‌നേഹത്തിന്റെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ അനിവാര്യമാണ്. 

1929 ഏപ്രില്‍ എട്ടിന് ഡല്‍ഹി സെന്‍ട്രല്‍ അസംബ്ലി ഹാളില്‍ ഭഗത്സിംഗും സുഖ്ദേവും രാജ്ഗുരുവും വലിച്ചെറിഞ്ഞ ബോംബ് മനുഷ്യരെ കൊല്ലാന്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. അവര്‍ തന്നെ വിശദീകരിച്ചതുപോലെ, അധികാരികളുടെ ബധിരകര്‍ണ്ണങ്ങള്‍ തുറപ്പിക്കാനുള്ള പ്രഹരശേഷി പ്രയോഗിക്കുക മാത്രമായിരുന്നു.

ഭാരതീയരില്‍ ആവേശത്തിന്റെ അഗ്‌നിപടര്‍ത്തിയ മുദ്രാവാക്യമായിരുന്നു 'ഇങ്ക്വിലാബ് സിന്ദാബാദ്.' അതാദ്യമായി ഡല്‍ഹി സെന്‍ട്രല്‍ അസ്സംബ്ലിഹാളില്‍ ഭഗത്സിംഗിന്റെ നാവിലൂടെ മുഴങ്ങിയപ്പോള്‍ ബ്രിട്ടീഷ് ഭരണസംവിധാനങ്ങളാകെ ആടിയുലഞ്ഞുപോയി. ബ്രിട്ടീഷ് കോടതി ഭഗത്സിംഗിനും സുഖ്ദേവിനും രാജ്ഗുരുവിനും വധശിക്ഷ വിധിച്ചു. അതിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ അലയടിക്കുകയാണ് പിന്നീടുണ്ടായത്. ഭഗത്സിംഗ് ജീവനോടെ അവശേഷിക്കുന്ന ഓരോ നിമിഷവും കൊളോണിയല്‍ ഭരണത്തിന്റെ കിങ്കരന്മാരില്‍ ഭയാശങ്കകള്‍ വളര്‍ത്തി. നിശ്ചിത തീയതിക്ക് ഒരു ദിവസം മുന്‍പേ ഭഗത്സിംഗിനേയും സഖാക്കളേയും തൂക്കിലേറ്റാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചത് അതുകൊണ്ടായിരുന്നു. രാജ്യസ്‌നേഹത്തിനുള്ള ശ്രേഷ്ഠമായ പുരസ്‌കാരമായി നല്‍കപ്പെട്ട വധശിക്ഷ ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. ഒടുവില്‍ ആ ദിനം വന്നെത്തി. 1931-മാര്‍ച്ച് 23.
കഴുമരത്തിലേക്ക് കയറുന്നതിനു തൊട്ടുമുന്‍പ് സ്ഥലത്തുണ്ടായിരുന്ന ബ്രിട്ടീഷ് മജിസ്ട്രേറ്റിനോട് ഭഗത്സിംഗ് പറഞ്ഞു: ''ശരി, മിസ്റ്റര്‍ മജിസ്ട്രേറ്റ് നിങ്ങള്‍ ഭാഗ്യവാനാണ്. ഇന്ത്യന്‍ വിപ്ലവകാരികള്‍, തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി സന്തോഷത്തോടെ മരണത്തെ ആലിംഗനം ചെയ്യുന്നത് നിങ്ങള്‍ക്കിന്നു കാണാം.''

ഭഗത്സിംഗ് ഒരു പാട്ടുപാടി. മറ്റിരുവരും അത് ഏറ്റുപാടി. ''ഞങ്ങള്‍ മരിച്ചാലും ദേശാഭിമാനം അവശേഷിക്കും. ഞങ്ങളുടെ മൃതദേഹത്തില്‍നിന്ന് മാതൃഭൂവിന്റെ ഗന്ധം പ്രസരിച്ചു കൊണ്ടേയിരിക്കും.'' വൈകിട്ട് 7.30-ന് മൂവരും രക്തസാക്ഷികളായി.

ദേശീയ പ്രസ്ഥാനത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വം രാജ്യമെങ്ങും പുതിയ ഭഗത്സിംഗുമാരെ സൃഷ്ടിച്ചു. ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ തുടങ്ങിയവരൊക്കെ വ്യത്യസ്ത രീതികളില്‍ രക്തസാക്ഷികളായി. റാഷ് ബിഹാരി ബോസ് രൂപവല്‍ക്കരിച്ച ഐ.എന്‍.എയുടെ പടനായകനായി നേതാജി സുഭാഷ് ചന്ദ്രബോസ് രണ്ടാം ലോകമഹായുദ്ധകാലത്ത് പൂര്‍വ്വേഷ്യയില്‍നിന്നാരംഭിച്ച സ്വാതന്ത്ര്യയുദ്ധം ഇന്ത്യയിലെ ജനകോടികള്‍ക്ക് പുതുചൈതന്യം നല്‍കിയത് ചരിത്രം. അതിനുശേഷം, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളും വിജയം കണ്ടു. ഇന്ത്യ രാഷ്ട്രീയമായി സ്വതന്ത്രയായി.

ആധുനിക ഇന്ത്യയെ സൃഷ്ടിച്ച ആ സ്വാതന്ത്ര്യമുന്നേറ്റങ്ങളിലൂടെയാണല്ലോ ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം, സ്ത്രീപുരുഷ സമത്വം തുടങ്ങിയ നവോത്ഥാന ആശയങ്ങള്‍ക്കു വേരോട്ടമുണ്ടാക്കാനായത്. എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്കുശേഷം ആ ആശയങ്ങള്‍ ഏതവസ്ഥയില്‍ നില്‍ക്കുന്നു? 

ജനൈക്യത്തെ നെടുകെ പിളര്‍ക്കുന്ന വിധത്തില്‍ ജാതി-മത വൈരം വളര്‍ത്തിയെടുക്കപ്പെടുന്ന സമകാലിക ഇന്ത്യയില്‍ മറുവശത്ത് ദേശഭ്രാന്തും വളരുകയാണ്. യഥാര്‍ത്ഥ രാജ്യസ്‌നേഹത്തിനു നേര്‍വിപരീതമാണ് ദേശഭ്രാന്ത്. ആ വിപരീത ദേശഭക്തി ഒരു വിഭാഗത്തെ മതാന്ധരാക്കുന്നുവെന്നതാണ് ഏറ്റവും ഭീതിദം. പ്രതിഷേധിക്കുന്നവരെ 'വെടിവെച്ചിടൂ' എന്ന ആക്രോശം മുഴക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഇന്ത്യയിലെവിടെയും മൃഗീയവും മനുഷ്യത്വരഹിതവുമായ ആക്രമണങ്ങള്‍ സാധാരണ മനുഷ്യര്‍ക്കെതിരെ അഴിച്ചുവിടുന്ന ഭരണകൂട ഭീകരതയാണ് സമകാലിക യാഥാര്‍ത്ഥ്യം. ഉത്തര്‍പ്രദേശിലും അടുത്തിടെ ഡല്‍ഹിയിലും നടന്ന കലാപങ്ങള്‍ അതുതന്നെയാണല്ലോ വെളിപ്പെടുത്തുന്നത്. രക്തസാക്ഷികളുടെ സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്ന സ്ഥിതിയിലേക്ക് രാജ്യം നിലംപതിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍, സര്‍വ്വ മനുഷ്യരും സാഹോദര്യത്തോടെ വാഴുന്ന ഇന്ത്യ നമുക്കു കൈമോശം വന്നേക്കാം. മതേതര-ജനാധിപത്യ ഇന്ത്യ അപ്രത്യക്ഷമായാല്‍ പിന്നെ ഫാസിസത്തിന്റെ കറുത്തിരുണ്ട നാളുകളായിരിക്കും രാജ്യത്തെ ആവരണം ചെയ്യുക.

തങ്ങളുടെ ആത്മസമര്‍പ്പണം വ്യഥാവിലാവില്ലെന്നു വിശ്വസിച്ച് രക്തസാക്ഷിത്വം വരിച്ച വിപ്ലവ യോദ്ധാക്കളുടെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായി തൂത്തെറിയപ്പെടുമോ? അതോ, ഇന്ത്യ അതിജീവിക്കുമോ എന്ന ചോദ്യത്തിനുത്തരം സമകാലിക ഭാരതത്തിലെ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കു മാത്രമേ തരാനാകൂ. മുന്നേറ്റങ്ങളുടെ നായകസ്ഥാനത്ത് സ്ത്രീകള്‍ വരുന്നുവെന്നത് തീര്‍ച്ചയായും പുതിയ കാലത്തെ സ്വപ്നം കാണാന്‍ വഴികാട്ടും. പൗരത്വ സംരക്ഷണ സമരങ്ങളില്‍ ആത്മസമര്‍പ്പിതരായി ആയിരങ്ങള്‍ രാജ്യമെമ്പാടും പങ്കെടുക്കുന്ന സമകാലിക ദേശീയ സാഹചര്യം സ്വാതന്ത്ര്യസമരത്തിലെ അനനുരഞ്ജന സമരനാളുകളെയാണ് അനുസ്മരിപ്പിക്കുന്നത്.

സ്വാതന്ത്ര്യസമരം യഥാര്‍ത്ഥ രാജ്യസ്‌നേഹികളെ നാടിനു സംഭാവന ചെയ്തു. അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുക്കാരും ക്രിസ്ത്യാനികളുമൊക്കെ ഉണ്ടായിരുന്നു. അതിജീവനകാലത്തെ പുതിയ സമരങ്ങള്‍ പുതിയ രാജ്യസ്‌നേഹികളെ ഭാരതത്തിനു സംഭാവന ചെയ്യുമെന്നു പ്രത്യാശിക്കാം.
അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യസമര ദിനങ്ങള്‍ ഓര്‍ക്കാതെ, രക്തസാക്ഷികളെ സ്മരിക്കാതെ പ്രതിരോധത്തിന്റെ പാഠശാലകള്‍ നമുക്കു നിര്‍മ്മിക്കാനാവില്ല.

അവലംബം:         ജയില്‍ രേഖകള്‍
            Buried alive, ഭഗത്സിംഗിന്റെ ഇളയച്ഛന്‍ അജിത്സിംഗിന്റെ ആത്മകഥ
            ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇതിഹാസം (മന്മനാഥ് ഗുപ്ത)
            കത്തുകള്‍, സമാഹൃത കൃതികള്‍ (ഭഗത്സിംഗ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com