യേശുവിന്റെ അനുയായി പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതുവരെ അനാഥനായിരുന്നോ?

തീവ്രാനുഭവങ്ങളുടെ നെരിപ്പോടിലെരിഞ്ഞ നാളുകളെക്കുറിച്ച്
എംഎം ലോറൻസ്
എംഎം ലോറൻസ്

ടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെക്കുറിച്ചും അക്കാലത്തെ പൗരാവകാശ ലംഘനങ്ങളെക്കുറിച്ചും വാര്‍ത്താ സെന്‍സറിംഗിനെക്കുറിച്ചും ജയിലില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ പലരും എഴുതിയതു വായിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയെ ഓരോ തരത്തില്‍ അനുഭവിച്ചവര്‍. എന്നാല്‍, എന്റെ ഓര്‍മ്മയിലുള്ളത് ആ സമയത്തെ എന്റെ കുട്ടിക്കാലമാണ്.

അന്ന് എന്റെ അപ്പന്റെ 'ജോലി'യെക്കുറിച്ച് എനിക്ക് വ്യക്തമായ അറിവൊന്നും ഉണ്ടായിരുന്നില്ല. ജോലി സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണെന്നും അപ്പനെ നാട്ടിലെല്ലാവരും അറിയുമെന്നും മാത്രമറിയാം. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവര്‍ക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ പിടിച്ച് ജയിലിലടച്ചിരുന്നതായി കേട്ടിരുന്നു. അക്കൂട്ടത്തില്‍ എന്റെ അപ്പനും ഉണ്ടായിരുന്നു. അന്ന് അപ്പന്റെ അപ്പന്‍ ഞങ്ങളുടെ കൂടെയാണ് താമസം. അപ്പൂപ്പന്‍, അമ്മ, ഞങ്ങള്‍ നാല് മക്കള്‍ (നാല് മക്കളിലൊരാള്‍ അന്ന് ബോര്‍ഡിംഗിലായിരുന്നു). വീട്ടില്‍ സഹായിക്കാന്‍ നില്‍ക്കുന്ന ചേച്ചി, ഒന്നര വയസ്സുള്ള പട്ടി, പിന്നെയൊരു പൂച്ച എന്നിവരൊക്കെയായിരുന്നു കുടുംബത്തിലെ അംഗങ്ങള്‍.

ഒരു ദിവസം സന്ധ്യ കഴിഞ്ഞ നേരത്ത് കുറച്ചു പൊലീസുകാര്‍ വീട്ടില്‍ വന്ന് അപ്പനെ തിരക്കി. എന്തിനാണ് ലോറന്‍സിനെ തിരക്കുന്നതെന്ന്  അപ്പൂപ്പന്‍ അവരോട് ചോദിച്ചത് ഓര്‍മ്മയുണ്ട്. അപ്പന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍  അവര്‍ തിരിച്ചുപോയി. അമ്മയും മൂത്ത സഹോദരനും ഗൗരവത്തില്‍ എന്തോ പറയുന്നതു കേട്ടു. പിറ്റേന്നും ഞാന്‍ പതിവുപോലെ സ്‌കൂളില്‍ പോയി. തിരിച്ചെത്തിയപ്പോള്‍ അപ്പൂപ്പനും വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന ചേച്ചിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയും സഹോദരനും ആരെയോ കാണാന്‍ പോയതായിരുന്നു. തലേന്ന് അപ്പന്‍ വീട്ടില്‍ വരാതിരുന്നതിന്റെ വിഷമമുണ്ടായിരുന്നു എനിക്ക്.

കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു. അപ്പനായിരുന്നു. ഒരാള്‍ വരുമെന്നും ഷേവിംഗ് സെറ്റും വസ്ത്രങ്ങളും കൊടുത്തുവിടണമെന്നും കുറച്ചു ദിവസം കഴിഞ്ഞേ വീട്ടില്‍ വരൂ എന്നും എന്നോടു പറഞ്ഞു. കൊടുത്തുവിടില്ലെന്നും അപ്പന്‍ വീട്ടില്‍ വരണമെന്നും ഞാന്‍ പറഞ്ഞു. തന്റെ സാധനങ്ങളൊന്നും തന്നെ മാറ്റാരെങ്കിലും ഉപയോഗിക്കുന്നത്  അപ്പനിഷ്ടമില്ല. എവിടെ പോകുമ്പോഴും സ്വന്തം ആവശ്യത്തിനുള്ളതെല്ലാം കയ്യില്‍ കാണും. അതുകൊണ്ട് ഇതൊന്നും കൊടുത്തിവിട്ടില്ലെങ്കില്‍ അപ്പന് എവിടെയും പോകാന്‍ പറ്റില്ലല്ലോ എന്നു കരുതിയാണ് ഞാന്‍ കൊടുത്തുവിടില്ലെന്നു പറഞ്ഞത്. പൊലീസ് പിടിച്ചെന്നും ഒറ്റയ്ക്കല്ലെന്നും അപ്പന്‍ പറഞ്ഞു. കൂട്ടത്തിലുള്ള ആരുടെയൊക്കെയോ പേരും പറഞ്ഞു. കരച്ചില്‍ കാരണം പിന്നീട് അപ്പന്‍ പറഞ്ഞതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല.

കുറച്ചുകഴിഞ്ഞപ്പോള്‍ ഒരാള്‍ വീട്ടില്‍ വന്നു. പൊലീസുകാരന്‍ ആയിരുന്നോ എന്ന് സംശയമുണ്ട്. അപ്പന്‍ പറഞ്ഞ സാധനങ്ങള്‍ കൊടുത്തുവിട്ടു. കുറച്ചു വൈകിയാണ് അമ്മയും സഹോദരനും എത്തിയത്. അവര്‍ക്ക് കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അതിന്റെ ഗൗരവവും. ജയിലനകത്ത് ആകുന്നവര്‍ ഭൂരിപക്ഷവും സുരക്ഷിതരാണ് (ഉരുട്ടിക്കൊലകള്‍ ഉണ്ടെങ്കിലും). ജയില്‍വാസികളുടെ കുടുംബാംഗങ്ങള്‍ ആണ് സുരക്ഷിതത്വം ഇല്ലാതെ ജീവിക്കേണ്ടതുവരുന്നത്.  വിവാഹശേഷം അപ്പന്‍ പലപ്പോഴും ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ അമ്മ പതറുന്നതു കണ്ടില്ല. അപ്പനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധു പിറ്റേന്നു കാലത്തു സ്ഥലംവിട്ടു. ആപത്തുകാലത്ത് ബന്ധുക്കള്‍ അകലുമല്ലോ.

അമ്മ പതറാതെ ഞങ്ങളെ സ്‌കൂളിലൊക്കെ കൃത്യമായി വിടുന്നുണ്ടായിരുന്നു. മൂത്ത സഹോദരന്‍ കോളേജിലും. ഞാന്‍ എറണാകുളം സെന്റ് തെരേസാസ് കോണ്‍വെന്റ് സ്‌കൂളില്‍ എല്‍.പി. സ്‌കൂളിലായിരുന്നു. അയല്‍ക്കാരുടേയും അദ്ധ്യാപകരുടേയുമൊക്കെ മുഖത്തു കണ്ട ഭാവം അകല്‍ച്ചയോ അനുകമ്പയോ ആണോ എന്ന് എനിക്ക് മനസ്സിലായില്ല. മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ വരുമ്പോള്‍ എന്നെ നോക്കി അദ്ധ്യാപകരോട് എന്തോ രഹസ്യം പറയുന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിറ്റേന്ന് അവരിലാരെങ്കിലും എന്നോട് അപ്പന്‍ ജയിലിലാണല്ലോ എന്നു ചോദിക്കും. അപ്പനെ പൊലീസ് പിടിച്ചത് ഞാന്‍ സ്‌കൂളിലാരോടും പറഞ്ഞിരുന്നില്ല. ചുറ്റും നിന്ന് പല കുട്ടികളും അപ്പന്‍ ജയിലിലാണല്ലേ, എന്തിനാണ് പൊലീസ് പിടിച്ചത്. കള്ളനെയല്ലേ പൊലീസ് പിടിക്കുന്നത് എന്നൊക്കെ ചോദിക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. എന്റെ അപ്പന്‍ കള്ളനൊന്നുമല്ലെന്നും ഇന്ദിരാഗാന്ധി പറഞ്ഞിട്ടാണ് പൊലീസ് പിടിച്ചതെന്നും പറയാനുള്ള അറിവേ അന്നെനിക്ക് ഉണ്ടായിരുന്നുള്ളൂ.

ഞങ്ങളുടെ വീട്ടിലേക്ക് ആരും വരാതായി. എല്ലാവര്‍ക്കും ഭയമായിരുന്നു. എ.കെ.ജിയും ഭാര്യ സുശീലാ ഗോപാലനും ഞങ്ങളെ കാണുവാന്‍ ഒന്ന് രണ്ട് പ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. വേറെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും തന്നെ ഞങ്ങളെ അന്വേഷിച്ച് വന്നിട്ടില്ല. വീട്ടില്‍ വരുന്നവരെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നെന്നു കുറേക്കൂടി മുതിര്‍ന്ന ശേഷമാണ് എനിക്കു മനസ്സിലായത്. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം പാര്‍ട്ടി ഓഫീസ് സെക്രട്ടറി ഷണ്‍മുഖനെയാണ്  അറിയിച്ചിരുന്നത്. പാര്‍ട്ടി അലവന്‍സ് മാത്രമായിരുന്നില്ല വരുമാനം. ഞങ്ങള്‍ക്ക് അന്ന് സ്വന്തം വീടുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പു പണിതത്. ഇന്നത്തെ ഗാന്ധി നഗറില്‍ (അന്ന് എളംകുളം). എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള റെയില്‍ കടന്നു പാടവരമ്പിലൂടെ നടന്നുവേണം വീട്ടിലെത്താന്‍. വീടു വെച്ചിരുന്നെങ്കിലും അവിടെ ഞങ്ങള്‍ താമസിക്കുന്നത് 1987-ലാണ്. 20 വര്‍ഷം ഞങ്ങള്‍ വാടകവീട്ടിലായിരുന്നു. സ്വന്തം വീട് വലുതായിരുന്നു. അതു വാടകയ്ക്കു കൊടുത്താല്‍ ഒരു വരുമാനമുണ്ടാകും എന്ന് അപ്പന്‍ കണക്കുകൂട്ടി. അവിടെ താമസിച്ചിരുന്ന കുടുംബം കൃത്യമായി വാടക തന്നിരുന്നില്ല. അപ്പന്‍ ജയിലിലായതിനുശേഷം ഒട്ടും തരാതായി. ഞാനും അമ്മയും പോയി വാടക ചോദിച്ചാല്‍ കാശില്ല, ഗൃഹനാഥന്‍ വീട്ടിലില്ല എന്നൊക്കെ അദ്ദേഹത്തിന്റെ ഭാര്യ പറയും. ഞങ്ങള്‍ വരുന്നതു കാണുമ്പോള്‍ ഗൃഹനാഥന്‍ വീടിനകത്തേയ്ക്ക് പോകുന്നത് പല തവണ കണ്ടിട്ടുണ്ട്. കണ്ട കാര്യം പറഞ്ഞ് അവരെ വിഷമിപ്പിക്കാതെ ഞങ്ങള്‍ തിരിച്ചുപോരും. വാടകയ്ക്കു താമസിച്ചിരുന്നവര്‍ പിന്നീട് കേരളം മുഴുവനും അറിയപ്പെടുന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമസ്ഥരായി. എല്ലാ മലയാളികള്‍ക്കും അറിയാവുന്ന ബ്രാന്‍ഡാണത്. വീട്ടുവാടക മേടിക്കാന്‍ തോട്ടക്കാട്ട് റോഡിലെ കൊച്ചുവീട്ടില്‍നിന്നും ഞാനും അമ്മയും എം.ജി. റോഡ് വഴി മുല്ലശ്ശേരി കനാല്‍ റോഡ് വഴി റെയില്‍ കടന്ന് പാടവരമ്പത്തുകൂടി നടന്നുപോകും. മടക്കാന്‍ പറ്റാത്ത ഒരു കുടയുണ്ട് അമ്മയ്ക്ക്. എന്നും ഒരേ സാരി, ബ്ലൗസ് ആണ് അമ്മയ്ക്ക്. ഞങ്ങള്‍ക്കും 1-2 ഡ്രസ്സുകളാണ് ഉള്ളത്. പോകുമ്പോഴും വരുമ്പോളും ഒരാളെ കാണും. കണ്ടാല്‍ കുറച്ചൊക്കെ പേടിയാവും. പക്ഷേ, അദ്ദേഹം അമ്മയെ കാണുമ്പോള്‍ പാടത്തേയ്ക്ക് ഇറങ്ങി നില്‍ക്കും. അമ്മയോടുള്ള ബഹുമാനത്തോടെ. പ്രസിദ്ധ കുറ്റവാളിയായ 'കേഡി ജോസ്' ആയിരുന്നു അദ്ദേഹം. അദ്ദേഹം കൊലപ്പെടുത്തിയ രണ്ടു വിദ്യാര്‍ത്ഥികളുടെ പേരാണ് പില്‍ക്കാലത്ത് പാടവരമ്പ് റോഡായപ്പോള്‍ നല്‍കിയത്. 'സലിംരാജന്‍' റോഡ്. ഒരിക്കലും ഒരു മോശം നോട്ടം പോലും അദ്ദേഹത്തില്‍നിന്നും ഉണ്ടായിട്ടില്ല. 

ജയിലില്‍നിന്ന് അപ്പന്റെ കത്തുകള്‍ വരാന്‍ തുടങ്ങി. അപ്പന്റെ കയ്യക്ഷരം എനിക്കു വായിച്ചാല്‍ മനസ്സിലാവില്ല. മുന്‍പ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയായിരുന്ന സമയത്തും ചൈനാ ചാരന്‍ എന്ന പേരില്‍ അറസ്റ്റിലായപ്പോഴും പൊലീസിന്റെ അടിയേറ്റതുകാരണം എഴുതുമ്പോള്‍ കൈ വിറയ്ക്കുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അപ്പന് പൊലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടില്ല. എനിക്കു വായിക്കാവുന്ന വിധത്തില്‍ കയ്യക്ഷരം നന്നാക്കിയെഴുതണമെന്ന് ഞാന്‍ അപ്പന് കത്തെഴുതി. പിന്നീട് വന്ന കത്ത് എനിക്ക് വായിക്കാവുന്ന തരത്തിലായിരുന്നു. എന്നാല്‍ വിരലുകള്‍ വേദനിക്കുന്നതിനാല്‍ ഇനി അങ്ങനെ എഴുതാനാവില്ലെന്നും കത്തിലുണ്ടായിരുന്നു. പിന്നീട് വന്ന കത്തുകള്‍ എനിക്ക് ആരെങ്കിലും വായിച്ചു കേള്‍പ്പിച്ചു തരുമായിരുന്നു.

അനുകമ്പ നിറഞ്ഞ വാത്സല്യം

കുറേ നാളുകള്‍ക്കുശേഷം അപ്പന്‍ പരോളിലിറങ്ങി. അതിനുള്ള അപേക്ഷകള്‍ നേരത്തെ നല്‍കിയിരുന്നു. മക്കള്‍ക്കു സുഖമില്ലെന്നു കാണിച്ചാണ് അപേക്ഷ നല്‍കിയത്. എനിക്കും മൂത്ത സോഹദരന്‍ അബിക്കും. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിന് സി.ഐ.ഡി ഉദ്യോഗസ്ഥനാണ് വീട്ടില്‍ വന്നത്. എറണാകുളം നഗരമദ്ധ്യത്തില്‍ തോട്ടയ്ക്കാട് റോഡിലുള്ള ഒരു വാടകവീട്ടിലായിരുന്നു അന്നു ഞങ്ങള്‍. 20 സെന്റിലധികം വരുന്ന പുരയിടത്തിലുള്ള ഒരു ചെറിയ വീട്ടില്‍. ആ ഉദ്യോഗസ്ഥന്‍ വന്നപ്പോള്‍ ഞങ്ങള്‍ മുറ്റത്ത് കളിച്ചുതിമിര്‍ക്കുകയാണ്. ഒരു മനുഷ്യജീവി വീട്ടില്‍ വന്നതിലുള്ള സന്തോഷത്തില്‍ ഞങ്ങള്‍ അമ്മയെ വിളിച്ചു. വീട്ടിനകത്തുനിന്ന് പുറത്തുവന്ന അമ്മയ്ക്ക് അതിഥിയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. അദ്ദേഹം ഞങ്ങളുടെ പേരു ചോദിച്ചു. പരോളിന് അപേക്ഷിച്ചാല്‍ പിന്നെ ശ്രദ്ധിക്കണമെന്നും അന്വേഷണത്തിനു വരുന്ന ഉദ്യോഗസ്ഥന് അസുഖമില്ലാത്ത ഞങ്ങളെ കണ്ടാല്‍ പരോള്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു കേട്ടയുടന്‍ ഞാന്‍ ഓടിപ്പോയി മുന്‍വശത്തെ മുറിയിലുള്ള കട്ടിലില്‍ പുതച്ചുമൂടിക്കിടന്നു. ഇതുകണ്ട് എല്ലാവരും ചിരിച്ചു. പിന്നീട് പരോളിന് അപേക്ഷ കൊടുത്താല്‍ സി.ഐ.ഡി വരുന്നതുവരെ ഞങ്ങള്‍ക്ക് ഭയങ്കര ശ്രദ്ധയായിരുന്നു. ഉദ്യോഗസ്ഥന്റെ തലവെട്ടം കണ്ടാലുടന്‍ ഞങ്ങള്‍ വീട്ടിനകത്തു പോയിക്കിടക്കും. പരോള്‍ കാരണം അന്വേഷിക്കാന്‍ വന്നിരുന്ന ഉദ്യോഗസ്ഥന്‍ പിന്നീട് ഞങ്ങളെ കാണുവാന്‍ വീട്ടില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് ഞങ്ങളോട് അനുകമ്പ നിറഞ്ഞ വാത്സല്യം ആയിരുന്നു.

പരോള്‍ അപേക്ഷയ്ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ടി.ഡി. റോഡിലുള്ള കുഞ്ഞാലൂസ് നഴ്‌സിംഗ് ഹോം ഉടമസ്ഥരും സഹോദരന്മാരുമായ ഡോ. അബ്ദുള്‍ മജീദും ഡോ. മുഹമ്മദ് ബാബുവും ആണ് ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് തന്നിരുന്നത്. അതു കള്ളത്തരത്തിനു കൂട്ടുനില്‍ക്കല്‍ ആയിരുന്നില്ല. ഒരു അമ്മയുടേയും മക്കളുടേയും സങ്കടം കണ്ട് കാട്ടിയ കാരുണ്യമായിരുന്നു. ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് അസുഖം വന്നിരുന്നുതാനും. എപ്പോള്‍ അസുഖമായി ചെന്നാലും സാമ്പിളുകളും മറ്റുമായി ഉള്ള മരുന്നുകളും തന്നു സഹായിക്കുമായിരുന്നു അവര്‍. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണ് അപേക്ഷയെങ്കില്‍ ഡോ. മേരി ആന്റണിയാണ് സര്‍ട്ടിഫിക്കറ്റ് തന്നിരുന്നത്.

ഇങ്ങനെയെല്ലാം ജീവിതം മുന്നോട്ടു പോകുമ്പോള്‍ ഒരിക്കല്‍ അപ്പന്‍ ജയിലില്‍നിന്ന് അമ്മയ്‌ക്കെഴുതി; വരുമാനത്തിനായി പശുവിനെ വളര്‍ത്താന്‍. പിന്നെ അതിനുള്ള ഓട്ടമായി. അമ്മയുടെ മൂത്ത സഹോദരന്‍, ടോമി അങ്കിള്‍ അന്നു കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഒരു പശുവും കുട്ടിയും എത്തി. നല്ല വിലയായിരുന്നു പശുവിനും കുഞ്ഞിനും. വിലകൊടുത്താണ് വാങ്ങിയത്. സ്റ്റഫ് ചെയ്ത കുട്ടിയായിരുന്നു. പിന്നെ ഒരാഘോഷമായിരുന്നു വീട്ടില്‍. തൊഴുത്തുണ്ടാക്കി, വൈക്കോല്‍ത്തുറു ഉണ്ടാക്കി. കറവക്കാരന്‍ വന്നു. മൊത്തമൊരു ഉണര്‍വ്വായി വീട്ടില്‍. വെളുപ്പിനു മൂന്നു മണിക്ക് കറവക്കാരനെത്തും. അമ്മയോ സഹോദരന്മാരില്‍ ആരെങ്കിലുമോ അദ്ദേഹത്തെ സഹായിക്കാന്‍ തൊഴുത്തില്‍ നില്‍ക്കും. ഒരു കാലിക്കുപ്പിയുമായി വരുന്ന അദ്ദേഹം അതില്‍ പാല്‍ കൊണ്ടുപോകും. ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. പിറ്റേന്നു മുതല്‍ വന്നില്ലെങ്കിലോ എന്ന ഭയം.

രണ്ടുനേരം കറവയുണ്ടായിരുന്നു. പാല്‍ വിറ്റ് വരുമാനം കൂട്ടാനാണ് ഇതെല്ലാം ചെയ്തതെങ്കിലും ആരും ഞങ്ങളോട് പാല്‍ വാങ്ങിയില്ല. അമ്മ എന്നെയും കൂട്ടി ഡോ. മേരി ആന്റണിയെ കണ്ട് സങ്കടം പറഞ്ഞപ്പോള്‍ ഒരു കുപ്പി പാല്‍ വാങ്ങാമെന്നേറ്റു. അയല്‍ക്കാര്‍ മിക്കവരും തമിഴ്, തുളുബ്രാഹ്മണര്‍ ആയിരുന്നു. ഞങ്ങളുടെ വീട്ടിലെ പശു 'ക്രിസ്ത്യാനി' ആയതിനാലും കൂടാതെ 'അടിയന്തരാവസ്ഥ ബാധിച്ച' വീടായതിനാലും അവര്‍ക്ക് പാല്‍ വാങ്ങാന്‍ മടിയായിരുന്നു.

അങ്ങനെയാണെങ്കിലും അയല്‍ക്കാര്‍ക്കൊക്കെ ഞങ്ങളോട് സ്‌നേഹവുമായിരുന്നു. അവരുടെ വീടുകളിലെ ആഘോഷങ്ങള്‍ക്കു ഞങ്ങളെ വിളിക്കും. വീട്ടിലേയ്ക്കു പലഹാരങ്ങള്‍ തരും. പത്രക്കടലാസ്സില്‍ പൊതിഞ്ഞാണ് തരുന്നത്. അവരുടെ പാത്രം ഞങ്ങളുടെ വീട്ടില്‍ കയറ്റുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങോട്ട് എന്തുകൊടുത്താലും വാങ്ങില്ല. അവരുടെ വീടുകളില്‍ ഞങ്ങള്‍ കളിക്കാനും ട്യൂഷനുമൊക്കെ പോകുമായിരുന്നു. പൂജാമുറിയൊഴികെ എല്ലായിടത്തും ഞങ്ങള്‍ക്കു പ്രവേശനമുണ്ടായിരുന്നു.

അങ്ങനെ ഞങ്ങളുടെ പാല്‍ ബിസിനസ്സ് തകര്‍ന്നു. അമ്മ ഇതിനിടയില്‍ ഒരു പശുവിനെക്കൂടി വാങ്ങിയിരുന്നു. പിന്നീട് ടി.ഡി റോഡിലെ ഒരു ഹോട്ടലില്‍ പാല്‍ കൊടുക്കാന്‍ അപ്പന്‍ പറഞ്ഞ് ഏര്‍പ്പാട് ചെയ്തു. അവര്‍ പാല്‍ വാങ്ങുന്നതല്ലാതെ കാശ് കൃത്യമായി തരില്ല. ആകെ കഷ്ടത്തിലായ ഞങ്ങള്‍ പശുവിനെ വില്‍ക്കാന്‍ തീരുമാനിച്ചു. കറവക്കാരന്‍ ഏര്‍പ്പാട് ചെയ്തതനുസരിച്ച് മൂന്നു നാലു വീടുകള്‍ക്കപ്പുറമുള്ള ഒരു വീട്ടുകാര്‍ ഒരു പശുവിനെ വാങ്ങി. പശു പോയപ്പോള്‍ ഞങ്ങള്‍ക്കു സങ്കടമായി. ഞങ്ങള്‍ കരഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു കാശ് ചോദിച്ചപ്പോള്‍ അവര്‍ തന്നില്ല. പല തവണ ഞാനും അമ്മയും പോയി ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യമൊക്കെ ചിരിച്ചുകൊണ്ട് കാശ് പിന്നീട് തരാമെന്നു പറയുമായിരുന്നു. അവസാനം അവര്‍ കാശ് തരാനാവില്ലെന്നു പറയുകയും പശുവിനെ വിറ്റതിന് എന്താണ് തെളിവെന്നു ചോദിക്കുകയും ചെയ്തു. അമ്മ കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ചാണ് തിരിച്ചുപോന്നത്. അതോര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണുനിറയും. പിന്നീട് അപ്പന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ പോയി കാര്യം പറഞ്ഞു. ആരോ ആ വീട്ടില്‍പ്പോയി പറഞ്ഞതിനെത്തുടര്‍ന്ന് കാശ് കിട്ടി. ഒരു അയല്‍ബന്ധം അതോടെ അവസാനിച്ചു. ആ വീട്ടില്‍ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു.

വീട്ടില്‍ നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. പഴകിയ യൂണിഫോം ധരിച്ചാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. ഒരു ദിവസം സ്‌കൂളിലെ കന്യാസ്ത്രീകള്‍ എന്നോട് പുതിയ യൂണിഫോം തയ്പ്പിച്ചു തരാന്‍ വീട്ടില്‍ പറയണമെന്ന് പറഞ്ഞു. ഞാന്‍ അമ്മയോട് പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ പുതിയ യൂണിഫോം വാങ്ങിത്തന്നു. അതു വാങ്ങാന്‍ അമ്മ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകുമെന്നറിയാനുള്ള പ്രായം അന്നെനിക്ക് ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ അസംബ്ലിയില്‍ തലകറങ്ങി വീണു. ടീച്ചര്‍മാരും കന്യാസ്ത്രീകളും കുട്ടികളും ചുറ്റും കൂടി. ഒന്നും കഴിച്ചില്ലേ എന്ന് അവര്‍ ചോദിച്ചു. കഴിച്ചെന്ന് ഞാന്‍ പറഞ്ഞു. എന്താണ് കഴിച്ചതെന്ന് അവരുടെ ചോദ്യം. ഗോതമ്പിന്റെ പുട്ടെന്ന് എന്റെ മറുപടി. അവരില്‍ ചിലരുടെ അമര്‍ത്തിപ്പിടിച്ച ചിരി ഞാന്‍ മറന്നിട്ടില്ല. ഒരിക്കലും മറക്കില്ല. ഗോതമ്പ് എന്നു കേട്ടതിലുള്ള പരിഹാസമായിരുന്നു അത്. ഇന്നു പഞ്ചനക്ഷത്ര ഹോട്ടലുകളില്‍വരെ കിട്ടുന്ന ഗോതമ്പു വിഭവങ്ങള്‍ അക്കാലത്ത് പാവങ്ങളുടെ ഭക്ഷണമായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. അറിയുമെങ്കില്‍ കള്ളം പറയുമായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളെ വിയ്യൂര്‍ ജയിലില്‍ കൊണ്ടുപോയി അപ്പനെ കാണിക്കാന്‍ അമ്മ തയ്യാറായി. അമ്മ നല്ല പാചകവിദഗ്ദ്ധയാണ്. അമ്മയുടെ അമ്മയും വീട്ടില്‍ വന്ന് അവര്‍ രണ്ടുപേരും ചേര്‍ന്ന് 'ക്രിസ്ത്യന്‍' വിഭവങ്ങളുണ്ടാക്കി. എല്ലാവരും കൂടി അപ്പനെ കാണാന്‍ പുറപ്പെട്ടു പോകുന്നതു ജയിലിലേയ്ക്കാണെന്ന ചിന്തയൊന്നും എന്നെ അലട്ടിയില്ല. വലിയ മതില്‍ക്കെട്ടും തോക്കും പിടിച്ചു നില്‍ക്കുന്ന പൊലീസുമെല്ലാം എനിക്കു പുത്തന്‍ അനുഭവമായിരുന്നു. കുറേ നേരം കാത്തുനിന്നപ്പോള്‍ ഞങ്ങളെ വിളിച്ചു. ജയിലറുടെ സാന്നിധ്യത്തില്‍ അപ്പനുമായി സംസാരിച്ചു. ജയിലര്‍ ചിരിച്ചുകൊണ്ട് എന്നോടു ചോദിച്ചു. ഇയാളാണോ ഞങ്ങളെ ഇടിക്കാന്‍ പറഞ്ഞു കത്തെഴുതിയതെന്ന്. അവിടെയുള്ള പൊലീസുകാര്‍ക്ക് നല്ല ഇടി കൊടുത്ത് അപ്പന്‍ ഇങ്ങോട്ട് പോര് എന്നു ഞാന്‍ കുറേ കത്തുകളില്‍ എഴുതിയിരുന്നു. കത്തുകള്‍ വായിച്ചിട്ടാണ് തടവുകാര്‍ക്ക് കൊടുത്തിരുന്നത് എന്ന് അന്നാണ് മനസ്സിലായത്.

അന്നത്തെ എന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ഇന്ദിരാഗാന്ധിയും കെ. കരുണാകരനുമായിരുന്നു. കരുണാകരന്‍ മന്ത്രിയാണെന്ന് അറിയുമെന്നല്ലാതെ കൈകാര്യം ചെയ്തിരുന്നത് ആഭ്യന്തര വകുപ്പാണെന്നൊന്നും അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ കൊണ്ടുപോയ പലഹാരങ്ങളും പഴങ്ങളും അപ്പനു കൊടുക്കാനാവില്ലെന്ന് ജയിലര്‍ പറഞ്ഞു. ഏറെ കഷ്ടപ്പെട്ടു കൊണ്ടുവന്നതല്ലേ എന്നും ഇപ്രാവശ്യം സമ്മതിക്കണമെന്നും അപ്പന്‍ പറഞ്ഞപ്പോള്‍ ജയിലര്‍ സമ്മതിച്ചു. ജയിലര്‍ അനുകമ്പയുള്ള ആളായതിനാല്‍ പിന്നീടും അതിനു സമ്മതിച്ചിട്ടുണ്ട്.

അയല്‍വാസിയായ ഒരു പ്രമുഖ വ്യക്തി (മരിച്ചുപോയതിനാല്‍ പേര് പറയുന്നില്ല) അപ്പനെ കാണണമെങ്കില്‍ ഞായറാഴ്ച  അദ്ദേഹത്തിന്റെ കാറില്‍ പോകാമെന്നും അമ്മയോടു പറയൂ എന്നും എന്നോടു പറഞ്ഞു. ഞാന്‍ അമ്മയോട് പറഞ്ഞു. വീട്ടില്‍ വലിയ സന്തോഷമായി. അരി പൊടിക്കലായി, പലഹാരം ഉണ്ടാക്കലായി, ചെല്ലാനത്തുനിന്ന് സേലം മാങ്ങ വന്നു, അമ്മച്ചിയോടൊപ്പം, അങ്ങനെ പലതരം തയ്യാറെടുപ്പുകള്‍. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആ വലിയ മനസ്സിന്റെ ഉടമ അമ്മയെ വിളിപ്പിച്ച് പോകാന്‍ അസൗകര്യമുണ്ടെന്നും സൗകര്യമുള്ള ദിവസം പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. അമ്മയ്ക്ക് ആ മനംമാറ്റം മനസ്സിലായി. ഞങ്ങളുടെ വീട് മരണ വീടുപോലെയായി. കുറച്ചു കഴിഞ്ഞ് അമ്മ ഫോണെടുത്ത് ഷണ്‍മുഖന്‍ അങ്കിളിനെ വിളിച്ച് എങ്ങനെയെങ്കിലും ഞങ്ങള്‍ക്ക് വിയ്യൂര്‍ ജയിലില്‍ പോകണമെന്നും അപ്പനെ കാണണമെന്നും അതിനുള്ള ഏര്‍പ്പാട് ചെയ്തുതരണമെന്നും പറഞ്ഞു. അദ്ദേഹം ഒരു ടാക്‌സി ഏര്‍പ്പാടാക്കിത്തന്നു. മഞ്ഞയും കറുപ്പും ചായം പൂശിയ അംബാസഡര്‍ കാറില്‍ ഞങ്ങള്‍ ജയിലില്‍ പോയി അപ്പനെ കണ്ടു. അവിടെ ബാഡ്മിന്റണ്‍ കളിക്കുന്ന കാര്യവും റോസാച്ചെടികള്‍ പരിപാലിക്കുന്ന കാര്യവുമൊക്കെ അപ്പന്‍ പറഞ്ഞു. ജയിലിലുണ്ടായിരുന്ന അഡ്വ. തമ്പാന്‍ തോമസിനെ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. ബി.ജെ.പി നേതാവ് ഒ. രാജഗോപാലും അന്ന് അപ്പന്റെ കൂടെ ജയിലിലുണ്ടായിരുന്നു. അന്നത്തെ വാത്സല്യം അഡ്വ. തമ്പാന്‍ തോമസിന് ഇന്നുമുണ്ട്.

കോഴിക്കോട് ആര്‍.ഇ.സി വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്റെ തിരോധാനവും മരണവും എന്റെ ബാല്യകാലസ്മരണയിലെ ഒരു വേദനയാണ്. ഞാന്‍ ചെറിയ കുട്ടിയായിരുന്നെങ്കിലും രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നും കൊന്നു കത്തിച്ചെന്നുമൊക്കെ ആളുകള്‍ പറയുന്നതു കേട്ട ഓര്‍മ്മയുണ്ട്. രാജന്‍ എവിടെ എന്ന ചോദ്യവുമായി അക്കാലത്ത് ഉയര്‍ന്ന മുദ്രാവാക്യങ്ങളും ഓര്‍മ്മയുണ്ട്. രാജനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പ്പസ് കേസിലെ വിധി വരുന്ന ദിവസം അമ്മ എന്നെയും കൂട്ടി ഹൈക്കോടതിയില്‍ പോയതും ഓര്‍ക്കുന്നു. കോടതി പരിസരം നിറയെ ആളുകളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ കൊച്ചുകുട്ടിയായി ഞാന്‍ മാത്രം.

രാജന്‍ പഠിച്ച എന്‍ജിനീയറിംഗ് കോളേജുള്ള കോഴിക്കോട്ടിരുന്നാണ് ഇതെഴുതുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കോഴിക്കോട് കാണുമെന്ന് കുട്ടിക്കാലത്ത് പ്രതീക്ഷിച്ചിരുന്നില്ല. രാജന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടെന്ന് കരുതപ്പെടുന്ന കക്കയം ക്യാമ്പ് കോഴിക്കോട് ജില്ലയിലാണെന്നു ഞാനറിയുന്നത് 2012-ലാണ്. കക്കയം അടുത്താണെന്നു കേട്ടപ്പോള്‍ പോയി കാണാന്‍ ആവേശമായി. ദൂരവും യാത്രാസമയവും ചെലവും ആലോചിച്ചു. പോകാന്‍ തീരുമാനിച്ച രാത്രി നിസ്സഹായതയുടേയും ദയനീയതയുടേയും ആലംബമില്ലായ്മയുടേയുമൊക്കെ പ്രതിരൂപമായ ഒരു പാവം മനുഷ്യന്റെ മുഖം ഓര്‍മ്മയില്‍ വന്നു-രാജന്റെ അച്ഛന്‍ പ്രൊഫ. ഈച്ചരവാര്യരുടെ. അപ്പനെ കാണാന്‍ അദ്ദേഹം പല തവണ വീട്ടില്‍ വന്നിട്ടുണ്ട്. കയ്യില്‍ കുറേ കടലാസ് കെട്ട് കാണും. അദ്ദേഹം എന്താണ് അപ്പനോട് പറഞ്ഞിരുന്നതെന്ന് അറിയില്ല. പതിഞ്ഞ സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു കടലിലെ വെള്ളം മുഴുവന്‍ ആ കണ്ണുകളിലുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ഒരു തുള്ളി പുറത്തുവരാതെ. മുതിര്‍ന്നപ്പോഴാണ് ആ കണ്ണുകളിലേത് സങ്കടക്കടല്‍ ആയിരുന്നെന്നു തിരിച്ചറിഞ്ഞത്. സംസാരം കഴിഞ്ഞ് തലയും കുമ്പിട്ട് പോകുന്ന അദ്ദേഹത്തെ അപ്പന്റെ വിരല്‍ത്തുമ്പില്‍ പിടിച്ചു നോക്കിനില്‍ക്കുന്നത് എനിക്കോര്‍മ്മയുണ്ട്, അപ്പന്‍ നിസ്സഹായനായി നില്‍ക്കുന്നതും ഓര്‍മ്മയിലുണ്ട്. ആ ഓര്‍മ്മ വന്നപ്പോള്‍ കക്കയം കാണാനുള്ള ആവേശം പോയി. ഒരിക്കലും അവിടെ പോകില്ല എന്ന് തീരുമാനിച്ചു.

എന്തുമാത്രം ഒറ്റപ്പെടല്‍ ആയിരുന്നു അക്കാലത്ത്. വീട്ടിലേയ്ക്ക് ആരും വരില്ല. എല്ലാവരും അകലം പാലിച്ചു. പരിചയമുള്ള ചില മുഖങ്ങളില്‍ സഹതാപം. ചിലതില്‍ അപരിചിതത്വം. അനുകമ്പയേക്കാള്‍ എന്നെ അമ്പരപ്പിച്ചത് പരിചയമില്ലായ്മ കണ്ട മുഖങ്ങളായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെത്തുടര്‍ന്ന്  അപ്പന്‍ ജയിലില്‍നിന്നു വന്നതിനുശേഷം പലരും വലിയ അടുപ്പം കാണിക്കാന്‍ തുടങ്ങി. ഞങ്ങളെ അപ്പനെ കാണിക്കാന്‍ കാറില്‍ ജയിലില്‍ കൊണ്ടുപോകാമെന്നു പറഞ്ഞു പറ്റിച്ച വ്യക്തി അപ്പന്റെ  മുന്‍പില്‍ വെച്ച് എന്റെ കവിളില്‍ പിടിച്ച് എന്തുണ്ട് മോളേ വിശേഷം എന്നു ചോദിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. അപ്പന്‍ കൂടെയുള്ളപ്പോള്‍ മാത്രമാണ് ഈ ഇഷ്ടം കാണിക്കലെന്നും അല്ലെങ്കില്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും ഞാന്‍ അപ്പനോട് പറഞ്ഞു. ചെറിയ കുട്ടിയായ ഞാനതു പറയുന്നതു കേട്ട് അപ്പന്‍ ചിരിച്ചുപോയി. അക്കാലത്തുതന്നെ പൊയ്മുഖങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും പില്‍ക്കാലത്ത് പൊയ്മുഖങ്ങളില്‍ തട്ടി വീണുപോയി. ഒന്നര വര്‍ഷത്തോളം അപ്പന്‍ ജയിലില്‍ കിടന്നതായാണ് ഓര്‍മ്മ. ജയില്‍വാസത്തിനിടയില്‍ പൊലീസ് മര്‍ദ്ദനമേറ്റതായൊന്നും അപ്പന്‍ പറഞ്ഞുകേട്ടില്ല.

സ്‌കൂള്‍ യൂണിഫോമില്‍ പ്രകടനത്തില്‍

ആ സമയത്താണ് ഞാന്‍ ഒരിക്കല്‍ സ്‌കൂള്‍ യൂണിഫോമില്‍ സി.പി.എം പ്രകടനത്തില്‍ പങ്കെടുത്തത്. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോള്‍ അമ്മ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വസ്ത്രമൊന്നും മാറാന്‍ നില്‍ക്കാതെ നേരെ എറണാകുളം നഗരത്തില്‍ നടക്കുന്ന പ്രകടനത്തിനു പോകുകയായിരുന്നു. പിറ്റേന്ന് സ്‌കൂള്‍ അസംബ്ലിയില്‍ എന്റെ പേരു പറയാതെ ഹെഡ്മിസ്ട്രസിന്റെ അനൗണ്‍സ്‌മെന്റ്, സ്‌കൂള്‍ യൂണിഫോം സ്‌കൂളില്‍മാത്രം ഉപയോഗിക്കാനുള്ളതാണെന്നും വേറെ എവിടെയും അതിടാന്‍ പാടില്ലെന്നും എല്ലാ കുട്ടികളും വീട്ടില്‍ച്ചെന്നു രക്ഷിതാക്കളോട് ഇതു പറയണമെന്നും. അന്നു ഞാന്‍ എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ്. വെള്ള ഷര്‍ട്ടും ചുവപ്പും കറുപ്പും ചേര്‍ന്ന ചെക്ക് ഫ്രോക്കും കറുത്ത ഷൂസും ചുവന്ന സോക്‌സുമാണ് ഡ്രസ്സ് കോഡ്. സി.പി.എമ്മിന്റെ നിറമായ ചുവപ്പ് അതിലുണ്ടല്ലോ. എന്നാല്‍, ക്രിസ്ത്യന്‍ സഭയിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി അവരുടെ യൂണിഫോമിട്ട് പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്താല്‍ സഭ സഹിക്കുമോ അക്കാലത്ത്. അന്ന് ഈശ്വരവിശ്വാസികള്‍ ദൈവനിഷേധികളെ എങ്ങനെ ഉള്‍ക്കൊള്ളും? കമ്യൂണിസ്റ്റുകാര്‍ സഭയ്ക്കു സ്വീകാര്യരായത്  അടുത്തകാലത്താണല്ലോ.

സഭയുടെ മാത്രം എതിര്‍പ്പായിരുന്നില്ല അന്നുണ്ടായിരുന്നത്. വലിയ പ്രമാണിമാരുടേയും കാശുകാരുടേയും മക്കള്‍ പഠിച്ചിരുന്ന സ്‌കൂളാണത്. അവരിലധികവും ക്രിസ്ത്യാനികള്‍. അക്കാലത്തെ ക്രൈസ്തവരില്‍ ദൈവനിഷേധികള്‍ അധികമില്ലല്ലോ. അവര്‍ കമ്യൂണിസ്റ്റുകാരെ ചെകുത്താന്മാരായി കണ്ടിരുന്ന കാലമാണത്. ഇന്നിപ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കളും സഭാമേലദ്ധ്യക്ഷന്മാരും സ്‌നേഹിതരായി. ഇപ്പോഴത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഒരു സഭാമേലധ്യക്ഷന്‍ പറഞ്ഞത്  ''ഞങ്ങളിപ്പോള്‍ സനാഥരായി'' എന്നാണ്. ''എന്നില്‍ വിശ്വസിക്കൂ, ഞാനാണ് ജീവനും സത്യവും വഴിയും'' എന്നു പറഞ്ഞ യേശുവിന്റെ അനുയായി പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതുവരെ അനാഥനായിരുന്നോ? എന്തൊക്കെ മാറ്റങ്ങളാണ് ഓരോന്നിലും ഓരോരുത്തരിലും കാലം വരുത്തുന്നത്. മാറിനിന്ന് ആ മാറ്റങ്ങള്‍ കാണുന്നതാണ് രസം. കുടുംബനാഥന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഒരമ്മയും മക്കളും അനുഭവിച്ച അനാഥത്വത്തോളം വരുമോ സഭാമേലദ്ധ്യക്ഷന്റെ അനാഥത്വം?

പില്‍ക്കാലത്ത് ഇന്ദിരാഗാന്ധിയെ കാണാന്‍ സാധിച്ചു. നേരില്‍ കണ്ടപ്പോള്‍ ആ വ്യക്തിപ്രഭാവത്തില്‍ എന്റെ ശത്രുതയെല്ലാം അലിഞ്ഞില്ലാതെയായി. ആരാധന തോന്നുകയുമുണ്ടായി. അപ്പന്‍ എം.പിയായിരുന്ന കാലത്ത് പാര്‍ലമെന്റില്‍ വെച്ചാണ് അവരെ കണ്ടത്. എങ്കിലും അവര്‍ അടിയന്തരാവസ്ഥ നടപ്പാക്കിയതു കാരണം എന്തെല്ലാം വേദനകള്‍, നഷ്ടങ്ങള്‍, ഒറ്റപ്പെടലുകള്‍ അനുഭവിച്ചു. മറന്നിട്ടില്ല ഒന്നും. എന്റെ മകന്‍ എന്റെ മകന്‍ എന്നു പറഞ്ഞ് മരണം വരെ നടന്ന ഈച്ചരവാര്യരുടെ സങ്കടക്കടലില്‍ മുങ്ങിയ മുഖം ഒരിക്കലും മറക്കില്ല. കൂട്ടത്തില്‍ ലക്ഷ്മണ, ജയറാം പടിക്കല്‍ എന്നിവരുടെ പേരുകളും. സര്‍ക്കാരുകള്‍ പല തവണ മാറിവന്നു. എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ തന്നെ പല പ്രാവശ്യം വന്നു. എന്നിട്ടും രാജന്‍ കേസ് തെളിഞ്ഞില്ല. രാജന്റെ മൃതദേഹം എന്തു ചെയ്‌തെന്ന് ആരുമറിഞ്ഞില്ല. ലോകാവസാനംവരെ അതു തെളിയില്ല. തെളിയിക്കപ്പെടാതിരിക്കല്‍ പല പാര്‍ട്ടികളുടേയും ആവശ്യമാണ്.

''കക്കയം ക്യാമ്പിലെ താഴ്വരയേ
കാക്കി ഉടുപ്പിട്ട താഴ്വരയേ
കണ്ടുവോ കണ്ടുവോ രാജനെ നീ
കണ്‍മണിപ്പോലെത്തെ പയ്യനെ നീ''

രാജനെപ്പറ്റി ആരെഴുതിയതാണെന്ന് ഓര്‍മ്മയില്ല. ഈ വരികള്‍ ഓര്‍മ്മയിലുണ്ട്. രാജന്റെ മൃതദേഹം എന്തുചെയ്തു എന്നറിഞ്ഞുകഴിഞ്ഞാല്‍ തീര്‍ന്നില്ലേ 'രാജന്‍ കേസി'നോടുള്ള താല്പര്യം. രാജന്റെ അവസാനം എന്തായിരുന്നു, എങ്ങനെയായിരുന്നു എവിടെയായിരുന്നു. ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റാഞ്ഞിട്ടല്ല. കണ്ടുപിടിക്കാന്‍ പാടില്ലാത്തതാണ്, രാഷ്ട്രീയക്കാര്‍ക്കും പൊലീസുകാര്‍ക്കും.

എന്റെ അപ്പന്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായത് 20-ാം വയസ്സിലാണ്. ക്രൂരമായ പൊലീസ് മര്‍ദ്ദനം നേരിട്ടതായി അപ്പന്‍ പറഞ്ഞറിവുണ്ട്. പയ്യപ്പിള്ളി ബാലന്‍ എഴുതിയതു വായിച്ച അറിവുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്  സി.പി.എം കൂടുതല്‍ ശക്തിപ്രാപിച്ചതുകൊണ്ടാവാം അപ്പനു മര്‍ദ്ദനമേല്‍ക്കാതിരുന്നത്.  കെ. കരുണാകരനേയും മകന്‍ കെ. മുരളീധരനേയും കാലം പരിചയപ്പെടുത്തിത്തന്നു. അടിയന്തരാവസ്ഥയ്‌ക്കൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പള്ളുരുത്തി നിയമസഭാ മണ്ഡലത്തില്‍ അപ്പന്‍ സ്ഥാനാര്‍ത്ഥിയായി. വീട്ടില്‍ അതുവരെ വരാത്ത, എന്റെ ഓര്‍മ്മയില്‍ ഒരിക്കലും കാണാത്ത ബന്ധുക്കളുടെ കടന്നുകയറ്റമായി. അമ്മയും അപ്പനും എല്ലാവരോടും ഒരേപോലെ പെരുമാറിയിരുന്നു. ഇത്രയും നാള്‍ ഇല്ലാത്ത ബന്ധുക്കള്‍ എന്തിനാണ് വരുന്നതെന്നോര്‍ത്ത് എനിക്കൊത്തിരി ദേഷ്യമുണ്ടായി. എന്റെ പ്രായമോ വിവരക്കേടോ അല്ലല്ലോ അമ്മയ്ക്കും അപ്പനും. കൂടാതെ എനിക്കു പൊളിട്രിക്‌സ് അറിയുകയുമില്ല. അമ്മയുടെ ബന്ധുക്കള്‍ ഒത്തിരി ഉണ്ടായിരുന്ന സ്ഥലമാണ് പള്ളുരുത്തി മണ്ഡലം.  അമ്മയുടെ കസിന്റെ ഭര്‍ത്താവ് വക്കച്ചനെ കോണ്‍ഗ്രസ്സുകാര്‍ കാശു കൊടുത്ത് സ്വതന്ത്രനായി നിര്‍ത്തി. അദ്ദേഹത്തിന് 1000 വോട്ടുകള്‍ കിട്ടി. ഏതാണ്ട് അത്ര വോട്ടിന് അപ്പന്‍ തോറ്റു. അമ്മയുടെ ബന്ധുക്കളുടെ വോട്ടു മറിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ കളിച്ച കളിയായിരുന്നു അത്. അമ്മയുടെ അമ്മൂമ്മ 103-ാം വയസ്സിലാണ് മരിച്ചത്. അവരുടെ രണ്ടു പേരക്കുട്ടികളുടേയും ഭര്‍ത്താക്കന്മാര്‍ ഒരേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളായി. അമ്മാമ്മയുടെ വോട്ട് മറിഞ്ഞുപോകാതിരിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരും. അമ്മാമ്മയെ അമ്മയും കൂട്ടരും നേരത്തെ തന്നെ 'കയ്യിലാക്കി'. അമ്മ കൂടെനിന്ന് അരിവാള്‍ ചുറ്റിക നക്ഷത്രത്തിനു വോട്ടു കുത്തിച്ചു. ഈപ്പന്‍ വര്‍ഗ്ഗീസ് ആയിരുന്നു പ്രധാന എതിര്‍സ്ഥാനാര്‍ത്ഥി. പാര്‍ട്ടി അന്നെല്ലാം പാര്‍ട്ടിപ്രവര്‍ത്തകരേയും കുടുംബാംഗങ്ങളേയും സ്വന്തം പോലെ കരുതിയിരുന്നു. എന്തിനും ഏതിനും ഞങ്ങള്‍ക്കാശ്രയം പാര്‍ട്ടി ഓഫീസായിരുന്നു. അതുപോലെ കരുതലും ലഭിച്ചിരുന്നു. വീട്ടിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍ അപ്പന്‍ സ്ഥലത്തില്ലെങ്കിലും എല്ലാ ഏര്‍പ്പാടും ഓഫീസ് സെക്രട്ടറി ഷണ്‍മുഖനങ്കിളാണ് ചെയ്തിരുന്നത്. അദ്ദേഹവും മുന്‍ ജില്ലാ സെക്രട്ടറി എ.പി. വര്‍ക്കിയും ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജേക്കബും ഞങ്ങള്‍ക്ക് അങ്കിള്‍മാരായിരുന്നു.

പാര്‍ട്ടി ഓഫീസ് കാനന്‍ഷെഡ് ഓഫീസില്‍നിന്നു മാറി ലെനിന്‍ സെന്റര്‍ ആയി വളര്‍ന്നു. പാര്‍ട്ടി വളര്‍ന്നു. പക്ഷേ, ബന്ധങ്ങള്‍ കുറഞ്ഞു. പാര്‍ട്ടിക്കകത്ത് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായി. അപ്പന്‍ ഒന്നും വീട്ടില്‍ പറയില്ലായിരുന്നു. പക്ഷേ, കുറേയൊക്കെ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. പാര്‍ട്ടിക്കകത്ത് അപ്പനെതിരെ എന്തൊക്കെയോ നീക്കങ്ങള്‍ നടക്കുമ്പോഴും വര്‍ക്കി അങ്കിളും ഷണ്‍മുഖനങ്കിളും ജേക്കബങ്കിളും എന്തു കാര്യത്തിനു വിളിച്ചാലും വിളിപ്പുറത്തുണ്ടായിരുന്നു. പാലക്കാട് സമ്മേളനത്തിലെ 'വെട്ടിനിരത്തലി'നു ശേഷം പല മുഖങ്ങളേയും വീണ്ടും കണ്ടു തുടങ്ങി. അക്കാലത്തുണ്ടായ ഒരു സംഭവം വല്ലാതെ വേദനിപ്പിച്ചു. അപ്പന്‍ ഏതോ ഒരു ജാഥയുടെ ക്യാപ്റ്റനായി കോഴിക്കോട്ടെത്തി. വേദിയില്‍ പ്രസംഗിച്ചുനില്‍ക്കെ തലകറങ്ങിവീണ് ആശുപത്രിയിലായി. ഞാനന്ന് വിവാഹിതയായി വേറെ താമസിക്കുകയാണ്. അമ്മ മാത്രമാണ് വീട്ടില്‍. മൂത്ത സഹോദരന്‍ സജീവന്‍ കോഴിക്കോട്ടേയ്ക്കു പോയി എന്നറിഞ്ഞു. വേറെ ഒരറിവുമില്ല. എനിക്കന്ന് മൊബൈല്‍ ഫോണില്ല. ടി.വിയില്ല. ഞാന്‍ പതിവുപോലെ അപ്പന്റെ വിവരമറിയാന്‍ ലെനിന്‍ സെന്ററില്‍ വിളിച്ചില്ല, വിളിക്കാന്‍ തോന്നിയില്ല. കുറച്ചു കഴിഞ്ഞു ഞാന്‍ ദേശാഭിമാനിയില്‍ വിളിച്ചു. വാര്‍ത്ത അവര്‍ അറിഞ്ഞിരിക്കുമെന്ന ധാരണയില്‍. അപ്പനു ദേശാഭിമാനിയുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു.

ഫോണെടുത്തയാളോട് ഞാന്‍ വിവരങ്ങള്‍ പറഞ്ഞു. തിരിച്ചു ചോദിച്ചത് എന്തിനാണ് ഇവിടെ വിളിച്ചതെന്നും വീട്ടില്‍ വിളിക്കൂ എന്നുമാണ്. വീട്ടില്‍ അമ്മ മാത്രമാണുള്ളതെന്നും കോഴിക്കോട്ടെ ഒരു കാര്യവും അറിഞ്ഞില്ലെന്നും ഞാന്‍ പറഞ്ഞു. ഒരു വിവരവും അറിയില്ലെന്നും ഇങ്ങോട്ടു വിളിക്കേണ്ടെന്നും ദേശാഭിമാനി ജീവനക്കാരന്‍ ദേഷ്യത്തോടെ പറഞ്ഞു. കണ്ണുനിറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. പാര്‍ട്ടിക്ക് ഏറ്റവുമധികം മുന്‍ഗണന കൊടുത്തു ജീവിക്കുന്ന ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകള്‍ വിളിച്ചറിയിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ്. 

പാര്‍ട്ടി മാറിത്തുടങ്ങിയിരുന്നു, ബന്ധങ്ങളും. ഞങ്ങള്‍ക്ക് അടിയന്തരാവസ്ഥ വീണ്ടും വന്നു. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട അപ്പനെ കാണാന്‍ സഖാക്കളോ ബന്ധുക്കളോ വരാത്ത അടിയന്തരാവസ്ഥ ഞങ്ങളുടെ ജീവിതത്തില്‍ നടപ്പായിക്കഴിഞ്ഞിരുന്നു.

ഇത് എഴുതുമ്പോള്‍ അപ്പന്‍ സ്റ്റേറ്റ് കമ്മിറ്റി ക്ഷണിതാവാണ്. അതൊരു അംഗീകാരം തന്നെയെന്നു പറയുന്നു എല്ലാവരും. അപ്പന്‍ സ്റ്റേറ്റ് കമ്മിറ്റിയിലേയ്ക്ക് തിരികെ വന്നതിനുശേഷം 'സന്ദര്‍ശകരു'ടെ, ബന്ധുക്കളുടെ കടന്നുകയറ്റം ഉണ്ടായിരുന്നു. ഇപ്പോള്‍ 'ഭരണ'വും ഉള്ള സമയമാണല്ലോ! ബന്ധുക്കള്‍ അപ്പനെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com